പൊതുവിദ്യാഭ്യാസത്തെശക്തിപ്പെടുത്തുക, സ്വാശ്രയകച്ചവട ശക്തികൾക്കെതിരെ പോരാടുക
ആധുനിക സമൂഹവികാസത്തിന്റെ അവിഭാജ്യമായ ഘടകമാണ് വിദ്യാഭ്യാസം. സാക്ഷരത, പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ച, ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളുടെ വളർച്ച എന്നിവയിൽ അഭിമാനകരമായ നേട്ടങ്ങളാണ് കേരളത്തിനുള്ളത്. സാമൂഹിക വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേരളം മുന്നേറുമ്പോൾ വിദ്യാഭ്യാസത്തിന്റെ പങ്ക് എന്തായിരിക്കണമെന്ന് സുപ്രധാനതീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തിൽ കേരളം എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കരുതുന്നു. പ്രൈമറിതലത്തിൽ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം കേരളത്തിൽ നിലവിൽ വന്നിട്ടുണ്ട്. സെക്കണ്ടറിതലത്തിലും ഇന്ന് സാർവത്രികതലത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. സാർവത്രികമായ ബഹുജന വിദ്യാഭ്യാസത്തെ അന്താരാഷ്ട്രതലത്തിലുള്ള ഗുണനിലവാരത്തിലേക്കെത്തിക്കുകയും ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നരീതിയിൽ പഠനവിഷയങ്ങളിലും സാങ്കേതിക മേഖലകളിലും സമഗ്രമായശേഷികളും നൈപുണ്യങ്ങളും വളർത്തുന്നവിധത്തിൽ വൈവിധ്യപൂർണമായ പാഠ്യപദ്ധ്യതി രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ പൊതുവിദ്യാഭ്യാസമേഖലയിലെ ആവശ്യമാണെന്ന് പരിഷത്ത് കരുത്തുന്നു. അതിനോടൊപ്പം അന്താരാഷ്ട്രഗുണനിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസത്തെ എത്തിക്കുന്നതും ഇന്നത്തെ ആവശ്യമാണ്. കേരളത്തിലെ അഭ്യസ്തവിദ്യ സമൂഹത്തിന്റെ അടുത്തതലമുറക്ക് സമഗ്രവും സമ്പൂർണവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നൽകുന്നത് സാമൂഹ്യബോധവും കാര്യപ്രാപ്തിയുമുള്ള സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. കഴിഞ്ഞ ഒരു ദശകക്കാലത്തിലേറെയായി ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് നിരവധി വിദ്യാഭ്യാസപരിഷ്ക്കാര പദ്ധതികൾ കേരളം ആവിഷ്ക്കരിച്ചിരുന്നു. കേരളം നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതി, ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ വളർച്ച, എല്ലാ സർവകലാശാലകളിലും നടപ്പിലാക്കിയ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം, ക്ലസ്റ്റർ ഓഫ് കോളേജ്സ് സംവിധാനം തുടങ്ങിയവ അവയിൽപെടും. കേരളത്തിൽ നടപ്പിലാക്കിയ സമഗ്രവും പ്രക്രിയാധിഷ്ഠിതവും അനുഭവാധിഷ്ഠിതവും പഠിതാവിനെ കേന്ദ്രീകരിക്കുന്നതുമായ പാഠ്യപദ്ധ്യതിയും സമഗ്രവും തുടർച്ചയായതുമായ മൂല്യനിർണയവും ഇന്ത്യയാകെ മാതൃകയായി വളർന്നു വന്നു. യുനെസ്കോ അംഗീകരിച്ചതും എൻ.സി.ഇ.ആർ.ടി യുടെ രേഖകളിൽ പ്രത്യക്ഷപ്പെട്ടതുമായ നാലു പഠന ലക്ഷ്യങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവന്നതും വിമർശനാത്മക ബോധനം, പ്രശ്നാധിഷ്ഠിത സമീപനം തുടങ്ങിയ ആധുനിക ബോധനരൂപങ്ങൾ ഉപയോഗിച്ചതും കേരളത്തിലാണ്. വിദ്യാഭ്യാസത്തിന്റെ ഭൗതികസൗകര്യങ്ങൾ പ്രത്യേകിച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർത്തിയെടുക്കാനും അതുവഴി ഏറ്റവും ദരിദ്രവിഭാഗങ്ങളിൽ പോലും വിദ്യാഭ്യാസമെത്തിക്കാനും സാധിച്ചു. എസ്. എസ്.എൽ.സി പരിക്ഷയിൽ അടുത്ത വർഷങ്ങളിൽ തുടർച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന ഉയർന്ന വിജയശതമാനവും വിവിധ മേഖലകളിലേക്കുള്ള പ്രവേശനപരീക്ഷകളടക്കം മലയാളി വിദ്യാർത്ഥികൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഉയർന്ന നേട്ടങ്ങളും ഈ മാറ്റങ്ങളുടെ സ്വാധീനത്തെ കാണിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണപരമായ വളർച്ചക്കുള്ള അടിത്തറയൊരുക്കുന്ന മറ്റു പദ്ധതികളും നടപ്പിൽ വരികയാണ്. കേന്ദ്രഗവൺമെന്റ് പാസാക്കിയ വിദ്യാഭ്യാസാവകാശനിയമത്തിൽ ഇപ്പോൾ കേരളത്തിൽ നടപ്പാക്കി വരുന്ന പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളുടെ ചുവടുപിടിച്ചുകൊണ്ടുള്ള നിരവധി ഘടകങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഭരണനിർവഹണത്തിന്റെ വികേന്ദ്രീകരണവും സ്കൂൾ മാനേജ്മെന്റ് സമിതികളിലൂടെയുള്ള രക്ഷാകർത്താക്കളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തവും, പഞ്ചായത്തുകൾക്ക് പ്രൈമറിവിദ്യാഭ്യാസത്തിലുള്ള നിർണയകാധികാരങ്ങളും ഉറപ്പുരുത്തുന്ന വകുപ്പുകൾ, അധ്യാപക വിദ്യാർത്ഥി അനുപാതത്തിലുള്ള മാറ്റങ്ങൾ, ഭൗതികസൗകര്യങ്ങളിലെ മാറ്റങ്ങൾ, സാമൂഹ്യനീതിയുടെ സങ്കല്പം തുടങ്ങി നിരവധി പുരോഗമനപരമായ വശങ്ങൾ പുതിയ വിദ്യാഭ്യാസ നിയമത്തിലുണ്ട്. ഇവയിൽ പലതും കേരളത്തിൽ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. നിലവിലുള്ള കേരള വിദ്യാഭ്യാസനിയമത്തിലും ചട്ടങ്ങളിലും മാറ്റം വരുത്തിക്കൊണ്ട് ശേഷമുള്ളവ നടപ്പിലാക്കാവുന്നതേ ഉള്ളൂ. അതുപോലെ സെക്കണ്ടറിതലത്തിലെ സമഗ്രപരിഷ്ക്കാരങ്ങളും ചർച്ചയിലുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തിലെ സമഗ്രപരിഷ്കാരത്തിന്റെ ഭാഗമായി ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായവും കോളേജ് ക്ലസ്റ്ററുകളും നർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സർവകലാശാലാ ക്ലസ്റ്ററുകളെക്കുറിച്ചും ചർച്ച നടക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഗുണനിലവാരത്തിലുമുള്ള വളർച്ചക്ക് ഈ നിർദ്ദേശങ്ങളിൽ പലതും സഹായകരമാകും. വിദ്യാഭ്യാസരംഗത്തെ പുരോഗമനവശങ്ങളെ മുഴുവനും അട്ടിമറിക്കുന്നരീതിയിൽ വിദ്യാഭ്യാസ കമ്പോള ശക്തികളും ജാതിമതസമുദായശക്തികളും വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കുകയാണ്. ഒരുകാലത്ത് പൊതുവിദ്യാഭ്യാസരംഗത്ത് ജനപിന്തുണയോടെ പ്രവർത്തിച്ചിരുന്ന സാമുദായികശക്തികൾ ഇന്ന് സ്വാശ്രയകോളേജുകളിലൂടെയും അൺഎയ്ഡഡ് സ്കൂളുകളിലൂടെയും വിദ്യാഭ്യാസകച്ചവടത്തിന് നേതൃത്വം നൽകുകയാണ്. അവരെ പിന്തുടർന്ന് വാണിജ്യ വിദ്യാഭ്യാസശക്തികളും പൊതുവിദ്യാഭ്യാസത്തെ അട്ടിമറിക്കുന്നതിന് സമുദായത്തിന്റെ ചിഹ്നങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനിയന്ത്രണം നടപ്പിലാക്കുന്നതിനായി കേരളസർക്കാർ കൊണ്ടുവന്ന സ്വാശ്രയവിദ്യാഭ്യാസനിയമത്തെ അട്ടിമറിച്ചത് സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളും സാമുദായികശക്തികളും അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷരാഷ്ട്രീയക്കാരും ഒന്നു ചേർന്നാണ്. അവരെല്ലാവരും ചേർന്ന് സ്വാശ്രയനിയമം മുന്നോട്ടുവെച്ച സംവരണത്തിന്റെയും സാമൂഹ്യനീതിയുടെയും സങ്കല്പങ്ങളിൽ വെള്ളം ചേർത്തുഎന്നുമാത്രമല്ല, പ്രൊഫഷണൽ വിദ്യാഭ്യാസത്തെ മുഴുവൻ ബീഭത്സമായ വിലപേശലിന്റെയും കച്ചവടത്തിന്റെയും കേളീരംഗമാക്കുകയും ചെയ്തു. സ്വന്തം കുട്ടികളെ സംബന്ധിച്ച് രക്ഷിതാക്കൾ നെയ്യുന്ന സ്വപ്നങ്ങളെവെച്ച് വിലപേശാൻ ഒരു നാണവുമില്ലാത്ത വിദ്യാഭ്യാസക്കച്ചവടക്കാർ ഇന്ന് വിദ്യാഭ്യാസത്തെ നിയന്ത്രിക്കാൻ തുടങ്ങിയതും ഈ സാഹചര്യങ്ങളിലാണ്. ഇന്ന് ഇത്തരക്കാരെ സർവകലാശാലകളുടെ ഭരണമേൽപിക്കാനായി സർവകലാശാലാനിയമത്തിൽ അഴിച്ചുപണി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. വിദ്യാഭ്യാസാവകശ നിയമത്തിൽ പോലും ഇവർ കയ്യേറുകയും അൺഎയിഡഡ് സ്കൂളുകളിൽ സംവരണം നൽകണമോ വേണ്ടയോ എന്നും ന്യൂനപക്ഷസ്കൂളുകളിൽ സ്കൂൾമാനേജ്മെന്റ് സമിതികൾ വേണമോ എന്നുമുള്ള പ്രശ്നമാക്കി നിയമത്തെക്കുറിച്ചുള്ള ചർച്ച ചുരുക്കിക്കൊണ്ടുവരാൻ അവർക്കു സാധിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ വികാസത്തിന്റെ അടുത്തഘട്ടത്തെക്കുറിച്ചുള്ള ചർച്ച മുഴുവനും സ്വാശ്രയകോളേജുകളുടെയും സാമുദായിക മാനേജ്മെന്റുകളുടെയും അവകാശത്തെക്കുറിച്ചുള്ള ചർച്ചയാക്കിമാറ്റാൻ അവർക്കുസാധിക്കുന്നു. വാണിജ്യശക്തികൾക്ക് വിദ്യാഭ്യാസത്തിന്റെ മേലുള്ള ആധിപത്യത്തെ സഹായിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്രഗവൺമെന്റ് പരസ്യമായി തന്നെ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശസർവകലാശാലകളെ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികളെടുക്കുന്നു. സെക്കണ്ടറിതലത്തിൽ സ്വകാര്യവൽക്കരണം വ്യാപകമാക്കാനും നിർദേശങ്ങളുണ്ട്. വാണിജ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നവിധത്തിൽ ഫൈനാൻസിങ്ങിനെ ക്രമീകരിക്കുകയും ഭരണനിർവഹണത്തെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വാണിജ്യരൂപങ്ങളെയും വിദ്യാഭ്യാസവും വ്യവസായശക്തികളും തമ്മിലുള്ള ബന്ധത്തെയും ശക്തിപ്പെടുത്തുന്നവിധത്തിൽ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന് തീരുമാനങ്ങളെടുക്കുന്നു. സാർവത്രിക സ്കൂൾ വിദ്യാഭ്യാസം യാഥാർത്ഥ്യമായ കേരളത്തിൽ സംസ്ഥാനസർക്കാർ തലങ്ങും വിലങ്ങും അൺഎയിഡഡ് സ്കൂളുകൾക്ക് എൻ. ഒ. സി നൽകുന്നു. എൻ. സി. ഇ. ആർ. ടി യും എസ്. സി. ഇ. ആർ. ടി യും സീമാറ്റും അടക്കമുള്ള കേന്ദ്രസ്ഥാപനങ്ങളെയും കേരളത്തിനകത്തും പുറത്തുമുള്ള സമർത്ഥരായ അധ്യാപകരെയും പരിഹസിക്കുന്നവിധത്തിൽ ടാറ്റാകൺസൽട്ടൻസിക്ക് അധ്യാപകപരിശീലത്തിനുള്ള കോൺട്രാക്ട് നൽകുന്നു. കേരളം വർഷങ്ങളായി വളർത്തിക്കൊണ്ടുവരുന്ന പാഠ്യപദ്ധതിയെ തൃണവൽക്കരിച്ച് സി.ബി.എസ.് ഇ സിലബസ് അതേപടി കേരളത്തിൽ നടപ്പിലാക്കാനും ചർച്ചകൾ നടക്കുന്നു. മാതൃഭാഷാവിദ്യാഭ്യാസവും സാംസ്കാരിക വിദ്യാഭ്യാസവും പുറന്തള്ളപ്പെടുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു നേരെ നടക്കുന്ന രൂക്ഷമായ ആക്രണണത്തിനെതിരെ പുരോഗമനജനാധിപത്യശക്തികളുടെ പ്രതിരോധം തീരെ ദുർബലമാണ്. സ്വാശ്രയവിദ്യാഭ്യാസ നിയമത്തെ വലതുപക്ഷശക്തികളും വിദ്യാഭ്യാസക്കച്ചവടക്കാരും സംഘടിതമായി ചേർന്ന് പരാജയപ്പെടുത്തിയതിനുശേഷം പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിൽ സക്രിയമായ നടപടികൾ കൈക്കൊള്ളുന്നതിലും അവർ ശ്രദ്ധചെലുത്തിയിട്ടില്ല. 2005ലെ കേന്ദ്രകരിക്കുലം ചട്ടക്കൂടിന്റെ ചുവട്പറ്റി 2007-ൽ കേരളത്തിൽ ഒരു കരിക്കുലം. ചട്ടക്കൂടുണ്ടാക്കിയെങ്കിലും അതിനെ സക്രിയമായി നടപ്പിലാക്കുന്നതിനുള്ള കർമ്മപരിപാടി ഉണ്ടായില്ല. അക്കാലത്ത് നിലവിൽ വന്ന പാഠപുസ്തകങ്ങളെച്ചൊല്ലി വിവാദമുണ്ടായപ്പോൾ ഡോ. കെ. എൻ പണിക്കരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ടെക്സ്റ്റ് ബുക്ക് കമ്മീഷൻ എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. അതിനെക്കുറിച്ചും നടപടി ഉണ്ടായില്ല. കേരള വിദ്യാഭ്യാസനിയമം സമഗ്രമായി പരിഷ്ക്കരിക്കുന്നതിന് സി.പി. നായർ കമ്മറ്റി നിർദ്ദേശങ്ങൾ സമർപ്പിച്ചുവെങ്കിലും അതിനെക്കുറിച്ചും ഒരുനടപടിയുമുണ്ടായില്ല. വിദ്യാഭ്യാസാവകാശ നിയമം പാസായതിനുശേഷം അതുനടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ ഒന്നിലധികം കമ്മറ്റികളെ നിയോഗിച്ചു. അവ സമർപ്പിച്ച റിപ്പോർട്ടുകളിലൊന്നിലും നടപടിയുണ്ടായില്ല. വിദ്യാഭ്യാസ അവകാശനിയമത്തെ നിലവിലുള്ള പാഠ്യപദ്ധതി സമീപനവും കേരളവിദ്യാഭ്യാസ നിയമത്തിന്റെ ചട്ടക്കൂടുമായി പൊരുത്തപ്പെടുത്തി വ്യക്തമായ സമീപനം രൂപീകരിക്കാനുള്ള സാധ്യതകളുമേറെയായിരുന്നു. കേരളത്തിന്റെ സാഹചര്യങ്ങളിൽ 1-7 വരെയുള്ള ക്ലാസുകൾ പ്രൈമറി തലത്തിൽ നിർത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസനിയമം നടപ്പിലാക്കാനും സാധിക്കുമായിരുന്നു. നിയമത്തിലെ വ്യവസ്ഥകളുപയോഗിച്ചുകൊണ്ടു ഗുണമേന്മ വളർത്താനുള്ള ക്രിയാത്മകനടപടികൾക്കും സാധ്യതയുണ്ടായിരുന്നു. അതൊന്നും നടപ്പിലായില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നിയോഗിച്ച നിരവധി കമ്മറ്റികൾ വിദ്യാഭ്യാസനയം, കോളേജ് ക്ലാസ്റ്ററുകൾ, കരിക്കുലം, മൂല്യനിർണയം മുതലായ വിഷയങ്ങളിൽ രേഖകളും നിർദ്ദേശങ്ങളും സമർപ്പിക്കുകയുണ്ടായി. അവയിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായം നടപ്പിലായിയെങ്കിലും അവയുടെ നിർദ്ദേശങ്ങൾ സർവകാലാശാലകളുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കപ്പെട്ടു. പലയിടങ്ങളിലും സെമസ്റ്റർ സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കുന്നവിധത്തിൽ അധ്യാപകരുടെയോ അനധ്യാപക ജീവിനക്കാരുടെയോ സമീപനത്തിൽ മാറ്റങ്ങളുണ്ടായില്ല. ജീവനക്കാരുടെ താല്പര്യങ്ങൾ സേവനവേതനവ്യവസ്ഥകൾക്കപ്പുറം പോകുന്ന അവസരങ്ങൾ ഉണ്ടായില്ല. ഏറ്റവുമവസാനമായി, ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നിർദ്ദേശങ്ങൾ അതിന്റെ പുതിയ ഭാരവാഹികൾ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണിപ്പോൾ. വിദ്യാഭ്യാസാവകാശനിയമത്തെ അഞ്ചാം ക്ലാസിനെയും എട്ടാംക്ലാസിനെയും പ്രൈമറിതലത്തിലേക്കുമാറ്റുകയും 1:30 അനുപാതത്തിൽ അധ്യാപകരെ വിന്യസിക്കുകയും ചെയ്യാനുള്ള നിർവഹണ പ്രശ്നമായി കാണുകയും അതിന്റെ അക്കാദമിക്തലവും ജനാധിപത്യതലവും മുഴുവൻ ചോർത്തിക്കളയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. അവക്കെതിരെയും ദുർബലമായ പ്രതികരണം മാത്രമാണുള്ളത്. സ്വാശ്രയമാനേജ്മെന്റുകളുമായി സന്ധിചെയ്യുന്നതിനുള്ള താല്പര്യങ്ങളും കാണാൻ കഴിയും. ഈ ദൗർബല്യവും മുട്ടുവിറച്ചുകൊണ്ടുള്ള പ്രതികരണ രീതികളും സ്വാശ്രയമാനേജ്മെന്റുകളെയും വലതുപക്ഷശക്തികളെയും പൊതുവിദ്യാഭ്യാസത്തിന്റെ അന്ത്യകൂദാശനടത്താനുള്ള നീക്കത്തിൽ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഈ സാഹചര്യങ്ങളിൽ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയും സാമൂഹ്യനീതിയും അന്താരാഷ്ട്രതലത്തിലുള്ള ഗുണനിലവാരവും ഉറപ്പുവരുത്തുന്നവിധത്തിൽ അതിനെ സ്കൂൾതലത്തിലും ഉന്നതവിദ്യാഭ്യാസതലത്തിലും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സക്രിയവും ലക്ഷ്യബോധത്തോടെയുമുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിൽ ശാസ്ത്രീയവും ജനാധിപത്യപരവും ഗുണനിലവാരത്തിലൂന്നിയതുമായ വിദ്യാഭ്യാസം വേണമെന്ന് ചിന്തിക്കുന്ന എല്ലാ സംഘടനകളോടും വ്യക്തികളോടും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അതിനുള്ള പൊതുകർമ്മ പരിപാടിയായി താഴെപറയുന്നവ അംഗീകരിക്കാം. 1. 0-6 വയസ്സുവരെ ശിശുവിന്റെ സർവതോമുഖവും സമഗ്രവുമായ വളർച്ചയ്ക്കാവശ്യമായ ശിശുപരിപാലന സംവിധാനങ്ങൾ ഉറപ്പുവരുത്തുക. 4-6 വരെ ക്ലാസുകളിൽ ശിശുവിഹാരരൂപത്തിലുള്ള പ്രി-സ്കൂൾ പദ്ധതി സർക്കാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുക. 2. മാതൃഭാഷാബോധനം, ചുറ്റുപാടുകളെയും സമൂഹത്തെയും കുറിച്ചുളള സമഗ്രപരിജ്ഞാനം, പ്രക്രിയാധിഷ്ഠിതവും ശിശുകേന്ദ്രീകൃതവുമായ ബോധനരൂപങ്ങൾ, സമഗ്രവും നിരന്തരവുമായ മൂല്യനിർണയം, ശാരീരികവും സർഗാത്മകവുമായ പ്രവർത്തനങ്ങളുടെ വളർച്ച തുടങ്ങിയവ എല്ലാകുട്ടികൾക്കും ഉറപ്പുവരുത്തുന്നവിധത്തിൽ സമഗ്രവും ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതി പ്രൈമറിതലത്തിൽ നടപ്പിലാക്കുക. അതിന്റെ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നവിധത്തിൽ ഭൗതികസൗകര്യങ്ങൾ, അധ്യാപക വിദ്യാർത്ഥി അനുപാതം, അധ്യാപക പരിശീലനം, സ്കൂളുകളുടെ ഘടന തുടങ്ങിയവ ക്രമീകരിക്കുക. കേന്ദ്രവിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾ യാന്ത്രികമായി നടപ്പിലാക്കാതെ മേൽപറഞ്ഞ ലക്ഷ്യങ്ങളെ മുൻനിർത്തി നടപ്പിലാക്കുക. പുതിയ സ്കൂളുകൾ തുടങ്ങുന്നതിനു പകരം നിലവിലുള്ള സ്കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് മുൻകൈഎടുക്കുക. അധ്യാപകപരിശീലനം അഖിലേന്ത്യാതലത്തിലുള്ള വിദഗ്ധരുടെ സഹായത്തോടെ ക്രമീകരിക്കുകയും ടി.സി.എസ്, അസീംപ്രേംജി ഫൗണ്ടേഷൻ തുടങ്ങിയ സ്വകാര്യകൺസൽറ്റന്റുകളെ ഈ മേഖലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക. നിലവിലുള്ള ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകൾ തമ്മിലുള്ള സമവായം കേരളവിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായി നടന്നുവരികയാണ്. അതിനെ അട്ടിമറിച്ച് സ്കൂളുകളെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കുക. 3. 12-ാംക്ലാസുവരെ സമഗ്രമായ സെക്കണ്ടറി വിദ്യാഭ്യാസം നടപ്പിലാക്കുകയും 12-ാംക്ലാസ് പരീക്ഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയും 10-ാംക്ലാസ് പരീക്ഷ സമഗ്രഅഭിരുചി നിർണയപരീക്ഷയായി പുന: ക്രമീകരിക്കുകയും ചെയ്യുക സെക്കണ്ടറിതലത്തിലുള്ള കെ സി എഫ് 2007 ലെ നിർദേശങ്ങൾ നടപ്പിലാക്കുക. 1 മുതൽ 12 വരെയുള്ള വിദ്യാഭ്യാസഘടനയിൽ കെ. ഇ. ആർ റിവ്യുകമ്മറ്റിറിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുക. 4. സെക്കണ്ടറി വിദ്യാഭ്യാസത്തിൽ തൊഴിൽ നൈപുണിയുടെ ഘടകം ഉൾപ്പെടുത്തുക. ടി എച്ച് എസ് ഇ വൊക്കേഷണൽഹയർ സെക്കണ്ടറിസ്കൂളുകൾ മറ്റു സെക്കണ്ടറി സ്കൂളുകളുമായി ലയിപ്പിക്കുകയും എല്ലാകുട്ടികൾക്കും വൈവിധ്യമാർന്ന തൊഴിലുകളിൽ പരിശീലനം ലഭിക്കുന്ന വിധത്തിലുള്ള ഘടകങ്ങൾ കരിക്കുലത്തിൽ ഉൾപെടുത്തുകയും ചെയ്യുക. 5. ഉന്നതവിദ്യാഭ്യാസത്തിൽ ക്രെഡിറ്റ് സെമസ്റ്റർ സമ്പ്രദായവും സമഗ്രവും തുടർച്ചയായതുമായ മൂല്യനിർണയവും ഗ്രേഡിങ്ങും കുറ്റമറ്റനിലയിൽ നടപ്പിലാക്കുക. എല്ലാ ജില്ലകളിലും കോളേജ് ക്ലസ്റ്ററുകൾ രൂപീകരിക്കുകയും അന്തിമ പരീക്ഷനടത്തിപ്പും മൂല്യനിർണയവും ക്ലസ്റ്ററുകളുടെ കീഴിൽ കൊണ്ടുവരികയും ചെയ്യുക. കോഴ്സുകളിലെ ആന്തരികമൂല്യനിർണയാനുപാതം വർദ്ധിപ്പിക്കുക. ബോധനമൂല്യനിർണയരൂപങ്ങൾ ശാസ്ത്രീയവും സുതാര്യമാക്കുക. അന്താരാഷ്ട്രനിലവാരമുള്ള കരിക്കുലം സിലബസും അന്തർവിഷയാത്മക കോഴ്സുകളും നടപ്പിലാക്കുക. കോളേജ് ക്ലസ്റ്ററുകളിൽ കേന്ദ്ര സംസ്ഥാന ഗവേഷണസ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തേണ്ടതാണ്. ഈ സ്ഥാപനങ്ങളിലെ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളും പ്രയോജനപ്പെടുത്താനും ഗവേഷണത്തിനായി അക്കാദമിക് ബന്ധം സ്ഥാപിക്കാനും ഇതുവഴി കഴിഞ്ഞു. കുട്ടികളിൽ ഗവേഷണ താത്പര്യം വളർത്താൻ സഹായകരമാവുകയും ചെയ്യും. 6. സ്വാശ്രയ കോളേജുകൾ നടത്തുന്ന പകൽക്കൊള്ള കർശനമായി നിയന്ത്രിക്കുക. ഉന്നതവിദ്യാഭ്യാസരംഗത്തെ കഴിഞ്ഞ ദശകങ്ങളിലെ പ്രവർത്തനം വൻതോതിലുള്ള നിലവാരത്തകർച്ച സൃഷ്ടിച്ചിരിക്കുന്നതായി ലഭ്യമായ എല്ലാ വിവരങ്ങളും കാണിക്കുന്നു. അതിനെക്കുറിച്ച് പഠിക്കാനുള്ള ഒരു ഉന്നതാധികാര കമ്മീഷൻ ഗവണ്മെന്റ് രൂപീകരിക്കണം. സ്വാശ്രയ കോളേജുകളുടെ അക്കാദമിക് മോണിട്ടറിംഗ് ഉറപ്പുവരുത്തുന്നവിധം സർവകലാശാലകളെ ശക്തിപ്പെടുത്തുക. സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാധാരണ കോളേജുകൾക്കു സമാനമായ സേവനവേതന വ്യവസ്ഥകളും ജനാധിപത്യപരമായ അവകാശങ്ങളും ഉറപ്പുവരുത്തുക. 7. സർവകലാശാലകളിൽ നീതിയുക്തവും അക്കാദമിക് ഗുണനിലവാരത്തിലൂന്നതും കക്ഷിരാഷ്ട്രീയ- വിഭാഗീയതാല്പര്യങ്ങൾക്ക് അതീതവുമായ ജനാധിപത്യഭരണസംവിധാനം ഉറപ്പു വരുത്തുക. കച്ചവടമാനേജ്മെന്റുകളെയും അവരുടെ ദല്ലാളുകളെയും നിലയ്ക്കുനിർത്തുകയും മാറിവരുന്ന ഗവൺമെന്റുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസനയം മാറ്റുന്ന ഏർപാട് അവസാനിപ്പിക്കുകയും ചെയ്യും. വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സമൂഹത്തിന് മേൽകൈ നൽകുക. 8. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലൂന്നുന്നതും അവയെ ശക്തിപ്പെടുത്തുന്നതുമായ കർമ്മപരിപാടി പുരോഗമനശക്തികൾ വിപുലമായ ചർച്ചകളിലൂടെ തീരുമാനിക്കുകയും അവ നടപ്പിലാക്കാനുള്ള ആർജവം പ്രദർശിപ്പിക്കുകയും ചെയ്യുക.