പ്രതിരോധത്തിന്റെ പരിഷത്ത് അനുഭവങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഈ താൾ നിർമാണത്തിലാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2013-2014 ലെ സംഘടനാവിദ്യാഭ്യാസ പരിപാടിയിലെ ക്ലാസ്സുകളിലൊന്നാണിത്.

ആമുഖം

`ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം അംഗീകരിച്ചുകൊണ്ടാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവർത്തിക്കുന്നത്‌. ഇന്നത്തേക്കാൾ മെച്ചപ്പെട്ട ഒരു സാമൂഹ്യ ക്രമത്തിലേക്കുള്ള മാറ്റത്തിനു ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രസാങ്കേതികവിദ്യകളും ശാസ്‌ത്രീയ സമീപനങ്ങളും പ്രയോജനപ്പെടുത്തുക, ഇത്തരത്തിലുള്ള ഒരു സമൂഹം സൃഷ്ടിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, അതിനുവേണ്ടി പ്രവർത്തിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കുക ഇവയെല്ലാമാണ്‌ ഈ മുദ്രാവാക്യം കൊണ്ട്‌ നാം ലക്ഷ്യമാക്കുന്നത്‌.

ഈ കാഴ്‌ചപ്പാട്‌ വച്ചുകൊണ്ട്‌ ജനജീവിതത്തിന്റെ നാനാമേഖലകളിലിടപെടാൻ നാം ശ്രമിച്ചുപോരുന്നു. ശാസ്‌ത്രത്തിന്റെ രീതി ഉപയോഗിച്ച്‌ പ്രശ്‌നങ്ങൾ പഠിക്കുക, ജനപക്ഷത്തുനിന്നുകൊണ്ട്‌ പരിഹാരമാർഗങ്ങൾ അന്വേഷിക്കുക, ഇതിനായി ശാസ്‌ത്രവിജ്ഞാനത്തെ ഫലപ്രദമായുപയോഗിക്കുക, അങ്ങനെ രൂപീകരിക്കുന്ന ആശയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ വിപുലമായ പരിപാടികളാവിഷ്‌ക്കരിച്ച്‌ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുക. ഈ ശൈലിയാണ്‌ നാം ഇതിനായി സ്വീകരിച്ചിരിക്കുന്നത്‌.

പരിഷത്ത്‌ രൂപീകരണവും അതിനുള്ള സാഹചര്യങ്ങളും

 • നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, അതിന്റെ ഫലമായി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി വളർന്ന പൊതുബോധം.
 • ശാസ്‌ത്രസാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റവും (ഉദാ: ബഹിരാകാശത്തേയ്‌ക്ക്‌ 1958ൽ സ്‌പുടിനിക്‌. തൊടുത്തുവിടുന്നു). അതിലൂടെ സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്റെ കഴിവിലുള്ള ശുഭാപ്‌തിവിശ്വാസവും.
 • സ്വാതന്ത്ര്യസമരം ഉയർത്തിയ മൂല്യവത്തായ രാഷ്ട്രീയചിന്തകൾ.
 • ഭാരതത്തിലെ ആദ്യ ഭരണാധികാരികൾ (നെഹ്‌റു) ശാസ്‌ത്രസാങ്കേതികവിദ്യകളോടും ശാസ്‌ത്രീയ സമീപനങ്ങളോടും കാണിച്ച പ്രതിപത്തി. നിരവധി ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങൾ രാജ്യത്ത്‌ ആരംഭിച്ചത്‌. പഞ്ചവൽസര പദ്ധതികളിൽ ശാസ്‌ത്രപുരോഗതിക്ക്‌ പരിഗണന ലഭിച്ചു.
 • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം. ഐക്യകേരള പ്രസ്ഥാനത്തിലൂടെയും സംസ്ഥാന രൂപീകരണത്തോടെയും മലയാളം സംസാരിക്കുന്നവരുടെ ഐക്യം വളരുകയും ആശയവിനിമയത്തിന്റെ എല്ലാ തലങ്ങളിലും മലയാളഭാഷ ശക്തമാക്കണമെന്ന ചിന്ത വളർന്നകാലം.
 • ലോകമെങ്ങും സോഷ്യലിസ്റ്റ്‌ ചിന്തകൾക്കുണ്ടായ മുന്നേറ്റവും സോവിയറ്റ്‌ യൂണിയൻ കൈവരിച്ച പുരോഗതി.
 • കേരളത്തിൽ ആദ്യമായി നിലവിൽ വന്ന സർക്കാർ ആവിഷ്‌ക്കരിച്ച പുരോഗമന നടപടികൾ. ഒരു പുതിയ സാമൂഹ്യവ്യവസ്ഥ അകലെയല്ലെന്ന ശുഭാപ്‌തിവിശ്വാസം.

ഈ പശ്ചാത്തലത്തിലാണ്‌ പരിഷത്ത്‌ 1962ൽ രൂപംകൊള്ളുന്നത്‌. സ്വാഭാവികമായും ഇത്തരം സാഹചര്യം ഉയർത്തിയ ശാസ്‌ത്രബോധവും ശാസ്‌ത്രവിജ്ഞാനവും ജനങ്ങളിലെത്തിക്കുക എന്നത്‌ അന്നത്തെ പരിഷത്ത്‌ പ്രവർത്തനങ്ങളുടെ മുഖമുദ്രയായി.

പരിഷത്ത്‌ കേരളസമൂഹത്തിൽ പ്രവർത്തിച്ച, കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിൽ അതെടുത്ത നിലപാടുകൾക്ക്‌ ജൈവപരമായൊരു വളർച്ചയുണ്ട്‌. ജനജീവിതത്തെ ബാധിക്കുന്ന ഓരോ മാറ്റത്തെയും ഗൗരവമായി പഠിക്കാനും അതിനോടു പ്രതികരിക്കാനും നാം നിരന്തരമായി ശ്രമിച്ചുപോന്നു. ഈ ശ്രമങ്ങൾ കേരളസമൂഹത്തിൽ ചെറുതല്ലാത്ത ചലനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്‌. അതോടൊപ്പം ഈ ശ്രമങ്ങൾ നമ്മളെയും മാറ്റിയിട്ടുണ്ടെന്നതും പ്രധാനമാണ്‌. ഇത്തരത്തിൽ നമ്മുടെ ദർശനത്തെ, ശൈലിയെ, സംഘടനാ ഘടനയെ ചെറുത്തുനിൽപ്പു സമരങ്ങളെ എല്ലാം പുതിയ സാഹചര്യങ്ങൾക്കനുസൃതമായി മാറ്റിത്തീർത്തുകൊണ്ടാണ്‌ നാം ഇന്നത്തെ നിലയിലെത്തിയത്‌.

നമ്മുടെ സംഘടനയുടെ വളർച്ചയുടെ ആദ്യ ദശകങ്ങളിൽ നാം മുഖ്യമായും ഊന്നിയത്‌ ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളിലായിരുന്നു.

ശാസ്‌ത്രസംബന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, ചർച്ചാ ക്ലാസ്സുകൾ നടത്തുക, പുസ്‌തക പ്രദർശനങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ...

 • ജനസാമാന്യവുമായി കൂടുതൽ ബന്ധമുള്ളവർ, ജനങ്ങളും ശാസ്‌ത്രവും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചു ധാരണയുള്ളവർ
 • ശാസ്‌ത്രവിഷയങ്ങളിൽ അവഗാഹവും രചനകൾ നടത്താൻ പ്രാഗത്ഭ്യവുമുള്ളവർ.
 • ശാസ്‌ത്രത്തെ തദ്ദേശിയ ഭാഷകളിലാക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ളവർ. ഇത്തരക്കാരെല്ലാം ചേർന്നാണ്‌ പരിഷത്ത്‌ വളരാൻ തുടങ്ങിയത്‌. സ്വാഭാവികമായും തുടങ്ങിയിടത്ത്‌ നിൽക്കാൻ പരിഷത്തിനാകുമായിരുന്നില്ല. 1966 കാലമാകുമ്പോഴേയ്‌ക്കും ശാസ്‌ത്രസാഹിത്യകാരന്മാർക്കു പുറമെ ശാസ്‌ത്രത്തിൽ താൽപ്പര്യമുള്ള ആർക്കും പരിഷത്തിൽ അംഗമാകാമെന്നുവന്നു.

പ്രസിദ്ധീകരണങ്ങൾ

ശാസ്‌ത്രപ്രചാരണത്തിനായി ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതുകയും പ്രചരിപ്പിക്കുകയുമെന്നത്‌ ഇന്നും ഇടതടവില്ലാതെ നാം നടത്തിവരുന്നു.

ശാസ്‌ത്രഗതി (1967) ശാസ്‌ത്രകേരളം (1969) യുറീക്ക (1970) മൂന്ന്‌ ആനുകാലികങ്ങൾക്കു പുറമെ 1000 ത്തോളം ടൈറ്റിലുകളിലുള്ള പുസ്‌തകങ്ങൾ. കനപ്പെട്ട റഫറൻസ്‌ ഗ്രന്ഥങ്ങൾ, പോപ്പുലർ സയൻസ്‌ പുസ്‌തകങ്ങൾ, സമ്പന്നമായ ബാലസാഹിത്യ രചനകൾ... ഈ പ്രവർത്തനം `കണക്കറിവ്‌' `ഗാഡ്‌ഗിൽ റിപ്പോർട്ട്‌ എന്നിവ വരെ ഇന്നെത്തി നിൽക്കുന്നു. ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും ബഹുരാഷ്ട്ര കുത്തകളുടെ ചൂഷണങ്ങൾക്കെതിരെയും നാം പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളും ലഘുലേഖകളും ഈ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന എല്ലാവർക്കും വലിയ സഹായമായി.

ക്ലാസ്സുകൾ

പുസ്‌തകങ്ങളും മാസികകളും ഉപയോഗിച്ച്‌ ശാസ്‌ത്രപ്രചാരണം നടത്തുമ്പോൾ തന്നെ സ്വാഭാവികമായും വഴിയോരക്ലാസ്സുകളിലേക്കും പ്രഭാഷണങ്ങളിലേക്കും നാം എത്തിച്ചേർന്നു. പഠിക്കുകയും പഠിച്ചത്‌ പറയുകയും ചെയ്യുന്ന രീതി പതുക്കെ പതുക്കെ വ്യാപിച്ചു. ജനങ്ങളോട്‌ സംസാരിക്കുന്ന പുതിയൊരു രീതി വികസിച്ചുവന്നു. എത്ര ഗഹനമായ ശാസ്‌ത്രവിഷയങ്ങളും സരളമായി ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാൻ കഴിഞ്ഞു. 1970ൽ പരിഷത്തിന്റെ 8-ാം വാർഷികത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ പ്രൊഫ.പി.വി അപ്പു നടത്തിയ രസതന്ത്രം നിത്യജീവിതത്തിൽ എന്ന ക്ലാസ്സ്‌ നല്ലൊരു മാതൃകയും ചരിത്ര സംഭവവുമായി.

തുടർന്നു പരിഷത്ത്‌ നടത്തിയ ക്ലാസ്‌ പരമ്പരകൾ കേരളീയ ശാസ്‌ത്രസമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. 1973ലെ 1000 ശാസ്‌ത്രക്ലാസ്സുകൾ. (പ്രപഞ്ചത്തിന്റെ വികാസം, ശാസ്‌ത്രത്തിന്റെ വികാസം, സമൂഹത്തിന്റെ വികാസം)

1976ൽ നടത്തിയ പ്രകൃതിസമൂഹം ശാസ്‌ത്രക്ലാസ്സുകൾ കേരളീയ സാമൂഹ്യമണ്ഡലത്തിൽ ആശയപരമായൊരു മികച്ച സംവാദമായി മാറി. ഇന്നു പരിഷത്തിന്റെ പ്രധാന പ്രവർത്തകരായിത്തീർന്ന മിക്കവരും ഈ ക്ലാസ്സിലൂടെ ആശയാടിത്തറ ഉറപ്പിച്ചവരാണെന്നു കാണാം.

നാം ജീവിക്കുന്ന ലോകം (ഭൗതികലോകം, ജീവലോകം, നാളത്തെ ലോകം) വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ഹാലി ധൂമകേതുവിനു സ്വാഗതം, ശാസ്‌ത്രവും വിശ്വാസവും, വിദ്യാഭ്യാസം, ആരോഗ്യം, പരിസര സംരക്ഷണം, ഭൗതിക വർഷം, രസതന്ത്രവർഷം ക്ലാസ്സുകൾ തുടങ്ങി ഈ പ്രവർത്തനം ഇപ്പോൾ ഐസോൺ ധൂമകേതുവിന്റെ വരവിനെ നിമിത്തമാക്കിയുള്ള ശാസ്‌ത്രബോധന പരിപാടിയിൽ എത്തിനിൽക്കുകയാണ്‌.

ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌

പരിഷത്തിന്റെ രണ്ടാം ദശകത്തിൽ അതുവരെ നേടിയ അനുഭവങ്ങളുടെയും അപഗ്രഥനങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്‌ത്രവും സമൂഹവും തമ്മിലുള്ള സവിശേഷ ബന്ധങ്ങൾ സംബന്ധിച്ച ബോധവൽക്കരണത്തിലും ശാസ്‌ത്രത്തിന്റെ ദുരുപയോഗം സംബന്ധിച്ച പ്രതിപ്രവർത്തനങ്ങളിലും നാം ഏർപ്പെട്ടു. പിൽക്കാലത്ത്‌ പരിഷത്ത്‌ പ്രവർത്തനങ്ങളെ ആകെ സ്വാധീനിച്ച `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം ഉരുത്തിരിഞ്ഞത്‌ ഇക്കാലത്താണ്‌.

സ്വാതന്ത്ര്യം നേടിയിട്ടും ബഹുഭൂരിപക്ഷത്തിന്റെയും അടിസ്ഥാനാവശ്യങ്ങൾ പോലും നിറവേറ്റാനാകാത്ത ഇന്ത്യൻ സമൂഹം. ഒരു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുകയും ബഹുഭൂരിപക്ഷം തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെ മാറ്റിത്തീർക്കണം. ശാസ്‌ത്രവിജ്ഞാനത്തെയും ശാസ്‌ത്രത്തിന്റെ രീതിയെയും ഇതിനായി ഫലപ്രദമായി പ്രയോഗിക്കാനാവണം. ഇത്തരം ഗൗരവതരമായ ചർച്ചയെത്തുടർന്നാണ്‌ നമ്മുടെ മുദ്രാവാക്യം ഉരുത്തിരിയുന്നത്‌.

ഈ മുദ്രാവാക്യം പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ മിഴിവേകി. പിന്നീടിങ്ങോട്ട്‌ നാം നടത്തിയ ഏതു പ്രവർത്തനത്തെയും ഈ മുദ്രാവാക്യത്തിലൂടെ നാം പരിശോധിച്ചു. നേട്ടകോട്ടങ്ങൾ വിലയിരുത്തി.

ഈ കാഴ്‌ച്ചപ്പാടിനാധാരമായ സാമൂഹ്യവിശകലനത്തെ കേന്ദ്രീകരിച്ചാണ്‌ തുടർന്നുള്ള കാലഘട്ടങ്ങളിൽ വിവിധ മേഖലകളിലെ - വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികസനം, ലിംഗനീതി തുടങ്ങിയ - പരിഷത്ത്‌ പ്രവർത്തനങ്ങൾ രൂപപ്പെട്ടുവന്നത്‌. സമൂഹത്തിൽ നിലനിന്നിരുന്ന പരമ്പരാഗത ധാരണകളുമായി ഇവയ്‌ക്ക്‌ ധാരാളം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. സ്വാഭാവികമായും പല വിഷയങ്ങളിലും രൂക്ഷമായ സംവാദ വിവാദങ്ങളുണ്ടായി.

തൊണ്ണൂറുകളിൽ ലോകത്തുണ്ടായ മാറ്റങ്ങളെ രാഷ്ടീയമായി വിശകലനം ചെയ്യാനും ജനപക്ഷത്തുനിന്നുകൊണ്ടുള്ള പ്രതിരോധ രൂപങ്ങൾ പടുത്തുയർത്താനും നാം പരിശ്രമിച്ചു. ആഗോളവൽക്കരണത്തന്റെ ഭാഗമായി ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾക്ക്‌ മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഇവയെ സമഗ്രമായി കണ്ടുകൊണ്ട്‌ ശാസ്‌ത്രത്തിന്റെ രീതിയിലൂടെ ജനപക്ഷത്തുനിന്നുകൊണ്ട്‌ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്നാണ്‌ നാം നമ്മുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നോക്കുന്നത്‌.

പരിഷത്ത്‌ ഏറെക്കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഇന്നു സമൂഹത്തിലെ പ്രധാന ചർച്ചാവിഷയങ്ങളും സംഘർഷ മേഖലകളുമാണ്‌. രാജ്യത്ത്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ സാമ്രാജ്യത്വനയങ്ങളും ആഭ്യന്തര കാരണങ്ങളാൽ വളർന്നുവന്ന വികസന പ്രശ്‌നങ്ങളും ചേർന്ന്‌ ഗുരുതരമായ പ്രതിസന്ധികളെയാണ്‌ നാം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഈ സന്ദർഭത്തിൽ പരിഷത്ത്‌ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ചെറുത്തുനിൽപ്പുകളിലൂടെ ഒന്നുകണ്ണോടിക്കാനും അതുവഴി നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും ചർച്ചകളും കർമ പരിപാടികളും രൂപീകരിക്കാനുമാണിവിടെ ശ്രമിക്കുന്നത്‌.

 • അരനൂറ്റാണ്ട്‌ പിന്നിട്ട സംഘടനയാണല്ലോ നമ്മുടേത്‌. പുറംലോകം ശ്രദ്ധിച്ച നിരവധി ആശയങ്ങളും പ്രവർത്തനങ്ങളും കേരളത്തിന്‌ സംഭാവന ചെയ്യാൻ നമ്മുടെ ഇടപെടലുകളും കാരണമായിട്ടുണ്ട്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ സന്തുലനത്തിന്റെ പാത അനിവാര്യമാണെന്ന്‌ ഊന്നിപ്പറഞ്ഞ സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം, വന സംരക്ഷണത്തിനായുള്ള ഒട്ടേറെ പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങൾ എന്നിവ പാരിസഥിതിക രംഗത്തെ നമ്മുടെ ഇടപെടലുകൾക്ക്‌ ആധികാരികതയും സാമൂഹിക അംഗീകാരവും നൽകി. പുകയില്ലാത്ത അടുപ്പ്‌, ചൂടാറാപ്പെട്ടി എന്നീ ഉൽപ്പന്നങ്ങൾ വിറക്‌ ഉപയോഗത്തെയും ഊർജജ ഉപയോഗത്തെയും പരിമിതപ്പെടുത്തുന്നതിനുള്ള ഉപാധികൾ എന്നതിനൊപ്പം പുകയേൽക്കാത്ത പാചകം എന്ന ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശവും അവതരിപ്പിച്ചു. വിറകിന്റെ ഉപയോഗം കുറയുന്നതിലൂടെ നാം നമ്മുടെ മരങ്ങളെയാണ്‌ സംരക്ഷിക്കുന്നതെന്ന കാഴ്‌ചപ്പാട്‌ കൂടി അടുപ്പിന്റെ പ്രചാരണത്തിൽ ഉണ്ടായിരുന്നു. ആഗോളതാപനവും CO2 ഉത്സർജനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണത്തിനും ഈ പ്രവർത്തനത്തെ നാം ഉപയോഗിച്ചുവരുന്നു.
 • വിദ്യാഭ്യാസ രംഗത്ത്‌ കുട്ടികൾക്കായുള്ള ശാസ്‌ത്രമാസികകളായ യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും സംഭാവന കേരളത്തിന്‌ മറക്കാവുന്നതല്ല. അധ്യാപകരെ കേന്ദ്രീകരിച്ച ക്ലാസ്‌ റൂം എന്നതിന്‌ പകരം കുട്ടികളെ കേന്ദ്രീകരിച്ച പാഠ്യപദ്ധതിയും പഠനപ്രക്രിയയും എന്നതിലേക്കുള്ള ആദ്യഘട്ടമായിരുന്നു നമ്മുടെ യുറീക്കാ ക്വിസും, വിജ്ഞാനോത്സവങ്ങളും എല്ലാം. വിദ്യാഭ്യാസത്തെ സംബന്ധിച്ച ബദൽ സങ്കൽപ്പങ്ങളാണ്‌ നാം ബാലവേദികളിലൂടെ അനൗപചാരികമായി പരീക്ഷിക്കുകയും പ്രയോഗിക്കുകയും ചെയ്‌തത്‌. കേരള വിദ്യാഭ്യാസത്തിന്റെ ആഴത്തിലേക്ക്‌ ഇറങ്ങിക്കൊണ്ട്‌ അന്വേഷണം നടത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട്‌ ഈ രംഗത്തെ ഈടുറ്റ സംഭാവനയായിരുന്നു. ശിശുകേന്ദ്രീകൃതമായ ഒരു പാഠ്യപദ്ധതി കേരളത്തിൽ രൂപപ്പെടുന്നതിൽ നമ്മുടെ ഇടപെടലുകൾക്കുള്ള പങ്ക്‌ ചെറുതല്ല തന്നെ.
 • ആരോഗ്യം = ആസ്‌പത്രി + ഡോക്ടർ + മരുന്ന്‌ എന്ന പരമ്പരാഗത സങ്കൽപ്പത്തെ മാറ്റിത്തീർക്കാനാണ്‌ ആരോഗ്യരംഗത്ത്‌ നാം ശ്രമിച്ചത്‌. ശാരീരികവും മാനസികവുമായ സുസ്ഥിതി ആണ്‌ ആരോഗ്യമെന്നും അതിന്‌ വൃത്തിയായ ചുറ്റുപാടും, ജീവിതാന്തരീക്ഷവും അനിവാര്യമാണെന്നും നാം ആവർത്തിച്ച്‌ ഉറപ്പിച്ചു. വൃത്തിയുള്ള കക്കൂസ്‌ സംവിധാനം, ശുദ്ധമായ കുടിവെള്ള ലഭ്യത, വൃത്തിയുള്ള പാർപ്പിടം, ഗുണതയുള്ള ഭക്ഷണം എന്നിവയാണ്‌ അടിസ്ഥാനപരമായ ആരോഗ്യ ആവശ്യങ്ങളെന്ന നമ്മുടെ വാദം കേരളത്തിൽ വലിയ അംഗീകാരം നേടിയതാണ്‌. ഇതോടൊപ്പം ചികിത്സാരംഗത്തെ നൈതികതയ്‌ക്ക്‌ വേണ്ടിയും, മരുന്ന്‌ വിപണിയുടെ കച്ചവടവൽക്കരണത്തിന്‌ എതിരെയുമുള്ള നമ്മുടെ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച കൃത്യമായ ചിത്രം നൽകുന്നതിന്‌ നമ്മുടെ ആരോഗ്യ സർവെകൾ ഏറെ സഹായിച്ചു.
 • 1987ൽ തൃശ്ശൂർ ജില്ലയിലെ വലപ്പാട്‌ വച്ചാണ്‌ ലിംഗനീതി രംഗത്തെ നമ്മുടെ പ്രവർത്തനങ്ങൾക്ക്‌ ആഴവും പരപ്പും നൽകിയ വനിതാശിബിരം നടന്നത്‌. കഴിഞ്ഞ വർഷം അതിന്റെ 25-ാം വാർഷികം നാം നടത്തുകയുണ്ടായി. തുടർന്ന്‌ നടന്ന സമത വിജ്ഞാനോത്സവങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, വനിതാകലാജാഥകൾ, വനിതാ പാർലമെന്റുകൾ തുടങ്ങിയവയിലൂടെ കേരളത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യപരമായ സാമൂഹികവ്യവസ്ഥയെ വിമർശനപരമായി വിലയിരുത്തുന്നതിനും തിരുത്തുന്നതിനും ആണ്‌ നാം ശ്രമിച്ചത്‌. സാക്ഷരതാ കാലഘട്ടത്തിൽ സാമൂഹിക പ്രവർത്തനരംഗത്തേയ്‌ക്ക്‌ വലിയൊരു കൂട്ടം സ്‌ത്രീകളെ കൊണ്ടുവരുന്നതിന്‌ നമുക്കായി. ജനകീയാസൂത്രണ കാലഘട്ടത്തിൽ സ്‌ത്രീകളുടെ വ്യാപകമായ കൂട്ടായ്‌മകൾ രൂപീകരിക്കുന്നതിലും നമ്മുടെ സംഭാവനകൾ ഉണ്ടായി.
 • ഓരോ വികസനമേഖലകളിലെയും ആശയങ്ങൾക്ക്‌ പുറമെ അധികാരത്തിന്റെ കേന്ദ്രീകൃതമായ സ്വഭാവത്തെയും ജനങ്ങളിൽ നിന്ന്‌ ആസൂത്രണപ്രക്രിയയെ അന്യവൽക്കരിക്കുന്ന പ്രവണതയെയും നാം ചോദ്യം ചെയ്‌തു. തങ്ങളുടെ ഭാവി തീരുമാനിക്കാൻ സാധാരണ ജനതയ്‌ക്ക്‌ അധികാരം നൽകുന്ന, വികസനത്തിൽ അവരെ പങ്കാളികളാക്കുന്ന, അധികാരത്തിന്റെ തലകീഴ്‌ മറിയൽ കേരളത്തിൽ അനിവാര്യമാണെന്ന്‌ നാം വാദിച്ചു. പ്രാദേശിക ആസൂത്രണത്തിനായുള്ള വൈവിധ്യമാർന്ന പരീക്ഷണങ്ങൾ ഗ്രാമശാസ്‌ത്രസമിതികളിലൂടെ, വാഴയൂർ സർവെയിലൂടെ, കല്ല്യാശ്ശേരി പരീക്ഷണത്തിലൂടെ, വിഭവഭൂപട നിർമാണ പരിപാടികളിലൂടെ, പി.എൽ.ഡി.പിയിലൂടെ ഒക്കെ നാം തുടർച്ചയായി നടത്തി. ജനങ്ങളിലേക്ക്‌ അധികാരമെത്തിക്കുന്നതിനു സഹായകരമായ ജനസംവാദപ്രവർത്തനങ്ങൾ ഏറ്റെടുത്തു. നാം നടത്തിയ മുൻകാല ഇടപെടലുകളുടെ കൂടി ഫലം ഉൾക്കൊണ്ട പ്രവർത്തനം എന്ന നിലയിൽ ജനകീയാസൂത്രണ പ്രവർത്തനത്തിൽ നമ്മുടെ പ്രവർത്തകർ ആവേശപൂർവം പങ്കാളികളായി.
 • സാമൂഹിക വിമർശനത്തിനും ബദൽ ആശയങ്ങളുടെ അവതരണത്തിനും കലയെ എങ്ങനെ ആയുധമാക്കാം എന്നതിന്റെ മാതൃകയായി കേരളത്തിന്‌ കലാജാഥ എന്ന സങ്കൽപ്പത്തെ നൽകാൻ നമുക്ക്‌ കഴിഞ്ഞു. ശാസ്‌ത്രപ്രചാരണ രംഗത്തും, വൈജ്ഞാനികരംഗത്തും പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ കേരളത്തിന്‌ നൽകിയ സംഭാവനയെ നിഷേധിക്കാൻ ആർക്കെങ്കിലും കഴിയും എന്ന്‌ തോന്നുന്നില്ല. സാധാരണക്കാരന്റെ ജീവിതമാറ്റത്തിന്‌ ചെറുകിട നാടൻ സാങ്കേതികവിദ്യകളെ എങ്ങനെ ഉപയോഗിക്കാം എന്നതാണ്‌ ഐ.ആർ.ടി.സി നടത്തുന്ന ഇടപെടലുകളുടെ പ്രത്യേകത.

മേൽപ്പറഞ്ഞ രീതിയിൽ പരിശോധിച്ചാൽ 1962ൽ കേവലം ശാസ്‌ത്രപ്രചാരകരുടെ സംഘടന എന്ന നിലയിൽ ആരംഭിച്ച ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വിവിധമേഖലകളിലെ അതിന്റെ ഇടപെടലുകളിലൂടെ കേരളത്തിൽ വലിയതോതിൽ സാമൂഹിക അംഗീകാരം നേടിയ ഒരു ജനകീയശാസ്‌ത്രപ്രസ്ഥാനമായി പരിണമിക്കുകയായിരുന്നു എന്ന്‌ കാണാം. 1973ൽ നാം സ്വീകരിച്ച ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യവും അതിലൂടെ നാം സ്വീകരിച്ച ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തോട്‌ ചേർന്ന്‌ നിൽക്കുന്ന രാഷ്ട്രീയ നിലപാടുമാണ്‌ നമ്മുടെ പ്രവർത്തന വികാസത്തിന്റെ അടിസ്ഥാന ആശയതലമായി പ്രവർത്തിച്ചത്‌.

പരിഷത്ത്‌ കേവലമായ ഒരു ബഹുജനസംഘടനയല്ല. സാധാരണക്കാരുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീർക്കാൻ ശാസ്‌ത്രവിജ്ഞാനത്തെയും, സാങ്കേതികവിദ്യയെയും പ്രയോജനപ്പെടുത്തുക എന്നതാണ്‌ നമ്മുടെ അജണ്ട. എന്നാൽ അത്തരത്തിലുള്ള പ്രവർത്തനം സുഗമമായ ഒന്നല്ല. വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും മേൽ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യമാണ്‌ അവ സാധാരണക്കാർക്ക്‌ പ്രയോജനപ്പെടുത്താനാവാതെ പോവുന്നതിന്‌ കാരണം. ശാസ്‌ത്രത്തിന്റെ ജനവിരുദ്ധമായ പ്രയോഗങ്ങൾക്കും കാരണം ഇതു തന്നെ. ജനപക്ഷത്തേക്കാൾ സ്വകാര്യ ലാഭം ലക്ഷ്യമാക്കി ശാസ്‌ത്രം പ്രയോഗിക്കപ്പെടുന്നു എന്നത്‌ ഒരു രാഷ്ട്രീയ സാഹചര്യമാണ്‌. അതിനാൽ ഈ രാഷ്ട്രീയത്തെ തിരിച്ചറിയുകയും ജനപക്ഷത്ത്‌ നിന്നുള്ള രാഷ്ട്രീയം പകരമായി നാം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി മാറിക്കൊണ്ടോ ബന്ധപ്പെട്ടോ അല്ല നാം ഇതു ചെയ്യുന്നത്‌. രാഷ്ട്രീയമായ തിരിച്ചറിവോടെ ജ്ഞാനത്തെ അഥവാ അറിവിനെ ഉൽപ്പാദിപ്പിക്കുകയും ശാസ്‌ത്രവിജ്ഞാനത്തെ പ്രചരിപ്പിക്കുകയും അവയുടെ ജനവിരുദ്ധ പ്രയോഗത്തെ എതിർക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു പ്രവർത്തന രീതിയാണ്‌ നമ്മുടേത്‌. അതായത്‌ കേവലം ശാസ്‌ത്ര പ്രചാരകരുടേയോ രാഷ്ട്രീയ പ്രവർത്തകരുടേയോ സംഘടനയല്ല പരിഷത്ത്‌, ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമാണ്‌.

പഠനം, വിമർശനം - ഇടപെടൽ - ബദലുകൾ

ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം സ്വീകരിച്ചതോടെ നമ്മുടെ പ്രവർത്തനതലം എന്നത്‌ ശാസ്‌ത്രപ്രചാരണത്തിൽ നിന്ന്‌ സാമൂഹിക മാറ്റത്തിനായി അറിവിനെ ഉപയോഗിക്കുക എന്ന തലത്തിലേക്ക്‌ വളർന്നു. പുതിയ അറിവുകളുടെ ഉൽപ്പാദനവും, പ്രചാരണവും, ജനവിരുദ്ധ പ്രയോഗങ്ങളെ ചെറുക്കലും നമ്മുടെ പ്രവർത്തനങ്ങളുടെ കുന്തമുനകളാണ്‌. അതിനാൽ തന്നെ കേവലവിമർശകരായോ പ്രക്ഷോഭകാരികളായോ മാത്രം നിലനിൽക്കുക എന്നത്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ അസാധ്യമാണ്‌. വിമർശനത്തോടൊപ്പം ബദലുകൾ ഉന്നയിക്കുക എന്നത്‌ നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്‌. അതിനാകട്ടെ നിരന്തരമായ അന്വേഷണങ്ങളും പഠനങ്ങളും ഇടപെടലുകളും അനിവാര്യമാണ്‌.

നമ്മുടെ പ്രധാനപ്പെട്ട ഓരോ പ്രവർത്തനവും പരിശോധിച്ചാൽ നിരന്തരമായ അന്വേഷണത്തിന്റെയും, പഠനങ്ങളുടെയും ഇടപെടലുകളുടെയും പ്രക്ഷോഭങ്ങളുടെയും ഒക്കെ അംശങ്ങൾ അവയിൽ കാണാൻ കഴിയും. ഒരു പ്രത്യേക പ്രശ്‌നം പഠിച്ച്‌ അതിൽ നിലപാടെടുത്ത്‌ ഇടപെട്ട്‌ വിപുലപ്പെടുത്തി ഉയർന്ന തലത്തിലേക്ക്‌ വളർത്തിക്കൊണ്ടുവന്നവയാണ്‌ നമ്മുടെ പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളും. സൈലന്റ്‌വാലിക്കാടുകളുടെ സംരക്ഷണം എന്ന പ്രത്യേക പ്രശ്‌നത്തെ അടിസ്ഥാനമാക്കി നാം നടത്തിയ നിരന്തരമായ പഠനങ്ങളും, സംവാദങ്ങളും പാരിസ്ഥിതിക രംഗത്തെ നമ്മുടെ നിലപാടുകൾ രൂപപ്പെടുത്താൻ ഏറെ സഹായിച്ചു. കോഴിക്കോട്‌ ജില്ലയിലെ മാവൂരിൽ ചാലിയാർ പുഴ മലിനീകരണത്തിനെതിരെ നടത്തിയ സമരവും പരിസ്ഥിതി രംഗത്തെ മറ്റൊരു പ്രധാനയിടപെടൽ ആയിരുന്നു. വാഴയൂർ സർവെയുടെയും കല്യാശ്ശേരിയിലെ പരീക്ഷണങ്ങളുടെയും അനുഭവത്തിൽ നിന്നാണ്‌ പ്രാദേശിക വിഭവാസൂത്രണത്തിന്റെ പാഠങ്ങൾ നാം പഠിച്ചത്‌. ശിവപുരത്തെയും, പെരിഞ്ഞനത്തെയും മടിക്കയ്യിലെയുമെല്ലാം അന്വേഷണങ്ങളിൽ നിന്നാണ്‌ സ്‌കൂൾ കോംപ്ലെക്‌സ്‌ എന്ന ആശയം നാം രൂപപ്പെടുത്തിയത്‌. ആരോഗ്യരംഗത്തെ നമ്മുടെ ഇടപെടലുകൾക്കും താനാളൂർ പോലുള്ള പ്രാദേശിക അന്വേഷണങ്ങളുടെ പിൻബലമുണ്ട്‌. ഏറ്റവും പുതുതായി ബി.ഒ.ടി റോഡുകൾക്കെതിരെയുള്ള ശക്തമായ നിലപാടിന്‌ കരുത്ത്‌ പകർന്നത്‌ തൃശ്ശൂർ ജില്ലയിലെ കൊടകര മേഖല ആ രംഗത്ത്‌ നടത്തിയ പഠനവും ഇടപെടലുകളുമാണ്‌.

ഈ രീതിയിൽ പരിശോധിച്ചാൽ സംസ്ഥാനതലത്തിൽത്തന്നെ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും പ്രാദേശിക തലത്തിലുള്ള നമ്മുടെ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായി വന്നതാണ്‌ എന്ന്‌ കാണാം. ഇവയിൽ മിക്കതും സംസ്ഥാനതലത്തിൽ തീരുമാനിച്ച്‌ പ്രവർത്തനം തുടങ്ങിയവയല്ല. പ്രാദേശിക പ്രശ്‌നങ്ങളിലിടപെട്ട്‌ അവയുടെ വളർച്ചയുടെ ഒരു ഘട്ടത്തിൽ നമ്മുടെ സുപ്രധാന നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ ഇവയോരോന്നും സംഭാവന ചെയ്യുകയായിരുന്നു എന്നതാണ്‌ വസ്‌തുത. അതത്‌ പ്രദേശത്തെയും, വിഷയരംഗത്തെയും പ്രവർത്തകരുടെ നിരന്തരമായ കൂടിയിരിപ്പുകളും ആലോചനകളും കൂട്ടായ പ്രവർത്തനവുമാണ്‌ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നതിന്‌ ആധാരമായി വർത്തിച്ചത്‌.

വേണം മറ്റൊരു കേരളം

ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യത്തിന്റെ സമകാലികവും പ്രായോഗികവുമായ പ്രവർത്തന പരിപാടിയാണ്‌ `വേണം മറ്റൊരു കേരളം' എന്നത്‌.

ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്‌ രണ്ടു ദിശകൾ ഉണ്ടായിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ഓരോ രംഗത്തും നിലവിലുള്ള കേരളത്തെ സംബന്ധിച്ച വിമർശനങ്ങൾ ഉന്നയിക്കുകയും ബദൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഒന്ന്‌, അത്‌ സ്ഥൂലതലത്തിലുള്ള ഇടപെടൽ ആയിരുന്നു. ബദൽ കേരളത്തെക്കുറിച്ചുള്ള ആശയങ്ങൾ ചർച്ചചെയ്യുന്നതിന്‌ നാം പതിനാല്‌ ജില്ലകളിലും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും `പുതുകേരള ചിന്തകൾ' എന്ന പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്‌ വികസന സംഗമങ്ങളും എറണാകുളത്ത്‌ നടക്കുന്ന വികസന കോൺഗ്രസ്സും ഇതിന്റെ തുടർച്ചയാണ്‌. എന്നാൽ രണ്ടാമത്തേത്‌ കുറെക്കൂടി സൂക്ഷ്‌മതലത്തിൽ ഉള്ളതും പ്രായോഗികവുമായ ഇടപെടൽ ആയിരുന്നു. നാം നേരത്തെ ഉന്നയിച്ച മുദ്രാവാക്യങ്ങളെ പ്രായോഗികമാക്കാവുന്ന തരത്തിൽ പരിഷത്തിന്റെ ഓരോ മേഖലകളിലും പുതിയ ഒരു കാർഷിക കേരളത്തിന്‌ വേണ്ടിയുള്ള, മദ്യരഹിത കേരളത്തിന്‌ വേണ്ടിയുള്ള, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള, ലിംഗസമത്വത്തിന്‌ വേണ്ടിയുള്ള, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള, പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ - ഇടപെടൽ മാതൃകകൾ രൂപപ്പെടുത്തുക എന്നതായിരുന്നു ഇത്‌.

പ്രാദേശിക ഇടപെടലുകൾ

 • നാളത്തെ കേരളത്തെ സംബന്ധിച്ച നമ്മുടെ സങ്കൽപ്പങ്ങളെ ഓരോ വികസനമേഖലകളിലും പ്രായോഗികമാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തന മാതൃകകളും പ്രതിരോധ രൂപങ്ങളും വളർത്തിക്കൊണ്ടുവരിക എന്നതാണ്‌ ആദ്യ ലക്ഷ്യം, നിലവിലുള്ള കേരളത്തെ സംബന്ധിച്ച്‌ സ്ഥൂലതലത്തിലുള്ള നമ്മുടെ വിമർശനങ്ങളെ സൂക്ഷ്‌മതലത്തിൽ ജനങ്ങളിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിനും ബദൽ കേരള നിർമിതിക്കാവശ്യമായ പ്രവർത്തനങ്ങൾ ജനകീയമായി രൂപപ്പെടുത്തുന്നതിനും ഇത്‌ അനിവാര്യമാണ്‌.
 • പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങളിലൂടെ വിവിധ മേഖലകളിൽ വൈദഗ്‌ധ്യവും, പ്രവർത്തന അനുഭവവുമുള്ള വിദഗ്‌ധരെയും. ആക്‌ടിവിസ്റ്റുകളെയും സംഘടനയിലേക്ക്‌ അടുപ്പിക്കുകയും സംഘടനാ പ്രവർത്തനത്തിന്റെ ഗുണത വർധിപ്പിക്കുകയും ചെയ്യുക, സംഘടനയിലെ പരമാവധി അംഗങ്ങൾക്ക്‌ സംഘടനാപ്രവർത്തനത്തിൽ നേരിട്ട്‌ പങ്കാളിയാകാനുള്ള അവസരം നൽകുക, അതുവഴി പരമാവധി അംഗങ്ങളെ പ്രവർത്തകരാക്കി മാറ്റുക.

ഈ ലക്ഷ്യങ്ങളോടെയാണ്‌ പ്രാദേശിക ഇടപെടൽ പ്രവർത്തനങ്ങൾ നാം ആരംഭിച്ചത്‌.

ശാസ്‌ത്രബോധന പരിപാടികൾ

ഈ വിധത്തിൽ പുതിയൊരു കേരളത്തിനായ്‌ സ്ഥൂലതലത്തിലും സൂക്ഷ്‌മതലത്തിലുമുള്ള പരിപാടികൾ രൂപപ്പെടുന്നതിന്‌ ഒരു സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്‌. നവലിബറൽ നയങ്ങളുടെ ഭാഗമായി ജനമനസ്സുകളിൽ വ്യാപരിച്ച കമ്പോളമൂല്യങ്ങളും അതിന്റെ ഭാഗമായ്‌ വളർന്നുവന്ന സാംസ്‌കാരിക ജീർണ്ണതകളും യുക്തിരാഹിത്യവും ഇല്ലാതാക്കേണ്ടതുണ്ട്‌. ശാസ്‌ത്രബോധവും സാമൂഹ്യബോധവും സമൂഹത്തിൽ പ്രസരിപ്പിക്കാനുള്ള വിവിധ പരിപാടികളിലൂടെയേ ഇത്‌ സാധ്യമാവൂ. ശാസ്‌ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കുക എന്ന ആശയത്തിലൂടെ നാം പറയാനാഗ്രഹിച്ചത്‌ ഇതാണ്‌.

നമ്മുടെ രാജ്യത്തും കേരളത്തിലും സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങൾ പലതും കൂടുതൽ കൂടുതൽ രൂക്ഷമാവുകയാണ്‌. ശാസ്‌ത്രീയമായ വിജ്ഞാനവും അതു പ്രയോഗിക്കാനുള്ള ശാസ്‌ത്രീയ മനോഭാവവുമാണ്‌ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങൾ തുറന്നു തരിക. എല്ലാവിഭാഗം ജനങ്ങളിലേക്കും ഇതെത്തിക്കുക എന്നതാണ്‌ ഓരോ പരിഷത്ത്‌ ഘടകത്തിന്റെയും തരംഗങ്ങളുടെയും ചുമതല. അതിനനുസൃതമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച്‌ ജനങ്ങളെ അതിൽ പങ്കാളികളാക്കണം. ഇതിനുതകും വിധം പുതിയ പരിഷത്തും പുതിയ കർമ്മ പരിപാടികളും രൂപപ്പെടുത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഈ വർഷം നമ്മൾ ആരംഭിച്ച `അംഗങ്ങളെ പ്രവർത്തകരാക്കുക, യൂണിറ്റുകളെ പ്രവർത്തനനിരതമാക്കുക' എന്ന സംഘടനാ ക്യാമ്പയിൻ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള മുന്നുപാധിയാണ്‌. വിശദാംശങ്ങൾക്ക്‌ `പുതിയ കേരളത്തിനായ്‌ പുതിയ പരിഷത്ത്‌ - യൂണിറ്റ്‌ പ്രവർത്തകർക്കായുള്ള കൈപ്പുസ്‌തകം' വായിക്കുക. അധിക വായനക്കുള്ള പുസ്‌തകങ്ങൾ

1. ജനകീയ ശാസ്‌ത്രപ്രസ്ഥാനം - ഡോ. എം.പി. പരമേശ്വരൻ

2. പരിഷത്ത്‌ പിന്നിട്ട നാൽപ്പത്‌ വർഷങ്ങൾ

3. മലയാള ശാസ്‌ത്രസാഹിത്യ പ്രസ്ഥാനം - ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ

4. സൈലന്റ്‌വാലി ചെറുത്തുനിൽപ്പിന്റെ നാൾവഴികൾ - ആർ.രാധാകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ

5. കേരളം - വിദ്യാഭ്യാസത്തിന്റെ പടവുകൾ

6. വിവേചനത്തിന്റെ ഭിന്നമുഖങ്ങൾ