ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണജൂബിലിയിലേക്ക്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണജൂബിലിയിലേക്ക് 49-ാം സംസ്ഥാനവാർഷികം സമാപിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജൂബിലി ആഘോഷപരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് 49-ാം സംസ്ഥാനവാർഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേൾസ് ഹൈസ്കൂളിൽ മെയ് 11 മുതൽ 13 വരെ നടന്ന വാർഷികം പ്രശസ്ത പരിസ്ഥിതി പ്രവർത്തക സുനിത നാരായൺ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള 'വേണം മറ്റൊരു കേരളം' ക്യാമ്പയിൻ ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള പഠനം, ബദൽ പ്രവർത്തനം, ക്രിയാത്മക ഇടപെടൽ എന്നിവ കേരളത്തിലെ 136 മേഖലകളിൽ നടക്കും. നെൽക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാർഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനൽകി. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാർഷിക സെമിനാറുകൾ നടത്തും. പഞ്ചായത്തുകളിൽ കാർഷിക കൂട്ടായ്മകൾ, വീട്ടുമുറ്റക്ലാസുകൾ, ബയോഗ്യാസ് പ്ലാന്റ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സി.ബി.എസ്.ഇ.-കേരള സിലബസുകളെ താരതമ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ എജ്യുക്കേഷണൽ റിസർച്ച് യൂണിറ്റ് തയ്യാറാക്കിയ പഠനഗ്രന്ഥം സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ഇതിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വ്യാപകമായ രക്ഷാകർതൃ ബോധവത്കരണപരിപാടികൾ സമ്മേളനം ആസൂത്രണം ചെയ്തു. കേരള ആരോഗ്യമാതൃക സംരക്ഷിക്കുന്നതിനും ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനെതിരെയും പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. മാലിന്യസംസ്‌കരണത്തിന് ബദൽ മാതൃകകൾ പ്രചരിപ്പിക്കും. മദ്യാസക്തിക്കും ജീവിതശൈലീരോഗങ്ങൾക്കും എതിരായ ബോധവത്കരണം നടത്തും. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിസ്ഥിതി ധ്വംസനങ്ങൾക്ക് എതിരായി പഠനവും പ്രതിരോധവും സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളുടെ വിവരണശേഖരണം നടത്തും. പശ്ചിമഘട്ടം, തീരപ്രദേശം സംരംക്ഷണപ്രവർത്തനം കുന്നിടിക്കൽ, വയൽ നികത്തൽ എന്നിവയ്‌ക്കെതിരായ ക്യാമ്പയിൻ എന്നിവ ശക്തമാക്കും. പ്രാദേശികതല പരിസരസേന രൂപീകരിക്കും. സ്ത്രീസൗഹൃദഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കും. കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു; എങ്ങനെ ചിന്തിക്കുന്നു എന്ന പഠനത്തെ അവലംബിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കും. പരിഷത്തിന്റെ സ്ഥാപകരിലൊരാളും പ്രമുഖ സാമൂഹ്യ പരിഷ്‌കർത്താവുമായ പി.ടി. ഭാസ്‌കരപ്പണിക്കർ സ്മാരക പ്രഭാഷണം സമ്മേളനത്തിൽ നടന്നു. ഉത്തരാധുനികതയും കേരള സമൂഹവും എന്ന വിഷയത്തിൽ ഡോ. എം. വി. നാരായണനാണ് പ്രഭാഷണം നിർവഹിച്ചത്. വിദ്യാഭ്യാസ സിലബസുകളുടെ താരതമ്യപഠനം ഡോ. നൈനാൻകോശി പ്രകാശനം ചെയ്തു. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ, കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ സംഘടനാരേഖ അവതരിപ്പിച്ചു. പരിഷത്തിന്റെ പുതിയ ഐ.ടി. സംരംഭമായ 'വിക്കിപരിഷത്ത്' ഡോ. എം.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ, വിഷയസമിതി കൺവീനർമാരായ പി.വി. സന്തോഷ്, ജോജി കൂട്ടുമ്മേൽ, എൻ. ശാന്തകുമാരി, സി.പി. സുരേഷ്ബാബു എന്നിവർ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സി.പി.നാരായണൻ, വി.കെ. ജയ്‌സോമനാഥൻ എന്നിവർ എ.ഐ.പി.എസ്.എൻ, ബി.ജി.വി.എസ്. പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കെ.ടി. രാധാകൃഷ്ണൻ പ്രസിഡന്റ് ടി.കെ. ദേവരാജൻ ജനറൽ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി കെ.ടി. രാധാകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി ടി.കെ. ദേവരാജനെയും തിരുവനന്തപുരത്ത് സമാപിച്ച 49-ാം സംസ്ഥാന വാർഷികം തെരഞ്ഞെടുത്തു. ടി.കെ. മീരാഭായി, ഡോ. എൻ.കെ. ശശിധരൻപിള്ള (വൈസ്പ്രസിഡന്റ്), വി.വി. ശ്രീനിവാസൻ, പി. രാധാകൃഷ്ണൻ, പി.വി. വിനോദ് (സെക്രട്ടറിമാർ), വി.ജി. ഗോപിനാഥ് (ട്രഷറർ) എന്നിവരെയും മാസികാ പത്രാധിപർമാരായി പ്രൊഫ. എം.കെ. പ്രസാദ് (ശാസ്ത്രഗതി), ഡോ. ബാലകൃഷ്ണൻ ചെറൂപ്പ (ശാസ്ത്രകേരളം), പ്രൊഫ. കെ. പാപ്പൂട്ടി (യുറീക്ക) എന്നിവരെയും മാനേജിങ് എഡിറ്റർമാരായി കെ. രാധൻ (യുറീക്ക), ടി.പി. സുകുമാരൻ (ശാസ്ത്രകേരളം), പി.എ. തങ്കച്ചൻ (ശാസ്ത്രഗതി) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി കൺവീനർമാർ: പി.വി. സന്തോഷ് (വിദ്യാഭ്യാസം), ജോജികൂട്ടുമ്മേൽ (പരിസരം), സി.പി. സുരേഷ് ബാബു (ആരോഗ്യം), എൻ. ശാന്തകുമാരി (ജെൻഡർ), ജി. രാജശേഖരൻ (കല-സംസ്‌കാരം), പി. രമേഷ്‌കുമാർ (ബാലവേദി), എ.പി. മുരളീധരൻ (യുവശാസ്ത്രസമിതി), വി. ഹരിലാൽ (ഊർജം), മുഹമ്മദ് അസ്‌ലം (ഐ.ടി.), വി. വിനോദ് (സംഘടനാ വിദ്യാഭ്യാസം), കാവുമ്പായി ബാലകൃഷ്ണൻ (പ്രസിദ്ധീകരണം), ടി.പി. ശ്രീശങ്കർ (വികസനം). വിവിധ സബ്കമ്മിറ്റി ചെയർമാൻമാരായി ഡോ. എം.പി. പരമേശ്വരൻ, ഡോ. കെ.എൻ. ഗണേഷ്, ഡോ. സി.ടി.എസ്. നായർ, ഡോ. ബി. ഇക്ബാൽ, ടി. രാധാമണി, പ്രൊഫ. പി.ആർ. രാഘവൻ, എം.എം. സചീന്ദ്രൻ, ടി.പി. കുഞ്ഞിക്കണ്ണൻ, പി.എസ്. രാജശേഖരൻ, കെ.കെ. കൃഷ്ണകുമാർ എന്നിവരെയും തെരഞ്ഞെടുത്തു. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനും ബാലസാഹിത്യകാരനുമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ടി. രാധാകൃഷ്ണൻ. കോഴിക്കോട് ജില്ലയിലെ പൊയിൽകാവ് സ്വദേശിയായ ഇദ്ദേഹം വിവിധ കാലഘട്ടങ്ങളിൽ കരിക്കുലം കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ടി.കെ. ദേവരാജൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം 'ജ്യോതിഷം ശാസ്ത്രവും വിശ്വാസവും', 'നക്ഷത്രദൂരങ്ങൾ' തേടി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ശാസ്ത്രീയ സമീപനത്തിലൂന്നിയ പുതിയൊരു കേരളത്തിനായി

കേരളത്തെ ശാസ്ത്രബോധത്തിലും ജനാധിപത്യമൂല്യങ്ങളിലും ഊന്നിയ സമൂഹമാക്കി മാറ്റുകയും ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുകയും ആയിരിക്കും സുവർണജൂബിലി ആഘോഷിക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റ അടുത്ത വർഷത്തിലെ പ്രവർത്തനങ്ങളുടെ ഊന്നൽ. നവലിബറൽ പരിഷ്‌കാരങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ്. മതസാമുദായിക ശക്തികൾ ചേർന്ന് മതനിരപേക്ഷതയെ തകർക്കുന്നു. കപടവിശ്വാസങ്ങളുടെ പേരിൽ യുക്തിചിന്തയും ശാസ്ത്രബോധവും മനുഷ്യമനസ്സുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു. എന്തും കമ്പോളവത്കരിക്കുന്ന ഈ സാഹചര്യം സാങ്കേതിക വിദ്യകളെ ദുരുപയോഗിക്കുകയും അതിന്റെ പിറകിലുള്ള ശാസ്ത്രചിന്തയേയും നിരീക്ഷണ പരീക്ഷണ യുക്തിയേയും അവഗണിക്കുകയും ചെയ്യുന്നു. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഈ അവസ്ഥയെ അഭിമുഖീകരിക്കാൻ പരിഷത്ത് പ്രതിജ്ഞാബദ്ധമാണ്. വേണം മറ്റൊരു കേരളം എന്ന ഈ വർഷത്തെ സുപ്രധാനക്യാമ്പയിന്റെ തുടർച്ചയായിട്ടാണ് ഇവ സംഘടിപ്പിക്കുക. ഉത്പാദനമേഖലയുടെ അവഗണന, സേവനരംഗത്തെ വർധിച്ചുവരുന്ന കച്ചവടം, ആത്മീയവ്യവസായം എന്നിവ കൂടിവരുന്നു. ഭൂമിയും പ്രകൃതിവിഭവങ്ങളും ഊഹക്കച്ചവട ഉപാധികളാകുന്നു. മാനവശേഷി കേവല പരിശീലനം നേടിയ കയറ്റുമതി ചരക്കായി മാറിക്കൊണ്ടിരിക്കുന്നു. സമ്പത്തിന്റെ ഉറവിടം അധ്വാനമാണെന്നത് വിസ്മരിക്കപ്പെടുന്നു. ഊഹക്കച്ചവടവും കമ്മീഷനും സൃഷ്ടിക്കുന്ന കുമിളകൾ സമൃദ്ധിയുടെ അടയാളമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിന്റെ ഭവിഷ്യത്തുകളെ പ്രതിരോധിക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാത്രമല്ല സമൂഹം കൂടുതൽ കൂടുതൽ മാഫിയാവത്കരിക്കുകയും രാഷ്ട്രീയകൊലപാതകങ്ങൾ കൂടിവരുകയും ചെയ്യുന്നു. സ്‌ഫോടനാത്മകമായ ഈ സാഹചര്യം സൈ്വരജീവിതത്തിന് ഭീഷണിയാകുന്നു. നിർഭയമായ ജീവിതം ജനങ്ങൾക്ക് അസാധ്യമായിരിക്കുന്നു. ഭൂമിയെയും മനുഷ്യാധ്വാനത്തെയും തദ്ദേശീയമായ വികസനത്തിനുള്ള പ്രധാന ഉത്പാദനഉപാധികളായി കണക്കാക്കി പുതിയൊരു കാർഷിക സംസ്‌കാരം രൂപപ്പെടുത്താനും പരിഷത്ത് ശ്രമിക്കും. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെ ഇതിനായി ഉപയോഗപ്പെടുത്താനുള്ള ജനകീയ ഇടപെടലുകൾ പരിഷത്ത് സംഘടിപ്പിക്കുന്നതാണ്. കൃഷിയെ കേന്ദ്രമാക്കിയുള്ള ഒരു സമഗ്ര വികസനമാണ് പരിഷത്ത് വിഭാവനം ചെയ്യുന്നത്. മാലിന്യങ്ങളെ പ്രാദേശികമായി അതിന്റെ സ്രോതസ്സിൽ തന്നെ സംസ്‌കരിച്ച് കൃഷിക്ക് വളമാക്കി തീർക്കണം. കുടുംബശ്രീ അടക്കം എല്ലാത്തരം മനുഷ്യക്കൂട്ടായ്മകളെയും അധ്വാനക്കൂട്ടായ്മകളാക്കി മാറ്റണം. ഇത്തരം നവീന അധ്വാന കൂട്ടായ്മകളെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളാൽ സമ്പുഷ്ടമാക്കണം. ഇതിനുള്ള സാമ്പത്തിക സഹായം നൽകത്തക്കവിധം കേരളത്തിന്റെ സഹകരണമേഖലയുടെ പ്രവർത്തനങ്ങൾ മുൻഗണന നിർണയിക്കണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അതായിരിക്കണം. ശാസ്ത്രബോധം, യുക്തിചിന്ത, ജനാധിപത്യം, മതേതരത്വം എന്നിവയുടെ വാഹകരായും പ്രചാരകരായും മുഴുവൻ പരിഷത്ത് പ്രവർത്തകരെയും മാറ്റിത്തീർക്കും. അതിനുള്ള സംഘടനാവിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് രൂപം നൽകും. ഇതിനെല്ലാം സഹായകമായ കലാ-സാംസ്‌കാരികമായ ഇടപെടലുകൾ സംഘടിപ്പിക്കും. ശാസ്ത്രസാങ്കേതിക രംഗവും കേരളവികസനവും ബന്ധിപ്പിക്കുന്ന വിശേഷാൽ ചർച്ചകൾ നടത്തും. പരിഷത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ കേരളത്തിൽ ഉടനീളം സംഘടിപ്പിക്കും. സമാപന പരിപാടികൾ 2013-ൽ അതിന്റെ ജന്മനാടായ കോഴിക്കോട് ജില്ലയിൽ നടത്തും.