അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:33, 22 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
അധികാരവികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്
200px
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ, 2010

ആമുഖം

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ അടുത്ത തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്കു നീങ്ങുകയാണ്‌. അധികാരവികേന്ദ്രീകരണത്തിന്റെ സ്ഥാപനവൽക്കരണത്തിനായുള്ള ശ്രമങ്ങൾക്കപ്പുറം പുതിയ തെരഞ്ഞെടുപ്പിന്‌ മറ്റൊട്ടേറെ മാനങ്ങളുണ്ട്‌. 50% സ്‌ത്രീ സംവരണം, പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക്‌ വിവിധ തലങ്ങളിൽ ലഭിച്ച വർധിച്ച അംഗീകാരം, അവയുടെ വർധിച്ച ദൃശ്യത, ഔദ്യോഗികവും അനുബന്ധവുമായ സംവിധാനങ്ങളുടെ രൂപീകരണവും പ്രവർത്തനവും, ഭരണസംവിധാനങ്ങളിലെ പൂരക ബന്ധം എന്നിങ്ങനെ എടുത്തു പറയാവുന്ന ധാരാളം നേട്ടങ്ങൾ കൈവരിച്ച പശ്ചാത്തലത്തിലാണ്‌ നാം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ നൂതന പരീക്ഷണങ്ങൾ നടത്താനും അതുവഴി വലിയ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ജനങ്ങൾക്ക്‌ ആത്മധൈര്യം നൽകാനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട്‌ കാലമായി കേരളത്തിൽ നടക്കുന്ന സവിശേഷമായ വികേന്ദ്രീകരണ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നടത്താൻ സഹായകമായ നിർദേശങ്ങൾ അവതരിപ്പിക്കാനുമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

പുതിയ മാനങ്ങൾ

സ്‌ത്രീസംവരണം

അമ്പതുശതമാനം വനിതാസംവരണം തീരുമാനിച്ചതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്‌. കുടുംബശ്രീ സംവിധാനത്തിലൂടെയും അതിന്റെ ബഹുമുഖ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക രംഗത്ത്‌ കൂടുതൽ ദൃശ്യത കൈവരിച്ചു കഴിഞ്ഞ സ്‌ത്രീകൾക്ക്‌, സാമൂഹിക രാഷ്‌ട്രീയ രംഗങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈയ്യാളാനുള്ള അവസരമാണ്‌ ലഭിച്ചിരിക്കുന്നത്‌. പ്രാദേശിക ഭരണരംഗത്ത്‌ ഭരണ-രാഷ്‌ട്രീയ ബന്ധങ്ങളിൽ പുതിയ ചില സമീപനങ്ങൾ ഉരുത്തിരുഞ്ഞുവരാനും, നിരവധി പുതിയ അനുഭവങ്ങൾ സൃഷ്‌ടിക്കുവാനും ഈ സാഹചര്യം വഴിവെക്കുമെന്നുറപ്പ്‌. മുന്നനുഭവങ്ങൾ വച്ചുനോക്കുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വനിതാ അംഗത്വം 60 ശതമാനത്തോളം ഉയർന്നേക്കാം. ഇത്‌ കേരളത്തിലെ പ്രാദേശിക രാഷ്‌ട്രീയശക്തിബന്ധങ്ങളിൽ കാര്യമായ മാറ്റങ്ങൾക്കു കാരണമാകാം. ഭൂരിഭാഗം സ്‌ത്രീകൾ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന്റെ കാര്യക്ഷമതയെക്കുറിച്ച്‌ സംശയിക്കുന്നവർ വരെയുണ്ട്‌. രാഷ്‌ട്രീയമായും ഭരണപരമായും പുതിയ പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും പഠനങ്ങൾക്കും തദ്ദേശഭരണസ്ഥാപനങ്ങൾ വേദിയാകുകയാണ്‌.

അംഗീകാരങ്ങൾ

അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ 2009-10ലെ ഭാരതസർക്കാരിന്റെ അവാർഡ്‌ കേരളത്തിനാണ്‌ ലഭിച്ചത്‌. ഇതിനുമുമ്പും കേരളത്തിന്‌ ഈ പദവി ലഭിച്ചിട്ടുണ്ടെങ്കിലും താരതമ്യേന കുറ്റമറ്റതും സമഗ്രവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്‌ളിക്‌ അഡ്‌മിനിസ്‌ട്രേഷൻ (IIPA) ഇത്തവണ നടത്തിയ അവാർഡ്‌ നിർണയത്തിന്‌ കൂടുതൽ ആധികാരികതയുണ്ട്‌. വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട്‌ നാല്‌ മേഖലകളിലായി പത്തൊമ്പത്‌ വിഷയങ്ങളിലുള്ള പ്രവർത്തനങ്ങളെയാണ്‌ ഇതിനായി വിലയിരുത്തിയത്‌. വിലയിരുത്തലിനു വിധേയമായ നാല്‌ മേഖലകളിൽ രണ്ടെണ്ണത്തിൽ കേരളവും ഒന്നിൽ കർണാടകവും ഒന്നിൽ പശ്ചിമബംഗാളുമാണ്‌ മുന്നിട്ടുനിന്നത്‌. മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്‌ ഒന്നാംസ്ഥാനവും കർണാടകത്തിനും പശ്ചിമബംഗാളിനും യഥാക്രമം രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളും ലഭിച്ചു. അധികാരകൈമാറ്റത്തിനും, ധനപരമായ വികേന്ദ്രീകരണത്തിലുമാണ്‌ കേരളം മുന്നിട്ടുനിന്നത്‌. ജീവനക്കാരുടെ വികേന്ദ്രീകരണത്തിൽ കർണാടകവും സംവിധാനങ്ങളുടെ വികേന്ദ്രീകരണത്തിൽ പശ്ചിമബംഗാളും മുന്നിട്ടുനിന്നു. നേട്ടങ്ങളോടൊപ്പം കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ പരിമിതികളും വ്യക്തമാക്കുന്നതാണ്‌ IIPA വിലയിരുത്തൽ. തെരഞ്ഞെടുപ്പിന്‌ ശേഷം വരുന്ന ഭരണസമിതികളുടെ പ്രവർത്തനത്തിന്‌ ഈ പഠനം മാർഗദർശകമാകേണ്ടതാണ്‌.

സംസ്ഥാന ശുചിത്വമിഷനും തിരുവനന്തപുരം ദൂരദർശനും ചേർന്ന്‌ തയ്യാറാക്കി അവതരിപ്പിച്ച ഗ്രീൻ കേരള എക്‌സ്‌പ്രസ്സ്‌ എന്ന റിയാലിറ്റിഷോ, കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ പ്രദർശിപ്പിക്കുകയുണ്ടായി. ലഭിച്ച അധികാരങ്ങൾ പ്രയോഗിക്കുന്നതിൽ സ്വീകരിച്ച ഭാവനാപൂർണമായ സമീപനവും ജനപക്ഷ നിലപാടുകളും, ഭരണഘടന വിഭാവനം ചെയ്‌ത അർത്ഥത്തിൽ, സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുവാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ സാധിക്കുമെന്ന പ്രതീക്ഷ നൽകുന്നു. തങ്ങളുടെ പ്രദേശത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ അവയോട്‌ ക്രിയാത്മകമായി പ്രതികരിച്ചു കൊണ്ടുള്ള തീരുമാനങ്ങളെടുക്കുവാനും പ്രസക്തമായ വികസനമേഖലകൾക്ക്‌ കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്‌, വികസന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കാനും കഴിയുംവിധം നിരവധി തദ്ദേശഭരണ സ്ഥാപനങ്ങൾ പക്വത കൈവരിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഗ്രീൻ കേരള എക്‌സ്‌പ്രസ്സ്‌.

ഔദ്യോഗിക സംവിധാനങ്ങൾ

ഭരണഘടന വിഭാവനം ചെയ്‌തിട്ടുള്ള സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ സംസ്ഥാന ഫൈൻനാൻസ്‌ കമ്മീഷൻ, സംസ്ഥാന ഡിലിമിറ്റേഷൻ കമ്മീഷൻ, ജില്ലാ ആസൂത്രണ സമിതികൾ തുടങ്ങിയ എല്ലാ നിയന്ത്രണസംവിധാനങ്ങളും പ്രവർത്തന നിരതമായിരിക്കുന്ന ഏകസംസ്ഥാനമാണ്‌ കേരളം. ഇവയ്‌ക്കു പുറമെ തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണൽ, ഓംബുഡ്‌സ്‌മാൻ എന്നീ സംവിധാനങ്ങളും കേരളം തനതായി വികസിപ്പിച്ചെടുക്കുകയുണ്ടായി. ഇവയിൽ പലതിന്റെയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്‌. എങ്കിലും ഭരണഘടനാനുസൃതമായ ഏക ആസൂത്രണ സംവിധാനമായ DPC കൾ വേണ്ടത്ര കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അവയുടെ യഥാർത്ഥ ധർമം നിറവേറ്റുന്നില്ല എന്നും ആക്ഷേപങ്ങളുയർന്നിട്ടുണ്ട്‌. വരാൻ പോകുന്ന ഭരണസമിതികൾ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണിത്‌.

പരിമിതികളേറെ ഉണ്ടെങ്കിലും കേരളമിന്ന്‌ ലോകത്തിലെ ശ്രദ്ധേയമായ ചില സാമൂഹിക നേട്ടങ്ങളുടെ പടിവാതിൽക്കലാണ്‌.

  • 100% സാക്ഷരത
  • 100 മീറ്ററിനുള്ളിൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള ലഭ്യത
  • 100 ശതമാനം സ്‌കൂൾ പ്രവേശനം
  • ഭൂരിഭാഗം കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടങ്ങൾ
  • ഭൂരിഭാഗം പഞ്ചായത്തുകൾക്കും നിർമൽ പുരസ്‌കാരം ലഭിക്കുന്നതിനുള്ള അർഹത- അങ്ങനെ പലതും.

ഈ നേട്ടങ്ങളിൽ ചിലതിന്റെയെങ്കിലും അവകാശം വലിയൊരളവോളം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ മാത്രമാണ്‌. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഉയർന്ന ഭരണപാടവും കർമശേഷിയും പ്രകടിപ്പിച്ചുകൊണ്ട്‌ യഥാർത്ഥ സ്വയംഭരണ സ്ഥാപനങ്ങളായിത്തീരുമ്പോൾ, നേട്ടങ്ങളുടെ പട്ടിക ഇനിയും നീളുമെന്നതിൽ സംശയം വേണ്ട.

ഇത്തരം കാര്യങ്ങൾ പരിഗണിക്കുമ്പോൾ കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച്‌ ഏറ്റവും മികച്ചതാണെന്ന്‌ ആരും അംഗീകരിക്കും. എന്നാൽ ലഭിച്ച അംഗീകാരങ്ങളുടെ വൈപുല്യവും ധനശേഷിയുടെ കരുത്തും ഉദ്യോഗസ്ഥ ശൃംഖലയുടെ ശേഷിയും പരിഗണിക്കുമ്പോൾ കേരളം ഇത്രയൊക്കെ നേടിയാൽമതിയോ എന്ന ചോദ്യം പ്രസക്തമാണ്‌. കീഴ്‌ത്തല മുൻകൈ (Subsidiarity), പരസ്‌പരപൂരകത്വം (Complementarity), അധികാരങ്ങളിലും ഉത്തരവാദിത്വങ്ങളിലും ഉള്ള വ്യക്തത (Role clarity), സുതാര്യത (Transparency), ജനപങ്കാളിത്തം (Participation), ഭരണപരമായ സ്വാതന്ത്ര്യം (Administrative freedom), വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം (integration)തുടങ്ങി, അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊക്കെ ദീർഘവീക്ഷണത്തോടെ ഇടപെടാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രയോഗതലത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചും, ആവശ്യമായ തിരുത്തലുകൾ വരുത്തിയും വികേന്ദ്രീകൃത ഭരണസംവിധാനത്തെ പുഷ്‌ടിപ്പെടുത്തുന്നതിൽ കേരളത്തിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വത്തിന്‌ ധാരാളം പാളിച്ചകൾ പറ്റിയിട്ടുണ്ട്‌.

സംസ്ഥാന സർക്കാർ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്താനായി നിയോഗിച്ച പ്രൊഫ.M.A.ഉമ്മൻ കമ്മറ്റിയുടെ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ നമ്മുടെ പല പരിമിതികളും ചൂണ്ടിക്കാട്ടുന്നു. നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങൾ അവയുടെ അധികാരമേഖലകളിലെങ്കിലും സ്വയംഭരണസ്ഥാപനങ്ങളായി മാറണമെങ്കിൽ ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ ഭരണ-രാഷ്‌ട്രീയ നേതൃത്വം കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നുമാണ്‌ ലഭ്യമായ പഠനങ്ങളെല്ലാം കാണിക്കുന്നത്‌. ഇതിനായി ഫലപ്രദമായി ഇടപെടണമെങ്കിൽ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകൾ എന്തെന്നും, ഇന്നത്‌ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെ എന്നും പരിശോധിക്കേണ്ടതുണ്ട്‌.

പക്ഷേ, ഇത്തരം സാധ്യതകളെയൊക്കെ തമസ്‌കരിക്കുന്ന അഴിമതിക്കഥകളും കെടുകാര്യസ്ഥതയും ധനപരമായ അരാജകത്വവും അരങ്ങേറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണവും തീരെ ചെറുതല്ല. ആത്യന്തികമായി ജനങ്ങൾ സംവിധാനത്തിന്റെ നിരീക്ഷകരും തിരുത്തൽ ശക്തികളുമായി നിലകൊണ്ടാൽ മാത്രമേ അധികാരവികേന്ദ്രീകരണം സ്ഥായിയായി നിലനിൽക്കുകയുള്ളൂ. ഈ ജനകീയധർമം നിറവേറ്റണമെങ്കിൽ വികേന്ദ്രീകരണത്തിന്റെ വർത്തമാനകാല അവസ്ഥ ഓരോ തദ്ദേശഭരണ പ്രദേശത്തെയും ജനങ്ങൾക്ക്‌ സ്വയം വിലയിരുത്താൻ സാധിക്കണം.

കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ സവി ശേഷതകൾ

സംസ്ഥാനം രൂപീകൃതമായതുമുതൽ തന്നെ തുടങ്ങിയതാണ്‌ അധികാരവികേന്ദ്രീകരണം സംബന്ധിച്ച ചർച്ചകളും. 1956 മുതൽ 96 വരെയുള്ള നാല്‌ പതിറ്റാണ്ടുകാലത്തിനിടയിൽ അധികാര വികേന്ദ്രീകരണത്തിനായി ചെറുതും വലുതുമായ നിരവധി ശ്രമങ്ങൾ രാഷ്‌ട്രീയതലത്തിലും ഭരണതലത്തിലും സാമൂഹികതലത്തിലുമൊക്കെ നടക്കുകയുണ്ടായി. ദേശീയ തലത്തിൽ 1957 ലെ ബൽവന്തറായ്‌ മേത്ത കമ്മിറ്റി റിപ്പോർട്ട്‌, 1978 ലെ അശോക മേത്ത കമ്മിറ്റി റിപ്പോർട്ട്‌, ഇവയ്‌ക്കു സമാന്തരമായും അനുപൂരകമായും നിരവധി പ്രവർത്തനങ്ങൾ കേരളത്തിലും നടക്കുകയുണ്ടായി. 1957 ലെ ഒന്നാം ഭരണ പരിഷ്‌കാര കമ്മിറ്റി റിപ്പോർട്ട്‌, 1967, 1979, 1989 കാലഘട്ടങ്ങളിലെ ഗവൺമെന്റുകളുടെ നിയമനിർമാണ ശ്രമങ്ങൾ, 1991 ലെ ജില്ലാ കൗൺസിലുകൾ ഇവയുടെ ഒക്കെ തുടർച്ച മാത്രമാണ്‌ കേരളത്തെ സംബന്ധിച്ചിടത്തോളം 73, 74 ഭരണഘടനാ ഭേദഗതികളും 1994 ലെ തദ്ദേശഭരണ നിയമങ്ങളും. പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവസാന്നിധ്യവും വികേന്ദ്രീകരണത്തിന്‌ അനുയോജ്യമായ അന്തരീക്ഷവും അതിനു സഹായകരമായ വിധത്തിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പോലുള്ള ജനകീയ പ്രസ്ഥാനങ്ങൾ നടത്തിയ ഗൗരവപൂർണമായ പരീക്ഷണങ്ങളും പഠനങ്ങളും കാമ്പയിനുകളും വികേന്ദ്രീകരണത്തെ പടിപടിയായി ഒരു മുഖ്യധാരാ വികസന രാഷ്‌ട്രീയ അജണ്ടയായി രൂപപ്പെടുത്തുകയുണ്ടായി. തൊണ്ണൂറുകളിൽ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്‌ അനുകൂലമായി ദേശീയതലത്തിൽ രൂപംകൊണ്ട രാഷ്‌ട്രീയ സാമ്പത്തികനിലപാടുകളെ ചെറുക്കുന്നതിനുള്ള ബദൽ രാഷ്‌ട്രീയ നിലപാട്‌ എന്ന നിലയിലാണ്‌ അധികാര വികേന്ദ്രീകരണത്തിന്‌ കൂടുതൽ പ്രാധാന്യം കൈവന്നത്‌. ഒപ്പം കേരള സംസ്ഥാനം നേരിടുന്ന ഉൽപ്പാദന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമം എന്ന നിലക്കും അംഗീകാരം നേടുകയുണ്ടായി.

ജനകീയാസൂത്രണ പ്രസ്ഥാനം

മുകളിൽ പറഞ്ഞ നിലപാടുകളോട്‌ ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട്‌ സംസ്ഥാനത്തിന്റെതായ സവിശേഷസാഹചര്യവും സാധ്യതകളും പരിഗണിച്ചുകൊണ്ട്‌ തികച്ചും നൂതനമായ ഒരു പന്ഥാവ്‌ സ്വീകരിക്കാൻ കഴിഞ്ഞു എന്നതാണ്‌ കേരളത്തിന്റെ അധികാരവികേന്ദ്രീകരണത്തെ ശ്രദ്ധേയമാക്കിയത്‌. ഇതിന്റെ പ്രത്യക്ഷഫലമായിരുന്നു ജനകീയ ആസൂത്രണപ്രസ്ഥാനം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലും ഉണ്ടായിട്ടില്ലാത്തവിധത്തിൽ വർധിച്ച അധികാരങ്ങളും വമ്പിച്ച സാമ്പത്തിക സഹായവും നൽകിക്കൊണ്ട്‌ ആസൂത്രണ പ്രവർത്തനത്തിലൂടെ വികസനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞതായിരുന്നു ജനകീയാസൂത്രണത്തിന്റെ രൂപഘടനയിലെ നൂതനത്വം. ജനകീയ ഇടപെടൽ എങ്ങനെ നിയമങ്ങളെയും ചട്ടങ്ങളെയും സംവിധാനങ്ങളെയും മാറ്റിത്തീർക്കുന്നതിനുള്ള ഉപാധിയാകുന്നു എന്ന്‌ കേരളം ലോകത്തിന്‌ കാണിച്ചു കൊടുത്തു.

എന്നാൽ ഒരു പ്രസ്ഥാനത്തിനും കാമ്പയിൻ രീതിയിൽ എക്കാലത്തും സജീവമായി നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ട്‌ തന്നെ ജനകീയ ആസൂത്രണ പ്രസ്ഥാനവും സ്ഥാപനവൽക്കരിക്കേണ്ടതുണ്ടായിരുന്നു. ജനകീയ ഇടപെടൽ ഒരിക്കൽ മാത്രം ഉണ്ടാകേണ്ടതല്ല, സ്ഥായിയാകണം. അതിനെ വലിയൊരളവോളം ഒഴിവാക്കിക്കൊണ്ട്‌ സ്ഥാപനവൽക്കരണം നടത്തിയതാണ്‌ കേരള വികസന പരിപാടി. ജനകീയ ഇടപെടൽ ഭരണകൂടത്തെ പകരം വെയ്‌ക്കാനുള്ളതല്ല, അതിനെ നിരന്തരമായി ജനപക്ഷത്ത്‌ ഉറപ്പിച്ചു നിറുത്തുന്നതിനു വേണ്ടിയാണ്‌. അതിനാൽ കാമ്പയിൻ കാലഘട്ടത്തിലും സ്ഥാപനവൽക്കരണ ഘട്ടത്തിലും ജനകീയ ഇടപെടൽ അനിവാര്യമാണ്‌. അതിന്റെ രീതികളിൽ വ്യതാസമുണ്ടെന്നു മാത്രം. സ്ഥാപനവൽക്കരണ ഘട്ടത്തിൽ ഈ ധർമം വേണ്ടത്ര ഫലപ്രദമായി നിറവേറ്റാത്തതിന്റെ നിരവധി പ്രശ്‌നങ്ങൾ നാമിന്ന്‌ നേരിട്ടു കൊണ്ടിരിക്കുകയാണ്‌.

(1) സ്വയംഭരണത്തെ സംബന്ധിച്ച കാഴ്‌ചപ്പാടില്ലായ്‌മ

എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും പ്രഥമവും പ്രധാനമായും ഉണ്ടാകേണ്ടതാണ്‌ തദ്ദേശ സ്വയം ഭരണത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാട്‌. പ്രാദേശിക ഭരണകൂടത്തെയും (Local Goverment) പ്രാദേശിക ഭരണ പ്രക്രിയയെയും (Local Governance), വേർതിരിച്ചറിയാൻ നമ്മുടെ പല ഭരണസാരഥികൾക്കും വേണ്ടത്ര സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വികേന്ദ്രീകരണം ജനപ്രതിനിധികൾക്ക്‌ താഴേക്ക്‌ എത്തിക്കുന്ന പ്രക്രിയയുടെ പ്രാധാന്യം അവർക്ക്‌ ഉൾക്കൊള്ളാനുമാകുന്നില്ല. തങ്ങൾ നിയന്ത്രിക്കുന്ന ഭരണകൂടത്തെ സാമൂഹിക വിപ്ലവത്തിനുള്ള ഉപാധിയാക്കി മാറ്റാനും അതിലൂടെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനുമുള്ള സാധ്യത പ്രയോജനപ്പെടുത്താനും സാധിക്കാതെ വരുന്നു. ജനങ്ങളെ മാറ്റി നിറുത്താനും, അവരുടെ പേരിൽ തങ്ങൾ തന്നെ നേരിട്ട്‌ കാര്യങ്ങൾ നടത്താനും ഉള്ള താൽപര്യം വർധിക്കുന്നു. ജനപങ്കാളിത്തത്തിന്റെ പ്രബലവേദിയായ ഗ്രാമസഭകളിലും വാർഡ്‌ സഭകളിലും പങ്കാളിത്തം നാമമാത്രമാകുന്നതിൽ ഉൽക്കണ്‌ഠ ഇല്ലാതാകുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ സത്ത ജനപ്രതിനിധികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്‌ വിളിച്ചോതുന്നു.

(2) അധികാരഘടനയെക്കുറിച്ചുള്ള അവ്യക്തത

നമ്മുടെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ എത്രത്തോളം `സ്വയംഭരണ' സ്ഥാപനങ്ങളാണെന്ന്‌ പലർക്കും വ്യക്തതയില്ല. ചിലർ അതിനെ പരമാധികാരം എന്ന്‌ ധരിച്ചിരിക്കുന്നു. പഞ്ചായത്തിനകത്ത്‌ എന്തും ചെയ്യാൻ അധികാരം ഉണ്ട്‌ എന്നാണ്‌ അവർ ധരിച്ചിരിക്കുന്നത്‌. മറ്റു ചിലരാകട്ടെ ലഭിച്ച അധികാരത്തിന്റെ സാധ്യതകൾ എത്രത്തോളമെന്നും തിരിച്ചറിയുന്നില്ല. ഉദാഹരണമായി കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസവകുപ്പിൽ മൊത്തത്തിൽ 354 പ്രവർത്തനാധികാരങ്ങൾ (Functions) ഉണ്ട്‌. ഇവയിൽ 11 എണ്ണം മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ കൈമാറിയിട്ടുള്ളൂ. മൊത്തം അധികാരങ്ങളിൽ വളരെ ചെറിയ പങ്ക്‌ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ലഭിച്ചിട്ടുള്ളൂ എങ്കിലും അവ മർമ പ്രധാനമായ അധികാരങ്ങളാണ്‌. അവ ഉപയോഗിച്ച്‌ നൂറ്‌ കണക്കിനു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതകൾ ഉണ്ട്‌ എന്ന്‌ തിരിച്ചറിയാത്ത പക്ഷം വിദ്യാഭ്യാസരംഗത്തെ സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയാക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്കാവില്ല. ലഭിച്ച അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിച്ച്‌ കൂടുതൽ അധികാരങ്ങൾ പിടിച്ചുവാങ്ങാൻ അർഹത സൃഷ്‌ടിക്കുകയായിരിക്കണം തദ്ദേശഭരണസ്ഥാപനങ്ങളുടെ ഒരു ലക്ഷ്യം.

(3) ഭരണകൂടത്തിന്റെ ഏകോപനമില്ലായ്‌മ

കൈമാറിക്കിട്ടിയ സ്ഥാപനങ്ങളെയും, അവയിലെ ജീവനക്കാരെയും ഏകോപിപ്പിച്ചു കൊണ്ടാണ്‌ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കേണ്ടത്‌. കൈമാറിയ സ്ഥാപനങ്ങളിലെ മുഖ്യ ഉദ്യോഗസ്ഥർ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജോയിന്റ്‌ സെക്രട്ടറിമാരാണ്‌. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയും സെക്രട്ടറിയും ജോയിന്റ്‌ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ്‌ ദൈനംദിന ഭരണനിർവഹണത്തിനുള്ള സംവിധാനം. ഈ സംവിധാനം ഫലപ്രദമാകണമെങ്കിൽ സെക്രട്ടറിയെയും, ജോയിന്റ്‌ സെക്രട്ടിമാരെയും ഏകോപിപ്പിച്ചു കൊണ്ട്‌ ഭരണനിയന്ത്രണം നടത്തുവാൻ ഭരണസമിതിക്കു സാധിക്കണം. ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലും ഈ പ്രക്രിയ കാര്യക്ഷമമല്ല. സെക്രട്ടറിയുടേയും ജോയിന്റ്‌ സെക്രട്ടറിമാരുടേയും വകുപ്പു സ്വഭാവവും ഇവരെ കൂട്ടിയോജിപ്പിച്ചു പ്രവർത്തിക്കാനുള്ള ഭരണ സമിതിയുടെ ഇച്ഛാശക്‌തിയില്ലായ്‌മയും ഇതിനു തടസ്സമാകുന്നു.അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ മേലുള്ള അതത്‌ മാതൃ വകുപ്പുതല നിയന്ത്രണം താരതമ്യേന ശക്തമാകുകയും അത്‌ വികേന്ദ്രീകരണത്തിന്‌ വിരുദ്ധമാകുകയും ചെയ്യുന്നു.

(4) ദുർബലമായിക്കൊണ്ടിരിക്കുന്ന ഗ്രാമസഭ

പ്രൊഫസർ ഉമ്മൻ കമ്മറ്റിയുടെ വിവാദപരമായ ഒരു ശുപാർശ ഗ്രാമസഭായോഗങ്ങളുടെ എണ്ണം കുറക്കുന്നതു സംബന്ധിച്ചാണ്‌. ഈ നിർദേശം പ്രത്യക്ഷത്തിൽ തന്നെ അധികാരവികേന്ദ്രീകരണത്തിന്റെ സത്തക്ക്‌ വിരുദ്ധമാണെങ്കിലും അങ്ങനെ നിർദേശിക്കാൻ ഇടയാക്കിയ സാഹചര്യം കാണാതിരുന്നു കൂട. ഗ്രാമസഭകളിലെയും വാർഡ്‌സഭകളിലെയും ജനപങ്കാളിത്തം എണ്ണത്തിലും ഗുണത്തിലും കുറഞ്ഞ വരുന്നു എന്നതാണ്‌ അതിന്‌ കാരണം. കേരളത്തിലെ വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ മുഖ്യസവിശേഷതയായ ഗ്രാമസഭകൾ, ഇന്ന്‌ ആർക്കും വേണ്ടാത്ത, ചടങ്ങിനു മാത്രം നടത്തുന്ന ഒന്നായി തീർന്നിരിക്കുന്നു. ക്വാറം തികയ്‌ക്കാൻ ഗ്രാമസഭകളുടെ രേഖകളിൽ കൃത്രിമം കാണിക്കുന്നതും അതിനായി നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കാതിരിക്കുകയും ചെയ്‌തുകൊണ്ട്‌ ഗ്രാമസഭാനടപടികളെ തികച്ചും പ്രഹസനമാക്കി മാറ്റുന്നു. ഗ്രാമസഭയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങൾക്ക്‌ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ചുരുക്കത്തിൽ ഗ്രാമസഭക്കാണ്‌ പലകാര്യങ്ങളിലും ആത്യന്തികമായ അധികാരം എന്നത്‌ വിസ്‌മരിക്കപ്പെട്ടിരിക്കുന്നു. ഗ്രാമസഭ ഒരു പുതിയ സങ്കൽപ്പനമാണ്‌. കേരളത്തിൽ, മറ്റു സംസ്ഥാനങ്ങളിലേതുപോലെ അതു സംഘടിപ്പിക്കാനാവില്ലെന്നു ബോധ്യമുള്ളതു കൊണ്ടാണ്‌ അതിനു വ്യത്യസ്‌തമായ രൂപം നൽകാൻ നാം ശ്രമിച്ചത്‌. ഇന്നത്തെ സാഹചര്യത്തിൽ അയൽക്കൂട്ടങ്ങളേയും അയൽക്കൂട്ട സമിതികളേയും ഗ്രാമസഭയുമായി എങ്ങനെ ബന്ധപ്പെടുത്താൻ കഴിയുമെന്ന്‌ പരിശോധിക്കണം.

(5) പദ്ധതി ആസൂത്രണം ഭാരമാകുന്നു

കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ സജീവമാക്കിയത്‌ പദ്ധതി ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള നടപടിക്രമങ്ങളാണ്‌. എന്നാൽ സ്ഥാപനവൽക്കരണത്തോടൊപ്പം ആസൂത്രണത്തിനായുള്ള ജനകീയ സംവിധാനങ്ങൾ തകർന്ന്‌ തരിപ്പണമായിരിക്കുന്നു. വർക്കിങ്ങ്‌ ഗ്രൂപ്പുകളിലും സെമിനാറുകളിലും പദ്ധതിപരിശോധനക്കുള്ള സാങ്കേതിക ഉപദേശ സമിതി പ്രവർത്തനങ്ങളിലും പദ്ധതി നിർവഹണത്തിലുമെല്ലാം ഇത്‌ വളരെ പ്രകടമാണ്‌. ആസൂത്രണത്തിന്റെ ചട്ടക്കൂട്‌ അതേപടി നിലനിൽക്കുകയും സാമാന്യ ജനങ്ങളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തം നാമമാത്രമായിത്തീരുകയും ചെയ്‌തതോടെ പലയിടത്തും ആസൂത്രണ പ്രവർത്തനം പ്രഹസനമായിത്തീരുന്നു. പ്രൊഫസർ ഉമ്മൻ കമ്മറ്റി ചൂണ്ടിക്കാണിച്ചതുപോലെ ഡസൻകണക്കിനു പ്രോജക്‌റ്റുകൾ എഴുതിത്തയ്യാറാക്കുന്നത്‌ പ്ലാൻ ക്ലാർക്കിന്റെ മാത്രം ഉത്തരവാദിത്വമായിത്തീരുന്നു. പ്രോജക്‌റ്റുകളുടെയും പദ്ധതികളുടെയും ജീവൻ നഷ്‌ടപ്പെടുന്നു.

പദ്ധതി നിർവഹണത്തിന്റെ പരാജയത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ആസൂത്രണ പ്രക്രിയയുടെ കാലതാമസവും അതുമൂലം നിർവഹണത്തിനു ലഭിക്കുന്ന സമയത്തിന്റെ കുറവുമാണ്‌. ഒന്നരപ്പതിറ്റാണ്ടിന്റെ അനുഭവങ്ങൾക്കുശേഷവും മാർച്ച്‌ 31നു മുമ്പായി പദ്ധതി രൂപീകരണം പൂർത്തിയാക്കി അംഗീകാരം വാങ്ങിക്കുവാൻ സാധിക്കുന്നില്ല. വാർഷിക ബഡ്‌ജറ്റും വാർഷിക പദ്ധതിയും തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള ലേബർ ബഡ്‌ജറ്റും വെവ്വേറെ രേഖകളായി തുടരുന്നു. വാർഷിക പദ്ധതികളെ അർത്ഥപൂർണമാക്കുന്ന മാസ്റ്റർ പ്ലാനുകളും വികസന പരിപ്രേക്ഷ്യങ്ങളും ഒരിടത്തും ഉണ്ടാകുന്നില്ല. വികസനരേഖകൾ രണ്ടാംതവണ ഉണ്ടായ സ്ഥലങ്ങൾ വളരെ വിരളമാണ്‌. വർഷം തോറും വൈകി ഇറങ്ങുന്ന ആസൂത്രണ മാർഗരേഖകൾക്ക്‌ കാത്ത്‌ ആസൂത്രണം ആകെ താളം തെറ്റുന്നു. ആരും പറയാതെ സ്വമേധയാ ചെയ്യേണ്ടുന്ന പ്രവർത്തനമായി ആസൂത്രണത്തെ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങൾ കാണുന്നില്ല. അതേ സമയം സ്വന്തം ഉത്തരവാദിത്വത്തിൽ മുൻകൈ പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തുകളെ പലപ്പോഴും പിന്നീടെത്തുന്ന വകുപ്പുതല നിർദേശങ്ങൾ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. നാളിതുവരെയായി ആസൂത്രണ പ്രവർത്തനത്തെ ചിട്ടപ്പെടുത്തുന്നതിനുള്ള ചട്ടങ്ങളുണ്ടായിട്ടില്ല എന്നത്‌ നാണക്കേട്‌ തന്നെയാണ്‌. നമ്മുടെ ജില്ലാ ആസൂത്രണ സമിതികളാകട്ടെ ജില്ലയ്‌ക്കകത്തെ ആസൂത്രണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്ന വേദിയായി മാറുന്നില്ല. പകരം പദ്ധതിരേഖകൾ യാന്ത്രികമായി അംഗീകരിച്ചുകൊടുക്കുന്ന സംവിധാനമായി അത്‌ അധപതിച്ചിരിക്കുന്നു. ജില്ലാ പ്ലാനുകളെക്കുറിച്ചോ, അതിന്റെ ഘടനയെക്കുറിച്ചു പോലുമോ ഗൗരവമായ ഒരു ചർച്ചയും നമ്മുടെ DPC കൾ നടത്തിയിട്ടില്ല എന്നത്‌ ഉൽക്കണ്‌ഠപ്പെടുത്തേണ്ട കാര്യമാണ്‌. ഇത്‌ ഭരണഘടനാലംഘനമാണ്‌ എന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌. ഗ്രാമ-ബ്ലോക്ക്‌-ജില്ല-നഗരസഭാ പദ്ധതികളുടെ പരസ്‌പരപൂരകത്വം ഉറപ്പുവരുത്താൻ സാധിക്കണമെങ്കിൽ അതിനു സഹായകമായ വിധത്തിൽ മാർഗനിർദേശങ്ങൾ DPC കളിൽ നിന്ന്‌ ഉണ്ടാകേണ്ടതുണ്ട്‌. ഇക്കാര്യങ്ങളിലൊക്കെ പരിതാപകരമാണ്‌ നമ്മുടെ DPC കളുടെ അവസ്ഥ. നിശ്ചിതകാലത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന ലളിതമായ പ്രവർത്തനമായി ആസൂത്രണത്തെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ തദ്ദേശഭരണസ്ഥാപനങ്ങൾ അതിനെ നിരാകരിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. പഞ്ചവത്സര പദ്ധതി എന്ന സങ്കൽപ്പനത്തെ ആസൂത്രണ കമ്മീഷൻ നിരർത്ഥകമാക്കിയിരിക്കുന്നു. അതു പുനസ്ഥാപിക്കണം. ഓരോ തദ്ദേശ ഭരണസമിതിയും അധികാരത്തിൽ വന്ന ഉടനെ അവരുടെ പഞ്ചവത്സര പദ്ധതി തയ്യാറാക്കണം. അതിന്റെ വാർഷിക ഘടകങ്ങളാണ്‌ ഓരോ വർഷവും നടപ്പാക്കേണ്ടത്‌. അങ്ങനെ ചെയ്യുമ്പോൾ ഡി.പി.സി ക്ക്‌ ഒരു റോൾ ഉണ്ടാക്കാൻ കഴിയും. ജില്ലയ്‌ക്കാകെയുള്ള പദ്ധതി തയ്യാറാക്കാൻ ഡി.പി.സി കളെ പ്രാപ്‌തമാക്കണം.

(6) വിവരാടിത്തറയുടെ അഭാവം

പദ്ധതി ആസൂത്രണം വസ്‌തുനിഷ്‌ഠമായിരിക്കണം. അതിന്‌ വിവരങ്ങളുടെ പിൻബലമുണ്ടായേ പറ്റൂ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ ദ്വിതീയ വിവരശേഖരണം ഒരു പ്രധാന പ്രവർത്തനമായി കണ്ടത്‌ അതുകൊണ്ടാണ്‌. എന്നാൽ ഇത്രകാലമായിട്ടും ആസൂത്രണത്തിന്‌ ആവശ്യമായ സമഗ്രമായ വിവരാടിത്തറ രൂപപ്പെടുത്തുവാൻ നമുക്കായിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങൾ വഴി എത്രയോ വിവരങ്ങൾ ഓരോ മാസവും ശേഖരിക്കുന്നുണ്ട്‌. അവയൊക്കെത്തന്നെ ബന്ധപ്പെട്ട വകുപ്പുകളിലൂടെ എവിടെയൊക്കെയോ പോയി മറയുന്നു. പഞ്ചായത്തിനകത്ത്‌ ഉപയോഗമുള്ളതും ഉപയോഗിക്കേണ്ടുന്നവയുമാണ്‌ പ്രസ്‌തുത വിവരങ്ങൾ എന്ന കാര്യം നാം തിരിച്ചറിയുന്നില്ല. ആ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നുമില്ല. താരതമ്യേന എളുപ്പത്തിൽ ചെയ്യാവുന്ന വിവരങ്ങളുടെ ഏകോപനത്തിൽ നമുക്ക്‌ ഒരു ശ്രദ്ധയുമില്ല. പ്രാദേശികതലത്തിൽ മാത്രം തയ്യാറാക്കാൻ സാധിക്കുന്ന വിഭവഭൂപടങ്ങൾ, ജൈവവൈവിധ്യ രജിസ്റ്ററുകൾ, നീർത്തടാധിഷ്‌ഠിത മാസ്റ്റർ പ്ലാനുകൾ, പാരിസ്ഥിതിക അവലോകനരേഖകൾ, സ്‌ത്രീപദവി പഠനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിതി വിവരപഠനങ്ങൾ ഇവയൊന്നും തന്നെ പ്രധാനമായി കാണാത്തതിന്റെ പരിമിതികൾ നമ്മുടെ പദ്ധതിരേഖകളിലും കാണാം. കേരളത്തിലെ പ്രാദേശിക ആസൂത്രണത്തിന്റെ പ്രധാനപ്പെട്ട പോരായ്‌മയായി പ്രൊഫസർ ഉമ്മൻ കമ്മറ്റി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. വിവിധ ഏജൻസികൾ ശേഖരിക്കുന്ന വിവരങ്ങൾ പ്രാദേശിക തലത്തിൽ തന്നെ ക്രോഡീകരിച്ച്‌ ഉപയോഗിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളും സംസ്ഥാന സർക്കാറും ഇച്ഛാശക്തിയോടെ പ്രവർത്തിക്കണം. വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച്‌ കേന്ദ്രസർക്കാറിനും ആസൂത്രണ കമ്മീഷനുമുള്ള അജ്ഞതയും അവഗണനയും തിരുത്തപ്പെടേണ്ടതാണ്‌.

(7) ഉൽപ്പാദനമേഖലയുടെ ദൗർബല്യം

ജനകീയാസൂത്രണത്തിന്റെ ആരംഭകാലം മുതൽ ഏറ്റവും കൂടുതൽ പണം നീക്കിവച്ചത്‌ ഉൽപ്പാദനമേഖലയിലായിരുന്നു. എന്നാൽ ഇതിന്‌ ആനുപാതികമായി ഉൽപ്പാദനമേഖലയിൽ പൊതുവെയും, കാർഷികമേഖലയിൽ പ്രത്യേകിച്ചും ഗണ്യമായ വളർച്ച ഒന്നും തന്നെ അനുഭവവേദ്യമായില്ല. പ്രാഥമിക മേഖലയിൽ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക്‌ വൈദഗ്‌ധ്യവും പിൻതുണയും നൽകേണ്ട ഉദ്യോഗസ്ഥരും, ചെറുതല്ലാത്ത ധനവിഭവങ്ങളും ഒക്കെ ഉണ്ടായിട്ടും ഉൽപ്പാദനമേഖലയിലെ മുരടിപ്പ്‌ മാറ്റാനായില്ല എന്നത്‌ നിശ്ചയമായും പദ്ധതി ആസൂത്രണത്തിന്റെ വീഴ്‌ചയെയാണ്‌ കാണിക്കുന്നത്‌. ത്രിതലഭരണ സംവിധാനത്തിന്റെ ഒരു ഘടകവും ഇതിനപവാദമല്ല എന്നത്‌ അത്ഭുതകരമാണ്‌. ഒറ്റപ്പെട്ട ചില തദ്ദേശഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങളും സമീപകാലത്ത്‌ നെൽക്കൃഷിയുടെ സ്ഥിതി പൊതുവെ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്‌ എന്നതും കാണാതിരിക്കുന്നില്ല. ഇത്‌ സ്ഥായിയായിത്തീരുമോ എന്ന്‌ കണ്ടറിയണം.

(8) ഘടകപദ്ധതികളുടെ പരാജയം

രാജ്യത്താകമാനം നടപ്പാക്കുന്ന പട്ടികജാതി-പട്ടികവർഗക്ഷേമ വികസനപദ്ധതികൾക്കു പുറമെ വനിത-ശിശു-വൃദ്ധജന-നിരാശ്രയ ഘടകപദ്ധതികൾ ആവിഷ്‌കരിച്ചു എന്നത്‌ ആസൂത്രണ രംഗത്ത്‌ കേരളത്തിന്റെ തനിമയാർന്ന സംഭാവനയാണ്‌. എന്നാൽ ഘടകപദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്‌. നൂതനമായ പ്രോജക്‌റ്റുകൾ രൂപപ്പെടുത്തുന്നതിനുള്ള ആശയദാരിദ്ര്യവും നിർവഹണത്തിലെ അപാകതകളുമാണ്‌ ഈ അവസ്ഥക്ക്‌ മുഖ്യകാരണം. ഘടകപദ്ധതികളുടെ മറവിൽ അവയുടെ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ മറ്റു പലർക്കും ഗുണം കിട്ടുന്ന വിധത്തിൽ പ്രോജക്‌റ്റുകൾ തയ്യാറാക്കുന്നതിനുള്ള ശ്രമം വ്യാപകമാണ്‌. സ്‌ത്രീപദവി പഠനം ഗൗരവത്തോടുകൂടി നടത്താനും അതിന്റെ അടിസ്ഥാനത്തിൽ വനിതാ ഘടക പദ്ധതികൾ രൂപപ്പെടുത്താനും പലർക്കും കഴിയുന്നില്ല. ഘടകപദ്ധതികളുടെ പ്രവർത്തനമേഖലകളിൽ പെടുന്നവരുടെ പൊതു- സവിശേഷപ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിലെ താൽപ്പര്യക്കുറവും കഴിവുകേടും നികത്താൻ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഊർജിതശ്രമങ്ങളുണ്ടായേ പറ്റൂ. നടപ്പാക്കപ്പെട്ട വിജയകരമായ പരീക്ഷണങ്ങൾ പ്രചരിപ്പിക്കപ്പെടുകയും വേണം.

(9) ധനമാനേജ്‌മെന്റിലെ കഴിവുകേട്‌

ഏറ്റവും ശക്തമായ സാമ്പത്തിക വരുമാന സ്രോതസ്സുകളാണ്‌ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളെ പ്രബലമാക്കുന്നത്‌. ഇത്രയേറെ നികുതി വരുമാന സാധ്യതകൾ കേരളത്തിനു പുറത്ത്‌ മറ്റൊരു സംസ്ഥാനത്തും കാണാനാകില്ല. ഇതോടൊപ്പം സംസ്ഥാന ബഡ്‌ജറ്റിൽ നിന്നുള്ള വിവിധ വിഹിതങ്ങളും കൂടിച്ചേരുമ്പോൾ അവയുടെ സാമ്പത്തിക അടിത്തറ അതിശക്തമായിത്തീരുന്നു. എന്നാൽ ഉള്ള സ്രോതസ്സുകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനും, സാധ്യമായ പുതിയ സ്രോതസ്സുകൾ കണ്ടെത്തുന്നതിനും വലിയ വിമുഖതയാണ്‌ നമ്മുടെ ഭൂരിഭാഗം തദ്ദേശഭരണസ്ഥാപനങ്ങളും കാണിക്കുന്നത്‌. സർക്കാർ ധനസഹായത്തിന്റെ തോത്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും (2010-11 ൽ ബഡ്‌ജറ്റിന്റെ 21 ശതമാനം) കിട്ടുന്ന പണത്തിന്റെ ധാരാളിത്തം സ്വന്തം സ്രോതസ്സുകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. ധനവിനിയോഗത്തിലെ അരാജകത്വം വ്യാപകമാണ്‌. വികസനഫണ്ടും തനതു ഫണ്ടും വിനിയോഗിക്കുന്നതിനുള്ള മാർഗരേഖ ഒന്നു തന്നെയാണെങ്കിലും തനത്‌ ഫണ്ട്‌ വിനിയോഗത്തിൽ ഒട്ടും അച്ചടക്കമില്ലാതെയാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌. വികസനഫണ്ടിന്റെ വിനിയോഗത്തിലെ അപാകതകൾ പ്രൊഫസർ ഉമ്മൻ കമ്മറ്റി അക്കമിട്ട്‌ നിരത്തുന്നുണ്ട്‌. വികസനഫണ്ടിന്റെ 40 ശതമാനം നിർബന്ധമായും ഉൽപ്പാദനമേഖലയിൽ ചെലവഴിക്കണമെന്നും, പശ്ചാത്തലമേഖലയിലെ ചെലവ്‌ 30 ശതമാനത്തിൽ കൂടരുതെന്നുമുള്ള നിബന്ധന നിലനിൽക്കെ 9-10 പദ്ധതികാലയളവിൽ സംസ്ഥാനത്ത്‌ ആകെയുള്ള പഞ്ചായത്തുകൾ ഉൽപ്പാദനമേഖലയിൽ ചെലവഴിച്ചത്‌ 20 ശതമാനത്തിനടുത്ത്‌ തുക മാത്രമാണ്‌. സേവനമേഖലയിലാകട്ടെ ഇത്‌ 60 ശതമാനം വരെ ഉയരുന്നുമുണ്ട്‌. ഇതിന്റെ അർത്ഥം DPCക്കു മുന്നിൽ സമർപ്പിച്ച പദ്ധതിരേഖകളിൽ മേഖല വകയിരുത്തൽ നിബന്ധനകൾ പാലിച്ച്‌ അംഗീകാരം വാങ്ങിയതിനു ശേഷം, നിർവഹണഘട്ടത്തിൽ പ്രോജക്‌റ്റുകൾ തന്നിഷ്‌ടപ്രകാരം മാറ്റിമറിച്ചു എന്നും DPCകൾ അതിന്‌ മൂകസാക്ഷികളായി എന്നുമാണ്‌. മുമ്മൂന്ന്‌ മാസം കൂടുമ്പോൾ നടക്കുന്ന പെർഫോമൻസ്‌ ഓഡിറ്റുകളിൽ ഇക്കാര്യം കാണാതെ നിർവാഹമില്ല. എന്നാൽ പെർഫോമൻസ്‌ ഓഡിറ്റുകളിലോ, ലോക്കൽ ഫണ്ട്‌ ഓഡിറ്റുകളിലോ ഈ ഗുരതരമായ തെറ്റ്‌ കണ്ടെത്തി തിരുത്തിയതായി കാണുന്നില്ല. ഒന്നോ രണ്ടോ വർഷം ഏതാനും പഞ്ചായത്തുകളിൽ മാത്രമുണ്ടായ വീഴ്‌ചയല്ല ഇത്‌. അത്യന്തം സംഘടിതമായി സമ്മർദങ്ങൾ പ്രയോഗിച്ച്‌ DPCകളെ നോക്കുകുത്തിയായി മാറ്റി നടത്തിയ അരാജകത്വമാണ്‌. സംസ്ഥാനത്തിന്റെ വികസന മുൻഗണനകളാണ്‌ ഇതിലൂടെ നഷ്‌ടപ്പെട്ടത്‌ എന്ന്‌ നാം തിരിച്ചറിയണം. നീണ്ട പത്ത്‌ വർഷക്കാലം ഇതെങ്ങനെ തുടർന്നു പോകാൻ കഴിഞ്ഞു എന്നത്‌ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്‌. പദ്ധതി നിർവഹണത്തിലെ മോണിട്ടറിങ്ങിന്റെ ദൗർബല്യമാണ്‌ ഇത്‌ എടുത്തുകാണിക്കുന്നത്‌. പഞ്ചായത്തുകളിലെ ധനമാനേജ്‌മെന്റ്‌ കാര്യക്ഷമമാക്കുന്നതിന്‌ അക്കൗണ്ടന്റ്‌മാരെ നിയമിക്കുകയും ആധുനിക അക്കൗണ്ടിങ്ങ്‌ രീതികളിലും അക്കൗണ്ടിങ്ങ്‌ സംബന്ധിച്ച്‌ സോഫ്‌റ്റ്‌വെയറുകളിലും പരിശീലനം നൽകുകയും ചെയ്‌തുവെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ്‌ പ്രാഥമിക വിലയിരുത്തലുകൾ കാണിക്കുന്നത്‌.

(10) വികേന്ദ്രീകരണവിരുദ്ധമായ സംസ്ഥാനതല ഇടപെടലുകൾ

ഒരുവശത്ത്‌ തദ്ദേശഭരണസ്ഥാപനങ്ങളുടെ അരാജകത്വ സമീപനങ്ങളെ വിമർശിക്കുമ്പോൾ മറുവശത്ത്‌ സംസ്ഥാനതലത്തിലുള്ള അതിനിയന്ത്രണങ്ങളും കാണാതിരുന്നുകൂടാ. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ അൺടൈഡ്‌ ഫണ്ടായി വൻതുക അനുവദിച്ചു എന്നതാണ്‌ കേരളത്തിലെ ധനപരമായ വികേന്ദ്രീകരണത്തിന്റെ പ്രധാനസവിശേഷത. എന്നാൽ ഒന്നരപതിറ്റാണ്ടുകാലത്തെ അനുഭവങ്ങൾ കാണിക്കുന്നത്‌ സംസ്ഥാനതലത്തിൽ നിന്നുള്ള നിയന്ത്രണ ചരടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌. നിശ്ചിത സ്‌കീമുകൾക്ക്‌ നിർബന്ധമായും പണം വകയിരുത്താനും അതുവഴി തദ്ദേശഭരണസ്ഥാപനങ്ങളുടെ ധനപരമായ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും ഇടയായിട്ടുണ്ട്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കു വിഹിതം നീക്കിവെക്കേണ്ടി വരുന്നതും ഇതിനു കാരണമാകുന്നുണ്ട്‌. എത്ര നല്ല ലക്ഷ്യം മുൻനിർത്തിയായാലും ഇത്‌ അധികാരവികേന്ദ്രീകരണത്തിന്റെ സത്തക്ക്‌ യോജിക്കുന്നതല്ല എന്ന്‌ പറയാതെ വയ്യ. അത്ഭുതകരമായ സംഗതി, ഇത്തരം സാഹചര്യങ്ങളോട്‌ തദ്ദേശഭരണസ്ഥാപനങ്ങളോ, അവയുടെ സംഘടനകളോ പ്രതികരിച്ചു കാണുന്നില്ല എന്നതാണ്‌.

(11) ഉദ്യോഗസ്ഥ പുനർവിന്യാസത്തിന്റെ അപര്യാപ്‌തത

അധികാര വികേന്ദ്രീകരണത്തിന്റെ പൊതുസമീപനം, അധികാരങ്ങളെ വികേന്ദ്രീകരിക്കുക, ആ അധികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ധനവിഭവങ്ങൾ നൽകുക, ഒപ്പം നിർവഹണത്തിനുള്ള ഉദ്യോഗസ്ഥരെയും നൽകുക എന്നതാണ്‌. ആദ്യത്തെ രണ്ട്‌ കാര്യങ്ങളിലും മാതൃക കാണിച്ച നമ്മുടെ സംസ്ഥാനം, പക്ഷേ, ഉദ്യോഗസ്ഥ പുനർവിന്യാസത്തിൽ ഇനിയും വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചിട്ടില്ല. നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൗതികാവസ്ഥയിൽ വന്നു കഴിഞ്ഞിട്ടുള്ള മാറ്റം വളരെ വലുതാണ്‌. അധികാരങ്ങളോടൊപ്പം നിരവധി പുതിയ ഉത്തരവാദിത്തങ്ങളും അവരിൽ വന്നു ചേർന്നിരിക്കുന്നു. വിവിധ പെൻഷനുകളുടെയും തൊഴിലില്ലായ്‌മ വേതനത്തിന്റെയും വിതരണം, NREGS, NRHM തുടങ്ങിയ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ആസൂത്രണ നിർവഹണ പ്രവർത്തനങ്ങൾ തുടങ്ങി വൻതോതിൽ മനുഷ്യാധ്വാനം ആവശ്യമുള്ള എത്രയോ പ്രവർത്തനങ്ങളാണ്‌ അവയുടെ ദൈനംദിന ഭരണനിർവഹണത്തിൽ വന്നു ചേർന്നിട്ടുള്ളത്‌. നടന്നിട്ടുള്ള ഉദ്യോഗസ്ഥ പുനർവിന്യാസം ആവശ്യമുള്ളതിന്റെ എത്രയോ ചെറിയ ഭാഗമാണെന്നതിന്‌ യാതൊരു സംശയവുമില്ല. ഇതിന്റെ ഭാരം താങ്ങാനാകാതെ ചില ഉദ്യോഗസ്ഥർ വകുപ്പ്‌ മാറിപ്പോകാനും ജോലി തന്നെ ഉപേക്ഷിച്ചു പോകാനും ശ്രമിക്കുന്നു എന്നത്‌ നിസ്സാരമായി കാണാവുന്നതല്ല. (ഉദാഹരണായി VEO മാരായി പുതിയ നിയമനം ലഭിച്ച്‌ പരിശീലനത്തിന്‌ വന്ന ഉദ്യോഗാർത്ഥികളിൽ പാതിപേരും പരിശീലനം പൂർത്തിയാക്കാതെ പോകുന്നത്‌ VEO വിന്റെ ജോലിഭാരം ഭയന്നാണത്രെ!)

(12) പിന്നോക്കം പോകുന്ന സുതാര്യത

അടുത്തു നിൽക്കുന്ന സർക്കാരിനാണ്‌ ഏറ്റവും സുതാര്യമാകാൻ സാധിക്കുക. അതുകൊണ്ടാണ്‌ തദ്ദേശഭരണസ്ഥാപനങ്ങൾ ജനബന്ധമുള്ള സ്ഥാപനങ്ങളായി മാറുന്നത്‌. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ നടപടികൾ നിയമനിർമ്മാണത്തിലൂടെയും ജനകീയാസൂത്രണ പ്രക്രിയയിലൂടെയും രൂപപ്പെടുകയുണ്ടായി തദ്ദേശഭരണ നിയമങ്ങളിലെ അറിയാനുള്ള അവകാശം സംബന്ധിച്ചും, പൗരാവകാശ രേഖയെ കുറിച്ചുമുള്ള അദ്ധ്യായങ്ങൾ ഇതിന്റെ ഭാഗമാണ്‌. ഗ്രാമസഭകളും വാർഡ്‌ സഭകളും സോഷ്യൽ ഓഡിറ്റിന്റെ കൂടി വേദികളായാണ്‌ നാം വിഭാവനം ചെയ്‌തത്‌. ഓരോ വികസന പ്രോജക്‌ടിന്റെയും നിർവഹണത്തിന്റെ ഭാഗമായി പ്രവൃത്തിവിശദാംശങ്ങൾ നിർവഹണസ്ഥലത്ത്‌ പ്രദർശിപ്പിക്കണമെന്ന്‌ വ്യവസ്ഥ ഉണ്ടായിരുന്നു. ജനകീയാസൂത്രണ വാർത്താബോർഡുകളും ചുവർ പത്രങ്ങളും ഗ്രാമസഭ അറിയിപ്പിനുള്ള സംവിധാനങ്ങളുമൊക്കെ അങ്ങനെ ഉണ്ടായിവന്നതാണ്‌. ഈ സംവിധാനങ്ങളൊന്നടങ്കം അതീവ ദുർബലമായി തീർന്നിരിക്കുന്നു. അവ പ്രവർത്തിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള സർക്കാർ സംവിധാനങ്ങളും ജനകീയ സംവിധാനങ്ങളും ഇക്കാര്യത്തിൽ ഒട്ടുമേ ശ്രദ്ധിക്കുന്നില്ല എന്നതും ഖേദകരമാണ്‌. നിർമാണപ്രവർത്തനങ്ങളിൽ വലിയ ഒരളവോളം ജനകീയ സംവിധാനത്തെ മാറ്റിനിറുത്തുന്നത്‌ അഴിമതി വ്യാപകമാകുന്നതിന്‌ കാരണമായി തീർന്നിട്ടുണ്ട്‌.

(13) ഇ-ഗവേണൻസിന്റെ ദൗർബല്യങ്ങൾ

ഇ-ഗവേണൻസിനുള്ള ഉപാധികൾ രൂപപ്പെടുത്തുന്നതിനായി IKM (Information Kerala Mission) എന്നൊരു സ്ഥാപനം തന്നെ രൂപീകരിച്ചു കൊണ്ട്‌ രാജ്യത്തിനാകെ മാതൃക കാട്ടിയിട്ടുണ്ട്‌ നമ്മുടെ സംസ്ഥാനം. IKM ന്റെ ചില ഉൽപ്പന്നങ്ങൾ ദേശീയ അന്തർദേശീയതലങ്ങളിൽ പോലും ശ്രദ്ധിക്കപ്പെടുകയും സമ്മാനിതമാകുകയും ചെയ്‌തിട്ടുണ്ട്‌. സേവന പ്രദാനത്തിന്റെ വേഗത വർധിപ്പിക്കുന്നതിനും അഴിമതി കുറയ്‌ക്കുന്നതിനും ഈ ഉപാധികൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. എന്നാൽ IKM ഇതിനകം തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി രൂപപ്പെടുത്തിയ 16 സോഫ്‌റ്റ്‌വെയർ അപ്ലിക്കേഷനുകൾ മുഴുവനും ഉപയോഗിക്കുന്ന ഏതെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങൾ കേരളത്തിലുണ്ടോ എന്ന്‌ സംശയമാണ്‌. കമ്പ്യൂട്ടറുകൾ ഇല്ലാത്തതോ പരിശീലനം നൽകാത്തതോ സോഫ്‌റ്റ്‌വെയറുകൾ ലഭിക്കാത്തതോ ഒന്നുമല്ല പ്രശ്‌നം (ഇവയൊക്കെ അപൂർവം ചിലയിടങ്ങളിൽ ഉണ്ടാകാം) തിരുവനന്തപുരത്തെ CDS നടത്തിയ ഒരു പഠനത്തിൽ വ്യക്തമാകുന്നത്‌ ഇ-ഗവേണൻസിന്‌ തുരങ്കം വയ്‌ക്കുന്നതിൽ നല്ലൊരു പങ്ക്‌, തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമാണെന്നാണ്‌. ഇ-ഗവേണൻസ്‌ ഫലപ്രദമായി നടപ്പാക്കിയാൽ അഴിമതി നടത്തുന്നതിനും അതിന്റെ ഭാഗമായി ബോധപൂർവമായ കാലതാമസം വരുത്തുന്നതിനും ക്രമം തെറ്റിച്ച്‌ കാര്യങ്ങൾ ചെയ്യുന്നതിനും മറ്റുമുള്ള സാധ്യത കുറയുന്നതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥ സമൂഹം ഇ-ഗവേണൻസിനെതിരായി നിൽക്കുമെന്നത്‌ വ്യക്തം. എന്നാൽ അങ്ങനെയല്ലാത്ത ഉദ്യോഗസ്ഥർ ഇത്‌ ഫലപ്രദമായി നടപ്പാക്കാനുള്ള വാശി കാണിക്കുന്നുണ്ടോ, അതും വേണ്ടത്ര കാണാനില്ല.


എന്തു ചെയ്യണം?

പ്രശ്‌നങ്ങളുടെ പട്ടിക ഇനിയും നീട്ടാം. പരിഹാരമെന്താണ്‌? ജനകീയാസൂത്രണ പ്രസ്ഥാനം രൂപം കൊണ്ടത്‌ വേറെ എവിടെയെങ്കിലുമുള്ള വാർപ്പ്‌ മാതൃകകളിൽ നിന്നല്ല, കേരളത്തിന്റെ സവിശേഷമായ സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നാണ്‌. അതുകൊണ്ടുതന്നെ അധികാര വികേന്ദ്രീകരണത്തിന്റെ സ്ഥാപനവൽക്കരണഘട്ടത്തിന്റെ ഒടുവിൽ എത്തി നിൽക്കുന്ന നാം, വർത്തമാനകാല പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വഴികൾ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി പരിഗണിക്കേണ്ട ചില കാര്യങ്ങളാണ്‌ ഇനി നമുക്ക്‌ ചർച്ച ചെയ്യാനുള്ളത്‌.

(1) രാഷ്‌ട്രീയ സാമൂഹ്യ തലങ്ങളിൽ നടക്കേണ്ട ചർച്ചകൾ

അധികാരവികേന്ദ്രീകരണം വളരെ പ്രധാനപ്പെട്ട ഒരു രാഷ്‌ട്രീയ പ്രക്രിയയാണ്‌. അതുകൊണ്ടുതന്നെ അതിന്റെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, ഭാവി പരിപാടികൾ രൂപപ്പെടുത്തുന്നതിനും വേണ്ട ചർച്ചകൾ ആദ്യം നടക്കേണ്ടത്‌ രാഷ്‌ട്രീയതലത്തിൽ തന്നെയാണ്‌. ജനപങ്കാളിത്തവും, സുതാര്യതയും ഉറപ്പാക്കുന്നതിന്‌ സാമൂഹിക-രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആത്മാർത്ഥമായ നിലപാടുകൾ അനിവാര്യമാണ്‌. പ്രാദേശിക ഭരണ സംവിധാനത്തിന്റെ സ്ഥാപനവൽക്കരണം ചിട്ടപ്പെടുത്തുന്നതിലും, ജനകീയ പ്രസ്ഥാനങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. ഇതിനുമുമ്പ്‌ ഈ രംഗത്ത്‌ നടന്ന പല ഉദ്യമങ്ങളും പരാജയപ്പെട്ടത്‌ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ സമവായമില്ലാത്തതിന്റെ ഫലമായിട്ടാണ്‌. ചർച്ചകളിലൂടെ ഉരുത്തിരിയുന്ന രാഷ്‌ട്രീയ സമവായത്തിന്റെ അടിസ്ഥാനത്തിൽ വേണം തുടർന്നുള്ള പരിപാടികൾ രൂപപ്പെടേണ്ടത്‌. നിയമങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ചും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക്‌ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ചും രാഷ്‌ട്രീയ പാർട്ടികൾക്ക്‌ വ്യക്തമായ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കണം.

(2) നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച മാറ്റങ്ങൾ

1994ലെ പഞ്ചായത്ത്‌-മുൻസിപ്പാലിറ്റി നിയമങ്ങൾ അഞ്ച്‌ വർഷത്തിനകം സമഗ്രമായി ഭേദഗതി ചെയ്യേണ്ടി വന്നു. പിന്നീട്‌ ചെറിയ ചെറിയ ഭേദഗതികൾ പലപ്പോഴായി നടത്തേണ്ടി വന്നിട്ടുണ്ട്‌. നിലവിലുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്‌ സമഗ്രമായ മറ്റൊരു ഭേദഗതി കൂടി ആവശ്യമായി വന്നിരിക്കുകയാണ്‌. ഉദാഹരണമായി തദ്ദേശഭരണസ്ഥാപനങ്ങൾ പദ്ധതികൾ രൂപപ്പെടുത്തണമെന്ന്‌ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെങ്കിലും അത്‌ എങ്ങനെ വേണമെന്ന്‌ വിശദമാക്കിയിട്ടില്ല. ആസൂത്രണ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ചട്ടങ്ങളും രൂപപ്പെടുത്താനായിട്ടില്ല. പഞ്ചായത്ത്‌ മുൻസിപ്പാലിറ്റി നിയമങ്ങളോടൊപ്പം തന്നെ അവയുമായി ബന്ധപ്പെട്ട 35 അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യുകയുണ്ടായി. ഇതുപോലെ ഇനിയും ഭേദഗതികളാവശ്യമുള്ള നിയമങ്ങളുണ്ട്‌. അവയും സമയബന്ധിതമായി പൂർത്തിയാക്കണം.

(3) ഉദ്യോഗസ്ഥതലത്തിലെ ഏകോപനവും ഭരണനിയന്ത്രണവും

കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ഏകോപനവും ഭരണനിയന്ത്രണവുമാണ്‌ ഏറെ ഫലപ്രദമാകേണ്ട ഒരുമേഖല. ഇതിന്‌ പ്രധാനതടസ്സമായി നിൽക്കുന്നത്‌ പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ അഭാവമാണ്‌. പ്രസിഡണ്ട്‌മാർക്കും സെക്രട്ടറിമാർക്കും ഇന്ന്‌ നൽകി വരുന്ന പരിശീലനങ്ങൾക്കു പുറമെ ഫലപ്രദമായ മാനേജ്‌മെന്റ്‌ പരിശീലനങ്ങളും നൽകേണ്ടിയിരിക്കുന്നു.

(4) അധികാരഘടനയിൽ മാറ്റങ്ങൾ അനിവാര്യം

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ 1994 -ൽ നിശ്ചയിച്ച അധികാരഘടന 1999-ൽ പുനരാവിഷ്‌കരിക്കുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മാറ്റം. അതുകഴിഞ്ഞ്‌ 10 വർഷങ്ങൾ കടന്നു പോയി. ഈ കാലയളവിൽ പഞ്ചായത്തുകളുടെ ശേഷി പലമേഖലകളിലും വർധിച്ചിട്ടുണ്ട്‌. ഭരണപരമായ ഉത്തരവാദിത്വങ്ങൾ കൂടിയിട്ടുണ്ട്‌. ഇവയെല്ലാം പരിഗണിച്ചു കൊണ്ട്‌ കൂടുതലായി നൽകേണ്ട അധികാരങ്ങളെക്കുറിച്ച്‌, അല്ലെങ്കിൽ അധികാരഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച്‌ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

(5) ഗ്രാമസഭ കൂടുതൽ സജീവമായേ പറ്റൂ

അധികാര വികേന്ദ്രീകരണത്തിന്റെ ജീവനാണ്‌ ഭരണ പ്രക്രിയയിലെ ജനപങ്കാളിത്തം. ഇത്‌ ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന വേദിയാണ്‌ ഗ്രാമസഭകളും വാർഡ്‌ സഭകളും. അവയ്‌ക്ക്‌ ഇന്നുള്ള അധികാരങ്ങളും ഉത്തരവാദിത്തങ്ങളും മറ്റു സംസ്ഥാനങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മെച്ചമാണെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അവയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്‌. നൽകിയ അധികാരങ്ങളുമായി ബന്ധപ്പെട്ട്‌ പ്രാദേശിക നിയമനിർമാണമടക്കമുള്ള അധികാരങ്ങൾ ഗ്രാമസഭയ്‌ക്ക്‌ നൽകാവുന്നതാണ്‌ (ബൈലോകളുണ്ടാക്കാൻ ഇപ്പോൾതന്നെ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക്‌ അധികാരമുണ്ടെന്ന്‌ ഓർക്കുക). വ്യക്തിഗത ഗുണഭോക്താക്കൾക്കുപരിയായി എല്ലാ പൗരന്മാരും പങ്കെടുക്കുന്ന വേദിയായി ഗ്രാമസഭ മാറണമെങ്കിൽ സാമൂഹ്യതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള അജണ്ടകൾക്കും ചർച്ചകൾക്കും കൂടുതൽ ഊന്നൽ നൽകിയേ പറ്റൂ.

(6) ആസൂത്രണരീതി ലളിതമാക്കണം, ശക്തിപ്പെടുത്തണം

നേരത്തെ സൂചിപ്പിച്ചതു പോലെ വളരെയേറെ സമയം അപഹരിക്കുന്നതും അതിസങ്കീർണവുമാണ്‌ നമ്മുടെ ആസൂത്രണ പ്രക്രിയ. ഇത്‌ കഴിയുന്നത്ര ലളിതമാക്കാൻ സാധിക്കണം. വർഷം തോറും ഗൈഡ്‌ ലൈൻ ഇറക്കേണ്ട സ്ഥിതി ഒഴിവാക്കണം. ഡിസംബർ മാസത്തിനു ശേഷം ആസൂത്രണ പ്രക്രിയക്ക്‌ തടസ്സമാകുന്ന വിധത്തിൽ ഒരു സർക്കാർ ഉത്തരവും ഇറങ്ങുകയില്ല എന്ന്‌ ഉറപ്പു വരുത്തണം (2010ലെ ആസൂത്രണ പ്രവർത്തനങ്ങൾ ഏതാണ്ടു പൂർത്തിയായ ഘട്ടത്തിൽ പൊതുമരാമത്ത്‌ വകുപ്പ്‌ നിരക്കുകൾ മാറ്റി നിശ്ചയിച്ചതിന്റെ ഫലമായി പദ്ധതി രൂപീകരണത്തിലുണ്ടായ കാലതാമസം ഓർമിക്കുക). പദ്ധതി ആസൂത്രണ ചട്ടങ്ങൾ എത്രയും വേഗത്തിൽ തയ്യാറാക്കുകയും വേണം. സാമ്പത്തികവർഷാരംഭത്തിനു മുമ്പ്‌ വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങിക്കുക എന്നത്‌ ബഡ്‌ജറ്റ്‌ രൂപീകരണം പോലെതന്നെ നിയമപരമായി നിർബന്ധ വ്യവസ്ഥയാക്കണം. മാസ്റ്റർ പ്ലാനും പഞ്ചവൽസരപദ്ധതിയും തയ്യാറാക്കുന്നതും നിർബന്ധ വ്യവസ്ഥയാകണം. ആസൂത്രണത്തിൽ പ്രൊഫഷണലിസം വർധിപ്പിച്ചേ പറ്റൂ. ഇത്‌ നടക്കണമെങ്കിൽ ഇന്നത്തെ വർക്കിങ്ങ്‌ ഗ്രൂപ്പ്‌ സംവിധാനം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്‌. സാങ്കേതിക ഉപദേശക സമിതി(TAG)കൾക്ക്‌ പ്രോജക്‌റ്റ്‌/പദ്ധതി പരിശോധനയ്‌ക്ക്‌ കൂടുതൽ സമയം ലഭിക്കേണ്ടതുണ്ട്‌. വിദഗ്‌ധന്മാരുടെ സേവനം ഇന്നത്തെക്കാൾ കൂടുതൽ ലഭ്യമായാലേ പദ്ധതി പരിശോധനയും അംഗീകാരവും ഫലപ്രദമാകൂ. കാലമിത്രയായിട്ടും ആവശ്യാധിഷ്‌ഠിത ആസൂത്രണത്തിന്റെ സങ്കേതങ്ങളിൽ നിന്ന്‌ നാം ഒട്ടും മുന്നോട്ടു പോയിട്ടില്ല. വിഭവാധിഷ്‌ഠിത ആസൂത്രണം (Resource Based Planning), സ്ഥലീയാസൂത്രണം (Spatial Planning)എന്നീ സങ്കേതങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട്‌ നമ്മുടെ ആസൂത്രണരീതിയെ പുതുക്കി പണിയുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

(7) പദ്ധതിനിർവഹണത്തിലെ ജനകീയത തിരിച്ചുകൊണ്ടുവരണം

ആസൂത്രണത്തിലും, നിർവഹണത്തിലും, മോണിട്ടറിങ്ങിലും എല്ലാം ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതായിരുന്നു നമ്മുടെ അധികാരവികേന്ദ്രീകരണത്തിലെ ഒരു പ്രത്യേകത. എന്നാൽ സ്ഥാപനവൽക്കരണത്തിന്റെ ഘട്ടമെത്തിയതോടെ നിർവഹണത്തിലെ ജനപങ്കാളിത്ത സാധ്യത ഗണ്യമായി കുറഞ്ഞു. ഇതിന്റെ കൂടി ഫലമായി ജനകീയ തലത്തിലുള്ള മോണിട്ടറിങ്ങ്‌, സോഷ്യൽഓഡിറ്റ്‌ പ്രവർത്തനങ്ങളും ദുർബലമായി. ഇത്‌ പരിഹരിക്കാൻ പദ്ധതിനിർവഹണത്തിലെ ജനപങ്കാളിത്ത സംവിധാനത്തെ തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു.

(8) ഇ- ഗവേണൻസ്‌ സമയബന്ധിതമായി നടപ്പാക്കുക

പ്രാദേശിക ഭരണത്തിൽ ഇന്ന്‌ നേരിടുന്ന കെടുകാര്യസ്ഥതയും അഴിമതിയും നല്ലൊരളവോളം പരിഹരിക്കാൻ ഇ-ഗവേണൻസ്‌ സഹായിക്കും. IKM പ്രാദേശിക ഭരണസ്ഥാപനങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള മുഴുവൻ സോഫ്‌റ്റ്‌വെയർ അപ്ലിക്കേഷനുകളും തദ്ദേശഭരണസ്ഥാപനങ്ങളിലെല്ലാം തന്നെ ആറ്‌ മാസങ്ങൾക്കകം പ്രവർത്തനക്ഷമമാക്കുകയും ഇതിനാവശ്യമായ സാങ്കേതിക വിദഗ്‌ധരെ ഓരോ തദ്ദേശഭരണസ്ഥാപനത്തിലും നിയമിക്കുകയും ചെയ്യേണ്ടത്‌ അടിയന്തിര പ്രാധാന്യമുള്ള വിഷയമായി കണ്ടേ പറ്റൂ.

(9) പെർഫോമൻസ്‌ ഓഡിറ്റ്‌ കാര്യക്ഷമമാക്കണം

ഇന്നുനടക്കുന്ന രീതിയിലുള്ള പെർഫോമൻസ്‌ ഓഡിറ്റു കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. പെർഫോമൻസ്‌ ഓഡിറ്റിലെ നിർദേശങ്ങൾ നടപ്പാക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്തുകയും നടപ്പാക്കിയില്ലെങ്കിൽ ശിക്ഷണ നടപടികൾ സ്വീകരിക്കുകയും ചെയ്‌തേ പറ്റൂ.

ജനപ്രതിനിധികൾക്ക്‌ നിർണായകമായ പങ്ക്‌

മേൽവിവരിച്ച വിധത്തിലുള്ള ഒട്ടേറെ നിർദേശങ്ങൾ ഇനിയും മുന്നോട്ടു വയ്‌ക്കാൻ കഴിയും. ഇത്തരം കാര്യങ്ങളെകുറിച്ച്‌ ഗൗരവമായി ആലോചിക്കുന്നതിന്‌ ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ വിപുലമായ ചർച്ചകൾ നടക്കുന്നത്‌ അഭികാമ്യമാണ്‌.

തെരഞ്ഞെടുപ്പിലൂടെ പുതുതായി ഭരണരംഗത്തുവരുന്ന ജനപ്രതിനിധികളുടെ ഉള്ളിൽ ഉയർന്നുവരാവുന്ന പ്രധാനചോദ്യം എനിക്കെങ്ങനെ എന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ സാധിക്കും എന്നതായിരിക്കണം. നേരത്തെ ചർച്ച ചെയ്‌ത പലകാര്യങ്ങളും രാഷ്‌ട്രീയ പാർട്ടികളുടെ തലത്തിലും സംസ്ഥാനസർക്കാരിന്റെ ഭരണതലത്തിലും ചർച്ച ചെയ്‌ത്‌ പരിഹാരം കാണേണ്ടവയാണ്‌. ജനപ്രതിനിധികൾക്ക്‌ അവർ പ്രവർത്തിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിൽ ഇത്തരം ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിന്‌ വലിയ സാധ്യതകളുണ്ട്‌. അതിലുപരിയായി ഏതു ജനപ്രതിനിധിക്കും ഇടപെടാൻ കഴിയുന്ന ചില മേഖലകളുണ്ട്‌. അവ എന്തെന്ന്‌ തിരിച്ചറിയുകയും ഇടപെടുകയും ചെയ്യുകയായിരിക്കണം അവരുടെ ലക്ഷ്യം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കാം.

(1) തന്റെ പ്രവർത്തനമണ്‌ഡലം തന്റെ വാർഡ്‌ മാത്രമല്ലെന്നും, തന്റെ പഞ്ചായത്ത്‌/മുൻസിപ്പാലിറ്റി മൊത്തമാണെന്നും ഉൾക്കൊള്ളുക.

(2) സ്വന്തം തദ്ദേശഭരണസ്ഥാപനത്തെക്കുറിച്ച്‌ സാധ്യമായത്ര അറിവ്‌ നേടാൻ ശ്രമിക്കുക. വികസനരേഖ, വിഭവഭൂപടം തുടങ്ങി ലഭ്യമാകുന്ന എല്ലാ ആധികാരിക രേഖകളും വായിച്ച്‌ പഠിക്കാൻ ശ്രമിക്കുക

(3) സ്വന്തം പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ജനപ്രകൃതിയും നന്നായി മനസ്സിലാക്കുക.

(4) വിവിധ വികസനമേഖലകളുടെ വർത്തമാനകാല അവസ്ഥയും, പ്രശ്‌നങ്ങളും വ്യക്തമായി മനസ്സിലാക്കുക. ഇക്കാര്യത്തിൽ തന്റെ മുൻവിധികൾ മാറ്റിവച്ച്‌ പ്രതിപക്ഷത്തുള്ള പ്രവർത്തകർ അടക്കം ബന്ധപ്പെട്ടവരുമായി തുറന്ന ചർച്ചകൾ നടത്താൻ ശ്രമിക്കുക.

(5) വികസന പ്രശ്‌നങ്ങളെക്കുറിച്ചും, പരിഹാരങ്ങളെക്കുറിച്ചും അവ നടപ്പാക്കുന്നതിനെക്കുറിച്ചും നിരന്തരമായ ചർച്ചകൾ നടത്തുന്നതിന്‌ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു ചെറു ഗ്രൂപ്പിനെ രൂപപ്പെടുത്തുകയും അവരുമായി നിരന്തരം സംവദിക്കുകയും ചെയ്യുക. അതിലൂടെ പ്രാദേശികവികസനത്തിൽ തന്റെ റോൾ കൃത്യമായി തിരിച്ചറിയുക.

(6) മറ്റു പ്രദേശങ്ങളിൽ നടക്കുന്ന മാതൃകാപരമായ നൂതന പ്രവർത്തനങ്ങൾ നേരിൽ കണ്ട്‌ പഠിക്കാൻ ശ്രമിക്കുക.

(7) സർക്കാരോ, മറ്റ്‌ ഏജൻസികളോ നടത്തുന്ന പരിശീലനങ്ങളിൽ കഴിയുന്നത്ര പങ്കെടുക്കുവാനും അതിലൂടെ ലഭിക്കുന്ന പുതുവിവരങ്ങൾ പ്രാവർത്തികമാക്കാനും നിരന്തരമായി ശ്രമിക്കുക.

(8) അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ കൃത്യമായ ചില ലക്ഷ്യങ്ങൾ നിർണയിച്ച്‌, ഗ്രാമസഭാ ചർച്ചയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനുള്ള പരിപാടികൾ തയ്യാറാക്കുക. ഇതിൽ നിന്നു വേണം പ്രോജക്‌റ്റ്‌ ആശയങ്ങൾ രൂപം കൊള്ളാൻ. വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ശുചിത്വം, പരിസരസംരക്ഷണം എന്നീ കാര്യങ്ങൾക്ക്‌ മുൻഗണന നൽകാവുന്നതാണ്‌.

(9) പരമ്പരാഗത വികസന പ്രോജക്‌റ്റുകളുടെ വഴിയിൽ നിന്നുമാറി നൂതനമായ ആശയങ്ങൾക്കായി നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുക.

(10) കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രായോഗികജ്ഞാനം നേടുക.

(11) തന്റെ ഭരണകാലത്ത്‌ നിരന്തരമായി പിന്തുടരേണ്ട ഏതെങ്കിലും ഒരു പ്രവർത്തനമേഖലയെങ്കിലും കണ്ടെത്തി, ആ രംഗത്ത്‌ പുതുപരീക്ഷണങ്ങൾ നടത്താൻ ശ്രമിക്കുക.

(12) തദ്ദേശഭരണസ്ഥാപനം ജനങ്ങളെ സംഘടിപ്പിക്കുന്നതിനും അവരെ ഭരണത്തിൽ പങ്കാളികളാക്കുന്നതിനും, സഹായിക്കേണ്ട ഉപാധിയാണെന്നും പരമാധികാരം ജനങ്ങൾക്കാണെന്നും ഓരോ പ്രവർത്തനത്തിനിറങ്ങുമ്പോഴും സ്വയം ഓർമിപ്പിക്കുക.

(13) വിവരങ്ങളെയും സ്ഥിതിവിവരക്കണക്കുകളെയും ബഹുമാനിക്കുകയും അവയെ വിശകലനം ചെയ്‌ത്‌ നിഗമനങ്ങളിലെത്തിച്ചേരുന്ന രീതി സ്വായത്തമാക്കുകയും ചെയ്യുക.

(14) ഭരണസമിതിയുടെ ടീം വർക്കിന്‌ തന്റേതായ സംഭാവനകൾ നൽകുകയും അതിന്റെ ഭാഗമായുള്ള ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്യുക.

(15) അയൽക്കൂട്ടങ്ങളെയും ഗ്രാമസഭയെയും ബന്ധിപ്പിച്ചുകൊണ്ട്‌ തന്റെ പ്രദേശത്തെ ജനകീയ സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അവരിൽ വികസനരാഷ്‌ട്രീയ ബോധം വർധിപ്പിക്കുന്നതിനും ശ്രദ്ധിക്കുക.

(16) തന്നെപ്പോലുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടപ്പാക്കിയ നിരവധി പ്രാദേശിക വികസനമാതൃകകളാണ്‌ ജനകീയാസൂത്രണത്തിന്റെ ഉള്ളടക്കമായി മാറിയതെന്ന്‌ തിരിച്ചറിയുകയും അധികാരവികേന്ദ്രീകരണത്തിന്റെ വികാസത്തിനായി എന്തൊക്കെ പുതുമാതൃകകൾ രൂപപ്പെടുത്താനാകുമെന്ന്‌ ചിന്തിക്കുകയും ചെയ്യുക.

പുതുതായി രംഗത്തുവരുന്ന ആയിരക്കണക്കിന്‌ വനിതാ ജനപ്രതിനിധികൾക്ക്‌ അവരുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനുള്ള സർവ പിന്തുണയും കേരള സമൂഹം നൽകേണ്ടതുണ്ട്‌. അവർക്ക്‌ കൂടുതൽ പ്രവർത്തനാവസരങ്ങൾ നൽകുക, ഭരണസമിതിയോഗങ്ങളിലും സംഘടനായോഗങ്ങളിലും നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുക, ഗാർഹിക ജോലികളിൽ നിന്നും കഴിയുന്നത്ര സമയം വിമുക്തരാക്കുക, അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ അർഹമായ അംഗീകാരം നൽകുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇതിലേക്കായി പരിഗണിക്കേണ്ടതാണ്‌. ഇക്കാര്യത്തിലും ഒരു കേരളമാതൃക രൂപപ്പെടുത്താൻ നാം ബോധപൂർവം ശ്രമിക്കേണ്ടിയിരിക്കുന്നു.