പൊരുതിനിന്ന പടനിലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൊരുതിനിന്ന പടനിലം

എം.എം.സചീന്ദ്രൻ (45-ാം സംസ്ഥാന വാർഷികത്തിന്റെ ആമുഖഗാനം)


ചലനമാണ് ജീവിതം

ജയപരാജയങ്ങളും

ചലനമാണ് സത്യവും

ശാസ്ത്രവും ചരിത്രവും

ചലനമാണ് സഹനവും

കാലവും കലാപവും

വിശ്വമാനവൻ രചിച്ച

വിപ്ലവങ്ങളൊക്കെയും.

ഒരിക്കൽവെച്ച ചുവടിൽനിന്ന്

മുമ്പിലാണടുത്തത്.

മുകളിലാണ്, നന്മയോ-

ടടുത്തതാണടുത്തത്.

ജനിച്ചതെന്തുകൊണ്ട്, നാം

മരിച്ചുപോണതെന്തുകൊണ്ട്?

ദുരിത, രോഗപീഡകൾ

ദുഷിച്ച നീതിയെന്തുകൊണ്ട്?

വെളിച്ചമെന്തുകൊണ്ട്? വീണ്ടു-

മെന്തുകൊണ്ട് കൂരിരുട്ട്?

എന്തുകൊണ്ട് പട്ടിണി

ചിലർക്ക് പട്ടുമെത്തകൾ?

അനന്തമായ ചോദ്യമായ്

എതിർത്ത് പൊന്തിവന്നവർ

തീക്കനലിൽ വെന്തുചോന്നു

മൂർച്ചയായ തിളങ്ങിയോർ

കടുത്ത പാതകൾ തെളിച്ചു

പന്തമായ് ജ്വലിച്ചവർ

മനുഷ്യമോചനം നമുക്ക്

ലക്ഷ്യമായ് കുറിച്ചവർ.

എത്രയെത്ര മൂർച്ചയാൽ

മുറിഞ്ഞ് ചോരവീണിടാം

വിധിക്ക് കീഴ്‌പ്പെടാതെ നമ്മൾ

പൊരുതിനിന്ന പടനിലം.

ആരെ നാം ഭയക്കണം

ചെറുത്തുനിന്ന് പൊരുതുവാൻ?

ആര് കൺതുറിച്ച് നമ്മെ

അതിരുകെട്ടി നിർത്തുവാൻ?

പരസ്പരം കടിച്ചുകീറി

മത്സരിച്ചു കൊന്നുതിന്നു

പഴയ വാല് പിന്നെയും

മുളച്ചുവന്ന ചിന്തകൾ,

വെളിച്ചവും നിറങ്ങളും

ഉദിച്ച വിസ്മയങ്ങളും

പണക്കൊഴുപ്പുമായ് ചിരിച്ച്

വഴിതടഞ്ഞുനിൽക്കിലും

മറക്കയില്ല നമ്മളാ

മഹച്ചരിത്രഗാഥകൾ.

മറക്കയില്ല, പങ്കുവെ-

ച്ചെടുക്കുവാൻ പഠിച്ചതും.

ശാസ്ത്രമാണ് ശക്തി, വിളവ്

പങ്കുവെച്ചെടുത്തു മണ്ണി-

ലൊത്തുചേർന്ന പൊറുതിയാണ്

മർത്ത്യസംസ്‌കൃതി.

പൊരുതിവീണ മണ്ണിലും

പരസ്പരം കരങ്ങൾ ചേർത്ത്

കുതികുതിച്ചുയർന്ന് നാം

ഉയിർക്കയാണ് കൂട്ടരേ...........

കണ്ണുനീരിലല്ല, ചോര-

യുറവെടുത്ത നോവിലല്ല,

കാരിരുമ്പ് മൂർച്ചയിൽ

പുനർജ്ജനിക്കയാണ് നാം.

"https://wiki.kssp.in/index.php?title=പൊരുതിനിന്ന_പടനിലം&oldid=6690" എന്ന താളിൽനിന്ന് ശേഖരിച്ചത്