പരപ്പ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റ്
പ്രസിഡന്റ് അഗജ AR
വൈസ് പ്രസിഡന്റ് അശ്വിൻ രാജ് പി.
സെക്രട്ടറി എം. വി. പുരുഷോത്തമൻ
ജോ.സെക്രട്ടറി സ്വപ്ന എ. വി.
ട്രഷറർ സ്വർണ്ണലത ടി.
ജില്ല കാസർകോഡ്
മേഖല കാഞ്ഞങ്ങാട്
ഗ്രാമപഞ്ചായത്ത് കിനാനൂർ - കരിന്തളം
പരപ്പ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

41 അംഗങ്ങൾ ഉള്ള യൂണിറ്റാണ് പരപ്പ യൂണിറ്റ്. ഇതിൽ 17 സ്ത്രീകളും 24 പുരുഷന്മാരും ഉണ്ട്. കാസർഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, ബളാൽ, കോടോം ബേളൂർ പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് പരപ്പ എന്നു പറയാം. പരപ്പ, കമ്മാടം, പന്നിത്തടം, കൂരാങ്കുണ്ട് എന്നീ വാർഡുകൾ ഉൾപ്പെട്ട പ്രദേശം അടങ്ങുന്നതാണ് ഇപ്പോഴത്തെ യൂണിറ്റിന്റെ പ്രവർത്തന പരിധി. കിഴക്ക് - വെസ്റ്റ് എളേരി പഞ്ചായത്ത്, പടിഞ്ഞാറ് കോടോം ബേളൂർ പഞ്ചായത്ത്, തെക്ക് പ്ലാച്ചിക്കര റിസർവ് വനം, ബിരിക്കുളം വാർഡ്, വടക്ക് ബളാൽ പഞ്ചായത്ത്, മരുതോം റിസർവ് ഫോറസ്റ്റ് എന്നിവ ഈ ഭൂപ്രദേശത്തിന് അതിരിടുന്നു.

2 ചാലുകൾ, ഉദ്‌ഭവിക്കുന്നത് ഈ യൂണിറ്റ് പരിധിയിൽ നിന്നാണ്. ഒരു പുഴ ഈ യൂണിറ്റിന്റെ പരിധിയിലൂടെ ഒഴുകുന്നുണ്ട്. ഒരു മനുഷ്യനിർമ്മിത ഫോറസ്റ്റ് (കരീമിന്റെ ഫോറസ്റ്റ്) യൂണിറ്റ് പരിധിയിലാണ്. ഇങ്ങനെ പാരിസ്ഥിതി കമായും ഭൂമിശാസ്തപരമായും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂദേശത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

സമൂഹ്യ - സാംസകാരിക ചരിത്രം

1965 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇന്നത്തെ പരപ്പ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വധീനം ചെലുത്തിയ സ്ഥാപനമാണ്. പരിഷത്ത് യൂണിറ്റിന്റെ രൂപീകരണത്തിനും കാരണം ഈ വിദ്യാലയം തന്നെയാണ്. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നു കുട്ടികൾ പഠനത്തിനെത്തിയിരുന്നു. കിഴക്ക് വെള്ളരികുണ്ട് മുതൽ പടിഞ്ഞാറ് കാലിച്ചാനടുക്കം, വരേയുള്ള കുട്ടികൾ ഈ സ്കൂളിലേക്ക് വന്നിരുന്നു. ഹൈസ്കൂളായി മാറിയതോടെ തെക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി അധ്യാപകർ ഈ സ്കൂളിലേക്ക് വന്നതും അവരുടെ സാമൂഹ്യ ഇടപെടലുകളും ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഏറെ സ്വാധിനിച്ചു. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവരെല്ലാം ഈ നാട്ടുകാരായിത്തന്നെ ജീവിച്ചു.

ചന്ദ്രോദയ കലാസമിതി എന്ന പേരിൽ ആദ്യമായി രൂപം കൊണ്ട കലാസമിതി ഈ പ്രദേശത്ത് ഒട്ടേറെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. നാട്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തി നാടക ടീം രൂപീകരിച്ച് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. കൂടാതെ പുറമെനിന്ന് പ്രൊഫഷണൽ കലാ ട്രൂപ്പ്കളുടെ പരിപാടികളും സംഘടന നാട്ടിൽ കൊണ്ടുവന്നിരുന്നു. പിന്നീട് രാമവർമ്മ ബാലകലാ കേന്ദ്രം, നേതാജിവായനശാല & ഗ്രന്ഥാലയം, എന്നിവയും രൂപം കൊണ്ടു. 1989 ൽ പരപ്പയിൽ ഒരു ഫൈൻ ആർട്സ് സൊസൈറ്റി നിലവിൽ വന്നു. ഗ്രാമീണ കലാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കു പുറമെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി സിനിമാ പ്രദർശനം നാടൻ കലളായ മംഗലംകളി, കോൽ സ്കാരിക പാരമ്പര്യം ഈ പ്രദേശത്തിനുണ്ട്.

1980 വരേയുള്ള കാലഘട്ടത്തിൽ കൃഷിയും അനുബന്ധ തൊഴിലുകളും പാരമ്പരാഗതമായി കൈമാറി വന്ന കുല തൊഴിലുകളുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. വയലുകളിലും, കരയിലും (പുനം കൃഷി) നെൽകൃഷി നടത്തിയിരുന്നു. കന്നുപൂട്ടൽ നിലമൊരുക്കൽ, ഞാറുനടൽ, കൊയ്യൽ, ഒക്കൽ(കാളകളെ ഉപയോഗിച്ച് നെല്ല് മെതിക്കൽ) എന്നിവ അനുബന്ധ തൊഴിലായിരുന്നു. ഓരോ വീട്ടിലും പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലും ഉണ്ടായിരുന്നു. കുടിയേറ്റം വ്യാപകമായതോടെ റബ്ബർ കൃഷിയും വ്യാപിച്ചു.

പൊതു ഗതാഗത സൗകര്യം ഇല്ലാതിരുന്നഅക്കാലത്ത് ജനങ്ങൾ പ്രധാനമായും ചികിത്സക്കു വേണ്ടി ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യം, ആയുർവേദം, പ്രാദേശികമായി ഉണ്ടായിരുന ക്ലീനിക്കുകൾ (അലോപ്പതി) എന്നിവയെ ആയിരുന്നു. പക്കീരൻ വൈദ്യർ, ഡോക്ടർ ഒ. കെ .രാമചന്ദ്രൻ, ഡോ: വിജയരാഘവൻ എന്നിവരായിരുന്നു പരപ്പയിൽ ചികിൽസകരായി ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇടക്കാലത്ത് ഒരു വ്യാജ ഡോക്ടർ പരപ്പയിൽ രോഗികളെ പരിശോധിച്ചിരുന്നു. ഇതിനെതിരായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ പ്രതികരിച്ചതായും ഡോക്ടർ ഒഴിവായി പോയതായും പഴയകാല പ്രവർത്തകർ ഇന്നും ഓർക്കുന്നു.

പരിഷത്തിന്റെ തുടക്കം

പരപ്പയിലെ അക്കാലത്തെ പൗരപ്രമുഖരും പൊതുപ്രവർത്തകരുമായിരുന്ന ഡോ. ഒ. കെ. രാമചന്ദ്രൻ, വി. എം. കെ. അടിയോടി, റേഷൻകട കുഞ്ഞിക്കേളു, ബാലൻ മാസ്റ്റർ എന്നിവർ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണ നൽകി. (ഇവരിൽ കുഞ്ഞിക്കേളു, ഡോ: ഒ. കെ. എന്നിവർ ഇന്ന് ജീവിച്ചിരിപ്പില്ല) ശക്തമായ ജനപിന്തുണയിൽ പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ് നേതൃത്വം കൊടുത്തു കൊണ്ട് ചിറ്റാരിക്കാൽ മേഖലാ കമിറ്റി രൂപീകരിച്ചു. കണ്ണൻ മാഷ് ആദ്യ മേഖലാ സെക്രട്ടറി ആയിരുന്നു. കെ. ബാലകൃഷ്ണൻ, കെ. കെ. രാഘവൻ മാസ്റ്റർ, കെ. എങ്കപ്പ ഭട്ട് , ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ ചിറ്റാരിക്കാൽ മേഖലയെ ജനകീയമായി മുന്നേറാൻ നേതൃത്വം കൊടുത്തവരായിരുന്നു. കണ്ണൻ മാഷ് യൂണിറ്റ് രൂപീകരണത്തിനോ, യോഗത്തിനോ പോയാൽ സെക്രട്ടറിയുടെ വീട്ടിൽ താമസിച്ച് പിറ്റേ ദിവസം സ്കൂളിലേക്ക് വരുന്ന ശീലമായിരുന്നു എന്ന് പഴയകാല പ്രവർത്തകർ അനുസ്മരിക്കുമ്പോൾ അക്കാലത്ത് പ്രവർത്തകർക്കിടയിലണ്ടായിരുന്ന ബന്ധത്തിന്റെ വൈകാരികത വ്യക്തമാകുന്നുണ്ട്. പരപ്പ യൂണിറ്റിലെ പ്രവർത്തകയായിരുന്ന PD ശ്രീദേവി ടീച്ചർ വനിതാകലാ ജാഥയുടെ ജില്ലാ കൺവീനറായിരുന്നു. വി. കെ. സുരേശൻ മാസ്റ്റർ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്ത് -അസിസ്റ്റന്റ് പ്രോഗ്രാംഓഫീസറായി(എ. പി. ഒ.) പ്രവർത്തിച്ചിരുന്നു.

ആദ്യകാല പ്രവർത്തനങ്ങൾ

1970 മുതലുള്ള കാലഘട്ടം അധ്യാപകരെ ഇന്നത്തെക്കാളും ഏറെ ബഹുമാനത്തോടും ആദരവോടേയും നോക്കിക്കണ്ട കാലമായിരുന്നതിനാൽ അധ്യാപകരുടെ സാമൂഹ്യ ബന്ധവും പൊതുപ്രവർത്തനവും അക്കാലത്ത് പെട്ടന്നുള്ള സാമൂഹ്യ ചലനങ്ങൾക്ക് കാരണമായി. ഗ്രാമങ്ങളിലെ വ്യാപകമായ ഗ്രന്ഥശാലാ ശൃംഖലകൾ രൂപം കൊണ്ടതിന് പിന്നിൽ എല്ലാം അധ്യാപകരുടെ നേതൃത്വമുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. പരപ്പയിൽ പരിഷത്ത് യൂണിറ്റ് രൂപീകരണത്തിനും സജീവമായി പ്രവർത്തിപ്പിക്കുന്നതിനും ചാലകശക്തിയായത് അധ്യാപകരുടെ കൂട്ടായ്മ തന്നെയാണ്. ഇത് സoഘടനയ്ക്ക് എളുപ്പത്തിൽ ജനപിന്തുണ കൈവരിക്കാൻ സഹായിച്ചു. ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച ശാസ്ത്ര ക്ലാസുകൾ, ദക്ഷത കൂടുതലുള്ള അടുപ്പുകളുടെ വ്യാപനം, വിവിധ വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിക്കുന്ന ലഘുലേഖകളുടെ പ്രചരണം, പുസ്തക പ്രചാരണം, മാസികാ പ്രചരണം, പരിഷത്ത് ഉല്പന്നങ്ങളുടെ പ്രചരണം, ഇവയുടെനിർമ്മാണ പരിശീലനം, കലാജാഥാ സ്വീകരണം ജനകീയമാക്കൽ ഇവയായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തിലാണ് ആദ്യമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. അതുപോലെ മണ്ണ്, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണം എന്നീ വിഷയങ്ങളിലും ക്ലാസുകൾ നടത്തിയിരുന്നു.

ശാസ്ത്ര ക്ലാസുകൾ

ഹാലി ധൂമകേതുവിന്റെ വരവിന്റെ അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ സംഘടന പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരപ്പയിലും ക്ലാസുകൾ നടന്നു. 1989 ൽ ഫെബ്രുവരി 3, 4, 5 തീയ്യതികളിൽ പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കോ ഡവലപ്മെന്റ് ക്യാമ്പ് നടന്നു. പ്രൊഫ. എം. ഗോപാലനായിരുന്നു ക്യാമ്പിന്റെ ഡയരക്ടർ. 3 ദിവസത്തെ സഹവാസ ക്യാമ്പായിരുന്നു അത്. ജലസാമ്പിൾ ശേഖരണം, മണ്ണ് സാoബ്ലിംഗ് മഴ അളക്കൽ, പ്രകൃതി നിരീക്ഷണം, വന നിരീക്ഷണം, കൃഷിസ്ഥലസന്ദർശനം, നക്ഷത്ര നിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഒന്നാം ദിവസം രാത്രിസിനിമാ പ്രദർശനവും ഉണ്ടായി.

പർഷത്തടുപ്പുകൾ

വിവിധ പരിഷത്ത് ക്ലാസുകൾ ആശയപ്രചരണ ഉപാധികളായി മാറിയപ്പോൾ പരിഷത്തടുപ്പുപ്രചരണം ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ സഹായിച്ചു. ഭക്ഷണം പാകം ചെയ്യാൻ വിറകു മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് കുറഞ്ഞ വിറകുപയോഗിക്കാനും അടുക്കളയിൽ പുകയില്ലാത്തതുമായ അടുപ്പുകളാണ് പരിഷത്ത് പ്രചരിപ്പിച്ചത്. പരിഷത്തടുപ്പുകൾ എന്ന് പിന്നീട് ഇവ അറിയപ്പെട്ടു. തൊട്ടടുത്ത പ്രദേശമായ ബിരിക്കുളത്ത് 3 ദിവസത്തെ അടുപ്പു നിർമ്മാണ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പരിഷത്ത് പ്രവർത്തകനായ വരക്കാട്ടെ ടി. വി .നാരായണനാണ് പ്രധാനമായും പരപ്പ ഭാഗത്ത് പരിശീലനത്തിനും അടുപ്പ് നിർമ്മാണത്തിനും നേതൃത്വം കൊടുത്തിരുന്നത്. നാരായണൻ ഒരു വീട്ടിൽ അടുപ്പു നിർമ്മാണത്തിനെത്തിയാൽ പണി തീരുമ്പേഴേക്കും പരിഷത്തിനേപ്പറ്റി വീട്ടുകാർക്ക് വിശദമായ ഒരു ക്ലാസ്സ് തന്നെ നൽകിയിരിക്കും. അടുപ്പിന്റെ ഉപയോഗം സംബന്ധിച്ച് വിശദീകരണവും, തുടർ നാളുകളിൽ ഇടക്ക് പരിശോധനയും ഉണ്ടാകും. വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാരുടെ വീട്ടിലായിരുന്നു ഈ പ്രദേശത്ത് ആദ്യമായി പരിഷത്ത്അടുപ്പ് സ്ഥാപിച്ചത്. ഇദ്ദേഹം കേന്ദ്ര പ്ലാനിംഗ് ബോഡിൽ അംഗമായിരുന്നു. (പരപ്പയിലെ അറിയപ്പെടുന്ന കൃഷിക്കാരനായിരുന്നു ഇദ്ദേഹം)

പ്രകൃതിയേയും സമൂഹത്തേയും യുംബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ, നാടിന്റെ സാമൂഹ്യ വികാസത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയയങ്ങൾ, എന്നിവസംബന്ധിച്ചെല്ലാം ശാസ്ത്രീയമായ വിശകലനങ്ങളുംപരിഷത്തിന്റെ കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കാനും ചർച്ച ചെയ്യിക്കാനും അഭിപ്രായം രൂപീകരിക്കാനും പരിഷത്ത് ഉപയോഗിച്ച പ്രധാന ഉപാധികളിൽ ഒന്നായിരുന്നു ലഘു ലേഖകൾ. പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രചാരണവും മറ്റൊരുപധാന പ്രവർത്തനമായിരുന്നു. ശാസ്ത്രം, പരിസ്ഥിതി, സാമൂഹ്യമാറ്റങ്ങൾ, ജനാധിപത്യം, എന്നിങ്ങനെ വിദ്യാർത്ഥികൾ, അധ്യാപകർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർക്ക് ഗ്രഹിക്കാൻ കഴിയുന്നതും, പഠനസഹായികളുമായ പുസ്തകങ്ങളാണിവ. ബാലസാഹിത്യകൃതികളും ധാരാളമുണ്ടായി.

കലാ ജാഥാ സ്വീകരണങ്ങൾ

പരിഷത്തും പരപ്പയിലെ ജനങ്ങളും എന്നുമോർക്കുന്ന ഒരു കാര്യമാണ് പരപ്പയിലെ കലാ ജാഥാ സ്വീകരണങ്ങൾ. വിവിധ വിഷയങ്ങൾ ജനങ്ങളുമായി സംവദികുന്നതിന് വിധ കാലഘട്ടങ്ങളിൽ പരിഷത്ത് ഒട്ടനവധി കലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു. ശാസ്ത്രം, പരിസ്ഥിതി, ആരോഗ്യം, വിവാഭ്യാസം, സാക്ഷരത, മതേതര്യം, ജനാധിപത്യം ,വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ പുരുഷ സമത്വം, അധികാര വികേ ന്ദ്രീകരണം, തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രമേയങ്ങളാക്കിയുള്ള ജാഥ ജനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരിലും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആശയങ്ങൾക്ക് വിത്തുപാകി. ഇവ നമ്മുടെ നാട് ഇന്നു നേടിയ നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ സ്വാധീനമുണ്ടാക്കി.

തെരുവുനാടകരൂപത്തിലുള്ള ലഘുനാടകങ്ങൾ, സംഗീതശില്‌പം ചാക്യാർകൂത്ത്, ഓട്ടം തുളളൽ, ഒപ്പന, കൂട്ടപ്പാട്ട്, തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി നടത്തിയ കലാജാഥകളിൽ സധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ലളിതമായി ആവിഷ്കരിച്ചിരുന്നു. നാടൻ ശൈലിയിലുള്ള ഭാഷ, പാട്ടുകൾ, അഭിനയം, വേഷം എന്നിവ പരിഷത്തിന്റെ കലാജാഥയെ ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യത നേടിക്കൊടുത്തു. പരപ്പ യൂണിറ്റ് പ്രവർത്തകരായിരുന്ന ശ്രീകണ്ഠൻ, ഭാര്യ PD ശ്രീദേവി ടീച്ചർ എന്നിവർ കലകളിൽ അംഗങ്ങളായിരുന്നു. ഇപ്പോൾ പരപ്പ യൂണിറ്റ് അംഗമായ ഇ. കെ. വത്സല (നാട്ടക്കല്ലിൽ താമസം), പരപ്പ യൂണിറ്റ് എസിക്യൂട്ടീവ് അംഗം AR വിജയകുമാർ മാഷ് എന്നിവർ യഥാക്രമം വനിതാകലാ ജാഥ, സാക്ഷരതാ കലാ ജാഥ എന്നിവയിൽ അംഗങ്ങളായിരുന്നു. കലാജാഥയെ സ്വീകരിക്കാൻ ആഴ്ചകൾ കുമുമ്പേ ജനകീയസംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു. ഈ ജാഥാ സ്വീകരണ പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും, തയ്യാറെടുപ്പു കൊണ്ടും പരിഷത്തിന് അന്നുണ്ടായിരുന്ന ജനസ്വീ കാര്യതയുടെ നേർസാക്ഷ്യമായിരുന്നു . ജാഥാലീകരണത്തിന്റെ ധനസമാഹരണം തീർത്തും പാരിഷത്തികരീതിയിലാണ് പരിഷത്തിന്റെ പുസ്തകങ്ങൾ വിൽപന നടത്തിയാണ് പണം സമാഹരിച്ചിരുന്നത്. സ്വാഗത സംഘം അംഗങ്ങൾ, ടീമായി വിടുകളിൽ പുസ്തക വിൽപന നടത്തുമായിരുന്നു. സമാപന പരിപടികൾ കഴിഞ്ഞാൽ നാട്ടുകാരുട വീടുകളിൽ ജാഥാംഗങ്ങൾ താമസിച്ചിരുന്നു.

1984 ലെ ഭോപാൽ സയൻസ്ട്രെയ്ൻ

1984 ഡിസംബർ :2 ന് മധ്യപ്രദേശിലെ ഭോപാലിൽ രാജ്യത്തെ നടുക്കിയ വാതക ദുരന്തം ഉണ്ടായി. യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസൈനേറ്റ് എന്ന വിഷവാതകം (ഏകദേശം 40 ടൺ) ചോർന്ന് പതിനാറായിരത്തോളം പേർ മരിക്കുകയും ഏകദേശം 5 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി ദുരന്തമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ദുരന്തത്തിന്റെ പ്രത്യാഘാതം നേരിൽ കാണുന്നതിനായി കേരള ശാസത്രസാഹിത്യപരിഷത്ത് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തിൽ സയൻസ് ടെയിൻ എന്ന പേരിൽ ഒരു ടെയിനിൽ പ്രവർത്തകർ ഭോപാലിലേക്ക് പോയി. ഇതിന്റെ തുടർച്ച എന്ന നിലക്ക് നമ്മുടെ നാട്ടിൽ പരിഷത്ത് വിശദമായ ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. യൂണിയൻ കാർബൈഡിനെതിരായയ പ്രതിഷേധം എന്ന നിലക്ക് കമ്പനിയുടെ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി എവറെഡി ബാറ്ററി ബഹിഷകരിച്ചു. എല്ലാ കടകളിലും കയറി ബാറ്ററി ബഹിഷ്കരിക്കാൻ ബോധവൽക്കരണം നടത്തി. ടെയിൻയാത്രയിൽ പരപ്പയിൽ നിന്നും കണ്ണൻ മാഷും, വി. കെ. സുരേശൻ മാഷും ഉണ്ടായിരുന്നു. ഭോപാൽ പട്ടണത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിക്ഷേധക്കാർ പത്യേകം കൂട്ടം കൂട്ടമായി തങ്ങളുടെ ഭാഷയിൽ പ്രതിക്ഷേധ മുദ്രാവാക്യങ്ങളുമായി നീങ്ങിയിരുന്നു. ഒരു മുസ്ലീം പള്ളിക്കു സമീപത്ത് എത്തിയപ്പോൾ എല്ലാവരും മൗനം പാലിച്ചു കടന്നു പോയതായും കണ്ണൻ മാഷു പറഞ്ഞിരുന്നു. അതേസമയം കേരളത്തിലെ പ്രതിനിധികൾ അവിടേയും മുദ്രാവാക്യം വിളിച്ചുതന്നെ നീങ്ങിയിരുന്നു.

മരം മുറിക്കലിനെതിരെ നടന്ന സമരം

പ്രാദേശിക പ്രശ്നങ്ങൾ മുതൽ ദേശീയവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടെ പരിഷത്തിന്റെ ഇടപെടൽ ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ജനങ്ങൾക്കിടയിൽ പരിഷത്തിന്റെ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുകയും ചെ യ്തിട്ടുണ്ട്. 1986 ൽ മാലോം റിസർവ് വനത്തിൽ മരം മുറി നടക്കുന്നുവെന്ന വിവരം കിട്ടിയതിനേ തുടർന്ന് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ വനത്തിലേക്ക് പോവുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. മാലോത്തെ ഊർജ്ജസ്വലനായ വർമ്മ സാറായിരുന്നു ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത്. പരപ്പ യൂണിറ്റിലെ കണ്ണൻ മാഷ്, വി. കെ. സുരേശൻ മാസ്റ്റർ, ഏ. കെ. മോഹനൻ മാസ്റ്റർ എന്നിവർ പങ്കെടുത്തിരുന്നു.

ശാസ്ത്രമാസികകളുടെ വിതരണം

സ്ക്കൂൾ വിദ്യാർത്ഥികൾ ക്കായി Up തലത്തിൽ യുറീക്ക, ഹൈസ്കൂൾ തലത്തിൽ ശാസ്ത്ര കേരളം, എന്നീ മാസികകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാകുന്നതിനും, ശാസ്ത്രവിഷയങ്ങളിൽ പഠനം എളുപ്പമാക്കാനും സഹായിക്കുന്ന വിഭവങ്ങളാണ് ഈ മാസികകളുടെ ഉള്ളടക്കം. ഈ ശാസ്ത്ര മാസികകളുടെ ഉള്ളടക്കംഅടിസഥാനമാക്കി സ്കൂകളിൽക്വിസ്സ് മത്സരങ്ങളും,. വിജ്ഞാനോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ മുതിർന്നവർക്കുള്ള ശാസ്ത്ര മാസിക ശാസ്ത്രഗതിയും പ്രചരിപ്പിച്ചിരുന്നു. പാലക്കാട് പ്രവർത്തിക്കുന്ന പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ IRTC യുടെ നേതൃത്വത്തിൽ ഉദ്പാദിപ്പിക്കുന്ന പ്രാദേശിക ഉദ്പന്നങ്ങളുടെ പ്രചരണവും, നിമ്മാണ പരിശീലനവും യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ചിരുന്നു.

ഇടക്കാലത്തെ പ്രവർത്തനമില്ലായ്മ

അധ്യാപകരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും പരിഷത്തിന്റെ സംഘാടകരായി ഉണ്ടായിരുന്നത് എന്നതിനാൽ സർവ്വീസിൽ നിന്ന് പിരിയുക, സ്ഥലം മാറ്റം എന്നിവ മൂലം അധ്യാപകരായ പ്രവർത്തകർ താമസം മാറിപ്പോവുകയും പിൽക്കാലത്ത് പരിഷത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഈ പ്രദേശത്തെ പൊതുജനങ്ങളുടെ ഇടയിൽ നിന്നും ഒരു പ്രവർത്തകനും നേതൃത്വത്തിലുണ്ടായില്ല എന്നതും പ്രവർത്തനം നിലച്ചു പോകാൻ കാരണമായി. 1995 മുതൽ പരപ്പയിൽ പരിഷത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. ചിറ്റാരിക്കാൽ മേഖലയും പ്രവർത്തിക്കാതെയായി. 25 വർഷത്തോളം പരിഷത്തിന്റ പ്രവർത്തനം ഈ പ്രദേശത്ത് പൂർണ്ണമായും നിലച്ചതു കാരണം യുവാക്കൾക്കും കുട്ടികൾക്കും ഈ സംഘടനയെപ്പറ്റി യാതൊരറിവും ഇല്ല.

വീണ്ടും 2020 ജനുവരിയിൽ പുരോഗമന ചിന്താഗതിക്കാരായ ചില സാമൂഹ്യപ്രവർത്തകർ ചേർന്ന് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുകുമാരൻ, മേഖലാ സെക്രട്ടറിയായിരുന്ന സിന്ധു, കണ്ണൻ മാഷ് എന്നിവരായിരുന്നു രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. CH ഇക്ബാൽ (സെക്രെട്ടറി), പി. ശ്യാം പ്രകാശ് (പ്രസിഡണ്ട്), അഗജ. ഏ. ആർ. (ജോ.. സെക്രട്ടറി), സ്വപന ഏ. വി. (വൈ: പ്രസിഡണ്ട്) സ്വർണ്ണലത ടി.(ട്രഷറർ) എന്നിവരായിരുന്നു ഭാരവാഹികൾ. കോവിഡ് 19ന്റ പശ്ചാത്തലത്തിൽ ഒരു വർഷക്കാലം യൂണിറ്റിൽ യോഗങ്ങളോ പരിപാടികളോ നടന്നില്ല.

യൂണിറ്റ് സമ്മേളനം

പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യത്തെ യൂണിറ്റ് സമ്മേളനം 20 21 മാർച്ച് മാസത്തിൽ നടന്നു. പുതിയ ഭാരവാഹികളായി അഗജ .ഏ.ആർ. (പ്രസിഡണ്ട് ), എം.വി. പുരുഷോത്തമൻ (സെക്രട്ടറി), അശ്വിൻ രാജ് (വൈ: പ്രസിഡണ്ട് ), സ്വപ്ന. ഏ.വി (ജോ.സെക്രട്ടറി) സ്വർണ ലത. ടി. (ഖജാൻ ജി ) എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഭാരവാഹികൾ കൂടാതെ ഗിരീഷ് കാരാട്ട്, ഏ.ആർ. വിജയ കുമാർ മാസ്റ്റർ, എം.ബിജു മാസ്റ്റർ, കെ. സുരേഷ് മാസ്റ്റർ, CH ഇക്ബാൽ, അനു മോൾ, ഗോപീകൃഷ്ണൻ, രൂഗ്മിണി ടീച്ചർ എന്നിവരേയുo തെരഞ്ഞെടുത്തു. പ്രധാന പ്രവർത്തന ങ്ങൾ എല്ലാം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിന് ശേഷം 9 എക്സിക്യൂട്ടീവ് യോഗങ്ങൾ നടന്നു.

മേഖലാ സമ്മേളനം

മേഖലാ സമ്മേളനം മെയ് 31, ജൂൺ 1 തീയ്യതികളിൽ ഓൺലൈനിൽ നടന്നു. യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.

ജില്ലാസമ്മേളനം

ജൂലൈ 5, 6 തീയ്യതികളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട്, എന്നിവർ പങ്കെടുത്തിരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

കോവിഡ് DCC സെന്ററിലേക്ക് സഹായം

കോവി ഡ് - 19 അതിരൂക്ഷമായ സാഹചര്യത്തിൽകിനാനൂർ-കരിന്തളം ഗാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഡൊമിസിലറി കൊറോണ കെയർ സെന്റർ നടത്തുകയുണ്ടായി. 6 വാർഡുകളിൽ നിന്നുള്ള രോഗികളെ താമസിപ്പിച്ച് ക്വാറന്റീനിൽ നിർത്തി പരിചരിക്കാനും പോഥമിക ചികിത്സാ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനുമാണ് ഈ സെന്റർ ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിനോടൊപ്പം ആവേശത്തോടെ സന്നദ്ധ സംഘടനകളും നാട്ടുകാരും സെന്ററിന്റെ പ്രവർത്തനം ഏറ്റെടുത്തപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റും തങ്ങളുടെ കടമ നിർവ്വഹിക്കയുണ്ടായി. 5000 രൂപയുടെ ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ യൂണിറ്റ് സംഭാവന നൽകി. കൂടാതെ യൂണിറ്റ് പ്രവർത്തകരായ ഗിരീഷ്കാരാട്ട്, ഗോപീകൃഷ്ണൻ, അശ്വിൻ രാജ് എന്നിവർ വളണ്ടിയർമാരായും, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ ഭക്ഷണശാലയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ന മ്മുടെ മെമ്പർമാരായ 7 പേർ (അമൽ തങ്കച്ചൻ, രാഹുൽ, അരുൺ കുമാർ, അർജിത്ത്, സുനീഷ്, ഉണ്ണികൃഷ്ണൻ) വളണ്ടിയർമാരായി തുടർച്ചയായി 33 ദിവസം നടന്ന ക്യാമ്പിൽ താമസിച്ച് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യൂണിറ്റി ന്റെ ട്രഷററർ സ്വർണ്ണ ലത കുടുംബശ്രീ വാർഡ് സെക്രട്ടറി എന്ന നിലയിൽ നിലയിൽ ഇട പെട്ട് പ്രവർത്തിച്ചു . കൂടാതെ 2 ആശവർക്കർമാർ ഉൾ പ്പെടെ പരിഷത്തിന്റെ 7മെമ്പർ മാർ സെന്ററിന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ക്യാമ്പിന്റെ കൺ വീനർ, ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് നേതൃത്വം നൽകിയ ഏ.ആർ. രാജു, പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ഇയർമാൻ. CH അബ്ദുൾ നാസർ എന്നിവരും നമ്മുടെ മെമ്പർമാരാണ്.

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ട് , ആയുർവേദ ആശുപത്രി പരിസരം, പരിഷത്ത് പ്രവർത്തകരുടെ വീട്ടുകൾ എന്നിവിടങ്ങളിൽ ഫല വ്യക്ഷ തൈകൾ നട്ടു. 101 മരത്തൈകൾ നടുന്ന പരിപാടിയാണ് നടത്തിയത്.

ഓൺലൈൻ ഓണാഘോഷം

യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം 4 ദിവസങ്ങളിലായി നടത്തി. ആഗസ്റ്റ് - 19, 20, 21, 22 തീയ്യതികളിൽ ഓണാഘോഷം സംഘടിപ്പിച്ചു . പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, മാവേലിക്കൊരു ക |ത്ത്, ചിത്രം വര, പോസ്റ്റർ രചന, കവിത ചൊല്ലൽ , കടം കഥ, തുടങ്ങിയ മത്സരങ്ങളിലായി 56 പേർ പങ്കടുത്തു. മെയ് 31, ജൂൺ 5 തീയ്യതികളിൽനടന്ന മേഖലാ സമ്മേളനത്തിൽ യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.ജൂൺ 5, 6 തീയ്യതികളിൽ ഓൺലൈനായി ജില്ലാ സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി സ്മിത ടീച്ചർ 22.8.20 21 ന് നടന്ന സമാപന യോഗം ഉദ്ഘാടനം ചെയ്തു.

ഭൂമിക - കലാമേള

കോവിസ് കാലത്ത് വനിതകക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ജില്ലാ ജെന്റർ വിഷയ സമിതി സംഘടിപ്പിച്ച കലാ സാംസാരിക പരിപാടിയാണ് ഭൂമിക. യൂണിറ്റിൽ നിന്നും കവിത ചൊ ല്ലൽ നാടൻ പാട്ട്, ലളിതഗാനം, നാടോടിപ്പാട്ട് മംഗലം കളി,നാടോടി നൃത്തം, കൂട്ടപ്പാട്ട്, തുടങ്ങി 10 ൽ പരം ഇനങ്ങൾ അവതരിപ്പിച്ചു.

അംഗത്വ ക്യാമ്പയിൻ

പുതിയ മെമ്പർമാരെ ചേർക്കുന്ന ക്യാമ്പയിൻ പ്രവർത്തനം നടത്തുകയും 26 അംഗങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു. ആകെ 41അംഗങ്ങളിൽ 17 പേർ വനിതകളാണ്. സർക്കാർജീവനക്കാർ - 6 അധ്യാപകർ - 4 അംഗൻവാടി വർക്കർ - 6, കമ്യൂണിറ്റി കൗൺസിലർ - 1, ആശ വർക്കർ - 2, മറ്റ് സ്ഥാപന ജീവനക്കാർ - 6, കൃഷിക്കാർ - 5, തൊഴിലാളികൾ - 6, ദ്യാർത്ഥികൾ - 5 തുടങ്ങിയവരാണുള്ളത്.

വി. കെ. എസ്. അനുസ്മരണം

പരിഷത്തിന്റെ സന്തത സഹചാരിയും കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഗാനങ്ങളുടെ രചയിതാവും പാട്ടുകാരനുമായിരുന്ന വി. കെ.എസ്. എന്ന വി. കെ. ശശിധരൻ 2021 ഒക്ടോബറിൽ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒക്ടോബർ -7 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിൽനടന്ന അനുസ്മരണ പരിപാടിയിൽ യൂണിറ്റ് സെക്രട്ടി പങ്കെടുത്തു.

വജ്ര ജബിലി ആഘോഷം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകൃതമായതിന്റെ വജ്ര ജൂബിലി സംസ്ഥാന വ്യപകമായി എല്ലാ യൂണിറ്റുകളിലും ആഘോഷിക്കുകയുണ്ടായി. പരപ്പ യൂണിറ്റിൽ ഒക്ടോബർ പത്താം തീയ്യതി രാവിലെ 7 30 ന് പതാകയത്തി. വൈകുന്നേരം 4 മണിക്ക് പരപ്പ ടൗണിൽ പായസ വിതരണo നടന്നു. ഓർമ മരം സെക്രട്ടറിയുടെ വീട്ടുവളപ്പിൽ നട്ടു വൈകുന്നേരം 7.30 മണിക്ക് പരിഷത്ത് കുടുബ സംഗമം, ആദ്യകാല പ്രവർത്തകസംഗമം, യൂണിറ്റ് ചരിത്ര കുറിപ്പ് അവതരണം എന്നിവ നടന്നു. 37 പേർ പരിപാടിയിൽ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരായ കണ്ണൻ മാഷ് ബങ്കളം, VK സുരേശൻ മാസ്റ്റർ, ശ്രീ. ഗോപാലൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടി മേഖലാ സെക്രട്ടറി സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

കെ - റെയിൽ - പ്രഭാഷണം

സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. റെയ്ലും കേരളത്തിന്റെ പൊതുഗതാഗത സംവിധാനവും എന്ന വിഷയത്തിൽ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിറ്റ് സെകട്ടറി പങ്കെടുത്തു.

കർഷക പോരളികൾക്ക് ഐക്യദാർഢ്യം

കൃഷിക്കാരേയും, കാർഷിക മേഖലയേയും തകർക്കുന്ന കേന്ദ്രഗവൺമെന്റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഡൽഹിയിൽ ആരംഭിച്ച സമരത്തിന്റെ 100-ാം ദിവസമായ നവംബർ 26 ന് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിറ്റിന്റെ നേതൃത്വത്വത്തിൽ പരപ്പ ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പരിസ്ഥിതി വിഷയ സമിതി കൺവീനർ പ്രൊഫ: എം.ഗോപാലൻ ഉദ്ഘാടനം ചെയ്തു.

പരിഷത്ത് സ്കൂൾ പഠന ക്ലാസ്

ജില്ലാ സംഘടനാ വിദ്യാഭ്യാസ വിഷയ സമിതി ഡിസംബർ : 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ് നടത്തുകയുണ്ടായി. 4 ക്ലാസിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. 21, 22, 27, 29 തീയ്യതികളിൽ മേഖലാ തലത്തിൽ

പഠന ക്ലാസ്സുകൾ

ജില്ലാ സംഘടനാ വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 8, 9, 10, 11 തീയ്യതികളിൽ പഠന ക്ലാസ്സ് നടത്തുകയുണ്ടായി. സൂക്ഷ്മപ്രപഞ്ചം മുതൽ സ്ഥൂലപ്രപഞ്ചം വരെ എന്ന വിഷയത്തിൽ ഡോ: എം ടി നാരായണനും , നാം ജീവിക്കുന്ന സമൂഹം എന്ന വിഷയം പ്രദീപ് കുമാർ മാഷും നാം ജീവികുന്ന കാലം എന്ന വിഷയത്തിൽ കണ്ണൂർ ടി.വി നാരായണനും നാളത്തെ പുതുലോകം എന്ന വിഷയം TK ദേവരാജനും അവതരിപ്പിച്ചു. 4 ക്ലാസുകളിലും യൂണിറ്റ് സെക്രട്ടറി പങ്കെടുത്തു. ഡിസംബർ 21, 22, 27, 29 തീയതികളിൽ നടന്ന മേഖലാ പഠന ക്ലാസിൽ സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു.

മേഖലാ പ്രവർത്തക സoഗമം

2021 ഡിസംബർ 12 ന് മേലാങ്കോട്ട് വെച്ച് നടന്ന മേഖലാ പ്രവർത്തക കൺ വൻഷനിൽ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും പങ്കെടുത്തു. ഡിസംബർ 28 ന് ജില്ലാ വികസന സമിതി കൂടിയിരിപ്പ് സംഘടിപ്പിച്ചു. 14-ാം പദ്ധതിയിൽ പരിഷത്ത് പ്രവർത്തകർ നടത്തേണ്ട ഇടപെടൽ സംബന്ധിച്ച് യോഗത്തിൽ ടി. ഗംഗാധരൻ വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു.

"https://wiki.kssp.in/index.php?title=പരപ്പ_യൂണിറ്റ്&oldid=10887" എന്ന താളിൽനിന്ന് ശേഖരിച്ചത്