പുന്നപ്ര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
പ്രമാണം:Punnapra vayalar.jpg
പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകം

ജന്മിമാർക്ക് എതിരേ കർഷക കുടിയാന്മാരും കയർ ഫാക്ടറികളിൽ ചൂഷണം നേരിട്ട തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം നാട്ടുരാജ്യ സ്ഥാപനത്തിനെതിരായുള്ള രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.[1] നിരവധി തർക്കങ്ങൾക്കു ശേഷം 1990-കളിൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.[2]

സമര പശ്ചാത്തലം

ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന കർഷകർ ജന്മിമാരുടെ ചൂഷണത്തിനു ഇരകളായിരുന്നു. ജന്മിമാർക്ക് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അണിനിരന്നു. സന്നദ്ധസേവക കാമ്പുകൾ രൂപവത്കരിച്ച് തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു.

തിരുവിതാംകൂറിന്റെ സാമൂഹികാവസ്ഥ

നൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി ഹിന്ദുക്കളുടെയും, സിറിയൻ കൃസ്ത്യാനികളുടെയും കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി.[3] തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തോടെ തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, യൂറോപ്പിലേയും അമേരിക്കയിലേയും ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്തി ലീഗിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനായി ഇറങ്ങി. ഇതോടെ ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി.[4] 1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, ഇന്ത്യയിലെ മറ്റ് മേഖകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി.

വെടിവെയ്പ്പ്

1946 ഒക്ടോബർ 20 ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 27 ആവശ്യങ്ങളുള്ള ഒരു പത്രിക സർക്കാരിനു സമർപ്പിച്ചു. ദിവാനെ മാറ്റി ഉത്തരാവദ ഭരണം നടപ്പിലാക്കുക എന്നതായിരുന്നു മുഖ്യമായ ആവശ്യങ്ങളിലൊന്ന്. ഒക്ടോബർ 22-നു് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് ഒരു രാജ്യവ്യാപക പണിമുടക്കു പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ പട്ടണത്തിൽ തൊഴിലാളികളുടെ ഒരു ഗംഭീരപ്രകടനം നടന്നു. ആ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വ്യവസായശാലകളെല്ലാം അടച്ചിട്ടു. രാജാവിന്റെ ജന്മദിന ദിവസമായ 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കള്ളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. ആയുധധാരികളായ ജനക്കൂട്ടം പുന്നപ്രക്കു സമീപം പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും മരിച്ചു. പോലീസ് തിരികെ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 25 ന് ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.

പുന്നപ്രയിൽ നടന്ന ഈ ആക്രമണങ്ങൾ 1946 ഒക്ടോബർ 24-(കൊല്ലവർഷം 1122 തുലാം 7) നു ആയിരുന്നു.

"https://wiki.kssp.in/index.php?title=പുന്നപ്ര&oldid=5933" എന്ന താളിൽനിന്ന് ശേഖരിച്ചത്