വികസന കോൺഗ്രസ് പ്രബന്ധങ്ങൾ-കേരളവും ഇ-ഗവേണൻസും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പി എസ് രാജശേഖരൻ

ആമുഖം

കാര്യക്ഷമമായ ഒരു ഭരണ സംവിധാനമാണ്‌ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും അനിവാര്യമായ ഒരു മുന്നുപാധികളിലൊന്നെന്ന കാര്യം ആരും സമ്മതിക്കും. ഇത്തരത്തിൽ കാര്യക്ഷമമായ ഒരു ഭരണനിർവഹണ സംവിധാനത്തിന്റെ അഭാവമാണ്‌ നമ്മുടെ വികസനപ്രക്രിയ നേരിടുന്ന ഒരു വലിയ പരിമിതികളിലൊന്നെന്ന കാര്യത്തിലും വലിയ എതിരഭിപ്രായമുണ്ടാകാനിടയില്ല. ഭരണ നിർവഹണ സംവിധാനം കാര്യക്ഷമമല്ലാത്തതിന്‌ കാരണങ്ങൾ നിരവധിയാണ്‌. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മുതൽ നയരൂപീകരണത്തിലെ പാളിച്ചകളും സിവിൽ സർവീസിന്റെ അഴിമതിയും പ്രതിബദ്ധതയില്ലായ്‌മയും വരെ നിരവധി സംഗതികൾ പലർക്കും ചൂണ്ടിക്കാട്ടാനുണ്ടാകും. എല്ലാ പ്രശ്‌നങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്രമായ ഒരൂ ഭരണ പരിഷ്‌കാരത്തിനു മാത്രമേ വികസനത്തിന്റെ ചാലകശക്തിയാകാൻ കഴിയുന്ന ഒരു ഭരണ സംവിധാനത്തെ സൃഷ്‌ടിക്കാനാകൂ. എന്നാൽ ആധുനികകാലത്ത്‌, സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഭരണനിർവഹണത്തിന്റെ ആധുനികവത്‌കരണത്തിന്‌ ഏറെ സഹായകമായിട്ടുണ്ട്‌. ഇ ഗവേണൻസ്‌ എന്ന്‌ പൊതുവേ വിവക്ഷിക്കപ്പെടുന്ന ഈ പുതുധാരയുടെ കേരളത്തിലെ പ്രസക്തിയും പ്രയോഗവും സംബന്ധിച്ചാണ്‌ ഈ കുറിപ്പ്‌. ഇതുമാത്രംകൊണ്ട്‌ ഭരണസംവിധാനത്തിന്റെ അലകും പിടിയും മാറില്ല. എങ്കിലും അപ്രകാരമൊരു മാറ്റത്തിന്റെ ചാലകശക്തിയാകാൻ ഇ ഗവേണൻസിനു കഴിയും. ആഗോളതലത്തിലും അഖിലേന്ത്യാതലത്തിലും ഇ ഗവേണൻസിന്റെ വളർച്ചയുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തിന്റെ ഈ രംഗത്തെ സാധ്യതകൾ അവലോകനം ചെയ്യാൻ ഇവിടെ ശ്രമിക്കുന്നത്‌. കംപ്യൂട്ടറുകളുടെയും ഇന്റർനെറ്റിന്റെയും കടന്നുവരവോടെ ഭരണനിർവഹണത്തിൽ അവ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക്‌്‌ ഏതാണ്ട്‌ അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഏറ്റവും ഒടുവിലത്തെ സ്ഥിതി പരിശോധിക്കുമ്പോൾ ലോകം ഈ ദിശയിലേക്ക്‌ വളരെയേറെ മുന്നേറിയതായി കാണാം. എന്നാൽ മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ലോകരാജ്യങ്ങളും ജനതകളും തമ്മിലുള്ള അന്തരം, പ്രത്യേകിച്ചും വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്‌. അതേസമയം, സുസ്ഥിരവും സാമൂഹികനീതിയിലധിഷ്‌ഠിതമായ, എല്ലാവരെയും പരിഗണിക്കുന്ന ഒരു വികസന ക്രമം രൂപപ്പെടുത്തുന്നതിൽ വിവരസാങ്കേതിക വിദ്യയുടെ പങ്ക്‌ ഏറെ നിർണായകമായ സ്ഥിതിയിലേക്ക്‌ ഈ സാങ്കേതിക വിദ്യയുടെ വ്യാപനം എത്തി നിൽക്കുകയാണ്‌. വിവരസാങ്കേതികവിദ്യയുടെ ഇന്നത്തെ വികാസത്തിന്റെ പശ്ചാത്തലത്തിൽ കേവലം വിവരസാങ്കേതിക സംവിധാനങ്ങൾ ഭരണ നിർവഹണത്തിൽ ഉപയോഗപ്പെടുത്തുക എന്നതിനപ്പുറം, ഈ സാങ്കേതികവിദ്യ നല്‌കുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി ഭരണസംവിധാനത്തെ ആകെ പുതക്കിപ്പണിയുക എന്നതിലേക്ക്‌ ലോകം എത്തിയിരിക്കുകയാണ്‌. വികസനത്തിന്റെ എല്ലാ തലങ്ങളിലും വിവരസാങ്കേതിക വിദ്യയുടെ സ്വാധീനമുണ്ട്‌, അവ വിശദമായി ചർച്ചചെയ്യപ്പെടേണ്ടതുമുണ്ട്‌. എന്നാലിവിടെ, ഇ- ഗവേണൻസ്‌ എന്നു വിവക്ഷിക്കുന്ന, ഭരണനിർവണത്തിലെ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു മാത്രമാണു ചർച്ച ചെയ്യുന്നത്‌. ഇ ഗവേണൻസിന്‌ വിവിധ ഏജൻസികൾ നിർവചനങ്ങൾ നല്‌കുന്നുണ്ട്‌. അവയിലെല്ലാമുള്ള പൊതുവായ ഘടകങ്ങളെ പരിഗണിച്ചാൽ സർക്കാർ സംവിധാനങ്ങളുടെ നടത്തിപ്പിനും വിവിധ ധർമങ്ങളുടെ നിർവഹണങ്ങൾക്കും, സർക്കാരും പൗരസമൂഹവുമായുള്ള ബന്ധപ്പെടലുകൾക്കും, പൗരൻമാർക്ക്‌ വിവരങ്ങളും വിവിധ സേവനങ്ങളും നല്‌കുന്നതിനും വിവരസാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗത്തെയാണ്‌ ഇ ഗവേണൻസ്‌ എന്നു വിവക്ഷിക്കുന്നതെന്ന്‌ പൊതുവിൽ പറയാം. ഒരു ഭരണ സംവിധാനത്തിന്റെ ഇ- റെഡിനെസ്‌ (ഇ ഭരണത്തിനുള്ള ഒരുക്കങ്ങൾ) കണക്കിലെടുത്ത്‌ 2012 ലെ യുണൈറ്റഡ്‌ നാഷൻസിന്റെ ഇ ഗവേണൻസ്‌ സർവേ ലോകരാജ്യങ്ങളെ റാങ്ക്‌ ചെയ്യുന്നുണ്ട്‌. ദക്ഷിണകൊറിയ, നെതർലാൻഡ്‌സ്‌, യു.കെ., ഡൻമാർക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ്‌ ഇക്കാര്യത്തിൽ മുന്നിൽ. ഇന്ത്യയുടെ സ്ഥാനം 125 ആണ്‌. എങ്കിലും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഇ ഭരണത്തിലെ പുരോഗതിയുടെ വളർച്ചനിരക്ക്‌ നോക്കുമ്പോൾ ഇന്ത്യ ചൈനയ്‌ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണെന്നും ഈ രംഗത്ത്‌ വലിയ മുന്നേറ്റം നടത്താൻ രാജ്യത്തിനായിട്ടുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു. ഈ റിപ്പോർട്ട്‌ പറയുന്ന മറ്റൊരു പ്രധാന സംഗതി, ഇ ഭരണം എല്ലാവർക്കും (E Government for All) എന്നതാണ്‌. മുഴുവൻ ജനങ്ങൾക്കും ലഭ്യവും അനുഭവവേദ്യവുമായ ഒന്നായാലേ ഇ ഭരണം ലക്ഷ്യം നേടു എന്നർഥം. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്‌ ഈ രംഗത്തെ മുൻനിര രാജ്യങ്ങൾ.

ഇന്ത്യയും ഇ ഭരണവും

ഇന്ത്യയിലെ പൊതുസേവന രംഗത്തും ഭരണ നിർവഹണ രംഗത്തും വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ഏതാണ്ട്‌ എഴുപതുകൾ മുതൽ തുടങ്ങിയെന്നു പറയാം. വ്യാപകമായി ആദ്യം അതുപയോഗിച്ചത്‌ റയിൽവേ പോലുള്ള സംവിധാനങ്ങളാണ്‌. എഴുപതുകളിൽ ഡിപ്പാർട്ടമെന്റ്‌ ഓഫ്‌ ഇലക്‌ട്രോണിക്‌സും 77 ൽ എൻഐസി യും രൂപീകിരക്കപ്പെട്ടത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഉപഗ്രഹ നിയന്ത്രിത നിക്‌നെറ്റ്‌ 1987 ൽ നിലവിൽവന്നു. എങ്കിലും 1990 കൾ മുതലാണ്‌ അത്‌ ദിശാബോധത്തോടെ മുന്നേറാൻ തുടങ്ങുന്നത്‌. 1990ൽ നിക്‌നെറ്റ്‌ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നിലവിൽ വന്നു. 1999ൽ കേന്ദ്രഇൻഫർമേഷൻ മന്ത്രാലയും നിലവിൽ വന്നു. പൊതുവേ മൂന്നു ഘട്ടങ്ങളാണ്‌ വിവിരസാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ മറ്റേതൊരു രാജ്യത്തെയും പോലെ, ഇവിടെയും കാണാവുന്നത്‌. 1.. കംപ്യൂട്ടർവത്‌കരണം - സർക്കാർ ഓഫീസുകളിൽ കംപ്യൂട്ടർ ലഭ്യമാക്കുക. അതുപയോഗിച്ച്‌ വേർഡ്‌ പ്രോസസിങ്‌ നടത്തുക എന്നിവയായിരുന്നു തുടക്കം. പിന്നീട്‌ അത്‌ ഡാറ്റാ പ്രോസസിങ്ങിലേക്കു മാറി. 2 നെറ്റ്‌ വർക്കിങ്‌ -വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനും ഒന്നിച്ചുപയോഗിക്കുന്നതിനും വേണ്ടി ചെറിയ ലാൻ, വാൻ സംവിധാനങ്ങൾ തുടർന്നു നിലവിൽ വന്നു. 3 ഓൺലൈൻ സാന്നിധ്യം- ഇ ഗവേണൻസ്‌ പ്രവർത്തനങ്ങൾ വെബ്‌ അധിഷ്‌ഠിതമാവുന്ന ഘട്ടം. സർക്കാർ വെബ്‌സൈറ്റുകളും മറ്റും ഈ ഘട്ടത്തിലാണു വരുന്നത്‌. 4 ഓൺലൈൻ ഇന്ററാക്‌ടിവിറ്റി- സർക്കാരും ജനങ്ങളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ചാനൽ ഓൺലൈനാവുകയും സേവനങ്ങളും വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ഘട്ടം. ഇന്നിപ്പോൾ പ്രധാനമായും നാലുതരത്തിലുള്ള പ്രവർത്തനങ്ങളാണ്‌ ഇ-ഭരണവുമായി ബന്ധപ്പെട്ടു നടക്കുന്നത്‌. 1 സർക്കാരനുള്ളിലുള്ളത്‌. G2G (Government to Government) ? സർക്കാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള വിവരവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ. 2 സർക്കാരും പൗരൻമാരും തമ്മിലുള്ളത്‌-.G2C (Government to Citizens) ? പൊതൂ വിവിരങ്ങളും സേവനങ്ങളും പൗരൻമാർക്കു ലഭ്യമാക്കുന്നതിൽ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം. 3 സർക്കാരും സംരംഭകരുമായുള്ളത്‌ - G2B (Government to Business) വ്യവസായ, വ്യാപാരമേഖലകളുമായുള്ള സർക്കാരിന്റെ ഇടപെടലുകളിൽ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം. 4 സർക്കാരും ജീവനക്കാരും തമ്മിലുള്ളത്‌. G2E (Government to Employees) കൂടുതൽ മെച്ചപ്പെട്ട വിവരലഭ്യത, സേവനലഭ്യത, സർക്കർ പ്രവർത്തനങ്ങളിലെ കൂടുതൽ സുതാര്യത, നടപടിക്രമങ്ങൾ ലളിതമാക്കൽ, കുടുതൽ അക്കൗണ്ടബിളാക്കൽ, ഭരണകാര്യക്ഷമത വർധിപ്പിക്കൽ, ഭരണസംവിധാനങ്ങളും സേവനങ്ങളും കൂടതൽ ജനങ്ങളിലെത്തിക്കൽ, ഭരണത്തിന്റെ വേഗത വർധിപ്പിക്കൽ എന്നിവയാണ്‌ ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷമിടുന്നത്‌. ഈ അർഥത്തിൽ ഏകോപിതമായ ഒരു ഈ ഭരണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നത്‌ 2006 ൽ ദേശീയ ഇ ഗവേണൻസ്‌ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെയാണ്‌. 2000ത്തിൽ 12 ഇന ദേശീയ ഈ ഗവേണൻസ്‌ അജൻഡ അംഗീകരിക്കപ്പെട്ടു. 2006 ൽ ദേശീയ ഈ ഗവേണൻസ്‌ പരിപാടി നിലവിൽ വന്നു. സർക്കാർ- പൗര ഇടപെടലുകൾ, ഭൂരേഖകളുടെ കംപ്യൂട്ടർ വത്‌കരണം, കേരളത്തിലെ അക്ഷയ, ഫ്രണ്ട്‌സ്‌, രാജസ്ഥാനിലെ മിത്ര, ആന്‌ധ്രയിലെ ഈ സേവ, ഇ പ്രോക്യൂർമെന്റ്‌, സ്‌മാർട്‌ ഗവ്‌, ബീഹാറിലെ റെയസ്‌, കർണാടകയിലെ ഭൂമി, ഖജാന (ട്രഷറി), മധ്യപ്രദേശിലെ ഗ്യാന്‌ ദൂത്‌ ഉത്തർപ്രദേശിലെ ഗ്യാൻവാണി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ഇ ഗേവേണൻസ്‌ പദ്ധതികളും കോമൺ സർവീസ്‌ കേന്ദ്രങ്ങളും ആരംഭിക്കാൻ തുടങ്ങി. ഇവയെയല്ലാം വിലയിരുത്തി വീരപ്പമൊയ്‌ലി ചെയർനാനായുള്ള രണ്ടാം ഭരണപിരഷ്‌കാര കമ്മിറ്റിയുടെ പതിനൊന്നാമതു റിപ്പോർട്ട്‌ ഇന്ത്യയിലെ ഇ ഭരണപ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും ഫലപ്രദവുമാക്കുന്നതിനുള്ള നിർദേശങ്ങൾ 2008 ൽ നല്‌കിയതോടെയാണ്‌ ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവുന്നത്‌. കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രണ്ടുമൂന്നു തരത്തിലുള്ള കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്‌. അടിസ്ഥാന സൗകര്യ വികസനമാണ്‌ അതിൽ ആദ്യത്തേത്‌. സ്റ്റേറ്റ്‌ ഡാറ്റാ സെന്ററുകൾ, സ്റ്റേറ്റ്‌ വൈഡ്‌ ഏരിയ നെറ്റ്‌ വർക്ക്‌, കോമൺ സർവീസ്‌ സെന്ററുകൾ, നാഷണൽ ഇ ഗവേണൻസ്‌ സർവീസ്‌ ഡെലിവറി ഗേറ്റ്‌ വേ, സ്റ്റേറ്റ്‌ ഇ ഗവേണൻസ്‌ സർവീസ്‌ ഡെലിവറി ഗേറ്റ്‌ വേ, മൊബൈൽ ഇ ഗവേണൻസ്‌ സർവീസ്‌, തുടങ്ങിയ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ, മനുഷ്യ വിഭവശേഷി, സുരക്ഷ, പൗരൻമാരുടെ പങ്കാളിത്തം, സോഷ്യൽ മീഡിയ തുടങ്ങിയവയ്‌ക്കുള്ള മാർഗനിർദേശങ്ങൾ, മെറ്റാഡാറ്റ, ഇന്റർ ഓപ്പറബിലിറ്റി, എന്റർപ്രൈസ്‌ അർക്കിടെക്‌ചർ തുടങ്ങിയ സപ്പോർട്ടിങ്‌ സംവിധാനങ്ങൾ എന്നിവ ഇതിൽപ്പെടുന്നു. പുതിയ സംരംഭങ്ങളായ ജിഐ ക്ലൗഡ്‌, ഇ പ്രമാൺ തുടങ്ങിയവയും ആരംഭിച്ചിട്ടുണ്ട്‌. ഇതോടോപ്പം സംസ്ഥാനം, കേന്‌ദ്രം, പൊതു എന്നീവിഭാഗങ്ങളിലായി 31 മിഷൻ മോഡ്‌ പ്രോജക്‌ടുകളും ഇതിന്റെ ഭാഗമായുണ്ട്‌. ഇതു കൂടാതെ ഓരോ സംസ്ഥാനവും തനതായും, പ്രാദേശിക സർക്കാരുകളും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്‌. സർക്കാർ ഏജൻസികളുടെ സോഷ്യൽ മീഡിയ ഫ്രെയിം വർക്കും മാർഗനിർദേശങ്ങളും, ഇ ഗവേണൻസ്‌ പദ്ധതികൾക്കുള്ള സിറ്റിസൺ എൻഗേജ്‌മെന്റ്‌ ഫ്രെയിം വർക്ക്‌ എന്നീ നിർദേശങ്ങളും ഈ പദ്ധതിപ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്‌. (അനുബന്ധം 1 നോക്കുക)

ഇ ഭരണം കേരളത്തിൽ

ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്‌ കേരളത്തിലെ ഇഗവേണൻസ്‌ പ്രവർത്തനങ്ങളെ പരിശോധിക്കുന്നത്‌. രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്ക്‌ സ്ഥാപിച്ച കേരളം കോമൺ സർവീസ്‌ സെന്ററുകൾക്കു മാതൃകയായ അക്ഷയ, പൗരസേവനങ്ങൾക്കുള്ള ഫ്രണ്ട്‌സ്‌ എന്നിവ സ്ഥാപിക്കുകവഴി ഈ രംഗത്തും മുൻപേ പറക്കുന്ന പക്ഷിയായി ( ഇവയെല്ലാം ഫലപ്രദമായ മാതൃകകളാണെന്നു വിവക്ഷിക്കുന്നില്ല). എന്നാൽ അവിടെ നിന്നങ്ങോട്ട്‌ ടെക്‌നോളജിയുടെ വികസനത്തിനൊപ്പെ ഏകീകൃതമായഒരു മുന്നേറ്റം ഈ രംഗത്ത്‌ ഉണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഇന്നത്തെ അവസ്ഥയുടെ പശ്ചാത്തലത്തിൽ അതിനുള്ള കാരണങ്ങളാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. ഐടിരംഗത്ത്‌ ഫലപ്രദമായി ഇടപെടണമെങ്കിൽ അതിനാവശ്യമായ നിരവധി മുന്നുപാധികൾ ഏതൊരു പ്രദേശത്തിനും ആവശ്യമാണ്‌. അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, വിവരസാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്‌ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ എന്നിവയാണ്‌ അവയിൽ ആദ്യത്തേത്‌. ഈ രണ്ടുകാര്യങ്ങളിലും ഇന്ത്യയുടെ പൊതുസ്ഥിതി നോക്കുമ്പോൾ താരതമ്യേന മികച്ച നിലയിലാണ്‌ നമ്മുടെ സംസ്ഥാനം. വിവരസാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്‌ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം മുന്നിലാണ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ടെലി സാന്ദ്രതയിൽ കേരളം ഡൽഹി. തമിഴ്‌നാട്‌, ഹിമാചൽ പ്രദേശ്‌, പഞ്ചാബ്‌ എന്നിവയ്‌ക്കു പിന്നിൽ അഞ്ചാമതാണ്‌. (97.1, അഖിലേന്ത്യാ 73.1). 2001 ലെ സെൻസസ്‌ അനുസരിച്ച്‌ 89.7 ശതമാനം വീടുകൾക്കും ലാൻഡ്‌/മൊബൈൽ ഫോൺ ലഭ്യമാണ്‌. ഒപ്‌റ്റിക്കൽ ഫൈബർ സബ്‌മറീൻ കേബിളുകളുടെ ലാൻഡിങ്‌ പോയിന്‌റുകൾ കൊച്ചിയിലും തിരുവനന്തപുരത്തുമുണ്ട്‌. ഇന്റർനെറ്റ്‌ വരിക്കാരുടെ എണ്ണത്തിൽ നാം മുൻനിര സംസ്ഥാനങ്ങളിലൊന്നാണ്‌. അഞ്ചാംസ്ഥാനം. 16 ലക്ഷം കണക്ഷനുകൾ. നൂറുപേരിൽ ഇന്റർനെറ്റ്‌ കണക്ഷൻ ഉള്ളവരുടെ സംഖ്യയിൽ നാം ഒന്നാമതാണ്‌. 4.98. (അഖിലേന്ത്യാ 1.98).ഒരു കണക്ഷനിൽ അഞ്ചുപേർ ഉപയോഗിക്കുന്നുവെന്നു കണക്കിൽ നൂറിൽ 25 പേർ നെറ്റ്‌ ഉപയോഗിക്കുന്നവരാണ്‌. ഇത്‌ മൊബൈൽ വഴി ഉപയോഗിക്കുന്നവരുടെ കണക്കു കൂട്ടാതെയാണ്‌. അതുകൂടി ചേർത്താലും പക്ഷ നാം വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ ഇനിയും ഏറെ മുന്നേറണം. കഫേകളുടെ എണ്ണവും കഫേകളിൽ പോകുന്നവരുടെ എണ്ണവും കേരളത്തിൽ പക്ഷേ ആനുപാതികമായി നോക്കുമ്പോൾ വളരെ കുറവാണ്‌. ഫലപ്രദമായ ഒരു ഇ ഗവേൺസ്‌ സംവിധാനത്തിന്‌ മഹാഭൂരിപക്ഷത്തിനും ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാവേണ്ടതുണ്ട്‌. ഇ ഗേവണൻസിനുള്ള അടിസ്ഥാന സൗകര്യങ്ങളായി ഇഗേവണൻസ്‌ പ്ലാനിൽ പറയുന്ന സംസ്ഥാന സ്റ്റേറ്റ്‌ ഡാറ്റാ സെന്ററുകൾ, സ്റ്റേറ്റ്‌ വൈഡ്‌ ഏരിയ നെറ്റ്‌ വർക്ക്‌, കോമൺ സർവീസ്‌ സെന്ററുകൾ, സ്റ്റേറ്റ്‌ ഇ ഗവേണൻസ്‌ സർവീസ്‌ ഡെലിവറി ഗേറ്റ്‌ വേ, മൊബൈൽ ഇ ഗവേണൻസ്‌ സർവീസ്‌ എന്നിവയൊക്കെ താരതമ്യേന നല്ല സംവിധാനങ്ങളോടെ ഇവിടെയുണ്ട്‌. മുന്നൂറിലേറെ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും സംഭരിച്ചിട്ടുള്ള കോബാങ്ക്‌ ടവറിലേതും പുതുതായി ടെക്‌നോപാർക്കിൽ തുടങ്ങിയ ഡാറ്റാ സെന്ററും നമുക്കുണ്ട്‌.. 14 ജില്ലകളിലും 152 ബ്ലോക്കുകളിലുമുള്ള 2150 ലേറെ ഓഫീസുകളെ തമ്മിൽ ബന്ധിപ്പക്കുന്ന കെസ്വാൻ മികച്ച കണക്‌ടിവിറ്റി തുടക്കത്തിൽ പ്രദാനം ചെയ്‌തിരുന്നു. എന്നാൽ ഉപയോഗം കൂടിയതോടുകൂടി അതിൽ വേഗക്കുറവും തടസ്സങ്ങളും കൂടുന്നുണ്ട്‌. കോമൺ സർവീസ്‌ സെന്ററുകൾ എന്ന നിലയിൽ അക്ഷയ, ഫ്രണ്ട്‌സ്‌, ഫ്രണ്ട്‌സ്‌ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കാവുന്ന ഫ്രീസ്‌ എന്നിവ നിലവിലുണ്ട്‌. സർവീസ്‌ ഡലിവറി പ്ലാറ്റഫോമുകളിൽ മൊബൈൽ സർവീസ്‌ ഗേറ്റ്‌ വേ ആണു പ്രധാനം. തൊണ്ണൂറോളം വകുപ്പുകളുടെ വിവിധ സേവനങ്ങൾ ഇന്ന്‌ മൊബൈൽ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നുണ്ട്‌. കിസ്സാൻ കേരള, ഡോക്‌ടർ എസ്‌.എംഎസ്‌ തുടങ്ങിയ വൈവിധ്യപൂർണങ്ങളായ സേവനങ്ങൾക്കൊപ്പം 60 വകുപ്പുകൾ ഡാറ്റാ ട്രാൻസ്‌ഫറിനുള്ള പുഷ്‌-പുൾ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ട്‌. ഇന്റഗ്രേറ്റഡ്‌ കാൾ സെന്റർ ആണ്‌ മറ്റൊന്ന്‌.മുപ്പതിലേറെ വകുപ്പുകളും 16 ഏജൻസികളും വിവര വിനിമയം ഇതുവഴി നല്‌കുന്നു. ജില്ലാഭരണത്തിനുള്ള ഈ ഡിസ്‌ട്രിക്‌ട്‌ ആണ്‌ മറ്റൊന്ന്‌. ആധാറിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റേറ്റ്‌ ഡാറ്റാ ഹബ്‌, സ്റ്റേറ്റ്‌ സർവീസ്‌ ഡലിവറി ഗേറ്റ്‌ വേ എന്നിവ രൂപീകരണ ഘട്ടത്തിലാണ്‌. കോർ ആപ്ലിക്കേഷനുകൾ താഴെപ്പറയുന്നവയാണ്‌. 1 ഇ പ്രൊക്യൂർമെന്റ്‌ - ടെൻഡർ നടപടികളുടെ ഓൺലൈൻ മാറ്റം. 2. ഡിജിറ്റൽ വർക്ക്‌ഫ്‌ളോ ആട്ടോമേഷൻ - ഫയൽ കൈകാര്യം ചെയ്യൽ ഡിജിറ്റലാക്കുന്നതിനുള്ള ഈ ആപ്ലിക്കേൻ താഴപ്പറയുന്ന വകുപ്പുകളിൽ നടപ്പിലാക്കുന്നു. Department of Information Technology Directorate of Technical Education Kerala State IT Mission (KSITM) Kerala Sustainable Urban Development Project (KSUDP) ? Kerala State IT Infrastructure Limited (KSITIL) ? Agency for Non-Conventional Energy & Rural Technology (ANERT) ? Akshaya ? Citizen Call Centre ? State e-Mission Team Kerala Police (iAPS)

ഐഡിയാസ്‌ ഫയൽ ട്രാക്കിങ്‌ - ഫയലുകളുടെയും തപാലുകളുടെയും നീക്കം പൊതുജനങ്ങൾക്കു മനസ്സിലാക്കുന്നതിനുള്ള സംവിധാനമാണിത്‌. ഇത്‌ താഴെപ്പറയുന്ന വകുപ്പുകളിൽ നടപ്പിലാക്കിയിട്ടുണ്ട്‌. . All the office of Ministers All departments in Government Secretariat Forest Headquarters and 9 Subordinate Offices in Districts ort Directorate Town Planning Department KSEB (O/o the CE(IT- Projects) & Safety Commissioner) PWD ( DRIQ Board and O/o the CE (Design & Admin) DPI Motor Vehicles Department കാര്യക്ഷമത കൂട്ടാനായി താഴപ്പെറയുന്ന ആപ്ലിക്കേഷനുകൾ നിലവിലുണ്ട്‌. സ്‌പാർക്ക്‌- ശമ്പള വിതരണത്തിന്‌ കോമൺ മെയിൽ സർവീസ്‌- പൊതുവായ സർക്കാർ ഇമെയിൽ സംവിധാനം വിവരവിനിമയവുമായി ബന്ധപ്പെട്ട്‌, ഭൂപ്രതല ഡാറ്റാ ഷയറിങ്ങിനുള്ള കേരള സംസ്ഥാന സ്‌പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്‌ട്രകചർ എന്ന സംവിധാനവും നിലവിലുണ്ട്‌. സൈബർ സുരക്ഷയെ ലക്ഷ്യമിട്ട്‌ സെർട്ട്‌ കേരള, ഐടി എല്ലാവർക്കും എന്ന ലക്ഷ്യത്തോടെ മലയാളം കംപ്യൂട്ടിങ്‌, അന്ധർക്കുള്ള ഇൻസൈറ്റ്‌ എന്നിവ നിലവിലുണ്ട്‌. എല്ലാ പൗരൻമാർക്കും സർക്കാരുമായി നേരിട്ടു ബന്ധപ്പെടാനുള്ള ഇ മെയിൽ സംവിധാനം പരിഗണനയിലുള്ള പദ്ധതിയാണ്‌. ഇതു കൂടാതെ വിവിധ വകുപ്പുകളിലായി നിരവധി ഇ ഗവേണൻസ്‌ പദ്ധതികളും നിലവിലുണ്ട്‌. രാജ്യത്താദ്യമായി 100 ശതമാനം കംപ്യൂട്ടർവത്‌കരണം പൂർത്തിയായ മോട്ടോർ വാഹന വകുപ്പിൽ എല്ലാ പൗരസേവനങ്ങളും ഇന്ന്‌ കംപ്യൂട്ടർവത്‌കരിച്ചിട്ടുണ്ട്‌. ഭൂരേഖാ കംപ്യൂട്ടർ വത്‌കരണം (Land Record ? NLRMP) റവന്യൂ, രജിസ്‌ട്രേഷ്‌ൻ, സർവേ വകുപ്പുകൾ ചേർന്നുള്ളത്‌. കോർ ഫൈനാൻഷ്യൽ മാനേജ്‌മെന്റ്‌ സിസ്റ്റം- ട്രഷറി വകുപ്പിന്റെ കംപ്യൂട്ടർവത്‌കരണം (KVATIS) നികുതി വകുപ്പിന്റെ കംപ്യൂട്ടർവത്‌കരണം തിരുവനന്തപുരം, കൊച്ചി തുടങ്ങിയ കോർപ്പറേഷനുകളിലെ കംപ്യൂട്ടർ വത്‌കരണം തൊഴിൽ വകുപ്പിന്റെ CASE (Common Application System for Employment) കംപ്യൂട്ടർ വത്‌കരണം.

Crime & Criminal Tracking Network and System (CCTNS), iAPS- -പോലീസ്‌ വകുപ്പിന്റെ ഇ ഗവേണൻസ്‌ പരിപാടികൾ കൃഷി മൃഗസംരക്ഷണ വകുപ്പിന്റെ കംപ്യൂട്ടർവത്‌കരണം Internet, government offices, touch screens, Krishi Vigyan Kendras, electronic media, Kisan Call Centres, Agri-Clinics, Common Service Centres and mobile phones (broadcast, Interactive Voice Response System, interactive messaging). പഞ്ചായത്തുകളുടെ കംപ്യൂട്ടർവത്‌കരണം -പഞ്ചായത്തുകളുടെ കംപ്യൂട്ടർവത്‌കരണത്തിനായി ഐകെഎം നിരവധി പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്‌ട്‌. എന്നാൽ ഇതുമായി ബന്ധപ്പെട്ട പല ആപ്ലിക്കേഷനുകളും എൻഐസിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌. (പഞ്ചായത്ത്‌ എന്റർപ്രൈസസ്‌ സ്യൂട്ട്‌). വിദ്യാഭ്യാസ വകുപ്പിന്റെ ഐടി@ സ്‌കൂൾ പദ്ധതി വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക്‌ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പിൻറെ ഇഗവേണൻസ്‌ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്‌. ഇതു കൂടാതെ നിരവധി സർക്കാർ വകുപ്പുകളും കെ.എസ്‌.ഇ.ബി, കെഎസ്‌ ആർടിസി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളും അവരുടെ ഇ ഗവേണൻസ്‌ സംരംഭങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്‌.


പ്രശ്‌നങ്ങൾ, പരിമിതികൾ

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മറ്റുമുള്ള മേൽക്കൈക്കനുസരിച്ച്‌ കേരളത്തിലെ ഭരണ സംവിധാനത്തിന്റെ ആധുനികവത്‌കരണത്തിൽ ഇ ഗവേണൻസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പക്ഷേ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. അതിനുപ്രധാനപ്പെട്ട കാരണങ്ങൾ ഇനിപ്പറയുന്നു.ഏകോപനത്തിന്റെ അഭാവം


തുടക്കത്തിൽ എല്ലാ വകുപ്പുകൾക്കും ബജറ്റ്‌ വിഹിതത്തിന്റെ നിശ്ചിത ശതമാനം തുക കംപ്യൂട്ടർവത്‌കരണത്തിനു ചെലവഴിക്കാം തുടങ്ങിയ ഉത്തരവുകൾ വന്നപ്പോൾ ഓരോ വകുപ്പും കൂട്ടായ ആലോചനയില്ലാതെ സ്വന്തം കംപ്യൂട്ടർവത്‌കരണ പരിപാടികൾ ആരംഭിച്ചു. പലപ്പോഴും വകുപ്പിന്റെ പൊതുവായ ആവശ്യകതയോ നോക്കാതെയും വേണ്ടത്രമുന്നൊരുക്കമില്ലാതെയും നടപ്പിലാക്കിയ ഈ പദ്ധതികൾ പ്രകാരം ഹാർഡ്‌ വെയറുകൾ വാങ്ങിക്കൂട്ടുക എന്നതിൽ മാത്രമൊതുങ്ങി. കൃത്യമായ ലക്ഷ്യത്തോടെ നന്നായി തയ്യാറാക്കിയ ചില പദ്ധതികളാവട്ടെ, വകുപ്പിൽ നിന്ന്‌ പൊതുവായുള്ള സഹകരണമില്ലായ്‌മമൂലം പരാജയപ്പെടുകയും ചെയ്‌തു. അതേസമയം ഇവയെ ഏകോപിപ്പിക്കാനായി പൊതുവായ നയസമീപനങ്ങളും ശ്രമങ്ങളും ആദ്യകാലത്ത്‌ കാര്യമായി ഇല്ലാതെയും വന്നു.കൃത്യമായ ലക്ഷ്യവും പ്രവർത്തനപരിപാടിയുമില്ലാത്തത്‌


പല ഇ ഗവേണൻസ്‌ പദ്ധതികളും കൃത്യമായ ലക്ഷ്യമില്ലാതെ വരുന്നതുകൊണ്ടോ ലക്ഷ്യം തെറ്റിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതുകൊണ്ടോ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്‌. തൊഴിൽ വകുപ്പിൽ ഏതാനും വർഷങ്ങൾക്കുമുൻപ്‌ ട്രേഡ്‌ യൂണിയൻ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനാക്കാൻ പദ്ധതി ആവിഷ്‌കരിച്ചുവെങ്കിലും കൃത്യമായ ആശയവ്യക്തയില്ലാത്തതിനാൽ സോഫ്‌ട്‌ വെയർ വികസിപ്പിക്കുന്നവർ ആവശ്യകതക്കനുസരിച്ച്‌ സോഫ്‌ട്‌ വെയർ വികസിപ്പിക്കാനോ വകിസിപ്പിച്ചവ വകുപ്പിന്‌ ഉപയോഗിക്കാനോ കഴിയാത്ത സ്ഥിതി വന്നു. ഐടി@സ്‌കൂൾ പദ്ധതിയുടെ ലക്ഷ്യം വിദ്യാഭ്യാസ പ്രക്രിയയെ ഐടി അധിഷ്‌ഠിതമാക്കുകയെന്നതായിരുന്നുവെങ്കിൽ പിന്നീട്‌ വിദ്യാഭ്യാസ വകുപ്പിന്റെ ഇ ഗവണൻസ്‌ പദ്ധതിക്കായുള്ള സംവിധാനമായിക്കൂടി അതുമാറി. ഫലമോ വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ സംവിധാനം ഇതിൽ നിന്നകന്നു.


പരിശീലനത്തിന്റെ പോരായ്‌മ

പല ഇ ഗവേണൻസ്‌ പദ്ധതികളും നടപ്പാക്കുന്നതിന്‌ നിയുക്തരായ ഉദ്യോഗസ്ഥ സംവിധാനത്തിന്‌ വേണ്ടത്ര പരിശീലനം നല്‌കാൻ കഴിഞ്ഞില്ല. പരിശീലനം ലഭിച്ചവരെയാകട്ടെ കൃത്യമായി ആ ജോലിക്കു വിന്യസിക്കാതെ പൊതുസ്ഥലംമാറ്റ പ്രക്രിയയിലും മറ്റും ഉൾപ്പെടുത്തി സ്ഥലം മാറ്റി അവിടെ പുതിയ ആളുകളെ വയ്‌ക്കുമ്പോൾ ഇ ഗവേണൻസ്‌ പദ്ധതികൾ ലക്ഷ്യം തെറ്റുന്നു. ഐകെഎം നടത്തുന്ന പഞ്ചായത്ത്‌ കംപ്യൂട്ടറൈസേഷനിൽ പലപ്പോഴും ഈ പ്രശ്‌നം കാരണം പദ്ധതികൾ പാളുന്ന അവസ്ഥ വന്നിട്ടുണ്ട്‌.അടിസ്ഥാന സൗകര്യത്തിന്റെ അഭാവം


ജനസംഖ്യയിൽ മഹാഭൂരിപക്ഷത്തിനും ഐടി സൗകര്യങ്ങൾ ലഭ്യമല്ലാത്തത്‌ പലപ്പോഴും പദ്ധതികളെ പുറകോട്ടടിക്കുന്നുണ്ട്‌. ഇവിടെയുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ്‌ ചില പദ്ധതികളെങ്കിലും ഈ സൗകര്യങ്ങൾ ലഭ്യമാകുന്നവർക്ക്‌ അനുകൂലമാകുന്ന അവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്‌. ഉദാ ഹയർസെക്കൻഡറി, കോളേജ്‌ അഡ്‌മിഷനുകൾ, പി.എസ്‌.സി.ക്ക്‌ അപേക്ഷ അയക്കൽ എന്നിവയിൽ ഇത്തരം പരിദേവനങ്ങൾ ഉയർന്നു വരുന്നുണ്ട്‌.


ബോധവത്‌കരണത്തിന്റെ കുറവ്‌


പല വകുപ്പുകളിലും ഇ ഗവേണൻസ്‌ പദ്ധതികളുടെ നടത്തിപ്പുകാർക്ക്‌ വേണ്ടത്ര പരിശീലനം നല്‌കുമ്പോഴും അതിന്റെ ഗുണഭോക്താക്കളായ ജനങ്ങൾക്ക്‌ വേണ്ടത്ര ബോധവത്‌കരണമോ, പരിശീലനമോ ലഭിക്കാത്ത അവസ്ഥ ഇത്തരം ശ്രമങ്ങളെ പുറകോട്ടടിച്ചിട്ടുണ്ട്‌. പൊതുവായ ഐടി സാക്ഷരതയുടെ കുറവും ഇത്തരം ശ്രമങ്ങൾക്കു തിരിച്ചടിയാവുന്നുണ്ട്‌. വനിതകൾക്കുള്ള ഹെൽപ്‌ ലൈനുകൾ, കാൾ സെന്റർ സേവനങ്ങൾ, പോലീസ്‌ ആർടിഒ ഓൺലൈൻ സേവനങ്ങൾ, ഇ ഡിസ്‌ട്രിക്‌ടുപോലുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യാപകമായ പ്രചാരണവും ബോധവത്‌കരണവും ആവശ്യമാണ്‌.ഇരട്ടിപ്പ്‌


പലപ്പോഴും വിവധ ഏജൻസികൾ ഒരേതരം പ്രവർത്തനങ്ങൾ സമാന്തരമായി ചെയ്യുന്നത്‌ അനാവശ്യച്ചെലവിനും ആശയക്കുഴപ്പങ്ങൾക്കും കരണമാവുന്നു. ഐടി മിഷന്റെ മലയാളം കംപ്യൂട്ടിങ്‌ പരിപാടിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകൾക്കും മലയാളത്തിൽ വെബ്‌സൈറ്റുകൾ നിർമിക്കാൻ പദ്ധതിയിടുകയും കുറേ സ്ഥങ്ങളിൽ നടപ്പിലാക്കുകയും ചെയ്‌തു. എന്നാൽ ഇതേസമയം തന്നെ ഐകെഎം പല പഞ്ചായത്തുകൾക്കും വെബ്‌സൈറ്റുകൾ നിർമിക്കുന്ന പ്രക്രിയയും തുടർന്നു. അതുപോലെ, മലയാള പുസ്‌തകങ്ങളുടെ ഡിജിറ്റൈസേഷനും മലയാളം കംപ്യൂട്ടിങ്‌ ഉപകരണങ്ങളുടെ വികസനത്തിനുമായി ഭാഷാഇൻസ്‌ടിട്യൂട്ടും സിഡിറ്റും യുണിവേഴ്‌സിറ്റികളുൾപ്പെടെ നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നത്‌ ദുർവ്യയവും ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്‌.ജീവനക്കാരുടെ എതിർപ്പ്‌


പലപ്പോഴും ജീവനക്കാരെ വേണ്ടും വണ്ണം ബോധ്യപ്പെടുത്താതെയും വിശ്വാസത്തിലെടുക്കാതെയും ശാക്തീകരിക്കാതെയും ഇത്തരം പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത്‌ അവയുടെ പരാജയത്തിനു കാരണമാവുന്നുണ്ട്‌. ചിലസ്ഥലങ്ങളിലെങ്കിലും അഴിമതിക്കാരായ ഒരു ചെറിയ വിഭാഗം ജീവനക്കാർ ഇത്തരം പ്രവർത്തനങ്ങൾ അതിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാൽ അവയെ പരാജയപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്‌.കാല്‌പനികതയും മുന്നൊരുക്കങ്ങളുടെ അഭാവവും


ഐടി പദ്ധതികൾ ആവിഷ്‌കരിക്കുകവഴി തങ്ങളും മോഡേൺ ആകുമെന്നു കരുതുന്ന, ആവശ്യകതയുടെ അടിസ്ഥാനത്തിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെ, പലപ്പോഴും ടെക്‌നോളജിയെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലാതെ കാല്‌പനികമായ എടുത്തുചാട്ടം നടത്തുന്ന ചില പദ്ധതികളും, കേന്ദ്രമാനദണ്‌ഡങ്ങൾ പ്രകാരം അടിച്ചേല്‌പിക്ക്‌പപെടുന്നതും ഇവിടുത്തെ സാഹചര്യങ്ങൾക്കു യോജിക്കാത്തതുമായ ചില പദ്ധതികളും ഈ രംഗത്തെ പരാജയത്തിന്റെ ആക്കം കൂട്ടുന്നു.


നടത്തിപ്പിലെ വീഴ്‌ചകൾ 


പ്രവർത്തനങ്ങൾക്കു തുടർച്ചയില്ലായ്‌മയാണ്‌ ഇതിൽ ഏറ്റവും വലിയ പ്രശ്‌നം. പല വകുപ്പുകൾക്കും വെബ്‌സൈറ്റുകൾ ആദ്യഘട്ടത്തിൽ നന്നായി ആവിഷ്‌കരിക്കുമെങ്കിലും കൃത്യമായ അപ്‌ഡേഷനില്ലാതെ വരുന്നതോടെ അവ കാലഹരണപ്പെടുകയോ പല വെബ്‌സൈറ്റുകളിൽ പരസ്‌പരപ്പൊരുത്തമില്ലാത്ത അവസ്ഥയുണ്ടാവകയോ ചെയ്യുന്നു. വിവരശേഖരണവും പ്രോസസിങ്ങും അപ്‌ഡേഷനും കാര്യക്ഷമമാകാത്തത്‌ പല വകുപ്പുകളിലും വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുവെങ്കിലും അവയിൽ നല്‌കേണ്ട വിവരങ്ങൾ കാലികമായി ശേഖരിച്ച്‌ നല്‌കാൻ സംവിധാനമില്ലാത്തതും, അപ്രകാരം സംവിധാനമുള്ളയിടങ്ങളിൽത്തന്നെ ഉദ്യോഗസ്ഥ തലത്തിലെ വീഴ്‌ചകളും മോണിട്ടറിങ്ങിന്റെ അഭാവവും പലപ്പോഴും വെബ്‌സൈറ്റുകളെ കാലികമല്ലാത്തതും പ്രയോജനരഹിതവുമാക്കുന്നു. ഒരേതരം വിവരങ്ങൾ പലവെബ്‌സൈറ്റുകളിലും തെറ്റായും ഒരു കാര്യം തന്നെ പലരൂപത്തിലും ലഭ്യമാകുന്ന സ്ഥിതി ഇതുമൂലമുണ്ടാകുന്നു.


നയപരമായ പ്രശ്‌നങ്ങൾ


മാറിമാറിവരുന്ന സർക്കാരുകളുടെ ഐടി പോളിസിയിൽ തുടർച്ചയില്ലാതെ വരുന്നത്‌, ഹാർഡ്‌ വെയർ പർച്ചേസിലും മറ്റും ഏകോപിതമായ നയസമീപനങ്ങൾ കൈക്കൊള്ളാത്തത്‌ തുടങ്ങിയ സംഗതികൾ പലപ്പോഴും ആശയക്കുഴപ്പത്തിനും കാലതാമസത്തിനും ഇടയാക്കുന്നു. ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നല്‌കുന്ന ഇ ഡിസ്‌ട്രിക്‌ട്‌ പദ്ധതിയിൽ തുടർച്ചയായി എട്ടുമണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന ബാക്ക്‌അപ്‌ ബാറ്ററി സംവിധാനങ്ങൾ ഒരുക്കാത്തത്‌ ഉദാഹരണം.നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റാത്തത്‌.


പലപ്പോഴും മാന്വലായി നടന്ന കാര്യങ്ങൾ അതേപടി കംപ്യൂട്ടറൈസ്‌ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പ്രശ്‌നങ്ങളുണ്ടാക്കുന്നു.കൃത്യമായ ഒരു പ്രോസസ്‌ റീഎൻജിനീയറിങ്ങിലൂടെയല്ലാതെ യാന്ത്രികമായ ഇ ഗവേണൻസ്‌ മാറ്റം പലപ്പോഴും പല വിധ പരാധീനതകൾക്കും ഇടയാക്കുന്നു.


ഇഛാശക്തിയുടെ അഭാവം


ഇഛാശക്തിയുള്ളതും പ്രൊഫഷണൽ വൈദഗ്‌ധ്യമുള്ളതുമായ ഒരു നേതൃത്വത്തിന്റെ അഭാവം പല വകുപ്പുകളിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. സമയബന്ധിതമായും കൃത്യമായും പദ്ധതികൾ പൂർത്തിയാക്കുന്നതിന്‌ ഇത്‌ വലിയ തടസ്സമാണ്‌ സൃ,ഷ്‌ടിക്കുന്നത്‌.


സ്വതന്ത്രസോഫ്‌ട്‌ വെയർ അധിഷ്‌ഠിതമല്ലാത്തതും

കുത്തക ഇആർപികളെ പ്രോത്സാഹിപ്പിക്കുന്നതും


പല സർക്കാർ വെബ്‌സൈറ്റുകളും മറ്റും ഓപ്പൺ പ്ലാറ്റ്‌ഫോമുകളിലല്ലാത്തത്‌ അവയുടെ വിവരങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനു തടസ്സം സൃഷ്‌ടിക്കുന്നു. കേന്ദ്രസർക്കാരിന്റൈയും സംസ്ഥാനത്തിന്റെയും ഐടി മാനദണ്‌ഡങ്ങളിൽ ഇത്തരം സൈറ്റുകൾ കോപ്പിലഫ്‌ട്‌ ആക്കണമെന്നുണ്ടെങ്കിലും പലതും ഇപ്പോഴും കോപ്പിറൈറ്റ്‌ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്‌. അതുപോലെ ഓഫീസുകളിൽ സ്വതന്ത്ര ഓപ്പറേറ്റിങ്ങ്‌ സംവിധാനങ്ങളിലേക്കുമാറാത്തത്‌ ഇപ്പോഴും പാഴ്‌ചെലവ്‌ സൃഷ്‌ടിക്കുന്നുണ്ട്‌. പല വകുപ്പുകളിലും ഓപ്പൺ ഇആർപികളുൾപ്പെടെ പരിഗണിക്കാതെയും തങ്ങളുടെ ആവശ്യകത പരിഗണിക്കാതെയും സാപ്‌ ഇ ആർപികൾ പോലുള്ള കുത്തക ഇആർപികൾ വാങ്ങുന്നതും മറ്റും നയപരമായ പ്രശ്‌നങ്ങൾക്കുദാഹരണമാണ്‌.


ഭാഷാകംപ്യൂട്ടിങ്ങിന്റെ അപര്യാപ്‌തത


ഓഫീസുകളിൽ യൂണിക്കോഡിലേക്കുള്ള മാറ്റം വേഗത്തിലാകാത്തത്‌, മലയാളത്തിന്റെ ഉപയോഗം വ്യാപകമാകാത്തത്‌ എന്നിവ ഡിജിറ്റൽ ഡിവൈഡ്‌ വർധിപ്പിക്കും. ദേശീയ നയത്തിലും നമ്മുടെ ഐടി നയത്തിലും പറഞ്ഞിട്ടുകൂടി നമ്മുടെ പ്രധാന സൈറ്റുകൾ പോലും മലയാളത്തിൽ കൂടിയാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.

മലയാളം കംപ്യൂട്ടിങ്‌ രംഗത്ത്‌ ഒട്ടേറെ കാര്യങ്ങളുണ്ട്‌. പ്രധാനപ്പെട്ടവ 1.യൂണിക്കോഡിൽ ചില്ലു റെൻഡർ ചെയ്യുന്നതിനും സെർച്ചിനും മറ്റുമുള്ള സാങ്കേതിക പരിമിതകൾ പൂർണമായും പരിഹരിക്കുക. 2. എല്ലാ സർക്കാർ വെബ്‌സൈറ്റുകളും ത്രിതല പഞ്ചായ്‌ത്തുകളുടെ സൈറ്റുകളും മലയാളത്തിലും ലഭ്യമാക്കുക. 3. മലയാളം പുസ്‌തകങ്ങൾക്കുള്ള ഇ-റീഡിങ്‌ സംവിധാനങ്ങൾ വർധിപ്പിക്കുക 4 മലയാളം കംപ്യൂട്ടിങ്ങിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വ്യാപക പരിശീലനം നല്‌കുക 5. ഈ ആവശ്യത്തിനായി കൂടുതൽ സേഫ്‌ട്വെയറുകൾ (ഉദാ- പേജ്‌മേക്കറിനു പകരമുള്ള ഡി.ടി.പി സേഫ്‌ട്വെയർ) തയ്യാറാക്കുക 6. സെർച്ച്‌,. സ്‌പെൽചെക്ക്‌, ഗ്രാമർ ചെക്ക്‌ എന്നിവയ്‌ക്കുള്ള സംവിധാനങ്ങൾ കുറ്റമറ്റതാക്കുക 7 മൊബൈൽ ഫോൺ പോലുള്ള സംവിധാനങ്ങളിൽ മലയാളം ഇന്റർഫേസും ഫോണ്ടും ഉണ്ടാവുമെന്ന്‌ ഉറപ്പാക്കുക 8 കേരളത്തിലുള്ള എല്ലാ കംപ്യൂട്ടറുകളും മലയാളം എനേബ്‌ൾഡ്‌ ആണെന്നു ഉറപ്പാക്കാൻ പദ്ധതി തയാറാക്കുക 9. ഈ രംഗത്തെ സാങ്കേതിക ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോവുക


പർച്ചേസ്‌ 


സർക്കാർ സ്ഥാപനങ്ങളുടെ ഹാർഡേവെയർ, സോഫ്‌ട്വെയർ പർച്ചേസ്‌ ഒരു പൊതു സർക്കാർ സംവിധാനം വഴിയാക്കുന്നത്‌ ചെലവു കുറയ്‌ക്കാനും അഴിമതി ഒഴിവാക്കാനും സഹായിക്കും. വേണ്ടത്‌ ഇത്തരത്തിലുള്ള പരിമിതകൾ ഇ ഗവേണൻസ്‌ വഴി കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ നല്‌കാൻ കഴിയുന്ന സംഭാവനകളുടെ വേഗം വളരെക്കുറയ്‌ക്കുകയും ഈ രംഗത്തെ നമ്മുടെ മുൻകൈ വേണ്ടും വണ്ണം പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥ ചെയ്യുന്നു. യഥാർഥത്തിൽ വേണ്ടത്‌ ഇ ഗവേണൻസിനെ മൊത്തം കേരള വികസനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും പുതിയ സാങ്കേതിക വിദ്യകളുടെ വ്യാപനം, വികേന്ദ്രീകരണം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കേണ്ട സമഗ്രമായ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി കണ്ട്‌ സമഗ്രസമീപനത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ്‌. സമാന പ്രവർത്തനങ്ങൾക്ക്‌ വിവിധ വകുപ്പുകൾക്ക്‌ വെവ്വേറെ ഇ- ഗവേണൻസ്‌ പരിപാടികൾ നടത്തുന്നതിനു പകരം അവയ്‌ക്ക്‌ കേന്ദ്രീകൃതമായ സോഫ്‌ട്‌ വെയറുകൾ, ഓരോ വകുപ്പിന്റെയും ആവശ്യങ്ങൾക്കായി കസ്റ്റമൈസ്‌ ചെയ്‌തത്‌, ഉപയോഗിക്കുകയും അവയുടെ പരിശീലനം, ഏകോപനം തുടങ്ങിയ കാര്യങ്ങൾ പൊതുവായി ചെയ്യുകയും വേണം. ഭരണ സംവിധാനത്തിലെ അംഗങ്ങളിൽ ശരിയായ മനോഭാവമാറ്റം സൃഷ്‌ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും വേണ്ടതുണ്ട്‌. എല്ലാ സർക്കാർ സേവനങ്ങൾക്കുമുള്ള കേന്ദ്രികൃതമായ പേമെന്റ്‌ ഗേറ്റ്വേ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്‌. മൊബൈൽ വഴിയുള്ള ഇന്റർനെറ്റും മറ്റും കൂടുതൽ പ്രചാരത്തിലാവുന്നതിനാൽ മൊബൈലിൽ മലയാളം ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യാക്കാൻ കമ്പനകളെ പ്രോത്സാഹിപ്പിക്കും വിധം നടപടികൾ വേണം. ഒപ്പം, മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയുള്ള ഇ സേവനങ്ങൾക്ക്‌ പ്രാമുഖ്യം നല്‌കേണ്ടതുമുണ്ട്‌. സോഷ്യൽ മാധ്യമങ്ങളുടെ ഉപയോഗം ഇ ഗവേണൻസിൽ വർധിപ്പിക്കുന്നതിന്‌ കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ സോഷ്യൽ മീഡിയ പോളിസി (സർക്കാരിനായുള്ളത്‌) യുടെ അടിസ്ഥാനത്തിൽ നയസമീപനങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കാനും ഫെയ്‌സബുക്ക്‌ പോലെ നിലവിലുള്ള വൻകിട പ്ലാറ്റഫോമുകൾക്കൊപ്പം സർക്കാരിന്റേതായ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ ആരംഭിക്കുകയും ചെയ്യാവുന്നതാണ്‌. ഒപ്പം, പ്രാഥമിക, ദ്വിതീയ മേഖലകളുൾപ്പെടെയുള്ള എല്ലാ വികസനമേഖലകളിലും ഇഗേവണൻസിന്റെ സാധ്യതകളെ വിലയിരുത്തുന്നതിനുള്ള പഠനങ്ങളും അവ സ്വാംശീകരിച്ചുള്ള പ്രവർത്തനങ്ങളും ഉണ്ടാകണം. സംസ്ഥാന പ്ലാനിങ്‌ ബോർഡ്‌ തയ്യാറാക്കിയ വികസന രേഖയിലും ഐടി മിഷൻ തയ്യാറാക്കിയ റോഡുമാപ്പിലും പക്ഷേ നലവിലുള്ള സംവിധാനങ്ങളെ വിശദമാക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനോ ശരിയായ പരിഹാരങ്ങൾ നിർദേശിക്കുന്നതിനോ ശ്രമിച്ചുകണ്ടില്ല. മാത്രവുമല്ല, സാങ്കതികവിദ്യകളുടെ മുന്നേറ്റം സ്വാംശീകരിക്കുന്നതിനു വല്ലാതെ ഊന്നൽ നല്‌കുന്നതും വിവിധ വകുപ്പകളുടെ പങ്കാളിത്തം സംബന്ധിച്ചുപോലും ശരിയായ കാഴ്‌ച്ചപ്പാടുകൾ മുന്നോട്ടുവയ്‌ക്കാത്തതും അതിന്റെ പോരായ്‌മയാണ്‌. പ്രശ്‌നങ്ങൾക്കെല്ലാം ഒരുതരം ടെക്‌നോമാനേജിയരൽ പരിഹാരം മാത്രം നിർദേശിക്കുന്ന ഒരു ഇടുങ്ങിയ സമീപനമാണ്‌ ഈ രേഖകൾ കൈക്കൊള്ളുന്നത്‌. ചുരുക്കത്തിൽ, വകുപ്പുകേന്ദ്രീകൃതമല്ല, മറിച്ച്‌ ജനകേന്ദ്രീകൃതമായ ഒരു ഇ -ഗവേണൻസ്‌ നയമാവണം വേണ്ടത്‌. ഫ്രീ സോഫ്‌ട്വെയർ അധിഷ്‌ഠിതമായതും പൊതുമേഖലയ്‌ക്കും പൊതു സംവിധാനങ്ങൾക്കും പ്രാമുഖ്യം നല്‌കുന്നതുമാവണം അവ. ഇ ഗവേണൻസിന്റെ പേരിൽ ഭരണ സംവിധാനത്തെ കോർപ്പറേറ്റ്‌ വത്‌കരിക്കുന്ന സമീപനം ഉണ്ടാവരുത്‌. പരമപ്രധാനമായത്‌, എല്ലാവർക്കും ഇ ഗവേണൻസ്‌ സംവിധാനങ്ങൾ പ്രാപ്യമാകുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നുള്ളതാണ്‌. നിലവിലുള്ള സ്ഥിതി വിലയിരുത്തി ഇക്കാര്യങ്ങളിൽ നിർദേശങ്ങൾ നല്‌കുന്നതിന്‌ ഒരു വിദഗ്‌ധ സമിതിയെ ( അംഗങ്ങൾ കമ്പനികളുടെയെ പ്രതിനിധികളോ കോർപ്പറേറ്റ്‌ താത്‌പര്യങ്ങൾക്കു വഴങ്ങുന്നവരോ ആകരുത്‌) നിയോഗിക്കുന്നത്‌ അഭികാമ്യമായിരിക്കും. സർവോപരി, എല്ലാം ഇ ഗവേണൻസ്‌ കൊണ്ട്‌ നേടാം എന്ന മൗലികവാദവും പാടില്ല. ഭരണ സംവിധാനങ്ങളുടെ ആധുനികവത്‌കരണത്തിന്‌ പൊതുവേ ചെയ്യേണ്ട മറ്റു കാര്യങ്ങൾക്ക്‌ പകരമാവാൻ ഐടിക്കു കഴിയില്ല;പൂരകമാവാനേ കഴിയൂ.

റഫറൻസുകൾ:

1 2012 ലെ യുണൈറ്റഡ്‌ നാഷൻസിന്റെ ഇ ഗവേണൻസ്‌ സർവേ 2 Deepening Democracy,Strengthening Governance- A Study by IT for Change, an Indian NGO. 3 2006 നാഷണൽ ഇ ഗവേണൻസ്‌ പ്ലാൻ 4 2012 ലെ നാഷണൽ ഇ ഗവേണൻസ്‌ അജൻഡ 5 വീരപ്പമൊയ്‌ലി ചെയർനാനായുള്ള രണ്ടാം ഭരണപിരഷ്‌കാര കമ്മിറ്റിയുടെ പതിനൊന്നാമതു റിപ്പോർട്ട്‌ 6 സംസ്ഥാന ഐടി മിഷന്റെ സ്റ്റേറ്റ്‌ ഇ ഗവേണൻസ്‌ റോഡ്‌ മാപ്പ്‌ 2013. 7. ICT: A STRATEGIC LEVER FOR BUILDING A KNOWLEDGE ECONOMY - Form the Perspective Plan Document 2013 of State Planning Board 8 കേന്ദ്ര ഇലക്‌ടോണിക്‌സ്‌ - ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ വെബ്‌സൈറ്റ്‌ 9 കേരള സർക്കാർ വെബ്‌സൈറ്റ്‌