"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-പ്രീ സ്‌കൂൾ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' ശൈശവകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
'''കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ'''
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത്  രൂപം കൊടുത്ത ശുപാർശകളാണ് [[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ]] എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


ശൈശവകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഇന്നു സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ശ്രദ്ധേയവും നിറമുള്ളതുമായ കാലഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാനാണിത്‌.
ശൈശവകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഇന്നു സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ശ്രദ്ധേയവും നിറമുള്ളതുമായ കാലഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാനാണിത്‌.

07:28, 13 ഫെബ്രുവരി 2014-നു നിലവിലുള്ള രൂപം

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


ശൈശവകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം ഇന്നു സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ശ്രദ്ധേയവും നിറമുള്ളതുമായ കാലഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാനാണിത്‌.

Early Childhood Care (ECC) പരിപാടികൾ നടപ്പാക്കുന്നതിന്‌ നിരവധി ഏജൻസികളും സർക്കാർ വകുപ്പുകളും കേരളത്തിൽ പ്രവർത്തിക്കുന്നു. അങ്കണവാടികൾ, ബാലവാടികൾ, നഴ്‌സറി സ്‌കൂളുകൾ ക്രഷെകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. അങ്കണവാടികളുടെ എണ്ണം ഇപ്പോൾ 20,000 ൽ അധികമാണ്‌. മറ്റുള്ളവയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ ഏതാണ്ട്‌ 25,000-ൽ അധികം ശിശുവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്നു കേരളത്തിലുണ്ട്‌.

ECC സ്ഥാപനങ്ങളിൽ പാഠ്യപദ്ധതി, അധ്യാപന നിലവാരം, ലഭ്യമാക്കുന്ന സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച്‌ നിശ്ചിത രീതികളൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌. അധ്യാപക വിദ്യാർഥി അനുപാതം 1:20 മുതൽ 1:50 വരെയും അതിലേറെയുമാണ്‌.

സർക്കാറിനു കീഴിലുള്ള ECC സ്ഥാപനങ്ങളിലെ ടീച്ചർമർക്ക്‌ ഒരു വർഷത്തെ പരിശീലനം ലഭിച്ചിട്ടുണ്ട്‌. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ അധ്യാപികമാർ യാതൊരു പരിശീലനവും ലഭിക്കാത്തവരോ രണ്ടോമൂന്നോ മാസത്തെ പരിശീലനം ലഭിച്ചവരോ ആണ്‌. അധ്യാപികമാരുടെ ശമ്പളത്തിനും അന്തരം നിലനിൽക്കുന്നു. ഇക്കാരണങ്ങളാൽ യാതൊരു ഉത്സാഹവും ശേഷിയും പ്രകടിപ്പിക്കാത്ത വിരസമായ ചടങ്ങ്‌ എന്ന നിലയിലാണ്‌ മിക്ക സ്ഥലത്തും ജോലി നിർവഹണം നടക്കുന്നത്‌.

പട്ടണപ്രദേശങ്ങളിലെ ECC സ്ഥാപനങ്ങളിൽ കുട്ടികൾ പ്രവേശന പരീക്ഷയെയോ, അഭിമുഖങ്ങളെയോ നേരിടേണ്ടി വരുന്നു. ഗവ. സ്ഥാപനങ്ങളിൽ യാതൊരു ഫീസും ഈടാക്കുന്നില്ലെങ്കിലും അംഗീകൃത വിദ്യാലയങ്ങൾ കനത്തഫീസ്‌ ഈടാക്കുന്നു. മിക്ക ECC സ്ഥാപനങ്ങൾക്കും മതിയായ കളിസ്ഥലമില്ല.

പ്രൈമറി സ്‌കൂളുകളെ താഴേക്കു നീട്ടുക എന്ന തരത്തിൽ പ്രീ പ്രൈമറി സ്‌കൂളുകളെ കാണുകയും ഔപചാരികാധ്യാപനം നടത്തുകയും ചെയ്യുകയാണ്‌ മിക്ക സ്ഥലങ്ങളിലും. ക്രഷെകളും ഡേ കെയർ സെന്ററുകളും പ്രീ സ്‌കൂൾ പ്രായക്കാരുടെ പരിചരണ കേന്ദ്രങ്ങളായാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. നഴ്‌സറികളെയും ബാലവാടികളെയും വിജ്ഞാന വികസനത്തിനും സ്‌കൂൾ പഠനത്തിനും കുട്ടികളെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും ഉദ്ദേശിക്കുന്നു. പല പ്രീ സ്‌കൂൾ പരിപാടികളും ശിശുപരിചരണ കേന്ദ്രങ്ങളെ മുഖ്യമായും കാണുന്നത്‌ ആരോഗ്യ പരിപാലനത്തിനും പോഷകാഹാരം ലഭ്യമാക്കുന്നതിനും പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനുമുള്ള കേന്ദ്രങ്ങൾ എന്ന നിലയ്‌ക്കാണ്‌. മറ്റുപ്രകാരമുള്ള സ്‌കൂളുകളുടെ താഴോട്ടുള്ള അനുബന്ധം എന്ന നിലയിൽ രക്ഷിതാക്കളും അധ്യാപകരും പ്രീ സ്‌കൂളുകളെ കാണുന്നതു കാരണം മിക്ക സ്ഥലത്തും സ്‌കൂൾ തല പഠനത്തിനുള്ള വൈദഗ്‌ധ്യം ഉറപ്പുവരുത്തലാണ്‌ ചെയ്‌തുപോരുന്നത്‌.

ഈ സാഹചര്യത്തിൽ പ്രീ സ്‌കൂൾ സങ്കൽപനത്തിൽ തന്നെ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.

  • കുട്ടികളെ സാമൂഹ്യവൽകരിക്കുന്നതിനുള്ള കേന്ദ്രമായാണ്‌ പ്രീസ്‌കൂളിനെ കാണേണ്ടത്‌.
  • കുട്ടികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കാൻ പ്രീസ്‌കൂളുകൾക്കാവണം.
  • മേൽപ്പറഞ്ഞവയോടൊപ്പം അണുകുടുംബ സംവിധാനത്തിലെ തൊഴിലെടുക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്കുള്ള ഒരു സ്ഥലമായും പ്രീ സ്‌കൂളിനെ കാണേണ്ടതുണ്ട്‌.

ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസത്തിനു കുട്ടികൾ സജ്ജമാവുന്നത്‌ ആറോ, ഏഴോ വയസ്സിലാണെന്ന്‌ ഈ രംഗത്തെ അനുഭവങ്ങളും ഗവേഷണങ്ങളും തെളിയിക്കുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിനു തൊട്ടുമുമ്പുതന്നെ കുട്ടി, തന്റെ തൊട്ടടുത്ത ചുറ്റുപാടുകൾ അന്വേഷിക്കുന്നതിന്‌ ആഭിമുഖ്യം പ്രകടിപ്പിക്കുകയും സൗന്ദര്യാത്മകമായ ആസ്വാദനശേഷി പ്രകടമാക്കുകയും ചെയ്യുന്നുണ്ട്‌.

കുട്ടികൾ വളരെയേറെ ചലനാത്മകതയുള്ളവരും പ്രകൃതിപ്രതിഭാസങ്ങളിലും ചുറ്റുമുള്ള ആളുകളിലും പരിസ്ഥിതിയിലെ വസ്‌തുതകളിലും കൗതുകം കൊളളുന്നവരുമാണ്‌. ഇതോടൊപ്പം ഇന്ദ്രിയങ്ങളുടെ വളർച്ചയും സങ്കല്‌പനങ്ങളുടെ രൂപീകരണവും നടക്കുന്നു. ഇവയെല്ലാം പ്രാപ്യമാക്കാനുതകുന്നതാവണം പ്രീ സ്‌കൂൾ അനുഭവങ്ങൾ.

ക്രമീകൃതമായ ഇന്ദ്രിയവികാസത്തിനും അനുഭവങ്ങൾസ്വാംശീകരിക്കുന്നതിനും ഏറ്റവും ഉത്തമമായ പ്രായം 4 മുതൽ 6 വരെ തന്നെയാണെങ്കിലും അതിനുമുമ്പും പിമ്പുമുള്ള പ്രായക്കാരെ കൂടി നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

1. എട്ട്‌, ഒൻപത്‌ വയസ്‌ പ്രായം വരെയുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധം പ്രീ സ്‌കൂൾ സംവിധാനം പുനഃക്രമീകരി ക്കേണ്ടതാണ്‌.

സ്‌കൂൾ പ്രായത്തിനുമുമ്പുള്ള കുട്ടികളെ സാമൂഹ്യ വൽകരിക്കാനുള്ള കേന്ദ്രങ്ങൾ ആവശ്യമാണ്‌. അവരിൽ സുരക്ഷിതത്വ ബോധമുണ്ടാക്കാനും മറ്റു കുട്ടികളോടൊപ്പം പ്രവർത്തിച്ച്‌ ആത്മവിശ്വാസം വളർത്താനും ഇത്തരം കേന്ദ്രങ്ങൾ കൂടിയേ കഴിയൂ.

അണുകുടുംബത്തിലെ തൊഴിലെടുക്കുന്ന മാതാപിതാക്കൾക്ക്‌ തങ്ങളുടെ കുട്ടികളെ സുരക്ഷിത മായി അയക്കാനുള്ള ഒരു സംവിധാനം ആവശ്യമാണ്‌.

ഇന്ന്‌ മൂന്നുവയസ്സു മുതൽ 6വയസ്സു വരെയുള്ള കുട്ടികളാണ്‌ പ്രീ സ്‌കൂളിൽ പോകുന്നത്‌. 3 വയസ്സിനു മുൻപുള്ള കുട്ടികളെ ഉൾക്കൊള്ളാൻ ആവശ്യമായ സംവിധാനം ഇന്നില്ല. ഈ വിഭാഗത്തെക്കൂടി പ്രീസ്‌കൂൾ സംവിധാനത്തിനു കീഴിൽ കൊണ്ടു വരേണ്ടതാണ്‌.

അണുകുടുംബത്തിലെ തൊഴിലെടുക്കുന്ന മാതാപിതാ ക്കളുടെ സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക്‌ (4-ാം തരം വരെ) സ്‌കൂൾ സമയം കഴിഞ്ഞും മറ്റവധി ദിവസങ്ങളിലും ക്രിയാത്മകമയി സമയം ചെലവഴിക്കാനും ഈ കേന്ദ്രത്തിൽ സാഹചര്യമുണ്ടാവണം.

ഇതിനായി ഇന്ന്‌ നിലവിലുള്ള ക്രഷെകൾ, ഡേകെയർ സെന്ററുകൾ, ബാലവാടികൾ, അങ്കണവാടികൾ മുതലായ എല്ലാതരം പ്രീസ്‌കൂൾ സംവിധാനങ്ങളെയും സമന്വയി പ്പിച്ച്‌ ഒരു സംവിധാനത്തിനു കീഴിൽ കൊണ്ടു വരേണ്ടതാണ്‌

2. പ്രീ സ്‌കൂൾ സംവിധാനത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നതിലുപരി വിവിധ പ്രായക്കാരായ കുട്ടികൾക്ക്‌ ഒത്തു ചേർന്നു പ്രവർത്തിക്കാനുള്ള ശിശു വിഹാര കേന്ദ്രങ്ങളായി കാണണം.

ഇവിടെ വിവിധ പ്രായക്കാരായ കുട്ടികളാണ്‌ ഒത്തുചേരുന്നത്‌. 9-10 വയസ്സുവരെയെങ്കിലുമുള്ള കുട്ടികൾക്ക്‌ ഇവിടെ വരാം. നിർബന്ധിച്ചയക്കുന്നത്‌ കൊണ്ടല്ല കുട്ടികൾ ഇവിടെ എത്തുന്നത്‌. കാരണം ഉദ്യാനസങ്കൽപത്തിലുള്ള സാഹചര്യമാണിവിടെയുള്ളത്‌. ഔപചാരിക വിദ്യാഭ്യാസ സംവിധാനമായ ഒന്നാംതരത്തിന്റെ താഴോട്ടുള്ള വലിച്ചു നീട്ടലല്ല ഇത്‌.

പ്രീസ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ഇന്റർവ്യൂ, പരീക്ഷകൾ എന്നിവ കുട്ടികളുടെ മാനസികമായ അടിച്ചമർത്തലിന്‌ ഇടയാക്കുന്നതിനാൽ ഒഴിവാക്കുക തന്നെ വേണം. ഇളം പ്രായത്തിൻ ഔപചാരിക വിദ്യാഭ്യാസത്തിന്‌ കുട്ടികളെ നിർബന്ധിക്കുന്നത്‌ അവരുടെ സാമൂഹ്യവും ബുദ്ധിപരവും വൈകാരികവുമായ വികാസത്തെ ഗുരുതരമായി ബാധിക്കും.

നന്നേ ചെറിയ പ്രായക്കാരായ കുട്ടികളും മുതിർന്ന കുട്ടികളും ഇവിടെ ഉണ്ടാകും. ഇവരുടെ അഭിരുചിക്കനുസരിച്ച കളിയുപകരണങ്ങൾ, കാഴ്‌ചകൾ, പ്രവർത്തനങ്ങൾ എന്നിവ ശിശുവിഹാര കേന്ദ്രങ്ങളിലുണ്ടാവണം. മുതിർന്ന കുട്ടികളോടൊപ്പംപ്രവർത്തിക്കുന്നതിലൂടെ ചെറിയ കുട്ടികൾക്ക്‌ അവരുടെ കഴിവുകൾ വളർത്താനും മുതിർന്ന കുട്ടികൾക്ക്‌ അംഗീകാരവും നേതൃത്വഗുണവും ലഭിക്കാനും സാധിക്കുന്നു.

3. ശിശുവിഹാര കേന്ദ്രങ്ങളിൽ സുഘടിതമായ ഒരു പാഠ്യ പദ്ധതിക്കു പകരം കുട്ടികളുടെ ഭാഗത്തു നിന്നുകൊണ്ടുള്ള അയവേറിയ ഒരു കാര്യ പരിപാടിയാണ്‌ വേണ്ടത്‌. ഇത്‌ ചില ക്രമീകരണ ങ്ങൾ, നിർദേശങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വഴിയായിരിക്കണം. ഈ പ്രവർത്തനങ്ങളുടെ അടിസ്ഥാനലക്ഷ്യം കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബുദ്ധി പരവും ഭാഷാപരവുമായ വളർച്ചയായിരിക്കണം.

ഔപചാരികമായ പഠനപരിപാടികളല്ല ഇവിടെ നടക്കു ന്നത്‌. വിവിധ പ്രായക്കാരായ കുട്ടികൾ ചുറ്റുപാടുള്ള സാമഗ്രികളുപയോഗിച്ച്‌ കളിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനു പറ്റിയ ക്രമീകരണങ്ങളും സാധ്യതകളും ഓരോ ശിശുവിഹാര കേന്ദ്രത്തിലുമുണ്ടാവുകയാണ്‌ വേണ്ടത്‌. ഇത്തരം പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗാത്മക തയെ ഉണർത്താനും അതുവഴി എല്ലാറ്റിനോടും മൗലിക മായും പുതുമയോടെയും പ്രതികരിക്കാൻ അവർക്ക്‌ കഴിയുകയും വേണം. പ്രകൃതി പദാർഥങ്ങൾ കൈകാര്യം ചെയ്യുക, ലളിതമായ രൂപങ്ങൾ നിർമിക്കുക, കളിമണ്ണു കൊണ്ട്‌ രൂപങ്ങൾ ഉണ്ടാക്കുകയും മാറ്റിപ്പണിയുകയും ചെയ്യുക, കീറൽ, മുറിക്കൽ, ഒട്ടിക്കൽ എന്നിവയിലൂടെ ഇന്ദ്രിയക്ഷമത വികസിപ്പിക്കുകതുടങ്ങിയവയെല്ലാം കുട്ടികൾക്ക്‌ സാധിക്കുന്നു. പല വലിപ്പ ത്തിലും നീളത്തിലും നിറത്തിലുമുള്ള വസ്‌തുക്കൾ കൈകാര്യം ചെയ്യാനും ഒറ്റയ്‌ക്കും കൂട്ടായും പലതരം ആവിഷ്‌കാ രങ്ങൾ നടത്താനും അവർക്ക്‌ കഴിയും.

ഇതിനായി പ്രാദേശിക പരിസ്ഥിതികൾക്ക്‌ അനുസൃ തമായ വിശദമായ പരിപാടികൾ ശിശുവിഹാര കേന്ദ്രങ്ങൾ തന്നെ ആവിഷ്‌കരിക്കണം, ജില്ലാ വിദ്യഭ്യാസ പരിശീലന കേന്ദ്രങ്ങൾ നൽകുന്ന പൊതുവായ മാർഗ നിർദേശങ്ങളും പരിശീലനവും ഇതിനാവശ്യമാണ്‌.

4. ശിശുവിഹാര കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ആവിഷ്‌കാരങ്ങൾക്ക്‌ ഏറ്റവും ഉത്തമമായ മാധ്യമം മാതൃഭാഷയാണ്‌. അതിനാൽ ശിശുവിഹാര കേന്ദ്രങ്ങളിലെ ആശയവിനിമയം മാതൃഭാഷയി ലൂടെ തന്നെയാവണം.

കുട്ടികൾക്ക്‌ സ്വന്തം വിചാര വികാരങ്ങൾ എളുപ്പത്തി ലും കാര്യക്ഷമമായും പ്രകടിപ്പിക്കാൻ, വീട്ടിലും നാട്ടിലും ഉപയോഗിക്കുന്ന പ്രാദേശിക ഭാഷയാണ്‌ ഉപകരിക്കുക. മാതൃഭാഷ പ്രയോഗിക്കാനുള്ള ധാരാളം സാധ്യതകൾ ശിശുവിഹാര കേന്ദ്രങ്ങളിലുണ്ടാവണം. എന്നാൽ ഭാഷാ പ്രയോഗത്തിനും വൈദഗ്‌ധ്യത്തിനുമുള്ള ഔപചാരികമ ായ അധ്യാപനത്തിലേക്ക്‌ ഇത്‌ നയിക്കരുത്‌. അക്ഷരങ്ങൾ വായിക്കാനും എഴുതാനുമുള്ള പക്വത എത്താത്തതി നാലും അക്ഷരങ്ങളിലൂടെയല്ല ഭാഷാപഠനം തുടങ്ങുന്നത്‌ എന്നതിനാലും അത്തരം ശ്രമങ്ങൾ യാതൊരു വിധത്തിലും നടത്തരുത്‌.

അപരിചിതമായ ചുറ്റുപാടിലുള്ളതോ അന്യഭാഷയിലു ള്ളതോ ആയ നഴ്‌സറി പദ്യങ്ങൾ ആവർത്തിക്കാൻ കുട്ടിയെ നിർബന്ധിക്കുന്നത്‌ നിരർത്ഥകമാണ്‌. ശിശുവിന്റെ പഠനവുമായി ബന്ധമില്ലാത്ത യാന്ത്രികമായ ആവർത്തനം മാത്രമാണത്‌. ധാരണകൾ വികസിക്കുന്നതിനോ സർഗ ശേഷി വളർത്തുന്നതിനോ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമല്ല. അതേസമയം കുട്ടിയുടെ മാതൃഭാഷ യിലുള്ള ആംഗ്യപ്പാട്ടുകൾ, താളാത്മക ഗാനങ്ങൾ എന്നിവ പഠനത്തിനുതകുന്ന അനുഭവമാകുകയും കുട്ടി ആസ്വദിക്കുകയും ചെയ്യും

കുട്ടികളും കുട്ടികളും തമ്മിലും കുട്ടികളും ചുറ്റുപാടു മുള്ളവർ തമ്മിലും വർധിച്ച തോതിലുള്ള ആശയ വിനിമയം നടക്കുന്ന തരത്തിലാവണം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്‌.

5. ശിശുവിഹാര കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ മുഖ്യമായും കളികളിലൂടെയാവണം.

കളികൾ എല്ലാ കുട്ടികളും ഇഷ്‌ടപ്പെടുന്നു. പലതരം ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ ഇവ വളരാൻ കളികൾ പ്രയോജനപ്പെടുന്നു. നാഡീവ്യൂഹത്തിന്റെ പ്രവർത്തന ക്ഷമത വളരാനും തന്നെക്കുറിച്ചുള്ള ബോധം വികസിക്കാനും കളികൾ പ്രയോജനപ്പെടും.

ഒറ്റയ്‌ക്കും കൂട്ടായും വ്യത്യസ്‌ത പ്രായക്കാരും സമപ്രായക്കാർ തമ്മിൽ നടത്തുന്ന പ്രവർത്തനങ്ങളും ഈ ഘട്ടത്തിൽ ആവശ്യമാണ്‌. മറ്റുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ധാരാളം സന്ദർഭങ്ങൾ ഉണ്ടാവണം. ആയാസരഹിതമായ പ്രവർത്തനങ്ങ ളോടൊപ്പം ബുദ്ധിമുട്ടുള്ള പ്രവർത്തനങ്ങളും വേണം. ശബ്‌ദമുഖരിത നിമിഷങ്ങളുടെയും ശാന്തമായ നിമിഷങ്ങളൂടെയും സന്തുലനം കുട്ടികൾക്കാവശ്യമാണ്‌.

ഇതിന്‌ വൈവിധ്യമാർന്ന കളിസാമഗ്രികൾ ആവശ്യമാണ്‌. ചുറ്റുപാടുനിന്നും ലഭിക്കുന്ന സാധനങ്ങ ൾക്കായിരിക്കണം മുൻഗണന. മണൽ, കളിമണ്ണ്‌, ഓല, ചിരട്ട, പപ്പായത്തണ്ട്‌, ചരട്‌ തുടങ്ങിയവ ഉപയോഗിക്കണം. രക്ഷാകർത്താക്കളും നാട്ടുകാരും നടത്തുന്ന കായിക മത്സരങ്ങളും കലാപരിപാടികളും കാണാനുള്ള അവസരം നൽകണം.

സ്വതന്ത്രമായി ഓടിച്ചാടി കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യവും വേണം.

6. സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുള്ള കാലഘട്ടത്തിലാണ്‌ കുട്ടി ശിശുവിഹാര കേന്ദ്ര ത്തിൽ കഴിയുന്നത്‌. ആയതിനാൽ ഔപചാരി കമായ അധ്യാപനമോ പരീക്ഷകളോ ശിശുവി ഹാര കേന്ദ്രത്തിൽ പാടില്ല.

ഇന്നും പല സ്ഥാപനങ്ങളും പ്രവേശന പരീക്ഷകൾ ക്കും അഭിമുഖങ്ങൾക്കും കുട്ടിയെ ഇരയാക്കുന്നുണ്ട്‌. ഇതിനു പുറമെ മുറപ്രകാരമുള്ള സ്‌കൂളുകളുടെ താഴോട്ടുള്ള അനുബന്ധമെന്ന നിലയിൽ രക്ഷിതാക്കളും അധ്യാപകരും പ്രീ സ്‌കൂളിനെ കാണുന്നതു കാരണം മിക്കയിടത്തും സ്‌കൂൾ തലത്തിലുള്ള പഠനത്തിന്റെ വൈദഗ്‌ധ്യം ഉറപ്പുവരുത്താനാണ്‌ ശ്രമിക്കുന്നത്‌. ഇതിൻ പ്രകാരമാണ്‌ അധ്യാപനവും പരീക്ഷകളും നിയമങ്ങളും യൂനിഫോമും ശിക്ഷാരീതികളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്‌.

എത്രയും നേരത്തെ പരമാവധി ഔപചാരിക വിദ്യാഭ്യാസത്തിന്‌ കുട്ടിയെ വിധേയമാക്കിയാൽ നല്ലതാണെന്ന തെറ്റിദ്ധാരണ പരക്കെ നിലവിലുണ്ട്‌. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ രക്ഷിതാക്കളെ ബോധവൽകരിക്കേണ്ടതാണ്‌.

7. ശിശുവിഹാരകേന്ദ്രം വായു സഞ്ചാരമുള്ളതും ധാരാളം തുറസ്സായ സ്ഥലമുള്ളതും ആവണം.ശിശു സൗഹൃദപരവും സുരക്ഷിതവും ആയിരിക്കണം.

a) കൂട്ടായ പ്രവർത്തനങ്ങൾക്ക്‌ സൗകര്യം ലഭിക്കുന്ന തരത്തിലാവണം ഫർണിച്ചർ ക്രമീകരണം.

b) പേശീചലനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും തുറന്ന അന്തരീക്ഷത്തിലും നടത്തണം. മുറിക്ക്‌ പുറത്തും വരയ്‌ക്കാനും ചായം കൊടുക്കാനും രൂപങ്ങളുണ്ടാക്കാ നുമുള്ള ചുമരുകളും മറ്റ്‌ സൗകര്യങ്ങളുമുണ്ടാവണം.

c) പ്രകൃതിയെ അറിയാനുള്ള ഘടകങ്ങൾ ശിശുവി ഹാരകേന്ദ്രത്തിലുണ്ടാവണം. മരങ്ങൾ, പൂക്കൾ, പൂമ്പാറ്റ എന്നിവയെ കാണാനും പലതരം ഇലകളും കല്ലുകളും പൂക്കളും ശേഖരിക്കാനുള്ള അവസരവും വേണം.

d) ഊഞ്ഞാലുകൾ, റബ്ബർ ടയറുകൾ, സീസോ, കയറാ നും മറിയാനുമുള്ള സൗകര്യങ്ങൾ, പ്രാദേശികമായ കളിയുപകരണങ്ങൾ എന്നിവയും സമാഹരിക്കണം.

e) തിരക്കേറിയ റോഡരുകിലും കെട്ടിടങ്ങളുടെ മുകളിലും അപകടസാധ്യതയുള്ള മറ്റിടങ്ങളിലും ശിശുവിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കരുത്‌.

കുട്ടികൾ മുറിക്കകത്തിരിക്കാൻ ഇഷ്‌ടപ്പെടുന്നവരല്ല. ചലനാത്മകമായ സ്വഭാവമാണവർക്ക്‌. വൈവിധ്യമാർന്ന കളിയുപകരണങ്ങളും ശിശുസൗഹൃദപരമായ അന്തരീ ക്ഷവും കുട്ടികളെ ശിശുവിഹാര കേന്ദ്രത്തിലേക്ക്‌ ആകർഷിക്കാൻ പര്യാപ്‌തമാവണം.

പ്രാദേശിക സാധ്യതകളുപയോഗിച്ച്‌ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. നാടൻ കലാകാരന്മാ രെയും വിദഗ്‌ധരെയും ഉപയോഗിച്ച്‌ കളിയുപകരണങ്ങളും മറ്റും നിർമിക്കാം.

8. ശിശുവിഹാരകേന്ദ്രങ്ങൾക്ക്‌ പ്രാദേശിക സാധ്യതകൾക്ക്‌ മുൻഗണന നൽകണം. അത്തരം കെട്ടിടം നിർമ്മിക്കാൻ സ്വാതന്ത്ര്യമുണ്ടാവണം.

കെട്ടിടങ്ങളുടെ പ്രധാന ധർമം മഴയും വെയിലും കൊള്ളാതെ കുട്ടികളെ സംരക്ഷിക്കുക എന്നതാണ്‌. മുറിക്കകത്ത്‌ പൂർണമായും ഇരുത്തി ``പഠിപ്പിക്കുന്ന രീതി സാർവത്രികമാണ്‌. ഇത്‌ ഒഴിവാക്കപ്പെടണം. കെട്ടിടം പണിയാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതിനോടൊപ്പം മറ്റ്‌ നിബന്ധനകൾ (സുരക്ഷിതത്വം, വൃത്തിയായ തറ, ചുമർ, സ്ഥലസൗകര്യം തുടങ്ങിയവ)പാലിക്കണം. ലഭ്യമെങ്കിൽ ഓലമേഞ്ഞ കെട്ടിടങ്ങളുമാവാം. മരത്തണലും അനുയോജ്യമെങ്കിൽ മുറിക്കു ചുറ്റുമുള്ള സ്ഥലവും ഉപയോഗപ്പെടുത്താം.

ഇതിനു പറ്റിയ തരത്തിൽ നിലവിലുള്ള നിബന്ധനകൾ അയവേറിയതാക്കണം.

9. ആരോഗ്യ പോഷകാഹാര പരിപാടികൾ ശിശുവിഹാര കേന്ദ്രത്തിന്റെ ഭാഗമാകണം.

അമ്മമാർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കായി പോഷകാഹാര പരിപാടി എല്ലാ ശിശുവിഹാര കേന്ദ്രങ്ങ ളിലും വ്യാപകമാക്കണം. പോഷകാഹാര വിതരണത്തോ ടൊപ്പം നല്ല ആരോഗ്യശീലങ്ങൾ നടപ്പിലാക്കുന്നതിനുള്ള ബോധവൽക്കരണം നടത്തണം. സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ഇക്കാര്യത്തിൽ പ്രയോജന പ്പെടുത്തണം.

10. ശിശുവിഹാര കേന്ദ്രങ്ങളിൽ കുട്ടികളെ നിർബന്ധിച്ച്‌ ഉറക്കുന്നത്‌ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്‌.

പ്രവർത്തിക്കുന്ന കുട്ടികൾക്ക്‌ ഉച്ചയുറക്കം ആവ ശ്യമില്ല. സ്വാഭാവികമായി ഉറക്കം വരുന്നവർക്ക്‌ അതിനുള്ള സൗകര്യവും വേണം.

കുട്ടികൾക്ക്‌ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനുള്ള ശയ്യോപകരണങ്ങൾ ശിശുവിഹാരകേന്ദ്രത്തിലുണ്ടാവണം.

11. ശിശുവിഹാര കേന്ദ്രം പ്രവർത്തക എന്ന സങ്കൽപമാണ്‌ വേണ്ടത്‌. ഈ പ്രവർത്തക കുട്ടികൾക്കു ചേച്ചിയായിരിക്കണം.

ഈ പ്രവർത്തകയ്‌ക്ക്‌-

ശിശുമനഃശാസ്‌ത്രത്തിൽ അറിവുണ്ടായിരിക്കണം.

കഥപറയാൻ കഴിവുണ്ടായിരിക്കണം.

പാട്ടുപാടി കളിപ്പിക്കാൻ കഴിവുവേണം.

ക്ഷമയും സഹനശക്തിയും വേണം.

പ്രകൃതിയാത്ര പോലുള്ള കാര്യങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ സന്നദ്ധതയുണ്ടാവണം.

രക്ഷിതാക്കളുമായും നാട്ടുകാരുമായും നല്ല ബന്ധം വേണം.

വൈവിധ്യമായ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വേണം.

കുട്ടികൾക്ക്‌ പ്രയോജനപ്പെടുത്താൻ കഴിയുന്ന ശേഖരങ്ങൾ, കളിക്കോപ്പുകൾ തുടങ്ങിയവ പ്രവർത്തക യുടെ കൈയിലും വേണം. (പാട്ട്‌,കടങ്കഥ...)

പ്രവർത്തക ആസൂത്രണ രേഖ തയ്യാറാക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും വേണം.

കുട്ടികളുടെ വ്യക്തിഗതമായ വിവരങ്ങളും മറ്റും അടങ്ങിയ രേഖ സൂക്ഷിക്കണം.

12. 12-ാം ക്ലാസ്സ്‌ കഴിഞ്ഞ്‌ പരിശീലനം ലഭിച്ചവരായിരിക്കണം പ്രവർത്തക.

a) ജില്ലകളിൽ പരിശീലനം നൽകാനായി ജില്ലാതല പരിശീലന കേന്ദ്രം ഉണ്ടാകണം.

b) ശിശുവിഹാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്നവർക്ക്‌ തുടർപരിശീലന പരിപാടികൾ ഏർപ്പെടുത്തണം.

c) വിദ്യാഭ്യാസം ഐച്ഛികമായെടുത്ത്‌ ഹയർസെക്കണ്ടറി പാസ്സാകുന്നവർക്ക്‌ ഈ കേന്ദ്രത്തിൽ നിന്ന്‌ രണ്ട്‌ വർഷത്തത്തെ പരിശീലനം നൽകണം.

കുട്ടിയുടെ കായികവും മാനസികവുമായ വളർച്ച, ആരോഗ്യം, പോഷകാഹാരം, മനശ്ശാസ്‌ത്രം, സാമൂഹ്യ പശ്ചാത്തലം തുടങ്ങി ഒട്ടനവധി മേഖലകളിൽ അടിസ്ഥാന ജ്ഞാനം പ്രവർത്തകക്ക്‌ ആവശ്യമാണ്‌. ഒട്ടനവധി കളികൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ, ലളിതമായ പ്രായോഗിക പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച്‌ നല്ല പരിചയം പ്രവർത്തകർക്കുണ്ടാകണം. ഇതിന്‌ ശിശുവികസന വിദഗ്‌ധർ, മനശ്ശാസ്‌ത്രജ്ഞർ, ഡോക്‌ടർമാർ, പോഷകാഹാര വിദഗ്‌ധർ, സാമൂഹ്യശാസ്‌ത്രജ്ഞർ, നാടൻകലാ വിദഗ്‌ധർ തുടങ്ങിയവർ ചേർന്നുള്ള ഫാക്കൽറ്റിയാണ്‌ പരിശീലനം നൽകേണ്ടത്‌.

സ്വന്തമായ അന്വേഷണങ്ങളിലൂടെയാണ്‌ കുട്ടി തന്റെ ചുറ്റുപാടിനെ മനസ്സിലാക്കുന്നത്‌. അതിനാൽ ഇന്ദ്രിയ പരമായ സംവേദനത്തിനുതകുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും സാമഗ്രികളെക്കുറിച്ചുമുള്ള ധാരണ പ്രവർത്തക യ്‌ക്കുണ്ടാവുകയും സാമഗ്രികൾ കേന്ദ്രങ്ങളിലുണ്ടാവുകയും വേണം.

ജില്ലാ പരിശീലന കേന്ദ്രത്തോടനുബന്ധിച്ച്‌ ഒരു പരീക്ഷണ വിഹാരകേന്ദ്രം ഉണ്ടാവേണ്ടതാണ്‌.

13. ശിശുവിഹാരകേന്ദ്രം പ്രവർത്തകയ്‌ക്കു ലഭിക്കുന്ന പരിശീലനത്തിന്റെ ചുരുക്കം രക്ഷിതാക്കൾക്കും ലഭിക്കണം.

ഔപചാരിക പഠനകേന്ദ്രമാണ്‌ ശിശുവിഹാരകേന്ദ്രം എന്ന ധാരണ മാറ്റിയെടുക്കണം. കുട്ടികളോട്‌ മനഃശാസ്‌ത്ര പരമായി പെരുമാറാനും കുട്ടികളെക്കു റിച്ചുള്ള അമിത പ്രതീക്ഷകളും ആശങ്കകളും മാറ്റാനും ഇതാവശ്യമാണ്‌.

ശിശുവിഹാരകേന്ദ്രത്തിലെ രക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിലാവണം ഈ പരിപാടി സംഘടിപ്പി ക്കേണ്ടത്‌.

14. ശിശുവിഹാര കേന്ദ്രങ്ങൾ അയൽപക്ക കേന്ദ്രങ്ങൾ കൂടിയായിരിക്കണം.

മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും വീടിന്റെയും ശിശുകേന്ദ്രത്തിന്റെയും ഭാഗമായ തൊട്ടടു ത്ത ചുറ്റുപാടുകളെക്കുറിച്ച്‌ പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്‌ സഹായകമാണ്‌.

ജാതി, വരുമാനം, ലിംഗഭേദം എന്നിവയുടെ വേർതിരിവുകളില്ലാതാക്കാനും അയൽപക്ക കേന്ദ്രങ്ങൾക്ക്‌ കഴിയും. കുട്ടികൾ പരസ്‌പരം സ്വതന്ത്രമായി ഇടപഴകാനും ഇതു വഴിവെക്കും.

15. ഒരു കേന്ദ്രത്തിന്‌ 20 ശിശുക്കൾ എന്ന തോതിൽ ആവശ്യമായ ശിശുവിഹാര കേന്ദ്രങ്ങൾ ഉണ്ടാവേണ്ടതാണ്‌.

പ്രവർത്തകയ്‌ക്ക്‌ ഒരു സഹായി കൂടി വേണ്ടതാണ്‌.

നാലോ അഞ്ചോ അയൽക്കൂട്ടങ്ങൾക്ക്‌ ഒരു ശിശു വിഹാരകേന്ദ്രം മതിയാവും. അയൽക്കൂട്ട ശിശുവി ഹാരകേന്ദ്രങ്ങളിൽ അയൽക്കൂട്ട ഭാരവാഹികളുടെ ശ്രദ്ധയും സഹായവും ഉറപ്പുവരുത്താം.

കുട്ടികളെ സ്‌നേഹിക്കുന്ന സാമാന്യ വിദ്യാഭ്യാസമുള്ള ഒരു പ്രവർത്തകയാവണം പ്രവർത്തകയുടെ സഹായി. സഹായികൾക്ക്‌ ഹ്രസ്വകാല പരിശീലനം പഞ്ചായ ത്തുകൾ നൽകണം. മനഃശാസ്‌ത്രം, ശിശുപരിചരണം, ആരോഗ്യശീലം എന്നിവയിലാവണം പരിശീലനം.

16. ശിശുവിഹാര കേന്ദ്രങ്ങളുടെ പൂർണമായ മേൽനോട്ടം പഞ്ചായത്തുകൾക്കായിരിക്കണം.

a) പഞ്ചായത്തിന്റെ പൊതുവായ മേൽനോട്ടത്തിൽ സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലും സ്വകാര്യ മുൻകൈയോടെയും അയൽപക്ക ശിശുവിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയും.

b) പ്രാദേശിക സമൂഹത്തിന്റെ കൂട്ടായ്‌മയിലൂടെ വേണം ശിശുവിഹാര കേന്ദ്രം പ്രവർത്തിക്കേണ്ടത്‌.

c) മോണിറ്ററിംഗിന്‌ ഒരു പഞ്ചായത്തുതല സമിതി രൂപീകരിക്കണം.

രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കളിക്കോപ്പുനിർമാണവും സമാഹര ണവും വിഭവസമാഹരണ മേൽനോട്ടവും ആരോഗ്യ പോഷകാഹാര പരിപാടികളും നടത്തണം.

17. സംസ്ഥാന സർക്കാർ നിയമപരമായ ചട്ടക്കൂട്‌ ഏർപ്പെടുത്തുകയും സംഘാടനം, പരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള സാമാന്യ നിർദേശങ്ങൾ, പഠനരീതി, പരിശീലനം എന്നിവയ്‌ക്ക്‌ മാർഗ നിർദേശം നൽകുകയും വേണം.

ICDS, സാമൂഹ്യക്ഷേമവകുപ്പ്‌ മുതലായവയുടെ കീഴിലുള്ള വിഭവങ്ങൾ പഞ്ചായത്തിനു കീഴിൽ കൊണ്ടുവരേണ്ടതാണ്‌. അധിക വിഭവങ്ങൾ ജനകീയമായി കണ്ടെത്തണം.

വ്യാപകവും ബൃഹത്തുമായ ശിശുവിഹാര കേന്ദ്രങ്ങൾ ആവിർഭവിക്കുന്നതോടെ സംസ്ഥാനതലത്തിലുള്ള ചിട്ടപ്പെടുത്തിയ പരിപാടികളെക്കാൾ പ്രാദേശിക സാധ്യതയും മുൻകൈയുമുള്ള പരിപാടികൾക്കാണ്‌ പ്രസക്തി.

അതത്‌ പ്രദേശത്തെ വാർഡ്‌ മെമ്പർമാരുടെ നേതൃത്വത്തിലുള്ള സമിതികൾ വിഭവസമാഹരണത്തിന്‌ നേതൃത്വം നൽകണം.

18. കുട്ടിയെ നേരിട്ട്‌ പരീക്ഷിക്കുന്ന തരത്തിലാവരുത്‌ മൂല്യനിർണയം. ശിശുവിഹാര കേന്ദ്രമാണ്‌ മൂല്യനിർണ യത്തിന്‌ വിധേയമാക്കേണ്ടത്‌.

കുട്ടികൾ ഇടപഴകുന്നതിന്റെ തോത്‌, സൗന്ദര്യാത്മകത, പ്രവർത്തനങ്ങളിൽ കുട്ടികൾക്കുള്ള സന്തുഷ്‌ടി എന്നിവയുടെ അടിസ്ഥാനത്തിൽ ഭാവനാപൂർണമായ മൂല്യനിർണയമാണ്‌ വേണ്ടത്‌.

ഈ മൂല്യനിർണയം പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലുള്ള സബ്‌കമ്മറ്റി നിയോഗിക്കുന്ന ടീം നടത്തേണ്ടതാണ്‌.

19. സാർവത്രികമായ ശിശുവികസനം നടപ്പിലാവണ മെങ്കിൽ നാലുമുതൽ ആറു വയസ്സുവരെ പ്രായക്കാരായ 15 ലക്ഷം കുട്ടികളെയും അതിന്‌ മുമ്പും പിമ്പുമുള്ള ആവശ്യക്കാരായ കുട്ടികളെയും ഉൾക്കൊള്ളാൻ കഴിയണം.

20. ശിശുവിഹാര കേന്ദ്രത്തിലെ പ്രവർത്തകയ്‌ക്ക്‌ പ്രൈമറി സ്‌കൂൾ അധ്യപകർക്കു തുല്യമായ വേതനം നൽകേണ്ടതാണ്‌. സഹായിക്കും ഇതിന്‌ ആനുപതികമായ വേതനം ലഭിക്കണം.

21. പ്രവർത്തന സമയം പ്രാദേശികമായി നിർണയിക്കാവുന്നതാണ്‌. എങ്കിലും രാവിലെ 7 മണിമുതൽ വൈകുന്നേരം 7 മണിവരെ കേന്ദ്രം പ്രവർത്തിച്ചാൽ മാത്രമേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

ഇങ്ങനെ പ്രവർത്തിക്കാൻ പ്രവർത്തകരുടെയും സഹായിയുടെയും സാന്നിധ്യം കൊണ്ടു മാത്രമാവില്ല. അയൽക്കൂട്ട സമിതിയുടെയും രക്ഷാകർതൃ സമിതിയുടെയും നേതൃത്വത്തിൽ സമയക്രമീകരണം നടത്തി രക്ഷിതാക്കളുടെ/സമൂഹത്തിന്റെ പ്രതിനിധികൾ രാവിലെയും വൈകുന്നേരവും കുട്ടികളുടെ സംരക്ഷണകാര്യത്തിൽ ഇടപെട്ട്‌ പ്രവർത്തിക്കേണ്ടതാണ്‌. മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും കുട്ടികളോടൊപ്പം കഴിയാൻ ശിശുവിഹാരകേന്ദ്രത്തിൽ അവസരങ്ങളുണ്ടാ വണം. രാവിലെയും വൈകുന്നേരവും അയൽക്കൂട്ടങ്ങളിലെ പ്രതിനിധികൾക്കും താൽപര്യമുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഒന്നിച്ച്‌ കളിക്കാനും വിഹരിക്കാനും പറ്റിയ വിധം ശിശുവിഹാര കേന്ദ്രത്തെ വികസിപ്പിക്കണം. മാതൃസംഗമങ്ങൾ നടത്തി അവയുടെ സേവനവും പ്രയോജനപ്പെടുത്തണം.

22. കഴിയുന്നതും പ്രവർത്തകയും സഹായിയും അതത്‌ അയൽക്കൂട്ടത്തിൽ പെട്ടവരാകണം.

23. ശിശുവിഹാര കേന്ദ്രത്തിൽ ജലലഭ്യത, കക്കൂസ്‌, മൂത്രപ്പുര, പൂന്തോട്ടം എന്നിവ ഉറപ്പുവരുത്തണം.

24. പോഷകാഹാര-ആരോഗ്യ പരിപാടിയുടെ ഭാഗമായി വൈകല്യങ്ങളുള്ള കുട്ടികളെ കണ്ടെത്തി ശിശുവിഹാരകേന്ദ്രത്തിൽ അവർക്ക്‌ ആവശ്യമായ പരിചരണം നൽകേണ്ടതാണ്‌.

25. മാതൃകാ ശിശുവിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ സർക്കാരും പഞ്ചായത്തുകളും സന്നദ്ധസംഘടനകളും നേതൃത്വം നൽകണം.

26. ഐ.സി.ഡി.എസിന്റെയും സർക്കാറിന്റെയും സ്വകാര്യ മേഖലയിലേയും ശിശുവിഹാര കേന്ദ്രങ്ങൾക്ക്‌ ഏകീകൃതമായി പ്രവർത്തനപരിപാടി ഉണ്ടാവണം. ധനസമാഹരണത്തിനും വിനിയോഗത്തിനും ഏകീകൃത സ്വഭാവം വേണം.

ശിശുവിഹാര കേന്ദ്രം എന്ന സങ്കൽപം ഇന്നു നിലവിലില്ല. ശിശുക്കൾക്ക്‌ വിഹരിക്കുന്നതിനല്ല, തളച്ചിടുന്നതിനാണ്‌ ഇന്ന്‌ കേന്ദ്രങ്ങൾ ഉപകരിക്കുന്നത്‌. അങ്ങിനെ തന്നെയാണ്‌ രക്ഷിതാക്കളും കേന്ദ്രങ്ങൾ നടത്തുന്നവരും അവയെക്കാണുന്നത്‌. ഐ.സി.ഡി.എസിന്‌ വ്യത്യസ്‌തമായ ഒരു പ്രവർത്തന പദ്ധതി ഉണ്ടായിട്ടും രക്ഷിതാക്കളുടെ സമ്മർദ്ദവും നടത്തിപ്പുകാരുടെ ഗതാനുഗതികത്വവും മൂലം അവയും ഒരു ``സ്‌ക്കുൾ മാതൃകയിലേക്ക്‌ നീങ്ങുകയാണ്‌. ഇവയ്‌ക്കു പകരം യഥാർത്ഥത്തിൽ ഒരു വിഹാരകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള മുൻകൈ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും സന്നദ്ധസംഘടനകളും ഏറ്റെടുക്കണം. ജില്ലയിൽ നാലോ അഞ്ചോ വിഹാരകേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുകയും അവ ഫലപ്രദമായി നടത്തുകയും ചെയ്‌താൽ ഈ പ്രസ്ഥാനം അതിവേഗത്തിൽ വ്യാപിക്കുമെന്നതിൽ സംശയമില്ല. വിഹാരകേന്ദ്രങ്ങളുടെ പ്രവർത്തനാനുഭവം എല്ലാ പ്രീസ്‌കൂളുകൾക്കും ഒരു പൊതു പ്രവർത്തന പരിപാടി തീരുമാനിക്കുന്നതിലെത്തിക്കും. ഇതിന്‌ നേതൃത്വം വഹിക്കാൻ സർക്കാറിനും പഞ്ചായത്തുകൾക്കും കഴിയണം.