പരിഷദ് ഗീതങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:29, 16 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

അക്ഷരവാനം-മുല്ലനേഴി

അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാൻ
ഇന്നലേയോളം നാം കണ്ട കിനാവുകൾ
ഈ ജന്മം തന്നെ നേടാൻ (അക്ഷരം...)
ഉള്ളവർ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയിലില്ലാതെയാക്കാൻ
ഋതുചക്രരഥമേറി മാനവ ജീവിതം
എവിടെയും പൂക്കുന്നതാക്കാൻ

                              അക്ഷരം....

ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ
ഐകമത്യത്തിൻ വഴിയിൽ
ഒന്നായി മാനവരെത്തുന്നതും കാത്തോ-
രോണവില്ലെന്നും മുഴങ്ങും

                               അക്ഷരം.....

ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം
അമ്മ നൽകുന്ന സമ്മാ നാമൊരേ
ആകാശം നേടിയില്ലല്ലോ
അമ്മയെ ഭൂമിയെ നമ്മളെക്കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും.


ഒപ്പന-എ.കെ.ദിനേശൻ

ഫാത്തിമാബീവിക്കിതപ്പോൾ
നല്ലകാലം വന്നേ
സംങ്കടങ്ങളൊക്കെ മാറി
പുഞ്ചിരിച്ചീടുന്നേൻ
അക്ഷരങ്ങൾക്കിവൾക്കുറ്റ
തോഴിമാരാകുന്നേ
സ്വന്തമായ് മാരനൊരു
കത്തെഴുതീടുന്നേ

ബാപ്പക്കറിവില്ലിതിനാൽ പണ്ട്
സ്‌കൂളിൽ പഠിക്കാനയച്ചതില്ല
വീട്ടുതടങ്കലിലെന്നപോലെ
കുട്ടിക്കാലങ്ങൾ കഴിച്ചുപോന്നു

പൊന്നും പണവും കൊടുത്തു ബാപ്പ
നിക്കാഹ് ചെയ്തങ്ങയച്ചവളെ
മാരന്റെ വീട്ടിൽ കഴിഞ്ഞു പാവം
മാസങ്ങളങ്ങനെ നീങ്ങി വേഗം

ഒരുനാളിൽ ഫാത്തിമബീവി
ക്ലാസ്സിൽ ചേർന്ന് പഠിച്ചു തുടങ്ങി
പടിപടിയായി അക്ഷരമോരോ
നെഴുതാനായല്ലോ

പണ്ടൊക്കെ മാരന്റെ കത്തുവന്നാൽ
വായിക്കാനയലത്തേക്കോടിപ്പോകും
ഇന്നവൾ സ്വന്തമായ് വായിക്കുന്നു
കാര്യങ്ങൾ നന്നായ് ഗ്രഹീച്ചീടുന്നു

ശരിക്കുള്ളുത്തരം മടിക്കാതാരോടും
ഉരച്ചീടുന്നിന്നു ബീവി
അബലയെന്നുള്ളതസത്യമാണെന്നു
വെളിപ്പെടുത്തുന്നു ഹൂറി
അറിയാത്തോളെന്നേരപഖ്യാതി
മേലിൽ അനുവദിക്കില്ലെന്നോതി
അനന്തമായുള്ളോരറിവുനേടുവാ-
നൊരുങ്ങിയീപുതുനാരി

ആടയാഭരണങ്ങളല്ലീ
നരിയാൾക്ക് വിഭൂഷണങ്ങൾ
അക്ഷരം പഠിച്ചാതാണീ
യോമലാൾക്ക് വിഭൂഷണങ്ങൾ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത തന്തിന്നാനോ

അറിയത്തവരുണ്ടനവധികോടി
അജ്ഞതതൻ കൂരിരുളാൽ മൂടി
അതിനാലവരുടെ ദുരിതം കൂടി
കാലത്തിൻ വിളി കേട്ടെഴുന്നേൽക്കുകിൽ
കാര്യങ്ങൾ പഠിക്കാനായൊരുങ്ങീടുവിൻ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത താനിന്നാനോ


കുറവർ കളി- പി.കെ.തങ്കപ്പൻപിള്ള

ഓരയ്യ ഓരയ്യാരോ
ഓരയ്യ ഓരയ്യാരോ
കണ്ടനും കൊമരനും നാനും എങ്ങടെ
മുണ്ടീം തേവീം ചക്കിക്കൊപ്പം
ചാക്കോപ്പുള്ള പറഞ്ഞതുകേട്ട്
തെക്കൊരുദീക്കീ കൊയ്ത്തിനുപോയേ
ഓരയ്യ..
ഓരയ്യ..

കൊയ്ത്തും മെതിയും വീശിയൊണക്കലു
കച്ചീം നെല്ലും ചുമ്മിക്കേറ്റല്
പാടമൊയിഞ്ഞേ കൊയ്ത്തുകയിഞ്ഞേ
മേലാമ്മാരുടെ യറനിറയിച്ചേ
ഓരയ്യ..
ഓരയ്യ..

പതവും തീർപ്പും ചാക്കോപ്പുള്ള
ഏടനെലനിന്നതു വാങ്ങിയെടുത്തേ
എങ്ങക്കൊട്ടുകണക്കറിയില്ലേ
അങ്ങേരാകെ പറ്റിച്ചയ്യോ
ഓരയ്യ..
ഓരയ്യ..

അക്കഥ ചേന്നാ നീ പറയുമ്പം
ഏക്കും പറ്റിയപത്തം കേട്ടോ
തോട്ടത്തിപ്പണിചെയ്യാനായി
ചേക്കപ്പെന്നൊരു പുള്ള വിളിച്ചേ
ഓരയ്യ..
ഓരയ്യാ...

ഇരുപതുരൂപ തെവസക്കൂലി-
ക്കൊരുമാതം നാൻ വേലയെടുത്തേ
പണിതീർന്നൊന്നായ് കൂലീം തന്നെ
പണമെണ്ണാനെക്കറിയത്തില്ലേ
ഓരയ്യ..
ഓരയ്യ..
പഠിക്കണകൊച്ചൻ കാശേണ്ണ്യപ്പം
കളിപ്പീരറയിണേ മുന്നൂറൊള്ളേ
ബാക്കി കാശിനു നാൻ ചെന്നപ്പം
ചേക്കപ്പുപള്ളയെടുത്തിട്ടു തല്ല്യേ..
ഓരയ്യാ..
ഓരയ്യാ..

അറിവില്ലാത്തൊരു നമ്മെയിഞ്ഞനെ
പല പല കൂട്ടരുപററിക്കുന്നേ
അതിനൊരു മാറ്റത്തിനുനാമൊന്നിച്ചു-
ണരണമറിയണമക്ഷരവിദ്യ.


പുതിയ പാട്ട് -ഏഴാച്ചേരി

ഭർത്താവീശ്വരനെന്നല്ലോ
പണ്ട് മുത്തശ്ശി പഠിപ്പിച്ചു
കാലത്തെഴുന്നേറ്റാൽ വന്ദിക്കേണം
കാലുകഴുകിക്കുടിക്കേണം
ചന്ദനം പൂശിയിരുത്തേണം-നമ്മൾ
ശീലാവതിയുടെ പിന്മുറക്കാർ
ഭർത്താവു നമ്മളെ തല്ലിയാലും
നമ്മളടിമകളാണല്ലോ
മദ്യപിച്ചാലോ-സഹിക്കേണം
പട്ടിണിക്കിട്ടാൽ-പൊറുക്കണം
കണ്ടേം തെണ്ടി നിരങ്ങിയാലും നമ്മൾ
കണ്ടില്ലെന്ന് നടിക്കേണം,എല്ലാം
ഈശ്വര കൽപിതമോർക്കേണം
തിം തിമിത്തോം തെയ്താരതക
തിന്തകം താരാ തെയ്താരോ-


സംഘം1- പേരൊന്നെഴുതാനും വായിക്കാനും
ഇന്നോളമാകാത്ത പെണ്ണുങ്ങളെ
എന്താണു കണ്ണിൽ തിളതിളക്കം-നിങ്ങൾ
ക്കെന്താണു കണ്ണിൽ പുതു തിളക്കം
സംഘം2- കൂട്ടിവായിക്കാൻ പഠിച്ചു ഞങ്ങൾ
കൂട്ടത്തിൽ ഞങ്ങളിന്നൊറ്റയല്ല
കണക്കുകൂട്ടാൻ കത്തെഴുതാനും
ചങ്ങാതി വേണ്ട തുണവേണ്ട
സംഘം1-അക്ഷരമംഗലം നേടിയോരേ
പുതിയവെട്ടത്തിന്റെ കൂട്ടുകാരെ
പുത്തനായെന്തെന്നറിഞ്ഞു നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
2- ഒന്നാമതെല്ലാം തലവിധിയാണെന്ന
കന്നത്തം കാട്ടിലെറിഞ്ഞു ഞങ്ങൾ
നമ്മൾ നിനച്ചാൽ മാറ്റാൻ കഴിയാത്ത
തൊന്നുമീ മന്നിലില്ലെന്നറിഞ്ഞു
1-അക്ഷരമംഗലം നേടിയോരെ
പിന്നീടെന്തു പഠിച്ചൂ നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
പുതിയ വെട്ടത്തിന്റെ കൂട്ടുകാരെ
2-തുല്ല്യാവകാശങ്ങളുള്ള മനുഷ്യർ നാം
അടിമകളെല്ലെന്നാരറിഞ്ഞു
തുമ്മിയാൽ വാടുന്ന തൊട്ടാലുരുകുന്ന
കണ്ണീരിൻ മോളെന്ന കള്ളപ്പേര്
ഇല്ലാതാക്കണം തന്റേടം കാട്ടണം
പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം
പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന
ചങ്ങലകൾ പൊട്ടിച്ചെറിയാം
ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ
തൊളോട് തോൾ ചേർന്നുനിൽക്കാം

അക്ഷരലോകം-മുല്ലനേഴി

ഒന്നാം സംഘം
അയിലൂടെ ചെന്നിട്ടും
ഇയിലൂടെ ചെന്നിട്ടും
അക്ഷരം മാത്രം തന്നില്ല
സൂര്യനുദിച്ചിട്ടും ചന്ദ്രനുദിച്ചിട്ടും
അക്ഷരം മാത്രമുദിച്ചില്ല.

രണ്ടാം സംഘം
അക്ഷരം തന്നാൽ നിയെന്തു ചെയ്യും

ഒന്നാം സംഘം
അക്ഷരം കൊണ്ടുഞാനമ്മാനാടും

രണ്ടാം സംഘം
മേലോട്ട് നോക്കിനീയമ്മാനാടി പൊങ്ങി
മേലോട്ട് മോലോട്ട് പോയാലെ

ഒന്നാം സംഘം
അങ്ങനെ പോകുന്നതാരെന്നറിയാനും
അക്ഷരം കിട്ടീയാൽ കൊള്ളാലോ

രണ്ടാം സംഘം
സർക്കാര് നൽകുന്ന സൗജന്യമൊക്കെനീ
തൽക്കാലത്തേക്കായെടുക്കുന്നു

ഒന്നാം സംഘം
സൗജന്യം വാങ്ങേണ്ട ഗതികേടുതന്നതു
സൗകര്യം കൂടിയോരാണല്ലോ

രണ്ടാം സംഘം
അക്ഷരം കിട്ടുന്നതിൻമുമ്പീഹുങ്കെങ്കിൽ
അക്ഷരം കിട്ടിയാലെന്താകും

ഒന്നാം സംഘം
തോളത്തുകേറുവാനാരു വന്നാലും
താഴത്തെ മണ്ണുവിളിക്കൂല

രണ്ടാം സംഘം
അയ്യയ്യെ തോന്ന്യാസം കാട്ടുവാനാണങ്കിൽ
അക്ഷരം നിങ്ങൾക്ക് കിട്ടില്ല

ഒന്നാം സംഘം
തോന്നിവാസങ്ങൾക്കറുതിവരുത്തുവാൻ
അക്ഷരം ഞങ്ങൾ പഠീക്കൂലോ
നന്നായ് പഠിച്ചിട്ട് നന്നായറിഞ്ഞിട്ട്
നല്ലൊരു ലോകമുണ്ടാക്കൂലോ
നല്ല ലോകത്തിന്റെ പാട്ടുപാട്
ഇനിയുള്ളോര് മാനുഷരാകട്ടെ

എന്നും മാനവരൊന്ന്- എം.പി.സുകുമാരൻ

ഒന്നേ മാനവരൊന്നു- നമ്മുടെ
മണ്ണീ ഭൂമിയിതൊന്ന്
ഇല്ലാ ജാതിമതങ്ങളന്നീ മണ്ണി-
ലൊന്നേ മാനവരൊന്ന്
മാമരക്കൊമ്പിലായ് വീടുവച്ചപ്പൊഴു-
മീ മണ്ണിലെല്ലാരു മൊന്നു
കല്ലും വില്ലുമെടുത്തപ്പോഴും മത-
മൊന്നേ മാനവർക്കോന്ന്.
വല്ലാതെ വയർകത്തിയെരിഞ്ഞപ്പൊ-
ഴൊന്നായ് മാനവരൊന്നായ്
നല്ലാഹാരമൊരുക്കി വിശപ്പിനെ
വെല്ലാനായവരൊന്നായ്
ഗുഹകളിലൊന്നിച്ചുറങ്ങി-ജീവിത
സമരത്തിനൊന്നിച്ചിറങ്ങി
കളകളം പെയ്യുന്ന കാട്ടാറിൻ തീരങ്ങ-
ളൊരുമിച്ചുഴുതു മറിച്ചു
വിളകൊയ്യും പാട്ടിന്റെയീണത്തിലാഹ്ലാദ-
ത്തിരികൊളുത്തിയവരന്നായ്
ഇന്നും ജീവിത ചക്രം തിരിക്കുവോ
രൊന്നേ ഭൂമിയിലൊന്ന്

കിളിക്കൂട്ടം- സുകുമാർ അണ്ടലൂർ

പൈങ്കിളി പൂങ്കിളി പൂവാലൻകിളി
പാടും കിളികൾ വരുന്നു
വേവും കരളിൽ സ്‌നേഹം പകരാൻ
വേനൽ കിളികൾ വരുന്നു
പലവർണങ്ങൾ പലപല ഭാഷകൾ
പലപല വേഷങ്ങൾ
പല ദേശങ്ങൾ ഞങ്ങൾക്കെന്ന-
ലൊരേ വികാരങ്ങൾ
ശത്രുത കൊണ്ടിഹ നേടാനാവി-
ല്ലൊരു ചെറു മൺതരിയും
മിത്രതകൊണ്ടു നമുക്കു ലഭിക്കുവ
തെത്ര മനോഹരലോകം
പൈങ്കിളി...സ്‌നേഹഭരിതം ഹൃദയമുണർത്തു-
ന്നവനിയിലെന്നും സ്വർഗ്ഗം
ത്യാഗനിർഭര ജീവിതമല്ലോ
നമ്മൾതേടും പുണ്യം
കൊന്നപ്പൂങ്കുല കിങ്ങിണി ചാർത്തിയ
കുന്നിൻ ചെരുവിൽക്കൂടി
പാഞ്ഞുവരും കുളിർകാറ്റിൽ നിറയെ
പുതുമണ്ണിന്റെ സുഗന്ധം
നിവരും മർത്യനു കൂടയായ് മാറും
വിടരും നീലാകാശം
നിനവിൽപോലും നമുക്ക് മധുരം
ഹരിതം നമ്മുടെ ഭൂമി..
പൈങ്കിളി....

കിങ്ങിണിക്കൂട്ടം- എ സുഹൃത്ത്കുമാർ

കതിരണിയും പാടങ്ങൾ കൊണ്ടുവന്നെ ഞങ്ങൾ
കുളിരണിയും മേടുകൾ കണ്ടുവന്നേ
പഴമൊഴിയുടെ പടവിറങ്ങി
പനയോലത്തുമ്പിലാടി
പാടിപ്പറന്നുവാരും
കിങ്ങിണിക്കൂട്ടം കിക്കിളിക്കൂട്ടം
ഇന്നലെകൾ നമ്മിലുടെ പുനർജ്ജനിക്കും
നാളെയുടെ നാമ്പുനാട്ടി നമ്മൾ ചിരിക്കും
ഇന്നിലൂടെ നാം വളർന്നു നാടിന്റെ കരുപിടിക്കും
ഇരുളുചീന്തിപ്പുതിയ ലോക പാതയൊരുക്കും
ഇത്തിരിക്കൂട്ടം ഈ കിളിക്കൂട്ടം
അറിവുകളുടെ ഖനി തുരക്കും
നമ്മളരുതുകളുടെ കടപുഴക്കും
അഖിലരുമവിടൊന്നു ചേരും
അതുകണ്ടിട്ടാനന്ദച്ചുവടുവയ്ക്കും
ഇത്തിരിക്കൂട്ടം കിക്കിളിക്കൂട്ടം
ആരുമന്യരല്ല നമ്മിൽ
ഉച്ചനീചചിന്തിയില്ല
ഉണ്മയായൊരുറച്ചൊരൈക്യ
ബോധമുള്ളിലെന്നുമുണ്ട്
മാനവത്വമെന്ന ഗാഥ പാടി വരുന്നേ
ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം
കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

മലയാളം- ഒ.എൻ.വി. കുറുപ്പ്

കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിർമഴ
കളമധുരം മൊഴി കളമൊഴി<br / കളിപറയും മൊഴി കളിമൊഴി
മധുനിറയും മലർ മടുമലർ
മലർനിറയും വനി മലർവനി
മണിനാദം പോൽ മധുരം നമ്മുടെ
മലനാട്ടിൻ മൊഴി മലയാളം

അ ആ ഇ ഈ
അ അമ്മ അന്നം അറിവ്
ആ ആനയെഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
ഉ ഉണരുക ഉയരുക വാനിൽ
ഊ ഊറ്റം ഊനം മൗനം
എ എതിര് കതിര് പതിര്
ഏ ഏലം പൂക്കണ മലയും
ഒ ഒന്ന് ഒരുവൻ ഒടുക്കം
ഓ ഓണം ഓലേഞ്ഞാലി
ഐ ഐക്യം ഐരാവതവും
ഔ ഔചിത്യത്തിൻ മികവ്
അം അംബരമമ്പിളിമാമൻ
(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)

തിറയാട്ടം- പി.കെ.തങ്കപ്പൻപിള്ള

(ചുടല- ഒരു വശത്ത് നാറാണത്ത് പ്രാന്തൻ ഇരിക്കുന്നു-കാളികൂളികൾ കടന്നുവരുന്നു)
കാളി- ആരാ ഈ അസമയത്ത്?
പ്രാ- നീയാരാ?
കൂളി- ഊരോ പേരോ?
പ്രാ- രണ്ടും അറിയണം.
കൂളി- ജനിച്ചത് അന്ധകാരയുഗത്തിൽ. പേര് അജ്ഞാതപ്പേക്കാളി.. ആട്ടേ നീയാരാ?
പ്രാ- ഞാനൊരു മനുഷ്യൻ.
കാളി- മനുഷ്യർക്ക് അധിവസിക്കേണ്ട സമയവും സ്ഥലവുമല്ലല്ലേ ഇത്.
പ്രാ- മനുഷ്യർക്ക് എവിടേയും അധിവസിക്കാം
കാളി- തർക്കുത്തരം പറയുന്നോ, പാതിരാനേരം ചുടലയിൽ വന്ന്
പ്രാ-ഇവിടെ ചുടലയാക്കിയത് ഞാനല്ല.
കാളി- എന്റെ ചുടലനൃത്തത്തിന് സമയമായി.പേടിച്ചോടാതെ പൊയ്‌ക്കോ.. കൂളികളെ നമുക്ക് തുടങ്ങാം.
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
അന്ധകാരയുഗത്തിൽ വാണവളേ മാനവരാശി
ക്കിണ്ടലേറെ വരുത്തിവച്ചവളെ
തെയ് താരാ തെയ് താ
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
(പേടിപ്പിക്കുന്നു) പ്രാ- എന്നെ ഭയപ്പെടുത്താൻ നിന്നെക്കൊണ്ടാവില്ല. ഒന്നു പോയാട്ടെ
കാളി-ഇത്രയും പേടിയില്ലാത്ത ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിനക്ക് എന്തു വരമാണ് വേണ്ടത്?
കൂളി- ചോദിച്ചോളോ സന്തോഷം കൊണ്ടാ..
പ്രാ- എന്റെ വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിത്തരാൻ ഞാനാവശ്യപ്പെടുമെന്ന് നീ കരുതുന്നുണ്ടാവും.. നീയൊന്ന് പോയാട്ടേ.. കാളി-തികിത.. (നൃത്തം ചവിട്ടുന്നു)
ആധിവ്യാധികളുച്ച നീചത്വം ദാരിദ്ര്യപീഢനം
ബാധകൾക്കു നിദാനമായവളെ
തെയ്താര തെയ്താ തികിത..
പ്രാ- താതിന്ത താതിന്ത തോതിന്ത തെയ് തെയ്
താതിന്ത താതിന്ത തോതിന്ത തെയ് തെയ്
എന്നെയും നിന്നേയും കാക്കുന്ന പന്തം
എന്നെന്നും ലോകത്തെ മാറ്റുന്ന പന്തം
മർത്യരെ മർത്യരായ് തീർത്തൊരു പന്തം
അക്ഷരപന്തം അറിവിന്റെ പന്തം..
താതിന്ത...
ജാതിമതങ്ങൾക്കതീതമീ പന്തം
ജാതരായോർക്കൊക്കെ വേണ്ടതീ പന്തം
ചോരരാരും വന്നെടുക്കാത്ത പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കാളി-- തികിത..
ആർക്കുമവഗണനക്കൊടും ദുഖം ഏല്പിക്കുമോളെ
നാക്കുവാക്കിനിളക്കിടാത്തവളെ
തെയ് താരാ തെയ് തെയ്
തികിത.. അ
പ്രാന്തനും കൂട്ടരും
താതിന്ത..
നാളേക്കു നമ്മെ നയിക്കുന്ന പന്തം
നാടാകെ ശോഭ പരത്തുന്ന പന്തം
നാമൊന്നെന്നുള്ളിൽ വരുത്തുന്ന പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കൂളി- തികിത തകതക
മർത്യലോക പുരോഗതിക്കെതിരായ് വർത്തിക്കുമോളെ
തുഷ്ടി പോക്കി നിരാശ തന്നവളെ
തെയ് താര തെയ് താ
പ്രാന്തനും കൂട്ടരും-
പട്ടിണിക്കാരെ എടുക്കുവിൻ പന്തം
അധ്വാനിപ്പോരെ എടുക്കുവിൻ പന്തം
മർദ്ദിത പീഢിത ദുഖിതരേന്തുവിൻ
അക്ഷരപ്പന്തമറിവിന്റെ പന്തം.
കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.

മനുഷ്യൻ- എം.എസ്.മോഹനൻ

മനുഷ്യനെത്ര മനോജ്ഞപദം
മഹത്വമെന്നപദം
ഉദാത്താമേകും സംസ്‌കാരത്തിൽ
കെടാത്ത കൈത്തിരി കൈമാറി
അജയ്യനാമവൻ അനന്തമാമി
പ്രപഞ്ച സീമകൾ തേടുന്നു.
മനുഷ്യ...

മരിച്ചമനസ്സിനുടമകളെ
ഉണരുക വേഗം നിങ്ങൾ
പുതിയ യുഗത്തിൻ കരങ്ങൾ നിങ്ങളെ
മാടി വിളിക്കുന്നു
മാടിവിളിക്കുന്നു
മനുഷ്യ....
സമയരഥങ്ങൾ കുതിക്കുന്നു
കാലം പറന്നുപോകുന്നു
കൈകോർത്തൊരുമയോ
ടൊന്നായ് നീങ്ങുക
കലഹപ്രിയരായ് മാറാതെ
പുതിയൊരു പുലരിയടുത്തെത്തി
മാനവ സൗഹൃദ സൗരഭ്യമുതിരും
പുതിയ പ്രഭാതമടുത്തെത്തി
ഉണരുക വേഗം നിങ്ങൾ
ഉണരുക വേഗം നിങ്ങൾ
ഉണരു..ഉണരു.. ഉണരു..

ആരോഗ്യപാട്ട് വെള്ളില വാസു

തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ
തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ
ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....)
പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ
പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ
മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ
മയ്യത്താകാൻ നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ
ടൈഫോയ്ഡ് കോളറ ഛർദ്ദി
അതിസാരം പിള്ളവാതം
കൊക്കപ്പുഴു പാമ്പിൻ പല പല
വിരകൾ ഇവകൾ പെരുകും വേഗം
കക്കൂസുണ്ടാക്കാൻ നോക്കു
തന്താ താനാ താനാ തന്താ
തിന്നാതെ---

ഈച്ചപെരുത്താൽ ഈ വക രോഗം
വേഗം പകരും സൂക്ഷിച്ചോ
ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ
പരിസരം വൃത്തി വരുത്തിക്കോ
കൊതുകുണ്ടാകും വീടിനടുത്ത്
വെള്ളം കെട്ടി നിറുത്തേണ്ട
കൊതുകാണല്ലോ മന്തുമലമ്പനി
പകരാന ഹേതു മറക്കേണ്ട
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല
കൈകാൽ നഖം പേലും മുറിക്കൂല
തന്താ താനാ താനാ തന്താ
തിന്നാതെ..

ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ
രോഗം പലതും പകരുന്നു
വൃത്തിയിൽ നിത്യം ജീവിച്ചാലോ
തനിയേ സൗഖ്യം വളരുന്നു
നമ്മളു ചെയ്യും ദോഷം നമ്മുടെ
അയൽപക്കത്തേക്കെത്തുന്നു
നന്മ വിതച്ചാൽ വിളയും നന്മ
ശാസ്ത്രം നേർ വഴി കാട്ടുന്നു
ദിവസേന ചീക്കും തേടി
കുഴലും വയ്പിച്ചു സൂചി
കുത്തിക്കയറ്റി കടം വാങ്ങി
മെഡിക്കൽ ഷോപ്പിൽ
ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട
തന്താ താനാ താനാ തന്താ
തിന്നാതെ..

"https://wiki.kssp.in/index.php?title=പരിഷദ്_ഗീതങ്ങൾ&oldid=6382" എന്ന താളിൽനിന്ന് ശേഖരിച്ചത്