വികസന കോൺഗ്രസ് സമീപന രേഖ-കേരളത്തിന്റെ ഭക്ഷ്യസുരക്ഷ:നയം, സമീപനം, പ്രയോഗം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഡോ.ജിജു.പി.അലക്‌സ്‌, അസോസിയേറ്റ്‌ പ്രൊഫസർ, കാർഷികസർവ്വകലാശാല

പശ്ചാത്തലം

എല്ലാ ജനവിഭാഗങ്ങൾക്കും എല്ലാക്കാലത്തും ആരോഗ്യപൂർണ്ണവും സജീവവുമായ ജീവിതം നയിക്കാനുതകുന്ന ഭക്ഷണം സ്ഥിരമായി ലഭ്യമാവുകയും അത്‌ വാങ്ങി ഉപയോഗിക്കുന്നതിനുള്ള ക്രയശേഷി കൈവരിക്കുകയും ചെയ്യുമ്പോഴേ പൂർണ്ണമായ അർത്ഥത്തിൽ ഭക്ഷ്യസുരക്ഷ കൈവരിച്ചുവെന്ന്‌ അവകാശപ്പെടാൻ കഴിയൂ. സൂക്ഷ്‌മവും സ്ഥൂലവുമായ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഭക്ഷ്യസുരക്ഷ നിലകൊള്ളുന്നത്‌. കാർഷികോത്‌പാദനത്തിലെ പുരോഗതി, കയറ്റിറക്കുമതി നയങ്ങൾ, ആഗോള വാണിജ്യ നിയമങ്ങൾ, പൊതുവിതരണ സമ്പ്രദായത്തിന്റെ വൈപുല്യവും കാര്യക്ഷമതയും, സാമൂഹിക-സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന്‌ വേണ്ടി ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന സമീപനം മുതലായവ ഭക്ഷ്യസുരക്ഷയെ ബാധിക്കും.

കേരളത്തിലെ താരതമ്യേന ഉയർന്ന ആളോഹരി വരുമാനവും മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായവും ഉയർന്ന വിദ്യാഭ്യാസ നിലവാരവും മറ്റും ഭക്ഷ്യസുരക്ഷയില്ലായ്‌മ എന്ന സാദ്ധ്യത അസംഭവ്യമോ വിദൂരമോ ആക്കുന്നുവെന്ന വാദം നിലനിൽക്കുന്നുണ്ട്‌. ഒരു ഫെഡറൽ സംവിധാനത്തിൽ ഇത്തരം ആശങ്കകളുടെ കാര്യമില്ലെന്നും പറയുന്നുണ്ട്‌. കാർഷിക കേരളം മുരടിപ്പിലാണെങ്കിലും കാർഷികേതര സമ്പദ്‌ രംഗങ്ങളിലെ വളർച്ച ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യുന്നതിന്‌ സഹായകമാകുമെന്നാണ്‌ ചിലരുടെ പ്രതീക്ഷ. ഭക്ഷ്യസുരക്ഷ കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതും വാണിജ്യവിളകളുടെ പ്രാമുഖ്യമാണ്‌ നമ്മുടെ കൃഷിയുടെ സവിശേഷത എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

ആധുനിക കേരളത്തിന്റെ ഭാവി അത്യാധുനിക സാങ്കേതിക മേഖലകളുടേയും സേവന മേഖലകളുടേയും വളർച്ചയിലൂന്നിയാണ്‌ കരുപ്പിടിപ്പിക്കേണ്ടത്‌ എന്ന പൊതുധാരണ നിലനിൽക്കെ മുൻസൂചിപ്പിച്ച വാദങ്ങളുടെ പിൻബലത്തിൽ ഭക്ഷ്യസുരക്ഷയുൾപ്പെടെയുള്ള കാർഷിക രംഗത്തെ വികസന പ്രശ്‌നങ്ങൾ പിന്തള്ളപ്പെടുകയാണ്‌. മൊത്തം അഭ്യന്തരോൽപ്പാദനത്തിൽ കൃഷി അനുബന്ധ മേഖലകളുടെ സംഭാവന ക്രമാനുഗതമായി കുറഞ്ഞ്‌ വെറും 9 ശതമാനത്തിലെത്തി നിൽക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌ വ്യവസ്ഥകളുടെ സ്വാഭാവിക രീതിയാണ്‌ കാർഷിക രംഗത്തിന്റെ കുറയുന്ന പ്രസക്തിയെന്നും 2030 ഓടെ കൃഷിയുടെ സംഭാവന വെറും രണ്ട്‌ ശതമാനമായി കുറയുമെന്നും കേരളസർക്കാർ ഈയിടെ പുറത്തിറക്കിയ പദ്ധതി പരിപ്രേഷ്യം 2030 എന്ന രേഖ സമർത്ഥിക്കുന്നു.

ഈ സാഹചര്യത്തിലാണ്‌ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവും അത്‌ കൈവരിക്കുന്നതിന്‌ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്യേണ്ടത്‌. സാങ്കേതികമായി ഭക്ഷ്യസുരക്ഷയുടെ ഏത്‌ മാനദണ്‌ഡം വെച്ചു നോക്കിയാലും പരിതാപകരമായ അവസ്ഥയിലാണ്‌ കേരളം. അഭ്യന്തര ഭക്ഷ്യോത്‌പാദനത്തിലെ കുറവും പൊതുവിതരണ സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങളും ഏറെക്കുറെ പൂർണ്ണമായ പരാശ്രയത്വത്തിലേക്ക്‌ വഴിതെളിയിക്കുകയാണ്‌. തൊണ്ണൂറുകൾ മുതൽ 2010 വരെയുള്ള കാലയളവിൽ കാർഷിക മേഖലയിൽ നിന്നുള്ള ആദായത്തിന്റെ വളർച്ചാ നിരക്ക്‌ കുത്തനെ കുറഞ്ഞത്‌. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന കർഷക-കർഷകതൊഴിലാളികളുടെ ജീവനോപാധികളെ സാരമായി ബാധിച്ചിട്ടുണ്ട്‌. കൃഷിയിൽ നിന്നും ഉപജീവനം തേടുന്നവർ പാർശ്വവൽക്കരിക്കപ്പെടുകയാണ്‌. കാർഷിക മേഖലയിലെ ഒരു ശതമാനം വളർച്ച, മറ്റുമേഖലകളിലെ തത്തുല്യമായ വളർച്ച കൊണ്ട്‌ സാദ്ധ്യമാകുന്നതിനേക്കാൾ രണ്ടിരട്ടി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്‌ സഹായകമാണെന്ന നിരീക്ഷണം ഈയവസരത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഭക്ഷ്യോൽപ്പാദനം പുനരുജ്ജീവിപ്പിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഭക്ഷ്യസുരക്ഷ എന്നത്‌ കേവലം ഭക്ഷ്യോൽപ്പാദനം വർദ്ധിപ്പിക്കുക മാത്രമല്ല നിരവധി സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നങ്ങൾ സക്രിയമായി അഭിമുഖീകരിക്കുക എന്നത്‌ കൂടിയാകുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ്‌ ഭക്ഷ്യസുരക്ഷ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു സാമൂഹിക ലക്ഷ്യമായി മാറുന്നത്‌.


നയം സമീപനം

ഭക്ഷ്യസുരക്ഷ യഥാർത്ഥത്തിൽ സുസ്ഥിര വികസനത്തിന്റെ സുപ്രധാന ഘടകമാണ്‌. നിലവിലുള്ള തലമുറകളുടെ ആവശ്യങ്ങൾ നിറവേററുന്നതൊടൊപ്പം തന്നെ വരും തലമുറക്കാരുടെ ഭക്ഷണാവശ്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്‌. ഭക്ഷ്യവസ്‌തുക്കളുടെ ഉൽപ്പാദനത്തിലേർപ്പെടുന്നവർക്ക്‌ ന്യായമായ വരുമാനവും ഉറപ്പാക്കണം. ഓരോരുത്തരും അവരവരുടെ ഭക്ഷണം ഉൽപ്പാദിപ്പിക്കണം എന്ന വാദം പ്രായോഗികമല്ല. കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക്‌ അത്‌ ലാഭകരമായി ചെയ്യാൻ കഴിയണം. ഇതിനായി നാശോന്മുഖമായ കാർഷികോൽപ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുകയും സാമൂഹികാവശ്യങ്ങൾ മുൻനിർത്തി പുതിയ ഉൽപ്പാദന-മൂല്യവർദ്ധിത-വിപണന വ്യവസ്ഥകൾക്ക്‌ രൂപം കൊടുക്കുകയും വേണം. മഹാഭൂരിപക്‌ഷവും വരുന്ന ചെറുകിട ഉൽപ്പാദകരുടെ പാങ്കാളിത്തത്തോടെയുള്ള സംവിധാനങ്ങളായിരിക്കണം ഇവയല്ലാം കൃഷിക്കാരന്റെ അദ്ധ്വാനം മൂല്യവത്താകുന്നതിന്‌ ഉൽപ്പന്നങ്ങൾക്ക്‌ നല്ല വില കിട്ടുന്ന സാഹചര്യമുണ്ടായേ പറ്റൂ.... കൃഷിയുടെ പുനരുജ്ജീവനത്തിനും കർഷകരുടെ മെച്ചപ്പട്ട സാമ്പത്തിക ഭദ്രതയ്‌ക്കും ആഗോള വ്യാപകമായി നിർദ്ദേശിക്കപ്പെടുന്ന ഒരു തന്ത്രം സ്വകാര്യ വൽക്കരണവും ക്രമേണ കോർപ്പരേറ്റ്‌ വൽക്കരിക്കണവുമാണ്‌. നാം ചർച്ച ചെയ്യുന്ന ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലാകട്ടെ ഉല്‌പാദകന്റെ പങ്കാളിത്തവും നേതൃത്വവുമുള്ള ലാഭകരമായ (Commecialisation) ആവശ്യമാണ്‌. എന്നാൽ അത്‌ Corpratisation നിർദ്ദേശിക്കുന്ന മാതൃകകളിൽ നിന്ന്‌ വ്യത്യസ്ഥമാണ്‌. സമൂഹത്തിന്റെ ആവശ്യങ്ങൾക്ക്‌ പ്രാമുഖ്യം നൽകുന്ന ഉല്‌പാദകരാൽ നിയന്ത്രിപ്പെടുന്ന വാണിജ്യമാതൃകകളാണ്‌ സുസ്ഥിരമായി നിലനിൽക്കുക.

== ഭക്ഷ്യസുരക്ഷ: നിലവിലെ സ്ഥിതി ==

സംസ്ഥാനത്തെ പ്രധാന ഭക്ഷ്യ വസ്‌തുക്കളുടെ ഉല്‌പാദനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി താഴെ വിവരിക്കുന്നതരത്തിലാണ്‌. പട്ടിക 1 ഭക്ഷ്യവസ്‌തുക്കളുടെ ഉല്‌പാദനം സ്വയംപര്യാപ്‌തത ഭക്ഷ്യവസ്‌തു പ്രതിവർഷ പ്രതിവർഷ പ്രതിവർഷ സ്വയംപര്യാപ്‌തത മൊത്തം ആവശ്യം ഉല്‌പാദനം കമ്മി (ശതമാനം) (ലക്ഷം ടൺ) (ലക്ഷം ടൺ) (ലക്ഷം ടൺ) അരി 35.58 5.94 29.64 17 ഗോതമ്പ്‌ 5.24 0 5.24 0 പയർവർഗ്ഗങ്ങൾ 4.28 0.03 4.25 0.1* പച്ചക്കറികൾ 27.13 9.93 17.20 37 പഴവർഗ്ഗങ്ങൾ 17.74 23.98 (അധികം) 135 6.23 കിഴങ്ങുവർഗ്ഗങ്ങൾ 9.45 25.28* 15.83 - മുട്ട (ലക്ഷം എണ്ണം) 50630 11960 48370 23.6 മാംസം 1.2 0.327 0.873 27.52 പാൽ (ദിനംപ്രതി) 77.25 70.04 7.21 90.6

  • കിഴങ്ങുവർഗ്ഗങ്ങളും 40% ഭക്ഷണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അതായത്‌ 10.1 ലക്ഷം ടൺ

(അവലംബം: NCAER, 2013, CTCRI 2013, KCMMF, 2013)

ഭക്ഷ്യസുരക്ഷ എന്നത്‌ ഭക്ഷ്യധാന്യങ്ങളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നല്ല മേൽക്കാണിച്ച പട്ടികപ്രകാരം പഴവവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണാവശ്യത്തേക്കാൾ കൂടുതൽ ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ടെന്നു കാണാം. എന്നാൽ അവ ഭക്ഷ്യസുരക്ഷ പരിഗണിക്കുമ്പോൾ പലപ്പോഴും പരാമർശിക്കപ്പെടാറില്ല.

ഭക്ഷ്യധാന്യങ്ങുടെ ഉല്‌പാദനത്തിൽ നാം തീരെ അപര്യാപ്‌തമായ നിലയിലാണെന്നു മാത്രമല്ല കേരളത്തിലെ പ്രധാന ഭക്ഷ്യധാന്യമായ നെല്ലന്റെ ഉല്‌പാദനം വിസ്‌തൃതി എന്നിവയിലെ കുറവ്‌ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയം ചെയ്യുന്നു. പച്ചക്കറിയുടെ ഉല്‌പാദനം വളരെയേറെ വർദ്ധിക്കേണ്ടതുണ്ട്‌. പയർ വർഗ്ഗങ്ങളുടെ കാര്യത്‌#ിൽ നാം ഏറെക്കുറെ സമ്പൂർണ്ണ പരാശ്രയത്വത്തിലാണെന്നു കാണാ. മുട്ടയിലും മാംസത്തിലും യഥാക്രമം 23.6 ശതമാനവും 27.52 ശതമാനവും സ്വയംപര്യാപ്‌തയുള്ളൂ. പാലിൽ 90 ശതമാനവും നാം ഇവിടെ ഉല്‌പാദിപ്പിക്കുന്നുണ്ട്‌.

സാധ്യതകൾ

ഭക്ഷ്യസുരക്ഷയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി വിവിധ ഉല്‌പാദന ഘടകങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി കൂടി പരിശോധിക്കണം. ആ അടിസ്ഥാന ഘടകങ്ങളുടെ ലഭ്യതയും വിനിയോഗ സാധ്യതകളും വിലയിരുത്താതെ സക്രിയമായ ഇടപെടലുകൾ സാധ്യമാവുകയില്ല. പ്രധാനപ്പെട്ട ചിലത്‌ താഴെ നൽകുന്നു.

  • ഭൂമി, ഭൂവിനിയോഗം: സംസ്ഥാനത്തെ ഭൂവിനിയോഗ രീതി ഭക്ഷ്യ ധാന്യോൽപ്പാദനത്തിന്‌ തീരെ സഹായകമല്ല. കൃഷി ഭൂമി കാർഷികതേരാവശ്യങ്ങൾക്കായി വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെടുന്നു. ഇതിനു കർശനമായ നിയന്ത്രണം ഏർപ്പെടുത്തുകയും കൃഷിക്കായി കൃഷിഭൂമി വിനിയോഗിക്കുന്നവർക്ക്‌ പ്രോത്സാഹനം നൽകുകയും ചെയ്യണം. സ്വന്തമായ ഗ്രൂപ്പടിസ്ഥാനത്തിലോ കൃഷി ചെയ്യാൻ സന്നദ്ധരാവുന്നവർക്ക്‌ ഭൂമി ലഭ്യമാക്കുന്ന ചുതമല തദ്ദേശ ഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കണം. കർഷകരുടെ സംഘങ്ങൾക്ക്‌ ഭൂമി ലഭിക്കുന്നതിന്‌ ഭൂവുടകമയുമായി കരാറിലേർപ്പെടുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മധ്യസ്ഥത വഹിക്കണം. ഇത്തരം ഇടപെടലുകൾ നടത്തുന്നിൽ നിന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒഴിഞ്ഞുമാറുന്നത്‌ മിക്ക സ്ഥലങ്ങളിലും കൃഷിചെയ്യാൻ താല്‌പര്യമുള്ള സ്യയം സഹായ സംഘങ്ങൾക്ക്‌ തീരിച്ചടിയാകുന്നു.
  • പാർപ്പിടാവശ്യങ്ങൾക്കായി Vertical space കൂടുതൽ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കണം. അങ്ങനെ ലഭ്യമാകുന്ന Horizontal space കൂടുതലും കൃഷിക്കായി ഉപയോഗപ്പെടുത്തണം. ഭൂമി തരിശ്ശിടുന്നത്‌ നിർബന്ധമായും ഒഴിവാക്കുന്നതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ സുവ്യക്തമായ ചുമതലതളും നിർദ്ദേശങ്ങളും നൽകണം. ലാൻഡാബങ്ക്‌ എന്ന ആശയം പ്രായോഗികമായി നടപ്പിൽ വരുത്തി കൃഷിക്ക്‌ ഉപയുക്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾവ്യക്തമായി നിർവ്വഹിക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിർബന്ധിത ചുമതലയാക്കുകയും വേണം.
  • നഗരങ്ങളിലേയും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെയും ലഭ്യമായ സ്ഥലംമുഴുവൻ പരിസ്ഥിത സൗഹൃദ കൃഷിരീതികൾ അവലംബിച്ചുകൊണ്ടുള്ള പച്ചക്കറി ഉല്‌പാദനത്തിന്‌ ഉപയോഗിക്കുന്നതിന്‌ ഭക്ഷ്യസുരക്ഷ സുരക്ഷിത ഭക്ഷണം എന്നീ മൂദ്രാവാക്യങ്ങൾ മുൻനിർത്തി വ്യാപകമായ ബോധവത്‌ക്കരണ കർമ്മപരിപാടി ആവിഷ്‌കരിക്കണം.


തൊഴിൽ ശക്തി

ഒരു പ്രദേശത്തെ ലഭ്യമായ മനുഷ്യവിഭവശേഷി സംഘടിപ്പിച്ച്‌ ആധുനിക കാർഷിക യന്ത്രവൽക്കരണം, മൂല്യവർദ്ധനവ്‌, സംരംഭകത്വം എന്നിവയിൽ പരിശീലനം നൽകി സാങ്കേതിക മേന്മയുള്ള തൊഴിൽ ശക്തിയായി മാറ്റുന്നതിനുള്ള പദ്ധതി ഓരോ ഗ്രാമപഞ്ചായത്തിലും നടപ്പാക്കുക. വടക്കാഞ്ചേരി ഹരിതസേന ഉദാഹരണം.

ഓരോ സീസണിലും കാർഷിക വൃത്തികൾ കലണ്ടറായി തയ്യാറാക്കി പരിശീലനം ലഭിച്ച ഗ്രൂപ്പുകളെ വിന്യസിച്ച്‌ നടപ്പാക്കുക. ഈ സംവിധാനത്തിന്റെ രൂപ വൽക്കരണത്തിന്‌ ലാഭകരമായ നടത്തിപ്പിനുമുള്ള പരിശീലനം തദ്ദേശ ഭരണ സ്ഥാപനങ്ങൽക്ക്‌ നൽകാൻ ഒരു പ്രയാസവുമില്ല. കാർഷിക സർവ്വകലാശാല ഈ മാതൃക വിജയകരമായി പരീക്ഷിക്കുന്നുണ്ട്‌.


ധനസഹായം

ഭക്ഷ്യസുരക്ഷ മുൻനിർത്തി നെൽകൃഷിക്ക്‌ സംരക്ഷിത പദവി നൽകുക. നെൽകൃഷിയിൽ ഏർപ്പെടുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കു ഉൽപ്പാദനച്ചെലവിന്‌ വേണ്ട തുക ഓരോ പ്രദേശത്തും കണക്കാക്കി ധനസഹായമായി നൽകേണ്ടതാണ്‌. ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലും നെൽവയലുകളുടെ പാരിസ്ഥിതിക സേവനങ്ങളുടെ അടിസ്ഥാനത്തിലും അവകാശ ലാഭം പോലയുള്ള പ്രതിഫലം ഉൽപ്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച്‌ നൽകാവുന്നതാണ്‌.

ഒരു പ്രദേശത്തെ ഭക്ഷ്യസുരക്ഷാപദ്ധതിക്ക്‌ അവിടെ വിവിധ സർക്കാർ സർക്കാരിതര സ്രോതസ്സുകളിൽ നിന്ന്‌ ലഭിക്കാവുന്ന എല്ലാ ധനസഹായവും ഏകോപിപ്പിക്കുന്ന രീതി അനുവർത്തിക്കുക തദ്ദേശ ഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ നിന്ന്‌ ഉൽപ്പാദനമേഖലയിൽ മിനിമം തുക ചെലവഴിച്ചിരിക്കണമെന്ന നിബന്ധന അടിയന്തിരമായി പുന സ്ഥാപിക്കണം.

ഗ്രാമത്തിന്റെ ഭക്ഷ്യസുരക്ഷാ സൂചിക കണക്കാക്കി ധനസഹായം നൽകുന്നതിനുള്ള രീതി ശാസ്‌ത്രം വികസിപ്പിക്കുക.


ഉൽപ്പാദന മികവ്‌

അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങളുടെ ഗുണമേന്മയുള്ള വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിക്ക്‌ രൂപം നൽകണം. പ്രത്യേക പരിശീലനം നേടിയ കർഷകരെ വിത്തുൽപ്പാദനത്തിനായി മാത്രം ഉപയോഗിക്കാം. മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഓരോ സ്ഥലത്തേയും ജൈവാംശം പ്രധാന മൂലകങ്ങൾ, സൂക്‌ഷമ മൂലകങ്ങൾ, അമ്ലത എന്നിവ പരിശോധിച്ച്‌ തിട്ടപ്പെടുത്തുന്നതിനുള്ള ഇപ്പോഴത്തെ ശ്രമങ്ങൾ ഊർജ്ജിതമാക്കണം. ഓരോ പ്രദേശത്തേയും വളപ്രയോഗ രീതികൾ കണ്ട്‌പിടിക്കാനുള്ള സോഫ്‌റ്റ്‌ വെയറുകൾ നിർമ്മിച്ച്‌ കൃഷിഭവനുകളിൽ ലഭ്യമാക്കുക.

ജൈവ-സൂക്ഷമാണുവളങ്ങളുടേയും ജൈവകീടനാശിനികളുടേയും ഉൽപ്പാദന യൂണിറ്റുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുക. കാർഷിക മേഖലയിൽ സ്‌ത്രീകളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമാക്കി ഇത്‌ മാറ്റാൻ കഴിയും.

ഒരു യൂണിറ്റ്‌ സ്ഥലത്ത്‌ നിന്ന്‌ പരമാവധി വിളവ്‌ ഉൽപ്പാദിപ്പിക്കുകയെന്നതാണ്‌ പ്രധാനം. ഇപ്പോൾ വ്യാപകമായി പ്രചാരം നേടുന്ന സംരക്ഷിത കൃഷി, കൃത്യതാ കൃഷി എന്നിവയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. ഈ മാർഗ്ഗങ്ങൾ പരിസ്ഥിതി സൗഹൃദവും ലാഭകരവുമാണ്‌. പ്രാദേശികമായി ലഭ്യമായ നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച്‌ താരതമ്യേന ചെലവ്‌ കുറഞ്ഞ പോളിഹൗസുകൾ നിർമ്മിക്കുന്നതിനുള്ള ഗവേഷണങ്ങൾ നടത്തണം.

ഈ സമ്പ്രദായത്തിൽ സാമ്പത്തിക ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്ന്‌ യോജിച്ച വിത്തിനങ്ങൾ പ്രാദേശികമായി ലഭ്യമാവുക എന്നതാണ്‌. ഇതിനായി പ്രത്യേക പരിപാടികൾക്ക്‌ രൂപം നൽകേണ്ടതാണ്‌. ഇവയിലുപയൊഗിക്കുന്ന വളങ്ങൾ ലഭ്യമാക്കണം, ബദൽ മാർഗ്ഗങ്ങൾ പരീക്ഷണ വിധേയമാക്കണം.

ഗവേഷണ-വികസന ഏജൻസികളുടെ ലക്ഷ്യവും പരിപാടികളും തീവ്ര ഭക്ഷ്യസുരക്ഷാനയത്തിനായി പുനരാവിഷ്‌കരിക്കണം. സുരക്ഷിതമായ ഭക്ഷണം ന്യായമായ വിലയക്ക്‌ ലഭിക്കുന്നതിനുള്ള ക്യാംമ്പെയിൻ ആരംഭിക്കുകയാണ്‌ ഈ രംഗത്ത്‌ ഉണർവ്വുണ്ടാക്കാനുള്ള മാർഗ്ഗം. ഭക്ഷ്യസുരക്ഷാ മുൻനിർത്തിയുള്ള ഗവേഷണമിഷനുകൾക്ക്‌ രൂപം നൽകേണ്ടതുണ്ട്‌.

ഓരോ കാർഷിക കാലാവസ്ഥാ മേഖലക്കും പ്രത്യേകം കൃഷിമുറകൾ ശുപാർശ ചെയ്യണം. കാർഷിക സർവ്വകലാശാലയുടെ പാക്കേജ്‌ ഓഫ്‌ പ്രാക്‌ടീസസ്‌ റെക്കമെന്റേഷൻ പരിഷ്‌കരിക്കണം.

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ സംസ്‌കരിച്ച്‌ ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കണം. ഭക്ഷ്യ സുരക്ഷയുടെ ഒരു പ്രധാന ശ്രോതസ്സ്‌ കിഴങ്ങ്‌ വർഗ്ഗങ്ങളാണ്‌. ഇതിന്‌ വേണ്ട സംസ്‌കരണ രീതികൾക്ക്‌ പ്രചാരണം നൽകുകയും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വേണം. സംഘടനാരൂപങ്ങൾ

  • കർഷക-ഉല്‌പാദക സംഘങ്ങളുടെയും വിപണികളുടെയും ശൃംഖല വിപുലപ്പെടുത്തണം. VFPCKa മാതൃക ഇതിനുദാഹരണമാണ്‌. ഇപ്പോഴും ഇത്തരം സംവിധാനങ്ങളുടെ പരിധിയിൽ വരാൻ കഴിയാത്ത നിരവധി കർഷകരുണ്ട്‌. നെല്ല്‌, പച്ചത്തേങ്ങ സംഭരണ മാതൃകകൾ മറ്റു വിളകളിലേക്കും വ്യാപിപ്പിക്കണം.
  • കർഷകരുടെ പരിപൂർണ്ണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഉല്‌പാദക കമ്പനികൾ (Producer compancy) സ്ഥാപിക്കുന്നതിന്‌ ഒട്ടു വളരെ സാധ്യതകളാണുള്ളത്‌. ഉല്‌പാദനം, സംഭരണം, മൂല്യവർദ്ധന, വിപണനം, വിജ്ഞാന വ്യാപനം എന്നിങ്ങനെ ഏതാണെല്ലാം പ്രവർത്തനങ്ങളും സ്വയം ഏറ്റെടുക്കുന്ന കമ്പനികൾ ഇന്ത്യയിൽ പടയിടങ്ങളിലും നിലവിലുണ്ട്‌. കേരളത്തിൽ റബ്ബർ ഉല്‌പാദക സംഘങ്ങൾ ഈ മാതൃകയിൽ പ്രവർത്തിക്കുന്നുണ്ട്‌. ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുണ്ട്‌. ഇവയുടെ പ്രവർത്തനം, വരുമാന സ്രോതസ്സ്‌, വാണിജ്യ മാതൃക എന്നിവ ശ്രദ്ധാപൂർവ്വം പഠിച്ച്‌ കഴിയാവുന്നത്ര വിപുലപ്പെടുത്തണം. മാംസം, മുട്ട, പാൽ, മത്സ്യം എന്നിവയുടെ ഉല്‌പാദനത്തിൽ ഗണ്യമായ വർദ്ധനവ്‌ കൈവരിക്കേണ്ടതുണ്ട്‌. ഈ മേഖലയിലെ ഉല്‌പാദന വർദ്ധനവിന്‌ സഹായമാകുന്ന ചില സുപ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു

അവലംബം: ഡോ.ജി.എസ്‌.മധു, ഡോ.പി.എ.പീതാംബരൻ, ഡോ.കെ.എസ്‌.പുരുഷൻ)

  • മാംസോല്‌പാദനത്തിനായി മാത്രം കന്നുകാലികളെ വളർത്തുന്നതിനുള്ള സാധ്യത ആരായണം. ഈ രംഗത്തേക്ക്‌ കടന്നുവരാൻ താല്‌പര്യമുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രത്യേക പാക്കേജുകൾ തയ്യാറാക്കണം.
  • മുട്ടയുല്‌പാദനത്തിൽ നമുക്ക്‌ ഉപയോഗിക്കാവുന്ന സാധ്യതകൾ പരിമിതമായ നാം ഉപയോഗിക്കുന്നുള്ളു. മുട്ടയുല്‌പാദകരുടെ സംഘങ്ങൾ, അവയുടെ ശൃംഖലകൾ എന്നിവക്ക്‌ രൂപം കൊടുക്കണം. അത്യുല്‌പാദനശേഷിയുള്ള കുഞ്ഞുങ്ങളെ നൽകുന്നതിനായി എല്ലാ ജില്ലകളിലും ജില്ലാ ഹാച്ചറികൾ സ്ഥാപിക്കണം.
  • മുട്ടയുടെ മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെലവുകുറഞ്ഞ സാങ്കേതിക വിദ്യകളും പരിശീലനവും നൽകാവുന്നതാണ്‌.
  • പാലിന്റെ സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. ഗുണമേന്മയുള്ള പാൽ ഉപഭോക്താവിന്‌ നേരിട്ട്‌ എത്തിക്കുന്നതിനുള്ള അയൽക്കൂട്ട സംഘങ്ങൾ, ചെറുകിട കർഷകരുടെ ഉല്‌പാദക സംഘങ്ങൾ എന്നിവയ്‌ക്ക്‌ രൂപം കൊടുക്കണം.
  • കാലാവസ്ഥയ്‌ക്കും പരിസ്ഥിതിക്കും യോജിച്ച തൊഴുത്തുകൾ, ചെലവുകുറഞ്ഞ കറവയന്ത്രങ്ങൾ, സംഭരണ-സംസ്‌കരണ യന്ത്രസാമഗ്രികൾ എന്നിവ രൂപകൽപന ചെയ്യുന്നചിന്‌ പ്രത്യേക ശ്രദ്ധ നൽകണം.
  • കന്നുകാലികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്‌ വിപുലമായ പഞ്ചായത്ത്‌ തല വിവര സംഞ്ചയം (ഡേറ്റാ ബേസ്‌) തയ്യാറാക്കണം.
  • പച്ചപ്പുൽകൃഷി വ്യാപകമാക്കാനുള്ള കർമ്മപദ്ധതിക്ക്‌ രൂപം നൽകണം. തരിശുകളും പുമ്പോക്കുകളും ഉപയോഗപ്പെടുത്തി തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ പ്രാദേശിക പുല്ലുൽപാദനം വിതകണ സംവിധാനം സ്ഥാപിക്കണം
  • സമഗ്രമായ, സുസ്ഥിരതിക്കൂന്നിയ മത്സ്യനയത്തിനു രൂപം നൽകണം
  • ഉത്തരവാദിത്ത മത്സ്യബന്ധന രീതികൾക്കും സാങ്കേതിക വിദ്യകൾക്കും വിപുലമായ പ്രചാരണം നൽകണം.
  • തീരക്കടലിൽ മത്സ്യപ്പാതകൾ, ചെമ്മീൻ-മത്സ്യക്കുഞ്ഞുങ്ങളെ വിന്യസിക്കൽ എന്നിവ ഊർജ്ജിതമായി ചെയ്യേണ്ടതുണ്ട്‌. കണ്ടൽക്കാടുകൾ അതീവ ശ്രദ്ധയോടെ സംരക്ഷിക്കണം
  • ഉൾനാടൻ മത്സ്യോൽപാദനം വർധിപ്പിച്ച്‌ മത്സ്യസംഭരണം, വിപണനം എന്നിവയക്കുള്ള പ്രാദേശിക സംവിധാനങ്ങൾ ഒരുക്കണം.

നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടെ ഭക്ഷ്യസുരക്ഷ കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ. ഈ ലക്ഷ്യം മുൻനിർത്തിയുള്ള കർമ്മ പദ്ധതികൾക്ക്‌ നൈരന്തര്യം ഉണ്ടാകണം. സർക്കാരുടെ ഇച്ഛാശക്തിയും ബബുജന പങ്കാളിത്തവും വിവിധ ഏജൻസികളുടെ നിസ്സീമമായ പിന്തുണയുമുണ്ടെങ്കിലേ ഇതു സാധ്യമാകു. ഇവിടെ സൂചിപ്പിച്ചിട്ടുള്ള മിക്ക നിർദ്ദേശങ്ങളും ഏറിയോ കുറഞ്ഞോ നിലവിൽ നടപ്പാക്കപ്പെടുന്നവയാക്കാം. എന്നാൽ ഭക്ഷ്യസുരക്ഷ എന്നത്‌ സുസ്ഥിരമായ സ്വയംപര്യാപ്‌തതയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നുപാധിയാണെന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്‌ സക്രിയമായ പ്രവർത്തനങ്ങളാണ്‌ ആവശ്യം. കോർപ്പറേറ്റ്‌ ശക്തികൾ മുന്നോട്ടുവയ്‌ക്കുന്ന ആകർഷകമെന്നു തോന്നാവുന്ന കാർഷിക വികസന മാതൃകകൾ കാലക്രമേണ കർഷകന്റെ താല്‌പര്യങ്ങൾക്ക്‌ എതിരായി മാറുമെന്നും ചൂഷണത്തിന്റെ ആയുധമാക്കി മാറുമെന്നും അനുഭവങ്ങൾ പഠിപ്പിക്കുന്നു. ഇതിനെതിരായ പ്രതിരോധം കൂടിയാണ്‌ നാം മുന്നോട്ടു വയ്‌ക്കുന്ന ഭക്ഷ്യസുരക്ഷ, കരമ്മപദ്ധതി.