"വേണം നമുക്കൊരു ജനകീയാരോഗ്യനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox book | name = വേണം നമുക്കൊരു ജനകീയാരോഗ്യനയം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = വേണം നമുക്കൊരു ജനകീയാരോഗ്യനയം | | name = വേണം നമുക്കൊരു ജനകീയാരോഗ്യനയം | ||
| image = [[പ്രമാണം: | | image = [[പ്രമാണം:Health.png|200px|alt=Cover]] | ||
| image_caption = | | image_caption = | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
22:31, 19 ജനുവരി 2014-നു നിലവിലുള്ള രൂപം
വേണം നമുക്കൊരു ജനകീയാരോഗ്യനയം | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | ആരോഗ്യം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ജനുവരി, 2014 |
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ് പരിഷത്ത് ആരംഭി ച്ചത്. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത് രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന് പ്രാദേശികപഠനങ്ങളിലൂടെ ജന പക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.
ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത് നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക് രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ് ഇവിടെയെല്ലാം നടന്നത്.
നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന് നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരികതകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക് പരിഷത്ത് ആരംഭം കുറിക്കുന്നത്. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന് ഉണ്ടാകുന്നതിന് നാം നിത്യേന സാക്ഷികളാവുകയാണ്. ഇവിടെയാണ് ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ് സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആമുഖം
വികസിതരാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യനിലവാരം കൈവരിച്ച സംസ്ഥാനമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ പൊതു-ശിശു-മാതൃമരണനിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ യുള്ള സർക്കാരാശുപത്രികൾ പാവപ്പെട്ടവർക്ക് ചികിത്സാലഭ്യത ഉറപ്പു വരുത്താൻ സഹായിക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് സാമൂഹിക നീതിയിലധിഷ്‌ഠിതമായി മികച്ച ആരോഗ്യനിലവാരം കൈവരിച്ച കേരള ആരോഗ്യമാതൃകയെ ലോകാരോഗ്യസംഘടനയും മറ്റും പ്രകീർത്തിച്ചുവരുന്നത്. ഉയർന്ന സാക്ഷരതയും ഭൂപരിഷ്‌കരണ നിയമങ്ങളിലൂടെ ജന്മിത്തം അവസാനിപ്പിച്ച് കാർഷികമേഖലയിലെ ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പടുത്തിയതും ആഹാരസാധന ങ്ങളുടെ കുറ്റമറ്റ പൊതുവിതരണസമ്പ്രദായവും ദുർബല ജനവിഭാഗ ങ്ങൾ അനുഭവിച്ചിരുന്ന കടുത്ത ചൂഷണത്തിന്റെ തോത്, ഉയർന്ന അവകാശബോധത്തിലൂടെയും അവകാശസമരങ്ങളിലൂടെയും കുറച്ചു കൊണ്ടുവന്നതും കേരളീയരുടെ സാമൂഹിക- സാമ്പത്തിക ഉന്നമനത്തിന് കാരണമായി. അതോടൊപ്പം സാർവത്രികവും സൗജന്യവുമായ സർക്കാർ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിൽ സംഭാവന നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ മാറ്റങ്ങൾ പരസ്‌പരം ബന്ധ പ്പെട്ടാണിരിക്കുന്നത്. ഒരു ജനതയുടെ ആരോഗ്യനിലവാരം മെച്ച പ്പെടുത്തുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുന്ന ഘടകം സ്‌ത്രീ സാക്ഷരതയാണെന്ന് ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതൊരു യാഥാർഥ്യമാണ്.
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങൾ എല്ലാംതന്നെയും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. 1888ലെ അരുവി പ്പുറം പ്രതിഷ്‌ഠയിലൂടെ കേരളത്തിലെ സാമൂഹികവിപ്ലവത്തിന്ന് തിരികൊളുത്തിയ ശ്രീനാരായണ ഗുരു (1856-1928) അനേകം ക്ഷേത്രങ്ങൾ സ്ഥാപിച്ച ശേഷം ഒരു ഘട്ടത്തിൽ ഇനി ദേവാലയങ്ങൾ ക്കല്ല വിദ്യാലയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ആഹ്വാനം ചെയ്‌തു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനങ്ങളിൽ ചർച്ചക്കായി അദ്ദേഹം നിർദ്ദേശിച്ച വിഷയങ്ങളിൽ ആദ്യത്തേത് വിദ്യാഭ്യാസമായിരുന്നു എന്നത് യാദൃച്ഛികമല്ല. മഹാത്മാ അയ്യങ്കാളിയുടെ (1863-1941) നേതൃത്വത്തിൽ കേരളത്തിലാദ്യമായി നടന്ന കർഷകത്തൊഴിലാളി സമരം പൊതുവഴിയിലൂടെ സഞ്ചരി ക്കാനോ നല്ല വസ്‌ത്രം ധരിക്കാൻ പോലുമോ അവകാശം നിഷേധി ക്കപ്പെട്ട അധ:സ്ഥിതരുടെ വിദ്യാഭ്യാസാവകാശം നേടിയെടുക്കുന്ന തിന് വേണ്ടിയുള്ളതായിരുന്നു.
കാർമലിറ്റ സഭയുടെ സ്ഥാപകനായ ചാവറ കുര്യാക്കോസ് ഏലിയാസ്സ് അച്ചൻ (1805-1871) വികാരി ജനറലായിരിക്കെ 1865ൽ ഇടവകകൾ തോറും പള്ളികളോടൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിക്കണ മെന്നും അല്ലാത്തപക്ഷം അംശമുടക്ക് കൽപ്പിക്കുമെന്നും അനുസരി ക്കാത്ത പള്ളികൾ അടച്ചിടുമെന്നും അറിയിച്ചുകൊണ്ട് തന്റെ കീഴിലുള്ള പള്ളികൾക്ക് സന്ദേശം അയച്ചത് അത്ഭുതത്തോടുകൂടി മാത്രമേ നമുക്കിന്ന് അനുസ്‌മരിക്കാൻ കഴിയൂ. സയദ് സലാഹുള്ള മക്തിതങ്ങൾ (1847-1912), വക്കം അബ്ദുൽഖാദർ മൗലവി (1873-1932) തുടങ്ങിയ ഉൽപതിഷ്‌ണുക്കളുടെ നേതൃത്വത്തിൽ മുസ്ലീം സമുദായ ത്തിലുള്ളവർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള ശ്രമങ്ങളും ഇതേ കാലഘട്ടത്തിൽ നടന്നിരുന്നു.
1957ലെ സർക്കാരിന്റെ സംഭാവനകൾ
വിദ്യാഭ്യാസം
കേരളപ്പിറവിക്ക് ശേഷം അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭൂപരിഷ്‌ക്കരണ ത്തോടൊപ്പം വിദ്യാഭ്യാസപരിഷ്‌കാരങ്ങൾക്കും മുൻഗണന നൽകി. സാർവ്വത്രികവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനോടൊപ്പം അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷി ക്കുന്നതിനായുള്ള നിയമനിർമാണവും നടത്തുകയുണ്ടായി. കേരള ത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അധ്യാപകർ വഹിച്ച പങ്ക് അംഗീകരിച്ച് കൊണ്ടാണ് സ്‌കൂൾ മാനേജർമാരും അധ്യാപകരും തമ്മിൽ നിലവിലുണ്ടായിരുന്ന യജമാന-ഭൃത്യബന്ധം അവസാനി പ്പിക്കാൻ നിയമനിർമാണത്തിലൂടെ അന്നത്തെ സർക്കാർ ശ്രമിച്ചത്. ഇതെല്ലാം കേരളീയരുടെ വിദ്യാഭ്യാസനിലവാരത്തോടൊപ്പം ആരോഗ്യവും മെച്ചപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കി.
ഭൂപരിഷ്‌കരണം
ലോകാരോഗ്യസംഘടന 1978ൽ സോവിയറ്റ് യൂണിയനിലെ അൽമാ അറ്റായിൽ വച്ച് അംഗീകരിച്ച എല്ലാവർക്കും ആരോഗ്യം രണ്ടായി രാമാണ്ടോടെ എന്ന രേഖയിൽ ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തികഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായ സമീപനമാണ് സ്വീകരിച്ചത്. വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മുന്നുപാധിയായി കാർഷിക മേഖലയിൽ സമഗ്രമായ മാറ്റം വരുത്തേണ്ടതാണെന്ന് അൽമ അറ്റാ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നുണ്ട്. 1957ലെ സർക്കാർ ആവിഷ്‌കരിച്ച ഭൂപരിഷ്‌കരണനിയമത്തിലൂടെ കാർഷികമേഖലയിലെ ഫ്യൂഡൽ ബന്ധങ്ങൾ അവസാനിപ്പിച്ച് കൃഷിഭൂമി കൃഷിക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞത് ആരോഗ്യമേഖലയിലും അനുകൂലമായ പ്രതിഫലനങ്ങൾക്ക് കാരണമായി. ഇതോടെ ഗ്രാമീണദാരിദ്ര്യം ഒരു പരിധിവരെ ഇല്ലായ്‌മ ചെയ്യുന്നതിന് സാധിച്ചു.
പൊതുവിതരണ സമ്പ്രദായം
പിൽക്കാലത്ത് ഇന്ത്യയൊട്ടാകെ നടപ്പിലാക്കാൻ കഴിഞ്ഞ ആഹാര സാധനങ്ങളുടെ പൊതുവിതരണസമ്പ്രദായം ഫലപ്രദമായി നടപ്പി ലാക്കിയതും 57ലെ സർക്കാരാണ്. എല്ലാ ജനവിഭാഗങ്ങൾക്കും മിനിമം ആഹാരം സൗജന്യനിരക്കിൽ ലഭ്യമാക്കാൻ ഇതുവഴി കഴിഞ്ഞു. ആഹാരലഭ്യത ഉറപ്പായതോടെ സാംക്രമികരോഗബാധ പ്രതിരോധി ക്കുന്നതിനും പോഷകാഹാരക്കുറവിന്റെ ഫലമായുണ്ടാവുന്ന ശാരീരിക വൈകല്യങ്ങളിൽ നിന്ന് വിമുക്തിനേടുന്നതിനും ദരിദ്രഗ്രാമീണ ജന വിഭാഗങ്ങൾക്ക് കഴിഞ്ഞു.
ചൂഷണത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം
പുരോഗമനപ്രസ്ഥാനങ്ങൾ ഉയർത്തിയ തൊഴിലവകാശങ്ങൾക്കും ജീവിതസുരക്ഷക്കും വേണ്ടിയുള്ള ആവശ്യങ്ങൾക്ക് നിയമനിർമാണ ത്തിലൂടെ പരിരക്ഷ നൽകിയതും 57ലെ സർക്കാരായിരുന്നു. ദുർബല ജനവിഭാഗങ്ങളിലും തൊഴിലാളികളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുത്ത അവകാശബോധം ചൂഷണത്തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയെന്നും ആരോഗ്യമേഖല യിൽ ഇത് ഗുണകരമായ മാറ്റത്തിനിടയാക്കിയെന്നും പല വിദഗ്‌ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ മാറ്റങ്ങളുടെയും നിയമനിർമാണങ്ങ ളുടെയുമെല്ലാം ഫലമായി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമായി കൊടുംദാരിദ്ര്യത്തിൽ നിന്നും കടുത്ത പട്ടിണിയിൽ നിന്നും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സ്വതന്ത്ര രാവുകയും ആരോഗ്യമുള്ള സമൂഹമായി മാറുകയും ചെയ്‌തു.
സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ തുടർച്ചയായി വന്ന പുരോഗമന രാഷ്‌ട്രീയപ്രസ്ഥാനങ്ങളും കേരളത്തിൽ വരുത്തിയ അടിസ്ഥാന സാമൂഹികമാറ്റങ്ങളോടൊപ്പം, തിരുവിതാംകൂറിൽ പ്രത്യേകിച്ചും നാട്ടുരാജാക്കന്മാരും ക്രിസ്‌ത്യൻ മിഷണറിമാരും സഭകളും സ്ഥാപിച്ച ചികിത്സാകേന്ദ്രങ്ങളും കേരളീയരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് അധികാരത്തിൽ വന്ന ജനകീയ സർക്കാരുകൾ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സംസ്ഥാന ബഡ്‌ജറ്റിൽ വലിയൊരു തുക മാറ്റി വച്ചതും ആരോഗ്യമേഖലയുടെ വളർച്ചയ്‌ക്ക് സഹായിച്ചു.
കേരള ആരോഗ്യമേഖല പ്രതിസന്ധികളിലേക്ക്
കഴിഞ്ഞ എതാനും വർഷക്കാലമായി കേരളം ആരോഗ്യമേഖല യിൽ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടുവരികയാണ്. അവയിൽ പ്രധാനം ഇവയൊക്കെയാണ് :
- പകർച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയ പകർച്ചവ്യാധികളുടെ ആവിർഭാവവും
- ജീവിതശൈലീരോഗങ്ങളുടെ അമിതമായ വർധന
- വൃദ്ധരും സ്‌ത്രീകളും നേരിടുന്ന സവിശേഷ ആരോഗ്യാവശ്യങ്ങൾ
- സർക്കാരാശുപത്രികളുടെ പരിമിതികൾ
- അമിതമായ സ്വകാര്യവൽക്കരണം
- ഉയർന്ന ചികിത്സാച്ചെലവ്
- സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കടന്നുവരവ്
- ആരോഗ്യരംഗത്തെ മാനുഷികവിഭവശേഷിയുടെ നിലവാരത്തകർച്ച
- ആരോഗ്യഗവേഷണത്തിന്റെ അഭാവം
1980കളോടെ ആരോഗ്യമേഖലയിൽ കേരളം പ്രതിസന്ധികളെ നേരിട്ടുതുടങ്ങിയിരുന്നു. പൂർണ്ണമായും നിർമാർജ്ജനം ചെയ്‌തുവെന്ന് കരുതിയിരുന്ന മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ തിരിച്ചുവന്നുതുടങ്ങിയതോടെയാണ് കേരള ആരോഗ്യ മാതൃകയിൽ വിള്ളലുകളുണ്ടെന്ന സംശയം ഉയർന്നുവന്നത്. അധികം വൈകാതെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മസ്‌തിഷ്‌കജ്വരം, H1N1 തുടങ്ങിയ പുത്തൻ പകർച്ചവ്യാധികൾ കേരളത്തിൽ പ്രത്യക്ഷ പ്പെടുകയും വർഷം തോറും അനേകമാളുകളുടെ ജീവനപഹരി ക്കുകയും ചെയ്‌തുതുടങ്ങി. അതിനിടെ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും കേരളത്തിൽ വർധിച്ചുവന്നു. ആയുർദൈർഘ്യം വർധിക്കുമ്പോൾ സ്വാഭാവികമായും ഇത്തരം രോഗങ്ങൾ കൂടുതലായി കണ്ടുവരാൻ സാധ്യതയുണ്ടെന്ന വ്യാഖ്യാന ത്തിലാണ് പലരും അഭയം തേടിയത്. എന്നാൽ പ്രതീക്ഷിച്ചതിലും എത്രയോ കൂടുതലായാണ് പ്രമേഹം പോലുള്ള രോഗങ്ങൾക്ക് കേരളീയർ അടിമപ്പെട്ടുവരുന്നതെന്ന യാഥാർത്ഥ്യം ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. 1990കളുടെ ആരംഭത്തോടെ പകർച്ചവ്യാധി കളുടെയും ജീവിതശൈലീരോഗങ്ങളുടെയും സാന്നിധ്യമുള്ള ഇരട്ടരോഗഭാരം പേറുന്ന ജനസമൂഹമായി കേരളം മാറിയിരിക്കയാണ്. കുറഞ്ഞ മരണനിരക്കും കൂടിയ രോഗാതുരതയുമുള്ള സമൂഹമാണ് ഇപ്പോൾ കേരളം.
ഇതിനെല്ലാം പുറമേ മറ്റ് നിരവധി സവിശേഷങ്ങളായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കേരളീയർ വിധേയരായി തുടങ്ങി. ഇന്ത്യയിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളീയരുടെ ആത്മഹത്യാനിരക്ക്. നിരവധി സാമൂഹിക-സാമ്പത്തിക-സാംസ്‌കാരികപ്രതിസന്ധിക ളാണ് വ്യക്തികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. അതോടൊപ്പം മലയാളികളുടെ ദുർബലമായ മാനസികാരോഗ്യവും ആത്മഹത്യക്ക് കാരണമാവുന്നുണ്ട്. അതായത് രോഗാതുരമായ ശരീരത്തിന്റെ മാത്ര മല്ല, മനസ്സിന്റെയും ഉടമകളാണ് മലയാളികൾ എന്നാണിത് സൂചി പ്പിക്കുന്നത്. ചുരുക്കത്തിൽ, ദൈവത്തിന്റെ സ്വന്തം നാട് രോഗികളു ടെയും സ്വന്തം നാടായി മാറിക്കഴിഞ്ഞുവെന്ന് അതിശയോക്തി കൂടാതെത്തന്നെ പറയാൻ കഴിയും.
വാഹനാപകടത്തെ തുടർന്ന് ശരാശരി പത്തുപേരാണ് ദിനംപ്രതി കേരളത്തിൽ മരണമടയുന്നത്. എഴുപതാളുകൾക്കെങ്കിലും ഗുരുതര മായ പരിക്ക് പറ്റുകയും ചെയ്യുന്നു. വാഹനാപകടങ്ങൾ 2005ൽ 41647 ആയിരുന്നത് വർഷംതോറും കുറഞ്ഞ് കഴിഞ്ഞ വർഷം 36216ൽ എത്തിയിട്ടുണ്ട്. പരിക്കുപറ്റുന്നവരുടെ എണ്ണവും 51124ൽ നിന്നും (2005) 41379 ആയി (2011) കുറഞ്ഞിട്ടുണ്ട്. എന്നാൽ അപകടമരണങ്ങൾ ഇതേകാലയളവിൽ 3203ൽ നിന്നും 4145 ആയി വർധിക്കയാണു ണ്ടായത്. ഗുരുതരമായി പരിക്ക് പറ്റുന്നവർക്ക് ഉടൻ തന്നെ അടി യന്തിരചികിത്സ നൽകേണ്ടതുണ്ട്. പരിക്കുപറ്റിക്കഴിഞ്ഞാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലാണ് മരണസാധ്യത കൂടുതൽ. അതുകൊണ്ട് ഈ സമയത്തെ സുവർണ്ണമണിക്കൂർ (Golden Hour) എന്ന് വിശേഷി പ്പിക്കാറുണ്ട്. അപകടങ്ങൾ കുറഞ്ഞിട്ടും അപകടമരണങ്ങൾ വർധി ക്കുന്നതിൽ നിന്നും സുവർണ്ണമണിക്കൂറിലെ ഉചിതമായ ചികിത്സ നൽകുന്നതിൽ പരാജയം സംഭവിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
മാലിന്യനിർമ്മാർജ്ജനം, പരിസരശുചിത്വം, കൊതുക് നശീകരണം, ശുദ്ധജലവിതരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ശ്രമിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാതെ പോയതാണ് പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിനുള്ള അടിസ്ഥാനകാരണം. വിജയ കരമായ ഏതാനും ചില സംരംഭങ്ങൾ ഒഴിച്ചാൽ മാലിന്യനിർമാർജ്ജനം ഫലവത്തായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ നിര വധി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശുചിത്വപരിപാലനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിർമ്മൽ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ വിളപ്പിൽശാല, കോട്ടയത്തെ വട വാതൂർ, തൃശൂരിലെ ലാലൂർ തുടങ്ങിയ വൻ മാലിന്യനിർമ്മാർജ്ജന പദ്ധതികളൊന്നുപോലും പല കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതെ വഴിമുട്ടി നിൽക്കയാണ്. വ്യക്തിശുചിത്വത്തിൽ പേരുകേട്ട കേരളീയരുടെ സാമൂഹികശുചിത്വബോധം നഷ്ടപ്പെട്ടതും മാലിന്യ വസ്‌തുക്കൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെങ്ങും കുന്നുകൂടുന്നതിനു കാരണമാവുന്നുണ്ട്. സമ്പന്നർപോലും വീട്ടിലെ മാലിന്യങ്ങൾ യാതൊരു മടിയുമില്ലാതെ റോഡിലെറിയുന്നതിലേക്ക് കേരളീയരുടെ സാമൂഹികബോധവും പൗരബോധവും അധ:പതി ച്ചിരിക്കയാണ്. സ്വാഭാവികമായും മലിനവസ്‌തുക്കൾ കേരളമൊട്ടാകെ കുന്നുകൂടുകയും കൊതുകുകൾ പെരുകുകയും കുടിവെള്ളം മലി നീകരിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നതുമൂലം പകർച്ച വ്യാധികൾ ആവർത്തിച്ച് വ്യാപിക്കയും വിലപ്പെട്ട ജീവനപഹരി ക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളീയരുടെ ആഹാര രീതിയിൽ വന്ന മാറ്റങ്ങളും മാനസികസംഘർഷം സൃഷ്ടിക്കുന്ന മത്സരാധിഷ്‌ഠിത ജീവിതരീതികളും വ്യായാമമില്ലാത്ത ജീവിത ശൈലിയും ചേർന്നാണ് ജീവിതശൈലീരോഗങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.
അമിത മദ്യപാനാസക്തി
ഇന്ത്യയിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നവർ കേരളീയരായി മാറിക്കഴിഞ്ഞിരിക്കയാണ്. പ്രായമായവർ മാത്രമല്ല യുവാക്കൾ ക്കിടയിലും, എന്തിന് സ്‌ത്രീകളിൽ പോലും മദ്യപാനാസക്തി വർധിച്ചു വരികയാണ്. ഇന്ത്യൻ ജനസംഖ്യയുടെ മൂന്നുശതമാനം മാത്രമുള്ള കേരളീയരാണ് ഇന്ത്യയിൽ മൊത്തം വിൽക്കുന്ന മദ്യത്തിന്റെ 16 ശത മാനത്തോളം ഉപഭോഗം നടത്തുന്നത്. അരിവാങ്ങാൻ വർഷംതോറും 3500 കോടി രൂപ മുടക്കുന്ന മലയാളികൾ മദ്യത്തിനായി ചെലവിടു ന്നത് 10,000 കോടിരൂപയാണ്. അമിതമദ്യപാനം അക്രമം, അപകടം, ആത്മഹത്യ, കടക്കെണി, സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ എന്നിവ വർധിപ്പിച്ച സാമൂഹികഅരാജകത്വത്തിന് വഴിവയ്‌ക്കുന്നു. മാത്ര മല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുകയും ചെയ്യുന്നു. ഫാറ്റിലിവർ, നോൺ ആൽക്കഹോളിക്ക് സ്റ്റിയാറ്റോ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരളിനെ ബാധിക്കുന്ന രോഗങ്ങൾ മല യാളികളിൽ കൂടുതലായി കാണപ്പെടുന്നതുകൊണ്ട് മറ്റേതൊരു സമൂഹത്തെക്കാളും കേരളീയരിൽ കരൾ തകരാറ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് മദ്യപാനം കാരണമാവുന്നു. മദ്യാസക്തി ക്കെതിരെ കുടുംബ, സാമൂഹിക ജാഗ്രതക്കൊപ്പം സർക്കാരിന്റെ സജീവശ്രദ്ധയും അത്യാവശ്യമായിരിക്കുന്നു. പൊതുവിദ്യാഭ്യാസ ത്തിൽ മദ്യപാനാസക്തി സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചുള്ള പാഠ ഭാഗങ്ങൾ ഉൾക്കൊള്ളിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രമിക്കേണ്ടതാണ്.
പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യപ്രശ്‌നങ്ങൾ
ശരാശരി കേരളസമൂഹം അനുഭവിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് കടുത്ത ആരോഗ്യപ്രതിസന്ധികളാണ്‌പ്രാന്തവൽക്കരിക്ക പ്പെട്ട ആദിവാസികൾ തുടങ്ങിയ ജനസമൂഹങ്ങൾ നേരിട്ടുവരുന്നത്. അടുത്തകാലത്ത് അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പട്ടി ണിയും പോഷണക്കുറവും മൂലം നിരവധി നവജാതശിശുക്കൾ മരണ മടഞ്ഞു. ആദിവാസിമേഖലകളിൽ സിക്കിൾസെൽ അനീമിയയും കാണുന്നുണ്ട്. ഇതേ സ്ഥിതി തുടർന്നാൽ പല ആദിവാസിവിഭാഗ ങ്ങളുടെയും വംശനാശം സംഭവിക്കാനിടയുണ്ടെന്ന ആശങ്ക പരന്നി ട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ, പരമ്പരാഗതതൊഴിൽമേഖലയെ ആശ്ര യിച്ച് ഇപ്പോഴും ജീവിക്കുന്നവർ തുടങ്ങി മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നുണ്ട്.
പ്രായാധിക്യമുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങൾ
സമീപഭാവിയിൽ കേരളം നേരിടുന്ന പ്രധാനവെല്ലുവിളി പ്രായാധി ക്യമുള്ളവരുടെ, പ്രത്യേകിച്ച് സ്‌ത്രീകളുടെ, ആരോഗ്യപ്രശ്‌നങ്ങ ളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർധി ക്കയും ചെയ്‌തതോടെ കേരളസമൂഹത്തിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. അടുത്ത കാൽനൂറ്റാണ്ട് അവസാനി ക്കുമ്പോഴേക്കും കേരളജനതയിൽ മൂന്നിലൊന്നും അറുപതുവയസ്സ് കഴിഞ്ഞവരായിരിക്കും. സ്‌ത്രീകളുടെ ആയുർദൈർഘ്യം പുരുഷ ന്മാരെക്കാൾ കൂടുതലായതുകൊണ്ടും വിവാഹപ്രായത്തിലുള്ള വ്യത്യാസം മൂലവും ഇവരിൽ കൂടുതലും വിധവകളുമായിരിക്കും. പ്രായമാവുമ്പോൾ സ്‌ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേ ക്കാൾ മോശമാവാനാണ് സാധ്യത. വാർധക്യകാലരോഗങ്ങളുടെ ചികിത്സാച്ചെലവ് വളരെ കൂടുതലായിരിക്കും. പ്രാഥമികാരോഗ്യ സേവനം, ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ സാമൂഹികാരോഗ്യ ഇടപെടലുകളിലൂടെ രോഗപ്രതിരോധവും പ്രാരംഭഘട്ടചികിത്സയും ഉറപ്പാക്കിയാൽ ചികിത്സാച്ചെലവ് കുറക്കാനും ഗുരുതരമായ രോഗാവസ്ഥ തടയാനുമാവും. ചികിത്സക്ക് മാത്രം ഊന്നൽ നൽകുന്ന സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽകോളേജുകളും സ്ഥാപിക്കുന്നതരത്തിലുള്ള ഇപ്പോഴത്തെ വികസനരീതി പിന്തുട ർന്നാൽ വൃദ്ധജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പണം കണ്ടെത്താൻ സർക്കാരും പൊതുസമൂഹവും ബുദ്ധിമുട്ടേണ്ടി വരും. വലിയ സാമൂഹികപ്രതിസന്ധികളിലേക്ക് കേരളം നീങ്ങും.
അമിത സ്വകാര്യവൽക്കരണവും സൂപ്പർസ്‌പെഷ്യാലിറ്റി സംസ്‌കാരവും
കേരളീയരുടെ വർധിച്ചുവരുന്ന രോഗാതുരത നേരിടുന്നതിനായി വൻകിട ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള കേവലം ചികിത്സയിൽ മാത്രമൂന്നിയ പൊതുജനാരോഗ്യ സംവിധാനമാണ് നാം വളർത്തി യെടുത്തത്. മെഡിക്കൽ കോളേജുകളടക്കമുള്ള സർക്കാർ ആശു പത്രികൾ രോഗികളുടെ എണ്ണത്തിലും സ്വഭാവത്തിലുമുണ്ടായ മാറ്റമനുസരിച്ച് വിപുലീകരിക്കാത്തതുമൂലം മുരടിച്ചുനിന്നു. ഈ ശൂന്യത മുതലെടുത്ത് കേരളമെമ്പാടും ലാഭേച്ഛയോടെ പ്രവർത്തി ക്കുന്ന വൻകിട സ്വകാര്യആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. യാതൊരു സാമൂഹികനിയന്ത്രണവുമില്ലാതെ പണം കൈയിലുള്ള ആർക്കും മുതൽമുടക്കാവുന്ന മേഖലയായി ആതുരസേവനരംഗം മാറി. ഒരു കാലത്ത് സർക്കാർ ആശുപത്രികൾ മേധാവിത്തം വഹിച്ചിരുന്ന ആരോഗ്യമേഖലയിൽ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ ആശുപത്രികൾ ആധിപത്യം സ്ഥാപിച്ചു. ആരോഗ്യം ജന്മാവകാശ മെന്ന നിലയിൽ നിന്നും കമ്പോളത്തിൽ വിലകൊടുത്തു വാങ്ങേണ്ട മറ്റൊരു ഉൽപന്നമായും ആതുരസേവനം ചികിത്സാവ്യവസായമായും പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമേഖലയിൽ തന്നെ സർക്കാർ ആശുപത്രികൾക്കൊപ്പം സാധാരണക്കാർക്ക് ആശ്വാസം പകർന്നി രുന്ന ചെറുകിട ഇടത്തരം സ്വകാര്യആശുപത്രികൾ പലതും വൻ ശമ്പളത്തിന് ഡോക്ടർമാരെ നിയമിക്കാനും ചെലവേറിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും കഴിയാതെ വന്നതുകൊണ്ട് അടച്ചുപൂട്ടൽ ഭീഷണിയെ നേരിടാൻ തുടങ്ങി. രോഗപ്രതിരോധവും ആരോഗ്യ വിദ്യാഭ്യാസവും പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സംസ്‌കാരമാണ് ഇപ്പോൾ കേരളത്തിലെ ആരോഗ്യ മേഖലയിൽ ശക്തിപ്രാപിച്ചുവരുന്നത്.
സ്വാശ്രയ മെഡിക്കൽസ്ഥാപനങ്ങൾ
അടിസ്ഥാനസൗകര്യങ്ങളും വേണ്ടത്ര അധ്യാപകരും, എന്തിന് മെഡിക്കൽ പഠനത്തിനാവശ്യമായ തോതിൽ രോഗികൾ പോലു മില്ലാത്ത സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ കേരളത്തിൽ ദിനം പ്രതി വർധിച്ച് വരികയാണ്. രോഗികളുടെ ശരീരപരിശോധന നടത്തിയും അവരുമായി ആശയവിനിമയം നടത്തിയും വൈദ്യ ശാസ്‌ത്രനൈപുണ്യങ്ങളും വിജ്ഞാനവും ആർജ്ജിക്കാത്ത ഡോക്ടർ മാരുടെ പുതിയൊരു തലമുറ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി യിരിക്കയാണ്.
കൂണുപോലെ മുളച്ചു വന്നിട്ടുള്ള അസംഖ്യം സ്വാശ്രയ സ്ഥാപനങ്ങൾ വഴി ആയിരക്കണക്കിന് ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നോളജിസ്റ്റുകളും വർഷംതോറും തൊഴിൽസേനയിൽ ചേരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മുടെ ആരോഗ്യസംവിധാനത്തിന് ഇത്ര പേരെ ഉൾക്കോള്ളാൻ കഴിവുണ്ടോ എന്ന ഒരു ശാസ്‌ത്രീയ അന്വേഷണവും ഇതു വരെ നടന്നിട്ടില്ല. കുറഞ്ഞ വേതനത്തിന് പണിയെടുക്കാൻ നിർബന്ധിതരാകുന്നത് നഴ്‌സ്‌മാരുടെയും മറ്റും മേഖലയിൽ അമിതോൽപാദനം നടക്കുന്നു എന്നതിന്റെ സൂചന യാണ്. പി.ജി പ്രവേശനപരീക്ഷയും എഴുതി സ്ഥിരംജോലിയിൽ പ്രവേശിക്കാതെ വർഷങ്ങളോളം തള്ളി നീക്കുന്ന ഡോക്ടർമാരും പറയുന്ന കഥ മറ്റൊന്നല്ല. ഈ പ്രശ്‌നം വരും വർഷങ്ങളിൽ കൂടുതൽ ഗുരുതരമാകാനാണ് സാദ്ധ്യത. സ്വാശ്രയസ്ഥാപനങ്ങളുടെ വരവോടെ ഈ രംഗത്തെ മാനുഷികവിഭവശേഷിയുടെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞു എന്നത് കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഒരു വശത്ത് മെറിറ്റിനെ അവഗണിച്ചുകൊണ്ടുള്ള അഡ്‌മിഷൻ; പിന്നെ പഠിപ്പി ക്കാൻ അദ്ധ്യാപകരും പരിശോധിക്കാൻ രോഗികളും ഇല്ലെന്ന അവ സ്ഥ. ശരിയായ രീതിയിൽ പരീക്ഷകൾ നടത്തിയാൽ ഒട്ടു മുക്കാൽ പേരും പാസ്സാകില്ലെന്നതാണ് സത്യം. ഈ മുറിവൈദ്യന്മാരായി രിക്കുമോ നാളത്തെ ആരോഗ്യസംവിധാനത്തിന്റെ പ്രധാന കണ്ണികൾ എന്നത് ആശങ്ക ഉയർത്തുന്നു. സർക്കാരും ആരോഗ്യസർവകലാ ശാലയും രോഗികളും അദ്ധ്യാപകരും ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തിരനട പടികൾ എടുക്കുകയും ചെയ്‌തില്ലെങ്കിൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ ഭാവി ഇരുളടഞ്ഞതായിരിക്കും.
സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കടന്നുവരവ് ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണ അധാർമ്മികപ്രവണതകൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ലക്ഷക്കണക്കിന് രൂപ നൽകി എംബിബിഎസും കോടിക്കണക്കിന് രൂപ നൽകി പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടുന്ന ഡോക്ടർമാർ വൈദ്യശാസ്‌ത്ര നൈതികത പിന്തുടരാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. വ്യക്തി കളെന്ന നിലയിൽ ഇവരിൽ പലരും ധാർമ്മികബോധമുള്ളവ രാണെങ്കിൽ പോലും കുടുബാംഗങ്ങളും ബന്ധുക്കളും മുടക്കുമുതൽ തിരിച്ചുപിടിക്കാൻ അവരിൽ സമ്മർദ്ദം ചെലുത്തുമെന്ന് തീർച്ചയാണ്.
കിക്ക് ബാക്ക് സംസ്‌കാരം
രോഗികൾക്കാശ്വാസം പകർന്നുകൊണ്ട് രോഗനിർണ്ണയത്തിലും രോഗചികിത്സയിലും വലിയ കുതിച്ചുചാട്ടത്തിനു കാരണമായ നവീന സാങ്കേതികവിദ്യകൾ 90കളോടെ എല്ലാ മെഡിക്കൽ സ്‌പെഷ്യാലിറ്റി കളിലും കേരളത്തിലേക്ക് കടന്നു വന്നു. സിടി സ്‌കാൻ, എംആർഐ സ്‌കാൻ, അൾട്രാസൌണ്ട് സ്‌കാനർ, ഡിജിറ്റൽ ആൻജിയോഗ്രാഫി തുടങ്ങിയ സാങ്കേതികവിദ്യകൾ കൃത്യമായ രോഗനിർണ്ണയത്തിനും ശസ്‌ത്രക്രിയയുടെയും മറ്റും ഭാഗമായുണ്ടാവുന്ന മരണനിരക്കും അംഗ വൈകല്യവും കുറച്ചുകൊണ്ടുവരുന്നതിന്നും കാരണമായി. എന്നാൽ ഇതേ സാങ്കേതികവിദ്യകളൂടെ വരവോടെയാണ് കിക്ക് ബാക്ക് സംസ്‌കാരം എന്ന് വിളിക്കാവുന്ന പുതിയ ഒരുതരം അധാർമ്മിക പ്രവണതക്ക് ഡോക്ടർമാർ വിധേയരായിത്തുടങ്ങിയത്. സ്‌കാനി ങ്ങിനും മറ്റ് പരിശോധനകൾക്കും രോഗികളെ അയക്കുന്ന ഡോക്ടർ മാർക്ക് അവരാവശ്യപ്പെടുന്ന തുക കമ്മീഷനായി നൽകുന്ന രീതി യാണ് കിക്ക് ബാക്ക് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൊള്ള. ഡോക്ടർമാർ പിന്തുടർന്നുവരുന്ന നോക്കുകൂലിയാണ് കിക്ക് ബാക്ക് എന്ന് പറയാവുന്നതാണ്. കാരണം രോഗികളുടെ ശരീരപരിശോധന പോലും നടത്താതെ സ്‌കാനും മറ്റും അനാവശ്യമായി നിർദ്ദേശിക്കുന്ന ഡോക്ടർമാരുണ്ടെന്നതാണ് വസ്‌തുത. മരുന്നുകമ്പനികളുമായു ള്ളതിനേക്കാൾ ശക്തമായ അവിഹിത സാമ്പത്തികബന്ധമാണ് ഇന്നി പ്പോൾ ഡോക്ടർമാരിൽ പലർക്കും സ്‌കാനിംഗ് സെന്ററുകളും മെഡി ക്കൽ ലാബറട്ടറികളുമായുള്ളത്.
അത്യധികം അധാർമ്മികമായ കിക്ക് ബാക്ക് സംസ്‌കാരം സ്വകാര്യ ആശുപത്രികളിൽ ജോലിനോക്കുന്ന ഡോക്ടർമാരുടെ സേവനവേതന കാര്യത്തിലേക്കും അധികം വൈകാതെ വ്യാപിച്ചു. കനത്ത ശമ്പള ത്തിനുപുറമേ രക്തപരിശോധനമുതൽ രോഗികൾ വിധേയരാക്ക പ്പെടുന്ന എല്ലാത്തരത്തിലുള്ള പരിശോധനകൾക്കും തങ്ങൾക്കും പങ്കു നൽകണമെന്നും ചികിത്സക്കും ശസ്‌ത്രക്രിയക്കും വിധേയ രാക്കപ്പെടുന്ന രോഗികളുടെ എണ്ണം കണക്കാക്കി ഇൻസെന്റീവ് നൽ കണമെന്നും ഡോക്ടർമാരിൽ പലരും ആവശ്യപ്പെട്ടു തുടങ്ങി. ഡോക്ടർ മാർ ആവശ്യപ്പെടുന്ന ഇത്തരം ശമ്പളവും യാതൊരു നീതീകരണ വുമില്ലാത്ത ആനുകൂല്യങ്ങളും നൽകാൻ കഴിയാത്തതുകൊണ്ട് കൂടിയാണ് സാമൂഹികസേവനം നടത്തിവരുന്ന പല ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികളും അടച്ചുപൂട്ടൽ ഭീഷണിയെ നേരിട്ടുവരുന്നത്. വൻകിട സ്വകാര്യ ആശുപത്രികൾ ഡോക്ടർമാർക്ക് നൽകേണ്ടിവരുന്ന അതിഭീമമായ പ്രതിഫലത്തെ ചികിത്സാച്ചെലവ് വർധിപ്പിച്ചാണ് നേരിടുന്നത്. ഡോക്ടർമാരുടെ ധനമോഹത്തിന്റെ അന്തിമഇരകൾ സ്വാഭാവികമായും നിരാലംബരായ രോഗികളായി മാറുന്നു. അതേസമയം നഴ്‌സുമാർക്കും മറ്റ് ആശുപത്രി ജീവന ക്കാർക്കും തുച്ഛമായ ശമ്പളമാണ് സ്വകാര്യആശുപത്രികൾ നൽകി വരുന്നതെന്നുമോർക്കണം. വിവിധ തസ്‌തികളിലുള്ളവരിൽ ഒരു സ്ഥാപനത്തിനുള്ളിൽ തന്നെ വേതനത്തിന്റെ കാര്യത്തിൽ ഇത്ര ത്തോളം അന്തരവും അസമത്വവുമുള്ള മറ്റൊരു മേഖലയും കാണാനാ വില്ല. ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുള്ളതു പോലെ ഡോക്ടർമാർക്ക് മാക്‌സിമം വേതനവും നിശ്ചയിക്കേണ്ടതാണ്.
അമേരിക്കൻ മാതൃകയിലേക്കോ?
ആരോഗ്യമേഖലയുടെ അതിരുകടന്ന സ്വകാര്യവൽക്കരണത്തി ന്റെയും വാണിജ്യവൽക്കരണത്തിന്റെയും ഫലമായി കേരളത്തിൽ ആരോഗ്യച്ചെലവ് കുതിച്ചുയർന്നുകൊണ്ടിരിക്കയാണ്. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനമനുസരിച്ച് പ്രതിവർഷ പ്രതി ശീർഷ ആരോഗ്യച്ചെലവ് 1987ൽ 88 രൂപയായിരുന്നത് 2004ൽ 1710 ആയും 2011ൽ 5629 ആയും വർധിച്ചിരിക്കയാണ്. ദുർബല ജനവിഭാഗ ത്തിൽ പെട്ടവരെ പരമദരിദ്രരാക്കുന്നതിനും ഇടത്തരക്കാരെ ദാരിദ്ര്യ രേഖക്ക് താഴെക്ക് തള്ളിയിടുന്നതിനുമുള്ള കാരണങ്ങളിൽ പ്രധാനം വർധിച്ചുവരുന്ന ചികിത്സാച്ചെലവാണെന്ന് പല പഠനങ്ങളും സൂചി പ്പിക്കുന്നുണ്ട്. വിശിഷ്‌ടചികിത്സാസൗകര്യങ്ങൾ ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ തന്നെ ദരിദ്രർക്ക് ആതുരസേവനം ഉറപ്പു വരുത്താൻ കഴിയാത്ത അമേരിക്കൻ മാതൃകയായി കേരള ആരോഗ്യ മാതൃക മാറാനുള്ള സാധ്യതയാണ് കാണാൻ കഴിയുന്നത്.
ഔഷധമേഖല
ആരോഗ്യച്ചെലവിന്റെ വലിയൊരു പങ്ക് ഔഷധങ്ങൾക്ക് വേണ്ടി യാണ് ചെലവാക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളി ലേക്ക് വർഷംതോറും ഏതാണ്ട് 300 കോടി രൂപയുടെ മരുന്നുക ളാണ് വേണ്ടിവരുന്നത്. ഇത് ദിനംപ്രതി വർധിച്ച് വരികയുമാണ്, ഏതാണ്ട് എഴുപത് ശതമാനത്തോളം ജനങ്ങളും സ്വകാര്യമേഖ ലയെ ആശ്രയിക്കേണ്ടിവരുന്നുണ്ടെന്ന വസ്‌തുത പരിഗണിക്കുമ്പോൾ 4000-5000 കോടിരൂപക്കുള്ള മരുന്നുകൾ കേരളത്തിൽ വിപണനം ചെയ്യപ്പെടുന്നതായി കണക്കാക്കേണ്ടിവരും. അതായത്, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം മാത്രം വരുന്ന കേരള ജനത രാജ്യത്ത് വിറ്റ് വരുന്ന മരുന്നിന്റെ 10 ശതമാനത്തോളം ഉപ യോഗിക്കുന്നുവെന്നാണിത് കാണിക്കുന്നത്. പരിഷത്തിന്റെ പഠന ത്തിൽ മൊത്തം ആരോഗ്യച്ചെലവിന്റെ 35 ശതമാനവും മരുന്നി നായിട്ടാണ് ചെലവിടേണ്ടിവരുന്നതെന്ന് കാണുന്നു. പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മരുന്നു കൾക്ക് വേണ്ടിവരുന്ന ചെലവ് ഇനിയും കൂടാനാണ് സാധ്യത. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങ ളേക്കാൾ ഔഷധമേഖലയിലുണ്ടാകുന്ന വിലവർധനവ് പോലുള്ള പ്രശ്‌നങ്ങൾ കേരളീയരെയായിരിക്കും കൂടുതലായി ബാധിക്കുക. സർക്കാരിന്റെ ആരോഗ്യബഡ്‌ജറ്റിന്റെ 10 ശതമാനത്തോളം മരുന്നു വാങ്ങുന്നതിനായിട്ടാണ് ചെലവാക്കപ്പെടുന്നത്. ഔഷധവിലവർധന കുടുംബ ബഡ്‌ജറ്റുകളെ മാത്രമല്ല, ഇപ്പോൾ തന്നെ വർധിച്ചുവരുന്ന ആരോഗ്യാവശ്യങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സംസ്ഥാനസർക്കാരിന്റെ ആരോഗ്യബഡ്‌ജറ്റിനെയും തകരാറിലാക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
1974ൽ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (കെ.എസ്.ഡി.പി) ആലപ്പുഴയിൽ സ്ഥാപിച്ചതോടെ പൊതുമേഖല യിൽ ഔഷധ ഉൽപാദനം കേരളത്തിൽ ആരംഭിച്ചു. കേരളത്തിലെ സർക്കാരാശുപത്രികളിലേക്കുള്ള അവശ്യമരുന്നുകൾ സ്വകാര്യ കമ്പനികളെ ആശ്രയിക്കാതെ ലഭ്യമാക്കുന്നതിനുള്ള സ്വാഗതാർഹമായ ഇടപെടലായിരുന്നു കെ.എസ്.ഡി.പി പ്രവർത്തനം ആരംഭിച്ചതോടെ നടന്നത്. എന്നാൽ പ്രതീക്ഷിച്ചപോലെ കെ.എസ്.ഡി.പിയുടെ ഉൽ പാദനം വർധിപ്പിക്കുന്നതിനോ ഉൽപാദനരീതികൾ കാലോചിതമായി ആധുനികവൽക്കരിക്കുന്നതിനോ കഴിയാതെ പോയി. തുടർന്ന് എതാണ്ട് അടച്ചുപൂട്ടൽഭീഷണിയെ നേരിട്ടുവന്നിരുന്ന കെ.എസ്.ഡി. പിയെ സർക്കാർ ആവശ്യമായ സാമ്പത്തികസഹായം നൽകി പുനരുദ്ധരിക്കയും 40 കോടി രൂപക്കുള്ള അൻപതോളം മരുന്നുകൾ സർക്കാർ ആശുപത്രികൾക്ക് നൽകാൻ പ്രാപ്‌തമാക്കയും ചെയ്‌തു.
പൈ കമ്മറ്റി ശുപാർശകൾ
കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തു ന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഡോ.കെ.എൻ. പൈ ചെയർമാനായി രൂപീകരിച്ച കമ്മറ്റി ഔഷധമേഖലയുമായി ബന്ധപ്പെട്ട നിരവധി വിലപ്പെട്ട ശുപാർശകൾ മുന്നോട്ടുവച്ചിരുന്നു. സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ നല്ലൊരു ശതമാനം അനാവശ്യങ്ങളും ആരോഗ്യത്തിനു ഹാനികരങ്ങളു മാണെന്ന് കമ്മറ്റി വിലയിരുത്തി. ചെലവുകുറഞ്ഞ ഫലവത്തായ മരുന്നുകൾ ലഭ്യമായിരിക്കേ വിലയേറിയ മരുന്നുകൾ അമിതമായി നിർദ്ദേശിക്കപ്പെടുന്നുണ്ടെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളുടെ അടിസ്ഥാനത്തിൽ അവശ്യമരുന്നുകളുടെ പട്ടികതയ്യാറാക്കി അവയുടെ ലഭ്യത സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കേണ്ടതാണെന്ന ഹാത്തികമ്മറ്റിയുടെ ശുപാർശ പൈകമ്മറ്റി സ്വാഗതം ചെയ്‌തു. ഇന്ത്യൻ ജനതക്കാവശ്യമായ 117 അവശ്യമരുന്നുകളുടെ ഒരു പൊതു പട്ടികയാണ് ഹാത്തികമ്മറ്റി തയ്യാറാക്കിയത്. പൈകമ്മറ്റിയാവട്ടെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് ആശുപത്രികളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ പോലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രികൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ച് ഓരോ തലത്തിലും ആവശ്യമായ മരുന്നുകൾ എന്തൊക്കെയെന്ന് പട്ടികപ്പെടുത്തി. ഇന്ത്യയിലാദ്യമായിട്ടാണ് ഇങ്ങനെ വിവിധ ആശുപത്രികളുടെ വിവിധ തട്ടുകളിലേക്കാവശ്യമായ മരുന്നുകളുടെ പട്ടിക (Graded Essential Drug List) തയ്യാറാക്കപ്പെട്ടത്. കെ.എസ്.ഡി.പി വികസിപ്പിച്ച് സർക്കാർ ആശുപത്രികൾക്കാവശ്യമായ മുഴുവൻ മരുന്നുകളും നൽകാൻ കഴിവുള്ള അടുക്കളയാക്കി മാറ്റണമെന്നും മരുന്നുകൾക്ക് പുറമേ ലാബറട്ടറികൾക്കാവശ്യമായ രാസവസ്‌തുക്കൾ കൂടി നിർമ്മിക്കാൻ കെ.എസ്.ഡി.പിയെ പ്രാപ്‌തമാക്കണമെന്നും ആയിരുന്നു പൈകമ്മറ്റിയുടെ പ്രധാന ശുപാർശകൾ. ഔഷധങ്ങളുടെ ഗുണനിലവാര പരിശോധനാസംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഡോക്ടർമാർക്ക് ഔഷധങ്ങളെ സംബന്ധിച്ച് നിഷ്‌പക്ഷവും ശാസ്‌ത്രീ യവുമായ വിവരങ്ങൾ നൽകാൻ ഔഷധ ഫോർമുലറി പ്രസിദ്ധീ കരിക്കുക തുടങ്ങിയ മറ്റ് നിരവധി വിലപ്പെട്ട നിർദ്ദേശങ്ങളും പൈ കമ്മറ്റി മുന്നോട്ടുവച്ചിരുന്നു.
പൈകമ്മറ്റിയുടെ ശുപാർശകൾ അനുസരിച്ച് 96-2001 ലെയും 2006-11 ലെയും സർക്കാരുകൾ കെ.എസ്.ഡി.പിയെ ശക്തിപ്പെടുത്തു കയും ഔഷധഫോർമുലറി പ്രസിദ്ധീകരിക്കയും ഔഷധലഭ്യത വർധിപ്പിക്കുന്നതിനുള്ള നിരവധി നടപടികൾ സ്വീകരിക്കയും ചെയ്‌തു. എന്നാൽ പൈകമ്മറ്റിയുടെ ശുപാർശകൾ പൂർണ്ണമായും നടപ്പാക്ക പ്പെട്ടില്ല. അതിനിടെ പകർച്ചവ്യാധികൾ തിരിച്ചുവരികയും ജീവിത ശൈലീരോഗങ്ങളുടെയും പ്രായാധിക്യമുള്ളവരുടെയും എണ്ണം വർധിക്കയും ചെയ്‌തതോടെ കേരളീയരുടെ ഔഷധാവശ്യങ്ങൾ വർധിച്ചുവന്നു. കേന്ദ്രസർക്കാരിന്റെ ഔഷധനയത്തിന്റെ ഫലമായി ഔഷധവില കുതിച്ചുയർന്നു. അതോടെ സാമൂഹികനീതിയിലും തുല്യതയിലും അധിഷ്‌ഠിതമായ കേരള ആരോഗ്യമാതൃക പ്രതി സന്ധിയിലേക്ക് നീങ്ങാൻ തുടങ്ങി. ദുർബലജനവിഭാഗങ്ങൾക്ക് അടിയന്തിരചികിത്സ പോലും അപ്രാപ്യമാകുന്ന സ്ഥിതിയിലേക്ക് കേരളം നീങ്ങിത്തുടങ്ങി.
സംസ്ഥാന സർക്കാരിന്റെ പരിമിതി
സർക്കാർ ആശുപത്രികളിലെ ഔഷധക്ഷാമം പരിഹരിക്കുന്ന തിനും മരുന്നുകൾ ന്യായവിലക്ക് ലഭ്യമാക്കി ജനങ്ങൾക്ക് താൽ ക്കാലികാശ്വാസം നൽകുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പരിപാടികളുടെ പ്രാധാന്യവും പ്രസക്തിയും അംഗീ കരിക്കുമ്പോൾ തന്നെ സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യ ത്തിലുള്ള പരിമിതിയും മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഔഷധ വില നിശ്ചയിക്കുന്നതിനും മറ്റുമുള്ള അവകാശം കേന്ദ്രസർക്കാരി ലാണ് നിക്ഷിപ്‌തമായിട്ടുള്ളത്. മാത്രമല്ല വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും പേറ്റന്റ് നയം രൂപീകരിക്കുന്നതിലും മറ്റും കേന്ദ്രസർ ക്കാർ പിന്തുടർന്നുവരുന്ന സാമ്പത്തികനയങ്ങൾ ഔഷധമേഖല യിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇവയെ മറികടക്കാൻ സംസ്ഥാനസർക്കാർ സ്വീകരിക്കുന്ന പദ്ധതികൾ കൊണ്ട് മാത്രം സാധ്യമല്ല. കേന്ദ്രസർക്കാരിന്റെ ഔഷധനയം ബഹുരാഷ്ട്രമരുന്നുകമ്പനികൾക്ക് അനുകൂലമായി തുടരുന്നിട ത്തോളംകാലം ജീവൻരക്ഷാമരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സ്വീകരിക്കുന്ന പദ്ധതികളൊന്നും ദീർഘകാലാടിസ്ഥാനത്തിൽ വിജയിക്കാൻ പോവുന്നില്ല. കേന്ദ്രസർക്കാരിന്റെ നവലിബറൽ സാമ്പത്തികനയം മാറ്റിയെടുക്കുന്നതിനായി കൂടുതൽ ജനവിഭാഗ ങ്ങളെ അണിനിരത്തിക്കൊണ്ടുള്ള രാഷ്‌ട്രീയസമരങ്ങളുടെ പ്രാധാന്യ ത്തിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.
കേരളം ഇനിയെന്ത് ? ശുചിത്വകേരളം
മാലിന്യവിമുക്തകേരളംപരിപാടി വിജയിക്കാതെ പോയതിനുള്ള വസ്‌തുനിഷ്‌ഠകാരണങ്ങൾ കണ്ടെത്തി, കുറവുകൾ പരിഹരിച്ച് ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടും ജനപങ്കാളിത്തത്തോടും കൂടി ബൃഹത്തായ ഒരുപുതിയ `ശുചിത്വകേരളം സുന്ദരകേരളം' പരിപാടി നടപ്പി ലാക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിന്റെ മാതൃക ഇക്കാര്യത്തിൽ പിന്തുടരാവുന്നതാണ്. മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വച്ച് തന്നെ സംസ്‌കരിക്കുന്നതിനുള്ള ബോധവൽക്കരണവും സമുചിത സാങ്കേതികവിദ്യകളുടെ വ്യാപനവുമാണ് വിഭാവനം ചെയ്യേണ്ടത്. വികേന്ദ്രീകരിച്ച് മാലിന്യസംസ്‌കരണം നടത്തിയാൽ വൻകിട മാലിന്യനിർമാർജനപദ്ധതികൾ ഒഴിവാക്കാനുമാവും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ എൻഎസ്‌എസ്, റെഡ്‌ക്രോസ് എന്നിവ യുടെ പ്രവർത്തനങ്ങളിലൂടെ വീട്ടിലും നാട്ടിലും ശുചിത്വപരിപാടി കൾ നടപ്പിലാക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്. ശുചിത്വ ബോധം മലയാളികളുടെ സാമൂഹികബോധത്തിന്റെ ഭാഗമാക്കാനും ശുചിത്വ സംസ്‌കാരം നാട്ടിലെങ്ങും വ്യാപിപ്പിക്കാനും നമുക്ക് കഴിയണം. ഇതിൽ കുറഞ്ഞ ഒന്നുകൊണ്ടും മാലിന്യ വിമുക്തമായ ശുചിത്വസുന്ദര കേരളം നമുക്ക് കെട്ടിപ്പടുക്കാനാവില്ല.
അധികാരവികേന്ദ്രീകരണവും ആരോഗ്യമേഖലയും
1996ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയിലും ഗുണകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാആശുപത്രികൾ വരെ തദ്ദേശസ്വയംഭരണസ്ഥാപന ങ്ങളുടെ ചുമതലയിലാവുകയും പ്രാദേശികാസൂത്രണത്തിന് പദ്ധതി വിഹിതം ലഭിക്കയും ചെയ്‌തതോടെ താഴെത്തട്ടിലുള്ള ആശുപത്രി കളുടെ പ്രവർത്തനം മെച്ചപ്പെട്ടുതുടങ്ങി. കുടിവെള്ളത്തിന്റെയും കക്കൂസുകളുടെയും ലഭ്യത വൻതോതിൽ വർധിച്ചത് പകർച്ച വ്യാധികളെ നിയന്ത്രിച്ചുനിർത്തുന്നതിന് സഹായകരമായി. ജന കീയാസൂത്രണം നടപ്പിലാക്കിത്തുടങ്ങിയ ആദ്യവർഷങ്ങളിൽ തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണ ത്തിൽ ഗണ്യമായ വർധനയുണ്ടായി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ഗ്രാമീണാരോഗ്യമിഷൻഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തിവരു ന്നുണ്ട്. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ആരോഗ്യപദ്ധതികളാണ് പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നടപ്പിലാക്കിവരുന്നത്. രോഗികളുടെയും ചികിത്സകരുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്‌മയായി കേരളത്തിൽ വളർന്നുവന്നിട്ടുള്ള സാന്ത്വനപരിചരണപ്രസ്ഥാനം ആരോഗ്യമേഖലയുടെ അമാനവീകരണത്തിനും വാണിജ്യ വൽക്കരണത്തിനും എതിരായ പ്രസ്ഥാനമെന്ന പ്രസക്തികൂടി കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാന്ത്വനപരിചരണം നൽകുന്നതിനുള്ള സംസ്ഥാന നയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപീകരിച്ചിട്ടുണ്ട്. നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സാന്ത്വനപരിചരണത്തിൽ മികച്ച പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജനപ്രതിനിധികളും ഡോക്ടർമാരും ആശുപത്രിജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കയും ചെയ്‌താൽ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ പുതിയൊരു കേരള ആരോഗ്യ മാതൃക നമുക്ക് സൃഷ്ടിച്ചെടുക്കാനാവും.
ജനകീയാരോഗ്യനയം
കേരളത്തിന് മദ്യനയം മുതൽ ജലനയം വരെയുണ്ടെങ്കിലും ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന പ്രതിസന്ധികൾ കണക്കി ലെടുത്തുകൊണ്ടുള്ള ആരോഗ്യനയം രൂപീകരിക്കാൻ നമുക്കിതു വരെ കഴിഞ്ഞിട്ടില്ല. പർച്ചവ്യാധി വ്യാപനം, ജീവിതശൈലീരോഗ വർധന, വർധിച്ചുവരുന്ന ആരോഗ്യച്ചെലവ്, പ്രായാധിക്യമുള്ളവർ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടി രിക്കുന്ന വർധന, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുട ങ്ങിയ പ്രാന്തവൽക്കരിക്കപെട്ട ജനസമൂഹങ്ങളുടെ ആരോഗ്യാവശ്യ ങ്ങൾ, സ്‌ത്രീകളുടെ സവിശേഷമായ ആരോഗ്യപ്രശ്‌നങ്ങൾ ഇവ യെല്ലാം പരിഗണിച്ചുകൊണ്ട് ചികിത്സയോടൊപ്പം, രോഗപ്രതിരോധ ത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നൽകി ക്കൊണ്ടുള്ള സമുചിതമായ ഒരു ജനകീയാരോഗ്യനയം കരുപ്പിടി പ്പിക്കേണ്ടതാണ്.
ആരോഗ്യമേഖലയിൽ പൊതുമേഖലയുടെ പങ്ക് വർദ്ധിപ്പിക്കുക വഴി മാത്രമേ നമുക്ക് കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധി കളെ അതിജീവിക്കാനാവൂ. ഇതിലേക്കായി സാധാരണജനങ്ങളുടെ ഏക ആശ്രയമായ സർക്കാർആശുപത്രികളുടെയും സർക്കാർ മെഡിക്കൽ കോളേജുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ വർധി പ്പിച്ച് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യാനുസരണം കൂടുതൽ ആശുപത്രികൾ സ്ഥാപിക്കുന്ന തിനുമാണ് ആരോഗ്യനയത്തിൽ ഊന്നൽ നൽകേണ്ടത്. സർക്കാർ ആശുപത്രികൾ മെച്ചപ്പെടുന്നതോടൊപ്പം വൻകിട സ്വകാര്യ ആശുപത്രികൾ സാമൂഹികനിയന്ത്രണത്തിൽ കൊണ്ടുവരികയും വേണം. രാജ്യത്തെ ആശുപത്രികളും ലാബറട്ടറികളും നിയന്ത്രി ക്കുന്ന തിനും രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന കേന്ദ്രസർക്കാർ അംഗീകരിച്ച നിയമം (The Clinical Establishments - Registration and Regulation - Bill) ഉചിതമായ ഭേദഗതി കളോടെ കേരളത്തിലും നടപ്പിലാക്കേണ്ടതാണ്.
മലബാർ പ്രദേശത്ത് 1939 മുതലും തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് 1955 മുതലും നടപ്പിലാക്കിയ കാലഹരണപ്പെട്ട പബ്ലിക്ക് ഹെൽത്ത് ആക്ടുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. അതോടൊപ്പം പിൽക്കാലത്ത് രൂപീകരിച്ച നഗരപാലികനിയമം, പഞ്ചായത്ത്‌രാജ് നിയമം, പരിസ്ഥിതിസംരക്ഷണ-മലിനീകരണനിയ ന്ത്രണനിയമങ്ങൾ ഇവയും പ്രാബല്യത്തിലുണ്ട്. എന്നാൽ തികച്ചും വ്യത്യസ്‌തങ്ങളായ നടപടിക്രമങ്ങളാണ് ഇവയിൽ ഉൾപ്പെടുത്തി യിട്ടുള്ളത്. മാത്രമല്ല, നിലവിലുള്ള നിയമങ്ങൾ തന്നെ നടപ്പിലാക്കേണ്ട വകുപ്പുകളെ സംബന്ധിച്ചും തീരെ വ്യക്തതയില്ലതാനും. കേരളം നേരിടുന്ന സമകാലീന പൊതുജനാരോഗ്യവെല്ലുവിളികളും പ്രതി സന്ധികളും പരിഗണിച്ച് വിവിധ നിയമങ്ങളിലെ വ്യവസ്ഥകൾ ഏകോപിപ്പിച്ചുകൊണ്ട് സമഗ്രവും കേരളസംസ്ഥാനത്തിനു മുഴുവൻ ബാധകവുമായ ഒരു പൊതുജനാരോഗ്യ നിയമത്തിന് രൂപം നൽ കേണ്ടതാണ്.
സംസ്ഥാന സർക്കാർ ഉചിതമായ ആരോഗ്യനയം കരുപ്പിടിപ്പി ക്കുന്നതിനോടൊപ്പം കേന്ദ്ര സർക്കാർ ആരോഗ്യമേഖലക്കുള്ള വിഹിതം വർധിപ്പിക്കയും വേണം. ആരോഗ്യച്ചെലവ് ദേശീയ വരുമാനത്തിന്റെ ഇപ്പോഴുള്ള 1.1 ശതമാനത്തിൽ നിന്നും പന്ത്രണ്ടാം പദ്ധതികാലത്ത് 2.5 ശതമാനമായും പതിമൂന്നാം പദ്ധതികാലത്ത് 3 ശതമാനമായും വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനി ച്ചിട്ടുള്ളത്. ഇത് തികച്ചും അപര്യാപ്‌തമാണെന്ന് പറയാതെ വയ്യ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപാർട്ടികളുമായു ണ്ടാക്കിയ ദേശീയ പൊതുമിനിമം പരിപാടിയിൽ തന്നെ ആരോഗ്യ ച്ചെലവ് 2 ശതമാനമായി വർധിപ്പിക്കുമെന്ന് പറഞ്ഞിരുന്നതാണ്. ഈ വാഗ്‌ദാനം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ് ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ ഇതിലേക്കായി നീക്കിവച്ച വിഹിതം കണക്കാക്കിയാൽ പോലും ആരോഗ്യച്ചെലവ് 0.9 ശതമാന ത്തിൽ നിന്നും 1.1 ശതമാനമായി മാത്രമാണ് വർധിച്ചിട്ടുള്ളതെന്ന് കാണാൻ കഴിയും. ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ളതു പോലെ ആരോഗ്യച്ചെലവ് ദേശീയവരുമാനത്തിന്റെ 5 ശതമാനമായി പന്ത്രണ്ടാം പദ്ധതിക്കാലത്തുതന്നെ വർധിപ്പിക്കാൻ കേന്ദ്രസർ ക്കാർ ശ്രമിക്കേണ്ടതാണ്. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഇൻ ഷ്വറൻസ് സബ്‌സിഡികളും മറ്റും പൊതുമേഖലയുടെ വികസന ത്തിനായി ഉപയോഗിക്കയും വേണം.
ജനകീയസമരങ്ങൾ വഴിയും ഇടപെടലുകൾ വഴിയും നേടിയെടു ത്തതാണ് ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ആശുപത്രി മുതലാളിമാരുടെയും സ്വാശ്രയ കച്ചവടക്കാരുടെയും സ്വകാര്യസംരംഭകരുടെയും നിർബന്ധങ്ങ ൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി ഭരണാധികാരികൾ നിരന്തരം വിട്ടുവീഴ്‌ചകൾ ചെയ്‌ത് കൊണ്ടിരിക്കയാണെന്ന് കാണാൻ കഴിയും. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനും പുതിയൊരു ജനകീയാരോഗ്യ മാതൃക സൃഷ്‌ടിക്കുന്നതിനും വേണ്ടിയുള്ള പ്രതിരോധപ്രവർ ത്തനങ്ങൾ മറ്റൊരു കേരളത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗ മാക്കേണ്ടതുണ്ട്.