നെല്ലുൽപാദനം കേരളത്തിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:37, 25 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuvasamithichangathi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

(തിരുവനന്തപുരം വികസന സംഗമം സംഗ്രഹം - )

നമ്മുടെ നെൽപ്പാടങ്ങളുടെ വിസ്‌തൃതിയും നെല്ല്‌ ഉൽപാദനവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വയൽ വിസ്‌തൃതിയിലുള്ള ശോഷണത്തിന്റെ തോത്‌ അമ്പരപ്പിക്കുന്ന വിധത്തിലാണ്‌. 2011-12 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ നെൽകൃഷി മുൻവർഷത്തേതിൽ നിന്നും 5027 ഹെക്‌ടർ കുറഞ്ഞ്‌ 208160 ഹെക്‌ടർ ആയി. അതേ സമയം ഉൽപാദനക്ഷമതയിൽ ഇന്ത്യൻ ശരാശരിയേക്കാൾ കേരളം (2733 കി ഗ്രാം/ഹെക്ടർ) മുന്നിലാണ്‌. ഉൽപാദന ക്ഷമത കൂട്ടിക്കൊണ്ടാണ്‌ നെൽക്കൃഷിയിൽ കേരളം പിടിച്ചുനിൽക്കുന്നത്‌. നെൽകൃഷി വിസ്‌തീർണത്തിന്റെ 95% പ്രദേശങ്ങളിലും അത്യുൽപാദന ശേഷിയുള്ള നെൽവിത്തിനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഉത്‌പാദനത്തിന്റെ 95% ഈ പാടങ്ങളിൽ നിന്നുമാണ്‌. 2011-12 വർഷത്തെ കണക്കുകൾ പ്രകാരം മുണ്ടകൻ കൃഷിയിലാണ്‌ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌. 78455 ഹെക്‌ടർ. വിരിപ്പുകൃഷി രണ്ടാം സ്ഥാനത്താണ്‌. 95-96 മുതൽ കണക്കാക്കുമ്പോൾ മുണ്ടകൻ കൃഷിയിൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം ഒന്നരമടങ്ങ്‌ വർധിച്ചു. 95-96 കാലഘട്ടത്തിൽ 51602 ഹെക്ടർ പ്രദേശത്ത്‌ (32%) ആയിരുന്നത്‌ 2010-11 ൽ 64502ഹെക്ടർ ആയി (40%) ഉയർന്നു. പരമ്പരാഗത മുണ്ടകൻ കൃഷിയിലാണ്‌ നാടൻ വിത്തിനങ്ങൾ അധികമായി ഉപയോഗിച്ചിരുന്നത്‌. നാടൻ വിത്തിനങ്ങൾ ഉപയോഗിച്ചാൽ നല്ലവണ്ണം വയ്‌ക്കോൽ ലഭിക്കുകയും കന്നുകാലികളുടെ പരിപാലനത്തിന്‌ സഹായകരം ആവുകയും ചെയ്യുമെന്നതിനാലാണ്‌ ഈ രീതി തുടർന്നിരുന്നത്‌. പ്രതിരോധ ശേഷിയുള്ള പല നാടൻ വിത്തിനങ്ങളും ഇന്ന്‌ ലഭ്യമല്ല. ജലസമ്പന്നമായ ഒരു ആവാസ വ്യവസ്ഥയാണ്‌ നെൽകൃഷിയുടേത്‌. നെൽപ്പാടങ്ങളെ തണ്ണീർത്തടങ്ങളായി പരിഗണിക്കുന്നതും അതുകൊണ്ടുതന്നെയാണ്‌. നെൽകൃഷിക്ക്‌ ജലസേചനം ഒരു പ്രധാന ഘടകമാണ്‌. 2004-05 ലെ കണക്കുകൾ പ്രകാരം നെൽകൃഷിയുടെ 63.4 ശതമാനവും ജലസേചിത കൃഷിയായിരുന്നു. 86 % നെൽപ്പാടങ്ങളിലും അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളാണ്‌ കൃഷി ചെയ്‌തിരുന്നത്‌. അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിക്ക്‌ ജലസേചനം അവിഭാജ്യഘടകമാണ്‌. ഇതിൽ മൂന്നിൽ രണ്ട്‌ ഭാഗവും മുണ്ടകൻ കൃഷിയിലാണ്‌. ജലസേചനം നൽകി അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിയുടെ ഉത്‌പാദനക്ഷമത ഏറ്റവും കൂടുതൽ പുഞ്ചകൃഷിയിലാണ്‌ ലഭിച്ചത്‌. വിരിപ്പ്‌ കൃഷിയിലാണ്‌ സ്വാഭാവികമായും ജലസേചനമില്ലാത്ത ഉത്‌പാദനക്ഷമത കൂടിയ വിത്തിനങ്ങൾ ഏറ്റവും കൂടുതൽ കൃഷി ചെയ്‌തിരുന്നത്‌. അതായത്‌ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉത്‌പാദനക്ഷമത ജലസേചന സൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ ഏറ്റവുമധികം പുഞ്ചയിലും അല്ലാത്തിടങ്ങളിൽ വിരിപ്പുകൃഷിയിലുമാണ്‌. എന്നാൽ അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളുടെ വ്യാപനം കൂടുതലായി നടക്കുന്നത്‌ മുണ്ടകൻ കൃഷിയിലുമാണ്‌. നാടൻ വിത്തിനങ്ങളുടെ കാര്യത്തിൽ വിസ്‌തീർണ്ണവും ഉത്‌പാദനവും ഉത്‌പാദനക്ഷമതയും എല്ലാ സാഹചര്യങ്ങളിലും കൂടുതൽ മുണ്ടകൻ വിളയിൽത്തന്നെയാണ്‌. പക്ഷേ, മുണ്ടകൻ വിളയിലെ നാടൻ വിത്തുപയോഗം പരിമിതപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റൊന്ന്‌്‌, ജലസേചന സൗകര്യങ്ങളുടെ ഭാവിസാധ്യതകളാണ്‌. സംസ്ഥാനത്തെ മൊത്തം ജലസേചിത കൃഷിഭൂമി 4.66 ലക്ഷം ഹെക്‌ടറും നെറ്റ്‌ ഏരിയ 3.88 ലക്ഷം ഹെക്‌ടറുമാണ്‌. ഇതിൽ ഏതാണ്ട്‌്‌ മൂന്നിലൊന്ന്‌്‌ നെൽകൃഷിയിൽ ആണ്‌. മൊത്തം നെൽകൃഷിയിലെ 70 ശതമാനവും ജലസേചിതമാണെന്ന്‌ മാത്രമല്ല, ഇതിന്റെ അനുപാതം വർധിക്കുകയുമാണ്‌. 98-99 ൽ ഇത്‌ 54% ആയിരുന്നു. മൊത്തം നെൽകൃഷി വിസ്‌തീർണ്ണത്തിൽ ഉണ്ടായിരിക്കുന്ന ശോഷണത്തിന്‌്‌ ആനുപാതികമായി അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗവും ജലസേചിത കൃഷിഭൂമിയും വർധിക്കുകയാണ്‌. നെല്ല്‌ ഉൽപാദനത്തിന്റെ മൂന്നിൽ രണ്ട്‌ ഭാഗവും ഈ ജലസേചിത ഭൂമിയിൽ നിന്നുതന്നെയാണ്‌. നെൽകൃഷിയുടെ ജലസേചനത്തിന്‌ പ്രധാനമായും ആശ്രയിക്കുന്നത്‌ വൻകിട ജലസേചന പദ്ധതികളെയാണ്‌. സംസ്ഥാനത്തെ ഏതാണ്ട്‌ എല്ലാ വൻകിട പദ്ധതികളുടെയും പ്രധാന ഉപയോഗം നെൽകൃഷിയിൽ തന്നെയാണ്‌. എന്നാൽ ഈ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചിട്ടുമില്ല. മാത്രവുമല്ല ജലസേചനം മൂലമുണ്ടായ അധിക ഉത്‌പാദനം സാങ്കേതികമായി ന്യായീകരിക്കത്തക്ക വിധത്തിലായിരുന്നുമില്ല. നിലവിലുള്ള വിതരണസംവിധാനത്തിലെ പാകപ്പിഴകൾ മുതൽ ഈ രംഗത്ത്‌ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിയിരിക്കുന്നു. ഇതിനെല്ലാം പുറമെ, ജലദൗർലഭ്യം ഏറ്റവും കടുത്ത ഭീഷണിയായി അനുഭവേദ്യമായിരിക്കുകയും ഭാവിയിൽ രൂക്ഷമാകുമെന്ന്‌്‌ പ്രവചിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ജലസേചിതകൃഷിയുടെ സാധ്യതകൾ പരിമിതപ്പെടുകയാണ്‌. നെൽകൃഷിയിലെ ഉത്‌പാദനക്ഷമതയെ ബാധിക്കുന്ന അടിസ്ഥാന ഘടകം മണ്ണിന്റെ ഫലഭുയിഷ്‌ഠിയാണ്‌. കാർഷികരംഗത്തെ പരിപാലനമുറകളുടെ അനന്തരഫലമായുള്ള കാലാവസ്ഥ വ്യതിയാനം മൂലവും ഭൂവിനിയോഗരീതികളിലെ മാറ്റങ്ങൾ മൂലവും ഭൂമിയുടെ ഫലഭൂയിഷ്‌ഠത കുറഞ്ഞു വരികയാണ്‌. സാമൂഹികവും സാങ്കേതികവുമായ ഒട്ടനവധി ഘടകങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ സമ്മർദ്ദങ്ങൾ ഇതിന്‌ ആക്കം കൂട്ടുകയാണ്‌. വർധിച്ചുവരുന്ന പുളിരസം, ജൈവഘടകങ്ങളുടെ ശോഷണം, പ്രധാന മൂലകങ്ങളുടെ (എൻ പി കെ) അസന്തുലിതമായഅവസ്ഥ, ലഘുമൂലകളെുടെ ശോഷണം എന്നിങ്ങനെ കേരളത്തിലെ കൃഷിഭൂമിയുടെ ഉത്‌പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്‌്‌. സമഗ്രവും സുസ്ഥിരവുമായ ഭൂപരിപാലന മുറകളിലൂടെ മാത്രമേ ഭൂമിയുടെ ഉത്‌പാദനക്ഷമത തിരിച്ച്‌ പിടിക്കാനും നിലനിർത്താനും കഴിയൂ. ആരോഗ്യമുള്ള ഭൂമിയാണ്‌ ജീവ ജാലങ്ങളുടെ ആരോഗ്യത്തിനടിസ്ഥാനം. ഭക്ഷണത്തിന്റെ ഗുണമേന്മയെപ്പറ്റി ജനങ്ങൾ വളരെയേറെ ബോധവാന്മാരാണ്‌. ഗവണ്മെന്റ്‌ ജൈവ നയം പ്രഖ്യാപിച്ചിരിക്കുകയുമാണ്‌. ഈ ഒരു സാഹചര്യത്തിൽ ഇന്ന്‌്‌ വ്യാപകമായി കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉത്‌പാദനക്ഷമത കൈവരിക്കാനും നിലനിർത്താനും കഴിയുമോ എന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. ജലസേചനമില്ലാതെ രാസവളങ്ങളും കീടനാശിനികളുമില്ലാതെ ഇത്തരം വിത്തിനങ്ങൾക്ക്‌്‌ അവയുടെ മികവ്‌ പ്രകടിപ്പിക്കാനാവുകയില്ല. ഈ വെല്ലുവിളി ശാസ്‌ത്രസമൂഹം നേരിടേണ്ടതുണ്ട്‌്‌. കാർഷികരംഗത്തെ ഏറ്റവും രൂക്ഷമായ പ്രശ്‌നമാണ്‌ തൊഴിലാളി ക്ഷാമം. ഇതിനു ബദലായി, യന്ത്രവത്‌ക്കരണം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ പ്രചാരത്തിലുള്ള യന്ത്രങ്ങൾ മിക്കവയും വൻ ചിലവ്‌ വരുന്നവയാണ്‌ . മാത്രവുമല്ല പ്രവർത്തിപ്പിക്കാൻ സവിശേഷ സാങ്കേതികവിദ്യ ആവശ്യമുള്ളവയുമാണ്‌. അതുകൊണ്ടുതന്നെ, പ്രവർത്തന പരിചയം, യന്ത്രഭാഗങ്ങളുടെ പരിചരണം, റിപ്പയറിംഗ്‌ തുടങ്ങി സമഗ്രപരിശീലന സംവിധാനങ്ങൾ ആവശ്യമാണ്‌. മറ്റൊന്ന്‌്‌ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തല സൗകര്യങ്ങളാണ്‌. ഇക്കാര്യത്തിൽ കേരള കാർഷികസർവ്വകലാശാല വികസിപ്പിച്ചെടുത്ത അഗ്രോ മെഷിനറി ഓപ്പറേഷൻ സർവീസ്‌ സെന്റർ എന്ന മാതൃക അനുകരണീയമാണ്‌. അനുയോജ്യമായ സാമൂഹികഘടനയും സാമ്പത്തികസൗകര്യങ്ങളും സാങ്കേതിക മാനേജ്‌മെന്റ്‌്‌ പരിശീലനങ്ങളും കോർത്തിണക്കിക്കൊണ്ട്‌്‌ ഇത്‌ പരിഹരിക്കാനാവും. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട്‌്‌ വരമ്പ്‌ വയ്‌ക്കാനോ, കള പറിക്കാനോ ഒന്നും വൻയന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ചിലവ്‌ കുറഞ്ഞതും ലളിതമായ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതവുമായ ലഘുയന്ത്രങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌. സ്‌ത്രീ തൊഴിലാളികളുടെ ക്ഷാമം ഏറ്റവും രൂക്ഷമായ ഒരു രംഗമാണ്‌ കള നിയന്ത്രണം. അല്‌പം വൈദഗ്‌ധ്യം ആവശ്യമുള്ള ഈ പ്രവൃത്തി ഇന്ന്‌ പ്രധാനമായും രാസകീടനാശിനികളുടെ പ്രയോഗത്തിലൂടെയാണ്‌ കർഷകർ നിർവഹിക്കുന്നത്‌. ജൈവ കളനാശിനികളുടെ അഭാവത്തിൽ കർഷകർക്ക്‌ മുന്നിൽ മറ്റ്‌ പോംവഴികൾ ഒന്നും തന്നെയില്ല. പാരിസ്ഥിതിക ബോധം പ്രകടിപ്പിക്കുന്ന ജൈവ കർഷകർ പോലും ഇക്കാര്യത്തിൽ നിസ്സഹായരാവുകയാണ്‌. കള നിയന്ത്രണത്തിനായി രാസേതര സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും ലഘുയന്ത്രങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകൾ നേടുകയും ചെയ്യേണ്ടത്‌ ശാസ്‌ത്രസമൂഹത്തിന്റെ കടമയാണ്‌. ഏത്‌ തരം കൃഷി എന്ന്‌ നിശ്ചയിക്കുന്നതിന്‌ പ്രേരിപ്പിക്കുന്ന പ്രധാനഘടകമാണ്‌ അതിൽ നിന്നുള്ള വരുമാനം. മുൻകാലങ്ങളിൽ ഒരു സാമ്പത്തിക വരുമാന സ്രോതസ്സായി നെൽക്കൃഷിയെ കണ്ടിരുന്നില്ല. കേവലമായ സാമ്പത്തിക നേട്ടത്തിലുപരിയായി കുടുംബത്തിന്റെ (കന്നുകാലികളുടേതടക്കം) ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഒരു കാഴ്‌ചപ്പാടായിരുന്നു നെൽകൃഷിയുടെ കാര്യത്തിൽ നിലനിന്നിരുന്നത്‌. എന്നാൽ പിന്നീട്‌ കർഷകനും കൃഷിഭൂമിയും കർഷകത്തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, കാർഷിക നയങ്ങൾ, സാമൂഹിക സാമ്പത്തിക രംഗത്ത്‌ മാറിവരുന്ന കാഴ്‌ചപ്പാടുകൾ എന്നിവ നെൽ കൃഷിക്ക്‌്‌ എതിരായിത്തീർന്നു. പൊതുവെ ഭക്ഷ്യവിളകളിൽ നിന്നും പ്രത്യേകിച്ച്‌്‌്‌ നെൽകൃഷിയിൽ നിന്നും നാണ്യവിളകളിലേക്ക്‌ കേരളം ചുവടു മാറ്റി. സാമ്പത്തിക മാനങ്ങളാണ്‌ ഈ ചുവടുമാറ്റത്തിന്‌ പ്രേരകമായമായതെന്ന്‌ വിശകലനങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എട്ടു വിളകളിൽ ഏറ്റവും കുറഞ്ഞ ബിസി റേഷ്യോ (വിശ്വനാഥൻ, 2012) നെൽ കൃഷിയിലാണ. നെൽകൃഷിച്ചിലവിന്റെ 1.84 മടങ്ങാണ്‌ റബ്ബറിന്റെ കൃഷിച്ചിലവ്‌ എന്നിരിക്കിലും വരുമാനം നെൽ കൃഷിയിൽ നിന്നുള്ളതിന്റെ 4.09 മടങ്ങാണ്‌. നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന നേന്ത്രവാഴയുടെ കാര്യത്തിൽ ഇത്‌ യഥാക്രമം 4.11 ഉം 5.05 ഉം ആണ്‌. താരതമ്യത്തിൽ നെൽകൃഷിയെക്കാളും ആകർഷകമാണ്‌ മറ്റ്‌ മിക്ക വിളകളും. നെൽകൃഷിയിൽ ക്ലേശങ്ങൾ വളരെയേറെയാണ്‌. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കാർഷികാദായത്തിൽ നെൽകൃഷിയുടെ വിഹിതം ശുഷ്‌കമായിക്കൊണ്ടിരിക്കുകയാണ്‌. 2003-04 കാലഘട്ടത്തിൽ കാർഷിക വരുമാനത്തിന്റെ 5.9% നെല്ലുൽ്‌പാദനം മൂലമായിരുന്നു. മൂന്ന്‌ വർഷംകൊണ്ട്‌ ഇത്‌ 4.1 ശതമാനമായി കുറഞ്ഞു. നാണ്യവിളകളുടെ കാര്യത്തിൽ സവിശേഷശ്രദ്ധ കൊടുക്കുന്ന പ്രത്യേക സംവിധാനങ്ങൾ ഉള്ളതുകൊണ്ട്‌ ഈ വിളകളുടെ വളർച്ച മെച്ചപ്പെട്ടു. നെല്ലുത്‌പാദനത്തിലും വിപണനത്തിലും സങ്കീർണ്ണമായ പ്രശ്‌നങ്ങൾ എല്ലാക്കാലവും ഉണ്ടായിരുന്നു. താങ്ങുവില, സംഭരണം, ഉത്‌പാദന ബോണസ്‌ എന്നിങ്ങനെ വിവിധപദ്ധതികൾ നെൽക്കർഷകർക്കായി നിലവിലുള്ളപ്പോഴും കൃഷിഭൂമിയുടെ വിസ്‌തൃതി ശുഷ്‌കമായിക്കൊണ്ടിരിക്കുന്നത്‌ ഏറെയും വികസന സമ്മർദ്ദങ്ങളാലും താരതമ്യ സാമ്പത്തിക നേട്ടങ്ങളാലുമാണ്‌. പൊതുനയത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങൾ ഏറെയും നെൽകൃഷി പ്രോത്സാഹനത്തിന്‌ ഉതകുന്നതല്ല. നേരിട്ടുള്ള സബ്‌സിഡി വിതരണം, മൂലകാടിസ്ഥാനത്തിലുള്ള രാസവള സബ്‌സിഡി, പ്രകൃതി വിഭവ പരിപാലനത്തിലെ സ്വകാര്യവത്‌കരണം (ജലം) എന്നിവയെല്ലാംതന്നെ കേരളത്തിൽ കാർഷികരംഗത്തിന്‌ പ്രത്യേകിച്ച്‌ നെൽകൃഷിക്ക്‌ അനുകൂലമാണോ എന്ന്‌്‌ ആശങ്കയുണ്ട്‌. ഈ പശ്ചാത്തലത്തിൽ, കേവല വ്യക്തിഗത സാമ്പത്തിക നേട്ടത്തേക്കാൾ ഉപരിയായി സാമൂഹത്തിന്റെ സുസ്ഥിരമായ പാരിസ്ഥിതിക നേട്ടം തിരിച്ചറിയുക എന്നത്‌ നെൽപ്പാടങ്ങളുടെ സംരക്ഷണത്തിനായുള്ള സാമൂഹ്യ അന്തരീക്ഷം സംജാതമാക്കുന്നതിന്‌ ആവശ്യമാണ്‌. സാമ്പത്തിക പുരോഗതിയുടെ ഒരു ഘട്ടത്തിൽ, പാരിസ്ഥിതിക സേവനങ്ങൾക്കായുള്ള മനുഷ്യന്റെ ആഗ്രഹം വർദ്ധിക്കുകയും തന്മൂലം പരിസ്ഥിതി സംരക്ഷണം നടപ്പാക്കുകയും ചെയ്യുമെന്നുള്ള പാരിസ്ഥിതിക സിദ്ധാന്തം (എൻവയോണ്മെന്റ്‌; കുസ്‌നെറ്റ്‌ കർവ്‌ ) പ്രവർത്തിച്ച്‌ തുടങ്ങുന്നതിന്റെ സൂചനകൾ പ്രകടമാണ്‌. ജനായത്ത ക്രമത്തിൽ ജനശക്തിക്കുള്ള പ്രാധാന്യം പ്രയോജനപ്പെടുത്തിയാൽ തന്നെ വയലേലകൾ സംരക്ഷിക്കപ്പെടും. നെൽകൃഷിയുടെ സംരക്ഷണം ഭക്ഷ്യസുരക്ഷയെയല്ല ലക്ഷ്യമിടുന്നത്‌ തലമുറകളുടെ ജീവൻ സുരക്ഷയാണ്‌. അതുകൊണ്ട്‌ തന്നെ സമൂഹത്തിന്‌ ലഭിക്കുന്ന പാരിസ്ഥിതിക സേവനങ്ങൾക്ക്‌്‌ ബദലായി സമൂഹം നെൽകർഷകർക്ക്‌ വേണ്ടിയും ഒരു വിഹിതം നൽകേണ്ടതുണ്ട്‌്‌ നിലവിലുള്ള സാമൂഹിക നിയമ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ നെൽകൃഷി സംരക്ഷിക്കാനാകും. അതിനുള്ള ചാലകശക്തിയായി സമൂഹത്തിന്റെ പ്രതികരണങ്ങൾ ഉണ്ടാവേണ്ടതുണ്ട്‌്‌.നിലവിലുള്ള ഭരണസംവിധാനങ്ങൾ അതു തിരിച്ചറിയുകയും വേണം. കേരളത്തിലെ കൃഷി മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ സങ്കീർണ്ണമാണ്‌. പ്രകൃതിയിൽ വെള്ളം പിടിച്ച്‌ നിർത്താൻ ബുദ്ധിമുട്ടാണ്‌. വ്യത്യസ്‌ത കൃഷി രീതികൾ മൂലം വളപ്രയോഗത്തിൽ പരിമിതിയുണ്ട്‌. കുട്ടനാട്ടിലെ കോൾ നിലങ്ങളിലാണ്‌ ശാസ്‌ത്രീയ കൃഷി രീതി നിലനിൽക്കുന്നത്‌. വിത്തിന്റെ തിരഞ്ഞെടൂപ്പ്‌ മുതൽ കീടനാശിനി പ്രയോഗം വരെ ശാസ്‌ത്രീയമായാണ്‌ നടക്കുന്നത്‌. കൃഷിയിടത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും അതിന്റെ ആവശ്യത്തെക്കുറിച്ചും കൃഷിക്കാരുമായി സംസാരിച്ചുകൊണ്ട്‌ ഒരു പ്രദേശത്തേക്കാവശ്യമായ നീർത്തടാധിഷ്‌ഠിത നെറ്റ്‌ പ്ലാൻ ഉപകാരപ്രദമാണെന്ന്‌ ചിറ്റൂരിലെ അനുഭവപാഠം സൂചന നൽകുന്നു. നീർത്തടാധിഷ്‌ഠിത വികസന സമിതിയുടേയും നാനോ നീർത്തട സമിതിയുടേയും ശേഷി വികസിപ്പിക്കലും നടത്തണം. കയ്യാല കെട്ടൽ, കുളം നന്നാക്കൽ, തടയണ/ചെക്ക്‌ ഡാം എന്നീ പ്രവൃത്തികളും വരമ്പ്‌ വയ്‌ക്കൽ, മഴക്കുഴി നിർമ്മാണം എന്നിവയും സമാന്തരമായി നടക്കണം. തരിശ്ശായിക്കിടന്ന പാടങ്ങളിൽ കൃഷി ചെയ്യാൻ പ്രോത്സാഹനം, വലിയതും ചെറിയതുമായ കുളങ്ങളടക്കം എല്ലാ ജലാശയങ്ങളും പ്രയോജനപ്രദമാക്കണം. കുളത്തിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാം. പുതിയ സാഹചര്യത്തെ പരിചയപ്പെടുത്തി കർഷകരെ മോട്ടീവേറ്റ്‌ ചെയ്‌തുകൊണ്ടുള്ള ഇടപെടൽ കാർഷിക മേഖലയുടെ പുത്തനുണർവ്വിന്‌ സഹായകരമാവും. 2008 ൽ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ കർഷകരേയും കർഷകത്തൊഴിലാളികളേയും കൂട്ടിയിണക്കി നടത്തിയ ശ്രമം കാർഷിക മേഖലയിൽ വരുത്താവുന്ന ദിശാമറ്റമാണ്‌. പാടശേഖരങ്ങളുടെ അടിസ്ഥാനത്തിൽ പാടശേഖര സമിതികളുണ്ടാക്കി, കർഷകർക്ക്‌ വിത്തും വളവും നൽകി, കർഷകത്തൊഴിലാളികളെ കിട്ടാനുള്ള പ്രശ്‌നം പരിഹരിക്കാനായി ലേബർ ബാങ്ക്‌ ഉണ്ടാക്കി. ഈ തൊഴിലാളികൾക്ക്‌ പെൻഷൻ, ഇൻഷ്വറൻസ്‌, വെൽഫെയർഫണ്ട്‌ എന്നിവ നൽകാനുള്ള പരിപാടികൾ തയ്യാറാക്കി. ഇതിനായി ഗ്രാമപ്പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ല, സംസ്ഥാനം എന്നീ തുറകളിൽ നിന്നുള്ള സഹായങ്ങളെ ഒന്നിച്ച്‌ പൂൾ ചെയ്‌തു. കാർഷിക കലണ്ടറും, ഇറിഗേഷൻ കലണ്ടറും തയ്യാറാക്കി. തൽഫലമായി പുഞ്ച നടത്താതിരുന്ന പാടങ്ങളിൽ പുഞ്ചക്കൃഷി ആരംഭിച്ചു. കാർഷിക യന്ത്രവൽക്കരണം നടത്തി. നടീൽ യന്ത്രങ്ങളും കൊയ്‌ത്ത്‌ യന്ത്രങ്ങളും ലഭ്യമാക്കി. ഇവയുടെ പ്രവർത്തനത്തിനായി ബാംഗ്ലൂരിൽ വച്ച്‌ പരിശീലനം കൊടുത്ത്‌ ഒരു മെക്കാനിക്കൽ ടീമിനേയും സജ്ജമാക്കി. കൊയ്‌ത്തിന്‌ ശേഷം 50 ഏക്കർ സ്ഥലത്ത്‌ പച്ചക്കറിക്കൃഷി ചെയ്‌തു. ഗ്രീൻ ആർമി എന്ന പേരിൽ ഈ ലേബർ ബാങ്ക്‌ അറിയപ്പെടുന്നു. 50 ടീമുകളുണ്ട്‌. ഓരോ ടീമിനും ടീം ലീഡറുണ്ട്‌. ഓരോ ടീമിലും ഗ്രൂപ്പുകളുണ്ട്‌. ഗ്രൂപ്പിന്‌ ഗ്രൂപ്പ്‌ ലീഡർമാരും ഉണ്ട്‌. ഗ്രീൻ ആർമിയുടെ പ്രവർത്തനം മൂലം കൃഷിച്ചിലവ്‌ കുറക്കാനും കൃഷി ലാഭകരമാക്കാനും കഴിഞ്ഞു. വിളവെടുപ്പ്‌ സമയത്ത്‌ കർഷകരിൽ നിന്ന്‌ നെല്ല്‌ സംഭരിക്കുകയും അവ അരിയാക്കി വിപണനം ചെയ്യുന്നതും കർഷകരെ സഹായിക്കാൻ സഹായകരമാണെന്നതാണ്‌ തൃശ്ശൂർ അടാട്ട്‌ മാതൃക നൽകുന്ന സൂചന.


പ്രശ്‌നങ്ങൾ

l കൃഷി ഭൂമി കുറയുന്നു l ലാന്റ്‌ യൂസ്‌ ബോർഡിന്റെ കണക്കുകൾ ശരിയല്ല l കർഷക തൊഴിലാളികളുടെ കുറവ്‌ l അറിവുകളുടെ സംയോജനം നടക്കുന്നില്ല l വയലുകൾ നികത്തുന്ന തോത്‌ വർധിച്ച്‌ വരുന്നു. l നല്ല വിത്ത്‌, ജലസേചന സൗകര്യം, കീടനിയന്ത്രണം എന്നിവയുടെ അഭാവം l കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങൾ പരിഹാരങ്ങൾ l ചെറുകിട ജലസേചന പദ്ധതികൾ ആവശ്യമാണ്‌. l ഗ്രൂപ്പ്‌ ഫാമിംഗ്‌ സമ്പ്രദായത്തിലേക്ക്‌ കർഷകരെ കൊണ്ടുവരണം. l കൃത്യ സമയത്തും അളവിലുമുള്ള രാസ വളപ്രയോഗം l ഓർഗാനിക്‌ ഫാമിംഗ്‌ l പ്രകൃതിക്ക്‌ ഹാനികരമല്ലാത്ത കീടനാശിനി പ്രയോഗം l പച്ചില വള പ്രയോഗം l പയർ, മുതിര, പച്ചക്കറി, നേന്ത്രവാഴ തുടങ്ങിയ കൃഷികൾ ഇടകലർത്താം l സാങ്കേതിക വിദ്യ l കോഴി, താറാവ്‌, പശു തുടങ്ങിയ വളർത്തു മൃഗങ്ങളുടെ സമ്മിശ്ര കൃഷി l വിത്തിറക്കൽ, വളപ്രയോഗം, നടീൽ എന്നിവ പൊതുവാകണം l ഭരണ സംവിധാനങ്ങളുടെ ഏകോപനം വേണം l ജനാധിപത്യപരമായ മേൽനോട്ടം വേണം l സഹായ സംവിധാനങ്ങൾ l തൊഴിലാളികളിൽ തൊഴിൽ തുടർച്ചയും ചുമതലാബോധവും l നെല്ലും തെങ്ങും മീനും നിലനിൽക്കണം

"https://wiki.kssp.in/index.php?title=നെല്ലുൽപാദനം_കേരളത്തിൽ&oldid=4580" എന്ന താളിൽനിന്ന് ശേഖരിച്ചത്