യുവസമിതി ഭാവിപരിപാടികൾ 2017

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പ്രവർത്തന പരിപാടി


യുവസമിതി ലോഗോ

2017 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഒരാമുഖം

A)ക്യാംപസ് സയൻസ് ഫെസ്റ്റിവൽ

പഠനവിഷയങ്ങളെ സാമൂഹികയാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കുക, കലാലയങ്ങളിലെ ശാസ്ത്രബോധവും ജനാധിപത്യബോധവും വർധിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ ആണ് ക്യാമ്പസ്‌ സയൻസ് ഫെസ്റ്റിവൽ നടത്തുവാൻ ആലോചിക്കുന്നത്. വിവിധ വിഷയങ്ങളിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ട് ക്ലാസുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ചർച്ചകൾ, സംവാദങ്ങൾ, മത്സരങ്ങൾ, പരീക്ഷണങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ അവതരണമാർഗങ്ങൾ ഉപയോഗിച്ച് ഓരോ കോളേജിലും ഒരാഴ്ചയോളം നീളുന്ന പരിപാടികളാണ് ആലോചിക്കുന്നത്. ജന്റർ, ശാസ്ത്രബോധം, കലാലയമുന്നേറ്റങ്ങൾ എന്നീ 3 വിഷയങ്ങളാണ് പരിപാടിയുടെ തീം ആയി ആലോചിക്കുന്നത്. കോളജുകളിലെ വിവിധ ഡിപാർട്ട്മെൻറ് അസോസിയേഷനുകൾ, യൂണിയനുകൾ, മറ്റു ക്ലബ്ബുകൾ, അധ്യാപകസംഘടനകൾ എന്നിവയെയെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കൊണ്ട് വേണം സംഘാടനം സാധ്യമാക്കാൻ. യൂണിവേഴ്സിറ്റി സെന്ററുകളിലോ ഏതെങ്കിലും കോളേജ്കുളിലോ വെച്ച് വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ ഒന്നിച്ചുചേർത്തുകൊണ്ട് നടക്കുന്ന സംവാദങ്ങളും മറ്റു ആശയസംവാദനമാർഗങ്ങളും ആലോചിക്കണം. വ്യത്യസ്തവിഷയങ്ങളിലെ പ്രവർത്തനരീതികളെ കുറിച്ചുള്ള കരടുരൂപങ്ങൾ കൂടെ ചേർക്കുന്നു.

a) ജന്റർ കലാലയങ്ങളിലെ ജന്റർ ബോധങ്ങളും പ്രശ്നങ്ങളും തുറന്ന് ചർച്ച ചെയ്യാനുള്ള വേദിയാവണം ക്യാംപസ് സയൻസ് ഫെസ്റ്റിവലിലെ ജന്റർ ഇടപെടലുകൾ. കോളേജിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നിട്ടു കൂടി യൂണിൻ ഭാരവാഹികളിൽ കൂടുതലും ആൺ കുട്ടികളായി തുടരുന്ന സാഹചര്യത്തിൽ തന്നെ കലാലയത്തിനകത്തും പുറത്തും ഉള്ള ജെന്റർ പ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യാനാകണം. സൗഹ്യദങ്ങളും, പ്രണയവും, സദാചാരവും, ലിംഗനീതിയും എല്ലാം വിദ്യാർത്ഥികളെക്കൊണ്ട് തന്നെ സംസാരിപ്പിക്കുന്ന വിധമാകണം നമ്മുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ ജന്റർ ബോധങ്ങളും അവയുടെ പോരായ്മകളും സ്വയം തിരിച്ചറിയുന്ന തരത്തിലുള്ള ജന്റർ കളികളും പ്രെസന്റേഷനുകളും ചെറിയ വീഡിയോകളും എല്ലാം പരിപാടിയുടെ ഭാഗം ആകണം.

b) ശാസ്ത്രവബോധം ശാസ്ത്രത്തെ പഠനവിഷയം എന്നതിൽ ഉപരിയായി സാമാന്യബോധം ആയി മാറ്റാൻ ഉതകുന്നതാകണം ഈ മേഖലയിലെ ഇടപെടലുകൾ. ‘പ്രപഞ്ചവും ജീവനും’ ക്ലാസുകൾ ഭൗതിക ശാസ്ത്ര ജീവശാസ്ത്ര വിഭാഗങ്ങളോട് സഹകരിച്ചു ചെയ്യാവുന്നതാണ്. മൾട്ടിമീഡിയ ക്ലാസുകൾക്ക് പുറമെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചേർന്നതാവണം അവതരണങ്ങൾ. സ്ഥിരം ലാബുകളിൽ ചെയ്യുന്ന പരീക്ഷണങ്ങളെ പുതിയ തലങ്ങളിലേക്ക് കൊണ്ടു പോകാൻ സാധിക്കണം (ക്യാമറ പ്രോജെക്ടർ എന്നീ സംവിധാനങ്ങൾ കൂടി ഉപയോഗിച്ചു കൊണ്ട്). നിരീക്ഷണങ്ങളിൽ നിന്ന് ചോദ്യങ്ങൾ അതിൽ നിന്ന് സിദ്ധാന്തം എന്ന ശാസ്ത്രത്തിന്റെ രീതി പഠിപ്പിക്കാൻ കഴിയുന്ന ചില പരീക്ഷണങ്ങൾ ആവാം. ചില ശാസ്ത്രസമവാക്യങ്ങൾ അവരെ കൊണ്ട് തന്നെ കണ്ടെത്തിക്കാം. മേരി ക്യൂറി കളാസുകൾ സിനിമ പ്രദർശനം ഇവ രസതന്ത്ര വിഭാഗത്തോട് ചേർന്ന് ചെയ്യാം. കൂടാതെ what is the world made of. എന്ന ചോദ്യത്തെ അടിസ്ഥാനമാക്കി കെമിസ്ട്രിയുടെ വളർച്ചയെ കുറിച്ച് പരീക്ഷണങ്ങൾ ആവാം. ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം വിപണനം എന്നിവ ആവാം.

c) കലാലയമുന്നേറ്റങ്ങൾ ആഗോളതലത്തിൽ കലാലയത്തിനകത്തും പുറത്തും ആയി നടക്കുന്ന യുവജനമുന്നേറ്റങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ഒരു സെക്ഷൻ ഉണ്ടാകണം. കലാലയത്തിൻറെ ജനാധിപത്യബോധം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമായും ഇത്തരം ഒരു സെക്ഷന്റെ ലക്ഷ്യം. ഒരേ സമയം സമൂഹത്തിൻറെ ചലനാത്മകതയിൽ യുവത്വത്തിന്റെ പങ്കു ചർച്ചക്ക് കൊണ്ടുവരുകയും, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ ജനാധിപത്യപരമായ ആശയവിനിമയസാധ്യതകളെ പരിചയപ്പെടുത്തലും ആണ് ലക്ഷ്യം.


2) +2 വിജ്ഞാനോത്സവം

ഇൗ വർഷത്തെ വിജ്ഞാനോത്സവം ഹയർസെക്കണ്ടറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതിനാൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാർഥികളെ ഒരുപോലെ ഉൾപെടുത്തിക്കൊണ്ട് ‘മേരിക്യൂരി വിജ്ഞാനോത്സവം’ സംഘടിപ്പിക്കണം. സമൂഹത്തിലെ, (പ്രത്യേകിച്ച് ഉന്നതപഠനം, തൊഴിലിടം) ലിംഗസ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഊന്നിക്കൊണ്ട് വേണം വിജ്ഞാനോത്സവം സംഘടിപ്പിക്കാൻ. ജന്ററിന്റെ ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും സാമ്പത്തികശാസ്ത്രവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിജ്ഞാനോത്സവം ആണ് ഉദ്ദേശിക്കുന്നത്. ഒരു ദിവസം രാവിലെ തുടങ്ങി വൈകുന്നേരം കൊണ്ട് അവസാനിപ്പിക്കുന്ന രീതിയിൽ പരിപാടി ആലോചിക്കാം. ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ ഏതെങ്കിലും ഒരു ശനിയാഴ്ച നടത്തുന്നതായിരിക്കും നല്ലത്. വിദ്യാർത്ഥികൾക്കിടയിലെ ജെന്റർ ബോധങ്ങളെ സ്വയം തിരിച്ചറിയാൻ പാകത്തിൽ ഉള്ള ക്വിസ്, സ്കിറ്റുകൾ, സംവാദങ്ങൾ തുടങ്ങി വ്യത്യസ്ത മാർഗങ്ങൾ ആലോചിക്കാം. നമ്മൾ നൽകുന്ന ജന്ററുമായി ബന്ധപ്പെട്ട ഒരു ടോപ്പിക്കിന്റെ പുറത്ത് കുട്ടികൾ തന്നെ പെട്ടെന്ന് ഉണ്ടാക്കി അവതരിപ്പിക്കുന്ന ഒരു ലഘു നാടകം നന്നായിരിക്കും. സംവാദങ്ങളും ജന്റർ കളികളും എഴുത്തും വരയും കൂടെ മത്സരത്തിൽ ഉൾപ്പെടുത്താം. ചോദ്യം ചോദിക്കുക ഉത്തരം പറയുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായ ക്വിസ് രീതികൾ ആലോചിക്കണം. ഉദാഹരണത്തിനു ഒരു ഫോട്ടോ കാണിക്കുക എന്നിട്ട് അവരോട് ചോദിക്കുക ഇവരുടെ ജന്റർ ഏതാണ് എന്ന്. സ്ത്രീയുടേത്, പുരുഷന്റേത്, സ്ത്രീയുടെയോ പുരുഷന്റെയോ, സ്ത്രീയായി മാറിയ പുരുഷന്റേത്, പുരുഷനായ മാറിയ സ്ത്രീയുടേത്, സ്ത്രീയോ പുരുഷനോ എന്ന് അറിയാൻ പാടില്ലാത്തത് എന്നിങ്ങനെ വ്യത്യസ്തമായ ഓപ്ഷനുകൾ കൊടുക്കുക. അവരുടെ മുൻവിധികളും സ്റ്റീരിയോ ടൈപ്പുകളും നമുക്കതിൽ കാണാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് രണ്ടാമത്തെ പരിപാടിയെന്ന രീതിയിൽ സംവാദങ്ങളിലേക്ക് വേണമെങ്കിൽ കടക്കാം. സ്കിറ്റും അങ്ങനെയൊക്കെത്തന്നെ ചെയ്യാം. ഒരു ഡോക്ടറും പോലീസ് ഓഫീസറും ഉള്ള അഞ്ചു പേരുള്ള കുടുംബം എന്ന് ടോപ്പിക്ക് കൊടുക്കാം. അവർ ആ ജോലി ആർക്കൊക്കെ കൊടുക്കുന്നു എന്ന രീതിയിൽ വിലയിരുത്തണം. ജെന്ററിനെക്കുറിച്ച് ഒരു പത്തുമിനിറ്റ് ഇൻട്രൊഡക്ഷൻ ക്ലാസ് കൊടുക്കുന്നത് നല്ലതായിരിക്കും.

3) മേരിക്യൂറി കലായാത്ര

ജനുവരി മാസത്തിൽ മേരിക്യൂറിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ക്യാമ്പസുകളിലൂടെയുള്ള നാടകയാത്രയാണ് ആലോചന. നാടകാവതരണവും ഇന്ത്യയിലെ വനിതാശാസ്ത്രഞ്ജരുടെ ജീവിതം പ്രമേയമാക്കിയുള്ള ഇൻസ്റ്റലേഷനുമാണ് ഉള്ളടക്കമായുണ്ടാകുക. ഒരു ദിവസം രണ്ടു ക്യാമ്പസ് കേന്ദ്രങ്ങൾ. സാധിക്കുമെങ്കിൽ നന്നായിരിക്കും. വൈകുന്നേരകേന്ദ്രം ഒരു മേഖലയിൽ ആലോചിക്കാം. തുടർച്ചയായ യാത്ര ആവണം എന്നില്ല. ജില്ലാ കലാസബ്കമ്മിറ്റി, യുവസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാവണം പരിപാടി. വിവിധ ക്യാമ്പസുകളിലെ നാടകാഭിനയതാത്പര്യമുള്ള വിദ്യാർത്ഥികളെ കൂട്ടിയിരുത്തണം. അതിൽ നിന്നും മേരിക്യൂറി നാടകസംഘത്തെ രൂപപ്പെടുത്തണം. സർവകലാശാല വിദ്യാർത്ഥി യൂണിയനുമായി ബന്ധപ്പെട്ട് സംഘാടനപരമായ സഹകരണം ഉറപ്പാക്കാം. ഒക്ടോബറിൽ ക്യാമ്പസ് കലാപ്രവർത്തകരുടെ സംഗമം. ഡിസംബരർ അവധിക്കാലത്ത് നാടകം, ഇൻസ്റ്റലേഷൻ പ്രൊഡക്ഷൻ ക്യാമ്പ് എന്ന ക്രമത്തിൽ പരുപാടിയുടെ സംഘാടനം ആലോചിക്കണം. ജില്ലകളിലെ പരിമിതികൾക്ക് അനുസരിച്ച് പ്രൊഫഷണൽ നാടകപ്രവർത്തകരുടെയും സഹകരണങ്ങൾ ലഭ്യമാക്കണം.

4) പഠനസംഘം

സാമൂഹ്യപ്രശ്നങ്ങളിൽ ശാസ്ത്രീയവും സർഗാത്മകവുമായി ഇടപെടാൻ കഴിയുന്ന തരത്തിൽ യുവസമിതി നേതൃനിരയെ ഉയർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നമ്മൾ പഠന സംഘം സംഘടിപ്പിക്കുന്നത്. യുവസമിതി അംഗങ്ങൾക്കിടയിൽ ആശയപരവും വ്യക്തിപരവുമായി നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ പഠന സംഘത്തിന് കഴിയും. ഇനി മുതൽ ഉള്ള സംസ്ഥാനസമിതി കൂടിയിരിപ്പുകൾ പഠനസംഘങ്ങൾ കൂടി ആയി മാറണം. ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കൽ കൂടുന്ന സംസ്ഥാനകമ്മറ്റി മുൻകൂട്ടി പഠനവിഷയവും സ്ഥലവും തീരുമാനിച്ച് പഠനസംഗങ്ങളായി കൂടണം. പരിപാടിയുടെ സമയക്രമം ക്രമീകരിച്ചുകൊണ്ട് കോർകമ്മറ്റി മീറ്റിങ്ങുകളും ഒപ്പം കൂടാം. ഓപ്പൺ രെജിസ്ട്രേഷൻ വച്ചുകൊണ്ട് തൽപരരായ നിശ്ചിതഎണ്ണം യുവസമിതി പ്രവർത്തകരെയും പരിപാടിയുടെ ഭാഗം ആക്കാം. ഒരുമിച്ച് കൂടിയിരുന്ന് ഏതെങ്കിലും വിഷയത്തിലുള്ള അവതരണവും ചർച്ചയും വാദപ്രതിവാദങ്ങളുമൊക്ക ആകാം. വ്യത്യസ്ത വിഷയങ്ങളിൽ ആഴത്തിലുള്ള അന്വേഷണം. പുസ്തകചർച്ച അങ്ങനെ എന്തുമാകാം. മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഇത് ഉപകാരപ്രദം ആകും. അങ്ങനെ വർഷത്തിൽ 6-12 കൂടിയിരുപ്പുകൾ. എല്ലാ അവതരണവും ഡോക്യുമെന്റ് ചെയ്ത പുസ്തകം. വീഡിയോ റെക്കോർഡിങ്. ആറാംമാസം പുതിയ ബാച്ചിന് തുടക്കം. ആദ്യ സംഘത്തിന്റെ സിലബസ് പിന്നീട് ഓരോ ബാച്ചിനും ഉപയോഗിക്കാം. ജില്ലാതലത്തിൽ പഠന സംഘം. ഇത്രയുമാണ് പ്രാഥമികമായി ആലോചിച്ചിരുന്നത്. കൂട്ടിച്ചേർക്കലും തിരുത്തലുമായി പഠനസംഘം തുടരണം.

5) ജന്റർ ക്യാമ്പ്

ജന്റർ പഠനം പലപ്പോഴും വാക്കുകളിലും വർത്തമാനങ്ങളിളും ഒതുങ്ങിപ്പോകുന്ന നമുക്ക് കൃത്യമായ പഠനരീതി ഉപയോഗിച്ച ഈ വിഷയത്തെ എങ്ങനെ സമീപിക്കാമെന്ന ആലോചനയാണ് സംസ്ഥാന തലത്തിൽ ഒരു ജന്റർ ശില്പശാല എന്ന ആശയത്തിലേക്ക് എത്താനിടയാക്കിയത്. വിശാലമായി തുടർന്ന് പോകേണ്ടുന്ന ഒരു വലിയ പഠന പ്രവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കൃത്യമായ മോഡ്യൂളോടെ ഓൺലൈൻ പ്ലാറ്റുഫോമായ ടെലഗ്രാമിൽ ഓൺലൈൻ കോഴ്സ് മാതൃകയിൽ ജന്റർ പഠനം ആരംഭിക്കാനാണ് ഉദ്ദേശം. ദിവസവും ഒരുമണിക്കൂർ എന്ന കണക്കിൽ മൊഡ്യൂൾ പ്രകാരം ഒരുമാസക്കാലം വിർച്യുൽ പഠനം നടത്തുകയും തുടർന്ന് മൂന്നു ദിവസത്തെ നേരിട്ടുള്ള ക്യാമ്പ് നടത്തലുമാണ് നിലവിലുള്ള ആലോചന. തുടക്കത്തിൽ ജന്ററിന്റെ ജീവശാസ്ത്രം , ജന്റർ പഠനത്തിന്റെ ചരിത്രം, ജൻഡറും കുടുംബവും , ജെൻഡറും പൊളിറ്റിക്കൽ എക്കണോമിയും എന്നീ നാല് സിലബസ്സുകളാണ് കൈകാര്യം ചെയ്യുക. അതാത് വിഷയങ്ങളിലെ പ്രഗത്ഭരായ ഒരു സംഘം യുവസമിതി പ്രവർത്തകർക്കൊപ്പം മൊഡ്യൂൾ തയ്യാറാക്കാൻ സഹകരിക്കുന്നു. സമാന്തരമായ ഓൺലൈൻ വീഡിയോ തയ്യാറാക്കുക എന്നൊരു ദൗത്യവും നിലവിൽ ജന്റർ ഗ്രൂപ്പിനു മുന്നിലുണ്ട്. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പരമാവധി നാല്പത് പേരെയാണ് പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നത്. ക്യാമ്പിന് മുൻപ് പങ്കാളികൾക്കെല്ലാം റിസോർസ് പേഴ്സണുകളും സിലബസ്സുമായി പരിചയമുണ്ടാക്കുന്നതിനായി ഏകദിന ശില്പശാലയും ആലോചിക്കുന്നു.

6) മീഡിയ പ്രവർത്തനങ്ങൾ

സംഘടനയുടെ പ്രവർത്തനങ്ങളോളം തന്നെ പ്രാധാന്യം ആണ് അവയുടെ ഡോകുമെന്റെഷനും. പത്രമാധ്യമങ്ങളെക്കാൾ ഓൺലൈൻ സാധ്യതകൾ ആണ് ഈ രംഗത്ത് ഇന്ന് കൂടുതൽ ഉള്ളത്. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, സ്വതന്ത്ര സോഫ്റ്റ്‌വെയർ രാഷ്ട്രീയം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് മീഡിയ രംഗത്തെ ഇടപെടലുകൾ. പ്രവർത്തനപരിപാടികൾ യുട്യൂബ് അടക്കം ഉള്ള നവമാധ്യമങ്ങളിൽ ലഭ്യമാക്കുക. ഡിസൈൻ, എഡിറ്റിംഗ് തുടങ്ങിയ പുത്തൻ പ്രചാരണ മേഖലകളിൽ പ്രാഥമിക പരിശീലനം നൽക്കുക. പരിഷത്ത് വിക്കി, ആർക്കേവ്, പോർട്ടൽ തുടങ്ങിയ ആശയപ്രചാരണ മാധ്യമങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുക. സ്വന്തന്ത്ര വിവര ശേഖരണത്തിൻറെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും വ്യാപനത്തിനായി പ്രവർത്തിക്കുക. പഠനപ്രവർത്തനങ്ങൾക്കും മീറ്റിംഗുകൾക്കും ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗിക്കുക.

7) രണ്ടാംകേരളപഠനം യുവസമിതിയുടെ പങ്ക്

രണ്ടാംകേരളപഠനം പ്രവർത്തനങ്ങളിലേക്ക് വലിയ അളവിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിലാവണം. നിലവിലെ ചങ്ങാതിമാർ മാത്രമല്ല. ക്യാമ്പസുകളുമായി ബന്ധിപ്പിക്കണം. പഠന പ്രവർത്തനങ്ങളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചു കൊണ്ട് കത്തുണ്ടാക്കണം , ക്യാമ്പസ് സന്ദർശിച്ച് പഠിതാക്കളെ ക്ഷണിക്കണം. നവംബർ ആദ്യവാരത്തിൽ ഇവരെ വിളിച്ചു ചേർത്ത്ജി ല്ലാ കൺവൻഷൻ സംഘടിപ്പിക്കാം..രണ്ടാം കേരളപഠനവും ഉപപഠനവും വിദ്യാർത്ഥികൾക്ക് വലിയ ജനവിദ്യാഭ്യാസ പരിപാടിയായി മാറണം. കേരള പഠനം യുവസമിതിയുടെ പഠന ഇടപെടൽ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകും.

7) സയൻസ് ലിറ്ററസി സർവേ

ശാസ്ത്രസാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും ശാസ്ത്രത്തിൽ വേണ്ടത്ര അറിവില്ലായ്മ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. ജനങ്ങളെപ്പോഴും സൈബർ ആക്രമണങ്ങളുടെയും വിവരചോർച്ചയുടെയും അടിസ്ഥാനം ഇല്ലാത്ത ഷെയർ മെസേജുകളിൽ ഭീതി പൂണ്ടിരിക്കുകയാണ്. മൊബൈൽ റെഡിയെഷൻ, ആധുനികചികിത്സാസമ്പ്രദായങ്ങൾ, ഓട്ടോമേഷൻ സാധ്യതകൾ, രാസവളങ്ങളുടെയും കീടനാശിനികളുടേയും ഉപയോഗം എന്നീ വിഷയങ്ങളിലൊക്കെ തന്നെ നിരവധി സംവാദങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒക്കെതന്നെ ശാസ്ത്രത്തിൻറെ യാതൊരു പിൻബലവും ഇല്ലാത്ത എന്നാൽ കേട്ടാൽ ശാസ്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കപെടുന്ന നിലപാടുകൾക്ക് സ്വീകാര്യത ഏറെയാണ്‌. സാമൂഹ്യ മാധ്യമങ്ങളിൽ തമാശ രൂപത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ വളരെ വേഗത്തിൽ ജനങ്ങിലെത്തുകയും ശാസ്ത്രത്തിന്റെ പേരിൽ വീണ്ടും വീണ്ടും തെറ്റിധരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശാസ്ത്ര ചിന്തയും യുക്തിബോധവുമുള്ള ഒരു കൂട്ടത്തിന് ഇത്തരം പ്രശ്നങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സമൂഹത്തെ സഹായിക്കാനാകും.ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ പലരുടെയും അറിവിനെ ഈ വിധത്തിൽ ഒരു സാമൂഹികമാറ്റത്തിനായി ഉപയോഗിക്കാൻ കഴിയണം. ജാതി, മതം, വിദ്യാഭ്യാസം, പ്രായം, ജന്റർ , എന്നിവയുടെ സ്വാധീനത്തെ കുറിച്ച് പഠിക്കുകയും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം

8) വിഷയസമിതികൾ

നിലവിൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, ഗവേഷക വിദ്യാർത്ഥികളുടെ പ്രത്യേക പഠനഗ്രൂപ്പുകൾ യുവസമിതിയുടെ ഭാഗമായി ഉണ്ട്.

9) സങ്കേതം

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖല സാമൂഹിക പുരോഗതിക്ക് ഉതകുന്നതാകണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ കൂട്ടമാണ് സങ്കേതം. നിലവിൽ നടന്ന ഇന്നവേറ്റേഴ്സ് മീറ്റിന്റെ വിപുലീകൃത രൂപം അടുത്ത വർഷം തന്നെ ഉണ്ടാകേണ്ടതുണ്ട്. കോളേജ് തലം മുതൽ തന്നെ സുസ്ഥിര വികസനത്തിനുതകുന്ന പ്രോജക്ടുകൾ കണ്ടെത്തുകയും അത്തരം പ്രോജക്ടുകൾ രൂപപ്പെടുന്നതിനാവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കയും ആണ് പ്രഥമലക്ഷ്യം. അത്തരത്തിൽ കണ്ടെത്തുന്ന മികച്ചപ്രോജക്റ്റുകളെ പ്രാദേശികതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും മത്സരത്തിനു എത്തിക്കുകയും ചെയ്യണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പുറമേ അക്കാദമിക് അനുഭവങ്ങൾ ഇല്ലാത്തവർക്കും പരിപാടിയുടെ ഭാഗബാക്കാകാൻ സാധിക്കണം. ഇത്തരത്തിൽ പൊതുഇടങ്ങളിൽ അവതരിപ്പിക്കപെടുന്ന പുത്തനറിവുകൾ സ്വകാര്യവൽക്കരിച്ച് പോകാതെ അവയെ എല്ലാം ഉൾക്കൊള്ളാൻ ആകുന്ന ജേർണൽ, ആർക്കേവ് തുടങ്ങിയവ നിർമ്മിക്കാൻ ഉള്ള സാധ്യതകളും ആലോചിക്കണം. പഠനപ്രവർത്തനങ്ങൾക്ക് ഉപരിയായി സാങ്കേതികവിദ്യയെ അരികുവല്കരിക്കപെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഉയർച്ചക്കായി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.

10) മെഡികോൺ

 ആരോഗ്യവിദ്യാഭ്യാസരംഗത്തുള്ള സമകാലീന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ജനകീയാരോഗ്യപ്രവർത്തനങ്ങൾക്ക് ഊർജം പകരാനും വേണ്ടിയുള്ള വൈദ്യശാസ്ത്രവിദ്യാർത്ഥികളുടെ കൂട്ടം ആണ് മെഡിക്കോൺ. നിലവിൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഗവ. മെഡിക്കൽ കോളേജുകളിലും മെഡിക്കോൺ സംഘങ്ങൾ ഉണ്ട്. മറ്റു സ്വാശ്രയ മെഡിക്കൽകോളേജുകളിലേക്കും മെഡിക്കോൺ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്നത് പ്രധാന അജണ്ട ആണ്. കഴിഞ്ഞ വർഷങ്ങളിൽ ആയി നടന്ന സ്തനാർബുധ ബോധവൽക്കരണപരുപാടി, വാക്സിനേഷൻ ബോധവൽക്കരണം, അവയവധാനബോധവൽക്കരണം, പനിയാത്ര തുടങ്ങിയ ജനകീയാരോഗ്യപ്രവർത്തനങ്ങൾ സംസ്ഥാനമോട്ടുക്കും വ്യാപിപ്പിക്കാൻ ആലോചിക്കുന്നു. ‘അഭയ’ എന്നാ പേരിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച രക്തദാന ക്യാമ്പയിൻ കൂടുത്തൽ ശക്തിപ്പെടുത്താൻ ആലോചിക്കുന്നു. നിലവിലെ മെഡിക്കൽ വിദ്യാഭ്യാസക്രമത്തിനെ വിമർശനാത്മകമായി നോക്കി കാണാനും അതിൻറെ സാമൂഹികപ്രസക്തി ഉയർത്തികാട്ടാനും ഉതകുന്ന പ്രവർത്തനങ്ങൾ ആലോചിക്കുന്നു. രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിനു അപ്പുറം സമൂഹത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതും പ്രവർത്തനങ്ങളിൽ വരണം. കേരളത്തിലെ വൈദ്യശാസ്ത്രവിദ്യാഭ്യാസത്തിൻറെ അക്കാദമിക ഭൗതിക സാഹചര്യങ്ങളെയും മെഡിക്കൽകോളേജുകളിലെ ജനാധിപത്യത്തെയും വിശകലനം ചെയ്യ്തുകൊണ്ടുള്ള ഒരു മാസികയും ആലോചനയിൽ ഉണ്ട്. മേൽപറഞ്ഞ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി സ്വകാര്യമെഡിക്കൽകോളേജുകളിലെ വിദ്യാർത്ഥികളെ  കൂടെ കൂട്ടിക്കൊണ്ട് മെഡിക്കോൺ സംഗമം ഈ വര്ഷം തന്നെ നടത്തുവാനും ആലോചിക്കുന്നു.  
 

11) ഗവേഷകകൂട്ടം

ഗവേഷകവിദ്യാർത്ഥികൾക്ക് ഇടയിൽ രീതിശാസ്ത്രശില്പശാലകളും സാമൂഹികപ്രസക്തം ആയ അക്കധമിക് ചർച്ചകളും നടത്തികൊണ്ട് നിലനിന്ന ഗവേഷകക്കൂട്ടം കഴിഞ്ഞ വർഷം ആലോചിച്ച പ്രധാനപരുപാടി ആയിരുന്നു ‘ഗവേഷകസംഗമം’. കേരളവികസനദിശയുമായി ബന്ധപെട്ട നിലവിലെ ഗവേഷകപ്രബന്ധങ്ങൾ അവതരിപ്പിക്കാനും അവയുടെ വിശകലനങ്ങൾക്കും എല്ലാം വേദിയാകുന്ന ഇടമാകും ഗവേഷകസംഗമം. കേരളത്തിലെ എല്ലാ യുണിവേർസിറ്റികളിലും ഗവേഷക്കൂട്ടങ്ങൾ ഉണ്ടാക്കികൊണ്ടും സാമൂഹ്യശാസ്ത്രഗവേഷകർക്ക് പുറമേ ശാസ്ത്രഗവേഷകരേയും കൂടെകൂട്ടികൊണ്ടും വേണം ഇത് സാധ്യമാക്കാൻ. നിലവിലെ ഗവേഷകകൂട്ടത്തിനെ വിപുലീകരിച്ചുകൊണ്ട് മാത്രമേ മേൽപറഞ്ഞ കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കൂ. ഗവേഷകകൂട്ടത്തിൻറെ വിപുലീകരണത്തിനു വേണ്ടി എന്തെലം ചെയ്യണം? ഗവേഷകവിദ്യാർത്ഥികളെ മേഖലാ-യൂണിറ്റ് തല പരുപാടികളുടെ റിസോർസ്പെഴ്സണ്കളായി എത്തിക്കുവാൻ സാധിക്കുമോ? യുവസമിതി പ്രവർത്തകർക്ക് ഇടയിൽ ഗൌരവപൂർണമായ പഠനപ്രവർത്തനങ്ങൾക്കും പ്രാദേശികവിഷയങ്ങളിൽ ഊന്നിയുള്ള ഗവേഷണങ്ങൾക്കും സഹായങ്ങൾ നൽക്കാൻ ഗവേഷകവിദ്യാർത്ഥികൾക്ക് സാധിക്കില്ലേ?

—------------------------------------

"https://wiki.kssp.in/index.php?title=യുവസമിതി_ഭാവിപരിപാടികൾ_2017&oldid=6108" എന്ന താളിൽനിന്ന് ശേഖരിച്ചത്