"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 555: | വരി 555: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery widths=150px height=120px perrow="5" align="center"> | <gallery widths=150px height=120px perrow="5" align="center"> | ||
പ്രമാണം:Aruna roy.jpg | പ്രമാണം:Aruna roy.jpg|മുപ്പത്തിയെട്ടാം സംസ്ഥാനവാർഷികം അരുണാ റോയ് ഉദ്ഘാടനം ചെയ്യുന്നു | ||
പ്രമാണം:Pradhishedam.jpg | പ്രമാണം:Pradhishedam.jpg|മരുന്നു കമ്പനി ഡോക്ടർമാർക്ക് വിരുന്നൊരുക്കിയതിനെതിരെ പ്രതിഷേധം | ||
പ്രമാണം:Jilla sammelanam.jpg | പ്രമാണം:Jilla sammelanam.jpg|1994 ജനുവരിയിൽ നടന്ന ജില്ലാസമ്മേളനം പ്രൊഫ. നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യുന്നു | ||
പ്രമാണം:Anti war procession.jpg | പ്രമാണം:Anti war procession.jpg|കോഴിക്കോട് നഗരത്തിൽ നടന്ന ഒരു യുദ്ധവിരുദ്ധ ജാഥ | ||
പ്രമാണം:Science centre inaguration.jpg | പ്രമാണം:Science centre inaguration.jpg|സയൻസ് സെന്റർ ഉദ്ഘാടനം മുഖ്യമന്ത്രി ഇ കെ നായനാർ നിർവ്വഹിക്കുന്നു | ||
</gallery> | </gallery> |
18:06, 6 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഈ താൾ നിർമാണത്തിലാണ്
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണിത്. ഒരു തുടക്കം മാത്രം. ഓർമകൾ മായുന്നതിനു മുമ്പേ ഇതെങ്കിലും വേണ്ടേ? പലതും മാഞ്ഞുപോയിട്ടുണ്ടാകാം. അവ കൂട്ടിച്ചേർക്കാം.
പരിഷത്ത് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം അനുഭവങ്ങൾ തന്നിട്ടുണ്ടാവാം. പക്ഷേ, അതുയർത്തിപ്പിടിച്ചത് പൊതുവായ ഒരു സംസ്‌കാരമാണ്. ശാസ്‌ത്രത്തിന്റെ സംസ്‌കാരം. നമ്മുടെ സമൂഹമനസ്സ് വികലമായ സാമാന്യബോധത്താൽ മലീമസമായിക്കൊണ്ടിരിക്കുന്നു. അവിടങ്ങളിലെല്ലാം ശാസ്‌ത്രബോധത്തിന്റെ കൈത്തിരികൾ പകരം വയ്‌ക്കാൻ ഈ കുറിപ്പ് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കട്ടെ.
ആമുഖം
എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും സാഹിത്യ-സംഗീത-നാടക സാംസ്‌കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന മണ്ണാണ് കോഴിക്കോടിന്റേത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്‌ട്രീയ (സാംസ്‌കാരിക) മതേതര ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏത് തരം സംഘടനയും രൂപം കൊള്ളുന്നതും സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിന്റെ ചിന്തയിലും ജീവിതരീതിയിലും ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചുകൊണ്ടായിരിക്കും. നാടുവാഴിത്തകാലത്ത് സംസ്‌കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാനഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും അധ്യയന ഭാഷയായും ഭരണഭാഷയായും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്‌ത്രത്തെ നാട്ടുഭാഷയിൽ-മാതൃഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ് ശാസ്‌ത്രസാഹിത്യ പരിഷത്തിനു രൂപം കൊടുത്ത ശാസ്‌ത്രസാഹിത്യകാരന്മാർ ചെയ്‌തത്.
പരിഷത്ത് രൂപം കൊള്ളുന്നു
മലയാളത്തിലെ ശാസ്‌ത്രസാഹിത്യ സമ്പത്ത് വർധിപ്പിക്കുക, ശാസ്‌ത്രത്തെ സാമാന്യ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക, അവരിൽ ശാസ്‌ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിൽ നൈപുണ്യവും താൽപ്പര്യവുമുള്ള മലയാള ഭാഷാപ്രേമികളെ ശാസ്‌ത്രസാഹിത്യ രചനയ്‌ക്ക് പ്രേരിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ് 1962 ൽ കോഴിക്കോട്ട് വെച്ച് ശാസ്‌ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊള്ളുന്നത്. ശാസ്‌ത്രസാഹിത്യകാരന്മാർ സംഘടിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി 1957 ൽ ഒറ്റപ്പാലത്ത് രൂപീകരിച്ച ശാസ്‌ത്രസാഹിത്യ സമിതിയാണ് പരിഷത്തിന്റെ മാർഗദർശി. ശ്രീ. പി ടി ഭാസ്‌കരപ്പണിക്കർ, ഡോ. എസ് പരമേശ്വരൻ, ശ്രീ. ഒ പി നമ്പൂതിരിപ്പാട്, ശ്രീ. എം സി നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം കൊടുത്ത സമിതി 1958 ൽ `ആധുനിക ശാസ്‌ത്രം' എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചെങ്കിലും ക്രമേണ നിർജീവമായി.
എന്നാൽ ഇതേ ലക്ഷ്യം മുൻനിർത്തി 1962 ൽ കോഴിക്കോട്ട് വെച്ച് ശാസ്‌ത്രസാഹിത്യ പരിഷത്ത് മുളച്ചുപൊങ്ങി. ഡോ. കെ ജി അടിയോടി, ഡോ. കെ കെ നായർ, കോന്നിയൂർ നരേന്ദ്രനാഥ്, സി കെ ഡി പണിക്കർ, കെ കെ പി മേനോൻ എന്നിവരാണ് ഇതിന് മുന്നിൽ നിന്നു പ്രവർത്തിച്ചവർ. 1962 ഏപ്രിൽ 8ന് കോഴിക്കോട്ടെ ഇംപീരിയൽ ഹോട്ടലിൽ വച്ചാണ് ആദ്യ ആലോചനായോഗം നടന്നത്. ഡോ. കെ ഭാസ്‌കരൻ നായർ അധ്യക്ഷനും, ശ്രീ കോന്നിയൂർ നരേന്ദ്രനാഥ് ഉപാധ്യക്ഷനും, ഡോ. കെ ജി അടിയോടി കാര്യദർശിയും, ശ്രീ. എൻ വി കൃഷ്‌ണവാര്യർ ഖജാൻജിയുമായ ഒരു നിർവാഹകസമിതിയെ തെരഞ്ഞെടുത്തു. ഡോ. എസ് പരമേശ്വരൻ, ഡോ. എസ് ശാന്തകുമാർ, ഡോ. കെ ജോർജ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളുമായും തെരഞ്ഞെടുത്തു. കോന്നിയൂർ നരേന്ദ്രനാഥാണ് സംഘടനയ്‌ക്ക് `കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്' എന്ന പേര് നിർദേശിച്ചത്. പരിഷത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 1962 സെപ്‌തംബർ 10ന് പ്രൊഫ. സി കെ ഡി പണിക്കരുടെ അധ്യക്ഷതയിൽ കോഴിക്കോട് ദേവഗിരി കോളേജിൽ നടന്നു. റവ. ഫാദർ തിയോഡോഷ്യസാണ് ഉദ്‌ഘാടനകർമം നിർവഹിച്ചത്.
പിന്നീട് 1966 ൽ ഒലവക്കോട് വച്ച് നടന്ന വാർഷികത്തിൽ ഡോ. എസ് ശാന്തകുമാർ അധ്യക്ഷനും ശ്രീ. പി ടി ബി കാര്യദർശിയുമായി. 1967 ൽ തൃശ്ശൂരിൽ ചേർന്ന വാർഷികത്തിലാണ് പരിഷത്തിന്റെ ഭരണഘടന ചർച്ച ചെയ്‌ത് അംഗീകരിച്ചത്. ഡോ. ശാന്തകുമാർ അധ്യക്ഷപദം തുടരുകയും ഡോ. എ അച്യുതൻ പുതിയ ഭരണഘടന പ്രകാരം കാര്യദർശിയും ഖജാൻജിയുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1968 ൽ തിരുവനന്തപുരത്തെ വാർഷികം പി ടി ബിയെ അധ്യക്ഷനായും ഡോ. എ അച്യുതനെ തുടർന്നും കാര്യദർശിയും ഖജാൻജിയുമായി ചുമതലയേൽപ്പിച്ചു. 1969 ലും ഇതേ ഭാരവാഹികൾ തന്നെ തുടർന്നു. 1968 ജൂലൈ 14ന് 1860 ലെ XXI -ആം നമ്പർ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് അനുസരിച്ച് പരിഷത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു. കണക്കുകൾ ചാർട്ടേഡ് എക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനും ആരംഭിച്ചു. അക്കാലത്ത് പരിഷത്തിന് ഓഫീസുകളോ കെട്ടിടങ്ങളോ ഇല്ല. ഡോ. എ അച്യുതന്റെ കോഴിക്കോട് റീജിനൽ എഞ്ചിനീയറിംഗ് കോളേജിലെ വീടായിരുന്നു പരിഷത്തിന്റെ ഭരണഘടന പ്രകാരമുള്ള ഔദ്യോഗിക ഓഫീസ്.
1967 ൽ നാലാം വാർഷികത്തോടെ കോഴിക്കോട്, തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജില്ലാ യൂണിറ്റുകൾ ഉണ്ടായി. കോഴിക്കോട് ജില്ലാ സമിതിയുടെ അധ്യക്ഷൻ പ്രൊഫ. കെ ഗോപിനാഥൻ നായരും കാര്യദർശി പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടുമായിരുന്നു. പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ യൂണിറ്റ് എന്ന നിലയിൽ ഓരോ ജില്ലാ സമിതികൾ നിലവിൽ വന്നു. ഇതോടൊപ്പം ഷൊറണൂരിലും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് കേന്ദ്രമാക്കിയും രണ്ട് പ്രാദേശിക യൂണിറ്റുകളും ആദ്യകാലം മുതലേ പരിഷത്ത് സന്ദേശം പരത്തുന്നതിൽ പങ്കാളികളായി. റീജിനൽ എഞ്ചിനീയറിങ്ങ് കോളേജ് യൂണിറ്റ് അധ്യക്ഷൻ പ്രൊഫ. കെ എം ബഹാവുദ്ദീനും കാര്യദർശി കെ വിൻസെന്റ് പോളും ആയിരുന്നു. 1966 ൽ 40, 67 ൽ 122, 1968 ൽ 315, 69 ൽ 553 എന്നിങ്ങനെയായിരുന്നു പരിഷത്തിലെ ആദ്യകാല അംഗത്വം. ആദ്യ പത്തു വർഷങ്ങളിൽ ഒട്ടേറെ ചർച്ചായോഗങ്ങളും സിമ്പോസിയങ്ങളും പ്രദർശനങ്ങളും ക്യാമ്പുകളുമൊക്കെയാണ് മുഖ്യമായും നടത്തിയിരുന്നത്. ഇവയിലെല്ലാം കോഴിക്കോട് ജില്ല സ്‌തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1962 ൽ ദേവഗിരി കോളേജിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചുദിവസം നീണ്ടുനിന്ന ശാസ്‌ത്രപ്രദർശനം, ശാസ്‌ത്രപുസ്‌തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ ഒരു സുവനീറും ഇറക്കി. 1963 ൽ `ശാസ്‌ത്രവും യുദ്ധവും' എന്ന വിഷയത്തെക്കുറിച്ചും വെള്ളത്തെപ്പറ്റിയും കോഴിക്കോട് സിംപോസിയങ്ങൾ നടന്നു. ശാസ്‌ത്ര വസ്‌തുതകൾക്കാണ് ഈ സിംപോസിയങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നത്. ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ `ശാസ്‌ത്രവും യുദ്ധവും' സെമിനാറിലെ ഉപ വിഷയങ്ങൾ രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്‌ത്രം യുദ്ധത്തിൽ, മനഃശാസ്‌ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ എന്നിവയായിരുന്നു. `വെള്ളവും സസ്യശാസ്‌ത്രവും', വെള്ളവും പുരോഗതിയും, വെള്ളവും സാഹിത്യവും എന്നിവയാണ് ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ചർച്ച ചെയ്‌തത്. 1967 ൽ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് കോഴിക്കോട് `ബഹിരാകാശ യാത്ര'യെക്കുറിച്ച് സെമിനാർ നടന്നു. അതേ വർഷം തന്നെ വൈദ്യശാസ്‌ത്രം, അണുശക്തി എന്നിവയിലും കോഴിക്കോട്ട് സെമിനാറുകൾ സംഘടിപ്പിച്ചു.
ഇപ്പോൾ കോഴിക്കോട് വർഷംതോറും നിരവധി ചലച്ചിത്ര ഉത്സവങ്ങൾ നടന്നുവരാറുണ്ട്. എന്നാൽ കോഴിക്കോട്ടെ പരിഷത്തിനും ഇക്കാര്യത്തിലൊരു മുൻകൈയുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ൽ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ ചലച്ചിത്രോത്സവം മൂന്നു ദിവസം നീണ്ടുനിന്നു. ശ്രീ. കെ പി കേശവമേനോനായിരുന്നു ഉദ്‌ഘാടകൻ. ഇതിന് മുമ്പ് ചലച്ചിത്രോത്സവങ്ങൾ ഇങ്ങനെ നടന്നിരുന്നോ എന്ന് സംശയമാണ്. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്‌ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്‌മിക് രശ്‌മികൾ, കത്തിജ്വലിക്കുന്ന ആകാശം തുടങ്ങിയവയായിരുന്നു പ്രദർശിപ്പിച്ച ചിത്രങ്ങൾ.
മെൻഡൽ, ജെ ബി എസ് ഹാൽഡേൻ, ഐ സി ചാക്കോ എന്നിവരെപ്പറ്റി കോഴിക്കോട്ട് വച്ച് നടത്തിയ സിംപോസിയങ്ങൾ ഒട്ടേറെ ഗവേഷണ വിദ്യാർഥികളെയും അധ്യാപകരെയും സാധാരണക്കാരെയും പരിഷത്തിലേക്കാകർഷിച്ചു. സങ്കീർണമായ ശാസ്‌ത്രവിഷയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ അവതരിപ്പിക്കാനാവുമെന്ന് തെളിയിക്കുകയായിരുന്നു പരിഷത്ത്.
1966 ലെ വാർഷിക ജനറൽ ബോഡിയോഗം നടന്നത് കോഴിക്കോട്ട് വച്ചായിരുന്നു. ഈ യോഗത്തിൽ വച്ചാണ് `ശാസ്‌ത്രഗതി' എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിക്കുന്നത്. 66ലെ ഒലവക്കോട് വാർഷികത്തിലാണ് ഇതിന് അംഗീകാരമായത്. 1967 ൽ ശാസ്‌ത്രഗതിയുടെ അച്ചടി കോഴിക്കോട്ടേക്ക് മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായ എല്ലാവർക്കും ശാസ്‌ത്രഗതി മാസിക സൗജന്യമായി നൽകിയിരുന്നു. 69ലാണ് ശാസ്‌ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചത്. 69ൽ തന്നെ കോഴിക്കോട് ജില്ല 6-ആം വാർഷികത്തിന് ആതിഥ്യമേകി. അന്നത്തെ വാർഷികത്തിന്റെ ഒരു ശ്രദ്ധാകേന്ദ്രം 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്ന ശാസ്‌ത്രപുസ്‌തകങ്ങൾ സമാഹരിച്ചുകൊണ്ടുള്ള പ്രദർശനമായിരുന്നു. `കാലിക പ്രശ്‌നങ്ങൾക്ക് ശാസ്‌ത്രത്തിലൂടെ പരിഹാരം' എന്നൊരു ചർച്ചായോഗവും ആദ്യമായി `കരിക്കുലം പ്ലാനിംഗ്' എന്നൊരു സിംപോസിയവും വാർഷികത്തോടനുബന്ധിച്ച് നടന്നു. ഡോ. എ അച്യുതൻ പ്രസിഡണ്ടും പി ടി ബി സെക്രട്ടറിയുമായി. ഈ സമ്മേളനത്തിലാണ് ആജീവനാംഗത്വം എന്ന സംവിധാനം നിലവിൽ വന്നത്. നൂറു രൂപ ഒന്നിച്ചോ നാലു തവണകളായോ അടച്ചാലാണ് ആജീവനാംഗത്വം ലഭിക്കുക. 1970കളിൽ പരിഷത്തിൽ ആകെ എഴുനൂറോളം അംഗങ്ങളുണ്ട്. അതിൽ കോഴിക്കോട് ജില്ലയിൽ നിന്നും 33 ആജീവനാംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.
1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തി. കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ചാന്ദ്രദിനാഘോഷം വമ്പിച്ച ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. കോഴിക്കോട് സർവകലാശാലയിലെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുമായി ചേർന്ന് ഗ്രാമങ്ങളിലെ പുതിയ കൃഷിക്കാർക്കായി ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞത് പരിഷത്ത് പ്രവർത്തനങ്ങളുടെ ഒരു ദിശാമാറ്റത്തിന് സഹായകമായി. പരസ്‌പരം അകന്നു കഴിഞ്ഞിരുന്ന യൂണിവേഴ്‌സിറ്റി, കൃഷി വകുപ്പ്, ശാസ്‌ത്രസാഹിത്യ പരിഷത്ത് എന്നിവയെ ഒരേ രംഗത്തേക്ക് കൊണ്ടുവരാനും നാട്ടുകാർക്ക് പ്രയോജനപ്രദമായ ക്ലാസ്സുകൾ നൽകാനും ഈ കൂട്ടായ്‌മയിലൂടെ സാധിച്ചു. ഡോ. എ അച്യുതന്റെ നേതൃത്വപരമായ പങ്ക് ഈ കൂട്ടായ്‌മയുടെ മുഖ്യ ഘടകമായിരുന്നു. 1970 ജൂൺ ഒന്നിനാണ് യുറീക്കയുടെ പ്രകാശനം നടന്നത്. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ് 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച് സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച് നടന്നു. കോഴിക്കോട്ട് നാലപ്പാട്ട് ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്.
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ് മത്സരത്തിൽ കോഴിക്കോട് REC യിലെ അധ്യാപകനായ ടി എസ് ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ് അംഗീകാരം നേടിയത്. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ് ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ് 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട് ആർ ഇ സിയിലാണ് നടന്നത്. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ് ലഭിച്ചത്. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ് വർക്ക്‌ഷോപ്പ് ഉദ്‌ഘാടനം ചെയ്‌തത്. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്.
ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്
1973 ൽ 11-ആം വാർഷികത്തിലാണ് `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന മുദ്രാവാക്യം പരിഷത്ത് അംഗീകരിക്കുന്നത്. പരിഷത്തിന്റെ പിന്നീടിങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഉരകല്ലായി തീർന്നു ഈ മുദ്രാവാക്യം. 11-ആം വാർഷികം ഡോ. സി കെ രാമചന്ദ്രനെ പ്രസിഡണ്ടായും കോഴിക്കോട് മലബാർ ക്രിസ്‌ത്യൻ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പരേതനായ ശ്രീ. എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത് പ്രവർത്തകരിൽ പ്രധാനിയാണ്. കോഴിക്കോട് അധ്യാപകനായി എത്തിച്ചേർന്ന എം എൻ എസ്, സ്‌കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത് സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമായിരുന്നു. ശാസ്‌ത്രമാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്‌ത്രക്ലാസ്സുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്‌ത്രമെഴുത്തുകാരുടെയും ശാസ്‌ത്രപുസ്‌തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.
കോഴിക്കോട് നഗരത്തിലും REC യിലും കേന്ദ്രീകരിച്ച ജില്ലയിലെ പരിഷത്ത് പ്രവർത്തനം 10-ആം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. 1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട് ജില്ല. 73 ലെ ശാസ്‌ത്രപ്രചാരണവാരം ജില്ലയിൽ പരിഷത്തിനു വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന് രൂപം നൽകിയ ശാസ്‌ത്രജ്ഞരും ശാസ്‌ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കിക്കൊണ്ടിരുന്ന പുതിയൊരു തലമുറയും ശാസ്‌ത്രവാരാചരണം വിജയിപ്പിക്കുന്നതിന് ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജധ്യാപകരും സ്‌കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു. 1970 ൽ റെയിൽവേ കോളനിയിലെ സയൻസ് സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ് ചെയ്‌ത ആദ്യ സംഘടനയായി. അതേ വർഷം ഫറോക്ക് കോളേജിൽ ഒരു യൂണിറ്റ് രജിസ്റ്റർ ചെയ്‌തു. 1973 ൽ `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിമയും ലക്ഷ്യബോധവും കൈവന്നു. സാമൂഹ്യമാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്‌ത്രം ഒരു സമരായുധമാവണം. ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ദുരിതമകറ്റാൻ അത്യാവശ്യമാണ്. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ തുടർച്ചയായ ധനികവൽക്കരണം അതുവഴി ബഹുഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണവും സംഭവിക്കുന്നത് അറിവില്ലായ്‌മയുടെയും വിധിവിശ്വാസങ്ങളുടെയും ഫലമായാണ്. അറിവിനെ സാർവത്രികമാക്കാനും `സ്വന്തം വിധി' മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങളിലിടപെടാനും ശാസ്‌ത്രത്തിന്റെ രീതിയും ശാസ്‌ത്ര വിജ്ഞാനവും അനിവാര്യമാണ്. നമ്മുടെ സമൂഹത്തെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനും കാര്യകാരണ ബോധത്തോടെ നാട്ടിലെ വികസന പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചർച്ചകൾക്കും ഈ മുദ്രാവാക്യം കാരണമായി. അതോടൊപ്പം ശാസ്‌ത്രത്തിന്റെ ശുഭാപ്‌തിവിശ്വാസവും, അറിവുനേടുന്നതിലെ ആനന്ദവും അറിവ് ഏതൊരാൾക്കും ലളിതമായി പകരുന്ന പരിഷത്ത്‌രീതികളും ഒട്ടേറെ പേരെ ആകർഷിച്ചു. യുറീക്ക, ശാസ്‌ത്രകേരളം, ശാസ്‌ത്രഗതി മാസികകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രചാരണം വ്യാപിപ്പിച്ചു. സ്‌കൂളുകൾ തോറും സയൻസ് ക്ലബ്ബുകൾ രൂപീകരിച്ച് അവ പരിഷത്തിൽ അഫിലിയേറ്റി. ഈ പ്രവർത്തനങ്ങളും പരിവർത്തനങ്ങളും വളരെ സജീവമായി കോഴിക്കോട് ജില്ലയിലും വ്യാപകമായി. മുമ്പ് സൂചിപ്പിച്ച ശാസ്‌ത്രവിജ്ഞാനം കൈമുതലായുള്ള നിരവധി പ്രൊഫസർമാരുടെയും ശാസ്‌ത്രജ്ഞരുടെയും സാന്നിധ്യം, അവരോടൊപ്പം പ്രവർത്തിക്കുന്ന രാഷ്‌ട്രീയ സാംസ്‌കാരിക ബോധമുള്ള സ്‌കൂളധ്യാപകരും മറ്റു തുറകളിലെ പ്രവർത്തകരും ഈ ചേരുവ 70കളിൽ കോഴിക്കോട്ട് ജില്ലയിലും വികസിച്ചുവന്നു. പതുക്കെ പതുക്കെ നഗരകേന്ദ്രിതമായ പരിഷത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പടരാൻ തുടങ്ങി.
1971 ൽ ഒരു ജില്ലാസമിതിയും REC യും സിറ്റി യൂണിറ്റും മാത്രമേ സംഘടനയ്‌ക്കുണ്ടായിരുന്നുള്ളൂ. 74 ആകമ്പോഴേക്കും നെല്ലിക്കോട് സയൻസ് സൊസൈറ്റിയും ഗോവിന്ദപുരം സയൻസ് സൊസൈറ്റിയും പരിഷത്തിൽ അംഗസംഘടനകളായി. തുടർന്ന് ചേവായൂരിലും ഒരു യൂണിറ്റ് നിലവിൽ വന്നു. 73 ലെ 10-ആം വാർഷിക അനുബന്ധ പരിപാടികളും ശാസ്‌ത്രവാരാചരണ ക്ലാസ്സുകളും 75 ലെ പീച്ചി ക്യാമ്പിനെ തുടർന്ന് നടന്ന ഗ്രാമശാസ്‌ത്രസമിതികളുടെ രൂപീകരണവും ചാത്തമംഗലം, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഗ്രാമീണാവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന സമിതികൾ രൂപപ്പെടാൻ കാരണമായി. 73 ൽ പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ അധ്യക്ഷനും ബാബു ടി ജോസ് കാര്യദർശിയുമായിരുന്നു. അന്നത്തെ ജില്ലാ പ്രവർത്തക സമിതിയിൽ പ്രൊഫ. കെ ഗോപിനാഥൻ നായർ, പി സി കെ രാജ, കെ ശ്രീധരൻ എന്നിവരായിരുന്നു പ്രമുഖർ. ഇതിനു പുറമെ ഡോ. സി കെ രാമചന്ദ്രൻ അധ്യക്ഷനും ഐ ജി ബി കൺവീനറായുമുള്ള സയൻസ് സെന്റർ കമ്മിറ്റിയും ഉണ്ടായിരുന്നു. പിന്നീട് എ അച്യുതൻ സെക്രട്ടറിയും വി എം എൻ നമ്പൂതിരിപ്പാട് ഖജാൻജിയുമായി സയൻസ് സെന്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 1975-76 ൽ ജില്ലാ അധ്യക്ഷനായി ഡോ. എസ് മോഹനനും കാര്യദർശിയായി പ്രൊഫ. കെ ശ്രീധരനെയും തെരഞ്ഞെടുത്തു. ഈ കാലയളവിൽ തന്നെയാണ് സയൻസ് ക്ലബ്ബുകളെയും സ്‌കൂൾതല ശാസ്‌ത്രപ്രവർത്തനങ്ങളെയും മാസികാ പ്രവർത്തനങ്ങളെയുമെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികൾ സംസ്ഥാനത്തുടനീളം നിലവിൽ വരുന്നത്. ഇതിന്റെ ഭാഗമായി ആദ്യം കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ സമിതിയും പിന്നീട് വടകര വിദ്യാഭ്യാസ ജില്ലാ സമിതിയും നിലവിൽ വന്നു. രണ്ടിടത്തും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നു മുഖ്യ ഭാരവാഹികൾ. ഇതേ കാലത്ത് തന്നെയാണ് ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്‌ത്യൻ കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ സജീവമായ ശാസ്‌ത്രഗതി സയൻസ് ഫോറങ്ങളും നിലവിൽ വന്നത്.
പീച്ചി ക്യാമ്പും ശൈലീമാറ്റവും
1975 ൽ പീച്ചിയിൽ വെച്ച് നടത്തിയ പരിഷത്തിന്റെ പ്രഥമ സംസ്ഥാന പ്രവർത്തക ക്യാമ്പ് പരിഷദ് ദർശനങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക് വേദിയായി. സംഘടനയുടെ ശൈലീമാറ്റത്തെക്കുറിച്ചും വലിയ തോതിലുള്ള ബഹുജനസമ്പർക്ക പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും ക്യാമ്പ് ചർച്ച ചെയ്‌തു. വിദ്യാഭ്യാസം, വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ അങ്ങനെ ഉരുത്തിരിയാൻ തുടങ്ങി. കുട്ടികൾക്കായി ശാസ്‌ത്രപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാനും 1976 ജനുവരി ശാസ്‌ത്രമാസമായി ആചരിക്കാനും ഇതിന്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്‌ത്രം എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്ത് 3000 ക്ലാസ്സുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടു. പഞ്ചായത്ത് തോറും ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാനാണ് ക്യാമ്പ് കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനം.
1973 ൽ കോഴിക്കോട്ട് 10-ആം വാർഷികത്തിന്റെ മുന്നോടിയായി നടത്തിയ ശാസ്‌ത്രവാരാചരണത്തിന്റെ വിജയമാണ് 76 ലെ ശാസ്‌ത്രമാസം ആചരിക്കാൻ പരിഷത്തിന് ധൈര്യം തന്നത്. കോഴിക്കോട് ജില്ലയിൽ പിന്നീടുള്ള സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പരിഷത്തിന്റെ ദാർശനികാടിത്തറയും ശാസ്‌ത്രസംസ്‌കാരവും ഉൾക്കൊള്ളാനും പറ്റിയ വലിയൊരു പ്രവർത്തകനിര ശാസ്‌ത്രമാസം ക്ലാസ്സുകളിലൂടെ സൃഷ്‌ടിക്കപ്പെട്ടു. ജില്ലയിലെ വിവിധ സംഘടനകൾ, ലൈബ്രറികൾ, കലാസമിതികൾ, സ്‌കൂളുകൾ മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ശാസ്‌ത്രമാസം ക്ലാസ്സുകൾക്ക് വേദിയായി. തൊഴിലാളി യുവജനസംഘടനകൾ സ്വയം സംഘാടകരായി. കേരളീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ വലിയൊരു വിചാരവിപ്ലവത്തിന് കളമൊരുക്കാൻ 'പ്രകൃതി, സമൂഹം ,ശാസ്‌ത്രം' ക്ലാസ്സുകൾക്കായി. വൈകുന്നേരങ്ങളിൽ ആരംഭിച്ച ക്ലാസ്സുകൾ അർധരാത്രി വരെ നീണ്ടുനിന്നു. ചോദ്യങ്ങളും സംശയങ്ങളും അവയ്‌ക്കുള്ള ശാസ്‌ത്രീയവും യുക്തിയുക്തവുമായ വിശദീകരണങ്ങളും ഏവർക്കും ബോധ്യമാവുന്ന അവതരണ രീതിയും വിപുലമായൊരു ജനകീയ ശാസ്‌ത്രവിദ്യാഭ്യാസ പരിപാടിയായി. ഒരു ക്ലാസ്‌കഴിയുമ്പോൾ അടുത്ത ക്ലാസ്സുകൾക്കുള്ള ആവശ്യം സ്വാഭാവികമായുയരാൻ തുടങ്ങി. ശാസ്‌ത്രീയമായ പ്രപഞ്ചവീക്ഷണം, ശാസ്‌ത്രത്തിന്റെയും സമൂഹത്തിന്റെയും വികാസം, ജീവന്റെ പരിണാമം എന്നിവ വ്യാപകമായി ചർച്ച ചെയ്‌ത ഈ പരിപാടിയിലൂടെ പരിഷത്ത് സംഘടന കോഴിക്കോട് ജില്ലയിൽ ശക്തമായ അടിത്തറ പാകി. ശാസ്‌ത്രമാസം ക്ലാസ്സുകൾ സംസ്ഥാനം നിർദേശിച്ച ക്വാട്ട 200 ആയിരുന്നെങ്കിലും 500 ഓളം ക്ലാസ്സുകൾ വിജയകരമായി ജില്ല സംഘടിപ്പിച്ചു. ഡോ. എ അച്യുതനായിരുന്നു ക്ലാസ്സുകളുടെ ജില്ലാ ചുമതലക്കാരൻ.
ശാസ്‌ത്രമാസം ക്ലാസ്സോടെ ജില്ലയിൽ ധാരാളം പുതിയ യൂണിറ്റുകളും ഗ്രാമശാസ്‌ത്ര സമിതികളും ഉണ്ടായി. വടകരയിൽ ഡോ. ബാലകൃഷ്‌ണൻ ചെറൂപ്പ, വി കെ ബാലൻ മാസ്റ്റർ, പന്തീരാങ്കാവിൽ പി ആർ സദാനന്ദൻ, കെ ടി ബാബു, സുൽത്താൻ ബത്തേരിയിൽ അഡ്വ. ടി ടി തോമസ്, എ എം ബാലകൃഷ്‌ണൻ, പേരാമ്പ്ര സി കുട്ടികൃഷ്‌ണൻ നായർ, എ എം കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവർ യഥാക്രമം അധ്യക്ഷന്മാരും കാര്യദർശികളുമായി യൂണിറ്റുകൾ രൂപം കൊണ്ടു.
ശാസ്‌ത്രസാംസ്‌കാരിക ജാഥ
1977 ൽ കാലടി വെച്ച് ചേർന്ന മൂന്നാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ശാസ്‌ത്രസാംസ്‌കാരിക ജാഥ നടത്താൻ തീരുമാനിച്ചു. ഒക്‌ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ വടക്കെ അറ്റത്തുള്ള കൂവേരിയിൽ നിന്നാരംഭിച്ച് റഷ്യൻ വിപ്ലവദിനമായ നവംബർ 7ന് തെക്കെ അറ്റത്തുള്ള പൂവച്ചലിലാണ് ജാഥ സമാപിച്ചത്. സി ജി ശാന്തകുമാറായിരുന്നു ജാഥാക്യാപ്‌റ്റൻ. 37 ദിവസത്തെ പര്യടനം. 866 സ്വീകരണ കേന്ദ്രങ്ങൾ. നാലരലക്ഷം ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജാഥയ്‌ക്ക് കോഴിക്കോട് ജില്ലയിൽ 55 കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജാഥാക്യാപ്‌റ്റന്റെ വാക്കുകളിൽ നിന്ന്: ``കണ്ണൂരിലെ കൂവേരിയെപ്പോലെയും കോഴിക്കോട്ടെ ചക്കിട്ടപാറയെ പോലെയും ഉള്ള അനേകം ഗ്രാമങ്ങൾ യാത്രക്കിടയിൽ ഞങ്ങൾ കണ്ടു. ഗ്രാമങ്ങളിൽ ഇരുട്ടാണ്. അവിടെ എപ്പോഴും സൂര്യൻ താമസിച്ചുദിക്കുന്നു.
``അധ്വാനശക്തി പൂർണമായും ഉപയോഗപ്പെടുത്തുക,കേരളത്തെ വ്യവസായവൽക്കരിക്കുക,ഭരണവും പഠനവും മലയാളത്തിൽ, നിരക്ഷരത നാടിന്റെ ശാപം എന്നീ മുദ്രാവാക്യങ്ങൾ ജാഥയിലൂടെ ഒഴുകിയെത്തി. മലയാള മനോരമ, വീക്ഷണം, ദേശാഭിമാനി, എക്‌സ്‌പ്രസ്, ജനയുഗം എന്നീ പത്രങ്ങൾ ജാഥയെക്കുറിച്ച് മുഖപ്രസംഗങ്ങൾ എഴുതി. എല്ലാ രാഷ്‌ട്രീയ സംഘടനകളും അധ്യാപക സർവീസ് സംഘടനകളും ട്രേഡ് യൂണിയനുകളും ജാഥയ്‌ക്ക് സ്വീകരണം നൽകുന്നതിലും സഹായം നൽകുന്നതിലും അഭിനന്ദനാർഹമായ താത്‌പര്യം പ്രദർശിപ്പിച്ചു. ``കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാസ്‌ത്രസാഹിത്യ പരിഷത്ത് എന്നൊരു സംഘടനയുണ്ടെന്നും അത് ചില നല്ല കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ജാഥയിലൂടെ പ്രചരിപ്പിക്കാൻ നമുക്ക് സാധിച്ചു. അതോടൊപ്പം എല്ലാ ഭാഗത്തുമുള്ള പരിഷത്ത് പ്രവർത്തകരെ ഉഷാറാക്കാനും കഴിഞ്ഞു. ഈ ചലനം പരിഷത്ത് പ്രവർത്തനമാക്കി രൂപപ്പെടുത്താൻ നമുക്ക് കഴിയണം. (15-ആം വാർഷിക റിപ്പോർട്ട്)
ചാലിയാർ-മലിനീകരണത്തിനെതിരെ
പരിഷത്തിന്റെ ആദ്യകാല പരിസ്ഥിതി ഇടപെടലുകളിൽ പ്രധാനമാണ് ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ഇടപെടൽ. 1972 ൽ സ്റ്റോക് ഹോം കോൺഫറൻസിനെ തുടർന്ന് കേരളത്തിലും പരിസ്ഥിതി രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആലുവ, കൊച്ചി മേഖലയിലെ മലിനീകരണ പ്രശ്‌നങ്ങളായിരുന്നു ആദ്യകാലത്തെ ചർച്ചാ വിഷയം. പരിഷത്ത് ആദ്യമായേറ്റെടുക്കുന്ന പരിസരപ്രശ്‌നം കൊരട്ടി- (തൃശ്ശൂർ ജില്ല)യിലെ മധുര കോട്ട്‌സ് എന്ന നൂൽ ഫാക്‌ടറിയിലെ മലിനീകരണ പ്രശ്‌നമായിരുന്നു.
1977 അവസാനമാകുമ്പോഴേക്കും മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്‌ടറി കാരണമായിട്ടുള്ള ചാലിയാറിലെ മലിനീകരണ പ്രശ്‌നത്തിൽ പരിഷത്ത് ഇടപെട്ടു. 1958 ൽ സ്ഥാപിച്ച ഈ സംരംഭം തുടർന്നുള്ള രണ്ട് ദശകത്തോളം ചാലിയാറിലും തൊട്ടടുത്ത പ്രദേശങ്ങളിലും രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ദേശവാസികൾ ചെറുതും വലുതുമായ ഒട്ടേറെ ചെറുത്തു നിൽപ്പുകൾ നടത്തിവരുന്നുമുണ്ടായിരുന്നു. ഈ വിഷയത്തിൽ സമഗ്രമായ ഒരു പഠനം നടക്കാത്ത സാഹചര്യത്തിൽ അത്തരമൊരു പഠനം നടത്തുന്നതിനായി പരിസ്ഥിതി ശാസ്‌ത്രജ്ഞൻ ഡോ. കെ ടി വിജയമാധവന്റെ നേതൃത്വത്തിൽ ഒരു പഠന സംഘത്തെ പരിഷത്ത് നിയോഗിച്ചു. കോഴിക്കോട് ജില്ലയിലെ മുതിർന്ന പ്രവർത്തകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. സയൻസ് സെന്റർ, IMA എന്നിവയുടെ സഹായത്തോടെ ഒന്നര വർഷം കൊണ്ടാണ് കമ്മിറ്റി പഠനം പൂർത്തിയാക്കിയത്. ആദ്യം പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങി ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ സർവെ നടത്തി. അതോടൊപ്പം മലിനീകരണം സംബന്ധിച്ച ബോധവൽക്കരണങ്ങളും നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എടുത്ത സാമ്പിളുകൾ ശാസ്‌ത്രീയമായി പരിശോധിച്ചു. നിർഗമജലത്തിലെ മലിനീകാരങ്ങളെക്കുറിച്ച് വിദഗ്‌ധ പഠനം നടത്തി. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ വാഴക്കാട് ആരോഗ്യ ക്ലാസ്സുകൾ നടത്തി. വിദഗ്‌ധ പഠന റിപ്പോർട്ട് 1979 ജൂൺ 21ന് കോഴിക്കോട് ടൗൺഹാളിൽ ഔപചാരികമായി പ്രകാശനം ചെയ്‌തു.
മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങൾ അടങ്ങിയതായിരുന്നു റിപ്പോർട്ട്. പഠനസംഘം തയ്യാറാക്കിയ സ്ലൈഡുകൾ ഉപയോഗിച്ച് നിരവധി തെരുവു യോഗങ്ങൾ സംഘടിപ്പിച്ചു. മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ജനകീയവും വിദഗ്‌ധവുമായ ഒരു ശാസ്‌ത്രസാങ്കേതിക ഇടപെടലായും മാതൃകയായും ഈ പ്രവർത്തനം മാറി. ശാസ്‌ത്രീയമായ ആധികാരികതയും ശക്തിയും ലഭിച്ചത് മലിനീകരണ വിരുദ്ധ പ്രക്ഷോഭങ്ങളിലേർപ്പെട്ടവർക്ക് ഊർജമായി. അതിശക്തമായി സർവ ചെറുത്തു നിൽപ്പുകളെയും നിഷ്‌പ്രഭമാക്കിയിരുന്ന ബിർലാ മാനേജ്‌മെന്റിന് പുതിയ പ്രതിരോധം കണ്ടില്ലെന്ന് നടിക്കാനായില്ല. കോടതിയിൽ കേസുകൾ വന്നു. പ്രശ്‌നം അസംബ്ലിയിലും പാർലമെന്റിലും എത്തി. രാജ്യസഭാ പെറ്റീഷൻ കമ്മിറ്റി തെളിവെടുപ്പിന് വന്നു. കുറെയേറെ മലിനീകരണ നിവാരണ നടപടികളെടുക്കാൻ ബിർലാമാനേജ്‌മെന്റ് തയ്യാറായി. പിന്നീട് മറ്റു പല കാരണങ്ങൾ കൊണ്ട് ഫാക്‌ടറി അടച്ചിടേണ്ടിവന്നു. ശാസ്‌ത്രീയ സമീപനങ്ങളും ശാസ്‌ത്രവിജ്ഞാനവും ഉപയോഗപ്പെടുത്തി സാമൂഹ്യ പ്രശ്‌നങ്ങൾ പഠിക്കയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന പരിഷത്തിന്റെ രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
സൈലന്റ് വാലി പ്രക്ഷോഭവും കോഴിക്കോടും
സൈലന്റ് വാലി ഒരു നിത്യഹരിത വനപ്രദേശമാണ്. അവിടെ അണ കെട്ടി വൈദ്യുതോൽപ്പാദനവും ജലസേചനവും നടത്തുന്ന പദ്ധതി നിർദേശത്തിനെതിരെ സമാനതകളില്ലാത്ത ആശയ പ്രചാരണവും പ്രക്ഷോഭവും നടന്നു. ലോകശ്രദ്ധ നേടിയ ഈ പരിസര സംരക്ഷണ പ്രവർത്തനത്തിന് ആശയപരമായ ഊർജവും പ്രവർത്തനപരമായ നേതൃത്വവും നൽകാൻ പരിഷത്ത് കഠിനമായി പരിശ്രമിച്ചു. 1977 ൽ പ്രൊഫ. എം കെ പ്രസാദ് ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രമേയം കൂടുതൽ ചർച്ചകൾക്കും പഠനങ്ങൾക്കുമായി മാറ്റിവച്ചു. ഈ പ്രമേയം പാസ്സാക്കുന്നതിനാവശ്യമായ വസ്‌തുതകൾ പരിഷത്തിലില്ലായിരുന്നു. ദേശീയ അന്തർദേശീയ തലത്തിലുള്ള ശാസ്‌ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പ്രശ്‌നത്തിലിടപെട്ടു. പ്രശ്‌നം കൂടുതൽ വിവാദത്തിലായി. ഈ പശ്ചാത്തലത്തിൽ 1978 ൽ സർവസമ്മതമായ ഒരു തീരുമാനമുണ്ടാകുന്നതുവരെ പദ്ധതി പ്രവർത്തനവുമായി മുന്നോട്ടു പോകരുതെന്നും മലബാർ പ്രദേശത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അടിയന്തിരമായി കേരളത്തിൽ ഒരു താപനിലയത്തിന്റെ പണി ആരംഭിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. സൈലന്റ് വാലി പ്രശ്‌നത്തിന്റെ സാങ്കേതിക പാരിസ്ഥിതിക വശങ്ങളും സാമൂഹ്യ രാഷ്‌ട്രീയ വശങ്ങളും വിശദമായി പഠിക്കുന്നതിന് ഒരു വിദഗ്‌ധ സമിതിയെയും പരിഷത്ത് നിയോഗിച്ചു. പ്രൊഫ. എം കെ പ്രസാദ്, ഡോ. എം പി പരമേശ്വരൻ, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. കെ പി കണ്ണൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷത്ത് 1978 ൽ സൈലന്റ് വാലി പ്രമേയം അംഗീകരിക്കുന്നത്.
സൈലന്റ് വാലി പ്രശ്‌നം ആവിർഭവിച്ചത് ഒരു വനസംരക്ഷണ പ്രശ്‌നമായാണ്. പിന്നീട് വനമെന്നോ ഊർജമെന്നോ വികസനമെന്നോ വേർതിരിക്കാനാവാത്ത ഒരു സമഗ്ര പ്രശ്‌നമായിമാറി. ഈ പ്രക്രിയയിൽ പരിഷത്ത് നടത്തിയ പഠനവും തുടർ പ്രചാരണങ്ങളും നിർണായകമായ സ്വാധീനം ചെലുത്തി. പ്രശ്‌നത്തെ സമഗ്രമായൊരു വികസന പ്രശ്‌നമാക്കി മാറ്റിയതാണ് പരിഷത്തിന്റെ മുഖ്യ സംഭാവന.
സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ നെടുനായകനായ പ്രൊഫ. എം കെ പ്രസാദ് 1975 ലാണ് കോഴിക്കോട് മീഞ്ചന്തയിലെ ഗവ. കോളേജിൽ അധ്യാപകനായെത്തുന്നത്. 75 മുതൽ 81 വരെയുള്ള കാലം അദ്ദേഹത്തിന്റെ ഇടപെടലുകളും നേതൃത്വവും സംസ്ഥാനതലത്തിനൊപ്പം കോഴിക്കോട് ജില്ലയ്‌ക്കും പ്രത്യേകമായ സവിശേഷതയായി. പരിഷത്ത് പ്രവർത്തകരെ ഒന്നടങ്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലേക്ക് ആകൃഷ്‌ടരാക്കുന്നതിലും മറ്റു സംഘടനകളെ പ്രവർതനങ്ങളിൽ സജീവമായിടപെടീക്കുന്നതിനും വിശാലമായ ശിഷ്യവൃന്ദമുള്ള എം കെ പിയുടെ നേതൃത്വം ഒട്ടൊന്നുമല്ല സഹായകരമായത്. നിരവധി സെമിനാറുകളും ചർച്ചാ ക്ലാസ്സുകളും കോഴിക്കോട് വെച്ച് നടത്തി. പത്രപംക്തികളിലൂടെയുള്ള ആശയപ്രചാരണ സാധ്യതകൾ ഫലപ്രദമായുപയോഗിച്ചു. കോഴിക്കോട്ടെ പരിഷത്ത് പ്രവർത്തകർ മുൻകൈയെടുത്ത് SPEK (Society for the protection of Environment Kerala) എന്ന സംഘടന ഉണ്ടാക്കി. പരിഷത്തിന്റെ സുഹൃത്തും അഭ്യുദയ കാംക്ഷിയുമായ ആർക്കിടെക്‌ട് ആർ കെ രമേഷിന്റെ പേരിലാണ് സൈലന്റ്‌വാലി കാടുകൾ സംരക്ഷിക്കുന്നതിനുള്ള റിട്ട് പെറ്റീഷൻ അന്ന് കോടതിയിൽ സമർപ്പിച്ചത്.
ചാലിയാർ പ്രക്ഷോഭവും സമാന്തരമായി നടന്ന സൈലന്റ് വാലി പ്രക്ഷോഭവും കോഴിക്കോട്ടെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് വലിയ ഊർജമാണ് പകർന്നത്. ആനിഹാൾ റോഡിലെ സയൻസ് സെന്ററായിരുന്നു ഈ പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം.
വിവിധ സംഘടനകൾ വ്യക്തികൾ സാംസ്‌കാരിക കൂട്ടായ്‌മകൾ എന്നിവയുടെയെല്ലാം ചെറുത്തുനിൽപ്പിന്റെയും എം ജി കെ മേനോൻ കമ്മിറ്റി നിർദേശങ്ങളുടെയും ഫലമായി പദ്ധതി ഉപേക്ഷിക്കാനും സൈലന്റ് വാലി നിത്യഹരിതവനമായി സംരക്ഷിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിക്കുകയും ചെയ്‌തു.
വിപുലമാകുന്ന സംഘടന
77 ൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശനായിരുന്നു. പ്രസിഡണ്ട് പ്രൊഫ. എം ഗോപിനാഥും. ഇതേ വർഷമാവുമ്പോഴേക്കും പരിഷത്ത് യൂണിറ്റുകൾ മിക്കയിടത്തും വ്യാപിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ ജില്ലാതലത്തിൽ യൂണിറ്റുകളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. കോഴിക്കോട് ജില്ലയിൽ കോഴിക്കോടും വയനാടും ചേർത്ത ഒരു മേഖലയും വടകര മറ്റൊരു മേഖലയുമായിരുന്നു. പിന്നീട് വയനാടിനെ വിഭജിച്ച് വേറൊരു മേഖലയാക്കി. വടകര മേഖലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് എ എം കുഞ്ഞികൃഷ്‌ണനും സെക്രട്ടറി എ എം ബാലകൃഷ്‌ണനുമായിരുന്നു. 1982 ആയപ്പോഴേക്കും കോഴിക്കോട് വടകര മേഖലകൾക്ക് പുറമെ വടകരയെ വിഭജിച്ച് കൊയിലാണ്ടി മേഖല കൂടി രൂപപ്പെട്ടു. വടകര ഡോ. എം കുമാരനും കെ പവിത്രനും കൊയിലാണ്ടി കെ വി പ്രഭാകരനും ടി പി സുകുമാരനും കോഴിക്കോട് പ്രൊഫ. കോയട്ടിയും വേലായുധൻ പന്തീരാങ്കാവും യഥാക്രമം പ്രസിഡണ്ടും സെക്രട്ടറിയുമായി.
സാക്ഷരതായജ്ഞം കഴിഞ്ഞ് 92 ആയപ്പോഴേക്കും പരിഷത്തിലെ അംഗങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. വനിതാ കലാജാഥ, സാക്ഷരത എന്നിവയിലൂടെ സ്‌ത്രീകളുടെ പരിഷത്തംഗത്തവും കൂടി വന്നു. നിലവിലുള്ള മേഖലകൾ പുനർ വിഭജിക്കേണ്ടിവന്നു. ഫറോക്ക്, കോർപ്പറേഷൻ, കുന്ദമംഗലം, ചേളന്നൂർ, താമരശ്ശേരി, കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര, കുന്നുമ്മൽ, നാദാപുരം, വടകര എന്നിങ്ങനെ പതിനൊന്നു മേഖലകൾ നിലവിൽ വന്നു. 91-92 പരിഷത്തിലെ അംഗസംഖ്യ 8415 ആയിരുന്നു. 194 യൂണിറ്റുകൾ.സാക്ഷരതയുടെ ആവേശത്തിൽ വന്ന പലരും അതേ മട്ടിൽ നിലനിന്നില്ല.
ശാസ്ത്രക്ലാസ്സുകൾ
1983 ൽ വീണ്ടും ശാസ്‌ത്രമാസം ആരംഭിച്ചപ്പോൾ കോഴിക്കോട് 400, കൊയിലാണ്ടി 420, താമരശ്ശേരി 300, വടകര 300 എന്നിങ്ങനെ ക്ലാസ്സുകൾ നടന്നു. പ്രകൃതി, സമൂഹം, ശാസ്‌ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു വിഷയങ്ങൾ.
76-77 ൽ തന്നെ നടത്തിയ `കേരളത്തിന്റെ സമ്പത്ത്' ക്ലാസ്സുകൾ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടന്നത്. അന്ന് മറ്റ് തരത്തിലുള്ള ആശയ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാവാം പരിഷത്തിന്റെ ക്ലാസ്സുകൾ കേൾക്കാൻ പതിവിലധികം പേരുണ്ടായി. കോഴിക്കോട് ജില്ലയിൽ ധാരാളം ക്ലാസ്സുകൾ തുടർച്ചയായി നടന്നു.
പിന്നീട് പല സന്ദർഭങ്ങളിലായി നടന്ന ശാസ്‌ത്ര ക്ലാസ്സുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവ 1985ലെ യുവജനങ്ങളെ ഉദ്ദേശിച്ചു നടത്തിയ `നാം ജീവിക്കുന്ന ലോകം' ക്ലാസ് പരമ്പരയായി രുന്നു. ഭൗതിക ലോകം, ജീവലോകം, ശാസ്‌ത്രലോകം, നാളത്തെ ലോകം എന്നിവയായിരുന്നു ക്ലാസ്സുകൾ. ഒട്ടേറെ കോളേജ് ഹൈസ്‌കൂൾ അധ്യാപകരെ ഈ ക്ലാസ്സുകളെടുക്കാൻ അധ്യാപകരായി കിട്ടി. കോഴിക്കോട് ജില്ലയിൽ ആകെ 1370 ക്ലാസ്സുകൾ നടന്നു.
1986 ൽ ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ പരിപാടികൾ കോഴിക്കോട് ജില്ല വിജയകരമായി സംഘടിപ്പിച്ചു. ജില്ലയിൽ 34 കേന്ദ്രങ്ങളിൽ ശാസ്‌ത്രപോഷണ ക്ലാസ്സുകൾ, 76 കേന്ദ്രങ്ങളിൽ ശാസ്‌ത്രക്ലാസ്സ്, രണ്ട് വിദ്യാഭ്യാസ ജില്ലകളിലുമായി ഹൈസ്‌കൂൾ വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ടുള്ള സയൻസ് ഒളിമ്പ്യാഡ് എന്നിവയും ടെലസ്‌കോപ്പുപയോഗിച്ചുള്ള വാന നിരീക്ഷണവും നടന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിബോധത്തിന്റെ ചെറുത്തുനിൽപ്പായ ഈ സന്ദർഭം നാം ഫലപ്രദമായി വിനിയോഗിച്ചു. നിരോധിക്കപ്പെട്ട മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ എന്ന പുസ്‌തക പ്രസിദ്ധീകരണം പ്രചാരണം, അതുപയോഗിച്ച് ക്ലാസ്സുകൾ. ഇന്ത്യൻ ഔഷധ വ്യവസായം, ബഹുരാഷ്‌ട്ര കുത്തകകളും ഔഷധരംഗവും തുടങ്ങി ഒട്ടനവധി ക്ലാസ്സുകൾ ഈ കാലയളവിൽ കോഴിക്കോട് ജില്ലയിൽ നടന്നു. 300 ഡ്രഗ് ഇൻഫർമേഷൻ പായ്‌ക്കറ്റുകൾ ഡോക്‌ടർമാരെ നേരിൽ കണ്ടുനൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ അക്കാലത്ത് ശക്തമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റുണ്ടായിരുന്നു.
ശാസ്‌ത്രവും വിശ്വാസവും, ഭൗതികവർഷം ശാസ്‌ത്രക്ലാസ്സുകൾ, 2009 ലെ ശാസ്‌ത്രവർഷം ക്ലാസ്സുകൾ എന്നിവയാണ് പിന്നീട് നടന്ന ക്ലാസ് പരമ്പരകളിൽ പ്രധാനം. ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ ക്ലാസ്സുകൾ. ഗലീലിയോ നാടകയാത്ര, ശാസ്‌ത്രവണ്ടി, ശാസ്‌ത്രസമിതികളുടെ രൂപീകരണം, ശാസ്‌ത്രപുസ്‌തക പ്രചാരണം എന്നിവയെല്ലാം കൂട്ടിയിണക്കിയ ഒരു ശൃംഖലാ പ്രവർത്തനമായാണ് ശാസ്‌ത്രവർഷം പരിപാടി വിഭാവനം ചെയ്‌തിരുന്നത്. ഇതോടൊപ്പം പാനൽ പ്രദർശനം, കേരളീയ ശാസ്‌ത്രപ്രതിഭകളെ അനുസ്‌മരിക്കൽ എന്നിവയും നടന്നു. അത്ഭുതകരമായ ആകാശം, പരിണാമം 21-ആം നൂറ്റാണ്ടിൽ, മാനുഷരെല്ലാരുമൊന്നുപോലെ, കാലം തെറ്റിയ കാലാവസ്ഥ എന്നീ ക്ലാസ്സുകൾ എല്ലാ മേഖലയിലും നടന്നു. 500ലധികം ക്ലാസ്സുകൾ, 18 കേന്ദ്രങ്ങളിൽ ഗലീലിയോ നാടകം 24 സ്‌കൂളുകളിൽ ശാസ്‌ത്രവണ്ടി പര്യടനം എല്ലാ മേഖലയിലും ശാസ്‌ത്ര പാനൽ പ്രദർശനം ഡോ. പി ആർ പിഷാരടി അനുസ്‌മരണം, ഹയർ സെക്കണ്ടറി അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം എന്നിവയാണ് കോഴിക്കോട് ജില്ലയിൽ നടന്നത്. ശാസ്‌ത്രബോധവും യുക്തിചിന്തയും തകർന്നുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ശാസ്‌ത്രവർഷാചരണം ഗൗരവമാർന്ന ഇടപെടലായി മാറി.
ജ്യോതിശാസ്‌ത്രരംഗത്ത് യുഗപരിവർത്തനത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ ടെലസ്‌കോപ്പ് നിരീക്ഷണം നടന്നതിന്റെ 400-ആം വാർഷികം ചാൾസ് ഡാർവിന്റെ 200-ആം ജന്മവാർഷികവും `ഒറിജിൻ ഓഫ് സ്‌പീഷീസിന്റെ' 150-ആം വാർഷികവുമായിരുന്നു 2009. ശാസ്‌ത്രവർഷം ലോകമെമ്പാടും ആചരിച്ചിരുന്നു. കേരളത്തിലെ 14 ജില്ലകളിൽ നടന്ന ഇത്രയും വൈവിധ്യമുള്ള പരിപാടികൾ ഒരുപക്ഷേ മറ്റെവിടെയും നടന്നിട്ടുണ്ടാവില്ല.
ഗ്രാമശാസ്‌ത്രജാഥകൾ
ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ് ആരംഭിക്കുന്നത്. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട് മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട് വയനാട് ജില്ല ചേർന്നും പിൽക്കാലത്ത് നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ് ഉദ്‌ഘാടനം ചെയ്‌തത്. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട് പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ് പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത് പ്രവർത്തകർക്ക് അവസരമായി. ഇന്ന് പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത് ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്.
ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ
മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന് നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത് സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച് മേഖലാതല കാൽനടജാഥകൾ, സ്ലൈഡ് പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട് ശ്രീധരൻ നടത്തിയ സ്ലൈഡ് ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ് 1ന് വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട് ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ് സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ് എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു.
ജില്ലയിലെ പരിഷത്ത് സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട് പരിഷത്ത് നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ് പി എസ് എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന് കേരളത്തിൽ നിന്ന് ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട് ജില്ലാ പ്രതിനിധികളായിരുന്നു.
വനസംരക്ഷണ പ്രവർത്തനങ്ങൾ
80കളായപ്പോഴേക്കും ജില്ലയുടെ കിഴക്കൻ മലയോരങ്ങളിലും വനനശീകരണം വ്യാപകമായി. ഇതിനെതിരെ തുടക്കം മുതൽ ശക്തമായി പ്രതികരിച്ച സംഘടനയാണ് പരിഷത്ത്. 1984 ൽ തൊട്ടിൽപ്പാലം മുതൽ കോടഞ്ചേരി വരെ നടത്തിയ കാൽനട ജാഥ ഇതിൽ ആദ്യത്തേതാണ്. ഡോ. കെ ടി വിജയമാധവൻ, പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. വി കെ ദാമോദരൻ, പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ എന്നിവർ പങ്കെടുത്ത വിപുലമായ വനസംരക്ഷണ ബോധവൽക്കരണ ക്ലാസ്സും പേരാമ്പ്രയിൽ ഒരു സെമിനാറും ജാഥയ്‌ക്ക് മുന്നോടിയായി നടന്നു. തുടർന്ന് ടി പി കുഞ്ഞിക്കണ്ണൻ ക്യാപ്‌റ്റനും കെ പവിത്രൻ കൺവീനറുമായ 21 അംഗ ജാഥ 5 ദിവസം പര്യടനം നടത്തി. തീരെ അപരിചിതമായ മേഖല, പരിഷത്ത് യൂണിറ്റുകൾ എവിടെയുമില്ല. എന്നിട്ടും പ്രവർത്തകരുടെ അശ്രാന്ത പരിശ്രമം മൂലം സ്വീകരണ കേന്ദ്രങ്ങൾ രൂപപ്പെട്ടു. പേരാമ്പ്രയിലെ പി ഡബ്ല്യു ഡി എഞ്ചിനീയർ പി സി ബാലൻ ജാഥാ സംഘാടനത്തിന് ഏറെ സഹായങ്ങൾ ചെയ്‌തു തന്നു. ജാഥ കൂരാച്ചുണ്ടിലെത്തിയപ്പോൾ വലിയ പ്രതിഷേധം. മലയോരത്തെ റബ്ബർ കൃഷിയടക്കം നഷ്‌ടപ്പെടുമോ എന്ന് നാട്ടുകാർക്ക് ഭയം. ജാഥയെ ആക്രമിക്കുമെന്ന നില വരെയെത്തി. സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രഗത്ഭമതിയായ സ്‌കറിയമാഷുടെ വിപതിധൈര്യം ഒന്നുകൊണ്ടുമാത്രമാണ് അവിടെ പ്രസംഗിക്കാനായത്. പക്ഷേ അന്നവിടെ ജാഥാംഗങ്ങൾ ഒരു മണിക്കൂർ നേരം സംസാരിച്ച ശേഷം നാട്ടുകാരുടെ മട്ടു മാറി. അവർ ജാഥാംഗങ്ങളോട് കുശലം പറയാൻ തുടങ്ങി. ജാഥ അന്നവിടെ തങ്ങി; പിറ്റേന്ന് പ്രയാണം തുടർന്നു. ജാഥ ചെമ്പ്രയിലെത്തിയപ്പോൾ ജാഥയുടെ പിന്നിൽ നടന്നവരുടെ സമീപം ഒരു കല്ല് വന്നു വീണു. പിന്നെ തുരുതുരാ കല്ലേറ്. ജാഥ ഒന്നു പതറി. പിന്നെ തിരിഞ്ഞുനിന്നു മുദ്രാഗീതങ്ങൾ ഉറക്കെപ്പാടി. (ജാഥാംഗങ്ങൾക്കതല്ലേ അറിയൂ) ഭാഗ്യം! പിന്നെ മറഞ്ഞിരുന്നെറിഞ്ഞവർ അവരുടെ പണി തുടർന്നില്ല. കോടഞ്ചേരിയിൽ ജാഥയ്‌ക്ക് ഉജ്വല സ്വീകരണമായിരുന്നു. പള്ളിയുടെ പൂർണ സഹകരണം. അച്ചന്റെ വക തകർപ്പൻ പ്രസംഗം. താമരശ്ശേരി മുതൽ കോടഞ്ചേരി വരെ ജില്ലാ പ്രവർത്തകനായ സി സി ജേക്കബിന്റെ ഇടപെടലുകളുടെ മഹിമ അപ്പോഴാണ് ജാഥാംഗങ്ങൾക്ക് ബോധ്യമായത്. ഈ ജാഥയെ തുടർന്നാണ് താമരശ്ശേരി, കോടഞ്ചേരി യൂണിറ്റുകളുണ്ടാവുന്നത്.
ജീരകപ്പാറ- വനസംരക്ഷണചരിത്രത്തിലെ ജ്വലിക്കുന്ന ഒരേട്
താമരശ്ശേരി മേഖലയിലെ കോടഞ്ചേരി പഞ്ചായത്തിലാണ് ഈ വനപ്രദേശം. ജീരകപ്പാറ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഒരു കേസ് സുപ്രീംകോടതിയിൽ ഉണ്ടായിരുന്നു. 540 ഏക്കർ വനപ്രദേശമാണ് ജീരകപ്പാറയിൽ മുമ്പുണ്ടായിരുന്നത്. അവശജന്മിമാർക്ക് കാർഷികാവശ്യത്തിന് വനഭൂമി വിട്ടുകൊടുക്കാം എന്ന വനപാലന നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് പാലക്കാട് തമ്പാന്മാർ എന്ന ജന്മി കുടുംബം ഈ ഭൂമിയിൽ അവകാശം ഉന്നയിച്ചു. നീണ്ടുനിന്ന ഒരു നിയമയുദ്ധത്തിന് ശേഷം രണ്ടു ഘട്ടമായി 270 ഏക്കർ അവരിൽ ചിലർക്ക് വിട്ടുകിട്ടി. എൺപതുകളിലാണ് ഇത് നടന്നത്. കിട്ടിയ ഉടനെ തന്നെ അവർ വനഭൂമി മറിച്ച് വിൽക്കുകയും 270 ഏക്കർ വെട്ടിത്തെളിക്കുകയും ചെയ്‌തു. ബാക്കിയുള്ള 270 ഏക്കർ മറ്റവകാശികൾക്ക് വിട്ടുകൊടുക്കാനുള്ള കേസ് വീണ്ടും നടന്നു. ഹൈക്കോടതി വിധി അവർക്കനുകൂലമായിരുന്നു. സംസ്ഥാനസർക്കാർ ഈ വിധിക്കെതിരെ 89 ൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. 91ൽ യാതൊരു ന്യായീകരണവുമില്ലാതെ സർക്കാർ അപ്പീൽ പിൻവലിച്ചു. അതോടെയാണ് ജീരകപ്പാറ വീണ്ടും പ്രശ്‌നഭൂമിയാവുന്നത്.
കോടഞ്ചേരി യൂനിറ്റ് പ്രവർത്തകർ ഈ പ്രശ്‌നം സംഘടനയുടെ ശ്രദ്ധയിൽ എത്തിച്ചു. 92 ഡിസംബറിൽ പ്രൊ.കെ.ശ്രീധരന്റെ നേതൃത്വത്തിൽ ഒരു പഠനസംഘം വനഭൂമി സന്ദർശിക്കുകയും വനനാശം സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ പഠിക്കുകയും ചെയ്‌തു. കോഴിക്കോട് ജില്ലയിലെ പ്രധാന നദിയായ ചാലിയാറിന്റെ പോഷകനദിയായ ഇരുവഞ്ഞിപ്പുഴയുടെ പ്രധാന ജലലഭ്യതാ കേന്ദ്രമാണ് ഈ വനപ്രദേശം. വനം നശിക്കുന്നതോടെ ഇരുവഞ്ഞിപ്പുഴ വരളും. ഇത് കോഴിക്കോട് നഗരത്തിലെ കുടിവെള്ള ലഭ്യതപോലും തകർക്കും. മാത്രമല്ല. ഈ വനപ്രദേശത്താണ് നിർദിഷ്ട തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം. കാട്ടിനുള്ളിൽ തേൻപാറ എന്നറിയപ്പെടുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ചക്കിപ്പാറയിൽ നാലു തട്ടുകളിലായി വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പര. പ്രധാനമായ മറ്റൊരു പ്രശ്‌നം ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയായ ചാലിപ്പുഴയിൽ ചെമ്പുകടവ് മിനി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയുള്ള നിർമാണജോലികൾ പകുതി കഴിഞ്ഞിരിക്കുന്നു. ചാലിപ്പുഴയുടെ ഉൽഭവം ജീരകപ്പാറ വനത്തിലായിരിക്കെ, പദ്ധതി നിലനിൽക്കാൻ വനം ഉണ്ടായേ മതിയാവൂ. ഏത് കൊടിയ വേനലിലും സാമാന്യം തണുപ്പുള്ള പ്രദേശമാണിത്. ഈ കാലാവസ്ഥ നശിപ്പിച്ചാൽ അത് കോടഞ്ചേരിയുടെയും സമീപപഞ്ചായത്തുകളുടെയും കാർഷിക വ്യവസ്ഥ പാടെ തകർക്കും. കൃഷി മുഖ്യജീവിതോപാധിയായ ജനങ്ങളുടെ ജീവിതമാണ് അതോടെ തകരാറിലാവുക.
92 ഡിസംബറിൽ വനസംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പരിഷത്ത് ജില്ലാകമ്മിറ്റി കലക്‌ട്രേറ്റിന് മുന്നിൽ ധർണ നടത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. തുടർന്ന് കോടഞ്ചേരി യൂനിറ്റ് പ്രവർത്തകർ വനസംരക്ഷണത്തിനായി ഒരു യോഗം വിളിച്ചു. സി.സി ജേക്കബ് ചെയർമാനും പി എം ജോസഫ് കൺവീനറുമായി ഒരു വനസംരക്ഷണസമിതിയും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി പ്രാദേശിക വനസംരക്ഷണ സമിതികളും രൂപീകരിക്കപ്പെട്ടു. മതപുരോഹിതന്മാരും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും ബഹുജനങ്ങളും വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അണിനിരന്നു. മരംമുറി സ്റ്റേ ചെയ്‌തുകൊണ്ട് താൽക്കാലിക വിധി വന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുയോഗങ്ങൾ ഹാൾമീറ്റിങ്ങുകൾ.... ജീരകപ്പാറയുടെ ശാസ്‌ത്രീയവശം ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വൻവിജയമായിരുന്നു. സാധാരണക്കാർ സമരരംഗത്തേയ്‌ക്ക് കൂടുതൽ അടുത്തു. വനപ്രദേശം അളന്ന് തിരിക്കാനുള്ള വനംവകുപ്പ് ടീമിനെ അവർ തിരിച്ചയച്ചു. മാർച്ച് 4ന് ഒരു ജീപ്പ്‌ജാഥയും മാർച്ച് 6ന് നെല്ലിപ്പൊയിലിൽ നിന്ന് വനത്തിലേക്ക് ഒരു ജനകീയ മാർച്ചും നടന്നു.
ഇതിനിടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള വനംസംരക്ഷണസമിതികളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനുള്ള ചർച്ച തുടങ്ങിയിരുന്നു. മാർച്ച് 14ന് ജില്ലാവനസംരക്ഷണ ഏകോപനസമിതി നിലവിൽ വന്നു. പരിഷത്തിലെ പ്രൊഫ.കെ ശ്രീധരനായിരുന്നു സമിതിയുടെ ചെയർമാൻ. ഡി.വൈ.എഫ്.ഐയിലെ അഡ്വ.മത്തായിചാക്കോ കൺവീനറും പരിഷത്ത് പ്രവർത്തകനായ സി സി ജേക്കബ് ജോയിന്റ് കൺവീനറുമായിരുന്നു. സമിതിയിൽ വിവിധ പ്രസ്ഥാനങ്ങൾ, വ്യക്തികൾ എന്നിവർ അംഗങ്ങളായി.
ഏകോപനസമിതിയുടെ നേതൃത്വത്തിൽ മെയ് 2ന് വിപുലമായ ഒരു കൺവെൻഷൻ കോഴിക്കോട്ട് നടന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുത്ത കൺവെൻഷൻ ഉൽഘാടനം ചെയ്‌തത് നിയമസഭയിലെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു. ആറ് ആവശ്യങ്ങളാണ് കൺവെൻഷൻ മുന്നോട്ട് വെച്ചത്.
1. വനനിയമത്തിലെ പഴുതുകളുപയോഗിച്ച് വനസമ്പത്ത് ചൂഷണം ചെയ്യുന്നത് തടയാൻ സർക്കാർ ഓർഡിനൻസ് മുഖേന സത്വര നടപടികൾ സ്വീകരിക്കണം.
2. അതുവരെ നിക്ഷിപ്‌ത വനത്തിൽ നിന്നും റിസർവ് വനത്തിൽ നിന്നുമുള്ള എല്ലാത്തരം മരംമുറിയും നിരോധിക്കണം.
3. അതുവരെ വനഭൂമിയുടെ കൈമാറ്റം നിരോധിക്കണം.
4. വനസമ്പത്തുകൾ നശിപ്പിക്കുന്ന അക്രമികൾക്കെതിരെ പൊതുസ്വത്ത് നശിപ്പിക്കുന്നവർ എന്ന നിലയ്‌ക്ക് ക്രിമിനൽ നടപടി സ്വീകരിക്കണം.
5. ജീരകപ്പാറവനം സംരക്ഷിക്കുന്നതിന് സുപ്രിം കോടതിയിൽ നേരത്തെ നൽകിയിരുന്ന അപ്പീൽ പുനഃസ്ഥാപിക്കണം.
6. പരിസ്ഥിതി നാശകരമല്ലാത്ത ചെമ്പുകടവ് വൈദ്യുതപദ്ധതി ഒന്നും രണ്ടും ഘട്ടങ്ങൾ ഉടൻ നടപ്പാക്കണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺ 5ന് മലയോരബന്ദ് നടത്താനും കൺവെൻഷൻ തീരുമാനിച്ചു. പിന്നീട് ബന്ദ് ജൂൺ 10-ആം തീയതിയിലേയ്‌ക്ക് മാറ്റി.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വനസംരക്ഷണം എന്ന മുദ്രാവാക്യവുമായി 26 പഞ്ചായത്തുകളെ യോജിപ്പിച്ചുകൊണ്ട് മലയോരബന്ദ് നടന്നു. ബന്ദ് വിജയിപ്പിക്കാനായി കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, തിരുവമ്പാടി, മുക്കം എന്നിവിടങ്ങളിൽ പ്രാദേശിക കൺവെൻഷനുകളും തുടർന്ന് പഞ്ചായത്ത് കൺവെൻഷനുകളും നടന്നു. പഞ്ചായത്തുതല യോഗങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കേണ്ട പ്രവർത്തകർക്ക് കോഴിക്കോട് എൻ.ജി.ഒ.യൂനിയൻ ഹാളിൽവെച്ച് ഒരു ക്ലാസ്സ് നൽകുകയുണ്ടായി. ബന്ദിന്റെ സന്ദേശം പ്രചരിപ്പിക്കാനായി രണ്ട് ജീപ്പ്‌ജാഥകൾ പ്ലാൻ ചെയ്‌തിരുന്നു. എന്നാൽ പെട്ടെന്ന് ജില്ലയിലുണ്ടായ നിരോധനാജ്ഞമൂലം ജീപ്പ്‌ജാഥ ഉപേക്ഷിക്കേണ്ടിവന്നു.
മലയോരബന്ദിനെക്കുറിച്ച് ആലോചിക്കാൻ നടുവണ്ണൂരിൽ ചേർന്ന പരിഷത്ത് ജില്ലാപ്രവർത്തക കൺവെൻഷൻ വനനശീകരണ പ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടാൻ മുഴുവൻ ആളുകളോടും അഭ്യർഥിച്ചു. ബന്ദിന് ഐക്യദാഢ്യം പ്രകടിപ്പിച്ച് കൊയിലാണ്ടി, ചേളന്നൂർ, ഫറോക്ക് മേഖലകൾ ധർണയും കോർപ്പറേഷൻ, വടകര മേഖലകൾ ജാഥയും സംഘടിപ്പിച്ചു. വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിൽ ഗ്രാമപത്രം, പോസ്റ്റർ പ്രചാരണം, ചാക്കുബോർഡുകൾ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. നല്ലൊരു ശതമാനം യൂനിറ്റുകളും ബന്ദിനോട് ഗൗരവമായി പ്രതികരിച്ചു.
താമരശ്ശേരി രൂപതാബിഷപ്പ്, സാംസ്‌കാരിക നായകർ, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, യുവജനസംഘടനകൾ, സർവീസ് സംഘടനകൾ കേരള ദേശീയവേദി പോലുള്ള സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ബന്ദ് വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ടുവന്നു. മാധ്യമം ദിനപത്രം ബന്ദ് വിജയിപ്പിക്കാൻ മുഖപ്രസംഗമെഴുതി.
ജൂൺ 10ന് കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി, മരുതോങ്കര, ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപ്പാറ, പനങ്ങാട്, കൂരാച്ചുണ്ട്, കോട്ടൂർ, ഉള്ള്യേരി, നൊച്ചാട്, നടുവണ്ണൂർ, ഉണ്ണികുളം, കായണ്ണ, താമരശ്ശേരി, ബാലുശേരി, പുതുപ്പാടി, ഓമശേരി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി, കൊടിയത്തൂർ, മുക്കം, പേരാമ്പ്ര എന്നീ പഞ്ചായത്തുകളെ നിശ്ചലമാക്കി ബന്ദ് നടന്നു. വളരെ വലിയ പ്രാധാന്യമാണ് ബന്ദിന് പത്രമാധ്യമങ്ങൾ നൽകിയത്.
എല്ലാവിധ എതിർപ്പുകളെയും അവഗണിച്ച് എറണാകുളത്ത് വെച്ച് കോഴിക്കോട് ഡി.എഫ്.ഒ വനഭൂമി സ്വകാര്യവ്യക്തികൾക്ക് കൈമാറി. വനഭൂമി പതിച്ചുകൊടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 20ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ നടന്നു. 69 പേരാണ് ധർണയിൽ പങ്കെടുത്തത്.
സെപ്‌റ്റംബർ 27ന് ആർ.ഡി.ഒ ഓഫീസിനു മുമ്പിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ നായകന്മാരുടെ നേതൃത്വത്തിൽ നിരാഹാരസമരം നടന്നു. ഈ സമയത്ത് വനംകൊള്ളക്കാർ ജീരകപ്പാറയിൽ വൻമരങ്ങൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. സെപ്‌റ്റംബർ 30ന് കോടഞ്ചേരിയിലെ ജനങ്ങൾ ഒന്നടങ്കം വനത്തിലേയ്‌ക്ക് മാർച്ച് ചെയ്യുകയും വനം ഞങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. മുറിച്ചിട്ട ഒരൊറ്റ മരംപോലും കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതിജ്ഞയെടുത്തു.
ഒക്‌ടോബർ 22ന് താമരശ്ശേരി റെയ്‌ഞ്ച് ഓഫീസിലേയ്‌ക്ക് നടത്തിയ മാർച്ചും ധർണയും നവംബർ 9ന് കോടഞ്ചേരിയിൽ നടത്തിയ റാലിയും ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഡിസംബർ 15ന് ജീരകപ്പാറയിലെ വനനശീകരണത്തെക്കുറിച്ച് നിയമസഭയുടെ പരിസ്ഥിതി സബ്‌കമ്മിറ്റി തെളിവെടുപ്പ് നടത്തി. ജീരകപ്പാറയിൽ മുറിച്ചിട്ട മരങ്ങൾ പോലീസ് സഹായത്തോടെ കടത്തിക്കൊണ്ടുപോവാനുള്ള നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തോടെയാണ് 1994 വർഷത്തിലെ പരിഷത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുതന്നെ. ജില്ലാസമ്മേളന സ്ഥലത്തു നിന്നും പ്രതിനിധികൾ ജാഥയായി ആർ.ഡി.ഒ ഓഫീസിനു മുന്നിലെത്തി വനസംരക്ഷണ സമിതിയുടെ ധർണയിൽ പങ്കെടുത്തു. 1994ലെ പുതുവർഷപ്പിറവിയിലുള്ള ആശംസാകാർഡുകളുടെ കൂട്ടത്തിൽ ജില്ലാവനസംരക്ഷണ സമിതി തയ്യാറാക്കിയ തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ ബഹുവർണചിത്രമുണ്ടായിരുന്നു. `നമ്മുടെ ഹൃദയസംഗീതം പോലെ തുഷാരഗിരി, അത് നിലയ്‌ക്കാനനുവദിക്കല്ലേ...' എന്ന് ആലേഖനം ചെയ്‌ത കാർഡുകൾ രണ്ടായിരം എണ്ണമാണ് അച്ചടിച്ചത്. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ പ്രവർത്തനമായിരുന്നു മാർച്ച് 10ന് കോടഞ്ചേരി മുതൽ ചെമ്പുകടവ് വരെ ഉയർന്ന മനുഷ്യപ്രതിരോധനിര. പത്ത് കിലോമീറ്റർ നീളത്തിൽ പന്ത്രണ്ടായിരത്തോളം പേർ പരസ്‌പരം കൈകോർത്ത് നിന്നെടുത്ത വനസംരക്ഷണ പ്രതിജ്ഞ വനചൂഷകർക്കെതിരെയുള്ള ഒരു ഉഗ്രമായ താക്കീതായിരുന്നു. ജില്ലാവനസംരക്ഷണ ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വനസംരക്ഷണ പ്രവർത്തകരും കോടഞ്ചേരി പഞ്ചായത്തിലെ ജനങ്ങളും ചേർന്നാണ് ഈ അവിസ്‌മരണീയ മുഹൂർത്തം രചിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു പ്രതിരോധനിര.
പ്രതിരോധനിരയുടെ പ്രചരണാർഥം മാർച്ച് 4, 5, 6 തീയതികളിൽ രണ്ട് പ്രചരണജാഥകൾ ജില്ലയിൽ പര്യടനം നടത്തി. വടകര നിന്നാരംഭിച്ച ജാഥ പ്രൊഫ.എം എൻ വിജയനും, തൊട്ടിൽപാലത്തുനിന്നാരംഭിച്ച ജാഥ ഡോ.എ.അച്യുതനും ഉദ്ഘാടനം ചെയ്‌തു. ജാഥയ്‌ക്ക് 45ലധികം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥയിൽ പരിഷത്തിനെ പ്രതിനിധീകരിച്ച് സമിതി ചെയർമാൻ പ്രൊഫ.കെ ശ്രീധരന് പുറമെ ടി പി വിശ്വനാഥൻ, ടി പി കുഞ്ഞിക്കണ്ണൻ, കെ ടി രാധാകഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജാഥകളോടൊപ്പം പരിഷത്ത് കലാട്രൂപ്പും ഉണ്ടായിരുന്നു. . ജീരകപ്പാറ സമരത്തിന്റെ നാളതുവരെയുള്ള ചരിത്രം ഒരു ലഘുലേഖയായി അച്ചടിച്ച് ജാഥയോടൊപ്പം പ്രചരിപ്പിച്ചിരുന്നു.
പ്രതിരോധ നിരയിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ പരിഷത്തിനു കഴിഞ്ഞു. രണ്ടായിരത്തോളം പേർ പരിഷത്തിനെ പ്രതിനിധീകരിച്ച് അണിനിരന്നിരുന്നു. പ്രശസ്‌ത കവയിത്രി സുഗതകുമാരിയാണ് മുഖ്യകേന്ദ്രത്തിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. കെ ടി മുഹമ്മദ്, ഡോ. എം എസ് മേനോൻ, ഡോ.കെ ടി വിജയമാധവൻ, എം കേളപ്പൻ, ഇ കെ വിജയൻ, അഡ്വ.എ ശങ്കരൻ, ഡോ.കെ സുഗതൻ, ഡോ.എം പി പരമേശ്വരൻ, പ്രൊഫ.കെ ആർ ജനാർദനൻ, പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ, ഫാദർ മാത്യു പനിച്ചിപ്പുറം, ഫാദർ മാത്യു തകിടിയേൽ, ഫാദർ സെബാസ്റ്റ്യൻ എളന്തുരുത്ത്, പ്രൊഫ.കെ എം ഉണ്ണികൃഷ്‌ണൻ, ഡോ.രാമകൃഷ്‌ണൻ പാലാട്ട്, പി കുട്ടികൃഷ്‌ണൻ നായർ, സിറിയക്ക് ജോൺ, ഡോ. എ അച്യുതൻ, സി രാമകൃഷ്‌ണൻ, പി മോഹനൻ, വി ആർ രഘുനന്ദൻ തുടങ്ങിയവരും വിവിധ പത്രപ്രതിനിധികളും പ്രതിരോധ നിരയിൽ അണിചേർന്നു. മലയാളത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കു പുറമെ ഇംഗ്ലീഷിലുള്ള ചില പ്രസിദ്ധീകരണങ്ങളിലും പ്രതിരോധനിരയെപ്പറ്റി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
പോലീസ് സന്നാഹത്തിൽ ജീരകപ്പാറയിൽ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്യാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. ഏപ്രിൽ മാസത്തിലായിരുന്നു ആദ്യ ശ്രമം. ലേലദിവസം ഏകോപനസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ താമരശ്ശേരി ടൗണിൽ കേന്ദ്രീകരിച്ച് ലേലം നടക്കുന്ന ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിലേക്ക് മാർച്ച് ചെയ്‌തു. തുടർന്ന് പ്രവർത്തകർ ഓഫീസിന് മുന്നിൽ ധർണ നടത്തി. അന്ന് ലേലം മാറ്റിവയ്‌ക്കപ്പെട്ടു. പിന്നീട് ഡിസംബർ മാസത്തിലാണ് ലേലത്തിനുള്ള ശ്രമങ്ങൾ നടന്നത്. അന്നും ഏകോപനസമിതി ധർണ ആസൂത്രണം ചെയ്‌തു. ഇത്തവണ ലേലത്തിന് ആരും വന്നില്ല. മുഖ്യമന്ത്രി കോടഞ്ചേരി സന്ദർശിച്ച അവസരത്തിൽ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായി കോടഞ്ചേരിയിൽ അതിവിപുലമായ ധർണ നടന്നിരുന്നു.
ജീരകപ്പാറ സമരത്തിന്റെ പ്രത്യേകത അവിടുത്തെ പ്രാദേശിക ജനവിഭാഗങ്ങളെ പൂർണമായും അണിനിരത്താൻ കഴിഞ്ഞു എന്നുള്ളതാണ്. വനം തങ്ങളുടെ കാർഷിക മേഖലയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണിത്. ഈ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും ഉപരിയായി ജനങ്ങളെ സംഘടിപ്പിക്കാൻ കഴിഞ്ഞത്. മതമേധാവികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നടങ്കം മുമ്പില്ലാത്ത വിധം വനസംരക്ഷണത്തിനായി കടന്നുവന്നതും ഈ പശ്ചാത്തലത്തിലാണ്. ഭൂരിപക്ഷ ജനതയുടെ പക്ഷം പിടിച്ചുകൊണ്ട് ഇത്തരമൊരു സമരത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞത്.
1993 - 95 വരെയുള്ള കാലഘട്ടങ്ങളിലെ കോഴിക്കോട് ജില്ലയിലെ പ്രധാന പരിസ്ഥിതി പ്രവർത്തനങ്ങൾ ജീരകപ്പാറ വനസംരക്ഷണമായിരുന്നു. പിന്നീട് സർക്കാർ ആ പ്രദേശം പാരിസ്ഥിതിക ദുർബലപ്രദേശമായി പ്രഖ്യാപിച്ചു (EFL).ഇപ്പോൾ 2012-13 വർഷമാകുമ്പോഴേക്കും 80 കളിലെ വനനശീകരണം പോലെയോ അതിലേറെയോ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഈ മേഖലകളിൽ വ്യാപകമാണ്. ഉരുൾപൊട്ടലും കാർഷിക തകർച്ചയും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിസരവാസികളുടെയും പരിഷത്തിന്റെയുമൊക്കെ പ്രതിഷേധം മാഫിയാ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ അതിജീവിക്കുന്ന അവസ്ഥയുണ്ട്. ഇതിനെതിരെ വലിയ ബഹുജന മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ് പരിഷത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി.
വിദ്യാഭ്യാസം
80കൾ ആകുമ്പോഴേക്കും പരിഷത്ത് പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം കോഴിക്കോട് ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്.
മേപ്പയ്യൂർ, അരിക്കുളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ് സജീവമായ അനൗപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ മേപ്പയ്യൂരിൽ സി പത്മനാഭന്റെ നേതൃത്വത്തിൽ സാംബവ കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തിയ ക്ലാസ്സുകൾ സംസ്ഥാനത്ത് തന്നെ മാതൃകയായി. 10-ആം തരം വരെ ഔപചാരിക വിദ്യാഭ്യാസം നേടുവാനും അവരുടെ പാരമ്പര്യ കലാരൂപങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ളവരാക്കാനും ഈ ക്ലാസ്സുകൾ വഴി സാധിച്ചു.
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട് ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത് ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട് പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടകര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത് ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട് ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത് വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ പുതിയൊരു തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.
വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ ജനകീയമായ നിരവധി ഇടെപടലുകളുടെ അനുഭവങ്ങൾ സംസ്ഥാനത്തൊട്ടാകെ രൂപപ്പെടുത്തിയ കാലമാണ് 80കൾ. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരെ നടത്തിയ വ്യാപകമായ ക്ലാസ്സുകൾ, 84 ലെ സംസ്ഥാന തെളിവെടുപ്പ് സംഘം കോഴിക്കോട് സന്ദർശിച്ചപ്പോൾ മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ സി സി നായർ, അഡ്വ. പി എം പത്മനാഭൻ, അഡ്വ. ഇ കെ നാരായണൻ, ഡോ. മാധവൻ കുട്ടി തുടങ്ങി നിരവധി പേർ വിദ്യാഭ്യാസ രംഗത്തെ അഴിമതികൾ തുറന്നുകാട്ടുന്ന തെളിവുകളുമായെത്തി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ മേഖലകൾ തോറും സംഘടിപ്പിക്കുന്നത് അന്നത്തെ ഒരു സവിശേഷതയായിരുന്നു. ആയിരക്കണക്കിന് കുട്ടികളും അവർക്ക് മാർഗനിർദേശകരായി ജില്ലയിലെ പ്രഗത്ഭമതികളായ അധ്യാപകരും ഇതിൽ പങ്കു കൊണ്ടു. 2001 ലെ സർക്കാർ മൂവായിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ അത്തരം സ്‌കൂളുകളെ സംബന്ധിച്ച് പഠനം നടത്തി ഒരു രേഖ പ്രസിദ്ധീകരിച്ചത് സ്‌കൂൾ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വസ്‌തുതകൾ വെച്ച് സംസാരിക്കാൻ വലിയ സഹായകമായി. വിദ്യാഭ്യാസ രംഗത്തെ കോഴിക്കോട് ജില്ലയുടെ തനതായ ഒരു മുൻകൈയാണ് അക്ഷരവേദികൾ. അക്ഷരവേദികൾ വിപുലമായ അർഥത്തിൽ ഒരു ജില്ല മൊത്തമായെടുത്ത് നടപ്പിലാക്കിയത് 1989 ൽ തിരുവനന്തപുരത്താണ്. എന്നാൽ 1987 ൽ തന്നെ കോഴിക്കോട് ജില്ലയിൽ ഈ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു.
ബാലവേദി
കുട്ടികളുടെ രംഗത്ത് ഏറെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു നടപ്പാക്കിയ സംഘടനയാണ് പരിഷത്ത്. ബാലവേദികൾ രൂപീകരിച്ചും യുറീക്ക, ശാസ്‌ത്രകേരളം മാസികകളിലൂടെയുമാണ് ആദ്യകാലത്ത് ഈ ധർമം നിർവഹിച്ചുപോന്നത്. 83-84 കാലം മലമ്പുഴയിൽ നടന്ന ഒരു ക്യാമ്പോടെ ബാലവേദി പ്രവർത്തനങ്ങൾ അടിമുടി പുനരാവിഷ്‌കരിച്ചു. ബുദ്ധിയുടെ വിവിധ മണ്ഡലങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളൊന്നും അന്ന് അറിയില്ലെങ്കിലും അനുഭവങ്ങളിലൂടെ നാനാതരം പ്രവർത്തനങ്ങൾ വിവിധ മൂലകളിലൂടെ പ്രവർത്തനങ്ങളിൽ ഉദ്‌ഗ്രഥിച്ചു. തുടർന്ന് 85 ൽ കോഴിക്കോട്ട് എൻ ജി ഒ ക്വാർട്ടേഴ്‌സിൽ വെച്ച് നടത്തിയ സംസ്ഥാന ക്യാമ്പോടെയാണ് ഈ പ്രവർത്തനങ്ങൾ മൂർത്തരൂപം കൈവരിച്ചത്. ബാലവേദി ചരിത്രത്തിൽ എൻ ജി ഒ ക്വാർട്ടേഴ്‌സ് ക്യാമ്പിന് മുഖ്യമായൊരു സ്ഥാനമുണ്ട്. 86ലും 87ലും ബാലവേദിയുടെ പുഷ്‌കലകാലം. സംസ്ഥാനതലത്തിൽ ബാലോത്സവങ്ങൾ നിറഞ്ഞുനിന്ന കാലം. കൊല്ലം സംസ്ഥാന ബാലോത്സവത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലും നൂറിലേറെ പഞ്ചായത്ത് ബാലോത്സവങ്ങൾ. ഫറോക്കിലെ ജില്ലാ ബാലോത്സവം നല്ലൊരു പരിശീലനക്കളരിയായി. സംസ്ഥാനതലത്തിൽ രണ്ട് ബാലോത്സവ ജാഥകൾ. ജില്ലയിൽ 1987 ആയപ്പോൾ 102 അംഗീകൃത ബാലവേദികളും നിരവധി അനൗപചാരിക ബാലവേദികളും പ്രവർത്തിച്ചു. രണ്ടാം ബാലോത്സവ ജാഥയുടെ സമാപനം 87 ആഗസ്റ്റ് മാസം കോഴിക്കോട് മാനാഞ്ചിറ മൈതാനത്തായിരുന്നു. 36 വിദ്യാലയങ്ങളിൽ പഠനം രസകരം പരിപാടി- ചിത്രശാല, ഗാനശാല, പണിശാല, ദൃശ്യശ്രാവ്യ ക്വിസ്, അന്യോന്യം, സിനിമാ പ്രദർശനം. ആഗസ്റ്റ് 14 ന് ജാഥാ സമാപനത്തിന് പതിനായിരം കുട്ടികളെയാണ് കോഴിക്കോട് ജില്ല അണിനിരത്തിയത്. വർണാഭമായ കുട്ടികളുടെ ഘോഷയാത്രയും ജാഥാ വരവേൽപ്പും അവിസ്‌മരണീയമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ പിൻബലവും കുട്ടികളോടുള്ള താത്‌പര്യവും കൈമുതലായുള്ള പരിഷത്തിന് കോഴിക്കോട് മാനാഞ്ചിറയിലുള്ള ടാഗോർ പാർക്ക് സ്വകാര്യ കച്ചവടക്കാർക്ക് കൈമാറാനുള്ള ജില്ലാ ഭരണാധികാരികളുടെ നീക്കത്തെ എതിർക്കാതിരിക്കാൻ പറ്റില്ലായിരുന്നു. `കുട്ടികളുടെ പാർക്ക് കുട്ടികൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കുട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായി. 1988 ൽ പാർക്കിന് ചുറ്റും കുട്ടികൾ മനുഷ്യച്ചങ്ങല തീർത്തു. മേയർക്ക് നിവേദനം സമർപ്പിച്ചു.
അക്ഷരവേദി
``നമ്മുടെ വിദ്യാലയങ്ങളിൽ `നിരക്ഷരരുടെ' എണ്ണം കൂടിവരികയാണ്. പ്രൈമറി വിദ്യാലയങ്ങളിലെ അക്ഷരമറിയാത്ത കുട്ടികളിൽ അക്ഷരജ്ഞാനമുറപ്പിക്കാനുള്ള ശ്രമമെന്ന നിലയിലായിരുന്നു അക്ഷരവേദികൾക്ക് രൂപം കൊടുക്കാൻ നാം തീരുമാനിച്ചത്. ഒരു പൈലറ്റ് പരിപാടി എന്ന നിലയിൽ അക്ഷരവേദി വടകര മേഖലയിൽ ആരംഭിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി തീരുമാനം. അതനുസരിച്ച് വടകര സബ്ബ് ജില്ലയിൽ ഇക്കാര്യത്തിൽ താത്‌പര്യമുള്ള അധ്യാപകരുടെ ഒരു യോഗം ജൂൺ 15 ന് വടകര ബി ഇ എം എച്ച് എസിൽ ചേർന്നു. 45 അധ്യാപകർ ഈ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത അധ്യാപകർ വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് വടകര സബ് ജില്ലയിലെ 14 വിദ്യാലയങ്ങളിൽ ഇന്ന് അക്ഷര വേദി പ്രവർത്തിക്കുന്നത്. (1987-88 ലെ ജില്ലാ വാർഷിക റിപ്പോർട്ട് പേജ് 17, ബി സുരേഷ്‌ബാബു ജില്ലാ സെക്രട്ടറി)
തുടർന്ന് 90 ൽ ബാലുശ്ശേരി സബ് ജില്ലയിൽ വ്യാപകമായി അക്ഷരവേദി പ്രവർത്തനം നടത്തി വിജയിപ്പിച്ചു. 91 ൽ ജില്ലാ കൗൺസിൽ നിലവിൽ വന്നു. വിദ്യാഭ്യാസ രംഗത്ത് ജില്ലാ കൗൺസിൽ ശക്തമായിടപെട്ടു. കോഴിക്കോട്ടെ പരിഷത്തുകാരായിരുന്നു അക്കാദമിക രംഗത്തെ ഇടപെടലുകൾക്ക് നേതൃത്വം നൽകിയ കൗൺസിൽ അംഗം പി വിശ്വൻ മാസ്റ്ററെ സഹായിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച അക്കാദമിക് കമ്മിറ്റിയുടെ കൺവീനർ കെ ടി രാധാകൃഷ്ണൻ, കെ പാപ്പൂട്ടി, കൊടക്കാട് ശ്രീധരൻ എന്നിവർ അംഗങ്ങളുമായിരുന്നു. അങ്ങനെ വടകര വിദ്യാഭ്യാസ ജില്ലയിൽ അക്ഷരവേദി `അക്ഷരലോകം' എന്ന പേരിൽ പരിഷ്‌കരിച്ച് നടപ്പാക്കി. ഇതിനായി പ്രാഥമിക പരീക്ഷ, ആർ പി മാർക്കുള്ള 7 ദിവസങ്ങളിലായി നടത്തിയ സബ്‌ജില്ലാതല ശിൽപ്പശാല, അക്ഷരലോകം എന്ന പേരിൽ പ്രവർത്തനങ്ങളും പഠന സമീപനങ്ങളുമുൾക്കൊള്ളുന്ന പാഠപുസ്‌തക നിർമാണം എന്നിവ പൂർത്തിയാക്കി. പദ്ധതി നിർവഹണത്തിനു ശേഷം മൂല്യനിർണയവും നടത്തി. 70% പേരെ നിശ്ചിത നിലവാരത്തിലെത്തിച്ചു. ആഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 2 വരെയായിരുന്നു പരിപാടി. വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി പി ദാമോദരൻ ചെയർമാനും ഡയറ്റിലെ സീനിയർ ലക്‌ചറർ എം എം കുമാരൻ കൺവീനറും ബി സുരേഷ്‌ബാബു ജോയിന്റ് കൺവീനറുമായിരുന്നു. താമരശ്ശേരി, പറയഞ്ചേരി, മേലടി ഹൈസ്‌കൂളുകൾ കേന്ദ്രമാക്കി രൂപീകരിച്ച ഹൈസ്‌കൂൾ കോംപ്ലക്‌സുകളും അവിടെ നടത്തിയ സമഗ്രമായ പരിപാടികളുമായിരുന്നു മറ്റൊരു പ്രവർത്തനം. ഒന്നും രണ്ടും ക്ലാസ്സുകൾ `ഒന്നാംതരമാക്കുക' എന്ന ഗുണനിലവാര പരിപാടിയും ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയാകർഷിച്ചു.
വിദ്യാഭ്യാസ കച്ചവടത്തിനെതിരെ
1982ൽ പരിഷത്തിന്റെ പത്തൊമ്പതാം വാർഷികത്തോടനുബന്ധിച്ച് മഞ്ചേരിയിൽ വച്ചാണ് പരിഷത്ത് ഒരു വിദ്യാഭ്യാസരേഖ പ്രസിദ്ധീകരിച്ചത്. പിന്നീട് 90ൽ ഈ രേഖ പരിഷ്‌കരിക്കുകയും വികസിപ്പിക്കയും ചെയ്‌തു. 95 ആകുമ്പോഴേയ്‌ക്കും വിദ്യാഭ്യാസരംഗത്തെ കച്ചവടവൽക്കരണവും ജാതിമതസാമുദായിക ശക്തികളുടെ ഇടപെടലുകളും വിദ്യാഭ്യാസരംഗം കലുഷിതമാക്കി. എന്തിനാണ് വിദ്യാഭ്യാസം എന്ന അടിസ്ഥാനചിന്ത പോലും ചോദ്യംചെയ്യപ്പെട്ടു. ഈ സന്ദർഭത്തിൽ വിദ്യാഭ്യാസത്തിന്റെ ദിശ നിർണയിക്കാനും സമൂഹത്തിൽ വമ്പിച്ച പ്രചാരണങ്ങൾ നടത്താനും സംസ്ഥാനതലത്തിൽ നാല് കാൽനടജാഥകൾ പരിഷത്ത് ആസൂത്രണം ചെയ്‌തു. സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും ഉന്നതവിദ്യാഭ്യാസത്തിന്റെ സാമ്പത്തികം, മാതൃഭാഷാമാധ്യമം, ശിശുവിദ്യാഭ്യാസം, വിദ്യാഭ്യാസരംഗത്തെ പരിഷത്ത് ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളാണ് ജാഥയിലൂടെ മുഖ്യമായും ഉന്നയിച്ചത്. മാനന്തവാടിയിൽ നിന്നാരംഭിച്ച ജാഥ കോഴിക്കോട്ടെത്തിയതു മുതൽ ആവേശകരമായ സ്വീകരണങ്ങളും ജനപങ്കാളിത്തവും കാഴ്‌ചവച്ചു. നൂറുകണക്കിനു പ്രവർത്തകർ കാൽനടജാഥയിൽ അണിചേർന്നു. ഈ ജാഥയുടെ സമാപനത്തെ തുടർന്നാണ് തൃശ്ശൂരിൽ വിപുലമായ ജനസഭയും കേരള വിദ്യാഭ്യാസ കമ്മിഷൻ പ്രഖ്യാപനവും നടന്നത്. ഡോ. അശോക്‌മിത്ര ചെയർമാനും ഇന്ത്യയിലെ പ്രശസ്‌തരായ വിദ്യാഭ്യാസ സാമൂഹ്യപണ്ഡിതർ അടങ്ങുന്നതുമായ കമ്മീഷൻ പ്രവർത്തനം വലിയ സാമ്പത്തിക ബാധ്യതയുള്ളതും ദീർഘമായ സമയം വേണ്ടതുമായിരുന്നു. ഈ സംരംഭത്തിലേയ്‌ക്ക് വേണ്ട പണം പരിഷത്തംഗങ്ങളിൽ നിന്നും ജനകീയമായി കണ്ടെത്തിയാണ് സ്വരൂപിച്ചത്. കോഴിക്കോട് ജില്ല ഏതാണ്ട് രണ്ടുലക്ഷം രൂപ ഇങ്ങനെ സമാഹരിച്ചു നൽകി.
കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ അതുപയോഗിച്ച് എല്ലാ മേഖലയിലും ചർച്ചകൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസകമീഷൻ റിപ്പോർട്ട് വച്ച് സംസ്ഥാനതലത്തിൽ നടത്തിയ പത്ത് വർക്ക്‌ഷോപ്പുകളിലൂടെ രൂപപ്പെടുത്തിയ നിർദേശങ്ങളാണ് പരിഷത്തിന്റെ വിദ്യാഭ്യാസസങ്കൽപ്പങ്ങളുടെയും കാഴ്‌ചപ്പാടുകളുടെയും അടിസ്ഥാനമായി ഇന്നും നിലനിൽക്കുന്നത്.
ദേശീയവിദ്യാഭ്യാസ അസംബ്ലി
അഖിലേന്ത്യാജനകീയ ശാസ്‌ത്രശൃംഖലയും (AIPSN) NCERT യുമായി സഹകരിച്ചുകൊണ്ട് 2004 ജൂലൈ 8, 9, 10 തിയതികളിൽ കോഴിക്കോട് വച്ചു നടന്ന അസംബ്ലി ദേശീയ പ്രാധാന്യമുള്ള ശ്രദ്ധേയമായൊരു വിദ്യാഭ്യാസപരിപാടിയായിരുന്നു.
പൊതു വിദ്യാഭ്യാസസംരക്ഷണം, സാമൂഹ്യനീതിയും അവസരതുല്യതയും ശാസ്‌ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കാരം എന്നിവയായിരുന്നു അസംബ്ലിയുടെ പൊതു മുദ്രാവാക്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധരും വിദ്യാർഥികളും ഈ കൂടിച്ചേരലിൽ എത്തിച്ചേർന്നു. 37 ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും അധ്യാപക വിദ്യാർഥി സംഘടനാനേതാക്കളും ഈ ദേശീയ കൂടിച്ചേരലിൽ പങ്കാളികളായി. 450 പേർ കേരളത്തിനു വെളിയിലുള്ളവരായിരുന്നു. എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കും അസംബ്ലിയിൽ ചർച്ച ചെയ്‌തു. മുൻ യു.ജി.സി ചെയർമാൻ ഡോ.യശ്‌പാലാണ് അസംബ്ലി ഉദ്‌ഘാടനം ചെയ്‌തത്. പ്രൊഫ.സി പി നാരായണൻ, ഡോ. വിനോദ്‌റെയ്‌ന, ജയതിഘോഷ്, ഡോ.വിനോദ്‌ഗൗർ, ഡോ.എം പി പരമേശ്വരൻ, ഡെൻഡിൽസൽ, ദാൻവി, കെ കെ കൃഷ്‌ണകുമാർ, ഡോ. കെ പി അരവിന്ദൻ, ഡോ.മീനാസ്വാമിനാഥൻ, ശാന്താസിൻഹ, വിജയലക്ഷ്‌മി, ദീപ്‌താബോഗ്, ഡോ.ആനന്ദി, ഡോ.രാജലക്ഷ്‌മി, ഡോ.കെ എൻ ഗണേശ്, ഡോ.എം ആർ രാഘവവാര്യർ, രാമറഡ്ഡി, ഡോ.ബി വിജയകുമാർ, റഷീദ് കണിച്ചേരി, ഡോ.ഇക്‌ബാൽ, വി വി ദക്ഷിണാമൂർത്തി, ഡോ. എം എ ഖാദർ, ഡോ.അനിതാകൗൾ, ഡോ.കെ കെ എൻ കുറുപ്പ്, ഡോ.പി കെ രാജൻ, കോമൾ ശ്രീവാസ്‌തവ, നൈനാൻകോശി, എ സുജനപാൽ, സി ജി ശാന്തകുമാർ തുടങ്ങിയവരാണ് പ്രബന്ധങ്ങളവതരിപ്പിച്ചവരിൽ ചിലർ.
പിന്നിട്ട പടവുകൾ - വിദ്യാഭ്യാസ പ്രദർശനം
കേരളത്തിലെ വിദ്യാഭ്യാസം `പിന്നിട്ട പടവുകൾ' എന്ന പാനൽ പ്രദർശനം അസംബ്ലിയിലെ അർഥവത്തായ ഒരിനമായിരുന്നു. 82 പാനലുകളും കേരളത്തിനകത്തും പുറത്തുമുള്ളവർക്ക് വിജ്ഞാനപ്രദമായ അനുഭവമായി. 2001ൽ 38-ആം വാർഷികത്തിൽ കോഴിക്കോട് നടത്തിയ വിദ്യാഭ്യാസപ്രദർശനത്തിന്റെ വളർച്ചയാണ് ഇതിലൂടെ ദർശിച്ചത്. കണ്ടംകുളം ജൂബിലിഹാളിലായിരുന്നു പ്രദർശനം. ഒരു സംഘം പ്രവർത്തകരുടെ ഏതാണ്ട് രണ്ടു മാസക്കാലത്തെ അക്ഷീണമായ പ്രവർത്തനമാണ് പ്രദർശനത്തെ വിജയത്തിലെത്തിച്ചത്. പ്രദർശനപാനലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രദർശിപ്പിച്ചുവരുന്നു. പ്രദർശനപാനലുകൾ ഉൾപ്പെടുത്തി `വിദ്യാഭ്യാസത്തിന്റെ പടവുകൾ'എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ അസംബ്ലിയോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപകസംഘടനകളുമായി യോജിച്ച് `വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ പഞ്ചായത്തുതല സദസ്സുകൾ നടത്തി. ആറ് ജില്ലാതല സെമിനാറുകൾ നടന്നു. മൊത്തം അനുബന്ധ പരിപാടികൾക്ക് സഹായകരമായ `വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന പുസ്‌തകവും തയ്യാറാക്കി പ്രചരിപ്പിച്ചു.
ഈ അസംബ്ലിയുടെ അനുബന്ധമായി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ കരടുബിൽ ചർച്ചചെയ്യാനും ആവശ്യമായ ഭേദഗതികൾ നിർദേശിക്കാനും പരിഷത്ത് മുൻകയ്യെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനും പ്രൊഫ.കെ ശ്രീധരൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് അത്യന്തം ഗൗരവമാർന്ന ഈ വിദ്യാഭ്യാസ പ്രക്രിയയ്‌ക്ക് നേതൃത്വം നൽകിയത്.
വികസനാസൂത്രണവും അധികാരവികേന്ദ്രീകരണവും
അധികാരവികേന്ദ്രീകരണ രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ ഒട്ടനവധി മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ച ജില്ലയാണ് കോഴിക്കോട്. വികസനത്തെക്കുറിച്ചുള്ള പരിഷത്ത് കാഴ്‌ചപ്പാട് ജനങ്ങളിലെത്തിക്കാൻ പഠനക്കളരികൾ, സെമിനാറുകൾ, വികസനജാഥകൾ എന്നിവ അർഥവത്തായ രീതിയിൽ ജില്ല സംഘടിപ്പിച്ചു. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. 1989 ജൂൺ 24, 25 തിയ്യതികളിൽ അത്തോളി വച്ചു നടന്ന വികസന ശിൽപ്പശാല. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. ഐ എസ് ഗുലാത്തിയാണ് ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌തത്. സി ഡി എസിലെ വിദഗ്‌ധരായിരുന്നു ചർച്ചകൾ നയിച്ചത്. ജില്ലയിലെ 33 പഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കെടുത്തു.
തുടർന്ന് വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ നടത്തിയ വികസനജാഥകൾ എത്ര വലിയ പരിപാടികളും ചിട്ടയായ ആസൂത്രണത്തോടെ മികവാർന്ന രീതിയിൽ നടത്താനാവുമെന്ന ആത്മവിശ്വാസം ജില്ലയിലെ പ്രവർത്തകരിൽ ഉണ്ടാക്കുന്നതായിരുന്നു ആഗസ്റ്റ് 17ന് കടലുണ്ടി എടച്ചേരി, അഴിയൂർ, മുക്കം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ജാഥകൾ 27ന് സംയുക്തമായി നടുവണ്ണൂരിൽ സമാപിച്ചു. 141 സ്വീകരണ കേന്ദ്രങ്ങൾ, വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ (ഗ്രാമപാർലമെന്റ്, പഞ്ചായത്ത് ക്വിസ്, തൊഴിൽ മത്സരങ്ങൾ, അടുപ്പ് പ്രചാരണം, സെമിനാറുകൾ, ക്ലാസ്സുകൾ, പുസ്‌തകപ്രചാരണം, കലാപരിപാടികൾ) എല്ലാവരിലും ഒരേപോലെ ആവേശം വിതറി.
കോഴിക്കോട് നഗരത്തിൽ നടത്തിയ `അധികാര വികേന്ദ്രീകരണവും പഞ്ചായത്തുരാജും' സെമിനാർ ഗംഭീരമായി. ഡോ. ടി എം തോമസ് ഐസക് മോഡറേറ്ററായിരുന്നു. ടി പി കുഞ്ഞിക്കണ്ണൻ പ്രബന്ധമവതരിപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ് വിശ്വം, സെയ്‌ഫുദ്ദീൻ ചൗധരി തുടങ്ങിയവർ സംസാരിച്ചു. ജാഥയോടനുബന്ധിച്ച് നടത്തിയ എയെസ്‌ടിയെസ് (ASTS)അറവുശാല, അധികാരം, പുത്തൻ അടിമകൾ, ഇനം പരിപാടി എന്നിവ ജനങ്ങളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. 4 ജാഥകളും ഒന്നിച്ച് സമാപിച്ചത് നടുവണ്ണൂരിലായിരുന്നു. വികസനജാഥാ സമാപന പ്രസംഗം തിങ്ങിനിറഞ്ഞ നടുവണ്ണൂർ എച്ച് എസ് മൈതാനിയിൽ സ്‌പീക്കർ വർക്കല രാധാകൃഷ്‌ണനാണ് നിർവഹിച്ചത്.സംഘടനാചരിത്രത്തിലെ എണ്ണം പറഞ്ഞ ഒരധ്യായമാണ് വികസനജാഥാ സംഘാടനം വഴി ജില്ല ഉയർത്തിപ്പിടിച്ചത്.
അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഒട്ടേറെ മാതൃകകൾ സൃഷ്‌ടിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തിയ സംഘടനയാണ് പരിഷത്ത്. സാക്ഷരതാ യജ്ഞം സൃഷ്‌ടിച്ച ആവേശവും കൂട്ടായ്‌മയും പരിഷത്ത് ഏറെക്കാലമായി നടത്തിവന്ന ഗ്രാമതല പ്രവർത്തനങ്ങളും മാതൃകകളും കേരള സംസ്ഥാനത്ത് 1957 മുതൽ നടന്നുവരുന്ന അധികാരവികേന്ദ്രീകരണ പരിശ്രമങ്ങളുമെല്ലാം കൂടിച്ചേർന്നാണ് 1997ൽ കേരളത്തിൽ ജനകീയാസൂത്രണ പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഗ്രാമശാസ്‌ത്രസമിതികൾ വാഴയൂർ സർവേ, വിദ്യാഭ്യാസ ആരോഗ്യ പരിസരരംഗത്തെ പ്രവർത്തനങ്ങൾ, കല്യാശ്ശേരി വികസന പദ്ധതി, ഒഞ്ചിയം അടക്കമുള്ള തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ ജനകീയാസൂത്രണ പരിപാടി എന്നിവ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ശക്തമായ പ്രചോദനവും ഇന്ധനവുമായി. ജനകീയാസൂത്രണ പ്രസ്ഥാനവുമായി ജില്ലയിലെ പരിഷത്ത് പ്രവർത്തകർ ഇഴുകിച്ചേർന്നു. പ്രമുഖരായ പല പ്രവർത്തകരും സംസ്ഥാന ജില്ലാ നേതൃത്വത്തിലേക്കുയർന്നു.
സമ്പൂർണ സാക്ഷരതായജ്ഞം
89-91 വർഷങ്ങൾ ആവേശകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ കൊണ്ടും ശക്തമായ ചെറുത്തുനിൽപ്പുകൾ കൊണ്ടും മുഖരിതമായിരുന്നു. എറണാകുളം സാക്ഷരത, ആവേശകരമായ വനിതാ കലാജാഥ, ആഗോളവൽക്കരണ നയങ്ങൾക്കെതിരെ- പണയപ്പെടുത്തിയ ഭാവി- ക്ലാസ്സുകൾ ജാഥകൾ, സംവാദങ്ങൾ എന്നിവയായിരുന്നു ഇവയിൽ പ്രധാനം. ഇവയിലെല്ലാം നേതൃത്വപരമായ പങ്ക് വഹിക്കുവാൻ ജില്ലയിലെ വിദഗ്‌ധരായ പ്രവർത്തകർക്കും വിജയിപ്പിക്കുന്നതിൽ ജില്ലയിലെ സംഘടന മൊത്തത്തിലും പങ്കാളികളായി.
കലാജാഥകൾ, വിളംബര ജാഥകൾ, ഗൃഹസന്ദർശനം പരിശീലന ക്ലാസ്സുകൾ, കലാപരിപാടികൾ, കണ്ണട വിതരണം... സംഭവബഹുലവും അത്യാവേശകരവുമായിരുന്നു കോഴിക്കോട് ജില്ലയിലെ സാക്ഷരതാ യജ്ഞം. ജില്ലാതല സാക്ഷരതാ പ്രവർത്തകരിൽ മുക്കാൽ പങ്കും പരിഷത്തുകാരായിരുന്നു.
ജില്ലയിലെ ആകെ നിരക്ഷരർ 2,56,172 പേർ സ്ഥലത്തില്ലാത്തവർ, രോഗികൾ കഴിച്ച് ബാക്കി 1,57,469 പേർ ക്ലാസ്സുകൾക്കെത്തി. 16 കെ ആർ പി മാർ, 217 ആർ പി മാർ, 2124 മാസ്റ്റർ ട്രെയിനിമാർ, 29232 ഇൻസ്‌ട്രക്‌ടർമാർ ഇതിൽ 18646 സ്‌ത്രീകൾ എന്നിങ്ങനെ യുദ്ധമുന്നണിയിൽ സമരഭടന്മാർ അണിനിരന്നു.
1991 ഏപ്രിൽ 18ന് ചേലക്കാടൻ ആയിഷ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ, കോഴിക്കോട് നഗരത്തെ പുളകമണിയിച്ച സാക്ഷരതാ സമാപനറാലിയും കലാപരിപാടികളും കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത ഒന്നാകെ നെഞ്ചേറ്റി. എന്നാൽ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് സേവനസന്നദ്ധതയോടെ പ്രവർത്തിച്ച സാക്ഷരതാ പ്രവർത്തകരെ അവഹേളിക്കുന്ന പെരുമാറ്റങ്ങളും പ്രസ്‌താവനകളുമാണ് പിന്നീടുവന്ന സർക്കാർ നടത്തിയത്. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെങ്കിൽ പോലും മാതൃകാപരമായി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തെയാണ് തങ്ങൾ കുഴിച്ചുമൂടുന്നതെന്ന ധാരണ തലപ്പത്തിരിക്കുന്നവർക്കുണ്ടായില്ല. ഇതോടെ അവർ തകർത്തത് നിസ്വാർഥസേവനം നടത്തിയ വലിയൊരു വിഭാഗത്തിന്റെ ആത്മവീര്യമാണ്.
രണ്ടാംഘട്ട സാക്ഷരതയിൽ ഇടപെട്ടുകൊണ്ട് കുറേയേറെ പ്രവർത്തനങ്ങൾ പരിഷത്ത് സ്വന്തമായി നടത്തി. നവസാക്ഷരർക്കുള്ള നിരവധി വായനാ സാമഗ്രികൾ തയ്യാറാക്കി. ഇൻസ്‌ട്രക്‌ടർമാരടക്കമുള്ളവരെ പലതവണ വിളിച്ചുചേർത്ത് നവസാക്ഷരരെ നിരക്ഷരതയിലേക്ക് വഴുതി വീഴുന്നതിനെതിരെ പഠന പ്രതിരോധം തീർക്കാൻ ശ്രമിച്ചു. എന്നാൽ സാക്ഷരതായജ്ഞകാലത്തെ സാമൂഹ്യ രാഷ്‌ട്രീയാന്തരീക്ഷം അപ്പോഴേക്കും ശിഥിലമായിരുന്നു `എന്തു സാക്ഷരത, ഏതു സാക്ഷരത' എന്ന പുതിയ സർക്കാറിന്റെ നിലപാടുകളും പ്രതിഷേധങ്ങളുയർന്നപ്പോൾ മനമില്ലാ മനസ്സോടെ രണ്ടാം ഘട്ട സാക്ഷരതാ പ്രവർത്തനം ഏറ്റെടുത്തെന്നു പറയാൻ കാണിച്ച നാട്യങ്ങളും മുമ്പത്തെ വലിയ കൂട്ടായ്‌മയെ നിലനിർത്താനുതകിയില്ല. നിലനിർത്താനുള്ള കടുത്ത വാശി മറ്റുള്ളവരുടെ ഭാഗത്തു നിന്നുണ്ടായതുമില്ല. രണ്ടാംഘട്ട സാക്ഷരതാ പ്രവർത്തനം പഠിതാക്കളുടെ നിത്യജീവിതവൃത്തിയുമായി ബന്ധപ്പെട്ട തൊഴിൽ നൈപുണികൾക്കും ഭാവനാത്മകമായ ദൈനംദിന പഠന-തുല്യതാപരിപാടികൾക്കുമായിരുന്നു കരുത്തു പകരേണ്ടിയിരുന്നത്. അതാകട്ടെ ഏച്ചുകെട്ടി വലിച്ചുനീട്ടി ഉണ്ടാക്കാൻ പറ്റുന്നതുമായിരുന്നില്ല. സ്വാഭാവിക വികാസം നഷ്‌ടപ്പെട്ടു. രണ്ടാം ഘട്ട സാക്ഷരതാ പ്രവർത്തനം മുരടിച്ചു.
പരിഷത്ത്‌ഭവനുകൾ
ആദ്യകാല പരിഷത്ത് ഓഫീസ് ആർ ഇ സിയിലുള്ള ഡോ. എ അച്യുതന്റെ വസതിയായിരുന്നു. അന്ന് പരിഷത്തിനാകെ ഒരു ഓഫീസേ ഉള്ളൂ. മറ്റിടങ്ങളിലും ഇതുപോലെ പ്രധാന പ്രവർത്തകരുടെ വീടുകളാണ് താവളം. കോഴിക്കോട് ജില്ലാ സമിതിയുടെ ഓഫീസും അച്യുതൻസാറിന്റെ വീട് തന്നെയായിരുന്നു. 67-68 കാലത്ത് ജില്ലാസമിതി കോഴിക്കോട് നഗരത്തിലെ വൈ എം സി എ ക്രോസ് റോഡിലെ ഒരു കടയുടെ മുകളിലെ മുറി വാടകയ്‌ക്കെടുത്തു അവിടെ താവളമാക്കി. പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്കു വശം ആനിഹാൾ റോഡിലുള്ള കെട്ടിടത്തിലേക്ക് മാറി. 81-82 കാലം വരെ അവിടെ തുടർന്നതിനു ശേഷം 1982 മാർച്ചിൽ കോഴിക്കോട് ബീച്ചിൽ നിർമിച്ച സയൻസ് സെന്റർ കെട്ടിടത്തിലേക്ക് ലൈബ്രറി, അക്വേറിയം എന്നിവയും ഓഫീസും മാസികകളുടെ പ്രവർത്തനവും മാറി. കോഴിക്കോട് നഗരത്തിൽ നിന്ന് അക്കാലത്ത് പ്രവർത്തകർ നടന്നുവേണം ബീച്ചിലെത്താൻ. രാത്രി നേരം വൈകി കമ്മിറ്റികൾ സമാപിച്ചാൽ ഒറ്റപ്പെട്ടതു തന്നെ. ആകെ ആശ്രയം പ്രൊഫ. കെ ശ്രീധരന്റെ സ്‌കൂട്ടറിലെ ഒരു സീറ്റു മാത്രം. ഓട്ടോറിക്ഷകൾ 7 മണിക്ക് ശേഷം ലഭിക്കില്ല. കുറേക്കൂടി സൗകര്യമുള്ള ഒരു സ്ഥലം എവിടെ കിട്ടും? വാടക ഭീമമാണ്. ഒരു സ്ഥലവും ഒത്തില്ല.
1985 ഫെബ്രുവരിയിൽ 22-ആം വാർഷികം കോഴിക്കോട്ട് വെച്ച് നടത്താൻ തീരുമാനമായി. നഗരത്തിൽ ഒരു താവളം കൂടിയേ തീരൂ. അവസാനം പരിഷത്ത് ഓഫീസിന് ആദ്യകാലം മുതലേ ആശ്രയമായ അച്യുതൻ സാർ എഞ്ചിനീയർമാരുടെ സംഘം പ്രവർത്തിച്ചുവരുന്ന സ്റ്റേഡിയത്തിനടുത്തെ KDFA (Kozhikode District Football Association) കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൽക്കാലത്തേക്ക് സൗകര്യമൊരുക്കിത്തന്നു. ഒരു വർഷത്തിനു ശേഷം KDFA ബിൽഡിംഗ് വിടേണ്ടിവന്നു. അങ്ങനെ കിഴക്കേ നടക്കാവിൽ രാരിച്ചൻ റോഡിലുള്ള കെട്ടിടത്തിലേക്ക് 1986 ൽ ഓഫീസ് മാറ്റി. ഒന്നാം നിലയിലെ രണ്ട് ഇടുങ്ങിയ മുറികൾ സംസ്ഥാന കമ്മിറ്റിയും താഴെ അതേ രൂപത്തിലുള്ള ഒരു മുറിയിൽ ജില്ലാ കമ്മിറ്റിയും പ്രവർത്തിച്ചുവന്നു. പ്രവർത്തനങ്ങൾ വികസിച്ചു വരുന്നു. യോഗം ചേരാൻ പോലും സ്ഥലമില്ല. വാടക താങ്ങാനാവുന്നില്ല. അവധി ദിവസങ്ങളിലെ സ്‌കൂൾ സൗകര്യം മാത്രം നോക്കി സംഘടനാ പ്രവർത്തനം മുന്നോട്ടു പോവില്ല. അങ്ങനെ 1989 ൽ ചാലപ്പുറത്ത് തളി ക്ഷേത്രത്തിനു സമീപത്തെ പഴയ കെട്ടിടത്തിലേക്ക് ഓഫീസ് വീണ്ടും മാറുന്നു. താഴെ ഒരു മുറിയിൽ ജില്ലാ ഓഫീസ്. മറ്റു മുറികളിൽ ഞെങ്ങിഞെരുങ്ങി സംസ്ഥാന പ്രസിഡണ്ട്, രണ്ട് സെക്രട്ടറിമാർ, മാസികാ ഓഫീസ്, ഡി ടി പി, ലേ ഔട്ട് സ്ഥലങ്ങൾ എന്നിങ്ങനെ പ്രവർത്തനം തുടങ്ങി. പരിഷത്തടുപ്പിന് ആവശ്യക്കാരേറെ. അതിനുള്ള സാധനങ്ങൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ല. വാടകയും താങ്ങാനാവുന്നില്ല. സ്വന്തമായി ഒരു കെട്ടിടം എന്ന ചിന്തയ്‌ക്ക് വേഗത കൂടി. 90 ജനുവരിയിലെ ജില്ലാ സമ്മേളനം 25000 കോപ്പി ``എങ്ങനെ എങ്ങനെ എന്ന ജിജ്ഞാസാ വിജ്ഞാനകോശം പ്രചരിപ്പിച്ച് പണം കണ്ടെത്താൻ തീരുമാനിച്ചു. അങ്ങനെ മൂന്നു വർഷത്തെ പ്രവർത്തനം കൊണ്ട് പുസ്‌തകവിൽപ്പനയിലൂടെയും, ജില്ലാ പ്രവർത്തകർ സ്വീകരിച്ച കടപ്പത്രം വഴിയും പണം കണ്ടെത്തിയാണ് ഇന്ന് കാണുന്ന പരിഷത്ത് ഭവനവും അതോടു ചേർന്ന 16 സെന്റ് സ്ഥലവും സ്വന്തമാക്കിയത്. ഇന്ന് മുൻഭാഗത്തു കാണുന്ന പഴയ കെട്ടിടം നന്നാക്കി പണിയുകയും തുടർന്നുള്ള വർഷങ്ങളിൽ കെട്ടിടത്തിന് പിൻഭാഗത്തേക്ക് കോൺക്രീറ്റിൽ പണിതഭാഗം കൂടി കൂട്ടിച്ചേർത്ത് പരിഷത്ത് ഭവൻ വികസിപ്പിക്കുകയും ചെയ്‌തു.. 90-93 കാലത്ത് ജില്ലയിലെ മുഴുവൻ പ്രവർത്തകരും സംസ്ഥാന കമ്മിറ്റിയും അത്യന്തം ശ്രമകരമായ പുസ്‌തക പ്രചാരണവും സന്നദ്ധതയും കാഴ്‌ചവെച്ചാണ് ഇന്നത്തെ പരിഷത്ത് ഭവൻ യാഥാർഥ്യമാക്കിയത്. കോഴിക്കോട്ടെ അനുഭവം മാത്രമല്ല ഇത്. സംസ്ഥാനത്തൊട്ടാകെയുള്ള മുഴുവൻ പരിഷത്ത് ഭവനുകളും ആശയപ്രചാരണത്തിലൂടെ, പുസ്‌തകപ്രചാരണത്തിലൂടെ സൃഷ്‌ടിച്ചെടുത്തതാണെന്ന് ഇന്നത്തെ കാലത്ത് പലർക്കും അവിശ്വസനീയമായി തോന്നിയേക്കാം. ഇപ്പോൾ പരിഷത്ത് ഭവനോടനുബന്ധിച്ച് ഒരു പഠനകേന്ദ്രവും ഗ്രന്ഥാലയവും പ്രവർത്തിച്ചുവരുന്നു. ദീർഘകാലം എം പി സി നമ്പ്യാരുടെ നേതൃത്വത്തിൽ ചർച്ചാ ക്ലാസ്സുകളും ഫിലിം സി ഡി പ്രദർശനങ്ങളും നിർമാണവും നടന്നുവന്നു. ഇപ്പോൾ ടി പി സുകുമാരനാണ് പഠനകേന്ദ്രം- ലൈബ്രറി സെക്രട്ടറി.
കോഴിക്കോട് - ശാസ്‌ത്രമാസികളുടെ കേന്ദ്രം
ഇന്ത്യയിൽ തുടർച്ചയായി മൂന്നു ശാസ്‌ത്രമാസികകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സംഘടനയോ സ്ഥാപനമോ ഇല്ല. കടുത്ത വെല്ലുവിളിളെ അതിജീവിച്ചുകൊണ്ടാണ് ശാസ്‌ത്രഗതി (1966), ശാസ്‌ത്രകേരളം (1969), യുറീക്ക (1970) എന്നീ പ്രസിദ്ധീകരണങ്ങൾ കഴിഞ്ഞ 40തിലേറെ വർഷക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. യുറീക്ക ഇപ്പോൾ ദ്വൈവാരികയായി പ്രസിദ്ധീകരിച്ചുവരുന്നു. 1966 തുടങ്ങിയ ശാസ്‌ത്രഗതി 1967 മുതൽ കോഴിക്കോട്ടേയ്‌ക്കു മാറ്റി. പിന്നീട് ഏറെക്കാലം കോഴിക്കോട് ആർ.ഇ.സി കേന്ദ്രമാക്കിയാണത് പ്രസിദ്ധീകരിച്ചു വന്നത്. 1981ലാണ് യുറീക്ക തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേയ്‌ക്ക് വന്നത്. പിന്നാലെ ശാസ്‌ത്രകേരളവും എത്തി. പിന്നീട് ശാസ്‌ത്രഗതിയുടെ എഡിറ്റോറിയൽ പ്രവർത്തനം തിരുവനന്തപുരത്തേയ്‌ക്ക് മാറിയെങ്കിലും യുറീക്കയും ശാസ്‌ത്രകേരളവും ഏറെക്കാലമായി കോഴിക്കോട്ടു നിന്നു തന്നെ ഉൽപ്പാദിപ്പിച്ചുവരുന്നു. ശാസ്‌ത്രഗതിയുടെ അച്ചടി ഇപ്പോഴും കോഴിക്കോട്ടുനിന്നാണ് തുടരുന്നത്.
പരിഷത്തിലെ ആദ്യകാല എഡിറ്റർമാരായ നിരവധി മഹാരഥന്മാർ ഇന്നു നമ്മോടൊപ്പമില്ല. എൻ വി കൃഷ്‌ണവാര്യർ, പി ടി ഭാസ്‌കരപ്പണിക്കർ, എം സി നമ്പൂതിരിപ്പാട്, എം എൻ സുബ്രഹ്മണ്യൻ, ഡോ കെ എൻ പിഷാരടി, സി ജി ശാന്തകുമാർ തുടങ്ങിയവരാണിവരിൽ ചിലർ. ഇവരോടൊപ്പവും ഇവർക്കു പിന്നാലെയും വളർന്നുവന്ന ഒരു സംഘം പ്രവർത്തകരാണ് കോഴിക്കോട്ടെ മാസികാ പ്രവർത്തനത്തിനു അസ്ഥിവാരമിട്ടത്. ഡോ.എ അച്യുതൻ, ഡോ.കെ മാധവൻകുട്ടി, പ്രൊഫ. വി കെ ദാമോദരൻ, പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാട്, പ്രൊഫ.കെ ശ്രീധരൻ, പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ, പ്രൊഫ.എം കെ പ്രസാദ് ഇവരെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു. പടിപടിയായി മാസികകളുടെ ഉള്ളടക്കം, രൂപകൽപ്പന, പ്രൊഡക്‌ഷൻ, വിതരണം, ഓഫീസ് സംവിധാനം എന്നിവയിലൊക്കെ മുകളിൽ പറഞ്ഞ പ്രവർത്തകരുടെ മേൽനോട്ടത്തിൽ കാലികമായ മാറ്റങ്ങളും പുരോഗതിയും ഉണ്ടായി. നിരവധി പുതിയ എഴുത്തുകാർ രംഗത്തുവന്നു. ഇപ്പോൾ യുറീക്ക, ശാസ്‌ത്രകേരളം മാസികകൾക്ക് മികച്ച മാനേജ്‌മെന്റും എഡിറ്റോറിയൽ സംവിധാനങ്ങളും ഓഫീസ് ക്രമീകരണങ്ങളും ഉണ്ട്. കഴിഞ്ഞ ഇരുപത് വർഷക്കാലം കൊണ്ട് ഈ രംഗത്ത് അത്ഭുതകരമായ സാങ്കേതിക വളർച്ചയും മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അതുവഴി പ്രൊഡക്‌ഷൻ പ്രവർത്തനങ്ങൾ കുറേക്കൂടി എളുപ്പവുമായി. എന്നാൽ മുമ്പത്തെ അവസ്ഥ ഇതായിരുന്നില്ല. പലതവണ പ്രസിദ്ധീകരണം മുടങ്ങുമെന്ന അവസ്ഥയുണ്ടായി. പ്രധാന പ്രവർത്തകർ അവരുടെ വീട്ടിലെ പരിമിതമായ സ്വർണാഭരണങ്ങൾ പോലും പണയപ്പെടുത്തി മാസികകളെ നിലനിർത്തി പോന്നു.
പ്രക്ഷോഭങ്ങൾ; പ്രചാരണങ്ങൾ
വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ നിരന്തരമായുണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളിൽ ഇടപെടുകയും അഭിപ്രായങ്ങളും ബദലുകളും മുന്നോട്ടുവെയ്‌ക്കുകയും ചെയ്യുന്ന സംഘടനയാണ് പരിഷത്ത്. ആഭ്യന്തര വൈരുദ്ധ്യങ്ങളോടൊപ്പം 80കളിൽ ആരംഭിച്ച് 90കളിൽ ശക്തിപ്രാപിച്ച ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ സംഘർഷങ്ങൾ നിത്യേനയെന്നോണം വളർന്നുവരികയാണ്. വിദ്യാഭ്യാസത്തെയും ആരോഗ്യമേഖലയെയുമെല്ലാം കമ്പോളവൽക്കരിക്കുന്നതിന്റെ ഭാഗമായി ദരിദ്ര ബഹുഭൂരിപക്ഷത്തിന്റെ ദുരിതങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇവിടെ പരിഷത്തിന് പക്ഷം പിടിക്കാതെ നിവൃത്തിയില്ല. ഇത്തരം ചില ഇടപെടലുകളെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചു കഴിഞ്ഞു. കച്ചവട സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ തുടക്കം മുതലേ എതിർത്തുപോന്ന സംഘടനയാണ് പരിഷത്ത്. ജില്ലയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി പ്രാദേശിക ജാഥകൾ, ധർണകൾ, സെമിനാറുകൾ തെരുവുയോഗങ്ങൾ എന്നിവ 90കൾക്ക് ശേഷം നടന്നു.
ആരോഗ്യരംഗം
ഔഷധവ്യവസായരംഗത്ത് നടക്കുന്ന സാമ്രാജ്യത്വ വിധേയ കാഴ്‌ചപ്പാടുകളെ തുറന്നെതിർക്കുന്നതോടൊപ്പം ചികിത്സാ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെയും മെഡിക്കൽ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്‌ടീസ് നിരോധിക്കുന്നതിനും ഇന്ത്യയുടെ 1971 മുതലുള്ള പേറ്റന്റ് നിയമം സംരക്ഷിക്കുന്നതിനുമുള്ള മേഖലാതല പ്രചാരണ പരിപാടികൾ ആവിഷ്‌കരിക്കപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കുത്തകകൾക്ക് വിൽക്കാൻ നടത്തിയ നീക്കങ്ങളെ പരിഷത്തുൾപ്പെടെയുള്ള സംഘടനകളുടെ ധീരമായ ചെറുത്തുനിൽപ്പാണ് പരാജയപ്പെടുത്തിയത്. ഇതോടൊപ്പം പകർച്ചവ്യാധികൾക്കെതിരെയും, ജീവിതശൈലീ രോഗങ്ങൾക്കെതിരെയുമുള്ള ബോധവൽക്കരണം തുടർച്ചയായി നടത്തിവരുന്നു.
വിദ്യാഭ്യാസം
97 ലെ പാഠ്യപദ്ധതി പരിഷ്‌കരണം, തുടർന്നുണ്ടായ വിവാദങ്ങൾ, 2001 ലെ സർക്കാർ, 8-ആം തരത്തിലെ പാഠപുസ്‌തകം പിൻവലിച്ചത്, പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ച ഗ്രേഡിങ്ങ് സമ്പ്രദായം പിൻവലിച്ചത്, അൺ എയ്‌ഡഡ് മേഖലയിൽ വിദ്യാലയങ്ങൾ അനുവദിക്കുന്നത്, സി ബി എസ് ഇ സ്‌കൂളുകൾക്ക് എൻ ഒ സി നൽകുന്നത് `മതമില്ലാത്ത ജീവൻ' പാഠപുസ്‌തകവിവാദം തുടങ്ങി ഒട്ടേറെ സംഘർഷങ്ങൾ 97ന് ശേഷം നാം കണ്ടു. ഇവിടെയെല്ലാം `വിദ്യാഭ്യാസം വിമോചനത്തിന്' എന്ന കാഴ്‌ചപ്പാടോടെ ദരിദ്രപക്ഷ നിലപാട് മുറുക്കെ പിടിച്ചുകൊണ്ട് പടപൊരുതാൻ പരിഷത്തിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തകർ ഒന്നടങ്കം രംഗത്തെത്തി. എൻട്രൻസ് പരീക്ഷാ പരിഷ്‌കരണം KER പരിഷ്‌കരണം, കേരള പാഠ്യപദ്ധതി ചട്ടക്കൂട്, വിദ്യാഭ്യാസ അവകാശ നിയമം എന്നീ വിഷയങ്ങളിൽ പുരോഗമന വിദ്യാഭ്യാസ ചിന്തകൾക്കൊപ്പം നിന്നുകൊണ്ട് വിമർശനങ്ങളും ബദലുകളും അവതരിപ്പിക്കാനും അവ പ്രചരിപ്പിക്കാനും ആത്മാർഥമായ ശ്രമങ്ങൾ ഇവിടെ നടന്നു;നടന്നുകൊണ്ടിരിക്കുന്നു.
എക്‌സ്‌പ്രസ് ഹൈവേ, ബി ഒ ടി വിരുദ്ധ സമരങ്ങൾ
2004 ലാണ് എക്‌സ്‌പ്രസ് ഹൈവേ പ്രതിരോധ ക്യാമ്പയിൻ നടക്കുന്നത്. കേരളത്തിന്റെ സ്ഥായിയായ വികസനത്തെ തകിടം മറിക്കുന്നതും ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതുമായ എക്‌സ്‌പ്രസ് ഹൈവേ പദ്ധതി ഉപേക്ഷിക്കണമെന്നും പകരം നാഷണൽ ഹൈവേ മെച്ചപ്പെടുത്തി ഗവണ്മെന്റ് ഉത്തരവാദിത്തത്തിൽ തന്നെ വീതി കൂട്ടി നഗരപ്രദേശങ്ങളിൽ ഫ്‌ളൈ ഓവറുകളും ബൈപ്പാസ് റോഡുകളും നിർമിക്കയാണ് വേണ്ടതെന്നുമായിരുന്നു പരിഷത്ത് നിലപാട്. ഇതിന്റെ ഭാഗമായി ജില്ലയിൽ നിരവധി ജനസംവാദങ്ങൾ, ലഘുലേഖാ പ്രചാരണം ജാഥാസ്വീകരണവും വിശദീകരണങ്ങളും നടത്തി.
2008 മുതൽക്കുതന്നെ ദേശീയ പാതകൾ ബി ഒ ടി അടിസ്ഥാനത്തിൽ വികസിപ്പിക്കുകയും സ്വകാര്യവൽക്കരിക്കയും ചെയ്യുന്ന നവലിബറൽ വികസനപാതയെ പരിഷത്ത് അതിശക്തമായി വിമർശിച്ചുകൊണ്ടിരുന്നു. ദേശീയ അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കാൻ പറ്റിയ വിധം ഒട്ടേറെ ലാഭാവസരങ്ങൾ ഒരുക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ ഈ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ പ്രവേശനം പരിമിതപ്പെടുത്തുകയും എല്ലാവിധ ദൈനംദിന തിരക്കുകളെയും സർവീസ് റോഡിലേക്ക് തള്ളിമാറ്റി ഗതാഗതക്കുരുക്ക് വർധിപ്പിക്കുകയും ചെയ്യുന്ന നടപടികൾക്കെതിരെ വ്യാപകമായ പ്രചാരണ പരിപാടികളാണ് ജില്ലയിൽ നടന്നത്.
സംസ്ഥാനതലത്തിൽ തയ്യാറാക്കിയ ലഘുലേഖയ്‌ക്ക് പുറമെ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ലഘുലേഖ കോഴിക്കോട് ജില്ലയും തയ്യാറാക്കി പ്രചരിപ്പിച്ചു. അഴിയൂർ മുതൽ തിരുവങ്ങൂർ വരെ സംഘടിപ്പിച്ച കാൽനട ജാഥ വമ്പിച്ച ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. ജനങ്ങളുടെ ആശങ്കകളെയും പ്രതിഷേധങ്ങളെയും മുതലെടുക്കാൻ വർഗീയ സംഘടനകളും സങ്കുചിത ശക്തികളും നടത്തിവന്ന ശ്രമങ്ങൾക്കു പകരം മതേതര ജനാധിപത്യ ശക്തികളെയും ബഹുജനരാഷ്‌ട്രീയ സംഘടനകളെയും യുവജനങ്ങളെയും ഇക്കാര്യത്തിലണിനിരത്താൻ പരിഷത്ത് പ്രചാരണ പ്രക്ഷോഭങ്ങൾക്ക് സാധിച്ചു.
കിനാലൂർ പഠനം
ജില്ലയിലെ കിനാലൂർ പ്രദേശത്ത് 1996 ലെ ജില്ലാ പഞ്ചായത്ത് പദ്ധതി നിർദേശമായിരുന്നു `കിനാലൂർ ഗ്രോത്ത് സെന്റർ'. ഇതിനായി അവിടെ 308 ഏക്കർ ഭൂമിയിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. പദ്ധതി നിർവഹണച്ചുമതല വ്യവസായ വികസന കോർപ്പറേഷൻ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഒരു വൻ വ്യവസായ സമുച്ചയ പദ്ധതി 2008 ൽ വിഭാവനം ചെയ്യുകയും ഇതിലേക്കായി ഒരു നാലുവരിപ്പാത പണിയാൻ നിശ്ചയിക്കുകയും ചെയ്‌തു. പാരിസ്ഥിതികമായ ആഘാതം കണക്കിലെടുക്കാതെയുള്ള പ്രസ്‌തുത തീരുമാനം സമീപത്തുള്ള 625 ഏക്കറോളം നെൽപ്പാടങ്ങൾക്ക് ഭീഷണിയായി. കിനാലൂർ സാറ്റലൈറ്റ് പദ്ധതിക്കെതിരെ ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തി. സ്വത്വരാഷ്‌ട്രീയത്തിന്റെയും മതബോധത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ ജനങ്ങളുടെ സഹായത്തിനെത്തി. അവരെ അരാഷ്‌ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു. ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അവർ മുന്നിട്ടിറങ്ങി. ഇത്തരം പ്രക്ഷോഭങ്ങളൊന്നും രാജ്യത്ത് നടപ്പാക്കുന്ന നവലിബറൽ നയങ്ങളെ ചോദ്യം ചെയ്യാത്തതിനാൽ അത്തരം നയങ്ങളെ താങ്ങിനിർത്തുന്ന വലതുപക്ഷ രാഷ്‌ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും ഈ പ്രക്ഷോഭങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകി. പ്രശ്‌നത്തെ ഒറ്റ തിരിഞ്ഞ് കണ്ട് പ്രക്ഷോഭം അക്രമാസക്തമാക്കാനും വിവാദമാക്കി ഇടതുപക്ഷ ഭരണത്തെ ദുർബലമാക്കാനുമാണവർ ശ്രമിച്ചത്. എന്നാൽ പ്രശ്‌നത്തെ ഈ വിധം തിരിച്ചറിയാതെ യാന്ത്രികമായി, ഉത്‌കണ്‌ഠാകുലരായ ജനങ്ങളെ നേരിടാൻ സർക്കാർ ശ്രമിക്കുന്നതാണ് കിനാലൂരിൽ കണ്ടത്.
ഡോ. എ അച്യുതന്റെ നേതൃത്വത്തിൽ പരിഷത്തിന്റെ പഠനസംഘം ആ പ്രദേശം സന്ദർശിച്ചു. വിവരശേഖരണം നടത്തി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലഘുലേഖ തയ്യാറാക്കി. `കിനാലൂരും കേരളത്തിന്റെ വികസനവും' എന്ന സെമിനാർ, കോഴിക്കോട് നഗരത്തിൽ വച്ചു നടത്തി. പരിഷത്തിന്റെ നിരീക്ഷണങ്ങളും നിർദേശങ്ങളും മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്‌തു.
- അക്രമവും അടിച്ചമർത്തലും ഒന്നിനും പരിഹാരമല്ല. ജനാധിപത്യപരവും സുതാര്യവുമായ ചർച്ചകൾ നടത്തി പ്രശ്‌നം പരിഹരിക്കണം. സർക്കാരും ജനങ്ങളും പരസ്‌പരം വിശ്വാസത്തിലെടുക്കണം.
- കിനാലൂരിലെ കൊച്ചിൻ-മലബാർ എസ്റ്റേറ്റ് ഭൂമി ഭാവി സാധ്യതകൾ കൂടി കണക്കിലെടുത്ത് സർക്കാർ ഏറ്റെടുക്കണം. ഇവിടെ കാർഷിക സംസ്‌കരണ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം. ഇതിനിടെ നടന്ന അനധികൃത കൈമാറ്റങ്ങൾ റദ്ദാക്കണം.
- വ്യവസായകേന്ദ്രം-എസ്റ്റേറ്റ് ഗേറ്റ്-എസ്റ്റേറ്റ് മുക്ക്-താമരശ്ശേരി ചുങ്കം ആയിരിക്കും ഏറ്റവും അനുയോജ്യമായ റോഡ്. ഇക്കാര്യം പരിഗണിക്കണം.
- പുതിയ റോഡിനുള്ള ഏതു നീക്കവും വിശദമായ പാരിസ്ഥിതിക ആഘാത പത്രിക തയ്യാറാക്കി പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്‌ത ശേഷം മാത്രമേ പാടുള്ളൂ. അതുവരെ ഭൂമിയിലുള്ള ഒരു പ്രവർത്തനവും ആരംഭിക്കരുത്.
- കിനാലൂരിലെ വ്യവസായ സംരംഭങ്ങളുടെ തൊഴിൽ അടക്കമുള്ള നേട്ടങ്ങൾ ഇന്നാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കണം. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് വിദേശ കമ്പനികൾ സൃഷ്‌ടിക്കുന്ന തൊഴിലവസരങ്ങൾ കേരളീയർക്കോ ഇന്ത്യക്കാർക്കു തന്നെയോ ലഭിക്കണമെന്നില്ല. ഈ വസ്‌തുത കൂടി കണക്കിലെടുത്തും പ്രാദേശിക സംരംഭങ്ങൾക്ക് മുൻഗണന നൽകിയുമുള്ള ചർച്ചകളാണ് നടക്കേണ്ടത്.
- കേരള സർക്കാറിന്റെ വ്യവസായരംഗത്തെ, പ്രത്യേകിച്ചും പൊതുമേഖലാ രംഗത്തെ ഇടപെടലുകൾ ശ്ലാഘനീയമാണ്. അതുമായി തട്ടിച്ചു നോക്കുമ്പോൾ നിർദിഷ്‌ട കിനാലൂർ പദ്ധതി അത്രയ്‌ക്ക് വലിയ പദ്ധതിയൊന്നുമല്ല. പക്ഷേ, അതുണ്ടാക്കിയ രാഷ്‌ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും അർഹിക്കുന്ന പ്രാധാന്യം നൽകി പരിഹരിച്ചില്ലെങ്കിൽ കേരള സമൂഹം ചിലപ്പോൾ വലിയ വില നൽകേണ്ടിവരും (ലഘുലേഖയിൽ നിന്ന്)
മേൽകൊടുത്ത നിർദേശങ്ങളായിരുന്നു 2010 ൽ പരിഷത്ത് മുന്നോട്ട് വച്ചിരുന്നത്.
കലാജാഥകൾ കോഴിക്കോട് ജില്ലയിലൂടെ
പരിഷത്തിനെ ജനസാമാന്യത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രമുഖമായ സ്ഥാനമാണ് കലാജാഥകൾക്കുള്ളത്. 77ലെ ശാസ്‌ത്രസാംസ്‌കാരിക ജാഥ മുതൽ ശാസ്‌ത്രഗീതങ്ങൾ രൂപപ്പെട്ടുവന്നിരുന്നെങ്കിലും 1980 മുതലാണ് ശാസ്‌ത്രകലാജാഥകൾ യാഥാർഥ്യമാകുന്നത്. 1980 ൽ മാന്നാറിൽ ചേർന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലാണ് വി കെ ശശിധരൻ കൺവീനറായ കലാസബ് കമ്മിറ്റി കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്. വിശദമായ ചർച്ചകൾക്കും മെച്ചപ്പെടുത്തലുകൾക്കും ശേഷം ആദ്യത്തെ കലാജാഥ ജനങ്ങളിലേക്ക് നേരിട്ട് സംവദിക്കാൻ തയ്യാറായി. ഒക്‌ടോബർ 2ന് തിരുവനന്തപുരത്തെ കാരക്കോണത്തുനിന്നും ആരംഭിച്ച ജാഥ 244 കേന്ദ്രങ്ങളിൽ കലാപരിപാടികളവതരിപ്പിച്ച് നവംബർ 7ന് കാസർഗോഡ് സമാപിച്ചു. ഡോക്‌ടർമാരും എഞ്ചിനീയർമാരും ജാഥാംഗങ്ങളായി പങ്കെടുത്തു. എം എസ് മോഹനൻ ക്യാപ്‌റ്റനും പി ജി പത്മനാഭൻ ജാഥാ മാനേജരും ആയിരുന്നു.
ശാസ്‌ത്രകലാജാഥയ്‌ക്ക് കോഴിക്കോട് ജില്ലയിൽ ഉജ്വല വരവേൽപ്പാണ് ലഭിച്ചത്. പുസ്‌തക പ്രചാരണത്തിലൂടെ കലാജാഥാ സ്വീകരണം ആരംഭിച്ചു. ആവേശകരമായ അനുഭവങ്ങളാണ് ജാഥ സമ്മാനിച്ചത്. പുതിയ യൂണിറ്റുകൾ, അനുഭാവികൾ, തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ നാട്ടിലെ വിവിധ സംഘടനകൾ... എല്ലാം വളർന്നുവന്നു. തുടർന്നു നടന്ന എല്ലാ കലാജാഥകളുടെയും സംഘാടനം പൊതുവെ ഗംഭീരമായി നിർവഹിക്കാനും ആയിരക്കണക്കിനാളുകളെ ജാഥയിലേക്കും പരിഷത്തിലേക്കും ആകർഷിപ്പിക്കാനും കഴിഞ്ഞു. പുസ്‌തക പ്രചാരണത്തിൽ നിരവധി തവണ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി.
1983 ലെ കലാജാഥയുടെ സംസ്ഥാന റിഹേഴ്‌സൽ മണിയൂരിൽ വെച്ചാണ് നടന്നത്. 15 ദിവസം നീണ്ടുനിന്ന ക്യാമ്പ് അവിസ്‌മരണീയമായൊരനുഭവമായി. മണിയൂർ ഗ്രാമം മുഴുവൻ ജാഥാ സംഘാടകരായി. ഭക്ഷണത്തിനുവേണ്ടി വിഭവങ്ങൾ നാട്ടുകാർ എത്തിച്ചുതന്നു. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കലാപരിപാടികളവതരിപ്പിച്ചു നേരം പുലരുവോളം നാട്ടുകാർ റിഹേഴ്‌സൽ ക്യാമ്പിൽ ഒത്താശക്കാരും കാണികളുമായി. ആഗസ്റ്റ് 24 മുതൽ സെപ്‌തംബർ 8 വരെ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നു 30 കലാകാരന്മാർ പങ്കെടുത്തു. തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് വിലയിരുത്തിക്കൊണ്ട് മണിയൂർ യൂണിറ്റിലെയും വടകര മേഖലാ കമ്മിറ്റിയിലെയും പ്രവർത്തകരെ ഏവരും പ്രശംസിച്ചു. ബി സുരേഷ് ബാബു കൺവീനറും ..................... ചെയർമാനുമായ സംഘാടക സമിതിയാണ് ക്യാമ്പിന്റെ സംഘാടകനേതൃത്വം ഏറ്റെടുത്തിരുന്നത്.
പിന്നീട് ഇത്തരത്തിലുള്ള സംസ്ഥാന ജാഥാ റിഹേഴ്‌സൽ ക്യാമ്പ് നടക്കുന്നത് വേങ്ങേരിയിൽ വെച്ചാണ്.1986 ഒക്‌ടോബർ 21 മുതൽ നവംബർ 6 വരെയായിരുന്നു വേങ്ങേരിയിലെ സംസ്ഥാന കലാജാഥാ റിഹേഴ്‌സൽ ക്യാമ്പ്. അക്കൊല്ലം സംസ്ഥാനത്താകെ മൂന്നു കലാജാഥകൾ `ശാസ്‌ത്രസാംസ്‌കാരിക ജാഥ എന്ന പേരിലാണ് പര്യടനം നടത്തിയിരുന്നത്. വേങ്ങേരി ഗ്രാമം ഒന്നായി റിഹേഴ്‌സൽ ക്യാമ്പ് നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച പ്രദേശമായിരുന്നു വേങ്ങേരി. 15 ദിവസത്തോളം എല്ലാ ജോലിയിൽ നിന്നും അവധിയെടുത്താണ് ജാഥാവിജയത്തിനായി വേങ്ങേരിക്കാർ പ്രവർത്തിച്ചത്.ശ്രീ. പത്മനാഭൻ അടിയോടി ചെയർമാനും എ പി ഗംഗാധരൻ കൺവീനറുമായ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി മിച്ചം വന്ന തുകയിൽ ആയിരം രൂപ സംസ്ഥാന കമ്മിറ്റിക്ക് നൽകി അവർ മാതൃക കാട്ടി. ബാക്കി 2089 രൂപ യൂണിറ്റ് പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. സാമ്പത്തിക ചിട്ടയടക്കം എല്ലാ ഘടകങ്ങളും വിജയം നേടിയ ക്യാമ്പായിരുന്നു അത്.
ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ
ആദ്യകാലത്തെ വാർഷികങ്ങൾ പലതും കോഴിക്കോട്ടുവച്ചായിരുന്നു നടന്നിരുന്നത്. സംഘടന വിപുലപ്പെടാൻ തുടങ്ങിയതിനുശോഷം ജില്ലയിൽ വച്ചു നടന്ന വാർഷികങ്ങൾ ഇനിപ്പറയുന്നവയാണ്.
പത്താംവാർഷികം
1971 ൽ ഡോ. കെ മാധവൻകുട്ടി പ്രസിഡണ്ടും എം പി പരമേശ്വരൻ സെക്രട്ടറിയുമായി. 73ൽ കോഴിക്കോട്ട് ടൗൺഹാളിൽ വച്ച് 10-ആം വാർഷികം നടന്നു. പത്തുവർഷത്തെ പരിഷത്തിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ് കോഴിക്കോട്ട് നടത്തിയത്. പ്രൊഫ. പി ആർ പിഷാരൊടി ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനമായിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതിവിഭവങ്ങൾ, ശാസ്‌ത്രാഭ്യസനവും ഗവേഷണവും- സർവകലാശാലകളുടെ പങ്ക്, ഹൈസ്‌കൂൾ പുസ്‌തകങ്ങൾ എന്നിവയെപ്പറ്റി സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക് ശാസ്‌ത്രനാടക മത്സരവും ഉണ്ടായിരുന്നു.
പത്താം വാർഷികത്തിന്റെ മുന്നോടിയായാണ് പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്‌ത്രപ്രചാരണ വാരം അരങ്ങേറുന്നത്. 1000 ശാസ്‌ത്ര പ്രചാരണ യോഗങ്ങളായിരുന്നു ലക്ഷ്യം. പ്രപഞ്ചവികാസം, സമൂഹവികാസം, ശാസ്‌ത്രവികാസം എന്നിങ്ങനെ മൂന്നു പാഠങ്ങളായിരുന്നു ഉള്ളടക്കം. കോഴിക്കോട് 171 യോഗങ്ങൾ നടത്തി. സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു.
1973 ൽ കോഴിക്കോട്ടെ ഡോ. സി കെ രാമചന്ദ്രനാണ് പരിഷത്തിന്റെ പ്രസിഡണ്ടായത്. സെക്രട്ടറി ആർ ഗോപാലകൃഷ്‌ണനും. 10-ആം വാർഷികത്തിൽ വച്ചാണ് കോഴിക്കോട് ഒരു സയൻസ് സെന്റർ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത്.
ഒരു ശാസ്‌ത്രപുസ്‌തകലൈബ്രറി, വായനശാല, ഇളം മനസ്സുകൾക്ക് സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന ഒരു വർക് സെന്റർ അക്വേറിയം, മറ്റു പ്രദർശന വസ്‌തുക്കൾ, വാനനിരീക്ഷണത്തിനും സിനിമാ പ്രദർശനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്‌തിരുന്നത്. കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട് കോർപ്പറേഷൻ 1974 ൽ 35 സെന്റ് സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്‌തു. ലക്ഷക്കണക്കിന് രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച് ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു പിറകിലായി സ്ഥലം വാടകയ്‌ക്കെടുത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.
ഇരുപത്തിരണ്ടാം വാർഷികം
1985 ഫെബ്രുവരിയിൽ 22-ആം വാർഷികത്തിന് കോഴിക്കോട് ജില്ല വീണ്ടും ആതിഥ്യമരുളി. 62 ൽ പരിഷത്ത് ഉദ്‌ഘാടനം ചെയ്‌ത ദേവഗിരി കോളേജിലായിരുന്നു 3 ദിവസത്തെ സമ്മേളനം. ശാസ്‌ത്രപ്രചാരണവും പത്ര പ്രവർത്തനവും തൊഴിൽരംഗത്തെ ആരോഗ്യ പ്രശ്‌നങ്ങൾ, കൈത്തറിരംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായരംഗം പ്രശ്‌നങ്ങളും സാധ്യതകളും, നഗരവത്‌കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്, കളിമൺ വ്യവസായരംഗം എന്നിങ്ങനെ ആറ് സെമിനാറുകൾ, ശാസ്‌ത്രപ്രദർശനം-`ശാസ്‌ത്രദൃശ്യ', വിദ്യാലയങ്ങളിൽ ഫിലിം പ്രദർശനം, ഭോപ്പാൽ സ്ലൈഡ് പ്രദർശനം-ക്ലാസ്സ്, ജില്ലാകലാട്രൂപ്പിന്റെ അവതരണങ്ങൾ, ശാസ്‌ത്രജാഥ, പൊതുയോഗം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശാസ്‌ത്രപ്രദർശനത്തിന്റെ പ്രധാന സംഘാടകരായ ഡോ. കെ പി അരവിന്ദൻ, ബാബു അമ്പാട്ട് തുടങ്ങിയവർ ഈ സമ്മേളനത്തോടെ പരിഷത്തിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായി. കോഴിക്കോട് മേയർ അഡ്വ. എ ശങ്കരൻ ചെയർമാനും കെ ടി രാധാകൃഷ്‌ണൻ ജനറൽ കൺവീനറുമായിരുന്നു. മുൻ മേയർ ശ്രീ. പി കുട്ടികൃഷ്‌ണൻ നായരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നേതൃത്വവും സമ്മേളനവിജയത്തിനു സഹായകമായി.
22-ആം വാർഷികത്തിന്റെ പ്രത്യേകത കോഴിക്കോട്ടെ എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സർവീസ് ട്രേഡ് യൂണിയൻ സംഘടനകളുടെയും വമ്പിച്ച സഹകരണവും സാന്നിധ്യവുമായിരുന്നു. സമ്മേളനം കഴിഞ്ഞ് മിച്ചം വന്ന 55000 രൂപ സംസ്ഥാന സമിതിയെ ഏൽപ്പിക്കാനും ജില്ലയിലെ പ്രവർത്തകർക്ക് സാധിച്ചു.
മുപ്പത്തിയെട്ടാം വാർഷികം
`ആഗോളവത്‌കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന അനുബന്ധ പരിപാടികളോടെയാണ് കോഴിക്കോട് ജില്ല 38-ആം വാർഷിക സംഘാടനം വിജയകരമായി നിർവഹിച്ചത്. പരിഷത്ത് സംഘടനയ്‌ക്ക് ഉണർവും ആവേശവും നൽകുന്ന പ്രവർത്തനങ്ങളാണ് ജില്ലയിലെമ്പാടും നടന്നത്. ജില്ലയിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും `ആഗോളവൽക്കരണത്തിനെതിരെ... ' ജനസഭകൾ നടത്തി. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, വമ്പിച്ച സ്‌ത്രീ പങ്കാളിത്തം എന്നിവ എല്ലാ ജനസഭകളിലും പ്രകടമായി. 300 സ്‌ത്രീകൾ സോപ്പുനിർമാണ പരിശീലനം നേടി. 1 ലക്ഷം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. ആയിരം വനിതകൾ പങ്കെടുത്ത വനിതാ സംഗമം, സ്‌കൂളുകൾ തോറും ഗാന സദസ്സുകൾ, വിപുലമായ സെമിനാറുകൾ, കോഴിക്കോട് ടൗൺഹാളിലും സമ്മേളനം നടന്ന മീഞ്ചന്ത ആർട് കോളേജിലും ഒരുക്കിയ വിപുലമായ വിദ്യാഭ്യാസ പ്രദർശനം. പ്രൊഫസർ യശ്‌പാൽ അടക്കം, പ്രദർശനം പുതിയ പാഠ്യപദ്ധതിയുടെയും പഠന സമീപനങ്ങളുടെയും ആവേശകരമായ ഉദാഹരണങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തക അരുണാറോയ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ `ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന കേന്ദ്ര മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അണിനിരത്താനും അതിന്റെ സംഘാടകരാക്കാനും കഴിഞ്ഞു എന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ കോഴിക്കോട് എം എൽ എ എം ദാസൻ ചെയർമാനും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് 38 ആം വാർഷികം ഉജ്വല വിജയമാക്കി മാറ്റുന്നതിന് നേതൃത്വം വഹിച്ചത്.
അമ്പതാം വാർഷികം
പരിഷത്തിന് ജന്മം നൽകിയ കോഴിക്കോടിന്റെ മണ്ണിൽ വച്ചു തന്നെയാണ് അതിന്റെ അമ്പതാം വാർഷികം നടന്നത്. 2013 മെയ് 10,11,12 തിയ്യതികളിൽ കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനം പ്രൗഡോജ്വലമായിരുന്നു.
ജില്ലയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പുകൾ
പെരുവണ്ണാമൂഴി ക്യാമ്പ്
82-83 വർഷം കോഴിക്കോട് ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്, ഉത്തരമേഖലാ കേഡർ ക്യാമ്പ്, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ് സംഘാടന ചുമതല ഏറ്റെടുത്തത്. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ് ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ് പരിപാടികളവതരിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരുന്നു.
പേരാമ്പ്ര ക്യാമ്പ്
പെരുവണ്ണാമൂഴി സംസ്ഥാന പ്രവർത്തക ക്യാമ്പിന് (1982) ശേഷം 2003 ലാണ് വീണ്ടും പ്രവർത്തക ക്യാമ്പ് കോഴിക്കോട്ടെത്തിയത്. പേരാമ്പ്ര മേഖലയാണ് ഇത്തവണ ക്യാമ്പിന് ആതിഥ്യമരുളിയത്. കോഴിക്കോട് ജില്ലയിലെ മാറാട് നടന്ന ദൗർഭാഗ്യകരമായ വർഗീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ `മാറാട് നമ്മോടു പറയുന്നത്' എന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ക്യാമ്പ് സംഘാടനം നടത്തിയത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടത്തിയ ബഹിഷ്‌കരണ പ്രഖ്യാപന ജനസഭകൾ, കുടുംബ സദസ്സുകളിലെ ശാസ്‌ത്രജ്യോതീസംഗമം, സ്വാശ്രയ വസന്തം, ബദൽ ഉൽപ്പന്ന പ്രചാരണം, കലാജാഥ, പ്രഭാഷണങ്ങൾ, അധ്യാപക പരിശീലനങ്ങൾ, ജില്ലാ മേഖലാ ബാലോത്സവങ്ങൾ, നീർത്തട ക്ലാസ്സുകൾ, ഹൈസ്‌കൂളുകളിൽ നടത്തിയ `ശാസ്‌ത്രകൗതുകം' പരിപാടി... തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. ക്യാമ്പിന്റെ ഭാഗമായി ഏറെ ജനപങ്കാളിത്തവും ശ്രദ്ധയും നേടിയ പരിപാടിയായിരുന്നു ജൂലൈ 26 ന് നടത്തിയ മതനിരപേക്ഷ ഗൃഹസംവാദങ്ങളും ഗൃഹസന്ദർശനങ്ങളും. മേഖലയിലെ 62 കേന്ദ്രങ്ങളിൽ സംവാദങ്ങൾ നടത്തി. അർധസത്യങ്ങളും നുണകളും ചേർത്തുകെട്ടി റൂമർ ബോംബുകൾ രൂപപ്പെടുന്നതെങ്ങനെയെന്നും ഇവ സൃഷ്‌ടിക്കുന്ന മതവിഭജനങ്ങളെ ആഗോളവത്‌കരണ ശക്തികൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും തിരിച്ചറിവു നൽകാനും സംവാദങ്ങൾ സഹായകരമായി.
ജില്ലാവാർഷിക സമ്മേളനങ്ങൾ
പ്രവർത്തന വർഷം | തിയ്യതി | സ്ഥലം |
---|---|---|
1980-1981 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1981-1982 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1982-1983 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1983-1984 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1984-1985 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1985-1986 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1986-1987 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1987-1988 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1988-1989 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1989-1990 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1990-1991 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1991-1982 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1981-1992 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1992-1993 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1993-1994 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1994-1995 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1995-1996 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1996-1997 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1997-1998 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1998-1999 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
1999-2000 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2000-2001 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2001-2002 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2002-2003 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2003-2004 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2004-2005 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2005-2006 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2006-2007 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2007-2008 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2008-2009 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2009-2010 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2010-2011 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2011-2012 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
2012-2013 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ജില്ലാ ഭാരവാഹികൾ വർഷങ്ങളിലൂടെ
പ്രവർത്തന വർഷം | പ്രസിഡണ്ട് | സെക്രട്ടറി | ട്രഷറർ |
---|---|---|---|
1980-1981 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1981-1982 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1982-1983 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1983-1984 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1984-1985 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1985-1986 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1986-1987 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1987-1988 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1988-1989 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1989-1990 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1990-1991 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1991-1982 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1981-1992 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1992-1993 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1993-1994 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1994-1995 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1995-1996 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1996-1997 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1997-1998 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1998-1999 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1999-2000 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2000-2001 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2001-2002 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2002-2003 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2003-2004 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2004-2005 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2005-2006 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2006-2007 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2007-2008 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2008-2009 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2009-2010 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2010-2011 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2011-2012 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
2012-2013 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ
പ്രവർത്തന വർഷം | സംസ്ഥാന പ്രസിഡണ്ട് | ജനറൽ സെക്രട്ടറി |
---|---|---|
1962-63 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
1 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |