നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക
പൊതുവിദ്യാഭ്യാസ പുനർനിർമാണം; പ്രസക്തിയും പ്രാധാന്യവും
നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക | |
---|---|
ലഘുലേഖ കവർ | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ഒക്ടോബർ 2016 |
പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി അടിയന്തിരമായ ഇടപെടൽ അർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. അതിനെച്ചൊല്ലി സർക്കാർ സ്വീകരിച്ചുപോന്ന അലസത കൈവിട്ട് ഗുണപരമായ ഇടപെടലുകൾ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള ബിൽ അസംബ്ലി പാസാക്കി. മറ്റുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ആയിരം ഗവൺമെന്റ് സ്‌കൂളുകളെ ആധുനികവൽക്കരിക്കുമെന്നും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അതിനുള്ള പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനായി നാലു നിയോജകമണ്ഡലങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്വാഗതാർഹമാണ്. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടികളുമായി സർവാത്മനാ സഹകരിക്കാൻ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറുമാണ്. അതേസമയം പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിക ളെക്കുറിച്ച് സമഗ്രമായ പരിശോധന ആവശ്യമാണ്. വസ്തു നിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങൾ ഇന്ന് പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് കാരണമായിട്ടുണ്ട്. അവയെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം. വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ ഒരു കരയടുപ്പിക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്. നവലിബറൽ വിദ്യാഭ്യാസസങ്കൽപ്പത്തിന് അനുപൂരകമായാണ് കേന്ദ്രവിദ്യാഭ്യാസനയങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിനോടൊപ്പം വ്യക്തമായ ഹൈന്ദവസാംസ്‌കാരിക മാനദണ്ഡങ്ങൾ വിദ്യാഭ്യാസ ത്തിനുമേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രവിദ്യാഭ്യാസ സമീപനം ചെയ്യുന്നത്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യബോധം മുതലായവ ഉപേക്ഷിച്ചിരിക്കുന്നു. ധാർമികത, മതമൈത്രി, സാംസ്‌കാരിക ഉദ്ഗ്രഥനം തുടങ്ങിയവ പകരം വെക്കുന്നു. ബോധനപഠനരൂപങ്ങളിൽ ഹൈന്ദവഗുരുകുല രീതികളെ ആദർശവൽക്കരിക്കുന്നു. ക്യാമ്പസ് സംസ്‌കാരം, അച്ചടക്കം, അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ തുടങ്ങിയവയും അതനുസരിച്ച് നിർവചിക്കപ്പെടുന്നു. വിദ്യാലയങ്ങളുടെ ഗുണനിലവാരം പഠനഫലങ്ങളെ (ഘലമൃിശിഴ ഛൗരേീാല)െ ആധാരമാക്കി നിർവചിക്കപ്പെടുകയും പഠനഫലങ്ങളുടെ ഗുണനിലവാരം എന്നത് വ്യവസായങ്ങളെപ്പോലുള്ള ഗുണഭോക്താക്കൾ നിർവചിക്കുന്ന രീതി നിർദേശിക്കുകയും ചെയ്യുന്നു. അതനുസരിച്ചുള്ള യോഗ്യത (ാലൃശ)േ നേടാത്തവർക്ക് ഏതെങ്കിലും വിധത്തിൽ ഉള്ള നൈപുണിപരിശീലനം (ടസശഹഹ െൃേമശിശിഴ) നടത്താനുള്ള സംവിധാനമൊരുക്കുകയും അങ്ങനെ എല്ലാവരെയും തൊഴിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. വിദ്യാലയ അന്തരീക്ഷം മുഴുവൻ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി ക്രമീകരിക്കപ്പെടുന്നു. അധ്യാപകരുടെ വിന്യാസവും പരിശീലനവും അതനുസരിച്ച് നിർണയിക്കപ്പെടുന്നു. ഈ മാറ്റങ്ങൾ ഒരുവിഭാഗം മധ്യവർഗരക്ഷിതാക്കളെ തൃപ്തിപ്പെ ടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളായി മാറുകയും സ്‌കൂളുകളുടെ അന്തരീക്ഷം പരമാവധി ജാതിമതധാർമികമൂല്യങ്ങളാൽ നിർണയിക്കപ്പെടുകയും ചെയ്യുന്നത് കുട്ടികളെ അച്ചടക്കവും ലക്ഷ്യബോധവും ദൈവവിശ്വാസവുമുള്ളവ രാക്കാൻ സഹായിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. അതനുസരിച്ച് പൗരബോധത്തെയും സമൂഹജീവിതത്തെയും നിർവചിക്കുന്നവരും ധാരാളമുണ്ട്. ലിംഗപദവിയിലും പുരുഷാധിപത്യപരമായ അച്ചടക്കമാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനോടൊപ്പം സ്വന്തം മക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ശിക്ഷണവും സാങ്കേതിക മികവും വേണമെന്നും ഇവർ ആഗ്രഹിക്കുന്നു. പ്രത്യേകവിഷയങ്ങളിലുള്ള അറിവിനു പുറമെ ആശയവിനിമയശേഷി, അപഗ്രഥനശേഷി മുതലായവയിൽ ഊന്നിയുള്ള ബോധമാണ് മികവിന്റെ മാനദണ്ഡ മെന്ന് പുരോഗമനവാദികളും അഭിപ്രായപ്പെടുന്നുണ്ട്. ഇവയൊന്നും നൽകാൻ പൊതുവിദ്യാലയങ്ങൾക്കു കഴിയുന്നില്ലെന്നും പൊതു വിദ്യാലയങ്ങൾ പൊതുവിൽ അച്ചടക്കരാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും ബോധനപഠനരൂപങ്ങളിലെ മികവില്ലായ്മയുടെ കൂത്തരങ്ങാണെന്നുമുള്ള പൊതുബോധമാണ് ഇന്ന് നിലനിൽക്കുന്നത്. ചുരുക്കത്തിൽ നവലിബറൽ കച്ചവട വിദ്യാഭ്യാസ സങ്കൽപ്പം, കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ജാതിമതാധിപത്യത്തിനനുസരിച്ച ധാർമികമൂല്യങ്ങളുടെയും പൗരബോധത്തിന്റെയും പ്രചരണം, ഇവയനുസരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യസ്‌കൂൾശൃംഖല, ഇവയെ പൊതുവിൽ അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളെ പഴി ക്കുകയും ചെയ്യുന്ന വളരെ വാചാലമായ മധ്യവർഗം എന്നിവ പൊതുവിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വസ്തുനിഷ്ഠ ഘടകങ്ങളാണ്.
വെല്ലുവിളികളുടെ ആത്മനിഷ്ഠഘടകങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ന് പൊതുവിദ്യാലയങ്ങൾക്കുള്ള പ്രാപ്തിയും അതുപോലെ പരിശോധിക്കേണ്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾ വളർന്നുവന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയിഡ് മാത്രമല്ല, സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളരണമെന്നാഗ്രഹിച്ച ജനാവലിയുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടു കൂടിയാണ്. ഇതുകൊണ്ടാണ് ജാതിമത മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാലയങ്ങൾ പോലും എല്ലാവിധ വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ച് പൊതുവിദ്യാലയങ്ങളായി നിലനിന്നത്. 1957നു ശേഷം എയിഡഡ് സ്‌കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളബാധ്യത ഗവൺമെന്റ് ഏറ്റെടുത്തതും പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു. 1980കളോടെ കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രവേശനം നിശ്ചിത പ്രായഗ്രൂപ്പിൽപ്പെട്ട കുട്ടികളെ ഏതാണ്ടു മുഴുവനായി ഉൾക്കൊണ്ടിരുന്നു. ഈ സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളി ലെത്തിയ കുട്ടികളുടെ ബോധനപഠനരൂപങ്ങൾ മികവുറ്റതാക്കാനും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്‌കൂളുകളിൽ ഏർപ്പെടുത്താനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടിയിരുന്നത്. അതിനു പകരം സർക്കാർ ചെയ്തത് വിദ്യാഭ്യാസത്തിനാവശ്യമായ ഫണ്ട് വെട്ടിക്കുറയ്ക്കുകയും അൺഎയിഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ഈ നയവ്യതിയാനം പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ജനപിന്തുണയോടെ ഗ്രാമതലങ്ങളിൽ വളർന്നുവന്ന സ്‌കൂളുകൾ നിലനിൽപ്പിനുവേണ്ടി പാടുപെടുന്ന കാഴ്ചയാണ് ഉണ്ടായത്. പുതിയ അൺ എയിഡഡ് സ്‌കൂളുകളുടെ വേലിയേറ്റത്തിൽ നഗര മധ്യങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. പിന്നീട് ഡി പി ഇ പി, എസ് എസ് എ മുതലായ ഫണ്ടുകൾ വഴി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സർക്കാർ തലത്തിലുള്ള വ്യക്തമായ ആസൂത്രണത്തിന്റെയും കർമ്മപരിപാടികളുടെയും അഭാവം അവയുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിന്റെ മറ്റൊരാശ്രയം പഞ്ചായത്തുകളായിരുന്നു. ജനകീയാസൂത്രണത്തിന്റെ കാലത്തും അതിനു ശേഷവും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരവധി പരിപാടികൾ നടത്താൻ പഞ്ചായത്തുകൾക്കു കഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്ന കൃത്യമായ സംവിധാനം വളർത്തിക്കൊണ്ടുവരാൻ അപ്പോഴും കഴിഞ്ഞില്ല. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സാർവത്രിക വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ പഞ്ചായത്തുകളുടെ കൃത്യമായ പങ്കിനെക്കുറിച്ച് നിർദേശിച്ചിരുന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും വേരോട്ടമുള്ള പഞ്ചായത്ത് സംവിധാനമുള്ള കേരളത്തിൽ അതനുസരിച്ച് പഞ്ചായത്തുകളുടെ പങ്ക് നിയമപരമായി നിർവചി ക്കാൻ കഴിഞ്ഞില്ല. പ്രാദേശികതലത്തിൽ ലഭ്യമായിരുന്ന ഏറ്റവും ശക്തമായ പിന്തുണാസംവിധാനമാണ് അതുവഴി ഉപയോഗപ്പെടുത്താൻ കഴിയാതായത്. പല എയിഡഡ് സ്‌കൂളുകളും പഞ്ചായത്തുകളുടെ ഇടപെടലുകളെ പ്രതിരോധിക്കുകയും ചെയ്തു. പി ടി എകൾ, മദർ പി ടി എകൾ, പൂർവവിദ്യാർത്ഥി സമിതികൾ മുതലായവയുടെ പങ്കും പ്രധാനമായിരുന്നു. സ്റ്റാറ്റിയൂട്ടറി സംവിധാന മല്ലെങ്കിലും ഏറ്റവും വ്യാപകവും ശക്തവുമായ അധ്യാപക രക്ഷാകർതൃസമിതികളാണ് കേരളത്തിലുള്ളത്. പല സ്ഥലങ്ങളിലും ഗവൺമെന്റ് ഫണ്ടിംഗിന്റെ അഭാവത്തിൽ സ്‌കൂളുകളെ നിലനിർത്താൻ മുൻ കയ്യെടുത്തത് പി ടി എകളാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലായ ആദ്യ വർഷങ്ങളിൽ ക്ലാസ് പി ടി എകളും മദർ പി ടി എ കളും സജീവമായിരുന്നു. എന്നാൽ ഇവയെ ശക്തമായ പിന്തുണാസംവിധാനമായി നിലനിർത്താൻ കഴിഞ്ഞില്ല. പൂർവവിദ്യാർഥികളുടെ സാധ്യതകളെയും ഫലപ്രദമായി ഉപയോഗിക്കാൻ നല്ലൊരു ശതമാനം സ്‌കൂളുകൾക്കും കഴിഞ്ഞില്ല. അവരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ സാധുത നൽകാനോ സ്ഥായിയായി നിലനിർത്താനോ ഉള്ള ശ്രമങ്ങളും ഉണ്ടായില്ല. പല എയിഡഡ് സ്‌കൂളുകളും പി ടി എ കൾക്ക് പൂർണമായ അംഗീകാരം നൽകിയില്ല. മറ്റൊരു പ്രധാനഘടകം അധ്യാപകരാണ്. സ്‌കൂളുകളിലെ ബോധനപഠനരൂപങ്ങൾ മുഴുവനും മാനേജ്‌മെന്റിന്റെ നിർണായകമായ വശങ്ങളും അധ്യാപകരിലാണ് കേന്ദ്രീകരിക്കുന്നത്. അധ്യാപകവൃത്തി കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദായകമേഖലകളിലൊന്നുമാണ്. സ്‌കൂൾ വിദ്യാഭ്യാസം സാർവത്രികമായി മാറിയതോടെ അധ്യാപകർ സ്വേച്ഛാപ്രകാരം പ്രവർത്തിക്കുന്ന സേവനതൽപ്പരരായ ഒരുകൂട്ടം ആളുകൾ മാത്രമല്ല, അതിവിപുലമായ ഈ മേഖലയെ നിലനിർത്താനും ശക്തിപ്പെടുത്താനും ബാധ്യതയുള്ള ഒരു പ്രൊഫഷണൽ വിഭാഗമായി മാറേണ്ടതുണ്ടായിരുന്നു. എന്നാൽ അതനുസരിച്ചുള്ള കാലോചിതമായ പരിഷ്‌കാരങ്ങൾ അധ്യാപക പരിശീലനത്തിലോ നിയമന രൂപങ്ങളിലോ ഉണ്ടായില്ല. അധ്യാപക പരിശീലനം ക്രമേണ സ്വാശ്രയമേഖല കയ്യടക്കുകയും എൻ സി ടി ഇ അംഗീകാരത്തോടെ നടക്കുന്ന ഏകവത്സര കോഴ്‌സുകൾ അധ്യാപക പരിശീലനത്തിന്റെ രീതിയായി മാറുകയും ചെയ്തു. ജാതിമത മാനേജ്‌മെന്റുകൾ കോഴയുടെ സ്വജനപക്ഷപാതിത്വത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന പതിവ് തുടർന്നു. ഗവൺമെന്റ് സ്‌കൂളുകളിൽ ഭേദപ്പെട്ട നിലവാരമുള്ളവർ നിയമിക്കപ്പെട്ടുവെങ്കിലും ട്രാൻസ്ഫറുകളും നിയമിക്കപ്പെട്ട സ്‌കൂളുകളിലെ സാഹചര്യങ്ങളോട് ഒത്തുപോകുന്നതിൽ വന്ന അപാകതകളും അധ്യാപകരുടെ പ്രവർത്തനത്തെ ബാധിച്ചു. സ്‌കൂളുകളുടെ പ്രവർത്തനത്തിൽ ആവശ്യം വേണ്ട ടീംവർക്ക് സാധ്യമായിരുന്നെങ്കിലും അധ്യാപക രുടെ ശേഷിക്കുറവും മാനേജ്‌മെന്റുകളുടെ ഇടപെടലുകളും ബാധിച്ചു. ഇതിനെയെല്ലാം മറികടന്ന് മികവോടെ പ്രവർത്തിക്കാൻ കഴിഞ്ഞ സ്‌കൂളുകളും നമുക്കുണ്ട്. ചിലപ്പോൾ ഭാവനാശാലികളായ പ്രധാനാധ്യാപകർക്ക് ശക്തമായ പിന്തുണാസംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാലയാന്തരീക്ഷം മുഴുവൻ മാറ്റിമറിക്കാൻ കഴിഞ്ഞ അനുഭവങ്ങളുമുണ്ട്. നല്ലൊരു ശതമാനം സ്‌കൂളുകളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നു എന്നു മാത്രം. ഇന്ത്യയിൽത്തന്നെ ഏറ്റവും വികേന്ദ്രീകൃതവും വ്യാപ്തിയുള്ള തുമായ വിദ്യാഭ്യാസഭരണ സംവിധാനമാണ് നമുക്കുള്ളത്. അവരിൽ സ്‌കൂളുകളുമായി ബന്ധപ്പെട്ട തലങ്ങളിലെല്ലാം (എ ഇ ഓ, ഡി ഇ ഒ) നിർവഹണം നടത്തുന്നത് അധ്യാപകർ തന്നെയാണ്. എന്നാൽ സ്‌കൂളുകളിൽ നടക്കുന്ന പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലപ്രദമായ മോണിട്ടറിംഗ് സംവിധാനമായി പ്രവർത്തിക്കാൻ ഈ ഭരണസംവി ധാനത്തിന് കഴിഞ്ഞിട്ടില്ല. അധ്യാപകരുടെ സ്ഥലംമാറ്റമടക്കം താഴെത്തട്ടിൽ തീരുമാനിക്കുന്ന ഭരണസംവിധാനമാണിതെന്നോർക്കണം. പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനോ സ്‌കൂളുകളുടെ പ്രവേശനത്തിൽ വരുന്ന ഇടിവ് തടയാനോ, പാഠ്യ പദ്ധതി പോലെയുള്ള മാറ്റങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് ക്രിയാത്മകമായി നടപ്പിലാക്കാനോ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞിവിതരണം, സ്‌കൂൾ ആരോഗ്യപരിപാടി മുതലായ പ്രവർ ത്തനങ്ങൾ പോലും ഫലപ്രദമായി നടക്കുമെന്നുറപ്പുവരുത്താനും ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. ഈ ദൗർബല്യം ഏറ്റവും വ്യക്തമായി പ്രകടമായത് കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അതിന് ഉദാഹരണമാണ്. 1997-2001 ഘട്ടത്തിൽ ഡി പി ഇ പി പ്രൊജക്ട് നിർദേശിച്ച നിർവഹണരീതിയിലൂടെ ലോവർ പ്രൈമറി തല പാഠ പുസ്തകങ്ങളും ബോധനരൂപങ്ങളും സ്‌കൂളുകളിലെത്തിക്കാൻ കഴിഞ്ഞു. എന്നാൽ 2001ൽ പ്രൊജക്ട് അവസാനിപ്പിച്ചതിനുശേഷം, പാഠ്യപദ്ധതിയുടെ പരിപ്രേക്ഷ്യം ഉൾക്കൊണ്ട് അക്കാദമിക് തലത്തിൽ വേണ്ട മാറ്റം വരുത്താനോ കൃത്യമായ പോഷണ പരിശീലന രൂപങ്ങൾ കൊണ്ടുവരാനോ വിദ്യാഭ്യാസ വകുപ്പിനു സാധിച്ചില്ല. പാഠ്യ പദ്ധതിയെക്കുറിച്ച് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി പറയാനോ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉയർത്തിക്കാട്ടാനോ വകുപ്പിനു സാധിച്ചില്ല. വിദ്യാഭ്യാസവകുപ്പിന്റെ അക്കാദമിക് നിർവഹണത്തിന്റെയും മോണിട്ടറിംഗിന്റെയും ദൗർബല്യങ്ങൾ പാഠ്യപദ്ധതിയുടെ ഗുണ പരമായ വശങ്ങളെപ്പോലും പൊതുജനമധ്യത്തിൽ ഇകഴ്ത്തി ക്കാട്ടുന്നതിലേക്കെത്തിച്ചു. പരീക്ഷാപരിഷ്‌കാരങ്ങളുടെയും എസ് എസ് എൽ സി വിജയശതമാനം വർധിപ്പിക്കുന്നതിൽ സ്‌കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങളുടെയും ഫലമായി എസ് എസ് എൽ സി വിജയശതമാനത്തിൽ ഉണ്ടായ വർധന പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങളുടെ സാധ്യതകളെ തന്നെയാണ് കാണിക്കുന്നത്. അതേസമയം വിവിധ പഠന റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതുപോലെ ഗണിതം, ഇംഗ്ലീഷ് മുതലായ വിഷയങ്ങളിലെ ദൗർബല്യം മേൽസൂചിപ്പിച്ച ദൗർബല്യങ്ങളുടെ തുടർച്ചയായും കാണാൻ കഴിയും.. ഇതിന്റെ പ്രധാന കാരണം 'ആൾ പ്രൊമോഷനാ'ണെന്നും മറ്റുമുള്ള വാദങ്ങൾ ആധുനിക വിദ്യാഭ്യാസ പരിപ്രേക്ഷ്യങ്ങൾ എത്ര വികലമായാണ് നാം തന്നെ ഉൾക്കൊള്ളുന്നത് എന്നതിന് തെളിവാണ്. പൊതുവിദ്യാലയങ്ങളുടെ ദൗർബല്യങ്ങൾ പരിശോധിക്കുമ്പോൾ മേൽസൂചിപ്പിച്ച രീതിയിലുള്ള ആത്മനിഷ്ഠഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതാണ്. കുട്ടികൾക്ക് അവരുടെ ശേഷികളും അഭിരുചികളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന പഠനാന്തരീക്ഷവും ഭൗതികസാഹചര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഏതു വിദ്യാലയത്തിലായാലും അത്യാവശ്യമാണ്. കൃത്രിമമായ അച്ചടക്കവും കോച്ചിങ്ങ് മുറകളും കൊണ്ട് നല്ല പരീക്ഷാഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം; അറിവും കഴിവുമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയില്ല.
പ്രതിസന്ധിയും പ്രത്യാഘാതങ്ങളും
പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി സാധാരണയായി വിശദീകരിക്കപ്പെടുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 5414 സ്‌കൂളുകളുടെയും അതുകൊണ്ട് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന അധ്യാപകരുടെയും അടിസ്ഥാനത്തിലാണ്. ഈ ഭീഷണിയുടെ മറുവശം ശ്രദ്ധിക്കപ്പെടാറില്ല. ഈ സ്‌കൂളുകളിൽ ഇന്നു പഠിക്കുന്നവർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളാണ്. കേരളത്തിലെ ആദിവാസികളും ദളിതരും തീരദേശവാസികളും മറ്റു ദരിദ്രജനവിഭാഗങ്ങളും ഇന്നും പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പ്രധാനമായി പഠിക്കുന്നത്. അത്തരം സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദൂരെയുള്ള പൊതുവിദ്യാലയങ്ങളിലേക്കു മാറേണ്ടിവരും, അല്ലെങ്കിൽ അടുത്തുള്ള അൺഎയിഡഡ് വിദ്യാലയത്തിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടിവരും. അത്തരം കുട്ടികൾ സ്‌കൂളുകളിൽ നിന്നു തന്നെ കൊഴിഞ്ഞുപോകും.
ഇതേ പ്രവണതയുടെ മറ്റൊരു രൂപം ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ തന്നെ കാണാം. അവിടെ വളർന്നുവരുന്ന ഇംഗ്ലീഷ് മീഡിയം ബാച്ചുകളാണത്. പൊതുവിദ്യാലയങ്ങളിൽ ചേരുന്നവരിൽ തന്നെ രണ്ടുതട്ടുകളുണ്ടാവുകയും അവരിൽ ഭേദപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലും ശേഷിച്ചവർ മലയാളത്തിലും പഠിക്കുന്നു. ഒരു പ്രമുഖ ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധിയുള്ളവർ ഇംഗ്ലീഷിലും ശരാശരിയിലും താഴെയുള്ളവർ മലയാളത്തിലും പഠിക്കുന്നുവെന്നതു സ്ഥിരീകരിക്കുന്ന രീതിയാണിപ്പോൾ. അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഉപരിവർഗവും പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരും തമ്മിലുള്ള വേർതിരിവ് പലരീതികളിൽ സ്ഥിരീകരിക്കുക മാത്രമല്ല താഴെത്തട്ടിലുള്ളവർ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതോടെ വളരുന്നു.
ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (ലൂൗമഹശ്യേ) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ.
പ്രതിസന്ധിയുടെ ഫലം കേരളം സാമൂഹികപരിഷ്‌കാരങ്ങളി ലൂടെയും ജനാധിപത്യപോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സാർവത്രിക ജനാധിപത്യവിദ്യാഭ്യാസ ക്രമത്തിന്റെ തകർച്ചയാണ്. ഇതിന്റെ ഫലമായി നാം അഭിമാനിച്ചുപോരുന്ന ജീവിതഗുണനിലവാരത്തിനുള്ള തിരിച്ചടിയും അനിവാര്യമാകും. സ്‌കൂൾതലത്തിൽതന്നെ കൊഴിഞ്ഞുപോകുന്നവർക്ക് സമൂഹം യോഗ്യരെന്ന് തീരുമാനിക്കുന്നവരോടൊപ്പമെത്തുക തികച്ചും അസാധ്യമാകും. അത്തരത്തിലുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കാൻ മതാധിപത്യവും ജാതീയതയും ചേർന്ന് ശ്രമിക്കുകയും ഈ സാധ്യതകൾ മുന്നിൽ കാണുമ്പോഴാണ് പൊതുവിദ്യാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രസക്തി വർധിക്കുന്നത്.
പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യനിർണയം
ആയിരം ഗവൺമെന്റ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ അന്താരാഷ്ട്ര നിലവാരം എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം തന്നെ വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റും ഔദ്യോഗിക വിദ്യാഭ്യാസ വിദഗ്ധരും അതിനു നൽകിയിരിക്കുന്ന അർത്ഥം കോർപ്പറേറ്റുകളടക്കമുള്ള ഗുണഭോക്താക്കൾക്ക് ആവശ്യമായ യോഗ്യതയുടെ ഉൽപ്പാദനം എന്നുതന്നെയാണ്. വ്യവസായികളുടെ കാഴ്ചപ്പാടിൽ നിന്ന് അതു ശരിയാകാമെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് അത്തരത്തിൽ മാത്രമായി ഒരു വിശദീകരണം സാധ്യമല്ല. സമൂഹത്തിലെ മൊത്തം ജനങ്ങളുടെ ജ്ഞാനപരവും നൈപുണീപരവുമായ സമഗ്രമായ വികാസവും ഉയർന്ന പൗരബോധവും സാമൂഹ്യാവബോധവും മൂല്യസംഹിതകളുമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും എന്നതു തന്നെയാകണം അത്യുന്നത നിലവാരത്തിന്റെ അർഥം. ഈ പുതിയ തലമുറയുടെ ജ്ഞാനവും നൈപുണിയും അന്താരാഷ്ട്രതലത്തിൽ ഏതു ജനതയോടും കിടപിടിക്കുന്നതാകണം. പൗരബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും കാര്യത്തിൽ ലോകത്തിനു തന്നെ മാർഗദർശികളാകണം. ജാതീയതയുടെയും മതാധിപത്യത്തിന്റെയും അശാസ്ത്രീയവും സങ്കുചിതവുമായ രൂപങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ല. മത-ജാതി-ലിംഗ നിരപേക്ഷവും ജനാധിപത്യപരവുമായ പഠനാന്തരീക്ഷത്തിൽ ശാസ്ത്രീയമായി, ഇന്നു ലഭ്യമായ എല്ലാ സങ്കേതങ്ങളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ നേടുന്ന അറിവും നൈപുണ്യവുമാണ് ഉന്നതനിലവാരത്തിന്റെ മാനദണ്ഡം.
ഇവ നേടിയെടുക്കാനുള്ള പഠനാന്തരീക്ഷം നൽകുന്നതിൽ ജാതിമതപരമോ ലിംഗപരമോ സാമൂഹികമോ സാമ്പത്തികമോ ആയ ഒരു വേർതിരിവും വിദ്യാർഥികളുടെ ഇടയിലോ മൊത്തം അക്കാദമിക് സമൂഹത്തിലോ പാടില്ല. സംഭാവനകൾ, ക്യാപിറ്റേഷൻഫീസ്, ഭാരിച്ച ഫീസ്, ജാതിമതപരമായ വിവേചനം, ലിംഗഭേദങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും വിദ്യാലയങ്ങളിൽ വന്നുകൂട. ഭൂരിപക്ഷം കുട്ടികളിൽ നിന്നും ഭാരിച്ച ഫീസ് ഈടാക്കി ചില കുട്ടികളെ 'ജീവകാരുണ്യ' പരമായി ഏറ്റെടുക്കുന്നതുകൊണ്ട് വിവേചനം വർധിക്കുകയേ ഉള്ളൂ. വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അത് ഒരു അവകാശമാണ്. അത് നേടാനുള്ള അർഹത എല്ലാവർക്കും ഉണ്ട് എന്ന തിരിച്ചറിവുണ്ടാകണം. അതുറപ്പുവരുത്തുന്നതിന് ഏറ്റവും ശക്തമായ മാർഗം അയൽപ്പക്കസ്‌കൂൾ തന്നെയാണ്. എല്ലാ സ്‌കൂളുകളും അയൽപ്പക്കത്തെ എല്ലാ കുട്ടികളെയും നിർബന്ധമായി പ്രവേശിപ്പിക്കണം.
സ്‌കൂളുകളുടെ വിന്യാസം ഒരു പ്രധാന പ്രശ്‌നമാണ്. അയൽപക്കത്ത് കുട്ടികൾ കുറവായതുകൊണ്ടാണ് സ്‌കൂളുകളിൽ വേണ്ടത്ര കുട്ടികൾ ഇല്ലാത്തത് എന്ന വാദം ഉന്നയിക്കാറുണ്ട്. ഈ വാദം 5414 സ്‌കൂളുകൾക്കും ബാധകമാക്കിയാൽ കേരളത്തിലെ ജനസംഖ്യ തന്നെ ഇടിയുന്നു എന്നു വാദിക്കേണ്ടിവരും. ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് പഠനസൗകര്യങ്ങളന്വേഷിച്ചുള്ള ചേക്കേറൽ, സ്‌കൂൾബസ്സുകളും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചാക്കിട്ടുപിടിത്തം, അൺഎയിഡഡ് സ്‌കൂളുകളുടെ വ്യാപനം, ജാതിമതാധിഷ്ഠിതമായ സ്‌കൂളുകളിലെ പ്രവേശനം തുടങ്ങിയവയെല്ലാം കാരണമായിട്ടുണ്ട്. എങ്കിലും സ്‌കൂളുകൾ നിലനിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ലാഭവും നഷ്ടവും കണക്കാക്കിയല്ല, സ്‌കൂളിൽ പഠിക്കാൻ കുട്ടികൾ തയ്യാറാണോ എന്നും ആ കുട്ടികൾക്കു പഠിക്കാനുള്ള സൗകര്യങ്ങളും അന്തരീക്ഷവും നൽകാൻ കഴിയുമോ എന്നതിനെയും ആസ്പദമാക്കിയാകണം. പഠിക്കുവാൻ കുട്ടികൾ തയ്യാറാണെങ്കിൽ അവർക്കുവേണ്ടി വിദ്യാലയം പ്രവർത്തിക്കണം. ഗ്രാമപ്രദേശങ്ങളിൽ ഇത്തരമൊരു നിലപാട് അനിവാര്യമാണ്. അതുപോലെ ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, ദരിദ്രർ തുടങ്ങിയവർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ ഒരു കാരണവശാലും സ്‌കൂൾ അടച്ചുപൂട്ടാൻ പാടില്ല. ഇത്തരം സ്‌കൂളുകളെയെല്ലാം നിലനിർത്തേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കണം. അവരുടെ അനുവാദത്തോടെ, ഒരു നിശ്ചിത കാലയളവിലെ (ഉദാ:മൂന്നു വർഷം) നിരീക്ഷണത്തിനു ശേഷം മാത്രമേ സ്‌കൂൾ അടച്ചുപൂട്ടാൻ പാടുള്ളൂ, അതും പൂർണമായി കുട്ടികൾ പ്രവേശനത്തിനു വരാത്തതുകൊണ്ടുമാത്രം.
ഈ കാലയളവിലാണ് സാമൂഹ്യ ഉത്തരവാദിത്തത്തോടെ സ്‌കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തേണ്ടത്. പഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസസമിതി, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവരെ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപോലെ മുനിസിപ്പൽ വിദ്യാഭ്യാസ സമിതികളും ആകാം. കോർപ്പറേഷനുകളിൽ വ്യത്യസ്ത ഡിവിഷനുകളെ ഉൾപ്പെടുത്തി ഒന്നിലധികം വിദ്യാഭ്യാസ സമിതികൾ പ്രവർത്തിപ്പിക്കാം. ഇവയുടെ നേതൃത്വത്തിലാണ് സ്‌കൂളുകൾ പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കേണ്ടത്. ഗവൺമെന്റ് സ്‌കൂളുകളും സഹകരിക്കാൻ തയ്യാറുള്ള മാനേജ്‌മെന്റ് സ്‌കൂളുകളും വിദ്യാഭ്യാസ സമിതികളുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാം. സ്‌കൂളുകളുടെ അയൽപക്കസമിതികൾ, രക്ഷാകർതൃസമിതികൾ, പൂർവവിദ്യാർത്ഥിസമിതികൾ അവിടെ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന എസ് എം സികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രവർത്തിപ്പിക്കാം. മാനേജ്‌മെന്റുകൾ ഒട്ടും സഹകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇത്തരം സമിതികൾക്ക് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള നിയമനിർമാണവും വേണ്ടിവരും.
സ്‌കൂളുകളിൽ ഭൗതികസൗകര്യങ്ങളുടെ വികാസം ആവശ്യമാണ്. ആകർഷകവും കെട്ടുറപ്പുള്ളതും വായുസഞ്ചാരവും വെളിച്ചവും ധാരാളമുള്ളതുമായ കെട്ടിടങ്ങൾ ആവശ്യമാണ്. ക്ലാസുമുറികൾ കൂടാതെ ലാബറട്ടറികൾ, ലൈബ്രറികൾ, വായനമുറികൾ, റിക്രിയേഷന്റൂമുകൾ, ഭക്ഷണശാല, കളിസ്ഥലം, കലാവേദികൾ, കായികാഭ്യാസവേദികൾ തുടങ്ങിയവയും ആവശ്യമാണ്. ഇവയെല്ലാം ഒരൊറ്റ ക്യാമ്പസിൽ സജ്ജീകരിക്കുന്നതാണ് നല്ലത്. അതു സാധ്യമല്ലെങ്കിൽ സാമൂഹികമായി തൊട്ടയൽപ്പക്കത്ത് ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കണം (ഇത്തരം സൗകര്യങ്ങൾക്കാണ് പ്രാദേശിക വിദ്യാഭ്യാസസമിതികളുടെ സേവനം വേണ്ടിവരുക) ഹൈടെക്ക് സൗകര്യങ്ങൾ ഈ മൊത്തം സംവിധാനത്തിന്റെ ഭാഗമായാണ് വളർന്നുവരേണ്ടത്. അതായത് ഗവൺമെന്റിന്റെ നിർദിഷ്ട മാസ്റ്റർപ്ലാൻ ഓരോ സ്‌കൂളിനും ആവശ്യമായി വരും. അതു വെറും ക്യാമ്പസ് പ്ലാനല്ല. ഒരു സ്‌കൂളിന്റെ ഫീഡർ ഏരിയ മുഴുവനും ഉൾക്കൊള്ളുന്ന എഡ്യുക്കേഷനൽ മാപ്പിങ്ങ് ആണ് ആവശ്യമായി വരിക.
ഒരു വിദ്യാലയത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നത് വെറും കെട്ടിടങ്ങളും ടെക്‌നോളജിയുമല്ലെന്ന് ഓർമിക്കേണ്ടതാണ്. ഉപയോഗിക്കാതെ കിടക്കുന്നതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങളും ടെക്‌നോളജിയും പാഴ്‌വസ്തുക്കളാണ്. പഞ്ചായത്തുകളും മറ്റു ഏജൻസികളും നൽകിയ സ്‌കൂളുകളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന കമ്പ്യൂട്ടറുകൾ ഉദാഹരണങ്ങളാണ്. ടെക്‌നോളജി പ്രവർത്തിപ്പിക്കണമെങ്കിൽ അതിൽ പരിശീലനം നേടിയവർ സ്‌കൂളുകളിൽ പ്രവർത്തിക്കണം. ലാബറട്ടറികൾ പ്രവർത്തിക്കണമെങ്കിൽ പരിശീലനം ലഭിച്ച ലാബ് അസിസ്റ്റന്റുണ്ടാകണം. ലൈബ്രറികൾക്ക് ലൈബ്രേറിയനുണ്ടാകണം. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്ന വിധത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയും പഠനസമയവും സ്‌കൂൾ പ്രവർത്തനങ്ങളും ക്രമീകരിക്കണം. അതായത് സ്‌കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങളിലെ സമൂലപരിവർത്തനവും പുനഃസംഘാടനവും കൊണ്ടുമാത്രമാണ് നൽകുന്ന ഭൗതികസൗകര്യങ്ങളും സാങ്കേതികവിദ്യകളും ഗുണപരമായ മാറ്റങ്ങൾ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ വരുത്തുക.
ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (ിലീ യലവമ്ശീൗൃശേെ) പഠനഫലങ്ങളെ (ഘലമൃിശിഴ ീൗരേീാല)െ ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (ാൗഹശേുഹല രവീശരല ൂൗലേെശീി)െ ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.
മറ്റൊരു തലത്തിലുള്ള ഗുണനിലവാരം കൂടിയുണ്ട്. സാമൂഹ്യജ്ഞാനനിർമിതിവാദം (ടീരശമഹ ഇീിേെൃൗരശേ്ശമൊ) നിർദേശിക്കുന്ന രീതിയാണത്. അവിടെ വിദ്യാർഥി ഒരന്വേഷകനാണ്. സ്വന്തം ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള എല്ലാ രീതികളിലൂടെയും ജ്ഞാനം സമ്പാദിക്കാനായാൽ അവയെ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തി പുതിയ ജ്ഞാനോൽപ്പാദനം നടത്തുന്നയാൾ. ഈ ജ്ഞാനത്തെ കൃത്യമായി സംവദിക്കാൻ കഴിയുന്ന ഭാഷയും മറ്റു സംവേദനരൂപങ്ങളും സ്വായത്തമാക്കിയയാൾ. അവിടെ സ്‌കൂളുകൾ പരിശീലനക്കളരികളല്ല. അധ്യാപകരും വിദ്യാർഥികളും ചേർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. അവിടെയും ഗുരുശിഷ്യബന്ധങ്ങ ളുണ്ട്. അത് ജ്ഞാനസമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നു വരുന്ന പരസ്പര ബഹുമാനത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യബന്ധങ്ങളാണ്. അവിടെ മത ത്തിനും ജാതിക്കും ലിംഗപദവിക്കും ഉത്തമർണ-അധമർണ ബന്ധങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതിലൂടെയും കുട്ടികളുടെ അപഗ്രഥനശേഷിയും ആശയവിനിമയശേഷിയും വളർന്നുവരുന്നുണ്ട്. അതിനോടൊപ്പം സ്ഥായിയായ അന്വേഷണത്വരയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും അയാൾക്കു കൂട്ടായിട്ടുണ്ട്. ജ്ഞാനസമ്പാദനം വ്യക്തിഗതമല്ല, സാമൂഹ്യമാണെന്നും അതിന്റെ പ്രയോഗം വ്യക്തി ഗതമായ ജീവിതസമ്പാദനത്തിനു മാത്രമല്ല, സാമൂഹികപ്രയോഗത്തിനാണ് എന്ന ബോധവും അയാൾക്കു കൂട്ടായുണ്ട്. ഏറ്റവും പ്രധാനമായി വ്യക്തിഗതമായ മത്സരവും അതിന്റെ ഫലമായി തന്റെ ഗ്രേഡ് ഷീറ്റുകളിൽ വീഴുന്ന ഉയർന്ന സ്‌കോറുകളും മാത്രമല്ല അയാളുടെ ലക്ഷ്യം. ആലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അതിനായി ആരെ പുറംതള്ളുന്നതിലും മറ്റുള്ളവരുടെ നേരെയുള്ള ജാതീയവും മതപരവും ലിംഗപരവുമായ വിവേചനത്തിൽ ഒരു അപകർഷതയും തോന്നാത്തവരുമായ ജനസമൂഹത്തിന്റെ ഭാഗമാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. തന്റെ സ്‌കോറുകൾ അയാൾക്ക് തീർച്ചയായും പ്രധാനമാണ്, തന്റെ നേട്ടങ്ങളും. അതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച്, അതിന്റെ സമസ്യകളെക്കുറിച്ച് അയാൾ ബോധവാനാണ്. അതിന്റെ പരിഹാരങ്ങൾ ഏതെങ്കിലും ഗുരുവിന്റെയോ വിദഗ്ധന്റെയോ സമക്ഷം മാത്രം ഏൽപ്പിക്കാൻ അയാൾ തയ്യാറല്ല. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അയാളെ അലട്ടുന്നുണ്ട്. അവയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ തന്റെയും മൊത്തം സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചുള്ള അവബോധം അയാൾക്കുണ്ട്.
വിദ്യാഭ്യാസരംഗത്തുപയോഗിക്കുന്ന സിദ്ധാന്തങ്ങൾ അധ്യാപകരുടെ മേലുള്ള കേവലമായ പരീക്ഷണങ്ങളല്ല. അധ്യാപക പരിശീലനവും രക്ഷിതാക്കളുടെ അനുവാദവും കൊണ്ടു മാത്രം ചെയ്യാവുന്ന കാര്യങ്ങളുമല്ല. കേന്ദ്രവിദ്യാഭ്യാസ നയം (മുൻ നയങ്ങളും) നടപ്പിലാക്കുന്നത് എല്ലാ രക്ഷിതാക്കളുടെയും അനുവാദം വാങ്ങിയിട്ടുമല്ല. മറ്റെല്ലാ സർക്കാർ നയങ്ങളെയും പോലെ വിദ്യാഭ്യാസനയത്തിനും കൃത്യമായ സ്ഥാപിത താൽപ്പര്യങ്ങളുണ്ട്. അത് കച്ചവട വിദ്യാഭ്യാസത്തിന്റെ താണ്, ഹൈന്ദവമതാധിപത്യത്തിന്റെതാണ്. അവയ്ക്കനുപൂരകമായ ബോധനപഠനരൂപങ്ങളാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ രീതിയാകുക. അതനുസരിച്ചുള്ള അധ്യാപക പരിശീലനരൂപങ്ങളാണ് പ്രാവർത്തികമാക്കപ്പെടുന്നതും. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളുടെ തകർച്ചപോലും ഇത്തരം കച്ചവടവിദ്യാഭ്യാസ രീതികളുടെയും ബോധനരൂപങ്ങളുടെയും സ്വാധീനം കൊണ്ടു കൂടിയാണ്. അതുകൊണ്ട് ഏതൊരു സിദ്ധാന്തത്തിന്റെയും മാറ്റുരയ്‌ക്കേണ്ടത് അതിന്റെ പ്രയോഗത്തിലടങ്ങിയ സാമൂഹികനിലപാടുകളുടെ അടിസ്ഥാനത്തിലാണ്.
ഒരു ഉദാഹരണമെടുക്കാം. കേരളം ഒരു ഭാഷാസംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മലയാള ഭാഷാ മാധ്യമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെട്ടുവന്നത്. അതിനോടൊപ്പം വൈജ്ഞാനികഭാഷയന്ന നിലയിൽ ഇംഗ്ലീഷും ത്രിഭാഷാപദ്ധതിയുടെ ഭാഗമായി ഹിന്ദിയും കേരളത്തിൽ അംഗീകരിക്കപ്പെട്ടു. ഈ പൊതുധാരണയുടെ ഭാഗമായി ഭൂരിപക്ഷം സ്‌കൂളുകളിലെയും ബോധനമാധ്യമം മലയാളമായി. സാർവത്രിക വിദ്യാഭ്യാസം സാധ്യമായതും അതിന്റെ പശ്ചാത്തലത്തിലാണ്. അതുകൊണ്ട് ഇംഗ്ലീഷിലെ ബോധനം അവഗണിക്കപ്പെട്ടില്ല. ബന്ധഭാഷയെന്ന നിലയിൽ മാത്രമല്ല, ലോകസാഹിത്യത്തിനും സംസ്‌കാരത്തിനും നേരെയുള്ള കണ്ണാടി എന്ന നിലയിലും ഇംഗ്ലീഷിനെ കണ്ടു. എന്നാൽ, നവലിബറൽ വേലിയേറ്റത്തിനുശേഷം ഈ സ്ഥിതിയിൽ വ്യത്യാസം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാബോധനത്തിനും മാധ്യമത്തിനും സാർവത്രിക പ്രാധാന്യം കൈവരുന്നു. മലയാളം വർജ്യമായി കരുതപ്പെടുകയും മലയാള മാധ്യമത്തിൽ പഠിച്ചവർക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശനം ലഭിക്കുകയില്ലെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രൈമറിക്ലാസ്സുകൾ മുതൽ തന്നെ മലയാളം പോലുമുപേക്ഷിച്ച് ഇംഗ്ലീഷ്ഭാഷ മാത്രം പഠിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആഗോളതൊഴിൽ വിപണിയിലുള്ള മല യാളിയുടെ ആശ്രിതത്വം സൃഷ്ടിക്കുന്ന മാറ്റത്തിന്റെ ഉദാഹരണമാണിത്. ജ്ഞാനസമാഹരണത്തിനും ജ്ഞാനോത്പാദനത്തിനും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി കേന്ദ്രീകരിക്കുക പ്രാഥമികതലത്തിലെങ്കിലും ജ്ഞാനസമാഹരണം ഭാഷാപരമായ പ്രതിബന്ധങ്ങളില്ലാതെ ഏറ്റവും സ്വാഭാവികമായി ഉപയോഗിക്കുന്ന ഭാഷാരൂപത്തിലാണ്, അതായത് കുട്ടി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വ്യവഹാരഭാഷയി ലാണ്, മാതൃഭാഷയിലാണ്. കാരണം മാധ്യമമായി ഉപയോഗിക്കേണ്ട ഭാഷകൾ പോലും സ്വായത്തമാക്കി മാത്രമാണ് കുട്ടിക്ക് ഉന്നത പഠനത്തിലേക്കു മുന്നേറാൻ കഴിയുക. ഉന്നത പഠനത്തിലെത്തുമ്പോൾ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ജ്ഞാനോൽപ്പാദനവും സംവേദനവും നടത്താവുന്ന ഭാഷ തെരഞ്ഞെടുക്കേണ്ടിവരും. അത് കുട്ടിയുടെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കുട്ടി സ്വന്തം നിത്യവ്യവഹാര ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക ഭാഷയിൽ നേടുന്ന അടിത്തറയെ, അയാളുടെ സാംസ്‌കാരിക മൂലധനത്തെ ഇല്ലാതാക്കുകയില്ല. അതുകൊണ്ട് അയാളുടെ ഏതു പ്രവർത്തനമേഖലയിലും ഇടപെടുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുകയില്ല. ജപ്പാൻകാർ ഐടി മേഖലയിൽ ഉന്നതരായത് അവരുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യം കൊണ്ടുമാണ്. ഇംഗ്ലീഷ് പാണ്ഡിത്യം കൊണ്ടല്ല. ചൈന ഇപ്പോൾ കൊയ്യുന്ന വൻ നേട്ടങ്ങളും അതുപോലെ തന്നെ. ഇത്തരം പ്രാഥമികമായ ആശയങ്ങളിൽ വിദ്യാഭ്യാസ വിദഗ്ധന്മാർ തമ്മിൽ കാര്യമായ അഭിപ്രായഭിന്നതകളില്ല. ഒരുതരത്തിലുള്ള പരീക്ഷണവും ഈ പ്രാഥമിക വസ്തുത തെളിയിക്കാൻ ആവശ്യവുമില്ല. പക്ഷേ, കേരളത്തിന്റെ ജനാധിപത്യമുന്നേറ്റം മുന്നോട്ടുവെച്ച ദേശീയഭാഷയുടെ ആശയം പോലും അവഗണിച്ചാണ് ഇപ്പോൾ പ്രാഥമികതലത്തിൽ ഇംഗ്ലീഷ് ഭാഷാമാധ്യമത്തിന് പ്രാധാന്യം നൽകുന്നത്. രക്ഷിതാക്ക ളുടെ ഇടയിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പോലും തയ്യാറാകാതിരിക്കുന്നത്. ഇപ്പോഴും നാം മലയാളിക്കുട്ടികൾ പ്രകടമായ ദൗർബല്യം പ്രകടിപ്പിക്കുന്ന ഗണിതബോധത്തിനു പോലുമില്ലാത്ത പ്രാധാന്യമാണ് ഇംഗ്ലീഷ്‌ബോധനത്തിനു നൽകുന്നത്.
പൊതുവിദ്യാലയങ്ങളുടെ വളർച്ചയാണ് നാം ലക്ഷ്യമാക്കുന്നതെങ്കിൽ കുട്ടികളെ പരീക്ഷാഫലങ്ങൾക്കനുസരിച്ചും യോഗ്യതയ്ക്ക നുസരിച്ചും അല്ലെങ്കിൽ ജാതിമത സാമൂഹികഭേദങ്ങൾക്കനുസരിച്ചും വേർതിരിക്കുകയും പിന്നോക്കം നിൽക്കുന്നവരെ പരസ്യമായ വിവേച നത്തിനിരയാക്കുകയും ചെയ്യുന്ന അക്കാദമിക് പരിപ്രേക്ഷ്യങ്ങൾ പൊതുവിദ്യാലയങ്ങൾക്കുപകരിക്കില്ലെന്ന് നാം മനസ്സിലാക്കേണ്ട തുണ്ട്. പൊതുവിദ്യാലയങ്ങൾക്കാവശ്യമായ ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട ജാതിമത ലിംഗനിരപേക്ഷമായ ജനാധിപത്യ വിദ്യാഭ്യാസമാണ്. ആദിവാസിയും ദളിതരും തീരദേശവാസികളും ഭിന്നശേഷികളുളളവരും ട്രാൻസ്‌ജെൻഡറും മുതൽ വരേണ്യവർഗം വരെ ഏവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണത്. പ്രാഥമിക തലത്തിലെങ്കിലും ആ വിദ്യാലയങ്ങളിലെ വ്യവഹാരഭാഷ മാതൃഭാഷയാണ്. എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും നാം ഉദ്ദേശിച്ച ലക്ഷ്യ ങ്ങളിലെത്തിക്കണമെങ്കിൽ സെക്കണ്ടറിതലത്തിലും അതിനു ശേഷവും മാതൃഭാഷയിലെ വിദ്യാഭ്യാസരൂപങ്ങൾ തുടരുകയും വേണം. എൻട്രൻസ് പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളഭാഷയി ലെഴുതാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്കു നൽകുകയും വേണം.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർ മതത്തിന്റെയോ ജാതിയുടെയോ ഏതെങ്കിലും വിധത്തിലുള്ള പ്രവേശനപരീക്ഷകളുടെയോ അഭിമുഖങ്ങളുടെയോ അരിപ്പ ഉപയോഗിച്ച് പ്രവേശിപ്പിക്കപ്പെട്ടവരല്ല. അവരിൽ അതുകൊണ്ട് വ്യത്യസ്തതകളുണ്ടാകും. അവരുടെ അഭിരുചികളിൽ, ബുദ്ധിശക്തിയിൽ, അപഗ്രഥനശേഷിയിൽ, കലാകായിക ശേഷികളിൽ, തൊഴിൽ നൈപുണിയിൽ, ഭാവുകത്വങ്ങളിൽ എല്ലാം ഭിന്നതകളുണ്ടാകും. ഈ ഭിന്നതകളെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും അവർക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന എല്ലാ അറിവുകളും ശേഷികളും നൈപുണ്യങ്ങളും പകർന്നു കൊടുക്കുകയും ചെയ്യുകയാണ് വിദ്യാലയങ്ങളുടെ ലക്ഷ്യം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുക എന്നാൽ അതിന്റെ അർഥം കുട്ടികളുടെ പരീക്ഷാപ്രകടനം ഉന്നതനിലവാരത്തിലാണ് എന്നും സ്‌കൂൾതലത്തിൽ പ്രതീക്ഷിക്കുന്ന പൊതുനിലവാരത്തിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു എന്നും അക്കാലത്ത് കുട്ടികളുടെ അഭിരുചികൾ, ശേഷികൾ, നൈപുണികൾ എന്നിവ വ്യത്യസ്തമായ രീതികളിലും ശൈലികളിലും കുട്ടികൾ പ്രകടിപ്പിക്കുന്നു എന്നും കൂടിയാകണം. കുട്ടികളുടെ പൊതുനിലവാരത്തിന്റെ ചാർട്ടിംഗും അഭിരുചികളുടെയും ശേഷികളുടെയും തൊഴിലടക്കമുള്ള മേഖലകളിലെ നൈപുണികളുടെ മാപ്പിംഗും കൂടിയാലേ ഉന്നതനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ സൂചികകൾ തയ്യാറാക്കാൻ കഴി യുകയുള്ളൂ. ഉന്നതനിലവാരം എന്നത് കുട്ടികളുടെ പ്രകടനത്തിന്റെ (ുലൃളീൃാമിരല) നിലവാരം മാത്രമല്ല അവരുടെ ശേഷികളുടെ (ുീലേിശേമഹ) നിലവാരം കൂടിയാണ്. ഈ ശേഷികളിൽ വൈവിധ്യമുണ്ടാകും. അവയാണ് പിന്നീട് വികസിപ്പിക്കേണ്ടതും.
ഇവിടെ കേന്ദ്രവിദ്യാഭ്യാസ നയത്തിൽ നിർദേശിക്കപ്പെടുന്ന രണ്ടു കാര്യങ്ങൾ ഗൗരവത്തിലെടുക്കേണ്ടവയാണ്. അതിലൊന്ന് കേന്ദ്രഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കിവരുന്ന നൈപുണിവികസന പരിപാടികളാണ്. വ്യത്യസ്ത വ്യവസായങ്ങളുടെ സഹകരണത്തിലൂടെ നടപ്പിലാക്കിവരുന്ന ഈ പരിപാടിയുടെ ലക്ഷ്യം വിദ്യാലയങ്ങളിൽ നിശ്ചിത യോഗ്യത കൈവരിക്കാനാകാത്ത കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ തൊഴിൽവിപണിയിലെത്തിക്കുകയെന്നതാണ്. കുട്ടികളെ സെക്കണ്ടറിതലത്തിൽത്തന്നെ രണ്ടു തട്ടുകളിലായി തിരിച്ചുകൊണ്ടുള്ള ഈ നടപടി കുട്ടികളുടെ അഭിരുചിനിർണയത്തിനും അവരുടെ നൈസർഗികമായ കഴിവുകളുടെ വികാസത്തിനും എത്രമാത്രം സഹായിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാഫലങ്ങളിലെ പ്രകടനങ്ങളെ ആധാരമാക്കി നടത്തുന്ന വേർതിരിവുകളുടെ ശാസ്ത്രീയതയും പരിശോധിക്കേണ്ടതാണ്. അതിനു പകരം കുട്ടികളെ അവരുടെ അധ്വാനശേഷി സാക്ഷാത്ക്കരിക്കാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി രൂപം പ്രദാനം ചെയ്യുകയും അവിടെ നിന്ന് അഭിരുചിയുള്ള അധ്വാനരൂപീകരണങ്ങളിലേക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഉത്തമം. ജൈവകൃഷി അത്തരത്തിലുള്ള ഒരു രൂപമായി ചിലർ നിർദേശിക്കുന്നുണ്ട്. നഗരങ്ങളിലെ 'റൂഫ്ഗാർഡൻ' പോലുള്ള ജൈവകൃഷിയാണോ മണ്ണിലെ യഥാർഥ അധ്വാനമാണോ അധ്വാനശേഷിയുടെ വളർച്ചയ്ക്ക് കൂടുതൽ ഫലപ്രദം എന്നു പരിശോധിക്കേണ്ടതുണ്ട്.
രണ്ടാമത്തെത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന വിഷയങ്ങളിൽ തന്നെ ഒരു പൊതുതലവും സവിശേഷതലവും വേണമെന്ന നിർദേശമാണ്. ഉദാഹരണത്തിന് കണക്കിൽ താൽപ്പര്യമില്ലാത്ത കുട്ടി കണക്കിലെ ഉയർന്ന ഭാഗങ്ങൾ പഠിക്കേണ്ടതില്ല. പക്ഷേ പൊതുതലം ഉപരിപഠനത്തിലേക്ക് കുട്ടിയെ നയിക്കുന്നില്ല. കണക്കിനെ ആധാരമാക്കിയുള്ള ഉപരിപഠനത്തിലേക്കു കുട്ടി നീങ്ങണമെങ്കിൽ കുട്ടി സവിശേഷതലം തന്നെ തെരഞ്ഞെടുക്കേണ്ടിവരും. വീണ്ടും ഈ വേർതിരിവ് നടക്കുന്നത് പരീക്ഷാഫലങ്ങളെ ആധാരമാക്കിയാണ്. കുട്ടികളുടെ അഭിരുചികളെ ആധാരമാക്കിയല്ല. ഉദാഹരണത്തിന്, ഭൗതികത്തിൽ സവിശേഷ അഭിരുചി (നിരീക്ഷണപരീക്ഷണങ്ങളിലൂടെ) പ്രദർശിപ്പിക്കുന്ന കുട്ടി കണക്കിൽ ദുർബലനാണെങ്കിൽ അയാളുടെ അഭിരുചി പിന്തുടരാനുള്ള സാധ്യത നഷ്ടപ്പെടുകയാണ്. അത്തരം കുട്ടികൾക്ക് സവിശേഷബോധനം നൽകേണ്ടിവരും. റഷ്യൻ സാഹിത്യപഠനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടിക്ക് റഷ്യൻഭാഷ നിർബന്ധമായും പഠിക്കേണ്ടിവരുന്നതുപോലെയാണിത്. അതായത് ഉപരിപഠനത്തിനും തൊഴിലിനുമുള്ള മാനദണ്ഡം കേവലമായ പ്രകടനം മാത്രമല്ല. ജ്ഞാനോൽപ്പാദനത്തിനും സംവേദനത്തിനുമുള്ള കഴിവു കൂടിയാണ്. ഇത് കേന്ദ്രനിർദേശത്തിൽ കണക്കിലെടുക്കുന്നില്ല.
സ്‌കൂളുകളുടെ അക്കാദമിക ലക്ഷ്യനിർണയത്തിന്റെ ആധാരശിലകളിലൊന്ന് അധ്യാപകരാണ്. നവചേഷ്ടാവാദപരമായ കാഴ്ചപ്പാട് അധ്യാപകരെ കേവലം പരിശീലകരായാണ് കാണുന്നത്. പരിശീലനത്തിലൂടെ അത്തരം അധ്യാപകരെ സൃഷ്ടിക്കാമെന്നും അവർ കരുതുന്നു. സാമൂഹികജ്ഞാനനിർമിതിവാദത്തിന്റെ കാഴ്ചപ്പാടിൽ അധ്യാപകർ വെറും കാര്യകർത്താക്കളും പരിശീലകരുമല്ല. കുട്ടികളെ പൂർണ വ്യക്തികളും സാമൂഹികപ്രവർത്തകരുമാക്കി മാറ്റുന്ന ചുമതലയും തികഞ്ഞ സാമൂഹികഅവബോധവും കുട്ടിയുടെ വളർച്ചയുടെ ദശകളെയും സാമൂഹികപശ്ചാത്തലത്തെയും കുറിച്ച് കൃത്യമായ അവ ബോധവും താദാത്മ്യം പ്രാപിക്കാനുള്ള കഴിവുമുള്ള സാമൂഹികപ്രവർ ത്തകരാണ്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പ്രേരകശക്തികളായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണവർ. അവർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനം വേണമെന്നത് പൂർണമായി ശരിയാണ്. രക്ഷാകർത്താക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും തീർച്ചയായും അവർ കണക്കിലെടുക്കണം. വിദ്യാഭ്യാസ പ്രവർത്തകരെന്ന നിലയിൽ അവർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളുടെയും ശാസ്ത്രീയതയും സാമൂഹികപരതയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ്യ പ്പെടുത്തേണ്ട ബാധ്യതയും അവർക്കുണ്ട്. ഇതിനുള്ള അറിവും പ്രാപ്തിയും നേതൃത്വസംഘടനാപാടവങ്ങളുമുള്ള വ്യക്തികളാണ് പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാകേണ്ടത്. സ്വാഭാവികമായും ഇത്തരത്തിലുള്ള പാടവം സ്വമേധയാ ഉണ്ടാകുന്നതല്ല. സാങ്കേതികവിദ്യകളുടെ ഉപയോഗം അടക്കം നിരവധി മേഖലകളിൽ അധ്യാപകർക്ക് പരിശീലനവും പുനഃപരിശീലനവും വേണ്ടിവരും. അധ്യാപകവൃത്തി തന്നെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠന പ്രക്രിയയാണെന്ന തിരിച്ചറിവ് അധ്യാപകർക്ക് ആവശ്യമാണ്. അത്തരത്തിലുള്ള അധ്യാപകർക്കു മാത്രമേ മികവുറ്റ സ്‌കൂളുകളെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. അവർക്കു ലഭിക്കുന്ന വേതനം യഥാർഥത്തിൽ അവർ പ്രകടിപ്പിക്കേണ്ട മികവിനുള്ള അംഗീകാര മാണെന്നും അവർ വേർതിരിച്ചറിയണം.
സ്‌കൂളുകളിലെ മികവിന് ഒരു പ്രവർത്തന പരിപാടി
മികവുള്ള സ്‌കൂളുകളെ സൃഷ്ടിക്കാനുള്ള ഒരു പ്രവർത്തന പരി പാടിയാണ് ചുവടെ നിർദേശിക്കുന്നത്. സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർദേശിക്കപ്പെടുന്ന മാസ്റ്റർ പ്ലാനിങ്ങിന് പുറമെയാണിത്.
1. ഒരു സ്‌കൂളിലെ അക്കാദമിക് കലണ്ടർ വിഭാവനം ചെയ്യപ്പെടേണ്ടത് ജൂൺ മുതൽ മാർച്ച് വരെയല്ല, ഒരു വർഷം മുഴുവനുമാണ്. വെക്കേഷൻ വേണ്ടത് വിദ്യാർഥികൾക്കാണ്, അധ്യാപകർക്കല്ല, ഗുരുകുലവിദ്യാഭ്യാസത്തിൽ പോലും അനധ്യായം ഉണ്ടായിരുന്നുവെന്നോർക്കുക. അധ്യാപകർക്ക് അപ്പോഴും മൂല്യനിർണയത്തിന്റെ പ്രവർത്തനം, അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയവ വേണ്ടിവരും. വെക്കേഷൻ കാലത്തും സ്‌കൂൾ ഭരണസംവിധാനങ്ങൾ പ്രവർത്തിക്കും.
2. സ്‌കൂൾ പ്രവൃത്തി ദിവസങ്ങൾ തീരുമാനിക്കേണ്ടത് രണ്ടു രീതിയിലാണ്. ഒന്ന് സ്‌കൂൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ, രണ്ട് ബോധനപ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങൾ. ബോധനപ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങൾ ചുരുങ്ങിയത് 200 ദിവസമെങ്കിലും ഉറപ്പുവരുത്തണം (220-230 ദിവസങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളും ഉണ്ടെന്ന ഓർമവേണം). മൂല്യനിർണയ പ്രവർത്തനത്തിനുപുറമെയാണിത്. അതനുസരിച്ചാണ് സ്‌കൂൾ കലണ്ടർ തയ്യാറാക്കേണ്ടത്. ജൂൺ മുതൽ മാർച്ച് വരെയുള്ള ദിവസങ്ങൾ ബോധന പ്രവർത്തനങ്ങളുടെ കലണ്ടറാണ്. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളുടെ കല ണ്ടറല്ല.
3. സ്‌കൂൾ പ്രവൃത്തിദിനങ്ങൾ, ബോധനദിനങ്ങൾ, ഒഴിവുദിനങ്ങൾ, മൂല്യനിർണയദിനങ്ങൾ, കലാകായികമേളകൾ, മറ്റു സവിശേഷദിനങ്ങൾ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തുന്ന കലണ്ടർ ഓരോ സ്‌കൂളിനും ആവശ്യമാണ്. പ്രതിദിനപ്രവൃത്തിസമയവും അതുപോലെ ക്രമീകരിക്കാം. പൊതുവിൽ ബോധന സമയം ഉച്ചക്കു മുമ്പാകുന്നതാണ് ഉത്തമം. പ്രത്യേക സമുദായങ്ങൾക്കും മറ്റുമുള്ള ആവശ്യങ്ങൾ അനുസരിച്ച് പ്രവൃത്തി സമയം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചർച്ചചെയ്ത് ക്രമീകരിക്കാം. ദേശീയമോ പ്രാദേശികമോ ആയി സ്‌കൂൾ പ്രവർത്തനങ്ങളെ നേരിട്ടുബാധിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ ഈ കലണ്ടർ മാറ്റാൻ പാടുള്ളതല്ല. അത്തരത്തിൽ ദിവസങ്ങൾ നഷ്ടപ്പെട്ടാൽ ബദൽ പ്രവൃത്തിദിനങ്ങൾ അപ്പോൾ തന്നെ നിർദേശിച്ച് നടപ്പി ലാക്കണം. കലാകായികമേളകൾ ബോധന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ നടത്താൻ പാടുള്ളതല്ല.
4. ബോധന പഠനപ്രവർത്തനങ്ങൾക്ക് ആഭ്യന്തരകരിക്കുലം എല്ലാ സ്‌കൂളുകൾക്കും ആവശ്യമാണ്. സ്‌കൂളുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ സാമൂഹ്യവും വ്യക്തിപരവുമായ ശക്തിദൗർ ബല്യങ്ങൾ, അഭിരുചികൾ, അധ്യാപകരുടെ ശേഷികൾ, പിന്തുണസംവിധാനങ്ങളുടെ സ്വഭാവം, പ്രാദേശികതലത്തിൽ നേടാവുന്ന മറ്റു സാധ്യതകൾ (കലാകാരന്മാർ, കായികപ്രവർത്തകർ, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന വിജ്ഞാനകുതുകികൾ, മ്യൂസിയം പഠനയാത്രകൾ, പ്രവർത്തനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ) തുടങ്ങിയവയെല്ലാം ചേർത്താകണം ആഭ്യന്തരകരിക്കുലം തയ്യാറാക്കേണ്ടത്. പൊതുസംസ്ഥാന സിലബസിനുള്ളിൽ ത്തന്നെ അതേ പാഠപുസ്തകങ്ങളും സഹായികളും ഉപയോഗിച്ചാകും ആഭ്യന്തരകരിക്കുലം തയ്യാറാക്കുക. മൂല്യനിർണയ സങ്കേതങ്ങൾ പൊതുമാനദണ്ഡങ്ങളനുസരിച്ചും.
ആഭ്യന്തര കരിക്കുലത്തിൽ താഴെ പറയുന്നവ ഉൾപ്പെടും.
ി പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾ സ്വാംശീകരിക്കുന്ന ബോധനപഠനപ്രവർത്തനങ്ങൾ - അവയ്ക്കാവശ്യമായ സമയം, സ്ഥലം (ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, പണിശാല, ഫീൽഡ്‌വർക്ക്, പഠനയാത്ര, ഗൃഹപാഠം) ഓരോ മാസത്തിലും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ക്രമീകരണം
ി അധ്യാപകർ ഉപയോഗിക്കുന്ന സംവേദന രൂപങ്ങൾ (വാചാ രൂപങ്ങൾ, പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യകൾ.
ി വിദ്യാർത്ഥികളുടെ പ്രതികരണ രൂപങ്ങൾ (പ്രശ്‌നോത്തരി, പ്രായോഗിക പ്രവർത്തനങ്ങൾ, അസൈൻമെന്റുകൾ, പ്രൊജ ക്ടുകൾ, ചർച്ചകൾ, സംവാദങ്ങൾ, പ്രശ്‌നനിർധാരണപരമായ ഇടപെടലുകൾ)
ി മൂല്യനിർണയ രൂപങ്ങൾ - തുടർച്ചയായ മൂല്യനിർണയം എവിടെ? എങ്ങനെ? എന്തൊക്കെ? ഏതൊക്കെ പ്രാപ്തികൾ, നൈപുണികൾ, ശേഷികൾ, അഭിരുചികൾ എന്നിവയാണ് നേടിയത്? നേടേണ്ടത്?
ി പരിഹാരബോധനരൂപങ്ങൾ, സവിശേഷബോധന രൂപങ്ങൾ, അധിക ഇൻപുട്ടുകളും ബോധനത്തിൽ ആവശ്യമായ തിരുത്തലുകളും
ി നേടിയെടുത്ത അറിവ്, നൈപുണികൾ, മൂല്യങ്ങൾ, അവബോധ രൂപങ്ങൾ, സാമൂഹ്യാവബോധം (ജനാധിപത്യം, ലിംഗപദവി സമത്വം, ജാതിമതനിരപേക്ഷത സാംസ്‌കാരിക അവബോധം) ഇനിയും നേടേണ്ടവ
ി പ്രവർത്തനരീതികൾ, അധ്വാനശേഷിയും വിനിയോഗവും (കായികവും മാനസികവും, സാങ്കേതികവും) കരവിരുതുകൾ, കലാകായിക ശേഷികൾ, ആസ്വാദനം, ഭാവുകത്വം, പ്രതിക രണ-സംവേദന ശേഷികൾ, അപഗ്രഥന, പ്രശ്‌നനിർധാര ണശേഷികൾ
ി വാർഷിക പുരോഗതി രേഖയുടെ നിർമാണം, (അറിവ്, പ്രാപ്തികൾ, ശേഷികൾ, അഭിരുചികൾ, നൈപുണികൾ, കലാകായി ക ആസ്വാദന പ്രതികരണശേഷികൾ - രേഖപ്പെടുത്തലും അങ്കനവും)
5. വാർഷിക കലണ്ടർ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മെയ് മാസത്തിൽ ആരംഭിക്കണം. മൂന്നുതലങ്ങളിലുള്ള ചർച്ചകൾ ആവശ്യമാണ്.
ി വകുപ്പുദ്യോഗസ്ഥന്മാരും ടഇഋഞഠ, ഉകഋഠ മുതലായ അക്കാദമിക് സമിതികളുടെ പ്രതിനിധികളും അധ്യാപകരും വിദ്യാർഥി പ്രതിനിധികളുമടങ്ങുന്ന ചർച്ചകളും പ്രവർത്തന പദ്ധതി തയ്യാറാക്കലും.
ി രക്ഷാകർത്താക്കളുടെയും പൂർവവിദ്യാർഥികളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും യോഗം, പ്രവർത്തന പദ്ധതി പരിചയപ്പെടുത്തൽ, ചർച്ച, നിർദ്ദേശ ങ്ങൾ സ്വീകരിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകൽ - കലണ്ടർ അംഗീകരിക്കൽ - പ്രാദേശിക വിഭവസമാഹരണത്തിനുള്ള ബജറ്റ് അവതരണവും അംഗീകാരവും - എസ് എം സി/ പ്രവർത്തനസമിതി രൂപീകരണം.
ി അധ്യാപകരുടെ വാർഷിക തയ്യാറെടുപ്പ് - ക്ലസ്റ്റർ യോഗങ്ങൾ - പരിശീലനം.
ി പുതിയ വിദ്യാർഥികളുടെ പ്രവേശനം പൂർത്തിയാക്കൽ - രക്ഷാകർത്തൃയോഗങ്ങൾ - പ്രവേശനോത്സവം - മഞ്ഞുരുക്കൽ തുടങ്ങിയവ ഇതിനോടൊപ്പം നടക്കണം.
6. ആന്തരിക മൂല്യനിർണയത്തിന് ഊന്നൽ നൽകുകയും അത് സഗൗരവം നടത്തേണ്ട ഏർപ്പാടായി കാണുകയും വേണം. അതിനുള്ള മാർഗരേഖ പ്രവർത്തന പദ്ധതിയുടെയും കലണ്ടറിന്റെയും ഭാഗമായി തന്നെ അവതരിപ്പിക്കണം. ഓരോ അംഗത്തിനും നൽകുന്ന വെയിറ്റേജും ഗുണപരമായ മൂല്യവും സുതാര്യമായിരിക്കണം. ഓരോ രക്ഷാകർത്താവിനും കുട്ടിക്കും അത് മനസ്സിലായിരിക്കണം. അതനുസരിച്ച് മൂല്യനിർണയ ദിനങ്ങളും പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തണം. കുട്ടികളുടെ പ്രതികരണ പ്രവർത്തനങ്ങൾ തന്നെ മൂല്യനിർണയത്തിനുപയോഗപ്പെടുത്താം. ഏതെങ്കിലും വിധത്തിലുള്ള അസെസ്‌മെന്റ് പരീക്ഷകൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ ചോദ്യാവലിയും ഉത്തരങ്ങളുടെ വെയിറ്റേജും സ്‌കോറും, എ ഇ ഒ, ഡി ഇ ഒ, ഉകഋഠ മുതലായവരുമായി ചർച്ചചെയ്ത് അവരുടെ അംഗീകാരത്തോടെ നടപ്പിലാക്കണം. എല്ലാ ബോധന മൂല്യനിർണയ രൂപങ്ങളും സോഷ്യൽമോണിട്ടറിങ്ങിനും അക്കാദമിക് മോണിട്ടറിങ്ങിനും വിധേയമായിരിക്കണം. ആന്തരികമൂല്യനിർണയത്തിന് കേന്ദ്രതലപരീക്ഷകർ വെക്കുന്നത് അശാസ്ത്രീയമാണ്. അന്തിമപരീക്ഷ മാത്രമേ കേന്ദ്രതലത്തിൽ ആവശ്യമുള്ളൂ. അതുതന്നെ കേവല വാചാപരീക്ഷ മാത്രം മതിയോ എന്നും പരിശോധിക്കപ്പെടണം.
7. ഡിറ്റെൻഷൻ, തോൽവി മുതലായ തന്ത്രങ്ങൾ ഇപ്പോഴും നിർദേശിക്കപ്പെടുന്നുണ്ട്. പ്രത്യക്ഷഗ്രേഡിങ്ങ് സംവിധാനത്തിൽ ഇത്തരം തന്ത്രങ്ങൾക്കുപ്രസക്തിയില്ല. അതിനുപകരം കുട്ടിയുടെ നില കൃത്യമായി ഗുണപരമായി അളക്കുകയും ദൗർബല്യങ്ങളെ തിരുത്തുകയും ചെയ്യുന്ന സംവിധാനങ്ങളേ ആവശ്യമുള്ളൂ. പ്രാഥമിക ക്ലാസുകളിൽ എല്ലാ ദൗർബല്യങ്ങളും തിരുത്താനുള്ള സംവി ധാനങ്ങൾ വേണ്ടിവരും. സെക്കണ്ടറി തലത്തിലെത്തുമ്പോഴെങ്കിലും കുട്ടികളുടെ അഭിരുചികൾ കൃത്യമായി നിർണയിക്കാൻ മൂല്യ നിർണയത്തിനു കഴിയണം. അതിനുശേഷം അഭിരുചികൾ സാക്ഷാത്ക്കരിക്കുന്നതിൽ പ്രത്യക്ഷപ്പെടുന്ന ദൗർബല്യങ്ങൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
8. കച്ചവടമൂല്യങ്ങൾ പ്രചരിപ്പിക്കുകയോ കച്ചവടാടിസ്ഥാനത്തിൽ നടത്തുകയോ ചെയ്യുന്ന കലാകായിക മേളകൾ ഏറ്റെടുക്കേണ്ട ബാധ്യത സ്‌കൂളുകൾക്കില്ല. കലാകായിക പ്രവർത്തനാഭിരുചികൾ വളർത്തിയെടുക്കാനുള്ള സാധ്യത സ്‌കൂളുകൾക്കു തന്നെ ഉണ്ടായാൽ മതി. അതനുസരിച്ച് അഭിരുചി പ്രദർശിപ്പിക്കുന്ന കുട്ടികൾക്ക് സവിശേഷ പഠനസൗകര്യങ്ങൾ സ്‌കൂളിനകത്തോ വിദ്യാഭ്യാസ സമിതിയുടെ കീഴിൽ സ്‌കൂളിനു പുറത്തോ ഉണ്ടാകണം. കലാകായികശേഷികൾ പോലെ അധ്വാനശേഷിയും സാങ്കേതിക ശേഷിയും വികസിപ്പിക്കാൻ സൗകര്യങ്ങൾ വേണം.
9. ബോധനപഠനരൂപങ്ങൾക്ക് സാങ്കേതികവിദ്യകളുടെ ഉപയോഗം സ്വീകാര്യമാണ്. സാങ്കേതികവിദ്യകൾ മാത്രമുപയോഗിച്ചല്ല കുട്ടി പ്രായോഗികതലത്തിൽ അറിവു നേടുന്നതെന്ന തിരിച്ചറിവുണ്ടാകണം. കളികൾ, കലാരൂപങ്ങൾ, തിയേറ്റർ, മൈമിംഗ്, പാവകളി, യാത്രകൾ തുടങ്ങി നിരവധി ബോധനരൂപങ്ങളാകാം. പ്രായോഗിക ജീവിതം അതിശക്തമായ ബോധനരൂപമാണ്. ഇത്തരത്തിൽ സമഗ്രമായ ബോധന പരിപ്രേക്ഷ്യമാണാവശ്യം. ഇവയിൽ ഓരോ സ്‌കൂളിലും ഉപയോഗിക്കാവുന്ന സാധ്യതകൾ വ്യത്യസ്തമായി രിക്കും. അതിന്റെ കൃത്യമായ നിർണയം നടത്തി ആഭ്യന്തര കരിക്കുലത്തിൽ ഉൾപ്പെടുത്തണം. ഓരോ വർഷവും സാധ്യതകൾ പുനഃപരിശോധിക്കണം.
10. അധ്യാപകരും കുട്ടികളും തമ്മിലുള്ള വിനിമയം വ്യക്തിഗതമാണെന്ന ധാരണ അധ്യാപകരിലുണ്ട്. അതു ശരിയല്ല. കുട്ടികൾ അധ്യാപകരെ ഒരു സമൂഹമായാണ് കാണുന്നത്. അവർ അധ്യാപകരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്. താരതമ്യപ്പെടുത്തുന്നുണ്ട്, ശക്തിദൗർബല്യങ്ങൾ തിരിച്ചറിയുന്നുണ്ട്. അധ്യാപകസമൂഹത്തിലെ ഒരംഗം എന്ന നിലയിലാണ് ഒരു അധ്യാപിക വിലയിരുത്തപ്പെടുന്നത്. അതുപോലെ വിദ്യാർഥികളെ വിലയിരുത്തുമ്പോഴും കൂട്ടായ വിലയിരുത്തലാണ് ആവശ്യം. ഓരോ വിദ്യാർഥിയെ സംബന്ധിച്ചും അധ്യാപകരുടെ അനുഭവങ്ങൾ വ്യത്യസ്തമാകുമെന്നതുകൊണ്ട് കൃത്യമായ വിലയിരുത്തൽ സാധ്യമാകുക സാമൂഹികമായാണ്. വ്യക്തിഗത ബോധനത്തിനുപകരം ഗ്രൂപ്പ് ടീച്ചിംഗും ടീം ടീച്ചിംഗും ബോധന രൂപങ്ങളായി കണക്കാക്കണം. വിദ്യാർഥികളുടെ പഠനത്തിന് പരമാവധി ഇൻപുട്ടുകൾ നൽകാൻ എന്നാൽ മാത്രമാണ് അധ്യാപകർക്ക് കഴിയുക. മൂല്യനിർണയത്തിലും വ്യക്തിഗതമായും ഗ്രൂപ്പിന്റെതായുമുള്ള അങ്കനം നടത്തുന്നതും നല്ലതാണ്. സവിശേഷ ശ്രദ്ധ വേണ്ട കുട്ടികൾക്ക് ആ പ്രക്രിയ കൂടി നടന്നതിനുശേഷമാണ് അന്തിമ വിലയിരുത്തൽ വേണ്ടിവരുക.
11. ഓരോ വർഷത്തിനുശേഷം നടക്കുന്ന അന്തിമപുരോഗതി രേഖ കുട്ടിയുടെ വളർച്ചയുടെ മാർഗദർശകമായ ശാസ്ത്രീയ രേഖയാകണം. കുട്ടികളുടെ ഓരോ ശേഷിയെയും നൈപുണ്യത്തെയും ആർജിച്ച മൂല്യങ്ങൾ, അവബോധതലം, പ്രതികരണശേഷി, പ്രകടിപ്പിക്കുന്ന അഭിരുചികൾ എന്നിവയെക്കുറിച്ചുള്ള ഒരു വർഷത്തെ ബോധന പഠനപ്രക്രിയയെ ആധാരമാക്കിയുള്ള രേഖയാകണം അത്. രേഖ വാർഷിക രക്ഷാകൃർതൃസമ്മേളനങ്ങളിൽ ചർച്ച ചെയ്യുകയും വിലയിരുത്തലിന്റെ സാംഗത്യം ബോധ്യപ്പെടുത്തുകയും വേണം. ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പുരോഗതിയുടെ പൊതുദിശ അനുസരിച്ചാണ് അടുത്ത വർഷത്തെ ആ ക്ലാസിനെ സംബന്ധിച്ച കരിക്കുലം രൂപപ്പെടുക. സ്വാഭാവികമായും അത്തരം ഒരു രേഖയനുസരിച്ച് ജയവും തോൽവിയും ഉണ്ടാകില്ല. ശേഷികളിലും നൈപുണികളിലും അടുത്ത വർഷത്തെ പ്രാരംഭതലത്തിൽ നേടേണ്ടുന്ന തലം (ശരാശരിയായല്ല, ഒരു മേഖലയിലും) എത്താത്തവർക്ക് ശേഷികൾ നേടിയെടുക്കാനുള്ള അവസരം നൽകേണ്ടിവരും. പക്ഷെ, ഈ പ്രക്രിയ സെക്കണ്ടറി തലത്തിൽ മാത്രമേ ആവശ്യമുള്ളൂ. കുട്ടികളുടെ അഭിരുചികളെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മേഖലകളിൽ നിശ്ചിതശേഷി കൈ വരിച്ചില്ല എന്നത് അടുത്ത ക്ലാസിൽ വരുന്നതിന് തടസ്സമാകേണ്ടതില്ല, പരമാവധി ശേഷികൾ നേടിയെടുക്കാനുള്ള അധികപ്രവർ ത്തനം ഒഴിവുകാലത്തു തന്നെ നടത്തുന്നതാണുത്തമം.