കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ഉന്നതവിദ്യാഭ്യാസം
കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ
ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.
നാടിന്റെ വികസനത്തിന്റെയും സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാവണം ഉന്നതവിദ്യാഭ്യാസം. സാമൂഹ്യവും രാഷ്‌ട്രീയവും സാംസ്‌കാരികവും ശാസ്‌ത്രീയവും സാങ്കേതികവുമായ എല്ലാ രംഗങ്ങളിലെയും നേതൃത്വപരമായ ചുമതലകൾ ഏറ്റെടുക്കാൻ വ്യക്തികളെ പ്രാപ്‌തരാക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം. അതോടൊപ്പംതന്നെ സാമൂഹ്യ വളർച്ചയ്‌ക്കാവശ്യമായ പുത്തൻ അറിവുകൾ സൃഷ്‌ടിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിന് കഴിയണം. രാഷ്‌ട്രത്തിന്റെ ബുദ്ധിപരമായ ചലനാത്മകതയും സാമ്പത്തികമായ വളർച്ചയും മുഖ്യമായും തീരുമാനിക്കപ്പെടുന്നത് അവിടുത്തെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ ഉള്ളടക്കത്തിലാണെന്ന് കമ്മീഷൻ വിലയിരുത്തുന്നു. വികസിക്കാൻ വെമ്പൽകൊള്ളുന്ന ഒരു സമൂഹമെന്ന നിലക്ക് നമുക്ക് ഉന്നതമായ സാങ്കേതിക വിദഗ്‌ധർവേണം. തൊഴിൽ സംരഭകരും മാനേജർമാരും വേണം. അത്രയുംതന്നെ പ്രാധാന്യമുള്ളതാണ് അടിസ്ഥാനവിജ്ഞാന മേഖലകളിലെയും മാനവികവിജ്ഞാന മേഖലകളിലെയും വളർച്ചയും വികാസവും. ആകയാൽ പരമ്പരാഗതമായ വൈജ്‌ഞാനിക മേഖലകളിലെ പഠനഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ആധുനിക സാങ്കേതിക മേഖലകളിലെ വൈജ്ഞാനിക ശാഖകളിലും വികാസം ലക്ഷ്യം വെക്കണം. ഇന്നത്തെ ബിരുദ ബിരുദാനന്തര ഗവേഷണമേഖല ഈ ചലനാത്മകത പ്രദാനം ചെയ്യുന്നില്ല. തൊഴിലന്വേഷകരെ സൃഷ്‌ടിക്കുകയല്ല തൊഴിൽ തന്നെ സൃഷ്‌ടിക്കുന്ന ഉന്നത വിദ്യാഭ്യാസപദ്ധതിയാണ് നമുക്ക് വേണ്ടത്.
ഈ പൊതുപരിഗണനകൾ വെച്ചുകൊണ്ടുവേണം ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം നടത്തേണ്ടത്. രണ്ട് മാനദണ്‌ഡങ്ങളാണ് ബിരുദപഠനത്തിന്റെ ലക്ഷ്യമായി മുന്നിൽ കാണേണ്ടത്.
(1) ബിരുദപഠനത്തിനെത്തുന്ന മുഴുവൻ പേർക്കും അവരുടെ വിഷയങ്ങളിൽ സമകാലീന വിജ്ഞാനം ലഭിക്കണം.
(2) ഭൂരിപക്ഷം പേർക്കും ആ വിജ്ഞാനം ഉപയോഗിച്ചുകൊണ്ട് സമൂഹത്തിൽ ക്രിയാത്മകമായ ഒരു പങ്ക് വഹിക്കാൻ സാധിക്കണം. വ്യക്തിപരമായ ഒരു തൊഴിൽ ചെയ്യാനുള്ള പ്രാഥമിക നൈപുണിക്കപ്പുറമായി വിവിധ മേഖലകളിൽ വൈദഗ്‌ധ്യം ആർജിച്ച് സമൂഹത്തിന് പ്രയോജനകരമാവും വിധം നേതൃത്വപരമായ പങ്കുവഹിക്കാൻ ഉന്നതവിദ്യാഭ്യാസം പഠിതാക്കളെ സഹായിക്കണം.
ഈ പരിഗണനയുടെ അർഥം, നമ്മുടെ ബിരുദ പഠനത്തിൽ, ലോകത്തിലെ ഏത് സർവകലാശാലയും നൽകുന്ന നിലവാരത്തിലുള്ള അക്കാദമിക ഘടകം ഉണ്ടായിരിക്കണം എന്നതോടൊപ്പം പ്രാദേശിക പ്രസക്തിയുള്ള ഒരു പ്രായോഗിക പരിശീലനവും ഉണ്ടാവണം എന്നതാണ്. ഈ രീതിയിൽ നമ്മുടെ ബിരുദ പഠനത്തെ പുനക്രമീകരിക്കാനുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
1. ബിരുദപഠനത്തെ പേപ്പറുകൾക്കു പകരം കോഴ്‌സുകളായി ക്രമീകരിക്കണം. മൂന്നൂ തരത്തിലുള്ള കോഴ്‌സുകൾ നൽകാം. അടിസ്ഥാന കോഴ്‌സുകൾ, കോർ കോഴ്‌സുകൾ, ഐച്ഛിക കോഴ്‌സുകൾ. ഇവയിൽ അടിസ്ഥാന കോഴ്‌സുകൾ വിഷയപഠനത്തിന് പ്രവേശകവും ഐച്ഛിക വിഷയങ്ങൾ സൈദ്ധാന്തികമോ പ്രായോഗികമോ ആയ മേഖലയിൽ പ്രത്യേക അവഗാഹം നേടാനുള്ളവയുമായിരിക്കും. ഐച്ഛിക വിഷയങ്ങളിൽ വൊക്കേഷണൽ കോഴ്‌സുകൾ ഉൾപ്പെടുത്താം.
അടിസ്ഥാന വിഷയങ്ങളായി ഉൾപ്പെടുത്താവുന്ന ഇന്ത്യൻസാംസ്‌കാരിക പാരമ്പര്യം, പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും, ശാസ്‌ത്രചരിത്രം, തർക്കവും ശാസ്‌ത്രരീതിയും, സമകാലികലോകം മുതലായവ.
കോർവിഷയങ്ങൾ രണ്ടോ മൂന്നോ പ്രത്യേകവിഷയങ്ങളിൽ പെട്ടവയാകാം. ഇവയുടെ വ്യത്യസ്‌ത തരത്തിലുള്ള സംയോജനങ്ങളും ആകാം. ഉദാഹരണം ഗണിതം, സാംഖികം, ഭാതികം; ഭൗതികം, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്; ബയോളജി, ബയോകെമിസ്‌ട്രി, പരിസ്ഥിതിശാസ്‌ത്രം ഇങ്ങനെ പലതുമാകാം. ത്രീമെയിൻ സമ്പ്രദായം പോലുള്ള സംവിധാനമല്ല ഇത്. ബഹുവിഷയാത്മക സ്വഭാവമുള്ള കോഴ്‌സുകളാവണം ഇവ.
മൂന്നു വർഷത്തെ ബിരുദപഠനത്തോടെ വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ താൽപര്യമുള്ളവർക്ക് ഐച്ഛികമായി വൊക്കേഷൻ തെരഞ്ഞെടുക്കാം.
ആശയവിനിമയോപാധിയായി മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഹയർസെക്കണ്ടറിതലത്തിൽത്തന്നെ ആവശ്യത്തിന് നിലവാരത്തിൽ എത്തുന്നതാണ്.
2 ബിരുദ പഠനത്തിന്റെ കരിക്കുലവും സിലബസ്സ് ചട്ടക്കൂടും ബോർഡ് ഓഫ് സ്റ്റഡീസ് തന്നെ തീരുമാനിക്കണം. സിലബസ്സിന്റെ ആവിഷ്‌ക്കാരത്തിൽ അതതു വിഷയങ്ങളിലെ കോളേജ് അധ്യാപകർ പങ്കാളികളാവണം. വ്യത്യസ്‌ത കോളേജുകളിലെ കോഴ്‌സ് കോമ്പിനേഷനുകൾ അതതു കോളേജുകളിലെ ഡിപ്പാർട്ടുമെന്റുകൾക്കു തെരഞ്ഞെടുക്കാം. സിലബസ്സ് നിർവഹണവും മൂല്യനിർണയവും സ്ഥിരമായി മോണിട്ടർ ചെയ്യുന്ന സമിതികളായി ബോർഡ് ഓഫ് സ്റ്റഡീസ് പ്രവർത്തിക്കണം.
ആത്യന്തികമായി അക്കാദമിക് ഒട്ടോണമി വകുപ്പുകൾക്കു നൽകേണ്ടതാണ്. ഇത് അക്കാദമികരംഗത്ത് കൂടുതൽ വൈവിധ്യവൽക്കരണത്തിനും കാലികവും പ്രാദേശികവുമായ ആവശ്യങ്ങൾക്കനുസൃതമായി കോഴ്‌സുകളിൽ മാറ്റം വരുത്തുന്നതിനും വലിയൊരളവുവരെ സഹായിക്കും. കോഴ്‌സുകളുടെ ഇന്നത്തെ അയവില്ലായ്‌മയും നടപ്പാക്കുന്നതിലെ കാലതാമസവും സിസ്റ്റത്തിന്റെ ജഡത്വവും കുറയ്‌ക്കാൻ ഇത് അനിവാര്യമാണ്.
പക്ഷെ, ഇന്നത്തെ കോളേജ് ഡിപ്പാർട്ടുമെന്റുകൾ സ്വന്തമായി കോഴ്‌സ് സംവിധാനം ചെയ്യാനുള്ള ശേഷി നേടിയിട്ടില്ല. അത് അവർക്ക് പ്രദാനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ എടുത്തതിനുശേഷമേ ഇത്തരത്തിലുള്ള മാറ്റത്തെക്കുറിച്ച് ചിന്തിക്കാവൂ.
സിലബസ് രൂപീകരണം ജനാധിപത്യപരമായ പ്രക്രിയയാക്കുകയും അതിൽ എല്ലാ അധ്യാപകരെയും പങ്കാളികളാക്കുകയും ചെയ്യുക. കോഴ്‌സുകളിൽ വൈവിധ്യവൽക്കരണം അനുവദിക്കുകയും അതിൽ അനുയോജ്യമായവ തെരഞ്ഞെടുക്കാൻ കോളേജുകളെ അനുവദിക്കുകയും ചെയ്യുക, മൂല്യനിർണയത്തിന്റെ ഒരു ഭാഗം ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയാക്കുക മുതലായ മാറ്റങ്ങളിലൂടെ ഇതു നടപ്പിലാക്കാം. സർവകലാശാല ഡിപ്പാർട്ടുമെന്റുകൾക്ക് പുതിയ കോഴ്‌സുകൾ രൂപകൽപ്പനചെയ്യാൻ അനുമതി നൽകുന്നതിലൂടെ ഈ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കാം. കാലക്രമേണ ഓരോ അധ്യാപകനും താൻ പഠിപ്പിക്കാനുദ്ദേശിക്കുന്ന കോഴ്‌സ് മുൻകൂട്ടി പ്രഖ്യാപിക്കാനും കുട്ടികൾക്ക് കോഴ്‌സുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകാനും കഴിയണം.
3 ബിരുദ പഠനം ബഹുവിഷയാത്മക സ്വഭാവമുള്ളവയാകണം. പരസ്‌പര ബന്ധിതമായ രണ്ടോ മൂന്നോ വിഷയങ്ങളിൽ കോഴ്‌സുകൾ നൽകാം.
ബിരുദപഠനത്തെ സാമൂഹ്യപ്രസക്തിയുള്ള ഏതെങ്കിലും വൈജ്ഞാനിക - പ്രായോഗിക മേഖലകളുമായി ബന്ധപ്പെടുത്തുന്നത് ബിരുദപഠനത്തിന്റെ ലക്ഷ്യനിർണയം നടത്താൻ സഹായകരമാണ്. സാമൂഹ്യമായ വൈജ്ഞാനിക മേഖലകൾ ഒരു പ്രത്യേകവിഷയവുമായി ബന്ധപ്പെട്ടുമാത്രമല്ല കിടക്കുന്നത്. പരസ്‌പര ബന്ധിതമായ പഠനത്തിനുവേണ്ടിയാണ് മെയിൻ / സബ്‌സിഡിയറി സമ്പ്രദായം കൊണ്ടുവന്നതെങ്കിലും അതു ഫലപ്രദമായിട്ടില്ല. അതിനുപകരം ബഹുവിഷയാത്മക കോഴ്‌സുകൾ വിഭാവനം ചെയ്യുന്നതാണ് നല്ലത്.
4 അധ്യാപനം, കൃഷി, നിയമം, ലൈബ്രറി സയൻസ് മുതലായവയിൽ പ്രത്യേക ബിരുദകോഴ്‌സുകൾ ഡിസൈൻ ചെയ്യണം. പ്രീ പ്രൈമറി മുതൽ സെക്കണ്ടറി വരെയുള്ള അധ്യാപകർ അതതു മേഖലകളിൽ ത്രിവത്സരബിരുദം പൂർത്തിയാക്കണം. ഹയർസെക്കണ്ടറി തലത്തിൽ പഠിപ്പിക്കാനുള്ള യോഗ്യത അധ്യാപനത്തിൽ പഞ്ചവത്സര ബിരുദകോഴ്‌സുകൾ (MSc Ed, MA Ed മുതലായവ) നേടിയവർക്കാകണം.
ഭാവിയിൽ എല്ലാ പ്രൈമറി അധ്യാപകരും (എൽപി/ യു.പി) ബിരുധധാരികളായിരിക്കണം. അധ്യാപനത്തിൽ അഭിരുചിയുള്ളവരെ മാത്രമേ ആ മേഖലയിലേക്ക് കടന്നു ചെല്ലാൻ അനുവദിക്കാവു. മറ്റൊന്നും കഴിയില്ലെങ്കിൽ അധ്യാപകൻ എന്ന സമീപനം തീർത്തും ഉപേക്ഷിക്കണം. പെഡഗോഗി ഐച്ഛികമായി ആഴത്തിൽ പഠിപ്പിക്കണം. ശാസ്‌ത്രാധ്യാപകർ ശാസ്‌ത്രം പഠിപ്പിക്കുന്നതിനുള്ള എല്ലാ സാങ്കേതികവിദ്യകളും ഉൾക്കൊള്ളണം. ശാസ്‌ത്രാധ്യാപനത്തിലാണ് അവർക്കു ബിരുദം നൽകേണ്ടത്. അതുപോലെത്തന്നെ മറ്റുവിഷയങ്ങളുടെ കാര്യത്തിലും.
5 പൂർണസമയ വൊക്കേഷണൽ കോഴ്‌സുകൾ കോളേജുകളിൽ വേണമെന്നില്ല. കമ്യൂണിറ്റി പോളിടെക്‌നിക്കുകൾ, ജനശിക്ഷണ സംസ്ഥാൻ (ശ്രമിക് വിദ്യാപീഠം), വ്യവസായശാലകൾ, സർക്കാർ / അർധസർക്കാർ/ സ്വകാര്യസ്ഥാപനങ്ങൾ, ലോക്കൽ ബോഡികൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയെയൊക്കെ ഇത്തരം കോഴ്‌സുകൾ നടത്താൻ ചുമതലപ്പെടുത്താം. അവയുടെ നിലവാരം ഉറപ്പുവരുത്തുന്ന അക്രഡിറ്റേഷൻ വ്യവസ്ഥകളും നടപ്പിൽ വരുത്തണം. അക്രഡിറ്റിങ് ഏജൻസി സംസ്ഥാന സർക്കാർ ആകണം.
ഇതിൽ നിരവധി വൊക്കേഷണൽ കോഴ്‌സുകൾ ഉൾപ്പെടുത്താം. ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.
1. Computer Applications
2. Computer Maintanance
3. Instrumentation
4. Medical Instrumentation
5. Consumer Electronic Maintanance
6. Medical Technology
7. Printing Technology
8. Journalism
9. Mass Communication
10. Science Communication
11. Vedeo Production
12. Solar Power Technology
13. Rural Technology
14. Food Technology
15. Environmental Science
16. Applied optics
17. Animal Husbendry
18. Factory Management
19. Catering
20. Textile Technology
21. Wood Technology
22. Agriculture
23. Fisheries
24. Cere culture
25. Pedagogi
26. Electrical Technology & wireman
27. Automobile Technology
28. Mutation Breeding
29. Hospital Management
30. Hotel Management
31. Creative writing
32. Translation
33. Library Maintanance
34. Tourism
35. Rabbitry
36. Plant Breeding
37. Decentralised Planning
38. Urban Planning
ഇവകൂടാതെ പ്രാദേശിക പ്രധാന്യമുള്ള മറ്റു നിരവധി കോഴ്‌സുകളും ഉൾപ്പെടുത്താം. കോഴ്‌സുകൾക്ക് പലവിധത്തിലുള്ള കാല പരിധികളും ലക്ഷ്യങ്ങളുമുണ്ടാകം. അവ അക്രഡിറ്റേഷനു വിധേയമായി കോഴ്‌സു നൽകുന്ന കേന്ദ്രത്തിനു തന്നെ ഡിസൈൻ ചെയ്യാം.
6 ബിരുദ ബിരുദാനന്തര പഠനങ്ങൾക്ക് ക്രഡിറ്റ് അടിസ്ഥാനത്തിലുള്ള സെമസ്റ്റർ സിസ്റ്റമാക്കണം. 6 സെമസ്റ്ററുകൾ. ഓരോ സെമസ്റ്ററുകളിലും 4 കോഴ്‌സുകൾ (ഒരു കോഴ്‌സിന് 6 പിരിയഡ്) മൊത്തം 24 കോഴ്‌സുകൾ. അടിസ്ഥാന കോഴ്‌സുകൾ ആദ്യത്തെ സെമസ്റ്ററിൽ പൂർത്തിയാക്കണം. അവസാനത്തെ 2 സെമസ്റ്ററുകൾ ഐച്ഛികങ്ങളാവാം.
7 വിജ്ഞാനമേളകൾ, ഡിബേറ്റുകൾ, ചർച്ചകൾ, പ്രോജക്‌ടുകൾ, അസൈൻമെന്റ്‌സ്, പ്രബന്ധങ്ങൾ എന്നിവയെല്ലാം വിജ്ഞാനസമ്പാദനത്തിന്റെ ഭാഗമാക്കണം. ഐ.ടി, വീഡിയോ ലെക്‌ചറിങ്ങ്, ഓഡിയോ ലെക്‌ചറിങ്ങ്, എന്നിവയും ഉപയോഗപ്പെടുത്തണം. അതിനുതകുന്ന രീതിയിൽ കോളേജുകളിലെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരണം.
8 വിവിധ ശാസ്‌ത്രസ്ഥാപനങ്ങൾ, നാഷണൽ ലബോറട്ടറികൾ, സാങ്കേതിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയുടെ സഹകരണം വിദ്യാഭ്യാസത്തിന് ലഭ്യമാക്കണം.
നാഷണൽ ലബോറട്ടറികളിലേയും ദേശീയ സ്ഥാപനങ്ങളിലേയും പ്രഗത്ഭർ ഗസ്റ്റ് ഫാക്കൽട്ടി എന്ന നിലയ്‌ക്ക് ഇടക്ക് ബിരുദവിദ്യാർഥികൾക്ക് തെരഞ്ഞെടുത്ത വിഷയങ്ങളിൽ ക്ലാസെടുക്കാൻ ഒരു സ്‌കീം വേണം. ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുവാനും അവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാനും വിദ്യാർഥികൾക്ക് കഴിയണം. കോഴ്‌സിനിടയിൽ ടെസ്റ്റുകൾ നടത്തി കഴിവുറ്റവരെ കണ്ടെത്തി വിവിധസ്ഥാപനങ്ങളിലേക്ക് ഭാവിയിൽ തെരഞ്ഞെടുക്കുന്ന സമ്പ്രദായം ഉണ്ടാവണം. ഇത്തരം കുട്ടികൾക്കു പഠനത്തിനുവേണ്ട സാമ്പത്തികസഹായവും സ്‌കോളർഷിപ്പും ഇത്തരം സ്ഥാപനങ്ങൾ നൽകണം. ബിരുദവിദ്യാർഥികളുടെയും അവിടങ്ങളിലെ അധ്യാപകരുടെയും സേവനം പ്രോജ്‌ക്‌ടുകളിലും മറ്റു ശാസ്‌ത്രസാങ്കേതിക കാര്യങ്ങളിലും പ്രയോജനപ്പെടുത്താൻ തദ്ദേശഭരണസ്ഥാപനങ്ങളിലും പരിപാടിയുണ്ടാക്കണം.
9 സർവകവലാശാലയിൽ ഒരു പരീക്ഷാ ഗവേഷണ വിഭാഗമുണ്ടാക്കണം.
കോളേജുകളിൽ നടത്തേണ്ട പരീക്ഷകൾക്കുവേണ്ട മാതൃകാചോദ്യ ബാങ്കുകൾ ഉണ്ടാക്കുക, ആന്തരിക പരീക്ഷകളുടെ ചോദ്യങ്ങൾ വിലയിരുത്തുക, നിരന്തരമായി പുതിയ ചോദ്യങ്ങൾ ചോദ്യബാങ്കിലേക്ക് നിക്ഷേപിക്കുക, പുതിയ പരീക്ഷാരീതികൾ ആവിഷ്‌കരിക്കുക എന്നിവയാണ്‌ബോഡിയുടെ ചുമതല. ഓരോ വിഷയത്തിലേയും അദ്ധ്യാപകർ ഗസ്റ്റ് ഫാക്കൽറ്റി എന്ന നിലയിലായിരിക്കും ഈ കൃത്യം നിർവഹിക്കുക (ഫുൾടൈം അല്ല). സിലബസ് പരിഷ്‌കരിക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസാണ് പരീക്ഷകൾ ഏതൊക്കെ വിധം, ഏതൊക്കെ ചോദ്യങ്ങൾ എന്നൊക്കെ തീരുമാനിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസിനുവേണ്ട അക്കാദമിക സഹായം പരീക്ഷാ ഗവേഷണ വിഭാഗം നൽകണം.
10 സർവകലാശാലയിൽ ഒരു പ്രവർത്തിക്കുന്ന കരിക്കുലം ഡവലപ്‌മെന്റ് കൗൺസിൽ രൂപീകരിക്കണം.
ഉന്നത വിദ്യാഭ്യാസത്തിന് കരിക്കുലം ഇന്നില്ല. കോഴ്‌സ് ഘടനയും സിലബസ് പരിഷ്‌കരണവും എല്ലാം നടക്കേണ്ടത് കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന്റെ വികസനം, ഇന്നത്തെ വികസന ആവശ്യങ്ങൾ, പുതിയ വിജ്ഞാനമേഖലകളുടെ ചേരുവ, പുതിയ ബോധന രൂപങ്ങൾ, ഭാവിയുടെ വെല്ലുവിളികൾ, നാടിന് ചേർന്ന ഗവേഷണങ്ങൾ, ജനതയുടെ മാറിവരുന്ന അഭിരുചികളും ആവശ്യങ്ങളും എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ കരിക്കുലം രൂപപ്പെടുത്തിയെടുക്കുന്നതിന് സർവകലാശാലാ തലത്തിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ കരിക്കുലം വികസന കൗൺസിൽ രൂപീകരണം നടത്താം. കാലാകാലം കരിക്കുലം പരിഷ്‌കരിക്കുന്നതിന് സംവിധാനം ഉണ്ടാവണം.
11 സർവകലാശാല അക്കാദമിക് സമിതികൾ (അക്കാദമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്) ഫലപ്രദമായി നിരന്തരം പ്രവർത്തിക്കുന്ന സമിതികളാക്കണം.
ഇന്ന് ഈ അക്കാദമിക് സമിതികളുടെ പ്രവർത്തനം നാമമാത്രമാണ്. നാലോ അഞ്ചോ വർഷം കൂടുമ്പോൾ സിലബസ് പരിഷ്‌കരിക്കാരത്തിന്റെ പേരിൽ ഏതാനും പാഠ്യഭാഗങ്ങൾ കൂട്ടി ചേർക്കുകയോ വിട്ടുകളയുകയോ പുന:ക്രമീകരിക്കുകയോ ചെയ്യുന്ന ജോലിയാണ് ബോർഡ് ഓഫ് സ്റ്റഡീസിനുള്ളത്. ഫാക്കൽറ്റി പ്രധാനമായും ബോർഡ് ഓഫ് സ്റ്റഡീസിന്റെ നിർദേശങ്ങളെ പാസാക്കുന്ന സമിതിയാണ്. അക്കാദമിക് കൗൺസിലിന്റെ ജോലിയും വ്യത്യസ്‌തമല്ല. ചില പാഠപുസ്‌തകങ്ങളെ സംബന്ധിച്ച തർക്കങ്ങളിലും മറ്റുമാണ് അക്കാദമിക് കൗൺസിലിന്റെ പേരു കേട്ടുകാണാറുള്ളത്. ഈ സ്ഥിതി മാറണം. കരിക്കുലം കൗൺസിലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഓരോ വിഷയത്തിനും പരമാവധി കോഴ്‌സുകൾ നിശ്ചയിക്കുക, കോഴ്‌സുകൾ വർഷംതോറും പുതുക്കുക, പരീക്ഷാ രീതി നിശ്ചയിക്കുക, പരീക്ഷകൾ മോണിട്ടർ ചെയ്യുക, കോഴ്‌സിന്റെ ബോധന രൂപങ്ങൾ നിർണയിക്കുക, നിരന്തരമായ അക്കാദമിക മേൽനോട്ടം നിർവഹിക്കുക എന്നിവ കൃത്യമായും ഫലവത്തായും നിർവഹിക്കുന്ന ശക്തമായ ഒരു ബോർഡ് ഓഫ് സ്റ്റഡീസാണ് ഓരോ വിഷയത്തിനും വേണ്ടത്. വ്യത്യസ്‌ത വിഷയങ്ങൾ തമ്മിലുള്ള ഏകോപനവും ബഹുവിഷയാത്മക കോഴ്‌സുകളുടെ രൂപീകരണവും ഫാക്കൽറ്റിയുടെ ചുമതലയാണ്. സർവകലാശാലകൾക്കും കോളേജുകൾക്കും അക്കാദമിക് കലണ്ടർ രൂപീകരിക്കുക, വ്യത്യസ്‌തമായ ഫാക്കൽറ്റികളുടെയും ബോർഡ്‌ഓഫ് സ്റ്റഡീസിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുക, അധ്യാപകപരിശീലനവും അക്കാദമിക് മോണിട്ടറിങ്ങും നടത്തുക തുടങ്ങിയവ അക്കാദമിക്ക് കൗൺസിലിന്റെ ചുമതലയാണ്. ഓരോ സമിതിയും തൃപ്‌തികരമായ വിധം പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്താൻ കഴിയണം. മാസത്തിലൊരിക്കലെങ്കിലും ബോർഡ് ഓഫ് സ്റ്റഡീസും വർഷത്തിൽ നാലുതവണയെങ്കിലും ഫാക്കൽറ്റിയും അക്കാദമിക് കൗൺസിലും ചേരണം.
12 കോളേജുകളിൽ സ്റ്റാറ്റിയൂട്ടറി സ്വഭാവമുള്ള ഫാക്കൽറ്റി കൗൺസിലുകൾ വേണം.
കോളേജുകൾക്ക് കൂടുതൽ അക്കാദമിക്ക് സ്വയംഭരണം നൽകേണ്ടതുണ്ട്. തങ്ങളുടെ വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്‌സുകൾ, കോർ സബ്‌ജക്‌റ്റിലെ അനുയോജ്യമായ വിഷയങ്ങൾ, വൊക്കേഷണൽ കോഴ്‌സുകൾ എന്നിവ തീരുമാനിക്കുക. ആന്തരിക മൂല്യ നിർണയം നടത്തുക, കോഴ്‌സുകളുടെ ഉള്ളടക്കത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസിന്ന് നിർദേശിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ കോളേജ് ഫാൽക്കറ്റിക്ക് നൽകാം. ഓരോ വകുപ്പിലെയും തലവൻ, പ്രിൻസിപ്പൽ, പ്രിൻസിപ്പൽ നിർദേശിക്കുന്ന സീനിയർ അധ്യാപകർ ,അതത് വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന അധ്യാപകൻ, അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ നടത്തുന്ന മറ്റ് വകുപ്പ് തലവൻ, സീനിയർ അധ്യാപകൻ എന്നിവരായിരിക്കണം കോളേജ് ഫാൽക്കറ്റി അംഗങ്ങൾ.
13 അക്കാദമിക കാര്യങ്ങളിൽ വിദ്യാർഥികൾക്ക് അവരുടെ അഭിപ്രായം പറയാനും ചർച്ച ചെയ്യാനും സ്റ്റുഡന്റ് ഫാക്കൽറ്റി കൗൺസിലുകൾ രൂപീകരിക്കണം.
ഓരോ വിഷയവും പഠിക്കുന്ന മുഴുവൻ സീനിയർ വിദ്യാർഥികളും ഉൾക്കൊള്ളുന്ന ഒരു സഭയാണിത്. കോളേജു ഫാൽക്കറ്റിയുടെ തീരുമാനങ്ങളും നിർദേശങ്ങളും ഈ സമിതിയിലും ചർച്ചചെയ്‌ത് അംഗീകരിക്കണം. എല്ലാ അക്കാദമിക്ക് കാര്യങ്ങളും സുതാര്യവും ജനാധിപത്യപരവും ആയിരിക്കേണ്ടതിന് അവശ്യമാണ്. വിദ്യാർഥികളുടെ ആവശ്യങ്ങൾ സമൂഹത്തിന്റെ താൽപര്യങ്ങൾ എന്ന നിലയ്‌ക്ക് ഇവിടെ പ്രതിഫലിക്കുന്നതാണ്.
14 കരിക്കുലം സിലബസ് പരിഷ്‌ക്കരണവുമായി ബന്ധപ്പെടുത്തി അധ്യാപകരെ പരിശീലിപ്പിക്കാനും മൂന്നു വർഷത്തിൽ ഒരിക്കൽ അപ്‌ഗ്രഡേഷൻ കോഴ്‌സുകൾ നൽകാനും സഹായിക്കുന്ന വിധത്തിൽ അക്കാദമിക് സ്റ്റാഫ് കോളേജുകൾ പുനഃസംഘടിപ്പിക്കണം.
ഇന്നത്തെ അക്കാദമിക് സ്റ്റാഫ് കോളേജ് സംവിധാനം തീർത്തും നിഷ്‌ഫലമാണ്. അധ്യാപകരുടെ സർവതോമുഖമായ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഉണ്ടാവേണ്ടത്. പുതിയ വൈജ്ഞാനിക മേഖലകൾ ഉരുത്തിരിഞ്ഞു വരുന്നതിനനുസരിച്ച് അധ്യാപകരെ അവയുമായി ബന്ധപ്പെടുത്തുക, പുതിയ പുതിയ കോഴ്‌സുകൾ ആവിഷ്‌കരിക്കുന്നതിനും പുതിയ ബോധന രീതികൾ സൃഷ്‌ടിക്കുന്നതിനും അധ്യാപകർക്ക് പരിശീലനം നൽകുക എന്നിവയാണ് ലക്ഷ്യങ്ങൾ. അങ്ങനെ അധ്യാപനം കാലികവും ചലനാത്മകവുമാക്കുന്നതിനും അധ്യാപന നിലവാരം പടിപടിയായി ഉയർത്തുന്നതിനുമുള്ള പരിശീലനം മുഴുവൻ അധ്യാപകർക്കും നൽകാൻ സ്റ്റാഫ് കോളേജിന് കഴിയണം. ഇന്ത്യയിലെയും വിദേശത്തെയും ഇതര സർവകലാശാലകളിലെ കോഴ്‌സുകൾ, ബോധന- മൂല്യനിർണയ രീതികൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഇതിന് കഴിയണം. ഓരോ അധ്യാപകനും ചുരുങ്ങിയത് 3 വർഷത്തിലൊരിക്കൽ വീതം റിഫ്രഷർ കോഴ്‌സുകൾക്ക് വിധേയനാകണം. സിലബസ് പരിഷ്‌ക്കരണത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും പരിശീലനം നൽകണം.
15 എല്ലാ ജില്ലാകളിലും ഒന്നോ രണ്ടോ സംയുക്ത ഗവേഷണശാലകളും ലൈബ്രറികളും ഉണ്ടാക്കണം.
മിക്ക കോളേജുകളിലെയും ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ തീർത്തും അപര്യാപ്‌തമാണ്. പരിമിതമായിട്ടുള്ള വിഭവങ്ങളാകട്ടെ Under utilired ഉം ആണ്. കോളേജിലെ ലൈബ്രറി മണിക്കൂറുകളും ലബോറട്ടറി മണിക്കൂറുകളും 10% പോലും പ്രയോജനപ്പെടുന്നില്ല. (ഒരു MSC ലാബ് ആറോ എട്ടോ വിദ്യാർഥികൾക്കുവേണ്ടി ആഴ്‌ചയിൽ 8 മണിക്കൂർ ആണ് പ്രവർത്തിക്കുന്നത്. ഇതിന്റെ 10 ഇരട്ടി പ്രവർത്തനശേഷി അതിനുണ്ട്.) ഈ പ്രശ്‌നം പരിഹരിക്കാൻ, അഞ്ചോ ആറാ കോളേജുകളുള്ള ഒരു പ്രദേശത്തെ ഒരു യൂണിറ്റായി കണക്കാക്കി ഉള്ള വിഭവങ്ങൾ മുഴുവൻ അവിടെ സമാഹരിച്ച് ഏറ്റവും കേമപ്പെട്ട ലബോറട്ടറിയും ലൈബ്രറിയും ഉണ്ടാക്കാവുന്നതാണ്. ഓരോ ദിവസവും പന്ത്രണ്ടോ പതിനഞ്ചോ മണിക്കൂർ പ്രവർത്തിച്ച് മുഴുവൻ വിദ്യാർഥികൾക്കും ഇതിന്റെ നേട്ടം അനുഭവിക്കാം.
16 നാലുതരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാവാം. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കമ്യൂണിറ്റി പോളിടെക്‌നിക്കുകൾ, സർവകലാശാല കേന്ദ്രം. ഇവയിൽ കമ്യൂണിറ്റി പോളിടെക്‌നിക്കുകൾ ഹ്രസ്വകാല ആവശ്യാധിഷ്‌ഠിത കോഴ്‌സുകൾ മാത്രം നടത്തണം. സർവകലാശാല കേന്ദ്രങ്ങൾ ബിരുദാനന്തര പഠനം, ഗവേഷണം, അധ്യാപക പരിശീലനം എന്നിവയിൽ ശ്രദ്ധിക്കണം.
17 ഒരു കോളേജിൽ ഐച്ഛികമായി നൽകാത്ത ഒരു കോഴ്‌സ് മറ്റുകോളേജ് / സ്ഥാപനങ്ങളിൽ നിന്നു ഓപ്‌റ്റ് ചെയ്യാൻ വിദ്യാർഥിക്ക് അനുവാദം നൽകാം. അതിന്റെ ക്രഡിറ്റ് കുട്ടിയുടെ മാതൃസ്ഥാപനത്തിലേക്ക് ട്രാൻസ്‌ഫർ ചെയ്യണം.
ഇത് കോളേജുകളുടെ സാധ്യതകളെയും പരിമിതികളെയും കണക്കിലെടുത്തുകൊണ്ടുള്ള നിബന്ധനയാണ്. എല്ലാ കോളേജുകളിലും എല്ലാ ഐച്ഛികങ്ങളും ആവർത്തിക്കേണ്ടതില്ല. ഒരു പ്രദേശത്തെ കോളേജുകളെ ക്ലസ്റ്റർ അയി പരിഗണിച്ച് വിദ്യാർഥികൾക്കാവശ്യമുള്ള ഐച്ഛികങ്ങൾ നൽകുമെന്ന് ഉറപ്പുവരുത്തിയാൽ മതി. വൊക്കേഷണൽ വിഷയങ്ങളിൽ കമ്മ്യൂണിറ്റി പോളിടെക്‌നിക്കുകളിലോ വ്യവസായശാലകളിൽ അപ്രന്റീസായോ പഠിച്ച് ക്രഡിറ്റ് ട്രാൻസ്‌ഫർ ചെയ്യാം.
18 കോളേജ് അധ്യാപകരുടെ വൈദഗ്‌ധ്യത്തെ പങ്കിടുന്നതിനുള്ള ഗസ്റ്റ് ഫാക്കൽറ്റി സംവിധാനം ഉണ്ടാക്കണം.
ചില പ്രത്യേക വൈദഗ്‌ധ്യമുള്ള അധ്യാപകർ ഒരു കോളേജിൽ വരുമ്പോൾ അവരുടെ വൈദഗ്‌ധ്യം മറ്റു കോളേജുകൾക്കു കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യമാണിത്. സമൂഹത്തിൽ വൈദഗ്‌ധ്യമുള്ളവരെയും ഇതേവിധത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയായി ഉപയോഗിക്കാം,
19 ബിരുദാനന്തര പഠനത്തിനു പൊതു റാങ്ക്‌ലിസ്റ്റ് നിർബന്ധമാക്കണം. കുട്ടികൾക്ക് കോളേജ്/ സർവകലാശാല കേന്ദ്രങ്ങൾ ഓപ്‌റ്റ് ചെയ്യാം. ഗവേഷണത്തിന് പ്രവേശന പരീക്ഷകൾ വേണം.
20. ഭാഷാപഠനം പ്രത്യേക വിഷയമെന്ന നിലയിലും അതതുവിഷയങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചും തുടരാം. പക്ഷെ, ഇന്നത്തെ ഫസ്റ്റ് ലാംഗ്വേജ് - സെക്കന്റ് ലാംഗ്വേജ് രീതി സെമസ്റ്റർ ക്രമീകരണത്തിൽ ആവശ്യമില്ല. 21. അധ്യാപകരെ വിദ്യാർഥികൾ മൂല്യനിർണയം ചെയ്യുന്ന സമ്പ്രദായവും നടപ്പിൽ വരണം. അധ്യാപകരുടെ പ്രകടനം വിലയിരുത്തി അവരെ മെച്ചപ്പെടുത്താനായിരിക്കണം അതുപയോഗിക്കേണ്ടത്.
22. സർവകലാശാലകളുടെയും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്ത നങ്ങളെ സഹായി ക്കുന്ന രീതിയിൽ ഒരു സർവകലാശാലാ ലൈബ്രറി നെറ്റ് വർക്കും കേന്ദ്രീകൃത റിസർച്ച് ലബോറട്ടറികളും ഡോക്യുമെന്റേഷൻ സെന്ററും സൃഷ്‌ടിക്കുന്നത് ആവശ്യമാണ്. സർവകലാശാ ലകളും ഗവണ്മെണ്ടും ചേർന്ന് ഇത്തരം സ്ഥാപന ങ്ങൾ ആരംഭിക്കാം.
ബിരുദാനന്തര-ഗവേഷണ വിദ്യാഭ്യാസത്തിന് വേണ്ട ലൈബ്രറി- ലബോറട്ടറി സംവിധാനങ്ങൾ ഇന്നും കേരളത്തിൽ വികസിച്ചിട്ടില്ല. സർവകലാശാലയിലെ പഠനത്തിനാവശ്യമായ ഡോക്യുമെന്റേഷൻ സൗകര്യ ങ്ങളും പൂർണമല്ല. എല്ലാ ജേർണലുകളും പ്രബന്ധങ്ങളും റിസർച്ച് പേപ്പറുകളും ലഭ്യമായ സ്ഥലങ്ങൾ ഇന്ന് സി.ഡി.എസ് പോലുള്ള ഇൻസ്റ്റിറ്റിയൂട്ടുകൾക്ക് മാത്രമേ ഉള്ളൂ. അതുതന്നെ സമഗ്രമാണെന്ന് പറയാൻ സാധിക്കു കയില്ല. അതുകൊണ്ട് എല്ലാ സർവകലാശാലകളും ചേർന്ന് ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കുക യാണുത്തമം. അവിടെ എല്ലാ വിദ്യാർത്ഥികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും പ്രവേശന സൗകര്യങ്ങളു ണ്ടാകണം. ICSSR, ICHR,CSIR മുതലായവയുടെ സഹായവും ഇത്തരം പ്രോജക്‌ടുകളിലുണ്ടാകാം.
23. ഇന്ന് നിലവിലുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ സംവിധാനം അവസാനിപ്പിക്കണം. അതിനു പകരം തൊഴിലുള്ളവർക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ പഠനസൗകര്യങ്ങൾ ഉറപ്പുവരു ത്താം. വിവിധ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസത്തെ ഏകോപിപ്പിച്ച് ഒരു പൊതുഘട നയുടെ കീഴിലും കൊണ്ടുവരാം. ബിരുദാനന്തര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും വിദൂര വിദ്യാഭ്യാസം അനുവദിക്കരുത്.
ഇന്ന് പ്രൈവറ്റ് രജിസ്‌ട്രേഷൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള ഇടത്താവളമാണ്. അക്കാദ മികമോ സാമൂഹ്യമോ ആയ ഒരു കടമയും അത് നിറവേറ്റു ന്നില്ല. ഇവിടെ നിർദ്ദേശിക്കപ്പെട്ട ബിരുദപഠന ഘടനയിൽ ഏതെങ്കിലും വിധത്തിലുള്ള മോണിറ്ററിംഗും തുടർച്ചയായ ബന്ധവുമില്ലാത്ത പഠന സമ്പ്രദായത്തിനു പ്രസക്തിയില്ല. അതുകൊണ്ട് പ്രൈവറ്റ് രജിസ്‌ട്രേഷൻ അവസാനിപ്പി ക്കുകയും വിദൂര വിദ്യാഭ്യാസ ശൃംഖല വികസിപ്പിക്കു കയും വേണം. വിദൂര വിദ്യാഭ്യാസം തുല്യതാ വിദ്യാഭ്യാ സമാണ്. ബിരുദപഠനം അതേപടി ആവർത്തിക്കുകയല്ല അവിടെ ചെയ്യുന്നത്. 3-5വർഷം കൊണ്ട് വിദൂര വിദ്യാഭ്യാ സത്തിലൂടെ പഠനം പൂർത്തിയാക്കുന്നവർ തുല്യത നേടുന്നു. അവർക്ക് വേണ്ടിവന്നാൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും പോകാനുള്ള സൗകര്യ മുണ്ടായിരിക്കണം. പക്ഷെ, ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും വിദൂര വിദ്യാഭ്യാസം പ്രായോഗികമല്ല. അത് റെസിഡെൻഷ്യൽ വിദ്യാഭ്യാസം തന്നെയാകണം.