വികസന കോൺഗ്രസ് സമീപന രേഖ -പ്രകൃതി സുരക്ഷ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പ്രകൃതി സുരക്ഷ സി.ടി.എസ്‌. നായർ


ആമുഖം

വികസനം എന്താണെന്നും അത്‌ എങ്ങിനെ വേണമെന്നുമുള്ള ചർച്ചകൾക്ക്‌ കൂടുതൽ പ്രസക്‌തിയുള്ള ഒരു ചുറ്റുപാടിലാണ്‌ നാം ഇന്നുള്ളത്‌. കഴിഞ്ഞ 5-6 വർഷങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യവും വർദ്ധിച്ച്‌ വരുന്ന സാമ്പത്തിക - സാമൂഹ്യ അസമത്വത്തിൽ നിന്നുളവാകുന്ന സംഘർഷങ്ങളും വളരെ വ്യാപകമായ പരിസ്ഥിതി നാശവും ഇന്ന്‌ നാം അനുവർത്തിച്ച്‌ വരുന്ന വികസന മാതൃകകളുടെ പോരായ്‌മകളിലേക്ക്‌ വിരൽ ചൂണ്ടുന്നു. ദേശീയ വരുമാന വളർച്ചയിൽ മാത്രം ഊന്നിയിട്ടുള്ള വികസന നയം സമൂഹത്തിന്റെ സ്ഥായിയായ പുരോഗതിയെ വിലയിരുത്താൻ ഒട്ടും പര്യാപ്‌തമല്ല. വരുമാന സൂചികയിൽ വളർച്ച ഉണ്ടാകുന്നുണ്ടെങ്കിലും അത്തരം വളർച്ച പലപ്പോഴും സമൂഹത്തിന്റെ പൊതുവെയുള്ള ക്ഷേമത്തിൽ കാര്യമായ കുറവ്‌ വരുത്തുന്ന ഒരുപാട്‌ ഉദാഹരണങ്ങളുണ്ട്‌. ഇന്ന്‌ ഇന്ത്യയും അതുപോലെ മറ്റുപല രാജ്യങ്ങളും വരുമാന വളർച്ചക്ക്‌ മുൻതൂക്കം നൽകുകയും അതിനനുസൃതമായി സാമ്പത്തിക ഉദാരവർക്കരണ നയം നടപ്പാക്കിക്കൊണ്ടിരിക്കുയും ചെയ്യുന്നു. എന്താണ്‌ ഉൽപ്പാദിപ്പിക്കേണ്ടതെന്നും അത്‌ എങ്ങിനെയുന്നുമുള്ള തീരുമാനം പൂർണ്ണമായും കമ്പോള വ്യവസ്ഥക്ക്‌ വിട്ടുകൊടുത്തുകൊണ്ടിരിക്കുന്നു. കമ്പോള വ്യവസ്ഥക്ക്‌ സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുക മാത്രമാണ്‌ ഗവൺമെന്റിന്റെ ചുമതല. എന്നാൽ കമ്പോള വ്യവസ്ഥയിലുള്ള അപാകതകൾ പലപ്പോഴും നമ്മെ എത്തിക്കുന്നത്‌ ഒരു Crony Capatialism ത്തിലേക്കാണ്‌. പ്രകൃതിയും പ്രകൃതി വിഭവങ്ങളും വെറും കമ്പോള ചരക്കുകളായി മാറുകയും അവ പ്രാകൃത വിഭവ സമാഹരണത്തിന്റെ ഒരു ഭാഗമാവുകയും ചെയ്യുന്നു. ഈ ചുറ്റുപാടിലാണ്‌ പ്രകൃതി സുരക്ഷയ്‌ക്കുവേണ്ടി നമുക്ക്‌ എന്തുചെയ്യാൻ കഴിയുമെന്ന കാര്യത്തെ കുറിച്ച്‌ വിശദമായി ചർച്ചചെയ്യേണ്ടതും വ്യക്തമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കേണ്ടതും. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രകൃതി സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും വളരെ ചൂടുപിടിച്ചിട്ടുണ്ട്‌. ؉പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി പ്രൊഫസർ മാധവ്‌ ഗാട്‌ഗിൽ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ട്‌ വികസനവും പ്രകൃതി സംരക്ഷണവും എങ്ങിനെ സമന്വയിപ്പിക്കാമെന്ന്‌ വിശദീകരിക്കുന്നുണ്ട്‌ എന്നാൽ ഇത്‌ പലർക്കും സ്വീകാര്യമായില്ലെന്നു മാത്രമല്ല ഒരു ചർച്ചക്ക്‌ പോലും വിധേയമാക്കാതെ അത്‌ തിരസ്‌കരിക്കണമെന്നുള്ള ആവശ്യം ഉയർന്നുവന്നു. ഗാഡ്‌ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾക്ക്‌ എതിരായി ഉണ്ടായ വിമർശനങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ പശ്ചിമഘട്ട സംരക്ഷണം എങ്ങിനെ നടപ്പാക്കാം എന്നതിനു വേണ്ടിയാണ്‌ പ്രൊഫ. കസ്‌തൂരി രംഗൻ അദ്ധ്യക്ഷനായുള്ള ഒരു സമിതിയെ നിയോഗിച്ചത്‌. എന്നാൽ വെള്ളംചേർത്ത വളരെ വ്യത്യസ്‌തമായ സമീപനമുള്ള കസ്‌തൂരി രംഗൻ റിപ്പോർട്ടും വ്യാപകമായ പ്രതിഷേധങ്ങൾക്ക്‌ കാരണമായി. കേന്ദ്രഗവൺമെന്റ്‌ കസ്‌തൂരി രംഗൻ റിപ്പോർട്ട്‌ അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കുകയും പിന്നീടത്‌ മാറ്റുകയും അവസാനമായി അത്‌ ഭാഗിഗമായി പിൻവലിക്കുയുമുണ്ടായി. പത്ര ദൃശ്യമാധ്യമങ്ങളിൽ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും വാർത്തകളും നിറഞ്ഞു നിന്നു. റിപ്പോർട്ടിനെതിരായി വ്യപകമായ അക്രമങ്ങളും പൊതുമുതൽ നീശകരണവും അരങ്ങേറി. ؉ഗാട്‌ഗിലിന്റേയും കസ്‌തൂരിരംഗൻ കമ്മറ്റികളുടേയും റിപ്പോർട്ടിനെകുറിച്ചുള്ള വാദങ്ങളും സമരങ്ങളും നടക്കുന്ന അതേ സമയത്തു തന്നെയാണ്‌ പ്രാദേശികമായ പരിസ്ഥിതി പ്രശ്‌നങ്ങളോടനുബന്ധിച്ചുള്ള സംഘർഷങ്ങൾക്കും ആക്കം കൂടിയത്‌. അനധികൃതമായ പാറപൊട്ടിക്കലും മണൽ വാരലും പാടം നികത്തലുമെല്ലാം പ്രാദേശികമായ പ്രക്ഷോഭങ്ങൾക്ക്‌ വഴിതെളിയിച്ചു. പരിസ്ഥിതി നാശത്തിന്‌ കാരണമായ പല പദ്ധതികൾക്കും ഗവൺമെന്റ്‌ പ്രത്യക്ഷമായും പരോക്ഷമായും സഹായം ചെയ്യുന്ന ഒരു ചുറ്റുപാടിലാണ്‌ നാം ഇന്നുള്ളത്‌. അത്‌ ആറന്മുള വിമാനത്താവളമായാലും ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്ററായാലും ചക്കിട്ടപ്പാറയിലെ ഘനനമായാലും ഇതെല്ലാം വികസനത്തിന്‌ ആവശ്യമാണ്‌ എന്നാണ്‌ അതാതുകാലങ്ങളിൽ ഭരണത്തിലിരിക്കുന്നവരുടെ വാദം. ؉ഈ ചുറ്റുപാടിലാണ്‌ നമ്മുടെ സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ കേരള വികസന വീക്ഷണം 2030 പുറത്തിറക്കുന്നത്‌. അതിൽ നിന്ന്‌ ഉരുത്തിരിഞ്ഞ വികസന നയം എന്താണെന്നും അത്‌ പരിസ്ഥിതിയെ എങ്ങിനെ ബാധിക്കുമെന്നും വിശദമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം എല്ലാ മേഖലകളിലും സ്വാംശീകരിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതിന്നപ്പുറത്തേക്ക്‌ എന്തുചെയ്യണമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കേരളത്തിന്റെ ആളോഹരി കാർബൺ വികിരണം ഇന്നുള്ള 1.5 ടണ്ണിൽ നിന്നും 2030 ആകുമ്പോഴേക്കും 5.33 ടൺ ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇതിൽ നിന്നും വ്യക്തമാകുന്നത്‌ പ്ലാനിംഗ്‌ ബോർഡിന്റെ വികസന വീക്ഷണം ഒട്ടും പരിസ്ഥിതി സൗഹൃദമല്ല എന്നുള്ളതാണ്‌. മാത്രമല്ല ഈ കണക്കു കൂട്ടൽ കേരളത്തിന്റെ ഉൽപ്പാദന വർദ്ധനവിനെ അടിസ്ഥാനമാക്കിയാണ്‌. ഒരു ഉപഭോക്തസമൂഹം എന്ന നിലക്ക്‌ പരോക്ഷമായ കാർബൺ വികിരണം കൂടി കണക്കിലെടുക്കുമ്പോൾ ശരാശരി കാർബൺ പാദമുദ്ര ഇതിലും കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഒരു സാഹചര്യത്തിലാണ്‌ കേരള വികസനം എങ്ങിനെ ആകണമെന്നുള്ളതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടത്‌. ഈ പശ്ചാത്തലത്തിൽ മാത്രമെ പരിസ്ഥിതി സംരക്ഷണം എങ്ങിനെ ആകണമെന്നുള്ള അവബോധം വളർത്തിയെടുക്കുവാനും പരിസ്ഥിതി സംരക്ഷണം സാമൂഹ്യ പുരോഗതിയുടെ ഒരു അവിഭാജ്യ ഘടകമാക്കാനും സാധ്യമാകൂ.

ചില അടിസ്ഥാന വസ്‌തുതകളും സമീപനവും.

കേരളം പ്രകൃതി വളരെ അനുഗ്രഹിച്ച സംസാഥനമാണെന്നാണ്‌ പൊതുവായ ധാരണ എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ പ്രകൃതി വിഭവ ലഭ്യത വളരെ പരിമിതമാണ്‌. കൃഷിഭൂമിയായാലും വനമായാലും ശുദ്ധജലമായാലും ഇന്ത്യയിലെ ആളോഹരി ലഭ്യതയേക്കാൾ പുറകിലാണ്‌ കേരളം. 2011-ലെ സെൻസസ്‌ അനുസരിച്ച്‌ കേളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 859 ആണ്‌. അടുത്ത രണ്ട്‌ മൂന്ന്‌ ദശാബ്‌ദങ്ങൾക്കുള്ളിൽ കേരളത്തിലെ ജനസംഖ്യാ വർദ്ധന പൂജ്യത്തിലെത്തുമെങ്കിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 900ത്തിൽ കവിയുമെന്നാണ്‌ ഇപ്പോഴത്തെ കണക്ക്‌. ഈ സാഹചര്യത്തിൽ പ്രകൃതി വിഭവ ഉപയോഗം അങ്ങേയറ്റം കരുതലോടെ വേണമെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ സാധ്യതയില്ല. മൂന്ന്‌ കാര്യങ്ങൾ നാം പ്രത്യേകിച്ച്‌ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 1) പ്രകൃതി വിഭവ ഉപയോഗം തികച്ചും ശാസ്‌ത്രാധിഷ്‌ഠിതമായിരിക്കണം. അശാസ്‌ത്രീയമായ പ്രകൃതി വിഭവ ഉപയോഗം നമുക്കൊരിക്കലും അനുയോജ്യമായതല്ല. ശാസ്‌ത്രം എന്നത്‌ വെറും ഭൗതിക ശാസ്‌ത്രമല്ല. മറിച്ച്‌ സാമൂഹ്യ ശാസ്‌ത്രംകൂടി ഉൾപ്പെടുന്ന, പാരമ്പര്യമായ വിജ്ഞാനംകൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കാഴ്‌ചപ്പാടാണ്‌. 2) പ്രകൃതി വിഭവ ഉപയോഗവും പ്രകൃതി സംരക്ഷണവും പൂർണ്ണമായ ജനപങ്കാളിത്വ ത്തോടുകൂടിയായിരിക്കണം. 3) അത്‌ തികച്ചും സുതാര്യവും ഉത്തരവാദിത്വപരവുമായിരിക്കണം.


ഭൂഉപയോഗത്തിലെ മാറ്റങ്ങൾ

വളരെയധികം ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്‌ ഭൂ ഉപയോഗവും അതിലുണ്ടാകുന്ന മാറ്റങ്ങളും. ഭൂ ഉപയോഗവും ഉൽപ്പാദന ശേഷിയും കാലാവസ്ഥ, മണ്ണ്‌, ചരിവ്‌ എന്നിവക്ക്‌ പുറമെ ഭൂ ഉടമയുടെ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളേയും ആശ്രയിച്ചിരിക്കുന്നു. കാർഷിക സമൂഹത്തിന്റെ വളർച്ചക്കനുസൃതമായി വനഭൂമി കൃഷിയാക്കി മാറ്റിയ ഒരു ചരിത്രമാണ്‌ കേരളത്തിനുള്ളത്‌. കാർഷിക മേഖലയിലെ മുരടിപ്പ്‌ അവസാനിപ്പിക്കുവാനും തൊഴിലില്ലായ്‌മയുടെ രൂക്ഷത കുറക്കാനും കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിഭൂമിയാക്കിയത്‌ തീർച്ചയായും സഹായിച്ചു. പലപ്പോഴും ഇത്തരം മാറ്റങ്ങൾ അതാത്‌ കാലങ്ങളിലെ ഗവൺമെന്റുകളു#െ സഹായത്തോടെയും പ്രോത്സാഹത്തോടെയും കൂടിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ്‌ പൊതു ഉടമയിലുള്ള വനഭൂമി സ്വകാര്യ ഉടമയിലുള്ള കൃഷിഭൂമിയായി മാറിയത്‌. അതിനെ വളരെ മുമ്പ്‌ തന്നെ വനം വെട്ടി മാറ്റിയിട്ടാണ്‌ കോർപ്പറേറ്റ്‌ മേഖല കാപ്പി, തേയില എന്നിവയുടെ കൃഷി വ്യാപകമാക്കിയത്‌. ഇത്തരം ഒരു മാറ്റമാണ്‌ ഭൂമിയുടെ നിയന്ത്രണം പൊതു നിയന്ത്രണത്തിൽ നിന്ന്‌ സ്വകാര്യ വ്യക്തികളുടെ കയ്യിലെത്തിച്ചതും കമ്പോളത്തിലെ മാറ്റങ്ങൾക്കനുസരിച്ച്‌ ഭൂമിയുടെ ഉപയോഗത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ തുടക്കവും. കാർഷിക മേഖലയുടെ തളർച്ചയും തൃതീയ മേഖലയുടെ അഭൂതപൂർവവുമായ വളർച്ചയുമാണ്‌ ഭൂ ഉപയോഗത്തിൽ കാതലായ മാറ്റങ്ങൾക്ക്‌ കാരണമായത്‌. കാർഷിക ഉപയോഗം കുറഞ്ഞതോടെ ഭൂമി പ്രധാനമായും തൃതീയ മേഖലയുടെ വളർച്ചക്ക്‌ ആവശ്യമായ ഒരു ഘടകമായി മാറി. അതേ പശ്ചാത്തലത്തിൽ ഊഹകച്ചവടത്തിലെ ഒരു പ്രധാന കണ്ണിയായി മാറുകയും ചെയ്‌തു. കമ്പോളത്തിന്ന്‌ വഴങ്ങാത്ത പാരിസ്ഥിതിക ധർമ്മങ്ങളെ പാടെ മാറ്റിവെച്ചുകൊണ്ട്‌ ഭൂമി പ്രത്യേകിച്ചും കല്ലിനും മണ്ണിനും മണലിനും വേണ്ടി ഒരു കച്ചവട ചരക്കായി മാറുകയും ചെയ്‌തു. വർദ്ധിച്ചുവരുന്ന ഉപഭോക്ത സംസ്‌കാരത്തിന്‌ അനുസൃതമായി ഭൂമിയിൽ വ്യാപകമായ മാറ്റങ്ങളാണ്‌ ഉണ്ടായത്‌. ഇത്തരം മാറ്റങ്ങൾ പൂർണ്ണമായും താൽക്കാലിക സ്വകാര്യ ലാഭത്തിന്‌ മാത്രം മുൻതൂക്കം നൽകുകയും സമൂഹത്തിന്‌ പൊതുവായി ലഭ്യമായിരുന്ന മാർക്കറ്റധിഷ്‌ഠിതമല്ലാത്ത പരിസ്ഥിതി സേവനങ്ങളുടെ ശോഷണത്തിനും കാരണമാക്കി. കള്ളപ്പണത്തിന്റെ സ്വാധീനം ഇത്തരത്തിലുള്ള ഭൂ ഉപയോഗ മാറ്റത്തിന്‌ ആക്കം കൂട്ടി. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരുപാട്‌ നിയമങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ലംഘിക്കപ്പെടുന്ന ഒരുവസ്ഥയാണ്‌ ഇന്നുള്ളത്‌. ഭൂമിയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ആ ഭൂമിയുടെ ഉടമസ്ഥനെ മാത്രമല്ല ബാധിക്കുന്നത്‌. ഭൂമിയിൽ നിന്നുള്ള പരിസ്ഥിതി ധർമ്മങ്ങൾക്ക്‌ വ്യക്തമായ അതിരുകൾ ഇല്ല. ഒരു വേലിക്കോ മതിലിനോ ഭൂമിയുടെ സേവനങ്ങളെ ഒരു തുണ്ടുഭൂമിയിൽ തളച്ചിടാനാവില്ല. പലപ്പോഴും മാനുഷിക ഇടപെടലുകൾ ചുറ്റുപാടുള്ള ഭൂമിയുടെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ജനസാന്ദ്രത വളരെ കൂടിയ, ആളോഹരി ഭൂമിയുടെ വിസ്‌തീർണ്ണം വളരെ കുറഞ്ഞ കേരളത്തിൽ. ഈ പശ്ചാത്തലത്തിലാണ്‌ ഭൂമി ഒരു പൊതുസ്വത്ത്‌ എന്ന കാഴ്‌ചപ്പാട്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ മുമ്പോട്ട്‌ വെക്കുന്നത്‌. എങ്ങനെയാണ്‌ ഈ സമീപനം മൂർത്തമാക്കുന്നത്‌ എന്നതാണ്‌ നമുക്ക്‌ ആലോചിക്കേണ്ടത്‌. പലപ്പോഴും വളരെ തെറ്റായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒന്നാണ്‌ ഈ നിർദ്ദേശം. പൊതു സ്വത്ത്‌ എന്നതുകൊണ്ട്‌ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി മുഴുവനായും ഗവൺമെന്റ്‌ ഏറ്റെടുക്കുന്ന എന്നല്ല അർത്ഥം. ഇത്‌ അടിവരയിട്ട്‌ പറയുകയും ഈ കാഴ്‌ചപ്പാടിന്റെ അന്തഃസത്ത എന്താണെന്ന്‌ വ്യക്തമാക്കുകയും വേണം. ഭൂമിയുടെ മേഖല വൽക്കരണവും ഓരോ മേഖലയിലും വരുന്ന ഭൂമിയുടെ ഉപയോഗ സാധ്യത ശാസ്‌ത്രീയമായും ജനപങ്കാളിത്വത്തോടുകൂടിയും നിശ്ചയിക്കുക എന്നതുമാണ്‌ അടുത്തപടി. തീർച്ചയായും പ്രാദേശികാടിസ്ഥാനത്തിൽ - പഞ്ചായത്ത്‌ വാർഡ്‌ അടിസ്ഥാനത്തിൽ ഇത്‌ ചെയ്യാവുന്നതാണ്‌. ഇത്തരം മേഖല തിരിക്കലും അതിനനുസൃതമായ ഉപയോഗങ്ങളിലെ നിയന്ത്രണവും ഒട്ടുമിക്ക രാജ്യങ്ങളിലും നടപ്പാക്കുന്നുണ്ട്‌. നമ്മുടെ രാജ്യത്തു തന്നെ തീര പ്രദേശത്തുള്ള വികസന പ്രവർത്തനങ്ങൾക്ക്‌ തീരദേശ നിയമമനുസരിച്ച്‌ പല നിയന്ത്രണങ്ങളുമുണ്ട്‌. ഇതിന്റെ ചുവട്‌ വെച്ചുകൊണ്ടുള്ള ഒരു മേഖലാവൽക്കരമമാണ്‌ ഗാട്‌ഗിൽ റിപ്പോർട്ടിലെ പ്രധാനപ്പെട്ട ഒരു നിർദ്ദേശം. മേഖലവൽക്കരണം തീര പ്രദേശത്തോ പശ്ചിമഘട്ടപ്രദേശത്തോ മാത്രം പോര നെരെ മറിച്ച്‌ കേരളത്തിൽ മുഴുവനായും ഭൂഉപയോഗ സാധ്യതയും, അതിൽ നിന്നുളവാകുന്ന നേട്ട കോട്ടങ്ങളും കണക്കിലെടുത്തുകൊണ്ട്‌ നടപ്പാക്കേണ്ടത്‌ ആവശ്യമാണ്‌. പശ്ചിമഘട്ട പ്രദേശം പോലെതന്നെ അശാസ്‌ത്രീയമായ ഭൂ ഉപയോഗം ഇടനാട്ടിലും വ്യാപകമാണ്‌. പ്രത്യേകിച്ചും വ്യാപകമായ കുന്നിടിക്കലും തണ്ണീർത്തടങ്ങൾ നശിപ്പിക്കലും. ഭൂ ഉപയോഗത്തിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിൽ ഏറ്റവും പ്രധാനം ഇന്നുള്ള ഭരണ സംവിധാനം കൂടുതൽ സുതാര്യമാക്കുക എന്നുള്ളതാണ്‌. അതുപോലെ ഭൂ ഉപയോഗം ചില ഉപാധികളോടെ തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്‌തമാക്കുകയും അതിനനുസൃതമായി ഭരണ സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇത്തരം ഒരു മേഖല തിരിക്കലും നിയന്ത്രണങ്ങളിലും സർക്കാർ അധീനതയിലുള്ള ഭൂമിയും ഉൾപ്പെടുത്തണം. ഒരു പക്ഷെ ഏറ്റവും അധികം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നത്‌ ഇന്ന്‌ പല വകുപ്പുകളുടേയും അധീനതയിലുള്ള ഭൂമിയിലാണ്‌. പല മാറ്റങ്ങളും ?പൊതുതാൽപര്യം? എന്ന പേരിലാണെങ്കിലും, ഇത്തരം മാറ്റങ്ങൾ ഒരു പൊതു താൽപര്യത്തിനും സഹായകമാവുന്നില്ലെന്ന്‌ മാത്രമല്ല പലപ്പോഴും അവ പൊതു താൽപര്യത്തിന്‌ ഹാനികരമാകുന്നു എന്നതാണ്‌ വസ്‌തുത. പബ്ലിക്‌ പ്രൈവറ്റ്‌ പാർട്‌ണർഷിപ്പ്‌ എന്ന ഓമനപ്പേരോടു കൂടി പൊതു താൽപര്യാർത്ഥം കരയും കായലും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൈമാറുന്ന ഒരു പ്രക്രിയ ഇന്ന്‌ വ്യാപകമാണ്‌. പലപ്പോഴും ഇത്തരം കൈമാറ്റം പരിസ്ഥിതി പ്രശ്‌നങ്ങളെ മുഴുവൻ കണക്കിലെടുക്കാതെയുള്ള അശാസ്‌ത്രീയമായ റിയൽ എസ്റ്റേറ്റ്‌ വളർച്ചക്ക്‌ മാത്രമെ സഹായിക്കുന്നൂള്ളൂ.

വനപരിപാലനം

ദേശീയ വനവിസ്‌തൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ സ്ഥിതി അൽപം ഭേദമാണെങ്കിലും ആളോഹരി വനവിസ്‌തൃതി കണക്കാക്കുമ്പോൾ നാം വളരെ പിറകിലാണ്‌. ഇന്ത്യയിലെ ആളോഹരി വന വിസ്‌തൃതി 0.058 ഹെക്‌ടറാണ്‌ എന്നാൽ കേരളത്തിലത്‌ വെറും 0.038 ഹെക്ടർ മാത്രമാണ്‌. ദേശീയ വന നയം അനുസരിച്ച്‌ പർവ്വത പ്രദേശങ്ങളിൽ ഭൂ വിസ്‌തൃതിയുടെ മൂന്നിൽ രണ്ട്‌ ഭാഗവും വനമായി നിർത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അതനുസരിച്ച്‌ കേരളത്തിലെ വന വിസ്‌തൃതി പരിസ്ഥിതി ധർമ്മങ്ങൾ നിർവ്വഹിക്കാൻ വേണ്ടത്ര ഇല്ല എന്ന്‌ വ്യക്തമാണ്‌. കേരളത്തിലെ വനങ്ങൾ ഏതാണ്ട്‌ മുഴുവനായും (ചില പ്ലാന്റേഷൻ കമ്പനികളുടെ കൈവശമുള്ളത്‌ ഒഴിച്ച്‌) ഗവൺമെന്റിന്റെ അധീനതയിലാണ്‌. വ്യക്തമായ വന നയവും നിയമങ്ങളും ഭരണ സംവധാനങ്ങളുമുണ്ടെങ്കിലും കാലകാലങ്ങളിലുണ്ടായിട്ടുള്ള സാമ്പത്തിക സാമൂഹ്യ മാറ്റങ്ങൾ വനഉപയോഗത്തെ പലതരത്തിലും സ്വാധീനിച്ചിട്ടുണ്ട്‌. കാപ്പി, ചായ എന്നീ തോട്ട വിളകളുടെ വ്യാപകമായ കൃഷി, കുടിയേറ്റം , വ്യവസായ ആവശ്യത്തിന്‌ വേണ്ടി തേക്ക്‌, യൂക്കാലിപ്‌സ്‌ എന്നിവയുടെ തോട്ടങ്ങൾ വെച്ച്‌ പിടിപ്പിക്കൽ, വന്യ ജീവി സംരക്ഷണത്തിനുവേണ്ടി ഉണ്ടാക്കിയ നാഷണൽ പാർക്കുകൾ വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം വന വിസ്‌തൃതിയിലും ഉപയോഗത്തിലും കാര്യമായ മാറ്റങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌. തടിയുൽപ്പാദനത്തിന്‌ മുമ്പുണ്ടായിരുന്ന പ്രാമുഖ്യം ഇന്നില്ലെന്ന്‌ മാത്രമല്ല, പരിസ്ഥിതി സേവനങ്ങൾ - മണ്ണൊലിപ്പ്‌ തടയൽ, ജലസുരക്ഷ, ജൈവവിധ്യതയുടെ സംരക്ഷണം, കാർബൺ വികിരണം തടയുക - എന്നിവയാണ്‌ പ്രധാനമായും വനപരിപാലനത്തിന്റെ ലക്ഷ്യങ്ങൾ. ഇതിൽ നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ താഴെ പറയുന്നവയാണ്‌. ؉കേരളത്തിൽ ഇന്നുള്ള നിബിഢ വനങ്ങൾ ആകെ വന വിസ്‌തൃതിയുടെ വെറും 8% മാത്രമാണ്‌. തുറസ്സായ വനങ്ങൾ (canopy കവർ 40% ത്തിൽ താഴെ) ഏതാണ്ട്‌ 37% മാണ്‌. തീർച്ചയായും വളരെ ശുഷ്‌കിച്ച ഈ വന സമ്പത്ത്‌ കേരളത്തിന്റെ ആവശ്യങ്ങൾ - തടി, വിറക്‌, പരിസ്ഥിതി ധർമ്മങ്ങൾ - നിറവേറ്റാൻ ഒട്ടും പര്യാപ്‌തമല്ല. ؉വനത്തിന്റെ Carrying Capacity യുള്ള ശോഷണമാണ്‌ ഇന്ന്‌ നാം കാണുന്ന മറ്റൊരു പ്രധാന പ്രശ്‌നമായ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾക്ക്‌ കാരണം. വനത്തിൽ നിന്നുള്ള ഭക്ഷ്യ-ജല ലഭ്യത കുറയുമ്പോഴാണ്‌ പല വന്യ മൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നതും അതുകൊണ്ടുണ്ടാകുന്ന സംഘർഷങ്ങളുടെ തീവ്രത കൂടുന്നതും. ؉വനം ഒരു ഉൽപ്പാദന ഉപാധി എന്നതിനപ്പുറം ഇക്കോ ടൂറിസത്തിന്റെ ഒരു അവിഭാജ്യ ഘടകമായിത്തീർന്നിരിക്കുന്നു. ഇതിനോടനുബന്ധിച്ചുള്ള റിസോർട്ടുകളുടെ വളർച്ചയാണ്‌ വന സംരക്ഷണം ഇന്ന്‌ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. വർദ്ധിച്ച്‌ വരുന്ന മനുഷ്യ - വന്യ ജീവി സംഘർഷത്തിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസത്തിന്റെ പങ്ക്‌ എന്താണെന്ന്‌ പഠിക്കേണ്ടതുണ്ട്‌. ؉വനം വെട്ടിമാറ്റിയിട്ടുള്ള കുടിയേറ്റമായാലും കാപ്പി, തേയില എന്നീ തോട്ടവിളകളുടെ വ്യാപനമായാലും വന പരിപാലനമെന്ന പേരിൽ തേക്ക്‌, യൂക്കാലി എന്നിവ വെച്ച്‌ പിടിപ്പിക്കലായാലും റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസമായാലും പാർശ്വവൽക്കരിക്കപ്പെടുന്നത്‌ കാടിനേയും കൃഷിയേയും ആശ്രയിച്ച്‌ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരാണ്‌. ഇന്ന്‌ നാം അനുവർത്തിച്ച്‌ വരുന്ന വികസന നയത്തിന്റെ തിക്തഫലം അനുഭവിക്കുന്ന ഒരു വിഭാഗമാണ്‌ ഇവർ. കൃഷിഭൂമിയുടെ അന്യാധീനപ്പെടലും കാട്ടിലെ വിഭവങ്ങളുടെ ലഭ്യതക്കുറവും അവരെ അങ്ങേയറ്റം പാർശ്വവൽക്കരിക്കുകയും അവരുടെ ജീവിത വ്യവസ്ഥിതിയെ പാടെ തകർക്കുകയും ചെയ്‌തിരിക്കുന്നു. 2006ലെ വനാവകാശ നിയമം നടപ്പാക്കിയാലും ഒരു പരിധിവരെ മാത്രമെ പാർശ്വവൽക്കരിക്കപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകൂ. എന്നാൽ വനാവകാശ നിയമം നടപ്പാക്കുന്നത്‌ ഇപ്പോൾ ഒട്ടും കാര്യക്ഷമമല്ല എന്ന വസ്‌തുത നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ؉ഈ ഒരു ചുറ്റുപാടിലാണ്‌ വന പരിപാലനം എങ്ങിനെവേണമെന്നുള്ളതിനെപ്പറ്റി നാം വസ്‌തു നിഷ്‌ടമായി ചിന്തിക്കേണ്ടത്‌. ഇവിടേയും ശാസ്‌ത്രീയമായതും ജനപങ്കാളിത്വത്തോടും സുതാര്യതയോടുംകൂടയുള്ള സമീപനമാണ്‌ ആവശ്യം. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾക്ക്‌ മുൻതൂക്കം നൽകേണ്ടിയിരിക്കുന്നു. ؉വനം വൻ വ്യവസായങ്ങളുടെ ആവശ്യത്തിന്‌ വേണ്ടിയുള്ള തടിയുൽപ്പാദിപ്പിക്കാനുള്ള ഒന്നായി നാം ഇന്ന്‌ കണക്കാക്കുന്നില്ല. അത്തരം വൻ വ്യവസായങ്ങൾക്ക്‌ പ്രത്യേകിച്ചും പൾപ്പ്‌, പേപ്പർ, പ്ലൈവുഡ്‌, എന്നിവക്കുള്ള സാധ്യത കേരളത്തിൽ ഒട്ടും തന്നെയില്ല. ؉എന്നിരുന്നാലും തടി മറ്റു വിഭവങ്ങൾ എന്നിവയുടെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാതെ നമുക്ക്‌ മുന്നോട്ട്‌ പോകാൻ സാധ്യമല്ല. നേരത്തെ സൂചിപ്പിച്ച പോലെ വനത്തിന്റെ ഇന്നുള്ള ഉൽപ്പാദന ക്ഷമത - അത്‌ തടിയായാലും പരിസ്ഥിതി സേവനങ്ങളായാലും - സാധ്യതയിൽ നിന്ന്‌ വളരെ കുറവാണ്‌. ഇന്നുള്ള വനപരിപാലന പ്രക്രിയ പ്രധാനമായും വനസംരക്ഷണത്തിന്‌ മാത്രമാണ്‌ ഊന്നൽ കൊടുക്കുന്നത്‌. ശാസ്‌ത്രീയമായി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനുള്ള കാര്യമായ ഇടപെടലുകൾ ഒന്നുമില്ല എന്നതാണ്‌. ؉തടി ചെറുകിട വന വിഭവങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിന്നും അവയുടെ സംസ്‌കരണത്തിനും തദ്ദേശീയ സ്ഥാപനങ്ങൾക്കും വനത്തിനെ ആശ്രയിച്ച്‌ കഴിയുന്ന ജനങ്ങൾക്കും പ്രധാന പങ്കാളിത്വം ഉറപ്പാക്കണം. ഉൽപ്പാദനക്ഷമത കുറഞ്ഞ വനങ്ങളുടെ വന വൽക്കരണം പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ്‌. വനം വകുപ്പിന്റെ പ്രധാന ദൗത്യം ഇത്തരം സംരംഭങ്ങൾക്കു വേണ്ട സാങ്കേതിക ഉപദേശം നൽകുകയും അവ വിജയിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയുമാണ്‌. തടി മറ്റു വിഭവങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള മൂല്യവർദ്ധിത വസ്‌തുക്കളുടെ ഉൽപ്പാദനം പ്രാദേശിക സമ്പത്ത്‌ വ്യവസ്ഥയെ പുഷ്‌ടിപ്പെടുത്തുന്നതും ജലം, വായു, മണ്ണ്‌ എന്നിവയെ മലിനമാക്കാത്തതുമായിരിക്കണം. ആസൂത്രണ ബോർഡിന്റെ മിഷൻ 2030ൽ നിർദ്ദേശിച്ചിട്ടുള്ള സമീപനവും സാങ്കേതിക വിദ്യകളും കമ്പോളാധിഷ്‌ഠിതമായ സമീപനവും ഇവിടുത്തെ സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക ചുറ്റുപാടിന്‌ ഒട്ടും യോചിച്ചതല്ല.


ജലസുരക്ഷ

നേരത്തെ സൂചിപ്പിച്ച പോലെ 3000 മില്ലീമീറ്റർ മഴലഭിക്കുന്ന പ്രദേശമാണെങ്കിലും മഴക്കാലം കഴിഞ്ഞാൽ ജലക്ഷാമം രൂക്ഷമാകുന്ന ഒരു സാഹചര്യമാണ്‌ കേരളത്തിൽ ഇന്നുള്ളത്‌. ഒരവശ്യ വസ്‌തു എന്ന നിലക്ക്‌ ഒരിക്കലും ജല ലഭ്യത കമ്പോളാധിഷ്‌ഠി തായിരിക്കരുത്‌. എല്ലാവർക്കും അടിസ്ഥാനാവശ്യങ്ങൾക്ക്‌ വേണ്ട വെള്ളം ലഭ്യമാക്കുക എന്നതായിരിക്കണം ജല സുരക്ഷയുടെ പ്രധാന ഉദ്ദേശം. ഇതിന്നായി താഴെ പറയുന്ന കാര്യങ്ങൾക്ക്‌ നാം മുൻതൂക്കം നൽകേണ്ടതുണ്ട്‌.

؉അടിസ്ഥാനാവശ്യങ്ങൾ - പ്രത്യേകിച്ചും വീട്ടാവശ്യത്തിനുള്ള വെള്ളം എല്ലാവർക്കും ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതിനാണ്‌ പ്രാധാന്യം നൽകേണ്ടത്‌. അത്‌ ഒരു മൗലിക ആവശ്യമായി കണക്കാക്കപ്പെടണം. ؉അടിസ്ഥാനാവശ്യങ്ങൾക്ക്‌ മേൽവരുന്ന ഉപയോഗത്തെ നിരുൽത്സാഹപ്പെടുത്തണം. പ്രത്യേകിച്ചും വളരെ ഉയർന്ന തോതിലുള്ള നികുതിയുടെ അടിസ്ഥാനത്തിൽ അനാവശ്യമായ ഉപയോഗം കാര്യമായി കുറക്കണം. ؉വെള്ളം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി, വ്യവസായം എന്നിവയുടെ ജല പാദമുദ്ര കണക്കാക്കുകയും അതനുസരിച്ച്‌ ജല ഉപയോഗത്തിന്‌ നികുതി ഏർപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമെ ജലത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളു. ؉ജലത്തിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ തന്നെ ജല ലഭ്യത വർദ്ധിപ്പിക്കാനുള്ള നടപടികൾക്കും പ്രാധാന്യം നൽകണം. ഇതിൽ ഏറ്റവും പ്രധാനം വൃഷ്‌ഠി പ്രദേശങ്ങളുടേയും തണ്ണീർതടങ്ങളുടേയും ശാസ്‌ത്രീയമായ പരിപാലനമാണ്‌. മഴവെള്ള സംഭരണം, തടയണ നിർമ്മാണം എന്നിവയിൽ കൂടി ജലലഭ്യതയിലെ കാലികമായ ഏറ്റക്കുറച്ചിലുകൾ ഒരു പരിധിവരെ നമുക്ക്‌ നേരിടാൻ സാധ്യമാകും. ؉ജലമലിനീകരണമാണ്‌ നാം ഇന്ന്‌ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഇത്‌മൂലം ലഭ്യമായ ജലം നമുക്ക്‌ ഉപയോഗിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്‌. ശാസ്‌ത്രീയമായി മാലിന്യ സംസ്‌കരണം നടത്തിയെങ്കിൽ മാത്രമെ ജല മലിനീകരണംതടയാൻ നമുക്ക്‌ സാധിക്കുകയുള്ളൂ.


ഉപസംഹാരം

പ്രകൃതി സുരക്ഷയും ജലസുരക്ഷയും പൂർണ്ണമായും കമ്പോളാധിഷ്‌ഠിതമായ ഒരു വ്യവസ്ഥയിൽ സാധ്യമല്ല. സുസ്ഥിര വികസസനം സാധ്യമാകണമെങ്കിൽ ശക്തമായ സാമൂഹ്യ ഇടപെടലുകളും ജനപങ്കാളിത്തവും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്‌. സുതാര്യമായ ഒരു ഭരണ സംവിധാനത്തിലൂടെ മാത്രമെ പ്രകൃതി സുരക്ഷ സാധ്യമാകൂ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആവശ്യത്തിനാണ്‌ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത്‌.