വിവരാവകാശം ജനനന്മയ്ക്ക്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

വിവരാവകാശം ജനനന്മയ്ക്ക്
Cover
കർത്താവ് ആർ രാധാകൃഷ്ണൻ
ഭാഷ മലയാളം
വിഷയം [[]]
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരം ഭരണസമ്പ്രദായങ്ങൾ നിലവിലുണ്ടെങ്കിലും അവയിൽ ഏറ്റവും പുരോഗമനപരവും ജനങ്ങൾക്കു സ്വീകാര്യവുമായിരിക്കുന്നത്‌ ജനാധിപത്യഭരണസമ്പ്രദായം തന്നെയാണ്‌. ജനാധിപത്യഭരണക്രമത്തിൽ ജനങ്ങൾക്കുതന്നെയാണ്‌ പരമമായ അധികാരം. ഒന്നിനു പിറകെ ഒന്നായി പല രാജ്യങ്ങളിലേയ്‌ക്കും ജനാധിപത്യം വ്യാപിച്ചു. ജനങ്ങളുടെ ആധിപത്യമാണ്‌ അത്തരം ഭരണക്രമത്തിന്റെ അന്തഃസത്തയെന്നും അവിടെ ജനങ്ങളുടെ മേലുള്ള ആധിപത്യം അനുവദനീയമല്ലെന്നുമുള്ള കാഴ്‌ചപ്പാടാണ്‌ ഒരു വലിയ വിഭാഗം ജനങ്ങളെ ഈ വ്യവസ്ഥിതിയിലേയ്‌ക്കാകർഷിച്ചത്‌. പ്രാതിനിധ്യജനാധിപത്യം നിലവിൽവന്ന രാജ്യങ്ങളിൽ മിക്കയിടത്തും തെരഞ്ഞെടുപ്പുകഴിഞ്ഞ്‌ തങ്ങളുടെ പ്രതിനിധികളെ ഭരണത്തിന്റെ ചുമതല ഏല്‌പിച്ചു കഴിഞ്ഞാൽ, അടുത്ത തെരഞ്ഞെടുപ്പുവരെ ഭരണകാര്യങ്ങളിൽ തങ്ങൾക്കു യാതൊരു പങ്കുമില്ല എന്ന കാഴ്‌ചപ്പാടിലേയ്‌ക്ക്‌ ഭൂരിപക്ഷം ജനങ്ങളും നീങ്ങിത്തുടങ്ങി. ഈ അവസരം ഫലപ്രദമായി മുതലാക്കിക്കൊണ്ട്‌ നിയമനിർമാണസഭയിലേയ്‌ക്കു കടന്നുവരുന്ന ജനപ്രതിനിധികളും അവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന കാര്യനിർവഹണസമിതിയുടെ നേതൃത്വവും പലപ്പോഴും അമിതാധികാരപ്രയോഗം നടത്തുന്നതും അഴിമതിയിൽ മുങ്ങിത്താഴുന്നതും പലേടത്തും ദർശിക്കുകയുണ്ടായി. കാലം കഴിയുന്തോറും ജനാധിപത്യഭരണക്രമത്തെ ഈ ദൗർബല്യങ്ങളിൽ നിന്നെല്ലാം വിമുക്തമാക്കി കുറേക്കൂടി സാർത്ഥകമാക്കി മാറ്റാം എന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനനേതാക്കളും രാഷ്‌ട്രീയപ്രവർത്തകരും ചിന്തിച്ചുതുടങ്ങി. ഈ ദിശയിൽ ഉയർന്നുവന്ന ഒരു കാഴ്‌ചപ്പാടാണ്‌. ``തുറന്നസർക്കാർ സങ്കല്‌പം (Open government concept)

രാജഭരണം, പ്രഭുഭരണം, ഏകാധിപത്യഭരണം, തുടങ്ങിയ ഭരണസമ്പ്രദായങ്ങളിലെല്ലാം ഭരണരംഗത്തെ വിവരങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ്‌ നടത്തിയിട്ടുള്ളത്‌. എന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾതന്നെ നടത്തുന്ന ജനങ്ങളുടെ ഭരണത്തിൽ ഒരു കാര്യവും ജനങ്ങളിൽനിന്നും മറച്ചുവയ്‌ക്കേണ്ടതില്ലല്ലൊ. മാത്രവുമല്ല ജനാധിപത്യസമ്പ്രാദായത്തിൽ പൊതുജനാഭിപ്രായമാണല്ലൊ അതിന്റെ പ്രാണവായു. യഥാർത്ഥമായ വിവരങ്ങൾ ലഭിച്ചിച്ചെങ്കിൽ മാത്രമേ വസ്‌തുനിഷ്‌ഠമായ, ക്രിയാത്മകമായ പൊതുജനാഭിപ്രായം രൂപപ്പെട്ടുവരികയുള്ളൂ. ഇതിന്‌ ഭരണരംഗത്തു നിലനില്‌ക്കുന്ന രഹസ്യസ്വഭാവം മാറിയേ മതിയാകൂ. അതുകൊണ്ടാണ്‌ പല ജനാധിപത്യരാജ്യങ്ങളിലും ഭരണരംഗത്തിന്റെ കവാടം പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കണമെന്ന ചിന്ത ശക്തിപ്പെട്ടത്‌. ലിബറൽ ഡെമോക്രസിയുടെ വക്താക്കളെല്ലാംതന്നെ ജനങ്ങളിൽ നിന്ന്‌ ഒരു വിവരവും മറച്ചുവയ്‌ക്കരുതെന്ന ചിന്താഗതിയുള്ളവരാണ്‌. ജനങ്ങൾ നല്‌കുന്ന നികുതിപ്പണം കൊണ്ട്‌ ജനങ്ങൾക്കുവേണ്ടി ജനപ്രതിനിധികൾ നേതൃത്വം നല്‌കി നടത്തുന്ന ഭരണരംഗത്ത്‌ ഉണ്ടായിവരുന്ന ഏതു വിവരത്തിന്റെയും യഥാർത്ഥ ഉടമസ്ഥർ ജനങ്ങൾ തന്നെയാണ്‌. അതുകൊണ്ട്‌ ഈ വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശം പൂർണമായി അംഗീകരിക്കുകയെന്നത്‌ ജനാധിപത്യഭരണക്രമത്തിനെ കൂടുതൽ സാർത്ഥകമാക്കാൻ, സമ്പന്നമാക്കാൻ അത്യാവശ്യാണെന്നു കാണാം.

വിവിധ രാജ്യങ്ങളിൽ

ഈ കാഴ്‌ചപ്പാട്‌ ആദ്യം ഉടലെടുത്തത്‌ സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ ഒന്നായ സ്വീഡനിൽ ആണ്‌. 1766-ൽ സ്വീഡന്റെ ഭരണഘടനയുടെ ഭാഗമായിത്തന്നെ ``പത്രസ്വാതന്ത്ര്യനിയമം (Freedom of the Press Act) രൂപം കൊള്ളുകയുണ്ടായി. അതനുസരിച്ച്‌ എല്ലാ ഔദ്യോഗികരേഖകളും പരിശോധനയ്‌ക്കോ പകർത്തിയെടുക്കുന്നതിനോ വേണ്ടി പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്നതാണ്‌ എന്നു പ്രഖ്യാപിച്ചു. യു.എസ്‌.എയിൽ 1966ലാണ്‌ ``വിവരസ്വാതന്ത്ര്യനിയമം (Freedom of Information Act) രൂപം കൊള്ളുന്നത്‌. ``തുറന്ന സർക്കാർ എന്ന സങ്കല്‌പത്തിന്റെ ഭാഗമായിട്ടാണ്‌ ഈ നിയമം പാസ്സാക്കിയിരിക്കുന്നത്‌ എന്നാണ്‌ പൊതുവിൽ വിവക്ഷിക്കപ്പെടുന്നത്‌. 1979-ൽ എസ്‌. ഡ്രഡ്‌നർ ഈ നിയമനിർമാണം കൊണ്ടുണ്ടായിട്ടുള്ള അനന്തരഫലത്തെപ്പറ്റി വളരെ പ്രശംസിച്ചു സംസാരിക്കുകയുണ്ടായി. ഗവൺമെന്റിന്‌ ജനങ്ങളോടുള്ള പ്രതിബദ്ധതയിലും, തീരുമാനങ്ങളെടുക്കുന്നതിലും, പരിശോധന നടത്തുന്നതിലും അഴിമതി തടയുന്നതിലും ഒക്കെ ഇതിന്റെ സ്വാധീനം അന്യാദൃശമാണ്‌ എന്നാണദ്ദേഹം വിശേഷിപ്പിച്ചത്‌. എന്നാൽ 1980 മുതൽ തന്നെ അമേരിക്കൻ ഭരണകൂടം പലപല കാരണങ്ങൾ പറഞ്ഞ്‌ ഈ നിയമത്തെ നിർവീര്യമാക്കാൻ തുടങ്ങി. ഈ നിയമം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള അമിതമായ ചെലവ്‌, കേസുകളുടെ പെരുപ്പം, കോൺഗ്രസ്‌ പ്രതീക്ഷിക്കാതിരുന്ന പലകാര്യങ്ങൾക്കും വേണ്ടി നിയമം പ്രയോജനപ്പെടുത്തൽ തുടങ്ങിയ കാരണങ്ങളുടെയടിസ്ഥാനത്തിൽ നിയമത്തിൽ വെള്ളംചേർക്കാനുള്ള ശ്രമമാണ്‌ അമേരിക്കൻ ഭരണകൂടം നടത്തിയത്‌. 1986-ൽ കൊണ്ടുവന്ന ഒരു ഭേദഗതിയിലൂടെ വലിയ ചില മാറ്റങ്ങൾ നിയമത്തിൽ വരുത്തി.

ക്യാനഡയിൽ 1982 ൽ ജനങ്ങളുടെ വിവരാവകാശം ഉറപ്പാക്കുന്നതിനുവേണ്ടി ``വിവരപ്രാപ്യതാനിയമം (Access to Information Act)പാസ്സാക്കി. അതിനനുസരിച്ച്‌ ഫെഡറൽ ഗവണ്മെന്റിന്റെ റിക്കാർഡുകളിലേയ്‌ക്ക്‌ എല്ലാ ജനങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കും എന്നുറപ്പാക്കി.

ആസ്‌ത്രേലിയായിൽ ``വിവരസ്വാതന്ത്ര്യനിയമം (Freedom of Information Act) പാസ്സാക്കിയത്‌ 1982-ൽ ആണ്‌. അതിനുശേഷം 1983,1986,1988,1991 എന്നീ വർഷങ്ങളിൽ ഈ നിയമത്തിൽ ഭേദഗതികളും വരുത്തുകയുണ്ടായി. ഭരണരംഗത്ത്‌ സുതാര്യത, നീതിബോധം, പങ്കാളിത്തം, നിഷ്‌പക്ഷത, തീരുമാനങ്ങളെടുക്കുന്നതിൽ യുക്തിബോധത്തോടെയുള്ള സമീപനം എന്നിവയൊക്കെ ഉറപ്പാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇവിടെ നിർമിച്ച നിയമത്തിനു സമാനമായ രീതിയിൽ 1982-ൽ തന്നെ ന്യൂസിലന്റിലും ഒരു നിയമം ``ഔദ്യോഗിക വിവരനിയമം (Official Information Act) എന്ന പേരിൽ നിർമിക്കുകയുണ്ടായി. 1978 ഡിസംബർ മാസത്തിൽ ജനങ്ങൾക്കു വിവരങ്ങൾ നല്‌കാൻ സഹായിക്കുന്ന ഒരു നിയമം ഫ്രാൻസും പാസാക്കുകയുണ്ടായി. ഏതാണ്ടു സമാനരീതിയിൽ ലിബറൽ ജനാധിപത്യഭരണവ്യവസ്ഥ പുരോഗമിച്ചു വന്നിട്ടുള്ള, മുകളിൽ സൂചിപ്പിച്ച, എല്ലാ രാജ്യങ്ങളും ഭരണരംഗം സുതാര്യമാക്കുന്നതിനും, ഭരണത്തിൽ അഴിമതി കുറയ്‌ക്കുന്നതിനും ഒക്കെ ലക്ഷ്യം വച്ചുകൊണ്ട്‌ ജനങ്ങൾക്ക്‌ വിവരം ലഭ്യമാക്കുന്നതിന്‌ സഹായകമായ നിയമനിർമാണം നടത്തി. ലോകത്തിലാകമാനം ഏതാണ്ട്‌ അറുപതിനുമുകളിൽ രാജ്യങ്ങളിൽ വിവരാവകാശം ജനങ്ങൾക്ക്‌ ഉറപ്പുനല്‌കിക്കൊണ്ട്‌ നിയമം പാസ്സാക്കിയിട്ടുണ്ട്‌.

ഇന്ത്യയിൽ ജനങ്ങളുടെ വിവരാവകാശം

ഇന്ത്യ വിദേശഭരണത്തിൽ കീഴിൽ ആയിരുന്നപ്പോൾ, ഭരണാധികാരികളുടെ പ്രധാനലക്ഷ്യം നാട്ടുകാരായ ജനങ്ങളെ പരമാവധി ചൂഷണം ചെയ്‌ത്‌ ധനം സമ്പാദിച്ച്‌ ഇവിടെനിന്നും സ്വരാജ്യത്തേക്ക്‌ കടത്തുക എന്നതായിരുന്നു. അതിനു സഹായകമായ ഭരണപ്രവർത്തനങ്ങളാണ്‌ ഇവിടെ നടന്നിരുന്നത്‌. ഭരണപ്രക്രിയ എങ്ങിനെയായിരിക്കണം, അതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം, അതിനു സഹായകമായ നിയമങ്ങൾ എന്തെല്ലാമായിരിക്കണം ഇതൊക്കെ തീരുമാനിക്കുന്നത്‌ പൂർണമായും വിദേശികളായിരുന്നു. അവരുടെ പ്രധാനലക്ഷ്യം തന്നെ ഭരണരംഗവുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്ന ഒരു വിവരവും ജനങ്ങളറിയാതെ രഹസ്യമായി സൂക്ഷിക്കുക എന്നതായിരുന്നു. ഔദ്യോഗികകാര്യങ്ങളെല്ലാം രഹസ്യമാണെന്ന്‌ ഭരണകർത്താക്കൾ ജനങ്ങൾക്ക്‌ അവബോധം പകർന്നിരുന്നു. ആ കാഴ്‌ചപ്പാട്‌ ഉറപ്പിക്കാൻവേണ്ടി 1923-ൽ ``ഇന്ത്യൻ ഔദ്യോഗികരഹസ്യനിയമം (India Official Secrets Act)രൂപപ്പെടുത്തുകയും ചെയ്‌തു.

ഔദ്യോഗികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചാരപ്രവർത്തനത്തിനുപയോഗിക്കുമെന്നുള്ള കാഴ്‌ചപ്പാടാണ്‌ ഈ നിയമത്തിന്റെ മൂലക്കല്ല്‌. മൊത്തത്തിൽ ഔദ്യോഗികകാര്യങ്ങളെല്ലാം രഹസ്യമാണെന്നുള്ള ധാരണ ജനങ്ങളുടെയിടയിൽ ഉറപ്പിക്കുന്നതിനും ആ പശ്ചാത്തലത്തിൽ അത്തരം വിവരങ്ങൾ അന്വേഷിക്കുന്നതുതന്നെ രാജ്യതാല്‌പര്യത്തിനു വിരുദ്ധമാണെന്ന ചിന്ത അവരിൽ വളർത്താനും ഈ നിയമംകൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്കു സാധിച്ചു. ജനങ്ങൾക്ക്‌ ഇത്തരം ഔദ്യോഗിക വിവരങ്ങൾ അറിയാനുള്ള ഒരവകാശവും ഇല്ലെന്നുള്ള കാഴ്‌ചപ്പാട്‌ ജനങ്ങളുടെയിടയിൽ വ്യാപിപ്പിക്കാനും അവർക്കു കഴിഞ്ഞു. അക്കാലത്ത്‌ വിദേശഗവൺമെന്റിന്റെ ചട്ടക്കൂടിനകത്തുനിന്ന്‌ അവരുടെ താല്‌പര്യത്തിന്‌ മുൻതൂക്കം നല്‌കി പ്രവർത്തിച്ചിരുന്ന കുറേ ഇന്ത്യൻ ഗുമസ്‌തന്മാരും, ശിപായിമാരും ഒക്കെയുണ്ടായിരുന്നു. അവരൊക്കെ വിദേശസർക്കാരിനോടൊപ്പം നിന്നുകൊണ്ട്‌ വിദേശികളെക്കാൾ കൂടുതൽ ജനവിരുദ്ധരായി പ്രവർത്തിച്ചിരുന്നു. എല്ലാ ഭരണവിവരങ്ങളും നാട്ടുകാരിൽനിന്നും മറച്ചുവയ്‌ക്കുന്നതിന്‌ അവർ നടത്തിയിട്ടുള്ള ഹീനമായ പ്രവർത്തനങ്ങൾ ചില്ലറയൊന്നുമല്ല. ഇന്ത്യാക്കാരായ ജനങ്ങൾ തങ്ങളുടെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനുവേണ്ടി സർക്കാർ ഓഫീസുകളിൽ ചെല്ലുന്ന ജനങ്ങളെ ഇക്കൂട്ടർ ശത്രുപക്ഷത്താണ്‌ കണ്ടിരുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യൻ ബ്യൂറോക്രസി ജനങ്ങളോടു കാണിച്ചിരുന്ന ജനവിരുദ്ധമനോഭാവം ക്രമേണ ബ്യൂറോക്രസിയുടെ സ്ഥിരം മുഖമുദ്രയായി മാറിക്കൊണ്ടിരുന്നു. ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നും ഈ ജനവിരുദ്ധമനോഭാവം പൂർണമായും തുടച്ചു മാറ്റാൻ ഇന്നുവരെയും നമുക്കു കഴിഞ്ഞിട്ടില്ല. ഭരണരംഗവുമായി ബന്ധപ്പെട്ട്‌ ജനങ്ങളെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ എങ്ങിനെയെങ്കിലും തേടിപ്പിടിച്ച്‌ ജനങ്ങളെ അറിയിക്കാൻ ഏതെങ്കിലും ദിനപ്പത്രങ്ങൾ ശ്രമിച്ചാൽ ആ പത്രങ്ങളെ പൂട്ടിക്കുന്നതിനുവേണ്ടിയുള്ള പത്രമാരണനിയമങ്ങൾ പടച്ചുണ്ടാക്കുന്നതിലും അന്നത്തെ ഭരണാധികാരികൾ ശ്രദ്ധവച്ചിരുന്നു. അങ്ങിനെ ഭരണരംഗത്തുള്ള വിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കുന്നതിൽ ബ്രിട്ടീഷ്‌ ഭരണാധികാരികൾ പൂർണമായും വിജയിച്ചിരുന്നു.

സ്വാതന്ത്ര്യലബ്‌ധിയ്‌ക്കുശേഷം ഇന്ത്യ രൂപംകൊടുത്ത ഭരണഘടനയിൽ ``എല്ലാ പൗരന്മാർക്കും സംസാരത്തിനും ആശയപ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യത്തിന്‌ അവകാശം ഉണ്ടായിരിക്കും എന്നത്‌ ഒരു മൗലികാവകാശമായി പ്രഖ്യാപിക്കുകയുണ്ടായി. [അനുഛേദം 19 (1) (a)]}പിന്നീട്‌ നടന്ന വിവിധ കേസ്സുകളിലൂടെ നമ്മുടെ പരമോന്നതകോടതിയായ സുപ്രീംകോടതി ഈ അവകാശത്തിന്റെ യഥാർത്ഥവ്യാപ്‌തി വ്യാഖ്യാനിക്കുകയുണ്ടായിട്ടുണ്ട്‌. ഈ വകുപ്പ്‌ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അംഗീകരിക്കുകയാണെന്ന്‌ അർത്ഥശങ്കയ്‌ക്കിടയില്ലാതെ പല വിധിന്യായങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. എസ്‌.സി. ഗുപ്‌തയും മറ്റുള്ളവരും അഭി ഇന്ത്യൻ പ്രസിഡന്റും മറ്റുള്ളവും (1982) എന്ന കേസ്സിൽ സുപ്രീംകോടതിയുടെ നിരീക്ഷണം ഇങ്ങിനെയായിരുന്നു.

``ഇന്ന്‌ എല്ലാ ലിബറൽ ജനാധിപത്യ വ്യവസ്ഥയും നീങ്ങിക്കൊണ്ടിരിക്കുന്നത്‌ തുറന്ന സമൂഹം എന്ന സങ്കല്‌പത്തിലേയ്‌ക്കാണ്‌. അത്തരം സമൂഹത്തിന്റെ പുത്തൻ ജനാധിപത്യസംസ്‌കാരത്തിന്റെ രൂപമാണിത്‌. ഇന്ത്യയും അതിനൊരപവാദമല്ല. ഇന്ത്യൻ ഭരണഘടനയിലെ 19 (1) (a) വകുപ്പ്‌ ഉറപ്പുനല്‌കുന്ന ആശയപ്രകാശനത്തിനും പ്രസംഗത്തിനും ഉള്ള സ്വാതന്ത്ര്യത്തിൽ നിന്നും ഉത്ഭൂതമാകുന്ന അറിയാനുള്ള അവകാശം തുറന്ന ഗവൺമെന്റ്‌ എന്ന സങ്കല്‌പത്തിന്റെ പ്രത്യക്ഷമായ പ്രതിഫലനം തന്നെയാണ്‌. അതുകൊണ്ട്‌ ഭരണരംഗത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കുക എന്നതാണ്‌ പൊതുവായ സമീപനം; പൊതുതാല്‌പര്യത്തിന്റെയടിസ്ഥാനത്തിൽ നീതീകരിക്കാവുന്ന എന്തെങ്കിലും വിവരം രഹസ്യമായി സൂക്ഷിക്കണമെങ്കിൽ അതൊരു അപവാദമായിരിക്കും. കോടതിയുടെ സമീപനം ഈ രഹസ്യങ്ങളുടെ വ്യാപ്‌തി തുടർച്ചയായി കഴിയുന്നത്ര കുറച്ചുകൊണ്ടുവരികയെന്നുള്ളതാണ്‌. വിവരങ്ങളുടെ വെളിപ്പെടുത്തലും പൊതുതാല്‌പര്യത്തിനനുഗുണമാണെന്ന ചിന്താഗതിയോടെ തന്നെയാണ്‌ ഇങ്ങിനെ ചെയ്യുന്നത്‌.

ഇതേ ചിന്താധാര കുറേക്കൂടി വ്യക്തമായും ഉറപ്പിച്ചും പറഞ്ഞിട്ടുള്ള മറ്റൊരു വിധിന്യായമാണ്‌. പ്രസിദ്ധമായ രാജ്‌നാരായൺ കേസ്സിൽ (1975) ഉണ്ടായിട്ടുള്ളത്‌. ആ കേസ്സിന്റെ വിധിന്യായത്തിൽ ജസ്റ്റിസ്‌ കെ.കെ. മാത്യു പ്രസ്‌താവിച്ചതിപ്രകാരമായിരുന്നു.

``നമ്മുടേതുപോലുള്ള ഉത്തരവാദപ്പെട്ട ഒരു സർക്കാരിൽ ജനങ്ങൾ നിയോഗിക്കുന്ന അവരുടെ ഏജന്റുമാരും പ്രവർത്തനത്തിലും പെരുമാറ്റത്തിലും തികഞ്ഞ ഉത്തരവാദിത്തം കാട്ടുന്നവരായിരിക്കണം. അവിടെ വളരെക്കുറച്ചു രഹസ്യങ്ങളെ ഉണ്ടാകേണ്ടതുള്ളൂ. ഈ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും ഇവിടെ നടക്കുന്ന എല്ലാ പൊതുപ്രവർത്തനങ്ങളെപ്പറ്റിയും-അതായത്‌ അവർ നിയോഗിക്കുന്ന പൊതുപ്രവർത്തകർ പൊതുവായി നടത്തുന്ന എല്ലാത്തിനെക്കുറിച്ചും അറിയാൻ അവകാശമുണ്ട്‌. പൊതുഇടപാടുകളുടെ എല്ലാ വിശദവിവരങ്ങളും, അതിന്റെ വരും വരായ്‌കളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ, അറിയാൻ അധികാരപ്പെട്ടവരാണു ജനങ്ങൾ. ആശയപ്രകാശനസ്വാതന്ത്ര്യത്തിൽനിന്ന്‌ രൂപപ്പെട്ടുവരുന്ന അറിയാനുള്ള അവരുടെ അവകാശം പരിപൂർണമല്ലായിരിക്കാം. പക്ഷേ പൊതുസുരക്ഷയ്‌ക്ക്‌ ഒരപകടവും ഉണ്ടാകാത്ത ഇടപാടുകളിലും രഹസ്യസ്വഭാവം വേണമെന്ന്‌ നിഷ്‌കർഷിക്കുമ്പോൾ കൂടുതൽ ഉത്‌കണ്‌ഠ ഉണ്ടാകേണ്ടിയിരിക്കുന്നു.

പിന്നെയും പല കേസ്സുകളിലും സുപ്രീംകോടതി ജനങ്ങൾക്ക്‌ ഭരണരംഗത്തുണ്ടായിവരുന്ന വിവരങ്ങൾ അറിയാനുള്ള അവകാശത്തെപ്പറ്റി വളരെ വ്യക്തമായും ദൃഢമായും പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഇത്തരത്തിൽ ഇന്ത്യയിലെ പരമോന്നതകോടതി വിധിപ്രഖ്യാപനമൊക്കെ നടത്തിയെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഭരണരംഗത്തുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുവാനുള്ള പ്രവണത അഭംഗുരം തുടരുകയായിരുന്നു. ഭരണരംഗത്ത്‌ പ്രവർത്തിക്കുന്നവരിൽ സിംഹഭാഗത്തിനും സാധാരണ ജനങ്ങളോടുള്ള അവരുടെ സമീപനത്തിൽ പ്രകടമായ മാറ്റംവരുത്താൻ കഴിഞ്ഞില്ല എന്നത്‌ ഏറ്റവും ദുഃഖകരമായ അവസ്ഥാവിശേഷം തന്നെയാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഉപേക്ഷിച്ചുപോയ ബ്യൂറോക്രസിയിൽ കുടിയേറിയിരുന്ന ജനവിരുദ്ധത കുറേക്കൂടി ശക്തമാവുകയും, അതുകൊണ്ടുതന്നെ ജനങ്ങളോടുള്ള സമീപനത്തിൽ കൂടുതൽ അവഗണനയും അവഹേളനവും മനുഷ്യത്വമില്ലായ്‌മയും ഒക്കെ പ്രകടമാവുകയും ചെയ്‌തു. ഭരണരംഗത്തുണ്ടാകുന്ന വിവരങ്ങൾ തങ്ങളുടെ കുടുംബസ്വത്തുപോലെ കണക്കാക്കി മറ്റുള്ളവരോട്‌ ഒട്ടും പങ്കുവയ്‌ക്കാതെ ചുണ്ടുപൂട്ടിയിരിക്കുന്ന വേതാളങ്ങളെപ്പോലെയാണ്‌ പലരും അവതരിച്ചത്‌. ഒരു ഫയലിനകത്ത്‌ ഒരു കുടുംബത്തിന്റെ അല്ലെങ്കിൽ ഒന്നിലധികം കുടുംബങ്ങളുടെ ജീവിതമാണ്‌ വിഷയീഭവിച്ചിരിക്കുന്നതെന്ന ബോധം പോലുമില്ലാതെ അതിനെയൊക്കെ വളരെ യാന്ത്രികമായി കൈകാര്യം ചെയ്യുന്ന രീതിയാണ്‌ പ്രബലമായിത്തീർന്നത്‌. മനുഷ്യരുടെ നന്മയ്‌ക്കുവേണ്ടി മനുഷ്യർ തന്നെ ഉണ്ടാക്കിവച്ചിരിക്കുന്ന നിയമങ്ങളെ ലവലേശം മനുഷ്യത്വമില്ലാതെ യാന്ത്രികമായി വ്യാഖ്യാനിച്ച്‌ കുടുംബജീവിതങ്ങൾ തകർക്കുന്നതിൽ ഹരംപൂണ്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ എണ്ണം പെരുകി.

ക്രമേണ ഭരണരംഗം കൈക്കൂലിയുടെയും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും ചുവപ്പുനാടാ സമ്പ്രദായത്തിന്റെയും ഒക്കെ കേന്ദ്രങ്ങളായിത്തീർന്നു. സാധാരണക്കാരായ ജനങ്ങൾക്ക്‌ പൊതുഅധികാരസ്ഥാനങ്ങൾ തികച്ചും അപ്രാപ്യമായിത്തീർന്നു. പൊതുജനസേവകർ (Public Servents) എന്നറിയപ്പെടുന്ന, പൊതു അധികാരസ്ഥാനങ്ങളിൽ ജീവനക്കാരായിട്ടുള്ളവരിലെ ഒരു വലിയ വിഭാഗം പെരുമാറുന്നത്‌ പൊതുയജമാനന്മാരെന്നമട്ടിലായി. ഏറ്റവും ചെറിയ ഓഫീസുമുതൽ ഏറ്റവും വലിയ ഭരണസിരാകേന്ദ്രത്തിൽ വരെ സ്വാഭാവികമായ നീതി ലഭ്യമല്ലാതായി. ഒരു കൃഷിക്കാരനോ, ഒരു തൊഴിലാളിയോ, ഒരു സാധാരണപൗരനോ, എന്തെങ്കിലും ജീവിതപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഒരു പരാതിയോ അപേക്ഷയോ സമർപ്പിച്ചാൽ, എത്രകാലം കഴിഞ്ഞാലും അതിനെന്തു സംഭവിച്ചു എന്നുപോലും അറിയാൻ കഴിയാത്ത സ്ഥിതിവിശേഷത്തിൽവരെ കാര്യങ്ങൾ എത്തിച്ചേർന്നു. ചുരുക്കത്തിൽ ഭരണരംഗത്ത്‌ ധാർമികതയോ, നീതിബോധമോ, സത്യസന്ധതയോ, സാമൂഹ്യപ്രതിബദ്ധതയോ, മനുഷ്യത്വമോ ഒന്നും തരിമ്പുപോലും കാണാൻ കഴിയാത്തവിധം മാറ്റം സംഭവിച്ചിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ്‌ ഇന്ത്യയിലും ``അറിയാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള പ്രത്യേക നിയമനിർമാണം ഉണ്ടാകണം എന്ന ആവശ്യം ഉയർന്നുവന്നത്‌.

ജനകീയപോരാട്ടങ്ങളും നിയമനിർമാണവും

ഇന്ത്യയ്‌ക്ക്‌ അതിന്റെ ഭരണഘടന രൂപം നല്‌കാൻ കഴിഞ്ഞതിനുശേഷവും ബ്രിട്ടീഷ്‌പാർലമെന്റ്‌ രൂപംകൊടുത്ത ഇന്ത്യൻ ഔദ്യോഗികരഹസ്യനിയമം, 1923 നമ്മുടെ ഭരണരംഗത്ത്‌ നിലനില്‌ക്കുകയായിരുന്നു. എന്നുമാത്രമല്ല ആ നിയമത്തിന്റെ മറവിൽ നമ്മുടെ ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും പലപ്പോഴും ഭരണരംഗത്തുണ്ടാകുന്ന വിവരങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്‌ക്കാൻ ശ്രമിച്ചിരുന്നു. ഭരണനടപടികൾ നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ പണം മുഴുവൻ നല്‌കുന്ന ജനങ്ങൾക്ക്‌ ഭരണരംഗത്തുണ്ടാകുന്ന വിവരങ്ങൾ നല്‌കാതെ രഹസ്യമാക്കി വയ്‌ക്കാൻ ഔദ്യോഗികരഹസ്യനിയമം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ പലകോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളുണ്ടായി. വികസനത്തിന്റെ പേരിൽ നടന്ന വ്യാപകമായ പരിസ്ഥിതി നശീകരണത്തെക്കുറിച്ചും ധൂർത്തിനെക്കുറിച്ചും അറിയാനായി മുന്നോട്ടുവന്ന പല സംഘടനകൾക്കും ഇതേ നിയമത്തിന്റെ പേരിൽതന്നെ വിവരങ്ങൾ നല്‌കിയില്ല. ഭോപ്പാലിൽ യൂണിയൻ കാർ ബൈഡ്‌ ഫാക്‌റ്ററിയിൽ നിന്നും അർധരാത്രിയിൽ നിർഗമിച്ച മിഥൈൽ ഐസോ സയനറ്റ്‌ (Mie) എന്ന മാരകവിഷവാതകം ശ്വസിച്ച്‌ ആയിരക്കണക്കിനാളുകൾ മരിച്ചു വീഴുകയോ മൃതപ്രായരാവുകയോ ചെയ്‌തപ്പോഴും അതിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രഹസ്യമാക്കിവയ്‌ക്കാൻ സർക്കാർ ഔദ്യോഗികരഹസ്യനിയമം ഉപയോഗിച്ചു. ഇത്തരത്തിലുള്ള അനവധി സംഭവങ്ങൾ പലേടത്തായി ആവർത്തിച്ചപ്പോൾ ഔദ്യോഗികരഹസ്യനിയമത്തിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യാൻ പലരും മുന്നോട്ടുവന്നു. മാത്രവുമല്ല വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശം നിയമനിർമാണം വഴി ഉറപ്പുനല്‌കിയേ മതിയാവൂ എന്ന ആവശ്യം ശക്തമായി ഉയർന്നുതുടങ്ങി. പല സംസ്ഥാനസർക്കാരുകളുടെ മേലും അത്തരം നിയമനിർമാണങ്ങൾക്കു വേണ്ടിയുള്ള സമ്മർദ്ദം വർധിച്ചു. ഇക്കൂട്ടത്തിൽ വിവരാവകാശം ലഭ്യമാക്കാൻവേണ്ടി സാധാരണജനങ്ങളെ അണിനിരത്തിക്കൊണ്ട്‌ വളരെ മാതൃകാപരമായ പ്രവർത്തനം നടത്തിയത്‌ രാജസ്ഥാനിലെ മസ്‌ദൂർ കിസാൻ ശക്തി സംഘടന (MKSS) എന്ന പ്രസ്ഥാനമായിരുന്നു. അവരുടെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായി 1995 ഏപ്രിൽ 5 ന്‌ പ്രാദേശികവികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ ഏതൊരു പൗരനും ലഭ്യമാക്കുമെന്ന്‌ നിയമസഭയിൽ രാജസ്ഥാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതുപോലെ തമിഴ്‌നാട്‌, ഗോവ, കർണാടകം, ഡെൽഹി, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളും പലേ പോരായ്‌മകളോടെയാണെങ്കിലും വിവരാവകാശനിയമങ്ങൾ പാസ്സാക്കി.

ഇതോടുകൂടി ദേശീയതലത്തിൽ എല്ലാ പൗരന്മാർക്കും വിവരാവകാശം ലഭ്യമാക്കുന്നതരത്തിൽ ഒരു നിയമനിർമാണത്തിനുവേണ്ടിയുള്ള സമ്മർദ്ദം വളരെയധികം വർധിച്ചു. ഒടുവിൽ ഇൻഡ്യൻ പാർലമെന്റിൽ ഈ ദിശയിൽ ആവശ്യമായ നിയമനിർമാണപ്രക്രിയ ആരംഭിക്കേണ്ടതായി വന്നു. 2002 ൽ ഒരു ``വിവരസ്വാതന്ത്ര്യനിയമത്തിന്‌ രൂപംകൊടുത്തു. എന്നാൽ `വിവരം ലഭിക്കുക' എന്നത്‌ ഒരു `സ്വാതന്ത്ര്യം' മാത്രമായല്ല `അവകാശം' തന്നെയായിരിക്കണമെന്ന അഭിപ്രായം ദേശീയതലത്തിൽതന്നെ ശക്തമായി. ഒടുവിൽ ``വിവരാവകാശനിയമം 2005 ഇന്നത്തെ രൂപത്തിൽ നടപ്പിൽവന്നു.

വിവരാവകാശനിയമം -2005

2005 മേയ്‌ 11ന്‌ ഇന്ത്യൻ പാർലമെന്റ്‌ വിവരാവകാശനിയമം 2005 പാസ്സാക്കി. ജൂൺ 15ന്‌ ഇതിന്‌ രാഷ്‌ട്രപതിയുടെ അധികാരവും ലഭിച്ചു. 2005 ഒക്ടോബർ 12 മുതൽ ഈ നിയമം പൂർണമായി രാജ്യത്തെങ്ങും (ജമ്മുകാശ്‌മീർ ഒഴികെ) പ്രാബല്യത്തിൽ വന്നു.

ഈ നിയമത്തിന്‌ ആകെ 31 വകുപ്പുകൾ ആണുള്ളത്‌.

പൊതു അധികാരസ്ഥാപനങ്ങളുടെ അധീനതയിൽ ഉള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും, പൊതുഅധികാരകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്തുന്നതിനും, അഴിമതി നിർമാർജനം ചെയ്യുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ്‌ ഈ നിയമം നിർമിച്ചിരിക്കുന്നത്‌. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്‌ക്കുവേണ്ടിയും മറ്റു ചില താല്‌പര്യങ്ങളുടെ പ്രത്യേകസംരക്ഷണത്തിനുവേണ്ടിയും ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്കു നല്‌കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ഈ നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന്‌ നേതൃത്വപരമായ പങ്കുവഹിക്കേണ്ട കേന്ദ്ര-സംസ്ഥാന ഇൻഫർമേഷൻ കമ്മിഷനുകളുടെ രൂപീകരണത്തെ സംബന്ധിച്ചും, അവരുടെ അധികാരപരിധിയെസംബന്ധിച്ചും ഉള്ള കാര്യങ്ങളും ഈ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ഈ നിയമപ്രകാരം പൊതുഅധികാരസ്ഥാപനങ്ങൾ സ്വമേധയാതന്നെ പൊതുജനങ്ങളെ അറിയിക്കേണ്ട വിവരങ്ങളും പ്രത്യേകം നല്‌കിയിട്ടുണ്ട്‌.

ഈ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില പദങ്ങളുടെ അർത്ഥവ്യാപ്‌തി താഴെ നല്‌കുന്നു.

`വിവരാവകാശ'മെന്നാൽ

 • ഏതു പൊതു അധികാരസ്ഥാനത്തുനിന്നും വിവരം ആവശ്യപ്പെടാനുള്ള അവകാശം.
 • പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ ആവശ്യപ്പെടുന്നതിനുള്ള അവകാശം.
 • പൊതു അധികാരസ്ഥാനത്തിന്റെ കൈവശമിരിക്കുന്ന റിക്കാർഡുകൾ പരിശോധിക്കാനും കുറിപ്പുകളെടുക്കാനും ഉള്ള അവകാശം.
 • ഏതു പൊതു അധികാരസ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഏതു പണിയും സ്ഥലത്തുപോയി പരിശോധിക്കാനുള്ള അവകാശം.
 • പൊതു അധികാരസ്ഥാനത്തിന്റെ കൈവശമുള്ള ഏതു ദ്രവ്യത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിൾ എടുക്കുന്നതിനുള്ള അവകാശം.
 • ടേപ്പ്‌, ഫ്‌ളോപ്പി ഏതെങ്കിലും ഇലക്‌ട്രോണിക്‌ രൂപം എന്നിവയിൽ വിവരം സ്വീകരിക്കാനുള്ള അവകാശം.
 • മുകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ അവകാശങ്ങളും `വിവരാവകാശം' എന്നതിൽ ഉൾപ്പെടും.

പൊതു അധികാരസ്ഥാനമെന്നാൽ

ഭരണഘടനപ്രകാരമോ പാർലമെന്റോ നിയമസഭകളോ രൂപംകൊടുത്ത നിയമങ്ങൾ വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽവന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്‌ പൊതു അധികാരസ്ഥാനം.

സർക്കാരിൽ നിന്നും ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സർക്കാരേതരസംഘടനകളും ഇതിലുൾപ്പെടും.

അതായത്‌ താഴെപ്പറയുന്ന പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നെല്ലാം ജനങ്ങൾക്ക്‌ വിവരം ആവശ്യപ്പെടാം.

 • കേന്ദ്രസർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ നിന്ന്‌.
 • പഞ്ചായത്ത്‌രാജ്‌ സ്ഥാപനങ്ങളായ ഗ്രാമ,ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭാകോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നെല്ലാം.
 • കോടതികളിൽ നിന്ന്‌.
 • പാർലമെന്റിൽ നിന്നോ സംസ്ഥാനനിയമസഭകളിൽ നിന്നോ.
 • സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാരേതരസംഘങ്ങളിൽ നിന്ന്‌.
 • കേന്ദ്രസംസ്ഥാനസർക്കാരുകളിൽ നിന്ന്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഗണ്യമായ തുക കൈപ്പറ്റി പ്രവർത്തിക്കുന്ന ഏതു സ്ഥാപനത്തിൽ നിന്നും.
 • പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും ബോർഡുകളിൽ നിന്നും.

`വിവര'മെന്നാൽ

`വിവരം' എന്ന പദം നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ വളരെ വിശാലമായ അർത്ഥത്തിലാണ്‌.

രേഖകൾ, പ്രമാണങ്ങൾ, മെമ്മോകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, ഈ-മെയിലുകൾ പത്രപ്രസ്‌താവനകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ്‌ബുക്കുകൾ, കരാറുകൾ, റിപ്പോർട്ടുകൾ, സാമ്പിളുകൾ, മോഡലുകൾ, ഇലക്‌ട്രോണിക്ക്‌ രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള ഡേറ്റാമെറ്റീരിയലുകൾ എന്നിവയെല്ലാം `വിവര'ത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും.

കൂടാതെ നിലവിലുള്ള ഏതെങ്കിലും നിയമമനുസരിച്ച്‌ ഏതെങ്കിലും ഒരു സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച്‌ ഏതെങ്കിലും ഒരു പൊതു അധികാരസ്ഥാനത്തിന്‌ പ്രാപ്യമാക്കാൻ കഴിയുന്ന വിവരവും ഇതിൽ ഉൾപ്പെടും.

ഉദാഹരണമായി ഏതെങ്കിലും ഒരു സ്വകാര്യകമ്പനിയെപ്പറ്റി ചില വിവരങ്ങൾ ഒരാളിന്‌ അറിയണമെന്നിരിക്കട്ടെ. നേരിട്ടു കമ്പനിയിൽ നിന്ന്‌ ആ വിവരങ്ങൾ അയാൾക്ക്‌ ലഭ്യമാകണമെന്നില്ല. എന്നാൽ നിലവിലുള്ള കമ്പനിനിയമം (Companies Act) അനുസരിച്ചോ `ആദായനികുതിനിയമം' (Incom Tax Law) അനുസരിച്ചോ ആ വിവരങ്ങൾ കമ്പനി കാര്യവകുപ്പിനോ (Department of Company Affairs) അല്ലെങ്കിൽ ആദായനികുതി വകുപ്പിനോ (Incom Tax Deparment)ശേഖരിച്ചു തരാൻ കഴിയുമെങ്കിൽ, ആ ആളിന്‌ ഈ വിവരങ്ങൾ ലഭ്യമാക്കിത്തരണമെന്നു കാണിച്ച്‌ മേൽസൂചിപ്പിച്ച ഡിപ്പാർട്ടുമെന്റുകളുടെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാർക്ക്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌. അങ്ങിനെ വന്നാൽ ഈ വിവരങ്ങൾ ശേഖരിച്ച്‌ അപേക്ഷകന്‌ ലഭ്യമാക്കിക്കൊടുക്കണമെന്നത്‌ വിവരാവകാശനിയമമനുസരിച്ച്‌ ഈ വകുപ്പുകളുടെ സാധ്യതയാണ്‌.

എന്തിനെല്ലാം ആവശ്യപ്പെടാം?

 • സർക്കാരിൽ നിന്നും മറ്റു പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നും മിക്കവാറും എല്ലാത്തരം വിവരങ്ങളും.
 • കരാറുകളുടേയോ, രസീതിന്റേയോ, എസ്റ്റിമേറ്റിന്റെയോ, എൻജിനീയറിംഗ്‌ ജോലികളിലെ അളവുകളുടേയോ എല്ലാം ഫോട്ടോകോപ്പികൾ.
 • റോഡ്‌, കെട്ടിടംപണി, ഓടനിർമ്മാണം തുടങ്ങിയ പണികളിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ സാമ്പിളുകൾ.
 • പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പണികൾ സ്ഥലത്തുപോയി പരിശോധന നടത്താനുള്ള അവകാശം.
 • ഒരാൾ നല്‌കിയിട്ടുള്ള പരാതിയിലൂടേയോ അപേക്ഷയുടെയോ സ്ഥിതി.
 • സർക്കാൻ നടത്തുന്ന നടപടികളെപ്പറ്റിയോ നടത്താത്ത നടപടികളെ സംബന്ധിച്ചോ (നടത്തേണ്ടതാണെന്ന സ്ഥതി ഉള്ളപ്പോൾ) വിശദീകരണം.

നൽകപ്പെടേണ്ടാത്ത വിവരങ്ങൾ ഏതെല്ലാം?

ഈ നിയമത്തിലെ വകുപ്പുകൾ 8(1), 9, 24(1)+ (4) എന്നിവയിൽ സൂചിപ്പിച്ചിരിക്കുന്ന തരം വിവരങ്ങൾ സാധാരണയായി പൊതുജനങ്ങൾക്കു നല്‌കേണ്ടവയല്ല. അവ താഴെ സൂചിപ്പിച്ചിരിക്കുന്നവയാണ്‌.

 • രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷിതത്വത്തെയും തന്ത്രപ്രാധാന്യത്തെയും ശാസ്‌ത്രീയവും സാമ്പത്തികവുമായ താല്‌പര്യങ്ങളെയും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെയും ഹാനികരമായി ബാധിക്കുന്നതും അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന്‌ പ്രേരണ നല്‌കുന്നതുമായ വിവരങ്ങൾ.
 • ഏതെങ്കിലും കോടതി വിലക്കിയിട്ടുള്ള കാര്യങ്ങൾ, നിയമനിർമ്മാണസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുന്ന വിവരങ്ങൾ.
 • മൂന്നാംകക്ഷിയുടെ മത്സരാധിഷ്‌ഠിതസ്ഥാനത്തിന്‌ ഹാനികരമായേക്കാവുന്ന വാണിജ്യവ്യാപാര രഹസ്യങ്ങളും ബൗദ്ധികസ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരങ്ങൾ.
 • ഒരാൾക്ക്‌ അയാളുടെ പരസ്‌പരം വിശ്വാസാധിഷ്‌ഠിതമായ ബന്ധത്തിലൂടെ ലഭിച്ച വിവരങ്ങൾ.
 • വിദേശസർക്കാരിൽനിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരങ്ങൾ.
 • ഏതെങ്കിലും വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്ന വിവരങ്ങൾ.
 • കുറ്റവാളികളുടെ വിചാരണയെയോ അറസ്റ്റിനെയോ അന്വേഷണപ്രക്രിയെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
 • മന്ത്രിസഭയുടെയും സെക്രട്ടറിമാരുടെയും മറ്റ്‌ ഉദ്യോഗസ്ഥൻമാരുടെയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള ക്യാബിനറ്റ്‌ രേഖകൾ.

(എന്നാൽ മന്ത്രിസഭയുടെ തീരുമാനങ്ങളും അവയ്‌ക്കുള്ള കാരണങ്ങളും ആ തീരുമാനങ്ങൾ എടുക്കുന്നതിന്‌ ഉപോത്‌ബലകമായ വസ്‌തുതകളെയും തീരുമാനം എടുത്തശേഷവും കാര്യം പൂർത്തിയാക്കിയതിനോ കഴിഞ്ഞതിനോ ശേഷവും പ്രസിദ്ധപ്പെടുത്തേണ്ടതാണ്‌. എന്നാൽ ഈ വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള ഒഴിവാക്കലുകളിൻ കീഴിൽ വരുന്ന അത്തരം വിഷയങ്ങൾ വെളിപ്പെടുത്താൻ പാടില്ലാത്തതാണ്‌.)

 • അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ഒരു വ്യക്തിയുടെ പകർപ്പവകാശലംഘനമാണെങ്കിൽ ആ വിവരങ്ങൾ.
 • നിയമത്തിൽ പ്രത്യേകമായി പട്ടികപ്പെടുത്തിയിട്ടുള്ള രഹസ്യാന്വേഷണം, സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങൾ.
 • അത്തരം സംഘടനകൾ സർക്കാരിന്‌ നല്‌കിയിട്ടുള്ള ഏതെങ്കിലും വിവരങ്ങൾ.

(എന്നാൽ അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും സംബന്ധിച്ച വിവരം ഒഴിവാക്കപ്പെടുന്നില്ല. മാത്രവുമല്ല മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇൻഫർമേഷൻ കമ്മീഷന്റെ അംഗീകാരത്തിനുശേഷം മാത്രമേ നല്‌കാവൂ. അത്തരത്തിലുള്ള വിവരം അപേക്ഷ ലഭിച്ച്‌ നാല്‌പത്തിയഞ്ചുദിവസത്തിനകം നല്‌കേണ്ടതുമാണ്‌.)

സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങൾ

ഈ നിയമത്തിലെ 4-ാം വകുപ്പനുസരിച്ച്‌ ഓരോ പൊതു അധികാരസ്ഥാനവും സ്വമേധയാ തന്നെ തന്റെ ഓഫീസിനെ സംബന്ധിച്ച എല്ലാ പ്രധാന വിവരങ്ങളും ജനങ്ങളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.

ഓഫീസിന്റെ ഘടന, ചുമതല, കർത്തവ്യങ്ങൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, കടമകൾ, ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ, ചട്ടങ്ങൾ, റഗുലേഷനുകൾ, സൂക്ഷിക്കുന്ന റിക്കാർഡുകളുടെയും മറ്റു വിവരങ്ങൾ, ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ, അവരുടെ പ്രതിമാസശമ്പളം, ഓഫീസിനും അതിന്റെ കീഴിലുള്ള ഓരോ ഏജൻസിയ്‌ക്കും ലഭിച്ച ബഡ്‌ജറ്റ്‌ വിഹിതം, സബ്‌സിഡി, പദ്ധതികളുടെ പൂർണവിശദാംശങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിവരങ്ങൾ, ലഭിച്ചതുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൗജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ, സ്ഥാപനം സൂക്ഷിക്കുന്ന രജിസ്റ്ററുകളുടെ വിവരങ്ങൾ, പൗരന്മാർക്ക്‌ വിവരങ്ങൾ അറിയുന്നതിന്‌ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, പൊതുഇൻഫർമേഷൻ ഓഫീസറുടെ പേര്‌, ഔദ്യോഗികപദവി, ബന്ധപ്പെടാനുള്ള വിലാസം തുടങ്ങിയവയെല്ലാം പരസ്യപ്പെടുത്തേണ്ടതാണ്‌. വർഷാവർഷം അവ പുതുക്കി പരസ്യപ്പെടുത്തണം. ഇവയൊക്കെ ജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാകാവുന്നതരത്തിലാണ്‌ പരസ്യപ്പെടുത്തേണ്ടത്‌.

ഓരോ പൊതു അധികാരസ്ഥാപനത്തിലും അവിടെയുള്ള എല്ലാ റിക്കാർഡുകളും രേഖകളും ക്രമമായി നമ്പരിട്ട്‌ അടുക്കിസൂക്ഷിയ്‌ക്കണം. ന്യായമായ കാലാവധിയ്‌ക്കുള്ളിൽ അവ കമ്പ്യൂട്ടറിലാക്കി നെറ്റ്‌ വർക്കിലൂടെ രാജ്യത്ത്‌ എല്ലായിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. കൂടാതെ പൊതുജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ അറിയിക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വിവരങ്ങളും പരസ്യമാക്കണം. ഭരണപരമായവയോ അർധനീതിന്യായസ്വഭാവമുള്ളവയോ ആയ തീരുമാനങ്ങൾ എടുക്കുമ്പോൾ അത്‌ ബാധിക്കാവുന്ന വ്യക്തികളോട്‌ അതിന്റെ കാരണങ്ങൾ വ്യക്തമാക്കണം.

ചുരുക്കത്തിൽ ഓരോ പൊതു അധികാരസ്ഥാപനവും സ്വമേധയാ തന്നെ കഴിയുന്നത്ര സുതാര്യമായിരിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്‌ നിയമത്തിലെ 4-ാം വകുപ്പ്‌. ഇതിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്കു ലഭ്യമായാൽ പിന്നീട്‌ അവർക്ക്‌ തേടേണ്ടിവരുന്ന വിവരങ്ങൾ വളരെ പരിമിതമായിരിക്കും.

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ

വിവരം ആവശ്യപ്പെടുന്ന ആളുകൾക്ക്‌ വിവരം നല്‌കുന്നതിനായി ഓരോ പൊതു അധികാരസ്ഥാനവും അതിന്റെ കീഴിലുള്ള എല്ലാ ഭരണവിഭാഗങ്ങളിലും ഓഫീസുകളിലും ആവശ്യമുള്ളത്ര പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെ, ഈ നിയമപ്രകാരം നിയമിക്കേണ്ടതാണ്‌. കേന്ദ്രഗവൺമെന്റുമായി ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ നിയമിക്കുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ കേന്ദ്രപബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ എന്നറിയപ്പെടും. സമാനമായി സംസ്ഥാനത്തു നിയമിക്കപ്പെടുന്നവർ സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ എന്നും അറിയപ്പെടുന്നു. വിവരത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്‌ ഈ ഓഫീസർമാർക്കാണ്‌. അപേക്ഷകർക്ക്‌ വിവരം നല്‌കാനുള്ള ബാധ്യതയും പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കാണ്‌.

ഇതുകൂടാതെ ഉപജില്ലാതലത്തിലും സബ്‌ഡിവിഷൻ തലത്തിലും അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിക്കണമെന്ന്‌ നിയമം വ്യവസ്ഥ ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്നും വിവരണത്തിനായുള്ള അപേക്ഷകളും അപ്പീലുകളും സ്വീകരിച്ച്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അധികാരികൾക്കും അയച്ചുകൊടുക്കുക എന്നതാണ്‌ അവരുടെ പ്രധാന കർത്തവ്യം.

വിവരം ലഭിക്കുന്നതിനുള്ള നടപടിക്രമം

ഏതെങ്കിലും പൊതു അധികാരസ്ഥാനത്തിൽ നിന്നും എന്തെങ്കിലും വിവരം ലഭിക്കണമെന്നാഗ്രഹിക്കുന്ന ഒരാൾ ലിഖിതമായോ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌ മാധ്യമം മുഖേനയൊ ഒരു അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ സമർപ്പിക്കണം. അത്‌ മലയാളത്തിലോ, ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകാം.

അപേക്ഷ എഴുതിനല്‌കാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങളുടെയടിസ്ഥാനത്തിൽ അപേക്ഷ തയ്യാറാക്കുന്നതിന്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സഹായിക്കണമെന്ന്‌ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

അപേക്ഷ തയ്യാറാക്കുന്നതിന്‌ പ്രത്യേക രൂപമൊന്നും നിർദ്ദേശിച്ചിട്ടില്ല. വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കുന്ന അപേക്ഷ മതിയാകും. അപേക്ഷ നൽകേണ്ടത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ വിലാസത്തിലാണ്‌. അതിൽ അപേക്ഷകന്റെ പൂർണമായ പേരും മേൽവിലാസവും വ്യക്തമായി എഴുതിയിരിക്കണം. ആവശ്യപ്പെടുന്ന വിവരത്തിന്റെ കാര്യം വിശദമായും വ്യക്തമായും രേഖപ്പെടുത്തണം. എന്നാൽ വിവരം ആവശ്യപ്പെടുന്നതിന്റെ കാരണമോ അപേക്ഷകന്റെ വ്യക്തിപരമായ മറ്റെന്തെങ്കിലും വിവരമോ അപേക്ഷയിൽ നല്‌കേണ്ടതില്ല. മാത്രമല്ല അത്‌ ആവശ്യപ്പെടാനും പാടില്ല. (അപേക്ഷാഫോറത്തിന്റെ ഒരു മാതൃക അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്‌.)

വിവരത്തിനായി ഒരു പൊതു അധികാരസ്ഥാനത്തിന്‌ അപേക്ഷ നല്‌കിയിട്ടുള്ളിടത്ത്‌, ആവശ്യപ്പെടുന്ന വിവരം മറ്റൊരു അധികാരസ്ഥാനത്തിന്റെ കൈവശത്തിലുള്ളപ്പോഴും, പ്രതിപാദ്യവിഷയം മറ്റൊരു അധികാരസ്ഥാനത്തിന്റെ ചുമതലകളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുമ്പോഴും അത്തരം അപേക്ഷ സ്വീകരിച്ചിട്ടുള്ള അധികാരസ്ഥാനം ഏറ്റവും പെട്ടെന്ന്‌, പരമാവധി 5 ദിവത്തിനുള്ളിൽ, ബന്ധപ്പെട്ട അധികാരസ്ഥാനത്തേയ്‌ക്ക്‌ അപേക്ഷ കൈമാറ്റം ചെയ്യണം. ആ വിവരം അപേക്ഷകനെ അറിയിക്കുകയും വേണം.

വിവരം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫീസായ 10 രൂപ നല്‌കേണ്ടതാണ്‌. അപേക്ഷാഫീസ്‌ താഴെപ്പറയുന്ന ഏതെങ്കിലും വിധത്തിൽ ഒടുക്കാവുന്നതാണ്‌.

(a) അപേക്ഷയിൽ കോർട്ടുഫീസ്‌ സ്റ്റാമ്പുപതിച്ച്‌

(b) ``0070 മറ്റ്‌ ഭരണസേവനങ്ങൾ-മറ്റ്‌ സേവനങ്ങൾ-800-മറ്റ്‌ രശീതികൾ-42 മറ്റ്‌ വിഷയങ്ങൾ എന്ന അക്കൗണ്ട്‌ ഹെഡിൽ ഗവൺമെന്റ്‌ ട്രഷറിയിൽ പണമടച്ച്‌

(c) സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടേയോ ഓഫീസിൽ നേരിട്ട്‌ പണമൊടുക്കി രസീത്‌ വാങ്ങിക്കൊണ്ട്‌

(d) പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെയോ പേരിൽ മാറാവുന്ന ഡിഡി ആയോ ബാങ്കേർസ്‌ ചെക്കായോ പേഓർഡർ മുഖേനയോ.

എന്നാൽ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ വിവരം ലഭിക്കുന്നതിനുവേണ്ടി അപേക്ഷാഫീസ്‌ ഉൾപ്പെടെ ഒരു ഫീസും അടയ്‌ക്കേണ്ടതില്ല. എന്നാലവർ തങ്ങൾ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരാണെന്ന്‌ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്‌.

അപേക്ഷാഫീസു കൂടാതെ. നല്‌കുന്ന വിവരങ്ങൾക്കടിസ്ഥാനമാക്കി സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസും അപേക്ഷകൻ നല്‌കേണ്ടതുണ്ട്‌.

വിവരങ്ങൾ ഏ-4 വലിപ്പത്തിലുള്ള പേപ്പറിലാണ്‌ ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപാവീതം നല്‌കണം. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്‌ അതിനുള്ള യഥാർത്ഥചെലവ്‌ നല്‌കേണ്ടതാണ്‌. രേഖകളുടെ പരിശോധനയ്‌ക്ക്‌ ആദ്യത്തെ ഒരു മണിക്കൂറിന്‌ ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണു നല്‌കേണ്ടത്‌. സി.ഡി, ഫ്‌ളോപ്പി തുടങ്ങിയുള്ള ഇലക്‌ട്രോണിക്‌ രൂപത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നതിന്‌ 50രൂപ നല്‌കണം. (ഈ നിരക്കുകൾ കേരളസംസ്ഥാനത്തിൽ നിലവിലുള്ളതാണ്‌.)

വിവരം നല്‌കേണ്ട സമയപരിധി

അപേക്ഷ ലഭിച്ച്‌ 30 ദിവത്തിനകം അപേക്ഷകന്‌ വിവരം നല്‌കാൻ പബ്ലിക്‌ഇൻഫർമേഷൻ ഓഫീസർ ബാധ്യസ്ഥനാണ്‌. അസിസ്റ്റന്റ്‌ പബ്ലിക്‌ഇൻഫർമേഷൻ ഓഫീസറിലൂടെ ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം മറുപടി നല്‌കിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ്‌ ആവശ്യപ്പെടുന്നതെങ്കിൽ അത്‌ 48 മണിക്കൂറിനുള്ളിൽ നല്‌കിയിരിക്കണം. അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ നല്‌കുന്നതിന്‌ കൂടുതൽ ഫീസുവാങ്ങേണ്ട സന്ദർഭങ്ങളിൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ആ വിവരം അപേക്ഷകനെ അറിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേയ്‌ക്കും ഫീസ്‌ ഒടുക്കേണ്ടതിലേയ്‌ക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ്‌ കണക്കാക്കുമ്പോൾ ഒഴിവാക്കേണ്ടതാണ്‌. നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരം നല്‌കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. അതോടൊപ്പംതന്നെ അപ്പീൽ അധികാരിയുടെ പേരും വിലാസവും കൂടെ അറിയിക്കണം. നിശ്ചയിച്ചിരിക്കുന്ന സമയപരിധിയിൽ വിവരം നല്‌കാൻ കഴിഞ്ഞില്ലെങ്കിൽ യാതൊരു ഫീസും ഈടാക്കാതെ അത്‌ നല്‌കേണ്ടതാണ്‌.

മൂന്നാംകക്ഷിയിൽ നിന്നുള്ള വിവരം (Third Party Information)

ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാംകക്ഷി നല്‌കിയതും അദ്ദേഹം അത്‌ രഹസ്യമായി സൂക്ഷിയ്‌ക്കാൻ ചട്ടംകെട്ടിയതുമാണെങ്കിൽ, വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ച്‌ അഞ്ചുദിവസത്തിനകം അത്തരം മൂന്നാംകക്ഷിയെ ഇത്തരത്തിൽ ഒരപേക്ഷ ലഭിച്ചിട്ടുണ്ടെന്ന്‌ ലിഖിതമായി അറിയിക്കണം. മാത്രമല്ല അത്തരം വിവരം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും, അതിനെ സംബന്ധിച്ച്‌ അയാളുടെ ലിഖിതമായതോ വാക്കിലുള്ളതോ ആയ നിർദ്ദേശം നല്‌കണമെന്നും നോട്ടീസിൽ ആവശ്യപ്പെടണം. വിവരത്തിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച തീരുമാനമെടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ നിർദ്ദേശങ്ങൾകൂടി പരിഗണിക്കേണ്ടതാണ്‌.

നിയമപ്രകാരം സംരക്ഷണമുള്ള വ്യാപാരവ്യവസായ രഹസ്യങ്ങളൊഴിച്ചുള്ള സംഗതികളിൽ മൂന്നാംകക്ഷിയുടെ താല്‌പര്യത്തിനുണ്ടാകാവുന്ന ഹാനിയെയോ അല്ലെങ്കിൽ നഷ്ടത്തെക്കാളോ കൂടുതൽ പ്രാധാന്യം പൊതുതാല്‌പര്യത്തിനാണെങ്കിൽ അത്തരം വിവരങ്ങൾ നല്‌കാവുന്നതാണ്‌. ഇത്തരം സന്ദർഭങ്ങളിൽ മൂന്നാംകക്ഷിയ്‌ക്ക്‌ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കുന്നതാണെന്നുള്ള വിവരം നോട്ടീസിലൂടെ അറിയിച്ചിരിക്കേണ്ടതാണ്‌.

ഒരു മൂന്നാം കക്ഷി ഉൾപ്പെട്ടിട്ടുള്ള ഇത്തരം കേസ്സുകളിൽ മറുപടി 40 ദിവസത്തിനകം നല്‌കിയാൽ മതിയാകും.

പിഴശിക്ഷ

നിർദ്ദിഷ്‌ഠ സമയപരിധിക്കുള്ളിൽ വിവരം നല്‌കുന്നില്ലെങ്കിലോ മതിയായ കാരണമില്ലാതെ അപേക്ഷ നിരസിക്കുകയോ, തെറ്റായതോ അപൂർണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരം ബോധപൂർവ്വം നല്‌കുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വിവരം നല്‌കുന്നതിനെ തടസ്സപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെന്ന്‌ ഇൻഫർമേഷൻ കമ്മിഷന്‌ ബോധ്യപ്പെട്ടാൽ ഓരോ ദിവസത്തെയും കാലതാമസത്തിന്‌ 250 രൂപ കണക്കിൽ പരമാവധി 25000 രൂപവരെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ പിഴശിക്ഷ നല്‌കാവുന്നതാണ്‌. ഇതിനുപുറമേ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും.

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ തന്റെ കർത്തവ്യം നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം മറ്റുദ്യോഗസ്ഥരോട്‌ സഹായം തേടാവുന്നതാണ്‌. ആ ഉദ്യോഗസ്ഥന്മാർ, ആവശ്യപ്പെടുന്ന സഹായം നല്‌കാൻ, ബാധ്യസ്ഥരുമാണ്‌. അവരുടെ ഭാഗത്ത്‌ അതിനു വീഴ്‌ചയുണ്ടായാൽ അത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ വീഴ്‌ചപോലെതന്നെ പരിഗണിച്ചു കൈകാര്യം ചെയ്യും.

അപ്പീലിനുള്ള അവകാശം

നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരം ലഭിക്കുന്നില്ലെങ്കിലോ, പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിൽ സംതൃപ്‌തി തോന്നുന്നില്ലെങ്കിലോ അപേക്ഷകന്‌ രണ്ടുതലത്തിൽവരെ അപ്പീൽ പോകാൻ അവകാശമുണ്ട്‌. ആദ്യത്തെ അപ്പീൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ചതു മുതലോ അല്ലെങ്കിൽ കാലാവധി തീരുന്ന തിയ്യതി മുതലോ, മുപ്പതു ദിവസത്തിനുള്ളിൽ പൊതു അധികാരസ്ഥാനം നിശ്ചയിച്ചിരിക്കുന്ന, പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെക്കാൾ ഉയർന്ന പദവിയിലുള്ള അപ്പീൽ അധികാരിയ്‌ക്ക്‌ നല്‌കേണ്ടതാണ്‌. അപ്പീൽ ഹർജിക്കാരന്‌ യഥാസമയം അപ്പീൽ നല്‌കാൻ കഴിയാത്തത്‌ യുക്തിസഹമായ കാരണങ്ങളാൽ ആണെന്ന്‌ ബോധ്യമാകുന്നപക്ഷം പ്രസ്‌തുത അപ്പീൽ അധികാരിയ്‌ക്ക്‌ കാലപരിധിയ്‌ക്കുശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്‌.

രണ്ടാമത്തെ അപ്പീൽ അധികാരി ഇൻഫർമേഷൻ കമ്മീഷൻ ആണ്‌. ആദ്യ അപ്പീലിലെ തീരുമാനത്തിലും, സംതൃപ്‌തമല്ലെങ്കിൽ 90 ദിവസത്തിനകം രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന്‌ സമർപ്പിക്കാവുന്നതാണ്‌.

കോടതികളുടെ അധികാരപരിമിതി

ഈ നിയമപ്രകാരം നല്‌കിയ ഏതെങ്കിലും ഉത്തരവ്‌ സംബന്ധിച്ച്‌ യാതൊരു കോടതിയും ഏതെങ്കിലും വ്യവഹാരമോ അപേക്ഷയോ മറ്റ്‌ നടപടിയോ സ്വീകരിക്കാൻ പാടില്ല. അത്തരത്തിലുള്ള യാതൊരു ഉത്തരവും ഈ നിയമത്തിൻ കീഴിലുള്ള അപ്പീൽ മുഖേനയല്ലാതെ ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

1923-ലെ ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമം ഉൾപ്പെടെ നിലവിലുള്ള മറ്റു നിയമങ്ങളിൽ ഈ നിയമത്തിനു വിരുദ്ധമായി എന്തൊക്കെയുണ്ടായിരുന്നാലും ഇതിലെ വകുപ്പുകൾക്കായിരിക്കും മുൻഗണന.

ഇൻഫർമേഷൻ കമ്മീഷനുകൾ

ഈ നിയമമനുസരിച്ച്‌ കേന്ദ്രസർക്കാർ ഒരു കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനെയും സംസ്ഥാന സർക്കാരുകൾ സംസ്ഥാന ഇൻഫർമേഷൻ കമ്മിഷനുകളെയും നിയമിക്കേണ്ടതാണ്‌. ഇലക്ഷൻ കമ്മീഷനെപ്പോലെ സ്വതന്ത്രചുമതലകൾ ഉള്ളതാണ്‌ ഇൻഫർമേഷൻ കമ്മീഷനുകൾ. കമ്മീഷനിൽ ഒരു ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാതെയുള്ള ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടാവുന്നതാണ്‌.

പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റുമന്ത്രിയും അടങ്ങുന്ന ഒരു സമിതിയുടെ നിർദ്ദേശപ്രകാരം രാഷ്‌ട്രപതിയാണ്‌ ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറെയും മറ്റ്‌ ഇൻഫർമേഷൻ കമ്മീഷണർമാരെയും നിയമിക്കുന്നത്‌. ഇതിനു സമാനമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു മന്ത്രിയും അടങ്ങുന്ന സമിതിയുടെ ശുപാർശപ്രകാരം സംസ്ഥാന ഗവർണ്ണറാണ്‌ സംസ്ഥാന ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറെയും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരേയും നിയമിക്കുന്നത്‌.

ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറും മറ്റ്‌ ഇൻഫർമേഷൻ കമ്മീഷണർമാരും അവർ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തിയതി മുതൽ അഞ്ചുവർഷക്കാലംവരെയോ അറുപത്തിയഞ്ചുവയസ്സു പൂർത്തിയാകുന്നതുവരെയോ, അതിൽ ഏതാണോ ആദ്യം, അതുവരെ ഉദ്യോഗം വഹിക്കാൻ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.

നിയമത്തിലോ, ശാസ്‌ത്രത്തിലോ, സാങ്കേതിക ശാസ്‌ത്രത്തിലോ, സാമൂഹ്യസേവനത്തിലോ, മാനേജ്‌മെന്റിലോ, പത്രപ്രവർത്തനത്തിലോ ബഹുജനമാധ്യമപ്രവർത്തനത്തിലോ, ഭരണനിർവഹണത്തിലോ വിപുലമായ അറിവും അനുഭവജ്ഞാനവും ഉള്ളവരും പൊതുജീവിതത്തിൽ ഔന്നത്യം ഉള്ളതുമായ വ്യക്തികൾ ആയിരിക്കണം ഈ തസ്‌തികകളിൽ നിയമിക്കപ്പെടേണ്ടത്‌ എന്ന്‌ നിയമം വ്യക്തമാക്കുന്നു.

ഒരിക്കൽ നിയമിക്കപ്പെട്ടുകഴിഞ്ഞാൽ, ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണറേയോ ഇൻഫർമേഷൻ കമ്മീഷണർമാരെയോ നിശ്ചിത നടപടിക്രമമനുസരിച്ച്‌ മാത്രമേ തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനാവൂ.

പരാതി സ്വീകരിക്കലും അന്വേഷണം നടത്തലും

താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുവരുന്ന പരാതികൾ സ്വീകരിക്കുകയും അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുന്നത്‌ ഇൻഫർമേഷൻ കമ്മീഷനുകളുടെ കർത്തവ്യമാണ്‌.

 • വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വാങ്ങാതിരിക്കുമ്പോൾ.
 • നിശ്ചിത സമയപരിധിയ്‌ക്കകത്ത്‌ വിവരം ലഭിക്കാതെ വരുമ്പോൾ.
 • വിവരം ബോധപൂർവ്വം നിരസിക്കുകയാണെന്നു ബോദ്ധ്യമുള്ളപ്പോൾ.
 • നല്‌കിയിട്ടുള്ള വിവരം അപൂർണമാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ അല്ലെങ്കിൽ തെറ്റാണെന്നോ വിശ്വസിക്കുമ്പോൾ.
 • ഫീസായി നല്‌കുവാൻ ആവശ്യപ്പെട്ടിട്ടുള്ള തുക ന്യായയുക്തമല്ലെന്നു തോന്നുമ്പോൾ.
 • ആവശ്യപ്പെട്ടിരിക്കുന്ന വിവരം ബോധപൂർവം നശിപ്പിച്ചു എന്നോ അല്ലെങ്കിൽ അതു ലഭ്യമാകുന്നതിനെ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തി എന്നോ കരുതുമ്പോൾ.

ഒരാളിന്‌ വിവരാവകാശകമ്മീഷന്റെ മുമ്പിലേയ്‌ക്ക്‌ പരാതി സമർപ്പിക്കാവുന്നതാണ്‌.

അങ്ങിനെ സ്വീകരിക്കുന്ന പരാതിയിന്മേൽ ഇൻഫർമേഷൻ കമ്മീഷന്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കാം. കമ്മീഷന്‌ സിവിൽ കോടതിയുടെ അധികാരങ്ങൾ നല്‌കിയിട്ടുണ്ട്‌.

മറ്റു പ്രസക്തമായ ചില കാര്യങ്ങൾ

മൂന്നാംകക്ഷിയുടെ വിവരം വെളിപ്പെടുത്തുന്നതിന്റെ കാര്യത്തിൽ പൊതുജനതാല്‌പര്യത്തിന്‌ മുൻതൂക്കം നല്‌കുന്നുണ്ട്‌.

പാർലമെന്റിനോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയ്‌ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്കു നിഷേധിക്കുവാൻ പാടില്ല എന്ന മാനദണ്ഡം നിയമത്തിൽ ഉറപ്പിച്ചിട്ടുണ്ട്‌.

വിവരത്തിനായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയ്‌ക്ക്‌ ആവശ്യമെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന തിയ്യതിക്ക്‌ 20വർഷം മുമ്പ്‌ നടന്നതോ സംഭവിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നല്‌കേണ്ടതാണ്‌. എന്നാൽ 20 വർഷം കണക്കാക്കേണ്ട തിയ്യതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക്‌ നിയമത്തിൽ പറഞ്ഞിട്ടുള്ള അപ്പീലുകൾക്ക്‌ വിധേയമായി കേന്ദ്രസർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും.

വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള വിവരവുമായി ബന്ധപ്പെട്ടതാണെന്ന കാരണത്താൽ നിരസിക്കപ്പെട്ടിട്ടുള്ള വിവരത്തിന്റെ പ്രാപ്യതയ്‌ക്കുള്ള ഒരു അപേക്ഷയിൽ, ഈ നിയമമനുസരിച്ച്‌ ഒഴിവാക്കപ്പെട്ടിരുന്ന ഏതെങ്കിലും വിവരം അടങ്ങിയിട്ടില്ലാത്തതും, ഒഴിവാക്കപ്പെട്ടിട്ടുള്ള ഭാഗത്തുനിന്നും ന്യായമായി വിഭജിച്ചെടുക്കാവുന്നതുമായ രേഖയുടെ പ്രസ്‌തുതഭാഗം പ്രാപ്യമാക്കാവുന്നതാണ്‌. അങ്ങിനെ ചെയ്യുമ്പോൾ, പ്രസ്‌തുത തീരുമാനമെടുത്തതിന്റെ എല്ലാ വിശദവിവരങ്ങളും-ഫീസിന്റെ കാര്യമുൾപ്പെടെ-അപേക്ഷകനെ അറിയിച്ചിരിക്കണം. തീരുമാനത്തിനെതിരെ അപ്പീൽ നല്‌കുന്നതിന്‌ അപ്പീൽ അധികാരികളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കണം.

ഓരോ വർഷം അവസാനിക്കുമ്പോഴും ആ കടന്നുപോയ വർഷത്തിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കിയതിന്റെ വിശദമായ ഒരു റിപ്പോർട്ട്‌ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനും (അവരവരുടെ അധികാരപരിധിയ്‌ക്കുള്ളിൽ നടപ്പാക്കിയത്‌) തയ്യാറാക്കി കേന്ദ്രഗവൺമെന്റിനും സംസ്ഥാന ഗവൺമെന്റുകൾക്കും സമർപ്പിക്കണം, അതിന്റെ പകർപ്പ്‌ പാർലമെന്റിനു മുമ്പാകെയും ബന്ധപ്പെട്ട നിയമസഭയ്‌ക്കു മുമ്പാകെയും വയ്‌ക്കേണ്ടതുമാണ്‌. റിപ്പോർട്ട്‌ തയ്യാറാക്കാനാവശ്യമായ എല്ലാ വിവരങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളോ പൊതു അധികാരസ്ഥാനങ്ങളൊ ശേഖരിച്ച്‌ ഇൻഫർമേഷൻ കമ്മീഷണനുകൾക്കു നല്‌കണം.

പൊതുവായി ഈ നിയമപ്രകാരം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ എങ്ങിനെ വിനിയോഗിക്കണമെന്നുള്ള ധാരണ വിപുലമാക്കുന്നതിന്‌ പൊതുജനങ്ങളുടെയിടയിൽ യുക്തമായ വിദ്യാഭ്യാസപരിപാടികളും ബോധവൽക്കരണപ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ സർക്കാരുകൾ തയ്യാറാകേണ്ടതാണ്‌. അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

(1) വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നല്‌കേണ്ടത്‌ പൊതുഅധികാരസ്ഥാനത്തിലെ ``പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ മേൽവിലാസത്തിലാണ്‌.

(2) ആവശ്യപ്പെടുന്ന വിവരം ഒരു സംശയത്തിനും ഇടനല്‌കാത്ത രീതിയിൽ വ്യക്തമായി എഴുതിയിരിക്കണം. എങ്കിൽ മാത്രമേ വ്യക്തമായി മറുപടിയും ലഭിക്കുകയുള്ളൂ. മാത്രമല്ല ഓരോ ചോദ്യവും വളരെ പ്രസക്തമാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ഈ അവകാശം ദുരുപയോഗംചെയ്‌തുകൊണ്ട്‌ പൊതുഅധികാരസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുവേണ്ടി മാത്രം അപ്രസക്തമായ അനവധിചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള അപേക്ഷ അയയ്‌ക്കുന്ന പ്രവണത സമൂഹത്തിൽ വർധിച്ചുവരുന്നുണ്ട്‌. അത്തരം പ്രവർത്തനങ്ങൾ ജനാധിപത്യവിരുദ്ധമായേ കാണാനാവൂ.

(3) അപേക്ഷയോടൊപ്പം അപേക്ഷാഫീസുകൂടെ നല്‌കുന്നു എന്നുറപ്പുവരുത്തുക. ഫീസ്‌ നല്‌കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റു കൂടി സമർപ്പിക്കണം.

(4) അപേക്ഷ ഇൻഫർമേഷൻ ഓഫീസർക്കു സമർപ്പിക്കുന്നതിനുമുൻപ്‌ ഒരു പകർപ്പ്‌ എടുത്തു സൂക്ഷിക്കുന്നത്‌ നല്ലതാണ്‌. അപ്പീൽ നല്‌കേണ്ട ആവശ്യം വന്നാൽ സൂക്ഷിക്കുന്ന ഈ പകർപ്പ്‌ വളരെ സഹായകമായിരിക്കും.

(5) അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അവിടെ സ്വീകരിച്ചു എന്നുള്ളതിന്‌ തെളിവിനായി രസീതി വാങ്ങി സൂക്ഷിക്കുക. പോസ്റ്റാഫീസിൽ കൂടെ അയയ്‌ക്കുകയാണെങ്കിൽ, പോസ്റ്റൽ രസീതു സൂക്ഷിച്ചുവയ്‌ക്കുക.

(6) വിവരം ലഭിക്കാൻ നിയമം മുഖേന വ്യവസ്ഥ ചെയ്‌തിട്ടുള്ള സമയ പരിധി കഴിഞ്ഞാലുടൻ തന്നെ അനന്തരനടപടികളിലേയ്‌ക്ക്‌ നീങ്ങണം. അതായത്‌ വിവരം ലഭിക്കേണ്ടതായ തിയ്യതി മുൻകൂട്ടി തന്നെ കണക്കാക്കി അപേക്ഷയുടെ പകർപ്പിൽ കുറിച്ചുവച്ചിരിയ്‌ക്കുന്നത്‌ സഹായകമായിരിക്കും.

സാമൂഹ്യനീതിയ്‌ക്കുവേണ്ടിയുള്ള പോരാട്ടത്തിന്‌ ഒരായുധം

ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള ഈ നിയമം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പാർലമെന്റ്‌ പാസ്സാക്കിയിട്ടുള്ളതിൽ വച്ചേറ്റവും പുരോഗമനാത്മകമായ ഒരു നിയമമാണെന്നുള്ളതിന്‌ സംശയമില്ല. ജനാധിപത്യസംവിധാനത്തിൽ ജനങ്ങളുടെ ശാക്തീകരണവും ജനാധികാരമുന്നേറ്റവും ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്‌ ഈ നിയമനിർമാണം നടത്തിയിരിക്കുന്നത്‌. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ആറുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും ജനതയുടെ ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ സാമൂഹ്യനീതിയ്‌ക്കുവേണ്ടി നടത്തേണ്ടുന്ന പോരാട്ടത്തിൽ ഒരു ശക്തമായ ആയുധമായി ഈ നിയമത്തെ പ്രയോജനപ്പെടുത്താം. നിർഭാഗ്യവശാൽ ഈ ആയുധം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ സജ്ജരാക്കുന്ന കാര്യത്തിൽ പൊതുവിൽ സർക്കാരോ, രാഷ്‌ട്രീയപ്പാർട്ടികൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളോ വേണ്ട താല്‌പര്യമോ ജാഗ്രതയോ പ്രകടിപ്പിക്കുന്നില്ല. എന്നുമാത്രമല്ല പരിമിതമായ തരത്തിൽ തന്നെ ഇതിന്റെ പ്രയോഗക്ഷമത മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഈ നിയമത്തിൽ വെള്ളം ചേർത്തു തളർത്താനും ക്രമേണ മറ്റനേകം നിയമങ്ങളെപ്പോലെ അപ്രസക്തമാക്കാനും ഉള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌.

വിവരാവകാശനിയമത്തെ ദുർബലമാക്കാനുള്ള ആദ്യശ്രമമുണ്ടായത്‌ നിയമം നിർമിക്കാൻ മുൻകൈ എടുത്ത കേന്ദ്രഗവൺമെന്റിന്റെ ഭാഗത്തുനിന്നു തന്നെയായിരുന്നു എന്നത്‌ ആശങ്കയുളവാക്കുന്ന കാര്യമാണ്‌. 2005-ൽ നിലവിൽവന്ന ഈ നിയമത്തിൽ കൂടുതൽ വെള്ളം ചേർക്കാനും നിയമപ്രകാരം പൊതുജനങ്ങൾക്കു ലഭിക്കേണ്ട പല വിവരങ്ങളും അതുവഴി മറച്ചുവയ്‌ക്കാനും ഉള്ള ഒരു ശ്രമമാണ്‌ 2006-ൽ കേന്ദ്രഗവൺമെന്റ്‌ നടത്തിയത്‌. ഒരു തീരുമാനമെടുക്കും മുമ്പ്‌ സർക്കാർതലത്തിൽ നടത്തുന്ന കൂടിയാലോചനകളും ഫയലുകളിൽ ഉദ്യോഗസ്ഥന്മാർ എഴുതുന്ന നോട്ടുകളും നിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട്‌ ഒരു നിയമഭേദഗതിയ്‌ക്കാണ്‌ ശ്രമം നടത്തിയത്‌. ഫയലുകളിൽ ഉദ്യോഗസ്ഥർ എഴുതുന്ന നോട്ടുപരസ്യമാകുന്നതിനെ യു.പി.എസ്‌.സി (UPSC) പോലുള്ള സ്ഥാപനങ്ങൾ എതിർത്ത സാഹചര്യത്തിലാണ്‌ നിയമഭേദഗതി വരുത്താൻ ശ്രമമുണ്ടായത്‌. എന്നാൽ അതുമാത്രമല്ലെന്നും ഭരണതലത്തിൽ വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിയുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥപ്രമുഖരാണ്‌ ഇതിനു പിറകിൽ ചരടുവലിച്ചത്‌ എന്ന ശക്തമായ വിമർശനവും ഇതൊടൊപ്പം ഉയർന്നുവന്നു.

ഇത്തരം ഒരു നിയമം നിർമിക്കുന്നതിനുവേണ്ടി തുടർച്ചയായ പോരാട്ടം നടത്തിയ എം.കെ.എസ്സ്‌.എസ്സ്‌ (MKSS)പോലുള്ള അനേകം സംഘടനകൾ ശക്തമായ ചെറുത്തുനില്‌പു സംഘടിപ്പിച്ചു. ഭേദഗതിയിലൂടെ ഫയലിൽ എഴുതുന്ന കുറിപ്പ്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ ജനങ്ങൾക്കു നിഷേധിച്ചാൽ ഈ നിയമം മൃതപ്രായമായിത്തീരും എന്ന്‌ പ്രമുഖപത്രങ്ങൾ പലതും പ്രതികരിച്ചു. ജനാധിപത്യം സാർത്ഥകമാകണമെങ്കിൽ വിവരാവകാശം വിശാലമായിത്തന്നെ ജനങ്ങൾക്കു നല്‌കണം. രാജ്യത്തെ സംബന്ധിക്കുന്ന, ജനജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളില്ലെല്ലാം തീരുമാനമെടുക്കുന്നത്‌ ആരാണെന്നും അതെന്തടിസ്ഥാനത്തിൽ എടുക്കുന്നുവെന്നും എങ്ങിനെ നടപ്പാക്കുന്നെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും അർത്ഥശങ്കയ്‌ക്കിടയില്ലാത്ത തരത്തിൽ മുഖപ്രസംഗങ്ങളിലൂടെ പലപത്രങ്ങളും പ്രതികരിച്ചു. അഴിമതി ജീവിതത്തിന്റെ സമസ്‌തമേഖലകളിലേയ്‌ക്കും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ വിവരാവകാശനിയമം വളരെ കർശനമായി നടപ്പിലാക്കുകയാണു വേണ്ടെതെന്നും അവർ വാദിച്ചു. ഭരണരംഗത്തെ സുതാര്യത ഒരു അനുരഞ്‌ജനത്തിനും വിധേയമാക്കാൻ പാടില്ല എന്നും മാധ്യമങ്ങൾ തറപ്പിച്ചു പറഞ്ഞു, എന്തായാലും നിയമഭേദഗതിയ്‌ക്കുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചു.

എങ്കിലും ഇപ്പോഴും പല പൊതു അധികാരകേന്ദ്രങ്ങളും അവരുടെ അധീനതയിലുള്ള വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്‌ക്കാനുള്ള വിമുഖത ഒളിഞ്ഞും തെളിഞ്ഞും പല പ്രസ്‌താവനകളിലൂടെയും വെളിവാക്കുന്നുണ്ട്‌. ഭരണഘടനയിൽ തന്നെ ചില പ്രത്യേക പരിഗണനകൾ നല്‌കി സ്ഥാപിച്ചിട്ടുള്ള ഭരണഘടനാസ്ഥാപനങ്ങൾ, അതിന്റെ മറവിൽ ഈ നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്ന്‌ ഒഴിവാകാൻ ശ്രമം നടത്തിയിട്ടുള്ള ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്‌. എന്തായാലും ഭരണരംഗത്തു കടന്നുകൂടിയിട്ടുള്ള കൈക്കൂലി, അഴിമതി ഉൾപ്പെടെയുള്ള അനാരോഗ്യകരമായിട്ടുള്ള പ്രവണതകൾക്ക്‌ അറുതിവരുത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ നിയമത്തിന്‌ ഇന്നിപ്പോൾ പ്രസക്തി കൂടിയിട്ടേയുള്ളൂ.

ഈയടുത്ത കാലത്ത്‌ ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ (Transparency International)എന്ന സംഘടന ആഗോളതലത്തിൽ നടത്തിയ ഒരു പഠനത്തിന്റെയടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ``ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആയിരുന്നു. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളായ ഡെന്മാർക്ക്‌, സ്വീഡൻ, ന്യൂസിലാന്റ്‌ മുതലായ രാജ്യങ്ങൾ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. ആ റാങ്കിംഗ്‌ ഉണ്ടാക്കാൻ അവർ നല്‌കിയ സ്‌കോറും അതിൽ നല്‌കിയിട്ടുണ്ട്‌, ഒട്ടും അഴിമതിയില്ലാത്ത രാജ്യത്തിന്‌ 10 പോയിന്റ്‌ എന്നു നിശ്ചയിച്ചപ്പോൾ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്ന രാജ്യങ്ങൾക്ക്‌ 9.3 പോയന്റ്‌ ലഭിച്ചിട്ടുണ്ട്‌. 85 ാം സ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയ്‌ക്ക്‌ 3.4 പോയിന്റാണുള്ളത്‌. മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചാൽ നമ്മുടെ പൊതുമണ്ഡലത്തിന്റെ 66% വും അഴിമതിയിൽ മുങ്ങിനില്‌ക്കുന്നു എന്നർത്ഥം. വളരെ വ്യാപകമായി അഴിമതി നിറഞ്ഞുനില്‌ക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുന്നു. അഴിമതി കുറഞ്ഞ രാജ്യങ്ങളെല്ലാം തന്നെ ``തുറന്ന സർക്കാർ സമീപനം സ്വീകരിച്ചിട്ട്‌ വളരെ വർഷങ്ങളായിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ വർധിച്ചുവരുന്ന അഴിമതിയും ഭരണരംഗത്തു വ്യാപകമായി കണ്ടുവരുന്ന സാമൂഹ്യനീതിനിഷേധവും ഒക്കെ തടഞ്ഞുനിറുത്തുന്നതിന്‌ ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരാവകാശനിയമം വളരെ ഫലപ്രദമായി ഉപയോഗിക്കാൾ ജനങ്ങളെ സജ്ജരാക്കേണ്ടതുണ്ട്‌. ഇതിന്‌ ശക്തമായ അടിത്തറ പ്രവർത്തനമാണ്‌ ആവശ്യം.

നാട്ടിൽ വികസനത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധതരത്തിലുള്ള പ്രവർത്തനങ്ങളെ ഫലപ്രദമായി സാമൂഹ്യഓഡിറ്റിനു വിധേയമാക്കാൻ ഈ നിയമം വളരെ സഹായകമാണ്‌. ഇത്തരത്തിൽ നടന്നിട്ടുള്ള ഏതെങ്കിലും ഒരു പ്രവർത്തനത്തെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും വിവരാവകാശനിയമം അനുസരിച്ച്‌ ശേഖരിക്കുകയും അത്‌ ബന്ധപ്പെട്ട ജനങ്ങളുടെ മുന്നിൽ തുറന്നുവച്ച്‌ ഗുണദോഷവിചിന്തനം ചെയ്യുകയും ചെയ്യുമ്പോൾ ആ വികസനപ്രവർത്തനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന്‌ ജനങ്ങൾക്കു മനസ്സിലാകും. രാജസ്ഥാനിൽ എം.കെ.എസ്സ്‌.എസ്സ്‌ എന്ന സംഘടന ``ജൻസുൻവായ്‌ എന്ന പ്രവർത്തനത്തിലൂടെ നടത്തുന്ന ``സോഷ്യൽ ഓഡിറ്റ്‌ അനുകരണീയമാണെന്നു പറയാം. സാമൂഹ്യപ്രതിബദ്ധതയോടെയും വർധിച്ച ജാഗ്രതയോടെയും നാട്ടിൽ നടക്കുന്ന പ്രവർത്തനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും അവയെയൊക്കെ ജനപക്ഷത്തുനിന്നു വിലയിരുത്തുകയും ചെയ്യുന്ന സംഘടനകൾക്കു മാത്രമേ സാമൂഹ്യഓഡിറ്റ്‌ സംഘടിപ്പിക്കാൻ കഴിയൂ. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇത്തരം പ്രവർത്തനം വളരെ ഫലപ്രദമായ ഒരു ചുവടുവയ്‌പാണ്‌.

ഇപ്പോൾ ഈ നിയമം ബാധകമാക്കിയിരിക്കുന്നത്‌ ``പൊതു അധികാരസ്ഥാനങ്ങളെ മാത്രമാണ്‌. ``സ്വകാര്യ അധികാരസ്ഥാനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത്‌ സ്വകാര്യവൽക്കരണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. അതുകൊണ്ടുതന്നെ പൊതു അധികാരസ്ഥാനങ്ങളുടെ വ്യാപ്‌തി കുറയുകയും സ്വകാര്യ അധികാരസ്ഥാനങ്ങളുടെ വ്യാപ്‌തി കൂട്ടുകയും ചെയ്‌തുവരികയാണ്‌. സ്വകാര്യആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന ആയിരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എത്ര എത്ര വിവരങ്ങൾ ഈ സ്ഥാപനങ്ങൾ അവരുടെ സ്വകാര്യ സ്വത്തായി ജനങ്ങളിൽ നിന്നും മറച്ചുവയ്‌ക്കുന്നു. ഇത്‌ ഒരു തരത്തിലും നീതികരിക്കാവുന്നതല്ല. രോഗിയായി വരുന്ന ഒരാൾ ആവശ്യപ്പെടുന്ന പണം അടച്ച്‌ വിവിധതരത്തിലുള്ള ടെസ്റ്റുകൾ നടത്തി ലഭിക്കുന്ന വിവരത്തിന്റെയെല്ലാം ഉടമസ്ഥത സ്ഥാപനത്തിനാണ്‌. അതുപോലും അയാൾക്കു ലഭിക്കുന്നില്ല. എന്നാൽ ഈ സ്ഥാപനങ്ങളെല്ലാം നിലനില്‌ക്കുന്നത്‌ സർക്കാരിന്റെ പരോക്ഷമായ വിവിധതരം സഹായത്താലാണ്‌. ഈയടിസ്ഥാനത്തിൽ എല്ലാ സ്വകാര്യസ്ഥാപനങ്ങളേയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ മാത്രമേ ഇതിന്റെ ഗുണഫലം സമൂഹത്തിന്‌ പൂർണമായി ലഭിക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള സാമൂഹ്യസമ്മർദ്ദം ശക്തമായി ഉണ്ടായിവരേണ്ടതുണ്ട്‌.

ഇന്ത്യൻ പാർലമെന്റ്‌ ഇതിനകം പാസ്സാക്കിയ ``സ്‌ത്രീധനനിരോധന നിയമം, ``ഉപഭോക്തൃസംരക്ഷണനിയമം തുടങ്ങി അനവധി പുരോഗമനോന്മുഖമായ നിയമങ്ങൾക്കു സംഭവിച്ച ``ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകിലും എന്ന ഏറ്റവും പരിതാപകരമായ അവസ്ഥ ``വിവരാവകാശനിയമം-2005 നു വരാതിരിക്കണമെങ്കിൽ ജനങ്ങളും ജനപക്ഷപ്രസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തിയേ മതിയാവൂ. ആ ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനുള്ള ശക്തമായ ബോധവൽക്കരണപ്രവർത്തനങ്ങൾ തുടരെത്തുടരെ നടത്താൻ പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നേ തീരൂ.


അനുബന്ധം

സാധാരണയായി ഉയർന്നുവരുന്ന ചില ചോദ്യങ്ങൾ

1. 1923 ലെ ഔദ്യോഗിക രഹസ്യനിയമം ഇപ്പോഴും നിലവിലുണ്ടല്ലൊ. അതു വിവരാവകാശനിയമം നടപ്പിലാക്കുന്നതിന്‌ വിഘാതം സൃഷ്‌ടിക്കുമോ?

ഔദ്യോഗികരഹസ്യനിയമം ഉൾപ്പെടെ ഇപ്പോൾ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളെക്കാളും വിവരാവകാശനിയമത്തിന്‌ അധിപ്രഭാവമുണ്ടായിരിക്കുമെന്ന്‌ നിയമത്തിന്റെ 22-ാം വകുപ്പിൽ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. അതിനാൽ ഔദ്യോഗിക രഹസ്യനിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും വിവരാവകാശനിയമം നടപ്പിലാക്കുന്നതിൽ അതിന്‌ ഒരു തടസ്സവും സൃഷ്ടിക്കാൻ കഴിയില്ല.

2. വിവരം ആവശ്യപ്പെട്ടുകൊണ്ട്‌ ആർക്കെല്ലാം അപേക്ഷ നല്‌കാം?

വിവരാവകാശനിയമമനുസരിച്ച്‌ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നും വിവരം ആവശ്യപ്പെടാവുന്നതാണ്‌. ഒരു പ്രായപരിധിയും നിർദ്ദേശിച്ചിട്ടില്ല. ഒന്നോ അതിലധികമോ ആളുകൾ ചേർന്നും അപേക്ഷ നല്‌കാം. ഈയടുത്തകാലത്ത്‌ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സംഘടനകൾക്കും അതിന്റെ ലെറ്റർപാഡിൽ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക്‌ വിവരാവകാശം ലഭിക്കില്ല.

3. അപേക്ഷനേരിട്ടു സമർപ്പിക്കണമെങ്കിൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഇരിക്കുന്ന ഓഫീസിൽ പോകേണ്ടതുണ്ടോ?

അപേക്ഷ നേരിട്ടു സമർപ്പിക്കണമെങ്കിൽ അത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ നല്‌കി രസീതു വാങ്ങാവുന്നതാണ്‌. ഒരു ഡിപ്പാർട്ടുമെന്റിന്റെ ഏറ്റവും ചെറിയ ഓഫീസിൽവരെ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഉണ്ട്‌. അവരുടെ കർത്തവ്യം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കു നൽകാനുള്ള അപേക്ഷയും അപ്പീൽ അധികാരികൾക്കു നല്‌കാനുള്ള അപ്പീലും അപേക്ഷകരിൽ നിന്നും കൈപ്പറ്റി അഞ്ചുദിവസത്തിനകം ബന്ധപ്പെട്ടവർക്ക്‌ അയച്ചുകൊടുക്കുക എന്നതാണ്‌. അതിനാൽ അപേക്ഷ സമർപ്പിക്കുവാൻ വേണ്ടി പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ പോകേണ്ടതില്ല.

കേന്ദ്രഗവൺമെന്റ്‌ ഇന്ത്യ ഒട്ടാകെ 629 പോസ്റ്റാഫീസുകളെ അസിസ്റ്റന്റു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കേന്ദ്രഗവൺമെന്റുമായി ബന്ധപ്പെട്ട പൊതു അധികാരസ്ഥാപനങ്ങളിൽ നിന്നും വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ പോസ്റ്റാഫീസുകളിൽ എല്‌പിച്ചു രസീതു വാങ്ങിക്കാം.

4. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെയോ തേടിപ്പിടിക്കാൻ ആയില്ലെന്നിരിക്കട്ടെ. എങ്ങിനെ അപേക്ഷ സമർപ്പിക്കാം?

അങ്ങിനെ വരുന്ന സന്ദർഭങ്ങളിൽ അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫിസർ C/0. വകുപ്പുതലവന്റെ മേൽവിലാസത്തിൽ അയച്ചുകൊടുത്താൽ ആ വകുപ്പിന്റെ സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറിൽ അതെത്തിക്കുക എന്നത്‌ വകുപ്പുതലവന്റെ കടമയാണ്‌. അഥവാ അത്‌ അയച്ചുകൊടുത്തിട്ടില്ല എന്നു പൂർണമായി ബോധ്യപ്പെട്ടാൽ, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു തന്നെ വിവരാവകാശകമ്മീഷന്‌ പരാതി നല്‌കാം.

5. അപേക്ഷ സമർപ്പിക്കാൻ അപേക്ഷകൻ തന്നെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ അടുത്തുപോകേണ്ടതുണ്ടോ?

വേണ്ട. അപേക്ഷ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാം. നേരിട്ടു സമർപ്പിച്ചാൽ ഓഫീസിൽനിന്നും രസീതുതരും. തപാലിൽ അയച്ചാൽ രസീത്‌ സൂക്ഷിച്ചുവയ്‌ക്കണം.

6. ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ ഒരാൾ സമർപ്പിക്കുന്ന അപേക്ഷ ഏതെല്ലാം കാരണങ്ങൾകൊണ്ട്‌ നിരസിക്കാം?

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ മാത്രമേ ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ ഒരപേക്ഷ നിരസിക്കാൻ കഴിയൂ.

(a) വേറെ ഏതെങ്കിലും ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ മേൽവിലാസത്തിലുള്ള അപേക്ഷ

(b) നിർദ്ദേശിച്ചിരിക്കുന്ന ഏതെങ്കിലും രൂപത്തിൽ അപേക്ഷാഫീസ്‌ ഒടുക്കുവാൻ വിസമ്മതിച്ചാൽ

(c) ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെന്ന്‌ അവകാശപ്പെടുകയും എന്നാൽ ആ അവകാശവാദം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്‌ സമർപ്പിക്കാൻ കഴിയാതിരിക്കുമ്പോൾ

6. ഒന്നാമത്തെ അപ്പീൽ അധികാരി ആരാണ്‌?

എല്ലാ പൊതു അധികാരസ്ഥാനങ്ങളും ഒന്നാമത്തെ അപ്പീൽ അധികാരിയെ നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്‌. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെക്കാൾ റാങ്കിൽ സീനിയർ ആയിട്ടുള്ള ഒരാളെയാണ്‌ ഒന്നാമത്തെ അപ്പീൽ അധികാരിയായി നാമനിർദ്ദേശം ചെയ്യേണ്ടത്‌.

7. ഒന്നാമത്തെയും രണ്ടാമത്തെയും അപ്പീൽ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സ്വീകരിക്കാൻ ബാധ്യസ്ഥനാണോ?

നിയമവ്യവസ്ഥയനുസരിച്ച്‌ അസ്റ്റിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപ്പീൽ വാങ്ങി ഒന്നാം അപ്പീൽ അധികാരിക്കും രണ്ടാം അപ്പീൽ അധികാരിയായ ഇൻഫർമേഷൻ കമ്മീഷനും അയച്ചുകൊടുക്കാൻ ബാധ്യസ്ഥനാണ്‌.

8. കുറ്റക്കാരനാകുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ കൈയ്യിൽനിന്നും ഈടാക്കുന്ന പിഴ അതുമായി ബന്ധപ്പെട്ട അപേക്ഷകനു ലഭിക്കുമോ?

ഇല്ല. പിഴയായി പിരിക്കുന്ന തുകയെല്ലാം പൊതുവെ ഖജനാവിലേയ്‌ക്കടക്കും. എന്നാൽ ഈ നിയമത്തിന്റെ 19 (8) (b)വകുപ്പനുസരിച്ച്‌ പരാതിക്കാരന്‌ അനുഭവിക്കേണ്ടിവന്ന കഷ്‌ടനഷ്ടത്തിന്‌ പരിഹാരം നല്‌കാൻ പൊതു അധികാരസ്ഥനോട്‌ നിർദ്ദേശിക്കാൻ ഇൻഫർമേഷൻ കമ്മീഷന്‌ അധികാരം നല്‌കിയിട്ടുണ്ട്‌.

9. നേരിട്ടു സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ കൂട്ടാക്കാതെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഉറച്ചു നിന്നാൽ എന്തുചെയ്യാനാകും?

അതേ അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ ``രജിസ്റ്റേർഡ്‌ അക്‌നോളഡ്‌ജ്‌മെന്റ്‌ ഡ്യൂ പോസ്റ്റായി അയയ്‌ക്കണം. കവറിന്റെ പുറത്ത്‌ വിവരാവകാശനിയമം-2005 അനുസരിച്ചുള്ള അപേക്ഷയാണെന്ന്‌ വ്യക്തമായി എഴുതിയിരിക്കണം. അതും വാങ്ങുന്നില്ലായെങ്കിൽ ഈ വിവരം കാണിച്ച്‌ തെളിവുസഹിതം ഇൻഫർമേഷൻ കമ്മീഷന്‌ പരാതി സമർപ്പിക്കാം. പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്നും കിട്ടിയിട്ടുള്ള രസീതാണ്‌ അപേക്ഷ അയച്ചിരുന്നു എന്നുള്ളതിന്‌ തെളിവ്‌.

10. നിശ്ചിത കോളങ്ങൾ ഉള്ള ഒരു ഫോറത്തിൽ തന്നെ അപേക്ഷ നല്‌കണമെന്ന്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ നിർബന്ധിക്കാനാവുമോ?

ഏതെങ്കിലും പ്രത്യേക രൂപത്തിലുള്ള ഫോറത്തിൽതന്നെ അപേക്ഷ സമർപ്പിക്കണമെന്ന്‌ നിയമത്തിൽ എവിടെയും പറഞ്ഞിട്ടില്ല. 2006-ലെ മധ്യഭാദുരി Vs D D A എന്ന കേസ്സിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ ഇക്കാര്യം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടും ഉണ്ട്‌. എന്നാൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ സൗകര്യാർത്ഥം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കാം. ഇഷ്ടമെങ്കിൽ അപേക്ഷകർക്ക്‌ അതു സ്വീകരിക്കാം.

11. എഴുതാനറിഞ്ഞുകൂടാത്ത നിരക്ഷരനായ ഒരാളിന്‌്‌ എങ്ങനെ അപേക്ഷ സമർപ്പിക്കാനാവും?

എഴുത്തറിയാത്ത ആൾ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെ സമീപിച്ചാൽ അയാൾ വാക്കാൽ പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേട്ട്‌ അതൊരു അപേക്ഷയായി എഴുതുന്നതിന്‌ സഹായം നല്‌കാൻ ഇൻഫർമേഷൻ ഓഫീസർ നിയമമനുസരിച്ച്‌ ബാധ്യസ്ഥനാണ്‌. വിവരം അന്വേഷിച്ചുവരുന്ന ആർക്കും സാധിക്കുന്ന സഹായം നല്‌കാൻ ഇൻഫർമേഷൻ ഓഫീസർ സദാ സന്നദ്ധനായിരിക്കണം എന്നതാണ്‌ നിയമത്തിന്റെ അന്തഃസത്ത.

12. ഒരാൾ ആവശ്യപ്പെടുന്ന വിവരം എന്തിനുവേണ്ടിയാണ്‌ എന്നന്വേഷിക്കാൻ ഇൻഫർമേഷൻ ഓഫീസർക്ക്‌ അധികാരമുണ്ടോ?

നിയമമനുസരിച്ച്‌ അപേക്ഷകൻ വിവരം ആവശ്യപ്പെടുന്നത്‌ എന്തിനുവേണ്ടിയാണെന്ന്‌ ആരോടും വെളിവാക്കേണ്ട കാര്യമില്ല.

13. അപേക്ഷകന്റെ തൊഴിൽ, ശമ്പളം, മറ്റു പദവികൾ, ജാതി, വൈവാഹികപദവി തുടങ്ങിയ വിവരങ്ങൾ നല്‌കണമെന്നുപറയാൻ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ മറ്റാർക്കെങ്കിലുമോ അധികാരമുണ്ടോ?

നിയമത്തിലെ 6 (2) വകുപ്പ്‌ ഇത്തരം വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതിനെ വ്യക്തമായി വിലക്കിയിട്ടുണ്ട്‌. ഇന്ത്യൻ പൗരനാണോ എന്നതിന്റെ തെളിവ്‌ ആവശ്യപ്പെടാനും പാടില്ല. ദാരിദ്ര്യരേഖയ്‌ക്കു താഴെയാണെന്നവകാശപ്പെടുന്നവർ അതു തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്‌ നല്‌കണമെന്ന്‌ ആവശ്യപ്പെടാവുന്നതാണ്‌.

14. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറോ പൊതു അധികാരസ്ഥാനമോ അപേക്ഷ കിട്ടിക്കഴിഞ്ഞതിനുശേഷം വ്യക്തിപരമായ അഭിമുഖസംഭാഷണത്തിനുവേണ്ടി അപേക്ഷകനെ വിളിച്ചുവരുത്താമോ?

അപേക്ഷകനെ അത്തരത്തിൽ ഒരു അഭിമുഖത്തിനു ക്ഷണിക്കുന്നത്‌ നിയമം അനുവദിക്കുന്നില്ല. മാത്രവുമല്ല വിവരം നേരിട്ടു ലഭിക്കാൻ അപേക്ഷകൻ, വരണമെന്ന്‌ പറയാനും ഇൻഫർമേഷൻ ഓഫീസർക്ക്‌ അധികാരമില്ല. എന്നാൽ നേരിട്ടു കാണാൻ സൗകര്യമുണ്ടെങ്കിൽ ഓഫീസുവരെ ചെല്ലണമെന്ന്‌ ഒരു ഇൻഫർമേഷൻ ഓഫീസർ അപേക്ഷിച്ചാൽ, ആ അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുവാനുള്ള പൂർണ അവകാശം അപേക്ഷകനുണ്ട്‌.

15. ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ചുള്ള വിവരം നിയമത്തിന്റെ വകുപ്പ്‌ 7(2) അനുസരിച്ച്‌ 48 മണിക്കൂറിനകം നല്‌കേണ്ടതാണ്‌. അതു സമയത്തിനു ലഭിച്ചില്ലെങ്കിൽ എന്തുചെയ്യാനാകും?

ഇൻഫർമേഷൻ കമ്മീഷനുമുന്നിൽ അടിയന്തിര ഹിയറിംഗ്‌ നടത്താൻവേണ്ടി അപ്പീൽ സമർപ്പിക്കുക. ഇത്തരം കേസ്സുകൾ കമ്മീഷൻ ഉടൻ പരിഗണനയ്‌ക്കെടുക്കും.

16. അപ്പീൽ അധികാരി ആരാണെന്നെങ്ങനെ അറിയും?

നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു മറുപടി തരുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അടുത്ത അപ്പീൽ അധികാരി ആരാണെന്നും അദ്ദേഹത്തിന്റെ മേൽവിലാസം എന്താണെന്നും അറിയിക്കാൻ ബാധ്യസ്ഥനാണ്‌. മാത്രവുമല്ല എത്രദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്നും അതിനെന്തെങ്കിലും പ്രത്യേകരീതിയുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളും അപേക്ഷകനെ അറിയിക്കണം.

17. റിക്കാർഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാൻ അപേക്ഷകർ അർഹരാണോ?

തീർച്ചയായും അർഹരാണ്‌. നിയമത്തിന്റെ വകുപ്പ്‌ 2 (j) (ii) അനുസരിച്ച്‌ റിക്കാർഡുകളുടെയോ രേഖകളുടെയോ ഒക്കെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിക്കാൻ അപേക്ഷകൻ അർഹനാണ്‌.

18. ആദ്യത്തെ അപ്പീൽ അധികാരി അപ്പീലിന്മേൽ തീരുമാനമെടുക്കുന്നതിനുമുൻപ്‌ അപേക്ഷകന്റെ അഭിപ്രായങ്ങൾ നേരിട്ടു കേൾക്കേണ്ടതുണ്ടോ?

നിയമമനുസസിച്ച്‌ ആദ്യത്തെ അപ്പീൽ അധികാരി അപേക്ഷകന്റെ അഭിപ്രായങ്ങൾ നേരിട്ടു വിളിച്ചുവരുത്തി ആരായേണ്ടതില്ല. എന്നാൽ സമാന്യരീതിയുടെ പേരിൽ അപേക്ഷകന്‌ അയാളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു സന്ദർഭം നല്‌കാവുന്നതാണ്‌.

19. പ്രഥമ അപ്പീൽ അധികാരി അപ്പീൽ സ്വീകരിച്ച്‌ 45 ദിവസം കഴിഞ്ഞിട്ടും അപേക്ഷകനെ ഒരു തീരുമാനവും അറിയിച്ചില്ലെങ്കിൽ എന്തുചെയ്യണം?

അപ്പീലിൽ നിശ്ചിത അധികാരി തീരുമാനമെടുത്തിരിക്കുമെന്ന രീതിയിൽ അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഒരു പകർപ്പ്‌ തരാൻ ആവശ്യപ്പെടാം. അതു ലഭിക്കുവാനുള്ള അപേക്ഷകന്റെ അവകാശം നിയമം ഉറപ്പാക്കുന്നുണ്ട്‌. തീരുമാനത്തിന്റെ പകർപ്പ്‌ ആവശ്യപ്പെട്ടതുപോലെ തന്നില്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷനു മുന്നിലേയ്‌ക്ക്‌ രണ്ടാമത്തെ അപ്പീൽ സമർപ്പിക്കാം.

20. രണ്ടാം അപ്പീൽ അപേക്ഷയിന്മേൽ ഇൻഫർമേഷൻ കമ്മിഷൻ എത്ര ദിവസത്തിനകം തീരുമാനം അപേക്ഷകനെ അറിയിക്കണം?

നിർഭാഗ്യവശാൽ രണ്ടാം അപ്പീലിന്മേൽ ഇത്രദിവസത്തിനകം അന്തിമതീരുമാനമെടുത്ത്‌ ഇൻഫർമേഷൻ കമ്മീഷൻ അപേക്ഷകനെ അറിയിക്കണമെന്ന്‌ നിയമത്തിൽ നിർദ്ദേശിച്ചിട്ടില്ല. അതിനാൽ തീരുമാനമറിയുന്നതിനുവേണ്ടി കമ്മീഷനുമായി ബന്ധപ്പെട്ട്‌ അപേക്ഷകൻ തന്റെ അപ്പീലിന്റെ സ്ഥിതിയെപ്പറ്റി മനസ്സിലാക്കിക്കൊണ്ടേയിരിക്കേണ്ടിവരും.

21. അപേക്ഷകന്റെ രണ്ടാം അപ്പീൽ തീർപ്പുകല്‌പിക്കുന്നതിനു മുൻപ്‌ അപേക്ഷകന്റെ വാദം കേൾക്കേണ്ടതുണ്ടോ?

സാധാരണയായി അപ്പീലിനെ സംബന്ധിക്കുന്ന ചട്ടത്തിൽതന്നെ നടപടി ക്രമങ്ങൾ നല്‌കിയിട്ടുണ്ട്‌. എന്തായാലും സാമാന്യനീതിയുടെ അടിസ്ഥാനത്തിൽ അപേക്ഷകന്‌ തന്റെ വാദങ്ങൾ സമർപ്പിക്കാനും അതുപോലെ ബന്ധപ്പെട്ട എല്ലാപേർക്കും അവരവരുടെ വാദമുഖങ്ങൾ അവതരിപ്പിക്കാനും സന്ദർഭം നല്‌കാറുണ്ട്‌. അതും കൂടെ പരിഗണിച്ചുകൊണ്ടുമാത്രമേ അന്തിമ വിധി പുറപ്പെടുവിക്കുകയുള്ളൂ.

22. അപേക്ഷകന്‌ സ്വന്തം വാദഗതി സമർത്ഥമായി അവതരിപ്പിക്കാൻ ആത്മവിശ്വാസമില്ലെങ്കിൽ അതിനുവേണ്ടി മറ്റാരെയെങ്കിലും ചുമതലപ്പെടുത്താമോ?

സ്വന്തം വാദഗതികൾ സമർത്ഥമായി അപ്പീൽ അധികാരിയുടെ മുന്നിൽ അവതരിപ്പിക്കാൻ മറ്റൊരാളുടെ സഹായം തേടാവുന്നതാണ്‌. അപ്പീൽ പരിഗണിക്കുന്ന അവസരത്തിൽ അപേക്ഷകനോ അപേക്ഷകനുവേണ്ടി പ്രതിനിധിയോ സന്നിഹിതനാകണമെന്നു നിർബന്ധമില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ നേരത്തേ ലഭ്യമാക്കിയിരിക്കുന്ന വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അപ്പീലിൽ തീരുമാനമെടുക്കും.

23. രണ്ടാം അപ്പീലിന്മേലുള്ള തീരുമാനത്തിൽ സംതൃപ്‌തനല്ലെങ്കിൽ അപേക്ഷകന്‌ പിന്നീട്‌ അതിനെതിരെ എന്തു നടപടി സ്വീകരിക്കാം?

സാധാരണഗതിയിൽ രണ്ടുതരം നടപടികൾക്കാണ്‌ സാധ്യതയുള്ളത്‌.ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണർ ഈ തീരുമാനം പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ അപേക്ഷിച്ചുകൊണ്ട്‌, ആ അവശ്യം ന്യായീകരിക്കുന്നതിനാവശ്യമായ കാരണങ്ങൾ വിശദമായി എഴുതി സമർപ്പിക്കണം. തീരുമാനത്തിൽ അപേക്ഷകൻ എന്തുകൊണ്ടാണ്‌ സംതൃപ്‌തനല്ലാത്തത്‌ എന്നാണ്‌ വിശദീകരിക്കേണ്ടത്‌.

അതല്ലെങ്കിൽ ആവശ്യമായ നിയമവശത്തിന്റെയടിസ്ഥാനത്തിൽ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ റിട്ടുഫയൽ ചെയ്യാനുള്ള സാധ്യത ആരായേണ്ടതാണ്‌. എന്തായാലും ഒരു സംസ്ഥാനവിവരാവകാശകമ്മീഷന്റെ തീരുമാനത്തിനെതിരെ ഒരപേക്ഷകന്‌ കേന്ദ്രവിവരാവകാശകമ്മീഷന്റെ മുന്നിൽ പരാതിയോ അപ്പീലോ ഒന്നും സമർപ്പിക്കാൻ കഴിയില്ല.

24. ശരിയായ വിവരം നിശ്ചിതസമയത്തു ലഭിക്കാത്തതുകൊണ്ടോ വിവരം നിരസിച്ചതുകൊണ്ടോ ഒരപേക്ഷകന്‌ ഉണ്ടാകുന്ന നഷ്ടത്തിനോ മാനഹാനിക്കോ പരിഹാരം ആവശ്യപ്പെടാമോ?

നിയമത്തിലെ വകുപ്പ്‌ 19 (8) (b) അനുസരിച്ച്‌ ഒരു പരാതിക്കാരന്‌ വിവരം നിഷേധിച്ചതുകൊണ്ടോ സമയത്തിനു നല്‌കാത്തതുകൊണ്ടോ ഉണ്ടാകുന്ന നഷ്ടത്തിനോ ഹാനിയ്‌ക്കോ പരിഹാരം നല്‌കാൻ പൊതുഅധികാരസ്ഥാനത്തോട്‌ ആവശ്യപ്പെടാൻ ഇൻഫർമേഷൻ കമ്മീഷന്‌ അധികാരം നല്‌കിയിട്ടുണ്ട്‌.

25. ഒരു മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ, അയാളുമായി ആലോചിക്കാതെ, നല്‌കാമോ?

തീർച്ചയായും പാടില്ല. നിയമത്തിലെ 11ാം വകുപ്പനുസരിച്ച്‌ ഇൻഫർമേഷൻ ഓഫീസർ ഒരു മൂന്നാം കക്ഷിയുടെ സ്വകാര്യവിവരങ്ങൾക്കുള്ള അപേക്ഷ ലഭിച്ചാലുടൻ തന്നെ, അങ്ങിനെ ഒരാവശ്യമുണ്ടായിരിക്കുന്നു എന്ന വിവരം മൂന്നാംകക്ഷിയെ അറിയിക്കുകയും അതു നല്‌കുന്നതിനെ സംബന്ധിച്ചുള്ള അയാളുടെ അഭിപ്രായം ആരായുകയും വേണം. അതും കൂടെ പരിഗണിച്ചുകൊണ്ടുമാത്രമേ ഇൻഫർമേഷൻ ഓഫീസർ തീരുമാനമെടുക്കാവൂ. ആ തീരുമാനത്തിനെതിരെ അപ്പീൽ നല്‌കുവാനും മൂന്നാം കക്ഷിക്ക്‌ അവകാശമുണ്ടായിരിക്കും.

വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്രസർക്കാരിനു കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാസംഘടനകൾ

 • ഇന്റലിജൻസ്‌ ബ്യൂറോ (Intelligence Bureau)
 • റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിംഗ്‌ (Research and Analysis wing- RAW)
 • റവന്യൂ ഇന്റലിജൻസ്‌ ഡയറക്ടറേറ്റ്‌ (Directorate of Revenue Intelligence)
 • സെൻട്രൽ ഇക്കണോമിക്‌ ഇന്റലിജൻസ്‌ ബ്യൂറോ (Central Economic Intelligence Bureau)
 • എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (Directorate of Enforcement)
 • നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ (Narcotics Control Bureau)
 • ഏവിയേഷൻ റിസർച്ച്‌ സെന്റർ (Aviation Research Centre)
 • സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ്‌ (Special Frontier Force)
 • അതിർത്തി സംരക്ഷണസേന(Border Security Force)
 • സെൻട്രൽ റിസർവ്‌ പോലീസ്‌ ഫോഴ്‌സ്‌ (Central Reserve Police Force)
 • ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്‌ (Indo-Tibetan Border Police)
 • സെൻട്രൽ ഇൻഡസ്‌ട്രിയൻ സെക്യൂരിറ്റി ഫോഴ്‌സ്‌ (Central Industrial Security Force)
 • ദേശീയ സുരക്ഷാഗാർഡുകൾ (National Security Guards)
 • ആസ്സാം റൈഫിൾസ്‌ (Assam Rifles)
 • ശാസ്‌ത്ര സീമാ ബൽ (Sastra Seema Bal)
 • സ്‌പെഷ്യൽ ബ്രാഞ്ച്‌ (സി ഐ ഡി)ആൻഡമാൻ& നിക്കോബർ (Special Branch (CID), Andaman and Nicobar)
 • ക്രൈംബ്രാഞ്ച്‌-സി.ഐ.ഡി-സി.ബി.ദാദ്രാ നഗർ ഹാവേലി. (The Crime Branch-CID-CB, Dadra Nagar Haveli)
 • സ്‌പെഷ്യൽ ബ്രാഞ്ച്‌, ലക്ഷദ്വീപ്‌ പോലീസ്‌ (Special Branch Lakshadweep Police)
 • സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ (Special Protection Group)
 • പ്രതിരോധ ഗവേഷണവികസന സംഘടന (Defence Reserch and Development Organisation)
 • അതിർത്തി റോഡ്‌ വികസനബോർഡ്‌ (Border Road Development Board)
 • ഫിനാൻഷ്യൽ ഇന്റലിജൻസ്‌ യൂണിറ്റ്‌, ഇന്ത്യ (Financial Intelligence Unit, India)


വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത കേരളസർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾ

 • സ്‌പെഷ്യൽ ബ്രാഞ്ച്‌ സിഐഡി (Special Branch CID)
 • ക്രൈംബ്രാഞ്ച്‌ സിഐഡി (Crime Branch CID)
 • ജില്ല/സിറ്റി-ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ. (District Special Branches of all Districts/cities)
 • ജില്ലാ ക്രൈം റിക്കാർഡ്‌സ്‌ ബ്യൂറോ (District Crime Record Bureau)
 • പോലീസ്‌ ടെലികമ്മ്യൂണിക്കേഷൻ വിഭാഗം (Police Telecommunication Unit)
 • കേരളപോലീസ്‌ ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ്‌ ഓഫീസുകളിലെയും കോൺഫിഡൻഷ്യൽ ബ്രാഞ്ചുകളും (Confidential Branch in the Police Head Quarters Kerala and Confidential Sections in all Police Offices in Kerala)
 • സംസ്ഥാന/റീജിയണൽ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറികൾ (State and Regional Forensic Science Laboratories)
 • സംസ്ഥാന/ജില്ലാ ഫിങ്കർപ്രിന്റ്‌ ബ്യൂറോകൾ (State and District Finger Print- Bureau)


വിവരാവകാശ കമ്മിഷനുകളുടെ മേൽവിലാസം

Shri. Wajahat Habibullah

Chief Information Commissioner,

Central Information Commission

Block lV 5th Floor

Old JNU Campus, New Delhi - 110067

Tel. 011 - 26717355 (O)

Email: [email protected]

Website: www.eic.gov.in


Shri. Palat Mohan Das

Kerala State Chief Information Commissioner,

State Information commission

Punnen Road,

Thiruvananthapuram-695039

Tel. 0471-2320920

Fax. 0471-2330920s


National Campaign for People's Right to Information

(N C P R I) (New Delhi)

14, Tower 2, Suprem Enclave,

Mayur Vihar- phase l

Delhi - 100091

Tel. 022-32903776 (Mumbai)

Email: ncpri. [email protected]

ഒരു മാതൃകാ ഫോറം

2005-ലെ വിവരാവകാശനിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കേണ്ട അപേക്ഷ

To

സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ (ഓഫീസിന്റെ/സ്ഥാപനത്തിന്റെ പേരും മേൽവിലാസവും)

1 അപേക്ഷകന്റെ മുഴുവൻ പേര്‌ :

2 മേൽവിലാസം :

3 ആവശ്യപ്പെടുന്ന വിവരത്തിന്റെ വിശദാംശങ്ങൾ :

4 വിവരവുമായി ബന്ധപ്പെടുന്ന വർഷം :

5മറ്റു പ്രസക്തമായ പരാമർശങ്ങൾ :

സ്ഥലം

തിയ്യതി (അപേക്ഷകന്റെ ഒപ്പ്‌)

ഒരു മാതൃകാ അപ്പീൽ

വിവരാവകാശനിയമം 19(1)?ാം വകുപ്പ്‌ പ്രകാരമുള്ള പ്രഥമ അപ്പീൽ

To

അപ്പീൽ അധികാരി (മേൽവിലാസം)

 • ഏതു പബ്ലിക്ക്‌ ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെയാണ്‌ അപ്പീൽ സമർപ്പിക്കുന്നത്‌ ആ PIO യുടെ പേരും വിലാസവും.
 • വിവരം ആവശ്യപ്പെട്ടുകൊണ്ട്‌ സമർപ്പിച്ച അപേക്ഷയുടെ വിശദാംശങ്ങൾ
 • അപ്പീലിൽ ചോദ്യം ചെയ്യുന്ന ഉത്തരവിന്റെ വിശദാംശങ്ങൾ.

പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവുകിട്ടി മുപ്പതു ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷയും ഇതൊടൊപ്പം നല്‌കണം.


സ്ഥലം അപ്പീൽവാദിയുടെ ഒപ്പ്‌ തിയ്യതി പേര്‌:

                                           വിലാസം:
                                           ഫോൺ:


വിവരാവകാശ കമ്മീഷനു സമർപ്പിക്കേണ്ട രണ്ടാം അപ്പീലിനുള്ള മാതൃകാ അപേക്ഷാഫോറം

From

അപ്പീൽവാദിയുടെ പേരും മേൽവിലാസവും

To

സംസ്ഥാന ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണർ,

കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ,

പുന്നൻ റോഡ്‌, തിരുവനന്തപുരം-695039

1 സംസ്ഥാന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ, സംസ്ഥാന അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ വിവരം ആവശ്യപ്പെട്ടുകൊണ്ട്‌ അപേക്ഷ സമർപ്പിച്ച ദിവസം.

2 പ്രഥമ അപ്പീൽ, അധികാരിയുടെ മുന്നിൽ സമർപ്പിച്ച ദിവസം.

3 ആവശ്യപ്പെട്ടിരുന്ന വിവരത്തിന്റെ വിശദാംശങ്ങൾ (അതിന്റെ പ്രകൃതം, വിഭാഗം എന്നിവയും ഏതുവർഷത്തിലുള്ളത്‌ എന്നതും പ്രത്യേകം സൂചിപ്പിക്കണം)

4 വിവരവുമായി ബന്ധപ്പെട്ട വകുപ്പ്‌/ഓഫീസ്‌

5 സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപേക്ഷ എങ്ങനെയാണ്‌ കൈകാര്യം ചെയ്‌തത്‌

6 പ്രഥമ അപ്പീൽ അധികാരി എങ്ങിനെയാണ്‌ അപ്പീൽ കൈകാര്യം ചെയ്‌തു തീർപ്പാക്കിയത്‌ അപ്പീൽ അധികാരിയിൽനിന്നും ലഭിച്ച തീരുമാനത്തിന്റെ പകർപ്പുകൂടെ എടുത്തുവയ്‌ക്കണം.

7 പ്രഥമ അപ്പീൽ അധികാരിയുടെ തീരുമാനം ലഭിച്ച തീയ്യതി.

8 അപ്പീൽ ഫയൽ ചെയ്യേണ്ടിയിരുന്ന അവസാനദിവസം.

9 പ്പീൽ സമർപ്പിക്കുന്നതിനുള്ള ന്യായവാദങ്ങൾ (ചുരുക്കത്തിൽ)

10 അപ്പീൽ തീർപ്പാക്കുന്നതിനു സഹായക മറ്റെന്തെങ്കിലും പ്രസക്തമായ വിവരങ്ങളുണ്ടെങ്കിൽ അവ സൂചിപ്പിക്കണം.


സ്ഥലം അപേക്ഷകന്റെ ഒപ്പ്‌

തിയ്യതി


"https://wiki.kssp.in/index.php?title=വിവരാവകാശം_ജനനന്മയ്ക്ക്&oldid=3693" എന്ന താളിൽനിന്ന് ശേഖരിച്ചത്