ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി?
ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി? | |
---|---|
പ്രമാണം:T=Cover | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വികസനം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ആഗസ്റ്റ്, 2008 |
ആണവ ഇന്ധനവും റിയാക്‌ടറുകളും ഇറക്കുമതി ചെയ്യാൻ സഹായിക്കുന്ന ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും എത്തിച്ചേർന്നിരിക്കുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അതു കോളിളക്കം സൃഷ്‌ടിച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് ഈ കരാറിന്റെ കാര്യത്തിൽ ഇത്ര കടുത്ത എതിർപ്പുണ്ടായത്? ഇത്ര വലിയ ഭീഷണി നേരിട്ട് മൻമോഹൻ സിങ് സർക്കാർ നേടിയത് എന്താണ്? ആണവക്കരാറിന് അനുകൂലമായി നിരത്തുന്ന ന്യായീകരണങ്ങൾ എന്തൊക്കെയാണ്? അവ നിലനിൽക്കുന്നവയാണോ? കരാറിനെ എതിർക്കുന്നവരുടെ യഥാർത്ഥ ഭയം എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങളും ആണവോർജത്തിന്റെ ശാസ്‌ത്രീയവശങ്ങളും വിശദമാക്കാനുള്ള ഒരു ശ്രമമാണ് ഈ ലഘുലേഖയിലൂടെ ഞങ്ങൾ നടത്തുന്നത്.
സർക്കാറിന്റെ ന്യായവാദങ്ങൾ
ആണവക്കരാറിന് അനുകൂലമായി സർക്കാർ നിരത്തുന്ന ന്യായീകരണങ്ങൾ ഇവയാണ്.
[ ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ്. ലോകത്ത് പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വില അതിവേഗം ഉയരുകയും ചെയ്യുന്നു.
[ കല്‌ക്കരിയും എണ്ണയും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ് വാതകം ആഗോളതാപനത്തിന് ഇടയാക്കുന്നതുകൊണ്ട് അത് കഴിയുന്നത്ര കുറയ്‌ക്കേണ്ടതാണ്.
[ ഇന്ത്യയുടെ ഊർജപ്രശ്‌നം പരിഹരിക്കാനുള്ള ഏകമാർഗം ആണവോർജത്തെ ആശ്രയിക്കുക എന്നതാണ്. എന്നാൽ ഇന്ത്യയിൽ യുറേനിയം നിക്ഷേപങ്ങൾ പരിമിതമാണ്. ഇന്ത്യ ആണവനിർവ്യാപനക്കരാറിൽ (Nuclear Non Proliferation Treaty - NPT) ഒപ്പിടാത്ത രാജ്യമായതുകൊണ്ടും ആണവ പരീക്ഷണം നടത്തിയിട്ടുള്ളതുകൊണ്ടും നമുക്ക് ആണവ ഇന്ധനം നല്‌കുന്നതിൽ വിലക്കുണ്ട്.
[ ഇന്ത്യയ്‌ക്ക് ആണവ ഇന്ധനലഭ്യത ഉറപ്പാക്കാനും ആധുനിക ആണവ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും ഒപ്പം ഒരു അണുവായുധ രാജ്യമായി (Nuclear Weapon State) അംഗീകാരം നേടാനും കിട്ടിയ സുവർണാവസരമാണിത്.
[ ആണവോർജം താപവൈദ്യുതിയേക്കാൾ ചെലവുകുറഞ്ഞതാണ്.
[ ഈ കരാർ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും അപകടത്തിലാക്കുന്നു എന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്.
ഇതു കൂടാതെ കരാറിനെ എതിർക്കുന്നവരുടെ മാതൃരാജ്യത്തോടുള്ള കൂറിനെയും ചിലർ ചോദ്യം ചെയ്യുന്നു. ഇന്ത്യ ആണവരംഗത്ത് മുന്നേറുന്നത് ചൈനയുടെ ആധിപത്യത്തിന് തടസ്സമാകുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണത്രെ ഇടതുപക്ഷം കരാറിനെ എതിർക്കുന്നത്.
അസത്യങ്ങളും അർധസത്യങ്ങളും
മുൻപറഞ്ഞ വാദങ്ങളെല്ലാം ഭാഗികമായോ പൂർണമായോ തെറ്റാണ് എന്നുകാണാൻ പ്രയാസമില്ല. ഇന്ത്യ ഒരു ഊർജദരിദ്ര രാജ്യമാണ് എന്ന വാദം തന്നെ എടുക്കുക. പെട്രോളിയം ഉല്‌പന്നങ്ങളുടെ കാര്യത്തിലേ നമുക്കു ദാരിദ്ര്യമുള്ളൂ. അടുത്ത ഒരു നൂറുവർഷത്തേക്കു വേണ്ട വൈദ്യുതി (സർക്കാറിന്റെ പ്രതീക്ഷയനുസരിച്ച് രാജ്യത്തിന് 9-10 % സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് സങ്കല്‌പിച്ചാൽ തന്നെ) ഉല്‌പാദിപ്പിക്കാനാവശ്യമായ കല്‌ക്കരി ഇന്ത്യയിലുണ്ട്. ഏതു തരം കല്‌ക്കരിയും കുറഞ്ഞ മലിനീകരണത്തോടെ കത്തിച്ച് വൈദ്യുതി നിർമിക്കാനുള്ള സാങ്കേതിക വിദ്യകളും ഇന്നു ലോകത്തു ലഭ്യമാണ്.
(നിർഭാഗ്യവശാൽ ഇന്ത്യ ഊർജഗവേഷണം മുഴുവൻ അണുശക്തിയിൽ കേന്ദ്രീകരിച്ചതുകൊണ്ട് ഈ രംഗത്ത് പിന്നാക്കമാണ്. പക്ഷെ, തെക്കെ ആഫ്രിക്ക പോലുള്ള രാജ്യങ്ങൾ പോലും ഈ സാങ്കേതിക വിദ്യയിൽ മുന്നേറിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ലഭ്യമാകുന്നതിനു തടസ്സമൊന്നുമില്ല.) ലോകത്ത് പെട്രോളിയത്തിന്റെ ലഭ്യത കുറഞ്ഞുവരികയും വിലകൂടിവരികയും ചെയ്യുന്നു എന്നത് സത്യമാണ്. പക്ഷേ, ആണവനിലയം അതിനൊരു പരിഹാരമാവില്ല. കാരണം, അതിൽ വൈദ്യുതിയേ ഉല്‌പാദിപ്പിക്കൂ. അതു പെട്രോളിനും ഡീസലിനും പകരമാവില്ല. എണ്ണ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വാഹനങ്ങളും വിമാനങ്ങളും ഒക്കെയാണ്. വാഹനങ്ങളുടെ, പ്രത്യേകിച്ച് കാറുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു തടയാൻ സർക്കാർ തയ്യാറല്ല. പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കാനും ശ്രമം നടക്കുന്നില്ല.
കാർബൺ ഡയോക്‌സൈഡ് മൂലമുള്ള ആഗോളതാപനം ലോകരാജ്യങ്ങൾ കൂട്ടായി പരിഹരിക്കേണ്ട പ്രശ്‌നമാണ്. ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങൾ തങ്ങൾക്കു ലഭ്യമായ കല്‌ക്കരി ഉപയോഗിക്കാതെ ത്യാഗം ചെയ്‌ത് പരിഹരിക്കേണ്ട പ്രശ്‌നമല്ല. അമിതമായി ഊർജം ഉപയോഗിക്കുന്ന സമ്പന്നരാജ്യങ്ങളാണ് ആദ്യം ഇന്ധനോപയോഗം നിയന്ത്രിക്കേണ്ടത്. ഒരു ശരാശരി അമേരിക്കക്കാരൻ ഒരു വർഷം 20 ടൺ കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലെത്തിക്കുമ്പോൾ ശരാശരി ഇന്ത്യക്കാരന്റെ പങ്ക് അതിന്റെ പത്തിലൊന്നേ വരൂ. ഇന്ത്യ ഒരു വർഷം 45 കോടി ടൺ കല്‌ക്കരി കത്തിക്കുമ്പോൾ അമേരിക്ക 100 കോടി ടണ്ണും ചൈന 216 കോടി ടണ്ണുമാണ് ഉപയോഗിക്കുന്നത്. കാർബൺ ഡയോക്‌സൈഡ് ഉത്സർജനം നിയന്ത്രിക്കാൻ വേണ്ടി ഉണ്ടാക്കിയ ക്യോട്ടോ പ്രോട്ടോകോളിന് ഇതുവരെ അംഗീകാരം നല്‌കാത്ത അമേരിക്കയാണ് ഉത്സർജനം കുറയ്‌ക്കാൻ നമുക്കു ആണവനിലയം ഉപദേശിക്കുന്നത് എന്നത് വിചിത്രമായ കാര്യം തന്നെ.
ഇന്ത്യയുടെ ഊർജക്കമ്മി പോകട്ടെ, വൈദ്യുതക്കമ്മിയെങ്കിലും പരിഹരിക്കാൻ ആണവക്കരാർ കൊണ്ടു കഴിയുമോ? ഇന്നത്തെ സ്ഥിതി നോക്കൂ. രാജ്യത്തെ ആകെ വൈദ്യുതി ഉല്‌പാദന ശേഷി 1,43,000 മെഗാവാട്ട് ആണ്. അതിൽ 55% കല്‌ക്കരി നിലയങ്ങളും 25% ജലവൈദ്യുത നിലയങ്ങളും ആണ് നല്‌കുന്നത്. ആണവനിലയങ്ങളുടെ പങ്ക് 3% (വെറും 4120 മെഗാവാട്ട്) മാത്രമാണ്. ഇനി പ്ലാനിങ് കമ്മീഷൻ നിയോഗിച്ച കമ്മിറ്റിയുടെ ഭാവിയിലേക്കുള്ള മതിപ്പ് (Integrated Energy Policy, IEP) എത്രയാണെന്നു നോക്കുക. 2031-32 ആകുമ്പോഴേക്കും നമ്മുടെ ഊർജാവശ്യം (രാജ്യം 8% വളർച്ചാനിരക്ക് നിലനിർത്തിയാൽ) 7,70,000 മെഗാവാട്ട് ആയി ഉയരും. അതിൽ 48,000 മെഗാവാട്ട് ആണ് ആണവനിലയങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. (6%-ൽ അല്‌പം കൂടുതൽ). പുതിയ കരാർ വന്നില്ലെങ്കിൽ ഇതിൽ 40,000 മെഗാവാട്ടിന്റെ കുറവുവരുമത്രെ. ഇന്ത്യൻ ആണവശേഷിയുടെ സ്വാഭാവിക വളർച്ച കഴിച്ച് ഏറിയാൽ 4% വൈദ്യുതി കൂടുതൽ ഉല്‌പാദിപ്പിക്കാൻ വേണ്ടിയാണോ ഇത്രനാണം കെട്ട ഒരു രാഷ്‌ട്രീയാന്തരീക്ഷം സൃഷ്‌ടിച്ചത്? നമ്മുടെ തന്നെ തെർമൽ പവർ കോർപ്പറേഷനോട് ആവശ്യപ്പെട്ടാൽ അതിലേറെ വൈദ്യുതി അതിലും വേഗത്തിൽ അതിലും കുറഞ്ഞ ചെലവിൽ അത്രയേറെ അപകടമാകുന്ന സാധ്യതകൾ കൂടാതെ കല്‌ക്കരിയിൽ നിന്ന് ഉല്‌പാദിപ്പിച്ചു തരുമായിരുന്നല്ലോ? നമ്മുടെ നാട്ടിൽ അനേകായിരം പുതിയ തൊഴിൽ (താപനിലയ നിർമാണത്തിനും യന്ത്രസാമഗ്രികളുടെ നിർമാണത്തിനും കല്‌ക്കരി ഖനനത്തിനും) ഉണ്ടാകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തൊഴിലുണ്ടാകാൻ പോകുന്നത് അമേരിക്കയിലെ വെസ്റ്റിംഗ്‌ഹൗസ് പോലുള്ള കമ്പനികളിലാണ്.
ഇനി, കാർബൺ ഡയോക്‌സൈഡ് ഉത്സർജനത്തിന്റെ കാര്യം എടുത്താലോ? 4% വൈദ്യുതികൂടി താപനിലയങ്ങൾ വഴി ഉല്‌പാദിപ്പിച്ചിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന അധിക ഉത്സർജനം എത്ര നിസ്സാരമായിരിക്കും. അത് കുറയ്‌ക്കാനാണ് ആണവക്കരാർ എന്ന ന്യായവാദം എത്ര പൊള്ളയാണ്! അപ്പോൾ യഥാർത്ഥ ഉദ്ദേശ്യം ഊർജപ്രശ്‌നം പരിഹരിക്കലോ പരിസ്ഥിതിയെ രക്ഷിക്കലോ അല്ല, വേറെ എന്തൊക്കെയോ ആണ് എന്നു വ്യക്തം. ആണവ നിലയം കൊണ്ട് ഊർജക്കമ്മി പരിഹരിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും കഴിയുമായിരുന്നുവെങ്കിൽ അവ ആദ്യം നിർമിക്കേണ്ടത് വേണ്ടത്ര ആണവ ഇന്ധനവും സാങ്കേതികവിദ്യയും നിർമാണശേഷിയും ഒക്കെയുള്ള അമേരിക്കയും മറ്റു വികസിത രാജ്യങ്ങളുമല്ലേ? എന്നാൽ കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടയ്‌ക്ക് ഒറ്റ പുതിയ ആണവനിലയം പോലും അമേരിക്ക നിർമ്മിച്ചിട്ടില്ല. യുറോപ്പിലും ആണവനിലയങ്ങളിലുള്ള അമിത പ്രതീക്ഷ നശിച്ചമട്ടാണ്.ഇന്ന് വികസിത രാജ്യങ്ങളിലാകെക്കൂടി 5 നിലയങ്ങളുടെ നിർമാണമാണ് നടക്കുന്നത്. മൂന്നെണ്ണം ജപ്പാനിൽ, ഓരോന്നുവീതം തെക്കൻ കൊറിയയിലും ഫ്രാൻസിലും. എണ്ണയ്‌ക്കുമേലുള്ള ആശ്രിതത്വം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ (എണ്ണയും കല്‌ക്കരിയും സ്വന്തമായില്ലാത്ത) ഈ രാജ്യങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണത്, ആണവോർജ്ജം ലാഭകരമായിട്ടല്ല (ലാഭനഷ്‌ടങ്ങളുടെ കണക്ക് നാം പിന്നീട് പരിശോധിക്കും). അന്താരാഷ്‌ട്ര ഊർജ ഏജൻസി (ഐ.ഇ.എ.) 2006-ൽ നടത്തിയ പഠനമനുസരിച്ച് ഇപ്പോൾ ലോകത്ത് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിയുടെ 15.2% ആണ് ആണവനിലയങ്ങളിൽ നിന്നു കിട്ടുന്നത്. 2030 ആകുമ്പോഴേക്കും ഇത് 13.3% ആയി കുറയാനാണു സാധ്യത. അതായത്, പൊതുവേ പറഞ്ഞാൽ ലോകമെമ്പാടും ആണവ വൈദ്യുതിയിലുള്ള ആശ്രിതത്വം കുറയുകയാണ് എന്നർത്ഥം.
ആണവക്കരാറിനെ എതിർക്കുന്നവർ ചൈനയ്‌ക്കുവേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് എന്ന വാദവും ബാലിശമാണെന്ന് ഒറ്റ നോട്ടത്തിൽ കാണാം. ചൈന ലോകത്തിലെ അഞ്ച് അണുശക്തിരാജ്യങ്ങളിൽ ഒന്നാണ്. അണുവായുധ പരീക്ഷണങ്ങൾ നടത്താൻ എൻ.പി.ടി. അനുസരിച്ചുതന്നെ അനുവാദമുള്ള രാജ്യമാണ്. ഇന്ത്യ എൻ.പി.ടി.യിൽ ഒപ്പിടാഞ്ഞത് ആണവായുധ പരീക്ഷണം നടത്താനുള്ള അവകാശം നിലനിർത്താനാണ്. ആ അവകാശം അമേരിക്കയ്‌ക്ക് അടിയറ വെക്കുന്ന കരാർ എങ്ങനെ ചൈനക്ക് എതിരാകും? കരാറും ഹൈഡ്‌ആക്‌റ്റും ചേർന്ന് യഥാർത്ഥത്തിൽ നമ്മുടെ കരങ്ങൾക്കു വിലങ്ങുവയ്‌ക്കുകയല്ലേ ചെയ്യുന്നത്? അതിനെ എതിർക്കുന്നതെങ്ങനെ ചൈനാ പക്ഷപാതിത്വമാകും? മറിച്ചല്ലേ വാസ്‌തവം? ഊർജ ഉല്‌പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ യുക്തിസഹമായ ചേരുവയാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തു ലഭ്യമായ ഇന്ധനം പരമാവധി പ്രയോജനപ്പെടുത്തുക, മധ്യേഷ്യയിലും ആഫ്രിക്കയിലും പുതിയ എണ്ണഖനന വികസനത്തിൽ പങ്കാളിയാവുക, എണ്ണ ഉല്‌പാദക രാജ്യങ്ങളുമായി ഉറ്റ സൗഹൃദം സ്ഥാപിക്കുക- ഇതാണവർ ചെയ്യുന്നത്. നൈജീരിയ, സുഡാൻ, ഇറാൻ, റഷ്യ, കാസ്‌പിയൻ മേഖലയിലെ രാജ്യങ്ങൾ ഇവരൊക്കെ ഇന്നു ചൈനയുടെ കൂട്ടാളികളാണ്. നമ്മളോ? നമ്മളും ഇത്തരം ശ്രമങ്ങൾ തുടങ്ങിവച്ചതാണ്. പക്ഷെ ആണവക്കരാറിന്റെ പേരിൽ അമേരിക്കയെ പ്രീതിപ്പെടുത്താൻ വേണ്ടി ഇറാനുമായുള്ള വാതകപൈപ്പ്‌ലൈൻ പദ്ധതിയിൽ നിന്നുപോലും ഒഴിഞ്ഞുമാറേണ്ടി വന്നേക്കാം. ആണവശക്തിയായ ചൈനയുടെ മൊത്തം ഊർജോല്‌പാദനത്തിൽ അണുശക്തിയുടെ പങ്ക് വെറും 1.8% മാത്രമാണ്. അത് 5% ആക്കി വർദ്ധിപ്പിക്കാൻ (ആർക്കും കീഴടങ്ങാതെ) ആണ് അവർ ഉദ്ദേശിക്കുന്നത്.
അമേരിക്കയുടെ ഉദ്ദേശ്യങ്ങൾ
ആണവക്കരാർ യഥാർത്ഥത്തിൽ ഇന്ത്യാ രാജ്യത്തിന്റെ താത്‌പര്യങ്ങളല്ല, അമേരിക്കയുടെയും ഇന്ത്യയിലെ ചില തൽപരകക്ഷികളുടെയും താത്‌പര്യങ്ങളാണ് സംരക്ഷിക്കുക. അമേരിക്കയ്‌ക്ക് അതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. കുറഞ്ഞുവരുന്ന എണ്ണസമ്പത്തിൽ മറ്റുള്ളവർകൂടി പങ്കുപറ്റുന്നത് ഒഴിവാക്കുക എന്നത് അതിലൊന്നാണ്. സാമ്പത്തികമായി അതിവേഗം വികസിക്കുന്ന ഇന്ത്യയും ചൈനയും എണ്ണയ്‌ക്കുമേൽ പിടിമുറുക്കുന്നതിനെ ആപത്തായി അവർ കാണുന്നു. പക്ഷെ, ചൈനയെ എളുപ്പം സ്വാധീനിക്കാൻ പറ്റില്ല. അവരുടെ വികസനപാത അവർ തന്നെയാണ് തീരുമാനിക്കുക. മറിച്ച്, ഇന്ത്യയെ സ്വാധീനിക്കാൻ എളുപ്പമാണ്. രാഷ്‌ട്രീയ നേതൃത്വത്തെയും ശാസ്‌ത്രജ്ഞരിലും സൈനിക നേതൃത്വത്തിലും ഒരു വിഭാഗത്തെയും പല മാർഗങ്ങളിൽ സ്വാധീനിക്കാൻ കഴിയും. (പണം, ഗവേഷണ പ്രൊജക്‌ടുകൾ, ആയുധക്കച്ചവടത്തിലെ കിക്ക് ബാക്കുകൾ, മക്കൾക്ക് വിദേശത്തു ജോലി....) പത്രങ്ങളെയും വിലയ്‌ക്കെടുക്കാം. വ്യവസായികൾ ഉദാരവല്‌കരണത്തിന്റെ മോഹവലയത്തിലാണ്. അങ്ങനെ ഇന്ത്യയുടെ ഊർജപ്രതിസന്ധിക്ക് പരിഹാരം ആണവോർജമാണ് എന്നു ബോധ്യപ്പെടുത്തിയാൽ അമേരിക്കക്കു നേട്ടങ്ങൾ പലതാണ്. എണ്ണയ്‌ക്കുമേലുള്ള സമ്മർദ്ദം അത്രകണ്ടു കുറയും. ഏതാണ്ട് മൂന്നരലക്ഷം കോടി രൂപയുടെ ആണവനിലയങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. അതിൽ ഏറിയ പങ്കും വെസ്റ്റിങ്‌ഹൗസ്, ജി.ഇ. പോലുള്ള അമേരിക്കൻ കമ്പനികൾക്കാകും കിട്ടുക. ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് അത് താങ്ങാകും എന്നു മാത്രമല്ല, ഏറെക്കാലമായി ആണവനിലയനിർമാണം നടക്കാത്തതുമൂലം ശേഷി പ്രയോജനപ്പെടുത്താൻ കഴിയാത്ത പ്രസ്‌തുത കമ്പനികൾക്ക് അത് ഗുണവും ചെയ്യും. 15,000-20,000 പുതിയ തൊഴിലുകൾ അമേരിക്കയിലുണ്ടാകും. അതല്ലാതെ എന്തെങ്കിലും പുതിയ സാങ്കേതക വിദ്യ അവർ ഇന്ത്യയിലെത്തിക്കും എന്നു പ്രതീക്ഷിക്കേണ്ടതില്ല, കാരണം അവരുടെ കൈയ്യിൽ ഇന്ത്യയിൽ ഇല്ലാത്ത ഒരു സാങ്കേതികവിദ്യയും ഇല്ല. നിലയം സ്ഥാപിക്കാനുള്ള ചെലവ് നമ്മുടേതിനേക്കാൾ കൂടുതലുമാണ്.
വാഷിംഗ്‌ടണിൽ ആഗോള സുരക്ഷാപഠനങ്ങൾക്കായുള്ള (അമേരിക്കയുടെ സുരക്ഷ എന്നേ ഇതിന് അർഥമുള്ളൂ) ഇൻസ്റ്റിറ്റിയൂട്ട് ഫോർ ദി അനാലിസിസ് ഓഫ് ഗ്ലോബൽ സെക്യൂരിറ്റി എന്ന സ്ഥാപനം ഇന്ത്യ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് പ്രത്യേകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അതിൽ പറയുന്നു: (1) ഇന്ത്യാ-പാക്കിസ്ഥാൻ-ഇറാൻ വാതക പൈപ്പ്‌ലൈൻ വൻ ഭീഷണിയാണ്, കാരണം പ്രകൃതിവാതകത്തിന്റെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വൻ നിക്ഷേപമാണ് ഇറാനിലേത്; അത് ഇന്ത്യ ചൂഷണം ചെയ്യും. (2) സുഡാൻ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യ വൻതോതിൽ എണ്ണ ഖനനത്തിനായി മുതൽമുടക്കുകയാണ്. അതുപോലെ കാസ്‌പിയൻ തീരരാജ്യങ്ങളിലും. (ലോകത്തിലെ എണ്ണ-വാതക നിക്ഷേപങ്ങളെല്ലാം തങ്ങൾക്കവകാശപ്പെട്ടതാണെന്നും അതിൽ ഇന്ത്യ പങ്കുപറ്റുന്നത് ഭീഷണിയാണെന്നുമാണ് അമേരിക്കൻ നിലപാട്.)
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ് യു.എസ്. കോൺഗ്രസ്സിന്റെ അന്താരാഷ്‌ട്രബന്ധ സമിതിക്ക് നല്‌കിയ റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയുമായുള്ള ആണവ സഹകരണം ഇറാന്റെ മേലുള്ള ആശ്രിതത്വം ഇല്ലാതാക്കുമെന്നും ഇന്ത്യയുടെ ഊർജോല്‌പാദനത്തിൽ ആണവോർജത്തിന്റെ പങ്ക് 20% വരെയാക്കി ഉയർത്താൻ സഹായിക്കുമെന്നുമാണ്. ഇന്ത്യയിൽ ഇപ്പോഴുള്ള 22 റിയാക്‌ടറുകളിൽ 14 എണ്ണം (കല്‌പാക്കത്തെ ബ്രീഡർ റിയാക്‌ടർ ഉൾപ്പെടെ) ഐ.എ.ഇ.എ.യുടെ നിരീക്ഷണത്തിൽ വരികയും അതുവഴി ഇന്ത്യയ്‌ക്കു മേൽ നിയന്ത്രണം കൈവരികയും ചെയ്യുമെന്നും യു.എസ്സിൽ 10,000നും 15,000നും ഇടയിൽ പുതിയ തൊഴിലുകൾ സൃഷ്‌ടിക്കപ്പെടുമെന്നും കൂടി ആ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അമേരിക്കയുടെ നേട്ടം ഇതുമാത്രമല്ല. ശീതസമരം അവസാനിച്ചതോടെ ഉപയോഗമില്ലാതായ നൂറുകണക്കിന് അണുബോംബുകൾ അവരുടെ കൈവശമുണ്ട്. കുറെയെണ്ണം ഡീകമ്മീഷൻ ചെയ്യണം, കാരണം അവയുടെ സംരക്ഷണം ചെലവേറിയതാണ്. 90-95% വരെ സമ്പുഷ്‌ടമാക്കിയ യുറേനിയമാണ് അവയിലുള്ളത്. അത് പ്രകൃതിദത്ത യുറേനിയവുമായി കലർത്തി 2-3% സമ്പുഷ്‌ട യുറേനിയമാക്കി മാറ്റിയാൽ ആണവനിലയങ്ങൾക്കുള്ള ഇന്ധനമായി. ഇന്ത്യ അതിനു നല്ലൊരു മാർക്കറ്റാവും. ഇതിനൊക്കെ പുറമെയാണ് ആണവക്കരാർ നല്‌കുന്ന തന്ത്രപരമായ നേട്ടങ്ങൾ. അതു വഴിയെ ചർച്ച ചെയ്യാം.
അശ്ലീലമായ ഒളിച്ചുകളിയും മാന്യമല്ലാത്ത തിടുക്കവും
ആണവക്കരാറിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങും വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയും സ്വീകരിച്ച രീതികൾ സുതാര്യതയും മാന്യതയും ഇല്ലാത്തതായിരുന്നു എന്ന് ആരും സമ്മതിക്കും. അമേരിക്കൻ പ്രസിഡന്റ് ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്? അന്തർദേശീയ ആണവ ഊർജ ഏജൻസിയുടെ ഗവർണർമാർക്ക് സമർപ്പിക്കുന്ന സുരക്ഷാകരാറിന്റെ ഉള്ളടക്കമെന്താണ്? ഹൈഡ് ആക്‌ട് ഇന്ത്യയ്‌ക്കുമേൽ അടിച്ചേല്‌പിക്കുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണ്? ഇതൊക്കെ തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോടോ അവരെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിനോടോ ഭരണത്തിനു പിന്തുണ നല്‌കിയ ഇടതുപക്ഷത്തോടോ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. അതൊക്കെ രഹസ്യമാക്കി വെക്കേണ്ട രേഖകളാണെന്നായിരുന്നു സർക്കാർ നിലപാട്. ഇത് വെറും നുണയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
ആ `അതീവ രഹസ്യരേഖ' പ്രധാനമന്ത്രി ഗവർണർമാർക്കു നല്‌കാനായി ഐ.എ.ഇ.എ. ബോർഡിനെ ഏല്‌പിച്ച ഉടനെ അവർ അത് ഇന്റർനെറ്റിലിട്ടു. യഥാർത്ഥത്തിൽ നമ്മുടെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ത്യൻ പാർലമെന്റിനെത്തന്നെ അവഹേളിക്കുകയായിരുന്നു. അത് രഹസ്യമാക്കി വെക്കേണ്ട രേഖയല്ല എന്ന് ഐ.എ.ഇ.എയിലെ മുൻ ഇന്ത്യൻ പ്രതിനിധി ശ്രീ. ടി.പി. ശ്രീനിവാസൻ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ അധികാരങ്ങളുള്ള അമേരിക്കൻ പ്രസിഡന്റിന് അമേരിക്കൻ കോൺഗ്രസ്സിൽ നിന്ന് വ്യവസ്ഥകൾ മറച്ചുവെച്ച് ഇത്തരം ഒരു കരാർ ഒപ്പിടാൻ കഴിയുമോ? എങ്കിൽ ആ കരാർ അവിടെ സാധുവാകില്ലെന്ന് തീർച്ച. മാതൃകാ ജനാധിപത്യരാജ്യമായി കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സ്ഥിതിയോ?
യഥാർത്ഥത്തിൽ ആണവക്കരാറിന്റെ കാര്യത്തിൽ വൃത്തികെട്ട ഒളിച്ചുകളി തുടക്കത്തിലേ കാണാം. 2007 നവംബർ 17നു ചേർന്ന ഭരണകക്ഷി-ഇടതുപക്ഷ ഏകോപന സമിതി യോഗത്തിൽ ആണവക്കരാർ ചർച്ച തുടർന്നു കൊണ്ടുപോകാനുള്ള അനുമതി സർക്കാരിനു ഇടതുപക്ഷം നല്‌കിയത് ചർച്ചയിൽ ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌തേ അംഗീകരിക്കൂ എന്ന ധാരണയിലാണ്. 2008 മാർച്ച് 8ന് നടന്ന യോഗത്തിൽ വിദേശകാര്യമന്ത്രി ചർച്ചാഫലം അവതരിപ്പിച്ചുവെങ്കിലും സുരക്ഷാകരാറിന്റെ പൂർണ്ണരൂപം നല്‌കാൻ കൂട്ടാക്കിയില്ല. കരാർ ഏകപക്ഷീയമാകുമെന്ന ഭയം ന്യായമായും ഇടതുകക്ഷികൾക്കുണ്ടായിരുന്നു. മുൻ അനുഭവങ്ങൾ അതാണ് സൂചിപ്പിച്ചത്. താരാപ്പൂർ ആണവനിലയത്തിന് 30 വർഷത്തേക്ക് സമ്പുഷ്‌ട യുറേനിയം നല്‌കാനുള്ള കരാർ അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ടത് 1963-ൽ ആയിരുന്നു. എന്നാൽ പൊക്രാനിൽ അണുപരീക്ഷണം നടത്തിയതിന്റെ പേരിൽ, കരാറിലെ വ്യവസ്ഥകൾ ഒന്നും നോക്കാതെ, 1983-ൽ (20 വർഷം പൂർത്തിയായിരിക്കെ) ഏകപക്ഷീയമായി അമേരിക്ക ഇന്ധന സപ്ലൈ നിർത്തി. അന്നു നമ്മെ സഹായിക്കാൻ സോവിയറ്റ് യൂണിയൻ തയ്യാറായാതുകൊണ്ട് നിലയം അടച്ചുപൂട്ടാതെ രക്ഷപ്പെട്ടു. സ്വന്തം താല്‌പര്യത്തിനു വിരുദ്ധമായാൽ അമേരിക്ക ഏതു കരാറും ലംഘിക്കും. ഈ പുതിയ കരാറും വ്യത്യസ്‌തമാകില്ല. ലംഘനം സാധ്യമാകുന്ന വ്യവസ്ഥകൾ കരാറിൽ ചേർക്കാനും അവർ ശ്രമിക്കും എന്ന ഭയം അസ്ഥാനത്തല്ല.
പ്രമുഖ ആണവ ശാസ്‌ത്രജ്ഞർ ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്:
[ എന്തെങ്കിലും കാരണം പറഞ്ഞ് യു.എസ്സ്. കരാറിൽ നിന്നും പിൻമാറിയാൽ നമ്മുടെ നിലയങ്ങൾ തുടർന്നു പ്രവർത്തിപ്പിക്കാൻ എന്തു വ്യവസ്ഥയാണ് കരാറിൽ ഉള്ളത്?
[ നമ്മുടെ സ്വന്തം നിലയങ്ങളിലെ ഇന്ധനാവശിഷ്‌ടം പുനഃസംസ്‌കരണം നടത്തി ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടോ?
[ അണുശക്തി ചെയർമാൻ കക്കോദ്‌കറും മറ്റും പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള `തിരുത്തൽനടപടികൾ' (Corrective Steps- മുൻപറഞ്ഞ പുനഃസംസ്‌കരണമാണ് ഉദ്ദേശിക്കുന്നത്) അനുവദനീയമാണോ? അതോ, ഇപ്പോൾ ഇറാനും, മുമ്പ് വടക്കൻ കൊറിയയും അഭിമുഖീകരിക്കേണ്ടിവന്ന തരം ഉപരോധങ്ങൾക്ക് നമ്മുടെ രാജ്യവും വിധേയമാകുമോ?
ഡോ: പി.കെ.അയ്യങ്കാർ, ഡോ.എം.ആർ.ശ്രീനിവാസൻ, ഡോ.എ.എൻ.പ്രസാദ്, ഡോ.ചിദംബരം, ഡോ.എ.ഗോപാലകൃഷ്‌ണൻ തുടങ്ങി ഇന്ത്യൻ ആണവ പരിപാടിയുടെ മുതിർന്ന നേതാക്കൾ ഉയർത്തിയിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കൊന്നും തൃപ്‌തികരമായ ഉത്തരം കിട്ടുകയുണ്ടായില്ല.
ഇടതുപക്ഷത്തിന്റെ സമ്മർദ്ദം മുറുകിയപ്പോൾ കഴിഞ്ഞ ജൂലൈ 7നു വീണ്ടും ഏകോപന സമിതി യോഗം ചേരാൻ പ്രണബ് മുഖർജി കത്തുനല്‌കി. ഐ.എ.ഇ.എ. ബോർഡിനു സമർപ്പിക്കാൻ പോകുന്ന സുരക്ഷാ കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാനായിരുന്നു യോഗം. എന്നാൽ, അതിനുമുമ്പുതന്നെ ജി.എട്ട് യോഗത്തിനു ജപ്പാനിലേക്കു പുറപ്പെട്ട പ്രധാനമന്ത്രി തന്നെ അനുഗമിക്കുന്ന പത്രപ്രതിനിധികളോട് ഐ.എ.ഇ.എ. ക്ക് സുരക്ഷാ കരാർ സമർപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണുണ്ടായത്. പിന്നെ എന്ത് ചർച്ച! അവഹേളനപരവും മാന്യതയില്ലാത്തതുമായ ഈ സമീപനം ആണ് പിന്തുണ പിൻവലിക്കുന്നതിലേക്ക് ഇടതുപക്ഷത്തെ നയിച്ചത്. ജൂലൈ 8ന് വിദേശകാര്യമന്ത്രി പത്രസമ്മേളനം വിളിച്ചുചേർത്ത് പ്രഖ്യാപിച്ചു: പാർലമെന്റിൽ വിശ്വാസവോട്ട് നേടിയതിനുശേഷം മാത്രമേ ഐ.എ.ഇ.എ. ബോർഡിനെ സമീപിക്കൂ; താനീ കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തിട്ടുണ്ട്. എന്നാൽ, ഈ ഉറപ്പും ലംഘിക്കപ്പെട്ടു. അന്നു രാത്രി തന്നെ സുരക്ഷാ കരാറിന്റെ കോപ്പികൾ ഗവർണർമാർക്കു വിതരണം ചെയ്യാനായി ഐ.എ.ഇ.എ. ബോർഡിനെ ഏല്‌പിച്ചു. ബുഷും മൻമോഹൻ സിങും ജി.എട്ട് വേദിക്കു വെളിയിൽ വച്ച് നടന്ന കൂടിക്കാഴ്‌ച കഴിഞ്ഞ ഉടനെയായിരുന്നു ഇത്. അമേരിക്കൻ സമ്മർദ്ദം വളരെ വ്യക്തമായിരുന്നു. രേഖ ഇന്റർനെറ്റിൽ വരികയും കൂടി ചെയ്‌തതോടെ (ജൂലൈ 10) ഇടതുപക്ഷത്തിനു പിന്തുണ പിൻവലിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. പിന്നീട് ഭൂരിപക്ഷത്തിനുവേണ്ടി നടന്ന കുതിരക്കച്ചടവടവും പാർലമെന്റ് സമ്മേളനത്തിൽ നടന്ന ആഭാസരംഗങ്ങളും നാം കണ്ടതാണല്ലൊ.
ആണവക്കരാറിലും സുരക്ഷാ വ്യവസ്ഥകളിലും ഇന്ത്യയുടെ താല്‌പര്യങ്ങളെ ഹനിക്കുന്ന ഒട്ടേറെ വ്യവസ്ഥകളും വ്യവസ്ഥയില്ലായ്‌മയും ഉണ്ടെന്ന് ഇപ്പോൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്. അതാണ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും നടത്തുന്ന ഒളിച്ചുകളികൾക്ക് കാരണവും. സ്വന്തം കഴിവുകൾ വികസിപ്പിച്ച് ഒരു ലോകശക്തി (നല്ല അർത്ഥത്തിൽ) ആയി വളർന്നുവരുക എന്ന ലക്ഷ്യം ഉപേക്ഷിച്ച് ?`ലോകപോലീസുകാരൻ' ചമയുന്ന അമേരിക്കയുടെ ശിങ്കിടിയായി നിന്നുകൊണ്ട് ഒരു ഏഷ്യൻ ശക്തിയാവുക എന്ന തരംതാണ ലക്ഷ്യം നേടാനാണ് നമ്മുടെ രാഷ്‌ട്രീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. അതിന് ഇന്ത്യയുടെ കോർപ്പറേറ്റ് മുതലാളിമാരുടെയും സൈനികനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയും പ്രേരണയും ഉണ്ട്. ഇന്ത്യയുടെ മികച്ച സായുധ സേനയും അമേരിക്കയുടെ മികച്ച ആയുധശേഷിയും ചേർന്നാൽ ലോകത്തെ എളുപ്പം ഭരിക്കാമെന്ന അമേരിക്കൻ മൂഢസ്വപ്‌നത്തിന് നമ്മൾ കീഴ്‌പ്പെടുകയാണ്. (നാളെ അമേരിക്കയുടെ ആധിപത്യത്തെ ചെറുക്കുന്ന മുഖ്യശക്തികൾ ചൈനയും റഷ്യയുമായിരിക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. ഇന്ത്യയെ അതിൽ നിന്നും മാറ്റി നിർത്തുക അവരുടെ താല്‌പര്യമാണ്) . അണുശക്തിയുടെയും ആണവക്കരാറിന്റെയും യഥാർത്ഥ പ്രശ്‌നങ്ങൾ മനസ്സിലാക്കണമെങ്കിൽ അതിന്റെ ശാസ്‌ത്രവും ചരിത്രവും മനസ്സിലാക്കിയേ മതിയാകൂ. അതാകട്ടെ നമ്മുടെ മാധ്യമചർച്ചകളിൽ മിക്കപ്പോഴും അവഗണിക്കപ്പെട്ടുപോകാറുമാണ് പതിവ്.
അണുശക്തിയുടെ ശാസ്‌ത്രം
ലോകത്ത് പ്രവർത്തിക്കുന്ന എല്ലാ ആണവനിലയങ്ങളും യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന യുറേനിയത്തിൽ രണ്ടു ഘടകങ്ങൾ അഥവാ ഐസോടോപ്പുകൾ ഉണ്ട്. ഒന്ന്, U235 ; അതിന്റെ അണുകേന്ദ്രത്തിൽ 92 പ്രോട്ടോണുകളും 143 ന്യൂട്രോണുകളും ഉണ്ട്. ആകെ 235 കണങ്ങൾ. രണ്ട്, U238 ; പ്രോട്ടോണുകൾ 92 തന്നെ, ന്യൂട്രോണുകൾ 146ഉം. ആകെ 238. രണ്ടിലും പ്രോട്ടോണുകളുടെ എണ്ണം അഥവാ അണുസംഖ്യ ഒന്നായതുകൊണ്ട് രാസപരമായി ഒരേ വസ്‌തു തന്നെ; U238 നു അല്‌പം ഭാരക്കൂടുതലുണ്ടെന്നുമാത്രം.
പ്രകൃതിദത്ത യുറേനിയത്തിൽ U235 ന്റെ അംശം 1000-ൽ 7 ഭാഗം (0.7%) മാത്രമേ വരൂ. ബാക്കി 99.3 ശതമാനവും U238 ആയിരിക്കും. ഇതിൽ ആണവ ഇന്ധനമായി ഉപയോഗിക്കാൻ പറ്റിയത് U235 മാത്രമാണ്.
അതെങ്ങനെയാണ് ഊർജം ഉത്‌പാദിപ്പിക്കുന്നത് എന്നു നോക്കാം. U235 ന്റെ അണുകേന്ദ്രത്തിലേക്ക് ഒരു ന്യൂട്രോണിനെ തൊടുത്തുവിട്ടാൽ അത് ആഗിരണം ചെയ്യപ്പെടാം. എങ്കിൽ അണുകേന്ദ്രം അസ്ഥിരമാകും, രണ്ടായി പിളരും. ഇതാണ് അണുവിഭജനം അഥവാ ഫിഷൻ. പിളരൽ എങ്ങനെയുമാകാം. ബേരിയവും (അണുസംഖ്യ 56) ക്രിപ്‌റ്റോണും (36) ആകാം; കാഡ്‌മിയവും (48) റുഥേനിയവും (44) ആകാം. ടിന്നും (50) മോളിബ്‌ഡിനവും (42) ആകാം. അങ്ങനെ എന്തുമാകാം. രണ്ടിന്റെയും കൂടി പ്രോട്ടോൺ സംഖ്യ 92 ആകണമെന്ന നിബന്ധനയേ ഉള്ളൂ. എന്നാൽ രണ്ടിന്റെയും കൂടി ന്യൂട്രോണിന്റെ എണ്ണം 143 ആകില്ല. പിളരുന്ന രീതി അനുസരിച്ച് രണ്ടോ മൂന്നോ ന്യൂട്രോണുകൾ സ്വതന്ത്രമാകും. ശരാശരി 2.5എണ്ണം.
ഇങ്ങനെ സ്വതന്ത്രമാകുന്ന ഓരോ ന്യൂട്രോണും ഓരോ U235 അണുവിൽ പോയി പതിക്കാൻ ഇടയായാൽ അവയും പിളരാം. ഓരോ ഫിഷനിലും രണ്ടു ന്യൂട്രോണുകളേ അവശേഷിക്കുന്നുള്ളു എന്നിരിക്കട്ടെ (ബാക്കി ചോർന്നുപോകുകയോ മറ്റേതെങ്കിലും അണുകേന്ദ്രത്തിൽ ആഗിരണം ചെയ്‌തുപോകുകയോ ചെയ്യാം.) എങ്കിൽ ആ രണ്ടെണ്ണം രണ്ട് U235 അണുകേന്ദ്രങ്ങളെ പിളർക്കും. അതിലുണ്ടാകുന്ന നാലു ന്യൂട്രോണുകൾ തുടർന്നു നാലു അണുകേന്ദ്രങ്ങളെ പിളർക്കും. പിന്നെ അത് എട്ടാകും, 16 ആകും.... ഇതാണ് ശൃംഖലാ പ്രവർത്തനം എന്നറിയപ്പെടുന്നത്.
ഒരു അണുകേന്ദ്രം ന്യൂട്രോണിനെ ആഗിരണം ചെയ്‌തു പിളരാനെടുക്കുന്ന സമയം ഒരു സെക്കന്റിന്റെ 10 ലക്ഷത്തിലൊരംശമേ (1 മൈക്രോ സെക്കന്റ്) വരൂ. ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം (മില്ലി സെക്കന്റ്)സമയം കൊണ്ട് ഏതാനും ടൺ യുറേനിയം ഈ വിധം പിളർന്നുപോകും. (പിളരുമ്പോൾ പുറത്തുവരുന്ന ഊർജത്തിന്റെ അളവ് ഭീമമായതുകൊണ്ട് പദാർത്ഥത്തിലെ മുഴുവൻ ആറ്റങ്ങളും പിളരുംമുമ്പേ അത് പൊട്ടിച്ചിതറിപ്പോകും.) ഇതാണ് ഒരു അണുബോംബിന്റെ പ്രവർത്തനതത്ത്വം.
മുൻപറഞ്ഞ ശൃംഖലാ പ്രവർത്തനത്തെ പരിമിതപ്പെടുത്താൻ കഴിയും. ഓരോ U235 പിളരുമ്പോഴുമുണ്ടാകുന്ന 2.5 ന്യൂട്രോണുകളിൽ 1.5 എണ്ണം നഷ്‌ടപ്പെടാൻ അനുവദിക്കുകയും ഒന്നിനെ മാത്രം ശൃംഖല തുടരാൻ വിടുകയും ചെയ്‌താൽ, ഒരു നിശ്ചിത അളവിൽ മാത്രം ഊർജം പുറത്തുവന്നുകൊണ്ടിരിക്കും; പൊട്ടിത്തെറി ഉണ്ടാവില്ല. ഈ ഊർജത്തെ വൈദ്യുതിയാക്കി മാറ്റുന്നതാണ് ആണവ റിയാക്‌ടറുകളുടെ പ്രവർത്തനം.
ഊർജം പുറത്തുവരിക മുഖ്യമായും കണങ്ങളുടെ ഗതികോർജമായും ഗാമാ രശ്‌മികളായുമാണ്. അതിനെ താപമാക്കി മാറ്റി ജലം തിളപ്പിച്ച് ആവിയാക്കി അതുകൊണ്ട് ഒരു ടർബൈൻ ജനറേറ്റർ കറക്കിയാണ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്. ഇവിടെ നിരവധി പ്രശ്‌നങ്ങൾ തരണം ചെയ്യേണ്ടതുണ്ട്. ഒന്ന്, സ്വാഭാവിക യുറേനിയത്തിൽ U235 ന്റെ അളവ് 0.7% മാത്രം ആയതുകൊണ്ട്, ഒരു ഫിഷന്റെ ഭാഗമായി ഉണ്ടാകുന്ന ന്യൂട്രോണുകളിൽ ഒന്നുപോലും മറ്റൊരു U235 ൽ പോയി വീഴാൻ സാധ്യത കുറവാണ്. അധികവും U238 ൽ ആവും പോയിപ്പതിക്കുക. അത് ആഗിരണം ചെയ്യപ്പെടും; പക്ഷെ U238 പിളരില്ല. അപ്പോൾ ശൃംഖല നിന്നുപോകും.
ഇതിനെ മറികടക്കാൻ രണ്ട് മാർഗങ്ങളുണ്ട്. സ്വാഭാവിക യുറേനിയത്തിൽനിന്ന് ഒരു ഭാഗം U238 നീക്കം ചെയ്‌ത് U235 ന്റെ തോത് വർധിപ്പിക്കുക. ഇതിനെയാണ് സമ്പുഷ്‌ടനം എന്നുപറയുന്നത്. സമ്പുഷ്‌ടിത യുറേനിയത്തിൽ ന്യൂട്രോണുകളെ U235 നുതന്നെ കിട്ടാൻ സാധ്യത കൂടുതലായതുകൊണ്ട് ശൃംഖല നിലനിർത്താൻ എളുപ്പമാകും. അണുബോംബിൽ 90-95% സമ്പുഷ്‌ടമാക്കിയ യുറേനിയവും ആണവ റിയാക്‌ടറുകളിൽ 2-3% സമ്പുഷ്‌ടമാക്കിയ യുറേനിയവും ആണ് ഉപയോഗിക്കുക.
രണ്ടാമത്തെ മാർഗം യുറേനിയത്തിന്റെ മറ്റൊരു പ്രത്യേകത പ്രയോജനപ്പെടുത്തുകയാണ്. U238 ശീഘ്രന്യൂട്രോണുകളെയും U235 മന്ദന്യൂട്രോണുകളെയും ആണ് എളുപ്പം ആഗിരണം ചെയ്യുക. ഫിഷന്റെ ഫലമായി പുറത്തുവരുന്നവ ശീഘ്രന്യൂട്രോണുകളായതുകൊണ്ട് അവ ശൃംഖലാ പ്രവർത്തനത്തിന് ഉപകരിക്കില്ല. അവയെ വേഗത കുറച്ച് മന്ദ ന്യൂട്രോണുകളാക്കിയാൽ U238 ആഗിരണം ചെയ്യുന്നത് താരതമ്യേന കുറച്ച് U235 നു ലഭ്യമാക്കുക വഴി ശൃംഖല നിലനിർത്താം.
എങ്ങനെയാണ് ന്യൂട്രോണുകളുടെ വേഗത കുറയ്‌ക്കുക? അവയെ ഭാരം നന്നെ കുറഞ്ഞ ഏതെങ്കിലും അണുക്കളുമായി കൂട്ടിമുട്ടിച്ചാൽ മതി. അപ്പോൾ അവയക്ക് ഊർജവും വേഗതയും നഷ്‌ടപ്പെടും. പക്ഷെ അത്തരം വസ്‌തുക്കൾ ന്യൂട്രോണുകളെ ആഗിരണം ചെയ്‌ത് നഷ്‌ടമാക്കുന്നവയാകരുത്. ഇങ്ങനെ ഭാരം കുറഞ്ഞതും ന്യൂട്രോണുകളെ ആഗിരണം ചെയ്യാത്തതുമായ രണ്ടുവസ്‌തുക്കളാണ് ആണവറിയാക്‌ടറുകളിൽ നല്ല മന്ദീകാരികൾ (Moderators) ആയി ഉപയോഗിക്കാറുള്ളത്. ഒന്ന്, ഗ്രാഫൈറ്റ്, മറ്റൊന്ന് ഘനജലം. സാധാരണ ജലം നല്ല മന്ദീകാരി അല്ല. കാരണം ജലതന്മാത്രയിലെ (H2O) ഹൈഡ്രജൻ ആറ്റങ്ങൾ ന്യൂട്രോണുകളെ ആഗിരണം ചെയ്‌ത് ഡ്യൂട്ടീറിയം (D- ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും അടങ്ങിയ ഹൈഡ്രജൻ അണു) ആയി മാറാനുള്ള സാധ്യത ഉണ്ട്. എന്നാൽ ഡ്യൂട്ടീറിയം തന്നെ അടങ്ങിയ ജലം (D2O- അഥവാ ഘനജലം) ആണ് ഉപയോഗിക്കുന്നതെങ്കിൽ ന്യൂട്രോൺ നഷ്‌ടം ഒഴിവാക്കാം.
സമ്പുഷ്‌ട യുറേനിയം ഇന്ധനമായുപയോഗിക്കുമ്പോൾ സാധാരണ ജലവും മന്ദീകാരിയായി ഉപയോഗിക്കാം, കാരണം ന്യൂട്രോൺ കുറച്ചു നഷ്‌ടം വന്നാലും ശൃംഖല നിലനിർത്താൻ പറ്റും. എന്നാൽ പ്രകൃതിദത്ത യുറേനിയമാണെങ്കിൽ ഘനജലം അല്ലെങ്കിൽ ഗ്രാഫൈറ്റ് മന്ദീകാരിയായി ഉപയോഗിക്കണം. ഘനജലം ഉണ്ടാക്കാൻ ഉയർന്ന സാേങ്കതിക വിദ്യ ആവശ്യമാണ്. ആദ്യകാല റിയാകട്‌റുകളിൽ (ഉദാ: ചെർണോബിൽ) ഗ്രാഫൈറ്റും പ്രകൃതിദത്ത യുറേനിയവും ആണ് ഉപയോഗിച്ചിരുന്നത്.
റിയാക്‌ടർ കാമ്പിൽ മന്ദീകാരി നിറച്ച് അതിൽ നിശ്ചിത അകലങ്ങളിൽ സിർകോണിയം മഗ്നീഷ്യം ട്യൂബുകളിൽ നിറച്ച യുറേനിയം വെച്ചാൽ ശൃംഖലാ പ്രവർത്തനം സൃഷ്‌ടിക്കാനാകും.
മന്ദീകരണം നടത്തിയതുകൊണ്ടു മാത്രം ശൃംഖല നിലനിർത്താൻ കഴിയണമെന്നില്ല. കാരണം, ന്യൂട്രോണുകൾ നഷ്‌ടപ്പെടുന്നത് U235 ആഗിരണം ചെയ്യുന്നതുകൊണ്ടുമാത്രമല്ല. മറ്റു മാലിന്യങ്ങൾ, ശീതീകാരി, മന്ദീകാരി തുടങ്ങിയ പലതും അവയെ പിടിച്ചെടുക്കാം. കുറെ ലീക്ക് ചെയ്‌തും (അണുക്കളിലൊന്നും തട്ടാതെ) പുറത്തുപോകാം. റിയാക്‌ടറിന് ഒരു നിശ്ചിത വ്യാപ്‌തം ഉണ്ടെങ്കിലേ ഈ ചോർച്ച കുറയ്‌ക്കാൻ കഴിയൂ. ഇങ്ങനെ നഷ്‌ടങ്ങളെല്ലാം കുറച്ച്, ന്യൂട്രോണുകളെ ഒന്നിന് ഒന്ന് വച്ച് ബാക്കിയാക്കി ശൃംഖല നിലനിർത്താൻ കഴിഞ്ഞാൽ റിയാക്‌ടർ ക്രാന്തികമായി (Critical) എന്നു പറയും.
ഇതു വളരെ അസ്ഥിരമായ ഒരവസ്ഥയാണ്. ന്യൂട്രോണുകളുടെ എണ്ണം ഒന്നിനൊന്ന് എന്നതിൽ നിന്ന് അല്‌പം കൂടിപ്പോയാൽ ശൃംഖല ത്വരിതമാകും; റിയാകട്‌ർ ചുട്ടുപഴുത്ത് ഉരുകും. ചിലപ്പോൾ പൊട്ടിത്തെറിച്ചു എന്നും വരാം (ഉദാ: ത്രീമൈൽ ഐലണ്ട്, അമേരിക്ക; ചെർണോബിൽ, റഷ്യ). പൊട്ടിയാലും ബോംബ് പോലെ എല്ലാം ചാരമാക്കില്ല, എങ്കിലും ടൺകണക്കിന് റേഡിയോ ആക്‌റ്റീവ് പദാർത്ഥങ്ങൾ ചുറ്റും ചിതറും. അതോടെ നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവ് പ്രദേശം ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വർഷത്തേക്ക് ജീവയോഗ്യമല്ലാത്തതായിത്തീരും. ന്യൂട്രോൺ സംഖ്യ ഒന്നിനൊന്നിൽ കുറഞ്ഞുപോയാലോ, ആണവനിലയം കെട്ടുപോവുകയും ചെയ്യും.
രണ്ടും സംഭവിക്കാതിരിക്കാൻ ചെയ്യുന്ന ഒരു സംവിധാനം ഇതാണ്: റിയാക്‌ടറിനെ ക്രാന്തിക നിലയിലും അല്‌പം ഉയർത്തി നിർത്തും. എന്നിട്ട്, റിയാക്‌ടറിനുള്ളിലേക്ക്, എളുപ്പം ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്ന ചില പദാർത്ഥങ്ങളുടെ (ഉദാ: കാഡ്‌മിയം) ദണ്‌ഡുകൾ ഭാഗികമായി കയറ്റി നിർത്തും. അവയും കൂടി ചേർന്നാലേ റിയാക്‌ടർ ക്രാന്തികമായിരിക്കൂ. എപ്പോഴെങ്കിലും ന്യൂട്രോൺ പ്രവർത്തനനിരക്കു കൂടിപ്പോയാൽ ദണ്‌ഡുകൾ ഉള്ളിലേക്കു കൂടുതൽ തള്ളി അധിക ന്യൂട്രോണുകളെ ആഗിരണം ചെയ്യും. കുറഞ്ഞുപോയാൽ പുറത്തേക്കു വലിച്ച് ആഗിരണം കുറയ്‌ക്കും. ഇതിനുള്ള സ്വയംപ്രവർത്തക സജ്ജീകരണം റിയാക്‌ടറിനോടനുബന്ധിച്ചുണ്ടാകും. ഇവയെ നിയന്ത്രണദണ്‌ഡുകൾ (Control rods) എന്നാണ് പറയുക. ഇതൊക്കയുണ്ടെങ്കിലും ആണവനിലയങ്ങളിൽ എപ്പോഴും അപകട സാദ്ധ്യത നിലനിൽക്കുന്നുണ്ട്.
റിയാക്‌ടർ കാമ്പിൽ ശൃംഖലാ പ്രവർത്തനം നടക്കുമ്പോൾ ഉല്‌പാദിപ്പിക്കപ്പെടുന്ന ഊർജം അവിടെനിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അതിന് കാമ്പിൽ ശീതീകരണക്കുഴലുകൾ ഉണ്ടാകും. അതിലൂടെ ജലം, ഘനജലം, മർദ്ദിത വാതകം, ഉരുകിയ ലോഹം (ഉദാ: സോഡിയം) ഇവയിലേതെങ്കിലും ഒഴുക്കിക്കൊണ്ടിരിക്കും. ഈ ശീതീകാരി താപം വഹിച്ചുകൊണ്ടുപോയി ബോയ്‌ലറിലേക്കു പകർന്നു നല്‌കുന്നു. ബോയ്‌ലറിലെ ജലം തിളച്ചുണ്ടാക്കുന്ന ആവിയാണ് വൈദ്യുത ജനറേറ്ററിന്റെ ടർബൈൻ കറക്കുന്നത്.
ചുരുക്കത്തിൽ റിയാക്‌ടർ കാമ്പിൽ ഇന്ധനം, മന്ദീകാരി, നിയന്ത്രണ ദണ്‌ഡുകൾ, ശീതീകാരിക്കുഴലുകൾ എന്നീ സംവിധാനങ്ങളാണ് ഉള്ളത്. ചില റിയാക്‌ടറുകളിൽ (ഉദാ: താരാപ്പൂർ റിയാക്‌ടർ) ശീതീകാരിക്കുഴലുകൾ ഉണ്ടാവില്ല; റിയാക്‌ടറിനകത്തുവച്ചുതന്നെ ജലം തിളപ്പിച്ച് ആവിയാക്കി ടർബൈൻ പ്രവർത്തിപ്പിക്കുകയാണ് ചെയ്യുക. ഇത്തരം റിയാക്‌ടറുകളെ തിളജല റിയാക്‌ടറുകൾ (Boiling Water Reactors - BWR) എന്നു വിളിക്കും. ഇതിലെ നീരാവി റേഡിയോ ആക്‌റ്റീവ് ആയതുകൊണ്ട് അതു പുറത്തേക്കു വിടില്ല. കൂടംകുളത്തെ റഷ്യൻ പ്ലാന്റിൽ സമ്പുഷ്‌ട യുറേനിയവും മർദ്ദിത ജല മന്ദീകാരിയും മർദ്ദിത ജലശീതീകാരിയും ആണ് ഉപയോഗിക്കുക.
ആധുനിക റിയാക്‌ടറുകളിൽ കോൺക്രീറ്റുകൊണ്ട് നിർമ്മിച്ച കട്ടിയുള്ള രണ്ടുകവചങ്ങൾ ഉണ്ടായിരിക്കും. കാമ്പിനു ചുറ്റും റേഡിയേഷൻ തടയാനുള്ള പ്രാഥമിക കവചവും ഏറ്റവും പുറത്ത് അപകടമുണ്ടായാലുള്ള സംരക്ഷണത്തിനായി ഒരു ബാഹ്യകവചവും. ഇതെല്ലാം കൂടിച്ചേരുമ്പോൾ ഒരു റിയാക്‌ടർ സ്ഥാപിക്കാൻ വേണ്ട ചെലവ് സമാനശേഷിയുള്ള ഒരു താപനിലയം സ്ഥാപിക്കാൻ വേണ്ടതിന്റെ ഇരട്ടിയിലേറെ (മെഗാവാട്ടിന് 10 കോടി രൂപ) വരും. സമ്പുഷ്‌ട യുറേനിയത്തിന്റെ വില (ഇപ്പോൾ കിലോഗ്രാമിന് 17,000 രൂപ), ആണവ അവശിഷ്‌ടം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ചെലവ് (എത്രയെന്ന് ഇപ്പോഴും നിശ്ചയമില്ല), ഉപയോഗം കഴിയുമ്പോൾ ആണവനിലയം പൊളിച്ചുനീക്കാൻ വേണ്ടിവരുന്ന ചെലവ് (അതിനുള്ളിൽ നിറയെ റേഡിയേഷൻ പുറത്തുവിടുന്ന പദാർത്ഥങ്ങളായതുകൊണ്ട് ചെലവേറും) ഇതൊക്കെ ചേരുമ്പോൾ ഊർജത്തിന്റെ വില വളരെ കൂടും. ഇപ്പോഴും കൃത്യമായ കണക്കെടുപ്പില്ല. പല ചെലവുകളും നീട്ടിവയ്‌ക്കപ്പെടുകയാണ്.
ബ്രീഡർ റിയാക്‌ടറുകൾ
യുറേനിയം സമ്പുഷ്‌ടനം ചെലവേറിയതും സാങ്കേതിക സങ്കീർണതകൾ നിറഞ്ഞതുമാണ്. കാരണം U235 ഉം U238 ഉം ഒരേ രാസവസ്‌തുവാണ്. രാസിക മാർഗങ്ങളുപയോഗിച്ച് അവയെ വേർതിരിക്കാനാവില്ല. അവ തമ്മിലുള്ള ചെറിയ ഭാരവ്യത്യാസം പ്രയോജനപ്പെടുത്തിവേണം അതു സാധിക്കാൻ. ഭീമൻ വിസരണ വ്യൂഹങ്ങളോ (Diffusion Plants) സെൻട്രിഫ്യൂജുകളോ (Centrifuges) ഉപയോഗിച്ച് വേണം അതു സാധ്യമാക്കാൻ. പതിനായിരക്കണക്കിനു കോടി രൂപ വരും അവ സ്ഥാപിക്കാൻ. അമേരിക്കയും റഷ്യയും മറ്റും വിസരണമാർഗമാണ് ഉപയോഗിച്ചത്. പാക്കിസ്ഥാനും ഇറാനും മറ്റും സെൻട്രിഫ്യൂജുകളും.
ഇന്ത്യ സമ്പുഷ്‌ടീകരണത്തിന് മുഖ്യമായും ആശ്രയിച്ചത് മറ്റൊരു മാർഗമാണ്. പ്രകൃതിദത്ത യുറേനിയവും ഘനജലവും ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന റിയാക്‌ടറിൽ U235 ന്റെ വിഭജന ഫലമായുണ്ടാകുന്ന ന്യൂട്രോണുകളിൽ ഒരു പങ്ക് U238 ൽആഗിരണം ചെയ്യപ്പെടുമല്ലൊ. അവ പിളരുന്നതിനുപകരം U239 എന്ന പദാർത്ഥമായി മാറും. തുടർന്ന് അതിനുള്ളിലെ ഒരു ന്യൂട്രോൺ സ്വയം ഒരു പ്രോട്ടോണായി മാറും. ഒരു ഇലക്‌ട്രോണും ഭാരമില്ലാത്ത ന്യൂട്രിനോ എന്ന കണവും ഉത്സർജിച്ചുകൊണ്ടു നടക്കുന്ന ഈ പ്രവർത്തനത്തെ ബീറ്റാ ഉത്സർജനം എന്നു പറയും. അങ്ങനെ 93 പ്രോട്ടോണുകളുള്ള നെപ്‌റ്റിയൂണിയം (Np-239) എന്ന പദാർത്ഥം സൃഷ്‌ടിക്കപ്പെടും. തുടർന്ന് ഒരു ന്യൂട്രോൺ കൂടി ബീറ്റാ ഉത്സർജനം നടത്തി പ്രോട്ടോണായി മാറിക്കൊണ്ട് നെപ്‌റ്റിയൂണിയം ഒരു പ്ലൂട്ടോണിയം ആയി മാറും. അണുസംഖ്യ 94 ഉള്ള പ്ലൂട്ടോണിയം (Pu239) U235 പോലെതന്നെ വിഭജിക്കാൻ കഴിയുന്ന ആണവ ഇന്ധനമാണ്. വ്യത്യസ്‌ത രാസവസ്‌തുവായതുകൊണ്ട് അതിനെ വേർതിരിക്കാൻ എളുപ്പമാണ്. പ്ലൂട്ടോണിയത്തെ വേർതിരിച്ചെടുത്ത് ബോംബ് നിർമിക്കാനോ, U235 ൽ ചേർത്ത് സമ്പുഷ്‌ടീകരണത്തിന് പ്രയോജനപ്പെടുത്താനോ കഴിയും. ഇന്ത്യ പൊക്രാനിൽ നടത്തിയ ആണവസ്‌ഫോടനം പ്ലൂട്ടോണിയം ഉപയോഗിച്ചുള്ളതായിരുന്നു.
U238 നെ ശീഘ്രന്യൂട്രോണുകൾ ഉപയോഗിച്ച് പ്ലൂട്ടോണിയം ആക്കിമാറ്റുന്നതിനാൽ ഇത്തരം റിയാക്‌ടറുകളെ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ എന്നു പറയുന്നു. റിയാക്‌ടറുകൾ കുറെവർഷം പ്രവർത്തിപ്പിച്ചു കഴിയുമ്പോൾ ഇന്ധനദണ്ഡുകൾ മാറ്റി സ്ഥാപിക്കണം. ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനത്തിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് പ്ലൂട്ടോണിയവും, വിഭജനം നടക്കാത്ത യുറേനിയവും വേർതിരിച്ചെടുക്കുന്ന പ്രക്രിയയ്‌ക്കു പുനഃസംസ്‌കരണം എന്നു പറയുന്നു.
പ്ലൂട്ടോണിയം ഉപയോഗിച്ച് സമ്പുഷ്‌ടനം നടത്തിയ ഇന്ധനം ഇനി പുതിയ റിയാക്‌ടറുകളിൽ ഉപയോഗിക്കാം. യുറേനിയത്തോടൊപ്പം കുറച്ചു തോറിയം (Th232, 90 പ്രോട്ടോണുകളും 142 ന്യൂട്രോണുകളും ഉള്ള അണു) കൂടിചേർത്താൽ അതും മുൻപറഞ്ഞ തരം ബീറ്റാ ഉത്സർജനം വഴി U233 എന്ന യുറേനിയം ഐസോടോപ്പായി മാറും. ഇത് U235 പോലെ തന്നെ വിഭജനവിധേയമാകുന്ന ഇന്ധനമാണ്. ഇതു സാധ്യമായാൽ ഇന്ത്യയ്‌ക്ക് ആണവ ഇന്ധനത്തിനായി ഇനി ആരെയും വൻതോതിൽ ആശ്രയിക്കേണ്ടി വരില്ല. കേരളതീരത്തും ഒറീസ്സയിലും ഉള്ള ലോഹമണലിൽ തോറിയം സുലഭമാണ്. ഇതായിരുന്നു ഹോമി ഭാഭ വിഭാവനം ചെയ്‌ത ഇൻഡ്യൻ ദീർഘകാല ആണവ പരിപാടി. പക്ഷേ വൻതോതിൽ തോറിയത്തെ U233 ആക്കി മാറ്റുന്നതിലോ അതുപയോഗിച്ച് `ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറുകൾ' ഡിസൈൻ ചെയ്‌ത് പ്രവർത്തിപ്പിക്കുന്നതിലോ നാം ഇതുവരെ വിജയിച്ചിട്ടില്ല. (നാം മാത്രമല്ല, ലോകത്താരും)
ആണവനിർവ്യാപനക്കരാറും ഇന്ത്യയും
ഹിരോഷിമയും നാഗസാക്കിയും അണുശക്തിയുടെ മാരകശേഷി വെളിവാക്കിയതു മുതൽ ലോകത്ത് ആരംഭിച്ചതാണ് ആണവമത്സരം. അമേരിക്കയുടെ ആണവ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട് റഷ്യ ഏറെക്കഴിയും മുമ്പേ അണുബോംബ് പരീക്ഷണം നടത്തി. തുടർന്ന് ബ്രിട്ടനും ഫ്രാൻസും ഒടുവിൽ ചൈനയും ഒപ്പമെത്തി. ബോംബ് നിർമാണത്തിന്റെ സാങ്കേതിക വിദ്യ ശ്രമിച്ചാൽ ആർക്കും നേടാനാവുന്നതേ ഉള്ളൂ എന്നും ലോകം അപകടകരമായ ഒരവസ്ഥയിലാണെന്നും ഉള്ള തിരിച്ചറിവ് ക്രമേണ ഉണ്ടായി. അതിന്റെ വ്യാപനം ഏതുവിധവും തടഞ്ഞേ പറ്റൂ. രണ്ടുതരം സമീപനങ്ങളാണ് ഉണ്ടായത്. എല്ലാ രാജ്യങ്ങളും ആണവായുധം ഉപേക്ഷിക്കണം, ആരും ആണവ പരീക്ഷണങ്ങൾ നടത്തരുത് എന്ന് ചേരിചേരാ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യയും ഈജിപ്‌തും യൂഗോസ്ലാവ്യയും എല്ലാമായിരുന്നു അതിന്റെ നേതൃസ്ഥാനത്ത്. എന്നാൽ ആണവശക്തികൾക്ക്, പ്രധാനമായും അമേരിക്കയ്‌ക്ക് അത് സ്വീകാര്യമായില്ല. തങ്ങളുടെ മേധാവിത്വം നിലനിർത്തിക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനേ അവർ തയ്യാറുണ്ടായിരുന്നുള്ളൂ. അമേരിക്കയുടെ ധനശക്തിയും സൈനികശക്തിയും കൂടി ആയപ്പോൾ വിജയിച്ചത് അവരാണ്. ഒടുവിൽ എത്തിയ സമവായത്തിൽ -വാസ്‌തവം പറഞ്ഞാൽ അമേരിക്കയുടെ ധിക്കാരത്തിൽ- ലോകം അണുവായുധം ഉള്ളവരും (മുൻപറഞ്ഞ 5 രാജ്യങ്ങൾ) ഇല്ലാത്തവരും എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. ഇല്ലാത്തവർ അണുവായുധം നിർമിക്കാനോ അതിനായി പരീക്ഷണം നടത്താനോ ആയുധ ഗുണതയുള്ള (weapon grade) ഇന്ധനം (ഉയർന്ന തോതിൽ സമ്പുഷ്‌ടമാക്കിയ യുറേനിയവും പ്ലൂട്ടോണിയവും) ശേഖരിക്കാനോ പാടില്ല. എന്നാൽ അണുശക്തി രാജ്യങ്ങൾക്ക് തുടർന്നും ബോംബുനിർമിക്കാനും പരീക്ഷണങ്ങൾ നടത്താനും അനുവാദമുണ്ടായിരിക്കും. ഈ അടിസ്ഥാനത്തിലുള്ള ഒരു കരാറാണ് ആണവനിർവ്യാപനക്കരാർ (NPT) എന്നറിയപ്പെടുന്നത്. തികച്ചും ഏകപക്ഷീയവും ധിക്കാരപരവുമായ ഈ കരാറിൽ ഒപ്പിടാൻ ഇന്ത്യ കൂട്ടാക്കിയില്ല. ഇന്ത്യ ഒപ്പിടാത്തതുകൊണ്ട് പാക്കിസ്ഥാനും ഒപ്പിട്ടില്ല. അണ്വായുധശക്തിയാകാൻ താല്‌പര്യമുള്ളതുകൊണ്ട് ഇസ്രയേലും വിട്ടുനിന്നു. ഞങ്ങൾ ബോംബു നിർമിക്കില്ല, പക്ഷെ വിവേചനപരമായതുകൊണ്ട് കരാറിൽ ഒപ്പിടില്ല എന്ന ഇന്ത്യയുടെ ധാർമിക നിലപാടിനെ ഒപ്പിട്ട രാജ്യങ്ങൾക്കുപോലും എതിർക്കാൻ കഴിഞ്ഞില്ല.
അണുവായുധ മത്സരം തുടങ്ങിയ കാലത്തു തന്നെ അണുശക്തിയെ സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. 1955-ൽ അണുശക്തിയിൽനിന്ന് വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന ആദ്യത്തെ നിലയം സോവിയറ്റ് യൂണിയനിലെ ദൂബ്‌നയിൽ നിലവിൽ വന്നു. വെറും 5 മെഗാവാട്ട് ആയിരുന്നു അതിന്റെ ശേഷി. 1956-ൽ ബ്രിട്ടനും 1962-ൽ അമേരിക്കയും കുറേക്കൂടി ശക്തിയുള്ള നിലയങ്ങൾ പണിതീർത്തു. തുടർന്ന് ഫ്രാൻസും കനഡയും മറ്റു പല രാജ്യങ്ങളും ആണവനിലയങ്ങൾ നിർമിച്ചു. അവയെല്ലാം സാങ്കേതിക വിദ്യകളിലും ഉപയോഗിക്കുന്ന മന്ദീകാരിയുടെ കാര്യത്തിലുമെല്ലാം വ്യത്യസ്‌തമായിരുന്നു.
അണുബോംബ് പരീക്ഷണങ്ങളെ തടയുമ്പോൾത്തന്നെ ആണവോർജഗവേഷണത്തിന് തടസ്സമുണ്ടാകാതിരിക്കാനുള്ള സംവിധാനം എൻ.പി.ടി.യുടെ ഭാഗമായി വേണ്ടിവന്നു. അതിനാണ് അന്തർദേശീയ ആണവോർജ ഏജൻസിയ്‌ക്ക് (International Atomic Energy Agency-IAEA) രൂപം നല്‌കിയത്. എൻ.പി.ടി. യിൽ ഒപ്പുവെച്ച രാജ്യങ്ങളുടെ ആണവ നിലയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും സഹായങ്ങൾ ലഭ്യമാക്കാനും നിയമലംഘനങ്ങൾ ഉണ്ടായാൽ നടപടി എടുക്കാനും ഐ.എ.ഇ.എ.യ്‌ക്ക് അവകാശമുണ്ടായിരിക്കും.
ലോകത്ത് പല രാജ്യങ്ങളിലും യുറേനിയം നിക്ഷേപമില്ല. ഉള്ളവയിൽത്തന്നെ സംസ്‌കരണത്തിനും സമ്പുഷ്‌ടനത്തിനും ഉള്ള ശേഷി പലർക്കുമില്ല. ആണവ ഇന്ധനം ലഭ്യമല്ലാത്ത രാജ്യങ്ങൾക്ക് അതും ആവശ്യമായ മറ്റു സാധന സാമഗ്രികളും ലഭ്യമാക്കാൻ ഐ.എ.ഇ.എ.യുടെ കീഴിൽ ഒരു ഇന്ധനദായക സംഘത്തിന് (Nuclear Supply Group-NSG) രൂപം നല്‌കി. എൻ.പി.ടി.യിൽ ഒപ്പിട്ട രാജ്യങ്ങൾക്കേ അവർ ഇന്ധനം നല്‌കൂ എന്നാണ് വ്യവസ്ഥ. ഇന്ത്യയ്‌ക്കു മാത്രമായി അതിൽ ഇളവ് നല്‌കുന്ന ഒരു കരാറാണ് ഇന്തോ-അമേരിക്കൻ ആണവക്കരാർ. ആണവ ഇന്ധന ഉപയോഗം സംബന്ധിച്ച് അമേരിക്കൻ നിയമത്തിലെ 123-ാം വകുപ്പനുസരിച്ച് നിർമിച്ച കരാർ ആയതുകൊണ്ട് അത് 123 കരാർ (One two three agreement) എന്നും അറിയപ്പെടുന്നു. ഐ.എ.ഇ.എ.യും എൻ.എസ്.ജി.യും എല്ലാം അമേരിക്കയുടെ ചൊല്‌പടിക്ക് നില്‌ക്കും എന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ ആണവ ഇന്ധനം കിട്ടും എന്ന പ്രതീക്ഷ പുലർത്തുന്നത്.
ഭാഭയുടെ സ്വപ്‌നം
ലോകത്തിലെ വൻശക്തികൾ ആണവരംഗത്ത് മത്സരിച്ചു മുന്നേറിയ ആദ്യഘട്ടത്തിൽത്തന്നെ ഇന്ത്യയും ഗവേഷണരംഗത്തെത്തിയിരുന്നു. ഭാവനാശാലിയായ ഒരു ശാസ്‌ത്രജ്ഞനും ഒരു രാഷ്‌ട്രീയ നേതാവും അന്നതിനു നേതൃത്വം നല്‌കാൻ ഉണ്ടായിരുന്നു. ഡോ. ഹോമി ജെ. ഭാഭയും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവുമായിരുന്നു ആ രണ്ടുപേർ. അണുശക്തിയുടെ ഭാവിസാധ്യതയെക്കുറിച്ച് അവർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. 1948 ഏപ്രിൽ 14 ന് ഇന്ത്യൻ അണുശക്തി നിയമം നിലവിൽ വന്നു. ആ വർഷം ആഗസ്‌തിൽത്തന്നെ അണുശക്തി കമ്മീഷന് രൂപം നല്‌കി. 1951-ൽ ജാദുഗുഡയിൽ (ഇന്നത്തെ ഝാർഖണ്ഡിൽ) യുറേനിയം ഖനനം ആരംഭിച്ചു. അതിനായി ഇന്ത്യൻ റെയർ എർത്ത് സ്ഥാപിച്ചു. 1956 ആഗസ്‌ത് 14 ന് ഇന്ത്യയുടെ ആദ്യ ഗവേഷണ റിയാക്‌ടർ APSARA ക്രാന്തികത കൈവരിച്ചു. എല്ലാം മുന്നേറിയത് അതിവേഗത്തിലായിരുന്നു. ഏഷ്യയിലെതന്നെ ആദ്യത്തെ ആണവ നിലയമായിരുന്നു അത്. ഇന്ത്യയ്‌ക്ക് അണുബോംബ് നിർമിക്കാനുള്ള ശേഷി ഉണ്ടായിരുന്നു എങ്കിലും ഇന്ത്യ അതു വേണ്ടെന്നു വച്ചു. ലോകത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നിലപാടായിരുന്നു അത്.
വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ ആണവനിലയം താരാപ്പൂരിൽ പ്രവർത്തനം തുടങ്ങിയത് 1969 ഒക്‌ടോബർ 2 നാണ്. ജെനറൽ ഇലക്‌ട്രിക് എന്ന അമേരിക്കൻ കമ്പനിയുടെ സഹായത്തോടെ നിർമിച്ച, സമ്പുഷ്‌ട യുറേനിയം ഉപയോഗിക്കുന്ന, ഒരു തിളജലറിയാക്‌ടർ ആയിരുന്നു അത്.
ഏറ്റവും വിലകുറഞ്ഞ, അളവറ്റ ഊർജം എന്നതായിരുന്നു അക്കാലത്ത് ലോകത്തെമ്പാടും (ഇന്ത്യയിലും) നിലനിന്ന ആണവ സ്വപ്‌നം. മീറ്റർ പോലുമില്ലാതെ വൈദ്യുതി നല്‌കാൻ കഴിയും എന്നുപോലും ചിലർ വാദിച്ചു. ആണവ റിയാക്‌ടറുകൾക്കു നേരിടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്നുവേണ്ടത്ര ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് ഏറെ ആരും വേവലാതിപ്പെട്ടില്ല. പിന്നീടാണ് പ്രശ്‌നങ്ങൾ ഉയർന്നുവന്നത്. ആണവ അപകടങ്ങൾ (ചെറുതും വലുതുമായവ) നിരന്തരം ഉണ്ടായി. റേഡിയേഷൻ ഉണ്ടാക്കാവുന്ന താല്‌ക്കാലികവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ആപത്തുകൾ വ്യക്തമായിവന്നു. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യന്, വലിയ ആപത്തില്ലാതെ, ഏല്‌ക്കാവുന്ന വികിരണത്തിന്റെ മാത്ര കുറഞ്ഞുകുറഞ്ഞു വരുന്നതിനനുസരിച്ച് ആണവനിലയങ്ങളുടെ സുരക്ഷിതത്വവും കൂട്ടേണ്ടി വന്നു. ഇതിനുപുറമേ ആയിരുന്നു ഉപയോഗം കഴിഞ്ഞ ഇന്ധനാവശിഷ്‌ടം എന്തുചെയ്യണമെന്ന പ്രശ്‌നം. അത് ഭീമമാം വിധം അണുവികിരണം ഉള്ളതാണ്. പാറ തുരന്ന് കുഴിച്ചിട്ടാൽപ്പോലും പാറയെ ഉരുക്കി അത് പുറത്തുവരും. കടലിൽ തള്ളിയാൽ മത്സ്യങ്ങൾക്കും അതുവഴി മനുഷ്യനും ആപത്തുണ്ടാകും. ആ പ്രശ്‌നം ഇന്നും പരിഹരിക്കാതെ കിടക്കുന്നു. അവശിഷ്‌ടങ്ങൾ അണുനിലയങ്ങൾക്കുള്ളിൽത്തന്നെ സുരക്ഷിത സേങ്കതങ്ങളിൽ സൂക്ഷിക്കുകയാണിപ്പോൾ.
ഇന്ത്യയ്‌ക്ക് മറ്റൊരു പ്രശ്‌നം കൂടി അഭിമുഖീകരിക്കാൻ ഉണ്ടായിരുന്നു. യുറേനിയം നിക്ഷേപങ്ങളുടെ കുറവ് ആയിരുന്നു അത്. കഷ്‌ടിച്ച് 10,000 മെഗാവാട്ട് ശക്തിയുള്ള നിലയങ്ങൾ 40-50 വർഷം പ്രവർത്തിപ്പിക്കാനുള്ള സ്വാഭാവിക യുറേനിയമേ (ഏകദേശം 62,500 ടൺ) ഇന്ത്യയിലുള്ളൂ എന്നു മനസ്സിലായി. അതുകൊണ്ട് ഭാഭ തെരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. മൂന്നു ഘട്ടങ്ങളുള്ള ഒരു ആണവോർജ പരിപാടി അദ്ദേഹം വിഭാവനം ചെയ്‌തു. ആദ്യഘട്ടമായി പ്രകൃതിദത്ത യുറേനിയവും മർദ്ദിത ഘനജലവും ഉപയോഗിക്കുന്ന, കനേഡിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള, CANDU ടൈപ്പ് ആണവനിലയങ്ങൾ, ഇന്ത്യയിൽ ലഭ്യമായ ഇന്ധനം ഉപയോഗിച്ച് നിർമിക്കുക. 10,000 മെഗാവാട്ട് ഉല്‌പാദനശേഷി ഇതിലൂടെ ലഭ്യമാക്കാം. ഉപയോഗം കഴിഞ്ഞ ഇന്ധനം പുനഃസംസ്‌കണം നടത്തി അവശേഷിച്ച യുറേനിയവും പുതുതായി സൃഷ്‌ടിക്കപ്പെട്ട പ്ലൂട്ടോണിയവും വേർതിരിച്ചെടുക്കുക. ഈ പ്ലൂട്ടോണിയം കൊണ്ട് പുഷ്‌ടിപ്പെടുത്തിയ (12-20%) ഇന്ധനം ഉപയോഗിച്ച് ഫാസ്റ്റ് ബ്രീഡർ തരത്തിൽപ്പെട്ട റിയാക്‌ടറുകൾ ഉണ്ടാക്കുക. ഇതാണ് രണ്ടാം ഘട്ടം. ഇത്തരത്തിലുള്ള ആദ്യത്തെ പ്രോട്ടോടൈപ്പ് റിയാക്‌ടറാണ് ഇപ്പോൾ കൽപ്പാക്കത്ത് നിർമിച്ചുകൊണ്ടിരിക്കുന്നത്. 500 മെഗാവാട്ട് ശേഷിയുണ്ടായിരിക്കും അതിന്. അവയിൽ ഉപയോഗിക്കുന്ന ഇന്ധന മിശ്രത്തിൽ യുറേനിയവും പ്ലൂട്ടോണിയവും കൂടാതെ ഇന്ത്യയിൽ സുലഭമായ തോറിയവും ഒരു പുതപ്പ് (Blanket) ആയി ചേർക്കും. ഊർജത്തോടൊപ്പം ഉപോൽപ്പന്നമായി പുതിയ പ്ലൂട്ടോണിയവും യുറേനിയം 233 ഉം ഉണ്ടായിവരും. അപ്പോൾ പ്ലൂട്ടോണിയവും യുറേനിയം 233ഉം കൊണ്ട് സമ്പുഷ്‌ടനം നടത്തിയ ഇന്ധനം ഉപയോഗിക്കുന്ന മൂന്നാം ഘട്ട റിയാക്‌ടറുകൾ നിർമിക്കാം. 10-15 വർഷം കൊണ്ട് അതിനു വേണ്ടത്ര ഇന്ധനം ലഭ്യമായിരിക്കും. അങ്ങനെ ഓരോ 15 വർഷം കൂടുമ്പോഴും ആണവ നിലയങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ കഴിയും; ലക്ഷക്കണക്കിനു മെഗാവാട്ട് വിലകുറഞ്ഞ ഊർജം ലഭ്യമാകും; ഇതായിരുന്നു ഭാഭയുടെ സ്വപ്‌നം.
ഭാഭയുടെ സ്വപ്‌നം പൂർണമായും യാഥാർത്ഥ്യബോധത്തിൽ അധിഷ്‌ഠിതമായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നാം മനസ്സിലാക്കുന്നു. ശാസ്‌ത്രം എപ്പോഴും ശാസ്‌ത്രജ്ഞരുടെ സ്വപ്‌നത്തിനു വഴങ്ങണമെന്നില്ല. ആണവ റിയാക്‌ടറുകളുടെ കാര്യത്തിൽ പരിഹരിക്കാൻ കഴിയാത്ത പല സാങ്കേതിക പ്രശ്‌നങ്ങളും ഇപ്പോഴും ബാക്കിയാണ്. അതോടൊപ്പം ഇന്ത്യൻ ശാസ്‌ത്രരംഗത്തെ ബാധിച്ച ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും കെടുകാര്യസ്ഥതയും കൂടിയായപ്പോൾ ഒന്നാം ഘട്ടം പോലും നേടുന്നതിൽ നാം പരാജയപ്പെട്ടു. ഇതുവരെയുള്ള നേട്ടം വെറും 4120 മെഗാവാട്ട് ആണ്. പണിതുകഴിഞ്ഞതും പണിനടന്നുകൊണ്ടിരിക്കുന്നതുമായ 22 നിലയങ്ങൾ നമുക്കുണ്ട്. ഇതിൽ കൽപ്പാക്കത്തു നിർമ്മിച്ചുകൊണ്ടിരിക്കുന്ന 500 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ മാത്രമാണ് രണ്ടാംഘട്ട റിയാക്‌ടർ എന്ന വിഭാഗത്തിൽ പെടുന്നത്. അത് 2010-ൽ ക്രാന്തികത കൈവരിക്കുമെന്നാണ് പ്രതീക്ഷ. മൂന്നാം ഘട്ടം ഇപ്പോഴും സ്വപ്‌നത്തിൽത്തന്നെ. FBRൽ പ്രതീക്ഷ അർപ്പിച്ചിരുന്ന അമേരിക്കയും ഫ്രാൻസും പോലും ഇപ്പോൾ അക്കാര്യത്തിൽ ഉത്സുകരല്ല. അതുകൊണ്ട് അക്കാര്യത്തിൽ ഏറെ അനിശ്ചിതത്വം നിലനിൽക്കുന്നു.
സ്വപ്‌നങ്ങൾ വിജയിക്കില്ല എന്നുകണ്ടാൽ ഉപേക്ഷിക്കാനും പുതിയ സ്വപ്‌നം കാണാനും നമുക്കു പുതിയ ഭാഭമാരും നെഹ്‌റുമാരും ഉണ്ടായില്ല. ശാസ്‌ത്രഗവേഷണത്തിനായി ഓരോ ബജറ്റിലും നീക്കിവെക്കാറുള്ള വൻതുകയിൽ ഏറിയ പങ്കും ആണവഗവേഷണത്തിനു ചെലവഴിച്ചിട്ടും ഒടുവിൽ നാം എത്തിപ്പെട്ടിരിക്കുന്നത് ദുർബലമായ കീഴടങ്ങലിലാണ്. ഇന്ത്യൻ ആണവപരിപാടിയെ യാഥാർത്ഥ്യബോധത്തോടെ പുനർ നിർവ്വചിച്ച് പുതുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ പരിമിതമായ ഒരു പങ്കുമാത്രമേ ആണവ നിലയങ്ങൾക്കു വഹിക്കുവാൻ കഴിയൂ. അതു കൃത്യമായി നിർണയിക്കാതെ ഊർജ സുരക്ഷയുടെ പേരിൽ ഈ കരാറിനെ അടിച്ചേൽപിക്കുന്നത് കാപട്യമാണ്.
ഒത്തുകളി
കഴിഞ്ഞ ജൂലൈ 9ന് ജി-എട്ട് രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനം നടന്ന ജപ്പാനിലെ ഹൊക്കേദോയിൽ, ബുഷിനോടൊപ്പം നിന്നുകൊണ്ട് മൻമോഹൻസിങ് പറഞ്ഞു: ``ഇന്ത്യയും അമേരിക്കൻ ഐക്യനാടുകളും തോളോടു തോൾ ചേർന്നു തല ഉയർത്തിനിൽക്കണം. അതാണ് സംഭവിക്കാൻ പോകുന്നതും. ഒരുകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിനു നേതൃത്വം നല്‌കിയ, ഇന്നും മൂന്നാം ലോകത്തിന്റെ നേതാവു ചമയുന്ന, ഒരു രാജ്യത്തിന്റെ തലവന് ഇന്നത്തെ ലോകസാഹചര്യത്തിൽ പറയാൻ കൊള്ളാവുന്ന വാക്കുകളാണോ ഇത്? മൻമോഹൻ സിങ് അങ്ങനെ തോളോടുതോൾ ചേർന്ന് തല ഉയർത്തി നില്‌ക്കുമ്പോൾ തന്നെയാണ് അഫ്‌ഗാനിസ്ഥാനിൽ ഒരു വിവാഹപ്പാർട്ടിക്കുനേരെ അമേരിക്കൻ ഹെലികോപ്‌റ്ററുകൾ ആക്രമണം നടത്തി സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടെ 41 പേരെ കൊന്നത്. 2003-നു ശേഷം ഹൊക്കേദോ സമ്മേളനം വരെ അമേരിക്ക ഇറാക്കിൽ കശാപ്പു ചെയ്‌ത മനുഷ്യരുടെ എണ്ണം 12,36,604 ആണ് എന്ന് അമേരിക്കയിലെ യുദ്ധവിരുദ്ധരുടെ കൂട്ടായ്‌മ പ്രഖ്യാപിച്ചതും അന്നുതന്നെയാണ്. ഇറാൻ, ക്യൂബ, നിക്കരാഗ്വ, പലസ്‌തീൻ..... സ്വന്തം ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടി ആരൊക്കെ പൊരുതുന്നുണ്ടോ അവരെയൊക്കെ ഭീകരരായി മുദ്രകുത്തി യുദ്ധഭീഷണി മുഴക്കുന്ന, ശീതയുദ്ധത്തിന് ഒരിക്കൽക്കൂടി തിരികൊളുത്താൻ വെമ്പുന്ന ലോക മുഠാളന്റെ (Rogue State) ഒപ്പം തോളോടുതോൾ ചേർന്ന് നമ്മുടെ പ്രധാനമന്ത്രി തലയുയർത്തി നിൽക്കുമ്പോൾ നമ്മുടെ ജനതയുടെ തല ഉയരുകയാണോ നാണംകൊണ്ട് താഴുകയാണോ ചെയ്യുന്നത്?
കഴിഞ്ഞ നാലുവർഷമായി മൻമോഹൻസിങ്ങും കൂട്ടരും (അതിനു മുമ്പ് ബി.ജെ.പി. സർക്കാരും) ഇന്ത്യയെ അമേരിക്കൻ പാളയത്തിൽ കൊണ്ടുപോയി തളയ്‌ക്കാൻ പാടുപെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ആണവക്കരാറിനെ ഒറ്റപ്പെടുത്തിക്കാണാൻ ചിന്തിക്കുന്ന ആരും കൂട്ടാക്കാത്തത്. മറ്റനവധി നടപടികളും കരാറുകളുമായി അതിനെ കൂട്ടിവായിക്കേണ്ടിവരുന്നു. 2005 ജൂൺ 28-ന് നമ്മുടെ വിദേശകാര്യ മന്ത്രിയും അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും തമ്മിൽ ഒരു ഇന്ത്യ-അമേരിക്ക സുരക്ഷാചട്ടക്കൂടിൽ (Security Framework) ഒപ്പുവച്ചു. ഐക്യരാഷ്‌ട്ര സഭയുടെ അംഗീകാരമില്ലാതെ മറ്റു രാജ്യങ്ങളിൽ സൈനിക നടപടികൾ കൂട്ടായി കൈക്കൊള്ളാനുള്ള (അതായത്, അമേരിക്ക ചെയ്യുന്ന പോക്കിരിത്തരങ്ങൾക്ക് സഹായം ചെയ്യാനുള്ള) ഏർപ്പാടാണതിലെ മുഖ്യഘടകം. 2006 മാർച്ചിൽ `മാരിറ്റൈം സെക്യൂരിറ്റി കോ-ഓപ്പറേഷൻ എഗ്രിമെന്റ്' ഒപ്പുവച്ചു. നാവികരംഗത്ത് തന്ത്രപരമായ ബന്ധങ്ങൾ ഉറപ്പിക്കുക എന്നതാണതിന്റെ ലക്ഷ്യം. പിന്നെ`ലോജിസ്റ്റിക് സപ്പോർട്ട് എഗ്രിമെന്റ്' നിലവിൽ വന്നു. ബുഷിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒപ്പിട്ട പ്രസ്‌തുത കരാർ സൈനിക സഹകരണത്തിനുള്ളതാണ്. സൈനികവിഭാഗങ്ങൾക്ക് പരസ്‌പരം ഇന്ധനം നൽകുക (ഇന്ത്യയ്‌ക്ക് അത് ആവശ്യം വരില്ല, കാരണം യുദ്ധം ചെയ്യാൻ നമ്മൾ ലോകത്ത് മറ്റെവിടേക്കും പോകുന്നില്ല), കപ്പലുകളുടെയും വിമാനങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്‌തുകൊടുക്കുക, താവളങ്ങൾ നൽകി സഹായിക്കുക തുടങ്ങിയവയ്‌ക്കുള്ള വ്യവസ്ഥകൾ അതിലുണ്ട്. കൂടാതെ സംയുക്ത സൈനികാഭ്യാസത്തിനും. ജപ്പാൻ, ആസ്‌ട്രേലിയ, ബ്രിട്ടൻ, സിംഗപ്പൂർ തുടങ്ങിയ അമേരിക്കൻ ചേരിരാഷ്‌ട്രങ്ങളുമായി ചേർന്നുള്ള കര, നാവിക, വ്യോമ സേനാവിഭാഗങ്ങളുടെ സംയുക്താഭ്യാസമാണ് ഘട്ടം ഘട്ടമായി നടക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങളെ ഇന്ത്യൻ സേന നേരിടുന്ന രീതി പഠിക്കാൻ യു.എസ്. കരസേനയുടെ ഒരു വിഭാഗം എത്തിച്ചേർന്നതും ഇതിന്റെ ഭാഗമായാണ്. മിസോറാമിൽ ഐസ്വാളിലെ വനങ്ങളിൽ 30 യു.എസ്. സൈനികരും 4 ഓഫീസർമാരുമാണ് ഗറില്ലാ യുദ്ധമുറകൾക്ക് പരിശീലനത്തിന് എത്തിയിരിക്കുന്നത്. Counter Insurgency and Jungle Warfare School (CIJWS) -ന്റെ ആഭിമുഖ്യത്തിലാണു പരിശീലനം. ക്രമേണ കാശ്‌മീരിലും ഇന്തോ-നേപ്പാൾ, ഇന്തോ-തിബത്തൻ അതിർത്തികളിലും അവരെത്തും എന്നുവേണം കരുതാൻ. മുമ്പ് ഇസ്രയേൽ സൈനികവിദഗ്‌ധർ കാശ്‌മീരിലെത്തിയതിന്റെ ബഹളം നാം കണ്ടറിഞ്ഞതാണ്.
ഇനിയുമുണ്ട് ഒപ്പിട്ട കരാറുകൾ ഒരുപാട്: ആയുധവ്യാപന സുരക്ഷാ കരാർ, കണ്ടെയ്‌നർ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (വിദേശ പെട്രോൾ ടാങ്കറുകൾക്ക് ഇന്ത്യൻ നേവിയുടെ അകമ്പടി എന്നർത്ഥം), `ആഗോളതലത്തിൽ ജനാധിപത്യ മുൻകൈ' ലക്ഷ്യമാക്കിയുള്ള കരാർ (ഇറാക്കിൽ ജനാധിപത്യം തനിച്ചു നടപ്പിലാക്കിയതിന്റെ തിക്തഫലം അറിയുന്നതുകൊണ്ട് ഇനി ഇന്ത്യയുടെ കൂടി സഹായം വേണം). പിന്നെ, സ്വാഭാവികമായും ആയുധക്കച്ചവടത്തിനുള്ള കരാറുകളും (ലോകത്തിലെ ഏറ്റവും വലിയ ആയുധവ്യാപാരിക്ക് ഏറ്റവും വലിയ ഇടപാടുകാരനെയാണ് കിട്ടിയിരിക്കുന്നത്). ഈ കരാറുകൾക്കെല്ലാം മകുടം ചാർത്തുന്നതാണ് പുതിയ ആണവക്കരാർ. അമേരിക്കയുമായുള്ള പുതിയ ബാന്ധവത്തിന് സമാന്തരമായി ഇന്ത്യാ-ഇസ്രയേൽ ബന്ധവും, സൈനികതലത്തിൽ പ്രത്യേകിച്ച്, വികസിച്ചുവരുന്നുണ്ട്.
ഏഷ്യയിൽ അമേരിക്കൻ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്ന ഏറ്റവും വലിയ കൂട്ടാളിയായി ഇന്ത്യയെ മാറ്റാൻ കഴിയും എന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് ഒരു വർഷംപോലും ബാക്കിയില്ലാത്ത ഒരു രാജ്യത്തെ പ്രധാനമന്ത്രിയും അധികാരമൊഴിയാൻ 4 മാസങ്ങൾ മാത്രം ബാക്കിയുള്ള ഒരു പ്രസിഡന്റും തമ്മിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ഒരു കരാറിൽ ഒപ്പിടാൻ കാണിച്ച മാന്യതയില്ലാത്ത തിടുക്കം അപലപിക്കപ്പെടേണ്ടതാണ്. `സരുക്ഷാചട്ടക്കൂടിൽ'ത്തന്നെ രണ്ടു രാജ്യങ്ങളുടെയും `സമാനലക്ഷ്യങ്ങളെക്കുറിച്ചും `പരസ്‌പരം പങ്കിടുന്ന ദേശീയ താത്‌പര്യങ്ങളെ'ക്കുറിച്ചും പ്രസ്‌താവമുണ്ട്. ഇറാനെതിരെ ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ വോട്ടുചെയ്‌തത് ഇതിന്റെ ഭാഗമാണ്. ഇന്ത്യൻ ഭരണാധികാരികൾ 123 കരാറിലെ വിദേശനയ-പ്രതിരോധ വ്യവസ്ഥകൾ മറച്ചുപിടിച്ചപ്പോൾ, കരാറിന്റെ മുഖ്യശില്‌പിയായി അറിയപ്പെടുന്ന നിക്കൊളാസ് ബേൺസ് വാഷിംങ്‌ടൺ പോസ്റ്റിൽ എഴുതി (2007 ഏപ്രിൽ 29) ``.....ഭാവി നേട്ടങ്ങൾ വളരെ വലുതാണ്. അമേരിക്കക്കാർ ഇന്ത്യയെ ഈ നൂറ്റാണ്ടിലെ ഏറ്റവും അടുത്ത തന്ത്രപ്രധാന കൂട്ടാളിയായി വീക്ഷിക്കാൻ പോവുകയാണ് വികസിക്കുന്ന വ്യാപാരബന്ധങ്ങളോടൊപ്പം ഇറാനെതിരെയുള്ള കൂട്ടായ്‌മയെക്കുറിച്ചും അദ്ദേഹം ലേഖനത്തിൽ എടുത്തു പറഞ്ഞു. ചൈനക്കെതിരെ ജപ്പാൻ, ആസ്‌ട്രേലിയ, ഇന്ത്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഒരു `മുന്നണി' ആണ് അമേരിക്ക ലക്ഷ്യമാക്കുന്നത്. ഇത്തരമൊരു കൂട്ടുകെട്ടിൽ ചെന്നുപെടണമോ എന്നു നാം ആലോചിക്കണം. അതോ ബ്രസീൽ, സൗത്ത് ആഫ്രിക്ക, മലേഷ്യ തുടങ്ങി സമാനതകളുള്ള രാജ്യങ്ങളുടെ സഖ്യമാണോ നാം തേടേണ്ടത്? ഇത്തരം കാര്യങ്ങളിൽ ഒരു തുറന്ന സംവാദം നടക്കേണ്ടിയിരിക്കുന്നു.
ആണവോർജം ഒരു പരിഹാരമല്ല, മറ്റു മാർഗ്ഗങ്ങൾ തേടണം
ഇന്തോ-അമേരിക്കൻ കരാറിന്റെ ലക്ഷ്യം ഇന്ത്യയുടെ ഊർജ സുരക്ഷയല്ല, മറ്റു ചിലതാണ് എന്ന് വ്യക്തമാണ്. ഏതൊക്കെ കരാർ ഒപ്പിട്ടാലും അടുത്ത 20 വർഷം കൊണ്ട് ആ മാർഗത്തിലൂടെ കൈവരിക്കാൻ കഴിയുക ഇന്ത്യയുടെ ഊർജാവശ്യത്തിന്റെ 6 ശതമാനത്തിൽ താഴെയാണ്. അതിനു ചെലവിടേണ്ടിവരുന്ന തുക 3-4 ലക്ഷം കോടി രൂപയാണ്. (മെഗാ വാട്ടിന് 10-12 കോടി രൂപയാണ് ഇപ്പോഴത്തെ മതിപ്പ്). ഇത്രയും തുകകൊണ്ട് അതിന്റെ രണ്ടിരട്ടി ഊർജം കൽക്കരിയിൽ നിന്നു ലഭ്യമാക്കാൻ നമുക്കുതന്നെ കഴിയും. മലിനീകരണം കുറയ്‌ക്കുന്ന സാങ്കേതിക വിദ്യകൾ (ഖനിയിൽ വച്ചുതന്നെ വാതകമാക്കി മാറ്റുന്ന in situ gasification തുടങ്ങിയ രീതികൾ) ലഭ്യമാക്കാൻ പ്രയാസമില്ല. കൽക്കരി ശേഖരത്തിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്.
അണുനിലയങ്ങളുടെ മുതൽമുടക്കിനെക്കുറിച്ച് നാമെന്തിന് വേവലാതിപ്പെടണം, അത് വെസ്റ്റിംഗ് ഹൗസ്, ജനറൽ ഇലക്‌ട്രിക്, മിത്‌സുബിഷി തുടങ്ങിയ ബഹുരാഷ്‌ട്രക്കമ്പനികൾ കൊണ്ടുവരില്ലേ എന്നു ചോദിക്കുന്നവരുണ്ടാകും. ശരിയാണ്. പക്ഷേ, പിന്നീട് വൈദ്യുതിയുടെ വില കൂട്ടാൻ ആവശ്യമായ സമ്മർദ്ദം ചെലുത്താനും മുടക്കിയതിന്റെ പല മടങ്ങ് തിരിച്ചുകൊണ്ടുപോകാനും കഴിവുള്ളവരാണവർ. നഷ്‌ടം നമ്മുടെ ജനങ്ങൾക്കും. മാത്രവുമല്ല യൂണിയൻ കാർബൈഡ് ദുരന്തം നമ്മെ പഠിപ്പിച്ചത് ഇത്തരം ബഹുരാഷ്‌ട്രകമ്പനികൾ അവരുടെ വിദേശ പ്ലാന്റുകളിൽ അനുവർത്തിക്കുന്ന പല സുരക്ഷാമുൻകരുതലുകളും അവരുടെ തന്നെ ഇൻഡ്യൻ പ്ലാന്റുകളിൽ പാലിക്കാറില്ല എന്നാണ്. ഇത് ഗുരുതരമായ ഒരു സുരക്ഷാ പ്രശ്‌നമായിത്തീരാം.
50-60 വർഷത്തേക്കു പ്രവർത്തിക്കുന്ന ഒരു ആണവനിലയം പ്രവർത്തനം നിലച്ച ശേഷവും വരുംതലമുറകൾക്ക് ഒരു ഭാരമായി മാറും എന്ന ധാർമിക പ്രശ്‌നവും നിസ്സാരമല്ല. ആണവാവശിഷ്‌ടം അത്യധികം റേഡിയോ ആക്‌ടീവ് ആണ്. ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ജനിതക തകരാറുകൾക്കും അതിടയാക്കും എന്നറിവുള്ളതാണ്. അനേകായിരമോ അനേകലക്ഷമോ വർഷം അതിന്റെ മാരകത്വം നിലനിൽക്കും. അവശിഷ്‌ടം എങ്ങനെ ഒഴിവാക്കും എന്ന് ഇപ്പോഴും ആർക്കും നിശ്ചയമില്ല. കൂടാതെ ഉപയോഗം കഴിഞ്ഞ ആണവനിലയങ്ങളും എന്തുചെയ്യണമെന്നറിയില്ല. അണുവികിരണങ്ങളുതിർക്കുന്ന അവ പൊളിച്ചു നീക്കാനും വൻതുക ചെലവാകും. എല്ലാം കൂടി കണക്കാക്കുമ്പോൾ ആണവോർജത്തിന്റെ യഥാർത്ഥവിലയും സാമൂഹ്യവിലയും താങ്ങാനാവാത്തതാണ്. അതിനുപുറമേയാണ് വന്നു ചേരുന്ന ആശ്രിതത്ത്വവും. അതുകൊണ്ട് ആണവനിലയങ്ങളുടെ കാര്യത്തിൽ നമ്മുടെ സ്വാശ്രയനിലയങ്ങൾക്കപ്പുറം (അതുതന്നെ സുരക്ഷിതസ്ഥാനങ്ങളിൽ പരിമിതമായ തോതിൽ മാത്രം) ഒരെണ്ണംപോലും നമുക്കു വേണ്ട എന്നു തീരുമാനിക്കണം.
കൽക്കരി ഉപയോഗിച്ചുള്ള താപനിലയങ്ങളെ താത്‌കാലിക പരിഹാരങ്ങളായി നമുക്കു കാണാം. അവ വേഗം പണിതീർക്കാൻ കഴിയും. വൈദ്യുതിയുടെ വിലയും താങ്ങാവുന്നതാണ്. ഫ്‌ളൂയിഡൈസ്‌ഡ് ബെഡ് കമ്പസ്റ്റൻ, കോൾ ഇന്റൂ ലിക്വിഡ്, ഇൻസിറ്റു ഗ്യാസിഫിക്കേഷൻ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുൾപ്പെടുന്ന ``ക്ലീൻകോൾ ടെക്‌നോളജി സ്വായത്തമാക്കുന്നതിനായിരിക്കണം നാം മുൻഗണന കൊടുക്കേണണ്ടത്. BHEL ഇപ്പോൾ തന്നെ ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ത്യാ-പാകിസ്‌താൻ-ഇറാൻ വാതകക്കുഴൽ പദ്ധതിയും ഇന്ത്യാ-മ്യാൻമാർ വാതകക്കുഴൽ പദ്ധതിയും ഒരു സമ്മർദ്ദത്തിനും കീഴ്‌പ്പെട്ട് നാം ഉപേക്ഷിക്കരുത്. കാരണം, മലിനീകരണം കുറഞ്ഞ വൈദ്യുത നിലയങ്ങൾ അതുവഴി സാധ്യമാകും എന്നു മാത്രമല്ല, വാഹനം ഓടിക്കാനും രാസവളം നിർമിക്കാനും മറ്റനേകം ആവശ്യങ്ങൾക്കും വാതകം ഉപകരിക്കും. മറ്റ് പെട്രോളിയം ഇന്ധനങ്ങളും ഏറെക്കാലത്തേക്ക് (ചുരുങ്ങിയത് വൈദ്യുതവാഹനങ്ങൾ വ്യാപകമാകും വരെയെങ്കിലും) നമുക്ക് വേണ്ടെന്നുവെക്കാനാകില്ല. അതുകൊണ്ട് പെട്രോളിയം ഉല്‌പാദക രാജ്യങ്ങളുമായുള്ള നല്ല ബന്ധവും അവിടങ്ങളിലെ മുതൽ മുടക്കും വർധിപ്പിക്കുന്നതിനാകണം ഊന്നൽ.
എന്നാൽ ഇതൊന്നും രാജ്യത്തിന്റെ ഊർജപ്രശ്‌നത്തിനുള്ള ദീർഘകാല പരിഹാരമല്ല. കാരണം ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം ശോഷിക്കുകയാണ്. ഭൗമതാപനവും അന്തരീക്ഷമലിനീകരണവും ഗുരുതരമായ പ്രശ്‌നമായി മാറിക്കൊണ്ടും ഇരിക്കുന്നു. അടിയന്തിരമായി പുതുക്കാവുന്ന ഊർജസ്രോതസ്സുകളിലേക്ക് (Renewable energy sources) നാം മാറണം. പവനോർജം (കാറ്റിൽ നിന്നുള്ള ഊർജം) പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മാത്രം 3200 ഓളം മെഗാവാട്ട് ഊർജം കാറ്റാടിപ്പാടങ്ങളിൽനിന്ന് ഉല്‌പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ആകെ പവനോർജ വൈദ്യുതിയുടെ 60% വരും ഇത്. ഇന്ത്യ അതിന്റെ സാധ്യതയുടെ നന്നെച്ചെറിയ അംശമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്നാണിതിനർഥം. ഇന്ത്യൻ കമ്പനികൾ ചൈനയിൽ വൻ കാറ്റാടിപ്പാടങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു എന്നും നാം അറിയണം. ഇന്ത്യയിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത ഏകദേശം 65,000 മെഗാവാട്ട് ആണ്.
നാളെയുടെ ഏറ്റവും വലിയ ഊർജപ്രതീക്ഷ സൗരോർജം തന്നെയാണെന്നതിൽ സംശയമില്ല. അക്കാര്യത്തിൽ ഇന്ത്യ അനുഗൃഹീതമായ ഒരു രാജ്യമാണ്. വർഷം മുഴുവൻ നല്ല വെയിൽ നമുക്കു കിട്ടുന്നു. ഇതുവരെ ചെയ്‌തപോലെ ഗവേഷണത്തിനുള്ള മുഴുവൻ പണവും ആണവ ഗവേഷണത്തിൽ കൊണ്ടുപോയി മുടിക്കുന്നതിനുപകരം ദക്ഷത കൂടിയ സോളാർ പാനലുകളും പകൽ ലഭ്യമാകുന്ന വൈദ്യുതി രാത്രികാലത്തേക്ക് സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങളും വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തിയാൽ നമുക്ക് അമേരിക്കയ്‌ക്ക് മുമ്പിൽ കുമ്പിടേണ്ടിവരില്ല. യൂറോപ്പിനും മറ്റ് വികസിത രാജ്യങ്ങൾക്കും രണ്ടുകാരണങ്ങളാൽ മുമ്പ് അത് ആവശ്യമായി തോന്നിയിരുന്നില്ല: ഒന്ന്, ലോകത്തിലെ പെട്രോളിയം സ്രോതസ്സുകളുടെ നിയന്ത്രണം അവരുടെ കൈകളിലായിരുന്നു; എണ്ണ സുഭിക്ഷവും വിലകുറഞ്ഞതുമായിരുന്നു. രണ്ട്, സൗരോർജത്തിന്റെ തീവ്രത യൂറോപ്പിൽ, വർഷത്തിൽ പകുതിക്കാലത്തും, വളരെ കുറവായിരിക്കും. ഇപ്പോൾ അവർ പോലും സൗരോർജത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ജർമനിയിലും മറ്റും വൻ സൗരോർജ പവർ പ്ലാന്റുകൾ നിർമിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ അതിലേറെ ഭാവനാ പൂർണമായ മറ്റൊരു പദ്ധതിക്ക് യൂറോപ്യൻ യൂണിയൻ രൂപം നല്‌കിയിരിക്കുന്നു. സഹാറാ മരുഭൂമിയിൽ സോളാർപാനലുകളുടെ ഒരു വിശാലനിര സ്ഥാപിച്ച്, വൈദ്യുതി കേബിളുകൾ വഴി യൂറോപ്പിലെത്തിക്കുക. സഹാറയിൽ വീഴുന്ന പ്രകാശത്തിന്റെ 0.3% മതിയത്രെ യൂറോപ്പിനാകെ വൈദ്യുതി നൽകാൻ. ഇപ്പോഴാകട്ടെ 14% വരെ ദക്ഷതയുള്ള സോളാർ പാനലുകൾ നാനോസാങ്കേതിക വിദ്യയിലൂടെ ലഭ്യമാണ്. 2050 ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതി. ഒരു പക്ഷേ അപ്പോഴേക്കും പ്രേഷണ നഷ്‌ടം കൂടാതെ വൈദ്യുതി യൂറോപ്പിലെത്തിക്കാൻ കഴിയുന്ന `സൂപ്പർകണ്ടക്‌റ്റിംഗ്' സംവിധാനങ്ങളും നിലവിൽ വന്നേക്കാം. അതുപോലെ തന്നെ അമേരിക്കയിലെ നെവാഡ മരുഭൂമിയിൽ സ്ഥാപിക്കുന്ന സൗരനിലയങ്ങൾ കൊണ്ട് അവരുടെ മൊത്തം ഊർജാവശ്യങ്ങളും നിറവേറാം എന്ന് മറ്റൊരു പഠനം കാണിക്കുന്നു.
ബഹിരാകാശത്ത് വിശാലമായ സോളാർ പാനലുകൾ നിരത്തി വൈദ്യുതി നിർമിച്ച് (അവിടെ പ്രകാശതീവ്രത ഭൂമിയിലുള്ളതിന്റെ ഒന്നര ഇരട്ടിയോളം വരും) ലേസർ ബീമുകളായോ മൈക്രോവേവ് ബീമുകളായോ ഭൂമിയിലെ നിലയങ്ങളിൽ എത്തിക്കാൻ ജപ്പാനും അമേരിക്കയും സ്വപ്‌നം കാണുന്നുണ്ട്. സൗരോർജത്തെ വൻ കുത്തകകളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇന്ത്യയ്‌ക്കു രാജസ്ഥാനിലും കച്ചിലും മധ്യപ്രദേശിലുമെല്ലാം വിശാലമായ ഭൂമി കൃഷിയോഗ്യമല്ലാത്തതായുണ്ട്. യൂറോപ്പിന് ആഫ്രിക്കയിലെ സഹാറയിലും അമേരിക്കക്ക് നെവാഡയിലും ചെയ്യാൻ കഴിയുന്ന കാര്യം നമുക്ക് രാജസ്ഥാൻ മരുഭൂമിയിലും ചെയ്‌തുകൂടെ ? ഇപ്പോഴത്തെ കണക്കനുസരിച്ച് ചെലവ് അല്‌പം കൂടുമെങ്കിലും വലിയ തോതിൽ സോളാർ പാനലുകളും ബാറ്ററികളും ഉല്‌പാദിപ്പിച്ചു തുടങ്ങുമ്പോൾ ചെലവും കുറയും.
ഊർജ ഉല്‌പാദനത്തെപ്പോലെതന്നെ പ്രധാനമാണ് ഊർജത്തിന്റെ ശാസ്‌ത്രീയമായ വിനിയോഗവും. സൂര്യപ്രകാശവും കാറ്റും കിട്ടുംവിധം വീടുകളും കെട്ടിടങ്ങളും ഡിസൈൻ ചെയ്യുക എന്നത് നിർബന്ധമാക്കണം. വ്യവസായശാലകളിൽ ഊർജ ഓഡിറ്റിംഗും അതനുസരിച്ച് ഉയർന്ന ദക്ഷത കൈവരിക്കാനുള്ള നടപടികളും ഉണ്ടാകണം. അമിത ഊർജ ഉപഭോഗം `പീനൽ റേറ്റ്' കൊണ്ട് നിരുത്സാഹപ്പെടുത്തണം. വൈദ്യുതി മോഷണവും പ്രേഷണ നഷ്‌ടവും ഒഴിവാക്കണം. ഈ ഒറ്റ നടപടികൊണ്ടുമാത്രം ആണവ നിലയങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്ര ഊർജം നമുക്കു ലാഭിക്കാൻ കഴിയും.
ഊർജത്തിന്റെ ഉപയോഗവും വികസനവും തമ്മിൽ നേരിട്ടു ബന്ധമില്ല എന്ന കാര്യവും പ്രസക്തമാണ്. ഒരു ശരാശരി കേരളീയന്റെ ഊർജ ഉപയോഗം ശരാശരി അമേരിക്കക്കാരന്റേതിനേക്കാൾ വളരെ കുറവാണ്. എന്നിട്ടും ജീവിത ഗുണമേന്മയിൽ ഏതാണ്ട് ഒപ്പമാണെന്ന് നമുക്കറിയാം. ഒരു ശരാശരി വ്യക്തിക്ക് ഒരു വർഷം ഏറിയാൽ 1500 യൂണിറ്റ് വൈദ്യുതി ലഭ്യമാക്കിയാൽ മികച്ച ജീവിത ഗുണമേന്മ കൈവരിക്കാൻ കഴിയും (കേരളീയരുടെ ഇന്നത്തെ ഉപയോഗത്തിന്റെ മൂന്നിരട്ടിയാണിത്.) അതിലപ്പുറമുള്ളത് ധൂർത്താണെന്ന തിരിച്ചറിവ് ജനങ്ങൾക്കും സർക്കാറിനും ഉണ്ടാകണം. എങ്കിൽ നമുക്ക് ഇന്നത്തെപ്പോലെ ഇരക്കാൻ പോകേണ്ടിവരില്ല.
123 കരാർ ഒരു കെണിയാണ്; ഇന്ത്യ അതിൽനിന്നു പിന്മാറണം.
123 കരാർ ഇന്ത്യയെ കൊണ്ടു ചെന്നെത്തിക്കുക വലിയൊരു കെണിയിലാണ്. അമേരിക്കൻ ഭരണാധികാരികളും ഇന്ത്യൻ ഭരണാധികാരികളും ചേർന്ന് ഇന്ത്യൻ ജനതയ്‌ക്കെതിരെ നടത്തുന്ന ചതിപ്രയോഗമാണത്. ഒറ്റനോട്ടത്തിൽ മോഹിപ്പിക്കുന്ന ചില ഘടകങ്ങൾ അതിലുണ്ട്. ഇന്ത്യയെ ഒരു ആണവശക്തിയായി `ഫലത്തിൽ' (defacto) അംഗീകരിക്കുമത്രെ. പക്ഷെ പഞ്ചശക്തികൾ ഉൾപ്പെട്ട ക്ലബ്ബിൽപ്പെടുത്തില്ല. അതേസമയം ഇന്ത്യയുടെ ആണവ ഗവേഷണ സ്ഥാപനങ്ങളെയും, ആണവനിലയങ്ങളെയും `സിവിൽ' എന്നും `മിലിട്ടറി' എന്നും വേർതിരിച്ച് `സിവിൽ' സ്ഥാപനങ്ങൾക്കുമേൽ IAEA-യുടെ നിയന്ത്രണം കൊണ്ടുവരണം. പക്ഷേ ഭാഭാ അണുഗവേഷണകേന്ദ്രവും കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി അണുഗവേഷണ കേന്ദ്രവുമൊക്കെ ഏതിൽപ്പെടുത്തും? രണ്ടുതരം ഗവേഷണങ്ങളും അവിടെ നടക്കുന്നുണ്ടല്ലോ.
ഈ വ്യവസ്ഥകളൊക്കെ അംഗീകരിച്ചാലും തുടർച്ചയായ ആണവ ഇന്ധനലഭ്യത ഉറപ്പുനൽകുവാൻ അമേരിക്ക തയ്യാറുമില്ല; NSG -യോടു ശുപാർശ ചെയ്യാമെന്നേ വാഗ്‌ദാനമുള്ളൂ. എല്ലാത്തിനും മീതെ ഹൈഡ് ആക്‌റ്റ് എന്ന വാൾ തൂങ്ങിക്കിടക്കുന്നുണ്ട്. 123 കരാറിൽ ഇല്ലാത്ത കടിഞ്ഞാണുകൾ ഇന്ത്യയ്‌ക്കുമേൽ മുറുക്കാനായി അമേരിക്കൻ കോൺഗ്രസ്സ് പാസ്സാക്കിയതാണ് ഹൈഡ് ആക്‌റ്റ്. അമേരിക്കൻ ആണവോർജ നിയമമനുസരിച്ച് NPTയിൽ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവക്കച്ചവടം നടത്താൻ പാടില്ല. അതിൽ നിന്ന് ഇന്ത്യക്ക് ഇളവു നൽകാൻ വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ നിയമമാണ് ഹൈഡ് ആക്‌ട്. അത് അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്നും നമുക്കതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉള്ള മൻമോഹൻസിങിന്റെയും മറ്റു ഭരണാധികാരികളുടെയും വാദം പൊള്ളയാണ്; കള്ളമാണ്. ഇന്ത്യ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നില്ല എന്ന് ഓരോ വർഷവും യു.എസ്സ്. പ്രസിഡണ്ട് യു.എസ്സ്. കോൺഗ്രസ്സിനു റിപ്പോർട്ട് നൽകണം, അമേരിക്കൻ താല്‌പര്യങ്ങൾക്ക്; പ്രത്യേകിച്ച് ഇറാൻ പ്രശ്‌നം പോലുള്ള കാര്യങ്ങളിൽ, ഇന്ത്യയുടെ നിലപാടുകൾ അമേരിക്കൻ നയങ്ങൾക്ക് അനുഗുണമായിരിക്കണം, അല്ലാത്തപക്ഷം കരാർ റദ്ദാക്കപ്പെടും തുടങ്ങിയ നാണം കെട്ട വ്യവസ്ഥകൾ അതിലുണ്ട്. നിലയങ്ങൾ കഷ്‌ടിച്ചു പ്രവർത്തിക്കാൻ വേണ്ടതിൽ അധികം സമ്പുഷ്‌ട ഇന്ധനം ഇന്ത്യ കരുതി വെക്കുന്നതിനെ ഹൈഡ് നിയമം നിരോധിക്കുന്നു. ഇന്ധന പുനഃസംസ്‌കരണത്തിനോ ഘനജലനിർമാണത്തിനോ ഉള്ള ഒരു സാങ്കേതിക സഹായവും 123 കരാർ നമുക്കു വാഗ്‌ദാനം ചെയ്യുന്നില്ല. (എന്നാൽ ജപ്പാനും കൊറിയയുമായുള്ള അമേരിക്കയുടെ 123 കരാറിൽ അതിനു വ്യവസ്ഥയുണ്ട്.) പക്ഷെ അതിനായി നമ്മൾ പ്ലാന്റുകൾ നിർമിക്കുന്നുവെങ്കിൽ അതിന്റെ ഡിസൈനും മറ്റു സാങ്കേതിക വിശദാംശങ്ങളും IAEA-യ്‌ക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിയിരിക്കണം എന്ന് അതു അനുശാസിക്കുന്നുണ്ട്. ഇത്രനാളും നമുക്കു നിഷേധിച്ചതും നാം പാടുപെട്ട് സ്വയം വികസിപ്പിച്ചെടുത്തതുമായ സാങ്കേതിക വിദ്യകൾക്കാണ് നാമിനി അംഗീകാരം വാങ്ങേണ്ടി വരിക എന്നോർക്കണം.
ഏതു കരാറിലും ഒരു ആർബിട്രേഷൻ വ്യവസ്ഥ ഉണ്ടാകും. പാർട്ടികളിലൊന്ന് ഒരു തർക്കമുന്നയിച്ചാൽ രണ്ടു പേർക്കും സ്വീകാര്യനായ ഒരു മൂന്നാമന് അന്തിമ തീരുമാനം വിടുക എന്നതാണ് രീതി. എന്നാൽ 123 കരാറിൽ അങ്ങനെയൊന്നില്ല: തർക്കമുണ്ടായാൽ ചർച്ച ചെയ്‌ത് പരിഹരിക്കണം എന്നേ അതുപറയുന്നുള്ളൂ. ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിലോ ? നഷ്‌ടം നമുക്കു മാത്രമേ ആകൂ. അമേരിക്കയ്‌ക്ക് നഷ്‌ടപ്പെടാൻ ഒന്നുമില്ല. ഒരു തർക്കമുണ്ടാക്കാനും പരിഹരിക്കാൻ കഴിയുന്നില്ല എന്നു പ്രഖ്യാപിക്കാനും എളുപ്പം കഴിയുമല്ലോ. ഭാവിയിൽ നിലവിൽ വരാവുന്ന ഏതൊരു ഇന്ത്യൻ സർക്കാരിനും ഇതു ഭീഷണിയാവും എന്നതിൽ സംശയമില്ല.
ഇന്ത്യയ്‌ക്ക് ആണവ പരീക്ഷണങ്ങൾ നടത്തുന്നതിൽ തടസ്സമില്ല എന്ന് നമ്മുടെ പ്രധാനമന്ത്രി നിരന്തരം പറയുന്നതും സത്യമല്ല. സന്ദിഗ്‌ധ ഘട്ടം വന്നാൽ യു.എസ്സ്. സർക്കാർ അക്കാര്യം `പരിഗണിക്കും' എന്നേ കരാർ പറയുന്നുള്ളു. നമ്മുടെ ദേശീയ സുരക്ഷ യു.എസ്സ്. പ്രസിഡണ്ടിന്റെ ദയാദാക്ഷിണ്യത്തിനു വിധേയമായിരിക്കും എന്നർഥം.
ആണവക്കരാറിന് ഊർജ സുരക്ഷയുമായി ബന്ധമൊന്നുമില്ല. അത് ഒരു രാഷ്‌ട്രീയക്കരാർ ആണ്. ഏഷ്യയിൽ വികസിച്ചുവരുന്ന ഒരു പുതിയ കൂട്ടായ്‌മയെ- ഇന്ധന സുരക്ഷയും വേണ്ടത്ര പ്രകൃതിവിഭവങ്ങളും മനുഷ്യശേഷിയുമുള്ള രാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, CIS രാജ്യങ്ങൾ (മുൻ സോവ്യറ്റ് റിപ്പബ്ലിക്കുകൾ), ഇറാൻ ഇവ ചേർന്നുള്ള കൂട്ടായ്‌മയെ- ഭീഷണിയായി കണ്ട്, ഇന്ത്യയെ അടർത്തിമാറ്റാൻ അമേരിക്ക നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഈ കരാറും സുരക്ഷാ ചട്ടക്കൂടും മറ്റെല്ലാ കരാറുകളും. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകളും സൈനിക നേതൃത്വത്തിലൊരു വിഭാഗവും (അവർക്ക് അയൽപക്കത്തൊരു ശത്രു ഉണ്ടെങ്കിലേ സൈനികശക്തി സംഭരണത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിനും ന്യായീകരണമുണ്ടാകൂ) ഇന്നത്തെ ഭരണകക്ഷികളിലൊരു വിഭാഗവും ആ ഗൂഢാലോചനയ്‌ക്ക് കൂട്ടുനിൽക്കുകയാണ്. അത് തിരിച്ചറിഞ്ഞ് ചെറുത്തു തോൽപ്പിക്കേണ്ടത് നമ്മുടെ ജനതയുടെ രക്ഷയ്‌ക്കും ലോക സുരക്ഷിതത്വത്തിനും ഇന്ന് ഏറ്റം ആവശ്യമാണ്.