പരിഷത്തും പഠനവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പ്രവർത്തിക്കുന്ന ഏതു സംഘടനയ്ക്കും പഠനം പ്രധാനമാണ്. ഒരു ശാസ്ത്രസംഘടനയെ സംബന്ധിച്ച് ഇത് കൂടുതൽ പ്രസക്തമാണ്. നിരന്തരമായി പഠിച്ചും വിവരങ്ങൾ ശേഖരിച്ചും വിശകലനം ചെയ്തും മാത്രമേ നമുക്ക് തീരുമാനങ്ങളിലെത്തിച്ചേരാനാവൂ. നിലപാടുകളിലെത്തിച്ചേരാനാവൂ. ശാസ്ത്രസാഹിത്യ പരിഷത്തിന് കേരള സമൂഹത്തിൽ ലഭിച്ചിട്ടുള്ള അംഗീകാരവും സ്വീകാര്യതയുമെല്ലാം വസ്തുനിഷ്ഠമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണെന്നതിന് ഒരു സംശയവുമില്ല. എപ്പോഴാണ് പഠനം അനിവാര്യമാകുന്നത് ? എപ്പോഴാണാരംഭിക്കുന്നത് ? പ്രശ്നങ്ങളിൽ ഇടപെട്ടുതുടങ്ങുമ്പോഴാണ് പഠിക്കാൻ നിർബന്ധിതരാകുക. പരിഷത്തിന്റെ ആദ്യ ദശകങ്ങളിൽ ശാസ്ത്രപ്രചരണമായിരുന്നു മുഖ്യലക്ഷ്യം. എന്നാൽ എഴുപതുകളുടെ തുടക്കത്തിൽതന്നെ ചില പ്രശ്നങ്ങളിൽ ഇടപെടാനാരംഭിക്കുന്നുണ്ട്. അതോടെ പഠനവും തുടങ്ങുന്നു. 1972 ൽ കൊരട്ടിയിലെ മധുരാകോട്ട്സ് ഫാക്ടറിയിൽ നിന്നുള്ള ജലമലിനീകരണത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കണം പരിഷത്തിന്റെ ആദ്യ പഠനപ്രവർത്തനം. ഈ പഠനത്തെത്തുടർന്നാണ് നമ്മുടെ ആദ്യത്തെ ഇടപെടൽ പരിസരരംഗത്ത് ഉണ്ടാകുന്നത്. തുടർന്നിങ്ങോട്ട് സൈലൻറ് വാലി , ചാലിയാർമലിനീകരണം, പെരിയാർ മലിനീകരണം, കല്ലടയാർ മലിനീകരണം, മൂവാറ്റുപുഴയാർ മലിനീകരണം, മോത്തി കെമിക്കൽസ് മലിനീകരണം എന്നിങ്ങനെ പരിസരരംഗവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളിലേക്ക് പരിഷത്ത് എത്തിച്ചേരുന്നുണ്ട്. 1978ലെ കുട്ടനാട് പഠനവും സൈലൻറ് വാലി പഠനങ്ങളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും സമഗ്രതയുള്ള പഠനങ്ങൾ എന്ന് കാണാം. ഇവ രണ്ടും മുഖ്യമായും ദ്വിതീയവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമായിരുന്നു. 1975ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്തിനെ കുറിച്ചുള്ള പരിഷദ്ഗ്രന്ഥവും ഇതുപോലെ ദ്വിതീയവിശകലനം ചെയ്ത് രൂപപ്പെടുത്തിയതാണ്. എൺപതുകളിലാണ് പശ്ചിമഘട്ടത്തിലുടനീളം നിരവധി വനനശീകരണ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നത്. ഇവയൊക്കെയും, പ്രശ്നങ്ങളുടെ ഇടപെടൽ മുഖത്തുന്നിന്നുണ്ടായ സമ്മർദ്ദങ്ങളുയർത്തിയ അനിവാര്യതയിൽ നിന്നാണ് രൂപം കൊള്ളുന്നതെന്ന് കാണാം. നയരൂപീകരണത്തിനായി സമഗ്രമായ പഠനം അത്യാവശ്യമാണ് എന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ പ്രാഥമികവിവരശേഖരണത്തിനായി നടത്തിയ വലിയൊരു ശ്രമമായിരുന്നു 1984 ലെ വിദ്യാഭ്യാസ അഴിമതി അന്വേഷണ കമ്മീഷൻ. 1982 ൽ തന്നെ പരിഷത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസരേഖ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതിലെ നിരീക്ഷണങ്ങൾക്ക് ശക്തിപകരുന്നതായിരുന്നു അഴിമതി അന്വേഷണ കമ്മീഷൻ പ്രവർത്തനങ്ങൾ. പ്രഗത്ഭരായ ജഡ്ജിമാരുടേയും പൊതുപ്രവർത്തകരുടേയും നേതൃത്വത്തിൽ നടന്ന കമ്മീഷൻ തെഴിവെടുപ്പുകളിൽ അഴിമതികൾ സംബന്ധിച്ച ഞെട്ടിക്കുന്ന തെളിവുകളാണ് ഒഴുകിയെത്തിയത്. ഇവയുമായി ബന്ധപ്പെട്ട് പരിഷത്തിന്റെ നിരവധി ഇടപെടലുകൾ തുടർന്നുണ്ടായി.

സംസ്ഥാനതല സർവേകളും പഠനങ്ങളും

പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സംസ്ഥാനതല സർവെയായിരുന്നു 1987ലെ ആരോഗ്യസർവേ. കേരളത്തിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള, ഏറ്റവും വിപുലമായ സാമ്പിൾ സർവെയായിരുന്നു അത്. വിശകലനത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും പ്രതീക്ഷിച്ചതിലേറെ സമയമെടുത്തുവെങ്കിലും, വളരെ ആധികാരികതയുള്ള പഠനമായി ഇന്നും അത് അറിയപ്പെടുന്നു. ആരോഗ്യസർവേക്ക് 1997 ലും 2009 ലും തുടർച്ചയുണ്ടായി. 1989-90 കാലത്ത് എറണാകുളം ജില്ലയിലും തുടർന്ന് കേരളത്തിലുടനീളം നടന്ന സാക്ഷരതാസർവേയും അവയെ അടിസ്ഥാനമാക്കിയുള്ള സമ്പൂർണ സാക്ഷരതാപദ്ധതിയും പരിഷദ് സംഘടനയുടെ മുൻകയ്യിലാണ് നടന്നത്. ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരായിരുന്നു ഈ പഠനത്തിന് നേതൃത്വം വഹിച്ചത്. ഇത്രയും വ്യാപകമായ തോതിലുള്ള പ്രാദേശികപഠനം കേരളത്തിൽ അതിനുമുമ്പ് ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. പഠനം ഒരു ജനതയുടെ മുഴുവൻ ആവേശമായി മാറിയ കാലമായിരുന്നു അത്. സാക്ഷരതാപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവത കൈവരിച്ച ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഭൂസാക്ഷരത എന്ന ആശയം, വിഭവഭൂപടം എന്ന പദ്ധതിയിലൂടെ പ്രാവർത്തികമാക്കാൻ നമ്മൾ ശ്രമിച്ചത്. തുടക്കത്തിൽ 25 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ച വിഭവഭൂപട നിർമ്മാണ പ്രക്രിയ അഞ്ചുവർഷത്തിനകംതന്നെ ജനകീയാസൂത്രണ പ്രസ്ഥാനമെന്ന് പിന്നീട് പ്രഖ്യാതമായ അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് വഴിമരുന്നിട്ടു എന്നത് , പഠനപ്രവർത്തനങ്ങളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പഠനം ഉത്സവമായി മാറിയ ഒട്ടേറെ അനുഭവങ്ങൾ ഇക്കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പഞ്ചായത്തുകളിൽ നടന്ന PLDP പദ്ധതി വഴി നടന്ന ബൃഹദ്പ്രവർത്തനം കേരളത്തിൽ വലിയൊരു രാഷ്ട്രീയവിവാദത്തിന് കാരണമായത് ചില പാഠങ്ങൾ നമുക്ക് നൽകുകയുണ്ടായി. 1987 ലെ ആരോഗ്യ സർവേക്ക് ശേഷം ഒട്ടേറെ സംസ്ഥാനതല പഠനങ്ങളും പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. ഇവയിൽ മുഖ്യമായവ താഴെ പറയുന്നവയാണ്. n കേരള വിദ്യാഭ്യാസ കമ്മീഷൻ 1996 n ഒന്നാം കേരള പഠനം 2004 n സ്ത്രീപഠനം - കേരളത്തിലെ സ്ത്രീകൾ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? 2007 n വേമ്പനാട് കായൽ കമ്മീഷൻ 2014

ഈ പഠനങ്ങളുടെയൊക്കെ റിപ്പോർട്ടുകൾ വളരെ ആധികാരികമായിത്തന്നെയാണ് കേരളസമൂഹവും അക്കാദമിക വിദഗ്തരുമൊക്കെ കാണുന്നത്. അത്തരത്തിൽ അവയിലെ വിവരങ്ങൾ ഉദ്ധരിക്കപ്പെടുന്നുമുണ്ട്. ഈ പഠനങ്ങളുടെ മറ്റൊരു പ്രത്യേകത, അവയ്കാവശ്യമായ ധനസമാഹരണം, പരിഷദ് സംഘടന ആന്തരികമായിത്തന്നെ സ്വരൂപിച്ചതാണെന്നതാണ്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഇത്തരം ബൃഹദ് പഠനങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായ സാമ്പത്തിക പിന്തുണ സംഘടനയിൽ നിന്നുതന്നെ ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പഠന പ്രവർത്തനങ്ങളോട് നമ്മുടെ സംഘടനയ്ക്കുള്ള പ്രതിബദ്ധതയുടെ സൂചകമായി ഇക്കാര്യത്തെ കണക്കാക്കാവുന്നതാണ്.


പഠനത്തിലൂടെ പുതുക്കപ്പെടുന്ന സംഘടന

വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലൂടെ സംഘടനയിൽ സംഭവിക്കുന്ന ആന്തരികമാറ്റം വളരെ ശ്രദ്ധേയമാണ്. പരിഷത്തിനകത്ത് വളർന്നുവന്ന വിവിധ വിഷയവിദഗ്ധരിൽ ഒരുപാട് പേർ ആ രംഗങ്ങളിൽ പരിമിതമായി മാത്രം അക്കാദമിക വൈദഗ്ധ്യമുള്ളവരും ഗണ്യമായ അളവിൽ പ്രായോഗിക പഠനങ്ങളിലൂടെ നേടിയ അനുഭവജ്ഞാനമുള്ളവരുമാണ്. ഇങ്ങനെ അനുഭവ‍ജ്ഞാനമുള്ള പ്രവർത്തകരെ വളർത്തിയെടുക്കുക എന്നത് പഠനപ്രവർത്തനങ്ങളുടെ ഒരു പരോക്ഷനേട്ടമാണ്. ശാസ്ത്രസംബന്ധമായ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്കിടയിൽ ക്ലാസുകളെടുക്കാനും മറ്റും ഇത്തരം പ്രവർത്തകർക്കുള്ള ഉയർന്ന ശേഷി പല സന്ദർഭങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പഠനപ്രവർത്തനങ്ങളിലെ ഇടപെടലുകൾ അവരെ നല്ല communicators ആക്കി മാറ്റുന്നു. ഈ ഗുണവിശേഷമുള്ള പ്രവർത്തകരുടെ എണ്ണം കൂടുന്തോറും സംഘടനയുടെ പ്രവർത്തനഗുണനിലവാരം വർധിക്കുകയും സമൂഹത്തെ ആകെ പ്രചോദിപ്പിക്കാനുള്ള സംഘടനയുടെ കഴിവ് മെച്ചപ്പെടുകയും ചെയ്യുന്നു.

പ്രാദേശിക സാധ്യതകൾ

പ്രശ്നങ്ങളുടെ മുഖത്താണ് പഠനങ്ങൾ ആരഭിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇന്ന് കേരളത്തിലെ ഏത് ഗ്രാമങ്ങൾ പരിഗണിച്ചാലും നിരവധി പരിസ്ഥിതി വികസന പ്രശ്നങ്ങൾ കാണാൻ കഴിയും. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും വ്യാപകമാണ്. വ്യാപകമായ പ്രശ്നങ്ങൾ , വ്യാപകമായ പ്രാദേശിക പഠനങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. സംഘടനാപരമായി പരിഷത്തിന് ഓരോ പഞ്ചായത്തിലും ഓരോ ചെറു പഠനഗ്രൂപ്പുകളായി പ്രവർത്തിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഇതിനാവശ്യമായ വിദഗ്തരുടെ ലഭ്യതയും ഓരോ പഞ്ചായത്തിലുമുണ്ട്. ഈ വിദഗ്തരെ ഒരുമിപ്പിച്ച് കൊണ്ട് പഠനപ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള സംഘാടനപ്രവർത്തനങ്ങളുടെ പരിമിതിയാണ് ഇതിന് പ്രധാനതടസ്സം. ഈ തടസ്സം നീക്കുകയാണ് നാളത്തെ പരിഷത്തിന്റെ ഒരു പ്രധാന ഉത്തരവാദിത്തം. ലഭ്യമായ ദ്വിതീയ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് റിപ്പോർട്ടുകൾ തയ്യാറാക്കണം. അവ വികസനാസൂത്രണത്തിൽ പ്രയോജനപ്പെടുത്താനും കഴിയണം. വാർഷിക പഞ്ചവത്സരപദ്ധതികൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഈ രംഗത്ത് വമ്പിച്ച സാധ്യതകൾ നിലവിലുണ്ട്. പക്ഷെ അതിനനുസരിച്ച് വിവരോത്പാദനം ജില്ലാതലത്തിൽപോലും വേണ്ടത്ര നടക്കുന്നില്ല എന്നതാണ് സ്ഥിതി. ഈ സ്ഥിതിക്ക് മാറ്റം വരണം. വിവരോത്പാദനം എന്നത് തദ്ദേശഭരണസ്ഥാപനങ്ങളുടെ മുഖ്യ ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്.

പരിഷത്തിനെക്കുറിച്ചുള്ള പഠനങ്ങൾ

പരിഷത്ത് നടത്തുന്ന പഠനങ്ങളെപ്പോലെ തന്നെ പരിഗണനാർഹമാണ് പരിഷത്തിനെക്കുറിച്ചുള്ള പഠനങ്ങളും. പരിഷത്തിനെകുറിച്ചുള്ള നിരവധി പഠനങ്ങൾ ഇപ്പോൾത്തന്നെ ലഭ്യമാണ്. എം.ഫിൽ പഠനങ്ങളും , പി.എച്ച്.ഡി തിസീസുകളും അവാർഡ് സൈറ്റേഷനുകളും സ്വതന്ത്രലേഖനങ്ങളുമൊക്കെ ഇതിൽപെടും. ഓരോ ഗവേഷകരും പരിഷത്തിനെ എങ്ങനെ വിലയിരുത്തുന്നു, അവർ കാണുന്ന ശേഷികളും പരിമിതികളും എന്തൊക്കെ എന്ന് മനസ്സിലാക്കുന്നത് നമ്മുടെ സംഘടനാപ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിന് സഹായകമാകും. ഇക്കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നു. ചുരുക്കത്തിൽ പഠനപ്രവർത്തനങ്ങൾ പരിഷദ് പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ഓരോ പ്രവർത്തകയും പ്രവർത്തകനും തിരിച്ചറിയേണ്ടിയിരിക്കുന്നു.

"https://wiki.kssp.in/index.php?title=പരിഷത്തും_പഠനവും&oldid=6522" എന്ന താളിൽനിന്ന് ശേഖരിച്ചത്