പിലാക്കാട്ടിരി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലാക്കാട്ടിരി യൂണിറ്റ്
പ്രസിഡന്റ് ‍ഡോ. കെ. രാമചന്ദ്രൻ
സെക്രട്ടറി ബീന പി.ബി
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് നാഗലശ്ശേരി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം

എല്ലാ തുടക്കങ്ങൾക്കും ഒരു കാരണമുണ്ടാകും. ഒരു പക്ഷെ പിലാക്കാട്ടിരി യൂണിറ്റിനും അങ്ങനെ ഒന്നുണ്ടാകാമെന്ന് വിശ്വസിക്കുന്നു. ഇംഗ്ലീഷ് ഭാഷയിലുണ്ടായിരുന്ന ശാസ്ത്ര ഗ്രന്ഥങ്ങൾ ജനകീയവൽക്കരിക്കുന്നതിനു വേണ്ടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കൊണ്ട് ആരംഭിച്ച ഒരു ബഹുജന ബോധവൽക്കരണ പ്രസ്ഥാനമായ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പിലാക്കാട്ടിരിയിലും 1983 ൽ തുടങ്ങുകയുണ്ടായി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു സംസ്ഥാന കലാജാഥ അക്കാലത്ത് കൂറ്റനാട് വരികയുണ്ടായി. പി.സി. ബേബിയുടെ കെട്ടിടം നില്ക്കുന്ന പറമ്പിലായിരുന്നു കലാജാഥ പരിപാടികൾ അവതരിപ്പിച്ചത്. അതിലെ ഒരു നാടകത്തിന്റെ പേര് ഓഫീസ് എന്നായിരുന്നു. ഈ നാടകത്തിലെ ആശയവും അവതരണവുമാണ് ഞങ്ങളിൽ ചിലരെ പിലാക്കാട്ടിരിയിൽ ആ സംഘടനയുടെ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ പ്രേരണ നൽകിയത്.

അക്കാലത്തെ വിദ്യാർത്ഥികളായ ചിലർ കളിയുടെ ഭാഗമായി ഒത്തു കൂടുകയും മുകുളം എന്ന പേരിൽ പുതിയൊരു ക്ലബ്ബ് രൂപപ്പെടുത്തുകയും ചെയ്തു. ക്ലബ്ബിന്റെ ഒരു പ്രതിമാസ പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട ശ്രീ മന്മഥൻ മാഷ്, ചന്ദ്രൻ മാഷ് എന്നിവരാണ് പിലാക്കാട്ടിരിയിലെ യുവാക്കളോട് പരിഷത്ത് എന്ന സംഘടനയെപ്പറ്റിയുള്ള ആശയങ്ങൾ പറഞ്ഞതു്. പാലക്കാട് ജില്ലയിലെ പ്രവർത്തകരല്ലാത്തതിനാൽ ജില്ലയിലെ പരിഷത്ത് പ്രവർത്തകനും, കുമരനല്ലൂർ കനറാ ബാങ്ക് ജീവനക്കാരനുമായ തിരുവനന്തപുരം സ്വദേശി ശ്രീ മോഹൻ. ജി. എന്നയാളെ പരിചയപ്പെടുത്തുകയുംചെയ്തു. ക്ലബ്ബംഗങ്ങൾ അദ്ദേഹത്തെ നേരിൽ കണ്ട് പിലാക്കാട്ടിരിയിലേക്ക് ക്ഷണിക്കുകയും അദ്ദേഹം വന്ന് യൂണിറ്റ് രൂപീകരണത്തിനാവശ്യമായ കാര്യങ്ങൾ ചെയ്തു തരികയും ഒരു ദിവസം നമുക്കൊപ്പം പുസ്തകം വിൽക്കാനും , ഗ്രാമ പത്രം സ്ഥാപിക്കുന്നതിനും മറ്റും സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഭ, മുകുളം എന്നീ ക്ലബ്ബുകളിലെ പ്രവർത്തകരെല്ലാം കൂടിയാണ് 1984 ൽ ഒരു പരിഷത് യൂണിറ്റ് രൂപീകരിച്ചത്.

പിന്നീട് കുറ്റിപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന മദനൻ പിള്ളയും ചന്ദ്രൻ മാസ്റ്ററും കൂടി യൂണിറ്റിൽ മൂന്ന് ശാസ്ത്ര മാസം ക്ലാസ് എടുത്തതായി ഓർമ്മിക്കുന്നു. ആലിൻ ചുവടാണ് ഞങ്ങളുടെ പ്രവർത്തന കേന്ദ്രം. ഒരു തവണ മലപ്പുറം ജില്ലയിലെ മുരളിയടങ്ങുന്ന ഒരു കലാജാഥ ആലിൻ ചുവട്ടിൽ (ഇന്നത്തെ സാംസ്കാരിക നിലയ പരിസരം ) കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. പി.ചന്ദ്രൻ മാഷും ഈ സംഘത്തിൽ ഉണ്ടായിരുന്നു. കൂടുതൽ അംഗങ്ങളെ ചേർക്കാനും പ്രവർത്തന മേഖല വിപുലീകരിക്കാനും വേണ്ടി പിന്നീട് ഈ യൂണിറ്റ് പെരിങ്ങോട്ടേക്ക് മാറ്റി. പെരിങ്ങോട്ടുനിന്നും ശ്രീ. ഗോകുൽദാസ് , അനിൽ ബാബു മാസ്റ്റർ, കെ എം പരമേശ്വരൻ എന്ന ബേബി. വി.വി മണികണ്ഠൻ, സേതു എന്നിവരേയും ചേർത്ത് യൂണിറ്റ് വിപുലീകരിച്ചു.

അക്കാലത്ത് തെക്കെ സെന്ററിലുണ്ടായിരുന്ന ലത ടൂഷൻ സെന്റർ കേന്ദ്രീകരിച്ച്‌ ചന്ദ്രിക ടീച്ചറും പരിഷത് പ്ര വർത്തനങ്ങളിൽ സജീവമായി. അക്കാലത്ത യൂണിറ്റ് സ്വതന്ത്രമായി നടത്തിയ ഒരു പ്രവർത്തനം കോതചിറയിലെ അക്വേഷ്യ കാട്ടിലേക്ക് നടത്തിയ ഒരു പ്രതിഷേധ ജാഥയായിരുന്നു. അനിൽബാബു മാസ്റ്ററും ഗോകുൽ ദാസുമാണ് അന്ന് ജാഥ നയിച്ചത്. മറക്കാനാവാത്ത ഒരനുഭവമായിരുന്നു അത്.പരിഷത്ത് ഗാനങ്ങൾ പാടിക്കൊണ്ടുള്ള ജാഥയെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

മറ്റൊരു പ്രധാനപ്പെട്ട പ്രവർത്തനം വർഷംതോറും നടത്തിക്കൊണ്ടിരുന്ന വിജ്ഞാനോത്‌സവമായിരുന്നു. ഇത്രയും പ്രയാസമേറിയതും എന്നാൽ അതിലേറെ സന്തോഷവും നൽകിയിരുന്ന മറ്റൊരു പ്രവർത്തനവും ഉണ്ടായിരുന്നില്ല. തലേ ദിവസം വൈകുന്നേരം മുതൽ പുലർച്ചെ 4 മണി വരെ വിജ്ഞാനോത്സവത്തിൽ നടത്താനുള്ള പ്രവർത്തനങ്ങൾക്കായി കായ,വിത്ത്, ഇലവേര്, കുപ്പികൾ ബലൂൺ, ഈർക്കില ടെസ്റ്റ് ടൂബ് തുടങ്ങി പലവിധ സാധനങ്ങളും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം അനുസരിച്ച് എത്ര ക്ലാസു വേണമോ അത്രയും ക്ലാസുകളിലേക്ക് പേക്കറ്റുകളാക്കി നൽകുന്ന ചുമതല യൂണിറ്റ് പ്രവർത്തകർക്കായിരുന്നു. മൂല്യനിർണയത്തിൽ പ്രവർത്തനാധിഷ്ഠിത വിലയിരുത്തൽ സമൂഹത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ബോധ്യപ്പെടുത്താനാണ് ഈ പ്രവർത്തനം അക്കാലത്ത് പരിഷത്ത് ഏറെറടുത്തത്. ഏറെ കഷ്ടപാടുണ്ടെങ്കിലും മാനസികാഹ്ലാദം നൽകുന്ന പരിപാടിയായിരുന്നുഅത്. പിലാക്കാട്ടിരി യൂണിറ്റ് നാഗലശ്ശേരി പഞ്ചായത്ത് തലത്തിലുള്ള വിജ്ഞാനോത്സവങ്ങൾക്കാണ് നേതൃത്വം നൽകിയത്. പെരിങ്ങോട് സ്കൂൾ അധ്യാപകനായ ശങ്കരൻ കുട്ടി മാഷും, വാവന്നൂരിലെ പൗരപ്രധാനിയായിരുന്ന വിശ്വേട്ടനും നല്ല പിന്തുണ ഈ പരിപാടിക്ക് നൽകിയിരുന്നു.

ഈ കാലഘട്ടത്തിലായിരുന്നു അനർട്ട് ഡയറക്ടറായിരുന്ന RVG മേനോന്റെ നേതൃത്വത്തിൽ ആനക്കരയിൽ നിന്നും മുതലമട വരെ നടത്തിയ ഗ്രാമ ജ്യോതി അടുപ്പു കാൽനടജാഥ നടത്തിയത് . ഇതിൽ കെ. രാമകൃഷ്ണൻ, വേണു, സുകുമാരൻ എന്നിവർ മുഴുനീള പങ്കാളികളായിരുന്നു.

സജീവ പ്രവർത്തകനായ കെ. രാമകൃഷ്ണൻ അടുപ്പു നിർമ്മാണത്തിന്റെ ഒറ്റപ്പാലം താലൂക്ക് ചുമതലക്കാരനായിരുന്നു. പിന്നീടാണ് വെമ്പലത്തു പാടം കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ ജില്ലാതല ചുമതലക്കാരനായത്. ഈ ജാഥക്ക് വാവനൂർ സ്കൂളിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം കൊടുക്കുകയുണ്ടായി.

യൂണിറ്റ് സെക്രട്ടറിയായിരുന്ന ഗോകുൽദാസ് ജോലി സംബന്ധമായി മുംബയിലേ ക്ക് പോയതിനു ശേഷം യൂണിറ്റിന്റെ പ്രവർത്തന കേന്ദ്രം വീണ്ടും പിലാക്കാട്ടിരിയിലേക്ക് മാറ്റേണ്ടിവന്നു.

സാക്ഷരതാ യജ്ഞം കേരളത്തിൽ നടപ്പാക്കിയ 1991 ൽ യൂണിറ്റ് കൂടുതൽ സജീവമായി. യൂണിറ്റിലെ പ്രവർത്തകർ നിരവധി സാക്ഷരതാ സായാഹ്നക്ലാസുകൾക്ക് നേതൃത്വം നൽകി. ഇതോടൊപ്പം നടന്ന പ്രചാരണ പരിപാടികളിൽ സജീവമായി ഇടപെട്ടു. തെരുവ് നാടകവും പരിഷത് ഗാനാലാപനവുമായി ധാരാളം പ്രവർത്തകർ നാഗലശ്ശേരി പഞ്ചായത്തിലും പുറമേയുമായി പങ്കെടുത്തു.

സംഘടനയ്ക്ക് പുറത്ത് ഇതര സംഘടനകളുമായി സഹകരിച്ച് കൊണ്ടുള്ള പ്രവർത്തനവും ഉണ്ടായി. കമ്പി തപാൽ ജീവനക്കാരുടെ പ്രസ്ഥാനമായ NFPTEയുടെ നാല് ജാഥകളിൽ ഒന്നായ എറവക്കാട് - ഒറ്റപ്പാലം ജാഥയിൽ ഉടനീളം സ്വീകരണകേന്ദ്രങ്ങളിൽ തെരുവുനാടകവും ചവിട്ടുകളിയും അവതരിപ്പിച്ചത് പിലാക്കാട്ടിരി യൂണിറ്റിലെ അംഗങ്ങളായ കലാകാരന്മാരായിരുന്നു. രാമകൃഷ്ണൻ കൊടലിൽ വേണുഗോപാലൻ , ശങ്കരൻ,സുകുമാരൻ തുടങ്ങി പത്തോളം കലാകാരന്മാർ ജാഥയിൽ പങ്കെടുത്തു അടുപ്പ് പ്രവർത്തനവും ക്യാമ്പും ഒരു പ്രധാന പ്രവർത്തന പരിപാടിയായിരുന്നു. വാവനൂർ കേന്ദ്രീകരിച്ച് അക്കാലത്ത് 101 അടുപ്പുകൾ വീടുകളിൽ സ്ഥാപിച്ചു. മേഖലയിലെ മറ്റ് യൂണിറ്റുകളിലെ അടുപ്പ് പ്രവർത്തകർക്ക് പ്രായോഗിക പരിശീലനം നൽകലും ഇതിന്റെ ലക്ഷ്യമായിരുന്നു.ബാലവേദിയും ഗ്രാമ പത്രവും സജീവമായിരുന്നു.വാവനൂർ സ്കൂൾ,പിലാക്കാട്ടിരി,തൊഴുക്കാട്, പെരിങ്ങോട്,കോതചിറ എന്നിവിടങ്ങളിൽ ബാലവേദികൾ പ്രവർത്തിച്ചിരുന്നു. മറ്റൊരു വിപുലമായ പരിപാടി ഓർമ്മയിൽ വരുന്നത് സംസ്ഥാന തലത്തിൽ തൃശ്ശൂരിൽ നടത്തിയ ബാലോത്സവം. പരിപാടിയുടെ ജില്ലാതല പരിശീലന പരിപാടി പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ഇതൊരു വേറിട്ട അനുഭവമായിരുന്നു. വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന പരിശീലനമായിരുന്നു. 8 മൂലകളിലായി ശാസ്ത്രം, കണക്ക്, നാടകം പാട്ട്, രചന തുടങ്ങി വിവിധ പരിപാടികൾ നടത്തി. മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബാലവേദി കൂട്ടുകാരും രക്ഷാധികാരികളും അടക്കം 150 ഓളം അംഗങ്ങൾ മൂന്നുദിവസമായി ക്യാമ്പ് ചെയ്തിരുന്നു. ഇവരുടെയെല്ലാം താമസവും ഭക്ഷണവും ഇവിടെ തന്നെയായിരുന്നു. പ്രവർത്തകരെല്ലാം (സംസ്ഥാനതലം മുതൽ ) ബെഞ്ചിലും ഡസ്കിലുമായിരുന്നു കിടന്നിരുന്നത്. വീടുകളിലും കടകളിലും പോയി ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ സംഭരിച്ച് സ്വയം തലയിലേറ്റി സ്കൂളിൽ എത്തിക്കുകയായിരുന്നു. സി. രവീന്ദ്രൻ മാസ്റ്റർ, കമലാക്ഷി ടീച്ചർ, ശാന്ത എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ക്ലാസ് മുറിയിൽ തന്നെ അടുപ്പുണ്ടാക്കി ഭക്ഷണം പാകം ചെയ്തിരുന്നത് ഒരു വേറിട്ട അനുഭവമായിരുന്നു. മലമൂത്രവിസർജനത്തിന് പ്രവർത്തകർ തന്നെ കുഴിയുണ്ടാക്കി, മറകെട്ടി സൗകര്യമൊരുക്കി. പരിപാടി കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയാക്കി മാധവവാരിയർമാസ്റ്റർ V.R ഭാസ്കരൻ , M ശിവശങ്കരൻമാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഘാടകസമിതി . സ്കൂളിലെ പി ശങ്കരൻകുട്ടി മാസ്റ്റർ അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന ജില്ലാ നേതൃത്വമടക്കം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. VKS ആണ് ക്യാമ്പിന് നേതൃത്വം നൽകിയിരുന്നത്. പ്രൊഫസർ വിശ്വനാഥൻ മാഷ് ഗോവിന്ദൻകുട്ടി മാസ്റ്റർ . A.രാമകൃഷ്ണൻ, കരീം, കേലു, മൂസ തുടങ്ങിയവർ ക്യാമ്പുമായി ബന്ധപ്പെട്ടിരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2021-22

നാഗലശ്ശേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം 8 -11-2021 ന് 7 pm മുതൽ 8.30 pm വരെ ഗൂഗിൾ മീറ്റിൽ  ചേർന്നു. 24 പേർ പങ്കെടുത്ത യോഗത്തിൽ എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായി.

സംഘാടക സമിതി യോഗത്തിന് ബീന പി.ബി. സ്വാഗതം പറഞ്ഞു. ശ്രീ.വി. ഗംഗാധരന്റെ അധ്യക്ഷത യിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.എം. രാജൻ ആശംസ നേർന്നു. വിജ്ഞാനോത്സവത്തിന്റെ ലക്ഷ്യം. ഉള്ളടക്കം , സംഘാടനം , ചുമതലകൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ ഡോ. കെ.രാമചന്ദ്രൻ  വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.

15 നു മാത്രമേ  ഒമ്പതാം ക്ലാസിലെ കുട്ടികളെ നേരിൽ കാണാനാവു  അതിനാൽ രജിസ്ട്രേഷൻ തിയ്യതി 15 ൽ നിന്നും അല്പം നീട്ടണം. കഴിഞ്ഞ വർഷം രണ്ടാം ഘട്ടം വേണ്ടത്ര ഫലപ്രദമായില്ല. ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കണം. എന്നീ നിർദ്ദേശങ്ങളുണ്ടായി. മെന്റർ മാർ , രക്ഷിതാക്കൾ എന്നിവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു.

ഭാരവാഹികൾ
  • ചെയർമാൻ - വി.വി. ബാലചന്ദ്രൻ ( നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്)
  • വൈസ് ചെയർമാൻമാർ - ഷാബിറ -(വൈസ് പ്രസിഡൻറ് : നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്), എ.എം. രാജൻ (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ), വി.ശ്രീകല (HM പെരിങ്ങോട്), ജയശ്രീ- (HM നാഗലശ്ശേരി)
  • കൺവീനർ - മോഹനൻ മാഷ് (HM ALPS പെരിങ്ങോട്)
  • ജോ കൺവീനർമാർ - രാജീവ് . ടി., ബീന.PB, ശ്രീകുമാർ
  • അക്കാദമിക സമതി - വി. ഗംഗാധരൻ, പി മോഹനൻ, കെ. പരമേശ്വരൻ, ടി.രാജീവ്, ഡോ .കെ . രാമചന്ദ്രൻ
"https://wiki.kssp.in/index.php?title=പിലാക്കാട്ടിരി&oldid=9748" എന്ന താളിൽനിന്ന് ശേഖരിച്ചത്