"പരിഷത്തും അക്കാദമികരംഗത്തെ സമരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

08:13, 10 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം


കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊതു വിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ് വിദ്യാഭ്യാസ ജാഥ.

കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18ന് വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കട്ടെ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


കേരളത്തിലെ വിദ്യാഭ്യാസരംഗം എന്നും ശബ്ദമുഖരിതവും പ്രശ്നസങ്കീർണവുമായിരുന്നു. ഓരോ കാലത്തെ ഗവൺമെന്റും വിദ്യാഭ്യാസ സംബന്ധമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾ മറ്റു മേഖലകളിലെ തീരുമാനങ്ങളെക്കാൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് നാം അനുഭവത്തിലൂടെ കണ്ടറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തെയും കച്ചവടവത്കരണത്തെയും എതിർക്കുമ്പോഴും നമ്മെ നയിക്കുന്നത് ഈയൊരു ബോധം തന്നെയാണ്.

എന്നാൽ കാലാകാലമായി വിദ്യാഭ്യാസത്തെ സംബന്ധിച്ച് നാം നടത്തിവന്ന വാദപ്രതിവാദങ്ങൾക്ക് മുഖ്യമായ ഒരു പരിമിതി ഉണ്ടായിരുന്നു. നമ്മുടെ ചർച്ചകൾ വിദ്യാഭ്യാസത്തിന്റെ ബാഹ്യഘടനയെ സംബന്ധിച്ച കാര്യങ്ങളിലാണ് ഏറെയും വ്യാപരിച്ചിരുന്നത്. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട ആന്തരഘടന പല കാരണങ്ങളാൾ നമ്മുടെ കൂലങ്കഷമായ വിചിന്തനങ്ങൾക്ക് വിഷയീഭവിച്ചില്ല. അതൊക്കെയും വിദഗ്ദ്ധന്മാരുടെ കാര്യമാണെന്നും സാധാരണക്കാർ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും നാം എങ്ങനെയോ ധരിച്ചുപോയി.

ബാഹ്യഘടനയെ സംബന്ധിച്ച് നാം നടത്തിയ സമരങ്ങൾ വൃഥാവിലായിട്ടില്ല. എല്ലാവർക്കും സ്കൂൾ സൗകര്യമേർപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്ന വസ്തുത അംഗീകരിക്കപ്പെട്ടതും നമ്മുടെ സംസ്ഥാനത്തിലെങ്കിലും, അത് ഏറെക്കുറെ നടപ്പിലായതും ഇതിന്റെ ഫലമായിട്ടാണ്. സ്വകാര്യമാനേജ്മെന്റിന്റെ അമിതാധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടത് ഇതിന്റെ മറ്റൊരു ഗുണഫലമാണ്. അധ്യാപനം അന്തസ്സുള്ള ഒരു തൊഴിലാണെന്നും അധ്യാപകൻ സമൂഹ പുനർനിർമ്മിതിക്കായി പടവെട്ടേണ്ട അഭിജാതനായ ഒരു പോരാളിയാണെന്നും അംഗീകരിക്കപ്പെട്ടത് നിരന്തരമായ ഇടപെടലുകളിലൂടെ തന്നെയാണ്. പന്തീരായിരം സ്കൂളുകളും സ്കൂളുകളും 2 ലക്ഷം അധ്യാപകരും 58 ലക്ഷം വിദ്യാർത്ഥികളുമടങ്ങിയ വിപുല ശൃംഖലയായി പത്താംതരം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖല വികസിച്ചത് കേരളസമൂഹംത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ഈ നേട്ടം തകർക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് യാതൊരു കാരണവശാലും അനുവദിച്ചുകൂടാ.

എന്നാൽ ബാഹ്യഘടനയിൽ കൈവരിച്ച നേട്ടങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ ആന്തര‌ഘടനയെ ബാധിച്ച ജീർണത് നമ്മുടെ ഗൗരവ പരിഗണനയിൽപെടാതെ പോയി. വിദ്യാഭ്യാസത്തിന്റെ മൊത്തം ഫലത്തെ ഇത് വല്ലാതെ ബാധിച്ചുവെന്ന് പറയാതെ വയ്യ. നമ്മുടെ കരിക്കുലം ഏറെ അശാസ്ത്രീയമാണ്. ടെക്സ്റ്റ് ബുക്കുകൾ നിലവാരം കുറഞ്ഞവയാണ്. പഠന-ബോധനരീതികൾ അങ്ങേയറ്റം പഴഞ്ചനാണ്. മൂല്യനിർണയം തെറ്റായ ഊന്നലുകളെ കേന്ദ്രീകരിച്ചാണ്. ക്ലാസ്റൂം അനുഭവങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് അത്യന്തം മുഷിപ്പനാണ്. അധ്യാപക സമൂഹത്തെ വൻതോതിലുള്ള അക്കാഡമിക ജാഡ്യം ബാധിച്ചിരിക്കുന്നു. മാർക്കിനെ മാത്രം ലക്ഷ്യം വെച്ചുള്ള പരീക്ഷകളും അതിനായി സൃഷ്ടിക്കപ്പെട്ട ഗൈഡ്‍മാർക്കറ്റും നമ്മുടെ വിദ്യാഭ്യാസ മേഖലയെ മൊത്തമായി വലയം ചെയ്തിരിക്കുന്നു. അതിരൂക്ഷമായ ഗുണനിലവാരത്തകർച്ചയാണ് നാം നേരിടുന്നത്. രക്ഷാകർത്തൃസമൂഹത്തിലെ നല്ലൊരു വിഭാഗമാവട്ടെ, ഭീമമായ ഒരു തെറ്റിദ്ധാരണയുടെ ഇരകളായിത്തീരുകയും 'മെച്ചപ്പെട്ട' വിദ്യാഭ്യാസം തേടി സ്വകാര്യമേഖലയിൽ തഴച്ചുവളരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ ധൃതികൊളളുന്ന സർക്കാരിന് ഇത് ഏറെ സൗകര്യപ്രദമാണെന്ന് പറയേണ്ടതില്ലല്ലോ.

അതുകൊണ്ട്, സ്വകാര്യമേഖലയെ ചെറുത്തു തോല്പിക്കാൻ നടത്തുന്ന ഏതൊരു സമരത്തിന്റെ വിജയവും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉയർത്താൻ നടത്തുന്ന പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്ലാസ്റൂമിനു പുറത്തു നടത്തുന്ന സമരത്തോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകർഷകമാക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം നേടിയെടുക്കാനുമുതകുന്ന ചില സമരങ്ങൾ ക്ലാസ്റൂമിനകത്തും നടത്തേണ്ടതുണ്ട്. അക്കാദമിക സമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മേഖലയിൽ ഏറെ സംഭാവന ചെയ്ത ഒരു സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സംഘടന ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഓർമ്മ പുതുക്കൽ തീർച്ചയായും പുതിയ പോരാട്ടങ്ങൾക്ക് അഗ്നി പകരും.

വിജ്ഞാനപരീക്ഷ മുതൽ വിജ്ഞാനോത്സവം വരെ

മൂല്യനിർണയ രീതിയിൽ വിപ്ലവാത്മകമായ നിരവധി സാധ്യതകൾ തുറന്നിട്ട വിജ്ഞാനോത്സവത്തിന്റെ പ്രാഗ്‍രൂപം 1974ൽ തൃശൂർ ജില്ലയിൽ നടത്തിയ യുറീക്ക വിജ്ഞാനപരീക്ഷയാണ്. അടഞ്ഞ ഒരു പ്രക്രിയയായി മാറിപ്പോയ സ്കൂൾ ശാസ്ത്രപഠനം വിജ്ഞാനത്തിന്റെ വിപുല മേഖലകളിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് യുറീക്ക വിജ്ഞാനപരീക്ഷ തുടങ്ങാൻ പ്രേരിപ്പിച്ചത്. തൃശൂരിലെ തുടക്കം വൻ വിജയമായി. അടുത്ത വർഷം വിജ്ഞാനപരീക്ഷ സംസ്ഥാനവ്യാപകമായി.

സ്കൂൾതലത്തിലെ വിജയം കോളേജ് തലത്തിലും ഒരു ചുവടുവെക്കാൻ ധൈര്യമേകി. 1975 ഡിസംബറിൽ ആദ്യത്തെ ശാസ്ത്രഗതി വിജ്ഞാനപരീക്ഷ അരങ്ങേറി. സയൻസ് ഫോറങ്ങളിലൂടെ ഒരു മാസം മുൻകൂട്ടി നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് വേണ്ടിയിരുന്നത്. ആരോടും ചോദിക്കാം. ഏതു പുസ്തകവും റഫർ ചെയ്യാം. സ്വതന്ത്രമായ അന്വേഷണങ്ങൾക്കും വിപുലമായ വായനക്കും ഇത് പ്രേരണയായി. പരീക്ഷയുടെ വ്യത്യസ്തമായ ശൈലി അതിനെ അന്വേഷണാത്മക പ്രോജക്ടിന്റെ തലത്തിലേക്ക് ഉയർത്തി.

യുറീക്ക വിജ്ഞാനപരീക്ഷയോടൊപ്പം ഒരു ക്വിസ് മത്സരമായി തുടങ്ങിയ ശാസ്ത്രകേരളം ക്വിസ് പിന്നീട് വിജ്ഞാനപരീക്ഷയുടെ രൂപത്തിലേക്ക് മാറ്റുകയാണുണ്ടായത്. ഒരാൾ ഉത്തരം പറഞ്ഞാൽ അടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ അടുത്ത ചോദ്യത്തിന് ഉത്തരം പറയാൻ അടുത്ത ആളിന് അവസരം കിട്ടുന്ന അന്നത്തെ ക്വിസ് രീതി തികച്ചും ഭാഗ്യപരീക്ഷണമായിരുന്നു. ഈ പോരായ്ക പരിഹരിക്കാനാണ് എല്ലാവർക്കും തുല്യ അവസരം കിട്ടുന്ന ചോദ്യരീതിയും പിന്നീട് എഴുത്തു രീതിയും പരിഷത്ത് ആവിഷ്കരിച്ചത്. ഇന്ന് ഈ രീതി എല്ലാവരും അംഗീകരിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ, ക്വിസും വിജ്ഞാനപരീക്ഷകളും അന്വേഷണ ബുദ്ധികളായ ഒരു സംഘം വിദ്യാർത്ഥികൾക്ക് തികഞ്ഞ ഉത്തേജനം നൽകി. തങ്ങളുടെ വൈജ്ഞാനികനേട്ടത്തിന്റെ ഉരകല്ലായി അവർ ഇത്തരം പരിപാടികളെ സ്വീകരിച്ചു. സർക്കാരും മറ്റു ഏജൻസികളും നടത്തുന്ന പരീക്ഷകളെക്കാളും അധ്യാപകരും വിദ്യാർത്ഥികളും പ്രാമുഖ്യം കൽപിച്ചത് പരിഷത്ത് നടത്തുന്ന വിജ്ഞാനപരീക്ഷകൾക്കായിരുന്നു.

എന്നാൽ നിലവാരത്തിൽ മികച്ചതെങ്കിലും ഇത്തരം പരീക്ഷകൾക്ക് തനതായ ചില പരിമിതികളുണ്ട്. അവ പരീക്ഷയോട് വിദ്യാർത്ഥികൾക്കുള്ള സ്വാഭാവികഭയത്തെ ഏറെയൊന്നും ലഘൂകരിച്ചില്ല. മത്സര ബുദ്ധി ആരോഗ്യകരമാക്കിയെന്നുേ പറഞ്ഞു കൂടാ. വൈജ്ഞാനിക മേഖലയ്ക്കപ്പുറം അത്തരം ചോദ്യരീതികൾക്ക് കടന്നു പോവാനാവില്ലായിരുന്നു. സർവ്വോപരി, ഗൈഡ്സംസ്കാരത്തെ മറികടക്കാൻ അതിനു കഴിഞ്ഞതുമില്ല. ഇത്തരം പരിമിതികളെ മറികടക്കാൻ നടത്തിയ നിരന്തരമായ ആലോചനകളാണ് വിജ്ഞാനോത്സവമെന്ന പുതുരൂപം തേടാൻ സംഖടനയെ പ്രേരിപ്പിച്ചത്.

1991ൽ ആരംഭിച്ച വിജ്ഞാനോത്സവം മൂല്യനിർണയ രീതിയിൽ അവതരിപ്പിച്ച മാറ്റങ്ങൾ ഇന്ത്യയിൽ മറ്റൊരു പരീക്ഷയ്ക്കും മൊത്തമായി അവകാശപ്പെടാൻ സാധിക്കാത്തവയാണ്.

1. ഏതാനും അധ്യാപകരും ഒരു സംഘം വിദ്യാർത്ഥികളും പങ്കെടുക്കുന്ന പരിപാടിയെന്ന നിലവിട്ട് ആയിരക്കണക്കിന് വിദ്യാഭ്യാസ പ്രവർത്തകരും ലക്ഷക്കണക്കിന് വിദ്യാർത്ഥികളും പങ്കെടുക്കുന്ന വമ്പിച്ച വിജ്ഞാനമേളയായി മാറി.

2. ബുദ്ധിശാലികളായ ഏതാനും മിടുക്കർക്കു വേണ്ടിയുള്ള പരീക്ഷയെന്ന അവസ്ഥയിൽ നിന്ന് സംസ്ഥാനത്തെ ഏതൊരു സ്കൂൾ വിദ്യാർത്ഥിക്കും രജിസ്റ്റർ ചെയ്യാവുന്ന നിലയിലേക്ക് അത് വളർന്നു.

3. ഭീതി വളർത്തുന്ന ഒരേർപ്പാട് എന്ന നിലയിൽ നിന്ന് കുട്ടികളിൽ ആനന്ദം പകരുന്ന ഒരുത്സവമായി മാറി.

4. ഒന്നോ രണ്ടോ മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്നോത്തരിയുടെ സ്ഥാനത്ത് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കടന്നുവന്നു. മേഖലാതലത്തിലാവട്ടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പഠനക്യാമ്പായി അത് വികസിച്ചു.

5. ഭാഷ, ഗണിതം, ശാസ്ത്രം, പൊതു വിജ്ഞാനം എന്നിങ്ങനെ അറിവിന്റെ ഭിന്നമേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി. ലിഖിതം, വാചികം, പ്രായോഗികം എന്നീ മൂന്നു തരം പ്രകടനങ്ങൾക്കും സന്ദർഭമൊരുക്കി, വൈജ്ഞാനിക മണ്ഡലത്തോടൊപ്പം വൈകാരിക – മനശ്ചാലക മേഖലകളും പരിശോധനയിലുൾപ്പെടുത്തി. വ്യക്തിഗതമായ ഇനങ്ങൾക്കൊപ്പം സംഘപ്രവർത്തനങ്ങൾക്കും അവസരമൊരുക്കി.

6. ലഘുവായ കളിപ്പാട്ട നിർമ്മാണം തൊട്ട് സ്വന്തം ഗ്രാമത്തിലെ സവിശേഷ പ്രശ്നങ്ങൾ പഠിക്കുന്നതു വരെയുള്ള പ്രൊജക്ട് പ്രവർത്തനങ്ങൾ പരീക്ഷയുടെ അനുബന്ധമായി ഉൾപ്പെടുത്തി.

7. ഒന്നും രണ്ടും സ്ഥാനങ്ങൾ എന്നതിനു പകരം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യത്തെ അഞ്ചു പേർ എന്ന പരിഗണന അവതരിപ്പിച്ചു.

8. ചോദ്യ നിർമാണത്തിലടക്കം സാധ്യമായ എല്ലാ മേഖലകളിലും വികേന്ദ്രീകരണം നടപ്പിലാക്കി.

വിജ്ഞാനോത്സവത്തിലൂടെ മുന്നോട്ടു വെക്കുന്ന ബോധന-മൂല്യനിർണയ തന്ത്രങ്ങൾ അതിൽ പങ്കാളികളാവുന്ന അധ്യാപകരിലേക്കും സാവധാനം സംക്രമിക്കുമെന്ന ഉത്തമവിശ്വാസം സംഘടനയ്ക്കുണ്ട്. വർഷം കഴിയുന്തോറും അധ്യാപകരിൽ നിന്നു കിട്ടുന്ന വർദ്ധിച്ച പങ്കാളിത്തം ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. അക്കാദമിക കാര്യത്തിലും തങ്ങൾക്ക് ഇടപെടാനാവുമെന്ന അനുഭവം രക്ഷാകർത്താക്കളെയും യുവജനങ്ങളെയും പൊതു പ്രവർത്തകരെയും വിജ്ഞാനോത്സവവുമായി കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു.

സ്കൂൾ കോംപ്ലക്സ്, എം.എൽ.എൽ. എന്നിവയുടെ ഭാഗമായി കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നടപ്പിലായിക്കൊണ്ടിരിക്കുന്നു. പുതിയ മൂല്യനിർണയരീതികളുടെ വേരുകൾ തിരഞ്ഞാൽ നാം എത്തിച്ചേരുന്നതും മറ്റൊരിടത്തല്ല. ഈ മാറ്റം പ്രതീക്ഷാനിർഭരമാണെന്ന് പറയാതെ വയ്യ.

ബാലവേദി മുതൽ അഖിലേന്ത്യാ ബാലോത്സവം വരെ

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള സയൻസ് ക്ലബ്ബുകൾ മുമ്പ് തന്നെ നമ്മുടെ സ്കൂളുകളിൽ ഉണ്ടായിരുന്നു. എന്നാൽ അവയുടെ പ്രവർത്തനം സജീവമായിരുന്നില്ല. 1970കളുടെ ആരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബുകൾ പ്രവർത്തന നിരതമാക്കാനുള്ള ഒരു പരിശ്രമത്തിനും സംഘടന തുടക്കമിട്ടു. ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുവാനും ഉദ്ദേശിച്ച് ജില്ലാതലത്തിൽ സ്കൂൾ ലെയ്സൺ കമ്മിറ്റികളും രൂപീകരിച്ചു. ഫലം അത്യന്തം ആശാവഹമായിരുന്നു. രണ്ടു വർഷത്തിനകം തന്നെ 1500 സയൻസ് ക്ലബ്ബുകൾ രൂപീകരിക്കാനും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കഴിഞ്ഞു. ഇത്തരം ക്ലബ്ബുകൾ രൂപീകരിക്കാനും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കഴിഞ്ഞു. ഇത്തരം ക്ലബ്ബുകൾക്ക് സംഘടനയിൽ അഫിലിയേഷൻ നൽകി. സ്കൂൾ ലാബുകൾ കൂടുതലായി ഉപയോഗപ്പെടുത്തുവാനും ശാസ്ത്രോപകരണങ്ങളുടെ മാതൃകകളും മറ്റും നിർമ്മിക്കുവാനും ശാസ്ത്രമേളകൾ സംഘടിപ്പിക്കുവാനും സർക്കാർ നൽകിയ സയൻസ് കിറ്റുകൾ പ്രയോജനപ്പെടുത്തുവാനും ഇതു വഴി കുറയൊക്കെ സാധിച്ചു. ഈ സംസ്കാരത്തിന്റെ ഒരംശം ഇന്നും മിക്ക സ്കൂളുകളിലും ബാക്കി നിൽക്കുന്നുണ്ട്. ചിലേടങ്ങളിൽ കൂടുതൽ മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഔപചാരിക മേഖലയ്ക്കാനായില്ല. തല്പരരായ അധ്യാപകരുടെ സാന്നിധ്യം ഉള്ള സ്ഥലത്തേ കാര്യങ്ങൾ സുഗമമായി നടന്നുള്ളു. സ്കൂളിനു പുറത്ത് കഴിയാവുന്നത്ര കുട്ടികളെ സംഘടിപ്പിച്ച് ശാസ്ത്രബോധവും പുതിയ ഒരു ജീവിതബോധവും അവരിൽ വളർത്തിയെടുക്കാനുള്ള കൂടുതൽ ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് 1978ലാണ്. പരിഷത്തിന്റെ ജൂനിയർ അംഗങ്ങളായ ബാലവേദി കൂട്ടുകാരുടെ പ്രവർത്തനം ആരംഭിക്കുന്നത് ഈ വർഷത്തിലാണ്. ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിട്ടുപോയ കുട്ടികൾക്കും ഈ കൂട്ടായ്മയിൽ പങ്കുചേരാമായിരുന്നു. ബാലവേദികൾക്കും സംഘടനയിൽ അഫിലിയേഷൻ നൽകി. ബാലവേദി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ഊർജ്ജസ്വലമാക്കുവാനും '81ലും '84ലും '93ലും കൈപ്പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. '82 മുതൽ സി.വി.രാമന്റെ ജന്മദിനമായ നവംബർ 7 ബാലവേദി ദിനമായി ആചരിച്ചു വരുന്നു. ക്ലാസ്റൂമിൽ നിന്നു കിട്ടുന്നതിൽ നിന്ന് ഭിന്നവും ഏറെ രസകരവുമായ നിരവധി അനുഭവങ്ങൾ ബാലവേദികൾ കൂട്ടുകാർക്ക് പകർന്നു. വാസ്തവത്തിൽ പഠനം രസകരമാക്കാനും അധ്യാപനം അതിമധുരമാക്കാനും പരിഷത്ത് ആവിഷ്കരിച്ച തന്ത്രങ്ങളൊക്കെയും ബാലവേദികളിൽ പരീക്ഷിച്ചു വിജയം കണ്ടവയാണ്. പാട്ട്, കഥ, അഭിനയം, പ്രകൃതി പാഠം എന്നിവയിലൂടെ മുന്നേറിയ ബാലവേദികളിലൂടെയാണ് കുട്ടികളുടെ തീയറ്റർ, പപ്പറ്റ് തീയറ്റർ തുടങ്ങിയ വിപുല സങ്കല്പനങ്ങളിലേക്ക് പിന്നീട് പരിഷത്ത് എത്തിച്ചേർന്നത്.

ബാലവേദികളിലൂടെ ഉരുത്തിരിയിച്ച ഫലപ്രദമായ ബോധന രീതികൾ സ്കൂളുകളിൽ പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചു കൊണ്ട് '86ൽ രണ്ട് ബാലോത്സവജാഥകൾ സംഘടിപ്പിച്ചു. കളി, പാട്ട്, പാവനാടകം, രൂപകം തുടങ്ങിയവയിലൂടെ പാഠഭാഗങ്ങൾ രസകരമായി അവതരിപ്പിച്ചു കൊണ്ട് സ്കൂളുകളിലൂടെ സഞ്ചരിച്ച ജാഥകൾ തൃശൂരിൽ സംഗമിച്ചു. അതേവർഷം തന്നെ സംസ്ഥാനതലത്തിൽ ഒരു ബാലോത്സവം കൊല്ലത്ത് സംഘടിപ്പിച്ചു. '87ൽ ഈ പരിപാടിയെ അഖിലേന്ത്യാതലത്തിലേക്ക് വികസിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 361 കുട്ടികൾ ഉൾപ്പെടെ മൊത്തം 1071 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അതിഥി-ആതിഥേയ രീതിയിൽ തൃശൂരിൽ സംഘടിപ്പിച്ച അഖിലേന്ത്യാബാലോത്സവം ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ സുവർണസംരംഭമായിത്തീർന്നു. അരവിന്ദ് ഗുപ്ത, അബ്ദുൾഭായി, രാമാനുജം, സുബ്ബറാവു, ഡോ. സുകന്യ ആഗാഷെ, ബാപ്പുജി തുടങ്ങിയ ധാരാളം വിദഗ്ദ്ധർ അന്ന് തൃശൂരിലുണ്ടായിരുന്നു. പാട്ട്, കളി, അഭിനയം, ശാസ്ത്രപരീക്ഷണങ്ങൾ, കൗതുകവസ്തു നിർമ്മാണം, ഇക്ട്രോണിക്സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള മൂലകളിലാണ് പരിപാടികൾ അരങ്ങേറിയത്. ബദൽ ബോധന തന്ത്രങ്ങളുടെ പഠനം രസകരമാക്കാനുള്ള വിവിധ മാർഗ്ഗങ്ങളുടെയും ഒരു ദേശീയതല സംഗമമായിരുന്നു തൃശൂരിൽ നടന്നത്. ഈ മാതൃക പിന്നീട് പല സംസ്ഥാനങ്ങളിലും അനുവർത്തിക്കുകയുണ്ടായി.

'88ൽ 7 മേഖലാബാലോത്സവ ജാഥകളാണ് നടന്നത്. മൊത്തം 525 കേന്ദ്രങ്ങളിൽ പരിപാടി അരങ്ങേറി. ജാഥയുടെ മുന്നോടിയായി സംഘടിപ്പിച്ച പഠനം രസകരമാക്കൽ പരിപാടി 1122 സ്കൂളുകളിൽ നടക്കുകയുണ്ടായി. '89ലാകട്ടെ 4 മേഖലാ ബാലോത്സവങ്ങളാണ് നടന്നത്. തുടർന്നുള്ള വർഷങ്ങളിൽ അവധിക്കാലത്ത് 'പഠനോത്സവ'മെന്ന പേരിലും മറ്റും ഇത്തരം ക്യാമ്പുകൾ അവിടവിടെ നടന്നു വരികയാണ്.

കുട്ടികളായ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാപരിപാടികളാണ്. '93ൽ നടത്തിയ 'കിളിക്കൂട്ടം' ജാഥയുടെ സവിശേഷത്. പാഠപുസ്തകങ്ങളിലെ ഇനങ്ങൾക്കൊപ്പം വർഗീയത പോലുള്ള സമകാലിക പ്രശ്നങ്ങളും കുട്ടികൾ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചു.

എഴുപതുകളിൽത്തന്നെ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവന്ന ശാസ്ത്രപോഷണ ക്ലാസ്സുകളാണ് ബോധനരംഗത്തെ മറ്റൊരിടപെടൽ. സ്കൂളിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ആവത്തിലുള്ള അവതരണമാണ് ഇത്തരം ക്ലാസ്സുകളിലൂടെ അവധിക്കാലം ഉപയോഗിച്ച് നടത്തിയത്.

'89ൽ ആരംഭിച്ച് പിന്നീട് വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ച ശാസ്ത്ര സഹവാസ ക്യാമ്പും തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസര സഹവാസ ക്യാമ്പും ബാലോത്സവങ്ങളുടെ വ്യത്യസ്തമായ പതിപ്പുകൾ തന്നെ. ഉദ്ഗ്രഥിത രീതിയിലുള്ള ശാസ്ത്രപഠനമായിരുന്നു ഇവയുടെ സവിശേഷത.

ഇങ്ങനെ സയൻസ് ക്ലബ്ബുകളിലൂടെ നടത്തിയ ഔപചാരികമായ ഇടപെടലുകളും ബാലവേദി, ബാലോത്സവം, സഹവാസക്യാമ്പുകൾ എന്നിവയിലൂടെ വികസിപ്പിച്ച അനൗപചാരിക ഇടപെടലുകളും അക്കാദമിക മേഖലയിൽ മൗലികമായ നിരവധി ആശയങ്ങൾ ആവിഷ്കരിക്കാനും പ്രയോഗിക്കാനും അതുവഴി വിജ്ഞാന തത്പരരായ വലിയ വിഭാഗമാളുകളെ സംഘടനയുടെ ബന്ധുക്കളാക്കാനും കഴിഞ്ഞു. ഈ അനുഭവങ്ങൾ സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഉതകും. അക്കാഡമിക രംഗത്ത് അടിയന്തിരമായി നടത്തേണ്ട സംഘടിത സംരംഭങ്ങൾക്ക്, ഏറെ ശ്രമം ചെയ്ത് പരിഷത്ത് വളർത്തിയെടുത്ത ബോധനമാർഗ്ഗങ്ങൾ പ്രധാന ആശ്രയമായി മാറും.

അധ്യാപക പരിശീലനം മുതൽ മോഡ്യൂൾ നിർമ്മാണം വരെ

കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അധ്യാപക പരിശീലനത്തിനു വിധേയമാവാത്തവർ നന്നേ ചുരുക്കമാണ്. എന്നാൽ പരിശീലനത്തിലെ പോരായ്മകൾ പരിഹരിക്കാനും പുതിയ ആശയങ്ങളും തന്ത്രങ്ങളും അവരിലെത്തിക്കാനും ഫലപ്രദമായ യാതൊരു സംവിധാനവും അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല. ഡയറ്റുകളുടെ ആവിർഭാവം സ്ഥിതി അല്പം ഭേദമാക്കിയിട്ടുണ്ടെന്നു പറയാം.

ഈയൊരു പരിതസ്ഥിതിയിൽ നമ്മുടെ അധ്യാപകർ പഴകിയ രീതികളിൽത്തന്നെ തടഞ്ഞു നിന്നു. ബോധന രീതികളിൽ പരീക്ഷണങ്ങൾ നടത്തണമെന്ന് ആഗ്രഹിച്ച ഒരു ന്യൂനപക്ഷം നമ്മുടെ അധ്യാപകർക്കിടയിലുണ്ടായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അക്കാദമിക് അന്തരീക്ഷം നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നില്ല. ക്രിയാത്മകതയുടെ ഈ ഗ്രഹണവേളയിൽ അവർക്ക് അല്പമെങ്കിലും വെളിച്ചം പകരാൻ പരിഷത്ത് നടത്തിയ ശ്രമങ്ങൾ വളരെ സുഘടിതമായിരുന്നില്ലെങ്കിലും അവയുടെ മൂല്യം ഒട്ടും ചെറുതല്ല.

'65ലാണ് എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പാഠ്യപദ്ധതി നമ്മുടെ സ്കൂളുകളിൽ അരങ്ങേറിയത്. ഉള്ളടക്കത്തിന്റെ അളവിലും വിന്യാസത്തിലും വരുത്തിയ പെട്ടെന്നുള്ള മാറ്റങ്ങൾ നമ്മുടെ അധ്യാപകരിൽ വല്ലാത്ത അങ്കലാപ്പുണ്ടാക്കി. മതിയായ പരിശീലനം നൽകാനും സംശയനിവൃത്തി വരുത്താനും സർക്കാർ തലത്തിൽ യാതൊരു സംവിധാനവും ഏർപ്പെടുത്താത്ത സാഹചര്യത്തിൽ പരിഷത്ത് നടത്തിയ ചില ശ്രമങ്ങൾ അധ്യാപകർക്ക് വളരെ ആശ്വാസം പകർന്നു. കോളേജ് അധ്യാപകരെ ഉപയോഗിച്ചു കൊണ്ട് ചില പരിശീലന ക്ലാസ്സുകൾ പരിഷത്ത് സംഘടിപ്പിച്ചു. സംഘടനയുടെ അന്നത്തെ ആൾശേഷിയും മറ്റും വെച്ച് നോക്കുമ്പോൾ ഇതൊരു വൻപ്രവർത്തനമായിരുന്നു. ധാരാളം സ്കൂൾ അധ്യാപകരെ സംഘടനയിലേക്ക് ആകർഷിക്കാൻ ഇതു വഴി സാധിച്ചു.

നമ്മുടെ ശാസ്ത്ര പാഠപുസ്തകങ്ങൾ ഒട്ടു മുക്കാലും വിജ്ഞാനശകലങ്ങൾ കുത്തി നിറച്ച പരുവത്തിലാണല്ലോ. 'ശാസ്ത്രം പ്രവർത്തനമാണ്' എന്ന പ്രാഥമിക തത്വം അവയുടെ രചയിതാക്കൾ വിസ്മരിച്ചുവോ എന്നു സംശയം തോന്നും. ഈയൊരവസ്ഥയിൽ ഒരു മാതൃകാ ശാസ്ത്രപാഠപുസ്തകമെന്നത് ഇന്നും നമുക്കൊരു സ്വപ്നമാണ്. ഈ ദിശയിൽ ആലോചിച്ചതിന്റെ ഫലമായി, '81ൽ പ്രസിദ്ധീകരിച്ച 'പ്രൈമറി സയൻസ്' എന്ന പുസ്തകം ശാസ്ത്ര പാഠപുസ്തകങ്ങൾ എങ്ങനെയായിരിക്കണമെന്നതിന്റെ ഒരേകദേശചിത്രം അവതരിപ്പിക്കുന്നുണ്ട്. ഈ മേഖലയിൽ ഇനിയും കൂടുതൽ ചെയ്യാനുള്ള ആലോചനയിലാണ് സംഘടന.

'84ൽ നടത്തിയ നഴ്സറി അധ്യാപക പരിശീലനവും പരാമർശിക്കേണ്ടതുണ്ട്. ഇന്നും നമ്മുടെ പ്രീപ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്നവരിൾ ഭൂരിപക്ഷവും യഥാർഥ പരിശീലനം കിട്ടിയവരല്ല. പരിശീലനം കിട്ടിയവരുടെ കാര്യത്തിലാവട്ടെ, പരിശീലനത്തിന്റെ കാലയളവും ഗുണമേന്മയും മതിയായ അളവിലല്ല എന്നും കാണാം. ഇന്ന് ഏറ്റവും അശാസ്ത്രീയമായി കൈകാര്യ ചെയ്യപ്പെടുന്ന മേഖല പ്രീപ്രൈമറി തന്നെയാണ്. '84ൽ ഈ മേഖലയിലെ അധ്യാപകർക്ക് ലഘുവായ ചില പരിശീലനങ്ങൾ നൽകാൻ മിക്ക ജില്ലകളിലും സംഘടന ശ്രമിക്കുകയുണ്ടായി. '95ൽ കോഴിക്കോടു വെച്ചു നടത്തിയ പ്രീപ്രൈമറി രേഖാ അവതരണവും ചർച്ചയും വെളിവാക്കുന്ന വസ്തുത, കൂടുതൽ ഗൗരവപൂർവമായ ഇടപെടലും വ്യാപകമായ ബോധവത്കരണവും ഈ മേഖലയിൽ ആവശ്യമാണെന്നാണ്.

സ്കൂൾ അധ്യാപകർക്ക് പുനഃപരിശീലനം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് ഒരു ക്യാമ്പ് '86ൽ മഞ്ചേരിയിൽ സംഘടിപ്പിക്കുകയുണ്ടായി. എങ്കിലും ഒരു അനൗദ്യോഗിക സംഘടനയെന്ന് നിലയിൽ പരിഷത്തിന് അതിബൃഹത്തായ ഈ പ്രവർത്തനം തൃപ്തികരമായ രീതിയിൽ തുടരാനായിട്ടില്ല.

പുതിയ ശാസ്ത്ര പാഠപുസ്തകമൊരുക്കുന്നതു പോലെ തന്നെ പ്രധാനമാണ് നിലവിലുള്ള പാഠപുസ്തകങ്ങൾക്ക് അധ്യാപക സഹായികൾ തയ്യാറാക്കുന്നതും. സർക്കാർ വല്ലപ്പോഴും ഇറക്കുന്ന ഹാൻഡ് ബുക്കുകൾ എത്തേണ്ടിടത്ത് എത്താത്തതു കൊണ്ടും ഭാവനാദാരിദ്ര്യം കൊണ്ടും ശുഷ്കഫലമേ ചെയ്യുന്നുള്ളൂ. നിലവിലുള്ള പാഠപുസ്തകങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ആവശ്യമുള്ളേടത്ത് കൂടുതൽ വിശദീകറണങ്ങൾ ചേർക്കുക, സംശയനിവാരണം വരുത്തുക, ക്ലാസ്‍മുറികളിൽ എളുപ്പത്തിൽ നടത്താവുന്ന പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നിർദ്ദേശിക്കുക എന്നിങ്ങനെ ഈ മേഖലയിൽ ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഹൈസ്കൂൾ ക്ലാസ്സുകളിൽ ഭൗതികശാസ്ത്രം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഉദ്ദേശിച്ച് '88ൽ പുറത്തിറക്കിയ 'ഹൈസ്കൂൾ ഭൗതികം' അത് ഉപയോഗിക്കാൻ സന്ദർഭം കിട്ടിയവർക്ക് നിധി കിട്ടിയ ഫലം ചെയ്തു. ഈ പ്രവർത്തനം കൂടുതൽ ക്ലാസ്സുകളിലേക്കും വിഷയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നുണ്ട്.

'90ൽ തിരുവനന്തപുരത്തു നടത്തിയ വിദ്യാഭ്യാസ ശില്പശാലയാണ് ഈ രംഗത്തെ മറ്റൊരു സംരംഭം. അക്കാദമിക് വിദഗ്ദ്ധരും അധ്യാപകരും ധാരാളമായി പങ്കു കൊണ്ട ഈ ശില്പശാലയിൽ കരിക്കുലം, സിലബസ്, അധ്യാപനരീതി, മൂല്യനിർണയം, പരിശീലനം, വിജ്ഞാനമേള എന്നിവ ആഴത്തിൽ പരിശോധിക്കുകയുണ്ടായി.

1 മുതൽ 4 വരെ ക്ലാസ്സുകളിലെ ബോധന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുദ്ദേശിച്ച് '92-'93ൽ തയ്യാറാക്കിയ മോഡ്യൂളുകൾ അധ്യാപനം അതിമധുരമാക്കാനും പഠനം രസകരമാക്കാനും വേണ്ടി പരിഷത്ത് ഏറ്റെടുത്ത ബൃഹത് സംരംഭമാണ്. മേൽക്ലാസ്സുകളിലെ വിവിധ വിഷയങ്ങളിൽപെട്ട ഓരോ പാഠഭാഗവും പ്രവർത്തനാധിഷ്ഠിതമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് നടന്നത്. പൂർണത അപകാശപ്പെടാനാവില്ലെങ്കിലും കേരളത്തിൽ മറ്റൊരു പ്രസ്ഥാനവും ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് ഓർക്കണം. തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പ്രവർത്തനം പിന്നീട് സംസ്ഥാനതലത്തിലേക്ക് ഉയർത്തുകയാണുണ്ടായത്. സമീപകാല കോംപ്ലക്സ് പ്രവർത്തനത്തിൽ ഈ മോഡ്യൂളുകൾ നല്ലതോതിൽ പ്രയോജനപ്പെട്ടു വരുന്നു.


ശാസ്ത്ര കൗതുകം മുതൽ ടോട്ടോച്ചാൻ വരെ

ശാസ്ത്രപ്രസാധകരംഗത്ത് പരിഷത്ത് കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയിൽത്തന്നെ അപൂർവമാണ്. ഏറ്റവുമേറെ വിറ്റഴിക്കപ്പെടുന്ന ശാസ്ത്രമാസികകളും ബാലശാസ്ത്രഗ്രന്ഥങ്ങളും ശാസ്ത്രവിജ്ഞാനകോശങ്ങളും പരിഷത്ത് പുറത്തിറങ്ങുന്നവയാണ്. പ്രസിദ്ധീകരണങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വ്യത്യസ്തമേഖലകളിൽ പരിഷത്ത് സംഘടിപ്പിക്കുന്ന ഒട്ടുമുക്കാൽ പ്രവർത്തനവും നടക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖയിലുള്ളവരെയും പ്രവർത്തകരെയും ഉദ്ദേശിച്ചു കൊണ്ട് '66ൽ പ്രസിദ്ധീകരണമാരംഭിച്ച 'ശാസ്ത്രഗതി'യിലൂടെയും ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ച് '69 മുതൽ ഇറക്കുന്ന 'ശാസ്ത്രകേരള'ത്തിലൂടെയും പ്രൈമറി വിദ്യാർത്ഥികൾക്കായി '70 മുതൽ പുറത്തിറക്കുന്ന 'യുറീക്ക'യിലും നാളിതുവരെ അച്ചടിക്കപ്പെട്ട ശാസ്ത്രലേഖനങ്ങൾക്കും കഥകൾക്കും കവിതകൾക്കും കുറിപ്പുകൾക്കും യാതൊരു കണക്കുമില്ല. രജതജൂബില ആഘോഷിക്കുന്ന യുറീക്കയിൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയ രചനകളുടെ ഒരു സമാഹാരം ഇറക്കാനുള്ള ശ്രമം നടന്നു വരികയാണ്.

'76ൽ പുറത്തിറങ്ങിയ 'ഫ്യൂച്ചറോളജി'യുടെ പ്രസിദ്ധീകരണത്തോടെയാണ് പുസ്തക പ്രസിദ്ധീകരണ മേഖലയിൽ പരിഷത്ത് കൈ വെക്കുന്നത്. ഇതിനകം അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു. അതിൽ ഭൂരിഭാഗവും വിദ്യാഭ്യാസമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളവയാണ്. ആഴിയുടെ അടിത്തട്ടു മുതൽ അനന്തമായ ആകാശത്തിന്റെ അതിരുകൾ വരെയും സൂക്ഷ്മ കണികാലോകം മുതൽ സ്ഥൂലപ്രപഞ്ചം വരെയും വിഷയമേഖല വ്യാപിച്ചു കിടക്കുന്നു. കൗതുകവസ്തു നിർമ്മാണം തൊട്ട് ഗഹനമായ ശാസ്ത്രചർച്ചകൾ വരെ അയിൽ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു.

സമ്മാനപ്പെട്ടി (1977), സയൻസ് ക്രീം (1980), ബാലശാസ്ത്രസാഹിത്യമാല (1994) എന്നിവ ശാസ്ത്രഗ്രന്ഥമാലകളാണ്.

1982ൽ മുതിർന്നവരെ മുഖ്യമായും ഉദ്ദേശിച്ച് പുറത്തിറക്കിയ 'ശാസ്ത്രകൗതുകം' അതിൽ കൈകാര്യം ചെയ്ത വിഷയങ്ങളുടെ വ്യാപ്തികൊണ്ടും ഗഹനത കൊണ്ടും മലയാളത്തിലെ സമാനതകളില്ലാത്ത ഒരു ഗ്രന്ഥപരിശ്രമമായി മാറിയിരിക്കുന്നു. കുട്ടികളെ ഉദ്ദേശിച്ചുള്ള മറ്റു രണ്ട് ജിജ്ഞാസകോശങ്ങളാണ് 'എന്തുകൊണ്ട്? എന്തുകൊണ്ട്?' (1990), 'എങ്ങനെ? എങ്ങനെ? എങ്ങനെ?' (1991) എന്നിവ.

ഹൈസ്കൂൾ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനിടയിൽ കണ്ടു മുട്ടുന്ന നിരവധി ശാസ്ത്രപദങ്ങൾക്കുള്ള വിശദീകരണമാണ് 'ഹൈസ്കൂൾ ശാസ്ത്രനിഘണ്ടു' (1990). ശാസ്ത്രകാരന്മാരുടെ ലഘുജീവചരിത്രങ്ങളിലൂടെ ശാസ്ത്രചരിത്രം രചിക്കാൻ നടത്തിയ ശ്രമമാണ് 'ശാസ്ത്രചരിത്രം - ജീവചരിത്രങ്ങളിലൂടെ' (1993).

ലഘുവായ ശാസ്ത്രപരീക്ഷണങ്ങളുടെ സമാഹരങ്ങളെന്ന നിലയിലും വിവിധ മേഖലകളുടെ സവിശേഷ പഠനങ്ങളെന്ന നിലയിലും ലളിതവും രസകരവുമായ ശൈലിയിൽ എഴുതപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. കുട്ടികളിലെ അന്വേഷണവാസനയെ ഗവേഷണതലത്തിലേക്ക് ഉയർത്തിയെടുക്കാൻ ലക്ഷ്യം വെച്ച കൃതികളാണ് 'ശാസ്ത്രാന്വേഷണ പ്രൊജക്ടുകളും പരീക്ഷണങ്ങളും' എന്ന ആദ്യകാല കൃതിയും ഈ വർഷം പുറത്തിറക്കിയ 'കുട്ടികളുടെ പ്രോജക്ട് എന്ത്? എങ്ങനെ?' എന്ന ഗ്രന്ഥവും.

ബോധനരംഗത്തെ മാറ്റങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയെന്ന നിലയിൽ ഈ രംഗത്തെ മൗലികഗ്രന്ഥങ്ങൾ മലയാളത്തിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കാനും സംഘടന ശ്രമിച്ചിട്ടുണ്ട്. ഗിജുബായി ബഘേകയുടെ ഗുജറാത്തി രചനയായ 'ദിവാസ്വപ്ന'വും (1987) തെത്സുകോ കുറോയാനഗിയുടെ ജപ്പാനീസ് കൃതിയായ 'ടോട്ടാച്ചാനും' (1991) ഈ ഗണത്തിൽ പെടുന്നു. കുട്ടികളുടെ പ്രത്യേക താൽപര്യം പിടിച്ചെടുത്ത തർജ്ജമകളാണ് 'ഇത്തിരിശാസ്ത്രം' (അരവിന്ദ് ഗുപ്ത), 'കളിച്ചെപ്പ്' (അരവിന്ദ് ഗുപ്ത, രമേശ് കോത്താരി) എന്നിവ.

നഴ്സറി രംഗത്തെ പ്രശ്നങ്ങളെ ഗൗരവപൂർവ്വം സമീപിക്കുന്ന ഗ്രന്ഥങ്ങളാണ് 'നഴ്സറി വിദ്യാഭ്യാസം എന്ത്? എന്തിന്?, 'വീദ്യാഭ്യാസം 5 വയസ്സിനു മുമ്പ്' എന്നിവ.

വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകളെ കാലാകാലം കടന്നാക്രമിച്ചു കൊണ്ടും വിദ്യാഭ്യാസ രംഗത്ത് അടിയന്തിരമായി വരുത്തേണ്ട പരിഷ്കാരണങ്ങൾ നിർദ്ദേശിച്ചു കൊണ്ടും ഒട്ടേറെ ലഘുലേഖകൽ ഇറക്കുകയുണ്ടായി. '82ൽ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖ വ്യാപകമായ ചർച്ചകൾ ഉയർത്തുകയുണ്ടായി. 'വിദ്യാലയവും രക്ഷിതാവും' (1983), 'വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകളെ ചെറുക്കുക' (1983), 'വീദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ' (1985), 'സ്വകാര്യവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം' (1986), 'വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾ' (1988), 'കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനർ നിർണയം' (1991), 'കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരം - ചില നിർദ്ദേശങ്ങൾ' (1992), 'കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്നങ്ങളും കടമകളും' (1994), എന്നിവ ലഘുലേഖകളിൽ ചിലതാണ്.

എറണാകുളം പദ്ധതി മുതൽ അക്ഷരകേരളം പരിപാടി വരെ

ബഹുഭൂരിപക്ഷവും നിരക്ഷരതയിലാണ്ട ഒരു രാജ്യത്ത് ശാസ്ത്രീയമായ അറിവുകളുടെ വ്യാപനം എളുപ്പമല്ല. അറിയുകയാണ് മാറ്റത്തിന്റെ ആരംഭം എന്നതുകൊണ്ട് എല്ലാവരെയും അറിയാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് മുമ്പേതന്നെ പരിഷത്ത് കണ്ടെത്തിയിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങൾക്കായി ഒരു സബ്കമ്മിറ്റി തന്നെ 1977ൽ രൂപീകരിച്ചു. അടുത്ത അഞ്ചു വർഷത്തിനകം മുഴുവൻ കേരളീയരേയും സാക്ഷരരാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു പ്രൊജക്ട് റിപ്പോർട്ട് '78ൽ തയ്യാറാക്കുകയുണ്ടായി. '79ൽ ഗ്രാമശാസ്ത്രസമിതികളുടെ നേതൃത്വത്തിൽ കുറേ സാക്ഷരതാ ക്ലാസ്സുകൾ ആരംഭിക്കുകയുമുണ്ടായി. എന്നാൽ ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ ഈ രംഗത്ത് കാര്യമായ ഫലങ്ങൾ ചെയ്യില്ലെന്ന് വളരെ വേഗം വ്യക്തമായി.

സാക്ഷരതാ പ്രവർത്തനം വീണ്ടും സംഘടനയുടെ മുഖ്യ പരിഗണനയിൽ വരുന്നത് '86ൽ എറണാകുളത്തു വച്ച് നടന്ന 23-ആം വാർഷിക സമ്മേളനത്തിലാണ്. അഞ്ചു വർഷത്തിനകം കേരളത്തെ സമ്പൂർണ്ണ സാക്ഷരതയിലെത്തിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. '91ൽ കേരളം സമ്പൂർണ സാക്ഷരമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ വാസ്തവത്തിൽ ഈ സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു.

'89ജനുവരി 26 മുതൽ '90 ഫെബ്രുവരി 4 വരെ നടന്ന എറണാകുളം സാക്ഷരതാ പദ്ധതി ദേശീയ സാക്ഷരതാ മിഷൻ പരിഷത്തിന് അനുവദിച്ച പ്രൊജക്ട് ആയിരുന്നു. എന്നാൽ ഒറ്റപ്പെട്ട പ്രവർത്തനം അഭികാമ്യമല്ലെന്ന തീരുമാനത്തിന്റെ വെളിച്ചത്തിൽ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സൊസൈറ്റിയെ ആ പ്രവർത്തനം ഏൽപ്പിച്ചു കൊണ്ട് അതിന്റെ എല്ലാ രംഗത്തും മറ്റുള്ളവരോടൊപ്പം ആവോളം മുഴുകാനാണ് സംഘടന ശ്രമിച്ചത്. '90 ഫെബ്രുവരി 4 മുതൽ '91 ഏപ്രിൽ 18 വരെ നടന്ന അക്ഷരകേരളം പരിപാടിയിലും സംഘടനയുടെ നിലപാട് ഇതു തന്നെയായിരുന്നു.

സംഘടന നാളിതുവരെ നേടിയെടുത്ത അനുഭവ പാഠങ്ങളും കർമ്മപരിപാടികളും സംഘടനാശേഷിയുമൊക്കെ സാക്ഷരതാ പ്രവർത്തനത്തിൽ പൂർണായും വിനിയോഗിച്ചു. പ്രസ്തുത കാലയളവിൽ മറ്റു രംഗത്തെ പ്രവർത്തനങ്ങളൊക്കെയും ഏതാണ്ട് മരവിപ്പിക്കേണ്ടി വന്നു. സംഘടനയുടെ മുഖ്യ പ്രവർത്തകരൊക്കെയും പദ്ധതിയുടെ ഏതെങ്കിലും മേഖലയിൽ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു. പ്രചാരണരംഗത്ത് കലാ ജാഥകളിലൂടെ പരിഷത്ത് സമാഹരിച്ച അനുഭവം അങ്ങേയറ്റം സഹായകമായി. ഗവേഷണരംഗത്തെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുതകി. ബോധനമേഖലയിലെ കയ്യിരിപ്പുകൾ പഠനരംഗം സജീവമാക്കി. സംഘടനയ്ക്ക് അന്നു വരെ വശമില്ലാതിരുന്ന മറ്റേറെ പ്രവർത്തനങ്ങളും സന്ദർഭവശാൽ രൂപപ്പെടുത്താനായി. ജീവിതത്തിന്റെ നാനാ തുറകളിലുംപെട്ട പ്രസ്ഥാനങ്ങളിലും വ്യക്തികളും ഒന്നു ചേർന്നുകൊണ്ടു മുന്നോട്ടു കൊണ്ടുപോയ പദ്ധതിയിൽ പരിഷത്തിന്റെ സംഭാവന വലുതായിരുന്നു. വിശാലമായ ഒരു ചട്ടക്കൂടിനകത്ത് രൂപകൽപന ചെയ്ത പദ്ധതിയിൽ അന്നന്നത്തെ അനുഭവങ്ങളാണ് അടുത്ത ചുവട് എന്തെന്ന് നിശ്ചയിച്ചു കൊണ്ടിരുന്നത്.. പങ്കാളിത്ത ആസൂത്രണത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അക്ഷരകേരളം സമ്പൂർണ സാക്ഷരതാ പരിപാടി.

4500 കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് 300 കലാജാഥകളിലൂടെ 15000 കേന്ദ്രങ്ങളിൽ പ്രചരണ-ബോധന പരിപാടികൾ നടത്തുകയുണ്ടായി. 2,37,650 ഇൻസ്ട്രക്റ്റർമാരും 26,355 മാസ്റ്റർ ട്രെയിനർമാരും 3,000 റിസോഴ്സ് പേഴ്സൺസും 200 കീ-റിസോഴ്സ് പേഴ്സൺസും എണ്ണമറ്റ പ്രവർത്തകരും ഒത്തു പിടിച്ചാണ് കേരളജനത 12 ലക്ഷത്തിലേറെപ്പേരെ ഒരു വർഷം കൊണ്ട് സാക്ഷരതയുടെ വീഥിയിലെത്തിച്ചത്.

ഒരു ജനകീയ വിദ്യാഭ്യാസ യജ്ഞം എന്ന നിലയിൽ അക്ഷര കേരളം പരിപാടി പലതു കൊണ്ടും പൂർവ രൂപങ്ങളിൽ നിന്നുമുള്ള വഴി മാറി നടപ്പായിരുന്നു. ഏതു മേഖലയിലും ഭാവിയിൽ നടക്കാനിരിക്കുന്ന വികസന മുന്നേറ്റങ്ങൾക്ക് അന്നത്തെ അനുഭവം വറ്റാത്ത ആവേശം പകരും. പരിഷത്തിൽ നീന്ന് പ്രസ്തുത പരിപാടി നേടിയതിലേറെ, അഭൂതപൂർവമായ ആ അനുഭവത്തിൽ നിന്ന് പരിഷത്ത് ഏറെ നേടി എന്നു പറയുന്നതാണ് ശരി. തുടർപ്രവർത്തനങ്ങൾ വമ്പിച്ച പരാജയം വരിച്ചെങ്കിലും അക്ഷരകേരളം പദ്ധതിയുടെ ഫലശ്രുതികൾ അത്ര വേഗം മായില്ല. ഇന്നും മറ്റു സംസ്ഥാനങ്ങളിലെ നൂറു കണക്കിനു ജില്ലകളിൽ ഈ ചരിത്ര വിജയത്തിന്റെ അല പതിന്മടങ്ങായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ ദൃശപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് സാക്ഷരതാ പ്രവർത്തനത്തിനുള്ള യുനെസ്കോയുടെ കിംങ് സെജോങ് അവർഡ് 1990ൽ ലഭിച്ചത്.

അക്ഷര വേദി മുതൽ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് വരെ

ക്ലാസ്റൂം പഠനനിലവാരം മെച്ചപ്പെടുത്താൻ സ്കൂളുകൾക്കകത്തും വിദ്യാർത്ഥികളുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് സ്കൂളുകൾക്കും പുറത്തും നടത്തിയ പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് സംഘടന പൊതുവിൽ ചെയ്തു വന്നത്. ഒപ്പം ബഹുജനബോധന രംഗത്തെ പ്രവർത്തനവും അതിന്റെ ഭാഗമായി ഏറ്റെടുത്ത സാക്ഷരതാപ്രവർത്തനവും മറ്റൊരു ഭാഗത്തും നടന്നു. എന്നാൽ സ്കൂളിലെ നല്ലൊരു വിഭാഗം കുട്ടികളും പ്രാഥമികമായ സിദ്ധികൾ നേടാതെയാണ് ഉയർന്ന ക്ലാസ്സുകളിലേക്ക് പ്രമോട്ട് ചെയ്യപ്പെടുന്നതെന്നും ബഹുജന സാക്ഷരതാ പ്രവർത്തനം സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കേണ്ട ദുരവസ്ഥ നിലനിൽക്കുന്നുവെന്നു മനസ്സിലാക്കാൻ സംഘടന അൽപ്പം വൈകി. അക്ഷരബോധവും പ്രാഥമിക ഗണിതബോധവും ഇല്ലാത്ത കുട്ടികളിൽ പഠനം രസകരമാക്കാനും മറ്റും നടത്തുന്ന പൊതുപ്രവർത്തനങ്ങൾ അത്ര കണ്ട് ഫലം ചെയ്യില്ലല്ലോ. ഏതായാലും എൺപതുകളുടെ മധ്യത്തിൽതന്നെ പ്രശ്നം സംഘടനയുടെ ഗൗരവ പരിഗണനയ്ക്കു വരികയും തൽസംബന്ധമായ ചില പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഒറ്റപ്പെട്ട ചില സ്കൂളുകളിലാണ് ആദ്യം ഇടപെട്ടത്. പാട്ടും കളികളും പ്രവർത്തനവുമൊക്കെ സംയോജിപ്പിച്ചുകൊണ്ട് മൂന്നു മാസം പ്രവർത്തിച്ചപ്പോൾ ഫലം ആശാവഹമായിരുന്നു. പ്രസ്തുത പദ്ധതി ഒന്നു കൂടി പരിഷ്കരിച്ചു കൊണ്ട് '88 – '89 വർഷത്തിൽ കോഴിക്കോടു ജില്ലയിലെ ചില വിദ്യാലയങ്ങളിലും തിരുവനന്തപുരം ജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലും നിരക്ഷരതാ നിർമാർജനപരിപാടി നടപ്പിലാക്കി. കുട്ടികളിൽ ദശ്യമായ മാറ്റം അധ്യാപകരിലും പ്രവർത്തകരിലും ഒരേ തോതിൽ ആവേശമുണർത്തി. വീണ്ടും നിരവധി ചർച്ചകളും ശില്പശാലകളും വഴി പരിപാടിയെ ഒന്നു കൂടി ചിട്ടപ്പെടുത്തിക്കൊണ്ട് '89-'90 വർഷത്തിൽ തിരുവനന്തപുരത്തെ 350ലേറെ വിദ്യാലയങ്ങളിൽ പരിപാടി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 'അക്ഷരവേദി' എന്ന കൈപുസ്തകവും '89ൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

നിരക്ഷരതാ സർവേ, അധ്യാപക പരിശീലനം, രണ്ടു മാസം നീണ്ടു നിന്ന ചിട്ടയായ അക്ഷരമുറപ്പിക്കൽ പ്രവർത്തനം എന്നീ ക്രമത്തിൽ പരിപാടി മുന്നേരി. സർവേയിൽ ഉൾപ്പെടുത്തിയ 64,668 കുട്ടികളിൽ ഏതാണ്ട് 30% പേർ വളരെ പിന്നോക്കമാണെന്ന് പ്രീടെസ്റ്റിൽ കണ്ടെത്തി. പരിപാടി നടപ്പിലാക്കിയതിന്റെ ഫലമായി പിന്നോക്കമായിരുന്ന വിദ്യാർത്ഥികളിൽ 90% പേരേയും നിശ്ചിത നിലവാരത്തിനു മുകളിലെത്തിക്കാൻ കഴിഞ്ഞുനെന്ന് പോസ്റ്റ് ടെസ്റ്റ് തെളിയിച്ചു.

തൊട്ടടുത്ത വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച 'അക്ഷരവേദി' പ്രവർത്തനത്തിന് വീണ്ടുമൊരാക്കം ലഭിക്കുന്നത് 1992-93ലാണ്. ഇക്കൊല്ലമാണ് പരിഷത്തും ജില്ലാ കൗൺസിലും ഡയറ്റും ചേർന്ന് 'അക്ഷരപുലരി'യെന്ന പേരിൽ മേൽപ്രവർത്തനം കുറെക്കൂടി കാര്യക്ഷമമായി കാസർഗോഡ് ജില്ലയിൽ മൊത്തമായി നടപ്പിലാക്കിയത്.

'അക്ഷരകേരളം', 'അക്ഷരവേദി', 'അക്ഷരപ്പുലരി' എന്നിവയിലൂടെ സംഘപ്രവർത്തനം വഴി വിദ്യാലയത്തിനകത്തും പുറത്തും നടത്തുന്ന ഏതൊരു നവീകരണ പരിപാടിയും കേരളത്തിൽ വിജയം വരിക്കുമെന്ന് തെളിയിക്കപ്പെട്ടു. വിദ്യാലയങ്ങളിൽ സമഗ്രമായ ഒരിടപെടലിന് പരിഷത്തിന് ധൈര്യം നൽകിയത് മേൽ അനുഭവങ്ങളാണ്. വർഷങ്ങളായി ബോധന-മൂല്യനിർണയ രംഗങ്ങളിൽ സംഘടന നടത്തിവരുന്ന ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ വിശദമായ വാർഷിക പദ്ധതിയുടെ രൂപത്തിൽ നമ്മുടെ സ്കൂളുകളിൽ നടപ്പിലാക്കാനുള്ള ആലോചനയാണ് ഒടുവിൽ 1992-93ൽ ശിവപുരം സ്കൂൾ കോംപ്ലക്സ് പരിപാടിയായി മാറിയത്.

വർഷങ്ങൾക്കു മുമ്പ് ഒരു പരാജയമായി എഴുതിത്തള്ളിയ സ്കൂൾ കോംപ്ലക്സ് സങ്കൽപമാഅ ഇതിനായി സംഘടന ഉപജീവിച്ചത്. ജനകീയവൽക്കരണത്തിന്റെ അഭാവമായിരുന്നു കോത്താരി കമ്മീഷൻ നിർദ്ദേശമായ സ്കൂൾ കോംപ്ലക്സ് പ്രവർത്തനം എഴുപതുകളിൽ കേരളത്തിലടക്കം പരാജയപ്പെടാൻ കാരണമായതെന്ന് സംഘടന വിലയിരുത്തി. പരിഷത്ത് തയ്യാറാക്കിയ പ്രൊജക്ട് ഉപയോഗിച്ച സ്കൂൾ തലത്തിലും കോംപ്ലക്സ് തലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചു കൊണ്ട് ജില്ലാ കൗൺസിലിന്റെ മുഖ്യ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും നാട്ടുകാരും ഒത്തു പിടിച്ചപ്പോൾ ശിവപുരം കോംപ്ലക്സ് ഒരു വിജയമായി.

നാലു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി വ്യാപിച്ചു കിടന്ന 28 എൽ.പി./യു.പി. സ്കൂളുകളെ ശിവപുരം ഹൈസ്കൂളുമായി ബന്ധിപ്പിച്ചു കൊണ്ട് 1 മുതൽ 7 വരെ ക്ലാസ്സുകളിലാണ് ആദ്യ വർഷം പരിപാടി നടപ്പിലാക്കിയത്. എന്നാൽ സ്കൂളുകളുടെ ബാഹുല്യവും ക്ലാസ്സുകളുടെ എണ്ണക്കൂടുതലും പദ്ധതി മേഖലയുടെ വിസ്തൃതിയും പരിപാടിയെ വല്ലാതെ ശ്രമകരമാക്കി. ഒന്നിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകുന്നതും എളുപ്പമായിരുന്നില്ല. കുറച്ചു മാത്രം സ്കൂളുകൾ ഉൾപ്പെടുന്ന ഒരു പഞ്ചായത്തിൽ പരിപാടി നടപ്പിലാക്കുന്നതാണ് എന്തു കൊണ്ടും അനുയോജ്യമെന്ന് മനസ്സിലായി. തൊട്ടടുത്ത വർഷം കണ്ണൂരിലെ കല്ല്യാശ്ശേരിയിലും കാസർഗോട്ടെ മടിക്കൈയിലും ആരംഭിച്ച കോംപ്ലക്സുകൾ പഞ്ചായത്ത് സ്കൂൾ കോംപ്ലക്സുകളായിരുന്നു. ഇവയുടെ വിജയമാണ് തൊട്ടടുത്ത വർഷം തൃശൂരിലെ പെരിഞ്ഞനത്തും കണ്ണൂരിലെ ധർമടത്തും പുതിയ കോംപ്ലക്സുകൾ ആരംഭിക്കാൻ പ്രേരകമായത്. ഏതാണ്ട് ഇതേ കാലത്തു തന്നെ കോഴിക്കോട്ടും മററു ചില ജില്ലകളിലും വേറെയും കോംപ്ലക്സുകൾക്ക് തുടക്കമിട്ടിരുന്നു. സ്കൂളുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സ്കൂൾ കോംപ്ലക്സ് സംവിധാനം പുതിയ രൂപത്തിൽ ആവിഷ്കരിക്കുന്നത് ഫലപ്രദമാണെന്ന് അംഗീകരിച്ച സർക്കാർ '95-96ൽ ഈ പരിപാടി സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ചെയ്തു.

കോംപ്ലക്സ് അനുഭവങ്ങൾ സംസ്ഥാനമെങ്ങും പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് '95ൽ പരിഷത്ത് ഒരു ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്.

പ്രാദേശിക സാഹചര്യത്തിനിണങ്ങിയ മോഡ്യൂളുകൾ രൂപപ്പെടുത്തുന്നതിലും പുറം വൈദഗ്ദ്ധ്യം ഉപയോഗിച്ചു കൊണ്ട് പഠനോപകരണങ്ങൾ നിർമ്മിക്കുന്ന കാര്യത്തിലും മടിക്കൈ കോംപ്ലക്സ് ചില മുന്നേറ്റങ്ങൾ നടത്തി. മൂന്നാം വർഷത്തേക്കു കടന്ന കല്ല്യാശ്ശേരി കോംപ്ലക്സിൽ മൂല്യനിർണയ രംഗത്ത് തുടർന്നു വരുന്ന പുത്തൻ രീതി അദ്ധ്യാപകരുടെ കർമ്മശേഷിയിലും പരിഷ്കരണത്തെ സ്വാഗതം ചെയ്യാനുള്ള മനോഭാവത്തിലും കൂടുതൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ബഹുജനസഹായത്തോടെ സ്കൂളിനാവശ്യമായ അത്യാവശ്യ ഭൗതികസൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കുമെന്ന് പെരിഞ്ഞനം അനുഭവം വ്യക്തമാക്കുന്നു. മോണിറ്ററിങ്ങിലും ജനകീയ പങ്കാളിത്തം സാധ്യമാണെന്നു വാർഡുതല വിദ്യാഭ്യാസ സമിതികളുടെ പ്രവർത്തനം സ്കൂൾ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുമെന്നു ധർമ്മടം ഓർമ്മിപ്പിക്കുന്നു. പുതുമയാർന്ന വിവിധങ്ങളായ നിരവധി പരീക്ഷണ സംരംഭങ്ങൾ മേൽ കോംപ്ലക്സുകളിലും മറ്റുമായി അരങ്ങേറിക്കഴിഞ്ഞു.

സ്കൂൾ എന്നത് കേവലമൊരു വിദ്യാദാന കേന്ദ്രം മാത്രമല്ല. സമൂഹത്തിന്റെ അഭിലാഷത്തിനും താല്പര്യത്തിനുമനുസരിച്ച് നമ്മുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ പ്രയോജനപ്പെടേണ്ട പൊതു സ്ഥാപനമാണത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമൂഹത്തിന്റെ പൊതു സംരക്ഷണയിലേക്ക് ഉയർത്തിയെടുക്കുകയാണ് നാമിനി ചെയ്യേണ്ട‌ത്. അക്കാദമികവും അല്ലാത്തതുമായ എല്ലാ മേഖലയിലും സമൂഹം കൂട്ടമായി ഇടപെടുകയും മികച്ച വിദ്യാഭ്യാസം നമ്മുടെ സ്കൂളുകളിൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവത്കരണമെന്നത് പല വിധ മൂല്യങ്ങളുടേയും സാക്ഷാത്കാരത്തിന് ആവശ്യമാണ്. എല്ലാവർക്കും തുല്യമായ നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് എല്ലാവർക്കും മെച്ചപ്പെട്ട, സമാനമായ സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസം നൽകുകയെന്നത്. ഭരണഘടനാപരമായ ഒരു ബാദ്ധ്യതയിൽ നിന്ന് നമ്മുടെ സർക്കാരുകൾ പന്നോട്ടു പോകുമ്പോൾ, കയ്യും മെയ്യും ചേർത്തു കൊണ്ട് നാമതിനെ ചെറുത്തു തോൽപിക്കണം. സ്കൂളിനകത്തും പുറത്തും നടക്കുന്ന ദ്വിമുഖസമരത്തിലൂടെ മാത്രമേ ജനങ്ങളെ ഒറ്റക്കെട്ടായി ഈ പോരാട്ടത്തിൽ അണിനിരത്താനാവൂ. അക്കാദമിക രംഗത്ത് മൂന്നു ദശാബ്ദത്തിലേറെയായി പരിഷത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ സവിശേഷമായ ഒരു സമരരൂപമാണെന്നും നാളേക്കു വേണ്ട വിദ്യാഭ്യാസം രൂപപ്പെടുത്താനുള്ള ഒരു പരിശ്രമമായിരുന്നു അതെന്നും ഇന്നു നാം തിരിച്ചറിയുകയാണ്.






ബോധന മാധ്യമം മാതൃഭാഷയാക്കുക അൺഎയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക. അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക ഹയർസെക്കന്ററിതലം വരേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക. പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസന-വൈജ്ഞാനികാവശ്യങ്ങൾക്ക് അനുസരിച്ച പുനരാവിഷ്കരിക്കുക. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യ നിയന്ത്രണം ഉറപ്പാക്കുക