വാക്സിൻ ചോദ്യോത്തരങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

12039723 10208133824162912 3292006889619498047 n.jpg

പ്രതിരോധ ചികിത്സ കുട്ടികളുടെ അവകാശം - അതു തടയുന്നവർ മരണങ്ങൾ വിളിച്ചു വരുത്തുന്നു


കേരളത്തിൽ വീണ്ടും ഡിഫ്തീരിയ മരണങ്ങൾ ഉണ്ടായിരിക്കുന്നു. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ഇത് വരെ രോഗം ബാധിച്ച എല്ലാവരും പ്രതിരോധ കുത്തിവെപ്പ് കിട്ടാത്ത കുട്ടികളാണ്. ഇതു പോലെ നിരവധി കുട്ടികൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് രോഗം മുതിർന്നവരിലേക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മറ്റു കുട്ടികളിലേക്കും പടരാൻ സാധ്യതയുണ്ട്. ഡിഫ്ത്തീരിയക്കും മറ്റും എതിരെയുള്ള ഡി.പി.ടി കിട്ടിയ മുതിർന്നവരിൽ പലർക്കും കാലാകാലങ്ങളിലുള്ള ബൂസ്റ്ററിന്റെ അഭാവത്തിൽ ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധശേഷി കുറവാണെന്നുള്ളതാണ് കാരണം. 1994ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം അവിടെ കുട്ടികളിൽ ഡി.പി.ടി കുത്തിവെപ്പുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ഡിഫ്ത്തീരിയ രോഗം പൊട്ടിപ്പുറപ്പെടുകയും അയ്യായിരത്തോളം പേർ മരിക്കുകയും ഉണ്ടായി. ഇതു നമുക്ക് പാഠം ആകേണ്ടതാണ്. ഇത്തവണ രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവരും ഒരു ഓർഫനേജിലെ അന്തേവാസികളാണ്. ഒരർത്ഥത്തിൽ മാരകരോഗങ്ങൾക്കെതിരെ പ്രതിരോധം ലഭിക്കാനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ച ഓർഫനേജ് അധികൃതരാണ് ഈ മരണങ്ങൾക്ക് ഉത്തരവാദികൾ. എന്നാൽ ഒരു പക്ഷെ, അവരെ കുപ്രചരണങ്ങൾ കൊണ്ട് വഴി തെറ്റിച്ചവരാണ് കൂടുതൽ വലിയ കുറ്റവാളികൾ. പ്രതിരോധ ചികിത്സക്കെതിരെ കുരിശുയുദ്ധം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ചില മത മൗലികവാദികളും, ഏതാനും ചില ഹോമിയോ/പ്രകൃതി ചികിത്സകരുമൊക്കെ അടങ്ങിയതാണ് ഈ വിഭാഗം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും ഭൂമി പരന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം ഒരു ആഗോള ഗൂഡാലോചനയുടെ പരിണിത ഫലമാണെന്നും വിശ്വസിക്കുന്ന വിഡ്ഡികൾ ഇപ്പോഴും ഈ ലോകത്തുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് ഒരു ഗുണവുമില്ല എന്നു പ്രഖ്യാപിക്കുന്ന വാക്സിൻ-വിരുദ്ധ-വിഡ്ഡികൾ ഇതേ ഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇവർ ചെയ്യുന്ന ദ്രോഹം മറ്റുള്ളവരേക്കാൾ വളരെ കൂടുതലാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ കൊണ്ടുള്ള ഒരോ മരണത്തിനും ഇക്കൂട്ടർ മറുപടി പറയേണ്ടതായിട്ടുണ്ട്. ജീവിക്കാനും കളിക്കാനും പഠിക്കാനുമൊക്കെയുള്ള കുട്ടികളുടെ അവകാശങ്ങൾ ഒരു ആധുനിക സമൂഹമെന്ന നിലയിൽ നാം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗപ്രതിരോധ ചികിത്സ കിട്ടുകയെന്നത് നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്.

ലഘുലേഖ Download ചെയ്യാം

വാക്സിൻ സംബന്ധിച്ച് ഇനിയും സംശയം മാറാത്തവർക്ക്.... കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖ Download ചെയ്യാം

[1] VACCINE FAQ.pdf

"https://wiki.kssp.in/index.php?title=വാക്സിൻ_ചോദ്യോത്തരങ്ങൾ&oldid=6227" എന്ന താളിൽനിന്ന് ശേഖരിച്ചത്