1 2 3 ആണവക്കരാർ നേരും നുണയും
ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി? | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വികസനം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ആഗസ്റ്റ്, 2008 |
1 2 3 ആണവക്കരാർനേരും നുണയും
2008 ജൂലായ് 22. ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ദിനമായി അത് രേഖപ്പെടുത്തപ്പെടും. ഇന്ത്യൻ സമൂഹത്തെ അന്ധകാരത്തിൽ ആഴ്‌ത്തിയേക്കാവുന്ന 123 ആണവക്കരാറിൽ ഒപ്പുവെക്കാൻ സിങ്ങ് പരിവാരത്തിന് അന്ന് അനുമതി ലഭിച്ചു. പാർലമെന്റിൽ പ്രധാനമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയം പാസ്സായി. അത് പാസ്സാക്കിയെടുക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ചമയ്‌ക്കുന്നതിനുവേണ്ടി നടന്ന കുതിരക്കച്ചവടങ്ങൾ ഏതൊരു ജനാധിപത്യ വിശ്വാസിയെയും നാണിപ്പിക്കുന്നതാണ്. അന്നേ ദിവസം പാർലമെന്റിനകത്ത് നടന്ന ?നാടകം? ജനാധിപത്യ സങ്കൽപത്തിനോടുള്ള വെല്ലുവിളി ആയിരുന്നു. 123 ആണവക്കരാർ ഒരു മലയുടെ മേലറ്റം മാത്രമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി ഇന്ത്യ പിന്തുടർന്നു പോരുന്ന സ്വതന്ത്രവിദേശനയത്തിനോടു എന്നെന്നേക്കുമായി വിടപറയുക കൂടിയാണ് ഈ കരാറിലൂടെ മൻമോഹൻ സിങ്ങും കൂട്ടുകാരും ചെയ്യുന്നത്. മാത്രമല്ല, സമഭാവനയെന്ന സങ്കൽപത്തോടും അവർ വിടപറയുകയാണ്. ?ഈ രാജ്യം പണക്കാർക്കുള്ളതാണ്, ദരിദ്രർക്ക് ജീവിക്കാൻ അവകാശമില്ല? എന്ന് തുറന്ന് പ്രഖ്യാപിക്കുകയാണ് വാസ്‌തവത്തിൽ അവർ ചെയ്യുന്നത്.
ദരിദ്രർക്ക് നൽകിയിരുന്ന സംരക്ഷണങ്ങൾ ഓരോന്നായി പിൻവലിച്ചുകൊണ്ടും ധനികർക്ക് കൂടുതൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിക്കൊണ്ടും, ധനിക-ദരിദ്ര വിടവ് തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികക്രമം നിലവിൽ വന്നിട്ട് ഒന്നര വ്യാഴവട്ടത്തിലധികമായി. ആ നയത്തിന്റെ തുടർച്ചയും പാരമ്യവുമാണ് 123 കരാറിലൂടെ വളർന്നുവരാൻ പോകുന്ന ആണവക്കച്ചവടം. ഇനി എന്തുചെയ്യേണ്ടു എന്നറിയാതെ അമേരിക്ക സേഫ് കസ്റ്റഡിയിൽ വെച്ചിട്ടുള്ള പുഷ്‌ടിപ്പെടുത്തിയ യുറേനിയത്തെയും പ്ലൂട്ടോണിയത്തെയും കനത്ത വിലയ്‌ക്ക് ഇന്ത്യയ്‌ക്ക് വിൽക്കാൻ ആയി ഉണ്ടാക്കിയിട്ടുള്ളതാണ് ഈ കരാർ. ഒപ്പം ലോകത്തെ പരിമിതമായ എണ്ണശേഖരത്തിന്മേലുള്ള ഇന്ത്യയുടെ സമ്മർദം കുറയ്‌ക്കുന്നതിനുവേണ്ടിയും.
ഇത് മൂർത്തമായ ഒരു ആരോപണം തന്നെയാണ്. വാക്കുകളിലൂടെ അതിനെ നിഷേധിച്ചിട്ടുകാര്യമില്ല. പ്രവൃത്തിയിലൂടെ നിഷേധിക്കാൻ തയ്യാറാകുമോ? അമേരിക്കയിൽനിന്ന് റിയാക്‌ടറുകളും പുഷ്‌ടിപ്പെടുത്തിയ ഇന്ധനവും വാങ്ങില്ല എന്ന് ഉറപ്പുനൽകുമോ? പ്രാകൃതിക യുറേനിയം മറ്റു പല രാജ്യങ്ങളിൽ നിന്നും - ക്യാനഡ, ആസ്‌ത്രേലിയ. . . - ഇറക്കുമതി ചെയ്യാൻ പറ്റുന്നതാണ്. പക്ഷേ, അതിന്റെയും ആവശ്യമുണ്ടോ? സമത്വം, ദാരിദ്ര്യനിർമാർജനം, പുരോഗതി മുതലായ സുന്ദരപദങ്ങളാണ് മൻമോഹൻസിങ്ങും കൂട്ടുകാരും ഉപയോഗിക്കുന്നത്. ആ വാക്കുകളിൽ ഭ്രമിച്ചും അവരുടെ അസത്യപ്രസ്‌താവനകളിൽ വിശ്വസിച്ചും സ്വയം കാര്യങ്ങൾ പഠിക്കാൻ മടിച്ചും സർവജ്ഞരെപ്പോലെ ഭാവിച്ചും ഫലത്തിൽ സ്വന്തം വീടിന്റെ അസ്‌തിവാരം തോണ്ടുന്ന ഇന്ത്യൻ മധ്യവർഗത്തിന് തിരിച്ചറിവിൻെറതായ ചെറിയൊരു ആഘാതം ഏൽപിക്കാനുള്ള ഒരു ശ്രമമാണ് ഈ ചെറുപുസ്‌തകം.
ഇന്ത്യ നേരിടുന്ന ഊർജ പ്രതിസന്ധിയുടെ സ്വഭാവം എന്താണ്?
ഇന്ത്യ ഊർജത്തിന്റെ കാര്യത്തിൽ ഇന്ന് അനുഭവിക്കുന്നത് ഒരു പ്രതിസന്ധിയല്ല. പ്രതിസന്ധിയെന്നാൽ വിപ്ലവകരമായ, കടുത്ത നടപടികൾ ആവശ്യപ്പെടുന്ന ഒരു സന്ദർഭമാണ്. ഇന്ന് അത്തരത്തിലുള്ള പ്രതിസന്ധിയൊന്നുമില്ല. ഇന്ത്യൻ ഊർജവ്യവസായത്തിന്റെ നട്ടെല്ല് കൽക്കരി കത്തിക്കുന്ന താപനിലയങ്ങളാണ്. ഇന്ത്യയിൽ കൽക്കരി വേണ്ടുവോളമുണ്ട്. അവ ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യ നമുക്കറിയാം. കൽക്കരിനിലയങ്ങളുടെ നിർമാണത്തിലും നടത്തിപ്പിലും ഏതൊരു ബഹുരാഷ്‌ട്രക്കമ്പനിയോടും കിടപിടിക്കാൻ കഴിവുള്ളതാണ് NTPC - നാഷണൽ തെർമൽ പവർ കോർപറേഷൻ. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കാൻ കഴിവുള്ളവയാണ് BHEL, KELTRON, ECIL. . . . മുതലായ പൊതുമേഖലാ സ്ഥാപനങ്ങൾ. കൂടുതൽ കൽക്കരി ഖനനം ചെയ്യുക, കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കുക, കൂടുതൽ നിലയങ്ങൾ നിർമിക്കുക ഇതിനായി കൂടുതൽ പണം നീക്കിവെക്കുക. ഇതെല്ലാം ഇവിടെ ചെയ്യാവുന്ന കാര്യങ്ങളാണ്. ഇവിടത്തെ തൊഴിൽ ലഭ്യത വർധിപ്പിക്കുന്ന പ്രവൃത്തികളാണ്. ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യാൻ ചെലവാക്കുന്ന പണത്തിന്റെ പകുതിപോലും വേണ്ടിവരില്ല ഇതിന്.
പ്ലാനിങ്ങ് കമ്മീഷൻ നിയോഗിച്ച ഒരു സമിതി, ഒരു സമഗ്ര ഊർജനയരേഖ (IEP) ഉണ്ടാക്കിയിട്ടുണ്ട്. 2006 ആഗസ്റ്റിലാണ് അത് പ്രസിദ്ധീകരിച്ചത്. സാമ്പത്തികമേഖല 8% നിരക്കിലും 9% നിരക്കിലും വികസിക്കുകയാണെങ്കിൽ 2003 മുതൽ 2031 വരെയുള്ള ഊർജാവശ്യവർധനയുടെ ഒരു പട്ടിക അതിൽ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്.
കൊല്ലം പീക് ഡിമാന്റ് 1000 മെഗാവാട്ട് അവശ്യംവേണ്ട സ്ഥാപിതശേഷി1000 മെഗാവാട്ട് വികാസനിരക്ക് 8% 9% 8% 9% 2003-2004 89 89 131 131 2006-2007 107 109 153 155 2011-2012 158 168 220 233 2021-2022 323 372 425 488 2031-2032 552 733 778 960
2006-2007 കാലത്തെ പീക് ഡിമാന്റ് ഏതാണ്ട് 1,10,000 മെഗാവാട്ട് ആയിരുന്നു. എന്നാൽ അന്നത്തെ പ്രതിഷ്‌ഠാപിതശേഷി 1,53,000 മെഗാവാട്ട് ഉണ്ടായിരുന്നില്ല, 1,40,000 മെഗാവാട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു. 13,000 മെഗാവാട്ടിന്റെ കുറവ്. പണത്തിന്റെ അഭാവം കൊണ്ടു മാത്രമാണ് ഈ കുറവ് വന്നത്. ഗോൾഡൻ ക്വാഡ്രിലാറ്ററൽ റോഡിനും മറ്റു പലതിനുമായി എടുക്കുന്ന കടത്തിന്റെ ഒരു അംശം മതിയായിരുന്നു ഈ കുറവ് നികത്താൻ. ജലവൈദ്യുതിയുടെ പരിമിതികൾ - മേന്മകൾ ഏറെ ഉണ്ടെങ്കിലും - കാണാതിരുന്നാൽ ഉണ്ടാകാവുന്ന അപകടമാണ് ഇന്നത്തെ കമ്മി (പ്രതിസന്ധി!). പ്രത്യേകിച്ചും കേരളത്തിൽ ഇക്കൊല്ലം അനുഭവപ്പെടുന്ന കടുത്ത പ്രതിസന്ധി. 1975ൽ തന്നെ വൈദ്യുതിബോർഡിനും ഗവൺമെന്റിനും മുന്നറിയിപ്പു നൽകിയിരുന്നതാണ്, ജലവൈദ്യുതിയെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു വൈദ്യുതിവ്യൂഹം അസ്ഥിരമായിരിക്കും എന്ന്. 1982 ആകുമ്പോഴേക്കും കേരളം വൈദ്യുതിക്കമ്മി നേരിടുമെന്ന് അന്നേ അറിയാമായിരുന്നു. സ്വന്തമായി, കൽക്കരി കത്തിക്കുന്ന താപനിലയങ്ങൾ നിർമിക്കാൻ കൂട്ടാക്കാഞ്ഞതാണ് കേരളം ഇന്നനുഭവിക്കുന്ന ദൗർലഭ്യത്തിന് ഒരു കാരണം. അതിരിക്കട്ടെ. വരുന്ന അഞ്ചുകൊല്ലത്തിനുള്ളിൽ എന്തൊക്കെ സർക്കസ്സ് കാണിച്ചാലും ആണവശേഷിയിൽ 3000 മെഗാവാട്ടിൽ കൂടുതൽ വർധനവുണ്ടാക്കാൻ പറ്റില്ല. നിക്ഷേപിക്കാൻ എത്ര പണമുണ്ടായിട്ടും കാര്യമില്ല. എന്നാൽ പണമുണ്ടെങ്കിൽ താപനിലയശേഷിയിൽ 10,000-15,000 മെഗാവാട്ട് എക്‌സ്‌ട്രാ വർധന ഉണ്ടാക്കാം. പവനനിലയത്തിൽ 10,000 മെഗാവാട്ട് വർധനവുണ്ടാക്കാം. പരിസ്ഥിതി പ്രശ്‌നങ്ങളില്ലാത്ത ചെറുകിട വൈദ്യുതിനിലയങ്ങളിലൂടെ 10,000 മെഗാവാട്ട് ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ്. സാധാരണ ബൾബുകൾ മാറ്റി CFL വിളക്കുകൾ സ്ഥാപിക്കുന്നതുവഴി 10,000 മെഗാവാട്ട് ലാഭിക്കാൻ കഴിയുന്നതാണ്. ഇത് മാത്രം മതി പീക് ലോഡിന്റെ പ്രശ്‌നത്തിന് താത്‌കാലിക പരിഹാരം കാണാൻ. മിസ്‌മാനേജ്‌മെന്റ് കൊണ്ടുണ്ടായതാണ് ഇന്നത്തെ ദൗർലഭ്യം. അതൊരു പ്രതിസന്ധിയല്ല, കൊള്ളരുതായ്‌മയാണ്. എത്ര ആണവനിലയങ്ങൾ സ്ഥാപിച്ചാലും മിസ്‌മാനേജ്‌മെന്റിന് മരുന്നില്ല.
വൈദ്യുതിക്കമ്മി പരിഹരിക്കാൻ അണുശക്തി ആവശ്യമാണോ?
ഒഴിവാക്കാനാകാത്ത ആവശ്യമൊന്നുമില്ല. സമ്പദ്‌വ്യവസ്ഥ 8% നിരക്കിൽ തുടർന്നും വളരുകയാണെങ്കിൽ 2011 -12 ആകുമ്പോഴേയ്‌ക്കും പീക് ഡിമാന്റ് 1,58,000 മെഗാവാട്ട് ആകുമെന്നാണ് മതിപ്പ്. അതിലേക്ക് ഇന്നത്തെ 4,000 മെഗാവാട്ടിന് പുറമേ 3,000 മെഗാവാട്ട് കൂടി മാത്രമേ അണുശക്തിക്ക് നൽകാൻ ആകൂ. 2031-32 ആകുമ്പോഴക്കും പീക് ഡിമാന്റ് 5,52,000 മെഗാവാട്ട് ആകുമെന്നാണ് മതിപ്പ്. ഇത് ശരിയാകാൻ സാധ്യതയില്ല.
(i) വരുന്ന 25 കൊല്ലത്തേക്ക് സമ്പദ്‌വ്യവസ്ഥ 8% നിരക്കിൽ തുടർച്ചയായി വളരും എന്നു വിചാരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇന്നത്തെ വളർച്ചയുടെ സ്വഭാവം അസമത്വം വർധിപ്പിക്കുന്നു. ഏറെ നാൾ ഇത് തുടരാൻ ദരിദ്രവത്‌കരിക്കപ്പെടുന്ന ജനങ്ങൾ അനുവദിക്കുകയില്ല. കലാപങ്ങൾ ഉയരും. സാമ്പത്തിക വികാസം തടസ്സപ്പെടും.
(ii) സാമ്പത്തിക വികാസത്തിന്റെ ചേരുവ ഇന്നത്തേതുതന്നെ ആയിക്കൊള്ളണമെന്നില്ല, അതായത് ഊർജത്തിന്റെ സമ്പത്തുൽപാദനശേഷി വർധിക്കാം.
(iii) ഇന്നത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ ലോകത്തെ എണ്ണ-വാതക ഉൽപാദനം അതിവേഗം കുറയുന്നതാണ്. വില നിരവധി മടങ്ങായി ഉയരുന്നതാണ്. സമ്പദ് വ്യവസ്ഥ ആകെ തകിടം മറിയുന്നതാണ്. അതിനാൽ 2031-32 വരെയോ 2050, 2100 വരെയോ ഉള്ള കണക്കുകൂട്ടലുകൾക്ക് അർഥമില്ലാതായിത്തീരുന്നതാണ്.
ഇനി തത്‌കാലം വാദത്തിനുവേണ്ടി ഈ മതിപ്പ് ശരിയാണ് എന്നു തന്നെ ഇരിക്കട്ടെ. പീക് ഡിമാന്റ് 5,50,000 മെഗാവാട്ട്. അത് തൃപ്‌തിപ്പെടുത്താൻ ആകെ വേണ്ടിവരുന്ന പ്രതിഷ്‌ഠാപിതശേഷി 7,80,000 മെഗാവാട്ട്. ഇതെങ്ങനെയൊക്കെ ഉൽപാദിപ്പിക്കുമെന്നതിന്റെ ഒരു കണക്ക് IEPയിൽ കൊടുത്തിട്ടുണ്ട്.
ഇതുപ്രകാരം ആണവോൽപാദന ശേഷി ഇന്നത്തെ 4000 (2010ലെ 7000) മെഗാവാട്ടിൽ നിന്ന് 63,000 മെഗാവാട്ട് ആയിത്തീരുമെന്നാണ് അവരുടെ മതിപ്പ്. എങ്ങനെ ഇത്രയും അധികം ആണവ നിലയങ്ങൾ പണിയാം? കഴിഞ്ഞ 40 കൊല്ലത്തെ അനുഭവം കാണിക്കുന്നത് എന്താണ്?
ഇതിൽ 2,000 മെഗാവാട്ട് (കൂടംകുളം) റഷ്യക്കാർ നിർമിക്കുന്നതാണ്. അങ്ങനെ 2010-11 ആകുമ്പോഴക്കും മൊത്തം ആണവശേഷി 6,780 മെഗാവാട്ട് (യഥാർഥത്തിൽ അതിനേക്കാൾ 400 മെഗാവാട്ട് കുറവ്) മാത്രമായിരിക്കും.
ഇന്ത്യയിൽ ലഭ്യമായ യുറേനിയം 10,000 മെഗാവാട്ട് വൈദ്യുതി, 40 കൊല്ലക്കാലത്തേക്ക് ഉൽപാദിപ്പിക്കാനേ മതിയാകൂ. അതിൽ 4,500 മെഗാവാട്ട് ആയിട്ടുണ്ട്. ഇനിയും 5,000-6,000 മെഗാവാട്ട് കൂടി. കൂടംകുളത്ത് നിർമിക്കുന്നതരത്തിലുള്ള മർദിതജല റിയാക്‌ടറുകൾ (PWR, റഷ്യനിൽ VVER) അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശ്യം. ഏതാണ്ട് 10,000 മെഗാവാട്ട്. (ഇതിന് 90,000-120,000 കോടി രൂപ വേണ്ടിവരും) അപ്പോഴും 20,000 മെഗാവാട്ടേ ആകുന്നുള്ളു. ബാക്കി 40,000 മെഗാവാട്ട് എങ്ങനെ ഉണ്ടാകും? എങ്ങനെയെങ്കിലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ! അത്രമാത്രം. രണ്ടാംഘട്ടത്തിലെ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളിലാണ് പ്രതീക്ഷ. അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ജപ്പാനുമൊക്കെ ബ്രീഡർ റിയാക്‌ടറിൽ കളിക്കാൻ തുടങ്ങിയിട്ട് പത്തുനാൽപത് കൊല്ലമായി. ഇപ്പോഴും ഗോളടിക്കാനായിട്ടില്ല. കച്ചവടാടിസ്ഥാനത്തിൽ ബ്രീഡർ റിയാക്‌ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സാങ്കേതികപ്രശ്‌നങ്ങളുടെ ?അയ്യരുകളി?യാണ്. ഇന്ത്യയുടെ ആദ്യത്തെ, പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ 2010ൽ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തെല്ലാം സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് ആർക്കും അറിയില്ല. അവയെല്ലാം പരിഹരിച്ച്, പിന്നീട് വരുന്ന 20 കൊല്ലത്തിനുള്ളിൽ 40,000 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ സ്ഥാപിക്കുമെന്നു പറയുന്നത്, ഏറ്റവും മിതമായ ഭാഷയിൽ പറയുകയാണെങ്കിൽ, ഇന്ത്യൻ ശാസ്‌ത്രജ്ഞരുടെ മുഖത്തു തുപ്പുന്നതിന് സമമാണ്. ഇത്തരത്തിലുള്ള ആഭാസങ്ങൾക്കെതിരായി അവർ പ്രതികരിക്കുകതന്നെ വേണം. മതേതരത്വം, സർവമതസാഹോദര്യം, സഹിഷ്‌ണുത, സമാധാനം, സ്‌നേഹം, സഹകരണം, ഹരിജനങ്ങളോട് മമത മുതലായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് എതിരായി സമരം നടത്തുന്നവർക്ക് റിയാക്‌ടറുകൾ തന്നത്താനെ പൊട്ടിമുളച്ചുവരും എന്നു പ്രസംഗിക്കാനും മടിയുണ്ടായിരിക്കില്ല. ശാസ്‌ത്രജ്ഞരും അതുപോലെ പെരുമാറുകയാണെങ്കിൽ, പിന്നെ എന്തുപറയാനാണ്!
ഇന്ത്യ ഒറ്റപ്പെടുത്തപ്പെട്ടിരിക്കുകയാണോ?
1974ൽ ഇന്ത്യ നടത്തിയ ആണവവിസ്‌ഫോടനം അമേരിക്കയെ ഭയപ്പെടുത്തി. CIAക്കുപോലും മണത്തറിയാൻ കഴിയാതെ ഇന്ത്യക്കാർ ഇതെങ്ങനെ ഒപ്പിച്ചു? ഇതറിയാവുന്ന ഏതാണ്ട് 300 പേർ ഉണ്ടായിരിരുന്നു. എന്നാൽ അവർ തമ്മിൽ തമ്മിൽപോലും ഒരക്ഷരവും സംസാരിക്കാറുണ്ടായിരുന്നില്ല. വിസ്‌ഫോടനത്തിന്റെ ഒരാഴ്‌ച മുമ്പു് ഉണ്ടായ ചില മറവികളും സംഭവങ്ങളും തിരിഞ്ഞു നോക്കുമ്പോൾ ബാലിശമായിത്തോന്നും. എന്നാൽ വിസ്‌ഫോടനവിജയം സൃഷ്‌ടിച്ച വിജയോന്മാദത്തിൽ അതെല്ലാം മറക്കപ്പെട്ടു. എന്നാൽ താരാപ്പൂർ നിലയങ്ങൾക്കാവശ്യമായ പുഷ്‌ടിപ്പെടുത്തിയ യൂറേനിയം ഇന്ധനത്തിന്റെ സപ്ലൈ അമേരിക്ക നിർത്തിയപ്പോൾ സംഗതി ഗൗരവമായി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് അന്നു പിടിച്ചുനിന്നത്. ഒരു തരത്തിലുള്ള ഒറ്റപ്പെടൽ അന്നുണ്ടായിരുന്നു. ഇന്നുമുണ്ട്. എന്നാൽ, വികസിതരാജ്യങ്ങൾക്ക് കച്ചവടം നടക്കാതെ നിലനിൽക്കാനാകില്ല. പ്രത്യക്ഷത്തിൽ ഉപരോധത്തിൽ പങ്കാളിയായ രാജ്യങ്ങളിൽനിന്നുപോലും അവശ്യംവേണ്ട യുറേനിയമടക്കം ഉപകരണങ്ങളും യന്ത്രസാമഗ്രികളും കിട്ടിയിരുന്നു.
വെല്ലുവിളികൾ സ്വീകരിക്കുമ്പോഴാണ് വളർച്ചയുണ്ടാകുന്നത്. ഇന്ത്യൻ ശാസ്‌ത്രജ്ഞരും എൻജിനീയർമാരും വെല്ലുവിളികൾ ഏറ്റെടുത്തു. അയിർ ഖനനം, സംസ്‌കരണം, ഇന്ധന നിർമാണം, റിയാക്‌ടർ നിർമാണം, നിയന്ത്രണം, നടത്തിപ്പ്, സംസ്‌കരണം, പുതിയ കൂടുതൽ (220ൽനിന്ന് 540 MW) ശേഷിയുള്ള റിയാക്‌ടറുകളുടെ അഭികൽപനയും നിർമാണവും (താരാപ്പൂർ) ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകളുടെ അഭികൽപനയും നിർമാണവും (പരീക്ഷണ റിയാക്‌ടറും 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് റിയാക്‌ടറും), അണുബോംബ്, ഹൈഡ്രജൻ ബോംബു വിസ്‌ഫോടനങ്ങൾ! ഇന്ന് ഇന്ത്യൻ ആണവശാസ്‌ത്രസാങ്കേതികമേഖല - സ്വകാര്യ മേഖല അടക്കം - ലോകത്തിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. ആദ്യം കുറച്ചു വിഷമിച്ചു. ശരിയാണ്. വെള്ളം കുറച്ചുകുടിച്ചല്ലാതെ ആരും നീന്താൻ പഠിക്കില്ല. 1000 മെഗാവാട്ടും കൂടുതലും ശേഷിയുള്ള റിയാക്‌ടറുകൾ ഉണ്ടാക്കാൻ ഇന്ന് നമുക്ക് കഴിയില്ല. അതിനു തക്കവണ്ണം ഇന്ത്യൻ എൻജിനീയറിങ്ങ് വ്യവസായം വളർന്നിട്ടില്ല. പക്ഷേ 700 മെഗാവാട്ട് റിയാക്‌ടറുകൾ ഡിസൈനിന്റെ ഘട്ടത്തിലാണ്. ഫ്രാൻസുമായുള്ള സാങ്കേതിക സഹകരണത്തോടെയാണ് കൽപാക്കത്തെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ അഭികൽപന ചെയ്‌തത്. ഇപ്പോൾ നമ്മുടെ ശേഷിയും അവരുടെ ശേഷിയും തമ്മിൽ, കാര്യമായ വ്യത്യാസമൊന്നുമില്ല. ശാസ്‌ത്രസാങ്കേതികരംഗത്തെ സഹകരണം, വിജ്ഞാനത്തിന്റെ പരസ്‌പരവിനിമയം അടിസ്ഥാനപരമായി അഭിലഷണീയമായ ഒരു കാര്യമാണ്. എന്നാൽ പരസ്‌പരതുല്യതയിൽ അധിഷ്‌ഠിതമായിരിക്കണം അത്. അല്ലാതെ, മേലാള-കീഴാള രീതിയിൽ ആയിരിക്കരുത് അത്. അവശ്യം വേണ്ട വിഭവങ്ങളും പ്രോത്സാഹനവും നൽകുകയാണെങ്കിൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ഇന്ന് ഇന്ത്യൻ ശാസ്‌ത്രസാങ്കേതികരംഗത്തിനു കഴിയും. ഏതാനും വർഷങ്ങൾ ലാഭിക്കാൻ വേണ്ടി അവരുടെ ശേഷി നശിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. മെയിൻ കനാലിന്റെ ബണ്ട് പൊട്ടിച്ചാൽ ഫീൽഡുബുത്തി തുറന്നിട്ടു കാര്യമൊന്നുമില്ല. പാടത്ത് വെള്ളമെത്തില്ല. അതുപോലെ എല്ലാം ഇറക്കുമതി ചെയ്‌താൽ, പിന്നെ സ്വദേശീയമായ വികസനത്തിന് വിഭവമോ പ്രക്ഷോഭണമോ ഉണ്ടായിരിക്കുന്നതല്ല. ?ഒറ്റപ്പെടുത്തപ്പെട്ടു? എന്നത് അർഥമില്ലാത്ത ആവലാതിയാണ്. എല്ലാ സ്വാതന്ത്ര്യത്തിലും ഒരു തരത്തിലുള്ള ഒറ്റപ്പെടൽ അന്തർലീനമാണ്. ഉപരോധങ്ങൾ നമ്മുടെ തനതായ ആണവവികാസത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നതല്ല.
നിലവിലുള്ള റിയാക്‌ടറുകൾ നേരിടുന്ന ഇന്ധനദൗർലഭ്യമോ?
കഴിഞ്ഞ ഏതാനും വർഷമായി നമ്മുടെ ആണവനിലയങ്ങൾ ഇന്ധനദൗർലഭ്യം നേരിടുന്നുണ്ട്. ഒരു മെഗാവാട്ട് ശേഷി ഒരു വർഷം (ശരാശരി 6000 മണിക്കൂർ) ഫുൾ പവറിൽ ഓടിക്കാൻ ഏതാണ്ട് 180 കിലോഗ്രാം യുറേനിയം ആവശ്യമുണ്ട്. ഇപ്പോൾ ഇന്ത്യൻ യുറേനിയം ഉപയോഗിക്കുന്ന റിയാക്‌ടറുകളുടെ മൊത്തം ശേഷി 3500 മെഗാവാട്ട് ആണ്. ഇവ മുഴുവൻ ശക്തിയിൽ പ്രതിവർഷം 6000 മണിക്കൂർ ഓടിക്കാൻ പ്രതിവർഷം 600-650 ടൺ യുറേനിയം ആവശ്യമുണ്ട്. ഇതിനുപുറമേ 660 മെഗാവാട്ട് വരുന്ന രണ്ടു കൊല്ലത്തിനുള്ളിൽ തയ്യാറാകും. അതിന്റെ തുടക്കചാർജും ആവശ്യമാണ്. യുറേനിയം ലോഹം ഉണ്ടെങ്കിൽ അതിനെ ഇന്ധനദണ്ഡുകളാക്കാൻ വേണ്ട നിർമാണശേഷി വേണ്ടുവോളമുണ്ട്. എന്നാൽ വേണ്ടത്ര യുറേനിയം ഉണ്ടാക്കാൻ കഴിയുന്നില്ല. കാരണം വേണ്ടത്ര അയിരുകൾ കുഴിച്ചെടുക്കുന്നില്ല. പുതിയ ഖനികൾ തുറക്കാതിരുന്നതാണ് ഇതിനു കരണം. 1990 കളുടെ ആദ്യത്തിൽ അത് തടയപ്പെട്ടു. തടഞ്ഞത് മറ്റാരുമല്ല, അന്നത്തെ ധനകാര്യമന്ത്രി മൻമോഹൻസിങ്ങും ധനകാര്യസെക്രട്ടറി മൊണ്ടേക് സിങ്ങും ആയിരുന്നു. ഇന്ത്യൻ അയിരുകൾ ശുഷ്‌കമാണ്. അവ ശുദ്ധീകരിച്ച് യുറേനിയം ഉണ്ടാക്കുന്നതിന് ഏറെച്ചെലവ് വരും. അതിനേക്കാൾ ലാഭമാണ് അർധഹവാലാ വഴി (ഉപരോധത്തെ മറികടന്ന്) ലഭിച്ചിരുന്ന വിദേശ യുറേനിയം. രണ്ടുപേരും, മൻമോഹൻസിങ്ങും മൊണ്ടേക്‌സിങ്ങും പണ്ടേ ഇറക്കുമതിയുടെ - ഉദാരവത്‌കരണത്തിന്റെ - ആളുകൾ ആയിരുന്നു. ?സ്വാശ്രയം? എന്ന സങ്കൽപത്തെ അവർക്ക് പുച്ഛമായിരുന്നു. ഇന്നും ആണ്. എന്നാൽ 1998ലെ പൊക്രാൻ വിസ്‌ഫോടനം ഉപരോധത്തിന്റെ തീവ്രത വർധിപ്പിച്ചു. ഹവാല വഴി യുറേനിയം ഇറക്കുമതി ചെയ്യാൻ തീരെ പറ്റാതായി. ഇതാണ് കഴിഞ്ഞ 5-6 കൊല്ലമായി അനുഭവപ്പെടുന്ന ഇന്ധനക്ഷാമത്തിനു കാരണം. എന്നാൽ 2000-ാമാണ്ടോടുകൂടി പുതിയ ഖനികൾ തുറക്കാൻ തുടങ്ങി. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ യുറേനിയത്തിന്റെ ലഭ്യതയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വർധന താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മൂന്നുനാലു കൊല്ലം കൂടി റിയാക്‌ടറുകൾ 50-60% ലവലിൽ പ്രവർത്തിക്കേണ്ടി വരും. അതൊഴിവാക്കാൻ മാത്രമായി നമ്മുടെ സ്വതന്ത്രവികസനത്തെ ബലികൊടുക്കേണ്ടതില്ല.
അടിയന്തര ഊർജാവശ്യങ്ങൾ നിറവേറ്റാനോ?
ഇന്നത്തെ ഊർജക്കമ്മി നികത്താൻ ആണവനിലയങ്ങൾ തന്നെ ഇറക്കുമതി ചെയ്യണമെന്നു വാദിക്കുന്നത്, പൊതുജനത്തെ കഴുതയെന്നു വിളിക്കുന്നതിന് സമാനമാണ്, എല്ലാ ശാസ്‌ത്രജ്ഞരെയും ?ഏറാൻമൂളി?കളായി കാണുന്നതിനു സമാനമാണ്. ഒരു കരാറും കൂടാതെ ശുദ്ധ കച്ചവട അടിസ്ഥാനത്തിൽ 1000 മെഗാവാട്ട് വീതം ശേഷിയുള്ള ഏതാനും PWR നിലയങ്ങൾ ഇന്ത്യക്ക് വിൽക്കാൻ അമേരിക്ക തയ്യാറായാൽ പോലും അടുത്തൊന്നും അവയിൽ നിന്ന് ഊർജം ലഭിക്കുന്നതല്ല. ഒന്നാമതായി, അടുത്ത കൊല്ലംതന്നെ കച്ചവടം ഉറപ്പിച്ച് പണി തുടങ്ങാൻ പറ്റിയാൽപോലും 7-8 കൊല്ലമെടുക്കും പണി പൂർത്തിയാകാൻ. മാത്രമല്ല, അത്തരം റിയാക്‌ടറുകൾ സ്ഥാപിക്കാനുള്ള പുതിയ സ്ഥാനങ്ങൾ കണ്ടുപിടിക്കുക എളുപ്പമല്ലതാനും. കൂടംകുളത്ത് 1000 മെഗാവാട്ടിന്റെ രണ്ടു റിയാക്‌ടറുകൾ കൂടി സ്ഥാപിക്കാൻ പറ്റിയേക്കും. താരാപ്പൂരിലും പറ്റിയേക്കാം. പുതിയ ഏതൊരു സ്ഥാനം തെരഞ്ഞെടുത്താലും തദ്ദേശവാസികളുടെ എതിർപ്പ് മറികടക്കാൻ കടുത്ത ബലപ്രയോഗം തന്നെ നടത്തേണ്ടിവരും ഗവൺമെന്റിന്.
ഖനി യുറേനിയം
ഉൽപാദനം-ടൺ പ്രതീക്ഷിത വർഷം
ജാദുഗുഡ-ഝാർഖണ്ഡ് 230 നിലവിൽ ഉണ്ട്
തുറാമിദ് - ഝാർഖണ്ഡ് 190 2010
ബന്ദുഗുറാങ്-ഝാർഖണ്ഡ് 170 2012
തുമ്മലപ്പള്ളി - ആന്ധ്ര 217
സെറിപ്പള്ളി - ആന്ധ്ര 130
കൈലിങ് - മേഘാലയ 340
ആകെ 1270 2012-13
ലോകത്തെ കൽക്കരി സമ്പന്നരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ശരിയാണ്, ഇന്ത്യൻ കൽക്കരി ഗുണനിലവാരം കുറഞ്ഞതാണ്. എന്നാൽ അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട സാങ്കേതികവിദ്യ കുറെയൊക്കെ നമ്മുടെ പക്കലുണ്ട്. ഇവിടെ ഒരു കാര്യം നാം അറിയണം. അതാവശ്യമാണ്. ഇന്ത്യയിലെ കൽക്കരി ഗവേഷണം ബോധപൂർവം ഹനിക്കപ്പെടുകയാണുണ്ടായത്. 1960 കളിലെ ?ആണവപൂജ? അതിന് ഒരു കാരണമായിട്ടുണ്ട്. ഇനി എന്തിന് കൽക്കരി? വൃത്തികെട്ട സാധനം. ഇതാ ?ശുദ്ധ?മായ അണുശക്തി. സുഭിക്ഷം. വില തുച്ഛം. ഒട്ടൊക്കെ വെറുതേ തന്നെ കൊടുക്കാൻ പറ്റും. അങ്ങനെ സിന്ദ്രിയിലെ CSIR ഗവേഷണസ്ഥാപനം കൊല്ലപ്പട്ടു. പക്ഷേ ഏറെക്കഴിയും മുമ്പെതന്നെ ആണവ മിഥ്യയുടെ ചെമ്പു പുറത്തായി. വീണ്ടും കൽക്കരിയിലേക്കു തിരിഞ്ഞു. ഇടക്കാലത്ത് പെട്രോളിയം ഉൽപന്നങ്ങളിൽ, പ്രത്യേകിച്ച് നാഫ്‌തയിൽ വ്യാമോഹം പൂണ്ടു. അതിന്റെ ദുരന്തഫലമാണ് കായംകുളത്ത് ഇന്ന് നാം അനുഭവിക്കുന്നത്. കൽക്കരി ഖനനം, ശുദ്ധീകരണം, ട്രാൻസ്‌പോർട് എന്നിവ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. റെയിൽവേ സംവിധാനം മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം അതിവേഗ റോഡുകൾക്ക് നൽകുന്നത് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ ഉപകരിക്കില്ല. ധനാഢ്യരുടെ കാറുകൾക്കേ അവ ഉപകരിക്കൂ. റെയിൽവേ വികസനത്തിനും ഖനനത്തിന്റെ ആധുനീകരണത്തിനും ആണവ ഉപരോധം തടസ്സമാകില്ല. BHELന്റെ ശേഷി വർധിപ്പിക്കാം. ഇപ്പോൾ തന്നെ ഉള്ള ശേഷി മുഴുവനും ഉപയോഗിക്കപ്പെടുന്നില്ല. താപനിലയങ്ങളുടെ നിർമാണകമ്പനികളിൽ ഒന്നാണ് NTPC. പണി ആരംഭിച്ചാൽ 3-4 കൊല്ലം കൊണ്ട് ഒരു നിലയം പണിയാൻ അവർക്ക് കഴിയും.
കഴിഞ്ഞ 8-10 കൊല്ലത്തിനുള്ളിൽ പവനോർജത്തിന്റെ - കാറ്റിൽനിന്നും ഉള്ള ഊർജം - നില, 10,000-12,000 മെഗാവാട്ട് ആയി ഉയർന്നിട്ടുണ്ട്. പ്രതിവർഷം 2,000 മെഗാവാട്ട് സ്ഥാപിക്കാൻ ഒരു പ്രയാസവും ഇല്ല. പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ചെറുകിട ജലവൈദ്യുതനിലയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് 3-4 കൊല്ലത്തിനുള്ളിൽ പൂർത്തീകരിക്കാം. പ്രതിവർഷം 1,000-2,000 മെഗാവാട്ട് ഇങ്ങനെ സ്ഥാപിക്കാൻ പറ്റുന്നതാണ്. നേരത്തെ സൂചിപ്പിച്ചപോലെ, ഏറെ ഊർജം ആവശ്യമുള്ള സാധാരണ ബൾബുകളുടെ ഉൽപാദനം നിർത്തി തത്‌സ്ഥാനത്ത് CFL വിളക്കുകൾ സ്ഥാപിച്ചാൽ പീക് ഡിമാന്റിൽ 10,000 മെഗാവാട്ട് എങ്കിലും കുറവ് വരുന്നതാണ്. മോഷണ-പ്രേഷണ-വിതരണ-നഷ്‌ടം കുറയ്‌ക്കുന്നതിലൂടെയും 10,000 മെഗാവാട്ട് ലാഭിക്കാവുന്നതാണ്. ഒരു ?പ്രതിസന്ധി? പരിഹരിക്കാൻ ഒറ്റമൂലിയില്ല. ബഹുമുഖ പ്രവർത്തനം വേണം. ?ആണവറിയാക്‌ടറുകളുടെ ഇറക്കുമതി? യെന്ന ഒറ്റമൂലി നിർദേശം സാമാന്യബുദ്ധിയോടുള്ള അവഹേളനമാണ്. 10,000 മെഗാവാട്ട് ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യാൻ 90,000-1,20,000 കോടി രൂപ വേണ്ടി വരും. മേൽ പറഞ്ഞ പ്രവർത്തനങ്ങൾക്ക് - ഖനന നവീകരണം, റെയിൽവേ വികസനം, BHEL വിപുലനം, പവനനിലയങ്ങൾ, ചെറുകിട വൈദ്യുതിനിലയങ്ങൾ, CFL പ്രതിസ്ഥാപനം, പ്രേഷണവിതരണനഷ്‌ടം കുറയ്‌ക്കൽ എന്നിവയ്‌ക്ക് - എല്ലാറ്റിനും കൂടി ഇത്രതന്നെ പണമേ വേണ്ടി വരൂ. 10,000 മെഗാവാട്ടിന്റെ സ്ഥാനത്ത് 20,000 മെഗാവാട്ട് സ്ഥാപിക്കാൻ കഴിയും. കൂടുതൽ സ്ഥാപിക്കാനുള്ള ക്രമീകരണവും ഉണ്ടാക്കാൻ കഴിയും.
ആസന്ന ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യണമെന്ന വാദം തട്ടിപ്പ് ആണ്.
അമേരിക്കൻ സർവാധിപത്യം അംഗീകരിക്കാനാകില്ല
ഈ ലോകം മുഴുവൻ തങ്ങളുടേതാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരേ ഒരു രാജ്യം അമേരിക്ക (യു.എസ്.എ) ആണ്. ?തങ്ങളുടെ താൽപര്യങ്ങൾക്ക് ലോകത്തെവിടെയെങ്കിലും എപ്പോഴെങ്കിലും ഭീഷണി നേരിടുകയാണെങ്കിൽ അവിടെയെല്ലാം വേണ്ടിവന്നാൽ സൈനികമായിപോലും ഇടപെടുന്നതാണ്? എന്ന് തങ്ങളുടെ രാജ്യസുരക്ഷാ നയരേഖയിൽ അവർ അച്ചടിച്ചുവെച്ചിട്ടുണ്ട്. എന്നാൽ 1980കളുടെ അവസാനം വരെ സോഷ്യലിസ്റ്റ് ക്യാമ്പിന്റെ സാന്നിധ്യം കാരണം ഈ നയം നടപ്പാക്കുന്നതിൽ പരിമിതി ഉണ്ടായിരുന്നു. 1990 മുതൽ ആ പരിമിതി ഇല്ലാതായി. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഏത് അമേരിക്കൻ നിയമം എടുത്താലും, ഇന്ത്യയുമായി ബന്ധപ്പെട്ട ഹൈഡ് നിയമം എടുത്താലും, ഇത് കാണാം. ആണവ ചരിത്രത്തിലും ഇതു കാണാം. ആണവായുധ രാജ്യങ്ങൾ (ന്യൂക്ലിയർ ക്ലബ് - അമേരിക്ക, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന) ആണവായുധരഹിതരാജ്യങ്ങൾ എന്ന ചേരിതിരവ് ഉണ്ടാക്കിയതും രണ്ടാമത്തെ കൂട്ടരുടെ പേരിൽ ഏകപക്ഷീയമായ നിബന്ധനകളും വിലക്കുകളും ഏർപ്പെടുത്തിയതും അമേരിക്കയാണ്. ആണവക്ലബ്ബിലെ (അഞ്ചുരാജ്യങ്ങൾ) അംഗങ്ങളല്ലാത്ത മറ്റു രാജ്യങ്ങൾ ആണവപരീക്ഷണങ്ങൾ നടത്തുന്നതും ബോമ്പുണ്ടാക്കുന്നതും തടയാൻ വേണ്ടി അവർ ?ആണവ നിർവ്യാപന ഉടമ്പടി? (NPT) മുന്നോട്ടുവച്ചു. എന്നാൽ ആണവ ക്ലബ്ബിലെ അംഗങ്ങൾക്ക് നിർബാധം പരീക്ഷണങ്ങൾ തുടരാം, ബോമ്പ് സ്റ്റോക്ക് തുടർച്ചയായി വർധിപ്പിക്കാം. എന്തുവേണമെങ്കിലും ചെയ്യാം. . . . വിവേചനാത്മകമായ ഈ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറല്ല. അതിനാൽ NPT ഒപ്പിടാൻ ഇന്ത്യ കൂട്ടാക്കിയില്ല. മറ്റു പല രാഷ്‌ട്രങ്ങളും ഒപ്പിടുകയുണ്ടായിട്ടുണ്ട്. എന്നാൽ അതിൽ വലിയ അർഥമൊന്നുമില്ല. ഇന്ത്യയും പാക്കിസ്‌താനും ഇസ്രായേലും അണുബോമ്പുകൾ പരീക്ഷിച്ചു കഴിഞ്ഞു, ദക്ഷിണാഫ്രിക്ക, വടക്കൻ കൊറിയ, അർജന്റീന എന്നീ രാജ്യങ്ങളും ബോമ്പ് പരീക്ഷണത്തിനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞു. ഇറാന്റെ കാര്യം കൃത്യമായി അറിഞ്ഞുകൂട. അമേരിക്കൻ പ്രചാരണത്തെ വിശ്വസിക്കാൻ പറ്റില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. ?അഞ്ചംഗ ആണവക്ലബ്, ?ആണവ നിർവ്യാപനം? മുതലായ സങ്കൽപങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. NPTക്കു ബദലായി ഇന്ത്യ പണ്ട് ഒരു നിർദേശം വയ്‌ക്കുകയുണ്ടായി. CTBT (Comprehensive Test Ban Treaty) - എല്ലാതരത്തിലുമുള്ള ആണവായുധപരീക്ഷണങ്ങൾ പൂർണമായി നിരോധിക്കുക. മിക്ക രാജ്യങ്ങളും അത് അംഗീകരിച്ചു. എന്നാൽ അമേരിക്ക ഔദ്ധത്യത്തോടെ അത് നിരാകരിക്കുകയാണുണ്ടായത്, അതിന്റെ ഏകാധിപത്യവാസന പ്രകടിപ്പിക്കുകയാണുണ്ടായത്. ആരുടെമേൽ എന്തെന്തെല്ലാം തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തണം, ആരെയെല്ലാം സൈനികമായി ആക്രമിക്കണം, ഏതേത് രാജ്യങ്ങളിൽ ആരെയെല്ലാം വാഴിക്കണം - എല്ലാം തീർച്ചയാക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നാണ് അവരുടെ ധാരണ. എന്നാൽ പല ചെയ്‌തികളും അവർക്ക് സ്വയംകൃതാനർഥങ്ങളായി മാറിയിട്ടുണ്ട് -വിയത്‌നാം യുദ്ധത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതടക്കം.
ഇന്ത്യയോടുള്ള ഉപരോധസമരത്തിലും അവർ തോൽവിയുടെ അടുത്തെത്തിനിൽക്കയായിരുന്നു. 1974ലെ പൊക്രാൻ പരീക്ഷണശേഷം അവർ ഏർപ്പെടുത്തിയ ഉപരോധം പതുക്കെപ്പതുക്കെ ദുർബലപ്പെട്ടു. നിരോധിതപദാർഥങ്ങൾ, പ്രത്യേകിച്ചും യുറേനിയം, ഹവാലാമാർഗങ്ങളിലൂടെ ഇന്ത്യയിലെത്തി. 1998 വരെ സംഗതികൾ സുഗമമായിരുന്നു. എന്നാൽ 1998ലെ പരീക്ഷണത്തിനുശേഷം അവർ ഉപരോധം ശക്തിപ്പെടുത്തി; ഹവാലാ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി. ഇന്ത്യയിലേക്കുള്ള യുറേനിയത്തിന്റെ വരവ് നിലച്ചു. ഇത്, കഴിഞ്ഞ 5-6 കൊല്ലമായി ഇന്ത്യയ്‌ക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കയാണ്.
എന്നാൽ ഇന്നല്ലെങ്കിൽ നാളെ ഉപരോധങ്ങൾ മയപ്പെടുത്താൻ അമേരിക്ക നിർബന്ധിതയാകും. തങ്ങളുടെ പക്കലുള്ള ഉപയോഗമില്ലാത്ത സമ്പുഷ്‌ടയുറേനിയവും പ്ലൂട്ടോണിയവും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ആണവനിർമാണശേഷിയും ഒക്കെ വിറ്റു കാശാക്കുകയെന്നത് അവരുടെ ആവശ്യമാണ്. താമസിയാതെ ആണവഹവാലകൾ പുനരാരംഭിക്കും. കച്ചവടം വേണം. അതുകൂടാതെ അവർക്ക് ജീവിക്കാൻ പറ്റില്ല!
എന്താണ് ഹൈഡ് ആക്‌റ്റിലെ പ്രധാന വശങ്ങൾ?
NPT കരാറിൽ ഒപ്പിടാത്ത രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഇന്ത്യയുമായി ഒരു ആണവ സഹകരണക്കരാറിൽ ഒപ്പുവെക്കാൻ അമേരിക്കൻ ആണവോർജ നിയമത്തിൽ വകുപ്പില്ല. നിലവിലുള്ള നിയമത്തിലെ 123-ാം അനുച്ഛേദം അത് അനുവദിക്കുന്നില്ല. ഈ വിലക്ക് മാറ്റാനായി അതിൽ ഭേദഗതി വരുത്തണം. അതിനായി ഉണ്ടാക്കിയ പ്രത്യേക നിയമമാണ് ഹൈഡ് നിയമം. ഇത് അമേരിക്കൻ ഗവൺമെന്റിനെ നിയന്ത്രിക്കാനുള്ള ഒരു നിയമമാണ്. ഇന്ത്യൻ ഗവൺമെന്റിന് അത് ബാധകമല്ല. പക്ഷേ, ഇന്ത്യയുമായുള്ള കരാർ ഉണ്ടാക്കുന്നതിലും അത് തുടർന്നുകൊണ്ടുപോകുന്നതിലും അമേരിക്കൻ ഗവൺമെന്റിന്റെ മേൽ അതു കടുത്ത നിബന്ധനകൾ വയ്‌ക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ പല നിബന്ധനകളും ഏർപ്പെടുത്തിക്കൊണ്ടല്ലാതെ കരാർ ഒപ്പുവയ്‌ക്കരുതെന്ന് അത് അമേരിക്കൻ ഗവൺമെന്റിനെ അനുശാസിക്കുന്നു. ഇന്ത്യയുടെ പ്രവർത്തനം തൃപ്‌തികരമാണോ എന്ന് പരിശോധിച്ച് കോൺഗ്രസിനെ വർഷാവർഷം ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവും അധികാരവും അത് പ്രസിഡന്റിനു നൽകുന്നു. പ്രസിഡന്റിന്റെ പൂർണമായ ഉത്തരവാദിത്തത്തിലേ സഹായം നൽകാൻ പറ്റൂ. ഇന്ത്യയുടെ പെരുമാറ്റം തൃപ്‌തികരമല്ലെന്നു തോന്നിയാൽ എപ്പോൾ വേണമെങ്കിലും അമേരിക്കക്ക് കരാറിൽനിന്ന് പിന്മാറാം. ഇന്ത്യക്കും പിന്മാറാം. പക്ഷേ, അമേരിക്കയ്‌ക്ക് നഷ്‌ടപ്പെടാൻ ഒന്നുമില്ല. ഇന്ത്യയുടെ നിക്ഷേപം മുഴുവൻ വെള്ളത്തിലാകും, ഊർജരംഗം പ്രതിസന്ധിയിൽ അകപ്പെടും. പലതിലും അമേരിക്കൻ പ്രസിഡണ്ടിന് സ്വന്തം വിവേചനബുദ്ധി ഉപയോഗിക്കാം. ഹൈഡ് ആക്‌ടിൽ സുസ്‌പഷ്‌ടമായി പറഞ്ഞിട്ടില്ലെങ്കിലും മറ്റു പല സന്ദർഭങ്ങളിലായി വ്യക്തമാക്കിയിട്ടുള്ള ചില കാര്യങ്ങൾ, അമേരിക്ക ഇന്ത്യയിൽനിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. അവയിൽ പ്രധാനം
1. അമേരിക്കയുടെ വിദേശനയവുമായുള്ള പൊരുത്തം, താദാത്മ്യം. അതായത് അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങളിൽ അവരെ ന്യായീകരിക്കണം, സഹായിക്കണം.
2. ഇറാനിൽനിന്ന് പൈപ്പ് വഴി പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കണം.
3. ഇസ്ലാം ഭീകരർക്ക് എതിരായുള്ള അമേരിക്കയുടെ പോരാട്ടത്തിൽ അമേരിക്കയുടെ പങ്കാളിയാകണം.
4. ഇന്ത്യൻ വിപണിയെ ഇനിയും കൂടുതൽ ഉദാരവത്‌കരിക്കണം. ആക്‌റ്റിൽതന്നെ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായുള്ള കാര്യങ്ങൾ ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരും ഡോ.പി.കെ. അയ്യങ്കാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
- ഇന്ധന സപ്ലൈയുടെ കാര്യത്തിൽ ഒരു ഉറപ്പും അത് നൽകുന്നില്ല.
- ഇന്ത്യയുടെ പ്രവർത്തനങ്ങൾ തൃപ്‌തികരമാണെന്ന് വർഷാവർഷം യു.എസ്. സർട്ടിഫൈ ചെയ്യണം. എങ്കിൽ മാത്രമേ NSG രാജ്യങ്ങൾ സാധനസാമഗ്രികൾ തരൂ.
- ഇന്ത്യൻ ആണവസ്ഥാപനങ്ങളുടെമേൽ ശാശ്വതമായി അമേരിക്കയുടെ കണ്ണുണ്ടായിരിക്കും.
- എല്ലാ ആണവ പ്രവർത്തനങ്ങളുടെ മേലും അമേരിക്കൻ കണ്ണ് ഉണ്ടായിരിക്കും.
- ഇന്ത്യ ?ശരിയായ? വിധത്തിലേ പെരുമാറൂ എന്ന് ഉറപ്പിക്കാൻ യു.എസിന് അധികാരം ഉണ്ടായിരിക്കും.
- ഇന്ത്യയുടെ പ്രതിരോധതന്ത്രങ്ങളെ തകർക്കാൻ യു.എസിന് കഴിയും.
- ഇന്ത്യയുടെ വിദേശനയം അമേരിക്ക തീരുമാനിക്കും; ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടും.
- ആണവശക്തിയുമായി ബന്ധമില്ലാത്ത ഒട്ടനവധി കാര്യങ്ങൾകൂടി ബില്ലിൽ ചേർത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരു നിയമത്തിനു കീഴ്‌പെട്ടുകൊണ്ട് അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി ഉണ്ടാക്കുന്ന ഉടമ്പടി, വാസ്‌തവത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്യുന്നത്.
വിദേശരാജ്യങ്ങളുമായി തോന്നിയ തരത്തിലുള്ള കരാറുകളിൽ ഒപ്പിടാൻ യു.എസ്. ഫെഡറൽ ഗവൺമെന്റിന് അധികാരമില്ല. യു.എസ്. കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. പല നിബന്ധനകളോടും കൂടി ആയിരിക്കും കോൺഗ്രസ് അനുമതി നൽകുക. കരാറിന്റെ ഉള്ളടക്കം, ആരുമായാണോ കരാർ എന്നിവയുടെ ഒക്കെ അടിസ്ഥാനത്തിലായിരിക്കും ഈ നിബന്ധനകൾ ചിട്ടപ്പെടുത്തുന്നത്. അമേരിക്കൻ ഗവൺമെന്റ് ഇന്ത്യയുമായി 1954ലെ ആണവോർജ നിയമത്തിലെ അനുച്ഛേദം 123 പ്രകാരം ഒരു കരാർ ഒപ്പിടുമ്പോൾ അതിൽ അവശ്യം ഉണ്ടായിരിക്കേണ്ട നിബന്ധനകളും അതിന്റെ സത്തയും സ്വഭാവവും സംശയലേശമെന്യെ രേഖപ്പടുത്താൻ വേണ്ടി മാത്രമാണ് ഹൈഡ് നിയമം ഉണ്ടാക്കിയത് തന്നെ. ഇന്ത്യയിലോ!~ ഭരിക്കുന്ന മന്ത്രിസഭയും ഉദ്യോഗസ്ഥവൃന്ദവും കൂടിയാൽ ആരുമായും ഏതുതരത്തിലുമുള്ള കരാർ ഒപ്പിടാം, സൗകര്യംപോലെ പാർലമെന്റിൽ റിപ്പോർട് ചെയ്‌താൽ മതി എന്നതാണ് ഇന്നത്തെ അവസ്ഥ. നിർവഹണവിഭാഗത്തിന് നിയമ നിർമാണവിഭാഗത്തോട് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഈ അവസ്ഥ മാറ്റുക തന്നെ വേണം. അതിനുവേണ്ട ഭേദഗതികൾ ഭരണഘടനയിൽ വരുത്തുകയും വേണം. ഇത് പാർലമെന്റംഗങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ തയ്യാറാകണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രത്തിലെ, നൂറുകോടിയിലധികം വരുന്ന ജനങ്ങളുടെ, പ്രതിനിധികളായി, രാജ്യത്തിന്റെ ഭരണാധികാരച്ചുമതലയാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന ബോധം അവർക്കുണ്ടാകണം.
ആണവായുധക്ലബ്ബിലെ അംഗത്വം!
യു.എസ്.എ, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന എന്നീ അഞ്ചു രാജ്യങ്ങൾ അടങ്ങുന്ന സംഘത്തെയാണ് ?ആണവക്ലബ്ബ്? (Nuclear Club) എന്നു പറയുന്നത്. ലോകത്തിലെ ഏറ്റവും ഹീനമായ ഒരു കൂട്ടുകെട്ടാണത്. ഭൂമുഖത്തെ സകലജീവജാലങ്ങളെയും പലതവണ ചുട്ടുകരിക്കാൻ കഴിയുന്ന ആണവായുധങ്ങൾ കൈവശം വയ്‌ക്കുകയും അങ്ങനെ തങ്ങൾ ?ആണവായുധരാഷ്‌ട്രങ്ങൾ? ആണെന്നു സ്വയം പ്രഖ്യാപിക്കുകയും മറ്റാരും ഇനിമേലാൽ ആണവായുധങ്ങൾ നിർമിച്ചുകൂടാ എന്ന് ലോകത്തോട് ആജ്ഞാപിക്കത്തക്ക വങ്കത്തം കാണിക്കുകയും ചെയ്‌ത രാഷ്‌ട്രങ്ങളാണവ. ?വങ്കത്തം? എന്നു പറയുന്നതിന് കാരണമുണ്ട്. മറ്റു രാജ്യങ്ങൾ ആണവായുധങ്ങൾ ഉണ്ടാക്കുന്നത് തടയാൻ അവരെക്കൊണ്ടാകില്ല. അവർ ഈ ക്ലബ്ബ് രൂപീകരിച്ച് ?ആണവനിർവ്യാപനക്കരാറു? (NPT)മായി മുന്നോട്ടുപോകുമ്പോൾതന്നെ ഇന്ത്യയും പിന്നീട് ഇസ്രായേലും പാക്കിസ്‌താനും അണുബോമ്പുണ്ടാക്കി. ദക്ഷിണ ആഫ്രിക്കയും അർജന്റീനയും അതിനുള്ള കഴിവ് നേടി. ആണവരാഷ്‌ട്രങ്ങളിൽ അതീവബന്തവസ്സോടെ സൂക്ഷിച്ചുവെച്ചിട്ടുള്ള യുറേനിയവും പ്ലൂട്ടോണിയവും മോഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഭീകരവാദികൾ സ്വന്തമായി അണുബോമ്പുണ്ടാക്കിയെന്നു വരാം. . .
ആണവവിജ്ഞാനത്തെ രഹസ്യമായി സൂക്ഷിക്കാമെന്നും തങ്ങൾക്കു മാത്രമേ ബോമ്പുള്ളു എന്ന അവസ്ഥ നിലനിർത്താമെന്നും അങ്ങനെ ലോകത്തിന്റെമേൽ അധീശത്വം സ്ഥാപിക്കാമെന്നും ഉള്ള അമേരിക്കൻ വ്യാമോഹത്തിന്റെ സന്തതിയാണ് ആണവക്ലബ്ബും NPTയും. ആദ്യത്തെ അണുബോമ്പ് തയ്യാറാകുന്നതിനു ഒരു കൊല്ലം മുമ്പുതന്നെ, 1944 ജൂലായിൽ പ്രസിദ്ധ ശാസ്‌ത്രജ്ഞനായ നീൽസ് ബോർ അമേരിക്കൻ പ്രസിഡന്റായ റൂസ്‌വെൽറ്റിന് എഴുതുകയുണ്ടായി: ആണവബോമ്പിന്റെ ശാസ്‌ത്രവും സാങ്കേതികവിദ്യയും രഹസ്യമാക്കിവെക്കാൻ പറ്റില്ല. പുതിയൊരു രാഷ്‌ട്രതന്ത്രം ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു എന്നാണ് ആ കത്തിന്റെ സത്ത. 1945 ജൂണിൽ, ആദ്യത്തെ പരീക്ഷണബോമ്പ് പൊട്ടിക്കുന്നതിനു തൊട്ടുമുമ്പെ ഏഴു ശാസ്‌ത്രജ്ഞർ ചേർന്ന് പ്രസിഡന്റിന് ഒരു മെമ്മോറാണ്ടം നൽകി. ഫ്രാങ്ക് റിപ്പോർട് എന്ന പേരിൽ ഇത് പിന്നീട് പ്രസിദ്ധമായി. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്.
(i) അണുബോമ്പിന്റെ ശാസ്‌ത്രീയവശങ്ങൾ എല്ലാ ഭൗതികശാസ്‌ത്രജ്ഞർക്കും അറിയാം. സാങ്കേതികവശങ്ങൾ വളർത്താൻ പല രാജ്യങ്ങൾക്കും കഴിയും.
(ii) രഹസ്യമായി ബോമ്പുണ്ടാക്കി ജപ്പാനിൽ ഇട്ടാൽ അമേരിക്കയുടെ സൽപ്പേര് എന്നെന്നേക്കുമായി കളങ്കപ്പെടും. ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ ശത്രു ആയിത്തീരും അമേരിക്ക.
(iii) ഇത്രയും ഭീകരമായ ആയുധമുള്ള ഒരു രാഷ്‌ട്രത്തെ നേരിടാൻ അത്തരം ആയുധങ്ങൾ സ്വന്തമായി ഉണ്ടാക്കുകയേ നിവൃത്തിയുള്ളു എന്നു കണ്ട് മറ്റു രാഷ്‌ട്രങ്ങളും അവയുണ്ടാക്കാൻ ശ്രമിക്കും. പിന്നീട് ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ആണവായുധമത്സരം രൂപപ്പെടും.
(iv) അമേരിക്ക ഏറ്റവും അധികം വെറുക്കുന്ന, ഭയപ്പെടുന്ന സോവിയറ്റ് യൂണിയൻ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒപ്പമെത്തും.
അന്ന് അമേരിക്കൻ പ്രസിഡണ്ടും സൈനികവൃന്ദവും ഈ കത്ത് അവഗണിച്ചു. അൽമഗോർദോ മരുഭൂമിയിൽ പരീക്ഷണ ബോമ്പ് പൊട്ടിച്ചു. ?ഒരായിരം സൂര്യന്മാർ ഒരുമിച്ചുദിച്ചു പൊങ്ങിയ?പോലുള്ള അതിന്റെ തേജസ്സ് കണ്ട്, ബോമ്പിന്റെ പിതാവായ ഓപ്പൻഹൈമർ ആഹ്ലാദചിത്തനായി. എന്നാൽ അദ്ദേഹവും ജപ്പാൻ നഗരങ്ങളിൽ ബോമ്പിടുന്നതിന് എതിരായിരുന്നു. പാപത്തിൽ ജനിച്ച്, പാപത്തിൽ വളർന്ന്, പാപത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. നിർദോഷികളായ സാധാരണ ജനങ്ങളെ കൊല്ലുന്നതിൽ ഒരു മനഃസ്സാക്ഷിക്കുത്തുമില്ലാത്ത രാജ്യമാണത്. കോടിക്കണക്കിന് തദ്ദേശീയരായ അമേരിക്കൻ ഇന്ത്യന്മാരെ കൊന്നുകൊണ്ടാണല്ലോ അവർ അമേരിക്കൻ വൻകര സ്വന്തമാക്കിയത്. അവരുടെ കൂടെ ഒരു ?ക്ലബ്ബിൽ? അംഗമായിരിക്കുന്നതിൽ കൂടുതൽ അപമാനകരമായി എന്തുണ്ട്? റഷ്യയും ചൈനയും അതിൽ അംഗങ്ങളാണ് എന്നത് തന്നെ ആ രാജ്യങ്ങളുടെ ധാർമികാപചയത്തെയാണ് കുറിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ എടുത്തിരുന്ന നിലപാട്, സമ്പൂർണ നിരായുധീകരണത്തിന്റെയും സമ്പൂർണ ആണവ പരീക്ഷണനിരോധനത്തിന്റേയും (CTBT) നിലപാട് ശരിയുമായിരുന്നു. അതിൽനിന്നുള്ള പിൻവാങ്ങൽ ആശാസ്യമല്ല. ഇരു ധ്രുവലോകത്തിൽനിന്ന് സോവിയറ്റ് യൂണിയൻ പുറത്തായപ്പോൾ ആ സ്ഥാനം ഇന്ത്യ കൈക്കലാക്കണമെന്ന് മുൻ പ്രസിഡന്റ് അബ്‌ദുൾ കലാം ആഗ്രഹിക്കുകയുണ്ടായി. ഇന്ത്യ സാമ്പത്തികമായും സൈനികമായും ഒരു സൂപ്പർ പവർ ആകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ദേശസ്‌നേഹപരമായ അഭിലാഷം. ബുദ്ധന്നും ഗാന്ധിക്കും ജന്മം നൽകിയ നാടാണ് ഇന്ത്യ എന്ന് അദ്ദേഹം മറന്നുപോയി. സമൂഹത്തിലെ അസമത്വങ്ങൾ അദ്ദേഹം മറന്നുപോയി. നിർഭാഗ്യകരമായിരുന്നു അത്. എന്നാൽ മൻമോഹൻസിങ്ങും മൊണ്ടേക്‌സിങ്ങും ബുദ്ധനെയോ, ഗാന്ധിയെയോ അംഗീകരിച്ചവരല്ല. ദരിദ്രനാരായണന്മാരോട് പുച്ഛമാണ് അവർക്ക്. രാജ്യത്തെ വൻ ബിസിനസ്സിന്റെ വക്താക്കൾ മാത്രമാണവർ. വിവേചനപരമായ NPTയിൽ നമ്മൾ ഒപ്പിടണമെന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്.
IAEA പരിശോധന=
ആണവ ക്ലബ്ബിന്റെ അഹങ്കാരത്തിൽനിന്ന് ഉദയംകൊണ്ടതാണ് IAEA സുരക്ഷാ പരിശോധന എന്ന പ്രഹസനം. ഇറാക്കിൽ നാമിതു കണ്ടതാണ്. ഇറാനിലും കാണുന്നതാണ്. IAEA എന്നത് ഒരു മുഖംമൂടി മാത്രമാണ്. യഥാർഥ മുഖം അമേരിക്കയുടേതാണ്. അല്ലെങ്കിൽ, ആണവസാമഗ്രികൾ ഇറക്കുമതിചെയ്യാനുള്ള അംഗീകാരം തേടേണ്ടിയിരുന്നത് അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയിൽ (IAEA) നിന്നായിരുന്നു. അതിനുപകരം യു.എസ്.എ.യുമായാണ് ഇന്ത്യ കരാർ ഒപ്പിടുന്നത്. അമേരിക്കയുടെ അംഗീകാരം എന്നത് IAEAയുടെ അംഗീകാരത്തിനു തുല്യമാണ്. IAEAയുടെ പരിശോധന എന്നു വെച്ചാൽ അമേരിക്കയുടെ പരിശോധന എന്നു തന്നെയാണ് അർഥം. ഫലത്തിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഗവേഷണ പ്രവർത്തനങ്ങളും പരിശോധിക്കാൻ IAEAക്ക്, അമേരിക്കയ്‌ക്ക് അധികാരം നൽകുകയാണ് ?സുരക്ഷാ ഉടമ്പടി?യിലൂടെ നാം ചെയ്യുന്നത്. വിജ്ഞാനത്തെ, അറിവിനെ സമ്പത്തും മൂലധനവും ആയി കാണുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. സ്വകാര്യ സ്വത്താക്കിവെച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യാൻ അറിവിനെ ഉപയോഗിക്കുന്നു. ?ബൗദ്ധികസ്വത്തവകാശം? എന്ന അധാർമികവും ഹീനവുമായ കാഴ്‌ചപ്പാട് ഇതിൽനിന്ന് ഉടലെടുത്തതാണ്. അതിന്റെ തലതൊട്ടപ്പനാണ് അമേരിക്ക. അതിന്റെ മേൽനോട്ടത്തിലേ ഇന്ത്യയിലെ ഗവേഷണം നടക്കൂ എന്നു വച്ചാൽ അതിനർഥം, നമ്മുടെ ശാസ്‌ത്രജ്ഞന്മാർ സൃഷ്‌ടിക്കുന്ന പുതിയ അറിവുകളെല്ലാം തന്നെ നമ്മുടെതാണ് എന്നു സ്ഥാപിക്കുന്നതിനുമുമ്പുതന്നെ അമേരിക്കക്കാർ അതിന്റെമേൽ ബൗദ്ധികസ്വത്തവകാശം സ്ഥാപിക്കും എന്നതായിരിക്കും. യുറേനിയം സമ്പുഷ്‌ടീകരണത്തിന് തനതും ചെലവുകുറഞ്ഞതുമായ ഒരു സെൻട്രിഫ്യൂഗ് രീതി കണ്ടുപിടിച്ച ബ്രസീലിന്, IAEAയുടെ മേൽനോട്ടം കാരണം അതിന്റെ പേറ്റന്റ് അവകാശം സ്ഥാപിക്കാൻ കഴിയാതെ പോയി. ഇന്ത്യാഗവൺമെന്റ് IAEAയുമായുളള്ള ധാരണാപത്രത്തിന് അന്തിമ രൂപം നൽകിക്കഴിഞ്ഞു. IAEA അമേരിക്കയുടെ ?ബിനാമി? ആണെന്ന യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെ ആയിരിക്കണം ഇത് ചെയ്‌തത്. ധാരണാപത്രം ഒപ്പിട്ടാലും അതിൽനിന്ന് പിൻവാങ്ങാവുന്നതാണ്. മുഴുവൻ തുറന്നുകൊടുക്കുന്നതിനു മുമ്പെ വേണമെന്നു മാത്രം. മൊത്തം ഊർജലഭ്യത ഉറപ്പാക്കുന്നതിൽ ആണവോർജത്തിന് പരിമിതമായ പങ്കേ ഉള്ളൂ എന്നും നേരത്തെ വിഭാവനം ചെയ്‌തിരുന്ന ആണവപരിപാടിക്ക്‌് ഏറെ കോട്ടം തട്ടാതെ നമുക്കുതന്നെ അത്രയും ഉണ്ടാക്കാമെന്നും അതിനാൽ അമേരിക്കയുമായി കരാറിൽ ഒപ്പിടേണ്ടതില്ല എന്നും ബോധ്യപ്പെട്ടാൽ IAEA ആയുള്ള ധാരണകൊണ്ടു ഗുരുതരമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകാതെ സൂക്ഷിക്കാൻ കഴിയുന്നതാണ്.
സിവിലിയൻ സ്ഥാപനങ്ങളും സൈനിക സ്ഥാപനങ്ങളും
IAEAയുമായുള്ള ധാരണ നടപ്പാക്കുന്നതിന്റെ ആദ്യത്തെ പടി ഇന്ത്യയിൽ ആകെയുള്ള ആണവസ്ഥാപനങ്ങളെ സിവിലിയൻ എന്നും സൈനികം (മിലിറ്ററി) എന്നും വേർതിരിക്കലാണ്. ഇത് ഏറെ പ്രശ്‌നം സൃഷ്‌ടിക്കും. സിവിൽ സ്ഥാപനങ്ങൾ മാത്രമാണ് IAEA പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഇന്ത്യയിൽ ആണവഗവേഷണം ആരംഭിച്ചതാകട്ടെ സമാധാനപരമായ, സിവിലിയൻ, ഉപയോഗത്തിനുവേണ്ടിയാണ്. ബോമ്പുനിർമാണം അതിന്റെ അജണ്ടയിൽ ഉണ്ടായിരുന്നേയില്ല. ഒരു വശത്ത് പാക്കിസ്‌താനും ചൈനയുമായുള്ള അതിർത്തിപ്രശ്‌നങ്ങളും ചൈനാ-പാക്കിസ്‌താൻ ചങ്ങാത്തവും മറുവശത്ത് ചൈന ആണവായുധങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതുമാണ് ഇന്ത്യയെ ആണവായുധപാതയിലേക്ക് നയിച്ചത്. പൊക്രാനിൽ 1974ൽ പൊട്ടിച്ച അണുബോമ്പിന്റെ സകല പണിയും BARCയിലും ആണവോർജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് നടന്നത്. ഒരു സ്ഥാപനത്തെയും സിവിലിയൻ എന്നോ മിലിറ്ററി എന്നോ വിളിക്കാൻ പറ്റില്ല. ശാസ്‌ത്രജ്ഞരെയും, അവരുടെ പ്രവർത്തനങ്ങളെയും രണ്ടായി വേർതിരിക്കാൻ പ്രയാസമാണ്. ഫലത്തിൽ, അമേരിക്ക ഏതേതെല്ലാം സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി അവ സിവിലിയൻ സ്ഥാപനങ്ങളാണ് എന്നു പറയുന്നുവോ അവയെ അങ്ങനെ അംഗീകരിക്കേണ്ടിവരും. അവ മിലിറ്ററി സ്ഥാപനങ്ങളാണ് എന്ന് വാദിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
സൈനികപ്രവർത്തനങ്ങളുടെമേലുള്ള നിയന്ത്രണം
IAEA ആയുള്ള ധാരണയും അമേരിക്കയുമായുള്ള കരാറും സിവിലിയൻ മേഖലയ്‌ക്കു മാത്രമേ ബാധകമാകൂ, സൈനിക മേഖലയ്‌ക്ക് ബാധകമല്ല എന്നു പറയുന്നതും ?അശ്വത്ഥാമാ ഹത:? എന്ന ധർമപുത്ര വചനംപോലെ അർധസത്യത്തിൽ പൊതിഞ്ഞുവച്ച അസത്യമാണ്. ഇന്ത്യയുടെ പ്രവർത്തനങ്ങൾ ?തൃപ്‌തികരമാണ്? എന്ന് ഓരോ കൊല്ലവും പ്രസിഡണ്ട് സർട്ടിഫൈ ചെയ്യണമെന്ന് ഹൈഡ് ആക്‌റ്റിൽ അനുശാസിക്കുന്നുണ്ട്. ?തൃപ്‌തികരം? എന്ന പദപ്രയോഗത്തിന്റെ പൊരുളും വ്യക്തമാക്കുന്നുണ്ട്.
(i) ഇന്ത്യയുടെ വിദേശനയം അമേരിക്കയുടേതുമായി പൊരുത്തപ്പെട്ടിരിക്കുന്നു.
(ii) ഗൾഫ് രാജ്യങ്ങളുമായി, പ്രത്യേകിച്ചും ഇറാനുമായി, ഉള്ള ചങ്ങാത്തം ഒരു അമേരിക്കൻ വിരുദ്ധപ്രവർത്തനമായി കണക്കാക്കും.
(iii) അണുവായുധപരീക്ഷണങ്ങളെയും അപ്രകാരം കണക്കാക്കും
(iv) ഭീകരർക്കെതിരായുള്ള യുദ്ധത്തിൽ ഇന്ത്യ അമേരിക്കയോടൊപ്പം ഉണ്ടായിരിക്കും.
(v) ഇന്ത്യയുടെ ആഭ്യന്തരനയങ്ങൾ വർധമാനമായ തോതിൽ അമേരിക്കയോട് സൗഹൃദപരമായിത്തീരും.
ഇതിലൊക്കെ വീഴ്‌ചയുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ടിന് തോന്നിയാൽ മതി, ഈ കരാർ ഏകപക്ഷീയമായി അവർ റദ്ദാക്കും. അങ്ങനെ റദ്ദാക്കണമെന്നാണ് ഹൈഡ് ആക്‌റ്റ് അനുശാസിക്കുന്നത്.
ഇന്ത്യക്കും എന്നു വേണമെങ്കിലും കരാറിൽനിന്ന് പിൻവാങ്ങാം എന്ന് 123 കരാറിൽ വ്യവസ്ഥചെയ്യുന്നതായിരിക്കും. കരാർ പ്രകാരം ഏതാനും വർഷങ്ങൾ മുന്നോട്ടു നീങ്ങുന്നു എന്നു കരുതുക. ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന് നേടാനുള്ള എല്ലാ വിവരങ്ങളും അതിനകം അവർ കൈവശപ്പെടുത്തിയിരിക്കും. അമേരിക്കയിൽനിന്ന് 5,000-10,000 മെഗാവാട്ട് ശേഷിയുള്ള റിയാക്‌ടറുകൾ ഇറക്കുമതി ചെയ്‌തിരിക്കും. അതിനായി 50,000-1,00,000 കോടി രൂപ ചെലവാക്കിയിരിക്കും. അവ ഓടിക്കാനാകട്ടെ അമേരിക്ക തരുന്ന ഇന്ധനം തന്നെ വേണ്ടിവരും. ഇന്ത്യയോ അമേരിക്കയോ ആർ കരാർ റദ്ദാക്കിയാലും സംഭവിക്കുന്നത്, നമ്മുടെ റിയാക്‌ടറുകൾക്ക് ഇന്ധനം ഇല്ലാതാകും, അവ പ്രവർത്തനരഹിതമാകും എന്നതാണ്. നമ്മുടെ നിക്ഷേപം മുഴുവനും വെള്ളത്തിലാകും. അമേരിക്കയ്‌ക്കു നഷ്‌ടപ്പെടാൻ ഒന്നുമില്ല. ഏകപക്ഷീയമായി എന്തു തീരുമാനം എടുക്കാനും അമേരിക്കയ്‌ക്കു കഴിയും. അതിനുള്ള സൈനികശക്തിയും ഔദ്ധത്യവും അവർക്കുണ്ട്. ചോദ്യം ചെയ്യാൻ ഇന്ന് സോഷ്യലിസ്റ്റ് ചേരിയില്ല. ഒരു രാജ്യവുമില്ല. അമേരിക്കയെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നിലനിൽപിനേക്കാൾ എത്രയോ സുരക്ഷിതമാണ് അമേരിക്കയെ സാമ്പത്തികരംഗത്തും ശാസ്‌ത്രരംഗത്തും വെല്ലുവിളിച്ചുകൊണ്ട് ഉള്ള നിലപാട്. അഫ്‌ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ തരത്തിലുള്ള സൈനിക ഇടപെടലുകൾ ഇന്ത്യയിൽ നടത്താൻ അവർ ധൈര്യപ്പെടില്ല. ഈസ്റ്റ് ഇന്ത്യാകമ്പനി വന്നകാലത്തുള്ള ഇന്ത്യയല്ലാ ഇന്നുള്ളത്. ബലപ്രയോഗത്തിലൂടെ ഇന്ത്യയെ അധിനിവേശിക്കാൻ ശ്രമിച്ചാൽ വളരെ കടുത്തവിലയാണ് അമേരിയ്‌ക്ക അതിനു നൽകേണ്ടി വരിക. സാമ്പത്തികമായി ഇന്ത്യയെ കീഴടക്കാൻ അമേരിക്കയ്‌ക്കു കഴിയുന്നതല്ല. പക്ഷേ, ഏത് ഇന്ത്യയെ?
ഇന്ത്യയും ഭാരതവും
ഇന്ത്യ ഒരു ബഹുദേശീയരാഷ്‌ട്രമാണെന്നു പറയാറുണ്ട്. പഞ്ചാബികൾ, മറാഠികൾ, ഗുജറാത്തികൾ, തെലുങ്കർ. . . ഇത്യാദി ദേശീയതകൾ. എന്നാൽ ഇവയെ എല്ലാം മറികടന്നുകൊണ്ടുള്ള രണ്ടു ദേശീയതകൾ കാണാം - ഇന്ത്യൻ ദേശീയതയും ഭാരതദേശീയതയും. പട്ടണവാസികളായ പണക്കാരുടെ ഒരു ഇന്ത്യയുണ്ട്, ഗ്രാമവാസികളായ ദരിദ്രരുടെ ഒരു ഭാരതവുമുണ്ട്. ഗ്രാമീണഭാരതത്തെ കീഴടക്കാൻ ഒരു അമേരിക്കക്കും കഴിയില്ല. അവർക്ക് ടിവി വേണ്ട, കാറുവേണ്ട, കമ്പ്യൂട്ടർ വേണ്ട, വൈദ്യുതിപോലും വേണ്ട. ഇതൊന്നും ഇപ്പോൾ അവർക്കില്ല. വളരെ കുറച്ചുമാത്രമേ അവർക്കു വേണ്ടൂ. മണ്ണിൽ വിളയിക്കാൻവേണ്ട അറിവും കഴിവും അവർക്കുണ്ട്. നഗരജീവികളായ ഇന്ത്യക്കാരുടെ അവസ്ഥ അതല്ല. കാറും ടിവിയും കമ്പ്യൂട്ടറും ഫ്രിഡ്‌ജും മിക്‌സിയും അങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങൾ ഇല്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല. ഇവയുണ്ടാക്കാനോ, അവശ്യംവേണ്ട ആഹാരവും വസ്‌ത്രവും മറ്റും ഉണ്ടാക്കാനോ അവർക്ക് കഴിയില്ല. അതിനാൽ അമേരിക്കയുടെ പാദങ്ങളിൽ പ്രണമിക്കാൻ അവർ തയ്യാറാകും. ഭാരതം തയ്യാറാകരുത്. പക്ഷേ, ഇന്ന് ഭാരതത്തെ ഭരിക്കുന്നത് ഇന്ത്യയാണ്, നഗരത്തിലെ പണക്കാരാണ്, വൻവ്യവസായപ്രമുഖരും ഭൂവുടമകളും ആണ്. സ്വന്തം സ്വാർഥതാൽപര്യങ്ങൾക്കായി ഭാരതത്തെ വിൽക്കാൻ അവർ തയ്യാറാകുന്നതിൽ അദ്‌ഭുതപ്പെടാനില്ല.
ചൈനയും 123 കരാറും
ചൈന പണ്ടേ അമേരിക്കയുമായി ആണവസഹകരണക്കരാറിൽ ഒപ്പുവച്ചിട്ടുള്ളതാണല്ലോ? ഇന്ത്യ ഒപ്പുവെയ്‌ക്കുന്നതിനെ എതിർക്കുന്നവർ അന്ന് അതിനെ എതിർക്കാഞ്ഞത് എന്ത്? ഇന്നത്തെ എതിർപ്പ് ദുരുപദിഷ്‌ടമല്ലേ? എന്ന് ചില രാഷ്‌ട്രീയക്കാർ ചോദിക്കുന്നു. ഒന്നാമതായി രണ്ടു രാജ്യങ്ങൾ, ചൈനയും അമേരിക്കയും, തമ്മിൽ കരാറിൽ ഏർപ്പെടുമ്പോൾ മൂന്നാമതൊരു രാജ്യത്തിന്, അതിൽ അഭിപ്രായം പറയാൻ എന്താണ് അവകാശം? ഇന്ത്യയ്‌ക്ക് അത് പ്രത്യേകമായി എന്തെങ്കിലും ദോഷം ചെയ്യുമെങ്കിൽ, ഉദാഹരണത്തിനു അരുണാചലിന്റെ നല്ലൊരു ഭാഗം ചൈനയുടെതാണ് എന്ന് അംഗീകരിക്കുന്ന ഒരു കരാറിലാണ് അമേരിക്ക ഒപ്പുവയ്‌ക്കുന്നതെങ്കിൽ നമുക്ക് എതിർക്കാൻ ന്യായമുണ്ട്. ചൈന-അമേരിക്കൻ കരാർ ചൈനയ്‌ക്ക് ദോഷകരമാണ് എങ്കിൽ അതിനെ എതിർക്കേണ്ടത് ചൈനക്കാരാണ്. നമ്മളല്ല.
രണ്ടാമതും കൂടുതൽ അടിസ്ഥാനപരവും ആയ മറ്റൊരു കാര്യമുണ്ട്. ചൈന അഞ്ചംഗ ആണവക്ലബ്ബിലെ ഒരംഗമാണ്. മറ്റുള്ളവർക്ക് ബാധകമായ നിബന്ധനകളൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന് സ്വയം പ്രഖ്യാപിച്ചവരാണ് അവർ. എല്ലാവരും അത് പരസ്‌പരം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഹൈഡ് ആക്‌റ്റോ അതുപോലുള്ള മറ്റു നിയമങ്ങളോ അവർക്കുവേണ്ടി ഉണ്ടാക്കിയിട്ടില്ല. IAEAയുമായി സ്‌പെഷ്യൽ പ്രോട്ടോക്കോളും (നിബന്ധനകളും) ഉണ്ടാക്കിയിട്ടില്ല. IAEAയുടെ പരിശോധനയ്‌ക്ക് വിധേയരല്ല അവർ. വെറും ഒരു സാധാരണ വാണിജ്യക്കരാർ മാത്രമാണ് അവർ തമ്മിലുള്ളത്. തുല്യർ തമ്മിലുള്ള കരാർ മാത്രമാണത്. കരാർ റദ്ദാക്കിയാൽ രണ്ടുപേർക്കും തുല്യദോഷമാണ് ചെയ്യുക.
ആണവറിയാക്‌ടറുകൾ അപകടകരങ്ങളല്ലേ? അവ പാടെ ഉപേക്ഷിക്കുകയല്ലേ വിവേകം?
അമ്പത് കൊല്ലം മുമ്പ് ആണവശക്തി പുതിയ ഒന്ന് ആയിരുന്നു. അതിന്റെ ദോഷവശങ്ങൾ വളരെക്കുറച്ചുമാത്രമേ അറിയാമായിരുന്നുള്ളു. എന്നാൽ 1970 കളോടുകൂടി ചിത്രം ആകെ മാറി. അതിന്റെ സാമ്പത്തിക ആകർഷണീയത കുറഞ്ഞു. സാധാരണ (തെർമൽ) റിയാക്‌ടറുകൾ വഴി ഉണ്ടാക്കാവുന്ന ഊർജത്തിന്റെ അളവ് ഫോസിൽ ഇന്ധനങ്ങളിൽനിന്നു ലഭിക്കുന്നതിനേക്കാൾ കുറവാണെന്നും ബോധ്യമായി. എടുത്താലും എടുത്താലും തീരാത്ത ഒരു സ്രോതസ്സൊന്നുമല്ല അത്. സാധാരണ പ്രവർത്തനത്തിനിടക്കുതന്നെ അതിൽനിന്നും പുറത്തുവരുന്ന റേഡിയോ ആക്തീവപദാർഥങ്ങൾ ചെയ്യുന്ന അപകടത്തെക്കുറിച്ചും ബോധ്യമായി. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ അപകടം വളരെ വലുതായിരിക്കും. ഉടൻ അനുഭവപ്പെടുന്നില്ല എന്നത് ആശ്വാസകരമല്ല. ദീർഘകാലത്തേക്ക് അതിന്റെ ദോഷങ്ങൾ നിലനിൽക്കും. ത്രീമൈൽ ഐലന്റ് റിയാക്‌ടറിലും മറ്റു പല ആണവസ്ഥാപനങ്ങളിലുമുണ്ടായ അപകടങ്ങൾ അത് ശരിവെച്ചു. തീപ്പെട്ടി പോലെ സുരക്ഷിതമല്ല ആണവസ്ഥാപനങ്ങൾ എന്നു വ്യക്തമായി.
ആണവാപകടങ്ങൾ യാഥാർഥ്യങ്ങളാണ്. റിയാക്‌ടറുകളുടെ പ്രായം ഏറുംതോറും അപകടസാധ്യത വർധിക്കുന്നു. മിക്ക റിയാക്‌ടറുകളും 25-30 കൊല്ലം പഴക്കമുള്ളവയാണ്. 60 കൊല്ലംവരെ ഓടിച്ചാലേ മുതലാകൂ എന്നാണ് കമ്പനികളുടെ വാദം. താരാപ്പൂർ റിയാക്‌ടറിന് 39 വയസ്സായി. അതിന്റെ ഒപ്പം പണിത അമേരിക്കൻ റിയാക്‌ടറുകളെല്ലാം അടച്ചുപൂട്ടി. താരാപ്പൂരിൽ 220 മെഗാവാട്ടിൽ നിന്ന് ഉൽപാദനം 100 മെഗാവാട്ട് ആക്കിക്കുറച്ച് പ്രവർത്തനം തുടരുകയാണ്. മിക്ക സാങ്കേതികവിദ്യകളും, കൂടുതൽ അനുഭവം ആർജിക്കുന്ന മുറയ്‌ക്ക് ചെലവ് കുറഞ്ഞുവരികയാണ് ചെയ്യുന്നത്. പഠനവക്രത്തിലൂടെ (learning curve) മുന്നോട്ടുനീങ്ങുമ്പോൾ കാര്യങ്ങൾ കൂടുതൽ ലാഭകരമാകുമെന്നാണ് വെപ്പ്. വിവരസാങ്കേതികവിദ്യ ഇതിന് ഉത്തമ ഉദഹരണമാണ്. എന്നാൽ ആണവനിലയങ്ങളുടെ കാര്യത്തിൽ സംഗതി തിരിച്ചാണ്. അനുഭവങ്ങൾ ആർജിക്കുന്ന മുറയ്‌ക്ക് അപകടങ്ങൾ കൂടുതൽ വ്യക്തമാവുകയും ചെലവു വർധിക്കുകയുമാണ് ചെയ്‌തിട്ടുള്ളത്.
എന്നാൽ അതിനേക്കാളും ഒക്കെ വലിയ ഒരു പ്രശ്‌നമുണ്ട്. അത് അന്നുതന്നെ അറിയാമായിരുന്നു. എന്നാൽ രണ്ടുമൂന്നു പതിറ്റാണ്ടിനുള്ളിൽ അവയ്‌ക്കു സാങ്കേതിക പരിഹാരം കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷകളെല്ലാം തകർന്നു. ആണവമാലിന്യങ്ങളുടെ അന്തിമസംസ്‌കരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും ശാസ്‌ത്രലോകം ഒരു പൊതുധാരണയിൽ എത്തിയിട്ടില്ല. ആണവ യുഗം ആരംഭിച്ച നാൾ (1942ൽ ചിക്കാഗോയിലെ ഫെർമിപൈൽ ക്രിറ്റിക്കൽ ആയ നാൾ) മുതൽ ഇന്നേവരെയുണ്ടാക്കിയിട്ടുള്ള റേഡിയോ ആക്തീവ മാലിന്യങ്ങൾ മുഴുവനും അന്ത്യവിശ്രമസ്ഥാനം കാത്ത് കിടക്കുകയാണ് ഇന്നും. ഇവയുടെ റേഡിയോ ആക്തീവത ശതാബ്‌ദങ്ങളും സഹസ്രാബ്‌ദങ്ങളും നീണ്ടുനിൽക്കും. തുടർച്ചയായി തണുപ്പിച്ചില്ലെങ്കിൽ അവ ചൂടുപിടിച്ച് ഉരുകും. മാലിന്യങ്ങളെ മണലുമായി കൂട്ടിച്ചേർത്ത് ഉരുക്കി ഗ്ലാസ് പരുവത്തിലാക്കി, സ്റ്റീൽ സിലിണ്ടറുകളിൽ ഇട്ട് ഭദ്രമായി അടച്ച്, യൂക്കാ പർവതനിരകളിലെ കരിങ്കൽ പാറകൾ തുരന്ന് അതിൽ നിക്ഷേപിച്ച് വായ അടച്ചുമൂടുക - ഇതാണ് ഇന്ന് അമേരിക്ക അംഗീകരിച്ചിരിക്കുന്ന നടപടിക്രമം. പല ശാസ്‌ത്രജ്ഞരും ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ സംഗതി സാങ്കേതികം എന്നതിനേക്കാൾ കൂടുതൽ ദാർശനികമാണ്. ആണവ വികിരണമാകുന്ന ഭൂതത്തെ ആയിരത്താണ്ടുകളോളം കാത്തുസൂക്ഷിക്കുക എന്ന ഉത്തരവാദിത്തം ഭാവിതലമുറകളിന്മേൽ അവരുടെ സമ്മതം ആരായാതെതന്നെ അടിച്ചേൽപിക്കുന്നതിന്റെ ധാർമികതയാണ് പ്രശ്‌നം. ഇന്നത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ ഭൂമിയെ അടുത്ത തലമുറയ്‌ക്ക് കൈമാറുന്നതിനു പകരം നാം ദുരുപയോഗം ചെയ്‌ത് ഊർജം സൃഷ്‌ടിച്ച മാലിന്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ചുമതലയാണ് വരുംതലമുറകൾക്ക് നൽകുന്നത്. അന്യായമാണിത്, അധർമമാണിത്. യുറേനിയത്തിൽനിന്ന് ഇന്നത്തെ രീതിയിലുള്ള തെർമൽ റിയാക്‌ടറുകളിലൂടെ ലഭ്യമാക്കാവുന്ന ഊർജം വളരെ പരിമിതമാണ്. ബ്രീഡർ റിയാക്‌ടറുകൾ പ്രാവർത്തികമായാൽ മാത്രമേ ഈ പരിമിതി മറികടക്കാനാകൂ.
ബ്രീഡറുകൾ നാളത്തെ റിയാക്‌ടറുകൾ
ആണവ ശാസ്‌ത്രജ്ഞരുടെ ഇടയിൽ പ്രചാരമുള്ള ഒരു പറച്ചിലുണ്ട്: ?ബ്രീഡറുകൾ നാളത്തെ റിയാക്‌ടറുകൾ ആണ്. എന്നും അങ്ങനെതന്നെ ആയിരിക്കും? -അതായത് ഒരിക്കലും ബ്രീഡറുകൾ സാങ്കേതികമായി പ്രചാരത്തിൽ വരുന്നതല്ല എന്ന്. റിയാക്‌ടറുകൾ പ്രവർത്തിക്കുമ്പോൾ യുറേനിയത്തിലെ U235 എന്ന ഐസോടോപ്പാണ് പിളർന്ന് ഊർജമുണ്ടാകുന്നത്. അതോടൊപ്പം അങ്ങിങ്ങായി യുറേനിയം-238ൽ ന്യൂട്രോണുകൾ കടന്നുകയറി അതിനെ പ്ലൂട്ടോണിയം-239 എന്ന മൂലകമാക്കി മാറ്റുകയും ചെയ്യുന്നു. ഈ Pu239 യുറേനിയം-235നെപ്പോലെതന്നെ പിളരുന്നതാണ് - അത് ഒരു പിളരും മൂലകമാണ്. രാജസ്ഥാനിലും നറോറയിലും ഒക്കെയുള്ള മർദിതഘനജലറിയാക്‌ടറുകളിൽ (PHWR), ഒരു ഗ്രാം യുറേനിയം-235 പിളരുമ്പോൾ 0.3-0.4 ഗ്രാം പ്ലൂട്ടോണിയം സൃഷ്‌ടിക്കപ്പെടുന്നതാണ്. മറ്റൊരുതരം റിയാക്‌ടറുകൾ കൂടി അഭികൽപന ചെയ്യപ്പെട്ടിട്ടുണ്ട്, നിർമിക്കപ്പെട്ടിട്ടുണ്ട്. അതിൽ ശീതകാരി ആയി ഉപയോഗിക്കുന്നത് ഉരുകിയ സോഡിയമാണ്. ന്യൂട്രോൺ വേഗം കുറയ്‌ക്കുന്ന മന്ദീകാരികളില്ല. ഇത്തരം റിയാക്‌ടറുകൾ സമർഥമായി അഭികൽപന ചെയ്യുകയാണെങ്കിൽ, അവയിൽ ഒരു ഗ്രാം യുറേനിയം-235 ?കത്തു?മ്പോൾ - പിളരുമ്പോൾ - ഒരു ഗ്രാമിൽ കുറച്ച് കൂടുതൽ, 1.10-1.20ഗ്രാം, പ്ലൂട്ടോണിയം ഉണ്ടാക്കാൻ പറ്റുന്നതാണ്. അതായത് കത്തിയതിനേക്കാൾ കൂടുതൽ ഇന്ധനം സൃഷ്‌ടിക്കപ്പെടുന്നു. ഈ പ്ലൂട്ടോണിയം ഉപയോഗിച്ച് അതിലും കൂടുതൽ പ്ലൂട്ടോണിയം ഉണ്ടാക്കാം. തുടർച്ചയായ പ്രജനനം - breeding - നടക്കുന്നു. അതുകൊണ്ടാണ് ബ്രീഡർ റിയാക്‌ടറുകൾ എന്ന് അവയെ വിളിക്കുന്നത്. ഈ സാധ്യതയാണ്, അത് മാത്രമാണ് ആണവോർജത്തിന് ഭാവിപ്രാധാന്യം നൽകുന്നത്. സൈദ്ധാന്തികമായ സാധ്യതയെ പ്രായോഗികമാക്കാനുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടായി നടക്കുകയാണ്. ഒട്ടനവധി പരീക്ഷണ റിയാക്‌ടറുകൾ നിർമിക്കപ്പെടുകയുണ്ടായി. അവയിൽനിന്നു കിട്ടിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അർധവാണിജ്യാടിസ്ഥാനത്തിലുള്ള റിയാക്‌ടറുകളും നിർമിച്ചിട്ടുണ്ട്, അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ജപ്പാനിലും ഒക്കെ. ഉരുകിയ സോഡിയം അത്ര സുഖമുള്ള വസ്‌തുവൊന്നുമല്ല. തീപ്പിടിക്കാൻ ഏറെ സാധ്യതയുണ്ട്. വെള്ളവുമായി കൂട്ടിത്തൊട്ടാൽ പൊട്ടിത്തെറി ഉണ്ടാകും. നീരാവി ഉണ്ടാക്കാൻ കുഴലുകളിൽ ഉരുക്കിയ സോഡിയവും പുറത്ത് മർദിതജലവും ഉള്ള താപവിനിമേയികൾ വേണം. റിയാക്‌ടറിന്റെ അത്രയോ കൂടുതലോ അപകടസാധ്യതയുള്ള ഒരു സാമഗ്രിയാണിത്. അപകടങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഒരു രാജ്യത്തും ഇന്നേവരെ ആയി പൂർണമായും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡറുകൾ ഉണ്ടായിട്ടില്ല. ഇടയ്‌ക്ക് എന്തെങ്കിലും അപകടമുണ്ടാകും. നീണ്ടകാലത്തേക്ക്, കൊല്ലങ്ങളോളം, എല്ലാം അടച്ചിടേണ്ടിവരും. ഇന്ത്യയും ബ്രീഡർ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മുപ്പതുകൊല്ലം മുമ്പുതന്നെ ആരംഭിച്ചതാണ്. ഫ്രാൻസുമായി സഹകരിച്ചുകൊണ്ടാണ് ആരംഭിച്ചത്. ആദ്യം ഒരു പരീക്ഷണ റിയാക്‌ടർ ഉണ്ടാക്കി. അതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ 500 മെഗാവാട്ട് ശേഷിയുള്ള ഒരു പ്രോട്ടോടൈപ്പ് (അർധവാണിജ്യം) റിയാക്‌ടറിന്റെ നിർമാണം തീരാറായി. എന്നാൽ, പ്രവർത്തിപ്പിച്ചു തുടങ്ങുമ്പോൾ എന്തെന്ത് പ്രശ്‌നങ്ങളാണ് ഉണ്ടാവുക എന്ന് ഇന്ന് ആർക്കും പറയാൻ പറ്റില്ല. അതിന്റെ അടിസ്ഥാനത്തിൽ ദീർഘവും ബൃഹത്തുമായ ഒരു പരിപാടി വിഭാവനം ചെയ്യാൻ ഇന്നു സാധ്യമല്ല. 2030 ആകുമ്പോഴക്കും 20,000-30,000 മെഗാവാട്ട് ബ്രീഡർ റിയാക്‌ടറുകൾ ഉണ്ടാക്കും എന്ന അവകാശവാദത്തിന് വേണ്ടത്ര അടിസ്ഥാനമില്ല. പക്ഷേ, ഇതിന് അവശ്യം വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടാക്കാൻ, ഇന്ത്യക്കു തനിയെ നിർമിക്കാൻ പറ്റുന്ന 10,000 മെഗാവാട്ട് ശേഷിപോര, 10,000 മെഗാവാട്ടുകൂടി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യണം എന്നാണ് മൻമോഹൻസിങ്ങ് വാദിക്കുന്നത്. ഇന്ത്യയിൽ ഇന്നു പ്രവർത്തിക്കുന്ന 17 റിയാക്‌ടറുകൾ എല്ലാം കൂടി ഇതേവരെ ആയി 15 ടൺ പ്ലൂട്ടോണിയം ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമത് ഒരു ബ്രീഡർ റിയാക്‌ടറിന്റെ പണി ആരംഭിക്കുന്നതിനുമുമ്പ് ഇപ്പോൾ നിർമിച്ചുവരുന്ന റിയാക്‌ടറിൽനിന്ന് ചുരുങ്ങിയത് 4-5 കൊല്ലത്തെ പ്രവർത്തനാനുഭവം സഞ്ചയിക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് 6-7 കൊല്ലമെങ്കിലും പിടിക്കും അടുത്ത റിയാക്‌ടറിന് ഇന്ധനം ആവശ്യമായിത്തീരാൻ. ഈ പത്തുകൊല്ലത്തിനുള്ളിൽ 15-20 ടൺ പ്ലൂട്ടോണിയം കൂടി ഉൽപാദിപ്പിക്കാൻ പറ്റും. പ്ലൂട്ടോണിയത്തിന്റെ കുറവുകൊണ്ട്‌്, ബ്രീഡർ റിയാക്‌ടർ പ്രോഗ്രാം അവതാളത്തിലാകില്ല. അതിനായി കൂടംകുളം തരത്തിൽപെട്ട റിയാക്‌ടറുകൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യണമെന്നു പറയുന്നതിൽ അടിസ്ഥാനമില്ല.
1950 കളിലും 1960കളിലും ഭാഭ വിഭാവനം ചെയ്‌തിരുന്ന പോലല്ല സംഗതികൾ നീങ്ങുന്നത്. പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ഫാസ്റ്റ് ബ്രീഡറുകളിൽതന്നെ തോറിയം ജാക്കറ്റുകളിലായി യുറേനിയം-233 ഉണ്ടാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സാധ്യമല്ല എന്ന് വന്നപ്പോഴാണ്, പുഷ്‌ടിപ്പെടുത്തിയ യുറേനിയം ഇന്ധനവും ഘനജലത്തെ മന്ദീകാരിയും മർദിതജലത്തെ ശീതകാരിയും ആയി ഉപയോഗിച്ചുകൊണ്ടുള്ള അഡ്വാൻസ്‌ഡ് ഹെവി വാട്ടർ റിയാക്‌ടർ (AHWR) എന്ന സങ്കൽപത്തിലെത്തിയത്. അത് ഇപ്പോഴും അഭികൽപനാഘട്ടത്തിലാണ്. അത്തരം റിയാക്‌ടറുകളിലാണ് മൂന്നാം ഘട്ടത്തിലേക്കാവശ്യമായ യുറേനിയം-233 ഉൽപാദിപ്പിക്കുന്നത്. റിയാക്‌ടറുകൾ നിർമിച്ച്, പ്രവർത്തിപ്പിച്ച് അതിൽനിന്ന് ഗണ്യമായ അളവിൽ യുറേനിയം-233 ലഭ്യമാക്കാൻ 20-30 കൊല്ലം പിടിക്കും. തോറിയത്തിൽനിന്ന് യുറേനിയം-233 വേർതിരിച്ചെടുക്കാൻ പ്ലൂട്ടോണിയത്തിനേക്കാൾ ഏറെ പ്രയാസകരമാണ്. അതിനുള്ള പ്ലാന്റുകൾ ഉണ്ടാക്കി മൂന്നാം ഘട്ട റിയാക്‌ടറുകളിലെത്താൻ 50 കൊല്ലമെങ്കിലും പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാംകൊണ്ട് ഇന്ന് ധൃതിപിടിച്ച് 10,000 മെഗാവാട്ട് മർദിതജല റിയാക്‌ടറുകൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട ഒരാവശ്യവുമില്ല എന്നു വ്യക്തമാണ്. ദീർഘകാല ഭാവിയെ അത് ബാധിക്കുന്നതല്ല. ആസന്നപ്രശ്‌നങ്ങൾ പരിഹരിക്കാൻ കൽക്കരി കത്തിക്കുന്ന താപനിലയങ്ങൾ മതിയാവുകയും ചെയ്യും.
താപനിലയങ്ങൾ ആഗോളതാപനത്തിന് കാരണമാകില്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു, അപ്പോൾ.
ആഗോളതാപനത്തിൽ ഇന്ത്യയുടെ പങ്ക്
ലോകത്തെ സംബന്ധിച്ചിടത്തോളം ആഗോളതാപനം ഒരു യഥാർഥ ഭീഷണിതന്നെയാണ്. അന്തരീക്ഷത്തിൽ ഈട്ടം കൂടിവരുന്ന CO2 ആണ് ഇതിലെ ഒരു പ്രധാന കുറ്റവാളി. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്ന താപനിലയങ്ങൾ ആണ് അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ ഒരു പ്രധാന സ്രോതസ്സ്. അതിനാൽ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കുറയ്‌ക്കണം. ഇതാണ് ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ വച്ച് പത്തുകൊല്ലം മുമ്പെ എത്തിച്ചേർന്ന ലോകാഭിപ്രായം. അത് നടപ്പാക്കാനായി ഒരു നടപടിക്രമവും (ക്യോട്ടോ പ്രോട്ടോക്കോൾ) ഉണ്ടാക്കി. അമേരിക്ക അതംഗീകരിച്ചില്ല. യൂറോപ്പ് അംഗീകരിച്ചെങ്കിലും മുന്നോട്ടു ഏറെപ്പോയില്ല. ഏഷ്യൻ-ആഫ്രിക്കൻ വികസ്വരരാജ്യങ്ങൾക്ക് അവ ബാധകമല്ല. കാരണം അവയുടെ ഊർജോപഭോഗം വളരെ പരിമിതമാണ്. അവശ്യംവേണ്ട സാമ്പത്തികവളർച്ച കൈവരിക്കാൻ ഊർജ ഉപഭോഗം വർധിപ്പിക്കേണ്ടിവരും. എല്ലാവരും അംഗീകരിച്ച കാര്യമാണിത്. ഒരു ശരാശരി അമേരിക്കക്കാരൻ ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിവർഷം പുറത്തുവിടുന്നതിന്റെ 8-9 മടങ്ങ് CO2 അന്തരീക്ഷത്തിലേക്ക് വിസർജിക്കുന്നുണ്ട്. അതിന്റെ അളവ് കൂടിക്കൂടിവരികയാണ്. നമ്മൾ എത്ര കുറച്ചിട്ടും കാര്യമില്ല. ഇന്ന് പ്രതിവർഷം അന്തരീക്ഷത്തിൽ 3500 കോടി ടൺ CO2 എത്തിച്ചേരുന്നുണ്ട്. 10,000 മെഗാവാട്ട് എക്‌സ്‌ട്രാ താപനിലയം പ്രതിവർഷം പുറത്തേക്കു വിടുന്നത് 8.8 കോടി ടൺ CO2 മാത്രമാണ്. ഭാവിയിൽ അമേരിക്ക കൽക്കരിനിലയങ്ങൾ നിർമിക്കുകയില്ലെന്നും ഇന്നുള്ളവതന്നെ അടച്ചുപൂട്ടുമെന്നും തത്‌സ്ഥാനത്ത് ആണവനിലയങ്ങൾ സ്ഥാപിക്കുമെന്നും തീരുമാനിച്ചാൽ CO2 വിസർജനത്തിൽ നൂറ്റുക്കണക്കിന് കോടി ടണ്ണിന്റെ കുറവു വരുത്താവുന്നതാണ്. പക്ഷേ, അത് നടക്കുന്ന കാര്യമല്ല.
2030 ആകുമ്പോഴക്കും അമേരിക്കയിൽ ആണവോർജത്തിന്റെ പങ്ക് 19.0 ശതമാനത്തിൽനിന്ന് 17.2 ശതമാനമായി കുറയുകയാണ് ചെയ്യുക. എങ്കിലും മൊത്തം ആണവ ഉൽപാദനം 880 ശതകോടി (ബില്യൺ) യൂണിറ്റിൽ നിന്ന് 1042 ശതകോടി യൂണിറ്റായി വർധിക്കുമെന്നാണ് മതിപ്പ്. ഇതിനായി പുതുതായി ഏതാണ്ട് 30,000-40,000 മെഗാവാട്ട് ആണവനിലയങ്ങൾ പണിയും എന്നാണ് പറയുന്നത്. എന്നാൽ അമേരിക്കൻ ജനത ഇതംഗീകരിക്കുമെന്നതിന് ഉറപ്പൊന്നുമില്ല. അതുകൊണ്ടും CO2 വിസർജനം കുറയുകയുമില്ല. കാരണം കൽക്കരിനിലയങ്ങളുടെ എണ്ണം കൂടും, കാറുകളുടെ എണ്ണം കൂടും, ഫോസിൽ ഇന്ധനങ്ങളുടെ മൊത്തം ഉപഭോഗം കൂടും. CO2 വിസർജനം കൂടും. ഈ കാരണങ്ങൾകൊണ്ട് വരുന്ന 10-15 കൊല്ലക്കാലത്തേക്ക് കൽക്കരി നിലയങ്ങൾക്ക് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട ഒരാവശ്യവുമില്ല.
എന്നാൽ ഇന്ത്യക്ക് ഉടൻ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴും ഏതാണ്ട് 15 കോടി വീടുകളിൽ വിറക്, ചാണകം, കരിയിലകൾ മുതലായവ കത്തിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഒരു വീട്ടിൽ പ്രതിവർഷം ശരാശരി 3 ടൺ ഇന്ധനം കത്തിക്കുന്നു. അതിൽനിന്ന് ഏതാണ്ട് 4 ടൺ CO2 അന്തരീക്ഷത്തിലേക്കു വിസർജിക്കപ്പെടുന്നുണ്ട്. തീരെ ദക്ഷത കുറഞ്ഞ അടുപ്പുകളാണ് അവർ ഉപയോഗിക്കുന്നത്. കുറച്ചുകൂടി മെച്ചപ്പെട്ട അടുപ്പുകൾ ഉപയോഗിക്കുകയാണെങ്കിൽ പകുതി വിറക് ലാഭിക്കാം. അത്രയും സാമ്പത്തിക-സമയ ലാഭം. മാത്രമല്ല, അന്തരീക്ഷത്തിൽ ലയിക്കുന്ന CO2ന്റെ അളവ് പകുതിയാകും. 30 കോടി ടണ്ണിന്റെ കുറവ്. ഏതാണ്ട് 40,000 മെഗാവാട്ട് താപനിലയങ്ങൾ പുറത്തുവിടുന്നതിനു സമാനമാണിത്.
ദീർഘകാലാടിസ്ഥാനത്തിൽ CO2 വിസർജനം തീരെ ഒഴിവാക്കുകയും അന്തരീക്ഷത്തിൽ ഈട്ടം കൂടിയ അധിക CO2 തിരിച്ചെടുക്കുകയും ഒക്കെ വേണ്ടിവരും. അന്നേക്ക് സൗരഊർജം സുഭിക്ഷവും ലാഭകരവും ആകാനുള്ള സാധ്യത ഏറെയുണ്ട്. CO2വിനെ മരത്തടിയാക്കിമാറ്റി, നിർമാണ പ്രവർത്തനങ്ങൾക്കുപയോഗിച്ച് ഉത്തരവും കഴുക്കോലും ജനലും വാതിലും ഒക്കെ ആക്കി സ്ഥിരീകരിക്കുകയും ചെയ്യാം. പക്ഷേ, ഇതൊന്നും ഇപ്പോഴത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ടതല്ല.
അപ്പോൾ പിന്നെയും ചോദിക്കുന്നു ?നാടോടുമ്പോൾ നടുവേ ഓടുകയല്ലേ വിവേകം?? ലോകമാകെ ആണവോർജവുമായി മുന്നോട്ടുപോവുകയല്ലേ? ഇന്ത്യ മാത്രമായി പിറകോട്ട് നിൽക്കുന്നത് വിഡ്‌ഢിത്തമല്ലേ?
ആണവോർജം: ആഗോളചിത്രം - 2030
ആഗോളതലത്തിൽ ആണവോർജത്തിന്റെ പ്രാധാന്യം കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് പടിഞ്ഞാറൻ യൂറോപ്പിൽ ഇപ്പോൾ പ്രതിവർഷം 87,500 കോടി യൂണിറ്റാണ് ആണവനിലയങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. 2030 ആകുമ്പോഴക്കും ഇത് 54,400 കോടി യൂണിറ്റായി കുറയുകയാണ്. ലോകമാകെ എടുത്താൽ ആണവോർജത്തിന്റെ ഉൽപാദനം 2,660 ശതകോടി യൂണിറ്റിൽനിന്ന് 3,325 ശതകോടി യൂണിറ്റായി വർധിക്കുമെങ്കിലും താരതമ്യേന അതിന്റെ പങ്ക് 15.2 ശതമാനത്തിൽനിന്ന് 12.9 ശതമാനമായി കുറയുകയാണ് ചെയ്യുക. പട്ടിക നോക്കുക.
ആണവോൽപാദനത്തിന്റെ കാര്യത്തിൽ ഗണ്യമായ വർധനവ് വിഭാവനം ചെയ്യുന്നത് ചൈനയിലും ജപ്പാനിലുമാണ്. പക്ഷേ, അവരും ബ്രീഡർ റിയാക്‌ടറുകളെ അടിസ്ഥാനമാക്കിയല്ല ഭാവിയെ ആസൂത്രണം ചെയ്‌തിട്ടുള്ളത്. ഇന്ന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നാലു പ്രധാന തരം റിയാക്‌ടറുകളുടെ - PWR, BWR, PHWR, AGCR - പരിഷ്‌കരിച്ച ഡിസൈനുകൾ മാത്രമാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്.
വൈദ്യുത ഉപയോഗം ബില്യൺ യൂണിറ്റിൽ
2006 2030
മേഖല
മേഖല മൊത്തം ?ആണവം % ?മൊത്തം ആണവം %
വ. അമേരിക്ക 4137 880.7 19.0 6038 1042 17.2
ലാ. അമേരിക്ക 1172 30.5 2.6 2305 65 2.8
പ. യൂറോപ്പ് 2008 875.3 29.1 3750 544 14.5
കി. യൂറോപ്പ് 1810 322.1 17.8 2458 564 23.0
ആഫ്രിക്ക 546 10.1 1.8 988 26 2.6
മധ്യപൗരസ്‌ത്യം 1152 18.1 1.6 2116 136 6.4
തെ. കി. ഏഷ്യ 662 -- -- 1169 5.8 0.5
വിദൂരപൂർവം 4537 522.8 11.5 6961 942.0 13.5
ലോകം 17525 26597 15.2 25785 3325 12.9
എന്തുചെയ്യണം?
പാർലമെന്റിൽ നേടിയ വിശ്വാസം തനിക്ക് എന്തിനും ലൈസൻസ് തന്നതായാണ് മൻമോഹൻ സിങ്ങ് കരുതുന്നത്. അത് തെറ്റാണ്. ജനങ്ങളുടെ അംഗീകാരത്തെ അത് പ്രതിഫലിപ്പിക്കുന്നില്ല. പണത്തിനും പ്രലോഭനത്തിനും എന്തുമാത്രം ശരിയുണ്ടെന്നു മാത്രമേ അത് കാണിക്കുന്നുള്ളു. ജനങ്ങൾ വസ്‌തുതകൾ മനസ്സിലാക്കിവരുന്ന മുറയ്‌ക്ക് എതിർപ്പ് കൂടിക്കൂടി വരുന്നതാണ്, വരണം. കരാറുമായി മുന്നോട്ടുപോകുന്നതിനെ എതിർക്കണം, റിയാക്‌ടറുകൾ ഇറക്കുമതി ചെയ്യുന്നതിനെ എതിർക്കണം, ഇറക്കുമതി ചെയ്യുന്ന റിയാക്‌ടറുകൾ നിർമിക്കാൻ ഒരു സ്ഥലത്തും ഇടം കൊടുക്കരുത്. പ്രാദേശിക പ്രതിരോധങ്ങൾ ശക്തിപ്പെടുത്തണം. അവയ്‌ക്ക് ദേശീയ പിന്തുണ നൽകണം. സ്വന്തമായി അഭിപ്രായം രൂപീകരിക്കാൻ സഹായിക്കുന്നതിനായി ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണം.
അമേരിക്കയുമായുള്ള ആണവകരാർ വെറും ഊർജത്തിന്റെ കാര്യമല്ല. നാളിതുവരെ പിന്തുടർന്നു വന്ന സ്വതന്ത്രവിദേശനയത്തിന്റെ നിഷേധമാണ്; 1990കളിൽ ആരംഭിച്ച നിയോലിബറൽ നയങ്ങൾക്ക് പൂർണമായി കീഴ്‌പെടലാണ്, ആണവപാതയിലൂടെ രാജ്യത്തെ അമേരിക്കക്കുമേലുള്ള ആശ്രിതത്വത്തിലേക്ക് നയിക്കലാണ്, ജനാധിപത്യത്തിന്റെ സത്ത നിഷേധിക്കലാണ്. ഇതിനെയെല്ലാം എതിർക്കുകതന്നെ വേണം.
സംഗ്രഹം
1. ഇന്ത്യ ഒരു ഊർജപ്രതിസന്ധി നേരിടുകയാണ്. അത് പരിഹരിക്കാൻ അണുശക്തി ആവശ്യമാണ്. ഇന്ത്യയിലെ ഇന്നത്തെ ഊർജക്കമ്മി ചെലവുകുറഞ്ഞും കൂടുതൽ വേഗത്തിലും പരിഹരിക്കാൻ മറ്റു മാർഗങ്ങളുണ്ട്. ആണവോർജം ഒരു പരിഹാരവും നൽകുന്നതല്ല.
2. ഇന്ത്യ ആണവവിദ്യയിലും സാങ്കേതികവിദ്യയിലും ഒറ്റപ്പെടുത്തപ്പെട്ടിരിക്കയാണ്. ഇത് ആണവവികസനത്തേയും മറ്റു വികസനത്തേയും ദോഷകരമായി ബാധിക്കുന്നു. ?ഒറ്റപ്പെടൽ? ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യ വളർത്തുന്നതിന് സഹായിച്ചിട്ടേയുള്ളു.
3. ഇപ്പോഴുള്ള റിയാക്‌ടറുകൾക്ക് ആവശ്യമായ ഇന്ധനംപോലും ഇല്ല. റിയാക്‌ടറുകൾ പൂർണശേഷിയിൽ ഓടിക്കാൻ പ്രാകൃതിക യുറേനിയം ഇറക്കുമതി ചെയ്യേണ്ടിവരും. ഇന്നത്തെ യുറേനിയ ദൗർലഭ്യം 3-4 വർഷത്തിനുള്ളിൽ ഇവിടെത്തന്നെ പരിഹരിക്കപ്പെടുന്നതാണ്.
4. അടിയന്തിര ഊർജാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ തുടക്കത്തിൽ കുറെ ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരും. ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യുന്നത് നഷ്‌ടമാണ്.
5. ഇതൊക്കെ സാധിക്കണമെങ്കിൽ ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഒറ്റപ്പെടലിൽനിന്ന് രക്ഷപ്പെടണം. ഒറ്റപ്പെടുത്തിയത് അമേരിക്കയാണ്. അതുമായി ഉടമ്പടി ഉണ്ടാക്കുക മാത്രമേ രക്ഷയ്‌ക്ക് വഴിയുള്ളു. ഇതിനായാണ് അമേരിക്കയുമായുള്ള 123-കരാറിൽ ഒപ്പിടുന്നത്. അമേരിക്കയുടെ ?വല്യേട്ടൻ നിലപാട്? അംഗീകരിക്കരുത്. ഇന്നല്ലെങ്കിൽ നാളെ ?ഉപരോധം? പിൻവലിക്കാൻ അവർ നിർബന്ധിതരാകും. അവർക്ക് കച്ചവടം ആവശ്യമാണ്.
6. 123-കരാർ സിവിലിയൻ-ആണവ പരിപാടിയുമായി മാത്രം ബന്ധപ്പെട്ടതാണ്. ഇന്ത്യ ഫലത്തിൽ ഒരു ആണവായുധരാഷ്‌ട്രമാണെന്ന് അമേരിക്ക അംഗീകരിക്കും. എന്നാൽ ആണവസംഘത്തിൽ (ആണവായുധരാഷ്‌ട്രങ്ങളുടെ കൂട്ടത്തിൽ) കൂട്ടുന്നതല്ല. ആണവായുധ സംഘത്തിലെ അംഗത്വം അഭിമാനിക്കാവുന്ന ഒന്നല്ല. മാനവികതയുടെ ഏറ്റവും കടുത്ത നിഷേധമാണ് ആണവായുധങ്ങൾ.
7. ഫലത്തിൽ ഇന്ത്യ വിവേചനപരമായ ആണവനിർവ്യാപന കരാർ (NPT) ഒപ്പിട്ടപോലെ ആകും. ആണവ സംഘത്തിന്റെ അധീശത്വം അംഗീകരിക്കും. NPT യിൽ നാം ഒപ്പിടാതിരുന്നത് അതിന്റെ വിവേചനപരതകൊണ്ടുമാത്രമല്ല; സ്വയം ഒരു ?സൂപ്പർപവർ? ആകാനുള്ള ആഗ്രഹം കൊണ്ടു കൂടിയാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും രാജ്യം ലോകത്തിലെ രണ്ടാം സൈനികശക്തി ആയി വളരണമെന്ന് ആഗ്രഹിക്കുന്നത് അപമാനകരം തന്നെ.
8. സ്വന്തം സിവിലിയൻ ആണവസ്ഥാപനങ്ങൾ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കാൻ ഇന്ത്യ സമ്മതിക്കും. ബൗദ്ധികസ്വത്തവകാശം, പേറ്റന്റ് അവകാശം മുതലായ വൃത്തികെട്ട സമ്പ്രദായങ്ങൾക്ക് സാമൂഹിക (രാഷ്‌ട്രീയ) അംഗീകാരം നിലനിൽക്കുന്നിടത്തോളം കാലം IAEA എന്നല്ല, ഒരു സംവിധാനത്തിനും ഇന്ത്യയുടെ ഗവേഷണരംഗത്ത് പരിശോധന നടത്താൻ ഒരു ധാർമികാവകാശവുമില്ല.
9. കരാർ ഒപ്പിട്ടാൽ അമേരിക്കയും ആണവവ്യാപാരസംഘവും ഇന്ത്യയെ സഹായിക്കും. ആണവസംഘത്തിന്റെ സഹായം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
10. ഇതിനായി ഇന്ത്യയിലെ ആണവസ്ഥാപനങ്ങളെ സിവിലിയൻ, മിലിറ്ററി എന്നിങ്ങനെ വേർതിരിക്കും. ഏതിനെ ഏതിൽ പെടുത്തണമെന്ന് ഇന്ത്യക്ക് തീരുമാനിക്കാം. ഇന്ത്യയിലെ സിവിലിയൻ-സൈനിക സ്ഥാപനങ്ങൾ വേർതിരിക്കാൻ പ്രയാസമാണ്. സിവിലിയൻ സ്ഥാപനമായ BARCൽ ആണ് 1974ലെ അണുബോമ്പ് വിസ്‌ഫോടനത്തിനു വേണ്ട പ്രവർത്തനങ്ങളെല്ലാം നടന്നത്.
11. മിലിറ്ററി പ്രവർത്തനങ്ങളുടെമേൽ ഒരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. സൈനിക പ്രവർത്തനങ്ങളുടെമേൽ നിയന്ത്രണം ഉണ്ടാകില്ല എന്നു പറയുന്നത് ?അശ്വത്ഥാമാ ഹത:?- എന്ന ധർമപുത്രവചനം പോലെ അർധസത്യത്തിൽ പൊതിഞ്ഞ അസത്യമാണ്.
12. ഇന്ത്യയുമായി ഒരു പ്രത്യേക സുരക്ഷാ കരാറിൽ ഏർപ്പെടാൻ IAEAയെ അമേരിക്ക നിർബന്ധിക്കും. IAEA യുമായുണ്ടാകുന്ന പ്രത്യേക കരാർ ഇന്ത്യയുടെ ഗവേഷണസ്വാതന്ത്യത്തിന് തടസ്സമാകും.
13. ഹൈഡ് ആക്‌റ്റ് അമേരിക്കയിലെ നിയമമാണ്. അത് ഇന്ത്യയെ ഒരു തരത്തിലും ബാധിക്കുന്നതല്ല. ഹൈഡ് ആക്‌റ്റ് ഇന്ത്യയെ പരോക്ഷമായും സുനിശ്ചിതമായും ബാധിക്കുന്നതാണ്.
14. എപ്പോൾ വേണമെങ്കിലും ഇന്ത്യക്ക് കരാർ വിച്ഛേദിക്കാം. ഇന്ത്യ കരാറിൽനിന്ന് പിൻവാങ്ങിയാലും നഷ്‌ടം ഇന്ത്യക്കുതന്നെ. അമേരിക്കയ്‌ക്ക് ഒരു നഷ്‌ടവുമില്ല. ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ദോഷം ഇലയ്‌ക്കുതന്നെ.
15. അമേരിക്ക കരാർ വിച്ഛേദിച്ചാലും റിയാക്‌ടറുകൾക്ക് ആവശ്യമായ ഇന്ധനം ലഭ്യമാകും എന്ന് ഉറപ്പുവരുത്തുന്നതായിരിക്കും. ശാശ്വതമായ ഇന്ധന ലഭ്യതയൊന്നും കരാറിൽ ഇല്ല.
16. ചൈന ഇത്തരത്തിൽ ഒരു കരാർ അമേരിക്കയുമായി 20 കൊല്ലംമുമ്പുതന്നെ ഒപ്പിട്ടിട്ടുണ്ടല്ലോ.. ചൈന നേരത്തെതന്നെ ആണവ സംഘത്തിലെ അംഗമാണ്. അതിനാൽ അതിന്റെമേൽ ഉപരോധമൊന്നുമില്ല. നിർവചനപ്രകാരം തന്നെ ഉപരോധം ഉണ്ടാകാൻ പറ്റുകയുമില്ല. ചൈന ഒപ്പിട്ട 123-കരാർ ഒരു സാധാരണ കച്ചവടക്കരാർ മാത്രമാണ്. IAEA പരിശോധനക്കൊന്നും ചൈന ബാധ്യതപ്പെടുന്നില്ല.
17.കരാറിനെ എതിർക്കുന്ന എല്ലാവരും ദേശദ്രോഹികളാണ്. ദരിദ്രരെ ഉപദ്രവിക്കുന്ന ഏതു സംരംഭത്തെയും എതിർക്കുകതന്നെ വേണം. ധനികരുടെ താൽപര്യത്തിന് എതിരായിരിക്കും ദരിദ്രദേശസ്‌നേഹികൾ.
18. ആണവശക്തിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിരിക്കുന്നു, അവശേഷിക്കുന്ന - ആണവമാലിന്യസംസ്‌കരണം മുതലായവ - താമസിയാതെ പരിഹരിക്കപ്പെടും. ആണവശക്തിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങൾക്കൊന്നും ഇനിയും പരിഹാരമായിട്ടില്ല. ആണവാപകടങ്ങളുടെ സാധ്യത വർധിക്കുകയാണ്; ആണവമാലിന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ മാർഗമൊന്നുമില്ല; മൊത്തം ചെലവ് കുറഞ്ഞുവരുന്നതിനു പകരം കൂടി വരികയാണ്.
19. ഇന്ത്യൻ ആണവപരിപാടിയുടെ രണ്ടാംഘട്ടമായ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ ടെക്‌നോളജി നാം വശത്താക്കിയിരിക്കുന്നു. ഫാസ്റ്റ് ബ്രീഡർ ടെക്‌നോളജി ഇപ്പോഴും ശൈശവദശയിലാണ്. വ്യാപാരാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രീഡറും ഇല്ല.
20. അതു മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ പ്ലൂട്ടോണിയം വേണം. അതിനായി ഒന്നാം ഘട്ടത്തിലെ ശേഷി വർധിപ്പിക്കണം. ഇതിനുകൂടി വേണ്ടിയാണ് അമേരിക്കയിൽനിന്ന് റിയാക്‌ടറുകൾ ഇറക്കുമതിചെയ്യണമെന്നു പറയുന്നത്. ബ്രീഡർ റിയാക്‌ടറുകൾക്ക്‌് ആവശ്യമായത്ര പ്ലൂട്ടോണിയം ശേഖരം ഇപ്പോൾതന്നെ നമ്മുടെ കൈവശമുണ്ട്. അതിനായി മൂന്നിരട്ടി വിലകൊടുത്ത് ആണവനിലയങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല
21. തോറിയം ഉപയോഗിക്കുന്ന മൂന്നാംഘട്ടത്തിലേക്ക് താമസിയാതെ പ്രവേശിക്കാനാകും. അതോടെ ഊർജ ദൗർലഭ്യം എന്നെന്നേക്കുമായി പരിഹരിക്കപ്പെടും. തോറിയം റിയാക്‌ടറുകൾ ഇപ്പോഴും സ്വപ്‌നമാണ്. അതിന്റെ സവിശേഷ സാങ്കേതികപ്രശ്‌നങ്ങൾ അടുത്തെന്നെങ്കിലും പരിഹരിക്കപ്പെടുമെന്ന് ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നില്ല. ?തോറിയം-സുഭിക്ഷിത? ഒരു ആഗ്രഹം മാത്രമാണ്.
22. ലോകമാകെ ശോഭായമാനമായ ഒരു ആണവ ഭാവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. അത് കാണാത്തവർ അന്ധന്മാരാണ്. ആഗോളതലത്തിൽ, പ്രത്യേകിച്ച് വടക്കെ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും വരും വർഷങ്ങളിൽ അണവോർജത്തിന്റെ പങ്കു കൂടുകയില്ല, കുറയുകയാണ് ചെയ്യുക.
23. ഈ കരാർ ഒപ്പിട്ടില്ലെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരാറിലാകും. ദാരിദ്ര്യവും പട്ടിണിയും വർധിക്കും. കരാറിനെ എതിർക്കുന്നവർ ഇന്ത്യയിലെ ദരിദ്രരുടെ ശത്രുക്കളാണ്. കരാർ ഒപ്പിടുമെന്ന് ഏതാണ്ട് തീർച്ചയായിരിക്കുന്നു. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കുന്നതെങ്കിലും തടയണം. ഒരു ലക്ഷം കോടി രൂപ ചെലവാക്കി 10000 മെഗാവാട്ട് ആണവ നിലയം ഇറക്കുമതി ചെയ്യുന്നത് അപകടമാണ്. ദരിദ്രരുടെ വികസനത്തിനുവേണ്ട പണമാണ് അപഹരിക്കപ്പെടുന്നത്. 40,000 കോടി രൂപകൊണ്ട് അത്രയും വൈദ്യുതോൽപാദനശേഷി ഉണ്ടാക്കാം - കൽക്കരി നിലയങ്ങളിൽ.
24. ലോകത്തെ ആകെ ഭീഷണിപ്പെടുത്തുന്ന ആഗോളതാപനത്തിന് തടയിടാനും ആണവോർജത്തിന്റെ വികാസം സഹായിക്കും. ഫോസിൽ ഇന്ധനങ്ങൾക്ക് ഇതല്ലാതെ മറ്റു ബദൽ ഇല്ല. അതിനാൽ ആണവോർജത്തെ എതിർക്കുന്നവർ ലോകത്തിന്റെ ആകെ ശത്രുക്കളാണ്. ആഗോളതാപനം ശമിപ്പിക്കുന്നതിൽ ആണവനിലയങ്ങൾക്ക് കാര്യമായ ഒരു പങ്കും വഹിക്കാൻ കഴിയില്ല. വികസിതരാജ്യങ്ങളുടെ ഫോസിൽ ഇന്ധന ഉപഭോഗം ഇന്നത്തേതിന്റെ പത്തിൽ ഒന്നായി കുറയ്‌ക്കണം; ഏറെ വൈകും മുമ്പെതന്നെ പൂർണമായും സൗരോർജത്തിലേക്കും പുതുക്കാവുന്ന മറ്റു സ്രോതസ്സുകളിലേക്കും മാറുക മാത്രമേ രക്ഷാമാർഗമുള്ളു. അതിനെതിരാണ് ഇന്നത്തെ ഗവൺമെന്റ്. ഇതൊക്കെയാണ് ?സിങ്ങ് പരിവാരം? ഉയർത്തുന്ന വാദങ്ങൾ. ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ, ഈ വാദങ്ങൾ ഓരോന്നും പൂർണമായ അസത്യമോ, അർധസത്യമോ ആണ്. ഊർജപ്രതിസന്ധിയുടെ പരിഹാരമോ, ദാരിദ്ര്യനിർമാർജനമോ അല്ല അവരുടെ ലക്ഷ്യം.
(i) സ്വതന്ത്രമായ വിദേശനയത്തിന്റെ പാത പൂർണമായും ഉപേക്ഷിച്ച് അമേരിക്കൻ സഹയാത്രികയാക്കി ഇന്ത്യയെ മാറ്റുക.
(ii) അമേരിക്കൻ കോർപറേഷനുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക
(iii) കൂട്ടത്തിൽ ഇന്ത്യയിലെ വൻകിട ബിസിനസ്സുകാർക്കും ലാഭമുണ്ടാക്കുക.