യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം-കൈപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ബാലവേദി
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 1988

1988ൽ യൂണിറ്റ് തലത്തിൽ ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിനായി തയ്യാറാക്കിയ കൈപ്പുസ്തകമാണ് യൂണിറ്റ് ബാലോത്സവം എങ്ങനെ സംഘടിപ്പിക്കണം എന്നത്.

പരിഷത്തും ബാലോത്സവവും

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കഴിഞ്ഞ 25 വർഷക്കാലത്തെ ചരിത്രം പരിശോധിച്ചാൽ അതിന്റെ പ്രവർത്തനങ്ങളുടെ മുഖ്യമായ പങ്ക് വിദ്യാഭ്യാസ മേഖലയിലാണ് നടന്നതെന്നു കാണാം. സ്‌കൂൾ സയൻസ് ക്‌ളബ് പ്രവർത്തനം മെച്ചപ്പെടുത്താൻ പരിഷത്ത് ഒരുപന്തീരാണ്ടു കാലം മുമ്പുമുതലേ ശ്രമിച്ചുതുടങ്ങിയതാണ്. പ്രൈമറി വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ള യുറീക്ക, ഹൈസ്‌കൂൾ വിദ്യാർത്ഥി കൾക്കും സമാന നിലവാരക്കാർക്കുംവേണ്ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്രകേരളം, കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായുള്ള ശാസ്ത്രഗതി ഇവയെല്ലാം പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങ ളാണ്. യുറീക്കാ വിജ്ഞാന പരീക്ഷ, ശാസ്ത്രകേരളം ക്വിസ്, ശാസ്ത്രഗതി വിജ്ഞാന പരീക്ഷ, ക്വിസ് ഇവയെല്ലാം ലക്ഷക്കണക്കിനു വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാൾക്കും സഹായകരമായ നിരവധി ഗ്രന്ഥങ്ങൾ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ജിജ്ഞാസാ കൗതുകമായിത്തീർന്ന ശാസ്ത്ര കൗതുകം, ശാസ്ത്ര നിഘണ്ടു, കേരളത്തിന്റെ സമ്പത്ത്, എന്തുകൊണ്ട്, വിജ്ഞാനത്തിന്റെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചു കയറ്റുന്ന സയൻസ് സ്‌ക്രീം പുസ്തകങ്ങൾ, അവർക്ക് പാടി രസിക്കുവാനും കാര്യമറിയാനുമുള്ള യുറീക്കാ പാട്ടുകൾ ഇങ്ങനെ അവരിൽ ശാസ്ത്രബോധവും നിരീക്ഷണ പരീക്ഷണ മനോഭാവവും വളർത്താനുതകുന്ന നിരവധി പുസ്തകങ്ങൾ പരിഷത്തിന്റെതായുണ്ട്. വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകൾക്കെതിരെ കാലാകാലങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുവാനും പ്രായോഗിക പ്രവർത്തനങ്ങളിലേർപ്പെടുവാനും പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. അപാകതകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ബദൽ നിർദേശങ്ങൾ അവതരിപ്പിക്കുവാനും പരിഷത്ത് പരിശ്രമിച്ചുപോന്നിട്ടുണ്ട്. നിത്യവികസ്വരമായ വിജ്ഞാനത്തിന്റെ ചലനാത്മകത ഉൾക്കൊള്ളുവാനോ അർത്ഥവത്തായ ചോദ്യങ്ങൾ ഉയർത്തുന്നതിന് നമ്മുടെ യുവതലമുറയെ സജ്ജരാക്കാനോ ഇന്നത്തെ വിദ്യാഭ്യാസത്തിനു കഴിയുന്നില്ല. അത് പരീക്ഷയെമാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു യാന്ത്രിക പ്രക്രിയയായി മാറിയിരിക്കുന്നു. ശാസ്ത്രീയ വീക്ഷണത്തിനും ശാസ്ത്രപഠനത്തിനും അത്യാവശ്യമായ ജിജ്ഞാസ അവരിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ 1978-79 മുതൽ തന്നെ കുട്ടികളെ സംഘടിപ്പിക്കുവാനും ബാലവേദികൾ രൂപീകരിച്ച് പ്രവർത്തിക്കുവാനും പരിഷത്ത് ശ്രമിച്ചുകൊണ്ടിരിക്ക യാണ്. കഴിഞ്ഞ പത്തുവർഷക്കാലത്തെ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ബാലവേദികൾക്ക് കഴിഞ്ഞു. ഇവയിൽ എന്തുകൊണ്ടും ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ബാലോത്സവം.

പഠനം പാൽപായസം

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ പഠനം ആസ്വാദ്യകരമായ ഒരനുഭവമാക്കി മാറ്റുന്നതിനുള്ള തുടക്കം കുറിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അധ്യാപകനും വിദ്യാർത്ഥിയും ഒരുപോലെ അന്യവൽക്കരിക്കപ്പെട്ട ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയിൽ ഒറ്റപ്പെട്ട വസ്തുതകൾക്കപ്പുറം പ്രകൃതിയുടെയും സമൂഹത്തിന്റെയും സൂക്ഷ്മനിരീക്ഷണത്തിനും വിശകലനത്തിനും അവസരം ലഭി ക്കുമാറുള്ള പഠനം നടക്കുന്നില്ല. മറിച്ച്, പ്രകൃതിയെയും സമൂഹത്തെയും കുറിച്ച് അപൂർണവും വികലവുമായ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിൽ മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസം വിജയിക്കുന്നത്. ഈ ജീർണതയും നിശ്ചലാവസ്ഥയും മാറ്റിയെടുക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമെല്ലാം ഒത്തുചേർന്നു പ്രവർത്തിച്ചേ പറ്റൂ. ഇതിനു നേതൃത്വം കൊടുക്കാനും വിദ്യാഭ്യാസത്തെ നിരന്തരമായ സാമൂഹ്യ പരിഷ്‌കരണത്തിനുള്ള അതിശക്തമായ ഒരുപാധിയാക്കി മാറ്റാനും അധ്യാപകർക്ക് സാധി ക്കും, സാധിക്കണം. ഇതിനുതകുന്നതരത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒത്തുചേരാനും തങ്ങളെ വരിഞ്ഞുമുറുക്കിയ സങ്കുചിതചിന്തകളെ അകറ്റിനിർത്തി കൂട്ടായ പ്രവർ ത്തനത്തിലൂടെ ആഹ്‌ളാദിക്കുവാനും ബാലോത്സവങ്ങൾ കളമൊരുക്കുന്നു. നന്നായി കാണാനും കേൾക്കാനും പറയാനും പ്രകടിപ്പിക്കുവാനും നിരവധി പ്രവർത്തനങ്ങളി ലേർപ്പെടാനും കുട്ടികൾക്ക് ബാലോത്സവംവഴി സാധിക്കുന്നു. ഇതുവഴി പഠനം എന്നത് രസകരമായൊ രനുഭൂതിയായി മാറുന്നു. ഇതുതന്നെയാണ് ബാലോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അഖിലേന്ത്യാതലത്തിലും സംസ്ഥാന-ജില്ലാ-മേഖലാ തലങ്ങളിലും നടത്തിയ ബാലോത്സവങ്ങളിലൂടെ നേടിയ അനുഭവം വച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി എല്ലാ യൂണിറ്റിലും ബാലോത്സവങ്ങൾ നടത്തുന്നതു സംബന്ധിച്ച വിശദവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ യൂണിറ്റ് ബാലോത്സവങ്ങൾ വിജയിപ്പിക്കണമെന്നഭ്യർത്ഥിക്കുന്നു.

പുതിയശൈലി

പരിഷത്തിന്റെ 25-ാം വാർഷിക ജനറൽ കൗൺസിൽ അംഗീകരിച്ച പുതിയ പ്രവർത്തന പരിപാടി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് പ്രത്യേകമായ ഊന്നൽ നൽകുന്നതാണ്. മേഖല, ജില്ല, സംസ്ഥാനതല ങ്ങളിലെ മുഖ്യപ്രവർത്തനങ്ങൾ യൂണിറ്റു പരിപാടികൾ വിജയിപ്പിക്കുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ബാലോത്സവങ്ങൾ യൂണിറ്റുകളിൽ മാത്രമേ നടക്കുകയുള്ളു. മേഖലാ, ജില്ലാ, സംസ്ഥാന, അഖിലേന്ത്യാ ബാലോത്സവങ്ങൾ നടത്തിയ രീതിയിൽ യൂണിറ്റുകളിൽ ബാലോത്സവം നടത്തുക സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് ബാലോത്സവം നടത്തുന്നത് യൂണിറ്റുകളെ തളർത്താനല്ല. പരമാവധി അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും കുട്ടികളിലേക്കും പുതിയ പഠനരീതികളെത്തി ക്കുവാനും അവരെ ആവേശം കൊള്ളിക്കാനുമാണ്. പരമാവധി സാമ്പത്തിക ചെലവുകൾ കുറച്ചുകൊണ്ട് ആർഭാടരഹിതമായ രീതിയിലാണ് ബാലോത്സവം നടത്തേണ്ടത്. നമുക്കറിയാവുന്ന എല്ലാ കാര്യങ്ങളും (മൂലകളിലൂടെ മുമ്പ് നേടിയവ) ഒറ്റയടിക്ക് അവതരിപ്പിക്കാതെ കുട്ടികളുടെ നിലവാരം മനസ്സിലാക്കി അവരുടെ പൂർണമായ പങ്കാളിത്തത്തോടെ വേണം പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഒരു ബാലോത്സവം കഴിഞ്ഞ്, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന സമാപനയോഗത്തിൽ വച്ചുതന്നെ മടക്ക ബാലോത്സവത്തിന്റെ തീയതി നിശ്ചയിക്കണം.

അതിഥി--ആതിഥേയ രീതിതന്നെ

അടുത്തടുത്ത യൂണിറ്റുകൾ ചേർന്ന് അതിഥി-ആതിഥേയ രീതിയിലാണ് ബാലോത്സവങ്ങൾ നടത്തേണ്ടത്. ആകെ 50-ൽ കൂടുതൽ കുട്ടികൾ വേണ്ട. (അതിഥി 25 + ആതിഥേയർ 25) ബാലവേദി അംഗങ്ങൾക്ക് മുൻഗണന ലഭിക്കത്തക്ക വിധമായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് (25-ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ബാക്കിയുള്ളവരെ നിരീക്ഷകരായും സഹായികളായും പങ്കെടുപ്പിക്കാം. തുടർന്നും ബാലോത്സവങ്ങൾ നടത്തണം. അതിൽ ഇവർക്ക് മുൻഗണന കൊടുക്കണം). നേരത്തെതന്നെ ആതിഥേയ രുടെ വീടുകൾ കണ്ടെത്തുകയും അതിഥികളുമായി ബന്ധപ്പെടുവാൻ അവസരമുണ്ടാക്കുകയും വേണം.

ആർക്കൊക്കെ പങ്കെടുക്കാം?

5, 6, 7 ക്‌ളാസിലെ കുട്ടികളുടെ പാഠപുസ്തകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ബാലോത്സവങ്ങ ളുടെ ഉള്ളടക്കം രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഈ ക്‌ളാസുകളിലെ കുട്ടികളെ തന്നെയായിരി ക്കണം ബാലോത്സവങ്ങളിൽ പങ്കെടുപ്പിക്കേണ്ടത് (അതിഥികളും ആതിഥേയരും). ബാലവേദി അംഗങ്ങൾ തന്നെ ആവണം പങ്കെടുക്കുന്നവരെന്നുവരികിലും എണ്ണത്തിൽ കുറവുള്ളിടത്ത് ബാലവേദിയിൽ ചേർക്കാ വുന്നവരെക്കൂടി ഉൾപ്പെടുത്താവുന്നതാണ്.

ജില്ലാ കമ്മിറ്റികൾ എന്തൊക്കെ ചെയ്യണം

സംസ്ഥാനതലത്തിലുള്ള പരിശീലനം തൃശ്ശൂരിലെ കൂർക്കഞ്ചേരി വച്ച് നടന്നു കഴിഞ്ഞു. ഏപ്രിൽ 25 നു മുമ്പെ എല്ലാ ജില്ലകളിലും പരിശീലനങ്ങൾ നടക്കും. ജില്ലാ പരിശീലനത്തിനുമുമ്പ് സംസ്ഥാന പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പേരും ജില്ലയിലെ പ്രധാന ബാലവേദി പ്രവർത്തകരും ചേർന്ന് ജില്ലാ പരിശീലനത്തിനുള്ള വ്യക്തമായ പ്‌ളാനിംഗ് നടത്തണം. ഒരു മേഖലയിൽനിന്നും ചുരുങ്ങിയത് 10 പേരെങ്കിലും ജില്ലാ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. മേഖലയിലെ യൂണിറ്റ് ബാലോത്സവങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് ഈ പ്രവർത്തകരാണ്. ഇതിനുതകുന്നതരത്തിൽ പ്രവർത്തകരെ തെരഞ്ഞെ ടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജില്ലാ പരിശീലനം, മേഖലാ തലത്തിലുള്ള മാതൃകാ ബാലോത്സവം ഇവ കഴിയുമ്പോഴേക്കും ജില്ലയിൽ ചുരുങ്ങിയത് 25 പേരടങ്ങിയ ഒരു ടീം ഏതു യൂണിറ്റിലും പോകുവാൻ പറ്റിയവിധം ഉണ്ടായിരിക്കണം. മേഖലാ മാതൃകാ ബാലോത്സവത്തിൽ സംസ്ഥാന പരിശീലനത്തിൽ പങ്കെടുത്ത പ്രവർത്തകർ നിർബന്ധമായും പങ്കെടുക്കണം. പൊതുവെ ജില്ലയിലെ എല്ലാ യൂണിറ്റിലും ബാലോത്സവങ്ങൾ നടത്തുവാനും പരിശീലകരെ എത്തിക്കുവാനും പ്രവർത്തനങ്ങൾ കോ-ഓർഡിനേറ്റു ചെയ്യാനും ജില്ലാകമ്മിറ്റിയുടെ പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം. ഓരോ മേഖലക്കും ബാലോത്സവ പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേകം ചുമതല വേണം. മെയ്, ജൂൺ, ജൂലൈ മാസത്തോടെ ഒരുസെറ്റ് ബാലോത്സവം എല്ലാ യൂണിറ്റിലും നടന്നിരിക്കണം (മടക്ക ബാലോത്സവമടക്കം). മെയ് മാസത്തിൽ പകുതിയെങ്കിലും പൂർത്തിയാക്കണം. മേഖലയിൽ നടക്കുന്ന മാതൃകാ ബാലോത്സവ വിവരം എല്ലാ അധ്യാപക സംഘടനകളെയും വിദ്യാഭ്യാസ പ്രവർത്തകരെയും അറിയിക്കുവാനും ജില്ലാ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കേ ണ്ടതുണ്ട്.

മേഖലാകമ്മിറ്റി

മാതൃകാ ബാലോത്സവത്തിനുള്ള തീയതിയും സ്ഥലവും ഇതിനകം നിശ്ചയിച്ചു കഴിഞ്ഞിരിക്കുമല്ലോ. അതിഥികളെയും ആതിഥേയരെയും നേരത്തെതന്നെ കണ്ടെത്തി ആവശ്യമായ അറിയിപ്പുകളും മറ്റും കൊടുക്കുക. യൂണിറ്റ് ബാലോത്സവങ്ങൾ എങ്ങനെയാണ് നടക്കേണ്ടത് എന്നതിന്റെ മാതൃകയാണ് മേഖലയിൽ നടക്കുന്നത്. ഏപ്രിൽ 30 നുമുമ്പ് മേഖലാ ബാലോത്സവം നടത്തിയിരിക്കണം. ഇതിന്റെ സംഘാടനം വിജയകരമായി നടത്തിയാൽ മാത്രമേ യൂണിറ്റ് ബാലോത്സവങ്ങൾ വിജയിക്കൂ. എല്ലാ യൂണി റ്റിലേയും തെരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകരെ മാതൃകാ ബാലോത്സവത്തിൽ നിരീക്ഷകരായി പങ്കെടുപ്പിക്കണം. വൈകുന്നേരം കുട്ടികളെ വിട്ടശേഷം രാത്രി ഈ പ്രവർത്തകരുമായി ചർച്ച നടത്തുകയും യൂണിറ്റ് ബാലോത്സവത്തിന്റെ അവസാന തീരുമാനങ്ങൾ, ചിട്ടയായ പ്‌ളാനിംഗ് എന്നിവ നടക്കുകയും വേണം. മെയ് ഒന്നാമത്തെ ആഴ്ച, രണ്ടാമത്തെ ആഴ്ച.... എന്നീ സമയങ്ങളിൽ എവിടെയൊക്കെ ബാലോത്സവങ്ങൾ നടക്കും, ആരൊക്കെ പങ്കെടുക്കും, ഏതൊക്കെ ബാലവേദികൾ യോജിച്ചുകൊണ്ടാണ് ബാലോത്സവം നടത്തുന്നത്. മെയ്മാസത്തിൽ തന്നെ പകുതി യൂണിറ്റിലും ബാലോത്സവങ്ങൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ വിവരങ്ങളും മേഖലാകൺവീനർ സമാഹരിച്ച് ജില്ലാ-സംസ്ഥാന ഭാരവാഹികൾക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കണം.

യൂണിറ്റുകൾ

എല്ലാ ബാലവേദികൾക്കും രണ്ടു ബാലോത്സവങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുമാറുള്ള ഒരു സെറ്റ് ബാലോത്സവം നടത്തുക എന്ന സുപ്രധാനമായ പ്രവർത്തനത്തിനു നേതൃത്വം കൊടുക്കേണ്ടത് യൂണിറ്റുകളാണ്. തീയതി നിശ്ചയിച്ചു കഴിഞ്ഞ ഉടനെ ബാലവേദി പ്രവർത്തിക്കുന്ന പ്രദേശത്തെ രക്ഷിതാക്കളേയും നാട്ടുകാരേയും അധ്യാപകരേയും വിളിച്ചു ചേർത്ത് സംഘാടക കമ്മിറ്റി ചേരുകയും ബാലോത്സവം, ബാലവേദികൾ ഇവ സംബന്ധമായ വിശദീകരണങ്ങൾ നടത്തുകയും ചെയ്യണം. അതി ഥികളെയും ആതിഥേയരെയും നിശ്ചയിക്കുക, ആവശ്യമായ സാധനങ്ങൾ ഒരുക്കുക, ആ പ്രദേശത്തെ മുഴുവൻ അധ്യാപകരെയും നാട്ടുകാരെയും ബാലോത്സവം കാണാൻ ക്ഷണിക്കുക, ആർഭാടരഹിതമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുക. മാസികാ പ്രചാരണം, ഗ്രാമപത്ര സ്ഥാപനം, ജാഥകൾ എന്നിങ്ങനെ ഗ്രാമത്തിലെ ഒരു പ്രധാന സംരംഭമായി മാറണം ബാലോത്സവം. 'മടക്ക ബാലോത്സവ'ത്തെക്കുറിച്ച് നേരത്തെതന്നെ ധാരണയുണ്ടാക്കി അതിഥികളുടെ രക്ഷിതാക്കൾ ആതിഥേയരെ ക്ഷണിക്കുന്ന രീതി നടപ്പിലാക്കണം. രണ്ടാമത്തെ ദിവസം കുട്ടികൾ ആതിഥേയരുടെ വീടുകളിൽനിന്നും പൊതിച്ചോറ് കൊണ്ടു വരികയും മൂന്നാം ദിവസം ഉച്ചക്ക് രക്ഷിതാക്കൾ അതിഥികൾക്കും ആതിഥേയക്കുട്ടികൾക്കുമുള്ള ഭക്ഷണം കൊണ്ടുവരികയും വേണം. കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അതിഥികളുടെ രക്ഷിതാക്കളും ആതിഥേയ രക്ഷിതാക്കളും ചേർന്നുകൊണ്ടുള്ള യോഗം നടക്കണം. അതിഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം നേരത്തെ അറിയിക്കണം.

ഒന്നിച്ചു കളിച്ചു പഠിക്കാൻ

കുട്ടികൾക്ക് ഒന്നിച്ചു കളിച്ചും ചിരിച്ചും പഠിക്കുവാനും, പഠനത്തെ പാൽ പായസമാക്കിമാറ്റാനുള്ള ഈ വിദ്യാഭ്യാസപ്രവർത്തനം വ്യക്തമായ ആസൂത്രണത്തോടെ നടത്തേണ്ട ഒന്നാണ് എന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞല്ലോ. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകർ വളരെ ഗൗരവത്തോടെ ഇക്കാര്യം ചർച്ചചെയ്യണമെന്നും ആയിരക്കണക്കിനു ബാലവേദികളിൽ നടത്തുന്ന ബാലോത്സവങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒത്തുചേരാനും ഒന്നിച്ചു പ്രവർത്തിക്കാനും പുതിയ പഠനരീതികൾ ആവിഷ്‌കരിക്കാനുള്ള ഒന്നാംതരം അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യട്ടെ.

ബാലോത്സവത്തിന്റെ സത്ത

താഴെ കൊടുക്കുന്ന പ്രധാന കാര്യങ്ങൾ ഗ്രഹിക്കത്തക്ക വിധത്തിലായിരിക്കണം ബാലോത്സവങ്ങൾ സംഘടിപ്പിക്കേണ്ടത്. പ്രവർത്തനങ്ങൾ രസകരമായും കുട്ടികൾക്ക് ആവേശം നൽകുന്നതരത്തിലും അവതരിപ്പിക്കുന്നതിലാണ് ബാലോത്സവത്തിന്റെ വിജയം കുടികൊള്ളുന്നത്.

 • പ്രകൃതിയുമായി ബന്ധപ്പെട്ടുകൊണ്ടല്ലാതെ നമുക്ക് ജീവിക്കുക സാധ്യമല്ല.
 • പ്രകൃതിയിലുള്ള സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
 • പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളും സദാ ചലിച്ചുകൊണ്ടിരിക്കുന്നു.
 • ഇതെല്ലാം പഠിക്കാനുള്ള നല്ല പാഠപുസ്തകം പ്രകൃതി തന്നെയാണ്.

ഈ മുഖ്യാംശങ്ങൾ കുട്ടികളിലെത്തിക്കത്തക്കവിധമുള്ള ഒരു പ്രവർത്തന പരിപാടിയാണ് ചുവടെ കൊടുക്കുന്നത്. പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും യാന്ത്രികമാവാതെയും ഒരു ടീമിന് കൈകാര്യം ചെയ്യത്തക്കവിധമാണ് ഇത് പ്‌ളാൻ ചെയ്തിരിക്കുന്നത്. മുമ്പു നടത്തിയ ബാലോത്സവങ്ങളിൽനിന്നു വ്യത്യസ്തമായി കുറേക്കൂടി സമഗ്രമായ രീതിയാണ് യൂണിറ്റു ബാലോത്സവങ്ങൾക്ക് അവലംബിക്കേണ്ടത്. ഇക്കാരണത്താൽ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന 'മൂലരീതി' ഒഴിവാക്കി, പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള രീതിയിലാണ് ഇവ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിഥി-ആതിഥേയ സമ്പ്രദായത്തിലാണ് യൂണിറ്റ് ബാലോത്സവങ്ങൾ സംഘടിപ്പിക്കേണ്ടത് എന്നറിയാമല്ലോ. താഴെ കൊടുക്കുന്ന മാർഗനിർദേശങ്ങൾ രണ്ട് ബാലോത്സവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടു മുള്ളതാണ്. ആദ്യ ബാലോത്സവം ഏതു ഘട്ടത്തിലും നിർത്താം. രണ്ടാമത്തേത് ആദ്യത്തെ ബാലോത്സവം നിർത്തിയേടത്തു നിന്നും തുടങ്ങാം.

രജിസ്‌ട്രേഷനു മുമ്പുതന്നെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള--ലജ്ജയും സങ്കോചവും മാറ്റുക എന്നതാണ് ഉദ്ദേശം--കാക്കയും കുയിലും, സങ്കോചവികാസവൃത്തങ്ങൾ, എത്രപേർ, ആഴ്ചയും അക്കങ്ങളും, വക്കീലും കക്ഷിയും ഇതുപോലെയുള്ള കളികളാകാം. പിന്നീട് രജിസ്‌ട്രേഷൻ. പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തണം, ബാഡ്ജിന് ഉണങ്ങിയ ഇലകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. ഗ്രൂപ്പു തിരിക്കുന്നതിന് ആവശ്യമായ സംജ്ഞകൾ ബാഡ്ജിൽ രേഖപ്പെടുത്തിയിരിക്കണം. തുടർന്ന് കുട്ടികളും അധ്യാപകരും, രക്ഷിതാക്കളുംകൂടിയുള്ള ഒത്തുചേരലും ലളിതമായ ഉദ്ഘാടന യോഗവും. ബാലോത്സവഗാനം പാടിക്കൊടുക്കണം. കുട്ടികളുടെ ഭാഷയിൽ സംസാരിക്കാൻ പ്രത്യേക ശ്രദ്ധ. സംസാരിച്ച് ബോറടിപ്പിക്കരുത്, വ്യക്തമായ നിർദേശങ്ങൾ നൽകിയശേഷം അതിഥികളായ കുട്ടികളെ ആതിഥേയരുടെ കൂടെ അയക്കുന്നു. മടക്ക ബാലോത്സവത്തിലും ഒന്നാം ദിവസത്തെ പരിപാടികൾ ഇതുപോലെ തന്നെ ക്രമീകരിക്കേ ണ്ടതാണ്. രണ്ടും മൂന്നും ദിവസങ്ങളിലും ബാലോത്സവഗാനത്തോടുകൂടി തന്നെ തുടങ്ങാം. തുടർന്ന് രണ്ടു ബാലോത്സവങ്ങളിലായി നടത്തേണ്ട മുഴുവൻ പ്രവർത്തനങ്ങളുടെ ഒരു ഏകദേശരൂപമാണ് താഴെ കൊടുക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് എല്ലാം പൊതുവായ ഒരു അടിയൊഴുക്കുണ്ട്. പക്ഷേ തുടർച്ചക്ക് ഭംഗംവരാതെയും എന്നാൽ യാന്ത്രികമാവാതെയും കൂടുതൽ രസകരമായ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തും ഇതിനെ പോഷിപ്പിക്കാവുന്നതാണ്.

 1. ബാലോത്സവത്തിനു കുട്ടികളെ അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കണം. ഇതിന് പഞ്ചഗുണം, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചദ്രാവിഡം, പഞ്ചപാണ്ഡവൻമാർ, പഞ്ചസുഗന്ധകം. പഞ്ചാഗ്‌നി, പഞ്ചാംഗം, പഞ്ചാമൃതം, പഞ്ചനദി എന്നിങ്ങനെയുള്ള സംജ്ഞകൾ ഉപയോഗിക്കാം.
 2. ഈ ഗ്രൂപ്പുകൾ മാവുപൂത്തു എന്നതുപോലുള്ള കോഡുകൾ ഉപയോഗിച്ച് മ, വ, പ, ത എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വസ്തുക്കൾ പ്രകൃതിയിൽ കഴിയാവുന്നത്ര ശേഖരിക്കുന്നു.
 3. ഇവയെ പലതരത്തിൽ വർഗീകരിക്കുന്നു. വർഗീകരണത്തിൽനിന്നും സാമാന്യവൽകരണം നടത്തുന്നു.
 4. ഹെർബേറിയം തയ്യാറാക്കൽ, ഇലകളുടെ പ്രിന്റിങ് എടുക്കൽ എന്നിവ പരിശീലിപ്പിച്ച് മടക്ക ബാലോത്സവത്തിൽ ഇത്തരം ഒരു ശേഖരം തയ്യാറാക്കിവരാൻ ആവശ്യപ്പെടാവുന്നതാണ്.
 5. ഈ നിരീക്ഷണങ്ങൾ ഒക്കെ നാം നടത്തിയത് ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇനി നടത്താം. കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് ഇവയെ പരീക്ഷിച്ചറിയൽ. കൂടാതെ ഫ്യൂസായ ടോർച്ച് ബൾബ് ഉപയോഗിച്ച് ലെൻസ് ഉണ്ടാക്കി സൂക്ഷ്മ നിരീക്ഷണം നടത്താം.
 6. ചുറ്റുപാടുകൾ (പരിതസ്ഥിതികൾ) മിക്കപ്പോഴും നമ്മെ വഴിതെറ്റിക്കാറുണ്ട്. ഉദാ: < --- > > ---- < ഇതിൽ ഏതു വരയാണ് വലുത്.
 7. കണ്ടുപിടിക്കാൻ കൃത്യമായി അളക്കേണ്ടിവരും. എങ്ങനെ അളക്കും. ഡസ്‌ക്കിന്റെ നീളം എത്രചാൺ? ആദ്യം ഊഹിക്കുന്നു. പിന്നെ അളക്കുന്നു. ഊഹിച്ചതും അളന്നതും തുല്യമല്ല. അളന്നതുതന്നെ എല്ലാവർക്കും ഒരേ അളവല്ല. കാരണമെന്ത്? ഉപയോഗിച്ച യൂണിറ്റ് ഒരുപോലെയല്ല.
 8. ഒരു പോസ്റ്റ്കാർഡ് ഉപയോഗിച്ച് ഡസ്‌ക്കിന്റെ നീളം കാണുക. പോസ്റ്റ് കാർഡിന്റെ നീളം അറി ഞ്ഞാൽ ഡസ്‌ക്കിന്റെ നീളം അറിയാം.
 9. ഇതുപോലെ സമയം അളക്കാൻ മാർഗം ഉണ്ടാക്കാമോ? ഒരു മൂളലിന് എടുക്കുന്ന സമയം പറയൽ. 1, 2, 3, 4 എന്നിങ്ങനെ എണ്ണുന്നതിന്റെ ഇടവേള പൊരുത്തപ്പെടുത്തൽ എന്നിവ പരിശീലിപ്പിക്കുക.
 10. ഇങ്ങനെ 100 മീറ്റർ നടക്കാൻ എടുത്ത സമയം കണക്കാക്കി പല കുട്ടികളുടെ സ്പീഡ് താരതമ്യപ്പെടുത്തുക. (ബസിൽ യാത്രചെയ്യുപ്പോൾ ബസിന്റെ സ്പീഡ് കണക്കാക്കാൻ ഇതുപയോഗപ്പെടുത്തുക.)
 11. ഇതുപോലെ മരത്തിന്റെ ഉയരം ഊഹിച്ച് പറയുക, എന്നിട്ട് തന്നിരിക്കുന്ന വടിമാത്രമുപയോഗിച്ച് ഉയരം കണക്കാക്കുക.
 12. ഉയരം എന്നത് മരത്തിനെ സംബന്ധിച്ച പല നിരീക്ഷണങ്ങളിൽ ഒന്നാണ്. നമുക്ക് കൂടുതൽ അടുത്തു പോയി നിരീക്ഷിക്കാം. (തടി, ഇല, ചില്ലകൾ, പക്ഷികൾ മുതലായവ)
 13. മരത്തിന്റെ പടം വരയ്ക്കാം.
 14. കളിമണ്ണ്, പൾപ്പ്, പ്‌ളാസ്റ്റർ ഓഫ് പാരീസ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മരത്തിന്റെ മോഡൽ ഉണ്ടാക്കാം. അതിലടങ്ങിയിരിക്കുന്ന ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയാം.
 15. മരത്തിൽ കണ്ട പക്ഷികളെ കുരുത്തോലകൊണ്ട് നിർമിക്കാം. അടയ്ക്കാതൊണ്ട്, എക്‌സ്‌റേ ഫിലിം ഇവയും ഉപയോഗിക്കാം.
 16. ഓലകൊണ്ട് ഓലപ്പീലി, റബ്ബർ പന്തു പാവ, തെർമോക്കോൾ മനുഷ്യൻ, എക്‌സ്‌റേ ഫിലിം/പാള മാസ്‌കുകൾ എന്നിവ ഉണ്ടാക്കുക.
 17. നേരത്തെ നിർമിച്ച ജീവികളെ ടാൻഗ്രാം രീതിയിലും നിർമിക്കുക.
 18. ടാൻഗ്രാമിലെ ത്രികോണത്തിന്റെ കോണുകളുടെ തുക 1800 എന്ന് തെളിയിക്കുന്ന പ്രവർത്തനം.
 19. അരവിന്ദ്ഗുപ്ത രീതിയിൽ മറ്റ് ആകൃതികളെ അപേക്ഷിച്ച് ത്രികോണത്തിന് ദൃഢത കൂടുതലാണെന്ന് തെളിയിക്കുന്ന പ്രവർത്തനം.
 20. അരവിന്ദ്ഗുപ്ത രീതി ഉപയോഗിച്ച് കൂടുതൽ രസകരവും സങ്കീർണവുമായ രൂപങ്ങൾ നിർമിക്കുക.
 21. ഈ രൂപങ്ങൾ ഉപയോഗിച്ച് വനനശീകരണത്തിന് എതിരായുള്ള നാടകം അഭിനയിക്കുക.
 22. വനനശീകരണം വഴി നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രത്യേകതകൾ പരിശോധിക്കാനുള്ള പ്രവർത്തനങ്ങൾ(മണ്ണിന്റെ അടുക്കുകൾ, ജലം കിനിഞ്ഞിറങ്ങുന്നത്, മണ്ണൊലിപ്പ് എന്നിവ)
 23. മണ്ണൊലിപ്പുമൂലം പുഴവെള്ളം കലങ്ങുന്നു. അതുകൊണ്ടുള്ള ദോഷം വ്യക്തമാക്കാനുള്ള പ്രവർത്തനം. പ്രകാശം വെള്ളത്തിൽ എത്ര ആഴത്തിൽ എത്തുന്നു എന്നത്.
 24. പ്രകൃതിയിലെ വിവിധ ഘടകങ്ങൾ പരസ്പര ബന്ധിതമാണെന്ന് ചർച്ചയിലൂടെ സ്ഥാപിക്കുക. എ ന്നിട്ട് പരസ്പര ബന്ധക്കളി.

ഇതുവരെ സൂചിപ്പിച്ച പരിപാടികൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് തുടർച്ചയായി നടത്താവുന്നതാണ്. എന്നാൽ ഇനി സൂചിപ്പിക്കുന്ന പരിപാടികൾ ഇതുവരെ സൂചിപ്പിച്ചവയ്ക്ക് ഇടയിൽ ചേർത്ത് കൂടുതൽ രസകരമാക്കാൻ ഉപയോഗിക്കാം. മാത്രമല്ല ഇവയെ ബന്ധപ്പെടുത്താവുന്നിടത്ത് ബന്ധപ്പെടുത്തിയും ഉപയോഗിക്കാം.

 • മരങ്ങൾ മുറിക്കാതെ കുളത്തിന്റെ വിസ്തീർണം ഇരട്ടിപ്പിക്കുന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്ന പ്രവർത്തനം. ഉത്തരം എളുപ്പത്തിൽ പേപ്പർ മടക്കി കാണിച്ചുകൊടുക്കാം.
 • ഈ പേപ്പർ തന്നെ ഉപയോഗിച്ച് മടക്കി ഒറിഗാമിയിലെ താറാവ്, സഡാക്കോ തിമിംഗലം ഇവ ഉണ്ടാക്കാം.
 • ആറുപേർ ഉണ്ട്. മൂന്നു വരിയായി നില്ക്കണം. ഓരോ വരിയിലും മൂന്നു പേർവീതം വേണം. എങ്ങനെ നിൽക്കും (ഇതു തന്നെ 12 പേർ, 4 വരി, 4 പേർ വീതം)
 • ഇഷ്ടികയുടെ ഉള്ളിലെ സ്‌കെയിലുകൊണ്ട് അളക്കാൻ കഴിയാത്ത ഡയഗണൽ കാണൽ.
 • തീപ്പെട്ടിയുടെ ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളുടെ എണ്ണം കുലുക്കിനോക്കിപ്പറയുക.
 • സമാധാനം എന്ന സന്ദേശം അയക്കുന്ന കണക്ക് (1089).
 • പാട്ടുകൾ (കിലുകിലുക്കും ........, താളം പാടിക്കുവാൻ തോഴരേ ..... എന്തുകൊണ്ട്? ........, ഒത്തുപി ടിച്ചാൽ .......പരസ്പരബന്ധപ്പാട്ട്, തീപ്പെട്ടിപ്പാട്ട്, അക്ഷരമുത്തുകൾ ........മുതലായവ)
 • കളികൾ ('സംഘക്കളി' എന്ന പുസ്തകത്തിലെ കളികളും മുൻ ബാലോത്സവങ്ങളിൽ നിന്നും കിട്ടിയിട്ടുള്ള കളികളും ഉപയോഗിക്കാം.)

ഒന്നാം ബാലോത്സവത്തിനും മടക്ക ബാലോത്സവത്തിനും കൂടി ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് (ഏകദേശരൂപം)

 1. പ്‌ളാവിലയോ ആലിലയോ അതുപോലുള്ള ഇലകളോ ഉണക്കിയത്-50 എണ്ണം
 2. രണ്ട് വലിയ മണ്ണെണ്ണ കുപ്പികൾ
 3. അരഗ്‌ളാസ് വെളിച്ചെണ്ണ
 4. ഒരു മണ്ണെണ്ണ വിളക്ക്
 5. ഇന്ദ്രിയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ, ചക്കക്കുരു, ഉപ്പ്, പഞ്ചസാര, പുളി, കറിവേപ്പില, വേപ്പില, നാരകത്തിന്റെ ഇല, ഉള്ളി, മണ്ണെണ്ണ മുതലായ സാധനങ്ങൾ
 6. ഫ്യൂസായ ടോർച്ച് ബൾബ്
 7. പോസ്റ്റ് കാർഡ്-1 എണ്ണം
 8. കുരുത്തോല-5 മടൽ
 9. അടക്കാതൊണ്ട്- മ്മ ചാക്ക്
 10. തീപ്പെട്ടിക്കൊള്ളി- മ്പ ചാക്ക്
 11. കളിമണ്ണ് -1 ബ്‌ളോക്ക് അല്ലെങ്കിൽ പൾപ്പ് ഉണ്ടാക്കാൻ ആവശ്യമായ പേപ്പർ പൊടി, ഉലുവ, തുരിശ് മുതലായവ
 12. വാൽവ് ട്യൂബ്-2 പെട്ടി
 13. റബ്ബർ പന്ത്-12 എണ്ണം 8 രാ വ്യാസം
 14. കാർഡ്‌ബോഡിൽ ടിൻഗ്രാം വെട്ടിയത്
 15. രണ്ടു തകര ടിന്നുകൾ
 16. തൂമ്പ ഒരെണ്ണം
 17. തെർമോക്കോൾ (പിക്കിങ്ങിന് ഉപയോഗിക്കുന്ന പഴയത്) 3 വലിയ ഷീറ്റ്
 18. ബക്കറ്റുകൾ
 19. നൂല് കട്ടിയുള്ളത് -1 ഉണ്ട
 20. വരയ്ക്കാനും എഴുതാനും ഉള്ള പേപ്പർ-5 ക്വയർ
 21. ഒറിഗിമിക്കുള്ള നിറമുള്ള പേപ്പർ-5 ക്വയർ
 22. പോസ്റ്റർ കളർ-10 ബോട്ടിൽ
 23. ഇഷ്ടിക-1 എണ്ണം
 24. പാള-50 എണ്ണം

ബാലവേദി പ്രവർത്തകർ ആവശ്യം കണ്ടിരിക്കേണ്ട പുസ്തകങ്ങൾ

 1. സംഘക്കളി -- സുരേന്ദ്രനാഥ്
 2. കളിക്കാം പഠിക്കാം -- അരവിന്ദഗുപ്ത
 3. പഠനം പാൽപ്പായസം -- സി. ഇ. ഇ.
 4. ദിവാസ്വപ്നം -- ഗിജൂഭായി ബഘേക

ഇവയെല്ലാം പ്രസിദ്ധീകരണ സമിതിയിൽ നിന്നോ ജില്ലാക്കമ്മിറ്റികളിൽ നിന്നോ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്

ജില്ലാ ബാലവേദി ചുമതലക്കാരനുമായോ സംസ്ഥാന ബാലവേദി കൺവീനറുമായോ ബന്ധപ്പെടുക.

സംസ്ഥാന കൺവീനർ:

കെ.ടി. രാമകൃഷ്ണൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (ജ.0.) ചേമഞ്ചേരി-673 304 കോഴിക്കോട് ജില്ല