പ്രകൃതിയും മനുഷ്യനും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഈ താൾ നിർമാണത്തിലാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2013-2014 ലെ സംഘടനാവിദ്യാഭ്യാസ പരിപാടിയിലെ ക്ലാസ്സുകളിലൊന്നാണിത്.

ആമുഖം

മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്‌. പ്രകൃതിയാൽ ചുറ്റപ്പെട്ടും അതിലിടപെട്ടുമാണ്‌ മനുഷ്യൻ കഴിയുന്നത്‌. ഭൂമിയിലെ ജൈവമണ്‌ഡലം, ഭൗമാന്തരീക്ഷം, ഭൂവൽക്കത്തിലെ നേർത്ത മൺപാളിയും ജലവും.... ഇവയെല്ലാമായി നാം നിരന്തരം സമ്പർക്കത്തിലാണ്‌. ജീവിക്കുന്നു എന്ന വാക്കിന്‌ തന്നെയർത്ഥം ചുറ്റുപാടുമായി, പ്രകൃതിയുമായി ഊർജ്ജവും വിവരവും വിനിമയം ചെയ്യുന്ന അവസ്ഥയെന്നാണ്‌. അങ്ങിനെ നോക്കുമ്പോൾ മനുഷ്യനുൾപ്പടെ ഒരു ജീവജാലത്തിനും പ്രകൃതി കൂടാതെ നിലനിൽപ്പില്ല. അസംഖ്യങ്ങളായ ജൈവ- അജൈവ വസ്‌തുക്കളുടെ വൈവിധ്യമാർന്ന രൂപ ഭാവങ്ങൾ ഈ പ്രകൃതിയുടെ നിർമ്മിതിയിൽ പങ്കാളികളാണ്‌. സ്ഥൂല തലത്തിൽ ഇവ തമ്മിലുള്ള വൈജാത്യങ്ങൾ സൂക്ഷ്‌മ തലത്തിൽ കുറഞ്ഞു വരികയും ജൈവ- അജൈവ ഘടകങ്ങൾ പരസ്‌പരം പരിവർത്തനം ചെയ്യപ്പെടുന്നതും പരസ്‌പര പൂരകങ്ങളാവുന്നതും കാണാം. സൂക്ഷ്‌മ ഘടകങ്ങളുടെ ആകത്തുക മാറ്റമില്ലാതെ തുടരുന്നു എന്നുകൂടി തിരിച്ചറിയുമ്പോൾ പ്രകൃതി മനുഷ്യനു വേണ്ടിയല്ല, മറിച്ച്‌ പ്രകൃതിയിൽത്തന്നെയാണ്‌, അതിന്റെ ഒരു ഘടകം മാത്രമാണ്‌ മനുഷ്യൻ എന്ന അടിസ്ഥാന തിരിച്ചറിവിൽ എത്തുന്നത്‌. തുടർന്നു വരുന്ന ആഖ്യാനങ്ങളെല്ലാം ഈ അടിത്തറയിലൂന്നിയാണ്‌ നടത്തേണ്ടത്‌. പ്രകൃതിയിലെ സ്വാഭാവിക പ്രവർത്തനങ്ങലുടെ ഭാഗമായി ഉൾച്ചേരുമ്പോൾത്തന്നെ അതിൽ ബോധപൂർവ്വമായി ഇടപെട്ടുകൊണ്ടുകൂടിയാണ്‌ മനുഷ്യൻ അതിന്റെ ഭാഗമായിത്തീരുന്നത്‌.

ജൈവ - അജൈവ ഘടകങ്ങളെ കൂടുതൽ സൂക്ഷ്‌മതലത്തിൽ പരിശോധിച്ചാൽ അവയുടെ ചേരുവകൾ ലളിതവും ഏകതാനതയുള്ളതുമാണെന്ന്‌ കാണാം. ജൈവ രൂപങ്ങളുടെ പ്രധാന ചേരുവകൾ കാർബൺ, ഓക്‌സിജൻ, നൈട്രജൻ, കാൽസ്യം എന്നീ മുഖ്യ മൂലകങ്ങളും ഫോസ്‌ഫറസ്‌ തുടങ്ങിയ ഏതാനും ചെറു മൂലകങ്ങളും ചേർന്ന അജൈവ വസ്‌തുക്കളുമാണ്‌. വൈവിധ്യമാർന്ന നമ്മുടെ സ്വഭാവത്തെയും പാരമ്പര്യത്തെയും നിർണ്ണയിക്കുന്ന ഡി.എൻ.എ നിർമിതിയും ഏതാനും മൂലകങ്ങൾ കൊണ്ടുതന്നെ. ഏതു ചെറു ജീവിയിലും സസ്യങ്ങളിലും ഇക്കാര്യത്തിൽ വലിയ വ്യത്യാസമില്ല. മരണശേഷം പ്രകൃതിയിലേക്ക്‌ തിരികെ എത്തുന്ന ഈ ഘടകങ്ങൾ പൂർവ ജീവിയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ജൈവരൂപമുണ്ടാകാൻ ഉപയോഗിക്കപ്പെടുന്നു. ഒരു കലവറയിൽ നിന്നും എടുക്കുന്ന ഉള്ളിയും പയറും കിഴങ്ങും വിവിധ വിഭവങ്ങൾ ആകുന്നതു പോലെ.

ഒരേയൊരു ഭൂമി

സൂര്യനും എട്ടു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അടങ്ങിയതാണ്‌ സൗരയൂഥം. അതിലൊരു ഗ്രഹമായ ഭൂമിയിൽ മാത്രമാണ്‌ ജീവൻ നിലനിൽക്കുന്നതായി ഇന്നറിയുന്നത്‌. സൂര്യനുൾപ്പെടെ ആകാശഗംഗ എന്ന നമ്മുടെ ഗാലക്‌സിയിൽ സഹസ്രകോടി നക്ഷത്രങ്ങൾ ഉണ്ടെന്നാണ്‌ ശാസ്‌ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത്‌. ഇതുപോലെ അത്രയും തന്നെ ഗാലക്‌സികൾ പ്രപഞ്ചത്തിലുണ്ടെന്നും കണക്കാക്കുന്നു. ഇവയ്‌ക്കെല്ലാമിടയിൽ സൂര്യസമാനമായ നക്ഷത്രങ്ങളും ഭൂമി സമാനമായ ഗ്രഹങ്ങളും മനുഷ്യസമാനമായ ജീവികളുമെല്ലാം ഉണ്ടാകാൻ സാധ്യതകൾ തള്ളിക്കളയാനാവില്ല. എങ്കിലും അത്തരം സാന്നിധ്യം കണ്ടെത്തുക എളുപ്പമല്ല തന്നെ. അതായത്‌ നാം പാർക്കുന്ന ഈ ഭൂമി സമാനതകളില്ലാത്തതാണ്‌.

എന്താണ്‌ ഭൂമിയുടെ സവിശേഷതകൾ? ഭൗമോപരിതലത്തിലെ ജലത്തിന്റെയും അന്തരീക്ഷത്തിലെ ഓക്‌സിജന്റെയും സാന്നിധ്യമാണ്‌ ഇതിൽ ഏറ്റവും മുഖ്യം. സൂര്യനിൽ നിന്നുള്ള അകലവും അതിലൂടെ കൈവന്ന താപനിലയും ജലത്തിനെ അതിന്റെ മൂന്നവസ്ഥകളിലും - മഞ്ഞുകട്ട, വെള്ളം, നീരാവി - ഭൂമിയിൽ നിലനിർത്താനും പരസ്‌പരം മാറ്റുവാനും സഹായകമാണ്‌. നൈട്രജനും ഓക്‌സിജനും സമൃദ്ധമായും കാർബൺഡയോക്‌സൈഡ്‌ നേരിയ അളവിലും ഉള്ളത്‌ ഭൗമോപരിതലത്തിലെ രാസപ്രവർത്തനത്തെയും താപനിലയെയും പരിധിയിൽ നിലനിർത്താൻ സഹായകമാണ്‌. അന്തരീക്ഷോപരിതലത്തിലെ ഓസോൺപാളി സൂര്യനിൽ നിന്നുള്ള സൂക്ഷ്‌മതരംഗങ്ങൾ (അൾട്രാവയലറ്റ്‌ മുതലുള്ള തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങൾ) ഭൂമിയിലെത്താതിരിക്കാൻ കാരണമാകുന്നു. ഭൂമിയുടെ സ്വയം ഭ്രമണവും സൂര്യന്‌ ചുറ്റുമുള്ള പ്രദക്ഷിണവും ഇവ രണ്ടിന്റെയും പ്രതലങ്ങൾ തമ്മിൽ ഉള്ള 23 1/20 ചരിവും ആണ്‌ മറ്റൊരു പ്രധാന സവിശേഷത - ഒരു പക്ഷേ മറ്റെല്ലാ പ്രത്യേകതകളുടെയും തുടക്കവും ഇതിൽ നിന്നാണ്‌. സ്വയംഭ്രമണം രാവും പകലും അതിനനുസരിച്ച്‌ താപനിലയും മാറിവരുന്ന ആവർത്തന ചക്രം രൂപപ്പെടാൻ ഇടയാക്കി. ഭൂമിയുടെ ചരിവും പ്രദക്ഷിണവും വർഷം തോറുമുള്ള താപനിലയിലും ദിനരാത്രങ്ങളുടെ ദൈർഘ്യത്തിലും മാറ്റം വരുത്തിക്കൊണ്ട്‌ സവിശേഷമായ മറ്റൊരു ആവർത്തനചക്രവും ലഭ്യമാക്കി. ഭൂമിയുടെ ആന്തരിക ഘടനയുടെ സവിശേഷതകൾ ഭൗമപാളികളുടെ നീക്കവും അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും സൃഷ്‌ടിച്ചു. ഇത്തരം പ്രതിഭാസങ്ങളും അന്തരീക്ഷവും ജലവും കാലാവസ്ഥയും പ്രതിപ്രവർത്തിച്ചപ്പോൾ കടലും കരയും കരയിലെ മണ്ണും ഉണ്ടായി. കടലിനെയും കരയെയും ആശ്രയിച്ച്‌ ഒരു ജൈവപ്രകൃതി ഉയർന്നുവന്നു. അനുദിനം വികസിച്ചുവന്ന ആ ജൈവ പ്രകൃതിയിലെ ഏറ്റവും ഒടുവിലത്തെ കണ്ണികളിലൊന്നാണ്‌ മനുഷ്യൻ.

ജൈവ പരിണാമം

460 കോടി വർഷം മുമ്പ്‌ ഒരു പ്രാപഞ്ചിക മേഘപടലം സാന്ദ്രീകരിച്ച്‌ സൂര്യനും ഭൂമിയും ഉൾപ്പെട്ട സൗരയൂഥം ഉണ്ടായി എന്നാണ്‌ ശാസ്‌ത്രം അനുമാനിക്കുന്നത്‌. ഇതിൽ ആദ്യത്തെ 60 കോടി വർഷവും ജീവന്റെ ഒരു കണികയും ഭൂമിയിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ്‌ ജീവന്റെ അടിസ്ഥാന കണികയെന്ന്‌ വിശേഷിപ്പിക്കാവുന്ന കാർബൺ ആറ്റത്തെ കേന്ദ്രീകരിച്ചുള്ള ജൈവതന്മാത്രകൾ രൂപം കൊള്ളുന്നതത്രെ. തുടക്കത്തിലുണ്ടായിരുന്ന ഹെഡ്രജനും അമോണിയയും മീതേനും അടങ്ങിയ ഭൗമാന്തരീക്ഷം ജീവന്റെ തുടക്കത്തിന്‌ കാരണമായി. സമ്പന്നമായ അഗ്നിപർവ്വതങ്ങളും സൂര്യനിൽ നിന്ന്‌ തടസ്സമില്ലാതെ ഒഴുകിയെത്തിയ ഉന്നത ഊർജ്ജത്തിലുള്ള സൂക്ഷ്‌മ തരംഗങ്ങളും ഈ അന്തരീക്ഷത്തിൽ പ്രതിപ്രവർത്തിച്ചാണ്‌ ആദ്യ ജൈവതന്മാത്രകളെ സൃഷ്‌ടിച്ചത്‌. പിന്നീടുള്ള 200 കോടി വർഷം അത്തരം തന്മാത്രകൾ (പ്രൊകാരിയോട്ടുകൾ) മാത്രമായിരുന്നു ജീവന്റെ കണികയായി ഭൂമിയിലുണ്ടായിരുന്നത്‌. ഇവയിൽ ചിലതിന്റെ പ്രവർത്തനം അന്തരീക്ഷഘടനയെ മാറ്റി. പ്രകാശ സംശ്ലേഷണ ശേഷി കൈവരിച്ച അവ അന്തരീക്ഷത്തെ ഓക്‌സിജൻ സമ്പന്നമാക്കി. ജീവന്റെ നിലനിൽപ്പിനും വളർച്ചക്കും സഹായകമായ ഇന്നത്തെ ഭൗമാന്തരീക്ഷം രൂപപ്പെട്ടു. ഏകദേശം 150 കോടി വർഷം മുമ്പ്‌ മാത്രമാണ്‌ ന്യൂക്ലിയസുള്ള ഏകകോശ ജീവികളും (യൂക്കാരിയോട്ടുകൾ) തുടർന്ന്‌ ബഹുകോശ ജീവികളും രൂപം കൊള്ളുന്നത്‌. 45 കോടി വർഷം മുമ്പാണ്‌ കടലിൽ നിന്ന്‌ ആർത്രോപോഡ വിഭാഗത്തിൽപെട്ട ജീവികൾ കരയിലേക്ക്‌ കയറുന്നത്‌. 20 കോടി വർഷം മുമ്പാണത്രെ ഭൂമിയെ ഒരു കാലത്ത്‌ അടക്കി ഭരിച്ച ദിനോസറുകൾ ആവിർഭവിക്കുന്നത്‌. പിന്നീട്‌ ആറ്‌ കോടി വർഷത്തിനുള്ളിൽ നാമാവശേഷമാകുകയും ചെയ്‌തു. ആറുകോടി വർഷങ്ങൾക്ക്‌ മുമ്പ്‌ മാത്രമാണ്‌ പക്ഷികളും മൃഗങ്ങളും ഭൂമിയിലുണ്ടാവുന്നത്‌. മനുഷ്യനാകട്ടെ അവസാനത്തെ രണ്ട്‌ ദശലക്ഷം വർഷങ്ങൾക്കുള്ളിലും (അതായത്‌ ഭൂമിയുടെ പ്രായം ഒരു വർഷമായി കരുതിയാൽ അതിന്റെ അവസാനത്തെ ദിവസത്തിലെ അവസാനത്തെ മണിക്കൂറിലെ ഒടുവിലത്തെ മിനുട്ടുകളിലാണ്‌ മനുഷ്യൻ ഉദയം കൊള്ളുന്നത്‌).

സസ്യവിഭാഗങ്ങളുടെ പരിണാമവും ഇതിന്‌ സമാനമായി തന്നെയാണ്‌ നടന്നത്‌. ആൽഗകൾ തൊട്ട്‌ ആവൃത ബീജികൾ വരെയുള്ള സസ്യവിഭാഗങ്ങൾ പല പ്രധാനകാര്യങ്ങളിലും സമാനത പുലർത്തുന്നതിനാൽ എല്ലാ സസ്യങ്ങളും ഒരു പൊതു പൂർവ്വിക ജീവരൂപത്തിൽ നിന്നും പരിണമിച്ചുണ്ടായതായി അനുമാനിക്കപ്പെടുന്നു. ജലജന്യമായ ആദിമ ജീവരൂപങ്ങളിൽ നിന്ന്‌ വിവിധതരത്തിലുള്ള ആൽഗകളും പച്ച ആൽഗകളിൽ നിന്ന്‌ ബയോഫ്രൈറ്റുകളും അവയിൽ നിന്ന്‌ പന്നൽച്ചെടികളും പിന്നീട്‌ അനാവൃത ബീജികളുടെയും ആവൃതബീജികളുടെയും വിവിധ സസ്യരൂപങ്ങളും ആവിർഭവിച്ച്‌ പരിണമിച്ചതായി കരുതപ്പെടുന്നു.

പരിണാമം എങ്ങിനെ സംഭവിക്കുന്നുവെന്നും സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ഇന്ന്‌ ശാസ്‌ത്രത്തിന്‌ വ്യക്തമായ കാഴ്‌ചപ്പാടും വലിയ ഒരളവോളം തെളിവുകളുമുണ്ട്‌. പ്രകൃതിയിൽ ആകെ വരുന്ന മാറ്റങ്ങളോട്‌ പരസ്‌പരം പ്രതികരിച്ച്‌ അനുകൂലനം വഴിയാണ്‌ പുതിയ ജീവവിഭാഗങ്ങൾ ആവിർഭവിക്കുന്നത്‌. ഈ പരിണാമം രേഖീയമായ തലത്തിലല്ല. സസ്യങ്ങളും ജന്തുവിഭാഗങ്ങളും ആവിർഭവിച്ചത്‌ പൊതുപൂർവ്വികനിൽ നിന്നാണ്‌. ഇന്നുള്ള എല്ലാ ജീവി വിഭാഗങ്ങളും അപ്രകാരം തന്നെ. വിവിധ കൈവഴികളായി ഓരോ ഘട്ടത്തിലും കൂടുതൽ കൂടുതൽ കൈവഴികളായി പിരിഞ്ഞ്‌ ചിലത്‌ വളരെകുറച്ച്‌ പരിണാമത്തിനേ ഇടയായിട്ടുണ്ടാവൂ. മറ്റ്‌ ചിലതാകട്ടെ വളരെയേറെയും. ഇങ്ങിനെ ഏറെ മാറ്റങ്ങൾക്ക്‌ വിധേയമായി ഒടുവിലായി പരിണമിച്ചുണ്ടായ ജീവിയാണ്‌ മനുഷ്യൻ. വാനരൻ പരിണമിച്ച്‌ നരൻ ഉണ്ടാവുകയല്ല, വാനരനോട്‌ ഏറ്റവുമടുത്ത സാമ്യമുള്ള പൊതു പൂർവ്വികരിൽ നിന്ന്‌ വാനരനും നരനും പരിണമിച്ചുണ്ടാവുകയാണ്‌ ചെയ്‌തത്‌.

അതായത്‌ മനുഷ്യനെ സൃഷ്‌ടിച്ച്‌ അവന്റെ ജീവിതത്തിന്‌ വേണ്ടി ഒരുക്കപ്പെട്ടതല്ല ഈ പ്രകൃതി. പ്രകൃതിയിൽ അവസാനമായി രൂപപ്പെട്ട അതിന്റെ ഒരു ഭാഗം മാത്രമാണ്‌ മനുഷ്യവംശം. ആ പ്രകൃതിയോടൊപ്പം നിന്നേ മനുഷ്യനും നിലനിൽപ്പുള്ളൂ.

മാറ്റവും നിലനിൽപ്പും

ഭൂമിക്ക്‌ പുറമെനിന്ന്‌ നിരന്തരമായി ലഭിക്കുന്ന സൗരോർജ്ജവും ഭൗമോപരിതലത്തിലെ വിവിധ ഘടകങ്ങളും ഭൗമാന്തർഭാഗത്ത്‌ നടക്കുന്ന പ്രവർത്തനങ്ങളുടെ ബഹിർസ്‌ഫുരണങ്ങളുമെല്ലാം ചേർന്ന്‌ വിവിധതരത്തിലുള്ള മാറ്റങ്ങൾ പ്രകൃതിയിൽ നിരന്തരം സംഭവിക്കുന്നു. അചേതനലോകവും സചേതന ലോകവും ഇതിൽ പങ്കാളിയാണ്‌. ഇവയിൽ ചില മാറ്റങ്ങൾ ആവർത്തന സ്വഭാവമുള്ളവയാണ്‌. ചിലത്‌ അനുക്രമമായി സംഭവിക്കുന്നവയാണ്‌. ചിലത്‌ വളരെ മന്ദഗതിയിലാണെങ്കിൽ മറ്റു ചിലത്‌ ദ്രുതഗതിയിലാണ്‌. മാറ്റത്തിന്റെ തോതിലും വ്യത്യാസം കാണാം. വൻമാറ്റങ്ങളും ചെറിയ മാറ്റങ്ങളും ചില പ്രവചനത്തിന്‌ വഴങ്ങുന്നവയെങ്കിൽ മറ്റ്‌ ചിലവ തീർത്തും അപ്രതീക്ഷിതമായി സംഭവിക്കുന്നവയാണ്‌. ജൈവമണ്‌ഡലത്തിലെ മനുഷ്യനുൾപ്പെടെയുള്ള വിവിധ സ്‌പീഷിസുകളുടെ നിലനിൽപ്പും പരിണാമവും വിനാശവുമെല്ലാം ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്‌.

പ്രകൃതിയിലെ പല മാറ്റങ്ങളും ചാക്രികമാണ്‌. ജൈവപ്രകൃതിയുടെ നിലനിൽപ്പ്‌ ഈ മാറ്റങ്ങളോട്‌ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

ദിനചക്രം

ഭൂമിയുടെ സ്വയം ഭ്രമണം മൂലം സംഭവിക്കുന്ന പകലും രാവും അനുസരിച്ച്‌ ജീവിതചക്രം എല്ലാ ജീവവിഭാഗങ്ങൾക്കുമുണ്ട്‌. പ്രവൃത്തിയും വിശ്രമവും ഇടപെട്ട്‌ സംഭവിക്കുന്ന ഒന്ന്‌.

കാലാവസ്ഥ

ഭൂപ്രദക്ഷിണം മൂലം സംഭവിക്കുന്ന ഋതുഭേദങ്ങൾ, സൗരോർജ്ജത്തിന്റെ അളവിലും തോതിലും മാറ്റങ്ങളും ജലലഭ്യതയിലെ മാറ്റങ്ങളും സസ്യജാലങ്ങളെ സംബന്ധിച്ച്‌ സുപ്രധാനമാണ്‌. മാറ്റവുമായി ബന്ധപ്പെട്ട ജീവിതചക്രവും ചിട്ടപ്പെടുത്തിയവയാണ്‌ സസ്യങ്ങളും ജന്തുക്കളും.

ജലചക്രം

ഭൂമിയിൽ ആകെയുള്ള ജലത്തിന്റെ 97 ഭാഗവും കടലിലാണ്‌. 2.7 ഭാഗം മഞ്ഞുപാളികളിലും. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജലം കൂടിയേ തീരൂ. അതുറപ്പ്‌ വരുത്തപ്പെടുന്നത്‌ ജലചക്രത്തിലൂടെയാണ്‌.

O2 - Co2 ചക്രം

ചുറ്റുപാടുകളുമായി ഊർജ്ജവിനിമയം നടത്തുന്നു എന്നതാണ്‌ ജീവന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്ന്‌. ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തെ ജീവജാലങ്ങൾക്കാകെ ഉപയോഗിക്കാൻ പറ്റുന്ന ഊർജജശേഖരമായി മാറ്റുന്നത്‌ സസ്യങ്ങളാണ്‌ - പ്രകാശ സംശ്ലേഷണത്തിലൂടെ. ഇതിന്‌ സസ്യങ്ങളെ സഹായിക്കുന്നത്‌ അന്തരീക്ഷത്തിലെ Co2 ആണ്‌. ഭക്ഷണമെന്ന ഊർജ്ജശേഖരത്തെ തിരിച്ച്‌ ഊർജ്ജമാക്കി മാറ്റാൻ ജീവജാലങ്ങൾക്ക്‌ കഴിയുന്നത്‌ O2 സഹായത്താലാണ്‌. ഈ വിധം ഉപയോഗിക്കപ്പെടുന്ന O2 ന്റെയും Co2 ന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സസ്യങ്ങളും ജീവികളും മുഖ്യപങ്ക്‌ വഹിക്കുന്ന Co2- O2 സൈക്കിൾ ആണ്‌. ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിന്റെ അടിസ്ഥാനമാണിത്‌.

ജൈവാംശത്തിന്റെ ചംക്രമണം

സസ്യങ്ങൾക്ക്‌ മാത്രമാണ്‌ അചേതന ലോകത്ത്‌ നിന്ന്‌ ഭക്ഷണം ഉണ്ടാക്കാനാവുന്നത്‌. സസ്യങ്ങൾ നിർമ്മിച്ച ജൈവാംശങ്ങളാണ്‌ ജീവികൾ ഭക്ഷണമായി ഉപയോഗിക്കുന്നത്‌. ജീവികൾ മരിച്ച്‌ പ്രകൃതിയോടു ചേരുമ്പോൾ സൂക്ഷ്‌മാണുക്കൾ പ്രവർത്തിച്ച്‌ വളമാക്കി സസ്യങ്ങൾക്ക്‌ ലഭ്യമാകുന്നു. ഇതിലൂടെയും ഒരു ചക്രം സൃഷ്‌ടിക്കപ്പെടുന്നു.

ജൈവാവശിഷ്‌ടം...... വളം .....സസ്യങ്ങൾ.... ഭക്ഷണപദാർത്ഥം ....ജീവികൾ ......

ജീവജാലങ്ങളുടെ പരസ്‌പരാശ്രയത്വം

യഥാർത്ഥത്തിൽ മുകളിൽ വിവരിച്ച ബന്ധം വിവിധ ജീവജാലങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ലളിതവൽക്കരിച്ച രൂപമാണ്‌. ഭൂമിയിലെ ജീവജാലങ്ങൾ പരസ്‌പരം ചേർന്ന്‌ ഒട്ടേറെ ജൈവശൃംഖലകൾ നിലനിൽക്കുന്നുണ്ട്‌. ഒരുദാഹരണം നോക്കുക.

പുല്ല്‌.....പുൽച്ചാടി.... പക്ഷി ....കഴുകൻ ....സൂക്ഷ്‌മജീവികൾ

ഇത്തരം ജൈവശൃംഖലകൾ പരസ്‌പരം ചേർന്ന ഒരു ജൈവവലയാണ്‌ പ്രകൃതി. അവയിലുണ്ടാകുന്ന കണ്ണികൾ പൊട്ടുന്നതും കൂട്ടിച്ചേർക്കപ്പെടുന്നതും പ്രകൃതിയിൽ പുതിയ സമവാക്യങ്ങൾ സൃഷ്‌ടിക്കാൻ ഇടയാക്കും. അത്തരം സമവാക്യങ്ങൾക്ക്‌ വിധേയമാണ്‌ മനുഷ്യനും.

പുരോദിശയിലെ മാറ്റങ്ങൾ

എന്നാൽ ഈ ചാക്രിക മാറ്റങ്ങൾ പഴയ സ്ഥലത്തേക്ക്‌ അതേപടി തിരിച്ചുകൊണ്ടുപോകയല്ല ചെയ്യുന്നത്‌. ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജം മുഴുവൻ തിരിച്ച്‌ വികിരണം ചെയ്യപ്പെടുന്നില്ല. അഥവാ ഭൂമിയുടെ മൊത്തം ഭൗതിക ശേഖരത്തിൽ കൂട്ടിച്ചേർക്കലുകൾ നിരന്തരം സംഭവിക്കുന്നു. അതിനാൽ ആവർത്തനത്തോടൊപ്പം പുരോഗതിയും സംഭവിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും ഓരോ വർഷം കഴിയുമ്പോഴും സസ്യങ്ങൾക്കും ജീവികൾക്കും വളർച്ചയുണ്ടാകുന്നു. സംവത്സരങ്ങൾ പിന്നിടുമ്പോൾ ജീവജാലങ്ങൾക്ക്‌ പരിണാമം സംഭവിക്കുന്നു. ക്രമേണ സംഭവിക്കുന്ന ചെറിയതോതിലുള്ള മാറ്റങ്ങളോട്‌ അനുകൂലനം വഴി പ്രതികരിച്ചാണ്‌ പരിണാമം സംഭവിക്കുന്നത്‌.

ദ്രുതഗതിയിലുള്ള മാറ്റങ്ങൾ

അഗ്നിപർവ്വതം, ഭൂകമ്പം, കാലാവസ്ഥ മൂലമുള്ള പ്രകൃതിക്ഷോഭങ്ങൾ, ഉൽക്കാപതനം പോലുള്ള അത്യപൂർവ്വ സംഭവങ്ങൾ ഇവയാണ്‌ പ്രകൃതിയിൽ അതിവേഗതയാർന്ന മാറ്റങ്ങൾക്ക്‌ ഇടവരുത്തുന്നത്‌. പലതിന്റെയും വ്യാപ്‌തിയും വലുതായിരിക്കും. ഈ വിധം ദ്രുതഗതിയിലും വ്യാപകമായും ഉണ്ടായ മാറ്റങ്ങളോട്‌ പ്രതികരിച്ച്‌ ഒട്ടേറെ ജീവി വിഭാഗങ്ങൾക്ക്‌ വംശനാശം നേരിടേണ്ടി വന്നിട്ടുണ്ട്‌.

മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടൽ

മനുഷ്യൻ പ്രകൃതിയിൽ വസിക്കുക മാത്രമല്ല ചെയ്യുന്നത്‌ അതിനെ നിരന്തരം മാറ്റിത്തീർക്കുക കൂടിയാണ്‌. നാളിതുവരെയുള്ള മനുഷ്യാധ്വാനം ഏറ്റവും ചെലവഴിക്കപ്പെട്ടത്‌ പ്രകൃതിയിൽ മാറ്റങ്ങൾ വരുത്താനാണ്‌. പ്രകൃതി വിഭവങ്ങളെ അവൻ ചരിത്രവും സംസ്‌കാരവും സൃഷ്‌ടിച്ച വിവിധ ആവശ്യങ്ങൾക്കായി മാറ്റിതീർത്തു. സസ്യങ്ങളെയും ജീവികളെയും വിവിധ ഭൂപ്രദേശങ്ങളിലേക്ക്‌ സൗകര്യാർത്ഥം മാറ്റിപ്പാർപ്പിക്കുക മാത്രമല്ല ചെയ്‌തത്‌. ബോധപൂർവ്വമായ ഇടപെടലിലൂടെ അവയെ പരിണമിപ്പിക്കുകയും ചെയ്‌തു. ആവാസമേഖലകളുടെ രൂപവും കാലാവസ്ഥയും മാറ്റി. മനുഷ്യന്റെ ഇന്നത്തെ ജീവിതമാകെ ഇത്തരം പ്രവർത്തനങ്ങളുടെ സൃഷ്‌ടിയാണ്‌.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വൈരുദ്ധ്യാത്മകമാണ്‌. മാനവസംസ്‌കാരം കൂടുതൽ കൂടുതൽ പുരോഗമിച്ചതോടെ നാം പ്രകൃതിയിൽ നിന്ന്‌ കൂടുതൽ സ്വതന്ത്രമായി എന്നു കരുതിയേക്കാം. പക്ഷേ നാം കൂടുതൽ കൂടുതൽ പ്രകൃതി വിഭവങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്‌ വസ്‌തുത. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മാനവപുരോഗതിയുടെ വ്യത്യസ്‌ത ഘട്ടങ്ങളിൽ വ്യത്യസ്‌ത തരത്തിലായിരുന്നു. ആദ്യഘട്ടത്തിൽ അവന്റെ നിലനിൽപിനായുള്ള വസ്‌തുവകകൾ പോലും പ്രകൃതിയിൽ നിന്ന്‌ ലഭ്യമാക്കാൻ ഏറെ ക്ലേശിച്ചിരുന്നു. പക്ഷേ സംഘടിതമായ ഇടപെടലിലൂടെയും ആയുധങ്ങളുടെ നവീകരണങ്ങളിലൂടെയും ആ കാലഘട്ടത്തെ മനുഷ്യൻ അതിജീവിച്ചു. പ്രകൃതിയിൽ അതിശക്തമായി ഇടപെടാൻ തുടങ്ങി. കാടുകൾ വെട്ടിത്തെളിച്ചു കൃഷി ഭൂമിയാക്കി മാറ്റി. പ്രകൃതിയിൽ കൂടുതൽ ഇടപെടുമ്പോഴും കൃഷിയെ മുഖ്യമായി ആശ്രയിച്ച്‌ പുനർസൃഷ്‌ടി നടത്താവുന്ന പ്രകൃതിവിഭവങ്ങളെയാണ്‌ അവൻ മുഖ്യമായും വിനിയോഗിച്ചത്‌. എന്നാൽ ശാസ്‌ത്രവും സാങ്കേതികവിദ്യയും അതിവേഗം പുരോഗമിക്കുകയും വ്യാവസായിക വിപ്ലവം നടക്കുകയും ചെയ്‌തതോടെ പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടൽ പുതിയ തലത്തിലേക്കുയർന്നു. പുനർസൃഷ്‌ടിക്ക്‌ സാധ്യതയില്ലാതെ, പ്രകൃതിവിഭവങ്ങളെയെല്ലാം അവൻ തോണ്ടിയെടുത്ത്‌ വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങി. ഭൗതികവും ജൈവികവുമായ പ്രക്രിയയിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളെ കൂടാതെ പുതിയ തരത്തിലുള്ള ഒരു മാറ്റം കൂടി ഭൂമിയിലെ ജൈവമണ്‌ഡലത്തിന്റെ സ്വഭാവത്തെ മാറ്റി മറിക്കാൻ തുടങ്ങി. സാങ്കേതിക ഇടപെടലിലൂടെയുള്ള മാറ്റങ്ങൾ. ഇതിന്റെ ഫലമായി മനുഷ്യാവശ്യമുള്ള പല പ്രകൃതിവിഭവങ്ങളും ഇന്ന്‌ അതിവേഗം കുറയുകയാണ്‌. ഉപയോഗിക്കാനാവാത്തവ മലിന വസ്‌തുക്കൾ ആയി മാറ്റപ്പെടുകയും കുമിഞ്ഞുകൂടുകയും ചെയ്യുന്നു. താപനിലയിലും റേഡിയേഷനിലുമെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ഇതിലൂടെയെല്ലാം പ്രകൃതിയിലെ പരസ്‌പരബന്ധവും ആവർത്തനക്രമങ്ങളും നഷ്‌ടമാകുന്നു. ആഗോള പാരിസ്ഥിതിക പ്രതിസന്ധി ഡമോക്ലസിന്റെ വാളുപോലെ ഇന്ന്‌ മാനവരാശിയുടെ നിലനിൽപ്പിന്‌ മേൽ തൂങ്ങി നിൽക്കയാണ്‌.

ആഗോളപരിസ്ഥിതി പ്രശ്‌നങ്ങൾ

വിവിധ തരത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ ആഗോളതലത്തിൽ തന്നെ നേരിടേണ്ടി വരുന്നത്‌. അവയെല്ലാം പരസ്‌പരം ബന്ധപ്പെട്ട്‌ ശക്തമാകുകയാണ്‌.

പ്രകൃതിവിഭവങ്ങളുടെ വൻ ശോഷണം

കൃഷി, മത്സ്യബന്ധനം, ഖനനം ഇവയെല്ലാം വൻതോതിൽ ശക്തിപ്പെട്ടതോടെ അതിന്റെ ഭാഗമായുള്ള വിഭവചൂഷണവും തീവ്രമായിരിക്കുന്നു. കൃഷിയുടെ വ്യാപനത്തിനായി വനസമ്പത്ത്‌ നശിപ്പിക്കുന്നത്‌ തുടരുന്നു. വൻതോതിലുള്ള യന്ത്രവൽകൃത മത്സ്യബന്ധനങ്ങൾ മത്സ്യസമ്പത്തിന്റെ വംശനാശത്തിന്‌ പോലും ഇടയാക്കുന്നു. ഊർജ്ജസ്രോതസ്സായി നാം മുഖ്യമായും ഉപയോഗിക്കുന്നത്‌ ഫോസിൽ ഇന്ധനങ്ങളാണ്‌. ഇന്നത്തെ തോതിലുള്ള ഉപഭോഗവർദ്ധനവ്‌ തുടരുകയാണെങ്കിൽ കാൽ നൂറ്റാണ്ടിലേക്ക്‌ പോലും അവ മതിയാകില്ല എന്ന്‌ കണക്കാക്കുന്നു. ഒട്ടുമിക്ക ഖനികളുടെയും സ്ഥിതി ഇപ്രകാരം തന്നെ. ഇതുപോലെ കൃഷിയിടങ്ങളുടെ സ്വാഭാവിക ഫലഭൂയിഷ്‌ഠതയിൽ വരുന്ന ശോഷണം ഭക്ഷ്യസുരക്ഷയെ പോലും ബാധിക്കുന്നു. മണ്ണൊലിപ്പും ജലചക്രത്തിലെ താളപ്പിഴകളും കൃഷിയെ അപകടകരമായ തലത്തിലേക്ക്‌ നയിക്കുകയാണ്‌. അനുയോജ്യമായ കൃഷിയിടങ്ങൾ പോലും വികസന പദ്ധതികളുടെ പേരിൽ രൂപാന്തരപ്പെടുത്തുന്നു.

മലിനീകരണം

മനുഷ്യൻ നിലനിൽപ്പിനായി മുഖ്യമായും ആശ്രയിക്കുന്ന വായു, വെള്ളം, മണ്ണ്‌ - ഇവ മൂന്നും വൻതോതിലുള്ള മലിനീകരണത്തിന്‌ വിധേയമാകുകയാണ്‌. പ്രകൃതിയിലെ സ്വാഭാവിക ചക്രങ്ങൾ തടസ്സപ്പെടുത്തുന്നത്‌ മലിനീകരണത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ജനസംഖ്യാവർദ്ധനവ്‌ വിഭവങ്ങളുടെ ആവശ്യകതയും മലനീകരണത്തിന്റെ തോതും ഒരുപോലെ വർധിപ്പിക്കുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത. മോട്ടോർ വാഹനങ്ങളുടെ വർദ്ധിച്ച ഉപയോഗവും ഊർജോൽപാദന നിലയങ്ങളും ഫാക്‌ടറികളും പുറത്തുവിടുന്ന പൊടിപടലങ്ങളും വിഷവാതകങ്ങളും അന്തരീക്ഷത്തെ കൂടുതൽ കൂടുതൽ മലിനീകരിക്കുന്നു. വ്യാവസായികാവശിഷ്‌ടങ്ങൾ വ്യാപകമായി ഒഴുക്കി വിട്ട്‌ ഭൗമോപരിതലത്തിലെ ശുദ്ധജലസ്രോതസ്സുകൾ എല്ലാം മലിനമാക്കുകയാണ്‌. ഉപയോഗം കഴിഞ്ഞ വസ്‌തുക്കൾ നിരന്തരമായി വലിച്ചെറിയുകയും ഉപഭോഗത്തിന്റെ തോത്‌ വർധിക്കുകയും ചെയ്‌തതോടെ മണ്ണും അതിവേഗം മലിനീകരിക്കപ്പെടുന്നു. കപ്പലുകളിൽ നിന്നുള്ള ഓയിൽ ചോർച്ചയും മാലിന്യങ്ങൾ കൊണ്ട്‌ തള്ളുന്നതും ജീവന്റെ പ്രഭവകേന്ദ്രമായ കടലിനെയും മലിനീകരിക്കുന്നു. ഇവയിൽ ശ്രദ്ധേയമായ ഒരു കാര്യം പുനചംക്രമണത്തിലൂടെ സ്രോതസ്സിലേക്ക്‌ സ്വാഭാവികമായി എത്താറുള്ള ജൈവവസ്‌തുക്കൾ പോലും ഇന്ന്‌ മാലിന്യമായി രൂപാന്തരപ്പെടുന്നു എന്നതാണ്‌.

ആണവവിപത്ത്‌

ആണവശേഷി പ്രയോഗിക്കാൻ മനുഷ്യൻ കഴിവ്‌ നേടിയത്‌ ശാസ്‌ത്രത്തിന്റെ സുപ്രധാനമായ ചുവടായിരുന്നു. എന്നാൽ ആണവസാങ്കേതികവിദ്യയെ വിവേചനരഹിതമായി വിനിയോഗിക്കുന്നത്‌ വൻ പാരിസ്ഥിക പ്രശ്‌നമായി വളരുന്നു. ആണവായുധങ്ങളുടെ കൂമ്പാരങ്ങൾ ഇപ്പോഴും മാനവരാശിയെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. ഊർജസ്രോതസ്സായി ആണവ നിലയങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ടിലേറെയായിട്ടും ആണവ വികിരണ ശേഷിയുള്ള അതിലെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ മാർഗ്ഗം കണ്ടെത്തിയിട്ടില്ല. ഇതിനകം ലോകത്ത്‌ സംഭവിച്ച ആണവദുരന്തങ്ങൾ പുറത്തുവിട്ട വികിരണങ്ങൾ ഇപ്പോഴും ദുരിതങ്ങൾ വിതച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഫോസിൽ ഇന്ധനങ്ങൾക്ക്‌ പകരമായുള്ള ഊർജ്ജസ്രോതസ്സായി ആണവസാങ്കേതിക വിദ്യയെ നമ്മുടേതുൾപ്പെടെയുള്ള ഭരണാധികാരികൾ കരുതുന്നു.

ജൈവവൈവിധ്യത്തിന്റെ നാശം

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ ഭൂമിയിലുള്ള ജൈവവൈവിധ്യം തകർത്തുകൊണ്ടിരിക്കുകയാണ്‌. വനം വെട്ടിവെളിപ്പിക്കലും തീയിടലും, തണ്ണീർത്തടങ്ങൾ നശിപ്പിക്കുന്നത്‌, പ്രത്യേക ഇനം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഉയർന്ന തോതിലുള്ള പരിപാലനം, വിഭവചൂഷണം, മലിനീകരണം ഇവയെല്ലാം ജൈവവൈവിധ്യത്തിന്റെ തകർച്ചക്ക്‌ കാരണമാകുന്നു. ഇതിന്റെ ഫലമായി പല ജീവജാതി സ്‌പീഷിസുകളും ഭൂമുഖത്ത്‌ നിന്ന്‌ അപ്രത്യക്ഷമാവുകയാണ്‌. മുമ്പ്‌ പ്രകൃതിയിൽ സ്വാഭാവികമായി സംഭവിച്ചതിന്റെ അമ്പതും നൂറും മടങ്ങ്‌ തോതിലാണത്രെ ഈ വിനാശം. ജൈവസമ്പത്തിലെ സമ്പന്നമായ ജീൻകലവറകൾ മാനവരാശിക്ക്‌ ഏതെല്ലാം വിധത്തിൽ പ്രയോജനകരമാകുമെന്ന തിരിച്ചറിവ്‌ കൂടുതൽ കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ജൈവവൈവിധ്യം അതിവേഗം നഷ്‌ടമാകുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

ഓസോൺപാളിയുടെ ക്ഷയം

അന്തരീക്ഷത്തിൽ നിന്നുള്ള അപകടകാരികളായ ഉന്നത ആവൃത്തിയിലുള്ള വികിരണങ്ങളെ തടഞ്ഞു നിർത്തുന്നത്‌ അന്തരീക്ഷത്തിന്‌ മുകളിലുള്ള ഓസോൺപാളികളാണ്‌. എന്നാൽ വ്യാവസായികമായി ഉൽപാദിപ്പിക്കുകയും ഗാർഹികമായി ഉപയോഗിക്കുകയും ചെയ്യുന്ന പല രാസവസ്‌തുക്കളും (ഉദാ: Chloro Fluro Carbon) ശൃംഖലാ പ്രവർത്തനത്തിലൂടെ ഓസോൺ പാളിയെ ക്ഷയിപ്പിക്കാൻ പോന്നതാണ്‌. ഭൂമിയിൽ ജീവന്റെ നിലനിൽപ്പ്‌ പോലും അപകടപ്പെടുത്തുന്ന സ്ഥിതിയാകും ഇതിലൂടെ സംഭവിക്കുക. നേരിയ തോതിലുള്ള ശോഷണം പോലും വികിരണങ്ങൾ കുറഞ്ഞ തോതിലെങ്കിലും കടന്നുവരാൻ ഇടവരുത്തുകയും മനുഷ്യരുൾപ്പെടെയുള്ള ജീവികളിൽ പല ഗുരുതര രോഗങ്ങളും പ്രത്യക്ഷപ്പെടാനും കാരണമാകും.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും

അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ വരുന്ന വർദ്ധനവ്‌ മൂലം അന്തരീക്ഷോഷ്‌മാവിൽ സംഭവിക്കുന്ന വർദ്ധനവിനെയാണ്‌ ആഗോളതാപനം എന്ന്‌ പറയുന്നത്‌. CO2, മീഥേയ്‌ൻ, നൈട്രസ്‌ ഓക്‌സൈഡ്‌ ഇവയാണ്‌ മുഖ്യമായ ഹരിതഗൃഹവാതകങ്ങൾ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഇവയുടെ അന്തരീക്ഷത്തിലെ അളവ്‌ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്‌. വ്യാവസായിക പ്രവർത്തനം (16.8%), ഊർജ്ജോൽപാദനം (21.3%), ട്രാൻസ്‌പോർട്ട്‌ ഇന്ധനങ്ങൾ (14%), വനനശീകരണവും തീയിടലും (10%) തുടങ്ങിയവയാണ്‌ ഇതിന്‌ മുഖ്യ കാരണങ്ങൾ. അന്തരീക്ഷതാപനിലയിലുണ്ടാകുന്ന നേരിയ വർധനവ്‌ പോലും ധ്രുവപ്രദേശങ്ങളിലെയും പർവ്വതശിഖരങ്ങളിലെയും മഞ്ഞുരുകുവാനും കടൽ ജലനിരപ്പ്‌ വർധിക്കുവാനും ഇടയാക്കും. സുനാമി, കൊടുങ്കാറ്റ്‌, പേമാരി പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ ഇതുമൂലം സംഭവിക്കും. ആഗോളതാപനത്തിന്റെ അപകടം അംഗീകരിക്കുന്നുണ്ടെങ്കിലും തുടർന്നുവരുന്ന വികസന മാതൃകയിൽ നിന്ന്‌ വ്യതിചലിക്കാൻ തയ്യാറാകാത്തത്‌ മാനവരാശിയെ പ്രതിസന്ധിയിലാക്കുകയാണ്‌.

മേൽവിവരിച്ച പ്രതിഭാസങ്ങളെല്ലാം ചേർന്ന്‌ ഋതുചക്രത്തെ മാറ്റിമറിക്കാൻ പര്യാപ്‌തമാണ്‌. ഭൗമോപരിതലത്തിലെ താപനില കഴിഞ്ഞ നൂറ്റാണ്ടിൽ 0.60C വർദ്ധിച്ചു. 2100 ആകുമ്പോൾ 1.40 C മുതൽ 5.80 C വരെ വർധനവ്‌ ഈ നിലയിൽ പോയാൽ സംഭവിക്കുമെന്നാണ്‌ കണക്ക്‌ കൂട്ടപ്പെടുന്നത്‌. പ്രകൃതി പ്രതിഭാസങ്ങളുടെ താളക്രമങ്ങൾ മുഴുവൻ ഇത്‌ അവതാളത്തിലാക്കും.

പ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യം, ഇവയെല്ലാം മൂർച്ഛിക്കപ്പെട്ടത്‌ കഴിഞ്ഞ നൂറ്റാണ്ടോടെയാണ്‌ എന്നതാണ്‌. ഇക്കഴിഞ്ഞ രണ്ടു ദശകത്തിലാകട്ടെ അതിന്റെ തോത്‌ സർവ്വപരിധിയും ലംഘിച്ചിരിക്കുന്നു. ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസം മാത്രമാണോ ഇതിന്‌ കാരണം. യഥാർത്ഥത്തിൽ ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചും അതുയർത്തുന്ന അപകടത്തെക്കുറിച്ചും അറിവ്‌ നൽകിയത്‌ ശാസ്‌ത്രരംഗത്തുണ്ടായ പുരോഗതിയാണ്‌. ശാസ്‌ത്രസമൂഹം തന്നെയാണ്‌ ഈ മുന്നറിയിപ്പുകൾ നൽകുന്നതും. എന്നാൽ മുന്നറിയിപ്പുകൾ ചെവിക്കൊള്ളുവാൻ സാമ്പത്തിക വികസനത്തിന്‌ നേതൃത്വം നൽകുന്നവർ തയ്യാറാകുന്നില്ല. സുസ്ഥിരവികസനത്തെക്കുറിച്ചും ഗ്രീൻ എക്കോണമിയെക്കുറിച്ചുമെല്ലാമുള്ള അന്താരാഷ്‌ട്രബോധനങ്ങൾ കാര്യമായ യാതൊരു ഫലവും സൃഷ്‌ടിക്കുന്നില്ല. അവ എന്തുകൊണ്ട്‌ എന്ന്‌ തിരിച്ചറിയാൻ വികസനത്തെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചും കൂടുതലായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വികസനത്തിന്റെ ഒരു സൂചികയായി കണക്കാക്കാവുന്നത്‌ ഊർജ്ജ ഉപഭോഗ നിരക്കാണ്‌. അന്തരീക്ഷ മലിനീകരണം മുഖ്യമായും സംഭവിക്കുന്നത്‌ ഊർജോൽപാദനത്തിന്‌ വേണ്ടിയാണ്‌. ലോകത്തെ മൊത്തം ഊർജോൽപാദനത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിഹിതം 81% ആണ്‌. ആണവ നിലയങ്ങളിൽ നിന്ന്‌ 5.8% ഉം ജലവൈദ്യുത നിലയങ്ങളിൽ നിന്ന്‌ 2.2% മാത്രമാണ്‌ ഉല്‌പാദനം. ബാക്കി 10% മാത്രമാണ്‌ പുതുക്കപ്പെടാവുന്ന മറ്റ്‌ സ്രോതസ്സുകൾ. ഇങ്ങിനെ ഉല്‌പാദിക്കപ്പെടുന്ന വൈദ്യുതിയിൽ ഒരു ശരാശരി അമേരിക്കൻ പൗരൻ ഉപയോഗപ്പെടുത്തുന്നത്‌ 87,216 യൂണിറ്റാണ്‌. അതേസമയം ഇന്ത്യൻ ശരാശരിയാകട്ടെ 6,280 യൂണിറ്റും. അതേസമയം ഇന്ത്യയിൽ ഒരു ഗ്രാമീണൻ ഉപയോഗിക്കുന്നതിന്റെ അഞ്ചിരട്ടി വൈദ്യുതി ശരാശരി നഗരവാസി ഉപയോഗിക്കുന്നു. ഊർജ ഉപഭോഗത്തിന്റെ കാര്യത്തിലെ അന്തരം പ്രകൃതിവിഭവങ്ങൾ ശോഷണം സംഭവിക്കുന്നത്‌ എന്തുകൊണ്ടാണെന്നതിന്റെ സൂചനയാണ്‌. ഒരു അമേരിക്കക്കാരന്റെ ജീവിതശൈലിയിൽ ലോകം മുഴുവൻ ജീവിക്കാൻ ശ്രമിച്ചെന്നാൽ വിഭവങ്ങൾ ഏതാനും വർഷം പോലും തികയില്ല. ഒരു ഇന്ത്യൻ നാഗരികന്റെ ഉപഭോഗനിലവാരത്തിൽ പോലും വിഭവങ്ങൾ ഉപയോഗപ്പെടുത്തിയാൽ വിഭവങ്ങളുടെ ആയുസ്സ്‌ ഇനിയുമെത്രയോ നീളും. കുറച്ചുപേരുടെ പോലും ആർത്തിനിറവേറ്റാനുള്ള വിഭവങ്ങൾ പോലും ഈ ഭൂമുഖത്തില്ല. എന്നാൽ ഏവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ വിഭവങ്ങൾ ഈ ഭൂമിയിലുണ്ടെന്ന ശാന്തി വചനം ഓർക്കുക. ഇതായിരിക്കണം നാട്ടിൽ വികസനത്തിന്റെ മാർഗ്ഗനിർദ്ദേശമായി പ്രവർത്തിക്കേണ്ടത്‌.

അധിക വായനക്കുള്ള പുസ്‌തകങ്ങൾ

1. പരിസ്ഥിതി പഠനത്തിന്‌ ഒരാമുഖം - ഡോ. എ. അച്യുതൻ

2. ജീവരേഖ - ഡോ. എം.പി. പരമേശ്വരൻ

3. പരിണാമം എങ്ങനെ - കുഞ്ഞുണ്ണി വർമ്മ

4. ഊർജം ഊർജം - ഡോ. എം.പി. പരമേശ്വരൻ, ഡോ. ആർ.വി.ജി. മേനോൻ

5. മനുഷ്യന്റെ ഉൽപ്പത്തി - പ്രൊഫ. എം.ശിവശങ്കരൻ

6. സൗരയൂഥവും അതിനപ്പുറവും - പ്രൊഫ. കെ. ശ്രീധരൻ

7. ഹരിത ചിന്തകൾ - പ്രൊഫ. എം.കെ. പ്രസാദ്‌.

"https://wiki.kssp.in/index.php?title=പ്രകൃതിയും_മനുഷ്യനും&oldid=3707" എന്ന താളിൽനിന്ന് ശേഖരിച്ചത്