മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ - ചരിത്രം, ശാസ്ത്രം, അതിജീവനം
മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ -- ചരിത്രം, ശാസ്ത്രം, അതിജീവനം | |
---|---|
കർത്താവ് | ഡോ ബി ഇക്ബാൽ |
ഭാഷ | മലയാളം |
വിഷയം | ആരോഗ്യം |
സാഹിത്യവിഭാഗം | പുസ്തകം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ആഗസ്റ്റ്, 2022 |
മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ -- ചരിത്രം, ശാസ്ത്രം, അതിജീവനം
ഡോ ബി ഇക്ബാൽ
ആധുനിക ലോകചരിത്രത്തിൽ ആദ്യമായാവും ഒരു മഹാമാരി ലോകത്തെ പൂർണമായും നിശ്ചലമാക്കുന്നത്. പുരോഗതിയുടെ പാതയിൽ മുന്നോട്ടുള്ള യാത്രയുടെ അനിശ്ചിതത്വം മനുഷ്യരാശിയെ ഭയപ്പെടുത്തുകയും സ്വന്തം മാളത്തിലേക്കൊതുങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത സങ്കീർണമായ ഒരു കാലഘട്ടത്തിൽക്കൂടിയാണ് കഴിഞ്ഞ രണ്ടുവർഷം നാം കടന്നുപോയത്. കോവിഡ് മഹാമാരി ചരിത്രത്തെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും മാറി ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിച്ചു. മാനവചരിത്രത്തിൽ മഹാമാരികൾ സൃഷ്ടിച്ച അഗാധമായ പ്രതിസന്ധികളെക്കുറിച്ചു മനുഷ്യർ ചിന്തിച്ചു തുടങ്ങി. പ്ലേഗും വസൂരിയുമടക്കമുള്ള മഹാമാരികൾ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചു. വൈദ്യ ചികിത്സാരംഗത്ത് അവ നിർണായകമായ മാറ്റങ്ങൾക്ക് വഴി തുറക്കുമ്പോഴും സാഹിത്യത്തിലൂടെയും ദാർശനിക ചിന്തയിലൂടെയും മനുഷ്യർ പ്രകൃതിയിലുള്ള തങ്ങളുടെ സ്ഥാനത്തെക്കുറിച്ചു മാറിചിന്തിക്കാൻ തുടങ്ങി. അസാധാരണമായ സാഹചര്യത്തിലാണ് പകർച്ചവ്യാധികൾ മഹാമാരികളായി മാറുന്നത്. അനുസ്യൂതമായി തുടരുന്ന നഗരവത്ക്കരണവും ഉയരുന്ന ജനസംഖ്യയും വിഭവ ഉപയോഗങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങളും പ്രകൃതിയിൽ വരുന്ന വ്യതിയാനങ്ങളും ചേർന്ന് മഹാമാരികളുടെ സ്വഭാവവും മാറുന്നു. എബോളയും സാർസും കോവിഡുമടക്കമുള്ള പുതിയ മഹാമാരികൾ നമ്മുടെ ജീവിതത്തെ കൂടുതൽ സങ്കീർണമാക്കുന്ന ഈ കാലഘട്ടത്തിലാണ് മഹാമാരികളുടെ ചരിത്രവും മനുഷ്യന്റെ അതിജീവനവും പറയുന്ന ബൃഹത്തായ ഈ പുസ്തകത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം നൽകുന്നത്. “മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ--ചരിത്രം, ശാസ്ത്രം, അതിജീവനം" എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് കേരളത്തിൽ പൊതുജനാരോഗ്യ രംഗത്ത് കഴിഞ്ഞ ഏറെ ദശകങ്ങളായി ഇടപെടുകയും നിർണായകമായ നയരൂപീകരണത്തിന് നേതൃത്വം നൽകുകയും ചെയ്ത ഡോ ബി ഇക്ബാലാണ്. മലയാളത്തിലെ വൈദ്യസാഹിത്യ രംഗത്തിന് അനുപമമായ സംഭാവനകൾ നൽകിയ ഡോ ഇക്ബാലിന്റെ ഏറ്റവും പ്രധാന സംഭാവനയാവും ഈ പുസ്തകം എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മനുഷ്യന്റെ നിലനില്പിനെ പ്രകൃതിയുടെ നിലനില്പിൽ നിന്ന് വ്യത്യസ്തമായി കാണാൻ കഴിയില്ല എന്ന ഏകലോകം, ഏകാരോഗ്യം എന്ന സങ്കല്പനം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഇക്കാലത്ത് ആരോഗ്യത്തെക്കുറിച്ചുള്ള ഇത്ര സമഗ്രമായ ഒരു ഗ്രന്ഥം മലയാള പ്രസാധന രംഗത്ത് ഒരു മുതൽക്കൂട്ടാകും എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. വളരെ അഭിമാനപൂർവം ഈ പുസ്തകം ഞങ്ങൾ കേരളത്തിലെ വായനാലോകത്തിന് സമർപ്പിക്കുന്നു.