വാഴയൂർ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
എ പി ചന്ദ്രൻ മാസ്റ്റർ

2021-2022 വര്ഷത്തെ ഭാരവാഹികൾ

പ്രസിഡണ്ട് ചിത്രാംഗദൻ എ
സെക്രട്ടറി നരസിംഹൻ സി പി
വൈസ് പ്രസിഡണ്ട് കൃഷ്ണദാസൻ പി
ജോയിന്റ് സെക്രട്ടറി ആദര്ശ് പി എസ്
മേഖലാ കമ്മിറ്റി അംഗം പി കെ വിനോദ് കുമാർ

ഇ മെയിൽ : ksspvazhayur at gmail dot com

Phone number: 9961240031

സ്വാഗതം .jpg

ആമുഖം

വാ…. വാഴയൂരിലേക്ക്..............

    'വാഴയൂരുള്ള മലപ്പുറം പിന്നെ കോഴിക്കോടും വയനാടും'.....

        അതെ  മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറായി   ചാലിയാറിനോ ട് കിന്നരിച്ചങ്ങ നെ..... 21.19 Sq KM. വിസ്തൃതിയുള്ള വാഴയൂർ പഞ്ചായത്ത് 12/12/1977 ൽ ചെറുകാവ് പഞ്ചായത്തിനോട്  സലാം പറഞ്ഞാണ് പിറന്നത്.  34 ചെറുകുന്നുകളും അനേകം ചെറുപാടങ്ങളുമുള്ള പഞ്ചായത്ത് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതവുമാണ്. 9 വാർഡിലെ ജനങ്ങളും വിവിധയിനം തൊഴിലിൽ ഏർപ്പെട്ടു വരുന്നു.കരുമകൻ കാവ്, പാറമ്മൽ പ്രദേശത്തുള്ളവർ സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. ധാരാളം സർക്കാർ  ജീവനക്കാർ ഇവിടങ്ങളിലുണ്ട് . അഴിഞ്ഞിലത്തെ മൺപണിക്കാർ തോണിയിലോ ലോറിയിലോ കളിമണ്ണ് നിറച്ച് ഫറോക്കിലെ ഓട്ടുകമ്പനിയിലേക്ക് എത്തിച്ചു കൊടുത്തിരുന്നു. കാരാടിലുളളവരിൽ ഏറിയ പങ്കും കൽപ്പണിക്കാരും വിവിധ പ്രദേശങ്ങളിലായി  ഗൃഹനിർമാണത്തിലേർപ്പെട്ട  ചെറുസംഘങ്ങളിൽ ഉൾപ്പെടുന്നവരുമായിരുന്നു.. പൊന്നേമ്പാടത്തുകാർ ഏറിയകൂറും കമ്പനി പണിക്കാരും  നേന്ത്ര വാഴകൃഷി ചെയ്യുന്നവരുമായിരുന്നു. തിരുത്തിയാട് സ്വദേശികൾ നല്ല പങ്കും ഗൾഫുകാരും ഗ്വാളിയർ റയൺസ് ജീവനക്കാരുമായി രുന്നു.ഇയ്യത്തിങ്ങ ലിലും മൂളപ്പുറത്തു മുള്ളവർ ചാലിയാറിലെ കക്ക വാരിയും മീൻപിടിച്ചും പുഴയിൽ നിന്നും മണൽ വാരിയും ജീവിച്ചു വന്നു. വാഴയൂരിലും പുഞ്ചപ്പാടത്തുമൊക്കെയുള്ള താമസക്കാർ മീൻ പിടുത്തവും നെൽകൃഷിയും വാഴ കൃഷിയുമെ ല്ലാം ഉപജീവനമാർ ഗമായെടുത്തവരായിരുന്നു .കക്കോവിലും കോട്ടുപ്പാടത്തു മുള്ളവരിൽ വലിയൊരു വിഭാഗം ആത്മീയ പOനവും ത്രീ ടയർ കൃഷിരീതി യും മറ്റും പിന്തുടരു ന്നവരായിരുന്നു. ഇവിടേയും സർക്കാ ർ ഉദ്യോഗസ്ഥർ ധാരാളമായുണ്ട് .   പുതുക്കോടും അരീക്കുന്നിലുമു ളള ജനത നെൽകൃഷിയും  നാട്ടുപണിയുമായി കഴിഞ്ഞ് വന്നു. പക്ഷെ പുതുക്കോട് മുതൽ പാറമ്മൽ വരെയുളള നെൽപ്പാടങ്ങൾ തരം മാറ്റപ്പെട്ട തിനാൽ  നെൽകൃഷി അന്യം നിന്നുകൊണ്ടിരിക്കുകയാണ്.അഴിഞ്ഞി ലം മുതൽ വാഴയുർ വരെ 10 പാടശേഖര ങ്ങളിലായി 120 ഹെക്ടർ നെൽപ്പാടമുണ്ടായിരുന്നത് പകുതിയായി ചുരുങ്ങിയിരിക്കുന്നു. എങ്കിലും ഗൾഫ് പണം കൊണ്ടും സർക്കാർ - അർധസർക്കാർ ജീവനക്കാരുടെ ശമ്പളം കൊണ്ടും പട്ടിണിയില്ലാതെ ജീവിക്കാൻ ഗ്രാമീണർ ശീലിച്ചിരിക്കുന്നു . രാഷ്ട്രീയമായി നോക്കുക  യാണെങ്കിൽ വാഴയൂരിന് ഇടതുപക്ഷ മനസ്സാണുള്ളതെന്ന് പറയാം. കൊണ്ടോട്ടി ബ്ലോക്കിലെ മറ്റു 7 പഞ്ചായത്തുകളേക്കാൾ മെച്ചപ്പെട്ട വികസന പ്രവർത്തനം കാഴ്ചവെക്കാൻ ഇവിടത്തെ ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. വനിത കൂട്ടായ്മയുടേയും യുവജന സംഘങ്ങളുടേയും മുന്നേറ്റങ്ങൾ സമീപകാലത്തായി ശക്തിപ്പെട്ടു വരുന്നത് ആശാവഹമാണ്. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള  14 ഗ്രന്ഥശാലകളും 2 സർക്കാർ എൽ പി സ്കൂൾ ഉൾപ്പെടെ 11 വിദ്യാലയങ്ങളും ഇവിടെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .വേദവ്യാസ എൻജീനിയറിങ് കോളേജ് ,സാഫി കോളേജ് ,മിംസ് നഴ്സിങ് കോളേജ് എന്നിവ കൂടാതെ മൂന്നു അൺ എയ്ഡഡ് സ്കൂളുകളും പഞ്ചായത്തിൽ ഉണ്ട് .

വാഴയൂരിലെ പരിഷത്ത് - ചരിത്രം

കൂന്നു കയറേണ്ട ചെറ്റപ്പുരകൾക്ക് പകരം നിവർന്നു കയറാവുന്ന വീടുകൾ ഉണ്ടാക്കുന്ന പരിവർത്തനഘട്ടത്തിലായിരുന്നു വാഴയൂർ നിവാസികൾ. തെങ്ങോലകളും പനയോലകളും മേൽക്കൂരക്ക് മതിയാകാതെ വരികയും സാവകാശം ഓടുകൾ ആ ഇടം കയ്യേറാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. കോമൺവെൽത്ത്, ബാസൽ മിഷൻ, സ്വദേശി, മലബാർ, പാറക്കടവ് തുടങ്ങി പതിനാലോളം ഓട്ട് കമ്പനികൾ ചാലിയാർ തീരത്തായി ഫറോക്ക് മേഖലയിൽ ഉയർന്നുവന്നു. ജലഗതാഗതം ആയിരുന്നു അക്കാലത്തെ പ്രധാന മാർഗം. വലിയ തോണിയിലാണ് നീലക്കളിമണ്ണ് കമ്പനിയിലേക്ക് എത്തിച്ചിരുന്നത്. കാലം ചെല്ലുംതോറും കളിമണ്ണിന് ഡിമാൻഡ് ഉയർന്നു.  അങ്ങനെ അഴിഞ്ഞിലത്തും മണ്ണെടുത്ത് കുഴികൾ ഉണ്ടായി വന്നു. അത് 'ആനക്കുണ്ടുകളായി' മാറി. ക്രമേണ അവയുടെ എണ്ണവും വിസ്തൃതിയും വ്യാപിക്കുകയും നെൽപ്പാടങ്ങളിൽ നെൽകൃഷി  അസാധ്യമാവുകയും ചെയ്തു. മൺ കുഴികളിൽ നെല്ലുണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല ഉയർന്ന പാടങ്ങളിലെ വെള്ളം മൺകുഴികളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു. ക്രമേണ അവ തണ്ണീർത്തടങ്ങളും ആമ്പൽപൊയ്കകളും ആയി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി.

ഈ കാലത്താണ് എവിടെ നിന്നോ കുറെ ദേശാടനക്കിളികൾ ഇവിടേക്ക് വരുന്നത്. വർഷം കഴിയുന്തോറും അവയുടെ തരവും എണ്ണവും വർദ്ധിച്ചു വന്നു. കിളികളെ വേട്ടയാടുന്ന  ശിക്കാരികളുടെ സൗജന്യ ഇറച്ചി ഭക്ഷണം കഴിക്കലും കൂടി വന്നു. ദേശാടനക്കിളികളെ വേട്ടയാടലും കൊന്നു തിന്നലും ഉൽപതിഷ്ണുക്കളായ ചിലരെ അസ്വസ്ഥരാക്കി. അവരിൽ കുറേ പേർ 1978 സപ്തംബർ മാസം കാരാട് പത്മ എയുപി സ്കൂളിൽ ഒരു യോഗം ചേർന്നു. 'ദേശാടനക്കിളികളെ സംരക്ഷിക്കുക' എന്ന വിഷയത്തെ അധികരിച്ച് ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം തലവൻ പ്രൊഫസർ ഫ്രാൻസിസ് ക്ലാസ് അവതരിപ്പിച്ചു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ നടന്ന ക്ലാസിൽ 64 പേർ പങ്കെടുത്തിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷം സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന എ പി ചന്ദ്രൻ മാസ്റ്ററുടെ നിർദേശപ്രകാരം ശ്രീ പി കൃഷ്ണൻ കുട്ടി മാസ്റ്റർ പ്രസിഡൻ്റും ശ്രീ ടി പി സുധാകരൻ സെക്രട്ടറിയുമായി,  വാഴയൂർ പരിഷദ് യൂണിറ്റ് രൂപവത്ക്കരിച്ചു.  ഇതിനും വർഷങ്ങൾക്കു മുമ്പേ എ പി സി ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം യൂണിറ്റ് അംഗം ആയിരുന്നു. താനൂരിലെ വെട്ടത്ത് വച്ച് ചേർന്ന ഗ്രന്ഥശാലാ സംഘം സമ്മേളനത്തിന്റെയും , PT ഭാസ്ക്കര പ്പണിക്കർ, CG ശാന്തകുമാർ എന്നിവരുടെ പ്രവർത്തന ശൈലിയിലും ആവേശം ഉൾക്കൊണ്ടു കൊണ്ടാണ് APC പരിഷദ് പ്രവർത്തകനാകുന്നത്.

1979-ൽ വാഴയൂർ വികസന രേഖ പഞ്ചായത്ത് പ്രസിഡൻണ്ടു ശ്രീ TP വാസു വൈദ്യർക്ക് അന്നത്തെ പരിഷദ് യൂണിറ്റ് സെക്രട്ടറി ശ്രീ ടി പി സുധാകരൻ സമർപ്പിച്ചു. പുതിയ വിദ്യാഭ്യാസ രേഖ അവതരിപ്പിക്കപ്പെട്ട മഞ്ചേരിയിൽ വെച്ചു നടന്ന പരിഷത്തിൻ്റെ സംസ്ഥാന സമ്മേളനത്തിൽ ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ വാഴയൂരിൽ നിന്നും അഞ്ചു പേർ പങ്കെടുക്കുകയുണ്ടായി. നാടൻ സാങ്കേതികവിദ്യയിലൂടെ ചന്ദ്രൻ മാസ്റ്റർ രൂപകല്പന ചെയ്ത് വികസിപ്പിച്ച  'വാഴപ്പിണ്ടി' അടുപ്പ് അവിടെ പ്രദർശിപ്പിച്ചിരുന്നു. ദക്ഷത കൂടുതലെങ്കിലും അതിന്റെ നിര്മാണകൌശലം പ്രചരിപ്പിക്കാൻ പ്രയാസം നേരിട്ടു. അത് മനസ്സിലാക്കി ശ്രീ എ ചിത്രാംഗദൻ തന്റെ അടുക്കള മുറ്റത്ത് ഒരു പിണ്ടി അടുപ്പുണ്ടാക്കി. ഏതാനും വർഷങ്ങൾക്ക് ശേഷം ദക്ഷത കൂടിയ ബ്ലോക്ക് അടുപ്പുകൾ ഇഷ്ടിക ഉപയോഗിച്ച് APC യുടെ നിർദ്ദേശത്തിനനുസരിച്ച് ഇവിടെ നിർമ്മിക്കുകയുണ്ടായി.

അക്കാലത്താണ് എ പി സി പരിഷത്തിന്റെ സംസ്ഥാനതല സോണൽ സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം പിന്നീട് ഗ്രാമശാസ്ത്ര സമിതിയുടെ സംസ്ഥാന കൺവീനറുമായി.

വാഴയൂർ സർവേയും ഗ്രാമശാസ്ത്ര സമിതിയും

  ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതു പോലെ 'വോട്ടെടുപ്പിലൂടെ വികസന മുൻഗണന നിശ്ചയിക്കുക' എന്ന ലക്ഷ്യത്തോടെ വാഴയൂർ സമഗ്രാസൂത്രണ സർവെക്ക് (Socio economic survey) തുടക്കം കുറിക്കപ്പെട്ടു. 1980 ൽ ജൂലായ് 27 മുതൽ ആഗസ്റ്റ് ഏഴു വരെയാണ് കേരള ചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായി മാറിയ, പിന്നീട് ജനകീയാസൂത്രണ പദ്ധതിക്ക് അടിത്തറയിട്ട "വാഴയൂർ സർവേ" നടന്നത്.

ജില്ലയിൽ നിന്നും സംസ്ഥാനത്തു നിന്നും ധാരാളം മുതിർന്ന പ്രവർത്തകർ സർവ്വെ നിർവഹണത്തിനു വേണ്ടി വാഴയൂരിൽ എത്തി പങ്കാളികളാ യിരുന്നു. പ്രൊഫസർ എം കെ പ്രസാദ്, എസ് പ്രഭാകരൻ നായർ, എം എസ് മോഹനൻ തുടങ്ങിയവർ പരിപാടി വിജയിപ്പിക്കുന്നതിനായി വാഴയൂരിൽ ആഴ്ചകളോളം താമസിച്ചിരുന്നു. കൂടിച്ചേരലുകളുടെ കേന്ദ്രങ്ങൾ കാരാട് വായനശാലയും കാരാടിലെ തന്നെ GLP സ്കൂളും ആയിരുന്നു. ഈ കാലത്ത് സർവെയുടെ ഭാഗമായി വാഴയൂരിൽ നിന്നും കാരാടിലേക്കുള്ള നടത്തത്തിനിടയിൽ APC, MS, TP കലാധരൻ എന്നിവർ വിവിധ ആശയങ്ങൾ  “ സംഭാഷണരൂപത്തിൽ ‘' പറഞ്ഞ് പറഞ്ഞാണ് പിന്നീട് രൂപം കൊണ്ട " ഓഫീസ് " എന്ന നാടകത്തിന്റെ പിറവിയിലേക്ക് എത്തിയത്. രചനയിലെയും ഭാഷയിലെയും മികവ് കണ്ടു ശ്രീ കലാധരനെ സ്ക്രിപ്റ്റ് എഴുതാൻ ചുമതലപ്പെടുത്തി. വായിച്ചും തിരുത്തി എഴുതിയും അത് അവതരണ യോഗ്യമായ ഒരു നാടകമായി പരിണമിച്ചു. അടുത്ത ദിവസം തന്നെ ഒരു സന്ധ്യാനേരത്ത് കാരാട് അങ്ങാടിയിൽ നാടകം അരങ്ങേറി. കല ആശയ സംവാദത്തിനുള്ള നല്ലൊരു ഉപാധിയാണ് എന്ന തിരിച്ചറിവ് സംഘാടകരിലും ജനതയിലും ഉണ്ടാക്കാൻ ഇത് ഉപകരിച്ചു. തുടർന്ന് സാമൂഹ്യ വിമർശനത്തിനായി കലയെ ഉപാധിയാക്കുന്ന രീതി പ്രാദേശിക തലത്തിൽ പരിഷത്തിലൂടെ കേരളം മുഴുവൻ വ്യാപിച്ചു.

പഞ്ചായത്തിൽ ഒട്ടാകെ 3111 വീടുകളിലാണ് സർവേ നടന്നത്. സർവ്വേയിൽ കറൻറ്, കക്കൂസ്, ആശുപത്രി എന്നിവ വേണമെന്നായിരുന്നു കൂടുതൽ ജനങ്ങളും ആവശ്യപ്പെട്ടത്. വൈദ്യുതി വേണമെന്ന് 3099 പേരും കക്കൂസ് വേണമെന്ന് 2699 വീട്ടുകാരും കുടിവെള്ളം ലഭ്യമാക്കണമെന്ന് 319 വീട്ടുകാരും ആശുപത്രി സൗകര്യം ഏർപ്പെടുത്തണമെന്ന് 1720 പേരും ആവശ്യപ്പെട്ടു.

ഗ്രാമത്തിൽ വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വയർമാൻ കോഴ്സ് സാമാന്യ ജനത്തെ പരിശീലിപ്പിക്കുന്നതിനായി ("START" എന്ന് ചുരുക്കപ്പേര് ) അഴിഞ്ഞിലം സ്കൂളിൽ 30 ദിവസത്തെ ക്ലാസ് നടത്തുകയുണ്ടായി. ഇരുപത്  പഠിതാക്കൾ പങ്കെടുത്തു. ശ്രീ കെ മുരളീധരൻ (കെഎസ്ഇബി ഓവർസിയർ കാരാട് ) ക്ലാസിന്റെ ഇൻസ്ട്രക്ടർ ആയി. ശ്രീ വി കെ ദാമോധരൻ ഉദ്ഘാടനം ചെയ്തു.

പരിഷത്തിന്റെ സംസ്ഥാന കലാജാഥയ്ക്ക് കാരാടിൽ സ്വീകരണം നൽകിയത് വാഴയൂരിൽ ജനശ്രദ്ധ ആകർഷിച്ച മികവുറ്റ പരിപാടിയായിരുന്നു. പാറമ്മൽ മുതൽ കാരാട് വരെ വർണാഭമായ ഘോഷയാത്രയിൽ ധാരാളം പേർ പങ്കെടുത്തു. ശ്രീ ടി പി വാസു വൈദ്യർ കെ എം രാമദാസൻ തുടങ്ങിയവരുൾപ്പെട്ട, കെട്ടിലും മട്ടിലും മെച്ചപ്പെട്ട ഓഫീസ് നാടകം മുല്ലനേഴിയുടെ നേതൃത്വത്തിൽ വീണ്ടും അരങ്ങേറി. കലാജാഥയിൽ ശ്രീ എസ് നകുലൻ മാസ്റ്റർ, മാനാടത്ത് പള്ളിയാളി രാജൻ, രവി ഇളമന എന്നിവർ സ്ഥിരാംഗങ്ങൾ ആയിരുന്നു. തുടർന്ന് വിവിധ വാഡുകളിൽ ഗ്രാമശാസ്ത്ര സമിതി രൂപം കൊണ്ടു. ആദ്യമായി സമിതിയുണ്ടാക്കിയത് പൊന്നേംപാടം കേന്ദ്രീകരിച്ചായിരുന്നു.


വാഴയൂരിലെ വെളിച്ച വിപ്ലവം

സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തിക്കുന്നതിന് വേണ്ടിയാണ് പ്രഥമ പരിഗണന കൊടുത്തത്.   അന്നത്തെ ഒമ്പത് വാർഡുകളിലും ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഊർജിത ശ്രമങ്ങൾ നടത്തുകയും കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. ഈ പദ്ധതി ആസൂത്രണം ചെയ്തതും നിർവഹണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയതും എ പി സി ആയിരുന്നു.

കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളേജിൻറെ  സഹായത്തോടെ    “ദേശീയ റൂറൽ എലക്ട്രിഫിക്കേഷൻ പ്രോഗ്രാം” പ്രൊഫ. വി കെ ദാമോദരന്റെ നേതൃത്വത്തിൽ വാഴയൂരില് നടപ്പിലാക്കാൻ തീരുമാനിക്കുകയുണ്ടായി

പുഞ്ചപ്പാടത്തെ ശ്രീ മോതിയിൽ രവീന്ദ്രൻ  വാഴയൂർ പഞ്ചായത്തിലെ ഒന്നാമത്തെ കൺസ്യൂമർ ആയി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒരേസമയം ബൾബ് കത്തിച്ച്  വെളിച്ചം പ്രസരിപ്പിക്കുക  എന്ന ലക്ഷ്യമായിരുന്നു വിഭാവനം ചെയ്തത്. ഈ അവസരത്തിൽ എപിസി ക്ക് പഠനഗവേഷണ പ്രവർത്തനങ്ങൾക്കായി ഗുജറാത്തിലെ 'വാർധ' യിലേക്ക് പോകേണ്ടി വന്നു. അതോടെ പഞ്ചായത്തിലാകെ  ഒരു ജനകീയ ട്രാൻസ്ഫോമർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾ സ്ഥാപിത താല്പര്യങ്ങൾ ലക്ഷ്യമിട്ട്, ഒമ്പത് ട്രാൻസ്ഫോമർ കമ്മിറ്റികൾ ആയി മാറുകയും വാഴയൂരിൽ  ലക്ഷ്യമിട്ട സമഗ്ര വെളിച്ച വിപ്ലവം ഇരുട്ടിൽ ആകുകയും ചെയ്തു. വിചാരിച്ച വേഗതയിൽ വൈദ്യുതി മാത്രം എത്തിയില്ല.

ഭോപ്പാൽ വിഷവാതക ദുരന്തം 

1984 ൽ വിഷവാതക ദുരന്തത്തിൽ പ്രതിഷേധിച്ച് യൂനിയൻ കാർബൈഡ് കമ്പനിക്കെതിരായി പ്രഭാഷണങ്ങൾ പ്രചരണ ജാഥകൾ സംവാദങ്ങൾ കടകളിൽക്കയറി കമ്പനിയുടെ ഏവറെഡി ഉൽപന്നനങ്ങള് ബഹിഷ്കരിക്കാനുള്ള ആഹ്വാനം തുടങ്ങിയ വിപുലമായ ജനകീയ പരിപാടികൾ പരിഷത്ത് നടത്തിയിരുന്നു. ഇതോടെ ഇത്തരം കുത്തക കമ്പനികൾക്കെതിരെ ജനങ്ങളിൽ വലിയ തോതിൽ അവബോധം ഉണ്ടാക്കാന് കഴിഞ്ഞു.


ജില്ലാ സമ്മേളനം 1986

1986 ജനുവരി 17, 18, 19 തീയതികളിലായി നടന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന് ആതിഥ്യം വഹിച്ചത് വാഴയൂർ യൂണിറ്റ് ആയിരുന്നു. അനുബന്ധ പരിപാടികലിലൊന്നായ ത്രിദിന ശാസ്ത്രപ്രദർശനത്തിൽ  ശാസ്ത്രബോധം വളർത്താനുതകുന്ന തരത്തിലുള്ള ബാലവേദി കൂട്ടുകാരുടെ വിവിധതരം ശേഖരങ്ങൾ , ടെലിഫോൺ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ( നേതൃത്വം വിജയകുമാരൻ നായർ -കാരാട്) , പാനൽ ബോഡുകൾ, നാലു തരം മിറാക്കിൾസ് , പാമ്പു പ്രദർശനം മുതലായവ ഉണ്ടായിരുന്നു. കലാകായിക തൊഴിൽ മത്സരങ്ങൾ, ശാസ്ത്ര കലാപരിപാടികൾ , പുസ്തക പ്രചാരണം, സാംസ്ക്കാരിക സെമിനാർ, ആരോഗ്യ ക്യാമ്പ് , ശാസ്ത്ര സായാഹ്നങ്ങൾ, പരിഷദ് അടുപ്പ് പ്രചാരണം തുടങ്ങി  ആകർഷകവും വൈവിധ്യവുമാർന്ന മറ്റു പരിപാടികളും കാണുവാൻ ധാരാളം നാട്ടുകാരും വിവിധ സ്കൂളിലെ കുട്ടികളും എത്തിരുന്നു. സമ്മേളനത്തിന്റെ മുന്നോടിയായി എസ് നകുലൻ മാസ്റ്ററുടെ നേതൃത്വത്തിൽ യൂണിറ്റിലെ പരിഷദ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. പാറമ്മൽ ALP സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ നടത്തിയ മൂന്നു നാൾ നീണ്ട്നിന്ന ശാസ്ത്ര പ്രദർശനം നാടിന്റെ ആവേശമായി മാറി.

സമ്മേളനത്തോടനുബന്ധിച്ച് വാഴയൂർ യൂണിറ്റ് 'കപ്പയില വട' എന്ന പുതിയൊരു വിഭവം ജനങ്ങളെ പരിചയപ്പെടുത്തി. കപ്പയില തിളപ്പിച്ച് ഊറ്റി കടല പരിപ്പ്, മല്ലിയില മറ്റ് മസാലകൾ എന്നിവ ചേർത്തരച്ചു തനതു വിഭവ മായിരുന്നു ഉണ്ടാക്കിയിരുന്നത്. ശ്രീമതിമാർ ശ്യാമള ടീച്ചർ, ദേവയാനി, സരസ്വതി തുടങ്ങി പത്ത് പേർ ഈ ശ്രമത്തിൽ പങ്കാളികളായി. അറുനൂറു കപ്പയില വട പാക്കറ്റുകൾ സമ്മേളനത്തോടനുബന്ധിച്ച് പ്രചരിപ്പിച്ചു. അങ്ങിനെ സമ്മേളനത്തോടെ ഒരു പുതിയ വിഭവം വാഴയൂർക്കാർക്ക് ലഭ്യമാകുകയും ചെയ്തു. സമ്മേളനത്തിന്റെ സാമ്പത്തിക സമാഹരണത്തിനും വട വിപണനം ഉപകരിച്ചിരുന്നു.

വിഭവ ഭൂപട സർവെ

1991 ൽ, വിവിധ തരം പ്രകൃതിവിഭവങ്ങളുടെ ലഭ്യതാ വിവരം കണ്ടെത്താൻ " വാഴയൂർ വിഭവ ഭൂപട സർവെ " നടത്തി. അഭ്യസ്ഥവിദ്യരായ ധാരളം പേർ വളണ്ടിയർമാരായി. പഞ്ചായത്തിലൊട്ടാകെ വീടുകൾ കയറിയുള്ള സർവെ പൂർത്തീകരിച്ച് മേപ്പ് തയ്യാക്കുവാൻ മൂന്നു വർഷത്തെ കാലതാമസമുണ്ടായി. പ്രസ്തുത മാപ്പ് തുടർ പഠനത്തിനു വേണ്ടി CESS (Centre for Earth Science Studies ) നെ ഏൽപിച്ചു. ഈ പ്രവർത്തനം പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിക്കുകയും മേപ്പ് തയ്യാറാക്കുകയും ചെയ്യുകയുണ്ടായി.

ഇതേ കാലത്ത് തന്നെയാണ് പരിഷ്കരിച്ച ദക്ഷത കൂടിയ പരിഷദ് അടുപ്പ് സർവത്രികമാക്കുന്ന പ്രർത്തനവും നടന്നത്. നാട്ടികയിലെ SRP കോളേജിലേക്ക് A ചിത്രാംഗദൻ , NM മോഹനൻ മാസ്റ്റർ എന്നിവർ പരിശീലനത്തിനായി പോയിരുന്നു. വാഴയൂരിൽ 40 പേർക്കായി രണ്ടു ക്യാമ്പ് നടന്നു.

ചാലിയാർ മലിനീകരണ പ്രശ്നത്തിൽ ഇടപെടുന്നതിന്റെ ഭാഗമായി ചാലിയാറിന്റെ തീരദേശങ്ങളിൽ എട്ടു ക്ലാസുകൾ നടന്നു. അക്കാലത്ത് COD- BOD ചർച്ചകൾ സജീവമായിരുന്നു. ഇരുകരയിലെയും അന്തേവാസികളെ സംഘ ടിപ്പിച്ചുകൊണ്ടു നടത്തിയ തോണി പ്രചരണ ജാഥയും സമരമുഖത്തിലെ  പുതിയ ഒരു നാഴികക്കല്ലായിരുന്നു. വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വാസുവൈദ്യർ, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ റഹ്മാൻ എ പി സി, ഡോക്ടർ എ അച്യുതൻ തുടങ്ങിയവരുടെ പ്രവര്ത്തനങ്ങൾ സ്മരണീയമാണ്.

1994 - ൽ ഡങ്കൽ ഡ്രാഫ്റ്റിനെതിരെ വലിയ തോതിൽ വിളംബര പ്രചരണ ജാഥ പഞ്ചായത്തിലുടനീളം നടത്തി.

ബാലവേദി  

ഈ കാലഘട്ടത്തിൽ 11 ബാലവേദികൾ സജീവമായി പ്രവർത്തിക്കുകയുണ്ടായി. NM മോഹനൻ മാസ്റ്ററുടെ നിയന്ത്രണത്തിലും ഉപദേശത്തിലുമാണ് എല്ലാ ബാലവേദികളും  പ്രവർത്തിച്ചിരുന്നത് . വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനു പുറമെ അനൗപചാരിക വിദ്യാഭ്യാസവും ലക്ഷ്യമാക്കിയായിരുന്നു ബാലവേദി പ്രവർത്തനം.

വാഴയൂർ വികസന ശില്പശാല

1994 ഫിബ്രുവരി 17, 18 തീയതികളിൽ ദ്വിദിന ശിൽപശാല കാരാട് GLP സ്കൂളിൽ വെച്ച് നടന്നു. ശ്രീ ബാലൻ വടാശ്ശേരി ചെയർമാനും ശ്രീ എ ചിത്രാംഗദൻ കൺവീനറുമായ സ്വാഗത സംഘമായിരുന്നു പ്രവാര്ത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. മന്ദഗതിയിലായിപ്പോയ വാഴയൂറിലേ വികസന പ്രവർത്തനങ്ങളെ ശാസ്ത്രീയമായി സമീപിക്കാനും പൊതുജന മധ്യത്തിൽ ജനകീയ ചർച്ചക്ക് വിധേയമാക്കാനുമുള്ള പരിശ്രമമായിരുന്നു ഇവിടെ ഉദ്ദേശിച്ചിരുന്നത്. ജനകീയമായ ഒട്ടേറെ ആശയങ്ങൾ ഈ സംരംഭത്തിലൂടെ രൂപപ്പെട്ടു വരികയുണ്ടായി.

ഭക്ഷണ വിഭവങ്ങൾ വിവിധ വീടുകളിൽ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. വിവിധ വീടുകളിൽ നിന്നും എത്തിച്ച വിഭവങ്ങൾ രുചി വൈവിധ്യങ്ങളുടെ നേർ സാക്ഷ്യമായി. ശിൽപശാലയുടെ സമാപനത്തിൽ വാഴയൂർ യൂണിറ്റിന്റെ വകയായി എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത് പുതിയ ഒരു കാര്ഷിക അനുഭവമായി.

വാൽനക്ഷത്രത്തെ വരവേൽക്കൽ

എഴുപത്താറു  വർഷത്തിലൊരിക്കൽ വിരുന്നു വരുന്ന ഹാലി ധൂമകേതുവിനെ ആകാശ വിസ്മയം എന്ന പരിപാടിയിലൂടെ 1986-ൽ ആഘോഷപൂർവം വരവേറ്റു. ഒരാഴ്ച നീണ്ടുനിന്ന വാനനിരീക്ഷണത്തിന്റെ അവസാന ദിവസം കാരാട് GLPS ൽ ഒത്തുചേർന്ന ബാലവേദി പ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയ 200 പേർക്ക് എൻ എം മോഹനൻ, KK ജനാർദ്ദനൻ A ചിത്രാംഗദൻ എന്നിവർ ചേർന്ന് ക്ലാസെടുത്തു. രാത്രി 7 മണിക്ക് ജന്മനക്ഷത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങിയ ക്ലാസ് പിറ്റേന്ന് രാവിലെ വരെ നീണ്ടു നിന്നു. അവർക്കെല്ലാം കപ്പയും കടലയും ചേർന്ന പുഴുക്ക് കമ്മിറ്റിക്കാരൊന്നും ആവശ്യപ്പെടാതെ കെ രാമദാസേട്ടന്റെ ഭാര്യ ശ്രീദേവി ചേച്ചി സ്വന്തം ചെലവിൽ പാകപ്പെടുത്തി വിതരണം ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് പഞ്ചായത്തിലുട നീളം നക്ഷത്രക്ലാസുകൾ നടത്തുകയുണ്ടായി. അതുപോലെത്തന്നെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു കുട്ടികൾക്ക് ഫിൽറ്റർ ഗ്ലാസ് സംഘടിപ്പിച്ചു കൊടുക്കുകയും വാനനിരീക്ഷണ ക്ലാസുകൾ നടത്തുകയും ചെയ്തിരുന്നു.

വികസന കലാ ജാഥ  

കൊണ്ടോട്ടി ,തിരൂരങ്ങാടി മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച പത്തു ദിവസം നീണ്ടു നിന്ന വികസന കലാ ജാഥ കടലുണ്ടിയിലെ അത്താ ണിക്കൽ മുതൽ വാഴയൂരിലെ പാറമ്മൽ വരെ നടക്കുകയുണ്ടായി.  20 സ്ഥിരാംഗങ്ങൾ ഉണ്ടായിരുന്ന ജാഥയെ ഓരോ യൂണിറ്റിലെയും അംഗങ്ങൾ ചേർന്ന് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്  അനുഗമിക്കുന്ന ശൈലിയാണ് പിന്തുടർന്നിരുന്നത്. ഓരോ ദിവസവും അഞ്ചു പരിപാടികൾ വരെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നടന്നിരുന്നു. രാജൻ മാസ്റ്റർ ക്യാപ്റ്റനും എ ചിത്രാംഗദൻ വൈസ് ക്യാപ്റ്റനുമായ ജാഥയെ പത്താം ദിവസം വാഴയൂരി ലെ ചണ്ണയിൽ പള്ളിയാളിയിൽ വെച്ച് ബാലവേദി കൂട്ടുകാരും യൂണിറ്റംഗങ്ങളും ചേർന്ന് ഇളനീർക്കുല, വാഴക്കുല എന്നിവ കാവണ്ടത്തിൽ ഏറ്റി വാദ്യ അകമ്പടിയോടെ സ്വീകരിച്ചു.  കക്കോവിൽ വെച്ച് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി. എള്ളാത്തു പുറായ് വഴി കാരാടിലെത്തിയ ജാഥയെ കാരാടിലെ ബാലവേദി പ്രവർത്തകർ ഓരോ ഗ്ലാസ് പാലും ഓരോ പൂവും നൽകിയാണ് സ്വീകരിച്ചത്. വിവിധ പ്രദേശങ്ങളിൽ യുവജന സംഘടനയുടെ പ്രവർത്തകർ ജാഥയെ മുദ്രാവാക്യം വിളികളോടെ അഭിവാദ്യം ചെയ്തിരുന്നു. പാറമ്മൽ വച്ച് വൻ ജനാവലിയുടെ സമക്ഷം ഹൃദ്യമായ കലാപരിപടികൾ അവതരിപ്പിച്ചു കൊണ്ട് ജാഥ സമാപിച്ചു. ഡോ: എ അച്ചുതൻ ഈ പരിപാടിയിലെ മുഖ്യാഥിതിയായിരുന്നു.

സമ്പൂർണ സാക്ഷരതാ യജ്ഞം

നാടിന്റെ മോചനം ലക്ഷ്യമിട്ടായിരുന്നു സമ്പൂർണ സാക്ഷരതാ യജ്ഞം – അക്ഷര കേരളം പ്രോജക്ട് – ആരംഭിച്ചിരുന്നത്.  മലബാറിൽ - പ്രത്യേകിച്ച് മലപ്പുറത്തെ ഗ്രാമീണ സ്ത്രീകളിൽ ഭൂരിപക്ഷത്തിനും ഗൾഫിലുള്ള പ്രിയതമന് മലയാളത്തിൽ പോലും കത്തെഴുതാൻ കഴിയാത്ത ദുരവസ്ഥ സമൂഹത്തിൽ മുഴച്ച് നിന്ന അവസരത്തിലാണ് പരിഷദ് ജല്ലാ കമ്മിറ്റി സമ്പൂർണ സാക്ഷരതാ യജ്ഞം പൈലറ്റ് പരിപാടിയുടെ ഒരാലോചനാ യോഗം 15/06/1986 ന് മലപ്പുറം പരിഷദ് ഭവനിൽ നടത്തിയത്.

വരുന്ന അഞ്ച് വർഷം കൊണ്ട് ജില്ലയിലെ മുഴുവൻ നിരക്ഷരരെയും  സാക്ഷരരാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു സംഘടന പ്രവർത്തിച്ചത്. ഈ പരിപാടിയുടെ വിജയം, മറ്റു സംഘടനകളെ എത്രമാത്രം ഉൾക്കൊള്ളിക്കാം എന്നതിനനുസരിച്ചും അവരുടെ പങ്കാളിത്തമാകട്ടെ നമ്മുടെ ആവേശത്തെയും പ്രവർത്തനത്തേയും ആശ്രയിച്ചുമായിരിക്കും എന്നതിനാൽ പരമാവധി പ്രവർത്തകരെ യോഗങ്ങളിൽ പങ്കെടുപ്പിച്ചിരുന്നു. ശ്രീ സി.പി. വിജയൻ ആയിരുന്നു അന്നത്തെ (1986) ജില്ലാ സെക്രട്ടറി. പദ്ധതിയുടെ വിജയത്തിനായി ഏറെ തുടർ പ്രവർത്തനങ്ങൾ നടന്നെങ്കിലും കോട്ടയം നഗരത്തിൽ പൈലറ്റ് പ്രോഗ്രാം ആയും എറണാകുളം ജില്ലയിൽ പൂർണമായും വിജയിപ്പിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് 13 ജില്ലകളിലേക്കും സമ്പൂർണ സാക്ഷരതാ യജ്ഞം വ്യാപിപ്പിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തത്. സമാനതകളില്ലാത്ത ഇത്തരമൊരു ബൃഹദ് കൂട്ടായ്മയുടെ വിജയത്തിനായി വാഴയൂർക്കാർ ഒറ്റക്കെട്ടായി അഹോരാത്രം യത്നിക്കുകയുണ്ടായി.


സമ്പൂർണ സാക്ഷരതയുടെ പിന്നിട്ട വഴികൾ 

തൃശൂരിൽ നടന്ന ജനറൽ കൗൺസിലിൽ വച്ച് " യൂണിറ്റ് കൊഴിഞ്ഞ് പോകുകയാണെങ്കിൽ പോലും കേരളത്തിൽ സമ്പൂർണ സാക്ഷരതാ യജ്ഞം നടത്തുകയും വിജയിപ്പിക്കുകയും'യും ചെയ്യണമെന്നുള്ള Dr.MP പരമേ ശ്വരൻ്റെ ആഹ്വാനം സംഘടന ഏറ്റെടുക്കുകയുണ്ടായി. പരിഷത്തിലെ അക്കാലത്തെ  ഭൂരിപക്ഷം പ്രവർത്തകരും  സന്നദ്ധ പ്രവർത്തനത്തിന് മുൻകൂറായി സമ്മത പത്രം എഴുതി കൊടുത്തു. വാഴയൂരിൽ നിന്നും പ്രൊഫ. കോയട്ടി, ശ്രീ TV രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രൊജക്ട് ഓഫീസർമാരായും  സർവശ്രീ A P ചന്ദ്രൻ, P ശിവദാസൻ,  A ചിത്രാംഗദൻ, NM മോഹനൻ എന്നിവർ APO മാരായും എൻ പ്രേമചന്ദ്രൻ, പി ഡി നരേന്ദ്രനാഥ് എന്നിവർ ഓഫീസ് ക്ലർക്ക് മാരായും മഹായഞ്ജത്തിൽ ഔദ്യോകികമായി പങ്കാളികളായി. കൂടാതെ സന്നദ്ധ പ്രവര്ത്തകരായി 15 മാസ്റ്റർ ട്രെയിനർമാരും എൺപതു  ഇൻസ്ട്രക്ടർമാരും ഇച്ഛാശക്തിയോടെ പ്രവരത്തിച്ചിരുന്നു. വാഴയൂർ പഞ്ചായത്തിൽ 1991-ലെ ജനസംഖ്യ അനുസരിച്ച് 22221 ൽ 2088 പേർ നിരക്ഷരരായിരുന്നു. ഏറ്റവും കുറവ് നിരക്ഷരർ ഉണ്ടായിരുന്നത്  പാറമ്മലും (വാർഡ് - 2 ) ഉം കൂടുതൽ വാഴയൂരും (വാർഡ് - 8 ) ആയിരുന്നു. ഒമ്പത് വാഡ്കളിലായി എണ്പതു ക്ലാസുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയുണ്ടായി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പഠിതാക്കളെ ക്ലാസുകളിലെത്തിക്കാനും ക്ലാസുകൾ തുടങ്ങാനും കഴിഞ്ഞു. പാഠഭാഗങ്ങളോടൊപ്പം സാമൂഹ്യ വിഷയങ്ങളും ക്ലാസുകളിൽ ചർച്ചയായി. മുഴുവൻ പഠിതാക്കളും പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. കോഴിക്കോട് വെച്ച് നടന്ന സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വേളയിലെ മഹാസമ്മേളനത്തിൽ ഇവിടെ നിന്നും പ്രത്യേക വാഹനങ്ങളിലായി മുന്നൂറോളം പേർ പങ്കെടുത്തു. പതിനൊന്നു വാഡുകളിലെയും സാക്ഷരതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പരിഷത് വാഴയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷര ജാഥയും ഗാനസതസ്സും നടത്തുകയുണ്ടായി.


ഭാരത ജ്ഞാൻ വിജ്ഞാൻ ജാഥ

  അക്ഷരം തൊട്ടു തുടങ്ങാം ... ആകാശം വീണു കിട്ടാൻ ….

കിനാവുകളെ യാഥാർത്ഥ്യമാക്കി മാറ്റുന്ന സാക്ഷരതാ പ്രസ്ഥാനത്തിന് ഊർജവും പിൻബലവും നൽകാൻ കേരളം മുഴുവൻ ഭാരത ജ്ഞാൻ വിജ്ഞാൻ സമിതിയുടെ വനിതാ കലാജാഥ കാരാടിൽ പര്യടനം നടത്തുകയുണ്ടായി.

നാടു മുഴുവൻ പ്രവാഹമായി ഇതിൽ അണിചേർന്നു. കലാജാഥയെ അഴിഞ്ഞിലത്തു വച്ചു സ്വീകരിക്കുകയും  കാരാടു വരെ അന്നത്തെ മലപ്പുറം ജില്ലാ കലക്ടർ പി.കെ മൊഹന്തി ഉൾപ്പെടെ ഉള്ളവർ അനുഗമിക്കുകയും ചെയ്തിരുന്നു.

സ്വീകരണ വഴി നീളെ പാതക്കിരുവശവും ഉള്ള വീടുകളിൽ നിറപറയും നിലവിളക്കും വെച്ച് സ്വീകരിച്ചത് ഒരു നവ്യ അനുഭവമായിരുന്നു. ഈ എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലായി ഡോകുമെന്റ് ചെയ്തിരുന്നു. സംസ്ഥാനത്തു നിന്നും ജില്ലയിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ ഔദ്യോകിക സാംസ്കാരിക രംഗത്തെ പല പ്രമുഖരും ഇതിൽ പങ്ക് ചേർന്നിട്ടുണ്ട്.

സാക്ഷരതാ പ്രവർത്തനത്തിന്റെ തുടർച്ചയായി ക്ലാസ്സുമുറിയിലെ നിരക്ഷരത പരിഹരിക്കുന്നതിന് വേണ്ടി അക്ഷരവേദി പ്രവര്ത്തനങ്ങൾ സ്കൂളുകളിൽ സജീവമായിരുന്നു. ഇതിനെ പിന്തുടർന്നാണ് ‘അമ്മതൻ മണിക്കുട്ടന്’ എന്ന പദ്ധതി വാഴയൂരിൽ ആരംഭിച്ചു മലപ്പുറം ജില്ലയില് പ്രചരിച്ചത് . ഇതിന്റെ തുടര്ച്ചയാണ് സംസ്ഥാന വ്യാപകമായി നടന്ന അക്ഷരപുലരി യുടെ പിറവി.

സമതാ കലാജാഥ

' അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - അധികാരത്തിലേക്ക് ' എന്ന കേന്ദ്രീകൃത മുദ്രാവാക്യവുമായി വന്ന സമതാ കലാജാഥക്ക് സ്വീകരണം നൽകി. ശ്യാമള ടീച്ചർ ചെയർ പേഴ്സൺ ആയി രൂപവത്ക്കരിച്ച സ്വാഗത സംഘം പല അനുബന്ധ പരിപാടികളും നടത്തിയിരുന്നു. വനിതകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുതകുന്ന സൈക്കിളിംഗ് പരിശീലനം എടുത്തു പറയാവുന്ന ഒന്നായിരുന്നു. നമ്മുടെ നാട്ടിലെ വനിതകൾ സൈക്കിളോ ബൈക്കോ ഉപയോഗിക്കാൻ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യൂണിറ്റിൻ്റെ പ്രത്യേക പരിപാടിയായി 1997 ൽ നടത്തിയ  "അടുക്കള പാക്കേജിൽ " അടുക്കളകളുടെ പ്ലാനിംഗ്, നാടൻ വിഭവങ്ങൾ ഉപയോഗിച്ച് പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷ്യപദാർത്ഥങ്ങളുടെ രൂപകല്പന, പോഷക മൂല്യങ്ങളുടെ അളവ് രേഖപ്പെടുത്തിയ ചാർട്ട് ഉപയോഗിച്ചുള്ള ക്ലാസുകൾ, സ്ത്രീപദവി പഠനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ നേതൃപാടവം, അടുക്കള തോട്ടത്തിന്റെ അനിവാര്യത മുതലായ പഠന ക്ലാസുകൾ അധികാര വികേന്ദ്രീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കൽ എന്ന വിഷയത്തിൽ സംവാദങ്ങൾ എന്നിങ്ങനെയുള്ള ഒട്ടേറെ പരിപാടികൾ നടത്തപ്പെട്ടു. അടുക്കള സ്ത്രീകൾക്കു മാത്രമുള്ളതല്ല എന്ന സമതയുടെ സന്ദേശം പുരുഷന്മാരിൽ ഉളവാക്കാൻ അനുയോജ്യമായ ഒരു പരിപാടി കൂടിയായിരുന്നു അത്.


ആരോഗ്യം

വാഴയൂർ ജനതയുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ പഞ്ചായത്തിൽ രണ്ട് ആരോഗ്യ പാർലമെൻ്റ് സംഘടിപ്പിച്ചു. ധാരാളം പേർ ഇതിൽ പങ്കെടുക്കുകയുണ്ടായി.

കേരളത്തിലെ ജനങ്ങളുടെ രോഗാതുരതയുമായി ബന്ധപ്പെട്ട് ആരോഗ്യ സർവെ നടന്നു. പഞ്ചായത്തിലെ 10 വീടുകൾ 'റാൻഡോം’  രീതിയിൽ തെരഞ്ഞെടുത്തു തന്നതനുസരിച്ച് 5 പേരടങ്ങുന്ന  സംഘം വീടുകളിൽ കയറി അവരുടെ പ്രശ്നങ്ങൾ വിശകലനം ചെയ്ത് രേഖപ്പെടുത്തി.

ഹാത്തി കമ്മിഷൻ റിപ്പോർട്ടിനെ അധികരിച്ച് നിരോധിച്ച മരുന്നുകൾ, അവശ്യ മരുന്നുകൾ ,അനാവശ്യ മരുന്നുകൾ  എന്നിവ സംബന്ധിച്ച് പഞ്ചായത്തിലു ടനീളം ചർച്ചകളും സംവാദങ്ങളും  പ്രചാരണ ജാഥകളും സംഘടിപ്പിക്കുകയുണ്ടായി. സ്പ്രിംഗിൾ ഉപ്പിനെതിരെ പഞ്ചായത്തിൽ 11 വാർഡുകളിലും പ്രചാരണ, പ്രഭാഷണ പരിപാടികൾക്കൊപ്പം കാൽനടജാഥ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ 0.01% പേർക്ക് മാത്രമുണ്ടാവുന്ന ഗോയിറ്റർ രോഗത്തിനെതിരെ അയഡിൻ ചേർന്ന ഉപ്പ് മാലോകരെ മുഴുവൻ തീറ്റിക്കുന്നതിലെ അശാസ്ത്രീയതയും കച്ചവട താല്പര്യവും  തുറന്നുകാട്ടപ്പെട്ടു.

  ഡയേറിയ വ്യാപകമായ സമയത്ത് ഡയേറിയയെ കുറിച്ച് ക്ലാസും സ്ളൈഡ് ഷോയും, ക്ലോറിനേഷനും നടത്തിയിരുന്നു. ശ്രീ' എ വി ഉണ്ണിക്കഷ്ണൻ കെ കെ ശശിധര്  എ ചിത്രാംഗദൻ പി പി ശശി പി.കെ വിനോദ് കുമാർ,കെ.അശോകൻ, വി.ഭുവന ദാസ്  കെ.ആർ പുരുഷോത്തമൻ എന്നിവർ ക്ലാസുകളെടുത്തു ..... അങ്ങിനെ ഡയേറിയ മൂലമുള്ള മരണത്തിൽ നിന്നും ധാരാളം പേരെ രക്ഷപ്പെടുത്തി.... നാടൻ ഒ.ആർ എസ് ഉണ്ടാക്കി രോഗിക്ക് നൽകേണ്ട ആവശ്യകതയും ജനങ്ങളെ ബോധവൽക്കരിച്ചു.

വീടുകളിൽ കക്കൂസ് സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ കൈത തണ്ടുപയോഗിച്ചുള്ള നാടൻ കകൂസ് നിര്മാണ രീതി സ്വായത്തമാക്കുന്നതിനു വേണ്ടി ടി പ്രേമൻ, ചിത്രാംഗദൻ എന്നിവരെ സംഘടന വയനാട്ടിലേക്ക് അയച്ചിരുന്നു. പുതിയ വിദ്യ സ്വായത്തമാക്കിയെങ്കിലും പലവിധ പ്രശ്നങ്ങൾ കാരണം അക്കാലങ്ങളിൽ പഞ്ചായത്തിൽ കക്കൂസ് നിർമ്മാണം ഫലപ്രദമായില്ല. എന്നാൽ വിവിധ വാർഡുകളിൽ നടന്ന ചർച്ചകളും സംവാദങ്ങളും കക്കൂസ് നിർമ്മാണം ത്വരിതപ്പെടുത്താൻ സഹായകമായി. പഞ്ചായത്ത് മെമ്പർമാരും പൊതുജനങ്ങളും നല്ല താല്പര്യത്തോടെ പരിപാടിയിൽ പങ്കുചേർന്നിരുന്നു.

പിപിസി

പരിഷത് പ്രൊഡക്ഷൻ സെന്ററിന്റെ (PPC) ഉൽപ്പന്നമായ ചൂടാറാപ്പെട്ടി, സോപ്പ് നിര്മാണകിറ്റ്, ക്ലീനിംഗ് ലോഷൻ തുടങ്ങിയവ ചുരുങ്ങിയ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കി. നൂറിലേറെ ചൂടാറാപ്പെട്ടികൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നു.  

വിഷുവിന് വീട്ടിൽ പച്ചക്കറി

പൊന്നേംപാടം കേന്ദ്രീകരിച്ചുകൊണ്ട്  'വിഷുവിന് വീട്ടിൽ പച്ചക്കറി' എന്ന പ്രോജക്ട് നടപ്പിലാക്കി. ഇതിൻ്റെ ഭാഗമായി  തരിശിട്ടിരുന്ന ഒന്നര ഏക്കറോളം പാടത്തും വീട്ടുപറമ്പുകളിലും പച്ചക്കറി കൃഷി ഉണ്ടാക്കി. അതിനു വേണ്ടി ആ പ്രദേശത്തെ 254 വീട്ടുകാർക്ക് ആവശ്യമായ പച്ചക്കറിവിത്ത് പരിഷദ് യൂണിറ്റ് സൗജന്യമായി വിതരണം ചെയ്തിരുന്നു. പച്ചക്കറിയിൽ സ്വയംപര്യാപ്തത, വിഷമില്ലാത്ത പച്ചക്കറി ലഭ്യമാക്കുക എന്നീ സന്ദേശങ്ങൾ പ്രായോഗികമാക്കാൻ കഴിഞ്ഞു. നടീൽ ഉത്സവം മുതൽ വിളവെടുപ്പ് ഉത്സവം വരെ എല്ലാ കാര്യങ്ങളിലും നാട്ടിലെ കാർഷിക വിദഗ്ധരുടെ കമ്മിറ്റി മേൽനോട്ടം വഹിച്ചിരുന്നു. 

കേരള പഠനം

"കേരള പഠനം" പരിപാടിയുടെ പ്രവർത്തനങ്ങൾ രണ്ടുഘട്ടമായി ഇവിടെ നടന്നു. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് സംസ്ഥാന തലത്തിൽ നിന്നും നിർദ്ദേശിക്കപ്പെട്ട 12 വീടുകളിൽ പരിഷദ് യൂണിറ്റ് പ്രവർത്തകർ കയറി സമഗ്രമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ജില്ലക്ക് കൈമാറി .

ബഹുജന നാടകപ്രസ്ഥാനം

1992 ൽ അഴിഞ്ഞിലം എ യു പി സ്കൂളിൽ ബഹുജന നാടകപ്രസ്ഥാനം എന്ന പരിപാടി അരങ്ങേറുകയുണ്ടായി. ഓരോ കവലയിലും ഓരോ നാടക രംഗങ്ങൾ, അതുകഴിഞ്ഞ് അടുത്ത കവലയിലേക്ക് നാടക സംഘത്തോടൊപ്പം നീങ്ങുന്ന നാട്ടുകാർ,  ജനങ്ങളെയും കൂട്ടിക്കൊണ്ടുപോയി നാടകത്തിന്  പൂരിത ഭാവവും രംഗവിതാനവും  സ്വായത്തമാക്കുന്ന തിനായി മുന്നേറുന്ന   നാടക സംഘം എന്ന ഉദാത്തമായ ആശയമായിരുന്നു വിഭാവനം ചെയ്തിരുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ അത് പ്രാവർത്തികമാവാതെ പോയി. അഴിഞ്ഞിലത്തെ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത സിനിമാനടി ശാന്താദേവി ആയിരുന്നു. പക്ഷെ അന്ന് വാഹനപണിമുടക്ക് ദിനമായതിനാൽ  ഉദ്ഘാടനം ശുഷ്ക്കിച്ചു പോയി. കെ കെ ശശിധരന്റെയും കെ സി തുളസിദാസിന്റെയും നേതൃത്വത്തിലുള്ള സംഘാടക സമിതി വളരെ ഊർജസ്വലമായി പ്രവർത്തിച്ചിരുന്നു. അരിയുൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങൾ  സംഭാവനയായി കിട്ടിയിരുന്നു.

ഗ്രാമപത്രം

പരിഷദ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ചെറിയ ബോഡുകൾ കവലകളിൽ സ്ഥിരമായി സ്ഥാപിക്കുകയും വലിയ ആശയങ്ങൾ ചെറിയ വാക്കുകളിൽ അതിൽ എഴുതി പതിപ്പിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. ആശയപ്രചാരണത്തിന് ശക്തമായ ഒരു ഉപാധിയായിരുന്നു ഗ്രാമപത്രം.  ജനങ്ങളറിയാൻ, ജനങ്ങളിലേക്കെത്തിക്കാൻ എന്ന ലക്ഷ്യത്തോടെ ഗ്രാമപത്രം നമ്മുടെ യൂണിറ്റ് വളരെ ഫലപ്രദമായി പത്തുവർഷത്തോളം നടത്തിയിരുന്നു. വാഴയൂരിൽ  വിജയൻ എന്നയാൾ സ്ഥാപിച്ച ഗ്രാമപത്രം പൂർണമായും ഇരുമ്പു കൊണ്ടായതിനാൽ അക്കാലത്ത് അത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പിൽക്കാലത്ത് ഗ്രാമപത്രം എന്ന ആശയം നമ്മുടെ യൂണിറ്റിൽ നിർജീവമായെങ്കിലും മറ്റു പല സംഘടനകളും അത് അനുകരിക്കുകയും വളരെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു വരുന്നുണ്ട്. നിലവിൽ പാറമ്മൽ അങ്ങാടിയിൽ ഇപ്പോഴും ഗ്രാമപത്രം സജീവമായി നിലനിൽക്കുന്നുണ്ട്.


അയൽക്കൂട്ട ആസൂത്രണ ശില്പശാല 1993

അയൽക്കൂട്ട ആസൂത്രണ ശില്പശാല നന്നായി നടത്താൻ കഴിഞ്ഞിരുന്നു. ഓരോ പ്രാദേശിക അതിരുകൾക്കുള്ളിലുള്ള 30 മുതൽ 40 വരെ വീട്ടുകാരെ ഉൾപ്പെടുത്തി അയൽക്കൂട്ടസമിതി രൂപവത്ക്കരിച്ചു. കൺവീനറായി വനിതയും ചെയർമാനായി പുരുഷനും എന്ന രീതിയിലായിരുന്നു ഘടന. അയൽക്കൂട്ട സമിതികൾ വികസന കാര്യങ്ങൾ ചർച്ച ചെയ്യുകയും ഗുണഭോക്തൃലിസ്റ്റിൽ യഥാർത്ഥ ഗുണഭോക്താവിന് പ്രാമുഖ്യം നൽകുന്ന മുൻഗണനാരീതി നടപ്പിലാക്കുകയും ചെയ്തു.


ചെലവ് കുറഞ്ഞ ഗൃഹനിർമാണം

വാഴയൂർ പഞ്ചായത്തിലെ കുടിലുകളുടെയും ഓലവീടുകളുടെയും അവസ്ഥ കണ്ട് നല്ല വാസഗേഹങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ APC  മുൻകൈ എടുത്ത് വാഴയൂർ റൂറൽ ഹൗസിംഗ് സൊസൈറ്റിക്ക് രൂപം നൽകി പ്രവർത്തനമാരംഭിച്ചു. കൊണ്ടോട്ടി APEX  സൊസൈറ്റിയിൽ നിന്നും NOC ലഭിക്കാൻ വേണ്ടി പലവുരു ശ്രമിച്ചെങ്കിലും അവർ അനുമതി തരാത്തതിനാൽ അതിന്റെ പ്രവർത്തനം നിലച്ചുപോയി. വീട് നിർമാണത്തിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തന്നെ ഒരു കൂരക്ക് കീഴിൽ നാലും അഞ്ചും കുടുംബങ്ങൾ താമസിക്കുന്ന സാഹചര്യമായിരുന്നു അക്കാലത്ത്. ഈ സാഹചര്യത്തിലാണ് APC യുടെ നിർദ്ദശപ്രകാരം എ. വിവേകാനന്ദന്റെ നേതൃത്വത്തിൽ എ.രാജൻ, പി.രാധാകൃഷ്ണൻ, ടി വിനോദ് കുമാർ , ദേവദാസൻ എന്നിവർ ഉൾപ്പെട്ട ടീം മുണ്ടൂരിലുള്ള IRTC യിൽ നടന്ന ചെലവു കുറഞ്ഞ ഗൃഹനിർമാണ പ്രൊജക്ടിൽ ചേർന്ന് 21 ദിവസത്തെ പരിശീലനം പൂർത്തിയാക്കിതു.  ഇതിന് ഒരു മാസം മുമ്പു തന്നെ വിവേകാനന്ദന്റെ വീട്, ഓട് വെച്ച് വാർക്കുന്ന പുതിയ രീതി സ്വീകരിച്ചിരുന്നു. ജനലുകൾക്ക് മെറ്റൽ ഫ്രെയിമും ഗ്ലാസും ആണ് ഉപയോഗിച്ചിരുന്നത്. ഇതിനെ തുടർന്ന് വാഴയൂർ പഞ്ചായത്തിൽ ചെലവുകുറഞ്ഞ 12  വീടുകൾ ഈ സംഘം നിർമിക്കുകയുണ്ടായി.

DPEP പദ്ധതി

വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കാരവുമായി DPEP വന്നപ്പോൾ പ്രസ്തുത പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യൂണിറ്റ് ഇടപെടുകയും വിദ്യാഭ്യാസ പ്രവർത്തകരെയും സാധാരണക്കാരെയുമെല്ലാം പങ്കാളികളാക്കി സംവാദങ്ങൾ, ചർച്ചാ ക്ളാസുകൾ, സെമിനാറുകൾ തുടങ്ങിയവ നടത്തുകയുണ്ടായി.

കുട്ടികളുടെ എണ്ണക്കുറവിനാൽ 'അൺ എക്കണോമിക്ക് ' എന്ന് മുദ്രകുത്തി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട അഴിഞ്ഞിലം AMLP സ്കൂളിനെക്കുറിച്ച് സമഗ്ര പഠനം നടത്തുകയും സ്കൂൾ നിലനിർത്തേണ്ടതാണെന്ന ആവശ്യം സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പ്രസ്തുത സ്കൂളിലെ  രാരു കുട്ടി മാസ്റ്റർ,  ഭാസ്കരൻ മാസ്റ്റർ എന്നിവർ അവരുടെ യാത്രയയപ്പ് വേളയിൽ എടുത്തു പറയുകയും പരിഷത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു

ജനകീയാസൂത്രണ പ്രസ്ഥാനം

സംഘടനയുടെ ഏറ്റവും വലിയ മറ്റൊരു പ്രോജക്ടായ ജനകീയാസൂത്രണ പദ്ധതി വാഴയൂരിൽ വൻ വിജയമാക്കി മാറ്റാൻ കഴിഞ്ഞു. അയൽ കൂട്ട സമിതികൾ, പ്ലാനിംഗ് ഗ്രാമസഭകൾ,   വികസന സെമിനാർ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിക്കുകയും വർക്കിങ് ഗ്രൂപ്പുകൾ, പ്രൊജക്ടുകൾ, വികസന രേഖ, പദ്ധതി രേഖ എന്നിവ ഘട്ടംഘട്ടമായി വികസിപ്പിക്കുകയും ചെയ്തു. പ്ലാനിംഗ് ഗ്രാമസഭയിൽ മിക്ക വാർഡുകളിലും  425 പേരോളം പങ്കെടുത്തിരുന്നു. 'ചാലിയാർ മലിനീകരണം' വിഷയമാക്കിയതുൾപ്പെടെ 13 ഗ്രൂപ്പുകളായി വേർതിരിഞ്ഞിരുന്ന് പ്രാപ്തരായ ഫെസിലിറ്റേറ്ററുടെ നേതൃത്വത്തിൽ ചർചകൾ ക്രോഡീകരിക്കപ്പെട്ടു.  DRP മാരായി എപിസി, A ചിത്രാംഗദൻ , പി.ശിവദാസൻ എന്നിവരും LRP മാരായി PCK രാജൻ, PK വിനോദ് കുമാർ, KK ശശിധരൻ , K അശോകൻ, ടി പി പ്രമീള, KC തുളസീദാസ്, AV ഉണ്ണികൃഷ്ണൻ , TC രാജൻ  എന്നിവരും ജനകീയാസൂത്രണ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ചു. യൂണിറ്റിലെ 50 ഓളം പ്രവർത്തകർ വിവിധ വാർഡുകളിൽ സജീവമായി പ്രവർത്തിച്ചു.

ജനസംവാദയാത്ര

2002 ൽ ജനസംവാദ യാത്രക്ക് ഇയ്യത്തിങ്ങൽ സ്കൂളിൽ വെച്ച് സമുചിതമായ വരവേൽപ്പ് നൽകി. T C രാജൻ കൺവീനറും കെ ശ്രീധരൻ ചെയർമാനുമായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. അടുക്കള ഡിസൈനിംഗ് , ചെലവ് കുറഞ്ഞതും സമ്പുഷ്ടവുമായ ഭക്ഷണം ഉണ്ടാക്കുന്ന രീതി,  തുടങ്ങിയവയിലൊക്കെ മത്സരം നടന്നിരുന്നു. ഈ പരിപാടികളുടെയെല്ലാം നേതൃത്വപരമായ പങ്ക് വഹിച്ചത് കെ അശോകൻ ആയിരുന്നു.


ബാലവേദികൾ  

ശാസ്ത്രബോധമുള്ള പുതിയ തലമുറയെ രൂപപ്പെടുത്തി എടുക്കാനുള്ള അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴയൂരിന്റെ എല്ലാ ഭാഗങ്ങളിലും ബാലവേദികൾ രൂപപ്പെട്ടിരുന്നു.

ആദ്യ കാലങ്ങളിൽ ഒമ്പത് വാർഡുകളിലായി 11 ബാലവേദികൾ ഉണ്ടായിരുന്നെങ്കിലും എൻ എം മോഹനൻ്റെ സംഘാടനത്തിൽ നിരവധി ക്ലാസുകളും പ്രവർത്തനങ്ങളും നടത്തിയതിനു ശേഷം ചില പ്രതികൂല ഘടകങ്ങളാൽ പലതും നിർജീവമായിപ്പോകുകയുണ്ടായി. എന്നാൽ 2002 ൽ പാറമ്മൽ പ്രദേശത്ത് രൂപവത്ക്കരിച്ച 'സിറിയസ് ' ബാലവേദി ഇപ്പോഴും സജീവത പുലർത്തുന്നുണ്ട്. കുട്ടികൾ മാത്രം അവതരിപ്പിച്ച കിളിക്കൂട്ടം കലാജാഥ പാറമ്മൽ പര്യടനം നടത്തുകയും സിറിയസ് ബാല വേദി തനതു രീതിയിൽ സ്വീകരണം നല്കുകയും ചെയ്തു.  കുട്ടികളുടെ അവകാശങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി  രൂപം കൊണ്ട കിളിക്കൂട്ടം കലാജാഥ ആശയപരമായും അവതരണപരമായും മികവ് പുലർത്തി. വിദ്യാഭ്യാസ രീതിയുടെ നവീന മാതൃകകൾ രൂപപ്പെടുത്തുന്നതിൽ ബാല വേദിയുടെ പ്രവര്ത്തനങ്ങൾ പ്രശംസനീയമാണ്.

എപിസി യുടെ യാത്രയയപ്പ്

പരിഷത്തിന്റെ ജീവനാഡിയും കാരാട് ജി എൽ പി സ്കൂളിലെ പ്രഥമഅധ്യാപകനുമായിരുന്ന എപി ചന്ദ്രൻ മാസ്റ്ററുടെ യാത്രയയപ്പ് സമുചിതമായ പരിപാടികളോടെ 1998 മാർച് അവസാനവാരം 15 ദിവസങ്ങളിലായി ആഘോഷ പൂർവം നടന്നത് പരിഷത്തിന്റെ ഇടപെടൽ കൊണ്ട് കൂടിയായിരുന്നു. ഇതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ,  മാതൃസംഗമങ്ങൾ, കനവ് -വിദ്യാഭ്യാസ പരിപാടി , വിദ്യാഭ്യാസ പ്രഭാഷണം , പൂർവ വദ്യാർത്ഥി സംഗമം, കലാസാഹിത്യ പരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ബാലോൽസവം, പൊതുസമ്മേളനം എന്നിവയും വി എം കുട്ടി, മണമ്പൂർ രാജൻബാബു, എം എം സചീന്ദ്രൻ , വി കെ എസ് എന്നിവരുടെ നേതൃത്വത്തിൽ  കാവ്യസന്ധ്യയും ഉണ്ടായിരുന്നു. പരിഷത്തിന്റെ സംസ്ഥാന നേതാക്കളായ ടി ഗംഗാധരൻ,  എ അച്ചുതൻ, പാപ്പുട്ടി മാസ്റ്റർ, കെ കെ ജനാർദ്ദനൻ, എം എസ് മോഹനൻ എന്നിവരും വിവിധ സന്ദർഭങ്ങളിലായി പരിപാടികളിൽ പങ്ക് ചേർന്നിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പിപി ഉമ്മര് കോയ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സെമിനാറിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ ഓ എം ശങ്കരൻ ആയിരുന്നു വിഷയം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയ എം സി മുഹമ്മദ് ഹാജി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സുബ്രഹ്മണ്യൻ മാസ്റ്റർ എം പി കുമാരൻ കെ എ ഗോപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി മികച്ച സംഘാടനം നടന്നു. ഈ പ്രോഗ്രാമുകളുടെയെല്ലാം മുഖ്യസംഘാടന ചുമതല പി.ശിവദാസൻ മാസ്റ്റർക്കായിരുന്നു.


യൂണിറ്റ് വാർഷികം –കുടുംബമേള

 1997 ൽ യൂണിറ്റ് വാർഷികം പാറമ്മൽ വച്ച് കുടുംബ മേളയായി നടത്തുകയുണ്ടായി.

പ്രസ്തുത പരിപാടിയുടെ അനുബന്ധമായി സ്വാഗത സംഘം ആപ്പീസ് ഉദ്ഘാടനം, വിവിധ തരം പ്രദർശനങ്ങൾ, പുസ്തക പ്രചാരണം, ബാലവേദി ക്യാമ്പ്, സമത സമ്മേളനം , ശാസ്ത്ര ക്ളാസുകൾ തുടങ്ങിയവ നടന്നിരുന്നു. പാപ്പുട്ടി മാസ്റ്ററുടെ 'പുതിയ ലോകം പുതിയ ഇന്ത്യ' എന്ന ഉദ്ഘാടന ക്ളാസോടു കൂടിയായിരുന്നു പരിപാടികൾ ആരംഭിച്ചത്. സർവശ്രീ ഇപി പവിത്രൻ, പി കെ വിനോദ് കുമാർ, എൻ എം മോഹനൻ, എവി ഉണ്ണികൃഷ്ണൻ ,മോഹൻദാസ് കരംചന്ദ്, പി പി സുശീൽ കുമാർ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുക്കുകയുണ്ടായി .  പൊതുസമ്മേളനത്തിൽ കൊടക്കാട് ശ്രീധരൻ , എ കെ കൃഷ്ണകുമാർ , തങ്കം രാമകൃഷ്ണൻ , മുഹമ്മദ് ഷാഫി, കെ എം മണിരഥൻ എന്നിവർ സംബന്ധിച്ചിരുന്നു. 'എന്തുകൊണ്ട് എന്തുകൊണ്ട്' എന്ന പുസ്തകം 100 എണ്ണം പ്രചരിപ്പിച്ചത് വഴിയാണ് പരിപാടിക്കുള്ള സാമ്പത്തികം കണ്ടെത്തിയത്.


പരിസ്ഥിതി സംരക്ഷണം

വാഴയൂരിൽ നടക്കുന്ന പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾക്കെതിരെ 2013 - ൽ പഞ്ചായത്ത് ഭരണസമിതിയുടേയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സമിതി രൂപവത്ക്കരിക്കുകയുണ്ടായി. ഗ്രാമത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും പ്രതിനിധികളും ലൈബ്രറി പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെട്ടതായിരുന്നു വാഴയൂർ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി .

അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി കെ എം ഹിബത്തുള്ള മാസ്റ്റർ ചെർമാനും പരിഷത്തിന്റെ കൊണ്ടോട്ടി മേഖലാ വൈസ് പ്രസിഡൻ്റ്  പി.കെ വിനോദ് കുമാർ ആക്ടിംഗ് ചെയർമാനും ദേവദാസ് പുന്നത്ത് (പരിസ്ഥിതി പ്രവർത്തകൻ) കൺവീനറും ടി.ഷാജി ( യൂത്ത് കോ- ഓർഡിനേറ്റർ & പരിഷത്ത് അംഗം) ജോയന്റ് കൺവീനറുമായ സമിതി ഒട്ടേറെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടത്തുകയുണ്ടായി.

ആദ്യഘട്ടത്തിൽ, ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥി തി സംരക്ഷണത്തിന്റെ പ്രാധാന്യവും വാഴയൂരിലെ പ്രധാന പരിസ്ഥിതി പ്രശ്നങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ലഘുലേഖ തയ്യാറാക്കുകയും  വീടുകളിൽ എത്തിക്കുകയും  ചെയ്തു. കാരാടിൽ വെച്ച് നടന്ന വിപുലമായ പരിസ്ഥിതി കൺവെൻഷൻ ഉദ്ഘാടനം  ചെയ്തത് കേരളത്തിലെ പ്രധാനപ്പെട്ട  പരിസ്ഥിതി പ്രവർത്തകനായ  പ്രൊഫ. ശോഭീന്ദർ ആയിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആറു പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. അനധികൃതമായ കുന്നിടിക്കൽ, വയൽ നികത്ത ൽ, മണൽ വാരൽ എന്നിവയെല്ലാം യഥാസമയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജനസമൂഹത്തിന്റെ പ്രതികരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർപ്രവർത്തനമെന്ന നിലയിൽ ജലസംരക്ഷണത്തിനായി കിണർ റീചാർജിംഗ് പോലുള്ള പദ്ധതികൾ പഞ്ചായത്തിൽ വ്യാപിപ്പിക്കാനും സമിതി മുൻകൈ എടുത്തു.

മുണ്ടേരി വനസംരക്ഷണ മാർച്ചിൽ യൂണിറ്റിൽ നിന്നും 5 പേർ പങ്കെടുത്തു.

അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവൽക്കരണം

ചാന്ദ്രദിനത്തോടനുബന്ധിച്ച് 21.7.2008 ന് കാരാടിൽ വച്ച് "വളരുന്ന ആത്മീയ വ്യവസായവും തകരുന്ന യുക്തിചിന്തയും " എന്ന വിഷയത്തിൽ ശ്രീ യു.കലാനാഥൻ മാസ്റ്റർ (യുക്തിവാദിസംഘം) പ്രഭാഷണം നടത്തിയിരുന്നു.കൂടെ നിലമ്പൂരിലെ ശ്രീ ജയിംസ് പീറ്റർ ദിവ്യാത്ഭുത അനാവരണ പരിപാടിയും അവതരിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഏതാണ്ട് 200 പേർ കാണികളായി ആദ്യാവസാനം പങ്കെടുത്തു. ആൾ ദൈവങ്ങളുടെ കാപട്യങ്ങൾ, മാറുന്ന യുവതലമുറ, യുക്തിരാഹിത്യത്തിലേക്ക് പതിക്കുന്ന കേരളം, ശാസ്ത്രീയ മനോഭാവത്തിന്റെ അഭാവം, ഇന്റർനെറ്റ് യുഗത്തിലെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളെല്ലാം  കലാനാഥൻ മാസ്റ്റർ വിശദമായി പ്രതിപാദിക്കുകയുണ്ടായി .തുടർന്ന് എല്ലാ വാർഡുകളിലും ഇത്തരം ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും രണ്ട് സ്ഥലത്ത് മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ.

   ജില്ലാ പരിഷത്ത് ഭവൻ

മലപ്പുറത്ത് പരിഷദ് ഭവന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് വേണ്ടി വാഴയൂർ യൂണിറ്റ് 4475 രൂപ സമാഹരിച്ചു കടമായി നൽകിയെങ്കിലും രണ്ടു വർഷത്തിനു ശേഷം പണം തിരിച്ചു തരാമെന്നായപ്പോൾ ആ പണം യൂനിറ്റ് തിരിച്ചു വാങ്ങാതെ ബിൽഡിംഗ് ഇനത്തിലേക്ക് സംഭാവനയായി തന്നെ നൽകി. ജില്ല കേന്ദ്രീകരിച്ച് ഒരാസ്ഥാന മന്ദിരം നിലനിൽക്കുന്നതിനാൽ നമുക്കെല്ലാം അഭിമാനിക്കാം.

 മാസിക

എല്ലാ വർഷങ്ങളിലും  യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി  എന്നീ മാസികകളും വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഇറക്കുന്ന ലഘുലേഖകളും സോവനീറുകളും പ്രചരിപ്പിക്കുന്നതിൽ യൂണിറ്റ് പ്രത്യേകം താൽപര്യമെടുക്കുകയും വാർഷിക വരിക്കാരെ കണ്ടെത്തുകയും ചെയ്യാറുണ്ട്. 2019 -ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാസിക ചേർത്ത യൂണിറ്റുകളുടെ കൂട്ടത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് വാഴയൂർ യൂണിറ്റ് ഇടം തേടുകയും സംസ്ഥാന വാർഷിക റിപ്പോർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. ഏതാണ്ട് 70 മാസികകൾ സ്ഥിരമായി യൂണിറ്റ് പരിധിയിൽ വരുന്നുണ്ട്. കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി പുസ്തക പ്രചരണവും ഇവിടെ നന്നായി നടത്താറുണ്ട്.  പ്രീ പബ്ലിക്കേഷൻ വ്യവസ്ഥയിലും പുസ്തക പ്രചരണം ഏറ്റെടുത്ത് വിജയിപ്പിക്കാറുണ്ട്.

വിജ്ഞാനോത്സവങ്ങൾ

സാമ്പ്രദായിക പാഠ്യപദ്ധതിയുടെ അലകും പിടിയും മാറ്റിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഔപചാരിക വിദ്യാഭ്യാസത്തിനു പുറമെ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയിലൂന്നി നടത്തിവന്നിരുന്ന യുറീക്കാ വിജ്ഞാന പരീക്ഷ ഇവിടെയും നടന്നിരുന്നു. മൂല്യനിർണയ രീതിയുടെ സമഗ്രമായ പരിഷ്കരണത്തിന് നിതാനമായ വിജ്ഞാനോത്സവം പിന്നീട് കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് പരിഷ്ക്കരിച്ച രീതിയിൽ 1992 മുതൽ നടത്തിവരികയാണ്.

  നാളിതുവരെയായി വിജ്ഞാനോത്സവം മുടക്കം കൂടാതെ സംഘടിപ്പിക്കുവാൻ യൂണിറ്റ് നന്നായി ശ്രമിക്കുന്നുണ്ട്. വിജയികൾക്ക് ആദ്യകാലങ്ങളിൽ ട്രോഫികളും ഷീൽഡുകളും നൽകിയിരുന്നെങ്കിലും പിൽക്കാലങ്ങളിൽ പരിഷദ് പുസ്തകങ്ങളാണ് സമ്മാനങ്ങളായി നൽകിവരുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപകരെയും രക്ഷിതാക്കളേയും ചേർത്ത്  വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും നടത്താറുണ്ടായിരുന്നു. ഒരിക്കൽ വാഴയൂർ GMLPS ൽ നിന്നും നിശ്ചിത ദിവസം വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ലഭ്യമാകാതിരുന്നപ്പോൾ കുട്ടികളെ പങ്കെടുപ്പിക്കാതിരിക്കാനുള്ള കാരണം തിരക്കി യൂണിറ്റ് സെക്രട്ടറിയുടെ കത്ത് ഹെഡ് മാസ്റ്റർക്ക് നൽകുകയും പരിപാടിയുടെ തലേ ദിവസം അഞ്ചു മണിക്കു മുമ്പ് ലിസ്റ്റ് സെക്രട്ടറിയുടെ വീട്ടിൽ എത്തിച്ചു തരുകയും ചെയ്ത സംഭവം മധുരമുള്ള ഒരോർമയായി നിലനിൽക്കുന്നു. പ്രത്യേക വർഷങ്ങളിൽ നടത്തിയിരുന്ന ബഹിരാകാശോ ത്സവം (2009) ജൈവോത്സവം (2010) ,രസതന്ത്രോത്സവം (2011) ഗണി തോത്സവം (2012) കാർഷികോത്സവം (2014) പ്രകാശോത്സവം (2015) എന്നിവയെല്ലാം വി പുലമായി നടത്തി വിദ്യാർത്ഥികളിൽ അറിവിന്റെയും ശാസ്ത്രബോധത്തിന്റെയും നിർമാണം സാധ്യമാക്കാൻ പരിഷദ് പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.


സംഘടനയുടെ പ്രധാന നേട്ടങ്ങളും സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളും

*പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളിലും ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്താഗതിയും ഉളവാക്കാൻ ഉപകരിച്ചു.

*സുസ്ഥിരവും സന്തുലിതവും പരിസ്ഥിതി സൗഹാർദ്ദപരവുമായ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.

*പ്രാദേശിക ഗവേഷണത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനപരിപാടികൾ നടപ്പിലാക്കി.

*കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട "വാഴയൂർ ഗ്രാമാസൂത്രണ സർവ്വേ " യുടെ അനന്തരഫലമായി പഞ്ചായത്തിൽ മുഴുവൻ വൈദ്യുതി എത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.

*ജനകീയാസൂത്രണ മേഖലയിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ധാരാളം പരിപാടികൾ നടപ്പിലാക്കാ നും  ജനകീയ സഹകരണത്തോടെ ശാസ്ത്രജ്ഞൻമാർക്കൊപ്പം ചേർന്ന്  വിഭവഭൂപട നിർമ്മാണം ഏറ്റെടുത്ത്  വിജയിപ്പിക്കാനും സാധിച്ചു.

*ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ യൂണിറ്റിലെ സമ്പൂർണ പങ്കാളിത്തം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. വാഴയൂരിൽ മുഴുവൻ അതിൻ്റെ ഊർജം പ്രസരിപ്പിക്കാൻ സാധിച്ചു .

*തെരുവോരങ്ങളിൽ, 'ശാസ്ത്ര പ്രചാരണത്തിന്  കല '  എന്ന മാധ്യമം ഫലപ്രദമായി ഉപയോഗിക്കാം എന്ന തിരിച്ചറിവ് നൽകി.

*സമ്പൂർണ സാക്ഷരതാ യജ്ഞം മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞു. നവ സാക്ഷരരിൽ തുടർ പ0ന സാധ്യത സൃഷ്ടിക്കപ്പെട്ടു .

ഭാരതീയ ജ്ഞാൻ വിജ്ഞാൻ ജാഥയ്ക്ക് ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തിക്കൊണ്ട് സ്വീകരണമേർപ്പെടുത്താനും നാടിൻ്റെ ഉത്സവമാക്കാനും ജില്ലയിലെതന്നെ മികച്ച പരിപാടിയാക്കി മാറ്റാനും കഴിഞ്ഞു.

*പരിഷത്ത് പുസ്തകങ്ങൾ, മാസികകൾ, പരിഷത്ത് അടുപ്പ്, ചൂടാറാപ്പെട്ടി, സോപ്പ് കിറ്റ് മുതലായവ ധാരാളമായി പ്രചരിപ്പിച്ചത് വഴി ആശയപ്രചാരണം , ഊർജലാഭം, കുത്തക വിരുദ്ധമനോഭാവം മുതലാ യവ ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.

*എല്ലാ വർഷവും തുടർച്ചയായി വിജ്ഞാനോത്സവം സംഘടിപ്പിച്ചത് വഴി ആഹ്ളാദകരവും ശിശുകേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി സമൂഹത്തിൽ സംക്രമിപ്പിക്കാൻ സാധിച്ചു.

*ശാസ്ത്ര - പരിസ്ഥിതി - ആരോഗ്യ ക്ലാസ്സുകൾ  മികച്ച രീതിയിൽ സംഘടിപ്പിച്ചതിൻ്റെ ഫലമായി പുരോഗമന - യുക്തിചിന്തകൾ പ്രബലപ്പെടുത്തി .

*യൂണിറ്റിൻ്റെ തനിമയാർന്ന  പരിപാടികളായ 'അടുക്കള പാക്കേജ്', 'വിഷുവിന് വീട്ടിൽ പച്ചക്കറി', 'പരിസ്ഥിതിസൗഹൃദ വാഴയൂർ' എന്നിവ പ്രായോഗികമാക്കാൻ കഴിഞ്ഞു.

*ആരോഗ്യസർവേ, വിദ്യാലയ സർവ്വേ, കേരള പഠനം എന്നിവ സമയബന്ധിതമായും വിജയകരമായും പൂർത്തിയാക്കിയതോടെ യഥാർത്ഥ സ്ഥിതിവിവരങ്ങ ൾ ജനതതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

*വൈവിധ്യമാർന്ന അനുബന്ധ പരിപാടികളോടെ രണ്ടു തവണ നടത്തിയ ജില്ലാ സമ്മേളനങ്ങൾ വർധിച്ച ജനകീയ സഹകരണത്തോ ടെ വൻ വിജയമാക്കി.

*യൂണിറ്റിൽ എത്തിയ പന്ത്രണ്ടോളം കലാജാഥകൾക്ക് ഗംഭീര സ്വീകരണം ഒരുക്കാനും അതുവഴി ഓരോ തവണത്തെയും ജാഥാ പ്രമേയങ്ങൾ ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു.


പ്രതിസന്ധികൾ

*ഭൂമിശാസ്ത്രപരമായി മലമ്പ്രദേശങ്ങളും കുന്നിൻ ചെരിവുകളും ഉൾപ്പെട്ട വിസ്തൃത പ്രദേശമായതിനാൽ വാഴയൂർ ഗ്രാമത്തിലെ എല്ലാ ഭാഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയുന്നില്ല. പരിപാടികൾ ചില മേഖല കളിൽ മാത്രം ഒതുങ്ങി പോകുന്നു.

*ജനകീയാസൂത്രണത്തിൻ്റെ ഉന്നതലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്, വികസനലക്ഷ്യങ്ങൾ പലപ്പോഴും പരമ്പരാഗത രീതിയിലേക്ക് തന്നെ തിരിച്ചു പോയിക്കൊണ്ടിരിക്കുന്നു .

*കാർഷിക മേഖലയിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

*കൊണ്ടോട്ടി APEX സൊസൈറ്റി എൻ ഒ സി നൽകാത്തതിനാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉള്ള വാഴയൂർ റൂറൽ ഹൗസിങ് സൊസൈറ്റി ഇതേവരെയും രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല.

*ജനകീയ നാടക പ്രസ്ഥാനം ലക്ഷ്യമിട്ട രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

*കേരള റിസർച് പ്രോഗ്രാമി ൻ്റെ രണ്ടാംഘട്ടത്തിൽ, സംസ്ഥാന കമ്മിറ്റി വാഴയൂർ പഞ്ചായത്തിനെ ഉൾപ്പെടുത്തിയെങ്കിലും ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നതിനാൽ ഇവിടെ നടപ്പിലാക്കാൻ കഴിയുന്നില്ല.

*ഒമ്പത് ബാലവേദികൾ പ്രവർത്തിച്ചിരുന്നെങ്കിലും നിലവിൽ ഒരെണ്ണമായി  ചുരുങ്ങുകയും ആ മേഖല യിൽ  സജീവത നിലനിർ ത്താൻ കഴിയാതെയാകുക യും ചെയ്യുന്നു .

*യൂണിറ്റിന് സ്വന്തമായി ആസ്ഥാനം ഉണ്ടായിട്ടില്ല.


ഇന്നത്തെ അവസ്ഥ

*വാഴയൂർ പഞ്ചായത്തിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിൽ കുറവ് മാത്രം വരുന്ന അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റ്.

*സംഘടനയ്ക്ക് എല്ലാ വാർഡുകളിലും വേരോട്ടം ഇല്ലാത്ത അവസ്ഥ.

*കഴിവുറ്റ പ്രവർത്തകർ ഏറെയുണ്ടെങ്കിലും അവരുടെ ഏകോപനം നടക്കുന്നില്ല. അതെല്ലാം അതിജീവിച്ചുകൊണ്ട്  ഒരു പരിധി വരെ സംഘടനയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങ ൾ നല്ല രീതിയിൽ നടത്താൻ കഴിയുന്നുണ്ട്.


ഭാവി പരിപാടികൾ :

*യൂണിറ്റിലെ ജനസംഖ്യയുടെ രണ്ട് ശതമാനം പേരെയെങ്കിലും അംഗങ്ങളായി ചേർത്തണം.

*മുഴുവൻ മെമ്പർമാരെയും മാസികകളുടെ വരിക്കാരാ ക്കുന്ന തോടൊപ്പം തന്നെ ഓൺലൈൻ സാധ്യതകൾ പരമാവധി ഉപയോഗപ്പെടു ത്താൻ ശ്രമിക്കുകയും ചെയ്യും.

*യുവജനങ്ങളെ സംഘടനയുമായി ബന്ധപ്പെടുത്താൻ ആകർഷകമായ പരിപാടികൾ ആവിഷ്ക്കരിക്കാൻ ശ്രമം നടത്തും .

*ക്ലീൻ വാഴയൂർ , പരിസ്ഥിതിസൗഹൃദ വാഴയൂർ എന്നിവ ഫലപ്രദമായി നടപ്പിലാക്കും.

*കാർഷിക മേഖലയിൽ വാഴ, മരച്ചീനി, ചക്ക എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കുന്ന വ്യവസായ യൂണിറ്റുകൾ ആരംഭിക്കാൻ ശ്രമം നടത്തും.

*ജനകീയ ശാസ്ത്ര സാംസ്ക്കാരികോൽസവങ്ങൾ വിപുലമായി സംഘടിപ്പിക്കാൻ ശ്രമം നടത്തണം.

*ബാലവേദികൾ, സമത എന്നിവ ശക്തിപ്പെടുത്തണം.

* ആരോഗ്യം ,വികസനം ,പ രിസ്ഥിതി , ഊർജ സംരക്ഷണം ,ഉറവിട മാലിന്യ സംസ്ക്കരണം, അന്ധവി ശ്വാസ നിർമാർജനം, ലഹരിക്കെതിരെ  തുടങ്ങിയ മേഖലകളിൽ എല്ലാ വാർഡുകളും റസിഡൻസു കളും കേന്ദ്രീകരിച്ചു കൊണ്ട് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്ക ണം .

* ഗൃഹാങ്കണ ശാസ്ത്ര സദസ്സുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തന പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും .

* ഓൺലൈൻ പ0ന വേദികൾക്ക് രൂപം കൊടുക്കും .


ശാസ്ത്രബോധമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടു ക്കുന്നതിൽ മുന്നേറാൻ നമുക്കായിട്ടുണ്ട്. വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ, വികേന്ദ്രീകൃതാസൂത്രണം, ആരോഗ്യം തുടങ്ങിയ മേഖല ളിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടു ണ്ട്. പ്രൊഫഷണലാ യ പുതിയ തലമുറയിൽ സർഗാത്മകവും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഉന്നത കാഴ്ചപ്പാടുകൾ വികസിപ്പിച്ചെടുക്കാൻ നമുക്കാവണം. ആശയ പ്രചാരണത്തിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലും പുതിയ രീതി ശാസ്ത്രം വികസിപ്പിക്കണം. നമ്മളുടെ അനുഭവ പാഠങ്ങളും സ്വീകാര്യമായ മറ്റു മാതൃകകളും സംയോജിപ്പിച്ചു കൊണ്ട് നമ്മളുടെ ആശയ പ്രപഞ്ചം വിസ്തൃതമാക്കണം. നന്മയുടെ നല്ല ഒരു നാളെ പുലരുന്നതിനു വേണ്ടി ശാസ്ത്രത്തെ ആയുധമാക്കി നമുക്ക് ജനങ്ങൾക്കൊപ്പം മുന്നേറാം. ശാസ്ത്രബോധം സാമൂഹ്യബോധമാക്കി മാറ്റാം, ശാസ്ത്രത്തെ സാമൂഹ്യ വിപ്ളവത്തിനു വേണ്ടി ഉപയുക്തമാക്കാം .

എല്ലാവർക്കും വാഴയൂർ യൂണിറ്റിൻ്റെ പാരിഷത്തികാഭിവാദ്യങ്ങൾ .




യൂണിറ്റിൽ നിന്നും മേൽകമ്മിറ്റികളിൽ എത്തിയവർ :-


എ പി ചന്ദ്രൻ :   സംസ്ഥാന സെക്രട്ടറി, സംസ്ഥാന കൺവീനർ

എൻ എം മോഹനൻ : മേഖലാസെക്രട്ടറി, മേഖലാ വൈസ് പ്രസിഡണ്ട്

ശിവദാസൻ പി :     ജില്ലാ കമ്മിറ്റി , മേഖലാ സെക്രട്ടറി,

                                     വിദ്യാഭ്യാസ വിഷയ സമിതി – സംസ്ഥാന കമ്മിറ്റി അംഗം

എ ചിത്രാംഗദൻ :        മേഖലാസെക്രട്ടറി, പ്രസിഡണ്ട്

പി കെ വിനോദ് കുമാർ :   ജില്ലാ കമ്മിറ്റി, മേഖലാ സെക്രട്ടറി

പരിഷദ് വാഴയൂർ - ഭാരവാഹികളായിരുന്നവർ
1 KRISHNANKUTTY MASTER 1978
2 SUDHAKARAN TP 1978
3 SASIDHARAN KK 1984 1994 2002
4 CHITHRANGATHAN A 1985 1986 1987
5 GOPAN KA 1985
6 SASI PP 1987
7 UNNIKRISHNAN AV 1988
8 HARIHARAN K 1989 1999
9 MOHANAN NM 1990
10 ASHOKAN K 1991
11 THULASI DAS KC 1992
12 RAJAN PCK 1993
13 KRISHNADASAN P 1994 2002 2008
14 VINODKUMAR PK 1995 1998 2004
15 SUSEELKUMAR PP 1996
16 KRISHNAN PP 1997
17 SYAMALA TEACHER 1998
18 SHIJITH MK 2003
19 SUBHASH K 2005
20 SHAIJU TP 2007
21 VIJU A 2009
22 SREERAJ AC 2014
23 HARIDAS S 2017
24 SHIMINRAJ A 2019
25 NARASIMHAN 2021

അനുബന്ധം നോട്ടീസുകൾ

.
നോട്ടീസുകൾ 3.jpg
നോട്ടീസുകൾ 2.jpg
"https://wiki.kssp.in/index.php?title=വാഴയൂർ_(യൂണിറ്റ്)&oldid=10098" എന്ന താളിൽനിന്ന് ശേഖരിച്ചത്