കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്നങ്ങളും കടമകളും
കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്നങ്ങളും കടമകളും | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | മെയ്, 1994 |
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.
വിദ്യാഭ്യാസരംഗത്തെ ദിശാമാറ്റം
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വിവാദപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ഗവൺമെൻറ് -എയിഡഡ് മേഖലകളിലുള്ള നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിരിക്കുന്നു. പാഠപുസ്തകങ്ങളുടെ വില വർധിപ്പിക്കാൻ പോകുന്നു. കോളേജുകളിലെ ഫീസ് അഞ്ചിരട്ടിയായി വർധിപ്പിക്കാൻ ഐ.യു.സി.സി. (ഇന്റർ യൂണിവേഴ്സിറ്റി കോ ഓർഡിനേഷൻ കൗൺസിൽ) ശുപാർശ ചെയ്തിട്ടുണ്ട്. എൻജിനീയറിങ് മേഖലയിൽ പുതിയ സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ട്. കേരളത്തിലെ പോളിടെക്നിക്കുകൾ എൻജിനീയറിങ് കോളേജുകളായും ടെക്നിക്കൽ ഹൈസ്കൂളുകൾ പോളിടെക്നിക്കുകളായും മാറ്റാൻ നീക്കം നടക്കുന്നു. ഒരു സംസ്കൃത സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഉത്തര മലബാർ സർവകലാശാലയുടെ ടാസ്ക് ഫോഴ്സിനും രൂപം നൽകിക്കഴിഞ്ഞു. ഈ മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റം വരുത്തുമെന്നാണ് ഗവൺമെന്റും ഗവൺമെന്റ് തല വിദ്യാഭ്യാസ വിദഗ്ധരും ഒരുപോലെ അവകാശപ്പെടുന്നത്. വികസിത രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മാതൃകകളുടെ വിജയത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തിലും മാറ്റം വരേണ്ടതുണ്ടെന്നും പഴയ വിദ്യാഭ്യാസ മാതൃകകൾ കാലഹരണപ്പെട്ടുവെന്നും വാദിക്കപ്പെടുന്നു. വർധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ് ഗവൺമെന്റിന് താങ്ങാനാവില്ല. സേവന മേഖല മുഴുവൻ വ്യവസായവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസമേഖലയെ മാതം ഒഴിവാക്കാൻ സാധ്യമല്ല. ഈ വാദങ്ങളുടെ സാധുതയും ദിശാമാറ്റത്തിന്റെ ആശാസ്യതയും വിലയിരുത്തേണ്ടത് കേരളത്തിലെ വിദ്യാഭ്യാസം ഇന്നുനേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തിയാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധി
പൊതുവിദ്യാഭ്യാസരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിലെ എല്ലാ കുട്ടികൾക്കും 1-2 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുണ്ട്. ഏതാനും ട്രൈബൽ പ്രദേശങ്ങളാണ് ഇതിനപവാദം. വിദ്യാഭ്യാസം സൗജന്യമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എങ്കിലും, നമ്മുടെ വിദ്യാഭ്യാസം ഗൗരവമേറിയ പ്രശ്നങ്ങളെ നേരിടുന്നു. a, കേരളത്തിലെ ജനസംഖ്യയുടെ വർധനനിരക്ക് അതിവേഗത്തിൽ കുറയുകയാണ്. 1971-81-ലെ വർധനനിരക്ക് 19.24 ആയിരുന്നെങ്കിൽ 1981-91-ൽ 13.98 ആണ്. ഇത് '90 കളിൽ അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്നു. ജനനനിരക്ക് 18 ആയിക്കുറഞ്ഞിരിക്കുന്നു. അത് മലപ്പുറം ജില്ലയിൽ മാത്രം 26-ഉം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 14-ഉം ആണ്. ജനനനിരക്ക് കുറയുന്നതിന്റെ ഫലമായി സ്കൂളുകളിലെ പ്രവേശനത്തിന്റെ തോതും അതിവേഗത്തിൽ താഴുകയാണ്. എഴുപതുകളുടെ ആദ്യം 1-ാം ക്ലാസിലെ മൊത്തം പ്രവേശനം 6.75 ലക്ഷമായിരുന്നത് 1987-ൽ 6 ലക്ഷമായി കുറഞ്ഞു. തൊണ്ണൂറുകളിൽ ആറു ലക്ഷത്തിൽ താഴെയാണ്. ഇന്നത്തെ പ്രവണത തുടരുകയാണെങ്കിൽ 2000-ാമാണ്ടോടെ സ്കൂളുകളിലെ പ്രവേശനം 5 ലക്ഷമാകാനും പിന്നീട് അതിൽ താഴെ പോകാനും സാധ്യതയുണ്ട്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മാറ്റമാണിത്. b. കേരളത്തിലെ അംഗീകത (ഗവൺമെൻറ് -എയിഡഡ്) സ്കൂളുകളുടെ എണ്ണം 12000-ത്തിൽപരമാണ്. ഇവയിൽ 1960 കളിൽനിന്ന് ഈ മേഖലയിലുള്ള പ്രൈമറി സ്കൂളുകളുടെ വളർച്ചാനിരക്കുകൾ 2 ശതമാനം മാത്രമാണ്. എന്നാൽ ഹൈസ്കൂളുകൾ ഏതാണ്ട് രണ്ടിരട്ടിയായി വർധിച്ചിട്ടുണ്ട്. അതേ സമയം എൺപതുകൾ മുതൽ അംഗീകൃതമല്ലാത്ത പൈമറി സ്കൂളുകൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്. ഒരുവശത്ത് ജനനനിരക്ക് കുറയുകയും മറുവശത്ത് അംഗീകൃതമല്ലാത്ത പ്രൈമറി സ്കൂളുകൾ വളർന്നുവരികയും ചെയ്യുന്നത് പല പ്രദേശങ്ങളിലെയും അംഗീകത സ്കൂളുകളുടെ നിലനില്പിനെ ബാധിക്കുന്നു. c. പൊതുവിദ്യാഭ്യാസ രംഗത്ത് സാധാരണമായി ഉയർത്തപ്പെടുന്ന പ്രശ്നം ഗുണമേൻമയുടെതാണ്. സ്കൂൾ പ്രവേശനത്തിലും കൊഴിഞ്ഞുപോക്കു തടയുന്നതിലും കേരളം മുന്നിലാണെങ്കിലും ഗുണപരമായ നേട്ടങ്ങളുടെ മേഖലയിൽ കേരളത്തിന് 15-16 സ്ഥാനമാണുള്ളത്. പൊതു വിദ്യാഭ്യാസത്തിലെ ഗുണമേൻമയുടെ തകർച്ചയാണ് അംഗീകൃതമല്ലാത്ത സ്കൂളുകളിൽ പ്രവേശനം തേടാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന തെന്ന വാദവും ശക്തമാണ്. വിദ്യാലയങ്ങളിലെ നിരക്ഷരതയെക്കുറിച്ച് വിവിധ ജില്ലകളിൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ഗുണനിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു. പ്രൈമറി വിദ്യാർഥികളിൽ മൂന്നിലൊന്നോളം അക്ഷരജ്ഞാനമില്ലാത്തവരാണെന്നാണ് പഠനങ്ങൾ സൂചിപ്പിച്ചത്. മലപ്പുറം ജില്ലയിൽ ഡയറ്റ് നടത്തിയ പഠനം കാണിച്ചത് 46 ശതമാനം കുട്ടികൾ എൻ.സി.ഇ.ആർ.ടി നിർദേശിച്ച മിനിമം പഠനനിലവാരം (MLL- Minimum Levels of Learning) ഇല്ലാത്തവരാണെന്നാണ്. d. തൊഴിൽ സാധ്യതയുമായുള്ള ബന്ധമാണ് ഗുണമേൻമയുടെ മറ്റൊരു സൂചിക. തൊഴിലില്ലായ്മ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. തൊഴിലില്ലാത്തവരിൽ ഭൂരിഭാഗവും എസ്.എസ്.എൽ.സിയും പ്രീഡിഗ്രിയും മാത്രം വിദ്യാഭ്യാസമുള്ളവരുടെ ഇടയിലാണ്. അവരിൽ പകുതിയിലധികം പെൺകുട്ടികളാണ്. ഇവരിൽ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ എണ്ണം താരതമ്യേന ചുരുക്കമാണ്. പിന്നീട് വിദഗ്ധ തൊഴിൽ പരിശീലനം നേടുവാൻ ഇന്നത്തെ കുടുംബസാമൂഹ്യസാഹചര്യങ്ങൾ പെൺകുട്ടികളിൽ ഭൂരിഭാഗത്തെയും അനുവദിക്കാറില്ല. എന്നാൽ 10-12 വർഷത്തെ വിദ്യാഭ്യാസംകൊണ്ട് തൊഴിൽ ചെയ്യുന്നതിനും നേടുന്നതിനുമുള്ള സാമാന്യജ്ഞാനവും തൊഴിൽ പരിശീലനവും ഇന്നത്തെ പൊതുവിദ്യാഭ്യാസം കൊണ്ടു ലഭിക്കുന്നില്ല. ഈ പരാധീനതമൂലം പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത അവിദഗ്ധ തൊഴിൽ സേന കേരളത്തിൽ വളർന്നുവരുന്നു. ഇവരിൽ ഭൂരിപക്ഷം പെൺകുട്ടികളാണ്. e. രക്ഷിതാക്കളുടെ ആഗ്രഹങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ഥിരസ്വഭാവവും തൊഴിൽ ഭദ്രതയുമുള്ള മധ്യവർഗ തൊഴിലുകളോടാണ് രക്ഷിതാക്കൾക്ക് താൽപര്യം, കേരളത്തിലെ കാർഷികരംഗത്തിന്റെ തകർച്ചയും വ്യവസായരംഗത്തെ മുരടിപ്പും മൂലം ആ മേഖലകളിൽ സ്ഥിരസ്വഭാവമുള്ള തൊഴിലുകൾ കുറവാണ്. കൃഷിയും കാർഷികാനുബന്ധമേഖലകളും ചില പ്രത്യേകകാലഘട്ടങ്ങളിലാണ് തൊഴിൽ നൽകുന്നത്. ഇവയെക്കാൾ പദവിയും ഭദതയും മധ്യവർഗത്തൊഴിലുകൾക്കാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അത്തരം തൊഴിലുകളിൽ പ്രവേശിക്കുക എന്നതാണ്. വ്യത്യസ്ത തലങ്ങളിലുള്ള കുട്ടികൾ പഠിക്കുന്ന, "സമരവും ബഹളവുമുള്ള' സ്കൂളുകളിൽ പഠിപ്പിക്കുന്നതിനേക്കാൾ പണത്തിന്റെയോ കഴിവിന്റെയോ മാനദണ്ഡമുപയോഗിച്ച് അരിച്ചുപെറുക്കി പ്രവേശനം നൽകുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ വിടാനുള്ള പ്രേരണയും ഇതാണ്. സൗജന്യ വിദ്യാഭ്യാസവും പൊതു വിദ്യാലയങ്ങളും ആധാരമാക്കുന്ന സമത്വത്തിന്റെയും തുല്യാവകാശങ്ങളുടെയും സങ്കല്പം ഇവിടെ ബാധകമല്ല. ഉയർന്ന തൊഴിലുകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അതിന് എത്രവേണമെങ്കിലും ചെലവു ചെയ്യാനും തയ്യാറുള്ള മധ്യവർഗം ഇപ്പോൾ കേരളത്തിലുണ്ട്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെക്കാൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മുതലായ മറ്റു പരീക്ഷകളാണ് നല്ലതെന്ന ധാരണയും വ്യാപകമാണ്. f. പൊതുവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും ഇന്ന് അതിൻറ വളർച്ചയ്ക്കള്ള വിലങ്ങുതടികളായി മാറിയിരിക്കുന്നു. 1958-ലെ വിദ്യാഭ്യാസ ബില്ലും 1960-ലെ വിദ്യാഭ്യാസ നിയമവുമുണ്ടായതിനുശേഷം കേരളത്തിൽ സമഗ്രമായ വിദ്യാഭ്യാസപരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ല. പിന്നീട് വിദ്യാഭ്യാസരംഗത്തുവന്ന മാറ്റങ്ങൾ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലും സൗജന്യവിദ്യാഭ്യാസം, കൊഴിഞ്ഞുപോക്കുതടയൽ മുതലായവയിലുമാണ് കേന്ദ്രീകരിച്ചത്. 1964-ൽ എൻ.സി.ഇ.ആർ.ടിയുടെ സ്ഥാപനത്തിനോടൊപ്പം ഉണ്ടായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനും, എൻ.സി.ഇ.ആർ.ടിയുടെ നിർദേശമനുസരിച്ചും ഭൗതിക സാഹചര്യങ്ങളുടെ സമ്മർദം മൂലവുമുണ്ടായ സിലബസ് പരിഷ്കാരങ്ങളും മാത്രമാണ് ഉള്ളടക്കത്തിലെ മാറ്റങ്ങളിൽ കേന്ദ്രീകരിച്ചത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ദയനീയസ്ഥിതി ഈ രംഗത്തെ ജീർണതയുടെയും ഉൾക്കാഴ്ചയില്ലായ്മയുടെയും തെളിവാണ്. സ്കൂൾ പ്രവേശനം ഏതാണ്ട് പൂർണമാവുകയും കൊഴിഞ്ഞുപോക്ക് തടയുകയും ചെയ്ത സാഹചര്യങ്ങളിൽ ഉള്ളടക്കത്തിലും ശിക്ഷണത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാകേണ്ടതാണെന്ന ബോധം വളർന്നുവന്നില്ല. സമൂഹത്തിലെ മേലാളർക്കും കീഴാളർക്കും ഒരുപോലെ വിദ്യാഭ്യാസം നൽകുന്ന പദ്ധതി ആസൂത്രണം ചെയ്യുമ്പോൾ സ്കൂളുകളുടെ ഘടനയും ഉള്ളടക്കവും വ്യത്യസ്തമായിരിക്കണമെന്ന ധാരണയുണ്ടാക്കാനും എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ ഉയർന്ന അക്കാദമികവും സാങ്കേതികവുമായ കഴിവുകൾ സ്ഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ നടത്താനും ശ്രമിച്ചില്ല. മധ്യവർഗത്തൊഴിലുകളെ കേന്ദ്രീകരിച്ചുള്ള ബോധന രൂപങ്ങളും മൂല്യനിർണയ രീതികളും വിദ്യാഭ്യാസരംഗത്തെ അസമത്വം വളർത്താൻ മാത്രമാണ് സഹായിച്ചത്. g. ഭൗതിക സാഹചര്യങ്ങൾ വളർത്തുന്നതിലും ഈ ഉൾക്കാഴ്ചയില്ലായ്മ പ്രകടമാണ്. സ്കൂളുകളുടെ ഘടനയെപ്പറ്റിയുള്ള നിയമങ്ങൾ 1960-ൽ ഉണ്ടായതിനുശേഷം മാറ്റങ്ങളുണ്ടായിട്ടില്ല. പിന്നീടുയർന്നുവന്ന സ്കൂളുകളിലും സ്കൂൾ പ്രവേശനത്തിനുണ്ടായ തിരക്കിന്റെ സാഹചര്യങ്ങളിലും ഈ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുമില്ല. സ്കൂളുകളിലെ ബോധനം അധ്യാപക കേന്ദ്രീകൃതമായതുകൊണ്ട് മുതൽമുടക്കിൽ 90 ശതമാനവും അധ്യാപകരുടെ ശമ്പളമായാണ് ചെലവഴിക്കപ്പെട്ടത്. സ്കൂളുകളിലെ കെട്ടിടങ്ങൾക്കും, ഭൗതിക സൗകര്യങ്ങൾക്കും പഠന സാമഗ്രികൾക്കും വകയിരുത്തപ്പെട്ട പണം ആപേക്ഷികമായി കുറയുകയാണ് ചെയ്തത്. ഇതിന്റെ ഫലമായി ഗവൺമെൻറ് സ്കൂളുകളിലെ സൗകര്യങ്ങൾ കുറഞ്ഞു. എയിഡഡ് സ്കൂളുകൾ വ്യാപകമായ കോഴയുടെയും മറ്റും സംഭാവനകളുടെയും അടിസ്ഥാനത്തിൽ മാത്രം നിലനിന്നു. വിദ്യാഭ്യാസത്തിന്റെ മുതൽമുടക്കു വർധിപ്പിച്ച് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കാനുള്ള ഒരു പദ്ധതിയും നിർദേശിക്കപ്പെട്ടില്ല. ഇന്ന് കേരള വിദ്യാഭ്യാസ നിയമത്തിലെ നിബന്ധനകളെ പരസ്യമായി ലംഘിക്കുന്ന, ഭൗതികം സാഹചര്യങ്ങളൊന്നുമില്ലാത്ത ഇംഗ്ലീഷ് മീഡിയം പ്രൈമറിസ്കൂളുകളിൽ പ്രവേശനത്തിനനുഭവപ്പെടുന്ന തിക്കും തിരക്കും ഒരു വിരോധാഭാസമായിത്തീർന്നിരിക്കുന്നു. ഇതുവരെ നാം വളർത്തിക്കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ പദ്ധതിയെ പരസ്യമായി പരിഹസിക്കുന്നതിനു തുല്യമാണിത് . മേൽ സൂചിപ്പിച്ച പ്രതിസന്ധിയുടെ ഏറ്റവുമവസാനത്തെ സൂചനകളാണ് "സാമ്പത്തിക നഷ്ടം' വരുത്തിയ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കവും വിദ്യാഭ്യാസച്ചെലവ് ജനങ്ങൾ ചേർന്നു വഹിക്കണമെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമങ്ങളും. ജനനനിരക്കു കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഒരു വിദ്യാലയത്തിലെ പ്രവേശനം കുറഞ്ഞാൽ അത് "സാമ്പത്തിക നഷ്ട'ത്തിന്റെ സൂചനയല്ല. വിദ്യാഭ്യാസരംഗത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. വിദ്യാഭ്യാസരംഗത്ത് വൻതോതിലുള്ള മുതൽമുടക്ക് പല ദശകങ്ങളായി നടത്താത്ത ഗവൺമെന്റ് “ഭാരിച്ച് വിദ്യാഭ്യാസച്ചെലവി'നെക്കുറിച്ചാവലാതിപ്പെടുന്നത് രസാവഹമാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പത്താം ധനകാര്യ കമ്മീഷൻ ചെയർമാൻ ശ്രീ.കെ.സി.പാന്ത് അടുത്തുന്നയിച്ച വിമർശനം "സാമ്പത്തിക വളർച്ച'യ്ക്ക് ഇതുവരെ മുൻതൂക്കം നൽകിയില്ലെന്നതാണ്. വിദ്യാഭ്യാസത്തിന് ഇതുവരെ നൽകിപ്പോന്ന പണംപോലും വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. സ്വാഭാവികമായും ശമ്പളബില്ലിൽ വെട്ടിക്കുറയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുള്ള മുതൽമുടക്ക് ഇനിയും ചുരുക്കുകയാകും ഫലം. അതായത് പൊതു വിദ്യാഭ്യാസത്തിനുള്ള ഗവൺമെൻറ് സഹായം കുറയുകയും, അതിൻറ നിലനിൽപുതന്നെ അവതാളത്തിലാവുകയും ചെയ്യും.
ഉന്നതവിദ്യാഭ്യാസത്തിൻറെ തകർച്ച
ഉന്നതവിദ്യാഭ്യാസത്തിന്റെ മാനദണ്ഡം അതിന്റെ വ്യാപ്തിയും ഗുണനിലവാരവും മാത്രമല്ല സമൂഹത്തിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യവും സാംസ്കാരിക നേതൃത്വവും നൽകുന്ന മനുഷ്യശക്തിയെ സൃഷ്ടിക്കാനുള്ള കഴിവ് എന്നതു കൂടിയാണ്. ഏറ്റവും വിപുലമായ ഉന്നത വിദ്യാഭ്യാസമേഖല ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുൾപ്പെടെ 223 കോളേജുകളും അവിടെയുള്ള വിദ്യാർഥികൾക്കു തുല്യമായ വിദ്യാർഥികൾക്ക് പഠിക്കാനും പരീക്ഷയെഴുതാനുമുള്ള സൗകര്യവും ഇന്ന് കേരളത്തിലുണ്ട്. പക്ഷേ, ഈ വ്യാപ്തിക്കനുസൃതമായി വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പരാജയപ്പെടുന്നു എന്നതും വസ്തുതയാണ്. പ്രീഡിഗ്രി, കോളേജുകളിൽ നിലനിൽക്കുന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന് വാദിക്കപ്പെടുന്നുണ്ട്. പ്രീഡിഗ്രി നിലവിലിരിക്കെത്തന്നെയാണ് ഉന്നതവിദ്യാഭ്യാസത്തിന് ഇന്നു നിലവിലുള്ള ആഴവും വ്യാപ്തിയുമുണ്ടായത് എന്നതു മറക്കാൻ പാടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിന് ഹയർ സെക്കണ്ടറി കോഴ്സകൾ സ്കൂളുകളിൽ ആരംഭിക്കുകയും അതിന് ആനുപാതികമായി ഡിഗ്രി നിർത്തുകയും വേണം. പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന്റെ തകർച്ച പ്രീഡിഗ്രി പ്രശ്നത്തിൽനിന്നു വേർപെടുത്തി പ്രി ഡിഗ്രി ചെയ്യേണ്ടതാണ്. തകർച്ചയുടെ മുഖങ്ങൾ പൊതുവിൽ താഴെപറയുന്നവയാണ് : a. കേരളം പിറന്നപ്പോൾ നമുക്ക് ഒരു സർവകലാശാല മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ അഞ്ചു സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ രണ്ടെണ്ണം ആരംഭദിശയിലാണ്. ഇവ നിരവധി മേഖലകളിൽ ബിരുദങ്ങൾ നൽകുന്നുണ്ട്. ധാരാളം ഗവേഷണ പ്രബന്ധങ്ങളുണ്ടാകുന്നുണ്ട്. എങ്കിലും, കേരളത്തിലെ കാർഷിക-വ്യാവസായിക മേഖലകളെ ഉണർത്താനോ ശാസ്ത്രസാങ്കേതിക വൈദഗ്ദ്ധ്യത്തെ വളർത്താനോ ഇവയ്ക്ക് കാര്യമായ സംഭാവനകളൊന്നും നൽകാൻ സാധിച്ചിട്ടില്ല. വിഭവാസുതണത്തിന്റെയും മനുഷ്യശക്തി ആസൂത്രണത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും മേഖലകളിലും സർവകലാശാലകളുടെ, പ്രത്യേകിച്ച് കേരള കാലിക്കറ്റ് -എം.ജി സർവകലാശാലകളുടെ- സംഭാവന വളരെ കുറവാണ്. ഉന്നതനിലവാരത്തിലുള്ള ബോധനക്കളരികളെന്ന നിലയിൽപോലും സർവകലാശാലാ ഡിപ്പാർട്ട്മെൻറുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല. ചുരുക്കത്തിൽ, കേരളത്തിലെ കോളേജുകൾക്ക് അക്കാദമിക് കാര്യങ്ങളിൽ വേണ്ട നേതൃത്വപരമായ പങ്കു വഹിക്കാൻ സർവകലാശാലകൾക്ക് കഴിയുന്നില്ല. b. സർവകലാശാലകളെക്കുറിച്ചുള്ള സങ്കൽപവും മാറിവരികയാണ്. എം.ജി.സർവക ലാശാല ആരംഭിച്ച ഘട്ടംവരെയെങ്കിലും, സർവകലാശാലകളുടെ വൈജ്ഞാനികവും ഗവേഷണപരവുമായ പങ്കിനെക്കുറിച്ചു ധാരണയുണ്ടായിരുന്നു. ഇപ്പോൾ ജനിപിയ സ്വഭാവമുള്ളതും, ജനങ്ങളിൽനിന്നോ വിവിധ ഏജൻസികളിൽനിന്നോ ഫൈനാൻ സിങ് ലഭിക്കുന്നതുമായ പരിശീലന കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളായി സർവകലാശലാകളെ അധഃപതിപ്പിക്കുകയാണ്. എല്ലാ സർവകലാശാലകളിലും ആരംഭിച്ച 'സെഷണൽ' ബി.എഡ് കോഴ്സ്, എം.ജി, കേരള സർവകലാശാലകളിലാരംഭിച്ച പരിശീലന കോഴ്സുകൾ മുതലായവ ഉദാഹരണങ്ങളാണ്. പുതിയ സർവകലാശാലകളിലും ആദ്യം ആരംഭിക്കുന്നത് ചില പി.ജി.കോഴ്സുകളും ബി.എഡ് കോഴ്സുമാണ്. സർവകലാശാലകളെ പണമുണ്ടാക്കാനായി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു തുല്യമായ സ്ഥാപനമായി മാറ്റുകയാണ്. മറ്റൊരു പ്രധാന ജോലി പരീക്ഷ നടത്തലും ബിരുദ സർട്ടിഫിക്കറ്റുകൾ നൽകലുമാണ്. പ്രൈവറ്റ് കോളേജുകൾ കോഴവാങ്ങിയോ സ്വജനപക്ഷപാതത്തിന്റെ അടിസ്ഥാനത്തിലോ നിയമിക്കുന്ന അധ്യാപകർക്ക് “അംഗീകാരം' നൽകുകയാണ് മറ്റൊരു കടമ. ഇവയെല്ലാം നടത്തുന്ന ഒരു ഭരണനിർവഹണ റാഫീസ് എന്നതിലപ്പുറമുള്ള ധാരണയൊന്നും ഇന്നു സർവകലാശാലകളെക്കുറിച്ചില്ല. c. ഉന്നത വിദ്യാഭ്യാസത്തിന് അക്കാദമിക് നേതൃത്വവും ദിശാനിർണയവും നൽകുന്നതിൽ കേരളത്തിലെ സർവകലാശാലകൾക്കു സംഭവിച്ച പരാജയം സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളുടെയും കോളേജുകളുടെയും പ്രവർത്തനത്തെയാകെ ബാധിച്ചു. കേളേജുകളുടെ അക്കാദമിക് നിയന്ത്രണം സർവകലാശാലകൾക്കാണ്, കേരളത്തിന്റെ ആവശ്യങ്ങൾക്കും ശാസ്ത്രസാങ്കേതികവും സാംസ്കാരികവുമായ വികാസത്തിനും അനുയോജ്യമായ കരിക്കുലം വികസിപ്പിക്കുന്നതിൽ സർവകലാശാലകൾ മുൻകൈയെടുത്തില്ല. കോളേജിലെ പഠനകോഴ്സുകൾ മാത്രമല്ല, അവിടത്തെ പ്രവേശനം, വിദ്യാർഥികളുടെയും അധ്യാപകരുടെയും നിലവാരം, പരീക്ഷകൾ മുതലായവയെയെല്ലാം ഈ അനാസ്ഥ ബാധിച്ചു. ഗുണമേൻമയും വൈദഗ്ധ്യവുമില്ലാത്ത വമ്പിച്ച സംഘം ബിരുദധാരികളെ പടച്ചുവിടുന്നതിൽ മാത്രമാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ വിജയിച്ചത്, പ്രൊഫഷണൽ കോളേജുകളായിരുന്നു താരതമ്യേന ഭേദം. പക്ഷേ, അവിടെയും വിവാദങ്ങൾ ഉയർന്നുവരാതിരുന്നില്ല. കോളേജുകളിലെ ബോധനം മൊത്തത്തിൽ ഗൈഡുകളുടെയും പഴയ ടീച്ചിങ് നോട്ടുകളുടെയും അടിസ്ഥാനത്തിലുള്ള വഴിപാടായി. ഇതു കൂടുതൽ "സമർഥമായി' ചെയ്യുന്ന, കൂടുതൽ “അച്ചടക്കം' നിലനിർത്തുന്ന വനിതാ കോളേജുകളും ചില മാനേജ്മെൻറ് കോളേജുകളും ഉയർന്ന "നിലവാരം പുലർത്തുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. സർഗാത്മകതയും വൈദഗ്ധ്യവും വളർത്തുന്നതിനും സമൂഹപുരോഗതിക്ക് നേതൃത്വം കൊടുക്കാൻ കഴിവുള്ളവരെ സൃഷ്ടിക്കുന്നതിനും അത്തരം കോളേജുകളും പരാജയപ്പെട്ടു. d ഉന്നത വിദ്യാഭ്യാസത്തിൻറെ ഇന്നത്തെ ദുഃസ്ഥിതിക്ക് പരിഹാരമെന്ന നിലയിലാണ് സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളും കനത്ത ഫീസ് വർധനയും മറ്റും നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവുകളിൽ വലിയ പങ്ക് വിദ്യാർഥികൾ തന്നെ വഹിക്കണമെന്ന തത്വശാസ്ത്രമാണിതിനു പിന്നിൽ. ഇന്ന് പ്രൈവറ്റ് കോളേജുകളിൽ മാനേജ്മെൻറ് ക്വാട്ട സീറ്റുകൾക്കും അധ്യാപക നിയമനത്തിനും കനത്ത തുക കോഴയായി നൽകുന്നുണ്ട്. കോളേജിലെ പഠനത്തിനു പുറമെ ട്യൂഷനും എൻട്രൻസ് കോച്ചിങ്ങിനും മറ്റും വിദ്യാർഥികൾ നല്ല തുക ചെലവാക്കുന്നു. ഇത്തരം പ്രൈവറ്റ് കോച്ചിങ്ങ് സ്ഥാപനങ്ങൾക്ക് വിദ്യാർഥികളു ടെയും രക്ഷിതാക്കളുടെയും ഇടയിൽ നല്ല മതിപ്പുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇപ്പോൾത്തന്നെ നിലവിലുള്ള പരസ്യമായ കച്ചവട പ്രവണതകളെ ഔപചാരികമായി ന്യായീകരിക്കുകയാണ് നിർദ്ദിഷ്ട പരിഷ്കാരങ്ങൾ ചെയ്യുന്നത്. സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളിൽ നീക്കിവയ്ക്കുന്ന പേയ്മെന്റ് സീറ്റുകളും പല സർവകലാശാലകളും ആരംഭിച്ചിരിക്കുന്ന പേയ്മെന്റടിസ്ഥാനത്തിലുള്ള കോഴ്സുകളും ഉന്നതവിദ്യാഭ്യാസത്തിന്റെ വിൽപനയാണ്. ഇതിന്റെ ദൗർഭാഗ്യകരമായ വശം, ഇന്നു നിലവിലുള്ള ജീർണിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാനരൂപങ്ങളാണ് വിൽക്കപ്പെടുന്നത്. നിലവിലുള്ള പാഠ്യപദ്ധതിയുടെ കച്ചവട രൂപത്തിലുള്ള വികാസമല്ലാതെ, നമ്മുടെ പാഠ്യപദ്ധതിയുടെ ഉടച്ചുവാർക്കൽ ഈ പരിഷ്കാരങ്ങളുദ്ദേശിക്കുന്നില്ല. ഉടച്ചുവാർക്കുന്നത് പ്രവേശനം നേടുന്ന വിദ്യാർഥികളെയാണ്. ഇന്ന് പട്ടികജാതി പട്ടികവർഗ റിസർവേഷനൊഴിച്ച് മറ്റൊല്ലാവരും മെരിറ്റിലൂടെ പ്രവേശനം നേടുമ്പോൾ, പണം ചെലവഴിക്കാൻ കഴിയുന്ന വരേണ്യവർഗം പകുതിയോളം സീറ്റുകൾ നേടും. അത്രയും സാധാരണക്കാരായ വിദ്യാർഥികൾ തെരുവിലേക്കെറിയപ്പെടുകയോ, മെഡിസിനു പ്രവേശനം കിട്ടാനായി കിടപ്പാടം വിൽക്കേണ്ട ഗതികേടിലേക്കു നീങ്ങുകയോ ചെയ്യും. e. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് ഭരണാധികാരികളുടെ സമീപനത്തിന്റെ അപഹാസ്യതയെ ചൂണ്ടിക്കാണിക്കുന്നതാണ് നിർദ്ദിഷ്ട സംസ്കൃതസർവകലാശാലയും മലബാർ സർവകലാശാലയും. കേരളത്തിന്റെ വികസനാസുതണത്തിലും സാംസ്കാരിക വിനിമയത്തിലും ഒരു സംസ്കൃത സർവകലാശാലയുടെ പ്രസക്തി എന്താണെന്നതു വ്യക്തമല്ല. ഇന്നു രണ്ടു സർവകലാശാലകളിലുള്ള സംസ്കൃതവിഭാഗങ്ങൾക്കും തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തുമുള്ള സംസ്കൃത കോളേജുകൾക്കും നിർവഹിക്കാനാകാത്ത ഒരു ധർമ്മവും ഇന്നു കേരളത്തിലെ സംസ്കൃതപഠനത്തെ സംബന്ധിച്ചിടത്തോളമില്ല. സംസ്കൃതപഠനത്തിൽ താല്പര്യമുള്ളവർ നിലവിലുള്ള സ്ഥാപനങ്ങളെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയേണ്ടിയിരുന്നത്. അതിനു പകരമുള്ള സംസ്കൃത സർവകലാശാല തികച്ചും അനാവശ്യവും ദുരുപദിഷ്ടവുമാണ്. തുഞ്ചൻപറമ്പിൽ മലയാളം എം.എ. കോഴ്സ് തുടങ്ങുന്നതുപോലുള്ള ബാലിശമായ നടപടികൾ ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയെയും അനവധാനതയെയും സൂചിപ്പിക്കുന്നതാണ്. ഇതിനെക്കാൾ ഗൗരവമേറിയ താണ് നിർദിഷ്ട മലബാർ സർവകലാശാലയുടെ പ്രശ്നം. കാസർഗോഡ് - കണ്ണൂർ ജില്ലയിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ കോഴിക്കോട്ടേക്കു വരണമെന്ന വാദമുപയോഗിച്ച് ജനവികാരത്തെ തട്ടിയുണർത്തി "വരുത്തി'യതാണ് ഈ സർവകലാശാല. ഇതും ഒരു അഫിലിയേറ്റിങ് സർവകലാശാലയായിരിക്കുമെന്നതൊഴിച്ചാൽ, ഒരു കാഴ്ചപ്പാടും ഇതിനെക്കുറിച്ച് ഗവൺമെൻറിനില്ല. കണ്ണൂർക്കാർക്ക് പരീക്ഷാഫീ സടയ്ക്കാനും ബിരുദസർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ഒരു ഓഫീസ് എന്നതിലപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്ത് ആ സർവകലാശാല ചെയ്യുന്ന ധർമമെന്തായിരിക്കുമെന്ന് വ്യക്തമല്ല. മറ്റു പല സർവകലാശാലകളും ചെയ്യുന്നതുപോലെ, കാലിക്കറ്റ് സർവകലാശാലയ്ക്ക് ഒരു നോർത്ത് ക്യാമ്പസ് സ്ഥാപിച്ചു പരിഹരിക്കാവുന്നതാണ് വടക്കൻ മലബാറുകാരുടെ പ്രശ്നങ്ങൾ. അതിനു പകരം ഒരു സർവകലാശാല എന്നത് ബാലിശവും സർവകലാശാലാ സങ്കൽപത്തിനുതന്നെ ഹാനികരവുമാണ്.
പുതിയ വിദ്യാഭ്യാസസങ്കല്പം
ഇന്നു വിദ്യാഭ്യാസരംഗത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇതുവരെ നാം പിന്തുടർന്നുവന്ന വിദ്യാഭ്യാസ നയത്തിൽനിന്ന് അടിസ്ഥാപരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. സമത്വം, തുല്യ അവകാശങ്ങളും അവസരങ്ങളും, ദേശീയ സംസ്കാരത്തിന്റെ വളർച്ച, മാതൃഭാഷയിലെ ബോധനം മുതലായവയുടെ അടിസ്ഥാനത്തിൽ "സോഷ്യലിസ്റ്റ് മാതൃകയിലുള്ള' സമൂഹം സൃഷ്ടിക്കുന്നതിനാണ് അറുപതുകളിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഊന്നൽ നൽകിയത്. 1986-ലെ വിദ്യാഭ്യാസനയം സമത്വത്തിന്റെ അംശം ഉപേക്ഷിക്കുകയും വിദ്യാഭ്യാസം പല തട്ടുകളുള്ള സ്തൂപിക (പിരമിഡ്) ആയിരിക്കുമെന്നു നിർവചിക്കുകയും ചെയ്തു. തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിൻറയും ഘടനാപരമായ ക്രമീകരണത്തിൻറെയും പശ്ചാത്തലത്തിൽ 86-ലെ വിദ്യാഭ്യാസ നയത്തിൽപോലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകബാങ്ക് -ഗാട്ട് ശക്തികളുടെ നിർദേശങ്ങൾ അതേപടി നടപ്പിലാക്കുകയാണ്. ഇതിന്റെ പ്രധാന അംശങ്ങൾ താഴെ പറയുന്നവയാണ്. a. ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങളുടെ നിരക്ഷരതയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ദൗർബല്യങ്ങളും അവയെ കമ്പോള സമ്പദ് വ്യവസ്ഥകളായി വളരുന്നതിൽ നിന്നു തടയുന്നു. ഇന്നത്തെ വികസിത രാഷ്ട്രങ്ങളെല്ലാം പൂർണ സാക്ഷരതയും സാർവതിക പ്രാഥമിക വിദ്യാഭ്യാസവും നേടിയവരാണെന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ നിരീക്ഷണത്തിന് സാധുതയുണ്ട്. ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിന് വൻതോതിൽ പണം ചെലവാക്കിയിരുന്നുവെന്നു മാത്രമല്ല. പ്രൈമറി വിദ്യാഭ്യാസത്തിന്റെ വിഹിതം കുറയുകയുമായിരുന്നു. ഈ കുറവിനെ ഒരു പരിധിവരെ നികത്താനുള്ള ശ്രമങ്ങളായിരുന്നു ദേശീയ സാക്ഷരതാമിഷനിലൂടെയും ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് മുതലായവയിലൂടെയും നടപ്പിലാക്കിയ പരിപാടികൾ. ഇവയും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയെന്നു പറയാനാവില്ല. പക്ഷേ, കേരളത്തിലെ പ്രശ്നങ്ങൾ മറ്റു ചിലതാണ്. സമ്പൂർണ സാക്ഷരതയും സാർവതിക പ്രാഥമിക വിദ്യാഭ്യാസവും ഏതാണ്ട് പൂർണമായ സംസ്ഥാനമാണ് കേരളം. ഏതാനും പ്രദേശങ്ങളൊഴിച്ചാൽ മറ്റെല്ലാ ഭാഗങ്ങളും മേൽപറഞ്ഞ കമ്പോള വ്യവസ്ഥയുടെ പിടിയിലുമാണ്. അത്തരം സാഹചര്യങ്ങളിൽ ഉയരുന്ന പ്രശ്നങ്ങൾ വേറെതന്നെ കൈകാര്യം ചെയ്യണം. b. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും നല്ല ഉപഭോക്താക്കളായി ജനങ്ങളെ മാറ്റുന്നതിനും വിദ്യാഭ്യാസം ആവശ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കുക വിദ്യാഭ്യാസനയങ്ങളുടെ സ്ഥിരമായ അംശമാണെങ്കിലും ഇതുവരെ ഫലപ്രദമായി നടപ്പിലാക്കപ്പെട്ടിട്ടില്ല. ഉല്പാദന വർധന മുരടിക്കുന്ന കേരളത്തിൻറെ സാഹചര്യങ്ങളിൽ ഉപഭോക്തൃ സമൂഹത്തെ പോഷിപ്പിക്കുന്നതിനാണ് വിദ്യാഭ്യാസം ഉപകരിക്കുക. പരസ്യങ്ങൾ മനസ്സിലാക്കുക, ബാൻഡ് നാമങ്ങൾ തിരിച്ചറിയുക. വിവിധ ഉൽപന്നങ്ങളുടെ ഗുണദോഷങ്ങൾ വേർതിരിച്ചറിയുക മുതലായവയെ കേന്ദ്രീകരിച്ചുള്ള ബോധന രൂപങ്ങൾക്ക് പ്രാധാന്യം വർധിക്കുകയാണ്. കമ്പോളമൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ഏറ്റവും പ്രയോജനകരവും അത്തരത്തിലുള്ള വിദ്യാഭ്യാസമാണ്. c. ഉന്നത വിദ്യാഭ്യാസത്തെക്കാൾ ഇരട്ടി ലാഭം പ്രാഥമിക വിദ്യാഭ്യാസത്തിലുള്ള മുതൽമുടക്കാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപ്തി ചെറുതും സാങ്കേതിക-ഭരണവിദഗ്ധരുടെ സൃഷ്ടിയിൽ കേന്ദ്രീകൃതവുമാണ്. പ്രാഥമിക വിദ്യാഭ്യാസം വിപുലമായ കമ്പോളത്തെ സൃഷ്ടിക്കുകയും വ്യവസായവൽക്കരണത്തിനാവശ്യമായ തൊഴിൽ സേനയ്ക്ക് പ്രാഥമിക പരിശീലനം നൽകുകയും ചെയ്യുന്നു. ഉദാരവൽക്കരണത്തിന്റെതായ സാഹചര്യങ്ങളിൽ കമ്പോളത്തിന്റെ വികസനത്തിന് മുതലാളിക്ക് സ്ഥിരമായി ലഭ്യമാകുന്ന തൊഴിൽ സേനയുടെ ആവശ്യമുണ്ട്. d. വിദ്യാഭ്യാസം ഒരു വാണിജ്യ മേഖലയാണ്. അതുകൊണ്ട് ആഗോളവായ്പാ പദ്ധതികളിൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകണം. എഴുപതുകൾ മുതൽ വിദ്യാഭ്യാസരംഗത്തുള്ള ആഗോള ധനസഹായ പദ്ധതികൾ അതിവേഗത്തിൽ വർധിക്കുകയാണ്. ലോകബാങ്ക്, യൂനിസെഫ് മുതലായ ഏജൻസികൾ കൂടാതെ USAID (United States Agency for International Development), DANIDA (ഡച്ച് ഏജൻസി), സ്വീഡൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, കാനഡ മുതലായ രാഷ്ടങ്ങളുടെ ധനസഹായ ഏജൻസികൾ എന്നിവ ഈ രംഗത്ത് വൻതോതിൽ പണം നൽകിവരുകയാണ്. അനൗപചാരിക വിദ്യാഭ്യാസ മേഖലയിൽ നിരവധി സന്നദ്ധ സംഘടനകൾക്ക് വരുന്ന പണത്തിന് കൃത്യമായ കണക്കുകൾ പോലുമില്ല. ഇ.എഫ്.എ. (Education for All) യുടെ കീഴിൽ ധനസഹായ ഏജൻസികളുടെ വായ്പകൾ വർധിച്ചിരിക്കുന്നു. ലോകബാങ്കിന്റെ ധനസഹായത്തോടെ 110 ജില്ലകളിൽ (കേരളത്തിൽ മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ) നടപ്പിലാക്കുന്ന ജില്ലാ പ്രൈമറി വിദ്യാഭ്യാസ പ്രോജക്ട് ഉദാഹരണം. അതിന് സോഷ്യൽ സോഫ്റ്റിനെറ്റ് ക്രെഡിറ്റ് സ്കീമനുസരിച്ച് ലോകബാങ്ക് നൽകുന്ന വായ്പ 1720 കോടി രൂപയാണ്. ഈ വായ്പകൾ സാമാജ്യത്വത്തിന്റെ പുതിയ മുഖമാണ്. എങ്കിലും, അവികസിതരാഷ്ടങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും മുൻനിർത്തിയാണ് വായ്പകൾ നൽകുന്നതെന്നും അതുകൊണ്ട് അതിൽ "ചൂഷണ' സ്വഭാവമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവികസിത രാഷ്ട്രങ്ങളിലേക്കുള്ള മറ്റു വായ്പാ പദ്ധതികളിൽനിന്ന് ഇവ വ്യത്യസ്തമല്ല. വായ്പകൾ എങ്ങനെ ആഗോള ആധിപത്യത്തിനുള്ള ഉപകരണമാകുന്നു എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സ്വാഭാവികമായും അവികസിത രാഷ്ട്രങ്ങളുടെ ആവശ്യങ്ങളെയും ബലഹീനതകളെയും മുതലെടുക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമാണ് ഇത്തരം വായ്പകൾ. പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഗവൺമെന്റിന് സംഭവിച്ച പരാജയമാണ് ഈ വായ്പ സ്വീകരിക്കുന്നതിലേക്ക് അവരെ നയിച്ചത്. e. ഉന്നത വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന പണം ഗുണഭോക്താക്കളിൽനിന്ന് തിരിച്ചുപിടിക്കണം. "പേയ്മെൻറ് സീറ്റുകൾ, ഫീസ് വർധന മുതലായവയുടെ പിന്നിലുള്ള തത്വശാസ്ത്രമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് കനത്ത ചെലവുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസസംവിധാനം മുൻനിർത്തി വാദിക്കുന്നു. മുതൽമുടക്ക് വൻതോതിൽ വർധിപ്പിക്കുകയും ഉന്നത ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്താലാണ് ഗുണമേൻമയും ഉറപ്പുവരുത്താനാവുക. ഇന്ന് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ അവികസിത രാഷ്ട്രങ്ങൾ ചെയ്യുന്നത് ലഭ്യമായ വിഭവങ്ങൾ കൂടുതൽ സ്ഥാപനങ്ങളിലായി വീതിക്കുകയും ഗുണമേൻമ കുറയ്ക്കുകയുമാണ്. അതിനു പകരം ഗവൺമെന്റ് മുതൽമുടക്ക് വെട്ടിക്കുറച്ച് കൂടുതൽ പണം സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ധനസഹായ ഏജൻസികൾ, വിദ്യാർഥികൾ എന്നിവരിൽ നിന്നു സംഭരിക്കണം. സെൽഫ് ഫൈനാൻസിംഗ് കോളേജുകൾ, വിദേശി ഇന്ത്യാക്കാരിൽനിന്നുള്ള ധനസംഭരണം, സർവകലാശാലാ കോഴ്സുകൾക്ക് സ്വകാര്യ സ്പോൺസറിംങ് നേടാനുള്ള ശ്രമം, പണം വാരി ടെക്നിക്കൽ കോഴ്സകൾ ആരംഭിക്കുക തുടങ്ങിവയെല്ലാം മേൽപറഞ്ഞ സിദ്ധാന്തവുമായി യോജിച്ചതാണ്. f. സാങ്കേതിക കഴിവു വർധിപ്പിക്കലാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനു രണ്ടു വശങ്ങളുണ്ട്. വിദ്യാഭ്യാസവികസനത്തിൽ സാങ്കേതിക സ്ഥാപനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക, സാങ്കേതികമായ കഴിവുകൾ നേടുകയാണ് വിജ്ഞാന സമ്പാദനത്തിൻറ പ്രമുഖലക്ഷ്യമെന്നു സ്ഥാപിക്കുകയും കരിക്കുലം വികസനത്തിൽ ആവശ്യത്തിന് മുഖ്യസ്ഥാനം നൽകുകയും ചെയ്യുക. മുതലാളിത്ത കമ്പോള വ്യവസ്ഥയ്ക്കാവശ്യമുള്ള വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനു യോജിച്ച നിലപാടാണിത്. ഈ തൊഴിൽ പരിശീലനത്തിനിടയിൽ സർഗാത്മകത, സാമൂഹ്യാവബോധം, മൂല്യബോധം എന്നിവ മറക്കപ്പെടുകയും വിജ്ഞാനത്തിന്റെ നിയന്ത്രണം ഉന്നത വിദ്യാഭ്യാസം നേടാനും വൻകുത്തകകളുടെയോ തത്തുല്യമായ ഏജൻസികളുടെയോ കീഴിൽ പ്രവർത്തിക്കുന്നവരുടെ കയ്യിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. സാങ്കേതിക പരിശീലനത്തിന് പ്രാധാന്യം വർധിക്കുമ്പോൾ അതിനുവേണ്ടി ഉപകരണങ്ങളുടെ ഉൽപാദനവും വിൽപനയും വിദ്യാഭ്യാസകമ്പോളത്തിന്റെ പ്രധാനഘടകമാവുകയും ചെയ്യുന്നു. ഇപ്പോഴും ആഗോളതലത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസക്കമ്പോളം പാഠപുസ്തകങ്ങളുടെ യാണ് മക് ഗോ-ഹിൽ, വൈലി, മക് മില്ലൻ മുതലായ കമ്പനികളാണ് പാഠപുസ്തക ക്കമ്പോളും നിയന്ത്രിക്കുന്നത്. കമ്പ്യൂട്ടറുകൾ, ഫോട്ടോ കോപ്പിയറുകൾ, ഓവർഹെഡ് പ്രൊജക്റ്ററുകൾ, ലിംഗാഫോണുകൾ, വീഡിയോഗ്രാഫ്, കാസറ്റുകൾ മുതയാവയുൾ ക്കൊള്ളുന്ന വിപുലമായ വിദ്യാഭ്യാസ സാങ്കേതിക കമ്പോളം വളർന്നുവരികയാണ്. താമസിയാതെ ഇവയുടെ നിർമാതാക്കൾ നമ്മുടെ വിദ്യാഭ്യാസത്തിൻറെ സ്വഭാവത്തെ നിയന്ത്രിക്കും. മേൽസൂചിപ്പിച്ച പൊതു ദിശയിലാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ നയിക്കാൻ ശ്രമങ്ങൾ നടക്കുന്നതെന്നു കാണാൻ വിഷമമില്ല. പൊതുവിദ്യാഭ്യാസം മുരടിക്കുമ്പോൾ അതിന്റെ മുരടിപ്പുമാറ്റി മുന്നോട്ടു നയിക്കുന്നതിനു പകരം വിദ്യാഭ്യാസ വ്യവസായികളുടെ കൈവശം നൽകി രക്ഷപ്പെടുന്ന നയമാണ് ഇന്നുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം പുതിയ വിദ്യാഭ്യാസ സങ്കല്പവുമായി പൂർണമായി യോജിക്കുന്നു. പക്ഷേ, ഇവയെല്ലാം നടക്കുന്നത് കേരളം ഇന്നു നേരിടുന്ന വികസന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ലോകബാങ്ക്-ഐ.എം.എഫ് - ഗാട്ട് ശക്തികൾ ഉയർത്തുന്ന ഭീഷണിയുടെ വെളിച്ചത്തിലുമാണ്.
വികസന പ്രതിസന്ധിയും വിദ്യാഭ്യാസ പരിപക്ഷ്യവും
കേരളത്തിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾക്ക് നമ്മുടെ വികസന തന്ത്രവുമായി ബന്ധമുണ്ടെന്നു കാണാൻ വിഷമമില്ല. ഭൂപരിഷ്കാരത്തിന്റെ തുടർച്ചയായി കേരളത്തിലെ കാർഷിക-കാർഷികാനുബന്ധ മേഖലയുടെ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള തന്തമല്ല ഗവൺമെന്റ് സ്വീകരിക്കുന്നത്. കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഗൾഫ് പണത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യം, ഊഹക്കച്ചവടം സേവനമേഖലയുടെ വൻതോതിലുളള വ്യവസായവൽക്കരണം മുതലായവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം ലഭിക്കുന്നത്. കേരളത്തിലെ വിപുലമായ വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കുകയും അതിനെ മറ്റു വാണിജ്യമേഖലകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന പ്രകിയയാണ് ഇന്നു നടക്കുന്നത്. കേരളത്തിൽ നിലവിലുള്ള സൗജന്യ സാർവതിക വിദ്യാഭ്യാസ സംവിധാനമാണ് ഈ വാണിജ്യവൽക്കരണ പ്രക്രിയയ്ക്കുള്ള പ്രധാന വിലങ്ങുതടി. അതിനെ പടിപടിയായി നശിപ്പിക്കുകയാണ് ഇന്നത്തെ ലക്ഷ്യം. സാർവതിക വിദ്യാഭ്യാസ സംവിധാനത്തിനുള്ള ആന്തരിക ദൗർബല്യങ്ങൾ ഈ പ്രകിയയെ കൂടുതൽ എളുപ്പമാക്കി തീർക്കുന്നു. ഇന്നു നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളെല്ലാം അധികവിഭവ സമാഹരണവുമായി ബന്ധപ്പെട്ടതാണ്. സ്കൂളുകൾക്ക് കൂടുതൽ ഭൗതിക സൗകര്യങ്ങൾ വേണം, മെച്ചപ്പെട്ട ലൈബറികളും ഉപകരണങ്ങളും വേണം, അധ്യാപകരെ പരിശീലിപ്പിക്കണം. ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെങ്കിൽ ഇന്നത്തേതിന്റെ ഇരട്ടി വിഭവങ്ങളും സൗകര്യങ്ങളും വേണം. ഇവ ഫലപ്രദമായി സമാഹരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗവൺമെന്റിനു നേരിട്ട് പരാജയം സൗജന്യ വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പരാജയമായി ചിത്രീകരിക്കുന്നു. സൗജന്യ വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്നതിനുമുള്ള കാരണമായി ഇതിനെയാണ് അവതരിപ്പിക്കുന്നതും. വിദ്യാഭ്യാസരംഗത്തെ അധികവിഭവ സമാഹരണത്തിന് വിദേശ ഏജൻസികളുൾപ്പെടെയുള്ള സ്വകാര്യ മേഖലയെ ആശ്രയിക്കാതെ മറ്റു മാർഗമില്ലെന്ന വാദത്തിന് ശക്തിയേറി വരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകളിലും സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളിലും പ്രവേശനം തേടുന്ന മധ്യവർഗം ഈ കമ്പോള തത്വശാസ്ത്രത്തിന്റെ പ്രചാരകരായി മാറുന്നു. ഒരു ബദൽ വിദ്യാഭ്യാസ പരിപ്രേക്ഷ്യം ആരംഭിക്കുന്നത് ഒരു വികസന പരിപ്രേക്ഷ്യത്തിൽ നിന്നാണ്. വിമാനത്താവളങ്ങളും കയറ്റുമതി മേഖലകളും ഉപഭോഗവസ്തുക്കളും ടൂറിസവുമടങ്ങുന്ന വാണിജ്യവൽക്കരണമല്ല കേരളത്തിനാവശ്യം, കേരളത്തിന്റെ അടിസ്ഥാന മേഖലകളായ കൃഷി, കാർഷികാനുബന്ധമേഖലകൾ, വ്യവസായങ്ങൾ എന്നിവയുടെ സമഗ്രമായ വികസനവും കേരളത്തിലെ മനുഷ്യശക്തിയുടെ സമ്പൂർണമായ ഉപയോഗവും ഉറപ്പുവരുത്തുന്ന വികസന ത്രന്തമാണ്. ഇതിനനുസൃതമായ വിദ്യാഭ്യാസ പദ്ധതിയാണ് നമുക്കാവശ്യം. അത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യത്തെ ലക്ഷ്യം എസ്.എസ്.എൽ.സി- പ്രീ ഡിഗ്രി ഘട്ടത്തിലുള്ള ചെറുപ്പക്കാരിൽ നിലവിലുള്ള തൊഴിലില്ലായ്മയെ ഇല്ലാതാക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന കഴിവുകൾ വളർത്തിയെടുക്കുക എന്നതാകണം. പൊതുവിദ്യാഭ്യാസത്തിൽ തൊഴിൽ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും കരിക്കുലത്തിന്റെ ഭാഗമാക്കുകയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായോ തുടർച്ചയായോ സാങ്കേതിക പരിശീലനം നൽകുകയുമാണ് അതിനുള്ള മാർഗം. ഇന്നു സർവകലാശാലകളും സ്വകാര്യ ഏജൻസികളുമാരംഭിക്കുന്ന നിരവധി ട്രെയിനിംഗ് കോഴ്സുകൾ സ്കൂൾ കരിക്കുലവുമായി ശാസ്ത്രീയമായി ബന്ധിപ്പിക്കുകയും അടിസ്ഥാനമേഖലകളിൽ കൂടുതൽ പരിശീലന-വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുകയും വേണം. സ്കൂൾ കരിക്കുലത്തിൽ സമഗ്രമായ അഴിച്ചുപണിയാണ് ഇതാവശ്യപ്പെടുന്നത്. ഇത്തരം അഴിച്ചുപണി രണ്ടു കാരണങ്ങൾകൊണ്ടു പ്രസക്തമാണ്. a) മാറിവരുന്ന വൈജ്ഞാനിക മേഖലകളും തൊഴിൽ വിപണിയുടെ സ്വഭാവവും പാഠ്യപദ്ധതിയുടെയും ബോധന രൂപങ്ങളുടെയും ഘടനയിൽ മാറ്റങ്ങൾ അനിവാര്യമാക്കുന്നു. b) ജനനനിരക്കിന്റെ താഴ്ച സൃഷ്ടിക്കുന്ന പുതിയ സാഹചര്യങ്ങളും ഇന്നത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ദൗർബല്യങ്ങളും മാറ്റം അനിവാര്യമാക്കുന്നു. കരിക്കുലത്തിൽ അക്കാദമിക്ക് തലം, സാങ്കേതിക-തൊഴിൽതലം, മൂല്യവിദ്യാഭ്യാസത്തിന്റെയും കോകരിക്കുലർ, എക്സ്ട്രാകരിക്കുലർ പ്രവർത്തനങ്ങളുടെയും തലം എന്നിവയുണ്ടാകും. ഇവയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയും ബോധനരൂപങ്ങളും മൂല്യനിർണയവുമാണാവശ്യം. ഇതനുസരിച്ച് അധ്യാപകരുടെ പങ്ക്, അധ്യാപക-വിദ്യാർഥി അനുപാതം, സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ എന്നിവയിലെല്ലാം മാറ്റമുണ്ടാകും. പുതിയ സ്കൂൾ സങ്കൽപത്തിൽ ഹയർസെക്കണ്ടറി തലം ഉണ്ടാകും. വൊക്കേഷണൽ-അക്കാദമിക് എന്നീ വിഭജനങ്ങൾ കാലക്രമേണ അപ്രത്യക്ഷമാകും. ഇവ രണ്ടും ഒരേ കരിക്കുലത്തിൻറെ ഭാഗമാകും. പുതിയ കരിക്കുലത്തിനനുസരിച്ചു നടത്തപ്പെടുന്ന സ്കൂളുകളുടെ അധികവിഭവസമാഹരണം സ്വകാര്യ ഏജൻസികളും ""സംഭാവന'കൾ വഴിയുമല്ല സാധിക്കേണ്ടത്. സ്കൂൾ വിദ്യാഭ്യാസം പൂർണമായി പഞ്ചായത്ത് രാജ് സംവിധാനത്തിൻറ കീഴിൽ വരും. ഒരു സ്കൂളിനെ നിലനിർത്താനും ശക്തിപ്പെടുത്താനുമാവശ്യമുള്ള അധികവിഭവ സമാഹരണം പഞ്ചായത്തുകൾ നടത്തും. പ്രത്യേകാവശ്യങ്ങൾക്കുള്ള ഫണ്ടു ശേഖരണം, ധനികരിൽനിന്ന് വിദ്യാഭ്യാസ സെസ് മുതലായവ ഏർപ്പെടുത്താൻ പഞ്ചായത്തുകൾക്കധികാരമുണ്ടാകും. ഇത്തരം പിരിവുകൾ വിദ്യാർഥികളുടെ പ്രവേശനം, അധ്യാപകനിയമനം എന്നിവയ്ക്കുള്ള മാനദണ്ഡമാകില്ല. കരിക്കുലം രൂപീകരണം സംസ്ഥാനത്തിൽ പൊതുവെയായിരിക്കുമെങ്കിലും പ്രാദേശിക പ്രത്യേക തകളനുസരിച്ച് സിലബസ്, ബോധനരൂപങ്ങൾ, മൂല്യനിർണയം എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്യം അതതു ജില്ലകളിലെ അക്കാദമിക് സമിതികൾക്കും അധ്യാപകർക്കുമുണ്ടാകും. റിമെഡിയൽ പരിശീലനം, അധ്യാപക പുനഃപരിശീലനം തുടങ്ങിയവയും ജില്ലയിൽ ആസൂത്രണം ചെയ്യാം. ഇവയെല്ലാം നടത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ സമിതിയും പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ, സ്കൂൾ വിദ്യാഭ്യാസസമിതികൾ എന്നിവ വേണം. അധ്യാപകർ, രക്ഷാകർത്താക്കൾ, മാനേജ്മെൻറ് -ഗവൺമെൻറ് പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരടങ്ങിയ ജനാധിപത്യസ്വഭാവമുള്ള സമിതികളാണാവശ്യം. വിദ്യാഭ്യാസത്തിനുമേലുള്ള സാമൂഹ്യ നിയന്ത്രണം, അയൽപക്കസ്കൂളുകൾ എന്നിവ ശക്തിപ്പെടുത്തണം. പൈമറിതലത്തിൽ പ്രാദേശിക ഭാഷാപഠനം നിർബന്ധിതമാക്കണം. മറ്റു ഭാഷകൾ സെക്കണ്ടറിതലത്തിലും. വിദേശഭാഷകൾ വിജ്ഞാന ഭാഷകളെന്ന നിലയിൽ പഠിക്കണം. ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ സർവകലാശാലകളാണ്. പ്രാദേശിക വൈജ്ഞാനിക-ഗവേഷണ കേന്ദ്രങ്ങളെന്ന നിലയിൽ സർവകലാശാലകളെ ശക്തിപ്പെടുത്തണം. സർവകലാശാലകളെ പേയ്മെൻറ് സ്വഭാവമുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളായി അധഃപതിപ്പിക്കുന്നതിനു പകരം സംസ്ഥാനത്തിലെ ഗവേഷണ വികസന പ്രവർത്തനങ്ങളുടെ മനുഷ്യ വിഭവകേന്ദ്രങ്ങളായി മാറാൻ സർവകലാശാലകൾക്കു കഴിയണം. സർവകലാശാലകളുടെ പ്രധാന ഉദ്ദേശ്യം എല്ലാ വൈജ്ഞാനിക മേഖലകളിലുമുള്ള വിജ്ഞാനസമാഹരണവും ഗവേഷണപഠനങ്ങളുമാണ്. അതിനോടൊപ്പം കോളേജുകളിലെ ബിരുദ-ബിരുദാനന്തര പഠനങ്ങൾക്ക് അവർ നേതൃത്വം നൽകുകയും ചെയ്യുന്നു. സർവകലാശാലകളിലേക്കുള്ള ധനസഹായത്തിൻറെ സ്വഭാവം ഇതനുസരിച്ച് ഉടച്ചുവാർക്കാൻ കഴിയണം. കോളേജുകളിലെ ബിരുദ-ബിരുദാനന്തര പഠനമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിലെ ഏറ്റവും ദുർബലമായ കണ്ണി. എല്ലാ സർവകലാശാലകളും സഹകരിച്ച് ഇന്നത്ത് കാലഹരണപ്പെട്ട പാഠ്യപദ്ധതി പൂർണമായി ഉടച്ചുവാർക്കേണ്ടതാണ്. പ്രീഡിഗ്രി, കോളേജുകളിൽനിന്ന് മാറിയാൽപോലും ഈ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. കേരളത്തിൻറെ വികസനവുമായി ബന്ധപ്പെട്ട കോഴ്സുകളോടൊപ്പം ഉന്നതവൈജ്ഞാനിക മേഖലകളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന കോഴ്സുകളും ചേർന്നുള്ള വിദ്യാഭ്യാസപദ്ധതി രൂപീകരിക്കാൻ കഴിയണം. സാങ്കേതിക-പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലകളിലും ഇതുപോലെ സമഗ്രമായ മാറ്റം ആവശ്യമാണ്. സേവനമേഖലയെ മാത്രം കേന്ദ്രീകരിക്കുന്ന മെഡിക്കൽ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തെ ഊതിവീർപ്പിച്ചു കച്ചവടച്ചരക്കാക്കുന്നതിനു പകരം പാരാമെഡിക്കൽ പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെയും സാങ്കേതിക പ്രവർത്തകരെയും പരിശീലിപ്പിക്കുകയാണ് അടിസ്ഥാനമേഖലകളെ വികസിപ്പിക്കാൻ ശ്രമിക്കുന്ന പ്രദേശത്തിനാവശ്യം. അതിനായി വിപുലമായ ഒരു പോളിടെക്നിക്കൽ വിദ്യാഭ്യാസ ശ്യംഖല സംവിധാനം ചെയ്യേണ്ടതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാതെ സി.ബി. എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾതേടി അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ എത്തുന്ന പ്രവണത അവസാനിപ്പിക്കാൻ കഴിയുകയില്ല. ഉന്നതവിദ്യാഭ്യാസം ഉടച്ചുവാർക്കാതെ നമുക്കാവശ്യമുള്ള ശാസ്ത്രസാങ്കേതിക പ്രവർത്തകരെയും വിദഗ്ധരെയും സൃഷ്ടിക്കാനാവില്ല. വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്നതുകൊണ്ട് അതിൻറ ജീർണതയ്ക്കും നിലവാരത്തകർച്ചയ്ക്കും പരിഹാരം കാണാനാവില്ല. കേരളത്തിന്റെ വിദ്യാഭ്യാസ പരിവർത്തനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന പരിപാടികളായി മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ വിജയിച്ചിട്ടുള്ളത്. ജനകീയ പ്രസ്ഥാനങ്ങളുടേതായ അടിത്തറയാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ വ്യാപിപ്പിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്നത് ഇന്ന് ജനങ്ങളുടെ ആവശ്യമാണ്. ഗവൺമെന്റ് തലത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ മാത്രം നടത്തുന്ന ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ വിജയിക്കാൻ പോകുന്നില്ല. ജനപങ്കാളിത്തത്തോടെ, വിപുലമായ തോതിൽ നടത്തിയ പരിപാടികൾ വിജയിക്കുന്നുവെന്നതിന് കാസർഗോഡിലെ മടിക്കൈ പഞ്ചായത്ത് കോംപ്ലക്സിലെ പരിപാടിയും കണ്ണൂരിലെ ശിവപുരം സ്കൂൾ കോംപ്ലക്സിലെ കല്യാശ്ശേരി പഞ്ചായത്ത് കോംപ്ലക്സ് പരിപാടിയും ഉദാഹരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ ഗവൺമെന്റുദ്യോഗസ്ഥൻമാരല്ല തീരുമാനിക്കേണ്ടത്. സർവകലാശാലകളിലും കോളേജുകളിലുമുള്ള അക്കാദമിക് സമുദായമാണ്. സർവകലാശാലകളിലെ അക്കാദമിക് സമുദായത്തെ മറികടന്ന് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്നവരെ ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഉത്തരവാദിത്വമേൽപിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തോടുള്ള അവഹേളനമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹ്യനിയന്ത്രണം, ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം എന്നിവ ഇന്നും പ്രസക്തമായ ആശയങ്ങളാണ്.
ഇന്നത്തെ ആവശ്യങ്ങളും കടമകളും
വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനും പൊതു വിദ്യാഭ്യാസത്തെ പടിപടിയായി നശിപ്പിക്കാനുമുള്ള പരിപാടിയുമായാണ് ഗവൺമെന്റ് മുന്നോട്ടു നീങ്ങുന്നത്. ലോകബാങ്കും സാമാജ്യത്വശക്തികളും നിർദേശിക്കുന്ന വിദ്യാഭ്യാസപരിപ്രേക്ഷ്യം ഇന്നവർക്ക് പിന്തുണയായുണ്ട്. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കടിത്തറയായ സമത്വം, ജനാധിപത്യം, തുല്യഅവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനിയന്ത്രണം മുതലായ ആശയങ്ങൾ കാലഹരണപ്പെട്ടിട്ടില്ലെന്നു വിശ്വസിക്കുന്ന ജനാധിപത്യവാദികൾക്ക് സ്വന്തമായ ഒരു ബദൽ പരിപ്രേക്ഷ്യം അവതരിപ്പിക്കേണ്ടതുണ്ട്. അതിലേക്ക് ചില സൂചനകളാണ് മുമ്പ് നൽകിയത്. അവികസിതരാഷ്ട്രങ്ങളുടെ പശ്ചാത്തലത്തിലാണ് ചെലവുകൾ പരമാവധി ചുരുക്കിക്കൊണ്ടുള്ള സ്ഥായിയായ വിദ്യാഭ്യാസരൂപങ്ങൾ സാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനുള്ള ശ്രമങ്ങളെ നേരിടുക എന്നത് സ്ഥായിയായ വിദ്യാഭ്യാസക്രമത്തിന്റെ പ്രധാന ഘടകങ്ങളാണ്. അതിലേക്ക് അടിയന്തിരമായി ഉന്നയിക്കേണ്ട ചില ആവശ്യങ്ങളും ഏറ്റെടുക്കേണ്ട കടമകളും താഴെകുറിക്കുന്നു: a) കേരളത്തിലെ പൊതുവിദ്യാഭ്യാസപദ്ധതി പുനരാവിഷ്കരിക്കുകയും പാഠ്യപദ്ധതി പുനരാസൂത്രണം നടത്തുകയും ചെയ്യണം. അതിന്റെ ഘടകങ്ങൾ താഴെ പറയുന്നവയാകാം. i) 1960-ലെ കേരള വിദ്യാഭ്യാസ നിയമങ്ങൾ പുതിയ സാഹചര്യങ്ങളിൽ സമുചിതമായി പരിഷ്കരിക്കണം. അതിനാധാരമായി സമഗ്രമായ ഒരു വിദ്യാഭ്യാസ സർവേ നടത്തുകയും ഇന്നത്തെ വിദ്യാലയങ്ങളുടെ സ്ഥാനവും ഘടനയും പുനർനിർണയിക്കുകയും വേണം. അയൽപക്ക സ്കൂൾ സമ്പദായം കർശനമായി നടപ്പിലാക്കണം. ii) ‘സാമ്പത്തിക നഷ്ട'ത്തിന്റെ പേരിൽ സ്കൂളുകൾ അടച്ചിടുന്ന പ്രവണത അവസാനിപ്പിക്കണം. പുതിയ വിദ്യാഭ്യാസർവേയുടെ അടിസ്ഥാനത്തിൽ ഫീഡർ ഏരിയയിൽ സ്ഥിരം സ്കൂളുകൾ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ സ്കൂളുകൾ അടയ്ക്കാവൂ. ഇപ്പോൾ നടന്നുവരുന്ന അംഗീകാരമില്ലാത്ത പ്രൈമറി സ്കൂളുകളെല്ലാം ഉടനടി അടച്ചിടാൻ ഉത്തരവിറക്കണം. അവിടെയുള്ള കുട്ടികളെ അതേ ഏരിയായിലുള്ള ഗവൺമെൻറ്/എയിഡഡ് എൽ.പി.സ്കൂളുകളിൽ പ്രവേശിപ്പിക്കണം. iii) നിലവിലുള്ള അധ്യാപക-വിദ്യാർഥി അനുപാതം 1:25 എങ്കിലുമായി പുനർനിർണയിക്കണം. ഒന്നാം സ്റ്റാൻഡേർഡിലെ ഡിവിഷന്റെ വലിപ്പം 25 ആക്കി ചുരുക്കണം. കുട്ടികൾ തിങ്ങിയിരിക്കുന്ന ക്ലാസുകൾ ഉയർന്നനിലവാരമുള്ള ബോധനത്തിന് യോജിച്ചതല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. iv) സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്കൂളുകൾക്ക് അനുവാദം നൽകാനുള്ള നിബന്ധനകൾ കർശനമായി പുനർനിർണയിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റുമായി ആവശ്യമായ ചർച്ചകളാരംഭിക്കണം. v) 1-4 വരെ സ്റ്റാൻഡേർഡുകളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കർശനമായി നിരോധിക്കണം. vi) പ്രീപ്രൈമറി സ്കൂളുകളിൽ അക്ഷരപഠനം, ഗണിതം മുതലായവ അനുവദിക്കരുത്. vii) സ്കൂൾ പാഠ്യപദ്ധതി പുനരാരംഭിക്കുന്നതിനായി ഒരു കരിക്കുലം കമ്മീഷൻ നിയമിക്കണം. പ്രൈമറി വിദ്യാഭ്യാസം പരിഷ്കരിക്കുകയും പുതുക്കിയ പാഠ്യപദ്ധതി പരീക്ഷണാർഥം DIETകൾ വഴി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കുകയും വേണം. എം.എൽ.എൽ. നേടിയെടുക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന 280 സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി പരീക്ഷിക്കാം. തുടർന്ന് മറ്റു സ്കൂളുകളിലേക്കു വ്യാപിപ്പിക്കാം. viii) ഹയർ സെക്കന്ററി കോഴ്സുകൾ സ്കൂളുകളിലാരംഭിക്കണം. കേരളത്തിന്റെ സാഹചര്യങ്ങളിൽ വൊക്കേഷണൽ-അക്കാദമിക് ഘടകങ്ങളുൾക്കൊള്ളുന്ന പുതുക്കിയ കരിക്കുലം നടപ്പിലാക്കണം. പ്രീഡിഗ്രി മാത്യകയല്ല. ix) സമഗ്രമായ അധ്യാപക പുനഃപരിശീലനപദ്ധതി സംസ്ഥാനതലത്തിൽ നടപ്പിലാക്കണം. b) പഞ്ചായത്ത് രാജ് ബില്ലിൽ സ്കൂൾ വിദ്യാഭ്യാസം മുഴുവൻ പഞ്ചായത്തുകൾക്ക് കൈമാറിക്കൊണ്ടുള്ള വകുപ്പുകൾ വ്യക്തമായുൾക്കൊള്ളിക്കണം. ജില്ലാ വിദ്യാഭ്യാസ സമിതികൾ, പഞ്ചായത്ത് വിദ്യാഭ്യാസസമിതികൾ, സ്കൂൾ സമിതികൾ എന്നിവ നിലവിൽ വരുകയും സ്കൂളുകളുടെ മാനേജ്മെന്റ് ഇവയുടെ കയ്യിലാകുകയും വേണം, പ്രൈവറ്റ് എയിഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് പ്രതിനിധിയും സമിതിയിലുണ്ടാകണം. വിദ്യാഭ്യാസ സെസ്സുൾപ്പെടെ സ്കൂളുകൾക്കുവേണ്ട അധിക വിഭവസമാഹരണം നടത്താനുള്ള അവകാശം സമിതികൾക്കു നൽകണം. അധ്യാപകരുടെ നിയമനം പ്രത്യേക നിയമനബോർഡ് വഴിയാകണം, അക്കാഡമിക് മോണിട്ട14 റിംഗ് DIET -കൾ നടത്തണം. c) നിർദിഷ്ട ഫീസ് വർധനവ് പിൻവലിക്കുക. സ്കൂൾതല പാഠപുസ്തകങ്ങളുടെ മേലുള്ള സബ്സിഡി നിലനിർത്തണം. അധികവിഭവ സമാഹരണത്തിന് ധനികരുടെ ഇടയിൽനിന്ന് വിദ്യാഭ്യാസ സെസ്സ് പിരിക്കണം, d) സംസ്ഥാനതലത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടികൾ മുഴുവൻ സമന്വയിപ്പിക്കുകയും അവ സാക്ഷരതാ പരിപാടിയുടെ മാതൃകയിൽ ജനപങ്കാളിത്തത്തോടെയുള്ള സമഗ പദ്ധതിയാക്കി മാറ്റുകയും ചെയ്യുക. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികളുടെയും ജില്ലാ വിദ്യാഭ്യാസ സമിതികളുടെയും ആദ്യപ്രവർത്തനമാക്കി മാറ്റാം. e) കേരളത്തിലെ പേയ്മെന്റ് സീറ്റുകളുടെ സമ്പദായം പൂർണമായി അവസാനിപ്പിക്കുക. സർവകലാശാലകൾ നടത്തുന്ന പേയ്മെന്റ് സ്വഭാവമുള്ള ടെക്നിക്കൽ കോഴ്സുകളും അവസാനിപ്പിക്കുക. ടെക്നിക്കൽ കോഴ്സുകൾ ജില്ലാ വിദ്യാഭ്യാസ സമിതികളുടെ കീഴിൽ കൊണ്ടുവരാം. അവയുടെ മോണിട്ടറിങ് ടെക്നിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ഏൽപിക്കാം. 15-20 വയസ്സിലെ തൊഴിലില്ലാത്തവരിൽ ഭൂരിപക്ഷം പെൺകുട്ടികളായതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് കൂടുതൽ പ്രവേശനം നൽകണം. f) പുതിയ “സ്വാശയ കോളേജുകൾ തുടങ്ങാനുള്ള നീക്കം പൂർണമായി നിർത്തിവയ്ക്കുക. പുതിയ സാധ്യതയുള്ള ബയോടെക്നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകൾ കൊച്ചിൻ സർവകലാശാല കേന്ദ്രീകരിച്ച് ആരംഭിക്കുകയും പിന്നീട് മറ്റു എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യാം. കർണാടക മാതൃകയിലുള്ള എഞ്ചിനീയറിംഗ് “കോച്ചിങ് സെന്ററുകൾ നമുക്കാവശ്യമില്ല. g) പുതിയ സംസ്കൃത സർവകലാശാലയും മലബാർ സർവകലാശാലയും ഉപേക്ഷിക്കുക. സംസ്കൃത സർവകലാശാലയ്ക്കു പകരം നിലവിലുള്ള ഏതെങ്കിലും സംസ്കൃതപഠന സ്ഥാപനത്തെ ഉന്നതഗവേഷണ കേന്ദ്രമാക്കി ഉയർത്തിയാൽ മതി മലബാർ സർവകലാശാലയുടെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം തലശ്ശേരി, പാലയാട് കാലിക്കറ്റ് സർവകലാശാലയുടെ നോർത്ത് കാമ്പസ് സ്ഥാപിച്ച് പരിഹരിക്കാവുന്നതാണ്. തൃശൂർ, അരനാട്ടുകര സർവകലാശാലയുടെ സൗത്ത് കാമ്പസുമാക്കാം. h) സർവകലാശാലകൾക്ക് ലഭ്യമായ പണം ഇന്നത്തെ സർവകലാശാലാകേന്ദ്രങ്ങളെ ഉന്നതനിലവാരമുള്ള ഗവേഷണവികസന കേന്ദ്രങ്ങളാക്കാൻ ചെലവഴിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ പാഠ്യ പദ്ധതിയെ മാറ്റുന്നതിനായി സിലബസ് പരിഷ്കരണ കമ്മീഷനെ നിയമിക്കാം. അടുത്ത അഞ്ചുവർഷത്തിനകം പാഠ്യപദ്ധതി പൂർണമായി നവീകരിക്കണം. i) ഇന്നത്തെ വിദ്യാഭ്യാസരംഗത്തുള്ള ഉദ്യോഗസ്ഥ മേധാവിത്വവും രാഷ്ട്രീയ ഇടപെടലുകളും അവസാനിപ്പിക്കണം. ഭരണസംവിധാനം അക്കാദമിക് സമുദായത്തിന്റെ നിയന്ത്രണത്തിൽ വരുകയും പ്രവർത്തനരംഗങ്ങളിൽ പൂർണമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പുവരുത്തണം. അതുപോലെ പഞ്ചായത്ത് / ജില്ലാ സമിതികളുടെ മേലുള്ള ഉദ്യോഗസ്ഥ നിയന്ത്രണം അവസാനിപ്പിക്കണം.
നാളത്തെ വിദ്യാഭ്യാസം
കേരളത്തിന്റെ സ്വാശ്രയത്വത്തിലധിഷ്ഠിതമായ സ്ഥായിയായ വികസനത്തിനാവശ്യമായ വിദ്യാഭ്യാസം വളർത്തുന്നതിനുള്ള ചില വഴികളാണ് മുൻനിർദേശിച്ചത്. സാമാജ്യത്വത്തിന്റെ വിദ്യാഭ്യാസ ആശയങ്ങളും നമ്മുടെ ഭരണാധികാരികളുടെ സ്ഥാപിതതാൽപര്യങ്ങളും ഒന്നുചേർന്നാണ് ഇന്നത്തെ വാണിജ്യവൽകൃതമായ വിദ്യാഭ്യാസം സൃഷ്ടിക്കുന്നത്. അതിനെതിരായ പോരാട്ടം രണ്ടുതലത്തിൽ നടത്തേണ്ടിതാണ്. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരായ സമരവും ബദൽ വിദ്യാഭ്യാസ രൂപങ്ങളുടെ നിർമാണവും. ഈ സമരത്തിൽ മുൻകയ്യെടുക്കേണ്ടത് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരാണ്, സർവോപരി അധ്യാപകരാണ്. അധ്യാപകർ നാളത്തെ വിദ്യാഭ്യാസം സൃഷ്ടിക്കാനുള്ള അവരുടെ അവകാശം ഊന്നിപ്പറയേണ്ട കാലമായിരിക്കുന്നു. അവരോടൊപ്പം കേരളത്തിലെ ജനാധിപത്യവാദികളും ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമുണ്ടാകുമെന്നതു തീർച്ചയാണ്.