65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 2003

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ഉള്ളടക്കം

ആമുഖം

മത്സ്യസമ്പത്ത്‌ പ്രകൃതിയുടെ പുനകരണശേഷിയുള്ള ഏറ്റവും അമൂല്യമായ വരദാനമാണ്‌. അവയെ നമ്മുടെ ആവശ്യങ്ങൾക്കായി സന്തുലിതാവസ്ഥ നിലനിർത്തി ചൂഷണം ചെയ്യുന്നതോടൊപ്പം തന്നെ വിഭവസമൃദ്ധിയിൽ യാതൊരു ശോഷണവും കൂടാതെ വരും തലമുറയ്‌ക്ക്‌ കൈമാറാൻ നാം ബാദ്ധ്യസ്ഥരാണ്‌. ചുരുക്കിപ്പറഞ്ഞാൽ നാം മത്സ്യസമ്പത്തിന്റെ ഒരു ``ട്രസ്റ്റി മാത്രമാണ്‌. എന്നിരുന്നാലും കേരളത്തിന്റെ പ്രധാനപ്പെട്ട മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്ക്‌ സമീപ ഭാവിയിൽത്തന്നെ വൻനാശം സംഭവിക്കാവുന്ന ഒരു അവസ്ഥാ-വിശേഷത്തിലേക്ക്‌ നീങ്ങുന്നതായി ഈയിടെ നടത്തിയ ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാണിജ്യപ്രാധാന്യമുള്ള കടലിലെ 70% മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്കും അമിതചൂഷണം നേരിട്ടു കഴിഞ്ഞു. മറ്റുള്ളവ 20% ചൂഷണ പരിധി കൈവരിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളായ പരവ, ഏട്ട, സ്രാവ്‌, തെരണ്ടി തുടങ്ങിയ സമ്പത്തുകൾക്ക്‌ ഗുരുതരമായ ശോഷണം നേരിടുക വഴി ഏതാണ്ട്‌ കേരളത്തിന്റെ തീരത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വികസന സാദ്ധ്യതകളുള്ളതുമായ മത്സ്യമേഖലകളുടെ നിലനില്പിനും അഭിവൃദ്ധിക്കും വേണ്ടി ആസൂത്രിതവും വിവേകപൂർണ്ണവുമായ മത്സ്യവിഭവചൂഷണത്തിനും, അതിലുപരി മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനായി സംരക്ഷണ പരിപാലന മുറകൾ നടപ്പിലാക്കേണ്ടതിനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

മത്സ്യമേഖലയുടെ പ്രാധാന്യം

ഇന്ത്യൻ തീരദേശത്തിന്റെ പത്ത്‌ ശതമാനത്തിൽ താഴെ മാത്രം ദൈർഘ്യമുള്ളതും 590 കിലോമീറ്റർ നീളമുള്ളതുമായ കേരളത്തിന്റെ തീരത്തുനിന്നും രാജ്യത്തിന്റെ 40% വരെ മത്സ്യസമ്പത്ത്‌ ഉല്പാദിപ്പിച്ചിട്ടുണ്ട്‌. ആകെ 39,139 ച. കി. മീറ്റർ വിസ്തൃതിയുള്ള കോണ്ടിനന്റൽ ഫെൽഫിൽ 15993 ച. കി. മി, തീരത്തുനിന്ന്‌ 0.50 മീറ്ററിനകത്തും, 23146 ച. കി. മി, 50 മുതൽ 200 മീറ്ററിനകത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. സംസ്ഥാനത്തിന്റെ 8 ലക്ഷം ടൺ വരുന്ന മത്സ്യോല്പാദന ശേഷിയിൽ 5.7 ലക്ഷം ടൺ 0-50 മീറ്ററിനുള്ളിലും ബാക്കി 2.3 ലക്ഷം ടൺ 50-200 മീറ്ററിൽ നിന്നുമാണെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ 3% മത്സ്യമേഖലയുടെ സംഭാവനയാണ്‌. സമുദ്രോല്‌പന്ന കയറ്റുമതിയിൽ നിന്നും സംസ്ഥാനത്തിന്‌ 1000 കോടി രൂപയിലധികം വിദേശനാണ്യം നേടാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതു ഭാരതത്തിന്റെ സമുദ്രോൽപ്പന്നത്തിൽ നിന്നും കിട്ടുന്ന വിദേശനാണ്യത്തിന്റെ 20% ആണ്. കൂടാതെ സംസ്ഥാനത്തിന്റെ വിദേശ നാണ്യത്തിന്റെ 70 ശതമാനം മത്സ്യമേഖലയുടെ സംഭാവനയാണെന്നുള്ളതാണ്‌ മറ്റൊരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനത്തെ ജനങ്ങളുടെ മാംസ്യാഹാരത്തിന്റെ 70% മത്സ്യത്തിൽ നിന്നാണ്‌ ലഭിക്കുന്നത്‌. കൂടാതെ ശരാശരി മത്സ്യ ഉപയോഗം കേരളത്തിൽ വാർഷികാടിസ്ഥാനത്തിൽ ആളൊന്നിനു 16 കിലോഗ്രാമാണ്‌. ഇത്‌ ദേശീയ മത്സ്യ ഉപയോഗത്തിന്റെ നാലിരട്ടിയാണ്‌. മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷം വരുന്ന ജനതയിൽ രണ്ടു ലക്ഷത്തോളം ആളുകൾ സമുദ്ര മത്സ്യബന്ധനത്തിൽ സ്ഥിരമായി ഏർപ്പെട്ടിരിക്കുന്നു. കൂടാതെ മത്സ്യ അനുബന്ധ മേഖലകളായ മത്സ്യസംസ്‌കരണം, വില്‌പ്പന എന്നിവയിൽ രണ്ടുലക്ഷം തൊഴിലാളികൾക്കും തൊഴിൽ നൽകി വരുന്നു. ആകെ 15 ലക്ഷത്തോളം പേർക്ക്‌ പരോക്ഷമായും പ്രത്യക്ഷമായും ഈ മേഖലയിൽ തൊഴിൽ നൽകുന്നുണ്ട്‌ എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.

I ഏകീകൃത സമ്പൂർണ്ണ മൺസൂൺകാല കടൽ മത്സ്യബന്ധന നിരോധനം ഭാരതത്തിന്റെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ എന്ന ആശയം. 1997 ജൂലൈ 28-‌ാം തിയ്യതി തിരുവനന്തപുരത്ത്‌ വച്ചുകൂടിയ സതേൺ സോണൽ ഫിഷറീസ്‌ കൗൺസിലിന്റെ 22-ാമത്‌ യോഗത്തിൽ കേരളത്തിലെപ്പോലെ മൺസൂൺ കാലത്ത്‌ യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മറ്റു സംസ്ഥാനങ്ങളിലും നിരോധിക്കണമെന്ന്‌ ഒരു നിർദ്ദേശം ഉയർന്നു വരികയുണ്ടായി. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന്‌ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളുടെ ഒരു യോഗം 1998 സെപ്‌റ്റംബറിൽ (9/9/98) മംഗലാപുരത്ത്‌ വച്ചു കേന്ദ്ര മന്ത്രാലയത്തിലെ ഫിഷറീസ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടുകയും താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയുമുണ്ടായി.

1. കേരളം, കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ (65 ദിവസം) യന്ത്രവൽകൃത മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുക.

2. ഈ നിരോധനം എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കും ഒരുപോലെ ബാധകമാണ്‌. ഏതുതരം വല ഉപയോഗിക്കുന്നു എന്നത്‌ കണക്കിലെടുക്കേണ്ടതില്ല. പരമ്പരാഗത മേഖലയിൽ മോട്ടോർ വൽകൃത വള്ളങ്ങൾ ഉൾപ്പെടെയുള്ള ചിലതരം മത്സ്യബന്ധന യൂണിറ്റുകൾ ഉപയോഗിക്കുന്ന റിംഗ്‌ സീൻ തുടങ്ങിയ വിനാശകരമായ മത്സ്യബന്ധന രീതികൾ മൺസൂൺ കാലത്ത്‌ നിരോധിക്കുന്നത്‌ സംബന്ധിച്ചു തീരുമാനങ്ങൾ അതാത്‌ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളേണ്ടതാണ്‌.

3. കേന്ദ്രസർക്കാരിന്റെ കൃഷിമന്ത്രാലയം ജൂൺ 10 മുതൽ ആഗസ്‌റ്റ്‌ 15 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ കടലിന്റെ EEZ-ൽ മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടണം.

4. എല്ലാ സംസ്ഥാനങ്ങളും മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു പൊതുനിരോധനം ഒരു തുടക്കമെന്ന നിലയിൽ അടുത്ത 5 വർഷത്തേയ്‌ക്ക്‌ നടപ്പിലാക്കണം. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം 5 വർഷങ്ങൾക്കു ശേഷമുള്ള നടപടികൾ സ്വീകരിക്കേണ്ടത്‌.

കേരളസർക്കാർ വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമ്പൂർണ്ണ മൺസൂൺകാല മത്സ്യബന്ധന നിരോധനം മേൽവിവരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്‌ മനസ്സിലാക്കാം. 1998 ലെ തീരുമാനങ്ങൾ പരിശോധിച്ചാൽ ഏകീകൃത സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്കു മാത്രമെ അനുശാസിക്കുന്നുള്ളൂ. നേരെ മറിച്ചു പരമ്പരാഗത മേഖലയിലെ മോട്ടോർ ഘടിപ്പിച്ചവ ഉൾപ്പടെയുള്ള വള്ളങ്ങളുടെ മത്സ്യബന്ധന നിരോധനത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌ അതാതു സംസ്ഥാന സർക്കാർ ആണ്‌. ഈ സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഉത്തരവിന്റെ മറവിൽ പരമ്പരാഗത മേഖലയുൾപ്പെടെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം എന്ന ആശയത്തിന്‌ രൂപംകൊടുത്ത്‌, പൂർണ്ണമായി നിരോധനം കൊണ്ടുവരാനുള്ള കേരളസർക്കാരിന്റെ ശ്രമം ന്യായീകരിക്കാൻ സാധ്യമല്ല. നേരെമറിച്ചു പരമ്പരാഗത മേഖലയിൽ ഉപയോഗിക്കുന്ന മത്സ്യബന്ധന രീതി, മൺസൂൺകാലത്ത്‌ ചൂഷണം ചെയ്യുന്ന മത്സ്യങ്ങളുടെ ഇനവും തൂക്കവും, ഈ മേഖലയിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമ്പദ്‌ഘടനയിൽ മൺസൂൺകാല മത്സ്യബന്ധനത്തിന്റെ സ്വാധീനം, മൺസൂൺകാലങ്ങളിൽ തീരദേശ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം എന്നീ വസ്‌തുതകൾ സൂക്ഷ്‌മമായി പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും ചെയ്‌തതിനു ശേഷമായിരിക്കണം പരമ്പരാഗത മേഖലയെ സമ്പൂർണ്ണ മത്സ്യബന്ധന നിരോധനത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനെപ്പറ്റി തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്‌. കേന്ദ്രസർക്കാർ വിഭാവനം ചെയ്‌തത്‌ യന്ത്രവൽകൃത ബോട്ടുകൾക്കുള്ള ഏകീകൃത നിരോധനം മാത്രമാണ്‌ എന്നുള്ളതു പ്രത്യേകം ശ്രദ്ധേയമാണ്‌. അതു സമ്പൂർണ്ണ മത്സ്യബന്ധന നിരോധനമാക്കാനുള്ള കേരള സർക്കാരിന്റെ ശ്രമം മത്സ്യസംരക്ഷണ പരിപാലനമുറകളിലെ ശാസ്‌ത്രീയ അടിത്തറക്ക്‌ വിരുദ്ധമാണ്‌.

ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ഏകീകൃതമായി യന്ത്രവൽകൃത മത്സ്യബന്ധന നിരോധനം മത്സ്യപരിപാലനത്തിന്‌ യോജിച്ച ശാസ്‌ത്രീയ സമീപനമാണോ?

ഇന്ത്യയുടെ പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ ജൂൺ 10 മുതൽ ആഗസ്റ്റ്‌ 15 വരെ വിഭാവനം ചെയ്‌തിരിക്കുന്ന ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി കേരളം, കർണ്ണാടകം, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണപരിപാലനം ഉറപ്പുവരുത്താൻ സാധിക്കുമോ എന്നു വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. മത്സ്യബന്ധന നിരോധനം പരിപൂർണ്ണമായി നടപ്പിലാക്കാൻ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ്‌ ഈ തീരുമാനമെന്നുള്ളതിൽ തർക്കമില്ല. നിലവിൽ നടപ്പിലാക്കി വരുന്ന ബോട്ടം ട്രോളിംഗ്‌ ഏകീകൃതമല്ലാത്തതു കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും ബോട്ടുകൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വന്നു മത്സ്യബന്ധനം നടത്തുന്നുണ്ട്‌. തന്മൂലം മൺസൂൺകാല ബോട്ടം ട്രോളിംഗ്‌ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതു ഒരു പ്രധാനപ്പെട്ട വസ്‌തുതയാണ്‌. എന്നിരുന്നാലും യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധന നിരോധനത്തിന്‌ ആധാരമായ ശാസ്‌ത്രീയ അടിത്തറകൾ ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കുകവഴി എത്രമാത്രം സാക്ഷാത്‌കരിക്കുന്നുവെന്ന്‌ പരിശോധിക്കേണ്ടതാണ്‌. മത്സ്യബന്ധന നിരോധനത്തിന്റെ ശാസ്‌ത്രീയ വശങ്ങൾ താഴെപ്പറയുന്നവയാണ്‌.

1. ഓരോ സംസ്ഥാനത്തും നിലവിലുള്ള കാലവർഷം (ഇടവപ്പാതി) മത്സ്യോല്‌പാദനത്തിൽ ഒരു നിർണ്ണായക പങ്കു വഹിക്കുന്നു. മത്സ്യ/ചെമ്മീൻ ഇനങ്ങളുടെ പ്രധാന ആഹാരസാധനങ്ങളായ സസ്യപ്ലവകങ്ങളുടേയും ജന്തുപ്ലവകങ്ങളുടേയും ഉല്‌പാദനം വർദ്ധിക്കുകവഴി തീരപ്രദേശങ്ങൾ മത്സ്യസമ്പത്തിന്റെ ഏറ്റവും യോജിച്ച ആവാസകേന്ദ്രങ്ങളായി മാറുന്നതുമൂലം മത്സ്യഇനങ്ങളുടെ പെറ്റുപെരുകലിന്‌ യോജിച്ച ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഈ സമയത്ത്‌ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന മത്സ്യബന്ധന രീതികൾ ഒഴിവാക്കേണ്ടതുണ്ട്‌.

2. തള്ളമത്സ്യ/ചെമ്മീനുകളുടെ ചൂഷണം തടയാൻ

3. മുട്ട വിരിയാനുള്ള ഒരു അനുകൂല അവസ്ഥാവിശേഷം ഉണ്ടാക്കുവാൻ

4. പ്രജനന മേഖലകൾ സംരക്ഷിക്കുവാൻ

5. മുട്ടകളുടെയും കുഞ്ഞുങ്ങളുടേയും നശീകരണം തടയാൻ

6. പ്രായപൂർത്തിയാകുന്നതിനു മുൻപു മത്സ്യസമ്പത്ത്‌ ചൂഷണ വിധേയമാക്കാതിരിക്കാൻ.

മേൽപ്പറഞ്ഞ ഉദ്ദേശത്തോടെ നടപ്പിലാക്കാൻ പോകുന്ന ഏകീകൃത പൂർണ്ണ മത്സ്യബന്ധന നിരോധനം പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന്‌ എത്രമാത്രം പ്രയോജനം ചെയ്യുമെന്ന്‌ പരിശോധിക്കാം.

1. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഇടവപ്പാതി എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയത്ത്‌ ആരംഭിക്കുന്നില്ല. മെയ്‌ മാസാവസാനത്തോടെ കേരളത്തിലെത്തുന്ന കാലവർഷം ഗുജറാത്തിലെത്താൻ കുറഞ്ഞതു ഒരു മാസസമയം വേണ്ടിവരുന്നത്‌ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്‌.

2. ഭൂമിശാസ്‌ത്രം, തീരക്കടലിന്റെ സവിശേഷതകൾ മത്സ്യസമ്പത്തിന്റെ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളെ തെക്കുപടിഞ്ഞാറ്, വടക്ക്‌ പടിഞ്ഞാറ്‌ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്‌. തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളായ കേരളം, കർണ്ണാടക, ഗോവ എന്നിവയുടെ മത്സ്യസമ്പത്ത്‌ പലതുകൊണ്ടും സവിശേഷതകൾ നിറഞ്ഞതാണ്‌. ഈ പ്രദേശം മത്സ്യോല്‌പാദനത്തിൽ മറ്റു തീരദേശത്തേക്കാൾ വളരെ മുൻപന്തിയിലാണെന്നതിനു പുറമെ ഉല്‌പാദിപ്പിക്കുന്ന മത്സ്യസമ്പത്തിന്റെ 55-60% വരെ സമുദ്രത്തിന്റെ ഉപരിതലത്തിൽ കാണുന്ന മത്സ്യങ്ങളായ നെയ്‌ചാള, അയില, നെത്തോലി, കരിച്ചാള, ചൂര, കൂന്തൽ എന്നിവയുടെ സംഭാവനയാണ്‌. കൂടാതെ രാജ്യത്തിന്റെ ചെമ്മീൻ ഉല്‌പാദനത്തിന്റെ 50% ത്തിലേറെ ഈ പ്രദേശത്തിന്റെ വിഹിതമാണ്‌. അതിനെല്ലാമുപരി, പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസമായ `ചാകര' കൊല്ലം മുതൽ കണ്ണൂർ വരെയുള്ള തീരക്കടൽ ഭാഗത്തു മാത്രം കാണുന്നു. ഇതു വർഷക്കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഒരു ആശ്രയകേന്ദ്രവും അത്താണിയുമാണ്‌. കൂടാതെ ഇടവപ്പാതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ 41 നദികൾ കടലിലേക്ക്‌ കൊണ്ടുവന്ന്‌ നിക്ഷേപിക്കുന്ന ജൈവവസ്‌തുക്കൾ തീരപ്രദേശത്ത്‌ ജൈവസംശ്ലേഷണം വർദ്ധിക്കുവാൻ സഹായിക്കുകവഴി ഇവിടെ മത്സ്യസമ്പത്തിനാവശ്യമായ എല്ലാവിധ ആഹാരപദാർത്ഥങ്ങളുടെയും ഉല്‌പാദനം വർദ്ധിക്കുന്നു. ഈ സമയത്ത്‌ ഇവിടത്തെ താപനിലയും കുറവായതിനാൽ പുറംകടലിൽനിന്നും ഒട്ടനവധി ഉപരിതല മത്സ്യങ്ങളായ നെയ്‌ചാള, നെയ്‌മീൻ, അയില, കരിക്കാടി, തുടങ്ങിയവ പറ്റംപറ്റമായി എത്തിച്ചേരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവയെ ലക്ഷ്യമാക്കി മത്സ്യബന്ധനം നടത്തുകവഴി അവരുടെ സാമ്പത്തിക നിലയിൽ ഭദ്രത വരുത്തുവാൻ ഏറെ സഹായകമാകുന്നു. കൂടാതെ കാലവർഷത്തിന്റെ തുടക്കത്തോടെ തീരക്കടലിലേക്കു വരുന്ന മേല്‌പ്പറഞ്ഞ മത്സ്യഇനങ്ങളെ പിടിച്ചെടുക്കാതിരുന്നാൽ ഇവ മത്സ്യസമ്പത്തിന്‌ നഷ്‌ടപ്പെടുമെന്നും ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ തീരസംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നിവടങ്ങളിലെ മത്സ്യബന്ധനം തെക്കുപടിഞ്ഞാറൻ തീരസംസ്ഥാനങ്ങളിലെ മത്സ്യസമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും വ്യത്യസ്ഥമാണ്‌. ഈ സംസ്ഥാനങ്ങളിൽ സമുദ്രത്തിന്റെ അധോതലത്തിൽ കാണുന്ന ഇനങ്ങളായ ബോബെഡക്ക്‌, കോര, കുട്ടൻ, ത്രെഡ്‌ ഫിൻ, സ്രാവ്, തെരണ്ടി, അസറ്റഡ്‌ ഇനത്തിലുള്ള ചെമ്മീനുകൾ എന്നിവയുടെ ഉല്‌പാദനത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത്‌ ഈ സമയത്താണ്. ഇവയുടെ ജീവിതചക്രം, പ്രജനന സമയം, വളർച്ച, ആഹാരരീതി തുടങ്ങിയവ തികച്ചും വ്യത്യസ്‌തമാണ്‌.

താഴെപ്പറയുന്ന ശാസ്‌ത്രീയ വശങ്ങളുടെ പശ്ചാത്തലത്തിൽ ഏകീകൃത മത്സ്യബന്ധന നിരോധനം പുനഃപരിശോധിക്കേണ്ടതാണ്‌.

1. ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കാലവർഷത്തിന്റെ തുടക്കവും, അത്‌ മത്സ്യസമ്പത്തിന്റെ പുനർജീകരണത്തിനും എത്രമാത്രം സഹായകമാകുന്നുവെന്നു മനസ്സിലാക്കി മത്സ്യബന്ധന നിരോധനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.

2. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യ പ്രധാനമായ മത്സ്യഇനങ്ങൾക്ക് അവയുടെ പ്രജനന സമയം, പ്രജനന മേഖലകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന നിരോധനം ക്രമീകരിക്കണം.

3. ഓരോ സംസ്ഥാനങ്ങളിലേയും വാണിജ്യപ്രധാനമായ മത്സ്യഇനങ്ങളുടെ ജീവിതചരിത്രം, വളർച്ചാനിരക്ക്‌, മുട്ടയുടെ പ്രത്യേകതകൾ, മുട്ട വിരിഞ്ഞ് ലാവദിശകൾ താണ്ടി വീണ്ടും മത്സ്യസമ്പത്തിന്റെ ഭാഗമാക്കുവാൻ വേണ്ട സമയം എന്നീ ശാസ്‌ത്രീയ രേഖകളെ അടിസ്ഥാനമാക്കി മത്സ്യബന്ധന നിരോധനത്തിന്റെ ദൈർഘ്യവും, സമയവും ക്രമീകരിക്കണം.

കേരളത്തിന്റെ കടൽ മത്സ്യോല്‌പാദന രീതിയെക്കുറിച്ച്‌ ഒരു വിശകലനം

കഴിഞ്ഞ അരനൂറ്റാണ്ടിലെ (1950-2000) കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ കടൽ മത്സ്യോല്‌പാദനം 1 ലക്ഷത്തിൽ നിന്ന്‌ 6.6 ലക്ഷം വരെ ഉയർന്നതായി കാണാവുന്നതാണ്‌. 1950-60 ൽ ശരാശരി ഉല്‌പാദനം 1.9 ലക്ഷം ടൺ ആയിരുന്നത്‌ 1961-70 ൽ 3.0 ലക്ഷമായും 1971-80 ൽ 3.7 ലക്ഷം ടൺ ആയും വർദ്ധിച്ചു. 1981-90, 1991-2000 കാലയളവുകളിൽ ഇത്‌ യഥാക്രമം 4.2, 5.8 ലക്ഷം ടൺ ആയി വർദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്‌. കടൽമത്സ്യ സമ്പത്തിനെ മുഖ്യമായും രണ്ടായി തരം തിരിക്കാം. സമുദ്രത്തിന്റെ ഉപരിതലത്തിൽ കാണുന്ന മത്സ്യസമ്പത്തുക്കളായ ചാള, കരിചാള, നെത്തോലി, വറ്റ, അയില, കൂന്തൽ, പാമ്പാട, ചൂര മുതലായവയും കടലിന്റെ അധോതലത്തിൽ വസിക്കുന്ന സമ്പത്തുക്കളായ ചെമ്മീൻ, ഏട്ട, പെർച്ചു മത്സ്യങ്ങൾ, കോര, കുട്ടൻ, അരണമത്സ്യങ്ങൾ, സ്രാവ്, തെരണ്ടി, ഫ്‌ളാറ്റ്‌ മത്സ്യം, ഞണ്ട, പരവ, മുള്ളൻ തുടങ്ങിയവയും. മൊത്തം ഉല്‌പാദനത്തിന്റെ 55-70 ശതമാനം വരെ ഉപരിതല മത്സ്യങ്ങളുടെ സംഭാവനയാകുമ്പോൾ അധോതല മത്സ്യങ്ങൾ 30-40% വരെ മാത്രമെ ഉല്‌പാദനത്തിൽ പങ്കുവഹിക്കുന്നുള്ളൂ.

ഉപരിതല മത്സ്യസമ്പത്ത് (പിലാജിക് റിസോഴ്സസ്)

കഴിഞ്ഞ 50 വർഷക്കാലയളവിൽ ഉപരിതല മത്സ്യസമ്പത്തിന്റെ ഉല്‌പാദനം 74,500 ടണ്ണിൽ നിന്നും (1955) 4.4 ലക്ഷം ടൺ (1989) വരെ വർദ്ധിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഉല്‌പാദിപ്പിക്കുന്ന മത്സ്യസമ്പത്തിൽ രേഖപ്പെടുത്തിയ ഏറ്റക്കുറച്ചിലുകൾ മുഖ്യമായും ഉപരിതല മത്സ്യസമ്പത്തിലാണെന്നുള്ള വസ്‌തുത പ്രത്യേകം ശ്രദ്ധേയമാണ്‌. പിലാജിക്‌ റിസോർസിന്റെ ഉല്‌പാദനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വർദ്ധനവ്‌, മത്സ്യബന്ധന മേഖലയിൽ കാലാകാലങ്ങളിൽ പുതുതായി കൊണ്ടുവന്ന മത്സ്യബന്ധന വലകളുമായും വല നിർമ്മിക്കുവാൻ ഉപയോഗിച്ച വസ്‌തുക്കളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌ 1955-ൽ കൊണ്ടു വന്ന നൈലോൺ വലകൾ 1960-70 കളിൽ പിലാജിക മത്സ്യസമ്പത്തിന്റെ പ്രത്യേകിച്ചും ചാളമത്സ്യത്തിന്റെ വൻവർദ്ധനവിന്‌ കാരണമാക്കി. 1970-ൽ കൊണ്ടു വന്ന പഴസ്‌ സീൻ വലകൾ ഉപരിതല മത്സ്യങ്ങളായ ചാള, അയില എന്നിവയുടെ ഉല്‌പാദനം കൂട്ടാൻ സഹായകമായി. 1980-ലെ മോട്ടോറൈസേഷനും 1985-ലെ റിംഗ്‌ വലകളുടെ പ്രവേശനവും പിലാജിക്‌ റിസോർസിന്റെ 1985-2000 കാലയളവിലെ വർദ്ധനവിന്റെ മുഖ്യകാരണമാണ്‌. സമീപഭാവിയിൽ മത്സ്യമേഖലയിൽ പ്രത്യക്ഷപ്പെട്ട ഇൻബോർഡു ഘടിപ്പിച്ച വള്ളങ്ങൾ റിംങ്ങ്‌ വലകൾ പ്രവർത്തിപ്പിക്കുക വഴി, 2000-02 വർഷങ്ങളിൽ ഉപരിതല മത്സ്യോല്‌പാദനം ഗണ്യമായി കൂടുകയുണ്ടായി.

ഉപരിതല മത്സ്യസമ്പത്തിൽ പ്രധാനപ്പെട്ടവ നെയ്‌ചാള, കരിചാളകൾ, നെത്തോലി, പാമ്പാട, വറ്റമത്സ്യങ്ങൾ, നെയ്‌മീൻ, ചൂര മുതലായവയാണെന്ന്‌ നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഇവയിൽ നെയ്‌ചാളയുടെ ദേശീയ ഉല്‌പാദനത്തിൽ 90% വരെ കേരളത്തിൽ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിന്റെ ഉപരിതല മത്സ്യത്തിന്റെ ഉല്‌പാദനത്തിൽ നെയ്‌ചാളയുടെ പങ്ക്‌ 50-85% വരെയാണ്‌. മൺസൂൺ കാലത്ത്‌ നെയ്‌ചാളയുടെ ഉല്‌പാദനം വാർഷികാടിസ്ഥാനത്തിലുള്ള ഉല്‌പാദനത്തിന്റെ 10-22% വരെയാണ്‌. കഴിഞ്ഞ അഞ്ചു ദശാബ്‌ദകാലത്ത്‌ നെയ്‌ചാളയുടെ പ്രതിവർഷ ഉല്‌പാദനം 1,554 ടൺ മുതൽ (1994) 2,41,000 ടൺ (2000) വരെയാണ്‌. കഴിഞ്ഞ ദശാബ്‌ദക്കാലത്തെ പ്രതിവർഷ ശരാശരി 1.75 ലക്ഷം ടണ്ണാണ്‌. 1987-2000 കാലയളവിൽ നെയ്‌ചാളയുടെ 51-90% വരെ ഉല്‌പാദനം റിംഗ്‌ വലകളിൽ നിന്നുമാണ്‌. 1960-2000 കാലയളവിൽ അയിലയുടെ ഉല്‌പാദനം 3500 ടൺ (1968) മുതൽ 1,28,400 ടൺ (1996) വരെയാണ്‌. കഴിഞ്ഞ ഒരു ദശാബ്‌ദകാലത്ത്‌ ശരാശരി വാർഷിക ഉല്‌പാദനം 55,000 ടണ്ണാണ്‌. കഴിഞ്ഞ 10 വർഷകാലത്ത്‌ മൺസൂൺ മാസങ്ങളിൽ ഇതിന്റെ ശരാശരി ഉല്‌പാദനം ഏകദേശം 15,000 ടണ്ണാണ്‌. ഉല്‌പാദനത്തിന്റെ 30-63% വരെ റിംഗ്‌ സീനുകളിൽ നിന്നാണ്‌ രേഖപ്പെടുത്തിയത്‌. നെത്തോലിയുടെ ഉല്‌പാദനം 6100 മുതൽ 55,000 ടൺ വരെയാണ്‌. കഴിഞ്ഞ ദശാബ്‌ദകാലത്ത്‌ ശരാശരി വാർഷിക ഉല്‌പാദനം 40,000 ടണ്ണാണ്‌. മൺസൂൺ സമയത്തെ ശരാശരി ഉല്‌പാദനം 13,000 ടണ്ണാണ്‌. 47 മുതൽ 77% വരെ റിംഗ്‌ സീനുകളുടെ സംഭാവനയാണ്‌. മറ്റു ചാളവർക്ഷങ്ങളുടെ ഉല്‌പാദനം 2400 മുതൽ 62,000 ടൺ വരെയാണ്‌. കഴിഞ്ഞ 10 വർഷക്കാലം ശരാശരി വാർഷിക ഉല്‌പാദനം 30,000 ടണ്ണാണ്‌. 20-56 ശതമാനം വരെ റിംഗ്‌ വലകളുടെ സംഭാവനയാണ്‌. വറ്റമത്സ്യങ്ങളുടെ ഉല്‌പാദനത്തിൽ കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലത്ത്‌ വൻവർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്‌. 1960 മുതലുള്ള ഉല്‌പാദനം പരിശോധിച്ചാൽ 1500 ടൺ മുതൽ 1,02,108 ടൺ വരെ ഇവയുടെ ഉല്‌പാദനത്തിൽ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ ദശാബ്‌ദത്തിൽ ശരാശരി 70,000 ടൺ വാർഷികാടിസ്ഥാനത്തിൽ ഉല്‌പാദിപ്പിച്ചുവരുന്നു. 20 മുതൽ 66% വരെ റിംഗ്‌ വലകൾ ഉല്‌പാദിപ്പിക്കുന്നു. 1960-2000 കാലത്ത്‌ ചൂരയുടെ ഉല്‌പാദനം 700 മുതൽ 32,000 ടൺ വരെയാണ്‌. കഴിഞ്ഞ 10 വർഷക്കാലം ഇവയുടെ ശരാശരി ഉല്‌പാദനം 20,000 ടണ്ണാണ്‌. ഉല്‌പാദനത്തിൽ ഔട്ട്‌ബോഡ്‌ ഘടിപ്പിച്ച ഗിൽനെറ്റുകൾ 35-50% വരെയും ചൂണ്ടയിൽ നിന്നും 21-42% വരെയുമാണ്‌.

അധോതല മത്സ്യസമ്പത്ത്‌ (ഡിമേഴ്‌സൽ റിസോഴ്‌സസ്‌)

1950-2000 കാലയളവിൽ അധോതല മത്സ്യസമ്പത്തിന്റെ ഉല്‌പാദനം 23,000 മുതൽ 2.8 ലക്ഷം ടൺ വരെയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മുഖ്യമായവ പെർച്ചു മത്സ്യങ്ങൾ, കോര, ഏട്ട, പല്ലിമീൻ, സ്രാവ്‌, തെരണ്ടി, മാന്തൽ, പരവ, മുള്ളൻ, ചെമ്മീൻ, കണവ, കൂന്തൽ എന്നിവയാണ്‌. ഏട്ട മത്സ്യങ്ങളുടെ കൂടിയ ഉല്‌പാദനം 1970-76 വർഷങ്ങളിലായിരുന്നു (16,000 ടൺ). അതിനുശേഷം ഏട്ടമത്സ്യത്തിന്റെ ഉല്‌പാദനത്തിൽ ക്ഷയം രേഖപ്പെടുത്തി. കഴിഞ്ഞ ദശാബ്‌ദം വെറും 300 ടണ്ണാണ്‌ ഇതിന്റെ ശരാശരി ഉല്‌പാദനം. പെർച്ചു മത്സ്യങ്ങളുടെ ഉല്‌പാദനം 791 മുതൽ 80,000 ടൺ വരെയാണ്‌. 90% വരെ ട്രാൾനെറ്റിൽ നിന്നാണ്‌. മൺസൂൺ കാല ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം ഇവയുടെ ഉല്‌പാദനത്തിൽ 300% വർദ്ധനവ്‌ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന ഉല്‌പാദന നിരക്ക്‌ കഴിഞ്ഞുള്ള മൺസൂൺ മാസങ്ങളിലാണ്‌. സംസ്ഥാനത്തിന്റെ ചെമ്മീൻ ഉല്‌പാദനം കഴിഞ്ഞ 50 വർഷങ്ങളിൽ 12,000 മുതൽ 85,000 ടൺ വരെയാണ്‌. 70-80% വരെ ട്രോൾ വലകളിൽ നിന്നുമാണ്‌. ട്രോളിംഗ്‌ നിരോധനത്തിനുശേഷം 60% വർദ്ധനവ്‌ നേടിയിട്ടുണ്ട്‌. മൺസൂൺ സമയത്തുള്ള ശരാശരി ഉല്‌പാദനം ഏകദേശം 20,000 ടണ്ണാണ്‌. കണവ-കൂന്തൽ വർഗങ്ങൾ ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം 400% വർദ്ധനവ്‌ കൈവരിച്ചു. 17 ടൺ മുതൽ 44,000 ടൺ വരെയാണ്‌ ഇവയുടെ ഉല്‌പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ. കഴിഞ്ഞ ദശാബ്‌ദക്കാലത്ത്‌ ശരാശരി വാർഷിക ഉല്‌പാദനം 35,000 ടണ്ണാണ്‌. ട്രോൾ വലകൾ 87-97% ഉല്‌പാദനം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും കൂടുതൽ ഉല്‌പാദന സമയം സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ്‌. സ്രാവ്‌, തിരണ്ടി ഇവയുടെ ഉല്‌പാദനം 3500-11,000 ടൺ ആണ്‌. കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലത്ത്‌ ഇവയുടെ ഗണ്യമായ ശോഷണം പ്രത്യേകം ശ്രദ്ധേയമാണ്‌.

നിലവിലുള്ള മത്സ്യസംരക്ഷണ പരിപാലന രീതികൾ

ബാലകൃഷ്‌ണൻ നായർ കമ്മിറ്റി-1 ന്റെ ശുപാർശപ്രകാരം 1988 മുതൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധനം കേരളത്തിൽ 21 ദിവസം മുതൽ 70 ദിവസം വരെ നീണ്ടുനിൽക്കുന്ന കാലാവധിയിൽ നടപ്പിലാക്കിവരുന്നു. കഴിഞ്ഞ 8 വർഷങ്ങളിലായി ജൂൺ 15 മുതൽ ജൂലൈ 29 വരെയുള്ള 45 ദിവസങ്ങളിൽ നിരോധനം തുടർന്നു വരുന്നു. 1997 മുതൽ കേരളത്തിന്റെ EEZ കളിലും കേന്ദ്രസർക്കാർ ഈ കാലയളവിൽ എല്ലാവിധ മത്സ്യബന്ധനവും നിരോധിച്ചു വരുന്നു.

നിരോധനത്തിന്റെ ആവശ്യകത

1. വാണിജ്യ പ്രാധാന്യമുള്ള 30 ഓളം ചെമ്മീൻ മത്സ്യ-കണവ ഇനങ്ങളുടെ പ്രജനനകാലം മൺസൂൺ കാലത്താണ്‌.

2. തള്ള മത്സ്യങ്ങളുടെ ചൂഷണം തടയാൻ

3. മുട്ട വിരിയാനുള്ള അനുകൂലമായ അവസ്ഥാവിശേഷം ഉണ്ടാക്കുവാൻ

4. പ്രജനന മേഖലകൾ ട്രോൾ ഫിഷിംഗിന്റെ കെടുതിയിൽ നിന്നും സംരക്ഷിക്കാൻ

5. മുട്ടയുടേയും, കുഞ്ഞുങ്ങളുടേയും നശീകരണം തടയാൻ

6. വളരുന്ന കുഞ്ഞുങ്ങൾക്ക്‌ വേണ്ടത്ര ആഹാരലഭ്യത ഉറപ്പുവരുത്താൻ

7. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകുന്നതിനു മുൻപു ചൂഷണ വിധേയമാകാതിരിക്കാൻ

ട്രോളിംഗ്‌ നിരോധനവും മത്സ്യോല്‌പാദനത്തിന്റെ വർദ്ധനവും

ട്രോളിംഗ്‌ നിരോധനത്തിന്‌ മുന്നിലും ശേഷമുള്ള മത്സ്യോല്‌പാദനം പരിശോധിച്ചാൽ നിരോധനത്തിന്‌ മുന്നിലുണ്ടായിരുന്ന ശരാശരി 3.4 ലക്ഷത്തിൽ നിന്നും നിരോധനത്തിനുശേഷം ശരാശരി പ്രതിവർഷം 5.8 ലക്ഷം ടണ്ണായി ഉയർന്നതായി കാണാം. മത്സ്യോല്‌പാദനത്തിൽ ഏകദേശം 70% വർദ്ധനവു രേഖപ്പെടുത്തി. സമുദ്രത്തിന്റെ അധോതലത്തിൽ വസിക്കുന്ന മത്സ്യങ്ങൾ ഏകദേശം 80% വർധനവു രേഖപ്പെടുത്തി. പ്രധാനപ്പെട്ട ഇനങ്ങളായ ചെമ്മീൻ 60%, കണവ-കൂന്തൽ 400% പെർച്ച്‌മത്സ്യങ്ങൾ 150%, വറ്റ വർഗം 300% വർദ്ധനവുകൾ രേഖപ്പെടുത്തി. പരമ്പരാഗത മത്സ്യബന്ധനരീതികളിലെ ചെമ്മീൻ ഉല്‌പാദനം 18-ൽ നിന്നു 26% മായി കൂടി. റിംഗ്‌ വലകളിൽ നിന്നും കിട്ടിയിരുന്ന ചെമ്മീൻ 3 ശതമാനത്തിൽ നിന്നു 16% മായി വർദ്ധിച്ചു. നിരോധനത്തിനു മുൻപു ട്രോൾ വലകളിൽ നിന്നുമുള്ള യൂണിറ്റ്‌ ഒന്നിന്‌ ഒരു ദിവസം ശരാശരി ഉല്‌പാദനം 492 കിലോഗ്രാം ആയിരുന്നത്‌ നിരോധനത്തിനുശേഷം 1998 -ൽ 640 കിലോഗ്രാമായും 2001-ൽ 870 കിലോഗ്രാമായും വർദ്ധിച്ചു. അതുപോലെ റിംഗ്‌വലകളിൽ ശരാശരി ഉല്‌പാദനം വലയൊന്നിന്‌ 864 കിലോഗ്രാമാണ്‌ നിരോധനത്തിന്‌ മുൻപുണ്ടായിരുന്നത്‌. നിരോധനത്തിനുശേഷം 1350 കിലോഗ്രാമായി വർദ്ധിച്ചു. അധോതല മത്സ്യങ്ങളുടെ ഉല്‌പാദനം 38,000 ടണ്ണിൽ നിന്നും 75,000 ടണ്ണിലേക്ക്‌ മൺസൂൺ കാലയളവിൽ വർദ്ധന രേഖപ്പെടുത്തി. ഈ കാലത്ത്‌ ചെമ്മീന്റെ ഉല്‌പാദനം 880 ടണ്ണിൽ നിന്ന്‌ 4000 ടണ്ണിലേക്ക്‌ വർദ്ധിച്ചു. മൺസൂൺ കാലത്ത്‌ മത്സ്യോല്‌പാദനം ശരാശരി 82000 ടൺ ആയിരുന്നത്‌ 1.4 ലക്ഷം ടണ്ണായി നിരോധനം ഏർപ്പെടുത്തിയതിനുശേഷം വർദ്ധനവുണ്ടായി. യന്ത്രവൽകൃത ബോട്ടുകളിൽ നിന്നും മൺസൂൺ കാലത്തുണ്ടായിരുന്ന ഉല്‌പാദനം 33,000 ടൺ ആയിരുന്നത്‌ നിരോധനത്തിനുശേഷം 48,000 ടണ്ണായി വർദ്ധിച്ചു.

കൊച്ചി സർവ്വകലാശാല നടത്തിയ പഠനങ്ങളും ഫലങ്ങളും

കേരളത്തിലെ മത്സ്യോല്‌പാദനം പ്രതിവർഷം ശരാശരി 5.6 ലക്ഷം ടൺ ആയി കണക്കാക്കുന്നു. അതിൽ 49.8% അധോതല മത്സ്യങ്ങളാണ്‌. മത്സ്യം 70% ചെമ്മീൻ 10%, കൂന്തൽ- കണവ 8% എന്നിവയാണ്‌ പ്രധാന സമ്പത്തുകളുടെ ഉല്‌പാദന നിലവാരം. യന്ത്രവൽകൃത ബോട്ടുകളിൽ നിന്നും മൊത്ത ഉല്‌പാദനത്തിന്റെ 54% (2.8 ലക്ഷം ടൺ) രേഖപ്പെടുത്തി. യന്ത്രവൽകൃതവള്ളങ്ങളിൽ നിന്നും 45% വും. എന്നാൽ പരമ്പരാഗത വള്ളങ്ങളുടെ പങ്ക്‌ 1 ശതമാനമായി കുറഞ്ഞു. 45 ദിവസത്തെ ട്രോളിംഗ്‌ നിരോധനം മൂലം സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭദ്രതയും അവിടത്തെ ജീവജാലങ്ങളുടെ പുനർജീവനവും സാദ്ധ്യമായി എന്നതാണ്‌ പ്രധാനപ്പെട്ട മറ്റൊരു കണ്ടെത്തൽ. ഏകദേശം 65 ജീവികളെ അടിത്തട്ടിലെ ചെളിയിൽ നിന്നും കണ്ടുപിടിച്ചു. ഇതിൽ ഏകദേശം 35 ഇനങ്ങൾ ട്രോളിംഗിന്റെ കെടുതിമൂലം ജനുവരിയോടെ അപ്രത്യക്ഷമായി തുടങ്ങുന്നു. ട്രോളിംഗ് നിരോധനം കഴിഞ്ഞ്‌ ജൂലൈ മാസത്തോടെ ഇവ വീണ്ടും പഴയ അളവിൽ തന്നെ പ്രത്യക്ഷപ്പെടുന്നതായി കാണാം. ഈ ജീവികളാണ്‌ അധോതല മത്സ്യങ്ങളുടെ പ്രധാനപ്പെട്ട ആഹാരം. 30 ഓളം ജീവികളുടെ വർദ്ധനവ്‌ നിരോധനകാലത്ത്‌ 10 ഇരട്ടിയോളം വർദ്ധിക്കുന്നതായും പഠനഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ട്രോളിംഗ്‌ നിരോധനത്തിനുശേഷം ഉല്‌പാദിപ്പിക്കുന്ന ചെമ്മീൻ ഇനങ്ങളായ കരിക്കാടി, പൂവാലൻ എന്നിവയുടെ നീളത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്‌. നിരോധനത്തിന്‌ മുൻപ്‌ കരിക്കാടിയുടെ നീളം 36-100 മി.മി ആയിരുന്നത്‌ ഇപ്പോൾ 52-130 മി.മി ആയി വർദ്ധിച്ചിട്ടുണ്ട്‌. അതുപോലെ പൂവാലന്റേത്‌ 36-110 മി.മി നിന്ന്‌ 50-128 മി.മി ആയി വർദ്ധിച്ചിട്ടുണ്ട്‌. ഇതുമൂലം ഇവയുടെ ഉല്‌പാദനത്തിന്റെ അളവ്‌ കൂട്ടാനും, കൂടാതെ കൂടുതൽ വിദേശനാണ്യങ്ങൾ സമ്പാദിക്കുവാനും സഹായകമാക്കി.

മത്സ്യസമ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക്‌ നിദാനമായ കാരണങ്ങൾ

മേൽ വിവരിച്ച ഉപരിതല - അധോതല മത്സ്യസമ്പത്തിന്റെ 1950-2000 കാലയളവിലെ ഏറ്റക്കുറച്ചിലുകൾ പരിശോധിച്ചാൽ താഴെ പറയുന്ന വസ്‌തുതകൾ മനസ്സിലാക്കാൻ സാധിച്ചേക്കും.

1. മൺസൂൺ കാല ട്രോളിംഗ്‌ നിരോധനം 1988 മുതൽ ഏർപ്പെടുത്തിയതിനു ശേഷം അധോതല മത്സ്യസമ്പത്തിന്റെ ഉല്‌പാദനത്തിൽ ഗണ്യമായ വർദ്ധന കാണുന്നു.

2. ഉപരിതല മത്സ്യസമ്പത്തിന്റെ വർദ്ധനവ്‌, കാലാകാലങ്ങളിൽ മത്സ്യമേഖലയിൽ പ്രത്യക്ഷപ്പെട്ട നൂതന വലകളുടേയും, വലനിർമ്മാണത്തിനുപയോഗിച്ച നൈലോൺ വസ്‌തുവിന്റേയും, മത്സ്യബന്ധന ഉരുകൾക്ക്‌ ഏർപ്പെടുത്തിയ നവീകരണങ്ങളും പുതിയ വലകളുടെ ക്രമാതീതമായ നീളത്തിൽ ഉണ്ടായ വർദ്ധനവും മൂലമാകുന്നു .

3. മൺസൂൺ മാസങ്ങളിൽ ഉപരിതല മത്സ്യസമ്പത്തിന്റെ ഉല്‌പാദനത്തിലേർപ്പെട്ടിരിക്കുന്ന പരമ്പരാഗത മേഖലയിലെ ഉരുക്കളുടേയും വലകളുടേയും എണ്ണത്തിൽ കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലത്ത്‌ ഗണ്യമായ വർദ്ധനവ്‌ ഉണ്ടായതിനാൽ പ്രസ്‌തുത സമ്പത്ത് അമിതമായ മത്സ്യബന്ധന സമ്മർദ്ദത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതിൽ മുഖ്യമായും റിംഗ്‌ വലകളുടെ അമിതമായ മത്സ്യബന്ധ സമ്മർദ്ദം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്‌. ഇത്രത്തോളം മത്സ്യബന്ധന സമ്മർദ്ദത്തിന് വിധേയമായിട്ടും കഴിഞ്ഞ ഒരു ദശാബ്‌ദക്കാലത്ത്‌ ഉപരിതല മത്സ്യസമ്പത്തിന്റെ ശോഷണത്തിൽ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല എന്നുമാത്രമല്ല ഈ സമ്പത്ത്‌ വർദ്ധിച്ചതായിട്ടാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഈ സാഹചര്യത്തിൽ, ഈ ഗ്രൂപ്പിലെ വിവിധ മത്സ്യഇനങ്ങളുടെ പുനർജീകരണ സ്വഭാവം, ജീവിതചക്രം മുതലായവയുടെ അടിസ്ഥാനത്തിൽ ഒരു സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം ഈ മത്സ്യങ്ങളുടെ മേൽ നടപ്പാക്കുന്നത്‌ ശാസ്‌ത്രീയമായി ന്യായീകരിക്കാൻ സാധിക്കുകയില്ല. നിലവിലുള്ള സാഹചര്യത്തിൽ പിലാജിക്‌ റിസോർസസിന്റെ സംരക്ഷണത്തിനായി യാതൊരു വിധ പരിപാലന സമീപനങ്ങളും കൈക്കൊണ്ടിട്ടില്ല. പരമ്പരാഗത മേഖലയിലെ മത്സ്യത്തൊഴിലാളികൾ മൺസൂൺ മാസം അവരുടെ ഉപജീവനത്തിനുവേണ്ടി നടത്തുന്ന മത്സ്യബന്ധനത്തിൽ ഉല്‌പാദിപ്പിക്കുന്ന 1.4 ലക്ഷം ടൺ മത്സ്യത്തിൽ 1.2 ലക്ഷം ടണ്ണും ഉപരിതല മത്സ്യസമ്പത്താണ്‌. എന്നിട്ടും ഇവയ്‌ക്ക്‌ ശോഷണം നേരിടുന്നില്ല എന്ന വസ്‌തുത ഇവയെ മൺസൂൺ മാസങ്ങളിൽ ഭാഗികമായെങ്കിലും ചൂഷണം ചെയ്യണം എന്നതിന്റെ സൂചനയായി കണക്കാക്കാം.

മൺസൂൺ കാലങ്ങളിൽ ഉപരിതല മത്സ്യങ്ങളുടെ നിയന്ത്രിത ഉല്പാദനത്തിന്റെ ആവശ്യകത

മേൽ വിവരിച്ച കാരണങ്ങളുടെ പശ്ചാത്തലത്തിൽ ഉപരിതല മത്സ്യസമ്പത്തിന്റെ ഉല്‌പാദന നിരോധനമല്ല, നേരെ മറിച്ച്‌ നിയന്ത്രിത ഉല്‌പാദനമാണ്‌ ആവശ്യമെന്ന്‌ മനസ്സിലാക്കാം. നിയന്ത്രണ വിധേയമായി ഇവയുടെ ഉല്‌പാദനം നടത്തേണ്ടതിന്റെ ശാസ്‌ത്രീയവശങ്ങളും ആവശ്യകതകളും താഴെ ചേർത്തിരിക്കുന്നു.

1. ഉപരിതല മത്സ്യങ്ങളായ ചാള, അയില, ചൂര, വറ്റ തുടങ്ങിയവയുടെ മുട്ടയുടെ എണ്ണം അധോതലമത്സ്യങ്ങളുമായി മൂന്നു-നാലു മടങ്ങ്‌ കൂടുതലാണ്‌. ഇവയുടെ വംശവർദ്ധനവിന്റെ ശേഷി കൂടുതലായതിനാൽ ആവശ്യമായ തള്ള മത്സ്യങ്ങളുടെ എണ്ണം 40% ൽ താഴെ മാത്രം മതിയാകും. പ്രകൃതിദത്തമായ ഈ അനുഗ്രഹം മൂലം ഭാഗികമായി തള്ളമത്സ്യങ്ങളെ ചൂഷണം ചെയ്‌താലും സമ്പത്തിന്റെ പുനർജീകരണത്തിന്‌ യാതൊരു കോട്ടവും സംഭവിക്കില്ല.

2. മേൽപ്പറഞ്ഞ മത്സ്യ ഇനങ്ങളുടെ വളർച്ചാനിരക്ക്‌ മറ്റ്‌ അധോതല മത്സ്യങ്ങളേക്കാൾ വളരെ കൂടുതലായതിനാൽ ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപുതന്നെ മുട്ടവിരിഞ്ഞ്‌ മത്സ്യസമ്പത്തിന്റെ ഭാഗമായി മാറുന്നു. ആയതിനാൽ ഒരു വർഷം തികഞ്ഞ മത്സ്യങ്ങളെ തീരദേശത്തു നിന്നു പിടിച്ചുമാറ്റി പുതുതായി പ്രത്യക്ഷപ്പെടുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക്‌ ആവശ്യമായ സ്ഥലസൗകര്യങ്ങളും ആഹാരവും ഉറപ്പു വരുത്തേണ്ടത്‌ ആത്യാവശ്യമാണ്‌.

3. മൺസൂൺ മാസങ്ങളിൽ ഉപരിതല മത്സ്യങ്ങളുടെ ക്രമാതീതമായ വർദ്ധനവ്‌ ഉണ്ടാകുന്നതിനാൽ ഉൾക്കടലിൽ നിന്നും തീരത്തേക്കു വരുന്ന പൂർണ്ണ വളർച്ചയെത്തിയ ഉപരിതല മത്സ്യങ്ങളെ നിയന്ത്രണവിധേയമായി ചൂഷണം ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ഇങ്ങനെ ചെയ്യാത്തപക്ഷം സ്ഥലസൗകര്യത്തിനും ആഹാരത്തിനുംവേണ്ടി കടുത്ത മത്സരം ഉണ്ടാകുക വഴി ഈ മത്സ്യങ്ങളുടെ വളർച്ചാനിരക്കിൽ കുറവുസംഭവിക്കുന്നതിനാൽ മൊത്ത ഉല്‌പാദനത്തിൽ ശോഷണം സംഭവിക്കാം. ഇതിന്റെ ഒരു പോംവഴിയാണ്‌ നിയന്ത്രിത മത്സ്യബന്ധനം.

4. മുഖ്യമായും റിംഗ്‌ വലകൾ ഉപയോഗിച്ചുള്ള ഉപരിതല മത്സ്യബന്ധന രീതികൾ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥക്ക്‌ യാതൊരു വിധ കേടുപാടുകളും ഉണ്ടാക്കുന്നില്ല. പ്രത്യേകിച്ചും സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭദ്രതക്കോ, രാസഭൗതിക ഘടകങ്ങൾക്കോ യാതൊരു വ്യതിയാനങ്ങളും ഉളവാക്കുന്നില്ല. ആയതിനാൽ ബോട്ടും ട്രോളിംഗ്‌ മത്സ്യബന്ധനത്തിലേർപ്പെടുത്തിയിരിക്കുന്നപോലെയുള്ള ഒരു നിരോധനം ഉപരിതല മത്സ്യബന്ധന രീതികൾക്ക്‌ ഏർപ്പെടുത്തുന്നത്‌ ശാസ്‌ത്രീയമല്ല.

മൺസൂൺകാല മത്സ്യബന്ധനം പരമ്പരാഗത മത്സ്യമേഖല തുടരേണ്ടതിന്റെ ആവശ്യകത

1. പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളിൽ വച്ച്‌ ഏറ്റവും കൂടുതൽ മൺസൂൺകാല മത്സ്യബന്ധനം നടക്കുന്ന സംസ്ഥാനം കേരളമാകുന്നു. പടിഞ്ഞാറൻ തീരസംസ്ഥാനങ്ങളിൽ നിന്ന്‌ മൺസൂൺ കാലത്ത് ഉല്‌പാദിപ്പിക്കുന്നതിൽ 70% മത്സ്യസമ്പത്തും കേരളത്തിൽ നിന്നാണ്‌. കേരളത്തിന്റെ തീരക്കടലിൽ കാലവർഷത്തിന്റെ ആവിർഭാവത്തോടെ അസാധാരണമായ അളവിൽ പ്രത്യക്ഷപ്പെടാറുള്ള നെയ്‌ചാള, നെത്തോലി, അയില, പാമ്പാട, കരിക്കാടി എന്നിവയെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ റിംഗ്‌ വലകൾകൊണ്ട്‌ ചൂഷണം ചെയ്യുകവഴി ഇവയുടെ ഉയർന്ന നിലവാരത്തിലുള്ള ഉല്‌പാദനം നടക്കുന്നതു കൊണ്ടാണ്‌ മൺസൂൺ ഫിഷറിയിൽ കേരളം ഒന്നാമതായി നിലനില്‌ക്കുന്നത്‌.

കേരള സംസ്ഥാനത്തിലെ മൺസൂൺ കാല മത്സ്യോല്‌പാദനം കഴിഞ്ഞ പത്തു വർഷമായി 1.4 ലക്ഷം ടണ്ണാണ്‌. അതിൽ യന്ത്രവൽകൃത വള്ളങ്ങളിൽ നിന്നുമുള്ള ഉല്‌പാദനം ശരാശരി 90,000 ടൺ മത്സ്യമാണ്‌. അതിന്റെ 80% വും റിംഗ്‌ വലയുടെ സംഭാവനയാണ്‌. ഉല്‌പാദനത്തിന്റെ മുഖ്യ പങ്കും ഉപരിതല മത്സ്യങ്ങളാണ്‌. കൂടാതെ 5000 ടൺ ചെമ്മീനും ഈ കാലത്ത്‌ ഉല്‌പാദിപ്പിക്കപ്പെടുന്നു. മൺസൂൺകാല ട്രോളിംഗ്‌ നിരോധനം ഏർപ്പെടുത്തിയതിനുശേഷം റിംഗ്‌ വലകളിൽ നിന്നുമുള്ള ചെമ്മീനിന്റെ ഉല്‌പാദനത്തിൽ ഗണ്യമായ വർദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്‌. (3% നിന്ന്‌ 16% മായി വർദ്ധിച്ചു).

പരമ്പരാഗത മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക്‌ മത്സ്യബന്ധനം ഏക ഉപജീവനമാർഗമാണ്‌. ഇടവപ്പാതി സമയത്ത്‌ പൊതുവെ മത്സ്യം കുറവായതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ ഉല്‌പാദിപ്പിക്കുന്ന മത്സ്യങ്ങൾ മറ്റു മാസങ്ങളേക്കാൾ കൂടുതൽ വില കൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗത മത്സ്യമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയും നേട്ടവും എല്ലാം തന്നെ ഇടവപ്പാതിയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്ത്‌ മത്സ്യബന്ധനം നിരോധിക്കുന്നത് ഇവരുടെ ഏക ഉപജീവനമാർഗം തടയുന്നതിനു പുറമെ ഇവരുടെ സാമ്പത്തിക അടിത്തറ താറുമാറാക്കുകയും ചെയ്യും എന്നതിൽ സംശയമില്ല.

മൺസൂൺ മാസങ്ങളിൽ നിലവിലുള്ള പരമ്പരാഗത മത്സ്യബന്ധനം നിരോധിക്കുന്നത് കേരളത്തിലെ മത്സ്യമേഖല സ്‌തംഭവനാവസ്ഥയിലേക്ക്‌ നയിക്കുമെന്നുള്ളതിൽ തർക്കമില്ല. ചെമ്മീൻ സംസ്‌കരണ സ്ഥാപനങ്ങൾ, പീലിംഗ്‌ ഷെഡിൽ പണിയെടുക്കുന്ന സ്‌ത്രീകൾ, വിതരണക്കാർ, കച്ചവടക്കാർ, ഇടനിലക്കാർ തുടങ്ങി ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന 17 ലക്ഷം വരുന്ന ആളുകൾ പരമ്പരാഗത മേഖലയിൽ നിന്നുമുള്ള ഉല്‌പാദനത്തെ ആശ്രയിച്ചാണ്‌ അവരുടെ തൊഴിലുകൾ ത്വരിതപ്പെടുത്തിയിരിക്കുന്നത്‌. ഈ സമയത്ത്‌ പരമ്പരാഗത മേഖലയിൽ നിന്നുള്ള ഉല്‌പാദനം നിന്നുപോയാൽ ഈ മേഖല പൂർണ്ണമായും സ്‌തംഭനാവസ്ഥയിലാകും. ഇതുവഴി തീരപ്രദേശത്ത്‌ ആശാന്തതയും പട്ടിണിയും വർദ്ധിച്ചേക്കും. കൂടാതെ സംസ്ഥാനത്തെ മുഴുവൻ ആളുകളുടേയും മത്സ്യലഭ്യത പരമ്പരാഗത മത്സ്യബന്ധനം മൂലമാണ്. അതു നിലനിർത്താൻ മത്സ്യബന്ധനം തുടരേണ്ടതാണ്‌. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന 40 ഓളം കയറ്റുമതി സ്ഥാപനങ്ങൾക്ക്‌ ചെമ്മീൻ നല്‌കുന്നതും പ്രസ്‌തുത മേഖലയാണ്‌.

ചാകരയെന്ന അപൂർവ്വ പ്രതിഭാസം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ മത്സ്യങ്ങളെ പ്രദാനം ചെയ്യുന്ന ഒരു അത്താണിയാണ്‌. കേരളത്തിന്റെ തീരക്കടലിൽ പ്രത്യക്ഷപ്പെടുന്ന ചാകര നെയ്‌ചാള, പൂവാലൻ, കരിക്കാടി, തോടി, മണങ്ങ്‌, മുള്ളൻ എന്നിവയുടെ സമൃദ്ധമായ ഉല്‌പാദനകേന്ദ്രങ്ങളാണ്‌. മൺസൂൺകാല മത്സ്യബന്ധന നിരോധനം മൂലം ചാകരസ്ഥലങ്ങളിലെ മത്സ്യസമ്പത്തിന്റെ ഉല്‌പാദനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ നഷ്‌ടപ്പെടുന്നത് ഇവരെ കൂടുതൽ കടക്കെണിയിലേക്ക്‌ നയിച്ചേക്കാം. മൺസൂൺ മാസങ്ങളിൽ ബോട്ടം ട്രോളിംഗിന്റെ നിരോധനത്തോടെ ബോട്ടുകളിൽ പണിയെടുക്കുന്ന തൊഴിലാളികളും പരമ്പരാഗത മത്സ്യബന്ധന മേഖലയെ ആശ്രയിച്ച്‌ ഉപജീവനം തേടുന്നു എന്നുള്ളതു പ്രത്യേകിച്ചും പ്രസ്‌താവ്യമാണ്‌.

മൺസൂൺ മാസങ്ങളിൽ ഉപരിതല മത്സ്യങ്ങളുടെ നിയന്ത്രിത മത്സ്യബന്ധനം - ചില മാർഗങ്ങൾ

I ചെറുമത്സ്യങ്ങളുടെ നശീകരണം തടയാനുള്ള മാർഗങ്ങൾ നടപ്പിലാക്കണം.

കൊച്ചി സർവ്വകലാശാല നടത്തിയ പഠനത്തിൽ പ്രതിവർഷം 30,000 ടൺ ചെറുമത്സ്യങ്ങൾ പരമ്പരാഗത മത്സ്യബന്ധനം മൂലം നശിക്കപ്പെടുന്നു, ഇതു മുഖ്യമായും ചൂടവലയുടെ പ്രവർത്തനം മൂലമാണ്‌. ആയതിനാൽ ചൂടവലയുടെ പ്രവർത്തനം 65 ദിവസം നിരോധിക്കേണ്ടത്‌ ആത്യാവശ്യമാണ്‌.

II. ഇൻ ബോർഡ്‌ ഘടിപ്പിച്ച വള്ളങ്ങളുടെ നിയന്ത്രണം അനിവാര്യം.

II.1. ഇൻബോർഡ്‌ എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങളും അവയുണ്ടാക്കിയ പ്രതിസന്ധിയും

കടൽമേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പരിവർത്തനത്തിന്റെ ഭാഗമായി പുതിയ ഒരു മത്സ്യബന്ധനരീതി 1999 മാണ്ടോടുകൂടി കണ്ടു തുടങ്ങി. 1999-ൽ 20-ൽ താഴെയും, രണ്ടായിരാമാണ്ടിൽ കേവലം 50-ൽ താഴെയുമുണ്ടായിരുന്ന ഈ യൂണിറ്റുകൾ 2001-ൽ 80 ഉം 2002-ൽ 153 ഉം ആയി വർദ്ധിച്ചു. തുടക്കത്തിൽ 60 അടിയിൽ കൂടുതലുള്ള താങ്ങുവള്ളങ്ങളിൽ 370,400,402 മോഡലുകളായ ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ഇത്തരം ഉരുക്കുകൾ പ്രവർത്തനം ആരംഭിച്ചു. എന്നാൽ 2001കളുടെ അവസാനത്തോടെ ഭീമാകാരങ്ങളായ 80-95 അടി നീളമുള്ള വള്ളങ്ങൾ ഇരുമ്പോ, തടിയോ, ഫൈബർഗ്ലാസ്സ്‌ കൊണ്ടോ നിർമ്മിച്ച്‌ മത്സ്യബന്ധനത്തിന്‌ ഉപയോഗിക്കുവാൻ തുടങ്ങി. ഇത്തരം വള്ളങ്ങളിൽ വലകൾ പ്രവർത്തിക്കാൻ വിപഞ്ചുകൾ, മത്സ്യം സൂക്ഷിക്കുവാനുള്ള സ്റ്റോറേജുകൾ തുടങ്ങി യന്ത്രവൽകൃത ബോട്ടുകളിൽ കാണുന്ന എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ടാക്കി. പെഴ്‌സീനികളുടെ താരതമ്യമുള്ള 800-1700 മി.വരെ നീളമുള്ളതും 60-90 മീറ്റർ ഇറക്കവും, 10-12 മി.മി കണ്ണി വലിപ്പവും ഉള്ള വലകളാണ്‌ ഈ ഉരുകളിൽ ഉപയോഗിച്ചു വരുന്നത്‌. നാല്‌പതോളം തൊഴിലാളികൾ ഒരു യൂണിറ്റിൽ പ്രവർത്തിക്കുന്നു.

II.2 ഈ മത്സ്യബന്ധന രീതിയുടെ ഗുണങ്ങൾ

1990-ൽ നടപ്പിലാക്കിയ യമഹ റവല്യൂഷന്റെ ഭാഗമായി പരമ്പരാഗത മത്സ്യമേഖലയിൽ നിന്നുമുള്ള ഉല്‌പാദനം ഗണ്യമായി കൂട്ടാൻ സാധിച്ചുവെങ്കിലും വർദ്ധിച്ചു വരുന്ന ഇന്ധനച്ചിലവ്‌, സ്‌പെയർപാർട്ട്‌സുകളുടെ അമിതമായ വില, വർദ്ധിച്ച മണ്ണെണ്ണയുടെ ഉപയോഗം, എൻജിനുകളുടെ ചുരുങ്ങിയ ആയുസ്സ്‌ തുടങ്ങിയവ മത്സ്യത്തൊഴിലാളികളെ കടക്കെണിയിൽ പെടുത്താനേ സഹായിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ്‌ ചിലവുകുറഞ്ഞ പുതിയതരം മത്സ്യബന്ധനത്തിന്‌ രൂപം കൊടുത്തതും പുതിയ ഉരുക്കുകളുടെ രംഗപ്രവേശനവും.

II. 3 കൊച്ചി സർവ്വകലാശാല 2001-02 ൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ

1. 2002 മാർച്ച്‌ വരെ മൊത്തം 153 ഇൻബോർഡ്‌ എഞ്ചിനുകൾ ഘടിപ്പിച്ച വള്ളങ്ങൾ എറണാകുളം (105), ആലപ്പുഴ (10), കൊല്ലം (5), തൃശ്ശൂർ (7), മലപ്പുറം (5), കോഴിക്കോട്‌ (6), കണ്ണൂർ (15), എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്നു.

2. ഇവയിൽ നിന്നുമുള്ള വാർഷിക ഉല്‌പാദനം 12,000 ടൺ മത്സ്യമാണ്‌.

3. ആഗസ്‌റ്റ്‌ മാസത്തിൽ 4250 കിലോഗ്രാം മത്സ്യം ചില യൂണിറ്റുകളിൽ നിന്നും രേഖപ്പെടുത്തിയപ്പോൾ ജനുവരിയിൽ 127 കിലോഗ്രാമായി കുറഞ്ഞു. ശരാശരി ഒരു ദിവസത്തെ ഉല്‌പാദനം 1800 കിലോഗ്രാം മത്സ്യമാണ്‌.

4. ശരാശരി ഒരു യൂണിറ്റിന്റെ നിർമ്മാണ ചിലവ്‌ 20-22 ലക്ഷം രൂപയാണ്‌.

5. പ്രതിദിനം ഈ യൂണിറ്റുകളുടെ ഇന്ധനചിലവ്‌ 2800 രൂപയാണ്‌. എന്നാൽ യന്ത്രവൽകൃത വള്ളങ്ങളുടെ ഇന്ധനചിലവ്‌ പ്രതിദിനം 8200 രൂപയാണ്‌.

6. ഈ ഉരുക്കൾക്ക്‌ കൂടുതൽ പുറം കടലിലേക്ക്‌ പോകാൻ കഴിയുന്നതുകാരണം തീരക്കടലിലെ മത്സ്യബന്ധന സമ്മർദ്ദം കുറക്കുവാൻ സഹായിച്ചു. ആയതിനാൽ വാണിജ്യ പ്രാധാന്യമുള്ള മത്സ്യ-ചെമ്മീൻ സമ്പത്തുകളെ ചൂഷണം ചെയ്യാൻ സഹായിക്കുന്നു.

7. പ്രതിദിനം ലാഭം 30,000 - 70,000 രൂപ വരെ ലഭിക്കുന്നു. യന്ത്രവൽകൃത വള്ളങ്ങളിലെ ലാഭം വെറും 4000-6000 രൂപയാണ്‌.

8. ഇത്തരം ഉരുക്കൾക്ക്‌ വിഭവചൂഷണത്തിനായി കൂടുതൽ സമയം ചിലവഴിക്കാൻ കഴിയുന്നതുകാരണം ഉല്‌പാദനം യന്ത്രവൽകൃത വള്ളങ്ങളെ അപേക്ഷിച്ചു കൂടുതലാണ്‌.

9. ഇത്തരം മത്സ്യബന്ധനരീതി പരിസ്ഥിതിക്കിണങ്ങിയതാണ്‌.

ഇൻബോർഡ്‌ ഘടിപ്പിച്ച വള്ളങ്ങൾ മേൽപ്പറഞ്ഞ കാരണങ്ങൾക്കൊണ്ട്‌ വളരെയധികം മേന്മയുള്ളതാണെങ്കിലും അവയുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്‌ മത്സ്യവിഭവശേഷി കണക്കിലെടുത്ത്‌ ബുദ്ധിപരമാണോ എന്ന്‌ വിലയിരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. കൂടാതെ ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾക്ക്‌ പ്രതിവിധികൾ കാണേണ്ടത് സമുദ്ര മത്സ്യമേഖലയുടെ ശാന്തതയ്‌ക്കും, ലോ ആന്റ്‌ ഓർഡർ നിലനിർത്താനും അത്യാവശ്യമാണ്‌.

II.4 പരിഹരിക്കപ്പെടേണ്ട നിയമപ്രശ്‌നങ്ങൾ

1. ഇൻബോർഡ്‌ ഘടിപ്പിച്ച വള്ളങ്ങളും അവ ഉപയോഗിക്കുന്ന വലകളും നിലവിലുള്ള മത്സ്യബന്ധന നിയമങ്ങളുടെ പരിധിക്കുള്ളിൽ വരുന്നതാണോ അല്ലെങ്കിൽ വേണ്ട ഭേദഗതികൾ നടപ്പിലാക്കേണ്ടേ?

2. ഇത്തരം മത്സ്യബന്ധന രീതികൾ ഉപയോഗിക്കാൻ നിയമതടസ്സങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ ആ തടസ്സങ്ങൾ മാറ്റേണ്ടതല്ലേ?

3. ഇത്തരം വള്ളങ്ങളും വലയും മത്സ്യബന്ധന രീതിയും പരമ്പരാഗത മത്സ്യവിഭവചൂഷണത്തിന്റെ പട്ടികയിൽപ്പെടുത്തുവാൻ സാധിക്കുമോ?

4. ഈ ഉരുക്കുകൾ ഉപയോഗിക്കുവാൻ ഹാർബർ സൗകര്യം ആവശ്യമായതിനാൽ ഉരുക്കൾക്ക്‌ പോർട്ട്‌ നിയമങ്ങൾ ബാധകമാവുമോ?

II. 5 ഇൻബോർഡ്‌ വള്ളങ്ങൾ ഉളവാക്കുന്ന പ്രതിസന്ധികളും ഭാവിയിൽ മത്സ്യമേഖലയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അശാന്തതയും

1. സമുദ്രത്തിന്റെ ഉപരിതലത്തിലെ മത്സ്യങ്ങളെ ചൂഷണം ചെയ്യുവാൻ പറ്റിയ ഏറ്റവും യോജിച്ച മത്സ്യബന്ധന രീതിയായതിനാൽ ഇവയുടെ ചൂഷണം ചെറിയ വിഭാഗം മത്സ്യത്തൊഴിലാളികളിൽ ഒതുങ്ങുമോ?

2. ഉപരിതല മത്സ്യങ്ങളുടെ സമ്പത്ത്‌ 3.5 ലക്ഷമാണ്‌. അവയെ ചൂഷണം ചെയ്യാൻ നിലവിലുള്ള പഠന റിപ്പോർട്ടുകൾ അനുസരിച്ച്‌ 1300 ഇൻബോർഡ്‌ ഘടിപ്പിച്ച വള്ളങ്ങൾ മാത്രം മതി. പ്രസ്‌തുത എണ്ണം ഇപ്പോഴത്തെ സ്ഥിതി വച്ചുനോക്കുമ്പോൾ വരുന്ന 4-5 വർഷങ്ങൾക്കകം ആർജ്ജിക്കുമെന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ ഒരു ലക്ഷത്തിൽപ്പരം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവസ്ഥ എന്തായേക്കും.

3. കേരളത്തിന്റെ തീരക്കടലിൽ പാഴ്‌സിൻ വലകൾ നിരോധിച്ചത്‌ പിലാജിക്‌ മത്സ്യ സംരക്ഷണത്തിനും അതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താല്‌പര്യങ്ങൾ സംരക്ഷിക്കുവാനുമാണ്‌. ഈ പുതിയ സാഹചര്യത്തിൽ മേൽപ്പറഞ്ഞ ഉദ്ദേശം എത്രമാത്രം സഫലമാകും?

4. ഇൻബോർഡ്‌ ഘടിപ്പിച്ച വള്ളങ്ങളുടെ ലാഭം മനസ്സിലാക്കി ഈ മേഖലയിൽ മുതൽമുടക്ക്‌ കൂടാൻ സാധ്യതയുള്ളതിനാൽ ഇവയുടെ എണ്ണം വരും വർഷങ്ങളിൽ കൂടുമെന്നുള്ളതിൽ സംശയമില്ല. എണ്ണം കൂടുന്നതോടെ 25 ലക്ഷത്തോളം മുതൽമുടക്കിയ ഇത്തരം യൂണിറ്റുകളിൽ ഉല്‌പാദനം സ്വാഭാവികമായി കുറഞ്ഞു തുടങ്ങും. ഈ പ്രതിസന്ധിയെ പൊതുവെ നേരിടുന്നത്‌ വലയുടെ നീളം വീണ്ടും കൂട്ടിയും കണ്ണി വലുപ്പം കുറച്ചുമാണ്‌. ഈ സാഹചര്യത്തിൽ മുതൽമുടക്ക്‌ വീണ്ടും കൂടുമെന്നതിനു പുറമെ ചെറുമത്സ്യങ്ങളുടേയും തള്ളമത്സ്യങ്ങളുടേയും അമിതചൂഷണത്തിലേക്കും വഴിതെളിക്കും. ഇതുകാരണം മത്സ്യസമ്പത്തിന്‌ അമിത ചൂഷണം നേരിടുന്നതിനാൽ വരുംവർഷങ്ങളിൽ മത്സ്യോല്‌പാദനം കുറയും. വർദ്ധിച്ചു വരുന്ന മുതൽമുടക്കു കാരണം 'ഇടത്തട്ടുകാരൻ' രംഗത്തു വരുകയും അതോടെ യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക്‌ ഇതിന്റെ ഉടമസ്ഥാവകാശം നഷ്‌ടപ്പെടാൻ സാദ്ധ്യതയുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ മത്സ്യമേഖലയിലെ ``സ്‌പൈറിലംഗ്‌ ഇഫക്‌ട്‌ ഈ മേഖലയിലും ബാധിക്കും.

5. ഇൻ ബോർഡ്‌ വള്ളങ്ങളുടെ അതിപ്രസരണംമൂലം യന്ത്രവൽകൃത വള്ളങ്ങളുടെ പ്രത്യാഘാതങ്ങളാണ്‌ പ്രതിസന്ധിയുളവാക്കുന്ന മറ്റൊരു പ്രശ്‌നം. ഈ വള്ളങ്ങളുടെ ചൂഷണത്തോടെ ഒബിഎം ഘടിപ്പിച്ച 3000-ൽപ്പരം വരുന്ന റിംഗ്‌ വലകളുപയോഗിക്കുന്ന താങ്ങുവള്ളങ്ങൾക്കും മറ്റു വലകൾ ഉപയോഗിക്കുന്ന 17000 വള്ളങ്ങൾക്കും ലാഭകരമായി മത്സ്യബന്ധനം നടത്തുവാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക്‌ നീങ്ങാം. അങ്ങനെ വന്നാൽ കോടിക്കണക്കിന്‌ മുതൽമുടക്കുള്ള ഈ മേഖലയുടെ ഗതി എന്താകും. മത്സ്യഫെഡ്‌, ബാങ്ക്‌, ഇടനിലക്കാർ എന്നിവരുടെ സഹായത്തോടെ മുതൽമുടക്കിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ ഇങ്ങനെ ഒരു അവസ്ഥ തരണം ചെയ്യാൻ സാധിക്കുമോ? 1980-ൽ വള്ളങ്ങളിൽ ``മോട്ടോറൈസേഷൻ നടപ്പിലാക്കിയപ്പോൾ പരമ്പരാഗത വള്ളങ്ങളിൽ ഭൂരിഭാഗവും ഈ മേഖലയിൽ നിന്നു തിരോഭവിക്കേണ്ടിവന്നു. ഇതേ അവസ്ഥ ഒ.ബി.എം ഘടിപ്പിച്ച വള്ളങ്ങൾക്ക്‌ വന്നാൽ അതിന്റെ നഷ്‌ടം ഈ വിഭാഗം മത്സ്യത്തൊഴിലാളികൾക്ക്‌ താങ്ങാൻ സാധിക്കുമോ?

III. നിരോധിക്കപ്പെട്ടതാണെങ്കിലും വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്ന റിംഗ്‌ വലകളുടെ കണ്ണിവലിപ്പം യാതൊരു കാരണവശാലും 20 എം.എം.എൽ താഴെയാവാൻ പാടില്ല.

IV. ബാലകൃഷ്‌ണൻ നായർ കമ്മിറ്റി - 3 ശുപാർശ പ്രകാരം 25 കുതിരശക്തിയിൻമേൽ മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ തീരപ്രദേശങ്ങളിൽ മൺസൂൺകാല മത്സ്യബന്ധന നിരോധന സമയം മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ അനുവദിക്കരുത്‌.

V. മിനി ട്രോളിംഗ്‌ ഉൾപ്പെടെ എല്ലാവിധ ട്രോളിംഗ്‌ സമ്പ്രദായങ്ങളെ 65 ദിവസത്തെ മത്സ്യബന്ധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.

VI. 29.11.80-se GO (MS) 144/80/F&PD പ്രകാരം പർസ്‌ ഫീൻ, പിലാദിക്‌ -മിഡ്‌ വാട്ടർ ട്രോളിംഗ്‌ എന്നിവ കേരളത്തിന്റെ തീരക്കടലിൽ നിരോധിച്ചിട്ടുണ്ട്‌. ഇവയുടെ നിരോധനം കർശനമായും നടപ്പിലാക്കണം.