വികസന കോൺഗ്രസ് സമീപന രേഖ-കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം - ഒരു വിവര സാങ്കേതികാധിഷ്ഠിത രൂപരേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ജോസഫ് തോമസ്

ആമുഖം

സംസ്ഥാന രൂപീകരണം മുതൽ തന്നെ പുരോഗമന ഭരണ നടപടികളിലൂടെ കിടപ്പാടമായും കൃഷിഭൂമിയായും മെച്ചപ്പെട്ട കൂലിനിരക്കായും തൊഴിൽ സാഹചര്യങ്ങളായും വ്യാപകമായ പൊതു വിദ്യാഭ്യാസ സൌകര്യമായും പൊതുജനാരോഗ്യ സേവനങ്ങളായും ജനങ്ങളിലേയ്ക്കു് സമ്പത്തിന്റെ വർദ്ധിച്ച ഓഹരിയും ക്ഷേമ സൌകര്യങ്ങളും എത്തിക്കാനും ജനജീവിതം മെച്ചപ്പെടുത്താനും കഴിഞ്ഞതു് മൂലം മനുഷ്യവികസന സൂചികകളിൽ വികസിത നാടുകൾക്കൊപ്പമെത്താൻ കേരളത്തിനു് കഴിഞ്ഞു. ആ നേട്ടങ്ങൾ അനുഭവിക്കുന്ന സംസ്ഥാനമാണു് കേരളം. എന്നാൽ നേട്ടങ്ങൾ നിലനിർത്താനാവശ്യമായ സുസ്ഥിരമായ സമ്പത്തുല്പാദന വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയാതെ പോയതിനാൽ നേടിയെടുത്ത നേട്ടങ്ങൾ പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലേയ്ക്കു് കേരളം നീങ്ങുന്നു എന്നതു് ആശങ്കയ്ക്കിടയാക്കുന്നു. ഇതിനു് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇടതു് പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും ജനകീയ ശാസ്ത്ര പ്രസന്ഥാനങ്ങളും ഒട്ടേറെ പഠന-ഗവേഷണ പ്രായോഗിക-പരീക്ഷണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടു്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടി ഉപയോഗിച്ചു് അത്തരം പരിശ്രമങ്ങൾക്കു് ചടുലവും ജനപങ്കാളിത്തം ഉറപ്പാക്കാനുതകുന്നതുമായ പ്രയോഗ രീതികളിലൂടെയും കൂടുതൽ ഉയർന്ന ഫലപ്രാപ്തിയിലൂടെയും കരുത്തു് പകരുക എന്നതാണു് ഈ കരടു് രേഖ ലക്ഷ്യമിടുന്നതു്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തു് കേരളത്തിനു് ഒരു തനതു് വികസന പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായി കേരളത്തിന്റെ വിവിധങ്ങളായ വികസന മേഖലകളിൽ ഓരോന്നിനും യുക്തമായ വികസന പരിപ്രേക്ഷ്യം മുന്നോട്ടു് വെയ്ക്കുകയാണു്. അത്തരം ഓരോ വികസന മേഖലയിലും വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകളാണു് ഇതിൽ സൂചിപ്പിക്കുന്നതു്. ഐടി വ്യവസായ മേഖലയും ഐടിയുടെ തൊഴിൽ സാധ്യതകളും ചർച്ച ചെയ്യുന്നുണ്ടു്. അതേപോലെ തന്നെ നിലവിലുള്ള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിഷൻ-2030 എന്ന രേഖയിൽ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചു് അവയോടുള്ള പ്രതികരണവും ഇതിൽ ചേർക്കുന്നുണ്ടു്.

വിവിധ വികസന മേഖലകളിൽ വിവര സാങ്കേതിക വിദ്യയുടെ പൊതു പ്രയോഗ സാധ്യത : വിവര വിനിമയ ശൃംഖലയിൽ തത്സമയം എത്ര വിവരവും എത്ര ദൂരേയ്ക്കും എത്തിക്കാനാവുമെന്ന സാധ്യത വിവിധ സാമൂഹ്യ പ്രക്രിയകൾ ചടുലവും കാര്യക്ഷമവും തത്സമയം ഫലം നൽകുന്നതുമാക്കാനായി ഉപയോഗപ്പെടുത്താം. എല്ലാ വികസന മേഖലകളിലും ഭരണവും ആസൂത്രണവും പദ്ധതി നിർവ്വഹണവും ഫലപ്രാപ്തിയും അവയുടെ പരിശോധനയും ചടുലവും കാര്യക്ഷമവുമാക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടും. കേരളമാകട്ടെ, ജനകീയാസൂത്രണ പദ്ധതിയോടെ സൂക്ഷ്മതലാസൂത്രണത്തിനും നീർത്തടാധിഷ്ഠിത വികസനത്തിനും ഊന്നൽ നൽകിപ്പോരുന്നുണ്ടു്. ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം വലിയ തോതിൽ വിവരം കൈകാര്യം ചെയ്യേണ്ടതുണ്ടു്. മനുഷ്യ വിഭവ ശേഷി മാത്രം ഉപയോഗിച്ചു് വലിയ തോതിൽ വിവരം കൈകാര്യം ചെയ്യുമ്പോൾ അവിടെ അമിതമായ ഉത്തരവാദിത്വ കേന്ദ്രീകരണവും അതു് കൊണ്ടു് തന്നെ അധികാര കേന്ദ്രീകരണവും ഉരുത്തിരിയുക സ്വാഭാവികമാണു്. അതിലൂടെ ഉദ്യോഗസ്ഥ മേധാവിത്വവും സൃഷ്ടിക്കപ്പെടും. മാത്രമല്ല, വിവരങ്ങൾ വൻതോതിൽ എടുത്തുപയോഗിച്ചു് വിശകലനം നടത്തേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യുന്നതിനും ഉദ്യോഗസ്ഥവിന്യാസം മാത്രമായാൽ പരിമിതിയുണ്ടു്. ഈ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജനങ്ങൾക്കു് വിവര ലഭ്യത ഉറപ്പാക്കിക്കൊണ്ടും അക്കാര്യങ്ങൾ നിർവ്വഹിക്കാനുതകുന്നതാണു് ആധുനിക വിവര വിനിമയ ശൃംഖലയും അതിൽ കോർത്തിണക്കപ്പെടുന്ന ആധുനിക വിവര സംഭരണികളും. കേരളത്തിന്റെ വികേന്ദ്രീകതവും ജനപങ്കാളിത്തത്തോടെയുള്ളതും സൂക്ഷ്മതലത്തിൽ നടക്കുന്നതും അവയെ സ്ഥൂല തലങ്ങളിൽ ക്രോഡീകരിക്കുന്നതും സമഗ്രവുമായ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കു് വിവര വിനിമയ ശൃംഖലയുടെ വ്യാപകമായ പ്രയോഗം വളരെയേറെ സഹായകമാകും. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന വിവര സാങ്കേതിക സേവനങ്ങളുടെ കമ്പോളം കേരളത്തിന്റെ വിവര സാങ്കേതിക വ്യവസായ വികസനത്തിനായി ഉപയോഗിക്കാനും ആരംഗത്തു് വൈദഗ്ദ്ധ്യം നേടാനും അതിലൂടെ പുറം കമ്പോളത്തിൽ പ്രവേശിക്കാനും കഴിയും.

ഏതു് രംഗത്തും നടക്കുന്ന പ്രവർത്തനങ്ങളിൽ വിവിധ പ്രക്രിയകളുടേയും അവയുമായി ബന്ധപ്പെടുന്ന വിഭവങ്ങളുടേയും അവയ്ക്കായി ഉപയോഗിക്കുന്ന വിവരങ്ങളുടേയും സംഭരണി സൃഷ്ടിക്കുകയും വിവിധ പ്രക്രിയകൾ മേല്പറഞ്ഞ വിവരങ്ങളുപയോഗിച്ചു് ശൃംഖലയിൽ നടത്തുകയും ഓരോ പ്രക്രിയയുടേയും ഫലമായി വിവിധ വിവര ഘടകങ്ങളിലുണ്ടാകുന്ന മാറ്റം അപ്പപ്പോൾ വിവര സംഭരണിയിൽ സംഭരിക്കുകയും ചെയ്യുക എന്നതാണു് ഈ സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യത. അതിലൂടെ എല്ലാ വിവരങ്ങളും കാലികമായി നിലനിർത്തപ്പെടും. അവ ഉപയോഗിച്ചു് സ്ഥാപനത്തിന്റേയോ സംരംഭത്തിന്റേയോ വകുപ്പിന്റേയോ അവയുടെ കൂട്ടായ്മകളഉടേയോ ഓരോന്നിലുമുൾപ്പെട്ട ഉപ ഘടകങ്ങളുടേയും വിവരങ്ങൾ ഏതു് സമയത്തും പരിശോധിക്കാനും വിശകലനം ചെയ്തു് സൂക്ഷ്മതലത്തിലും ക്രോഡികരിച്ചു് സ്ഥൂലതലത്തിലും പരിശോധനയും ആസൂത്രണവും സാധ്യമാകുന്നു. ഇതു് എല്ലാ പ്രക്രിയകളും പുതിയ രീതിയിൽ തത്സമയം പരസ്പര കരണ പ്രതികരണങ്ങളിലൂടെ നടത്തുന്നതിനു് സഹായിക്കുന്നു. ആർക്കും വിവരാധികാരം ആവശ്യമനുസരിച്ചു് ലഭ്യമാക്കാം. ഓരോ പ്രക്രിയയുടേയും ഘടക പ്രവർത്തനങ്ങൾ ആരു് എപ്പോൾ എങ്ങിനെ നിർവ്വഹിക്കണമെന്നതും മുൻകൂട്ടി നിർണ്ണയിച്ചു് അതിൽ പങ്കെടുക്കുന്ന ഓരോരുത്തരുടേയും കടമകളും ഉത്തരവാദിത്വവും അധികാരാവകാശങ്ങളും വ്യവസ്ഥ ചെയ്യാം. ഇതു് ഏതു് തലത്തിലും ഭരണ പരിഷ്കാരത്തിന്റെ ഉപാധിയാണു്. ഏതു് സമയത്തും ഈ വ്യവസ്ഥയിൽ മാറ്റം വരുത്തന്നതിലൂടെ ഈ പ്രക്രിയാ പുന സൃഷ്ടി തന്നെ ഒരു നൈരന്തര്യ പ്രക്രിയയാക്കുകയും ചെയ്യാം. ഭരണ പരിഷ്കാരം അസാധ്യമായി അനുഭവപ്പെടുന്ന അവസ്ഥ മാറ്റി ഭരണ പരിഷ്കാരത്തിൽ തന്നെ നൈരന്തര്യം ഉറപ്പാക്കാം.

മേല്പറഞ്ഞ സംവിധാനം നിലവിൽ കൊണ്ടു് വരാൻ വിവര സാങ്കേതിക വിദ്യയുടെ എല്ലാ പ്രധാനപ്പെട്ട ഘടകങ്ങളുടേയും വ്യാപകമായ സംഭരണവും പ്രയോഗവും ആവശ്യമാണു്. ഇക്കാര്യത്തിൽ ചെലവു് പരമാവധി കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളനുവർത്തിക്കുക എന്നത് പരമ പ്രധാനമാണു്. ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, അതിനായി സോഫ്റ്റ്‌വെയറിന്റേയും ശൃംഖലയുടേയും ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക, എല്ലാ കാര്യത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയർ മാത്രം ഉപയോഗിക്കുക, വില കൂടിയ ശൃംഖലാ വിഭവങ്ങളിൽ വിവരം കേന്ദ്രീകരിക്കുന്നതിനു് പകരം കുറഞ്ഞ വിഭവം ഉപയോഗിച്ചു് നടപ്പാക്കാവുന്ന വിതരിത ഘടന (distributed architecture) ഉപയോഗിക്കുക എന്നിവയ്ക്കു് ഊന്നൽ നൽകിയാൽ ചെലവു് ഗണ്യമായി കുറയ്ക്കാനാവും. ആധികാരമോ വിവരമോ കേന്ദ്രീകരിക്കുകയോ വികേന്ദ്രീകരിക്കുകയോ അതല്ല ജനാധഇപത്യ കേന്ദ്രീകരണമോ വികേന്ദ്രീകരണമോ ഏതും വ്യവസ്ഥ ചെയ്യാൻ കോഡിൽ (ശൃംഖലാ ബന്ധത്തിന്റേയും വിവര വിനിമയത്തിന്റേയും നിയമം) യുക്തമായ മാറ്റം വരുത്തിയാൽ മതിയാകും.

വ്യവസ്ഥാ മാറ്റമോ പരിഷ്കാരമോ എതിർക്കപ്പെടുന്നതിനു് കാരണം അവ മൂലം ബന്ധപ്പെട്ടവർക്കു് കോട്ടങ്ങളുണ്ടാകുമെന്ന ഭയമാണു്. കോട്ടങ്ങളല്ല, നേട്ടങ്ങളാണു് ഉണ്ടാവുക എന്ന കാര്യം അവരെ ബോധ്യപ്പെടുത്തി ഈ പരിപാടികൾ നടപ്പാക്കാനാണു് ശ്രമിക്കേണ്ടതു്. സുതാര്യതയും സദുദ്ദേശവുമായിരിക്കണം പരിഷ്കാരത്തിന്റെ മുഖമുദ്ര. പുതിയ സങ്കേതങ്ങളിൽ പരിശീലനം പ്രധാനമാണു്. ബന്ധപ്പെട്ട ആർക്കും തൊഴിൽ നഷ്ടമോ വരുമാന നഷ്ടമോ കഷ്ടപ്പാടോ ഉണ്ടാക്കാതെ പുതിയ സംവിധനത്തിൽ തൊഴിലെടുക്കാൻ തയ്യാറുള്ളവരെയെല്ലാം പുതിയ സംവിധാനത്തിന്റെ സൃഷ്ടിക്കും പരിപാലനത്തിനും നടത്തിപ്പിനും അതുപയോഗിച്ചു് വിപുലമാക്കപ്പെടുന്ന പ്രവർത്തനങ്ങൾക്കുമായി നിയോഗിക്കപ്പെടണം. അതിനാവശ്യമായ പരിശീലനം നൽകപ്പെടണം. എല്ലാ തലത്തിലും അതതു് തലത്തിൽ വൈദഗ്ദ്ധവും അനുഭവ പരിചയവും കഴിവുമുള്ള തെരഞ്ഞടുക്കപ്പെടുന്ന പ്രതിനിധികളും വിദഗ്ദ്ധരും അടങ്ങുന്ന ഭരണനിർവ്വഹണ-ആസൂത്രണ-പരിശോധനാ സംവിധാനങ്ങൾക്കു് തത്സമയം അവരുടെ പ്രവർത്തനങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും നടത്താൻ മേല്പറഞ്ഞ ശൃംഖല ഉപകരിക്കുകയും ചെയ്യും.

ഇനി തുടർന്നുള്ള ഭാഗത്തു് വിവര വിനിമയ ശൃംഖലയുടെ പ്രയോഗം എന്നതു് കൊണ്ടു് മേല്പറഞ്ഞ പൊതു പ്രയോഗ രീതിയാണു് അർത്ഥമാക്കേണ്ടതു്. പ്രത്യേകോപയോഗങ്ങൾ മാത്രം അതതു് ഭാഗത്തു് വിശദീകരിക്കുന്നതാണു്.

ഇ-ഭരണം കേരളത്തിൽ

ഭരണം സുതാര്യവും ചടുലവും കാര്യക്ഷമവുമാക്കപ്പെടുക എന്നതാണു് ഇ ഭരണത്തിന്റെ ആവശ്യം. അതു് പോലെ തന്നെ ഭരണം ജനങ്ങൾക്കു് പ്രാപ്യമാകണം. മനസിലാകണം. ഭരണ പ്രക്രിയകളിൽ അവർക്കു് പങ്കാളിത്തമുണ്ടാകണം. അതനാൽ ജനങ്ങളുടെ ഭാഷയിലായിരിക്കണം. നിലവിൽ ഇതൊന്നുമില്ല. നടപ്പാക്കപ്പെടുന്ന ഇ-ഭരണത്തിലൂടെ ഭരണ ഭാഷ തന്നെ വീണ്ടും ഇംഗ്ലീഷിലേയ്ക്കു് മാറ്റപ്പെടുകയാണു്.

നിലവിൽ ഭരണ സംവിധാനം, എന്നു് തുടങ്ങിയോ അന്നു് മുതലുള്ള പഴമകൾക്കെല്ലാം മേൽ ഓരോ കാലത്തും ഏർപ്പെടുത്തപ്പെട്ട പുതിയവയെല്ലാം കെട്ടിവെയ്ക്കപ്പെട്ടു് എല്ലാ പഴമകളുടേയും പുതുമകളുടേയും ഗുണത്തേക്കാളേറെ ദോഷങ്ങൾ ജനങ്ങൾക്കു് മേൽ ചുമത്തപ്പെടുന്നതാണു്. മേല്പറഞ്ഞ വിധം ശൃംഖലാ വ്യവസ്ഥ ഉപയോഗിച്ചു് നടക്കുന്ന ഭരണ-ആസൂത്രണ-നിർവ്വഹണ-പരിശോധനാ പ്രക്രിയകളുടെ പുനസൃഷ്ടിയിലൂടെ (Re-engineering) അപ്രസക്തമായ പഴയ വകുപ്പു് വിഭജനങ്ങളും വകുപ്പുകളും വെളിപ്പെടുത്തപ്പെടും. വൈദ്യുതി എറ്റവും കുറഞ്ഞ വഴി മാത്രമേ പോകൂ എന്നതു് പോലെ ഇ-ഭരണത്തിൽ ഏറ്റവും കുറഞ്ഞ ഭരണ വ്യവസ്ഥ മാത്രമേ ആവശ്യമുള്ളു. നിലവിലുള്ള സ്ഥൂലമായ ഭരണ വ്യവസ്ഥ - വകുപ്പുകളും സ്ഥാപനങ്ങളും പ്രവർത്തനങ്ങളം പ്രക്രിയകളും - യുക്തമായ തരത്തിൽ ഉൽഗ്രഥിതമായി സമഗ്രതയിൽ പുനസൃഷ്ടിക്കപ്പെടണം. ശരിയായ പ്രക്രിയാ പുന സംവിധാനം ലക്ഷ്യം വെച്ചു് ഇ-ഭരണം ഏർപ്പെടുന്നതിലൂടെ ഭരണ പരിഷ്കാരം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കപ്പെടും.

നിലവിൽ ഭരണനവീകരണ കാഴ്ചപ്പാടു് തീരെയില്ലാതെ കുറേയേറെ ഉപകരണ വിന്യാസം നടത്തപ്പെട്ടിട്ടുണ്ടു്. കുറേയേറെ സ്ഥാപനങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ടു്. ജനങ്ങളെ മുന്നിൽ കണ്ടല്ല, മറിച്ചു് നിലവിലുള്ള ഭരണവകുപ്പുകൾക്കും സാങ്കേതിക സംവിധാനങ്ങൾക്കും ഊന്നൽ നൽകിയാണു് അവ നടപ്പാക്കപ്പെട്ടിരിക്കുന്നതു്. വിവര സാങ്കേതിക വിദ്യകൊണ്ടു് സാധ്യമായ പ്രക്രിയാ പുന സൃഷ്ടിക്കു് തീരെ ഊന്നൽ നൽകിയിട്ടില്ല. വെബ്ബു് സൈറ്റുകളുപയോഗിച്ചു് കുറെ സേവനങ്ങൾ ജനങ്ങൾക്കു് നൽകുന്നുണ്ടു്. പ്രക്രിയാ പുനസൃഷ്ടി നടക്കാത്തതു് മൂലം പരിമിതമായ സേവനങ്ങൾ മാത്രമേ അത്തരത്തിൽ കൊടുക്കാനാവുന്നുള്ളു. മാത്രമല്ല, അത്തരം സേവനങ്ങൾ തന്നെ പലതും സാങ്കേതിക വിദ്യയുടെ സാധ്യതകൾക്കനുസരിച്ചുള്ളവയുമല്ല. ഇ-പ്രൊക്യുർമെന്റു്, സ്പാർക്കു്, ഇ-ഡിസ്ട്രിക്ടു്, കോമൺ മെയിൽ സിസ്റ്റം, ഇൻസൈറ്റു്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കള്ള വിവിധ പാക്കേജുകൾ തുടങ്ങി ഒറ്റപ്പെട്ടു് നില്കുന്ന വ്യവസ്ഥകളാണു് കേരളത്തിലെ ഇ-ഭരണ വ്യവസ്ഥകളായി ഉയർത്തിക്കാട്ടപ്പെടുന്നതു്. മോട്ടോർ വാഹന വകുപ്പിലും രജിസ്ട്രേഷൻ വകുപ്പിലും ഇ-ഭരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടു്. ചെലവു് കൂടിയ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണു് രജിസ്ട്രേഷൻ വകുപ്പിലും മറ്റും പ്രയോഗിച്ചിരിക്കുന്നതു്. വകുപ്പുതല ഒറ്റപ്പെടൽ, വിഭവങ്ങളുടെ ദുരുപയോഗം, വിവരങ്ങളുടെ ഇരട്ടിപ്പു്, അധിക അദ്ധ്വാനശേഷി വിനിയോഗം തുടങ്ങി ഒട്ടേറെ പരിമിതികളുള്ളതാണു് നിലവിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇ-ഭരണം. സമഗ്രതയും ഉൽഗ്രഥനവും ഭരണ പരിഷ്കാരവും ലക്ഷ്യം വെച്ചല്ല ഒന്നും തന്നെ നടപ്പാക്കപ്പെടുന്നതു്. ഉപകരണങ്ങൾക്കും സ്ഥാപനങ്ങൾക്കും ശൃംഖലയ്ക്കും വേണ്ടി മുടക്കിയ വിഭവത്തിനു് ആനുപാതികമായ നേട്ടം ഉണ്ടായിട്ടില്ല.

തദ്ദേശ സ്വയംഭരണതലത്തിൽ പ്രാഥമിക വിവര സംഭരണികളും എല്ലാ ഭരണ തലങ്ങളേയും വകുപ്പുകളേയും ഉൽഗ്രഥിപ്പിക്കുന്ന വിതരിത സെർവ്വറുകളും ശൃംഖലയും വിവര വിനിമയ വ്യവസ്ഥയും വിവിധ മേഖലകളിലെ പ്രവർത്തനാവശ്യങ്ങളുമായി ബന്ധപ്പെട്ടു് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള വിവര സംഭരണിയിൽ ശേഖരിച്ചു് സംഭരിക്കപ്പെടുന്ന പ്രാഥമിക വിവരങ്ങളിൽ അധിഷ്ഠിതമായി തദ്ദേശ ഭരണ തലത്തിലും ആ വിവരങ്ങൾ ക്രോഡീകരിച്ചു് അവയുടെ ഉയർന്ന തലങ്ങളിലും സ്ഥാപിക്കപ്പെടുന്ന സെർവ്വറുകളുപയോഗിച്ചു് ഭരണവും ആസൂത്രണവും നിർവ്വഹണവും പരിശോധനയും ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രക്രിയകളും തത്സമയം ശൃംഖലയിലൂടെ സാധ്യമാക്കുക, അതിലൂടെ വിവരങ്ങൾ കാലികമായി നിലനിർത്തുക, കമ്പ്യൂട്ടറധിഷ്ഠിത വിവര വിശകലന രീതികളുപയോഗിക്കുക, വിവര വിനിമയത്തിനു് പൊതു ശൃംഖലയും വ്യക്തികൾക്കു് ബഹുഉപയോഗ മൊബൈൽ ഉപകരണങ്ങളും സ്ഥാപനങ്ങൾക്കു് ആഭ്യന്തര ശൃംഖലയും എന്നതാണു് അംഗീകരിക്കാവുന്ന പൊതു സമീപനം.


വിവര സാങ്കേതിക വിദ്യ ഇതര മേഖലകളിൽ

ഉല്പാദന മേഖല : കാർഷികോല്പാദനം :


കേരളത്തിൽ കൃഷി ഭൂമി തുണ്ടവല്കരിക്കപ്പെട്ടിരിക്കുന്നതു് അവയുടെ ഉപയോഗ സാധ്യത കുറച്ചിരിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ടു്. ഈ പരിമിതിക്കു് പരിഹാരം കൂട്ടായ കൃഷിയിലേർപ്പെടുകയാണെന്നതും പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യമാണു്. അത്തരത്തിൽ ചെറുതുണ്ടു് ഭൂമി പോലും പരമാവധി ഉല്പാദനക്ഷമമായി ഉപയോഗിക്കാനുതകും വിധം ഓരോ തുണ്ടു് ഭൂമിയുടേയും അവയിൽ നടക്കുന്നതോ സാധ്യമായതോ ആയ കൃഷിയുടേയും വിവരങ്ങൾ ശേഖരിച്ചു് സംഭരിക്കപ്പെടണം. അവയുടെ യുക്തമായ ക്രോഡീകരണത്തിലൂടെ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങൾക്കുള്ള വിവര സംഭരണി സൃഷ്ടിക്കാനാകും. ആവശ്യമായിടങ്ങളിലെല്ലാം ഇതേ വിവരശേഖരം ഭൂതല വിവര വിശകലനത്തിനായും ഉപയോഗിക്കാം. മണ്ണു് ജല പരിസ്ഥിതി നെൽവയൽ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഇതേ വിവര ശേഖരം ഉപയോഗിക്കാനാവും. വിവര ഘടന അതനുസരിച്ചു് ആവിഷ്കരിച്ചാൽ മതിയാകും.

കർഷകർക്കും സ്വയംതൊഴിൽ സംരംഭകർക്കും ചെറുകിട-ഇടത്തരം പ്രാദേശിക കൂട്ടായ്മകൾക്കും സഹകരണ സംഘങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സേവനങ്ങളെത്തിക്കാനും പ്രോത്സാഹനം നൽകാനും ഈ വിവരങ്ങളുടെ യുക്തമായ വിനിയോഗത്തിലൂടെ കഴിയും. വിഭവങ്ങളോടൊപ്പം പ്രശ്നങ്ങളും കാർഷിക വിളകൾക്കു് അവ ഉല്പാദിപ്പിക്കാനാവശ്യമായ അദ്ധ്വാന സമയത്തിനും ചെലവിനും അനുസരിച്ചുള്ള വിലയും കർഷക തൊഴിലാളികൾക്കു് മാന്യമായ കൂലിയും ഉറപ്പാക്കാനാവശ്യമായ തീരുമാനങ്ങളിലെത്താനുതകന്ന വിവരങ്ങളും ശേഖരിച്ചു് സംഭരിക്കപ്പെടണം. കൂടാതെ, ആഭ്യന്തരോപഭോഗത്തിനുള്ള പ്രാദേശികോല്പാദനത്തിനും ജൈവകൃഷി വിളകൾക്കും ഉല്പാദന ക്ഷമതയ്ക്കും പ്രത്യേക പ്രോത്സാഹനം ലഭ്യമാക്കുന്നതിനുതകുന്ന വിവര ശേഖരവും സൃഷ്ടിക്കപ്പെടണം. ഇതര മേഖലകളിലെ തൊഴിലാളികൾക്ക് കിട്ടുന്ന കൂലിയുടെ അനുപാതത്തിലുള്ള വരുമാനം കാർഷിക മേഖലയിലെ അദ്ധ്വാനത്തിനും ഉറപ്പാക്കും വിധമുള്ള അദ്ധ്വാനത്തിന്റെ ആസൂത്രണത്തിനും കാർഷിക വിളകളുടെ മൂല്യവർദ്ധനവിനും വിപണനത്തിനുമുള്ള പശ്ചാത്തല വിവരവും വിജ്ഞാനവുമാണു് ഈ രംഗത്തു് പ്രയോഗിക്കേണ്ടിവരിക. ഇതേ മാതൃകയിലുള്ള വ്യവസ്ഥ തന്നെ മൃഗ പരിപാലനം, ഉൾനാടൻ മത്സ്യം വളർത്തൽ, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങി ഇതര കാർഷികാനബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അത്തരം ഉൽഗ്രഥിതമായ വ്യവസ്ഥ നിലവിലുള്ള വകുപ്പുതലവിഭജനത്തിന്റെ കെടുതികളൊഴിവാക്കി വിവിധ മേഖലകളുടെ ഉൽഗ്രഥിതമായ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും.

വ്യവസായോല്പാദനം : ആഭ്യന്തര ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഉല്പാദന വ്യവസ്ഥയാണു് സ്ഥായിയാകുക എന്നതിനാൽ ഈരംഗത്തുപയോഗിക്കുന്ന വിവര വ്യവസ്ഥ പ്രാദേശിക ആവശ്യവും ഉല്പാദനവും തമ്മിൽ പൊരുത്തപ്പെടുത്താനും ഉല്പാദനവും വിതരണവും വിനിമയവും ഉപഭോഗവും അടക്കം കമ്പോളമാകെ ആസൂത്രണത്തിനു് വിധേയമാക്കനുമാവശ്യമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാവണം. സർക്കാരിനാവശ്യമായ വിഭവങ്ങളുടെ സംഭരണം ആഭ്യന്തര സംരംഭങ്ങളിൽ നിന്നാവണം. അതിനും സ്വയംതൊഴിൽ സംരംഭകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും പ്രത്യേക പരിഗണന നൽകാനാവുന്ന വിധത്തിലും വിവര ഘടന സൃഷ്ടിക്കപ്പെടണം.

സ്വയംതൊഴിൽ സംരംഭകർ : ഇവരാണു് നിലവിൽ ഉല്പാദന മേഖലയുടെ നട്ടെല്ലു്. ഇവരടക്കം തൊഴിലാളിവർഗ്ഗമാകെ ഉല്പാദന-വനിമയ-വിതരണ വ്യവസ്ഥയാകെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നേടുന്നതിലൂടെയാണു് സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കപ്പെടുന്നതു് തന്നെ. ഇവർ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണു് കോർപ്പറേറ്റു് സ്ഥാപനങ്ങൾ വരെ സംഭരിച്ചു് മൂല്യവർദ്ധനവു് വരുത്തിയും അല്ലാതെയും ബ്രാന്റു് ചെയ്തു് വിപണനം നടത്തുന്നതു്. ഇവരെ ഉപയോഗിച്ചാണു് കോർപ്പറേറ്റു് സ്ഥാപനങ്ങൾ വരെ അവയുടെ സേവനങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നതു്. സ്വയംതൊഴിൽ സംരംഭകരുടെ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും അവ ഉല്പാദിപ്പിക്കാനാവശ്യമായ അദ്ധ്വാന സമയത്തിനും മറ്റു് ചെലവുകൾക്കും അനുസരിച്ചുള്ള വില ഉറപ്പാക്കാനും പരമാവധി മൂല്യവർദ്ധന പ്രാദേശികമായി തന്നെ നേടാനും അവരുടെ സേവനങ്ങളുടെ യഥാർത്ഥ മൂല്യം അവർക്കു് തന്നെ കിട്ടത്തക്കവിധവും ജനങ്ങൾക്കു് കുറഞ്ഞ നിരക്കിൽ ചരക്കുകളും സേവനങ്ങളും ലഭ്യമാകും വിധവും പ്രാദേശിക സേവനപ്രദാന കേന്ദ്രങ്ങളും വിപണനകേന്ദ്രങ്ങളം സൃഷ്ടിക്കാനും ഉപകരിക്കും വിധം ഈ രംഗത്തിന്റെ ആസൂത്രണം നടക്കണം. അതനുസരിച്ചു് വിവര സംഭരണി ആസൂത്രണം ചെയ്യപ്പെടണം.. കൂടാതെ, ആഭ്യന്തരോപഭോഗത്തിനുള്ള പ്രാദേശികോല്പാദനത്തിനും ഗുണ മേന്മയ്ക്കും ഉല്പാദനക്ഷമതയ്ക്കും പ്രത്യേക പ്രോത്സാഹനം നല്കാൻ കഴിയണം. മൊത്തത്തിൽ സ്വയം തൊഴിൽ സംരംഭകരുടെ അദ്ധ്വാനത്തിനും തൊഴിലാളികളുടെ കൂലി നിരക്കിനു് ആനുപാതികമായി പ്രതിഫലം ഉറപ്പാക്കപ്പെടണം. ഇത്തരം സമഗ്രമായ ആസൂത്രണത്തിലൂടെ ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണത്തിൽ നിന്നു് അതിനു് അദ്ധ്വാനശേഷി വില്കുന്നവരെന്ന നിലയിൽ സ്വംതൊഴിൽ സംരംഭകർക്കു് ആശ്വാസം നൽകാനും ഉപഭോക്താക്കൾക്കു് അവർ കൊടുക്കേണ്ടി വരുന്ന വിലയുടെ കാര്യത്തിൽ ആശ്വാസം നൽകാനും കഴിയും. ചുരുക്കത്തിൽ, പ്രാദേശിക കമ്പോളത്തെ പ്രാദേശികമായി ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകളും സേവനങ്ങളുമായി കൂട്ടിയിണക്കും വിധം വിവരങ്ങൾ ശേഖരിച്ചു് സംഭരിച്ചു് ആ മേഖലയുടെ ആസൂത്രണം സമഗ്രമാക്കണം.

വ്യവസായ സംരംഭങ്ങൾ : സ്വയംതൊഴിൽ സംരംഭകരുടേതു് പോലെ തന്നെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും അവയുടെ സംരംഭകരുടേയും കൂട്ടായ്മകളുടേയും താല്പര്യം സംരക്ഷിക്കുന്നതിനും അതിലൂടെ പ്രാദേശികോപഭോഗം പരമാവധി പ്രാദേശികോല്പാദനത്തിലൂടെ നിർവ്വഹിക്കുന്നതിനുമുള്ള ആസൂത്രണം നടത്താൻ വിവിര വിനിമയ ശൃംഖല ഉപയോഗപ്പെടുത്തണം. മാത്രമല്ല, കൂടുതൽ മൂല്യവർദ്ധന നേടാനും മിച്ചോല്പന്നങ്ങളുടേയും കയറ്റുമതി ഉല്പന്നങ്ങളുടേയും കമ്പോളം കണ്ടെത്തി മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനു് അവരെ സഹായിക്കാനും സമഗ്രമായി ആസൂത്രണം ചെയ്യപ്പെടുന്ന ശൃംഖലയിലൂടെ കഴിയും. പൊതു മേഖല, സഹകരണ മേഖല : പശ്ചാത്തല നിർമ്മാണത്തിലും സമ്പത്തുല്പാദനത്തിലും മൂല്യ വർദ്ധനവിലും പങ്കെടുക്കുന്ന തൊഴിൽ സഹകരണ സംഘങ്ങൾക്കും സേവന സഹകരണ സംഘങ്ങൾക്കും പൊതു മേഖലയ്ക്കം പ്രത്യേക പ്രോത്സാഹനവും പരിഗണനയും ഉറപ്പു് വരുത്തേണ്ടതുണ്ടു്. അവ കോർപ്പറേറ്റു് കുത്തകകളുടെ കടന്നാക്രമണം ചെറുത്തു് തദ്ദേശീയ കൃഷിക്കാരേയും സ്വയം തൊഴിൽ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭകരേയും ഉപഭോക്താക്കളേയും സംരക്ഷിക്കും വിധമായിരിക്കണം അവയുടെ പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതു്. നിലവിൽ പല പൊതു മേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകളുടെ ഏജൻസികളായി വർത്തിച്ചുകൊണ്ടു് തദ്ദേശീയ ഉല്പാദകരുടെ കമ്പോളം കയ്യേറുന്ന സ്ഥിതി ഉരുത്തിരിയുന്നുണ്ടു്. ഇതു് മാറണം. പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശിക ഉല്പാദന വ്യവസ്ഥയും ജനസമൂഹവും തമ്മിലുള്ള പാരസ്പര്യം ഉറപ്പാക്കിക്കൊണ്ടു് പൊതു മേഖലാ സ്ഥാപനങ്ങളുടെ ഭരണവും ഉല്പാദനവും ചരക്കുകളുടേയും സേവനങ്ങളുടേയും വിപണനവും കരുപ്പിടിപ്പിക്കാനുതകും വിധം വിവര വ്യവസ്ഥ സൃഷ്ടിക്കണം. ഉല്പന്നങ്ങളുടെ ഗുണമേന്മാമാനദണ്ഡങ്ങൾ രൂപീകരിക്കുക, ഗവേഷണ-വികസന പ്രവർത്തനങ്ങളിലേർപ്പെടുക, ആഭ്യന്തര സംരംഭകർക്കു് സാങ്കേതിക വിദ്യ പ്രദാനം ചെയ്യുക, അവയുടെ വൈദഗ്ദ്ധ്യനിലവാരം ഉയർത്തുക തുടങ്ങിയ കടമകൾ പൊതുമേഖലയും സഹകരണ മേഖലയും ഏറ്റെടുക്കണം.

ആഭ്യന്തര സമ്പത്തുല്പാദനത്തിന്റെ നിശ്ചിത ശതമാനവും കേരളത്തിലേയ്ക്കൊഴുകുന്ന ഗൾഫു് പണവും കയറ്റുമതി വരുമാനവുമടക്കം വിദേശ വരുമാനത്തിൽ ഏറിയ പങ്കും പൊതു-സഹകരണ മേഖലാ വ്യവസായങ്ങളിൽ നിക്ഷേപമാക്കി മാറ്റപ്പെടത്തക്ക വിധം ആഭ്യന്തര ഉല്പാദനമേഖലയുടെ ആസൂത്രണം നടത്താനും പൊതുമേഖലാ സ്ഥാപന മാനേജ്മെന്റു് വിവര വ്യവസ്ഥയും പ്രാദേശീകാസൂത്രണ വ്യവസ്ഥയും സമന്വയിപ്പിക്കുന്നതിലൂടെ കഴിയും. ഗൾഫ് ജോലി കഴിഞ്ഞു് തിരിച്ചെത്തുന്നവരുടേയും വിവര സാങ്കേതിക പ്രൊഫഷണലുകളുടേയും സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. അവയെ പരമ്പരാഗത വ്യവസായങ്ങളുമായും കാർഷികാധിഷ്ഠിത വ്യവസായ സംരംഭകരുമായും ശൃംഖലയിൽ ബന്ധിപ്പിക്കണം. കാർഷികോല്പങ്ങളുടേയും പരമ്പരാഗത ഉല്പന്നങ്ങളുടേയും മൂല്യ വർദ്ധന നടത്തി ആഭ്യന്തര വിദേശ കമ്പോളം കണ്ടെത്തുന്നതിനും അത്തരത്തിൽ കേരളത്തിലെ അസംസ്കൃത പദാർത്ഥങ്ങളുടേയും വിഭവങ്ങളുടേയും പരമാവധി ഉയർന്ന മൂല്യവർദ്ധന ഉറപ്പാക്കാനും മിച്ചോല്പന്നങ്ങൾക്കു് വിദേശ കമ്പോളം കണ്ടെത്താനും അതനുസരിച്ചു് ഉല്പാദനം ക്രമീകരിക്കാനും അത്തരം ശൃംഖല കൊണ്ടു് കഴിയും. അതിനെല്ലാമുള്ള പശ്ചാത്തല വിവരങ്ങൾ വ്യവസായ മേഖലയുടെ മേല്പറഞ്ഞ വിവര വ്യവസ്ഥയിൽ ഉൾപ്പെടുത്തണം. സംസ്ഥാന സഹകരണ ശൃംഖല സഹകരണ സംഘങ്ങളെയെല്ലാം ശൃംഖലയിൽ ബന്ധിപ്പിക്കുക മാത്രമല്ല, അവയുടെ ആകെ പശ്ചാത്തല സൌകര്യം ഓരോ സംഘത്തിനും പ്രയോജനപ്പെടുത്താനും ഉൽഗ്രഥിത ശൃംഖല കൊണ്ടു് കഴിയും. സഹകരണ മേഖലയുടെ തനിമ ഓരോ സംഘത്തിനും അതിലംഗങ്ങളായ ജനങ്ങളുടെ താല്പര്യം സംരക്ഷിച്ചു് കൊണ്ടു് അവർക്കു് നയവും നിലപാടുകളും തീരുമാനങ്ങളും എടുക്കാമെന്നതും അവ പ്രാവർത്തികമാക്കാമെന്നതുമാണു്. മൂലധന കുത്തകകളുടെ പണ സ്വാധീനത്തിനു് വഴങ്ങേണ്ടി വരില്ല എന്നതാണു്. ഓരോ സംഘത്തിന്റേയും അംഗങ്ങളുടെ തനത് താല്പര്യം സംരക്ഷിക്കും വിധം അത്തരം എല്ലാ മേന്മകളും നിലനിർത്തിക്കൊണ്ടു് തന്നെ സഹകരണ ശൃംഖല സ്ഥാപിച്ചു് ഓരോ സഹകരണ സംഘവും സ്വന്തം പരിമിതമായ വിഭവം കൊണ്ടു് സ്ഥാപിച്ച പശ്ചാത്തല സൌകര്യങ്ങൾ സംസ്ഥാന വ്യാപകമായി ബന്ധിപ്പിക്കുന്നതിലൂടെ വലിയ കോർപ്പറേറ്റു് സ്ഥാപനത്തിന് പോലും അചിന്ത്യമായ അളവിൽ വമ്പിച്ച സൌകര്യം ഓരോ സംഘത്തിനും ഉപയോഗിക്കാം. അത്തരത്തിൽ സാമൂഹ്യ കൂട്ടായ്മകളുടെ ശൃംഖലയിലൂടെ കോർപ്പറേറ്റുകളുടെ ചൂഷണത്തെ ചെറുക്കാനുള്ള സാങ്കേതികോപാധി സൃഷ്ടിച്ചു് തദ്ദേശീയ ജനവിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ കഴിയുമെന്നു് ചുരുക്കം. തൊഴിൽ, വരുമാനം : സ്ത്രീകളടക്കം അദ്ധ്വാനശേഷിയുള്ളവർക്കെല്ലാം സമൂഹ നിർമ്മിതിയിൽ പങ്കാളിത്തവും ജീവിക്കാനാവശ്യമായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതു് കേരള വികസനത്തിന്റെ അവിഭാജ്യ ഘടകമാണു്. ഈ ലക്ഷ്യത്തോടെ കാർഷിക വ്യവസായ സേവന മേഖലകളുടെ ഉൽഗ്രഥിതമായ ആസൂത്രണത്തിനായും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും തൊഴിൽ ശേഷിയുടെ വിനിയോഗ സാധ്യതയും വരുമാനവും വർദ്ധിപ്പിക്കാനായും സൃഷ്ടിക്കപ്പെട്ട വിവര വ്യവസ്ഥ ഉപയോഗിക്കപ്പെടണം. പ്രൊഫഷണൽ വൈദഗ്ദ്ധ്യവും പ്രവൃത്തി പരിചയവും അഭിരുചിയും വിഭവ ശേഷിയും പരിഗണിച്ചാവണം തൊഴിലും വരുമാന മാർഗ്ഗങ്ങളും നിർണ്ണയിക്കപ്പെടേണ്ടതു്. ഇത്തരം നിർണ്ണയ മാനദണ്ഡങ്ങൾ സുതാര്യമാവണം, ആർക്കും പരിശോധിക്കാനും വിലയിരുത്താനും ചോദ്യം ചെയ്യാനും കഴിയുന്നതുമാകണം. ഇതിനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ പ്രയോഗം വ്യാപകമാക്കപ്പെടണം. വിഭിന്ന ശേഷിയുള്ളവർക്കു് അതിനനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കപ്പെടണം. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കാനും സ്ത്രീകളടക്കം പിന്നോക്കം നില്കുന്ന എല്ലാവരേയും പൊതു ധാരയിലെത്തിക്കാനും വേണ്ടി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനായും അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിന്റേയും പൊതു സാമൂഹ്യക്ഷേമത്തിന്റേയും ഭാഗമായും ഉല്പാദനത്തിലും സേവന സമയത്തിലും കുറവുണ്ടാകാതെ തന്നെ അവശ്യ വരുമാനത്തിനായുള്ള തൊഴിൽ സമയം കുറച്ചു് കൊണ്ടു് വന്നു് സമയബന്ധിതമായി 4 മണിക്കൂറായി നിജപ്പെടുത്താനും ഈ വിവര വ്യവസ്ഥ പ്രവർത്തന ക്ഷമമാകുന്നതോടെ കഴിയും. സ്ഥാപനത്തിന്റേയോ ഓഫീസിന്റേയോ പ്രവൃത്തി സമയം ഉല്പാദനത്തിന്റേയും നിർമ്മാണത്തിന്റേയും സേവനത്തിന്റേയും ആവശ്യാനുസരണം നിജപ്പെടുത്തുകയും കൈകാര്യം ചെയ്യുന്നവർ ഷിഫ്റ്റു് അടിസ്ഥാനത്തിൽ പണിയെടുക്കുകയും ചെയ്യുന്ന തരത്തിൽ ക്രമീകരിക്കപ്പെടണം. അദ്ധ്വാനിക്കുന്നവർക്കെല്ലാം മാന്യമായ കൂലി ഉറപ്പാക്കപ്പെടും വിധം കൂലി നിലവാരം നിർണ്ണയിക്കുന്നതിനും സമൂഹത്തിനു് പൊതുവെ സ്വീകാര്യമായ ഒരു വില-കൂലി അനുപാതം കണ്ടെത്തുന്നതിനും ഈ സമഗ്ര വിവര ശേഖരം ഉപകരിക്കും. പൊതു വിദ്യാഭ്യാസ മേഖലയുടെ വ്യാപനം, ശാക്തീകരണം : വിവര സാങ്കേതിക വിദ്യയുടെ യുക്തവും വ്യാപകമായ പ്രയോഗത്തിലൂടെ സമൂഹത്തിന്റെ വിജ്ഞാനാർജ്ജനവും ശാസ്ത്ര-സാങ്കേതിക സ്വാംശീകരണവും മെച്ചപ്പെടുത്താനായി മാതൃ ഭാഷയിൽ ഏതു് തലം വരേയും വിദ്യാഭ്യാസം ചെയ്യാനുള്ള സൌകര്യം ഉറപ്പാക്കാം. ഏതു് പിന്നോക്ക പ്രാദേശത്തുള്ള സ്കൂളുകളിലും ഗുണമേന്മയുള്ള സാർവ്വത്രിക വിദ്യാഭ്യാസം ഉറപ്പാക്കാം. നിലവിൽ നടക്കുന്ന അമൂർത്തമായ വിജ്ഞാന പകർച്ചയ്ക്കു് പകരം മൂർത്തമായ ധാരണകൾ പഠിതാക്കൾക്കു് ലഭിക്കും വിധം പാഠ്യ പദ്ധതി പുനരാവിഷ്കരിക്കുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പ്രാഥമിക തലം മുതൽ യഥാതഥമായ ചുറ്റുപാടുകളിൽ അറിവു് ലഭ്യമാക്കാനാവശ്യമായ ക്ലാസ് മുറികളും ലാബുകളും പ്രകൃതിദത്തമോ സൃഷ്ടിക്കപ്പെടുന്നതോ ആയ പ്രകൃതി പഠനകേന്ദ്രങ്ങളും കൂട്ടായ ഉപയോഗത്തിനായി മേഖലാടിസ്ഥാനത്തിൽ ഒരുക്കപ്പെടണം. വർഷത്തേയ്ക്കു് എല്ലാ സ്കൂളുകൾക്കും സമയക്രമം നിശ്ചയിച്ചു് മേൽ സൌകര്യങ്ങൾ പങ്കിട്ടുപയോഗിക്കാനുള്ള സൌകര്യമൊരുക്കപ്പെടണം. വിദ്യാഭ്യാസത്തിനാവശ്യമായ ഭൌതികവും വൈജ്ഞാനികവുമായ പശ്ചാത്തല വിഭവങ്ങളും സൌകര്യങ്ങളുമെല്ലാം ശൃംഖലയിൽ ഏതു് വിദ്യാഭ്യാസ സ്ഥാപനത്തിനും ലഭ്യമാക്കണം. വിദ്യാഭ്യാസഘട്ടത്തിൽ തൊഴിൽ പരിശീലനത്തിലൂടെയും ഗവേഷണത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന ഭൌതികവും വൈജ്ഞാനികവുമായ ഫലങ്ങൾ സാമൂഹ്യ സമ്പത്തിന്റെ വികാസത്തിനായി ഉപയോഗപ്പെടുത്താനാവും വിധം വിദ്യാഭ്യാസ വിവര-വിജ്ഞാന സംഭരണി ക്രമീകരിക്കപ്പെടണം. അതുപയോഗിച്ചു് തനിയെ പഠിക്കാൻ വിദ്യാർത്ഥികളേയും അവരുടെ സഹായികളായി മാറാൻ അദ്ധ്യാപകരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അതു് പ്രാപ്തരാക്കും. അദ്ധ്യാപകരുടേയും സ്ഥാപനങ്ങളുടേയും നിലവിലുള്ള വിജ്ഞാന പരിമിതികൾ മൂലം വിദ്യാർത്ഥികളുടെ വിജ്ഞാനാർജ്ജന ത്വര അടിച്ചമർത്തപ്പെട്ടു് പോകാതിരിക്കാനും ഈ സംവിധാനം ഉപകരിക്കും. വിദ്യാഭ്യാസത്തിൽ തൊഴിൽ പരിശീലനത്തിനും ഗവേഷണത്തിനും ഊന്നലുണ്ടാകണം. അവരുടെ പരിശീലനത്തിന്റേയും ഗവേഷണത്തിന്റേയും അടിയന്തിര ഫലങ്ങളും ദീർഘകാല ഫല സാധ്യതകളും സാമൂഹ്യപുരോഗതിക്കായി ക്രോഡീകരിക്കാനും ഉപയോഗപ്പെടുത്താനുമുള്ള വിവര വ്യവസ്ഥ സൃഷ്ടിക്കപ്പെടണം. ഇത്തരത്തിൽ പുന സൃഷ്ടിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും സർവ്വ കലാശാലകളും വിദേശ സർവ്വ കലാശാലകളുടെ കടന്നാക്രമണത്തെ തടഞ്ഞു് നിർത്താനും തദ്ദേശീയ സംസ്കാരവും വിജ്ഞാനവും സ്വതന്ത്രമായി വളർന്നു് വികസിക്കും വിധവും സമൂഹത്തിന്റെ സമത്വാധിഷ്ഠിതമായ ജനാധിപത്യാഭിനിവേശവും സ്വാതന്ത്ര്യവും പരിരക്ഷിക്കും വിധവും വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ധർമ്മം നേടാനും ഗുണമേന്മ ഉയർത്താനും സഹായിക്കും.

എല്ലാവർക്കും ആരോഗ്യം : രോഗ ചികിത്സാ സംവിധാനം കാര്യക്ഷമവും വ്യാപകവുമാക്കുന്നതോടൊപ്പം തന്നെ രോഗ പ്രതിരോധത്തിലും രോഗകാരണങ്ങൾ ഒഴിവാക്കുന്നതിലും ഊന്നിയ ഒന്നായി ആരോഗ്യ പരിരക്ഷാ വ്യവസ്ഥയെ മാറ്റാനായി വിവര സാങ്കേതിക വിദ്യ പ്രയോഗിക്കാം. ശരിയായ രോഗ പരിചരണ-പ്രതിരോധ-നിവാരണ-പരിഹാര-ആശ്വാസ മാർഗ്ഗങ്ങളടങ്ങുന്ന ആരോഗ്യവിജ്ഞാനം ജനങ്ങൾക്കാകെ ലഭ്യമാക്കുകയും അവ പൊതു പാഠ്യ പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യണം. ആരോഗ്യ വിജ്ഞാന വ്യാപനത്തിനും ഈ വിഷയത്തിൽ ഔപചാരിക-അനൌപചാരിക വിദ്യാഭ്യാസത്തിനും വിവര സാങ്കേതിക വിദ്യയുടെ സഹായം വേണ്ടുവോളം ഉപയോഗപ്പെടുത്തണം. ഉപയോഗിക്കപ്പെടുന്ന മരുന്നുകളുടേയും സാങ്കേതികോപാധികളുടേയും വിവരങ്ങൾ സമൂഹത്തിനു് ലഭ്യമാക്കണം.

ആരോഗ്യ സംരക്ഷണ നയം രൂപീകരിക്കുന്നതിനും അതനുസരിച്ചുള്ള പരിപാടികൾ നടപ്പാക്കുന്നതിനും വിവര വിനിമയ ശൃംഖല ഉപയോഗിക്കാം. ശുദ്ധവായു, ശുദ്ധജലം, പോഷക സമൃദ്ധമായ ഭക്ഷണം, അദ്ധ്വാനം, വ്യായാമം, വിശ്രമം, ഉല്ലാസം എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്കെത്തിക്കാൻ ഇതുപയോഗിക്കാം. പരിസര മലീനീകരണവും വ്യവസായ മലിനീകരണവും പ്രത്യേക ശ്രദ്ധ നൽകി ഒഴിവാക്കേണ്ടതിനായി സമൂഹത്തിന്റെ മേൽനോട്ടം ഉപയോഗിക്കാനും ബന്ധപ്പെട്ട വിവരങ്ങൾ ശൃംഖലയിൽ ലഭ്യമാക്കുന്നതിലൂടെ കഴിയും. ഖന മാലിന്യങ്ങളും ദ്രവ മാലിന്യങ്ങളും യുക്തമായ സംസ്കരണ രീതികൾക്കായി സ്രോതസുകളിൽ തന്നെ തരംതിരിച്ചു് പരമാവധി പ്രാദേശികമായും സാധ്യാമാകാത്തിടങ്ങളിൽ മാത്രം കേന്ദ്രീകൃതമായും സംസ്കരിച്ചു് കൊണ്ടു് ആ പ്രശ്ന പരിഹാരത്തിനുള്ള പശ്ചാത്തല സൌകര്യം ഒരുക്കാനും അവ മാനേജ് ചെയ്യാനും ശൃംഖല ഉപയോഗിക്കണം. അന്തരീക്ഷ മലീനീകരണം നിയന്ത്രിച്ചു് വായുവിൽ ഓക്സിജന്റെ ശരിയായ ചേരുവ ഉറപ്പു് വരുത്തുകയടക്കം ആരോഗ്യത്തിന്റെ ഉപാധികൾ ഉറപ്പു് വരുത്താൻ സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ ഉപാധിയായി വിവര വിനിമയ ശൃംഖല മാറണം.

സാമൂഹ്യ ക്ഷേമം : ആദിവാസികളുടെ വിവരം അവരുടെ ജീവിത രീതികളും അവരിഷ്ടപ്പെടുന്ന സാഹചര്യങ്ങളും അടക്കം ശേഖരിച്ചു് സംഭരിച്ചു് അവർക്കാവശ്യമായ ആസൂത്രണം നടത്താൻ മേല്പറഞ്ഞ വിധം സൌകര്യങ്ങളൊരുക്കണം. ആദിവാസി ഊരുകൾക്കു് പ്രത്യേകമായോ കൂട്ടായോ സാമൂഹ്യവിവര കേന്ദ്രം സ്ഥാപിക്കപ്പെടണം.

പട്ടികജാതി, പട്ടിക വർഗ്ഗം, വിഭിന്ന ശേഷിയുള്ളവർ തുടങ്ങിയ പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങൾക്കു് അവരുടെ സവിശേഷ പ്രശ്നങ്ങളുടെ വിവരങ്ങളും കൂടി സംഭരിച്ചു് മേല്പറഞ്ഞ വിധം ആസൂത്രണം നടത്തണം.

അനാരോഗ്യം കൊണ്ടു് പണിയെടുക്കാനാവാത്തവർക്കും പ്രായമായവർക്കും പെൻഷനും പരിചരണവും ഉറപ്പാക്കപ്പെടുന്നതിനായി അവരുമായി ബന്ധപ്പെട്ട സവിശേഷ വിവരങ്ങളടക്കം സംഭരിക്കപ്പെടുകയും അവരുടെ പ്രശ്നങ്ങൾക്കു് പരിഹാരം ആസൂത്രണം ചെയ്യപ്പെടുകയും വേണം. അവരുടെ കഴിവുകൾ സാമൂഹത്തിന്റെ പൊതു അഭിവൃദ്ധിക്കായി ഉപയോഗിക്കാനുള്ള സാമൂഹ്യ സംവിധാനങ്ങൾ ഒരുക്കാനും അവരുടെ വിവരങ്ങൾ ഉപയോഗിക്കപ്പെടണം. പ്രാദേശീകാസൂത്രണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി അവരുടെ പ്രശ്നങ്ങൾക്കു് പരിഹാരം കാണുകയും പ്രാദേശികാസൂത്രണത്തിന്റെ വ്യാപ്തിയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാനായി അവരുടെ സേവനം ഉപയോഗപ്പെടുത്തുകയുമാവാം.

ഉല്പാദനോപാധികളുടെ ഫലപ്രദമായ വിനിയോഗം : ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയുടേയും ഇതര ഉല്പാദനോപാധികളുടേയും സമഗ്രമായ വിവര ശേഖരം സൃഷ്ടിക്കണം. അതുപയോഗിച്ചു് സമൂഹ്യാവശ്യങ്ങൾ നിറവേറ്റാനുതകുന്ന ഉല്പാദന പ്രവർത്തനങ്ങൾക്കു് പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടണം. അവ ദീർഘകാല പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കാനും ഉല്പാദനോപാധികളില്ലാത്ത ആവശ്യക്കാർക്കു് സാമൂഹ്യാവശ്യങ്ങൾ പരിഗണിച്ചു് നിർണ്ണയിക്കപ്പെടുന്ന മുൻഗണാനാടിസ്ഥാനത്തിൽ ഉപയോഗാവകാശം വീതിച്ചു് നൽകാനും ആവശ്യമായ നിയമ നിർമ്മാണം പരിഗണിക്കപ്പെടണം. വിവരസംഭരണി സൃഷ്ടിച്ചു് അതുപയോഗിച്ചു് ഇക്കാര്യങ്ങൾ സുതാര്യമായി നടപ്പാക്കപ്പെടണം.

ആസൂത്രണ-നടത്തിപ്പു്-പരിശോധനാ സംവിധാനം : സമ്പത്തുല്പാദനത്തിന്റേയും വിതരണത്തിന്റേയും ഉപഭോഗത്തിന്റേയും അവയുടെ ബഹുമുഖമായ പശ്ചാത്തല സൌകര്യങ്ങളും ആസൂത്രണ-നിർവ്വഹണ-പരിശോധന പ്രക്രിയകളും ഫലപ്രാപ്തിയും അവയുടെ വിനിയോഗവും ഉപഭോഗവും അടക്കം വിവിധങ്ങളായ ഘടകങ്ങളുടേയും സമഗ്രമായ ആസൂത്രണവും നിർവ്വഹണവും മേൽനോട്ടവും പരിശോധനയും കാലാനുസൃതമായ പരിഷ്കരണവും നടത്താനും അതിനാവശ്യമായ വ്യവസ്ഥ രൂപപ്പെടുത്താനുമുള്ള ഉത്തരവാദിത്വം പ്രാദേശിക കൂട്ടായമകൾ മുതൽ മേലോട്ടു് തദ്ദേശ സ്വയംഭരണം, ജില്ല,സംസ്ഥാനം തുടങ്ങിയ തലങ്ങളിൽ ജനാധിപത്യപരമായി കേന്ദ്രീകരിക്കുന്നതിനു് മേല്പറഞ്ഞവിധം സൃഷ്ടിക്കപ്പെടുന്ന വിവര സംഭരണികൾക്കു് അനുയോജ്യമായ ശൃംഖലാബന്ധങ്ങൾ സ്ഥാപിക്കപ്പെടണം.

സമഗ്രമായ ആസൂത്രണം : വിവിധ മേഖലകൾക്കായി നിർദ്ദേശിക്കപ്പെട്ട ശൃംഖലാ സംവിധാനം ഉപയോഗിച്ചു് കമ്പോളത്തിന്റെ സമഗ്രമായ ആസൂത്രണം നിലവിലുള്ള ഭരണ സംവിധാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്കു് വിധേയമായി സമൂഹത്തിനു് കൈവരിക്കാനാവും. എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയുള്ള ആസൂത്രണ സംവിധാനം നിലവിൽ കൊണ്ടുവരാം. സമൂഹത്തിന്റെ ജീവിതാവശ്യങ്ങളും വിഭവങ്ങളുടെ ലഭ്യതയും തമ്മിൽ പൊരുത്തപ്പെടുത്താൻ അതു് ഉപയോഗിക്കാം. കമ്പോളം സ്വതന്ത്രമായി പ്രവർത്തിക്കും. അതിലൂടെ പൊതുവായി ഉല്പാദനവും വിനിമയവും ഉപഭോഗവും നടക്കും. അവ തുടർച്ചയായ നിരീക്ഷണത്തിനു് വിധേയമാക്കാം. അതിലെ വിടവുകളും കുറവുകളും പരിഹരിക്കാനായി സാമൂഹ്യോടമസ്ഥതയിലുള്ള പൊതു സംവിധാനങ്ങളിലൂടെ ഉല്പാദനം ക്രമീകരിക്കണം. ഉല്പാദനത്തിലെ കുറവു് നികത്താൻ പുറമേ നിന്നുള്ള ഇറക്കുമതി പ്രോത്സാഹിപ്പിക്കണം. ആവശ്യമെങ്കിൽ നേരിട്ടുള്ള സംഭരണം നടത്തണം. പൊതു വിതരണ സംവിധാനം വ്യാപകമാക്കപ്പെടണം. ആവശ്യവും ലഭ്യതയും തമ്മിലുള്ള പാരസ്പര്യം സമൂഹത്തിന്റെ ക്ഷേമ താല്പര്യം പരിസ്ഥിതി സംരക്ഷണം വിഭവാസൂത്രണം തുടങ്ങിയവയുടെ യുക്തമായ മാനദണ്ഡങ്ങൾക്കനുസരിച്ചു് വിവിധ തലങ്ങളിലുള്ള സാമൂഹ്യ മേൽനോട്ടത്തിൽ നിയന്ത്രിക്കാൻ മേല്പറഞ്ഞ സമഗ്ര വിവര വിനിമയ ശൃംഖല ഉപയോഗിക്കാം. ഏവർക്കും ഇവയുടെ മാനദണ്ഡങ്ങളും വിവരങ്ങളും ഏതു് സമയത്തും ലഭ്യമായിരിക്കാം. പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കപ്പെടുകയും സമയബന്ധിതമായി പരിഗണിക്കുകയും ചെയ്യാം.

കമ്പോളം സമൂഹ നിയന്ത്രണത്തിൽ : നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കമ്പോളത്തിന്റെ പ്രവർത്തനങ്ങളെ അതിന്റെ വഴിക്കു് നടക്കാനനുവദിക്കുകയും ആവശ്യത്തിന്റേയും ലഭ്യതയുടേയും സമഗ്രമായ ആസൂത്രണത്തിലൂടെ സമൂഹ താല്പര്യം സംരക്ഷിക്കുകയും ചെയ്യാം. നാളിതു് വരെ സമൂഹത്തിനു് പരിചയമുള്ള കേന്ദ്രീകൃതാസൂത്രണത്തിനു് പകരം സമഗ്രാസൂത്രണം ഏർപ്പെടുത്തുന്നതിലൂടെ ഏതെങ്കിലും ഒരു വ്യക്തിയുടേയോ വകുപ്പിന്റേയോ സ്ഥാപനത്തിന്റേയോ മേഖലയുടേയോ മേധാവിത്വം സമൂഹത്തിനു് മേൽ അടിച്ചേല്പിക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കാം. പരിശോധനയാകട്ടെ ആർക്കും ഏതു് തലത്തിലും ചെയ്യാനുമാവും. ഇത്തരം ആസൂത്രണത്തിനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതു് വിപുലമായ ജനകീയ കൂട്ടായ്മകളിൽ നടത്തുന്ന ചർച്ചകളിലൂടെയായിരിക്കുണം. അവ വിവര വിനിമയ ശൃംഖലയുടെ ഘടനയിൽ ഉൾച്ചേർത്തു് നടപ്പാക്കുന്നതു് തെരഞ്ഞെടുക്കപ്പെട്ട സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കണം. അവയിൽ നിരന്തരമായ പരിശോധനയും ആവശ്യമായ മാറ്റവും വരുത്തിക്കൊണ്ടേയിരിക്കാം.

സമൂഹതാല്പര്യം : ഈ പദ്ധതിയും പരിപാടിയും നടപ്പാക്കപ്പെടുന്നതിലൂടെ ആർക്കും ന്യായമായ ഒരു പരാതിയും ഉണ്ടാകേണ്ടതില്ല. കുത്തകകളുടെ അമിത ലാഭം മാത്രമാണു് കുറവുണ്ടാകുക. കുത്തകേതര വിഭാഗങ്ങൾക്കു് യാതൊരു കോട്ടവും വരില്ല, നേട്ടമുണ്ടാകുകയും ചെയ്യും : കൃഷിക്കാർ, സ്വയം തൊഴിൽ സംരംഭകർ, ചെറുകിട സംരംഭകർ, ഇടത്തരം സംരംഭകർ, പൊതു ഉടമയിലുള്ള സംരംഭങ്ങൾ, സഹകരണ മേഖല എന്നിങ്ങനെ സമ്പത്തുല്ലാദനത്തിലും വിതരണത്തിലും വിനിമയത്തിലും ഏർപ്പെടുന്ന എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെടും.

വിഭവോപയോഗം സാമൂഹ്യക്ഷേമത്തിനു് : ഉപയോഗിക്കപ്പെടാതെ കിടക്കുന്ന എല്ലാ വിഭവങ്ങളും ആവശ്യാനുസരണം ഉപയോഗിക്കപ്പെടേണ്ടതുണ്ടെങ്കിൽ അവ പുതിയ സംരംഭകരെ ഏല്പിക്കാം. അതു് സ്വയം തൊഴിൽ സംരംഭകരോ ചെറുകൂട്ടായ്മകളോ സഹകരണ സംരംഭങ്ങളോ ചെറുകിട ഇടത്തരം സംരംഭകരോ മുൻഗണനയുടെ അടിസ്ഥാനത്തിൽ പൊതു സംരംഭങ്ങളോ മാത്രമായിരിക്കും. ഭൂമിയുടേയും ഇതര വിഭവങ്ങളുടേയും ഉപയോഗാവകാശം നിലവിലുള്ളവർ വിനിയോഗിക്കുന്നിടത്തോളം അവരുടെ പക്കൽ തന്നെ തുടരണം.

പൊതു മരാമത്തു് : പൊതുമരാമത്തു് പണികളുടെ മാനദണ്ഡങ്ങളും നിയമാവലിയും നിരക്കുകളും ഇതര സാങ്കേതിക വിശദാംശങ്ങളടക്കം അവയുടെ വിവര-വിജ്ഞാന ശേഖരം സൃഷ്ടിക്കപ്പെടണം. ശൃംഖലയിൽ ലഭ്യമാക്കണം. അവ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും മേലധികാരികൾക്കും പരിശോധകർക്കും മാത്രമല്ല, പൊതു ജനങ്ങൾക്കും കാണാനും മനസിലാക്കാനും പരിശോധിക്കാനുമുള്ള സൌകര്യം ഉണ്ടായിരിക്കണം. ഇത്തരം പൊതു വിജ്ഞാന ശേഖരം പൊതു മരാമത്തു് പണികളിൽ ഗണ്യമായ ഒരു പങ്കു് അതതു് മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സഹകരണ സംഘങ്ങളിലൂടെ കരാറടിസ്ഥാനത്തിൽ നടത്തുന്നതിനു് ഉപകരിക്കും. പ്രാദേശികമായി അത്തരം സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗുണ മേന്മാ നിലവാരത്തിന്റെ മാനദണ്ഡം നിലനിർത്തുമെന്നുള്ള ഉറപ്പിനു് വിധേയമായി ബാക്കി പണികൾ സ്വകാര്യ സ്വയംതൊഴിൽ-ചെറുകിട-ഇടത്തരം കരാറുകാരെ ഏല്പിക്കുമ്പോൾ മൊത്തത്തിൽ പൊതുമാരമത്തു് പണികളുടെ ഗുണ മേന്മയും പൊതു വിഭവങ്ങളുടെ വിനിയോഗത്തിന്റെ ഫലപ്രാപ്തിയും പ്രാദേശിക തൊഴിൽ വൈദഗ്ദ്ധ്യവും ഉയർത്താനും സാങ്കേതിക-വിജ്ഞാന സ്വാംശീകരണത്തിനും ഇതു് സഹായിക്കും. സാങ്കേതികവും ഭരണപരവുമായ എല്ലാ പ്രക്രിയകളിലും വിവര സംഭരണി വ്യാപകമായി ഉപയോഗിക്കപ്പെടണം. ടുറിസം : സമഗ്ര വിവര വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടു് കഴിഞ്ഞാൽ ടൂറിസം വികസിപ്പിക്കാനയും അതു് പ്രയോഗിക്കാം. നിലവിൽ ലഭ്യമായ ടൂറിസ കേന്ദ്രങ്ങളുടേയും പശ്ചാത്തല സൌകര്യങ്ങളുടേയും താമസ-ഭക്ഷണ സൌകര്യങ്ങളുടേയും വിവരം താല്പര്യമുള്ള ആർക്കും ഓൺലൈൻ ലഭ്യമാക്കാം. മാത്രമല്ല, പരിസ്ഥി തി നാശം കൂടാതെയും പരിസ്ഥി സംരക്ഷിച്ചും മെച്ചപ്പെടുത്തിയും കേരളത്തിലെ പ്രകൃതിയുടെ വരദാനങ്ങളായ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും കടൽ തീരങ്ങളും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ, ലോകത്തെവിടെ പോകുന്നതിലും കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിലെത്തും. വൃത്തിയും നിലവിലുള്ള സൌകര്യങ്ങളുടെ വിവരവും മാത്രം ലഭ്യമാക്കിയാൽ മതി.

വിനോദ വ്യവസായം : ഐടിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മേഖലയാണു് വിനോദ വ്യവസായം. ഇതിനു് പല മാനങ്ങളുണ്ടു്. ടുറിസവുമായി ബന്ധപ്പെടുത്തി നമ്മുടെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ മെച്ചപ്പെട്ട ആവിഷ്കാര-ആസ്വാദന-വ്യാപന സാധ്യതകൾക്കായി ഐടി ഉപയോഗിക്കാം. പുതിയ കലാരൂപങ്ങൾ അവയുടെ വിവിധ ചേരുവകളിലൂടെ സൃഷ്ടിക്കാം. നമ്മുടെ സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ടും സ്വീകാര്യമായ പുതിയവ സ്വാംശീകരിച്ചു് കൊണ്ടും വിവര വിനിമയ ശൃംഖലയുടെ ദൃശ്യ-സ്രാവ്യ മാധ്യമ സാധ്യത ഉപയോഗപ്പെടുത്തിയും ചുരുങ്ങിയ ചെലവിലുള്ള വിർച്വൽ വിനോദോപാധികളും സാധ്യമാണു്.

സേവനങ്ങൾ : ഏതു് സേവനവും സാധ്യമായേടത്തോളം വേഗത്തിൽ നൽകുന്നതിനു് വിവര വിനിമയ ശൃംഖലയിലൂടെ കഴിയും. സേവന പ്രദാനം മാതൃഭാഷയിലോ അഥവാ ഗുണഭോക്താവു് തിരഞ്ഞെടുക്കുന്ന ഭാഷയിലോ ആയിരിക്കണം. പ്രാഥമിക വിവരങ്ങളടങ്ങിയ വിവര വിനിമയ ശൃംഖലയിൽ സർക്കാർ പ്രവർത്തനങ്ങളുടെ പ്രക്രിയകളെല്ലാം തത്സമയം നിർവ്വഹിക്കപ്പെടുമ്പോൾ സേവനങ്ങളും തത്സമയം ലഭ്യമായിരിക്കും. അവ ഗുണഭോക്താക്കൾക്കെത്തിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിച്ചാൽ മതിയാകും. ശൃംഖല വഴി കമ്പ്യൂട്ടറുകളിലേയ്ക്കും മൊബൈൽ ഫോണിലേയ്ക്കും വിവരാധിഷ്ഠിത സേവനങ്ങളെത്തിക്കാം. മറ്റുള്ള സേവന ലഭ്യതയുടെ വിവരം അത്തരിത്തിലെത്തിക്കാം. സ്വന്തമായി ഉപകരണങ്ങളോ ശൃംഖലാബന്ധ സൌകര്യമോ ഇല്ലാത്തവർക്കു് നിലവിലുള്ള അക്ഷയ സംരംഭങ്ങളും ഗ്രാമ തലത്തിലുള്ള ജനങ്ങളുടെ സ്വയം കൂട്ടായ്മകളായി സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ വിജ്ഞാന കേന്ദ്രങ്ങളും ഫലപ്രദമായി ഉപയോഗിച്ചാൽ മതിയാകും. . വിവരങ്ങളുടെ ആവർത്തിപ്പും വിഭവ ദുരുപയോഗവും ഉപയോഗമില്ലായ്മയും ഒഴിവാക്കപ്പെടണം. തീരുമാനമെടുക്കുന്നവർക്കും അധികാരികൾക്കും വിദഗ്ദ്ധർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആവശ്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കാം. അവയും സാധ്യമായേടത്തോളം നേരിട്ടു് ശൃംഖലയിലും ലഭ്യമാക്കപ്പെടണം. ഇതനുസരിച്ചു് സേവനാവകാശ രേഖ രൂപപ്പെടുത്തപ്പെടണം.

പരാതിപരാഹാരം, അഭിപ്രായരൂപീകരണം : പരാതികളും നിർദ്ദേശങ്ങളും തത്സമയം കൈകാര്യം ചെയ്യാനും പരാതികൾക്കെല്ലാം യുക്തമായ പരിഹാരമോ മറുപടിയോ നല്കാനും. നിർദ്ദേശങ്ങൾ പരിഗണിച്ചു് യുക്തമായവ അംഗീകരിക്കാനും മറുപടി നൽകാനും മേല്പറഞ്ഞ പ്രകാരം സൃഷ്ടിക്കപ്പെട്ട ശൃംഖല ഉപകരിക്കും.

തത്സമയ വോട്ടെടുപ്പു് : ജനങ്ങളുടെ അഭിപ്രായം അറിയേണ്ട കാര്യങ്ങളിൽ ശൃംഖലയിൽ വോട്ടെടുപ്പോ അഭിപ്രായസമാഹരണമോ ചർച്ചയോ ആവശ്യാനുസരണം സംഘടിപ്പിക്കാനും കഴിയും. ഉദ്യോഗസ്ഥരുടേയും വിദഗ്ദ്ധരുടേയും ജനപ്രതിനിധികളുടേയും തെരഞ്ഞെടുപ്പു് ശൃംഖലയിൽ തത്സമയം നടത്താം. ഇതു് ആവാസ കേന്ദ്രാടിസ്ഥാനത്തിലും വിവിധ മേഖലാടിസ്ഥാനത്തിലുമുള്ള പ്രാദേശിക കൂട്ടായ്മകളുടെ നിർദ്ദേശത്തിന്മേലും മേൽ നോട്ടത്തിലും പരിശോധനയിലും ആണു് നടത്തപ്പെടേണ്ടതു്. അറിയാൻ താല്പര്യം കാണിക്കുന്നവരും ശ്രമിക്കുന്നവരുമായ ആരും ഒന്നും അറിയാതെ പോകില്ലെന്നുറപ്പാക്കാം.

ജന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രവർത്തന പരിശോധന : ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രവർത്തനങ്ങളും അവരുടെ കാര്യക്ഷമതയും നേട്ടങ്ങളും കോട്ടങ്ങളും പരിശോധിക്കാനും വിലയിരുത്താനും അവരുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ശൃംഖലയിൽ ലഭ്യമാക്കപ്പെടണം. അവർക്കെതിരെ പരാതികൾ സമർപ്പിക്കാനും ശിക്ഷാ നടപടികളെടുക്കുന്നതിനും ശൃംഖലയിൽ യുക്തമായ മാനദണ്ഡങ്ങൾക്കനുസരിച്ചു് ക്രമീകരണങ്ങൾ നടത്താം. ബന്ധപ്പെട്ട ആർക്കും നിർദ്ദേശങ്ങൾ ഉന്നയിക്കാനും ഉന്നയിക്കപ്പെട്ടവ ചർച്ചയ്ക്കെടുക്കാനും വോട്ടിനിട്ടു് തത്സമയം തീരുമാനിക്കാനും സൌകര്യമൊരുക്കുകയുമാകാം.

ജനകീയ മേൽനോട്ടം : ക്രമസമാധാന പാലനമടക്കം വിവിധ ഭരണ വകുപ്പുകളുടേയും പൊതു മേഖലാ സ്ഥാപനങ്ങളുടേയും പ്രവർത്തനം പരിശോധിക്കാനും നിരന്തരമായ മേൽനോട്ടം ഉറപ്പാക്കാനും ഇതേ ശൃംഖല ഉപയോഗിക്കാം. പ്രാദേശിക സമൂഹത്തിന്റെ നിരന്തരമായ മേൽനോട്ടവും നിയന്ത്രണവും കൊണ്ടുവരാനാവശ്യമായ വിധത്തിൽ ബന്ധപ്പെട്ട വിവരങ്ങൾ ശൃംഖലയിൽ ലഭ്യമാക്കപ്പെടണം. അവ പരിശോധിച്ചു് യുക്തമായ നിർദ്ദേശങ്ങളോ പരാതികളോ ഉന്നയിക്കാനും അത്തരത്തിൽ ഭരണം നിരന്തരം ജനങ്ങളുടെ പരിശോധനയ്ക്കു് വിധേയമാക്കാനും അതിലൂടെ പങ്കാളിത്ത ജനാധിപത്യത്തിന്റെ ഉയർന്ന തലങ്ങളിലേയ്ക്കു് നീങ്ങാനും കഴിയും.

സംസ്കാരം : അന്യഭാഷാ വിദ്യാഭ്യാസത്തിലൂടെയും മാതൃഭാഷയോടുള്ള അവഗണനയിലൂടെയും ദൃശ്യ-സ്രാവ്യ മാധ്യമങ്ങളിലൂടെയും പുതു വിവര സാങ്കേതിക പ്രധാനമായ നവമാധ്യമങ്ങളിലൂടെയും നടന്നു് കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ താല്പര്യത്തിലുള്ള സാംസ്കാരികാധിനിവേശം തദ്ദേശീയ സംസ്കാരത്തെ വളരെയേറെ വികലമാക്കിയിരിക്കുന്ന സാഹചര്യത്തിനു് പരിഹാരം കാണാനും സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിക്കാം. തദ്ദേശീയ സാംസ്കാരിക രൂപങ്ങളുടെ ആവിഷ്കാര-വ്യാപന-ആസ്വാദന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക വിദ്യയുടെ ബോധപൂർവ്വമായ പ്രയോഗം വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടണം. സാമൂഹ്യമായി പ്രയോജനപ്രദമായ പ്രാദേശിക-പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കുന്നതിനും നവ വിജ്ഞാനാർജ്ജനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സ്വാംശീകരണത്തിനും സാമൂഹ്യ പുരോഗതിയ്ക്കും ക്ഷേമത്തിനും ഉതകുന്ന ഇതര സാംസ്കാരിക സരണികളുടെ സ്വാംശീകരണത്തിനും ഗവേഷണത്തിനും അവസരം ഒരുക്കപ്പെടുകയും സമൂഹത്തേയാകെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ശൃഖലയിൽ ജനങ്ങളേയും സാംസ്കാരിക കൂട്ടായ്മകളേയും കണ്ണിചേർക്കണം. വിവര സാങ്കേതിക വിദ്യയിലൂടെ തൊഴിൽ ഭാരത്തിലും തൊഴിൽ സമയത്തിലും ലഭിക്കുന്ന ഇളവു് അനൌപചാരിക വിദ്യാഭ്യാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും കൂടുതലായി സമയം വിനിയോഗിക്കാൻ ഉപയോഗിക്കപ്പെടണം. സാങ്കേതിക സ്വാംശീകരിണം, വൈദഗ്ദ്ധ്യപോഷണം : മേല്പറഞ്ഞ വിധം വിവര വിനിമയ സാങ്കേതിക വിദ്യയുടെ വ്യാപകമായ പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ വിവര സാങ്കേതിക വിദ്യയുടേയും വിവര വിനിമയ ശൃംഖലയുടേയും ഉപയോഗവും അവയുടെ ഉടമസ്ഥതയും സാമൂഹ്യമായി സ്വാംശീകരിക്കാനും വൈദഗ്ദ്ധ്യം ആർജ്ജിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾക്കു് തുടക്കമിടണം. ഭരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സാമൂഹ്യ സംഘടനകൾക്കും സ്വന്തം ശൃംഖലകൾ, വിവര സംഭരണികളും സെർവ്വറുകളുമടക്കം ശൃംഖലാ വിഭവങ്ങൾ, ഉപകരണങ്ങളുടെ പരിമിതിമായ ഉപയോഗം, വിജ്ഞാന സമ്പത്തായ സോഫ്റ്റ്‌വെയറിന്റേയും ശൃംഖലയുടേയും പരമാവധി ഉപയോഗം, സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാംശീകരണം, ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള സാമൂഹ്യ വിജ്ഞാനകേന്ദ്രത്തിലൂടെ അവയുടെ വ്യാപനം തുടങ്ങിയവയിലൂടെ ഈ രംഗത്തെ കുതിപ്പിനു് തുടക്കമിടാം. മാതൃഭാഷാവികസനം - സാർവ്വത്രിക ഉപയോഗം : മാതൃഭാഷയെ മറ്റേതു് ഭാഷയ്ക്കുമൊപ്പം വളർത്താനുതകുന്ന യാന്ത്രിക തർജ്ജമ, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങൾ മലയാള ഭാഷയിലും വികസിപ്പിച്ചുപയോഗിക്കാം. ശൃംഖലയിൽ അവയുടെ വ്യാപകമായ പ്രയോഗത്തിലൂടെ, മലയാളവും ലോക വിജ്ഞാന സ്രോതസുകളായ വികസിതഭാഷകളും തമ്മിൽ വിജ്ഞാന സമ്പത്തിന്റെ തത്സമയ ആദാന-പ്രദാനം സാധ്യമാക്കാം. മലയാളത്തെ എല്ലാ വിജ്ഞാനങ്ങളുടേയും ഭാഷയാക്കി വളർത്താം. വരുംകാലത്തടക്കം മലയാളികളുടെ എല്ലാ ജീവിതാവശ്യങ്ങളും നിറവേറ്റാനുതകുന്ന ഭാഷയായി മലയാളത്തെ ഉയർത്താം. മലയാളികൾക്കു് എളുപ്പത്തിലും സാർവ്വത്രികമായും വിജ്ഞാന സമ്പത്തു് ആർജ്ജിക്കാനുള്ള പശ്ചാത്തലമൊരുക്കാം. വിജ്ഞാന വ്യാപനം എളുപ്പമാക്കാം. നഗര-ഗ്രാമ വ്യത്യാസങ്ങൾ പരമാവധി കുറയ്ക്കാം. നിലവിൽ വർദ്ധിച്ചു് വരുന്ന വിവര വിടവു് നികത്താം. അവസര സമത്വത്തിലും പങ്കാളിത്ത ജനാധിപത്യത്തിലും അധിഷ്ഠിതമായ വിജ്ഞാന സമൂഹ സൃഷ്ടിയുടെ പശ്ചാത്തല സൌകര്യങ്ങളെല്ലാം സൃഷ്ടിച്ചു് സ്വാതന്ത്ര്യത്തിൻറേയും ജനാധിപത്യത്തിൻറേയും വമ്പിച്ച വികാസം ഉറപ്പാക്കാം

സാമൂഹ്യ പുരോഗതി : ഇതോടെ പുരോഗതിയുടെ പുതിയൊരു തലത്തിലേയ്ക്കു് കടക്കാൻ കേരള സമൂഹത്തിനു് കഴിയും. ഈ മാറ്റത്തിന്റെ നേട്ടം ലഭിക്കുന്ന കർഷകരും സ്വയം തൊഴിൽ സംരംഭകരും ചെറുകിട ഇടത്തരം സംരംഭകരും സഹകരണ കൂട്ടായ്മകളും സംഘങ്ങളും വികസനത്തിന്റെ നേട്ടം ഓരോരുത്തർക്കും സമൂഹത്തിനാകെയും ലഭിക്കുന്നതിന്റെ ഫലമായി സമൂഹത്തിന്റെ പൊതു ക്ഷേമത്തിനായി സമ്പത്തുല്പാദനവും ഉല്പാദനക്കഴിവും വർദ്ധിപ്പിക്കാനുള്ള കൂട്ടായ പരിശ്രമത്തിൽ മുമ്പുണ്ടായിരുന്നതിലേറെ ആവേശത്തോടെ പങ്കെടുത്തു് തുടങ്ങും. സമൂഹത്തിന്റെ സുസ്ഥിതിക്കായി ചൂഷണവും പരിസ്ഥിതി നാശവും ഒഴിവാക്കിക്കൊണ്ടുള്ള സമ്പത്തുല്പാദനം ഇനിയും വളരെയേറെ ഉയർത്തേണ്ടതുണ്ടു്. അതിനായി അവർക്കെല്ലാം അദ്ധ്വാനത്തിനും അദ്ധ്വാനത്തിന്റെ ഉല്പാദന ക്ഷമതയ്ക്കും ആനുപാതികമായ പ്രോത്സാഹനങ്ങളും നൽകപ്പെടണം. അതിനെല്ലാം വിവരങ്ങളുടെ വലിയ തോതിലുള്ള സംഭരണവും വിശകലനവും നടത്താൻ വിവര സാങ്കേതിക വിദ്യയുടെ വ്യാപകമായ പ്രയോഗം കൂടിയേ കഴിയൂ.

ജനാധിപത്യവികാസം : ജനാധിപത്യവികാസത്തിന്റെ നിലവിലുള്ള വളരെ പരിമിതമായ ഘട്ടത്തിൽ നിന്നു് മുന്നേറുന്നതിനുള്ള പരിശ്രമത്തിനു് അനുരൂപമാകുന്ന വിധത്തിൽ തുടർ വിദ്യാഭ്യാസത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലും മാതൃഭാഷാവികസനത്തിലും ഭരണത്തിലും ആസൂത്രണത്തിലും അവയുടെ നിർവ്വഹണത്തിലും പരിശോധനയിലും കൂടുതൽ പങ്കോളിത്തം ഓരോരുത്തരുടെ ഭാഗത്തു് നിന്നും ഉണ്ടാകേണ്ടതുണ്ടു്. ഭരണപരമായ തീരുമാനം എടുക്കുന്നതിലും നടപ്പാക്കുന്നതിലും രണ്ടിന്റേയും ഫലപ്രാപ്തി പരിശോധിക്കുന്നതിലുമുള്ള പങ്കാളിത്തമാണു് ജനാധിപത്യവികാസത്തിന്റെ ഉരകല്ലെന്നതിനാൽ ഇക്കാര്യങ്ങളിൽ ചരിത്രപരമായി പിന്നോക്കം നില്കുന്ന സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ജനവിഭാഗങ്ങൾ, ഗ്രാമീണർ, തുടങ്ങിയവരെ പ്രത്യേകമായി ഇക്കാര്യങ്ങളിൽ അവസരം നൽകി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടു്. ജീവിക്കാനായി ദിവസം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരുന്ന കർഷകർക്കും സ്വയംതൊഴിൽ സംരംഭകർക്കും പരമ്പരാഗത തൊഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും ഇതര തൊഴിലാളി വിഭാഗങ്ങൾക്കും ഭരണ രംഗത്തു് കൂടുതൽ പരിഗണന നൽകേണ്ടതുമുണ്ടു്. അദ്ധ്വാന സമയത്തിൽ ലഭിക്കുന്ന നാലു് മണിക്കൂർ ഇളവു് ഈ രംഗത്തു് വിനിയോഗിക്കാൻ പ്രേരിപ്പിച്ചു്കൊണ്ടു് പങ്കാളിത്ത ജനാധിപത്യ പ്രക്രിയയിലേയ്ക്കു് മുന്നേറാനാവശ്യമായ പ്രവർത്തനങ്ങൾക്കു് തുടക്കമിടേണ്ടതുണ്ടു്. ഇതിനാവശ്യമായത്ര വിവരം കൈകാര്യം ചെയ്യുന്നതിനും വിശകലനത്തിനും വിവര സാങ്കേതിക വിദ്യ ഉപകരിക്കും.

നേട്ട-കോട്ടങ്ങൾ : ഈ മാറ്റം മൂലം കോട്ടം ഉണ്ടാകുന്നതു് നിലവിൽ ഉല്പാദന പ്രക്രിയയിൽ പങ്കെടുക്കാതെ ധന മൂലധന വിളയാട്ടത്തിലൂടെ മേല്പറഞ്ഞ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാകെ ചൂഷണ ചെയ്തു് അന്യായമായ നേട്ടമുണ്ടാക്കുകയും സമൂഹത്തെ അരാജകത്വത്തിലേയ്ക്കു് എടുത്തെറിയുകയും ചെയ്യുന്ന ധന മൂലധന കോർപ്പറേറ്റുകൾക്കും ഭൂപ്രഭുക്കൾക്കും സാമ്രാജ്യത്വത്തിനും മാത്രമാണു്. അവരാകട്ടെ, ഉല്പാദന പ്രവർത്തനങ്ങളിൽ നിന്നു് എന്നേ പിന്മാറിക്കഴിഞ്ഞു. അവർ വെറും ഇത്തിക്കണ്ണികളാണിന്നു്. അവയെ അവഗണിക്കുന്നതു് കൊണ്ടു് സമൂഹത്തിനു് പ്രത്യേക കോട്ടമൊന്നുമുണ്ടാകുന്നില്ല. ഇതര ജനവിഭാഗങ്ങൾക്കെല്ലാം ഗുണവും നേട്ടവും ഉണ്ടാകുകയും ചെയ്യും.


കേരള പെഴ്സ്പെക്ടീവ് പ്ലാൻ-2030 ലെ ഐടി അദ്ധ്യായത്തിന്റെ വിലയിരുത്തൽ

നിലവിലുള്ള സർക്കാർ അടുത്തിടെ പ്രസിദ്ധീകരിച്ച Kerala Perspective Plan-2030ന്റെ 12-ആം അദ്ധ്യായം വിവര വിനിമയ സാങ്കേതിക വിദ്യയേക്കുറിച്ചുള്ളതാണു്. വിജ്ഞാന സമൂഹ സൃഷ്ടിയുടെ തന്ത്രപ്രധാന ഉപാധിയായി വിവര വിനിമയ സാങ്കേതിക വിദ്യയെ ആ രേഖ അവതരിപ്പിക്കുന്നുണ്ടു്. ആ രേഖയുടെ ഏറിയ പങ്കും ടെലികോം വികസനത്തിൽ കേരളത്തിനുണ്ടായ കുതിപ്പിനെ ഇതര സംസ്ഥാനങ്ങളുമായും ലോക രാജ്യങ്ങളുമായും താരതമ്യം ചെയ്യുന്നതിനാണു് വിനിയോഗിച്ചിരിക്കുന്നതു്. ഇക്കാര്യങ്ങളിലെല്ലാം കേരളം വളരെ മുന്നിലാണെന്നു് അതു് സമർത്ഥിക്കുന്നതു് യാഥാർത്ഥ്യങ്ങളുടെ അവതരണം തന്നെയാണു്.

അടുത്തതായി വിവര സാങ്കേതിക വികാസത്തിലും വിന്യാസത്തിലും കേരളം മുന്നിലാണെന്നും പ്രഖ്യാപിക്കുന്നു. അവയെല്ലാം കമ്പ്യൂട്ടർ ഉപകരണ സംഭരണവും വിന്യാസവുമായി ബന്ധപ്പെട്ട കണക്കുകളാണു്. ഒട്ടെല്ലാ ഇ-ഭരണ പദ്ധതികളും ഓൺലൈൻ സേവന പ്രദാന പദ്ധതികളും പട്ടികപ്പെടുത്തിയിട്ടുണ്ടു്. ഒട്ടേറെ സാങ്കേതിക കേന്ദ്രങ്ങളും സ്ഥാപനങ്ങളും പശ്ചാത്തല സൌകര്യങ്ങളും സൃഷ്ടിക്കപ്പെട്ടതായി രേഖ അവകാശപ്പെടുന്നുണ്ടു്. അവയിൽ Kerala Sstate Wide Aarea Net Work, SecretariatWAN, State Data Centre, State Service Delivery Gate Way, IIITMK തുടങ്ങിയവ ഉൾപ്പെടുന്നു. ഇക്കാര്യത്തിലെല്ലാം കേരളം മറ്റു് സംസ്ഥാനങ്ങൾക്കു് മുന്നിലാണെന്നു് കണക്കുകൾ കാണിക്കുന്നു. എന്നാൽ, സൃഷ്ടിക്കപ്പെട്ട പശ്ചാത്തല സൌകര്യം ഉപയോഗിച്ചു് നടത്തപ്പെട്ട ഇ-ഇടപാടുകൾ മറ്റു് സംസ്ഥാനങ്ങളെ അപേക്ഷിച്ചു് വളരെ പുറകിലാണു്. ഇതു് കാണിക്കുന്നതു് നടപ്പാക്കപ്പെട്ട ഇ-ഭരണ പദ്ധതികളുടെ ഫലപ്രാപ്തി കുറവാണെന്നോ അവ പരാജയപ്പെട്ടു എന്നോ ആണു്. ഫലപ്രാപ്തി നേടിയിട്ടുള്ള [email protected], SPARK, e-Procurement തുടങ്ങിയവയേക്കുരിച്ചും പരാമർശമുണ്ടു്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കുമുള്ള സാങ്കേതിക പരിഹാരങ്ങളെല്ലാം ഒറ്റപ്പെട്ടു് നില്കുന്നവയാണു്. തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കുള്ള അക്കൌണ്ടിങ്ങു് സംവിധാനം 2000 ൽ ആരംഭിച്ചതു് 2014 ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഒന്നോ രണ്ടോ വർഷം കൊണ്ടു് പൂർത്തിയാക്കാവുന്ന പദ്ധതി 14 വർഷമെടുത്തു. മോട്ടോർ വാഹന വകുപ്പിലും രജിസ്ട്രേഷൻ വകുപ്പിലും ട്രഷറിയിലും ഇ-ഭരണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടു്. ഇ-ഡീസ്ട്രിക്ടു് പദ്ധതിയും തുടങ്ങിയിട്ടുണ്ടു്. ഇ-ഭരണ പദ്ധതികൾ ഭരണ പരിഷ്കാരമോ പ്രക്രിയാ പുന സൃഷ്ടിയോ ലക്ഷ്യം വെച്ചല്ല നടത്തപ്പെട്ടതെന്നു് രേഖ നൽകുന്ന കണക്കുകളും വിവരങ്ങളും കാണിക്കുന്നു. നിലവിലുള്ള ഭരണവകുപ്പുകൾക്കും സാങ്കേതികതയ്ക്കും ഊന്നൽ നൽകിയാണു് പദ്ധതികളെല്ലാം ആവിഷ്കരിച്ചു് നടപ്പാക്കപ്പെട്ടിരിക്കുന്നതെന്നു് രേഖ തന്നെ വ്യക്തമാക്കുന്നു.

ഐടി വ്യവസായ വികസനത്തിനായി കേരളം ആരംഭിച്ച ടെക്നോ പാർക്കു് (തിരുവനന്തപുരം), ഇൻഫോ പാർക്കു് (കൊച്ചി), സൈബർ പാർക്കു് (കോഴിക്കോടു്), ജില്ലാതല പാർക്കുകൾ, ടെക്നോലോഡ്ജുകൾ തുടങ്ങി ഐടി വ്യവസായ വികസനത്തിനായി എടുത്തിട്ടിരിക്കുന്ന സ്ഥലത്തിന്റേയും നടത്തിയ പ്രവർത്തനങ്ങളുടേയും വിശദ വിവരങ്ങൾ രേഖ നൽകുന്നുണ്ടു്. പക്ഷെ, ഈ രംഗത്തുള്ള നേട്ടം തുലോം വിരളമാണെന്നു് നൽകപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ തൊഴിലുകൾ അയ്യായിരത്തിനു് താഴെ മാത്രം. സ്റ്റേറ്റിന്റെ മൊത്തം ഉല്പാദനത്തിലെ ഐടിയുടെ പങ്കു് ഒരു ശതമാനത്തിലും താഴെ മാത്രം. മൊത്തം രാജ്യത്തെ ഐടി കയറ്റുമതി വരുമാനത്തിൽ കേരളത്തിന്റെ പങ്കു് ഒരു ശതമാനത്തിലും താഴെ മാത്രം. അതാകട്ടെ, ആന്ധ്രയുടേതിന്റേയും തമിഴ്നാടിന്റേയും പതിനാലിലൊന്നും മഹാരാഷ്ട്രയുടെ ഇരുപത്തിനാലിലൊന്നും കർണ്ണാടകത്തിന്റെ മുപ്പത്തിനാലിലൊന്നും മാത്രമാണു്. അതു് തന്നെ, ഇക്കഴിഞ്ഞ ഇടതു് പക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്തുണ്ടായ പത്തിരട്ടി വർദ്ധനവു് കണക്കാക്കുമ്പോഴാണു്. ഗവേഷണ വികസനത്തിനായി കേരളം ചെലവിടുന്നതു് ബഡ്ജറ്റിന്റെ 5.3% മാണെന്നും രേഖ പറയുന്നു. പാർക്കുകൾക്കു് വേണ്ടി ചെലവിട്ട തുക എങ്ങും കൊടുത്തിട്ടില്ല. ചെലവനുസരിച്ചുള്ള നേട്ടം നമുക്കുണ്ടായിട്ടില്ലെന്ന കാര്യം വ്യക്തമാണു്. പറയപ്പെടുന്ന നേട്ടം സ്ത്രീകളുടെ ഉയർന്ന തൊഴിൽ പങ്കാളിത്തമാണു്. അതാകട്ടെ, അക്ഷയ, കുടുംബശ്രീ തുടങ്ങിയവ നടത്തുന്ന ഡാറ്റാ എൻട്രി തലത്തിലുള്ള തൊഴിലുകളിലാണു്.

പക്ഷെ, നാളിതു് വരെ തുടർന്നു് വന്ന നയ-നടപടികളിൽ എന്തെങ്കിലും അപാകതയുണ്ടായതായി രേഖ കണ്ടെത്തുന്നില്ല. ഇതര സാമ്പത്തിക മേഖലകളിൽ ഐടിയുടെ വിന്യാസം കാര്യമായി ഉണ്ടായിട്ടില്ലെന്നും ഇ-കൊമേഴ്സിൽ കേരളം വളരെ പുറകിലാണെന്നും ഇന്നൊവേഷൻ കുറവാണെന്നും രേഖ കണ്ടെത്തുന്നു. കുറവുകൾ പരിഹരിച്ചു് നേട്ടം വർദ്ധിപ്പിക്കാനായി രേഖ കുറെ നിർദ്ദേശങ്ങൾ മുന്നോട്ടു് വെയ്ക്കുന്നുണ്ടു്. രേഖ മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു് 2030 ൽ സുസ്ഥിരവും പുത്തൻമേഖലകൾ തേടുന്നതും ത്രസിക്കുന്നതുമായ വിവര വിനിമയ മേഖലയുടെ സഹായത്തോടെ കേരളം നോർഡിക് രാജ്യങ്ങൾക്കൊപ്പം വിജ്ഞാന സമൂഹമായി മാറുമെന്നതാണു്. 100% ഇ-സാക്ഷരത കൈവരിക്കും. കേരളം 100% ഡിജിറ്റലായിരിക്കും. ഉല്പാദനക്ഷമത നയിക്കുന്നതു് ഡിജിറ്റൽ സാങ്കേതിക വിദ്യയായിരിക്കും. ഐടി കയറ്റുമതിയുടെ 5% കേരളത്തിന്റെ പങ്കായിരിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങൾ വരെ വിവര സാങ്കേതിക വിദ്യ പ്രയോഗിക്കുന്നവയായിരിക്കും. ആഗോള മത്സരക്ഷമത നേടിയിരിക്കും.

രേഖ പ്രഖ്യാപിക്കുന്ന മിഷൻ : സാമ്പത്തികോല്പാദന മേഖലകളിൽ ആഗോള ശേഷി നേടാനായി വിവര വിനിമയ സാങ്കേതിക വിദ്യ നൽകുന്ന പരിഹാരങ്ങളുപയോഗിച്ചു് മൂല്യ വർദ്ധന സൃഷ്ടിക്കും. ഉയർത്തി സിശ്ചയിക്കപ്പെടുന്ന ഐസിടി തന്ത്രം മൂലമുണ്ടാകുന്ന ഐസിടി വളർച്ചാ നിരക്കു് സംസ്ഥാനത്തിന്റെ മൊത്തം ഉല്പാദന വർദ്ധനാ നിരക്കിനേക്കാൾ കൂടുതലായിരിക്കും.

രേഖ മുന്നോട്ടു് വെച്ചതായി മേല്പറഞ്ഞ വിഷനെല്ലാം ലക്ഷ്യങ്ങളായി പ്രഖ്യാപിക്കുന്നുണ്ടു്. കൂടാതെ സുതാര്യതയും കാര്യക്ഷമതയും നേടാനായി പൌരന്മാർക്കും വ്യവസായങ്ങൾക്കും ഇ-സേവനപ്രദാനം, സ്മാർടു് ഭരണം തുടങ്ങിയവയും ലക്ഷ്യങ്ങളായി ചേർത്തിട്ടുണ്ടു്. രേഖ മുന്നോട്ടു് വെയ്ക്കുന്ന പ്രവർത്തന തന്ത്രം ഡിജിറ്റൽസാങ്കേതിക വിദ്യയും വിജ്ഞാനവും എല്ലാ സമ്പത്തുല്പാദന മേഖലകളുടേയും പ്രധാന ഘടകമായിരിക്കെ അവയുപയോഗിച്ചു് ഐസിടി സെക്ടറിൽ മാത്രമല്ല സമ്പദ്ഘടനയിലെ ഇതര മേഖലകളിലും മാറ്റം വരുത്താൻ പര്യാപ്തമാണു്. ഐസിടി പരിതോവസ്ഥ സൃഷ്ടിച്ചു് അതുപയോഗപ്പെടുത്തുക എന്നതാണു് തന്ത്രം. ഇതിനു് സാങ്കേതിക വിദ്യ, ഇ-ഭരണ മുൻകൈ, ഇ-തയ്യാറിപ്പു്, ഐടി വ്യവസായവളർച്ച, ഇതര മേഖലകളിൽ ഐടി ഉള്ളടക്കം, എല്ലാവരേയും ഉൾപ്പെടുത്തിയുള്ള മുന്നേറ്റം, പരിസ്ഥിതി എന്നിങ്ങനെ ഏഴു് തൂണുകളാണുണ്ടാവുക. ഓരോന്നിനും കുറെ പരിപാടികൾ പറയുന്നുണ്ടു്. മേല്പറഞ്ഞ ലക്ഷ്യം നേടാനായി സ്ഥാപനങ്ങൾ, നിയമം നടപ്പാക്കൽ, നിയമനിർമ്മാണം, വിവര നയത്തിൽ സൂക്ഷ്മത കൈവരിക്കുക, വിവര സുരക്ഷ, സൈബർ സുരക്ഷ, സെക്രട്ടേറിയേറ്റിലെ വിജ്ഞാന സംഭരണി നയത്തിന്റെ വ്യാപനം, ഇലക്ടോണിക് ആയും മൊബൈലിലൂടെയും വിവരാവകാശ രേഖകൾ തുടങ്ങി കുറെ പരിപാടികൾ മുന്നോട്ടു് വെയ്ക്കുന്നു.

പരിശോധനാ മാനദണ്ഡങ്ങൾ - ജിഡിപിയിൽ ഐസിടിയുടെ ശതമാനം, തൊഴിൽ ശക്തിയിൽ ഐസിടിയുടെ ശതമാനം, മൊത്തം റെവന്യൂ ചെലവിൽ ഐസിടിയുടെ ശതമാനം, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ബ്രോഡ്ബാന്റു് കണക്ഷൻ, ടെലിഫോൺ കണക്ഷൻ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റു് അക്സസ്, ഇന്റർനെറ്റു് ഉപയോഗിച്ചു് കാര്യങ്ങൾ ചെയ്യുന്നവർ, ഐസിടിയുടെ ഉപയോഗ ലക്ഷ്യം, ശരാശരി സമയോപയോഗം, സംരംഭങ്ങളുടെ ഇ-കൊമേഴ്സ് പങ്കു്, ഉപയോഗത്തിന്റെ സ്വഭാവം, വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഇ-ഭരണ ഉപയോഗം, വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഇ-കൊമേഴ്സ് ഉപയോഗം, ഇ-സാക്ഷരതാ ഉപയോഗ സാധ്യതാ നിർണ്ണയം, സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ടു്മെന്റു് മാനദണ്ഡത്തിൽ കമ്പ്യൂട്ടർ ശേഷി, തുല്യതാ പരിശീലനം, ക്ലാർക്കു് മുതൽ പ്രിൻസിപ്പൽ സെക്രട്ടറി വരെ ഐസിടി പരിശീലനം, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ വരെ രാഷ്ട്രീയ നേതാക്കൾക്കു് ലാപ്‌ടോപ്പും ഐസിടി പരിശീലനവും, ഇ-എം ഭരണ രംഗത്തു് സാങ്കേതിക മാറ്റത്തിനനുസരിച്ചു് പാഠ്യപദ്ധതി പരിഷ്കരണം, പരിശീലന പദ്ധതിയുടെ പരിശോധനയും വിശകലനവും, ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥയിൽ ആഴത്തിൽ വേരോടുന്ന ഗവേഷണ-വികസന അന്വേഷണത്വര സൃഷ്ടിക്കൽ, ഇ-ഭരണ ഡിപ്ലോമ പ്രോഗ്രാം, ഈ കോഴ്സിനു് മറ്റു് സംസ്ഥാനങ്ങളിൽ പ്രചരണം എന്നിങ്ങനെ പരിശോധനയും വിലയിരുത്തലും നടത്താനായി വിശദമായ സൂചകങ്ങളും നിശ്ചയിച്ചിട്ടുണ്ടു്.

അടുത്ത ഇരുപതു് വർഷങ്ങൾക്കുള്ളിൽ കേരളം നേടാനാഗ്രഹിക്കുന്ന വിജ്ഞാന സമൂഹസൃഷ്ടിയുടെ നിർണ്ണായക ഘടകമാണു് (ചലന ദിശ നിർണ്ണയിക്കുന്ന ആണിയാണു് - Lynchpin) ഐസിടി. സമ്പദ്ഘടനയുടെ എല്ലാ മേഖലകളുമായും ഐസിടി ഉൽഗ്രഥിപ്പിക്കപ്പെടും. നോർഡിക് രാജ്യങ്ങളുടെ നിലവാരം നേടാനായി ഇ-തയ്യാറിപ്പു് ഉയർത്തും.പൌര കേന്ദ്രിതമായ ഇ-ഭരണ പ്രവർത്തനങ്ങൾ ജനങ്ങൾക്കു് മെച്ചപ്പെട്ട ജീവിത ഗുണപരത കൈവരുത്തും. പുത്തൻ മേഖലകളിൽ കേരളം മറ്റുള്ളവരെ അപേക്ഷിച്ചു് മെച്ചപ്പെട്ട നില കൈവരിക്കും. ഐസിടിയും ഐസിടി അധിഷ്ഠിത ചരക്കുകളും സേവനങ്ങളുമായിരിക്കും കേരളത്തിന്റെ പ്രധാന കയറ്റുമതി.

മേല്പറഞ്ഞവയെല്ലാം തന്നെ പൊതു പ്രസ്താവനകളാണു്. ലക്ഷ്യം നേടാനാവശ്യവും പരിമിതികൾ മറികടക്കാനാവശ്യവുമായ മൂർത്തമായ നിർദ്ദേശങ്ങൾ വളരെ വിരളമാണു്. ഉള്ളവ തന്നെ യഥാർത്ഥ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവയല്ല. കേരളത്തിന്റെ ഐടി വികസനമോ ഭരണ നവീകരണമോ വ്യവസായ വികസനമോ നേടാനാവശ്യമായ മൂർത്തമായ സാങ്കേതികവും ഭരണപരവുമായ പരിപാടികളോ ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുപകരിക്കുന്ന കൃത്യമായ നിർവ്വഹണ രീതിയോ നിർദ്ദേശിക്കപ്പെടുന്നില്ല.

കേരളത്തിൽ വിവര സാങ്കേതിക സ്വാംശീകരണവും ബൌദ്ധിക സ്വത്തിന്റെ സൃഷ്ടിയും വ്യവസായ മൂല്യവർദ്ധനയും ഉണ്ടാകാതെ പോയതെന്തുകൊണ്ടെന്ന പരിശോധന ഈ രേഖയിലില്ല. ആ പ്രശ്നങ്ങൾ ഉന്നയിക്കുന്നതു് പോലുമില്ല. അതിനു് പകരം സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനു് ലോകമാകെ നടക്കുന്ന ഗവേഷണ വിവരങ്ങളുടെ റെപ്പോസിറ്ററി സ്ഥാപിച്ചു് സമയം പോലെ ഗവേഷണ-വികസന പ്രവർത്തനങ്ങളേറ്റെടുത്തു് സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്നും മറ്റും യഥാർത്ഥ വിഷയമോ പ്രശ്നമോ കാണാൻ കഴിയാതെയുള്ള പരിഹാര നിർദ്ദേശങ്ങളാണു് രേഖയിലുള്ളതു്. നാം നേടേണ്ട സാങ്കേതിക വിദ്യ ക്ലൌഡ് കമ്പ്യൂട്ടിങ്ങും മഷീൻ ടു മഷീൻ കമ്പ്യൂട്ടിങ്ങാണെന്നും മറ്റുമുള്ള പ്രസ്താവനകളും രേഖയിലുണ്ടു്. മേല്പറഞ്ഞവ വെബ്ബ് ടെക്നോളജിയുടെ ഉപഘടകങ്ങളായി വരുന്ന വിവര കൈകാര്യ സാധ്യതകൾ മാത്രമാണെന്ന ലളിതമായ സാങ്കേതിക വിവരം പോലും ഇല്ലാതെയാണു് വിവര സാങ്കേതിക പരിപ്രേക്ഷ്യം തയ്യാറാക്കപ്പെട്ടിരിക്കുന്നതു്.

സാങ്കേതിക സ്വാംശീകരണത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത രേഖ ഒരിടത്തും സൂചിപ്പിക്കുന്നതു് പോലുമില്ല.ഐടി@സ്കളിനേക്കുറിച്ച് പറയുന്ന ഭാഗത്തു് അതിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്ന ഒരു പരാമർശം മാത്രമാണു് അതിനേക്കുറിച്ചുള്ളതു്. സ്വതന്ത്ര സോഫ്റ്റ്‌വെയർ നൽകുന്ന നേട്ടങ്ങളേക്കുറിച്ചു് രേഖ അജ്ഞത പുലർത്തുന്നു.

ഇ-ഭരണത്തിനും ഇ-സ്ഥാപന നടത്തിപ്പിനും ഡിടിപിയ്ക്കും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അല്ലെങ്കിൽ ഉപയോഗിക്കപ്പെടേണ്ട സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ സംസ്ഥാനത്തിനുള്ളിൽ തന്നെ വികസിപ്പിക്കുന്നതിലൂടെ ഐസിടിയുടെ ആഭ്യന്തര കമ്പോളം ആഭ്യന്തര വ്യവസായങ്ങളുടേയും പൊതു മേഖലയുടേയും ശാക്തീകരണത്തിനും സാങ്കേതിക സ്വാംശീകരണത്തിനും സംസ്ഥാനത്തിനുള്ളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ചു് പരാമർശമൊന്നുമില്ല. ഐടി രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ഐടി പൊതു മേഖലയേക്കുറിച്ചോ ചെറുകിട ഇടത്തരം സംരംഭങ്ങളേക്കുറിച്ചോ രേഖയിൽ ഒന്നും കാണുന്നില്ല. അവയുടെ ശേഷിയോ ശേഷിയില്ലായ്മയോ പരാമർശവിഷയമല്ല.

മലയാളികൾ തന്നെ മലയാള ഭാഷ ഉപേക്ഷിക്കുന്നത്ര ഗുരുതരമായ പ്രശ്നമാണു് കേരളം നേരിടുന്നതു്. ആ പ്രശ്നപരിഹാരത്തിനു് വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തേക്കുറിച്ചോ മലയാളത്തിനു് ഭാഷാ വിനിമയ സങ്കേതങ്ങൾ വികസിപ്പിച്ചും അവ വ്യാപകമായി ഉപയോഗിച്ചും മലയാളത്തെ മറ്റേതൊരു ലോക ഭാഷയ്ക്കുമൊപ്പം എത്തിക്കുക എന്ന കേരള സമൂഹം ആവശ്യപ്പെടുന്ന സാംസ്കാരിക ദൌത്യത്തേക്കുറിച്ചും ഭാഷാ വികസനത്തിൽ ഐടിയുടെ സാധ്യതകളേക്കുറിച്ചോ യാതൊരു പരാമർശവുമില്ല.

കേരളത്തിലെ ഐസിടി പ്രയോഗം കേരളത്തിന്റെ ശാക്തികരണത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതിനു് പകരം ആഗോള ഐടി കോർപ്പറേറ്റു് സ്ഥാപനങ്ങൾക്കു് കേരളത്തെ ഇനിയും ചൂഷണം ചെയ്യാനുള്ള ഉപാധയായി അനുവദിക്കപ്പെടുമെന്നതാണു് ഈ രേഖയുടെ പരിമിതി. രേഖ പറയുന്ന അളവിൽ ഡിജിറ്റൽ വിവരവും വിജ്ഞാനവും കൈകാര്യം ചെയ്യപ്പെട്ടാൽ കേരളം വിജ്ഞാന സമൂഹ സൃഷ്ടിയിൽ കുറേയേറെ മുന്നേറാം. പക്ഷെ, ആ കേരളം ആഗോള ഐടി കോർപ്പറേറ്റുകളുടെ ആശ്രിത പ്രദേശമായിരിക്കും. കുറേയേറെ ഐസിടി സേവനങ്ങളുടെ കയറ്റുമതി, ഒരു പക്ഷെ, ഉണ്ടായേക്കാം. പക്ഷെ, അതിലേറെ വിഭവം പുറത്തേയ്ക്കൊഴുകുന്നതിനും അതിടയാക്കും.

വിവര സാങ്കേതിക വിദ്യയും വ്യവസായ രംഗവും വിവര സാങ്കേതിക വിദ്യ ഒരു വ്യവസായം എന്ന നിലയിലും ഇതര വ്യവസായ മേഖലകളുടെ പശ്ചാത്തല സേവനോപാധിയെന്ന നിലയിലും പ്രാധാന്യമർഹിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെട്ടുമിരിക്കുന്നു. ഉല്പാദനത്തിന്റെ കാര്യത്തിൽ പുറകോട്ടു് പോകുകയും ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നോട്ടു് കുതിക്കുകയും ചെയ്യുന്ന ഒരു പ്രദേശമെന്ന നിലയിൽ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടു് കേരളം നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്റെ വികസനത്തിൽ അതിന്റെ സാധ്യതകളും പരിശോധിക്കേണ്ടതുണ്ടു്.

വിവര സാങ്കേതിക വിദ്യാ വ്യവസായ മേഖല നിലവിലുള്ള വിവര സാങ്കേതിക വ്യവസായം വിദേശ കമ്പോളത്തെ ലക്ഷ്യമിട്ടു് കരുപ്പിടിപ്പിക്കപ്പെട്ടിട്ടുള്ളതാണു്. ആഭ്യന്തര കമ്പോളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അതിനു് കഴിയുന്നില്ല. ഇതാണു് കേരളം ഈ രംഗത്തു് നേരിടുന്ന വെല്ലുവിളിയും ആഭ്യന്തര വിവര സാങ്കേതിക വ്യവസായത്തിന്റെ പരിമിതിയും. ഈ പരിമിതി തിരിച്ചറിഞ്ഞു് പരിഹരിച്ചു് തനതു് കമ്പോളം ഉണ്ടെന്നുള്ള സാധ്യത ഉപയോഗിക്കാൻ തയ്യാറായാൽ വിവര സാങ്കേതിക മേഖല കേരളത്തിന്റെ വ്യവസായവൽക്കരണത്തിനു് വമ്പിച്ച സംഭാവന നൽകാൻ കഴിയുന്ന ഒന്നായി മാറും.


സാധ്യതകളും പരിമിതികളും

കേരളത്തിൽ വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകൾ മുൻ ഭാഗത്തു് വളരെ വിശദമായി പറഞ്ഞു് കഴിഞ്ഞു. കേരളത്തിലോ ഇന്ത്യയിലോ തന്നെ ഈ സാങ്കേതിക വിദ്യയുടെ സാമൂഹ്യ സ്വാംശീകരണം നടക്കുന്നില്ല എന്നതാണു് ഏറ്റവും ഗൌരവമേറിയ പരിമിതി. നിലവിൽ നാം ഉപയോഗിക്കുന്ന ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ശൃംഖല എന്നീ മൂന്നു് പ്രധാനപ്പെട്ട ഘടകങ്ങളും സാമ്രാജ്യത്ത കുത്തക ഉടമാവകാശം നിലനിൽക്കുന്നവയാണു്. ഇതു് പരിഗണിക്കപ്പെടാതെ വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിനുള്ള അന്ധമായ എടുത്തു് ചാട്ടം സ്ഥായിയായ സാമ്രാജ്യത്വാശ്രിതത്തിലേയ്ക്കു് നയിക്കും. അതേ സമയം നിലവിലുള്ള ലോക സാഹചര്യത്തിൽ വിവര സാങ്കേതിക വിദ്യയോടു് പുറം തിരിഞ്ഞു് നില്കാനുമാവില്ല. അങ്ങിനെ പുറം തിരിഞ്ഞു് നിന്നാൽ, അതു് തന്നെ, ഈ രംഗത്തു് മാത്രമല്ല, മൊത്തത്തിലും സാമ്രാജ്യത്ത മേധാവിത്തം സ്ഥായിയാക്കാനാണു് ഉപകരിക്കപ്പെടുക. അതു് മാത്രമല്ല, ഈ സാങ്കേതിക വിദ്യ മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയുമാണു്. അതിനാൽ പരിമിതികൾ കണക്കിലെടുത്തു് സാധ്യതകളുപയോഗിക്കാനുള്ള ബോധപൂർവ്വവും ആസൂത്രിതവുമായ ശ്രമമാണു് വേണ്ടതു്. മുൻഗണനാക്രമം എങ്ങിനെ ഈ പരിമിതികളെ സാധ്യതകളാക്കി മാറ്റാമെന്നതും പരിമിതികൾ മറികടക്കാനായി ഏതെല്ലാം സാധ്യതകൾ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമെന്നതുമായിരിക്കണം കേരളം വിവര സാങ്കേതിക വിദ്യ വ്യവസായ പശ്ചാത്തല സൌകര്യമായി ഉപയോഗിക്കുമ്പോഴും വിവര സാങ്കേതിക വ്യവസായം വികസിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യം. അതനുസരിച്ചുള്ള മുൻഗണനാക്രമം നിശ്ചയിച്ചു് വേണം ഈ രംഗത്തെ നയനടപടികൾ ആസൂത്രണം ചെയ്തു് നടപ്പാക്കേണ്ടതു്. വിവര സാങ്കേതിക വിദ്യാ സ്വാംശീകരണം പരമ പ്രധാനം കേരളത്തിൽ വിവര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനും വിവര സാങ്കേതിക വ്യവസായ രംഗത്തു് മൂല്യ വർദ്ധന നേടുന്നതിനും വിവര സാങ്കേതിക വിദ്യയുടെ ശരിയായ സ്വാംശീകരണം നടക്കണം. ഇന്നതു് നടക്കാതെ പോകുന്നതിനു് കാരണം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളാണു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു് എന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും. സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാംശീകരണം കൂടിയേ കഴിയൂ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെല്ലാം പിന്നോക്ക സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും പ്രയോജനപ്പെടുത്താൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ സാമൂഹ്യമായി സ്വാംശീകരിക്കുന്നതിലൂടെ മാത്രമേ കഴിയൂ. മാത്രമല്ല, വിവര സാങ്കേതിക വിദ്യ സ്വാംശീകരിക്കുക, അതുപയോഗിച്ചു് എല്ലാ ശാസ്ത്ര ശാഖകളും മറ്റിതര സാങ്കേതിക വിദ്യകളും അടക്കം വിജ്ഞാനത്തിന്റെ എല്ലാ മേഖഖലകളും സാമൂഹ്യമായി സ്വാംശീകരിച്ചുകൊണ്ടു് തദ്ദേശീയ സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും സ്വതന്ത്ര വിജ്ഞാനത്തിലധിഷ്ഠിതമായ സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാംശീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ടു്. ഉപകരണ നിർമ്മാണശേഷി ഉപകരണങ്ങളുടെ നിർമ്മാണ കഴിവു് നേടാൻ ദേശീയാടിസ്ഥാനത്തിലുള്ള ശ്രമം ഉണ്ടാവണം. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന പോലെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭാഗമായി സ്വതന്ത്ര ഉപകരണ നിർമ്മാണ സങ്കേതങ്ങളും ലഭ്യമായി വരുന്നു. ഉപകരണങ്ങളുടെ വില ഗണ്യമായി കുറയുന്നതിനും വിദേശാശ്രിതത്വവും സാമ്രാജ്യത്താശ്രിതത്വവും കുറയാനും ഇതുപകരിക്കും.

വിവര സാങ്കേതിക വിദ്യാ വ്യവസായം ഒരു ചൂഷണോപാധി

വിവര സാങ്കേതിക വിദ്യ ഒരു പ്രത്യേക വ്യവസായ മേഖലയായി രൂപാന്തരപ്പെട്ടതോടെ അതിന്റെ ഘടകങ്ങൾക്കെല്ലാം മറ്റു് മേഖലകളെ അപേക്ഷിച്ചു് പ്രത്യേക പദവിയും പ്രത്യേക മൂല്യവും അനുവദിച്ചു് കൊടുക്കാൻ സമൂഹം നിർബ്ബന്ധിക്കപ്പെട്ടു. അവയ്ക്കെല്ലാം അവ സാങ്കേതിക പ്രധാനമായിരുന്നു എന്ന പ്രത്യേകതയ്ക്കപ്പുറം സാമ്രാജ്യത്വ നേതൃത്വം കയ്യാളിയിരുന്ന അമേരിക്ക കേന്ദ്രീകരിച്ചു് വളർന്നു് വന്നതായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വാഭാവികമായും അമേരിക്കയുടെ ലോക മേധാവിത്വം ഉറപ്പിച്ചു് നിർത്താനാവശ്യമായ ഉപാധികൾ കൂടിയായി മാറി അവ. ഭൂമിയിലും കെട്ടിടങ്ങളിലും വിവധ ചരക്കുകളിലും (ഔഷധങ്ങൾ, ആഹാര പദാർത്ഥങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾ) സേവനങ്ങളിലും (രോഗ ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവ) ധന ഉരുപ്പടികളിലും ഓഹരികളിലും ഊഹക്കച്ചവടം നടത്തിയും കൃത്രിമ ചരക്കുകളും അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിച്ചും അവയുടെ മൂല്യം പെരുപ്പിക്കുന്നതു് പോലെ വിവര സാങ്കേതിക വ്യവസായത്തിലെ സോഫ്റ്റ്‌വെയറുകളുടേയും മൂല്യം പെരുപ്പിച്ചു് തുടങ്ങി. സോഫ്റ്റ്‌വെയർ ഒരു ആദൃശ്യ ആസ്തിയായി (Intangible Asset) കണക്കാക്കിയാണിതു് നടത്തന്നതു്. ഈ അദൃശ്യാസ്തികളുടെ മൂല്യം കമ്പനി അതിന്റെ കണക്കിൽ തന്നിഷ്ടം പോലെ കാണിക്കുന്നതാണു്. മറ്റു് യാതൊരു നിയന്ത്രണവുമില്ല. അതിനു് സർക്കാരിനു് നികുതി കൊടുക്കേണ്ടി വരുമെന്ന ഒരു പ്രശ്നം മാത്രമാണുള്ളതു്. നികുതി കൊടുക്കാൻ തയ്യാറായാൽ മതി അതു് ആസ്തിയാക്കി മാറ്റാം. അതു് കമ്പനിയുടെ ലാഭം ഉയർത്തും. ഓഹരി വില ഉയർത്തും. ഇത്തരത്തിൽ വ്യവസ്ഥിതിയുടെ സംരക്ഷകരായി മാറുന്ന കള്ളക്കമ്പനികളെ രക്ഷിക്കാൻ മുതലാളിത്ത സർക്കാരും ബാധ്യസ്ഥമാണു്. നികുതി ഇളവുകളും വ്യവസായ സഹായധനവും മറ്റുമായി കമ്പനികൾക്കു് പൊതു ആസ്തി കൈമാറുകയും അവയുടെ കമ്പോളം വികസിപ്പിക്കാനായി സർക്കാർ തന്നെ അവയുടെ സേവനങ്ങൾ വാങ്ങുകയും സർക്കാർ അതിന്റെ പ്രവർത്തനങ്ങളിൽ നിന്നു് സ്വയം പിൻവലിഞ്ഞു് അവയെ ഏല്പിച്ചു് കൊടുക്കുകയും പൊതു മേഖല തകർക്കുകയും എന്നതു് സർക്കാരും പതിവാക്കി. അത്തരത്തിൽ കുന്നു് കൂട്ടിയ മൂലധനം മുടക്കി നേരിട്ടു് ഭൂമി കച്ചവടത്തിനിറങ്ങിയതിനാൽ 'സത്യം' (സത്യം ഇൻഫോസിസ്) മാത്രം ഇക്കാര്യത്തിൽ പിടിക്കപ്പെട്ടു. മറ്റു് കമ്പനികളും സമാന തട്ടിപ്പുകളാണു് നടത്തുന്നതു്.


വിവര സാങ്കേതിക വിദ്യാ വ്യവസായം - നിലവിലുള്ള സ്ഥിതി

വിവര സാങ്കേതിക വ്യവസായത്തിലെ സ്ഥിതി പരിശോധിച്ചാൽ, യഥാർത്ഥ സമ്പത്തുല്പാദന മേഖലയിൽ നിന്നു് അവിടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ അർഹമായതിലേറെ ഓഹരി വലിച്ചെടുക്കുന്നുണ്ടെന്നു് കാണാം. തൊഴിലാളികൾക്കു് താരതമ്യേന മെച്ചപ്പെട്ട കൂലി കൊടുക്കുന്നുണ്ടെന്ന വാദം പൊള്ളയാണു്. കൂലി കൂടിയ തൊഴിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണു്. അതു് മറ്റു് മേഖലകളിലുമുണ്ടു്. ബഹുഭൂരിപക്ഷം തൊഴിലിനും വ്യവസായ-സേവന മേഖലകളിലെ തൊഴിലാളികളേക്കാളും പരിതാപകരമായി കുറഞ്ഞ കൂലിയാണു് നൽകപ്പെടുന്നതു്. മാത്രമല്ല, താല്കാലിക തൊഴിൽ മാത്രമാണു് നൽകപ്പെടുന്നതു്. പലപ്പോഴും ദിവസക്കൂലിയോ മാസക്കൂലിയോ ഏറിയാൽ ഏതാനും വർഷത്തേയ്ക്കു് മാത്രം. തൊഴിൽ സമയം കൂടുതലാണു്. കടുത്ത അദ്ധ്വാന ഭാരം അടിച്ചേല്പിക്കപ്പെടുന്നു. സേവന-വേതന വ്യവസ്ഥകൾ തൊഴിലാളികളെ അറിയിക്കുക പോലും പതിവില്ല. യഥാർത്ഥ സമ്പദ്ഘടനയിൽ തൊഴിലാളികൾ നേടിയെടുത്ത ന്യായമായ അവകാശങ്ങളൊന്നും ഇവിടെ ബാധകമല്ല. സാമൂഹ്യ സുരക്ഷിതത്വം എന്നതു് കേട്ടു് കേഴ്വിപോലുമില്ല. തൊഴിൽ നിയമങ്ങൾക്കു് പുറത്താണു് നവ ഉദാര മേഖലയിൽ പെട്ട ഈ വ്യവസായവും. പലപ്പോഴും അവയ്ക്കു് വേണ്ടി മാത്രമെന്നു് പറഞ്ഞു് സൃഷ്ടിക്കപ്പെടുന്ന പ്രത്യേക വ്യവസായ മേഖല ധന മൂലധന പുളപ്പിന്റേയും തൊഴിലാളി പീഢനത്തിന്റേയും കേന്ദ്രങ്ങളാണു്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജിഡിപിയുടെ 6% സംഭാവന ചെയ്യുന്നു എന്നു് പറയപ്പെടുന്ന വിവര സാങ്കേതിക മേഖലയിൽ തൊഴിൽ പങ്കാളിത്തം വെറും രണ്ടു് ശതമാനം മാത്രമാണു്. ഇതു് കാണിക്കുന്നതു് ആ മേഖലയിൽ നിന്നു് ധന മൂലധനം വലിച്ചെടുക്കുന്ന മിച്ച മൂല്യത്തിന്റെ ഉയർന്ന തോതാണു്.

കേരളത്തിലാകട്ടെ വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട ഐടി പാർക്കും ഇൻഫോ പാർക്കും സൈബർ പാർക്കും എല്ലാം കൂടി വെറും അയ്യായിരത്തിനു് താഴെ തൊഴിലവസരങ്ങളാണു് സൃഷ്ടിച്ചിരിക്കുന്നതു്. കയറ്റുമതി വരുമാനത്തിന്റെ കാര്യത്തിലാകട്ടെ മറ്റു് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലുള്ളതിന്റെ പത്തിലൊന്നിലും താഴെ മാത്രമാണു് കേരളത്തിന്റെ പങ്കു്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വർദ്ധിച്ച നിരക്കിലുള്ള വളർച്ചകൊണ്ടാണു് ഇത്രയെങ്കിലുമായതു്. ഐസിടി വികസനത്തിനായി ബഡ്ജറ്റിന്റെ 5.3% ചെലവിടുന്നുണ്ട്. ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെയാണു് ഐടിയുടെ പങ്കു്. ഇവയ്ക്കായി ചെലവിടേണ്ടി വന്നിരിക്കുന്ന വിഭവങ്ങളും അവയുടെ നേട്ടങ്ങളും താരതമ്യം ചെയ്താൽ കേരളത്തിന്റെ ഐടി വികസനം നഷ്ടക്കച്ചവടമാണെന്ന കാര്യം വ്യക്തമാകും.

മൂലധന പ്രധാനമായ കെട്ടിടങ്ങളും ഊർജ്ജോപഭോഗം ഉയർത്തുന്ന ശീതീകരണവുമല്ല, മറിച്ചു് അനുസ്യൂതമായ വൈദ്യൂതിയും കണക്ടിവിറ്റിയും ഉപകരണങ്ങളും സോഫ്റ്റ്‌വെയർ വൈദഗ്ദ്ധ്യവും സാങ്കേതിക-വിജ്ഞാന സ്വാംശീകരണവുമാണു് ഐടി വ്യവസായത്തിന്റെ അടിസ്ഥാന പശ്ചാത്തല ഘടകങ്ങൾ. ഏതു് വീട്ടിലിരുന്നും ഐടി വ്യവസായത്തിൽ മൂല്യം സൃഷ്ടിക്കാം. ഏതു് സ്ഥലത്തും, അതേപോലെ തന്നെ, ഓൺലൈനായും കൂട്ടായ സംരംഭങ്ങളം നടത്താം. വിവര സാങ്കേതിക വിദ്യകൊണ്ടു് ഉണ്ടാകുന്ന ഉൽഗ്രഥനവും സമന്വയവും ഏകീകരണവും സ്ഥല-കാല-ദൂര പരിമിതികളില്ലാതെ ഓൺലൈനായി സാധിക്കാം. കേരളത്തിന്റെ ഐടി വ്യവസായ നയവും ഭരണത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഐടി വിന്യാസ പരിപാടികളും പുന പരിശോധിക്കപ്പെടണം.


വിവര സാങ്കേതിക വ്യവസായത്തിലും പ്രതിസന്ധി

2008 ലാരംഭിച്ച അമേരിക്കൻ ധനമേഖലാ പ്രതിസന്ധിയുടേയും തുടർന്നു് നിലനിൽക്കുന്ന ആഗോള വ്യവസായ മാന്ദ്യത്തിന്റേയും ഫലമായി ഐടി മേഖലയ്ക്കു് കിട്ടിക്കൊണ്ടിരുന്ന പുറം കരാർ പണികളിൽ വലിയ ഇടിവുണ്ടായിട്ടുണ്ടു്. ഐടി കമ്പനികളെ തകർച്ചയിൽ നിന്നു് രക്ഷിക്കാൻ ഇന്ത്യാ സർക്കാരും ജാമ്യ പാക്കേജുകൾ നടപ്പാക്കാൻ നിർബ്ബന്ധിതരായി. ആധാർ പദ്ധതി അത്തരമൊന്നാണു്. ഇ-ഭരണം, സ്ഥാപന ഭരണം, വൈദ്യുതി വിതരണ ശൃംഖലാ നവീകരണം തുടങ്ങിയ മേഖലകളിൽ മറ്റൊട്ടേറെ പ്രോജക്ടുകൾക്കു് പണം വകയിരുത്തി ഈ മേഖലയിലേയ്ക്കു് പൊതു സ്വത്തു് ഒഴുക്കിക്കൊണ്ടിരിക്കുകയാണു്. മേല്പറഞ്ഞ നവീകരണ പദ്ധതികളെല്ലാം കുറഞ്ഞ ചെലവിൽ ദേശീയ-പ്രാദേശിക വിവര സാങ്കേതിക കഴിവുകളും പ്രയോഗത്തിലൂടെ തെളിയിക്കപ്പെട്ട സങ്കേതങ്ങളും ഉപയോഗിച്ചു് മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാവുന്നവയാണു്.

ഇതേ പ്രവണതകൾ തന്നെ സംസ്ഥാന പദ്ധതികളിലും കാണാം. വൈദ്യുതി ബോർഡിന്റെ RAPDRP പദ്ധതിയിൽ 239 കോടി രൂപയുടെ മൊത്തം പണികളും കൊറിയൻ കമ്പനിക്കു് കരാർ കൊടുക്കാനായിരുന്നു നീക്കം. സിവിൽ നിർമ്മാണവും വൈദ്യൂതവൽക്കരണവും ശീതീകരണവും ഉപകരണ സംഭരണവും കെഎസ്ഇബി ഉദ്യോഗസ്ഥർക്കു് തന്നെ ചെയ്യാമെങ്കിലും അതടക്കം കൊറിയൻ കമ്പനിയെ ഏല്പിക്കുന്നതിന്റെ പിന്നിലെ താല്പര്യം കുത്തകകൾക്കായി വിഭവം ചോർത്തിക്കൊടുക്കുക എന്നതു് തന്നെയാണു്. പൊതു മേഖലാ സ്ഥാപനങ്ങളിൽ സ്ഥാപന നടത്തിപ്പു് വ്യവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള കരാർ 500 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കു് മാത്രമായി പരിമിതപ്പെടുത്തിയതിനു് പിന്നിലും ഇതേ കുത്തക പ്രീണനം തന്നെയാണു് ലക്ഷ്യം. ഇതെല്ലാം ആഭ്യന്തര സാങ്കേതിക സ്വാംശീകരണവും ആഭ്യന്തര വ്യവസായ വികസനവും എന്നെന്നേയ്ക്കുമായി തടയുകയുമാണു്.


ആഭ്യന്തര കമ്പോളത്തിനു് വേണ്ടിയുള്ള ഐടി വ്യവസായാടിത്തറ സൃഷ്ടിക്കുക

വ്യവസായ വികസനം കൊണ്ടു് നേട്ടമുണ്ടാക്കിയിട്ടുള്ള രാജ്യങ്ങളെല്ലാം അവയുടെ ആഭ്യന്തര കമ്പോളത്തിനായി ഉല്പാദനം നടത്തി പരിചയം നേടി വിദേശ കമ്പോളം പിടിച്ചവയാണു്. സ്വന്തമായുള്ള പ്രകൃതി വിഭവങ്ങളുടെ കയറ്റുമതിയൊഴിച്ചു് വിദേശ കമ്പോളം മാത്രം ലക്ഷ്യമിട്ടു് ഉല്പാദനക്കഴിവു് സൃഷ്ടിച്ചു് വ്യവസായ വികസനം കൊണ്ടുള്ള നേട്ടം കൈവരിക്കുക എളുപ്പമല്ല. വ്യവസായ വികസനത്തിന്റെ സ്വാഭാവിക ലക്ഷ്യം സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും വരുമാനവും തൊഴിലും വർദ്ധിപ്പിക്കുകയുമാണു്. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന ഉല്പാദന ശേഷിയുടെ അധികം വരുന്ന ഭാഗം കയറ്റുമതിക്കായി ഉപയോഗിക്കപ്പെടുകയാണു് വേണ്ടതു്. അങ്ങിനെ വിവിധ രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങൾ സർവ്വദേശീയ കമ്പോളത്തിൽ എത്തിക്കുന്നതിലൂടെ പരസ്പരസഹായവും സഹകരണവും ഉരുത്തിരിയും. നിലവിൽ സാമ്രാജ്യത്തത്തോടു് സൃഷ്ടിക്കപ്പെടുന്ന പരാശ്രിതത്വവും വിധേയത്വവും ആണു് ഒഴിവാക്കേണ്ടതു്. രാജ്യങ്ങൾ തമ്മിൽ പരസ്പര സഹായവും വിഭവങ്ങളുടെ പങ്കു് വെപ്പും സഹകരണവും മെച്ചപ്പെട്ട സമൂഹ സൃഷ്ടിക്കു് ആവശ്യവുമാണു്. പക്ഷെ, ആഭ്യന്തര കമ്പോളത്തിലൂന്നിയുള്ള ഉല്പാദനക്കഴിവു് വികസിപ്പിക്കുന്നതിലൂടെയാണു് സമ്പദ്ഘടനയ്ക്കു് സ്ഥിരത കൈവരിക്കാനാവുക. വിദേശ കമ്പോളത്തിലൂന്നിയുള്ള വ്യവസായ വികസനം വിദേശ കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങൾ മൂലമുണ്ടാകുന്ന അസ്ഥിരത നേരിടേണ്ടിവരും. അതാണു് കേരളത്തിലേയെന്നല്ല, ഇന്ത്യയിലേ തന്നെ ഐടി വ്യവസായം നേരിടുന്ന ഗതികേടു്.


സ്ഥാപന ഭരണം (ERP)

സർക്കാർ വകുപ്പുകളിൽ ഇ-ഭരണം പോലെ സ്ഥാപനങ്ങളിൽ ഈ സാങ്കേതിക വ്യവസ്ഥയുടെ പ്രയോഗത്തേയാണു സ്ഥാപനതല വിഭവാസൂത്രണം (Enterprise Resource Planning – ERP) എന്നു് പറയുന്നതു്. എവിടെയായാലും ലഭ്യമായ വിഭവങ്ങളുടേയെല്ലാം വിവരം (ധനം, സ്ഥലം, കെട്ടിടം, യന്ത്രോപകരണങ്ങൾ, അസസ്കൃത പദാർത്ഥങ്ങൾ, ഉല്പന്നങ്ങൾ, പ്രവർത്തനങ്ങൾ, പ്രക്രിയകൾ, ആവശ്യങ്ങൾ, പണിയെടുക്കുന്നതും ചരക്കുകളും സേവനങ്ങളും എത്തിക്കുന്നതും വാങ്ങുന്നതുമായ മനുഷ്യർ തുടങ്ങി എല്ലാം) ശേഖരിച്ചു് സംഭരിച്ചു് അവ ഉപയോഗിച്ചു് ഭരണ പ്രക്രിയകൾ നടത്തുകയും ആ പ്രക്രിയകളിലൂടെ വിവരങ്ങളിലുണ്ടാകുന്ന മാറ്റം തത്സമയം സംഭരിച്ചു് വിവര സംഭരണി ഏതു് സമയത്തും കാലികമായി നിലനിർത്തുകയുമാണു് ചെയ്യുന്നതു്.

ഇ-ഭരവും ഇ-സ്ഥാപനഭരണവും ഇന്നു് ബഹുരാഷ്ട്ര കുത്തകകളേയോ അവരുടെ സങ്കേതങ്ങൾ കടം കൊണ്ടിട്ടുള്ള തദ്ദേശീയ കുത്തകകളേയോ ആശ്രയിച്ചാണു് വിന്യസിക്കപ്പെടുന്നതു്. കോർപ്പറേറ്റു് സ്ഥാപനങ്ങൾ വികസിപ്പിച്ചു് തരുന്ന സ്വകാര്യ ഉടമസ്ഥത നിലനിർത്തുന്നതിനായി സ്രോതസ് കോഡുകൾ രഹസ്യമാക്കി വെച്ചു് കൊണ്ടുള്ള സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ അവരുടെ ലാഭം നിലനിർത്താനും തുടരാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നു് വ്യക്തം. അതോടൊപ്പം അവ നിലവിലുള്ള മൂലധന മേധാവിത്വം നിലനിർത്താനുതകുന്ന അധികാര കേന്ദ്രീകരണത്തിന്റെ ഉപാധികളും ആയാണു് വികസിപ്പിക്കപ്പെട്ടിരിക്കുന്നതു്. അതായതു്, ഭരണ നവീകരണം ലക്ഷ്യത്തോടെ ജനങ്ങളുടെ താല്പര്യത്തിലും ജനാധിപത്യ വികാസവും സുതാര്യതയും ഉറപ്പിക്കാനും ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കാനും ഉതകും വിധത്തിലല്ല അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും വിന്യസിക്കപ്പെടുന്നതും. മാത്രമല്ല, സാങ്കേതിക വിദ്യ ദേശീയ കോർപ്പറേറ്റുകൾക്കു് പോലും സ്വാംശീകരിക്കനാവുന്നില്ല. അമേരിക്കൻ കുത്തകകളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണു്. ഇസ്രയേൽ ആസ്ഥാനമായുള്ള ഫ്രഞ്ചു്-അമേരിക്കൻ കൂട്ടു് കമ്പനിയായ SAP നും അമേരിക്കൻ കമ്പനിയായ ഒറാക്കിളിനും മാത്രമാണു് ഈരംഗത്തു് വിശ്വാസ്യതയുള്ളതെന്ന തെറ്റായ ധാരണയിൽ അവ വിന്യസിക്കാനുള്ള ശ്രമത്തിലാണു് കേരള ഭരണം നീങ്ങിക്കൊണ്ടിരിക്കുന്നതു്. സാമൂഹ്യ പുരോഗതി തടഞ്ഞു് ധന മൂലധനാധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള ഏറ്റവും പുതിയ ഉപാധി കൂടിയാണു് അവർ നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപന ഭരണവും അടക്കമുള്ള ഭരണ-ആസൂത്രണ-നിർവ്വഹണ പ്രക്രിയാ പുനർ നിർമ്മാണ സംവിധാനങ്ങൾ. സ്വന്തം അധീനതയിലുള്ള ഇന്റർനെറ്റുപയോഗിച്ചു് അമേരിക്കൻ ഭരണകൂടെ ആഗോളമായി ചാര നിരീക്ഷണം നടത്തുന്നതിന്റെ വിവരം വെളിപ്പെട്ടിരിക്കുകയാണല്ലോ. അതേ പോലെയോ അതിലുപരിയോ ആയ വിവര ചോരണമായിരിക്കും SAP ഉം ഒറാക്കിളും സ്ഥാപിച്ചാലുണ്ടാവുക. ഇ-ഭരണവും ഇ-സ്ഥാപനഭരണവും ഏർപ്പെടുത്താൻ ഐറ്റി സേവന ദാതാക്കളായി ബഹുരാഷ്ട്ര കമ്പനികൾക്കും അവയുടെ സങ്കേതങ്ങൾക്കും പകരം വെയ്ക്കാൻ തദ്ദേശീയ പൊതുമേഖലാ സ്ഥാപനങ്ങളെ തയ്യാറാക്കുകയാണു് വേണ്ടതു്. അവരെ പുതിയ മേഖലകളിലേയ്ക്കു് കടക്കാൻ പ്രേരിപ്പിക്കണം. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിച്ചു് അവരുടെ കഴിവുകളും വിഭവങ്ങളും കൂടി ഉപയോഗിക്കണം. അത്തരത്തിൽ പ്രാദേശിക-ദേശീയ ശാക്തീകരണത്തിലൂടെ ആഭ്യന്തര സേവന സംവിധാനം സൃഷ്ടിക്കുക എന്നതാണു് വേണ്ടതു്. വിവര വിനിമയ ശൃംഖലാധിഷ്ഠിത ഭരണ സംവിധാനം വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള പ്രാപ്തി സ്ഥാപനത്തിന്റെ വലിപ്പത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. വലിയ കോർപ്പറേറ്റു് സ്ഥാപനങ്ങളിൽ പോലും സമഗ്രമായ സാങ്കേതിക ധാരണ ഏതാനും ചിലരിൽ മാത്രം ഒതുങ്ങിയിരിക്കും. ബഹുഭൂരിപക്ഷം ജീവനക്കാരും ആവർത്തന സ്വഭാവമുള്ള പണികൾ ചെയ്യുന്നവരായിരിക്കും. അവരൊന്നും ആ കമ്പനിയുടെ ബൌദ്ധിക സ്വത്തു് കയ്യാളുന്നവരായിരിക്കില്ല. അതേ സമയം ചെറിയ കമ്പനികളിൽ ജീവനക്കാർക്കു് കൂടുതൽ സമഗ്ര ധാരണയുണ്ടായിരിക്കും. വലിപ്പത്തേക്കാളുപരി, സാങ്കേതിക പരിജ്ഞാനവും സംരംഭകത്വവും സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള ആഭിമുഖ്യവും ബന്ധപ്പെട്ട മേഖലയേക്കുറിച്ചുള്ള പരിജ്ഞാനവുമാണു് കൂടുതൽ പ്രധാനം.


വിവര സാങ്കേതിക വ്യവസായവും തൊഴിൽ സാധ്യതയും

രാജ്യമാകെയെടുത്താൽ 2.2 ദശലക്ഷം നേരിട്ടുള്ള തൊഴിലും 8.2 ദശലക്ഷം പരോക്ഷമായ തൊഴിലും വിവര സാങ്കേതിക വ്യവസായ മേഖലയുടെ പങ്കായുണ്ടു് എന്നതാണു് ഒരു കണക്കു്. മൊത്തം ഒരു കോടിയിലേറെ മാത്രം. അതു് ഇന്ത്യൻ തൊഴിലാളികളുടെ വെറും രണ്ടു് ശതമാനം മാത്രമാണു്. ഈ മേഖല ഒരു വർഷം തൊഴിൽ നൽകുന്നതു് 1.83 ലക്ഷം പേർക്കു് മാത്രമാണു്. പ്രതിവർഷം എഞ്ചിനിയറിങ്ങു് കോളേജുകളിൽ നിന്നു് ബിരുദവുമായി പുറത്തിറങ്ങി ഈ ജോലി തേടിയെത്തുന്നവരുടെ എണ്ണം 5.5 ലക്ഷമാണു്.

ഈ മേഖലയിലെ തൊഴിലിന്റെ പൊതു സ്വഭാവം പരിശോധിച്ചാൽ വിദേശ കമ്പോളത്തിൽ നിന്നുള്ള പുറം കരാർ പണികളാണു് കൂടുതലെന്നു് കാണാം. വിദേശത്തു് നിന്നു് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ. വിദേശത്തു് നിന്നു് വാങ്ങുന്ന സോഫ്റ്റ്‌വെയറുകൾ. അവ ഉപയോഗിച്ചു് വിദേശ കമ്പോളത്തിനു് വേണ്ടിയുള്ള പണികൾ കുറഞ്ഞ മൂല്യ വർദ്ധന മാത്രമാണു് സൃഷ്ടിക്കുന്നതു്. ഇന്ത്യൻ നിരക്കിൽ കുറഞ്ഞ കൂലി കൊടുത്താൽ മതിയെന്നതും അതിലൂടെ താരതമ്യേന കൂടുതൽ ലാഭം തട്ടിയെടുക്കാമെന്നതും മാത്രമാണു് ഇന്ത്യൻ വ്യവസായികളുടെ നോട്ടം. ഇതൊരു താല്കാലിക പ്രതിഭാസമായി മാത്രമേ കാണാൻ കഴിയൂ. അതേ സമയം ഇന്ത്യയിലെ ഭരണം, സ്ഥാപന മാനേജ്മെന്റു്, വിവര വിനിമയം, ബാങ്കിങ്ങു്, ഇൻഷുറൻസ്, നിർമ്മാണ വ്യവസായം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലേയ്ക്കാവശ്യമായ വിവര സാങ്കേതിക സംവിധാനങ്ങളും വ്യവസ്ഥകളും ഉപകരണങ്ങളുമെല്ലാം ഇറക്കുമതി ചെയ്യപ്പെടുന്നവയാണു്. അതായതു് വിവര സാങ്കേതിക വ്യവസായത്തിലൂടെ ഉണ്ടാകുന്ന വിദേശ നാണ്യ വരുമാനത്തേക്കാൾ കൂടുതൽ ഇന്ത്യയ്ക്കാവശ്യമായി വരുന്ന ഇറക്കുമതിക്കു് വേണ്ടി ചെലവിടേണ്ടി വരുന്നുണ്ടു്. കേരളത്തിന്റെ കാര്യം പരിശോധിച്ചാൽ ഇറക്കുമതി ഘടകം വീണ്ടും കൂടുകയും കയറ്റുമതി ഘടകം കുറയുകയും ചെയ്യും.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിദേശ കമ്പോളത്തെ കേന്ദ്രീകരിച്ചുള്ള വികസന തന്ത്രം തല്കാലം ചില തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെങ്കിലും അതു് വിദേശ കമ്പോളത്തിന്റെ ചാഞ്ചാട്ടങ്ങൾക്കു് വിധേയവും സേവന ഗുണമേന്മയുടെ കാര്യത്തിൽ വിദേശ കമ്പോളത്തിനു് പുറകിൽ മാത്രം മുന്നേറുന്നതും ആഭ്യന്തര സേവനങ്ങൾക്കു് വേണ്ടി വിദേശാശ്രിതത്വം സൃഷ്ടിക്കുന്നതും സ്വാശ്രയ വികസനം അസാദ്ധ്യമാക്കുന്നതുമായിരിക്കും.

ആഭ്യന്തര കമ്പോളത്തിന്റെ ആസൂത്രണം, സമ്പത്തുല്പാദനം, വിതരണം, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യം, ഭരണം, സ്ഥാപനമാനേജ്മെന്റു് തുടങ്ങി ഒട്ടേറെ മേഖലകളിൽ വിവര സാങ്കേതികോപാധികളുടെ പ്രയോഗം ഇനിയുമെത്രയോ ഇരട്ടി നടക്കാനിരിക്കുന്നു. അതായതു് ആഭ്യന്തര കമ്പോളം വളരെ വലുതാണു്. തൊഴിൽ സാധ്യത വളരെ ഉയർന്നതാണു്. അതു് ലക്ഷ്യമാക്കിയുള്ള വിവര സാങ്കേതിക വികസന തന്ത്രമാണു് കേരളത്തിനു് അടിയന്തിരാവശ്യമായിട്ടുള്ളതു്. അതിലൂടെ ഉയർന്ന മൂല്യം സൃഷ്ടിക്കാനാവും. ഇതര വികസന മേഖലകളുടെ പ്രവർത്തനം കാര്യക്ഷമവും ചടുലവും കടുതൽ ഫലദായകവും ആക്കുന്നതോടൊപ്പം കുറഞ്ഞ ചെലവിൽ സാങ്കേതിക സ്വാംശീകരണവും വൈദഗ്ദ്ധ്യ പോഷണവും സേവന ഗുണമേന്മയും തൊഴിൽ സാധ്യതകളും അവസാനം കയറ്റുമതി സാധ്യതയും വർദ്ധിപ്പിക്കാനുതകുകയും ചെയ്യും. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിക്കുമ്പോൾ മൂല്യ വർദ്ധന കൂടുതലാകും. വർദ്ധിച്ച സാങ്കേതിക സ്വാംശീകരണവും വൈദഗ്ദ്ധ്യപോഷണവും സാമ്പത്തിക സ്വാശ്രയത്വവും വിവര സുരക്ഷിതത്വവും അധിക നേട്ടങ്ങളാണു്. അത്തരത്തിൽ കൂടുതൽ ഗുണമേന്മയും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളുമായി വിദേശ കമ്പോള പ്രവേശം സുസാദ്ധ്യവും സുകരവും സ്വാഭാവികവുമാകുകയും ചെയ്യും.


ഉപസംഹാരം.

വിഷൻ 2030, വിദേശ കമ്പോളം ലക്ഷ്യം വെച്ചുള്ള ആസൂത്രണത്തിന്റെ ഭാഗമായി കേരളത്തിലെ ഭൂമിയും പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവ ശേഷിയും ധന മൂലധനാധിപത്യ വ്യവസ്ഥയ്ക്കു് വിധേയമായി അതിന്റെ താല്പര്യത്തിൽ വിനിയോഗിക്കുക എന്നതാണു്. ഹബ് ആന്റു് സ്പോക് മാതൃകയിൽ ഐടി പാർക്കുകളെന്ന പോലെ ഐടി വ്യവസായവും ഐടിയിലധിഷ്ഠിതമായ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും അടക്കം എല്ലാ സേവനങ്ങളുടേയും കേന്ദ്രങ്ങളടങ്ങിയ തുരുത്തുകൾ സൃഷ്ടിക്കുക എന്നതാണു്. ആ ചുറ്റുപാടിൽ ആഭ്യന്തര കമ്പോളം വിദേശോല്പന്നങ്ങളുടേയും ഇപ്പറയുന്ന ഹബ്ബുകളുടെ സേവനങ്ങളുടേയും കമ്പോളമാക്കി മാറ്റപ്പെടുകയാണുണ്ടാവുക. ഇതനുസരിച്ചു് ഭൂമിയും കെട്ടിടങ്ങളും ജല സ്രോതസുകളും എല്ലാം ധനമൂലധനത്തിന്റെ പിടിയിലാകുകയും അവയിലൂടെ നിക്ഷേപച്ചെലവു് കൂടുന്നതിലൂടെ താങ്ങാനാവാത്ത വിലക്കയറ്റം സൃഷ്ടിക്കുകയും ജന ജീവിതം താറുമാറാക്കുകയും ചെയ്യുന്ന സമ്പദ്ഘടനയാണു് സൃഷ്ടിക്കപ്പെടുക. ആശ്രിതത്വവും ദുരിതവുമായിരിക്കും ഫലം.

ഈ രേഖയുടെ കാഴ്ചപ്പാടു് അതിൽ നിന്നു് തികച്ചും വ്യത്യസ്തമായി ആഭ്യന്തര കമ്പോളത്തെ ലക്ഷ്യം വെച്ചു് ഐടിയുടെ സാധ്യതകളുപയോഗപ്പെടുത്തിയും അതിനായി സ്വതന്ത്ര സോഫ്റ്റ്‌വെയറടക്കം വിജ്ഞാന സ്വാംശീകരണം ഉറപ്പാക്കിയും ഐടി അധിഷ്ഠിത വ്യവസായം തന്നെ കേരളത്തിൽ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും സമ്പത്തുല്പാദനവും മൂല്യവർദ്ധനവും പരമാവധി വർദ്ധിപ്പിക്കുകയും പ്രാദേശികോല്പന്നങ്ങളുടെ ഉപഭോഗം പരമാവധിയാക്കുകയും മിച്ചോല്പന്നങ്ങൾ കയറ്റുമതി ചെയ്യുകയും കുറവുള്ളവ ഇറക്കുമതി ചെയ്യുകയും ചെയ്യുക എന്നതാണു്. ഇതിലൂടെ ന്യായമായ കൂലി-വില നിരക്കിൽ സാമൂഹ്യജീവിതം സുകരമാക്കാനുതകുന്ന സമ്പദ്ഘടനയാണു് സൃഷ്ടിക്കപ്പെടുക.

ഒന്നാമത്തെ മാർഗ്ഗം നിക്ഷേപോന്മുഖമാണു്. കേരളത്തിലെ ഭൂമിയും പ്രകൃതി വിഭവങ്ങളും മനുഷ്യവിഭവശേഷിയും അതിനുള്ള വിഭവങ്ങളായി അന്യാധീനപ്പെടുത്തപ്പെടുന്നു. അങ്ങിനെ പുറമെ നിന്നു് വരുന്ന ധന മൂലധനവും സാങ്കേതിക വിദ്യയും വിജ്ഞാനവും കേരളത്തെ പുരോഗതിയിലേയ്ക്കു് നയിക്കുമെന്നതാണു് അതിന്റെ കാഴ്ചപ്പാടു്. ഫലം പരാശ്രിതവും അസ്ഥിരവുമായ വികസനമാണു്.

രണ്ടാമത്തേതാകട്ടെ, ഉല്പാദനോന്മുഖമാണു്. അതേ ഭൂമിയും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ചും ശരിയായ സാങ്കേതിക-വൈജ്ഞാനിക സ്വാംശീകരണത്തിലൂടെ മനുഷ്യ വിഭവ ശേഷി പോഷിപ്പിച്ചും അവ പശ്ചാത്തല സൌകര്യങ്ങളായി ഉപയോഗിച്ചും ഉല്പാദനം വർദ്ധിപ്പിക്കുകയും ആ പ്രക്രിയയിലൂടെ വൈദഗ്ദ്ധ്യവും കാര്യക്ഷമതയും ജീവിത ഗുണമേന്മയും നേടുക എന്നതാണു്. രണ്ടിലും കേരളത്തിന്റെ വിഭവം ഒന്നു് തന്നെയാണെന്നതു് ശ്രദ്ധേയമാണു്. ഒന്നു് അവ അന്യാധീനപ്പെടുത്തുമ്പോൾ രണ്ടാമത്തേതു് അവ സംരക്ഷിക്കുകയും മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഫലം സ്വാശ്രയ-സുസ്ഥിര വികസനമാണു്.

ആദ്യത്തേതു് ധന മൂലധന കുത്തകകൾക്കു് വേണ്ടിയുള്ളതും രണ്ടാമത്തേതു് പൊതുവെ കേരള സമൂഹത്തിനു് വേണ്ടിയുള്ളതുമാണെന്നു് ചുരുക്കി പറയാം.