ബി.ഒ.ടി. വ്യവസ്ഥയിൽ നടപ്പാക്കുന്ന പുര പദ്ധതി ഉപേക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് നഗരസമാന സൗകര്യങ്ങൾ (Providing Urben eminities in Rural Area) ഒരുക്കുക എന്നപേരിൽ ഒരു പദ്ധതി കേന്ദ്രഗ്രാമവികസന മന്ത്രാലയം (MORD) നടപ്പിലാക്കാൻ പോവുകയാണ്. ഇന്ത്യൻ പാർലമെന്റിലോ, നടപ്പാക്കുന്ന സംസ്ഥാന നിയമസഭയിലോ ഗ്രാമപഞ്ചായത്ത് തലത്തിലോ ചർച്ച ചെയ്യാതെ കേവലമൊരു ഔദ്യോഗികതല തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ 9 പഞ്ചായത്തിലും തുടർന്ന് 12 ഉം 13 ഉം പദ്ധതികളിൽ ഉൾപ്പെടുത്തി ഇന്ത്യയിലെ മുഴുവൻ ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കാനാണ് ലക്ഷ്യം. ഇപ്പോൾ ഗ്രാമപഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ശുദ്ധജലവിതരണം, റോഡ് നിർമാണം, ഡ്രെയിനേജ്, തെരുവു വിളക്ക് സ്ഥാപനം, ക്രിമറ്റോറിയം, ഫിഷ് ലാന്റിങ് സെന്റർ എന്നിവയുടെ നിർമാണവും നടത്തിപ്പും ഒരു ഡവലപ്പറെ ഏൽപ്പിച്ച് 10 വർഷക്കാലത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിൽ സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നതിന് ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ പഞ്ചായത്തിന്റെ ഏക്കറുകണക്കിന് വരുന്ന പൊതു ഭൂമി സ്വകാര്യകമ്പനിയ്ക്ക് കൈമാറി ഷോപ്പിങ് കോംപ്ലക്‌സ്, സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ നിർമിക്കാനും ഉദ്ദേശിക്കുന്നു. 120 കോടി വരുന്ന ഗ്രാമവികസന പദ്ധതിയുടെ 75% തുക സർക്കാരും 25% തുക സ്വകാര്യകമ്പനിയുമാണ് മുതൽ മുടക്കുന്നത്. പൊതുസേവന, പശ്ചാത്തല സൗകര്യങ്ങൾ സ്വകാര്യവത്കരിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് പുര (PURA). കേരളത്തിൽ തൃശൂർജില്ലയിലെ തളിക്കുളവും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയും ആദ്യഘട്ട പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കരാർ ഒപ്പിട്ട് കഴിഞ്ഞു. ജനകീയാസൂത്രണത്തിലൂടെ, ഭരണഘടനയിലെ 73,74 ഭരണഘടന ഭേദഗതിക്ക് ഏറെ അർത്ഥവും വ്യാപ്തിയും നൽകിയ സംസ്ഥാനമാണ് കേരളം. ഏറെ പരിമിതിയുണ്ടെങ്കിലും ജനാധിപത്യ രൂപത്തിലൂടെത്തന്നെയാണ് ഗ്രാമതലത്തിൽ നമ്മൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ ഗ്രാമപഞ്ചായത്തിനും അവിടത്തെ ജനങ്ങൾക്കും മുകളിലായി ഒരു സ്വകാര്യമുതലാളി (developer) പുതിയ പദ്ധതിയിലൂടെ ഉണ്ടാവാൻ പോവുകയാണ്. ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ചർച്ചചെയ്ത്, ജനകീയ സമിതിയിലൂടെയോ, ചെറുകിട കരാറുകളിലൂടെയോ നടപ്പാക്കിത്തീരുന്ന പദ്ധതികൾ നേരിട്ട് ഡവലപ്പർക്ക് കൈമാറുന്ന സ്ഥിതിയാണ് വന്നു ചേരാൻ പോകുന്നത്. ഇത് ഗ്രാമീണ ജനജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിക്കുക. പൊതുമേഖലകളിലേക്ക് സ്വകാര്യ മൂലധനത്തെ ഇറക്കി ലാഭമേഖലകളാക്കി മാറ്റുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഈ നയത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കേണ്ടതാണ്. 73,74 ഭരണഘടനാഭേദഗതിയേയും മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് എന്ന പ്രഖ്യാപിത ഭരണഘടന ലക്ഷ്യത്തെയും വെല്ലുവിളിക്കുന്ന പുര (PURA) പദ്ധതി പിൻവലിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.