പ്രകൃതിയും മനുഷ്യനും മാർക്സിന്റെ പാരിസ്ഥിതികചിന്തകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്


2018 പരിഷത്ത് സംസ്ഥാനസമ്മേളനത്തിൽ പി.ടി.ഭാസ്കരപ്പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് ഡോ.ജി.മധുസൂദനൻ അവതരിപ്പിച്ച പ്രബന്ധം  :
തീയ്യതി: : 2018 ഫെബ്രുവരി

പ്രകൃതിയും മനുഷ്യനും മാർക്സിന്റെ പാരിസ്ഥിതികചിന്തകൾ

മാർക്സിന്റെ കൃതികളുടെ പുനർവായനയിലൂടെയും മാർക്സ് ആർക്കൈവ്സിൽ ലഭ്യമായ അദ്ദേഹത്തിന്റെ ഗവേഷണ നോട്ടുബുക്കുകളുടെ പഠനങ്ങളിലൂടെയും ഇപ്പോൾ മാർക്സിന്റെ പരിസ്ഥിതി ദർശനം വ്യാപകമായി നിർദ്ധാരണം ചെയ്തുകഴിഞ്ഞു. 'ഇക്കോസോഷ്യലിസം' (Ecological Socialism or Ecosocialism) എന്ന പേരിൽ വളർന്നുകഴിഞ്ഞ മാർക്സിയൻ ദർശനം ഈ രംഗത്ത് വലിയ സൈദ്ധാന്തിക അടിത്തറ സൃഷ്ടിച്ചു. ഇനിയൊരിക്കലും മാർക്സ് അതിഉൽപ്പാദനത്തിന്റെ (Productivism) അഥവാ പ്രൊമിത്തിയനിസത്തിന്റെ (Prometheanism) വക്താവാണെന്ന് പറയാൻ കഴിയില്ല. 'സ്റ്റാക്കനോവിസം' എന്നറിയപ്പെട്ട സോവിയറ്റ് റഷ്യയിലെ അതിഉൽപ്പാദന സമീപനത്തിന് ചരിത്രപരമായ ന്യായീകരണമുണ്ടായിരുന്നുവെങ്കിലും ഇനി അതിനെ സാർവ്വത്രികമായ സത്യമായി അംഗീകരിക്കാൻ കഴിയില്ല; അതിന് മാർക്സിന്റെ കൃതികളിൽനിന്ന് ന്യായീകരണം കണ്ടെത്താനാകില്ല.

'എപിക്യൂറസിന്റേയും ഡെമോക്രിറ്റസിന്റേയും പ്രകൃതിദർശനങ്ങൾ തമ്മിലുളള വ്യത്യാസം' എന്ന വിഷയത്തിൽ ഡോക്ടറേറ്റിനുള്ള പ്രബന്ധം മാർക്സ് പൂർത്തിയാക്കിയത് 1840-'41 കാലഘട്ടത്തിലായിരുന്നു. 1841-ൽ പ്രബന്ധം അംഗീകരിക്കപ്പെടുകയും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് 23 വയസ്സായിരുന്നു. ക്രിസ്തുവിനു മുൻപ് 341-ൽ ഗ്രീക്ക് ദ്വീപായ സാമോസിൽ ജനിച്ച എപിക്യൂറസ്, ഗ്രീക്ക് ചിന്തയിലെ വലിയ ഭൗതിക ദാർശനികനായിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനം, മതമിസ്റ്റിസിസത്തെ നിഷേധിക്കുന്ന ഭൗതിക അടിത്തറയിൽ ഉറച്ചതായിരുന്നു. അതിൽ 'പ്രകൃതിസംരക്ഷണം' എന്ന സങ്കല്പം അടങ്ങിയിരുന്നതിനാൽ അതിനൊരു പാരിസ്ഥിതികതലവും ഉണ്ടായിരുന്നു. എപിക്യൂറസിന്റെ അനുയായി ആയിരുന്ന ലുക്രിഷ്യസ്, ഇപ്പോൾ പാരിസ്ഥിതികം എന്നു വിളിക്കാവുന്ന ചില ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. ഖനനംകൊണ്ടുളള വായുപ്രദൂഷണം, മണ്ണ് ക്ഷയിക്കുന്നതുമൂലം കാർഷിക വിളവിലുണ്ടാകുന്ന കുറവ്, വനനശീകരണം തുടങ്ങിയ സമസ്യകൾ ലുക്രീഷ്യസ് ഉയർത്തിയിരുന്നു.

'ജീവൽസമസ്യ'യിൽ ആരംഭം

എപിക്യൂറസിന്റെ ദർശനത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയശേഷം, ഇരുപത്തിനാലാം വയസ്സിൽ (1842) കാൾമാർക്സ് തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത് ഒരു പത്രപ്രവർത്തകനായാണ്. ജനിച്ചുവളർന്ന പ്രഷ്യ എന്ന രാജ്യത്തിലെ (അന്നത്തെ ജർമ്മനി) പ്രവിശ്യയായ റൈൻലാൻഡിൽനിന്ന് (Rhineland) പ്രസിദ്ധീകരിച്ചിരുന്ന 'റിനീഷെ സെയ്തുംഗ്' (Rheinische Zeitung) എന്ന പത്രത്തിൽ 1842-ൽ അദ്ദേഹം ജോലിക്കു ചേർന്നു. മേയ് 1842-ൽ അതിലെഴുതിയ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലേഖനമാണ് ആദ്യം വെളിച്ചം കണ്ട അദ്ദേഹത്തിന്റെ രചനയെന്ന് മാർക്സിന്റെ ഏറ്റവും മികച്ച ജീവി ചരിത്രകാരനെന്നു കരുതപ്പെടുന്ന ഫ്രാൻസിസ് വീൻ പറയുന്നു. താമസിയാതെ, ഒക്ടോബർ 1842-ൽ തന്നെ അദ്ദേഹം അതേ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി നിയമിതനായി. എഡിറ്ററായ ശേഷം, പുതിയൊരു വിഷയത്തെക്കുറിച്ച് 1842 ഒക്ടോബർ-നവംബർ മാസങ്ങളിലെ അഞ്ച് ലക്കങ്ങളിലായി ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി. ആ പരമ്പരയെ പരിസ്ഥിതി സമസ്യയെക്കുറിച്ചുള്ള മാർക്സിന്റെ ആദ്യ രചനയെന്നു വിശേഷിപ്പിക്കാം.

സ്വകാര്യ വനങ്ങളിൽനിന്നുളള വിറകുമോഷണത്തെക്കുറിച്ചുളള നിയമം, റൈൻലാൻഡ് പ്രവിശ്യയിലെ അസംബ്ലിയിൽ ചർച്ചയ്ക്കു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനപരമ്പര അദ്ദേഹം എഴുതിയത്. സ്വകാര്യ വനങ്ങളിൽ ഉണങ്ങി വീഴുന്ന വിറകും ചുള്ളികളും ശേഖരിക്കാൻ ചുറ്റുമുള്ള കർഷകർക്ക് പരമ്പരാഗതമായി അവകാശമുണ്ടായിരുന്നു. പുതിയ നിയമം ആ അവകാശം നിഷേധിക്കുകയും അതിനെ മോഷണമായി കണക്കാക്കി ജയിൽശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു. സ്വകാര്യസ്വത്ത്, വർഗ്ഗം, ഭരണകൂടം എന്നിവയെക്കുറിച്ച് മാർക്സ് ചിന്തിച്ചുതുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. തന്റെ വാദഗതികൾ യുക്തിയുക്തം നിരത്താൻ മാർക്സിനുള്ള കഴിവ് ആ പ്രതികരണങ്ങളിൽ പ്രകടമായിരുന്നു. ഉണങ്ങിയ വിറകും ചുള്ളികളും ശേഖരിക്കുന്നത് മോഷണമായി കണക്കാക്കാത്തതിനാലാണ് അത് ആവർത്തിച്ച് സംഭവിക്കുന്നതെന്ന ഒരു നിയമസഭാ സാമാജികന്റെ വാദത്തിന് മാർക്സിന്റെ മറുപടി ഇങ്ങനെയായിരുന്നു: അങ്ങനെയാണെങ്കിൽ ഈ സാമാജികന് മറ്റൊരു നിഗമനത്തിലുമെത്താം-ചെവിയിൽ നല്ലൊരു ഇടി കൊടുക്കുന്നത് കൊലപാതകമായി കണക്കാക്കാത്തതിനാലാണ് അത് തുടരെ സംഭവിക്കുന്നത്. അതിനാൽ ചെവിയിൽ ഇടിക്കുന്നത് കൊലപാതകമായി ഗണിക്കണം.

പ്രാദേശിക ഭരണകൂടം പത്രത്തിനെതിരെ നടപടികൾ തുടങ്ങി. ആദ്യം സെൻസറിംഗും പിന്നീട് പത്രത്തിന്റെ ലൈസൻസ് റദ്ദാക്കലും ഉണ്ടായി. സർക്കാരിന്റെ ഇറക്കുമതിനയം മൂലം പാവപ്പെട്ട ചെറുകിട മുന്തിരിക്കർഷകരുടെ ദയനീയാവസ്ഥയെക്കുറിച്ചും 1843 ജനുവരി നാലിലെ ലക്കത്തിൽ റഷ്യയിലെ സാർ നിക്കോളാസിന്റെ (പ്രഷ്യൻ രാജാവിന്റെ സുഹൃത്ത്) ഭരണകൂടത്തിനെതിരേയും എഴുതിയ ലേഖനവുമെല്ലാം ഈ നടപടികൾക്ക് കാരണമായി. അതോടെ മാർക്സ് പത്രത്തിന്റെ എഡിറ്റർ സ്ഥാനം രാജിവെച്ചു. ശ്രദ്ധിക്കേണ്ട വസ്തുതകൾ രണ്ടാണ്: 24-ാം വയസ്സിൽത്തന്നെ ഭരണകൂടങ്ങളെ പിടിച്ചുകുലുക്കാൻ പര്യാപ്തമായവിധം തന്റെ തൂലിക പ്രയോഗിക്കുന്നതിൽ മാർക്സ് വിജയിച്ചിരുന്നു; രണ്ടാമതായി, മാർക്സ് തന്റെ ബൗദ്ധിക ജീവിതം തുടങ്ങിയത് പാവങ്ങളുടെ പാരിസ്ഥിതിക അവകാശങ്ങൾക്കുവേണ്ടി വാദിച്ചുകൊണ്ടാണ്.

റൈൻലാൻഡിലെ കരിനിയമത്തോടുള്ള മാർക്സിന്റെ പ്രതികരണം തികച്ചും ആകസ്മികമായിരുന്നില്ല എന്നുവേണം കരുതാൻ. പത്രപ്രവർത്തനം തുടങ്ങുന്നതിനു മുൻപുതന്നെ എപിക്യൂറസിന്റെ ദർശനത്തെക്കുറിച്ച് ഗവേഷണം നടത്തി അദ്ദേഹം ഡോക്ടറേറ്റ് നേടിയിരുന്നത് മുൻപ് പറഞ്ഞുവല്ലോ. ഗവേഷണ പ്രബന്ധത്തിൽ എപിക്യൂറസിന്റേയും ഹെഗലിന്റേയും പ്രകൃതിചിന്തയെക്കുറിച്ചുള്ള ഗാഢമായ താരതമ്യപഠനങ്ങൾ നടത്തിയിരുന്നതായി ഒരു ഗവേഷകൻ പറയുന്നുണ്ട്. 'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വ'ത്തെക്കുറിച്ചുള്ള അമൂർത്തവും അധിഭൗതികവുമായ പ്രകൃതിചിന്തയായിരുന്നു ഹെഗലിന്റേത്. 'ഭൗതികപ്രകൃതി യഥാർത്ഥത്തിൽ വിശ്വചരിത്രത്തിനുമേൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു'വെന്നായിരുന്നു ഹെഗലിന്റെ നിലപാട്.

ഹെഗലിന്റെ ചിന്തയെ തലകുത്തനെ നിർത്തുന്ന മാർക്സിന്റെ ചിന്തയിൽ, ചരിത്രത്തിൽ പ്രകൃതി നേരിട്ടല്ല, പരോക്ഷമായാണ് സ്വാധീനം ചെലുത്തുന്നത്- ഉൽപ്പാദനം എന്ന മാധ്യമത്തിലൂടെ. മാർക്സിന്റെ ചിന്തയെ ഏറ്റവും ഭംഗിയായി വിശകലനം ചെയ്ത ജർമ്മൻ ചിന്തകനായ കാൾ കോർഷ്, മാർക്സിന്റെ സമീപനത്തെ ഇങ്ങനെ വിലയിരുത്തുന്നു: ചരിത്രത്തിൽ പ്രകൃതിയുടെ പരോക്ഷ സ്വാധീനമുണ്ടാകുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യർക്കിടയിലും നടക്കുന്ന ഭൗതിക ഉൽപ്പാദന പ്രക്രിയയിലൂടെയാണ്... മനുഷ്യവൃത്തികൾക്കു മുൻപുള്ള 'ശുദ്ധമായ പ്രകൃതി'ക്കു പകരം, മനുഷ്യന്റെ സാമൂഹ്യ പ്രവൃത്തികളിലൂടെ പരിവർത്തിപ്പിക്കപ്പെട്ട പ്രകൃതിയാണ് മാർക്സിന്റേത്. അതിന്റെയർത്ഥം മുതലാളിത്തം ഇഷ്ടാനുസരണം പ്രകൃതിയെ പരിവർത്തിപ്പിക്കുന്നതിനെ മാർക്സ് അംഗീകരിക്കുന്നുവെന്നല്ല. ഉപജീവനത്തിനായി മനുഷ്യന് പ്രകൃതിയുമായി പ്രതിപ്രവർത്തനം നടത്തേണ്ടിവരുന്നുവെന്ന സത്യം തിരിച്ചറിയുക മാത്രമാണ്.

മാർക്സിന്റെ ശാസ്ത്രീയ പഠനങ്ങൾ

ആധുനിക കൃഷിയെ സംബന്ധിച്ചുള്ള ഗാഢമായ ശാസ്ത്രീയ പഠനങ്ങളിൽ മാർക്സ് ഏർപ്പെട്ടിരുന്നു. അരഡസൻ ശാസ്ത്രജ്ഞരുടെ കൃതികളിലൂടെ അദ്ദേഹം നിരന്തരം ഗവേഷണം നടത്തി. അതിൽ അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് എഫ്. ഡബ്ല്യു. ജോൺസ്റ്റൺ, ജസ്റ്റസ് വോൺ ലീബിഗ് എന്നിവരുടെ ശാസ്ത്രീയ പഠനങ്ങളാണ്. പാരീസിൽനിന്ന് നാടുകടത്തപ്പെട്ട മാർക്സ്, 1849-ൽ ലണ്ടനിലേക്ക് കുടിയേറിയ ശേഷം എല്ലാ ദിവസവും ബ്രിട്ടീഷ് മ്യൂസിയത്തിൽ ഗവേഷണത്തിനായി പോവുക പതിവായിരുന്നു. താൻ വായിച്ച കൃതികളിൽനിന്ന് 1850-53 കാലഘട്ടത്തിലും 1860-കളിലും അദ്ദേഹമെടുത്ത കുറിപ്പുകളുടെ 24 നോട്ട്ബുക്കുകൾ 'ലണ്ടൻ നോട്ട്ബുക്കുകൾ' എന്നറിയപ്പെടുന്നു. ഈ നോട്ട്ബുക്കുകൾ ഗവേഷണബുദ്ധ്യാ പഠിച്ച കൊഹീ സെയ്ട്ടോ, 2017-ൽ ഇറങ്ങിയ തന്റെ പുതിയ കൃതിയിൽ 'മൂലധന'ത്തിലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കാർഷിക മെറ്റബോളിസം സംബന്ധിച്ച വിശകലനത്തിന്റെ പശ്ചാത്തലം വിവരിക്കുന്നുണ്ട്. മാർക്സ് ആർക്കൈവ്സിലെ രേഖകളുടേയും മൂലകൃതികളുടേയും പഠനങ്ങളിലൂടെ മാർക്സിനെ പുനർവായിക്കുന്ന 'മെഗാ2' പ്രോജക്ട് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തനനിരതമാണ്. അതിന്റെ ഭാഗമായി ഗവേഷണം നടത്തുകയാണ് കൊഹീ സെയ്ട്ടോ.

'മൂലധനം' ഒന്നാംവാല്യത്തിലെ പതിനഞ്ചാം അദ്ധ്യായത്തിലെ കൃഷിയേയും നഗരവൽക്കരണത്തേയും കുറിച്ചുള്ള വിചിന്തനങ്ങൾ, ലീബിഗിന്റെ 'കാർഷിക രസതന്ത്രം' എന്ന കൃതിയുടെ ഏഴാം പതിപ്പിന്റെ സ്വാധീനത്തിൽ രചിക്കപ്പെട്ടവയാണ്. ഏഴാം പതിപ്പിൽ ലീബിഗ് കടുംകൃഷിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞത്, ദീർഘവീക്ഷണമില്ലാത്ത കടുംകൃഷിയിലൂടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയെന്നത് മണ്ണിനെ കൊള്ള ചെയ്യുന്നതിനു (Robbery of the soil) തുല്യമാണ് എന്നാണ്. മണ്ണിൽനിന്ന് കവർന്നെടുക്കുന്ന മൂലകങ്ങൾ അതിലേക്ക് തിരിച്ചുനൽകാത്തതിനെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി വ്യാഖ്യാനിച്ചുകൊണ്ട് ലീബിഗ് ഇങ്ങനെ എഴുതി: മണ്ണിന്റെ ഉർവ്വരതയെ നശിപ്പിക്കാമെന്ന് ഇന്നത്തെ തലമുറ വിശ്വസിക്കുന്നത് പ്രകൃതിയുടെ ഏറ്റവും യുക്തിസഹമായ നിയമങ്ങളെ നശിപ്പിക്കലാണ്. ചംക്രമണം ചെയ്യപ്പെടുന്നത് (വിഭവങ്ങൾ) ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നു. എന്നാൽ, മണ്ണ് അതിന്റെ ഗർഭാശയത്തിൽ വഹിക്കുന്നത് ഇന്നത്തെ തലമുറയുടെയല്ല; ഭാവിതലമുറകളുടെ സമ്പത്താണ്. ആധുനിക കാലത്തെ നഗരവൽക്കരണവും തൊഴിൽ വിഭജനവും സസ്യങ്ങളുടെ പോഷണചക്രത്തിൽ സൃഷ്ടിക്കുന്ന ശൈഥില്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ലീബിഗ് വീണ്ടും: കൃഷി ചെയ്യപ്പെടുന്ന വിളകൾ തുടർച്ചയായി കയറ്റുമതി ചെയ്യപ്പെടുന്നതിലൂടെ മാത്രമല്ല, വൻ നഗരങ്ങളിൽ കുന്നുകൂടുന്ന അവയുടെ മെറ്റബോളിസത്തിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നതുമൂലവും മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നു... ഇതിനെ മെറ്റബോളിക് പിളർപ്പ് (Metabolic rift) എന്നാണ് ലീബിഗ് വിളിച്ചത്.

എന്നാൽ ലീബിഗിന്റെ ചിന്തകളെ വിമർശനരഹിതമായി മാർക്സ് സ്വീകരിച്ചില്ല. പിൽക്കാലത്ത് കാർഷിക ഭൗതികശാസ്ത്ര (Agricultural Physics) പഠനങ്ങളിലും മാർക്സ് ഏറെ സമയം ചെലവഴിച്ചു. കാർഷിക ഭൗതികശാസ്ത്രത്തിൽ മാർക്സിനെ ഏറെ ആകർഷിച്ചത് കാൾ ഫ്രാസ്സിന്റെ ഗവേഷണ പഠനങ്ങളാണ്. ലീബിഗിന്റെ 'മെറ്റബോളിക് പിളർപ്പ്' എന്നതിനു പകരം ഫ്രാസ്സ് 'മെറ്റബോളിക് പ്രതിപ്രവർത്തന'ത്തെക്കുറിച്ചാണ് (Metabolic interaction) പറഞ്ഞത്. ഫ്രാസ്സിന്റെ 'കാർഷിക പ്രതിസന്ധിയും അതിന്റെ പരിഹാരങ്ങളും' തുടങ്ങി നിരവധി കൃതികൾ മാർക്സ് വായിച്ചു. അതിൽ മാർക്സിനെ ഏറ്റവും ആകർഷിച്ചത് 'കാലാവസ്ഥയും സസ്യലോകവും കാലാന്തരത്തിൽ' എന്ന കൃതിയാണ്. മണ്ണിലേക്ക് ധാതുക്കളും (minerals) മറ്റും പുറമേനിന്നു നൽകുന്നതിനെക്കുറിച്ചു പഠിച്ച ലീബിഗിൽനിന്നു വ്യത്യസ്തമായി, കാലാവസ്ഥയും വായുവിലെ നൈട്രജനും മറ്റും സസ്യവളർച്ചയെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഫ്രാസ്സ് പഠിച്ചു. 1847-ലിറങ്ങിയ ഫ്രാസ്സിന്റെ ഈ കൃതി കാലാവസ്ഥയേയും കൃഷിയേയും കുറിച്ചുള്ള ആദ്യകാല മൗലിക രചനയാണ്. വനനശീകരണം കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്നത് ഫ്രാസ്സ് വിവരിക്കുന്നത് മാർക്സിനെ ഏറെ ആകർഷിച്ചു. കാരണം 'മെറ്റബോളിക് പിളർപ്പ്' എന്ന സങ്കല്പം ഇവിടെ മണ്ണിന്റെ ശോഷണത്തിനപ്പുറം വനനശീകരണത്തിലേക്കും വ്യാപിക്കുന്നു. മാത്രമല്ല, പാരിസ്ഥിതിക ശോഷണം കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നത് മാർക്സ് പഠനവിധേയമാക്കി.

പ്രകൃതിചിന്തയുടെ അനുസ്യൂതി

രണ്ടാംഘട്ട ഇക്കോസോഷ്യലിസ്റ്റ് ചിന്തകനായ കൊഹീ സെയ്ട്ടോ രചിച്ച 'കാൾമാർക്സിന്റെ ഇക്കോ സോഷ്യലിസം: മൂലധനവും പ്രകൃതിയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പൂർത്തീകരിക്കാത്ത വിശകലനവും' എന്ന കൃതിയുടെ മൂന്ന് അദ്ധ്യായങ്ങളുള്ള ഒന്നാംഭാഗം, മാർക്സിന്റെ പാരിസ്ഥിതിക ചിന്തയുടെ സുവ്യവസ്ഥിതമായ അനുസ്യൂതിയെ വിശകലനം ചെയ്യുന്നു. മാർക്സിന്റെ ചിന്തയിൽ സുഘടിതമായ പരിസ്ഥിതിചിന്ത ഇല്ലെന്ന വിമർശകർക്കുള്ള ശക്തമായ മറുപടിയാണിത്. സെയ്ട്ടോ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളുടേയും മാർക്സിന്റെ പ്രസക്തമായ കൃതികളുടെ സ്വതന്ത്ര വായനയുടേയും വെളിച്ചത്തിൽ മാർക്സിന്റെ പരിസ്ഥിതി ചിന്തയുടെ അനുസ്യൂതി എടുത്തുകാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

റൈൻലാൻഡ് സംഭവത്തിനു ശേഷം ഫ്രാൻസിലേക്ക് (പാരിസ്) താമസം മാറ്റിയ 1843-'44 കാലത്ത് രാഷ്ട്രീയ സമ്പദ്ശാസ്ത്ര പഠനത്തിൽ മുഴുകിയ മാർക്സ്, നിരവധി നോട്ട്ബുക്കുകൾ സൂക്ഷിച്ചിരുന്നു-അവയാണ് പാരിസ് നോട്ട്ബുക്കുകൾ. 'സാമ്പത്തികവും ദാർശനികവുമായ മാനുസ്‌ക്രിപ്റ്റ്' (1844) എന്ന മാർക്സിന്റെ കൃതി, അദ്ദേഹത്തിന്റെ പാരിസ് നോട്ടുബുക്കുകളുടെ ഒരു ഭാഗമാണ്. ആ കൃതിയുടെ അവസാന ഭാഗത്ത് ഹെഗലിന്റെ പ്രകൃതിദർശനത്തെക്കുറിച്ചുള്ള ഈ വിശകലനമുണ്ട്: അമൂർത്തമായ പ്രകൃതി-മനുഷ്യനിൽനിന്ന് വേർതിരിഞ്ഞു നിൽക്കുന്ന പ്രകൃതി-മനഷ്യന് ഒന്നുമല്ല. കൂടാതെ, ഏറ്റവുമധികം വിശകലനം ചെയ്യപ്പെടുന്ന ഈ പ്രസ്താവനയുണ്ട്: മനുഷ്യന്റെ അജൈവ ശരീരമാണ് (Inorganic body) പ്രകൃതി, മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നു-അതിന്റെയർത്ഥം പ്രകൃതി അവന്റെ ശരീരമാണെന്നാണ്. മരിക്കാതിരിക്കണമെങ്കിൽ മനുഷ്യന് പ്രകൃതിയുമായി നിരന്തരം കൊടുക്കൽ വാങ്ങലുകൾ നടത്തണം. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ്'. ഇവിടെ 'ഇൻഓർഗാനിക്ക് ബോഡി' എന്ന പ്രയോഗം അർത്ഥമാക്കുന്നത് മനുഷ്യ-മൃഗ അവയവങ്ങൾക്ക് (Organs) അപ്പുറമുള്ള പ്രകൃതി എന്നാണ്. എങ്കിലും പ്രകൃതിയെക്കുറിച്ചുള്ള ശക്തമായൊരു ഭൗതികദർശനം ഈ കൃതിയിൽ കടന്നുവരുന്നില്ല.

1844-ൽ ആരംഭിച്ച് 1846-ൽ പൂർത്തിയാക്കിയ 'ജർമ്മൻ പ്രത്യയശാസ്ത്രം' എന്ന കൃതി മാർക്സ്-ഏംഗൽസ് കൂട്ടുകെട്ടിലൂടെ പിറന്ന രണ്ടാമത്തെ രചനയാണ് (ആദ്യത്തേത് 'ദ ഹോളി ഫാമിലി'). അതിലാണ് പ്രകൃതിയെക്കുറിച്ചുള്ള ഭൗതിക ദർശനം ഉരുത്തിരിഞ്ഞുവരുന്നത്. ഈ കൃതി പൂർണ്ണരൂപത്തിൽ വെളിച്ചം കണ്ടത് 1932-ൽ മാത്രമാണ്; ഒക്ടോബർ വിപ്ലവത്തിന് 15 വർഷങ്ങൾക്കു ശേഷം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വത്തെക്കുറിച്ചുള്ള ഹെഗലിന്റെ അമൂർത്തമായ ദാർശനിക വിശകലനത്തിനു പകരം, ആ ഏകത്വം സംഭാവ്യമാകുന്ന പ്രക്രിയകളെക്കുറിച്ച് മാർക്സും ഏംഗൽസും ഇവിടെ ചിന്തിക്കുന്നു. മനുഷ്യന്റെ അദ്ധ്വാനം (Labour) പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് കടന്നുവരുന്നു. മാത്രമല്ല, ഈ ബന്ധം അമൂർത്തമല്ല, ചരിത്രപരമായി വിശകലനം ചെയ്യേണ്ടതാണെന്നും വന്നു. 1847-ലെ 'ഫിലോസഫിയുടെ ദാരിദ്ര്യം' എന്ന കൃതിയിൽ, മണ്ണ് വിപണനോപാധിയാകുന്നതുമൂലം (Huckstering of land) മനുഷ്യനും പ്രകൃതിയുമായുള്ള പിളർപ്പ് സംഭവിക്കുന്നത് സൂചിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ 1858-ലെ 'രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനത്തിന് ഒരു സംഭാവന' എന്ന കൃതിയിലും ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

ചരിത്രപരമായ പ്രകൃതിവാദം പിന്നീട് കൂടുതൽ വികസിതമാകുന്നത് 'ഗ്രണ്ടിസ്സ്' എന്ന കൃതിയിലാണ്. 'മൂലധനം' എഴുതുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി 1857-'58 കാലത്ത് ഏഴ് നോട്ടുബുക്കുകളിലായി എഴുതിയ കുറിപ്പുകളാണ് ഗ്രണ്ടിസ്സ് എന്ന കൃതിയായി പിന്നീട് പ്രസിദ്ധം ചെയ്തത്; പക്ഷേ, അതിന്റെ ജർമ്മൻ ഭാഷയിലെ എഡിഷൻ ആദ്യം പ്രസിദ്ധീകരിച്ചത് റഷ്യയിലാണ് (1939-'41). പിന്നീടതിന്റെ ജർമ്മൻ റീപ്രിന്റ് 1953-ൽ ബർലിനിലും റഷ്യൻ പരിഭാഷ 1968-'69ലും ഇംഗ്ലീഷ് പരിഭാഷ 1973-ലും മാത്രമാണ് പ്രസിദ്ധീകൃതമായത്. മൂലധനത്തിന്റെ രചനയ്ക്കുള്ള തയ്യാറെടുപ്പിൽ സ്വന്തം ചിന്തയുടെ ക്ലിഷ്ടതയ്ക്കുവേണ്ടി എഴുതപ്പെട്ട ഈ നോട്ട്ബുക്കുകളെല്ലാം ചേർത്തതാണ് 'രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനത്തിന്റെ അടിത്തറ' എന്നുകൂടി അറിയപ്പെടുന്ന 'ഗ്രണ്ടിസ്സ്' എന്ന കൃതി.

'ഗ്രണ്ടിസ്സ്' എന്ന ജർമ്മൻ വാക്കിന്റെ ഏകദേശ അർത്ഥം 'രൂപരേഖകൾ' എന്നാണ്. ആദ്യം റഷ്യനിലും പിന്നീട് ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായ കാലത്തുതന്നെ റഷ്യൻ കമ്യൂണിസത്തിന്റെ ഏകതാനതയിൽനിന്ന് മാർക്സിയൻ ചിന്തയെ രക്ഷപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച കൃതിയാണിത്. മാർക്സിന്റെ ചിന്തയുടെ പുനർവിശകലനത്തിനായി ഇന്നേറ്റവും പുനർവായിക്കപ്പെടുന്ന കൃതിയുമാണ് ഗ്രണ്ടിസ്സ്. അത്തരം പുനർവായനകളുടെ മികവുള്ളൊരു സംഗ്രഹത്തിൽ, എഡിറ്ററായ മാർസലോ മസ്തോ ഈ കൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: മാർക്സിന്റെ ചിന്തയെ പൂർണ്ണമായി (മൂലധനം അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്) മനസ്സിലാക്കാനുള്ള ഏക മാർഗ്ഗരേഖയെന്ന നിലയിലും പക്വതയെത്തിയ അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിനുള്ള ആമുഖമെന്ന നിലയിലും ഈ കൃതി ഏറെ പ്രധാനമാണ്. ഉദാഹരണത്തിന്, സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിലെ ചിന്തകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിധിവിട്ട് ഇന്ന് (21-ാം നൂറ്റാണ്ടിൽ) നമുക്കു ചുറ്റും കാണുന്ന മുതലാളിത്ത സമൂഹത്തിലെ മനുഷ്യന്റെ ആവശ്യമില്ലാത്ത യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ഉൽപ്പാദന രീതികളിലേക്കും അന്യവൽക്കരണത്തിന്റെ പുതിയ രൂപങ്ങളിലേക്കും വരെ വെളിച്ചം വീശുന്നുണ്ട്... ചുരുക്കത്തിൽ മാർക്സിന്റെ ചിന്തയുടെ ഏറ്റവും സമ്പന്നമായ രേഖയെന്ന് അതിനെ വിശേഷിപ്പിക്കാം.

'ഗ്രണ്ടിസ്സി'ലെ മാർക്സിന്റെ പരിസ്ഥിതിചിന്തയിലേക്കുതന്നെ നമുക്കു മടങ്ങാം. പരസ്പര ബന്ധിതമായ ഇനിപ്പറയുന്ന അഞ്ച് മേഖലകളിലൂടെയാണ് ഗ്രണ്ടിസ്സിലെ പ്രകൃതി-സമൂഹം വൈരുദ്ധ്യാത്മക ബന്ധം ചുരുളഴിയുന്നതെന്ന് ജോൺ ബല്ലമി ഫോസ്റ്റർ ചൂണ്ടിക്കാണിക്കുന്നു: പൊതുവായ ഉൽപ്പാദനത്തേയും അതിന്റെ ചരിത്രപരമായ വകഭേദങ്ങളേയും ഉൾക്കൊള്ളുന്ന ഒരു ഭൗതിക വിശകലനം സാധ്യമാക്കുന്നതിനുള്ള യത്‌നം. മൂലധനവുമായുള്ള ബന്ധത്തിനു പുറത്ത്, സമൂഹവും പ്രകൃതിയുമായുള്ള ബന്ധത്തിൽ മനുഷ്യന്റെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാമെന്നതിനെക്കുറിച്ചുള്ള ഒരു സിദ്ധാന്തം.

മുതലാളിത്തപൂർവ്വ സമ്പദ്വ്യവസ്ഥകൾ പ്രാകൃത ശേഖരണത്തിലൂടെ (Primitive accumulation) ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ വിശകലനത്തിലൂടെ ഉൽപ്പാദനം പ്രകൃതിയെ എങ്ങനെ കയ്യേറ്റം ചെയ്യുന്നുവെന്നതിനെ വ്യക്തമാക്കൽ. മൂലധനത്തിന്റെ ബാഹ്യ പരിധികളേയും പ്രതിബന്ധങ്ങളേയും കുറിച്ചുള്ള സമസ്യകൾ. ജനസംഖ്യയും ഭൂമിയിലെ മനുഷ്യവാഴ്ചയും സംബന്ധിച്ച മാൽത്തസിന്റെ നിഗമനങ്ങളെ പ്രതിരോധിക്കൽ.

1844-ലെ മാനുസ്‌ക്രിപ്റ്റിലെ പ്രകൃതിയും മനുഷ്യനുമായുള്ള വേർതിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചുള്ള വിശകലനം ഗ്രണ്ടിസ്സിൽ വീണ്ടും വിപുലീകൃതമാകുന്നു. പ്രകൃതിയുമായി മനുഷ്യനുണ്ടാകുന്ന 'മെറ്റബോളിക് പിളർപ്പ്' എന്ന സങ്കല്പത്തെ കൃഷിയുടെ വ്യവസായവൽക്കരണത്തിന്റെ സന്ദർഭത്തിൽ ഗ്രണ്ടിസ്സിൽ വിലയിരുത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ കൃഷി നിലനിർത്താൻ പെറുവിൽനിന്നുള്ള കടൽക്കാക്കയുടെ കാഷ്ഠം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് പറയുന്നതാണ് സന്ദർഭം: കാർഷിക ഉൽപ്പാദനം ഇപ്പോൾ നടക്കുന്നത് അതിന്റെ സ്വാഭാവികവും സ്വച്ഛന്ദവുമായ പ്രകൃതി വ്യവസ്ഥകളിലൂടെയല്ല... ഇപ്പോഴത് പ്രകൃതിയിൽനിന്ന് സ്വതന്ത്രമായ ഒരു വ്യവസായമായി മാറിയിരിക്കുന്നു... ഈ വിച്ഛിത്തിയിലൂടെ മനുഷ്യന്റെ കാർഷിക ഉൽപ്പാദനത്തിൽ പ്രകൃതിയുമായള്ള പാരസ്പര്യം നഷ്ടമാകുന്നു. മറ്റൊരിടത്ത്, മനുഷ്യസമൂഹങ്ങൾക്ക് ഭൂമിയുമായുളള ബന്ധങ്ങൾ, മുതലാളിത്ത ഉൽപ്പാദനബന്ധങ്ങളിലൂടെ ചരിത്രപരമായി ശിഥിലമാകുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. 21 സമാനമായ നിരീക്ഷണങ്ങൾ ഇതേ കൃതിയിൽ മറ്റിടങ്ങളിലുമുണ്ട്. ഈ 'ശിഥിലമാകൽ' മുതലാളിത്തത്തിനു കീഴിൽ മനുഷ്യനും പ്രകൃതിയുമായി സംഭവിക്കുന്ന മെറ്റബോളിക് പിളർപ്പ് ആയിത്തീരുന്നതിനെക്കുറിച്ച് ഇങ്ങനേയും പറയുന്നുണ്ട്: ജീവിക്കുന്ന, സക്രിയമായ മനുഷ്യസമൂഹത്തിന് പ്രകൃതിയുമായുളള ഏകത്വമല്ല, പ്രകൃതിപരമായ അജൈവ വ്യവസ്ഥകളിലൂടെ അവർ പ്രകൃതിയുമായി നടത്തുന്ന മെറ്റബോളിക് കൈമാറ്റവും അതിലൂടെ പ്രകൃതിയുടെ കൈവശപ്പെടുത്തലും അതിന്റെ ചരിത്രപരതയുമാണ് വിശകലനം ചെയ്യേണ്ടത്. 'മൂലധന'ത്തിന്റെ ഒന്നും മൂന്നും വാല്യങ്ങളിൽ പാരിസ്ഥിതികചിന്തകൾ അനുസ്യൂതം നിലനിൽക്കുന്നുണ്ട്. മാർക്സിന്റെ പ്രകൃതിചിന്ത സംയുക്തികമായി വളരുക തന്നെയാണുണ്ടായത്.

പ്രകൃതിയുടെ പരിധികളും മെറ്റബോളിക് പിളർപ്പും

പ്രകൃതിയിലെ സ്വാഭാവിക പരിധികളെ മൂലധനത്തിന്റെ നിരന്തര വളർച്ച വിനാശകരമായി ഉല്ലംഘിക്കുന്നതിനെക്കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: മൂലധനം എല്ലായിടത്തും കടന്നുകയറി പ്രകൃതിയേയും മനുഷ്യരുടെ സാമൂഹ്യബന്ധങ്ങളേയും ഇല്ലായ്മ ചെയ്ത് ബൂർഷ്വാസമൂഹം സൃഷ്ടിക്കുന്നു. ചരിത്രത്തിലാദ്യമായി പ്രകൃതി ഉപയോഗിക്കപ്പെടാൻ മാത്രമുള്ള വസ്തുവായി ഇകഴ്ത്തപ്പെടുന്നു; അതിന്റെ സഹജമായ ശക്തികളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഇല്ലാതാകുന്നു. ഉൽപ്പാദനത്തിനുള്ള ഉപാധിയായോ ഉപഭോഗത്തിനുള്ള വസ്തുവായോ മാറ്റുന്നതിലൂടെ പ്രകൃതിയെ മനുഷ്യാവശ്യങ്ങൾക്കായി കീഴ്‌പെടുത്തുന്നു. എല്ലാവിധ പരിധികളേയും പ്രതിബന്ധങ്ങളേയും മൂലധനം ഉല്ലംഘിക്കുന്നു. പ്രൊമിത്തിയൻ സാമ്പത്തിക വികാസത്തെ മാർക്സ് അംഗീകരിച്ചുവെന്ന ചിലരുടെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇത്തരം നിരീക്ഷണങ്ങൾ. പ്രകൃതിയുടെ പരിധികളെക്കുറിച്ച് മാർക്സ് ബോധവാനായിരുന്നു; എന്നാലത് മാൽത്തസിന്റെ ദുരന്തബോധമായിരുന്നില്ല.

കാർഷിക ഉൽപ്പാദനം അങ്കഗണിതാനുസാരിയായി മാത്രമേ വർദ്ധിക്കുവെന്നും ജനസംഖ്യ ജ്യാമിതീയമായി വർദ്ധിക്കുമെന്നതിനാൽ ഭാവിയിൽ കാർഷിക ഉൽപ്പാദനത്തിന്റെ പരിധികളെത്തുന്നതുമൂലം വലിയ തോതിൽ പട്ടിണിമരണങ്ങളും മറ്റും സംഭവിക്കുമെന്ന മാൽത്തസിന്റെ സിദ്ധാന്തത്തെ മാർക്സ് നിശിതമായി എതിർത്തു. ഇത്തരമൊരു സാർവ്വലൗകിക നിർണ്ണയം അശാസ്ത്രീയമാണെന്നും ഓരോ സമൂഹങ്ങളിലും നിലവിലുള്ള ഉൽപ്പാദന-വിതരണ വ്യവസ്ഥകൾക്കനുസരിച്ചാകും ജനസംഖ്യയുടെ നിലനിൽപ്പ് വിലയിരുത്താനാവുകയെന്നും മാർക്സ് യുക്തിയുക്തം വെളിപ്പെടുത്തി. മാൽത്തസിന്റെ സിദ്ധാന്തത്തിന്റെ അമൂർത്തതയും പ്രതിലോമപരതയും മാർക്സ് ശക്തമായി വിശകലനം ചെയ്തു.

മുതലാളിത്ത ഉൽപ്പാദനത്തിൽ മനുഷ്യനും പ്രകൃതിയുമായി നടക്കുന്ന 'മെറ്റബോളിക് പിളർപ്പ്' എന്ന സങ്കല്പത്തിന്റെ വിപുലനം മൂലധനത്തിലും മാർക്സ് തുടരുന്നു. മൂലധനം ഒന്നാം വാല്യത്തിൽ, മനുഷ്യനും പ്രകൃതിയുമായുള്ള മെറ്റബോളിക് പ്രതിപ്രവർത്തനം അദ്ധ്വാനത്തിലൂടെ സാദ്ധ്യമാകുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: മനുഷ്യൻ അവന്റെ പ്രവൃത്തികളിലൂടെ അവനും പ്രകൃതിയുമായുള്ള മെറ്റബോളിസത്തിന് മദ്ധ്യസ്ഥം വഹിക്കുകയും അതിനെ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അദ്ധ്വാനം. തുടർന്ന് നിരവധി പേജുകളിൽ ഈ മെറ്റബോളിസം ചർച്ച ചെയ്യുന്നുണ്ട്. ഈ മെറ്റബോളിക് കൈമാറ്റത്തെ നിയന്ത്രിക്കുകയും അതിനുള്ള പരിഹാരമായി 'സ്വതന്ത്രമായി കൂട്ടുൽപ്പാദനം നടത്തുന്ന' (Freely associated producers) ഒരു സമൂഹത്തിന്റെ സൃഷ്ടിയെക്കുറിച്ചും മാർക്സ് പറയുന്നു. 'മൂലധനം' എന്ന മാർക്സിന്റെ കൃതിയുടെ പാരിസ്ഥിതിക വായന നടത്തുന്ന തന്റെ കൃതിയിലെ മൂന്നാം അദ്ധ്യായത്തിന് കൊഹീ സെയ്ട്ടോ നൽകുന്ന തലക്കെട്ട്, 'മൂലധനം മെറ്റബോളിസത്തെക്കുറിച്ചുള്ള സിദ്ധാന്തമായി' എന്നാണ്. മാർക്സിന്റെ 'മൂല്യസിദ്ധാന്ത'വുമായി അതിനെ ഗാഢമായി ബന്ധിപ്പിക്കുന്നുമുണ്ട്.

പ്രകൃതിയും മനുഷ്യനും തമ്മിൽ സംഭവിക്കുന്ന മെറ്റബോളിക് പിളർപ്പിനെക്കുറിച്ച് മൂലധനത്തിന്റെ ഒന്നാംവാല്യത്തിലെ പതിനഞ്ചാം അദ്ധ്യായത്തിൽ മാർക്സ് കുറിച്ചിട്ട ഇനിപ്പറയുന്ന ഖണ്ഡികകൾ ലീബിഗിന്റ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണെന്ന് സെയ്ട്ടോ സാക്ഷ്യപ്പെടുത്തുന്നു. മൂലധനത്തിലെ ഖണ്ഡികകൾ: മുതലാളിത്ത ഉൽപ്പാദനം മനുഷ്യരെ നഗരങ്ങളിൽ കേന്ദ്രീകരിക്കുക വഴി, നഗരജനസംഖ്യക്ക് നിരന്തരമായി വർദ്ധിക്കുന്ന പ്രാധാന്യം നൽകുന്നു. ഇതിന് രണ്ട് ഫലങ്ങളുണ്ട്. ഒന്നാമതായി അത് സമൂഹത്തിന്റെ ചാലകശക്തിയെ കേന്ദ്രീകരിക്കുന്നു. രണ്ടാമതായി അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റബോളിക് പ്രതിപ്രവർത്തനം തടസ്സപ്പെടുത്തുന്നു. അതായത് ഭക്ഷണത്തിന്റേയും വസ്ത്രങ്ങളുടേയും (പരുത്തിവസ്ത്രങ്ങൾ) രൂപത്തിൽ നാഗരിക മനുഷ്യർ ഉപഭോഗം ചെയ്ത പ്രകൃതിയുടെ മൂലകങ്ങൾ മണ്ണിലേക്ക് മടങ്ങുന്നതിനെ തടയുന്നു.

അതിലൂടെ മണ്ണിന്റെ സുസ്ഥിരമായ ഫലപുഷ്ടിയുടെ നിതാന്തമായ പ്രകൃതിവ്യവസ്ഥകളെ തകിടം മറിക്കുന്നു. തുടർന്ന് അടുത്ത പേജിൽ ഇങ്ങനെയും: കൂടാതെ മുതലാളിത്ത കൃഷിയിലെ എല്ലാ പുരോഗതിയും തൊഴിലാളിയെ മാത്രമല്ല, മണ്ണിനേയും കൊള്ളയടിക്കുന്ന കലയാണ്. മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പുരോഗതി, അതിന്റെ ദീർഘകാല ഫലപുഷ്ടി ഇല്ലാതാക്കുന്ന പ്രക്രിയ കൂടിയാണ്. അമേരിക്കൻ ഐക്യനാടുകളിലെപ്പോലെ, ഒരു രാജ്യം അതിന്റെ വികസനത്തിനായി വൻകിട വ്യവസായത്തെ എത്രയധികം ആശ്രയിക്കുന്നുവോ അത്രയധികം (മണ്ണിന്റെ) ഈ വിനാശം വർദ്ധിക്കുന്നു. അങ്ങനെ മുതലാളിത്ത ഉൽപ്പാദനം സാങ്കേതികവിദ്യയേയും ഉൽപ്പാദനത്തിന്റെ സാമൂഹ്യപ്രക്രിയകളുടെ തോതിനെയും വികസിപ്പിക്കുമ്പോൾ, സമ്പത്തിന്റെ മൗലിക സ്രോതസ്സുകളായ മണ്ണിനേയും തൊഴിലാളിയേയും ശോഷിപ്പിക്കുന്നു. 'മൂലധന'ത്തിന്റെ മൂന്നാം വാല്യത്തിലെ 47-ാം അദ്ധ്യായത്തിലും ഇതേ ചിന്തകൾ കൂടുതൽ ശക്തമായി ആവർത്തിക്കുന്നുണ്ട്. അതിനാൽ മാർക്സിന്റെ കൃതികളിലെ ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് ഇക്കോസോഷ്യലിസ്റ്റുകൾ ആഘോഷിക്കുകയല്ലെന്ന് വ്യക്തമാകുന്നു.

കൃഷിയിലെ മെറ്റബോളിക് പിളർപ്പ് എന്ന സങ്കല്പം ലീബിഗിന്റെ 'മണ്ണിനെ കൊള്ളയടിക്കുന്നു.' എന്ന സങ്കല്പത്തിൽ അധിഷ്ഠിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. ഇതേ സങ്കല്പം വൻകിട വ്യവസായിക ഉൽപ്പാദനത്തിലേക്കും മാർക്സ് വ്യാപിപ്പിക്കുന്നുണ്ട്. മണ്ണിനെ ശ്രദ്ധയോടെ പരിചരിച്ചാൽ അത് നിതാന്തമായ ഉൽപ്പാദന സ്രോതസ്സായി നിലനിൽക്കും. വൻകിട വ്യവസായ ഉൽപ്പാദനത്തിലാകട്ടെ, യന്ത്രങ്ങളും മറ്റും നിരന്തരം മാറ്റി സ്ഥാപിക്കുകയോ പുതുക്കുകയോ വേണം; അവയ്ക്ക് ചിരസ്ഥായിയായ നിലനിൽപ്പില്ല. അത്തരമുള്ള മുതലാളിത്ത ഉൽപ്പാദനത്തിനും ഭൂമിയെ തുടർച്ചയായി കൊള്ളയടിച്ചുകൊണ്ടിരിക്കണം. അങ്ങനെ, വൻകിട വ്യവസായിക കൃഷിയും വൻകിട വ്യവസായവും (ഭൂമിക്കുമേൽ) ഒരേ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്നും മാർക്സ് പറയുന്നു. വൻകിട സാങ്കേതികവിദ്യയിലധിഷ്ഠിതമായ അനിയന്ത്രിത ഉൽപ്പാദനവളർച്ചയ്ക്ക് മാർക്സ് എതിരായിരുന്നുവെന്നതും 'പ്രകൃതിപരമായ പരിധികൾ' (Natural limits) മാർക്സ് അംഗീകരിച്ചുവെന്നതിന് തെളിവാണ്. എന്നാലത് മാൽത്തസിന്റെ ദുരന്തദർശനമല്ല; മറിച്ച്, നൈതികതയും സമത്വവും ഉറപ്പുവരുത്താൻ ഉൽപ്പാദനവും വിതരണവും സമൂഹഘടനയും പുനർരചിക്കേണ്ടതിനായുള്ള നവദർശനമാണ്.

ലീബിഗിനെ കടന്നുപോകുന്നു

മനുഷ്യനും പ്രകൃതിയുമായി സംഭവിക്കുന്ന മെറ്റബോളിക് പിളർപ്പ് എന്ന ലീബിഗിന്റെ സങ്കല്പം ക്രമേണ മാൽത്തൂസിയൻ ചിന്തകരുടെ ദുരന്തബോധത്തിനനുസൃതമായി വികസിതമായത് മാർക്സിനെ കൂടുതൽ പഠനങ്ങൾക്ക് പ്രേരിപ്പിച്ചു. തന്റെ കൃതിയുടെ 'മാർക്സിന്റെ ഇക്കോളജി 1868-നു ശേഷം' എന്ന ആറാമത്തേയും അവസാനത്തേയും അദ്ധ്യായത്തിൽ, മാർക്സിന്റെ 1868 മുതലുള്ള തുടർപഠനങ്ങൾ കൊഹീ സെയ്ട്ടോ വിശദീകരിക്കുന്നുണ്ട്. ലീബിഗിന്റെ സിദ്ധാന്തത്തെ നിരാകരിക്കാതെ തന്നെ, മൂലധനത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ നഗരവും ഗ്രാമവും തമ്മിലുള്ള ഈ പിളർപ്പ് അസ്തമിക്കുന്നതും പ്രകൃതിയുമായുള്ള മെറ്റബോളിക് പ്രതിപ്രവർത്തനത്തെ യുക്തിസഹമായി നിയന്ത്രിക്കുന്നതുമായ കൂട്ടുൽപ്പാദകരുടെ സമൂഹം നിലവിൽ വരുന്നതിനെക്കുറിച്ച് മാർക്സ് പറയുന്നുണ്ട്.

ലീബിഗിന്റെ സിദ്ധാന്തം അംഗീകരിച്ചുകൊണ്ടുതന്നെ അതിനെ കടന്നുപോയി മനുഷ്യയുക്തികൊണ്ട് 'പാരിസ്ഥിതിക പിളർപ്പ്' പരിഹരിക്കുകയെന്ന ഒരു സോഷ്യലിസ്റ്റ് സമൂഹ ലക്ഷ്യം മാർക്സ് അങ്ങനെ ആവിഷ്‌കരിക്കുന്നു. മാത്രമല്ല, ലീബിഗിന്റെ കൃഷിയെക്കുറിച്ചുള്ള 'രസതന്ത്ര'വീക്ഷണത്തിനപ്പുറം കാർഷിക ഭൗതികശാസ്ത്ര പഠനങ്ങൾക്കും മാർക്സ് ഏറെ സമയം വിനിയോഗിച്ചുവെന്ന് മുൻപ് പറഞ്ഞുവല്ലോ. അതിന്റെ വിശദാംശങ്ങളിലേക്കെല്ലാം സെയ്ട്ടോ വെളിച്ചം വീശുന്നുണ്ട്.


ഫ്രാസ്സിന്റെ കാർഷിക ഭൗതികശാസ്ത്ര കൃതി വായിച്ചശേഷം മാർക്സ് തന്റെ നോട്ട്ബുക്കിൽ കുറിച്ച ഈ ഖണ്ഡിക സെയ്ട്ടോ തന്റെ കൃതിയിൽ കൊടുക്കുന്നുണ്ട്: ഒരു പ്രദേശത്തെ വനനശീകരണം-പ്രത്യേകിച്ചും വരണ്ട മണലോ ചുണ്ണാമ്പ് കലർന്നതോ ആയ മണ്ണുള്ള പ്രദേശങ്ങളിൽ-ചൂട് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സസ്യാവൃതമായ വനപ്രദേശങ്ങൾ ഫലപുഷ്ടിയില്ലാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടുമൂലം ഏറെ തപിക്കുന്നില്ല. മാത്രമല്ല, കൂടുതൽ ഈർപ്പവും ജലാർദ്രതയും നിലനിർത്തുന്നു. (അതുമൂലം)... അവ കൂടുതൽ മഴയെ ആകർഷിക്കുന്നു. വായുവിലെ ഈർപ്പത്തിന്റെ വ്യാപനം കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു. ഇവ്വിധം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മാർക്സ് ചിന്തിക്കുകയും പഠിക്കുകയും ചെയ്തതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ നോട്ട്ബുക്കിലുണ്ട്.

പുരാതന സംസ്‌കാരങ്ങൾ വനനാശംമൂലമുള്ള കാലാവസ്ഥാവ്യതിയാനവും കൃഷിനാശവുംകൊണ്ട് തകർന്നതിനെക്കുറിച്ചുള്ള ഫ്രാസ്സിന്റേയും ജോൺ ടക്കറ്റിന്റേയും ഹംബോൾട്ടിന്റേയും മറ്റും നിഗമനങ്ങൾ മാർക്സ് ശ്രദ്ധയോടെ പഠിച്ചിരുന്നു. പഠനങ്ങളുടെ നേരിട്ടുള്ള സ്വീകരണമല്ല, തന്റെ ചിന്തയിലൂടെ വിവേചനബുദ്ധ്യാ അവയെ ഉപയോഗിച്ചതിന്റെ തെളിവായി സെയ്ട്ടോ പറയുന്നു: കൂട്ടുൽപ്പാദകരുടെ ബോധപൂർവ്വമായ സാമൂഹികനിയന്ത്രണത്തിലൂടെ, പ്രകൃതിയും മനുഷ്യസംസ്‌കാരവും തമ്മിലുള്ള മെറ്റബോളിസത്തിന്റെ സന്തുലനം നിലനിർത്താൻ സാധ്യമാണെന്നും അത് അനിവാര്യമാണെന്നും ഫ്രാസ്സിൽനിന്ന് വ്യത്യസ്തമായി മാർക്സ് ചിന്തിച്ചു. പാരിസ്ഥിതിക പ്രതിസന്ധി സാമൂഹിക ഉൽപ്പാദനത്തിന്റെ ഭൗതിക അടിത്തറയ്ക്ക് ഭീഷണിയാണ്. അതിനാൽ പ്രകൃതിയുമായി സുസ്ഥിരമായൊരു ബന്ധം നിലനിർത്താൻ മനുഷ്യർ നിർബ്ബന്ധിതരാകും.

ചരിത്രാതീതകാലം മുതൽ മനുഷ്യനും പ്രകൃതിയുമായി ഒരു പിളർപ്പ് നിലനിന്നിരുന്നുവെങ്കിലും മുതലാളിത്ത ഉൽപ്പാദനത്തിന്റെ കാലത്ത് അതിനു കൈവന്ന സവിശേഷതകൾ എടുത്തുകാണിക്കുകയാണ് മാർക്സ് ചെയ്തത്. പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പെടുത്തൽ, യന്ത്രങ്ങളുടെ നിർമ്മിതി, കൃഷിയിലും വ്യവസായത്തിലും രസതന്ത്രത്തിന്റെ പ്രയോഗം, നീരാവികൊണ്ടുള്ള ഗതാഗതം, റെയിൽവേ, ഇലക്ട്രിക് ടെലഗ്രാഫ്, ഭൂഖണ്ഡങ്ങൾ തെളിച്ച് കൃഷി, കനാലുകൾ കീറി നദികളെ വരുതിയിലാക്കൽ, വൻകിട ജനസംഖ്യാ വർദ്ധനവ്... ബൂർഷ്വാസി അവരുടെ നൂറുവർഷത്തെ ചുരുങ്ങിയ ഭരണകാലത്ത് മുൻപുള്ള തലമുറകളെല്ലാം സൃഷ്ടിച്ചതിൽ കൂടുതൽ വമ്പിച്ചതും ഭീമാകാരമായതുമായ ഉൽപ്പാദകശക്തികളെ സൃഷ്ടിച്ചുവെന്ന രീതിയിൽ 1848-ലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ, അമിത ഉൽപ്പാദനത്തെ പ്രശംസിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള പരാമർശങ്ങളിൽനിന്ന് വലിയൊരു പാരിസ്ഥിതിക അവബോധത്തിലേക്ക് മാർക്സ് പിൽക്കാലത്ത് വളർന്നെത്തി.

തന്റെ കൃതിയുടെ ആറാം അദ്ധ്യായത്തിന്റെ അവസാനം സെയ്ട്ടോ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: മനുഷ്യനും പ്രകൃതിയുമായുള്ള പാരിസ്ഥിതിക പ്രതിപ്രവർത്തനം ബോധപൂർവ്വം പുനർവിന്യസിച്ച്, ഉൽപ്പാദനത്തിന്റെ സ്വകാര്യ സ്വഭാവം നിർത്തലാക്കി, സുസ്ഥിരവും നീതിപൂർവ്വകമായൊരു ഉൽപ്പാദനവ്യവസ്ഥ സൃഷ്ടിക്കുകയെന്ന സോഷ്യലിസ്റ്റ് ലക്ഷ്യം നേടുന്നതിലേക്കാണ് മാർക്സിന്റെ പാരിസ്ഥിതിക പഠനങ്ങൾ ചെന്നെത്തിയത്. മുതലാളിത്തത്തിന്റെ പ്രകൃതിപരമായ വൈരുദ്ധ്യങ്ങളും പരിമിതികളും അദ്ദേഹം തിരിച്ചറിഞ്ഞു. മെഗാ2 പദ്ധതിയുടെ ഭാഗമായി കൂടുതൽ പ്രസിദ്ധീകരണങ്ങളും പഠനങ്ങളും പുറത്തുവരുമ്പോൾ മാർക്സിന്റെ ചിന്തയുടെ പുതിയ തലങ്ങൾ ഇനിയും അനാവൃതമാകും.

മാർക്സും ഏംഗൽസും ഊർജ്ജവും

സമ്പദ്വ്യവസ്ഥയും ഊർജ്ജവും തമ്മിലുള്ള ബന്ധം മാർക്സിന്റെ ചിന്തയിലെ അഭാവമാണെന്ന് ചിലർ വിമർശിക്കാറുണ്ട്. ഇതേക്കുറിച്ച് പറയുമ്പോൾ നാം ഓർത്തിരിക്കേണ്ട വസ്തുത, മാർക്സിന്റെ ജീവിതകാലത്ത് പ്രബലമായിരുന്ന ഏക അശ്മക ഊർജ്ജവിഭവം കൽക്കരി ആയിരുന്നുവെന്നതാണ്. 1854-ൽ അമേരിക്കയിൽ എണ്ണ കണ്ടെത്തിയിരുന്നുവെങ്കിലും അതിന്റെ വ്യാപകമായ ഉപയോഗം മാർക്സിന്റെ ജീവിതകാലത്ത് സംഭവിച്ചിരുന്നില്ല. എങ്കിലും, കൽക്കരിയെക്കുറിച്ചും നീരാവിയന്ത്രത്തെക്കുറിച്ചും വ്യവസായ വികസനത്തിൽ അവയുടെ പങ്കിനെക്കുറിച്ചുമുള്ള വിശകലനങ്ങൾ 'മൂലധന'ത്തിലെ ഒന്നാം വാല്യത്തിലെ 'യന്ത്രങ്ങളും വൻകിട വ്യവസായവും' എന്ന പതിനഞ്ചാം അദ്ധ്യായത്തിലും മൂന്നാം വാല്യത്തിലെ 'സ്ഥിരമൂലധനത്തിന്റെ ഉപയോഗത്തിലെ മിതവ്യയം' എന്ന അഞ്ചാം അദ്ധ്യായത്തിലും വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

മാർക്സിന്റേയും ഏംഗൽസിന്റേയും ഊർജ്ജശാസ്ത്രപഠനങ്ങളെക്കുറിച്ച് ഇപ്പോൾ ഏറെ തെളിവുകൾ ലഭ്യമാണ്. മാർക്സും ഏംഗൽസും ഊർജ്ജവും സമ്പദ്വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെ ബോധവാന്മാരായിരുന്നില്ലെന്നും കാർഷിക ഊർജ്ജശാസ്ത്രത്തിന്റെ പ്രയോക്താവായ പൊഡോലിൻസ്‌കിയെ അവർ അവഗണിച്ചുവെന്നുമുള്ള രീതിയിൽ വന്നിട്ടുള്ള വിമർശനങ്ങളെ ആദ്യം പരിശോധിക്കാം.

യുക്രേനിയൻ ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റു ചിന്തകനുമായ എസ്. പൊഡോലിൻസ്‌കി (1850-1891), ജർമ്മൻ സോഷ്യലിസ്റ്റ് ചിന്തകനായ ഓട്ടോ ന്യൂറത്ത് (1882-1945) എന്നിവരാണ് ഊർജ്ജത്തേയും സമ്പദ്ശാസ്ത്രത്തേയും കുറിച്ച് ചിന്തിച്ച ആദ്യകാല സോഷ്യലിസ്റ്റ് ചിന്തകർ. ഹരിത സമ്പദ്ശാസ്ത്രത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവ് എന്നും ചിലർ പൊഡോലിൻസ്‌കിയെ വിശേഷിപ്പിക്കാറുണ്ട്. ഊർജ്ജവിനിയോഗം, വ്യയം ചെയ്യൽ (Entropy), ഭൗതിക പരിധികൾ എന്നിവ സാമ്പത്തികശാസ്ത്രത്തിന് ഒഴിച്ചുകൂടാനാവാത്ത വസ്തുതകളാണെന്ന് പൊഡോലിൻസ്‌കി 1881-'83 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച 'സോഷ്യലിസവും ഭൗതികശക്തികളുടെ ഏകത്വവും' എന്ന പ്രബന്ധത്തിൽ പറഞ്ഞു. പൊഡോലിൻസ്‌കിയുടെ സിദ്ധാന്തത്തെ 'കാർഷിക ഊർജ്ജശാസ്ത്രം' (Agricultural Energetics) എന്നു ചുരുക്കിപ്പറയാം. മാർക്സിന്റെ 'മിച്ചമൂല്യം' (Surplus value) അഥവാ മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം (Labour Theory of value) എന്ന സങ്കല്പത്തെ നവീകരിക്കുകയും വിപുലീകരിക്കുകയുമാണ് പൊഡോലിൻസ്‌കി ചെയ്തത്; മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തെ മൂല്യത്തിന്റെ ഊർജ്ജസിദ്ധാന്തവുമായി (Energy Theory of value) അദ്ദേഹം വിളക്കിച്ചേർത്തുവെന്ന് പറയാം. മാർക്സിയൻ ചിന്തയിൽ, ഉൽപ്പാദനവേളയിൽ ഉൽപ്പന്നത്തിന് മൂല്യവർദ്ധനവ് സൃഷ്ടിക്കുന്നത് തൊഴിലാളിയുടെ അദ്ധ്വാനമാണ്. ഇതാണ് സരളമായി പറഞ്ഞാൽ മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം. അദ്ധ്വാനത്തിന്റെ ഉൽപ്പാദനത്തിലെ സംഭാവന നിരാകരിക്കാതെ മൂല്യവർദ്ധനവിൽ ഊർജ്ജം വഹിക്കുന്ന പങ്ക് കൂടി ഉൾപ്പെടുത്തുകയാണ് പൊഡോലിൻസ്‌കി ചെയ്തതെന്ന് പറയാം.

പൊഡോലിൻസ്‌കിയുടെ സിദ്ധാന്തത്തിന്റെ സരളമായ രത്‌നച്ചുരുക്കം ഇനി പറയാം. പൊഡോലിൻസ്‌കി തന്റെ പഠനം ആരംഭിക്കുന്നത് താപ ബലതന്ത്രത്തിന്റെ ഒന്നാം നിയമം (First law of Thermodynamics) സൂചിപ്പിച്ചുകൊണ്ടാണ്: ഊർജ്ജം സൃഷ്ടിക്കാൻ കഴിയില്ല, അതിനാൽ ഊർജ്ജമില്ലെങ്കിൽ മനുഷ്യാദ്ധ്വാനത്തിന് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഊർജ്ജരൂപത്തെ മറ്റൊന്നായി രൂപാന്തരപ്പെടുത്താൻ മാത്രമാണ് അദ്ധ്വാനത്തിന് കഴിയുക. ഭൂമിയിൽ ലഭ്യമായ എല്ലാ ഊർജ്ജവും സൂര്യനിൽനിന്ന് ഉൽഭവിക്കുന്നു. ഈ സൗരോർജ്ജത്തിന്റെ രൂപപരിണാമങ്ങളുടെ പ്രത്യക്ഷങ്ങളാണ് എല്ലാ ജൈവ-ഭൗതിക (Bio-physical) പ്രക്രിയകളും. 'ഉൽപ്പാദകശക്തികൾ' എന്ന മാർക്സിയൻ സങ്കല്പത്തിൽ ഇത്തരം ജൈവ-ഭൗതിക പ്രക്രിയകൾക്കും ഇടം നൽകണം. താപവ്യതിയാനങ്ങൾ ഊർജ്ജത്തിന്റെ രൂപപരിണാമത്തിന് പരമപ്രധാനമാണ്. ജലം നീരാവിയായി മഴയുണ്ടാകുന്നതും ജലം തണുത്തുറഞ്ഞ് മഞ്ഞുകട്ടകളാകുന്നതും തിരമാലകളും കാറ്റും ഉണ്ടാകുന്നതും ചെടികൾ പ്രഭാകലനത്തിലൂടെ ഭക്ഷണവും (Nutritive substances), ജ്വലനയോഗ്യമായ വസ്തുക്കളും (തടി, കൽക്കരി, എണ്ണ തുടങ്ങിയ Combustible materials) നിർമ്മിക്കുന്നതും എല്ലാം സൗരോർജ്ജത്തിന്റെ രൂപപരിണാമങ്ങളിലൂടെയാണ്. അങ്ങനെ ഊർജ്ജം ശേഖരിച്ച് സസ്യങ്ങൾ ഉണ്ടാക്കുന്ന ആഹാരവും വസ്തുക്കളുമാണ് മനുഷ്യരേയും ഇതര ജീവജാലങ്ങളേയും നിലനിർത്തുന്നത്.

ഊർജ്ജത്തിന്റെ വർദ്ധിച്ച ശേഖരണത്തിനു സഹായിക്കുന്ന പ്രക്രിയയാണ് പാരമ്പര്യ കൃഷി. ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ കാർഷിക ഉൽപ്പാദനരീതികളുടെ താരതമ്യപഠനത്തിലൂടെയാണ് പൊഡോലിൻസ്‌കി തന്റെ നിഗമനങ്ങളിലെത്തിയത്. മനുഷ്യരുടേയും മൃഗങ്ങളുടേയും അദ്ധ്വാനവും വളവും മനുഷ്യനിർമ്മിതികളായ ജലസേചനവും കാർഷിക യന്ത്രങ്ങളുമെല്ലാം ചേർന്നാണ് കൃഷിയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത്. പ്രകൃതിയിലെ തനതായ ഉൽപ്പാദന പ്രക്രിയകളെക്കാൾ (വനം, പുൽമേടുകൾ), മനുഷ്യനിയന്ത്രിത കൃഷി, വർദ്ധിച്ച ഊർജ്ജശേഖരണത്തിന്റെ പുനരുല്പാദനപ്രക്രിയയാണ് (Reproductive process). ഇവ്വിധം മനുഷ്യാദ്ധ്വാനത്തിലൂടെ ഊർജ്ജം ശേഖരിച്ചില്ലെങ്കിൽ, നമ്മുടെ ഏകസ്രോതസ്സായ സൗരോർജ്ജം ശൂന്യാകാശത്തിലേക്ക് വ്യയം ചെയ്ത് നഷ്ടമാകുന്നു. ഊർജ്ജത്തിന്റെ ഈ ചിതറലിനേയും (Dipersal of energy) അതിലൂടെയും ഊർജ്ജത്തിന്റെ രൂപാന്തരവേളയിലും സംഭവിക്കുന്ന ഊർജ്ജവ്യയത്തേയും കുറിച്ചു പറഞ്ഞ ക്ലോസിയസ്സിന്റെ സിദ്ധാന്തത്തെക്കുറിച്ച് (ഊർജ്ജബലതന്ത്രത്തിന്റെ രണ്ടാം നിയമം) പിന്നീട് പറയുന്നു. ഈ വ്യയത്തെ ഒരു പരിധിവരെ മറികടന്ന് ഊർജ്ജശേഖരണം നടത്തുന്ന കൃഷിയെന്ന പുനരുല്പാദന പ്രക്രിയയാണ് ഏറ്റവും മികച്ചതും നിലനിൽക്കുന്നതുമായ ഉൽപ്പാദന പ്രക്രിയ.

മുതലാളിത്ത ഉൽപ്പാദന രീതിയാകട്ടെ, ഊർജ്ജവ്യയം ചെയ്യുന്ന പ്രക്രിയയാണ്: മുതലാളിത്ത ഉൽപ്പാദനം വികസിതമായ മിക്ക രാജ്യങ്ങളിലും അദ്ധ്വാനത്തിന്റെ നല്ലൊരു ഭാഗം (അതിന്റെ ശരിയായ ഉദ്ദേശ്യത്തിനു വിരുദ്ധമായി) സുഖഭോഗവസ്തുക്കളുടെ (Luxury objects) ഉൽപ്പാദനത്തിനായി- അതായത് ഊർജ്ജത്തിന്റെ ശേഖരണത്തിനു പകരം, വ്യയം ചെയ്യലിനായി- വിനിയോഗിക്കുന്നു. അതിനാൽ മുതലാളിത്ത ഉൽപ്പാദനം നിലനിൽപ്പില്ലാത്ത ഊർജ്ജവ്യയത്തിന്റെ പ്രക്രിയയാണ്. മുതലാളിത്ത വികാസത്തിന് സഹായകമായ അശ്മക ഇന്ധനങ്ങളുടെ (Fossil fuels) ജ്വലനം ഊർജ്ജവ്യയമാണ്. പൊഡോലിൻസ്‌കി തുടരുന്നു: ഭൂമിയിൽ ഏറ്റവുമധികം ഊർജ്ജസംഭരണം സാദ്ധ്യമാക്കാൻ- അതിലൂടെ മനുഷ്യക്ഷേമം ഉറപ്പുവരുത്താനും- കഴിയുന്ന ഉൽപ്പാദനവ്യവസ്ഥ സോഷ്യലിസമാണ്. കാർഷിക വ്യവസ്ഥയുടെ അടിത്തറയുള്ളൊരു സോഷ്യലിസമാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതിനാൽ റഷ്യൻ വിപ്ലവകാരികളിൽ കാർഷിക അനുകൂലികളായ നരോദ്നിക്കുകളോടായിരുന്നു (Narodniks) അദ്ദേഹത്തിന് ആഭിമുഖ്യം. ബോൾഷെവിക് ഹരിതചിന്തകരെ (ബോഗ്ദനേവ്, ലൂണച്ചാർസ്‌കി, സ്റ്റാൻച്ചിൻസ്‌കി) തുടങ്ങിയവർ പൊഡോലിൻസ്‌കിയുടെ സിദ്ധാന്തം സ്വാധീനിച്ചിരുന്നു.

1872-ൽ പൊഡോലിൻസ്‌കി ഏംഗൽസിനെ സന്ദർശിച്ചിരുന്നുവെന്നും അതിനുശേഷം അദ്ദേഹം മാർക്സും ഏംഗൽസുമായും കത്തിടപാടുകൾ നടത്തിയിരുന്നതായും പറയപ്പെടുന്നു. 1880-ൽ തന്റെ പ്രബന്ധത്തിന്റെ കരടുരൂപം അദ്ദേഹം മാർക്സിന് അയച്ചുകൊടുത്തിരുന്നുവെങ്കിലും അതിന് മാർക്സ് അയച്ച മറുപടിയൊന്നും രേഖകളിലില്ല. ഇത് ചൂണ്ടിക്കാണിച്ച് ഹരിതസമ്പദ്ശാസ്ത്രത്തിന്റെ ആരംഭത്തിൽത്തന്നെ മാർക്സ് അതിനെ അംഗീകരിച്ചില്ലെന്നും അതിനാൽ മാർക്സിസത്തിൽ പാരിസ്ഥിതികമായി ഒന്നുമില്ലെന്നും ചിലർ വിമർശിക്കാറുണ്ട്. ഇടതുപക്ഷ ഹരിതസമ്പദ്ശാസ്ത്രജ്ഞനായ ഹ്വാൻ മാർട്ടിനെസ് ഏലിയറും ജെ. എം. നരേദോയും മാർക്സിന്റെ ഈ നിശ്ശബ്ദതയെ 1982-ലെ ഒരു പഠനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. മാർട്ടിനസ് ഏലിയർ 1987-ൽ പ്രസിദ്ധീകരിച്ച 'പാരിസ്ഥിതിക സമ്പദ്ശാസ്ത്രം' എന്ന കൃതിയിൽ ഈ വിമർശനം വീണ്ടും ആവർത്തിക്കുകയും ചെയ്തു.

എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയ പോൾ ബർക്കറ്റും ജോൺബെല്ലമി ഫോസ്റ്ററും ചേർന്ന് 2004-ലും 2006-ലും രണ്ട് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തലുകളുടെ സാരാംശം ഇതാണ്: പൊഡോലിൻസ്‌കി 1880-ൽ മാർക്സിന് അയച്ച കരടു രൂപത്തിൽനിന്ന് മാർക്സ് വിശദമായ കുറിപ്പുകളെടുത്തിരുന്നു. അതിന് മറുപടി അയക്കുകയും ചെയ്തു. അതിനുശേഷം പൊഡോലിൻസ്‌കി കരടുരൂപം വിപുലപ്പെടുത്തി, 1981-ൽ ഇറ്റാലിയൻ ഭാഷയിലും 1883-ൽ കൂടുതൽ വിശദമായൊരു പ്രബന്ധം ജർമ്മൻ ഭാഷയിലും പ്രസിദ്ധപ്പെടുത്തി. ഇറ്റാലിയൻ പതിപ്പിന്റെ പരിഭാഷയാണ് ഇവിടെ പഠനവിധേയമാക്കിയത്. മാർക്സ് പൊഡൊലിൻസ്‌കിക്ക് അയച്ച കത്തുകളൊന്നും ഇപ്പോൾ ലഭ്യമല്ല; എന്നാൽ പൊഡോലിൻസ്‌കിയുടെ കത്തിടപാടുകളിൽനിന്ന് മാർക്സ് ഒരിക്കലെങ്കിലും അദ്ദേഹത്തിന് മറുപടി അയച്ചിരുന്നതായി കാണാം.

മാത്രമല്ല, 1882 ഡിസംബറിൽ ഏംഗൽസ് മാർക്സിനയച്ച രണ്ടു കത്തുകളിൽ പൊഡോലിൻസ്‌കിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുളള വിശകലനം ഉണ്ടായിരുന്നു; അതിൽ പുതിയ സിദ്ധാന്തത്തിന്റെ മികവിനേയും കുറവുകളേയും കുറിച്ച് പറഞ്ഞിരുന്നു. മാർട്ടിനസ് ഏലിയറിന്റെ വിമർശനത്തിനു വിരുദ്ധമായി, ഊർജ്ജത്തെക്കുറിച്ചും അതിന്റെ സമ്പദ്വ്യവസ്ഥയിലെ പങ്കിനെക്കുറിച്ചും മാർക്സും ഏംഗൽസും തികച്ചും ബോധവാന്മാരായിരുന്നുവെന്ന് പുതിയ ഗവേഷണം തെളിയിക്കുന്നു. ജോൺ ബെല്ലമി ഫോസ്റ്ററും പോൾ ബർക്കറ്റും ചേർന്നെഴുതി 2016-ൽ പ്രസിദ്ധീകരിച്ച 'മാർക്സും ഭൂമിയും: ഒരു പ്രതിവിമർശനം' എന്ന കൃതിയിൽ ഇതിന്റെ വളരെ വിശദമായ തെളിവുകൾ നൽകുന്നുണ്ട്.

മാർക്സ് 'പ്രൊമിത്തിയൻ' ആയിരുന്നില്ല ഇതുവരെയുള്ള വിശകലനത്തിൽനിന്ന് മാർക്സ് അതി ഉൽപ്പാദനത്തിന്റെ വക്താവായിരുന്നില്ല എന്ന് വ്യക്തമാണ്. കൂടാതെ പോൾ ബർക്കറ്റ്, ജോൺ ബല്ലമി ഫോസ്റ്റർ തുടങ്ങിയ ഇക്കോസോഷ്യലിസ്റ്റ് ചിന്തകർ മാർക്സിന്റെ കൃതികളുടെ വിശകലനത്തിലൂടെ മാർക്സിസം 'പ്രൊമിത്തിയൻ' അല്ലെന്ന് കൃത്യമായി വെളിവാക്കുന്നുമുണ്ട്. എങ്കിലും സോവിയറ്റ് റഷ്യയിൽ ഒക്ടോബർ വിപ്ലവത്തിനു ശേഷം- പ്രത്യേകിച്ചും സ്റ്റാലിന്റെ അധികാര ഗ്രഹണത്തോടെ നടപ്പിലാക്കിയ 'സ്റ്റാക്കനോവിസം' എന്നറിയപ്പെടുന്ന അമിത സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ, മാർക്സിസവും മുതലാളിത്തവും തമ്മിൽ ഉൽപ്പാദനസമീപനത്തിൽ വ്യത്യാസമൊന്നുമില്ലെന്ന് ഇപ്പോഴും പലരും വിമർശിക്കാറുണ്ട്. അവരിൽ ടെഡ് ബെന്റൺ, മൈക്കൽ ലോവി തുടങ്ങിയ ചില ഒന്നാംഘട്ട ഇക്കോ സോഷ്യലിസ്റ്റ് ചിന്തകരുമുണ്ട്. അതിനാൽ അതിന്റെ നിരാസം ആവശ്യമായിരുന്നു.

സോഷ്യലിസത്തിലേക്കുള്ള പരിണാമത്തിന്റെ സാഹചര്യമൊരുക്കുന്നതിന് മുതലാളിത്ത ഉൽപ്പാദനവികാസം ചരിത്രപരമായ ആവശ്യമാണെന്ന മട്ടിലുള്ള പ്രസ്താവനകൾ 'മൂലധന'ത്തിലുണ്ടെന്നത് ശരിയാണ്. ഉദാഹരണത്തിന് മൂലധനത്തിന്റെ മൂന്നാം വാല്യത്തിൽ ഇങ്ങനെ പറയുന്നുണ്ട്: സാമൂഹിക അദ്ധ്വാനത്തിന്റെ ഉൽപ്പാദകശക്തികളുടെ വികാസം, മൂലധനത്തിന്റെ ചരിത്രപരമായ ദൗത്യവും ന്യായീകരണവുമാണ്. അതിലൂടെയാണ് മൂലധനം അബോധപൂർവ്വമായെങ്കിലും മെച്ചപ്പെട്ടൊരു ഉൽപ്പാദനവ്യവസ്ഥയ്ക്ക് (Higher mode of production) വേണ്ട ഭൗതിക സാഹചര്യം സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ മറ്റ് കൃതികളിലും അങ്ങിങ്ങായി കാണാനാകും. നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതിയിൽ സംഭവിക്കുന്ന ഒരു ചരിത്രപരമായ പ്രക്രിയയെക്കുറിച്ച് പറയുക മാത്രമാണ്, അതിന്റെ അനിവാര്യതയിൽ വിശ്വസിക്കുകയല്ല മാർക്സ് ചെയ്യുന്നത്. മനുഷ്യ നിലനില്പിന് ഉൽപ്പാദനത്തിന്റെ പ്രകൃതിപരമായ വ്യവസ്ഥകളെ സുസ്ഥിരമായി നിലനിർത്തണമെന്ന് ആവർത്തിച്ചു പറയുകയും മുതലാളിത്തത്തിനു കീഴിൽ പ്രകൃതിയുമായി മനുഷ്യനു വന്നുഭവിക്കുന്ന പാരിസ്ഥിതിക പിളർപ്പിനെക്കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് മാർക്സ്. അത്തരമൊരു ചിന്തകനെ പ്രകൃതിയുടെ പരിധികളിൽ വിശ്വസിക്കാത്ത അമിത വികസനത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് വലിയ അബദ്ധമാണ്. 'മെച്ചപ്പെട്ടൊരു ഉൽപ്പാദനവ്യവസ്ഥ' അതിഉൽപ്പാദനത്തിന്റേതല്ല, മറിച്ച് ഗുണപരമായ മികവുള്ളൊരു ഉൽപ്പാദന വ്യവസ്ഥയാണ് (Qualitatively higher mode of production). മാർക്സിന്റെ ചിന്തയിൽ അത് 'സ്വതന്ത്രമായ ഉൽപ്പാദകരുടെ കൂട്ടായ്മകൾ' പ്രകൃതിയുമായുള്ള പിളർപ്പ് സൃഷ്ടിക്കാതെ നടത്തുന്ന ഉൽപ്പാദനമാണ്.

'ഗ്രണ്ടിസ്സ്' എന്ന കൃതിയിൽ മാർക്സ് പറയുന്നത് മുതലാളിത്ത ഉൽപ്പാദനവികാസം അതിന്റെ ലക്ഷ്യത്തിലെത്തുന്നത് 'വിരോധാർത്ഥമെന്ന നിലയിൽ മാത്രമാണ്' (It does so only in antithetical form) എന്നാണ്; കാരണം അത് അന്യവൽക്കരണവും വർഗ്ഗവിവേചനവും സൃഷ്ടിക്കുന്നു. അങ്ങനെ മനുഷ്യന്റെ പൂർണ്ണവികാസത്തിന് തടസ്സം നിൽക്കുന്നു. കമ്യൂണിസത്തിനു കീഴിൽ മനുഷ്യന് സാദ്ധ്യമാകേണ്ട പൂർണ്ണവികാസത്തെക്കുറിച്ചാണ് മാർക്സ് പറഞ്ഞത്; പ്രകൃതിയെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള അമിത ഉൽപ്പാദന വികാസത്തെക്കുറിച്ചല്ല. ഉൽപ്പാദനത്തിന്റെ ഉപകരണങ്ങളെ നിരന്തരമായി നവീകരിക്കുന്നതിലൂടെ ലാഭം നിലനിർത്തിക്കൊണ്ടുപോകാൻ യത്‌നിക്കുന്ന മുതലാളിത്ത ഉൽപ്പാദനം, അന്തിമമായി പ്രതിസന്ധികളെ നേരിട്ട് തകരുമെന്ന മാർക്സിന്റെ 'പ്രതിസന്ധി സിദ്ധാന്ത'വും (Marxian Crisis Theory) നാമോർമ്മിക്കണം. അപ്പോൾ, മുതലാളിത്ത അമിത ഉൽപ്പാദന വ്യവസ്ഥയുടെ മഹത്വത്തെയോ അനിവാര്യതയേയോ ചൂണ്ടിക്കാണിക്കുകയല്ല മാർക്സ് ചെയ്തതെന്നും അതിന്റെ ചരിത്രപരമായ അവസ്ഥകളെ വിശകലനം ചെയ്യുക മാത്രമായിരുന്നുവെന്നും വ്യക്തമാകും. മാർക്സിന്റെ ചിന്തയുടെ അനുസ്യൂതിയും ശാസ്ത്രീയതയും മനസ്സിലാക്കുമ്പോൾ 'ഉൽപ്പാദകശക്തികളുടെ വികാസം' എന്നതുകൊണ്ട് മാർക്സ് ഉദ്ദേശിച്ചത് കൃത്രിമ ഉപഭോഗത്തിനുള്ള അമിത സാമ്പത്തികവളർച്ചയല്ല, എല്ലാവരുടേയും അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ സാദ്ധ്യമാക്കുന്നതിനുള്ള വികസനമാണെന്നു മനസ്സിലാകും.

മാർക്സിനെ ശരിയായി കണ്ടെത്തുമ്പോൾ

മാർക്സിന്റെ ശരികളെ സ്ഥാപിച്ചെടുക്കുകയല്ല ഇവിടെ ലക്ഷ്യമിടുന്നത്. മറിച്ച് സമകാലിക മുതലാളിത്തത്തിന്റെ സൈദ്ധാന്തികവും പ്രയോഗസിദ്ധവുമായ വിശകലനത്തിന് ഉപയുക്തമാകുംവിധം മാർക്സിനെ വായിക്കുക എന്നതാണ്. പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മക ബന്ധം പ്രകൃതിക്കുമേലുളള അധീശത്വമോ പ്രകൃതിയുമായുള്ള സംഘർഷമോ അല്ല. നിലനില്പിനുവേണ്ടിയുളള പ്രതിപ്രവർത്തനമാണ്. മാർക്സിസത്തിൽ മനുഷ്യൻ കേന്ദ്രസ്ഥാനത്താണ്; അത് പ്രകൃതി തന്റെ 'അജൈവശരീര'മായുളള മനുഷ്യനാണ്. മനുഷ്യൻ പ്രകൃതിയിലേക്കു കടന്നുവരുമ്പോഴാണ് പരിസ്ഥിതി ഒരു സമസ്യയായി വളരുന്നത്. അതിനാൽ മാർക്സിസത്തിലെ മനുഷ്യകേന്ദ്രിതത്വം പരിസ്ഥിതി വിരുദ്ധതയല്ല.

പ്രകൃതിയിൽ ഉൽപ്പാദനം നടത്തുന്ന മനുഷ്യൻ, അവന്റെ പണിയായുധങ്ങളും സാങ്കേതിക വിദ്യയും കൊണ്ട് പ്രകൃതിയെ പരിവർത്തിപ്പിക്കുന്നു. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (Dialectics of Nature) എന്ന കൃതിയിൽ ഏംഗൽസ് പറയുന്നു: മനുഷ്യൻ വരുന്നതോടെ ചരിത്രം ആരംഭിക്കുന്നു... അവന്റെ ചരിത്രനിർമ്മിതി ചുറ്റുമുള്ള എല്ലാത്തിനേയും ബാധിക്കുന്നു. ഈ ചരിത്രനിർമ്മിതി പരസ്പരാശ്രിതത്വത്തിന്റെ അതിരുകൾ കടന്ന് അപകടകരമാകുന്നതാണ് കുഴപ്പം. മനുഷ്യനും പ്രകൃതിയുമായുണ്ടാകുന്ന മെറ്റബോളിക് പിളർപ്പ് സ്വതന്ത്രരായ ഉൽപ്പാദകരുടെ കൂട്ടായ്മയിലൂടെ പരിഹരിച്ച് സുസ്ഥിരമായൊരു ഭാവി സൃഷ്ടിക്കുന്നതിനെക്കുറിച്ചും മാർക്സ് ചിന്തിച്ചിരുന്നു.

ഭാവിതലമുറകളോട് നമുക്കുള്ള ഉത്തരവാദിത്വം സുസ്ഥിര വികസനത്തിൽ ഏറെ പ്രധാനമാണ്. ഈ സന്ദർഭത്തിൽ ഏറെ പ്രചാരത്തിലുള്ളത് അമേരിക്കയിലെ ആദിമ ജനതയായ റെഡ് ഇന്ത്യക്കാരുടെ പ്രതിനിധിയായ സിയാറ്റിൽ മൂപ്പന്റെ ഈ വാക്കുകളാണ്: ഈ ഭൂമി നമ്മുടെ പൂർവ്വജരിൽനിന്നു നമുക്കു പൈതൃകാവകാശമായി കിട്ടിയതല്ല; നമ്മുടെ കുട്ടികളിൽനിന്നു നാം കടമെടുത്തതാണ്. പരിസ്ഥിതിയെക്കുറിച്ചു പറയുന്നവർ ആവർത്തിച്ചു ഉദ്ധരിക്കുന്ന വാക്കുകളാണിവ. എന്നാൽ, നാം ശ്രദ്ധിക്കേണ്ടത് 'മൂലധന'ത്തിലെ മൂന്നാം വാല്യത്തിലെ നാല്പത്താറാം അദ്ധ്യായത്തിൽ മാർക്സ് കുറിച്ചിട്ട ഈ വാക്കുകളാണ്: സമൂഹത്തിനാവശ്യമായ ഒരു മികവുറ്റ സാമ്പത്തിക ഘടനയുടെ വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ ഈ ഭൂഗോളം കുറേ വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലായിരിക്കുകയെന്നത്, ഒരു മനുഷ്യൻ മറ്റൊരുവന്റെ സ്വകാര്യ സ്വത്തായിരിക്കുന്നതുപോലെ അപലപനീയമാണ്. ഒരു വലിയ സമൂഹമോ ഒരു രാഷ്ട്രമോ, ലോകത്തു നിലവിലുള്ള എല്ലാ സമൂഹങ്ങളും ഒന്നിച്ചോ ഭൂമിയുടെ ഉടമസ്ഥരാകുന്നില്ല. അവർ അതിന്റെ കൈവശക്കാരോ പാട്ടക്കാരോ മാത്രമാണ്. നല്ലവരായ കുടുംബനാഥന്മാരെപ്പോലെ അവരതിനെ മെച്ചപ്പെട്ട അവസ്ഥയിൽ വരും തലമുറകൾക്കു കൈമാറി നൽകേണ്ടതുണ്ട്. മണ്ണ് നിതാന്തമായ സാമൂഹ്യസ്വത്താണ് എന്ന ബോധത്തോടെ അതിനെ ചൂഷണം ചെയ്യാതേയും ഉർവ്വരത നശിപ്പിക്കാതേയും കൃഷിചെയ്യുകയുമെന്നത് മനുഷ്യവർഗ്ഗത്തിന്റെ വരുംതലമുറകളുടെ ശൃംഖലയുടെ പ്രജനനത്തിന്റേയും നിലനില്പിന്റേയും ഒഴിവാക്കാനാവാത്ത വ്യവസ്ഥയാണ് എന്ന് തുടർന്നുള്ള നാല്പത്തേഴാം അദ്ധ്യായത്തിലും പറയുന്നുണ്ട്. ഇങ്ങനെ ഭാവിതലമുറകളുടെ നിലനില്പിനെ മണ്ണിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പുമായി ബന്ധിപ്പിക്കുന്നു. ലോകം കണ്ട ആദ്യത്തെ സമഗ്ര പാരിസ്ഥിതിക ചിന്തകനായിരുന്നു മാർക്സ് എന്നത് ഇപ്പോൾ സംശയാതീതമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇത് മാർക്സിസ്റ്റുകൾ നെഞ്ചിലേറ്റേണ്ട ഏറ്റവും വലിയ തിരിച്ചറിവാണ്.