"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമകളും | | name = ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമകളും | ||
| image =[[പ്രമാണം: | | | image =[[[[പ്രമാണം:Janakiyasuthranam2002kssp 0000.jpg|thumb|ഇത് ലഘുലേഖയുടെ കവറാണ്]]]] | ||
| image_caption = | | image_caption = | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
20:41, 17 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമകളും | |
---|---|
[[]] | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വികസനം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ജനുവരി 2002 |
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ലോകത്തിന്റെ മുഴുവനും ശ്രദ്ധയാകർഷിച്ച ഒരു ജനാധിപത്യ പരീക്ഷണം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ നടന്നുവരികയാണ്. ജനങ്ങൾ ഭരണവ്യവസ്ഥയിൽ പങ്കാളികളാകുന്ന പങ്കാളിത്ത ജനാധിപത്യം - participative domocracy. ഒരു വികേന്ദ്രീകൃത അധികാരഘടനയിൽ മാത്രം സാധ്യമാകുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ജനാധിപത്യപരമായ വികേന്ദ്രീകരണം എന്നും വിവക്ഷിക്കാം (democraito decentralisation) ഇത്തരമൊരു വികേന്ദ്രീകൃത ജനാധിപത്യഘടനയിൽ നടക്കുന്ന ആസൂത്രണ പ്രവർത്തനങ്ങളുടെ പ്രത്യേകത എന്തായിരിക്കും? അവയും വികേന്ദ്രീകൃതമായിരിക്കും എന്നതു തന്നെ. വികേന്ദ്രീകൃത അധികാരഘടന ആസൂത്രണ വികേന്ദ്രീകരണത്തിന് ഒരു മുൻ ഉപാധിയാണെന്നു സാരം. ഈ മൂന്നു ഘടകങ്ങളും- അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം ഉൾചേർന്ന ഒരു പസ്ഥാനമാണിവിടെ നടന്നു വരുന്ന “ജനകീയാസൂത്രണ പ്രസ്ഥാനം.” ഒമ്പതാം പഞ്ചവത്സരപദ്ധതി ഘട്ടത്തിലാണ് ഇതിന് തുടക്കമിട്ടത് എന്നതുകൊണ്ട് “ഒമ്പതാം പദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.
ജനകീയാസൂത്രണ പ്രസ്ഥാനം (peoples plan campaign) അതുയർത്തുന്ന സൈദ്ധാന്തിക സമസ്യകൾ മൂലമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള പണ്ഡിതരുടെ പഠനവിഷയമാകുന്നത്. ഇത്തരമൊരു പ്രവർത്തന സംവിധാനം ശാശ്വതീകരിക്കപ്പെട്ടാൽ അത് നിലവിലുള്ള അധികാരസ്ഥാനങ്ങളെ എങ്ങനെ ബാധിക്കും എന്നതാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആശങ്ക ഉളവാക്കുന്ന ഘടകം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ യഥാർഥ പ്രാദേശിക ഭരണകൂടങ്ങളാവുകയും കേന്ദ്ര സംസ്ഥാന ഭരണ സംവിധാനങ്ങളുടെ അധികാരം ഉത്തരവാദിത്വം കുറയുകയും ചെയ്യുമ്പോൾ രാഷ്ട്രീയ കക്ഷികളുടെയടക്കം അധികാരഘടനയിൽ ഈ മാറ്റത്തിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനമാണ് രാഷ്ട്രീയ വിശകലന വിദഗ്ധദർക്ക താത്പര്യമുള്ള വിഷയം. പദ്ധതിയുടെ ഗണ്യമായ ഒരു ഭാഗം പ്രാദേശിക സർക്കാരുകളും അവശേഷിക്കുന്ന (ഭൂരിപക്ഷം) ഭാഗം സർക്കാർ വകുപ്പുകളും നടപ്പാക്കുന്ന സാഹചര്യത്തിൽ മാന്ദ്യമനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉൽപാദന മേഖല അടക്കമുള്ള വികസനമേഖലകളിൽ എന്തു മാറ്റമാണുണ്ടാവുക എന്നത് സാമ്പത്തിക വിദഗ്ധർക്ക് താൽപര്യമുള്ള വിഷയമാണ്. സമസ്തമേഖലകളേയും ആഗോള കമ്പോളത്തിനടിപ്പെടുത്തിക്കൊണ്ടുള്ള സാമാജ്യത്വ അധിനിവേശത്തിന്റെ കാലഘട്ടത്തിൽ ചെറുത്തുനിൽപിന്റെ ഒരു തുരുത്തായി പ്രാദേശിക കൂട്ടായ്മകളെ കാണുന്നവർ ഏറെ പ്രതീക്ഷയോടെയാണ് ജനകീയാസൂത്രണത്തെ കാണുന്നത്.
സാധാരണക്കാരായ ഗ്രാമീണ ജനവിഭാഗങ്ങളിൽ നല്ലൊരു വിഭാഗം “തനിക്കെന്തു കിട്ടി” എന്നതിലൂടെ മാത്രമെ ഇതിനെ വിലയിരുത്താൻ തയ്യാറായിട്ടുള്ളൂ. തങ്ങളുടെ പ്രാമാണ്യം കുറഞ്ഞുപോകുമോ എന്ന ആശങ്കയോടെയാണ് ഉദ്യോഗസ്ഥരിൽ നല്ലൊരു വിഭാഗം ഈ പരീക്ഷണത്തെ നോക്കിക്കാണുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ, പങ്കാളിത്ത മനോഭാവം സൃഷ്ടിക്കുന്ന കാര്യത്തിൽ, ജനാധിപത്യബോധം ഉയർത്തുന്ന കാര്യത്തിൽ ഇവയിലൊക്കെ സാധ്യമായ പുരോഗതി വിലയിരുത്തിയും കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്തെ വികേന്ദ്രീകരണ പരീക്ഷണത്തെ വിലയിരുത്താൻ ശ്രമിക്കുന്നവരുണ്ട്.
ദേശീയവും അന്തർദേശീയവുമായ തലത്തിൽ ഭരണകർത്താക്കളും അക്കാദമിക പണ്ഡിതരും ഒരേ സ്വരത്തിൽ ജനകീയാസൂത്രണത്തെ പ്രകീർത്തിച്ചിരിക്കുന്നു. രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ രാഷ്ടത്തോട് നടത്തിയ പ്രസംഗത്തിൽ കേരളം നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം പ്രത്യേകം പരാമർശിച്ചു. മറ്റു നിരവധി അവസരങ്ങളിലും കേരളത്തിന്റെ ഈ നേട്ടം അദ്ദേഹം എടുത്തു പറയുകയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി കേന്ദ്ര ഗ്രാമവികസന വകുപ്പും കേരളത്തിന്റെ ശ്രദ്ധേയ മായ ഈ കാൽവെപ്പിനെ പ്രകീർത്തിക്കുകയുണ്ടായി. ആസൂത്രണ കമ്മീഷൻ ജനകീയാസൂത്രണ പ്രവർത്തനങ്ങളെ തുടക്കം മുതൽ തന്നെ പ്രാത്സാഹിപ്പിക്കുകയായിരുന്നു. അക്കാദമിക രംഗത്തെ പണ്ഡിതന്മാർ നടത്തിയ വിശകലനങ്ങൾ അക്കാദമിക ജർണലുകളിലും മാധ്യമങ്ങളിലും ധാരാളമായി പത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഭരണാധികാരികളും ആസൂത്രണബോർഡുകളും കേരള പരീക്ഷണത്തിന്റെ വിവിധ വശങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിനുള്ള പഠനയാത്രകൾ നടത്തുന്നു. ഗവേഷകരും സന്നദ്ധ സംഘടനാ പ്രവർത്തകരും തങ്ങൾക്കു താൽപര്യമുള്ള മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിഗമനങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. മൂന്നാം ലോകരാജ്യങ്ങളിൽ നടക്കുന്ന അധികാരവികേന്ദ്രീകരണ പ്രവർത്തനങ്ങളെയും ജനപങ്കാളിത്തത്തോടെയുള്ള വികസന പരീക്ഷണങ്ങളേയും സൂക്ഷ്മമായി വിലയിരുത്തുന്ന നിരവധി വിദഗ്ധർ വികസിത, വികസ്വര രാജ്യങ്ങളിലുണ്ട്. ഇവരുടെ സവിശേഷ പഠനവിഷയമാണ് കേരളത്തിന്റെ ജനകീയാസൂത്രണം. 2000 മെയ് മാസത്തിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാറിലും തുടർന്നും നിരവധി പ്രബന്ധങ്ങൾ ഈ വിഷയത്തിൽ അവതരിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയാകർഷിക്കാനും ജനകീയാസൂത്രണത്തിനു കഴിഞ്ഞു. ലോകബാങ്ക് അതിവിശദമായ ഒരു പഠനം തന്നെയാണ് കേരളത്തിലേയും മറ്റു ചില ഇന്ത്യൻ സംസ്ഥാനങ്ങളിലേയും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടു നടത്തിയിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ജകീയാസൂത്രണ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞതായി പൊതുവെ അനുഭവപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 2001 മെയ് മാസത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം അധികാര വികേന്ദ്രീകരണ പ്രക്രിയയെ മന്ദീഭവിപ്പിക്കാനോ, നിശ്ചലമാക്കാനോ, എതിർദിശയിലാക്കാൻ പോലുമോ വരെ ശ്രമങ്ങൾ നടക്കുന്നതായി വിശ്വസിക്കാവുന്ന തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു.
ഭരണ നേതൃത്വത്തിലുള്ളവരുടെ പ്രസ്താവനകളും പ്രസംഗങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളുടെ പ്രവർത്തനരീതി, സർക്കാർ ഉത്തരവുകൾ എന്നിവ മുതൽ നിയമസഭ അംഗീകരിച്ച പഞ്ചായത്തീരാജ് നിയമഭേദഗതിവരെ ഇത്തരം ധാരണകൾക്ക് ശക്തി പകരുകയാണ്. - കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പിൻബലത്തോടെ മുന്നേറിയ ഒരു ജനകീയ പ്രസ്ഥാനം, ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു ജനാധിപത്യ പരീക്ഷണം ഇന്നെത്തി നിൽക്കുന്ന അവസ്ഥയും അതിനു കാരണമായിരിക്കാൻ ഇടയുള്ള സാഹചര്യങ്ങളും വിശദമായി പഠിക്കേണ്ടത് ഈ പ്രസ്ഥാനത്തെ വീണ്ടും മുന്നോട്ട് നയിക്കുന്നതിന് അനിവാര്യമായിത്തീ രുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയവും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പിഴവുകളോ പോരായ്മകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും വിമർശനബുദ്ധ്യാ വിലയിരുത്തപ്പെടേണ്ടതാണ്. അധികാരത്തിന്റെ യഥാർത്ഥ അവകാശികൾ അത് കയ്യേൽക്കാനും അതിനു അപചയം വരാതെ കാത്തു സൂക്ഷിക്കാനും, ജനോപകാരപ്രദമായി അതുപയോഗിക്കാനും ഉള്ള തങ്ങളുടെ പ്രാപ്തി പ്രദർശിപ്പിക്കേണ്ട സമയമാണിത്.
പശ്ചാത്തലം
ഏഴു ലക്ഷത്തിലേറെ സ്വാശ്രിത്രഗ്രാമങ്ങളുടെ ഒരു ഫെഡറേഷൻ ആയിട്ടാണ് മഹാത്മജി ഇന്ത്യയെ കണ്ടിരുന്നത്. പഞ്ചായത്താജ് സംവിധാനത്തെക്കുറിച്ച് തന്റേതായ വ്യക്തമായ കാഴ്ചപ്പാട് അദ്ദേ ഹത്തിനുണ്ടായിരുന്നു. ഗാന്ധിയൻ പഞ്ചായത്താണ് സങ്കല്പങ്ങളുടെ പാരമ്പര്യമവകാശപ്പെട്ടിരുന്ന കോൺഗ്രസ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, കൂടുതൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രഭരണകൂടത്തിൽ കേന്ദ്രീകൃതമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.
കേരളത്തിലാണെങ്കിൽ, ഒന്നാമത്തെ ജനകീയ ഗവൺമെന്റു മുതൽക്കു തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും അധികാരഘടനയെ വികേന്ദ്രീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. കേരള പഞ്ചായത്ത് ആക്റ്റ് അനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നെങ്കിലും അഞ്ചു വർഷത്തിലൊരിക്കൽ നടക്കേണ്ട തെരഞ്ഞെടുപ്പുപോലും പലപ്പോഴും നടന്നിരുന്നില്ല. പഞ്ചായത്തുകളുടെ ഫണ്ടും അധികാരങ്ങളും പരിമിതങ്ങളായിരുന്നു. ഇടതുപക്ഷ കക്ഷികൾ അധികാരത്തിലിരുന്നപ്പോൾ മാത്രമാണ് ചിട്ടയായി പഞ്ചായത്തു തെരഞ്ഞെടുപ്പുകൾ നടന്നിട്ടുളളത്. നാമമാത്ര അധികാരങ്ങളുള്ള പഞ്ചായത്തു സമിതികളിലൂടെ അധികാരവികേന്ദ്രീകരണം സാധ്യമാകുമായിരുന്നില്ല. ഗ്രാമ പഞ്ചായത്തുകൾക്ക് മീതെ സംസ്ഥാന സർക്കാറിനുകീഴെ മറ്റു സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു (റവന്യൂ ഘടകങ്ങളൊഴികെ). ജില്ലാ കൗൺസിലുകൾ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള നിയമനിർമാണ ശ്രമങ്ങളും അവയുടെ പരാജയവും വികേന്ദ്രീകരണ പ്രക്രിയ എളുപ്പമല്ല എന്നത് അടിവരയിടുന്നതായിരുന്നു. 1968-ലെ ഇടതുപക്ഷ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച് നിയമം പാസ്സായത് 1978-ൽ ആണ്. ഈ നിയമം നടപ്പിലാക്കിയതും അതനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടത്തിയതും 1991ലും. താഴെ തട്ടിലേക്ക് അധികാരം കയ്യൊഴിയാനുള്ള (ഭാഗിക മായെങ്കിലും) ഇഛ്ചാശക്തി ജില്ലാ കൗൺസിൽ നിയമത്തിൽ പ്രകടമായിരുന്നു. എന്നാൽ 1991ൽ അധികാരത്തിലെത്തിയ വലതുപക്ഷ സർക്കാർ ആദ്യം ജില്ലാ കൗൺസിലുകൾക്കു കൈമാറിയിരുന്ന അധികാരങ്ങൾ തിരിച്ചെടുക്കുകയും തുടർന്ന് അവയെ പിരിച്ചു വിടുകയുമാണ് ചെയ്തത്.
വാസ്തവത്തിൽ വികേന്ദ്രീകരണത്തെ ഉൾക്കൊള്ളുന്ന ഒരു മനസ്സാണ് കേരളത്തിന്റേത്. ഐതിഹാസികമായ ഭൂപരിഷ്കരണ നിയമം വഴി ഭൂഉടമസ്ഥത വികേന്ദ്രീകരിക്കാൻ കേരളത്തിനു കഴിഞ്ഞു. ഇതിന്റെ നേതൃത്വവും ഇടതുപക്ഷത്തിനായിരുന്നു. കർഷക - തൊഴി ലാളി പ്രസ്ഥാനങ്ങളുടേയും സ്വാതന്ത്യ സമര കാലഘട്ടം മുതൽക്കേ ഉള്ള സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ആശയ സമരങ്ങളുടെയും പിൻബലവും ഇതിനുണ്ടായിരുന്നു. ഭൂഉടമസ്ഥത ജനങ്ങളുടെ മനോഭാവത്തിൽ വരുത്തിയ മാറ്റങ്ങൾ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിരവധി നേട്ടങ്ങൾക്ക് ഇടവരുത്തി. സാക്ഷരത, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു ശുചിത്വം എന്നിങ്ങനെ. ഇവയുടെ എല്ലാം പിൻബലത്തോടെ കേരളം മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി കുറഞ്ഞ ആളോഹരി വരുമാന ത്തിലും ഉയർന്ന ജീവിതനിലവാരം സാധ്യമാക്കിയ പ്രദേശമായി. സാമ്പത്തിക പണ്ഡിതർ “കേരള മോഡൽ” എന്നു വിവക്ഷിച്ചത് ഈ പ്രതിഭാസത്തെയാണ്.
1975 മുതൽക്ക് കേരളത്തിന്റെ വികസനപ്രശ്നങ്ങൾ പഠിക്കുന്നതിൽ പരിഷത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത ആസൂത്രണം കൊണ്ടു മാത്രമേ ശാസ്ത്രീയവും സ്ഥായിയായതുമായ വികസനം സാധ്യമാകൂ എന്നും പ്രാദേശിക വിഭവങ്ങളെ (ഭൗതികവും, സാമൂഹ്യവും, വൈജ്ഞാനികവും) ആധാരമാക്കിയ വികസന മാതൃകയ്ക്കു മാത്രമേ സ്ഥിരത ഉണ്ടാകൂ എന്നും പരിഷത്ത് മനസ്സിലാക്കി. ഗ്രാമശാസ്ത്രസമിതികൾ, കേരളത്തിന്റെ വികസന സാധ്യത സംബന്ധിച്ച പഠനങ്ങൾ, സെമിനാറുകൾ, വിഭവ ഭൂപടനിർമാണം, കല്ല്യാശ്ശേരി പ്രാദേശികാസൂത്രണ പരീക്ഷണം, തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പരീക്ഷിച്ച ജനകീയാസൂത്രണ പരിപാടി (PLDP), അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി നടത്തിയ ജനകീയ ബോധവൽക്കരണ പരിപാടികൾ എന്നിവ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് വളരെയേറെ സഹായകമായിരുന്നു. കേരളത്തിന്റെ വികസനരംഗത്ത് വൈജ്ഞാനിക തലത്തിലും, പ്രയോഗപരമായും പ്രചരണപരമായും ഏറെ സംഭാവന നൽകാൻ പരിഷത്തിനു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 73, 74 ഭരണഘടനാ ഭേദഗതികളെ തുടർന്ന് കേരളത്തിലും നടപ്പാക്കപ്പെട്ട വികേന്ദ്രീകരണ പ്രക്രിയയെ വിലയിരുത്താൻ. 1993ൽ നിയമമായ ഭരണഘടനാ ഭേദഗതിയെ മുൻനിർത്തി സംസ്ഥാന നിയമം ഭേദഗതി ചെയ്യാൻ കുറെയേറെ സമ്മർദങ്ങളും പ്രക്ഷോഭങ്ങളും വേണ്ടി വന്നു. അതിന്റെ ഫലമായാണ് 1995മുതൽ പ്രാബല്യത്തിൽ വന്ന പഞ്ചായത്തിരാജ് - നഗര പാലികാ ആക്റ്റുകൾ കേരള നിയമസഭ പാസാക്കിയത്. ഭരണഘടനക്ക് ഭേദഗതി വരുത്തിയ കേന്ദ്ര ഭരണകൂടത്തിനും അതിനു നേതൃത്വം നൽകിയ രാഷ്ട്രീയ സംവിധാനത്തിനും അധികാര വികേന്ദ്രീകരണത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന മൂന്ന് കാര്യങ്ങളെങ്കിലും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
- കേന്ദ്രഭരണകൂടത്തിന്റെ അധികാരങ്ങളൊന്നും താഴെ തട്ടുകൾക്ക് വികേന്ദ്രീകരിച്ചു നൽകാൻ തയ്യാറായില്ല.
- സംസ്ഥാന സർക്കാറുകൾക്ക് വേണമെന്നു തോന്നുന്നെങ്കിൽ മാത്രമേ അധികാരങ്ങൾ പക്ഷം വികേന്ദ്രീകരിച്ചു നൽകേണ്ടതുള്ളു.
- ഇതേ കാലത്തു നടപ്പിലാക്കിയ പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വികേന്ദ്രീകരണ സങ്കൽപങ്ങൾക്കു തന്നെ വിരുദ്ധമായിരുന്നു.
ഇതനുസരിച്ചുള്ള ഏതാനും ദൗർബല്യങ്ങൾ സംസ്ഥാന നിയമത്തിലും പ്രകടമായിരുന്നു. അധികാരങ്ങൾ വികേന്ദ്രീകരിച്ചു നൽകിയ രാഷ്ട്രീയ നടപടിക്കപ്പുറം ഈ അധികാരങ്ങൾ ഫലപ്രദമായി പയോഗിക്കുന്നതിനാവശ്യമായ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കാതിരുന്നതു തന്നെയാണ് പ്രധാന പോരായ്മ. എങ്കിലും പയോഗത്തിന്റെ അടിസ്ഥാനത്തിൽ പല പോരായ്മകൾക്കും പരിഹാരം നേടാൻ കഴിയും എന്ന ധാരണയിൽ ഒരു തുടക്കത്തിനാവശ്യമായ സാഹചര്യങ്ങൾ ഈ നിയമം പ്രദാനം ചെയ്തു. 1996ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരാണ് വികേന്ദ്രീകരണ പ്രക്രിയയെ അർഥപൂർണമാക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിവെച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 36 ശതമാനം പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകികൊണ്ട് നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി വഴിയായിരുന്നു അത്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന മുദ്രാവാക്യത്തോടെ പ്രാദേശിക ഭരണകൂടങ്ങളെ വികേന്ദ്രീകൃത ആസൂത്രണത്തിന് സജ്ജമാക്കിയത് ഈ പ്രവർത്തനമാണ്.
ആശിച്ചതെന്ത്
ജനകീയാസൂത്രണ പ്രസ്ഥാനം പങ്കാളിത്ത ജനാധിപത്യത്തിന്റെ പരീക്ഷണമായിരുന്നു. അത് അധികാര വികേന്ദ്രീകരണത്തെ പ്രയോഗവൽക്കരിക്കലായിരുന്നു. അതേസമയം ആസൂത്രണ പ്രക്രിയ വികേന്ദ്രീകരിക്കുക വഴി ഒരു പുതിയ വികസന സങ്കൽപം രൂപപ്പെടുത്തലും അതിന്റെ ഭാഗമായിരുന്നു.
ഈ ഘടകങ്ങൾ തമ്മിലുള്ള പരസ്പരാശ്രിതത്വവും ഇവയ്ക്ക് പൗരസമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനവും മനസ്സിലാക്കാതെ പോകുമ്പോഴാണ് ഇതൊരു അരാഷ്ട്രീയ പ്രവർത്തനമാകുന്നത്. സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടാക്കുന്നതും ഈ സ്വാധീനങ്ങൾ പഠിക്കാൻ കഴിയാതെ പോകുമ്പോഴാണ്. പഞ്ചായത്തു നഗര പാലികാനിയമങ്ങൾ വഴി പ്രാദേശിക ഭരണ സംവിധാനങ്ങളെ നിരവധി ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരിക്കുന്നു. ഈ അധികാര വിഭജനം അഥവാ അധികാര വികേന്ദ്രീകരണം ഒരു രാഷ്ട്രീയ പ്രക്രിയയാണ്. പക്ഷെ ഇതിന്റെ പ്രയോഗക്ഷമത മറ്റു നിരവധി തുടർനടപടികൾ കൊണ്ടുമാത്രമെ ഉറപ്പാക്കാൻ പറ്റൂ. അവയിൽ അതിപ്രധാനമായത് സാമ്പത്തിക വികേന്ദ്രീകരണമാണ്. പദ്ധതി വിഹിതത്തിന്റെ 36 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള സർക്കാർ തീരുമാനം പ്രസക്തമാകുന്നതിവിടെയാണ്. കൈമാറിക്കിട്ടിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവശ്യമായ ശേഷികളിൽ പരമപ്രധാനമായ സാമ്പത്തികശേഷി കൈവന്നപ്പോൾ മാത്രമാണ് വികേന്ദ്രീകൃത അധികാര ഘടന ചലനാത്മകമായത്.
ആരാണ് ഈ ചലനത്തെ നിയന്ത്രിക്കുക. ഭരണ സമിതികളാണോ? അതോ ഉദ്യോഗസ്ഥ സംവിധാനമോ? അതോ ഇവ രണ്ടും കൂടിച്ചേർന്നോ? നാളിതുവരെയുള്ള ഭരണ സംവിധാനത്തിൽ ഇവ ക്കപ്പുറത്തേക്ക് ചോദ്യം നീളുമായിരുന്നില്ല. ഭരണഘടനാപരമായ അധികാരങ്ങളോടുകൂടിയ ഗ്രാമസഭ പഴഞ്ചൻ ധാരണയ്ക്കപ്പുറത്തായിരുന്നു. ഗ്രാമസഭയുടെ സാന്നിധ്യവും സജീവതയും ആണ് വികേന്ദീകൃത അധികാരഘടനയെ ജീവത്താക്കിയത്. അധികാരം ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ അല്ല; ജനങ്ങൾക്കാണ് എന്ന തിരിച്ചറിവിലേക്ക് ഇതാണ് നയിച്ചത്. ജനങ്ങളുടെ ഭരണ പങ്കാളിത്തം ഉറപ്പാകുന്നത് ഗ്രാമസഭയിലൂടെയാണ്. - ഗ്രാമസഭ തന്നെയാണ് ഏറ്റവും ചെറിയ ആസൂത്രണ സംവിധാനവും. വികേന്ദ്രീകൃത ആസൂത്രണത്തിന് ഒരു മൂന്നുപാധിയാണ് അധികാര വികേന്ദ്രീകരണം. സ്വന്തം പ്രദേശത്തിന്റെ ആവശ്യങ്ങളേയും വിഭവ സാധ്യതകളേയും ബന്ധപ്പെടുത്തി വികസന പദ്ധതി കൾ രൂപപ്പെടുത്താൻ ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും കിട്ടിയ അധികാരം ഉപയോഗക്ഷമമായത് വിഭവം പങ്കുവെക്കപ്പെട്ടപ്പോൾ മാത്രമാണ്. ഇതൊരു ചെറിയ കാര്യമല്ല. പ്രാദേശികമായി വൈദഗ്ധ്യത്തേയും മുൻകയ്യിനേയും വളർത്തിക്കൊണ്ടു വരുന്നതിന് കാരണമായ പ്രധാന ഘടകമാണിത്. നാളിതുവരെ വിദഗ്ധർക്കും ഉദ്യോഗസ്ഥ പ്രമാണികൾക്കും മാത്രം വഴങ്ങിയിരുന്ന ആസൂത്രണ് പ്രക്രിയ സാധാരണ ഗ്രാമീണജനങ്ങളിലേക്ക് ഇറങ്ങിവരുന്ന ഒരു പ്രവർത്തനവുമാണിത്. നിർദേശിക്കപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഏതേതിന് മുൻഗണന നൽകണം എന്നു തീരു മാനി ക്കുന്നതിനും ആ തീരുമാനം യുക്തിസഹമായി ഗ്രാമസഭകളിൽ വിശ ദീകരിക്കാനുമുള്ള നേതൃത്വപാടവം ഗ്രാമീണ ജനതയിൽ ഉയർന്നു വരുന്നതിനും ഈ ആസൂത്രണൂപ്രകിയ ഇടയാക്കുന്നു.
പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള ഗ്രാമസഭയുടെ അധികാരമാണ് മറ്റൊരു പ്രധാനഘടകം. പഞ്ചായത്തിന്റെ കണക്കും പ്രവർത്തനറിപ്പോർട്ടും ഗ്രാമസഭയിൽ അവതരിപ്പിക്കുക എന്നത് ഭരണ സമിതിയുടെ ബാധ്യതയാണ്. ഭരണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ സഹായിക്കുന്നത് ഈ ഘടകമാണ്. ഭരണത്തിലെ പങ്കാളിത്തം പോലെ തന്നെ പ്രധാനമാണ് ഭരണത്തിലെ സുതാര്യത. ഭരണ സംവിധാനത്തിൽ ഭരണസമിതികളുടേയും ഉദ്യോഗസ്ഥരുടേയും നടപടികളെ വിലയിരുത്താനും വിമർശിക്കാനും തിരുത്താനും ജനങ്ങൾക്കു ലഭ്യമായ അധികാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ അഴിമതി ഒഴിവാക്കാൻ കഴിയൂ. നാളിതുവരെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥന്മാരും മാത്രം കൈകാര്യം ചെയ്തിരുന്ന ഒന്നാണ് ആസൂത്രണം. സാധാരണക്കാർക്ക് പ്രത്യേകിച്ചും ഗ്രാമീണജനതക്ക് വഴങ്ങുന്ന ഒന്നാണിതെന്ന് ആരും ധരിച്ചിരുന്നില്ല. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ രൂപപ്പെടുത്തുന്ന പദ്ധതികൾ ഗ്രാമവാസികൾക്ക് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അവസരം നൽകുന്നു. അതുവഴി അവയുടെ ശേഷി വർധിപ്പിക്കും. ആസൂത്രണ പ്രക്രിയയിൽ വൈദഗ്ധ്യവും താല്പര്യവുമുള്ള പ്രാദേശിക പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കും. വികസന ആസൂത്രണ സമസ്യകൾ ജനങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടാകും.
ഇത്തരം ഇടപെടലിന്റെ ഫലമായി ഒരു പുതിയ വികസന കാഴ്ചപ്പാട് സമൂഹത്തിൽ രൂപപ്പെടും. പ്രമാണിമാരുടെ പ്രശ്നങ്ങൾക്ക് മാത്രം മുൻതൂക്കം ലഭിക്കുന്ന പദ്ധതികളേ നാളിതുവരെ രൂപപ്പെട്ടിരുന്നുള്ളൂ എന്നത് ഒരു സത്യമാണ്. ഇത്തരം പദ്ധതിപ്രവർത്തനം മൂലം വികസന രംഗത്ത് നിന്ന് പുറന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങൾക്ക് ചില്ലറ ആനുകൂല്യങ്ങൾ നൽകി അവരെ ഭരണകൂടത്തിന്റേയും ഭരണ വർഗത്തിന്റേയും ആശ്രിതരാക്കുകയായിരുന്നു ഇതുവരെ നടന്നത്. ആനുകൂല്യങ്ങൾക്കു വേണ്ടി യാചിക്കുന്ന പ്രജാബോധത്തിൽ നിന്ന് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പൗര ബോധത്തിലേക്ക് ജനതയെ ഉയർത്താൻ പുതിയ പ്രവർത്തനങ്ങൾ സഹായകമാകേണ്ടതുണ്ട്. സാമൂഹ്യ തുല്യതയിലും, പരിസര രക്ഷയിലും ഊന്നിയ സ്ഥായിയായ വികസന മാതൃകകൾ രൂപപ്പെടുത്തുന്നതിന് പ്രാദേശിക സമൂഹങ്ങൾക്ക് കഴിവുണ്ടാകണം. സാമൂഹ്യ തുല്യതയിൽ ഊന്നിയ വികസന സങ്കൽപത്തിന്റെ സ്വാഭാവിക ഫലമാണ് സ്ത്രീകൾക്കും ദളിത് ആദിവാസി വിഭാഗങ്ങൾക്കും പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ. ദുർബല ജന വിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുക എന്നത് സമൂഹത്തിന്റെ പൊതുധാരണയാക്കുകയും ആ ധാരണക്കനുസരിച്ചുള്ള തീരുമാനങ്ങൾ ജനകീയ സമവായത്തിന്റെ ഭാഗമായി നടപ്പിലാക്കാനുള്ള കഴിവ് ജനതയ്ക്ക് ഉണ്ടാകുകയും വേണമെന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
വാർഡുതല സങ്കുചിത ധാരണകളെ അതിജീവിച്ചുകൊണ്ട് സമഗ്രമായ വികസന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞാൽ ഇന്നലെ വരെ പരിഹരിക്കാൻ കഴിയാതിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. സ്വന്തം അധ്വാനവും സമ്പത്തും സാമൂഹിക വികസനത്തിന് സംഭാവന ചെയ്തുകൊണ്ട് വിഭവദാരിദ്യം ഒരു പരിധിവരെ പരിഹരിക്കാൻ ഈ കാഴ്ചപ്പാട് സഹായിക്കും. ആഗോളവൽക്കരണത്തിന്റെ നീരാളിപ്പിടുത്തത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ കയ്യൊഴിയാൻ തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ പൊതു വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ -നടത്തിപ്പും വികസനവും പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ജനകീയ പ്രവർത്തനമായി മാറ്റാൻ കഴിയും. ഏറ്റെടുക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങൾ സമയ ബന്ധിതമായി ഗുണമേന്മയോടു കൂടി നടക്കുന്നു എന്നുറപ്പുവരുത്താനുള്ള സാമൂഹിക മേൽനോട്ടം പൊതുമുതലിന്റെ ചോർച്ചയും അഴിമതിയും ഒഴിവാക്കാൻ സഹായിക്കും. ഭരണസമിതിയും ഉദ്യോഗസ്ഥവൃന്ദവും ജനകീയപ്രവർത്തകരും ഒന്നിച്ച് പ്രവർത്തിക്കുന്ന, ഒരു ഘടകം മറ്റുള്ളവയ്ക്ക് പൂരകമാകുന്ന, ഒരു സ്ഥിതിവിശേഷം കേരള സമുഹത്തിൽ രൂപപ്പെടുകയാണ് വേണ്ടത്. ഇത് സാധ്യമാകണമെങ്കിൽ മാറിനിന്നു വിമർശിക്കുക മാത്രമാണ് തങ്ങളുടെ ചുമതല എന്ന് ധരിച്ചിരിക്കുന്ന ആളുകൾക്കടക്കം പങ്കെടുത്തു തിരുത്തുക എന്ന താണ് തങ്ങളുടെ കടമ എന്ന ബോധം ഉണ്ടാക്കേണ്ടതുണ്ട്.
നേട്ടങ്ങൾ
കഴിഞ്ഞ നാലുവർഷത്തെ ജനകീയാസൂത്രണ ഫലങ്ങളെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നത് വികേന്ദ്രീകൃത അധികാരഘടനയുടെ ഇന്നത്തെ അവസ്ഥയെയും അതിലേക്കു നയിച്ച സംഭവഗതിയെയും മനസ്സിലാക്കുന്നതിന് സഹായിക്കും. ഗ്രാമസമൂഹങ്ങളിൽ നല്ല ഉണർവാണ് ആദ്യവർഷങ്ങളിൽ ജനകീയാസൂത്രണം ഉണ്ടാക്കിയത്. സമയബന്ധിതമായി പദ്ധതി രേഖകൾ തയ്യാറാക്കാനും അംഗീകാരം നേടാനുമുള്ള ശേഷി പ്രാദേശിക ഭരണകൂടങ്ങൾ സ്വായത്തമാക്കി എന്നതാണ് പരമപ്രധാനം. പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പൊരുളറിയുന്ന നല്ലൊരു വിഭാഗം പ്രവർത്തകർ എല്ലാ പഞ്ചായത്തുകളിലുമുണ്ട്. വികേന്ദ്രീകൃത അധികാര ഘടനയുടെ സവിശേഷതകളെന്തെന്നും ഈ ഘടനയിൽ പൗരന്റെ അധിക അവകാശങ്ങളെന്തെന്നും ഇവർക്കറിയാം.
ഗ്രാമസഭകളും വാർഡുസഭകളും ഗ്രാമ-നഗര ജീവിതത്തിന്റെ ഭാഗമായി ഗ്രാമസഭകളെ സജീവമാക്കാൻ കഴിയുന്ന അയൽക്കൂട്ടങ്ങളും വ്യാപകമായിട്ടുണ്ട്. സ്ത്രീകളുടേതായ സ്വയംസഹായസംഘങ്ങൾ ഒരു പുതിയ ഉണർവിന്റെ പ്രതീകമെന്ന നിലയിൽ തലയെടുപ്പോടെ കേരള സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആദിവാസി ഊരുകളിൽ അവരുടേതായ ഊരുകൂട്ടങ്ങൾ (എന്തെങ്കിലും പരിമിതികളുണ്ടെങ്കിലും) നിയമപരിരക്ഷയുള്ള കൂട്ടായ്മകളായി രൂപമെടുത്തിരിക്കുന്നു. കൃഷി, വ്യവസായം, ആരോഗ്യം എന്നിങ്ങനെയുള്ള സവിശേഷ മേഖലകളിൽ പ്രാദേശിക ഇടപെടലുകൾക്കുള്ള പ്രസക്തിയും അനിവാര്യതയും തിരിച്ചറിഞ്ഞ് പ്രാദേശിക പ്രവർത്തകർ എല്ലാ ഗ്രാമ നഗരപ്രദേശങ്ങളിലുമുണ്ടായിട്ടുണ്ട്. പുതിയ ഇടപെടൽ രീതികൾ പരീക്ഷിക്കാൻ ഇക്കൂട്ടർ പ്രാദേശിക ആസൂത്രണമെന്ന ഉപാധിയെ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. സർവീസിലിരിക്കുന്നവരും റിട്ടയർ ചെയ്തവരുമായ നിരവധി പേർ തങ്ങളുടെ ഒഴിവുസമയത്തിന്റെ ഒരു പങ്ക് പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി നീക്കിവെക്കാൻ തയ്യാറായി. ഇവരുടെ അധ്വാനവും സമയവും ലഭ്യമായി എന്നതിനപ്പുറം പ്രാദേശിക പ്രശ്നങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഇക്കൂട്ടർക്ക് കഴിഞ്ഞു എന്നതും നേട്ടമാണ്. പ്രാദേശിക പ്രവർത്തകരുമായി ആരോഗ്യകരമായ സംവാദത്തിനും ആശയവിനിമയത്തിനും ഭരണനേതൃത്വവും ഉദ്യോഗസ്ഥ സമൂഹത്തിൽ കുറെ പേരെങ്കിലും തയ്യാറായി എന്നതും പ്രധാനമാണ്. പ്രാദേശിക ഭരണകൂടത്തിന്റെതായ ഒരു സ്വാശിത നിർവഹണ സംവിധാനം രൂപപ്പെട്ടുവരുന്നതിന്റെ ഉൾക്കാമ്പായി ഇതിനെ കാണാവുന്നതാണ്. കർമസമിതികൾ, വിദഗ്ധസമിതികൾ, ഗുണഭോക്തസമിതികൾ എന്നിവ വഴി വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിൽ പങ്കാളികളായി പ്രാദേശിക തലം വഴിയുള്ള വികസനത്തിന്റെ സാധ്യത മനസ്സിലാക്കിയ വരാണിവർ.
സേവനരംഗത്തെ പൊതുസ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും രക്ഷാകർതൃത്വം പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്തതിന് ഇന്നത്തെ ആഗോളസാഹചര്യത്തിൽ അതീവപ്രാധാന്യമുണ്ട്. സർക്കാർ സ്കൂളുകൾ, അങ്കണവാടികൾ, ആശുപ്രതികൾ, ഗ്രന്ഥശാലകൾ എന്നിവയ്ക്ക് ആവശ്യമായ കെട്ടിടസൗകര്യങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതിൽ ഒരു കുതിച്ചുചാട്ടം തന്നെയാണുണ്ടായത്. വിദ്യാഭ്യാസരംഗത്താണെങ്കിൽ, അക്കാദമിക രംഗത്ത് അധ്യാപക പുനഃപരിശീലനം, പരീക്ഷാരീതി പരിഷ്കരണം എന്നിവയിൽ രക്ഷാകർതൃസമൂഹത്തിന് നേതൃത്വം കൊടുത്തുകൊണ്ടു പ്രവർത്തിച്ച ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നിരവധിയാണ്. പരിസര ശുചിത്വം, പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സ്വന്തം ഉത്തരവാദിത്വമായി തിരിച്ചറിഞ്ഞ് നല്ല രീതിയിൽ പ്രവർത്തിച്ച് പഞ്ചായത്തുകൾ നിരവധിയുണ്ട്.
കുടിവെള്ളവും പാർപ്പിടവും ഒരു സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് പ്രാദേശിക ഭരണസമിതികൾക്കും പൗരസമൂഹത്തിനും ഉണ്ടായ തിരിച്ചറിവ് വളരെ പ്രധാനമാണ്. ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവിതരണ പദ്ധതികൾ ജനകീയ ഉടമസ്ഥത യിലും ജനകീയ നിയന്ത്രണത്തിലും നടപ്പാക്കിക്കൊണ്ട് മാതൃകകൾ സൃഷ്ടിക്കാൻ പല പഞ്ചായത്തുകൾക്കും കഴിഞ്ഞു. ഏതാണ്ട് മൂന്നുലക്ഷത്തോളം വീടുകളാണ് കഴിഞ്ഞ നാലുവർഷം കൊണ്ട് വീടില്ലാത്തവർക്ക് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ നാല് ദശാബ്ദങ്ങൾ കൊണ്ട് ചെയ്തതിനേക്കാൾ കൂടുതൽ. ഭവനരഹിതർക്കെല്ലാം വീടു കൊടുത്ത പഞ്ചായത്തുകളുണ്ട്. എല്ലാ വീടുകളിലും നല്ല കക്കൂസ് ഉറപ്പാക്കി പരിസരാരോഗ്യം മെച്ചപ്പെടുത്തിയ പഞ്ചായത്തുകൾ നിരവധിയാണ്.
ഗ്രാമീണ റോഡുകൾ, ചെറുകിട പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ കാര്യത്തിൽ കുതിച്ചുചാട്ടം തന്നെയാണ് നടന്നത്. ഗതാഗതയോഗ്യമല്ലാതിരുന്ന കുണ്ടനിടവഴികൾ വാഹനഗതാഗതത്തിനനുയോജ്യമായ റോഡുകളാക്കി മാറ്റുന്നതിൽ മത്സരം തന്നെയായിരുന്നു. വഴി വിളക്കുകളുടെ കഥയും ഇതുപോലെ തന്നെയാണ്. ഇത്രയേറെ റോഡുകളായിരുന്നോ അടിയന്തിരാവശ്യം എന്ന ചോദ്യം പ്രസക്തമാണെന്ന് സമ്മതിച്ചു കൊണ്ടു തന്നെ ദീർഘനാളായി ഉയർത്തിക്കൊണ്ടുവന്നിരുന്ന ഒരാവശ്യം, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ നടപ്പിലാക്കി എന്നതാണ് സംഭവിച്ചത് എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പദ്ധതി വിഹിതത്തിൽ ഒരു നിശ്ചിത ശതമാനം ഉൽപാദന മേഖലകളിൽ ഉപയോഗിച്ചേ പറ്റൂ എന്ന നിർബന്ധം പ്രാദേശിക ഭരണസമിതികളുടെ അധികാരത്തെയും പ്രവർത്തന സ്വാതന്ത്യത്തെയും നിയന്തിക്കലാണെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ ഉൽപാദന മേഖലയിൽ ഗണ്യമായ വികാസം സംഭവിക്കാതെ ശാശ്വത വികസനം സാധ്യമല്ലെന്ന തിരിച്ചറിവായിരുന്നു ഈ നിർബന്ധങ്ങൾക്ക് ആധാരം. ഇറക്കുമതി നിയന്ത്രണങ്ങൾ പിൻവലിക്കൽ, ആഗോളകുത്തകകളുടെ കടന്നുവരവ്, സബ്സിഡി നിർത്തൽ എന്നിവ കൊണ്ട് ദിശാബോധം നഷ്ടപ്പെട്ട ഒന്നാണ് കേരളത്തിലെ കാർഷിക മേഖല. തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന കാർഷിക മേഖലയിൽ നിന്ന് എങ്ങനെയും രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് കർഷകർ. ഈ സാഹചര്യത്തിൽ കാർഷിക മേഖലയിലെ ചെറുതായ ഇടപെടലുകൾക്കൊന്നിനും ഫലസിദ്ധി എളുപ്പമല്ല. എന്നിരുന്നാലും പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്ത നേടാൻ കഴിഞ്ഞ പ്രദേശങ്ങൾ ധാരാളമുണ്ട്. പച്ചക്കറികളുടെ ലഭ്യതയും അതിനനുസരിച്ച് ഉപഭോഗവും ഈ കാലയളവിൽ ഗണ്യമായി വർധിച്ചു. ചെറിയ ചെറിയ ജലസേചന സംവിധാനങ്ങൾ വഴി ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. നെൽക്ക്യഷി മേഖലയിൽ ഒറ്റപ്പെട്ടതാണെങ്കിലും, ഏതാനും കൂട്ടുകൃഷി പരീക്ഷണങ്ങൾ വിജയകരമായി നടപ്പിലാക്കി. ജലസംരക്ഷണം നീർത്തടാധിഷ്ഠിത വികസന സമീപനം എന്നിവ വ്യാപകമായ ചർച്ചകൾക്കും ബോധവൽക്കരണത്തിനും വിധേയമായ സങ്കൽപങ്ങളാണ്.
തകർന്നടിഞ്ഞ പരമ്പരാഗത മേഖല, ആഗോളമത്സരത്തിൽ തോറ്റമ്പിയ ആധുനിക വ്യവസായങ്ങൾ ഇതാണ് കേരളത്തിന്റെ വ്യാവസായിക മേഖല. കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്കൊരു പരിഹാരം കണ്ടെത്തുകയെന്നതാണ് കേരളത്തിന്റെ പ്രധാന വികസന പ്രശ്നം. കാർഷികമേ ഖലയിൽ തൊഴിലുറപ്പുനൽകുന്ന ലേബർ ബാങ്ക് ഒന്നുരണ്ടു പഞ്ചായത്തുകളെങ്കിലും വിജയകരമായി നടത്തിവരുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിക്കൊണ്ട് ചെറിയ സംരംഭങ്ങൾ വഴി തൊഴിൽ സാധ്യത കണ്ടെത്തിയവരുമുണ്ട്. വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന നിരവധി തൊഴിൽ സംരംഭങ്ങൾ സ്വയംസഹായസംഘങ്ങളുടെയും അയൽക്കൂട്ടങ്ങളുടെയും ആഭിമുഖ്യത്തിൽ തുടങ്ങിയിട്ടുണ്ട്. ദളിത പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയും തൊഴിൽ പരിശീലനങ്ങളും തൊഴിലുറപ്പുപദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഇവക്കൊന്നിനും തന്നെ തൊഴിലില്ലാപ്പടയുടെ എണ്ണത്തിൽ ഗണ്യമായ മാറ്റമൊന്നും വരുത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇവയൊക്കെ ശരിയായ ദിശയിലുള്ള നീക്കങ്ങളായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനസ്വാതന്ത്യം ഉറപ്പാക്കുന്നതിനും അവയ്ക്ക് ചിട്ടയായ പ്രവർത്തനരീതികൾ ആവിഷ്കരിക്കുന്നതിനും ഗ്രാമസഭ, കർമസമിതികൾ തുടങ്ങിയവയുടെ നിലനിൽപും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനും വേണ്ടി ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നത് ഒരു വലിയ നേട്ടമാണ്. തദ്ദേശ ഭരണകൂടങ്ങളുടെ പ്രവർത്ത നാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കാരങ്ങൾ നിർദേശിക്കാൻ അധികാരപ്പെടുത്തിയ സെൻ കമ്മറ്റിയുടെ ശുപാർശകളിൽ പലതും നിയമഭേദഗതിയിലൂടെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഭരണപരിഷ്കാര കമ്മീഷൻ. ഇവയുടെയെല്ലാം ഫലമായി ഉദ്യോഗസ്ഥ പുനർവിന്യാസവും ചിട്ടപ്പെടുത്തലുകളും പൂർണമാകുന്നതോടെ മാത്രമേ ഇന്നനുഭവിക്കുന്ന പ്രായോഗിക വൈഷമ്യങ്ങൾ ഇല്ലാതാവുകയുള്ളൂ. നാലായിരത്തോളം കോടിരൂപയാണ് നാലുവർഷങ്ങൾകൊണ്ട് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികളിലൂടെ ചെലവഴിക്കപ്പെട്ടത്. മുൻകാലങ്ങളിലെപ്പോലെ ചെലവഴിച്ചതായി കണക്കെഴുതി ട്രഷറികളിൽ സൂക്ഷിക്കലല്ല യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയാണുണ്ടായത് എന്ന് ഏവർക്കും ബോധ്യമായിരിക്കുന്നു. പക്ഷേ വാസ്തവത്തിൽ ചെലവഴിക്കപ്പെട്ടത് ഇതിലും എത്രയോ കൂടുതലാണ്. പ്രാദേശിക പ്രവർത്തകരുടെ സംഭാവനകളും സന്നദ്ധ സേവനമൂല്യവും കൂട്ടിച്ചേർത്ത് പദ്ധതി അടങ്കൽ വർധിപ്പിക്കാൻ മിക്ക തദ്ദേശ ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം എങ്ങനെയാണ് ചെലവഴിക്കപ്പെട്ടത് എന്നതൊരു തുറന്ന പുസ്തകമാണെന്നതാണ് സവിശേഷത. ഓരോ പ്രവൃത്തിയുടെയും അടങ്കലെത്? എന്തെല്ലാം ജോലികളാണ് ഉദ്ദേശിക്കുന്നത്? എത്രകാലം കൊണ്ടാണ് ചെയ്ത തീർക്കേണ്ടത്? ആരാണ് അഥവാ ആരൊക്കെയാണ് നടത്തിപ്പിന്റെ ചുമതല ഏറ്റിട്ടുള്ളത്? എന്നീ കാര്യങ്ങളെല്ലാം പരസ്യമാണ്. ഗ്രാമസഭാ തീരുമാനങ്ങളിലും ജോലി സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡിലും ഇവ പരസ്യമാക്കപ്പെട്ടിരിക്കുന്നു. സമയം വൈകിയപ്പോഴോ, ബിനാമി കരാറുകാർ രംഗത്തുവന്നപ്പോഴോ പണിയുടെ നിലവാരം കുറഞ്ഞപ്പോഴോ എല്ലാം പ്രതിഷേധങ്ങളും പരാതിയും ഉയർന്നത് ഈ സുതാര്യതയ്ക്ക് തെളിവാണ്. ഈ സുതാര്യത തന്നെയാണ് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയകളെ ചർച്ചാ വിഷയമാക്കിയതും. ഗ്രാമസഭാ തീരുമാനങ്ങൾ തിരുത്താനോ തള്ളിക്കളയാനോ ശ്രമിച്ച സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടാക്കിയതിന് കാരണവും ഈ സുതാര്യത തന്നെയാണ്. കാലവിളംബമില്ലാതെ, ചോർച്ച കുറച്ചുകൊണ്ട് ഗുണമേന്മയോടുകൂടിയ പ്രവൃത്തികൾ എങ്ങനെ ചെയ്തുതീർക്കാമെന്ന് മാതൃക കാണിച്ച 150-200 പഞ്ചായത്തുകളെങ്കിലും കേരളത്തിലുണ്ട്. അത്ര മെച്ചപ്പെട്ടവരല്ലാത്തവയും ഈ വഴിക്കുവരും എന്ന പ്രതീക്ഷയ്ക്ക് കേരളജനതയുടെ സാമൂഹ്യബോധമാണ് ഗ്യാരന്റി.
പോരായ്മകൾ
എന്നാൽ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്; നേട്ടങ്ങളെ പലതിനെയും മറയ്ക്കാൻ പര്യാപ്തമായ പോരായ്മകൾ. ഒരു കേന്ദ്രീകൃത സംവിധാനത്തിൻ കീഴിൽ, ഭരണാധികാരികളുടെയും ഉദ്യോഗസ്ഥൃരുടെയും ആശ്രിതരായി കഴിയുകയായിരുന്നു ജനാധിപത്യത്തിലെ സർവശക്തരായ വോട്ടർമാർ. അധികാര വികേന്ദ്രീകരണം അവർ ആവശ്യപ്പെട്ടിരുന്നില്ല. ഒരു ഗാന്ധിയൻ ആശയം നടപ്പിലാക്കി എന്ന ഖ്യാതിക്കു വേണ്ടി മാത്രം കേന്ദ്ര ഭരണകൂടം നടത്തിയ നിയമനിർമാണത്തെ തുടർന്ന് പ്രാദേശിക ഭരണങ്ങളേയും അതുവഴി ജനങ്ങളെയും അധികാരവൽക്കരിക്കുക എന്ന ധർമം കേരളസർക്കാർ സ്വയം ഏറ്റെടുക്കുകയായിരുന്നു. പല തലങ്ങളിലുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടികൾ സമൂഹത്തിന്റെ വിവിധ അടരുകളെ ഇതിനനുഗുണമായി മാറ്റിയെടുക്കുന്നതിന് ആവശ്യമായിരുന്നു. കുറെയേറെ പരിശീലന പരിപാടികൾ നടന്നുവെന്നതു ശരിയാണ്. പക്ഷെ അതെല്ലാം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചു മാത്രമായിരുന്നു. രണ്ടുവിഭാഗവും തങ്ങളുടെ കൈവശമുള്ള അധികാരം വിട്ടൊഴിയുന്നതിന് വൈമുഖ്യമുള്ളവരാണ്. ഇവരിലൂടെ ജനങ്ങളെ അധികാരവൽക്കരിക്കുക അസാധ്യമാണ്. തദ്ദേശ ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനെ ഭരണ സമിതി അംഗങ്ങൾ അനുകൂലിക്കുന്നു. അധികാരം പോരെന്നും അവർ പരാതിപ്പെടുന്നു. പക്ഷേ, അധികാരം ഭരണസമിതികൾക്കു താഴെ ജനങ്ങൾക്കു കൈമാറുന്നതിന് അവർ അനുകൂലമല്ല. പഞ്ചായത്തുകൾക്ക് പ്ലാൻ വിഹിതം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ പ്രാധാന്യം കുറയാതിരിക്കാൻ എം.എൽ.എ ഫണ്ടിനു വേണ്ടിയാണ് നിയമസഭാംഗങ്ങൾ മുറവിളി കൂട്ടിയത്. ജനങ്ങൾ എന്നും തങ്ങളുടെ ആശ്രിതരായിരിക്കണമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് തങ്ങളുടെ ഔദാര്യമെന്ന നിലയ്ക്കാകണമെന്നുമുള്ള ഭരണ വർഗ ചിന്താഗതി പലർക്കുമുണ്ട്. ഇതിനു പരിഹാരമുണ്ടാ വുക രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തിയോടെ ഇടപെടുമ്പോഴാണ്.
അധികാരം ജനങ്ങൾക്കാണ്, ജനപ്രതിനിധികൾക്കല്ല എന്ന ഉറച്ച ധാരണ അണികളിലെത്തിക്കുകയും അത് പ്രാവർത്തികമാക്കുന്നതിന് ഗ്രാമസഭയടക്കമുള്ള വേദികളിൽ സജീവമായി ഇടപെടാൻ അണികളെ പ്രേരിപ്പിക്കുകയുമാണു വേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ അതുണ്ടായില്ല. ഗ്രാമസഭ നാൾക്കുനാൾ ശോഷിച്ചുവന്നു. ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുവരുന്നവരുടെ മാത്രം കൂട്ടമായി പലേ ടത്തും അത് തരംതാണു. ആനുകൂല്യം കിട്ടിയവർ പിന്നെ വരാതെയുമായി.
ഇതിലൊക്കെ കാണാവുന്ന ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ജനാധിപത്യത്തിനു എബ്രഹാം ലിങ്കൺ നൽകിയ നിർവചനത്തിൽ “ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമെ” ഇവിടെ നിലവിൽ വന്നിട്ടുള്ളു. “ജനങ്ങളാൽ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം' ആക്കി അതിനെ മാറ്റാണ് ഇവിടെ ശ്രമം നടന്നത്. നിക്ഷിപ്തതാൽപര്യങ്ങൾക്ക് അത് സ്വീകാര്യമല്ല. അവരെ വെല്ലുവിളിച്ചുകൊണ്ട് ജനകീയ ഭരണത്തെ നിലനിർത്തേണ്ടവർപോലും ഫലത്തിൽ അവരുടെ താൽപര്യസംരക്ഷകരാകുന്നതാണ് കേരളം ഇന്നു നേരിടുന്ന ഒരു പ്രധാന പ്രശ്നം.
പലേടത്തും ജനകീയ പ്രവർത്തകർ ഒഴിഞ്ഞുപോയി, നിരവധി പേരെ ഭരണസമിതികൾ തന്നെ ഒഴിവാക്കി. പദ്ധതികളുടെ ഗുണമേന്മയെയും നടത്തിപ്പിലെ സുതാര്യതയെയും പല സ്ഥലങ്ങളിലും ഇതു ബാധിച്ചു. ഇത്തരം സ്ഥലങ്ങളെ ഉദാഹരിച്ചുകൊണ്ട് അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്ന് വിമർശകർക്ക് പറയാൻ കഴിഞ്ഞു.
ഉദ്യോഗസ്ഥ പ്രഭുക്കൾക്ക് തീരെ യോജിപ്പുള്ള കാര്യമല്ല അധികാരവികേന്ദ്രീകരണം; പഞ്ചായത്തുകളുടെ ഭാഗമാകേണ്ടി വന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചും. ഉദ്യോഗസ്ഥ പുനർവിന്യാസം വൈകിപ്പിച്ച് അസാധ്യമാക്കുന്നതിൽ അവരുടെ ഗൂഢതന്ത്രങ്ങൾ വിജയിച്ചു. ഫലം പ്രാദേശിക ഭരണകൂടങ്ങൾക്ക് കാര്യനിർവഹണ ശേഷി കൈവന്നില്ല എന്നതാണ്. എഞ്ചിനീയർമാരില്ലാത്തതു കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ വൈകി. ആവേശത്തോടുകൂടി പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഗുണഭോക്തൃ സമിതികളെ പീഡിപ്പിച്ച് രംഗം വിടീക്കാൻ ഉദ്യോഗസ്ഥരുടെ സംഘടിത ശ്രമം തന്നെയുണ്ടായി. ഉദ്യോഗസ്ഥന്റെ പ്രവർത്തനം ജനം പരിശോധിക്കേണ്ടതിനു പകരം ജനങ്ങൾ ചെയ്യുന്നതിൽ കുറ്റവും കുറവും കണ്ടെത്തി അവരെ ശിക്ഷി ക്കുന്ന നിലയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. ശിക്ഷ അനുഭവിച്ചവരെല്ലാം ഭയന്നോടുകയായിരുന്നു. ജനകീയ തലം നിഷ്പ്രഭമാക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം നടത്തിയ ശ്രമങ്ങളായിരുന്നു ഇവ.
ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നില്ല. ജനാധികാര വേദികളായ ഗ്രാമസഭകൾ ചടങ്ങുകളായി മാറിയതാണിതിനു പ്രധാന കാരണം. ദുർബലർക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത മധ്യവർഗവും ഉപരിവർഗവും ഗ്രാമ സഭകളിൽ പങ്കെടുത്തില്ല. അവരുടെ സാന്നിധ്യം ഗ്രാമസഭാ നടത്തിപ്പിനെയും അവിടുത്തെ ചർച്ചകളെയും അവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകളെയും ഗുണപരമായി സ്വാധീനിക്കുമായിരുന്നു. പല പാളിച്ചകളും ഇക്കൂട്ടരുടെ ഇടപെടൽ കൊണ്ടു തിരുത്താമായിരുന്നു. “പങ്കെടുത്തു തിരുത്തുന്നതിനു പകരം മാറി നിന്ന് വിമർശിക്കുകയാണ്' ഇക്കൂട്ടർ ചെയ്തത്. ഉദാത്തമായ ജനാധിപത്യ ബോധത്തിന്റെ ഭാഗമായി ഗ്രാമസഭകളിൽ പങ്കെടുത്ത് പദ്ധതി നടത്തിപ്പ് ചിട്ടയാക്കാൻ ഈ വിഭാഗത്തെ പ്രേരിപ്പിക്കാൻ കഴിഞ്ഞില്ല. ജനകീയാസൂത്രണം ഞങ്ങൾക്കന്യമാണ്, അത് ദരിദ്രവാസികളുടേത് മാത്രമാണ് എന്ന രീതിയിലാണ് ഉപരിവർഗം ഈ മഹൽ പരീക്ഷണത്തെ കണ്ടത്. ദൗർഭാഗ്യവശാൽ ഈ ചിന്താഗതി അരക്കിട്ടുറപ്പിക്കുന്ന തരം പ്രചാരവേലകളാണ് മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ജനബോധവൽക്കരണം എന്ന ഭാഗം അവർ വിട്ടുകളഞ്ഞു.
നല്ലൊരു ഭാഗം ഗുണഭോക്തസമിതികൾ ബിനാമികളായിരുന്നു. സമിതികളുടെ പരിചയക്കുറവ്, ഉദ്യോഗസ്ഥരുടെ പീഡനം, പലപ്പോഴും ഭരണസമിതികളുടെ “താൽപര്യം' എന്നിവ ഇതിന് കാരണങ്ങളാണ്. ഇത് സുതാര്യതയ്ക്കും അഴിമതിയില്ലായ്മയ്ക്കും മറ്റും ഏറ്റ തിരിച്ചടിയായിരുന്നു. പഞ്ചായത്തുകാരെല്ലാം അഴിമതിക്കാർ, അഴിമതിയെ വികേന്ദ്രീകരിച്ചവർ എന്നെല്ലാം വിളിച്ചുകൂവാൻ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അവസരമൊരുക്കിക്കൊടുത്തത് ഇത്തരം പ്രവർത്തനങ്ങളാണ്. സ്വന്തക്കാർക്കും പാർശ്വവർത്തികൾക്കും ആനുകൂല്യങ്ങൾ നൽകാനുള്ള വ്യഗ്രത പലപ്പോഴും ഗ്രാമ സഭാതീരുമാനങ്ങളെ അട്ടിമറിക്കുന്നതിനു കാരണമായി. ഭരണസമിതി തീരുമാനങ്ങൾ ആവശ്യത്തിനനുസരിച്ച് തിരുത്തുന്ന പതിവു പണ്ടെയുള്ളതാണ്.
കോൺടാക്ടർമാരും ഉദ്യോഗസ്ഥരും കൂട്ടുചേർന്നുള്ള ഒരു ലോബി ഭരണ നേതൃത്വത്തിന്റെ സഹായത്തോടെ വർഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്നതാണ് പ്രാദേശിക വികസന രംഗം. ഇവരുടെ സ്ഥാപിത താൽപര്യങ്ങൾക്കു വിഘാതമായേക്കാനിടയുള്ള അധികാര വികേന്ദ്രീകരണത്തെ സർവശക്തിയുമെടുത്ത് തടയാൻ അവർ ശ്രമിച്ചു. രാഷ്ട്രീയ നേതൃത്വം - പ്രതിപക്ഷവും ഭരണപക്ഷവും-ഒരു വലിയ അളവു വരെ അവർക്കു വിധേയരാവുകയും ചെയ്തു. പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയം ഉൾക്കൊള്ളാൻ അവരുടെ സങ്കുചിത രാഷ്ട്രീയം അവരെ അനുവദിച്ചില്ല. ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും കാര്യങ്ങൾ നടത്തിയ പ്രസിഡണ്ടുമാരും സമിതി അംഗങ്ങളും സ്വന്തം രാഷ്ടീയ നേതൃത്വത്തിന്റെ ശത്രുക്കളായി മാറി. ഇക്കൂട്ടരെയൊന്നും തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചില്ല. പുതിയ ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ നല്ലൊരു പങ്ക് ഗ്രാമസഭകളിൽ പങ്കെടുത്തിട്ടുപോലുമില്ലാത്തവരായിരുന്നു. ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും എന്തെന്ന് പോലും അറിയാത്ത ഇവരെ സാമൂഹ്യ മാറ്റത്തോട് പുറംതിരിഞ്ഞു നിൽക്കുന്നവരായി ജനങ്ങൾ വിലയിരുത്തി. ഇവർ ജനകീയാസൂത്രണത്തിന്റെ സ്തുതി പാഠകരായപ്പോൾ അതൊരു ജാടയാണെന്ന് കണക്കാക്കി ജനങ്ങൾ അവരെ പാഠം പഠിപ്പിച്ചു; ബാലറ്റുപെട്ടിയിലൂടെ. സ്ഥാപിത താൽപര്യങ്ങൾക്കനുകൂലമായ വികേന്ദ്രീകരണ വിരുദ്ധ നിലപാടായിരുന്നു മുഖ്യധാരാ മാധ്യമങ്ങളുടേതും. നേട്ടങ്ങൾ തമസ്കരിച്ചുകൊണ്ട് വീഴ്ചകൾ പർവതീകരിച്ച് പ്രാദേശികാസൂത്രണത്തെ അപഹാസ്യമാക്കുകയാണ് ഫലത്തിൽ മാധ്യമങ്ങൾ ചെയ്തത്.
ഇവക്കെല്ലാം പ്രതിവിധി ഗ്രാമസഭകളിലൂടെയും അയൽക്കൂട്ടങ്ങളിലൂടെയും ചെയ്യാൻ ജനങ്ങൾക്കു കഴിയുമായിരുന്നു. തങ്ങൾക്കു കൈവന്ന അധികാരം കവർന്നെടുക്കുമ്പോൾ, ജനകീയ അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ, അറിയാനുള്ള അവകാശവും മറ്റു നിയമ പരിരക്ഷകളുമുപയോഗിച്ച് ഭരണസമിതികളുടെ തെറ്റുകൾ തിരുത്താനും ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനും അവർക്കു കഴിയുമായിരുന്നു. അവകാശ നിഷേധങ്ങളെ നിവർന്നുനിന്ന് ചോദ്യം ചെയ്യുന്നതിനു പകരം മാറി നിന്ന് പിറുപിറുക്കുന്ന ദൗർബല്യമാണ് പൗരസമൂഹം പ്രദർശിപ്പിച്ചത്. പൗരസമൂഹത്തിന്റെ അവകാശബോധവും ജനാധിപത്യ ബോധവും ഉയർത്തുന്നതിൽ പരാജയപ്പെട്ടതായിരുന്നു കാരണം. രാഷ്ട്രീയ നേതൃത്വം അതിനു തയ്യാറായില്ല, മാധ്യമങ്ങൾ അതു വേണ്ടെന്നുവെച്ചു, ഉദ്യോഗസ്ഥവൃന്ദം അതിനെ എതിർത്തു. എന്നാൽ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും ഒരു ജനകീയ പ്രക്ഷോഭമെന്ന നിലയിൽ ഇതു ചെയ്യാമായിരുന്നു. ജനകീയ പ്രവർത്തകരിൽ കുറേ പേർ ഭരണസമിതികളുടെ ശത്രുക്കളായി രംഗം വിട്ടെങ്കിലും നല്ലൊരു പങ്ക് അവശേഷിച്ചിരുന്നു. പക്ഷെ അവർ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ഭരണസമിതികളെ സഹായിക്കാൻ ബാധ്യതപ്പെട്ടവരായി മാറി. അവർ നടത്തിപ്പുകാരായി. ഉദ്യോഗസ്ഥർ തങ്ങളുടെ ജോലികൾ ഇവരുടെ ചുമലിൽ കെട്ടിവെച്ച് മേൽനോട്ടക്കാരുമായി. ജനകീയ തലം ശക്തമാക്കി ജനങ്ങളുടെ ചോദ്യം ചെയ്യൽ ശേഷി വർധിപ്പിക്കാൻ വേണ്ട ബോധവൽക്കരണം നടത്തേണ്ട ഇവരിൽ പലർക്കും ജനങ്ങളുടെ മുമ്പിൽ ഭരണസമിതികൾക്കു വേണ്ടി വക്കാലത്തു പറയേണ്ട ഗതികേടുണ്ടായി. പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ അകത്തുനിന്നു തന്നെ വിമർശിക്കപ്പെടുന്നത് ദോഷകരമായേക്കുമെന്ന് ഇക്കൂട്ടർ ഭയപ്പെട്ടു. ശക്തമായ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ ജനങ്ങൾക്കു നേതൃത്വം നൽകിയിരുന്നെങ്കിൽ അപചയം ഒഴിവാക്കാമായിരുന്നു. ഫണ്ടിങ് ഏജൻസികളുടെ സഹായത്തോടെ സേവന വികസന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാരേതര സംഘടന(എൻ.ജി.ഒ.)കൾക്കാവട്ടെ തങ്ങളെ പഞ്ചായത്തു സമിതികൾ നിയന്ത്രിച്ചേക്കുമോ എന്ന ഭീതി മൂലം ജനകീയാസൂത ണത്തോട് വൈമുഖ്യമായിരുന്നു. - കേരളത്തിലെ പൗരസമൂഹത്തിന്റെ ഉയർന്ന ജനാധിപത്യബോധം കൂട്ടായ്മ, പരസ്പര വിശ്വാസം, സഹകരണ മനോഭാവം എന്നിവ യിലുള്ള വിശ്വാസമായിരുന്നു വികേന്ദ്രീകരണ പരീക്ഷണത്തിന്റെ പ്രധാന മുതൽമുടക്ക്. അരനൂറ്റാണ്ടിലേറെക്കാലത്തെ കേന്ദ്രവൽകൃത വികസനപ്രവർത്തനങ്ങളും സമീപകാലത്തെ കമ്പോളവൽക്കരണ പ്രവണതകളും ഈ സ്വഭാവങ്ങളിൽ പോറലേൽപിച്ചിട്ടുണ്ട്. ഇവ ചികിത്സിച്ചു ഭേദപ്പെടുത്തി പൗരസമൂഹത്തെ ബോധ്യപ്പെടുത്തി ശക്തമായ ഒരു തിരുത്തൽ ശക്തിയായി അതിനെ നിലനിർത്തുന്നതിൽ വന്ന വീഴ്ച അപരിഹാര്യമായ അപകടങ്ങൾ വരുത്തിവെച്ചോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വികേന്ദ്രീകരണ പരീക്ഷണത്തെ കമ്പോള ശക്തികളിൽ നിന്നും സ്ഥാപിത താൽപര്യക്കാരിൽ നിന്നും രക്ഷിക്കാൻ ആവശ്യമായ ജനകീയ കൂട്ടായ്മയിൽ നിന്ന് വിട്ടു നിന്ന മധ്യവർഗത്തെ തിരുത്തൽ ശക്തിയുടെ ഭാഗമാക്കാൻ കഴിയാതെ പോയതും ഗുരുതരമായ വീഴ്ചയാണ്. കാർഷിക മേഖലയടക്കമുള്ള ഉൽപാദന മേഖലകളിൽ കാണത്തേക്ക് മാറ്റമൊന്നുമുണ്ടായില്ല. കർഷകർക്കും കർഷക തൊഴിലാളികൾക്കും നേട്ടങ്ങളൊന്നുംതന്നെ അനുഭവവേദ്യമായില്ല (ആഗോളവൽക്കരണം കൊണ്ടുള്ള പിന്നോട്ടടിയാണ് പ്രധാന കാരണം). കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി തൊഴിലില്ലായ്മയുടെ കാഠിന്യം കുറയ്ക്കാനും കഴിഞ്ഞില്ല. ഇതെല്ലാം എളുപ്പം നടക്കുമെന്നു പറയുന്നത് ശാസ്ത്രീയമായിരിക്കില്ല. പക്ഷെ ജനങ്ങൾക്ക് കാത്തുകാത്തു മടുത്തിരിക്കുന്നു. അവർക്ക് ഉടൻ പരിഹാരമാണ് വേണ്ടത്. ജനകീയാസൂത്രണം അവർക്ക് ഏറെ പ്രതീക്ഷകൾ നൽകി. ഉടൻ ഫലം കാണാത്തതിൽ അവർക്ക് പ്രതിഷേധവുമുണ്ട്. ആദിവാസി - ദളിത വിഭാഗങ്ങളോട് തദ്ദേശ ഭരണസ്ഥാപനങ്ങളിലെ സമിതികൾക്ക് ഏറെ സൗമനസ്യമൊന്നും കാണിക്കാനും കഴിഞ്ഞിട്ടില്ല. ആദിവാസി പഞ്ചായത്തുകളിൽ പോലും ഇക്കൂട്ടർ ന്യൂനപക്ഷമാണ്; ഇന്നലെവരെ തങ്ങളെ ചൂഷണം ചെയ്ത് മുന്നോക്കക്കാർക്ക് മുൻതൂക്കമുള്ള ഭരണ സമിതികളെ ആശങ്കയോടെയാണ് ഇക്കൂട്ടർ കാണുന്നത്. ഈ ആശങ്ക ഇല്ലാതാക്കുന്നതിൽ ഗണ്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വനിതകൾക്കുവേണ്ടി വിഭാവനം ചെയ്ത പ്രത്യേക ഘടക പദ്ധതിയിലെ നിർദേശങ്ങൾ ഒട്ടുമിക്കവയും പരിഹാസ്യവും ബാലിശവുമായിരുന്നു. ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ വൈകല്യം വിളിച്ചോതുന്നവ - ഇവ തിരുത്തുന്നതിനാവശ്യമായ ഇടപെടലു കളും വേണ്ടെതയുണ്ടായിരുന്നില്ല. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായുണ്ടായ സ്വയംസഹായസംഘങ്ങൾക്ക് യോജ്യമായ തുടർ പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. ഇവരും അതൃപ്തരാണ്; പ്രതീക്ഷകൾ സഫലമാകാത്തതിലുള്ള അതൃപ്തി. ഇന്നത്തെ അവസ്ഥ
കേരളത്തിലെ വികേന്ദ്രീകൃത അധികാര ഘടന വലിയ പ്രതിസന്ധിയെ നേരിടുകയാണിന്ന്. ഈ പ്രതിസന്ധിയുടെ ആഴം ഒരുപക്ഷെ തീരെ അറിഞ്ഞുകൂടാത്തത് പ്രാദേശിക ഭരണകൂടങ്ങളിലെ ഭരണ സമിതി അംഗങ്ങൾക്കാണ്. ജനകീയാസൂത്രണത്തിന്റെ ദീർഘകാല ഗുണഭോക്താക്കളായിരുന്ന പൗരസമൂഹത്തിനും ഈ ഗുരുതരാവസ്ഥ ബോധ്യമായിട്ടില്ല. - ഒമ്പതാം പദ്ധതി ജനകീയ പദ്ധതിയായി നടപ്പിലാക്കിക്കൊണ്ടാണല്ലോ ജനകീയാസൂത്രണം പ്രാവർത്തികമാക്കിയത്. കൂടുതൽ ഉത്ത രവാദിത്വങ്ങൾ കയ്യേറ്റ പ്രാദേശിക ഭരണകൂടങ്ങളും അവയിലേക്ക് കൈമാറിക്കിട്ടിയ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഈ പ്രവർത്തനങ്ങളിൽ സജീവമായുണ്ടായിരുന്നു. പദ്ധതി പ്രവർത്തന കാലത്തെ പ്രതിപക്ഷം (ഇന്നത്തെ ഭരണപക്ഷം) അധികാരവികേന്ദ്രീകരണത്തെ അനുകൂലിക്കുന്നവരായിരുന്നു. ഗാന്ധിയൻ ആശയം, രാജീവ് ഗാന്ധി നടപ്പിലാക്കാൻ ശ്രമിച്ചത് എന്നീ നിലകളിലും ഭരണഘടനാഭേദഗതി വരുത്തിയത് കോൺഗ്രസ് ഗവണ്മെന്റാണ് എന്ന നിലയിലും അവർ അധികാര വികേന്ദ്രീകരണത്തിന്റെ പൈതൃകം അവകാശപ്പെട്ടിരുന്നു. പൊതുവേദികളിലും പ്രസ്ഥാനങ്ങളിലും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇവയെല്ലാം തന്നെ പദ്ധതി നിർവഹണത്തിലെ പോരായ്മകളെയും അപര്യാപ്തതകളെയും കുറിച്ചായിരുന്നു. വിദഗ്ധ സമിതികളോടും കർമസമിതികളോടുമുള്ള വിയോജിപ്പും ശക്തമായിരുന്നു. ഇതൊക്കെ ഒരളവുവരെ മനസ്സിലാക്കാൻ പറ്റുന്നതുമായിരുന്നു. വികേന്ദ്രീകരണം കൂടുതൽ ഭംഗിയായി, ജനാധിപത്യപരമായി നിർവഹിച്ചുകാണാനുള്ള ആഗ്രഹമാവാം ഒരുപക്ഷേ, ഇവയിൽ നിഴലിച്ചുകണ്ടത്. ഇവയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭരണത്തിലുണ്ടായ മാറ്റം അധികാരവികേന്ദ്രീകരണത്തെയും ജനകീയാസൂത്രണത്തെയും ദോഷകരമായി ബാധിക്കുമെന്ന് ആരും കരുതിയില്ല.
എന്നാൽ അനുഭവം മറിച്ചായിരുന്നു. സാമ്പത്തിക പരാധീനതയുടെ പേരിൽ മുൻവർഷത്തെ നാലാംഗഡു തടഞ്ഞുകൊണ്ടായിരുന്നു തുടക്കം, സർക്കാരിന്റെ സാമ്പത്തികനില മോശമായിരുന്നതിനാൽ ഇത് ഒരു പരിധിവരെ മനസ്സിലാക്കാൻ കഴിയുമായിരുന്നു. പിന്നീടാണ് ദുസൂചനകൾ ഒന്നൊന്നായി വന്നുതുടങ്ങിയത്. പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി നിർവഹണം ദുർവ്യയമായിരുന്നു, കാര്യക്ഷമത കുറഞ്ഞതും അഴിമതി നിറഞ്ഞതുമായിരുന്നു, പരിശീലനങ്ങളും മാർഗനിർദേശങ്ങളും അനാവശ്യമായിരുന്നു എന്നിങ്ങനെയുള്ള ആവർത്തിച്ചുള്ള കുറ്റപ്പെടുത്തലുകളിൽ നിഷേധാത്മക സമീപനത്തിന്റെ ലാഞ്ചന ദൃശ്യമായിരുന്നു. വിദഗ്ധ സമിതികളുടെ ഭാഗമായിരുന്ന ജനകീയ പ്രവർത്തകരെയും ജനകീയ പങ്കാളിത്തത്തെ മൊത്തത്തിലും അടച്ചാക്ഷേപിച്ചുകൊണ്ട് വികേന്ദ്രീകരണത്തെ ഉദ്യോഗസ്ഥ കേന്ദ്രിതമാക്കാനുള്ള നിഷേധാത്മക സമീപനം പ്രകടമായി. അധികാരം ജനപ്രതിനിധികൾക്കും ഭരണ സമിതികൾക്കുമാണ്, ജനങ്ങൾക്കല്ല എന്ന സന്ദേശം ഇവയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ഇതൊന്നും ജനപ്രതിനിധികളെ ബാധിച്ചില്ല. ഭരണസമിതികളുടെ പ്രാധാന്യം വർധിച്ചതിലും ജനകീയ ഇടപെടൽ നിഷേധിച്ചതിലും പലരും സന്തോഷിച്ചുകാണും.
പ്രതീക്ഷകൾക്കു വിരുദ്ധമായി ഇരുപതംഗ മന്ത്രിസഭ അധികാരമേറ്റതു തന്നെ അധികാര വികേന്ദ്രീകരണവുമായി യോജിച്ചുപോകുന്നതായിരുന്നില്ല. പല വകുപ്പുകളിലെയും ചുമതലകൾ പ്രാദേശികഭരണകൂടങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഈ വസ്തുത തുറന്നുപറഞ്ഞുകൊണ്ടാണ് പട്ടികജാതി വകുപ്പുമന്ത്രി തന്റെ വകുപ്പിൽ ജോലിയൊന്നുമില്ലാത്തതിനാൽ പഞ്ചായത്തുകൾക്കു വിട്ടു കൊടുത്ത അധികാരങ്ങൾ തിരിച്ചെടുക്കുമെന്നു പ്രഖ്യാപിച്ചത്. ബഡ്ജറ്റുവഴി പഞ്ചായത്തുകൾക്കു കൈമാറിയ ടേബൽ ഉപപദ്ധതി (TSP) തിരികെ സർക്കാർ വകുപ്പിനെ ഏൽപിച്ചുകൊണ്ട് തിരിച്ചുപോക്കിന് തുടക്കമിട്ടു. തദ്ദേശ ഭരണവകുപ്പിന്റെ ഭാഗമായി മാറിയിരുന്ന ഗ്രാമ വികസന വകുപ്പ് അടർത്തിമാറ്റി. ആസ്തികൾ ജില്ലാ പഞ്ചായത്തുകൾക്കു കൈമാറിയ ഡി.ആർ.ഡി.എകൾ പുനരുജ്ജീവിപ്പിച്ചു. ഒരു മന്ത്രിക്കു വേണ്ടി വകുപ്പു കണ്ടെത്താൻ വേണ്ടി ചെയ്ത ഈ നടപടികളോടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്ന അധികാരവും നിയന്ത്രണവും പൂർണമായും ഉദ്യോഗസ്ഥർക്ക് അടിയറ വെക്കുകയായിരുന്നു. വികേന്ദ്രീകരണത്തിന്റെ പാതയിൽ നിന്നുള്ള തിരിച്ചു പോക്കാണിതെന്ന് കേന്ദ്രഗ്രാമവികസന മന്ത്രിതന്നെ പറഞ്ഞു. പുതിയ സർക്കാരിന്റെ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ തന്നെ ഡി.ആർ.ഡി.എകളെ പുനരുജ്ജീവിപ്പിക്കാൻ നടത്തുന്ന ശ്രമത്ത അതിശക്തമായി വിമർശിച്ചു. പുതിയ സർക്കാർ അധികാരമേറ്റയുടനെ സീനിയർ ഉദ്യോഗസ്ഥന്മാർ സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ നൽകിയ നിർദേശങ്ങളിലും സർക്കാർ പുറത്തിറക്കിയ ധവളപ്രതത്തിലും വികേന്ദ്രീകൃതാസൂത്രണത്തിന് അപകടം വരാൻ പോകുന്നുവെന്നതിന്റെ സൂചനകളുണ്ടായിരുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങൾ തങ്ങൾക്കു കിട്ടിയ പദ്ധതിവിഹിതം ചെലവാക്കിയതുകൊണ്ടുകൂടിയാണ് ധനസ്ഥിതി അപകടകരമായതെന്നാണ് ഭാഷ്യം. ഇവയെ തുടർന്നുണ്ടായ പുതുക്കിയ ബഡ്ജറ്റിൽ പദ്ധതി വിഹിതം മൊത്തത്തിൽ 25% കുറവു ചെയ്തു. ഈ തീരുമാനം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ധനശേഷിയിൽ സാരമായ ഇടിവുവരുത്തി. ഒന്നാംഗഡുവും ഈ അടുത്ത ദിവസം രണ്ടാംഗഡുവും നൽകിയതായി ധനമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും പണം മിക്കവർക്കും കൈയിൽ കിട്ടിയിട്ടില്ല. ഈ സാമ്പത്തിക വർഷം മിക്കവാറും കഴിയാറായിട്ടും കഴിഞ്ഞ വർഷത്ത സ്പിൽ ഓവർ പ്രോജക്ടകളടക്കം കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിഞ്ഞിട്ടില്ല. പദ്ധതി പ്രവർത്തനം നിർത്തി വെച്ച് പ്രതീതി ഇതുണ്ടാക്കി. അൽപം വൈകിയാണെങ്കിലും വാർഷിക പദ്ധതി രൂപീകരിക്കാ നുള്ള നിർദേശങ്ങൾ ആസൂത്രണബോർഡ് ഈ വർഷവും നൽകുകയുണ്ടായി. പൊതുവിൽ മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളുടെ തുടർച്ച എന്നുതോന്നാമെങ്കിലും ജനകീയതലത്തെ നിരാകരിക്കാനും ഉദ്യോഗസ്ഥാധിപത്യം ഉറപ്പിക്കാനുമുള്ള പ്രവണത സ്പഷ്ടമായി കാണാൻ കഴിയും. വിദഗ്ധ സമിതികളെ വേണ്ടെന്നുവെച്ച് പകരം സാങ്കേതിക ഉപദേശക സമിതികളെ സ്ഥാപിച്ചത് ആ പേരിനോടുള്ള വിയോജിപ്പുകൊണ്ടാണെന്നു പറയും. പക്ഷേ സമിതികളുടെയെല്ലാം ചുമതലക്കാരായി ഉദ്യോഗസ്ഥരെ മാത്രം നിർദേശിച്ചത് ഉദ്യോഗസ്ഥരാജിനുള്ള ശ്രമം തന്നെയാണ്. ഇത് അപകടകരമാണ്. പദ്ധതി രൂപീകരണവും നടത്തിപ്പും ജനപങ്കാളിത്തമില്ലാതെ നടക്കുക എന്ന അപകടം. നല്ലൊരു പങ്ക് ഭരണസമിതികൾ ഇതിൽ സന്തോഷിക്കുന്നവരാണ്. ജനങ്ങളെ ഭയപ്പെടേണ്ടതില്ലല്ലോ. ഗ്രാമ സഭയെ ഒരു ശല്യമായി കാണുന്ന കൂട്ടരുമുണ്ട്. ഗ്രാമസഭ കൂടിയതായി വരുത്താൻ ഇക്കൂട്ടർക്കു കഴിയും. ഫലത്തിൽ നാലുവർഷം കൊണ്ട് നേടിയതെല്ലാം നഷ്ടമാകും.
ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്നായിരുന്നല്ലോ മുദ്രാവാക്യം. അതു കഴിഞ്ഞല്ലോ? പത്താം പദ്ധതി ജനകീയമാകുമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ? എന്ന മട്ടിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്ന് പരാമർശങ്ങളുണ്ടാകുന്നു. പഞ്ചായത്തുകളുടെ അധികാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് 95ലെ സർക്കാർ നൽകിയ അധികാരങ്ങൾ നിലനിർത്തും എന്നാണ് ഭരണ സംവിധാനത്തിന്റെ ചുക്കാൻ പിടിക്കുന്നവർ പറഞ്ഞത്. സെൻകമ്മറ്റി ശുപാർശകളെയും തുടർന്നുണ്ടായ 99ലെ പഞ്ചായത്ത് നിയമഭേദഗതിയെയും അംഗീകരിക്കുകയില്ല എന്നതിന്റെ സൂചനയാണിത്. നിയമസഭയിലെ ഭൂരിപക്ഷമുപയോഗിച്ച് എങ്ങനെയും നിയമം പാസ്സാക്കുന്നതിൽ തങ്ങൾക്ക് മടിയില്ലെന്ന് ഭരണകൂടം തെളിയിച്ചുകഴിഞ്ഞു. നിലവിലുള്ള ഏഴംഗ ഓംബുഡ്സ്മാൻ പിരിച്ചുവിട്ടുകൊണ്ടും ഓംബുഡ്സ്മാന്റെ പ്രായപരിധി ഭേദഗതി ചെയ്ത കൊണ്ടും പാസ്സാക്കിയ പഞ്ചായത്ത് രാജ് ഭേദഗതി ഇതിന് നല്ല ഉദാഹരണമാണ്. തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഇത്രയേറെ തുക നൽകിയത് തെറ്റായി എന്ന് ഭരണ സംവിധാനം അഭിപ്രായപ്പെടുന്നു. ഇത്രയും തുക ചിട്ടയായി വിനിയോഗിക്കാൻ അവർക്ക് പ്രാപ്തിയില്ലത്രേ! ഇതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൂടിയാകുമ്പോൾ സാമ്പത്തിക വികേന്ദ്രീകരണം തകിടം മറിക്കപ്പെടും. എം.എൽ.എമാർക്ക് വർഷത്തിൽ 25 ലക്ഷം രൂപ വീതമുള്ള വികസന ഫണ്ട് ഏർപ്പെടുത്തിക്കഴിഞ്ഞു. വ്യാപകമായ ജനകീയ ചർച്ചയ്ക്കു വിധേയമായതും കേരള സമൂഹം തിരസ്കരിച്ചതുമായ നിർദേശം നടപ്പാക്കിയത് പൗരസമൂഹത്തോടുള്ള ഒരു വെല്ലുവിളിയാണ്. വികേന്ദ്രീകൃത സംവിധാനത്തിന്റെ മുഖത്ത് ഏറ്റ അടിയാണത്. പക്ഷേ ഇതിനെതിരെ പോലും ശക്തമായ ജനവികാരം ഉണർന്നുവന്നില്ല എന്നതാണ് ഖേദകരം.
ഈ അവസ്ഥയാണ് അപകടസൂചന. ഗ്രാമസഭകളിൽ പങ്കാളിത്തമില്ല. പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും ജനകീയതലം തടയപ്പെടുന്നു. പദ്ധതി വിഹിതം കുറയുന്നു. ഉദ്യോഗസ്ഥ പുനർവിന്യാസം നടക്കുന്നില്ല. പഞ്ചായത്തിലേക്കു വരുന്നവർ തന്നെ തിരി ച്ചുപോകാൻ തയ്യാറെടുക്കുകയാണ്. കടലാസിൽ എല്ലാം ഭ്രദമാകുന്ന ഒരു ചടങ്ങു പരിപാടിയായി “പഞ്ചായത്തീരാജ്” അധഃപതിച്ചുകൊണ്ടിരിക്കുന്നു. ഭരണസമിതി അംഗങ്ങൾക്കുപോലും ഇതിൽ ഉൽക്കായില്ല. ദീർഘകാല ഗുണഭോക്താക്കളാകേണ്ട ജനസമൂഹം ഒന്നും മനസ്സിലാകാതെ കഴിയുന്നു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും ദീർഘ മൗനത്തിലാണ്. തെരഞ്ഞെടുപ്പു ഫലം നൽകിയിതകർച്ചയിൽ നിന്ന് ഉണരാൻ കഴിയാതെ അനുകൂല സമയം കാത്തു കഴിയുന്നു. പ്രാദേശിക ഭരണ സംവിധാനത്തിൽ ജനകീയമായി ഇടപെടുന്നതുവഴി ഉണ്ടാകുന്ന നേട്ടം ഇന്നത്തെ ഭരണകൂടത്തിന്റേതായി മാറിയേക്കുമോ എന്ന ഭീതി മൂലം അതു വേണ്ടെന്ന് തീരുമാനിച്ചുറച്ചവരുമുണ്ട്. “നിങ്ങൾ നടത്തുന്നതൊന്നു കാണട്ടെ” എന്ന് പുതിയ ഭരണ സംവിധാനത്തെ പാഠം പഠിപ്പിക്കാൻ വേണ്ടി പിൻവലിഞ്ഞിരിക്കുകയാണ് “ജനകീയാസൂത്രണ പ്രവർത്തകർ” പോലും. പത്താം പഞ്ചവത്സര പദ്ധതിക്കു വേണ്ട ചർച്ചകൾ നടന്നു വരുന്നു. കേന്ദ്രസർക്കാറിന്റെ നയസമീപനരേഖ ആഗോളവൽക്കരണത്തിനു കീഴ്പെട്ടുകൊണ്ടുള്ളതാണ്. പദ്ധതികളിൽ ഭാവമാറ്റം വരുന്നു. റിസോഴ്സ് പ്ലാനിന് പകരം റിഫോം പ്ലാൻ ആണത്രെ ഉദ്ദേശം. സേവനമേഖലകളിൽനിന്ന് ഭരണകൂടം പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. പരിമിതമായ ചില ലക്ഷ്യങ്ങൾ ഈ മേഖലകളിൽ സാധിച്ചെടുക്കാൻ വകയിരുത്തും. പക്ഷെ ഈ ലക്ഷ്യങ്ങളെല്ലാം കേരളം വളരെ മുമ്പു തന്നെ നേടിക്കഴിഞ്ഞതാണ്. അതിനർത്ഥം ഈ വകയിരുത്തലുകളിൽ നിന്ന് കേരളത്തിനൊന്നും കിട്ടുകയില്ലാ എന്നാണ്. സ്വാഭാവികമായ കേന്ദ്രനയത്തിന്റെ പ്രതിഫലനമായിരിക്കും കേരളത്തിന്റെ പദ്ധതിയിലും കാണുക. പൊതുമേഖലകളോടുള്ള വെറുപ്പും സ്വകാര്യമേഖലയോടുള്ള താല്പര്യവും സംസ്ഥാന സർക്കാർ പ്രകടമാക്കിക്കഴിഞ്ഞു. ഈ അവസരത്തിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പാർപ്പിടം എന്നിങ്ങനെയുള്ള മേഖലകളിലെ ജനകീയ സംവിധാനങ്ങൾ സംരക്ഷിച്ചുകൊണ്ട് നടത്താവുന്ന ഇടപെടലിന്റെ പ്രസക്തി ചർച്ച ചെയ്യപ്പെടുന്നതു പോലുമില്ല. എന്തു ചെയ്യാൻ കഴിയും?
കേരളത്തിന്റെ വികേന്ദ്രീകരണ പരീക്ഷണത്തെ ഇനിയും വളർത്തിയെടുക്കാൻ പറ്റിയ സമയമായി ഇന്നത്തെ പ്രതികൂല സാഹചര്യങ്ങളെ ഉപയോഗിക്കാൻ കഴിയും. അതുവഴി മുന്നോട്ടുവച്ച ജനാധിപത്യവൽക്കരണം, ജനപങ്കാളിത്തം, സുതാര്യത, സമഗ്രവും സുസ്ഥിരവുമായ വികസനം എന്നീ ആശയങ്ങൾ വ്യാപകമായ തോതിൽ ജനകീയ ചർച്ചക്ക് വിധേയമാക്കുകയാണ് ആദ്യം വേണ്ടത്. ജനകീയാസൂത്രണത്തെ “ആനുകൂല്യ വിതരണമായി ചുരുക്കിക്കണ്ടവരാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാർ. പൗരബോധപരിപാടി ആനു കൂല്യങ്ങൾക്കു വേണ്ടി യാചിക്കുന്ന ഉപജാബോധത്തിൽനിന്ന് അവകാശങ്ങൾ നേടിയെടുക്കുന്ന പൗരബോധത്തിലേക്കുള്ള വളർച്ച പ്രധാനമാകുന്നതിവിടെയാണ്. ഇത്തരം കാഴ്ചപ്പാടുള്ള ഒരു പൗര സമൂഹത്തിന്റെ വളർച്ചക്ക് സങ്കുചിത രാഷ്ട്രീയ ധാരണകളും ജാതിമത സംഘടനകളും സ്ഥാപിത താത്പര്യങ്ങളും തടസ്സമാണെന്ന് തിരിച്ചറിവോടുകൂടി പ്രവർത്തിക്കേണ്ടതുണ്ട്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ഉത്തരവാദി ത്തങ്ങളെപ്പറ്റിക്കൂടി ബോധ്യപ്പെടുത്തൽ പ്രധാനമാണ്. കൂട്ടായ്മയിൽ നിന്നെന്തു കിട്ടും എന്നു മാത്രം ചിന്തിക്കുന്നതിൽ നിന്ന് കൂട്ടായ്മ ക്കുവേണ്ടി ഞാനെന്തു വിട്ടുവീഴ്ച ചെയ്യണം എന്നുകൂടിയുള്ള ചിന്ത ഇതിന്റെ ഭാഗമാണ്. അയൽക്കൂട്ടങ്ങളെയും ഗ്രാമസഭകളേയും വളരെ ഉയർന്ന ഈ ആശയതലത്തിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞാലെ ഇതു സാധ്യമാകൂ. എടുക്കുന്ന തീരുമാനങ്ങൾ ജനാധിപത് ത്യപരവും സാമൂഹ്യനീതിക്കു നിരക്കുന്നതും യുക്തിഭദ്രവുമാണോ എന്നാണ് നോക്കേണ്ടത്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ പങ്കാളിത്തം പ്രധാനമാകുന്നു. പത്തു ശതമാനം പേർ പങ്കെടുത്ത് കോറം തികച്ച് എടുക്കുന്ന തീരുമാനങ്ങൾക്ക് നിയമത്തിന്റെ പിൻബലമുണ്ടാകാം. പക്ഷെ അതിന് ധാർമികതയുടെ പിൻബലമുണ്ടാകില്ല. അതില്ലാത്ത തീരുമാനത്തിനുവേണ്ടി വാദിക്കാൻ തീരുമാനത്തിൽ പങ്കാളികളല്ലാത്തവർ തയ്യാറാവുകയുമില്ല. ഗ്രാമസഭകളുടെ പങ്കാളിത്തം സംഖ്യാപരമായും ഗുണപരമായും വർധിപ്പിച്ചേ ഇത് നേടാൻ കഴിയൂ. ഭരണഘടനയുടെ പരിരക്ഷ ഉള്ളതുകൊണ്ട് ഗ്രാമസഭ വേണ്ടെന്ന് വെക്കാൻ സർക്കാറിന് കഴിയില്ല. നോക്കുകുത്തിയാക്കാനുള്ള ശ്രമങ്ങളുണ്ടായെന്നു വരാം. ഇതിനെ ചെറുക്കണം. എന്തിനാണ് ഗ്രാമസഭ, അതിന്റെ അധികാരങ്ങളെന്തെല്ലാം, അറിയാനുള്ള അവകാശത്തിന്റെ വ്യാപ്തിയെത, എന്നു തുടങ്ങി പ്രാദേശിക സമൂഹത്തിന്റെ വികസന ദിശ നിർണയിക്കാനുള്ള സമൂഹത്തിന്റെ അവകാശമടക്കമുള്ള നിരവധി കാര്യങ്ങൾ ചർച്ചചെയ്ത ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ ഗ്രാമസഭകളെ ജീവത്താക്കാൻ പറ്റൂ. അതിനു പറ്റിയ അതിബൃഹത്തായ നീണ്ടു നിൽക്കുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ് പരമപ്രധാനം.
അയൽക്കൂട്ടങ്ങളും സ്വയം സഹായ സംഘങ്ങളും ഇന്ന് ജനജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. സാശിത വികസനത്തിനുവേണ്ടി രൂപമെടുത്ത് സ്വയം സഹായ സംഘങ്ങൾ പരാശ്രിതരായി മാറാനുള്ള സാധ്യതകളേറെയുണ്ട്. ഇതു വരാതിരിക്കണമെങ്കിൽ അവയ്ക്ക് സാമൂഹ്യ രക്ഷാകർതൃത്വം ആവശ്യമാണ്. സ്വയം സഹായ സംഘങ്ങൾ പൊതു അയൽക്കൂട്ടങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് ഗ്രാമ സഭകൾക്ക് വിധേയമായി പ്രവർത്തിക്കുമ്പോഴെ ഈ രക്ഷാ കർതൃത്വം ലഭ്യമാകൂ. അയൽക്കൂട്ടങ്ങളുടെ പ്രസക്തിയും പ്രവർത്തനരീതിയും പൊതു സംവിധാനത്തിൽ അവയുടെ പങ്കും ജനബോധന പ്രവർത്തനത്തിലെ ഒരു പ്രധാന വിഷയമാകേണ്ടതാണ്. ഭരണകൂടം സേവനമേഖലകളിൽ നിന്ന് പിന്മാറുകയും എൻ.ജി.ഒകളുടെ ആഭിമുഖ്യത്തിലുള്ള സമാന്തരഫണ്ടഡ് പാഗ്രാമുകളായി സാമൂഹ്യ നടപടികൾ മാറിക്കൊണ്ടിരിക്കുകയുമാണ്. വിഷയാധിഷ്ഠിത സ്വയം സഹായ സംഘങ്ങൾ രൂപപ്പെടുന്നു. ഇവ പൗരസമുഹത്തിന്റെ ഭാഗമല്ലാതെ ധനസഹായ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനനുസരിച്ച് പ്രവർത്തിക്കുന്നവയായി മാറിപ്പോകാനിടയുണ്ട്. സ്വന്തം പ്രദേശത്തെ വികസന മുൻഗണനകൾ നിർണയിക്കുന്നതിനും നിർവ്വഹണ രീതികൾ വിലയിരുത്തുന്നതിനുമുള്ള ഗ്രാമസഭകളുടെ പരമാധികാരം പരിരക്ഷിച്ചുകൊണ്ട് ഇവയെ എതിർക്കാൻ കഴിയൂ. ഗ്രാമസഭയെ ജീവവത്താക്കുന്നതിലും സ്വയം നിർണയാവകാശം ഉറപ്പിക്കുന്നതിലും അടങ്ങിയിട്ടുള്ള ആഗോളവൽക്കരണ് വിരുദ്ധതലം കൂടി ഉൾക്കൊണ്ടായിരിക്കണം ബോധവൽക്കരണം. ഇന്നലെവരെ ഗ്രാമസഭകളിൽ നിന്ന് വിട്ടു നിന്ന “മധ്യ വർഗത്തെകൂടി” - ഇവരിൽ മിക്കവരും താന്താങ്ങളുടെ മേഖലകളിൽ ആഗോളവൽക്കരണത്തിനെതിരെ സമരം ചെയ്യുന്നവരാണ് - സജീവ പങ്കാളികളാക്കേണ്ടതുണ്ട്
പഞ്ചായത്തീരാജ് നിയമങ്ങളിലൂടെ ജനങ്ങൾക്ക് കൈവന്ന അധികാരങ്ങൾ രക്ഷിക്കാനും ഉപയോഗപ്പെടുത്തേണ്ടത് ഗ്രാമസഭകളെ തന്നെയാണ്. ഗ്രാമസഭകൾ വിളിച്ചു ചേർക്കാനുള്ള അവകാശം ഉപയോഗിക്കപ്പെടണം. ഭരണസമിതികളുടെ ചെയ്തികൾ കർക്കശമായ പരിശോധനക്ക് വിധേയമാക്കപ്പെടണം. സേവനമേഖലകളിൽ നിന്ന് ഭരണകൂടം പിൻവാങ്ങാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്നതോടൊപ്പം പൊതു സംവിധാനങ്ങൾ ഏറ്റെടുക്കാനുള്ള ജനകീയ സംവിധാനങ്ങൾ ഗ്രാമസഭകളിൽ നിന്ന് ഉരുത്തിരിഞ്ഞു വരണം.
അനുകൂല സാഹചര്യങ്ങളുള്ള വാർഡുകളിലെ ഗ്രാമസഭകളെ മാതൃകകളാക്കി ഉയർത്തിക്കൊണ്ടു വരുന്നത് ഈ പ്രവർത്തനം വ്യാപകമാക്കുന്നതിന്റെ ആദ്യപടിയാകണം. പത്താം പദ്ധതിക്കു വേണ്ടി കേരള സർക്കാർ തയ്യാറാക്കിയ കരടു സമീപനരേഖയിൽ പദ്ധതിയുടെ മൂന്നിലൊന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് നടപ്പിലാക്കുക എന്ന് പറഞ്ഞിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നയരൂപീകരണങ്ങൾക്ക് ഒരു ആസൂത്രണ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തന സാധ്യത നിലനിൽക്കുന്നു എന്നത് ഇവയിൽനിന്നു വ്യക്തമാണ്. ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറുള്ള ഭരണസമിതികൾ പലതുമുണ്ട്. ഇവയ്ക്ക് ആവശ്യമായ സാങ്കേതിക പിൻബലം നൽകി മെച്ചപ്പെട്ട പദ്ധതികൾ രൂപപ്പെടുത്താൻ സഹായിക്കുക വഴി വികസന മാതൃകകൾ സൃഷ്ടിക്കാൻ കഴിയും. ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ജനകീയ വികസന മാതൃകകളെ നിർമിച്ചെടുക്കലും മെച്ചപ്പെടുത്തലും അതിശക്തമായ സമരപരിപാടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
കർമസമിതികൾ, വിദഗ്ധസമിതികൾ, ഗുണഭോക്തൃസമിതികൾ എന്നിവകളിലൂടെ വികേന്ദ്രീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നവരും അധികാരവികേന്ദ്രീകരണത്തോട് മാനസികമായി യോജിക്കാൻ കഴിയുന്നവരുടേതുമായ ഒരു സന്നദ്ധ സാങ്കേതിക സംവിധാനം എല്ലാ പഞ്ചായത്തുകളിലും രൂപപ്പെടുത്തുകയും പരിശീലനം വഴി മെച്ചപ്പെടുത്തുകയും വേണം. ഇതായിരിക്കണം ബോധവൽക്കരണപ്രവർത്തനങ്ങൾക്കും പദ്ധതി രൂപീകരണത്തിനും ഗ്രാമ സഭാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ട സംവിധാനം.
സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും പ്രാദേശികമായി തൊഴിൽ സാധ്യത മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധന വഴിയും ബദൽ ഉപഭോഗ വസ്തുക്കളുടെ നിർമാണം വഴിയും പ്രാദേശിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള മാതൃകകൾ രൂപപ്പെടുത്തണം. സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സോപ്പ് നിർമാണം പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങളിലേക്കും കൂടുതൽ പ്രവർത്തകരിലേക്കും വ്യാപിപ്പിക്കുകയും അവയെ നിലനിർത്താനും വളർത്താനും ആവശ്യമായ പിൻബലം പ്രാദേശിക കൂട്ടായ്മകളിൽ നിന്നുണ്ടാവുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉൽപാദന മേഖലകളിൽ ഉണർവുണ്ടാക്കാനും തൊഴിൽ സാധ്യത വർധിപ്പിക്കാനും പ്രാദേശിക കൂട്ടായ്മകളുടെ മുൻകൈകൊണ്ട് സാധിക്കുമെന്ന് തെളിയിക്കാനും കഴിയും. ഇത് ഇന്നത്തെ ആഗോളസാഹചര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരം പ്രവർത്തനങ്ങളോടൊപ്പംതന്നെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ, തീരുമാനങ്ങൾ എന്നിവക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതൊരു രാഷ്ടീയ സമരമാണ്. അധികാര വികേന്ദ്രീകരണവും പങ്കാളിത്ത ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ സമരം. ഇതൊരു വലിയ ബഹുജന സമരമായി വളരേണ്ടതാണ്. കക്ഷി. രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളെ അതിജീവിച്ചുകൊണ്ട് വളരേണ്ട ഒന്നാണ് ഈ സമരം. ഇത് തുടർച്ചയായി നടത്തേണ്ട ഒന്നുമാണ്. ഭരണകൂടത്തിന്റെ വികേന്ദ്രീകരണ സമീപനത്തെയും ഉദ്യോഗസ്ഥ കോൺടാക്ടർ ലോബികളുടെ സ്ഥാപിത താൽപര്യങ്ങളെയും തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും ഈ സമരം. കൊണ്ടു കഴിയണം. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നയാണ്. ജനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടുന്നതോടെ ജനപ്രിതിനിധികളുടെ അധികാരവും നഷ്ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടി സ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്.