പഠനവും ഭരണവും മലയാളത്തിൽ
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.
പഠനവും ഭരണവും മലയാളത്തിൽ | |
---|---|
പ്രമാണം:T=Cover | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | സെപ്റ്റംബർ, 1977 |
ഭരണവും പഠനവും മലയാളത്തിൽ
സി.ജി.ശാന്തകുമാർ
ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങും. ഭരിക്കാൻ ജനിച്ച മേധാവി വർഗത്തിന്നും ജനങ്ങൾക്കുമിടയിലുള്ള പുകമറ അപ്രത്യക്ഷമാകും. ഇത് ചിലരുടെ താല്പര്യങ്ങൾക്കു ഹാനികരമാണ്. ഇതിലപ്പുറം മറ്റെന്തെങ്കിലും തടസ്സം ഭരണം മലയാളത്തിലാക്കുന്നതിന് ഉള്ളതായി തോന്നുന്നില്ല. ഭരണം മലയാളത്തിലാകാത്ത കാലത്തോളം, ഭരണവർഗത്തിന്റെ പരിശീലനക്കളരിയായ ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാവില്ല.
ഇതുപോലെ, അഭിപ്രായവ്യത്യാസത്തിന്നിടയില്ലാത്ത, മറ്റേതെങ്കിലും കാര്യമുണ്ടോ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഭാഷ ഏതായിരിക്കണം? കട്ടികളുടെ വിദ്യാഭ്യാസം ഏതു ഭാഷയിലായിരിക്കണം? ശുദ്ധവായു ശ്വസിക്കുന്നത് ആവശ്യമാണോ എന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലേ, ഭരണവും വിദ്യാഭ്യാസവും മാതൃഭാഷയിൽക്കൂടിയാവണോ എന്നതിനെക്കുറിച്ച് രണ്ടഭിപ്രായത്തിന്നു വകയുള്ളൂ. ഇക്കാര്യത്തിൽ ആർക്കാണു വിരോധം? കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്കോ, വിദഗ്ധന്മാർക്കോ, സാധാരണ ജനങ്ങൾക്കോ? ആർക്കും എതിരില്ല. സാധാരണക്കാരൻ മുതൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ഭരണാധികാരി വരെ ഭരണഭാഷ മലയാളമാക്കണമെന്നും, ഉടൻ ആവണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അതിന്നിടയിൽ കേരള സംസ്ഥാനത്തിൽ ജനിച്ച കുട്ടികൾ വലുതായി വോട്ടവകാശമുള്ള പൗരന്മാരായി മാറാൻ പോകുന്നു. എന്നിട്ടും സാധാരണക്കാരനായ മലയാളിയുടെ എത്രയും സ്വാഭാവികമായ ഈ ആവശ്യം നിറവേറ്റപ്പെടാതെ കിടക്കുന്നു. ഹനുമാൻ വാലുപോലെ അതിനുള്ള തിയ്യതി ഇങ്ങനെ നീണ്ടുപോകുന്ന മട്ടാണ്. എവിടെയാണ് തകരാറ്? ഏതു പരാശക്തിയാണ് അണിയറയ്ക്കു പിന്നിലിരുന്നു ഈ പരിപാടിയെ എതിർക്കാതെ തോല്പിക്കുന്നത്? ഇത്രയും പറയാൻ കാരണമുണ്ട്: ഔദ്യോഗിക ഭാഷാമാറ്റം അഞ്ചു വർഷങ്ങൾക്കിടയിൽ പൂർത്തിയാ ക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേരള മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നു എന്ന ഒരു വാർത്ത പത്രങ്ങളിൽ കാണുകയുണ്ടായി. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ വേണ്ടിയാവണം ഈ ഔദ്യോഗികഭാഷാക്കമ്മിറ്റി, പ്രത്യേകം ഒരു സബ് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരിക്കുന്നു. സർക്കാരിന് മലയാളത്തിൽ ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും മലയാളത്തിൽ തന്നെ മറുപടി കൊടുക്കണമെന്നും എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും മുഖ്യമന്ത്രി നിർദേശം നൽകിയതായും അറിയുന്നു. 'മലയാളം സക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും ഔദ്യോഗിക ഭാഷയാക്കണം' എന്ന കല്പന ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. (നമ്പർ 145/75 പ. വ. ജൂലായ് 19, 73), ഭരണമാധ്യമം, ക്രമേണ മലയാളമാക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ എന്തൊക്കെയാ ണെന്നന്വേഷിച്ച് അതിനു പരിഹാരം കാണാനുള്ള ഏർപ്പാടുകൾ സർക്കാർ നേരത്തെ ആരംഭിച്ചിരുന്നു. ഭരണഘടന, കോഡുകൾ, മാന്വലുകൾ എന്നിവ തർജ്ജമ ചെയ്ത് മലയാളത്തിൽ പ്രസിദ്ധപ്പെ ടുത്തുന്നതിനുള്ള ഔദ്യാഗികഭാഷാ കമ്മീഷൻ ഭരണം മലയാളത്തിലാക്കാനുള്ള കല്പന വരുന്നതിന് ഏതാനും വർഷങ്ങൾക്കുമുമ്പെ നിയമിക്കപ്പെട്ടതാണ്. ഇതിനു പുറമെ, സെക്രട്ടേറിയറ്റിൽ, പബ്ലിക്ക് ഡിപ്പാട്ടുമെന്റിന്റെ കീഴിൽ ഒരു ഭാഷായൂണിറ്റും പ്രവർത്തനമാരംഭിച്ചിരുന്നു. ലിപി പരിഷ്‌കാരണം, ചുരുക്കെഴുത്ത്, മലയാളത്തിൽ ടൈപ്പ്‌റൈറ്റിങ്ങ് എന്നിങ്ങനെ ഭാഷാ മാറ്റത്തിനും മുഖ്യ തടസ്സങ്ങളായി ഉയർത്തിപ്പിടിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങളും ഇന്നേതാണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസം മലയാളമാക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ഭരണഭാഷയും കോളേജുകളിലെ പഠനഭാഷയും മലയാളമാക്കാൻ വേണ്ട എല്ലാ സാധ്യതകളും ഒത്തിണങ്ങിയെന്നു തോന്നിച്ചിരുന്ന ഒരു സന്ദർഭത്തിലാണ്, ഔദ്യോഗിക ഭാഷാമാറ്റം 5 വർഷത്തിന്നിടയിൽ പൂത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം വരുന്നത്. എന്താണ് ഇതിന്നർത്ഥം? ഭരണഭാഷാ മാറ്റത്തിനുവേണ്ടി സർക്കാർ പുറപ്പെടുവിച്ചിരുന്ന കല്പനയും, നടത്തിയ തയ്യാറെടുപ്പുകളും വെറുതെ ആയിരുന്നുവെന്നോ? എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായിട്ടും ഫലപ്രദമായ ഒന്നും നടന്നിട്ടില്ല, എല്ലാം ജനത്തെ ബോധിപ്പിക്കാൻ മാത്രമായിരുന്നു വെന്നോ? സംഗതി മറിച്ചാണെങ്കിൽ, പ്രശ്‌നത്തിൽനിന്നൊഴിഞ്ഞു മാറാനുള്ള ഒരടവാണ് ഇപ്പോഴത്തെ നീട്ടൽ. ഇതിൽ ഏതാണ് വസ്തുത. മലയാളത്തിൽ അപേക്ഷകളയയ്ക്കുന്നവർക്ക്, മലയാളത്തിൽതന്നെ മറുപടി നൽകണമെന്ന നിർദേശവും നേരത്തെ ഉണ്ടായിരുന്നു. മുൻനിർദേശം ഫലപ്രദമാകാത്തതു കൊണ്ടാണല്ലൊ വീണ്ടും അപ്രകാരം ഒന്നു നൽകേണ്ടി വന്നത്. ഗവണ്മെന്റ് നേരത്തെ നൽകിയ നിർദേശം എങ്ങനെ ഫലപ്രദമല്ലാതായി? ജനങ്ങളാരും മലയാളത്തിൽ അപേക്ഷ അയയ്ക്കാത്തതുകൊണ്ടായി രിയ്ക്കും! എന്തൊരു ഭാഷാഭിമാനമില്ലാത്ത കൂട്ടർ! അതല്ലെങ്കിൽ, നാട്ടുഭാഷയിൽ അയയ്ക്കുന്ന അപേക്ഷകൾക്കു തനി നാടൻ മട്ടിലുള്ള പ്രതികരണമേ അത്യുന്നതങ്ങളിൽ നിന്നു ലഭിക്കൂ എന്ന ഭയം അനുഭവത്തിന്റെ വെളിച്ചത്തിൽ അവർക്കുണ്ടായിക്കാണും. എന്തായാലും ഭരണഭാഷാമാറ്റത്തെ സംബന്ധിച്ച്, സർക്കാരെടുത്ത മുൻ നടപടികൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനുത്തരവാദികൾ, അവ നടപ്പാക്കാൻ ബാധ്യസ്ഥരായവർത്തന്നെയാണ്. ഇക്കൂട്ടർ തന്നെയാണ് ഔദ്യോഗികഭാഷാമാറ്റം അഞ്ചുവർഷത്തിനകം പൂർത്തിയാക്കാനുള്ളവർ. അതിന്റെ ഗതിയെന്താകുമെന്നതിൽ ജന്മനാ സംശയാലു വായ പൊതുജനത്തിന്നു ശങ്കയുണ്ടായാലെന്തു ചെയ്യും? നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഔദ്യോഗികഭാഷാസബ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പത്രവാർത്ത. രാഷ്ട്രീയ സാംസ്‌കാരിക സർവീസ് സംഘടനകളുടെ സഹകരണത്തോടെ ഒരു ബഹുജനസംരംഭമെന്ന നിലയിൽ ഔദ്യോഗിക ഭാഷാസെമിനാറുകളും സമ്മേ ളനങ്ങളും സംഘടിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. ഔദ്യോഗിക ഭാഷാമാറ്റ ത്തിന്നനുകൂലമായി ബഹുജന താല്പര്യം വളർത്തലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തോന്നുന്നു. സകലമാന ബഹുജനത്തിനും താല്പര്യമുള്ള ഒരു കാര്യത്തിൽ വീണ്ടും ഈ ആവർത്തനമെന്തിന്? യഥാർത്ഥത്തിൽ താല്പര്യമുണ്ടാകേണ്ടത്, ഭരണഭാഷ മാറ്റാൻ ചുമതലപ്പെട്ടവർ ആരോ, അവർക്കാണ്. അവർക്കുള്ള താല്പര്യത്തിന്റെ കുത്തിയൊഴുക്കുകൊണ്ടാണല്ലൊ ഇതുവരെ യാതൊന്നും സംഭവിക്കാ തിരുന്നത്; അവസാനം, വരുന്ന അഞ്ചുവർഷംകൊണ്ടാണെങ്കിലും ഔദ്യോഗിക ഭാഷാമാറ്റം പൂർത്തിയാ ക്കണമെന്ന് നിർദേശിക്കേണ്ട കാലക്കേട് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുഭവിക്കേണ്ടിവന്നതും. ഔദ്യോഗിക ഭാഷാക്കമ്മിറ്റിയും സബ്കമ്മിറ്റിയും ആദ്യം ചെയ്യേണ്ടത് പൊതുഭരണം മല യാളത്തിലാക്കാൻ വേണ്ട കല്പന എത്രയും വേഗം പുറപ്പെടുവിച്ചു നടപ്പാക്കാൻ ഗവണ്മെന്റിനെ പ്രേ രിപ്പിക്കയാണ്. അതിന്നുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാതെയൊ? സകല തയ്യാറെടുപ്പം കഴിഞ്ഞിട്ട് മതി, ഔദ്യോഗിക ഭാഷാ മാറ്റമെങ്കിൽ, ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നു സംഭവിക്കാൻ പോകുന്നില്ല. പൂർ ണമായും നീന്താൻ പഠിച്ചിട്ടേ വെള്ളത്തിലിറങ്ങൂ എന്നു വാശി പിടിക്കുന്നവൻ എന്നെങ്കിലും നീന്താൻ പഠിക്കുമോ? മാധ്യമം മാറ്റുമ്പോൾ പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെടും. അതായത് ഔദ്യോഗിക ഭാഷാമാറ്റം നടപ്പിൽ വന്നുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ പ്രായോഗികം. പഴയ പ്രതാപത്തിന്റെ പ്രതീകമായി ഇംഗ്ലീഷിനെ മനസ്സിൽ പ്രതിഷ്ഠിച്ചു നടക്കുന്ന ബ്യൂറോക്രസിയുടേതിൽ നിന്നു വിഭിന്നമായ കാഴ്ചപ്പാടും ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ജനങ്ങളോടുണ്ടെങ്കിൽ കഴിയുന്നതും വേഗം പൊതുഭരണരംഗത്തെ ങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണെന്നു പ്രഖ്യാപിക്കാൻ വേണ്ട നിശ്ചയദാർഢ്യം പ്രകടിപ്പിക്ക ണം. പകൽ വെളിച്ചംപോലെ വ്യക്തമായ ഈ ജനാധിപത്യാവകാശം അനുവദിച്ച് കൊടുക്കുന്നതിൽ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ ഗവണ്മെന്റ് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം.
എതിർക്കുന്നതെന്തിന്? ജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാവശ്യം, കേരളസം സ്ഥാനം രൂപീകരിക്കപ്പെട്ട് 21 വർഷം കഴിഞ്ഞിട്ടും അംഗീകരിച്ചു കിട്ടാത്തതെന്താണെന്നു നാം അത്ഭു തപ്പെട്ടേക്കും. ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികൾക്കുമിടയിൽ ഭരണയന്ത്രം തിരിക്കുന്ന ഒരു ശക്തി കൂടിയുണ്ട്. സത്യം പറയട്ടെ, ആ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ ഔദ്യോഗിക ഭാഷാ മാറ്റത്തിന് എതിരാണ്. ബ്യൂറോക്രസിയുടെ എതിർപ്പിനെ മറികടന്നും നടപ്പാക്കേണ്ട ഒരു പൗരാവകാശ പ്രശ്‌നമാണിതെന്ന ഗൗരവം ഭരണാധികാരികൾക്കും ഇല്ലാതെയും പോയി. ബ്യൂ റോക്രസിയെ പിണക്കാതെ നടക്കുന്നതത്രയും ആവട്ടെ എന്ന അർദ്ധമനസ്സോടെയാണ് ഓരോ തവണയും ഭരണാധികാരികൾ ഈ ഔദ്യോഗിക ഭാഷയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താറ്. ഭരണഭാഷാമാറ്റ ത്തെക്കുറിച്ചു പറയുമ്പോൾ, സ്ഥിരമായി ഉന്നയിക്കപ്പെട്ടു വരുന്ന ഒരു പല്ലവി, നാട്ടുഭാഷയായ മലയാള ത്തിനു ഭരണം താങ്ങാനുള്ള കെല്പില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷുകാരന്റെ മട്ടും മാതിരിയും മുറപ്രകാരം അഭ്യസിച്ചിറങ്ങുന്നവർക്കു മാത്രമേ ഭരണാധികാരിയാകാൻ അർഹതയുള്ളു എന്നു സ്ഥാപിക്കാ നാണ് അവർ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളതും ഭരണാധികാരി വർഗത്തിന്റെ നക്ഷത്രക്കുഞ്ഞു ങ്ങളെ ഇപ്രകാരം വളർത്തിക്കൊണ്ടുവരാനുള്ള സ്ഥാപനങ്ങളാണല്ലോ പബ്ലിക് സ്‌കൂളുകൾ. കമ്പിയടിക്കാൻ ഒരു പ്രത്യേക സാങ്കേതികഭാഷയുള്ളതു പോലെ, ഭരണം നടത്താൻ ഇംഗ്ലീഷ് എന്ന കോഡു വേണം എന്ന മട്ടിലാണ് അവരുടെ സമീപനം. സായ്പിന്റെ ഭാഷയിൽ ഒരു വാചകം കൂട്ടി വായിക്കാൻ പോലും അറിയാത്ത ഒരു മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തി. ആംഗലവാണിയുടെ അഭാവം അദ്ദേഹത്തിനോ ജനങ്ങൾക്കോ ഒരപകടവും ഉണ്ടാക്കിയില്ല. ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും കേരളത്തിൽ കാലുകുത്തുന്നതിനു മുമ്പും ഇവിടെ ഭരണം നടന്നിരുന്നുവെന്ന കാര്യം ഈ മേധാവികൾ സൗകര്യപൂർവം വിസ്മരിക്കയാണ്. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജാക്കന്മാർ കല്പന പുറപ്പെടുവിച്ചിരുന്നതും ഭരണകാര്യങ്ങൾ നടത്തിയിരുന്നതും മലയാളം എന്ന നാട്ടുഭാഷയിലായിരുന്നു. വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഭരണകാര്യങ്ങൾ പൂർണമായും ഹിന്ദിയിലായിക്കഴിഞ്ഞു. ഭരണത്തിന്റെ കനത്ത ഭാരം വഹിക്കാൻ ഹിന്ദിക്കു കഴിയുമെങ്കിൽ, അക്കാര്യ ത്തിൽ ഒട്ടും പിറകിലല്ല മലയാളത്തിന്റെ നില. ഉദ്യോഗസ്ഥന്മാർക്ക് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനും അപേക്ഷകൾക്കു മറുപടി അയയ്ക്കാനും ഹ്രസ്വകാലത്തെ പരിശീലനം നൽകിയാൽ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല. ഈ വക കാര്യങ്ങളൊന്നും അറിയാത്തവരല്ല, ഭരണയന്ത്രത്തിന്റെ മർമസ്ഥാനത്തിരുന്ന് ഇംഗ്ലീഷിനെ ഉപാസിക്കുന്നവർ. അവരും ഈ നാട്ടിൽ തന്നെയാണല്ലോ ജീവിക്കുന്നത്. ഇവരെല്ലാം മലയാളഭാഷയോട് വിരോധമുള്ളവരാണെന്നും കരുതാൻ വയ്യ. മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാൽ ഭരണമാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിനെ കൈവിടാൻ അവർ തയ്യാറാല്ല. അപ്പോൾ കേവലം ഭാഷാഭിമാനമോ ഭാഷാവിരോധമോ അല്ല ഔദ്യോഗിക ഭാഷാമാറ്റത്തിന്റെ പിറകിലുള്ളത്. ഭാഷയേക്കാൾ ഗൗരവമുള്ള ഒരു സാമൂഹ്യ പ്രശ്‌നം കൂടി ഈ മാറ്റത്തിന്നിടയിലുണ്ട്. എന്താണത്?
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായതെങ്ങനെ? ഭരണവും ബോധനവും മാതൃഭാഷയിലാവണമെന്ന് നാം ആവശ്യപ്പെടുന്നത്, അന്ധമായ ഭാഷാഭ്രാന്തുകൊണ്ടല്ല. ഇംഗ്ലീഷ് ഭാഷയോട് ആർക്കും ഒരു വിരോധവുമില്ല. മറിച്ച് അതൊരു ലൈബ്രറി ഭാഷ എന്ന നിലയിൽ എല്ലാവരും പഠിച്ചിരിക്കണമെന്ന അഭിപ്രായം കൂടിയുണ്ട്. എന്നാൽ ഇംഗ്ലീഷു ഭാഷ പഠിക്കുന്നതും അതിനെ നമ്മുടെ ഔദ്യോഗിക ഭാഷയാക്കി നിലനിർത്തുന്നതും, തമ്മിൽ വ്യത്യാസമുണ്ട്. ഒരു ജനാധിപത്യ ഭരണ ക്രമത്തിൽ ജീവിയ്ക്കുന്ന ആളുകളുടെ പൗരാവകാശത്തിന്റെ പ്രശ്‌നമാണിത്. ഭൂരിപക്ഷം ആളുകൾക്കും പിടിപാടില്ലാത്ത ഒരു ഭാഷയിൽ അവരെ ഭരിക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്കു ചേർന്നതല്ല. അത് ഭരണാധികാരികളെ, സാധാരണക്കാരനിൽനിന്നു വേറിട്ടു നില്ക്കുന്ന ഒരു പ്രത്യേക തട്ടിൽ സ്ഥാപിക്കുന്നു. അതുപോലെത്തന്നെ, അറിവ് ജനങ്ങൾക്ക പ്രാപ്യമാവരുത്. അറിവു സമ്പാദിക്കുന്നതിൽ ഭാഷ ഒരു തടസ്സമാവാനും പാടില്ല. ഇംഗ്ലീഷ് പഠിച്ചവർക്കു മാത്രമേ, ആധുനിക യുഗത്തിന്റെ നേട്ടങ്ങളായ ജ്ഞാനവിജ്ഞാനങ്ങളെക്കുറിച്ചറിയാൻ പാടുള്ളു എന്നു വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിലെ വിദ്യാഭ്യാസരീതിക്കു ചേർന്നതല്ല. ബ്രിട്ടീഷുകാരന്റെ കൊളോണിയൽ വാഴ്ചക്കാലത്ത് ഇതു രണ്ടും നിലനിന്നിരുന്നു. ജനാധിപത്യ രീതിയനുസരിച്ചാണ് തങ്ങൾ ഇന്ത്യക്കാരെ ഭരിക്കുന്നതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് ബ്രിട്ടീഷ് മേധാവിത്തം ഇന്ത്യയിലെ ബോധനഭാഷയും ഭരണഭാഷയും ഇംഗ്ലീഷാക്കി മാറ്റിയ ത്. സ്വാതന്ത്ര്യം ലഭിച്ച് മുപ്പതു വർഷം കഴിഞ്ഞിട്ടും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്ര ങ്ങളിലൊന്നായ ഇന്ത്യയിൽ, അതു നിലനിർത്തുന്നത്, ബ്രിട്ടീഷുകാരൻ കണ്ട അതേ കാഴ്ചപ്പാടിലാണെന്ന് സമ്മതിക്കാൻ കഴിയുമോ? ഇംഗ്ലീഷുഭാഷ ഒരു സുപ്രഭാതത്തിൽ യാദൃച്ഛികമായി ഇന്ത്യയുടെ ഭരണരംഗത്തും വിദ്യാഭ്യാസത്തിലും കയറിവന്നതല്ല. ചരിത്രപരമായ ഒരു പശ്ചാത്തലം അതിനുണ്ട്. ആ പശ്ചാത്തലത്തിൽവേണം, ആംഗലഭാഷ നമ്മുടെ ഭരണരംഗത്തും കലാശാലകളിലും മാച്ചാലും മായാത്ത ഒരു സ്വാധീനശക്തിയായി നിലനിൽക്കു ന്നതിനെ വീക്ഷിക്കാൻ. പണ്ട്, കളിക്കോപ്പുകൾ വില്ക്കാനും കുരുമുളകു വാങ്ങാനും ഇന്ത്യയിൽ വന്ന ഈസ്റ്റിന്ത്യാക്കമ്പനി, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയോടുകൂടി ഇവിടുത്തെ ഭരണാധി കാരികളായി മാറിക്കഴിഞ്ഞിരുന്നു. ഭരണതലത്തിൽ, താഴെക്കിടയിലുള്ള ജോലികൾക്കുപോലും ഇംഗ്ലണ്ടിൽനിന്ന് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമായിക്കണ്ട ഗവർണർ ജനറൽ വില്യം ബൻടി ങ്ങ് പ്രഭു, കുറെ ഇന്ത്യക്കാരെ ഇംഗ്ലീഷ് പഠിപ്പിച്ചാൽ, ഇക്കാര്യം ലാഭകരമായി നടപ്പാക്കാമെന്നു കരുതി. കമ്പനിയുടെ വിദ്യാഭ്യാസനയത്തിന്റെ ശില്പിയായ മെക്കാളെ പ്രഭുവിന്നാകട്ടെ, ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തെക്കുറിച്ച്, കേവലം കച്ചവടപരമായ ആവശ്യത്തെക്കാൾ കവിഞ്ഞ ഒരു കണ്ണുണ്ടായിരുന്നു. ഇന്ത്യക്കാർ ഇംഗ്ലീഷു പഠിച്ചാൽ മാത്രംപോരാ, ഇംഗ്ലീഷുകാരെപ്പോലെ ചിന്തിക്കുന്നവരുമായി മാറണം എന്നദ്ദേഹം ആഗ്രഹിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്കു പുറമെ, ഇതിനാവശ്യമുള്ള കാര്യങ്ങൾ അവരെ ഇംഗ്ലീഷിൽ കൂടി പഠിപ്പിക്കണം. ഇത്തരക്കാർക്ക് കമ്പനിയുടെ കീഴിൽ ഉദ്യോഗം നല്കിയാൽ, അവർ ഭരണകൂടത്തിന്റെ പള്ളിത്തൂണുകളായി നിലനില്ക്കും. മെക്കാളെ പ്രഭു ബുദ്ധിപൂർവം മെനഞ്ഞെടുത്ത പരിപാടിയുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപം കൊണ്ടത്. ബോധന മാധ്യമത്തിൽക്കൂടി ഭരണമാധ്യമം പിടിച്ചെടുത്തുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ അരക്കിട്ടുറപ്പിച്ചതെന്നു കാണാം.
പുതിയ മേധാവി വർഗം വളരുന്നു ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ കൈ മെയ് മറന്നുത്സാഹിച്ച ദേശസ്‌നേഹി യായിരുന്നു രാജാറാം മോഹന്റോയ്. നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും അനൈക്യവും മൂലം ചിതലെടുത്തു കൊണ്ടിരുന്ന ഇന്ത്യൻ സാമൂഹ്യ ജീവിതത്തിൽ ആധുനിക ശാസ്ത്രത്തിന്റെയും പുത്തൻ സംസ്‌കാരത്തിന്റെയും വെളിച്ചം പരക്കട്ടെ എന്ന് തികച്ചും ദേശാ ഭിമാനപരമായ ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു പരിധിവരെ അദ്ദേഹത്തിന്റെ ലക്ഷ്യം നിറവേറി എന്നതു ശരി. എന്നാൽ, റാം മോഹന്റായ് കണ്ട അതേ കാഴ്ചപ്പാടും താല്പര്യവുമായിരുന്നോ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കളായ വില്യം ബെൻടിങ്ങ്--മെക്കാളെ പ്രഭുക്കന്മാർക്കുണ്ടായിരു ന്നത്? അല്ല അല്ല. അവരുടെ ലക്ഷ്യം ചൂഷണമായിരുന്നു. ഇന്ത്യക്കാരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ സാധിക്കുന്നതിനു വേണ്ടി എന്തൊക്കെ നടപ്പാക്കാമോ അതു ചെയ്യുക. അത്രതന്നെ, മുഖ്യോദ്ദേശം ഇതായി രുന്നെങ്കിൽ, മെക്കോളെ കമ്പനി നടപ്പാക്കിയ ആംഗല വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ സമൂഹത്തിൽ ചില അപകടങ്ങളും ചെയ്തു വച്ചു എന്നു കണ്ടെത്തുന്നതിൽ അത്ഭുതപ്പെടാനോ അവിശ്വസിക്കാനോ ഒന്നും ഇല്ല. ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാർഷിക വിഭവങ്ങളുടെ സർവെ നടത്തിയതും, വൻ നഗരങ്ങളിൽ ചില മെഡിക്കൽ കോളേജുകളും എഞ്ചിനീയറിങ്ങ് കോളേജുകളും ഫാക്ടറികളും സ്ഥാപിച്ചതും ഈ രാജ്യത്തെ വിഭവങ്ങളുടെ ആദായകരമായ ചൂഷണത്തിനും അതു നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന വെള്ളക്കാരുടെ സൗകര്യത്തിനും വേണ്ടിയായിരുന്നു. അതോടൊപ്പം ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ഗ്രാമങ്ങളുടെ അറിവിനും അഭിവൃദ്ധിക്കും സഹായിക്കുന്ന ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ നടപ്പാക്കിക്കൂടാ എന്ന ഉറച്ച ബോധം അവർക്കുണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസംവഴി ലഭിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകളും പുതിയ സംസ്‌കാരവും ഇന്ത്യയിലെ ജാതിവ്യവസ്ഥയും അനാചാരങ്ങളും ഇല്ലാതാക്കും എന്നാണല്ലൊ റാം മോഹന്റോയി യെപ്പോലുള്ളവർ ആശിച്ചിരുന്നത്. എന്നിട്ട് ജാതിവ്യവസ്ഥ നശിച്ചോ? ഇല്ല. പേറുനോക്കാൻ പോയവൾ ഇരട്ടപെറ്റു എന്ന മട്ടിൽ, മെക്കാളെ പ്രഭുവിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസം കുറേക്കൂടി ശക്തമായ ഒരു പുതിയ വർഗത്തെ ഇന്ത്യൻ സമൂഹത്തിൽ അവതരിപ്പിക്കുക കൂടി ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി സർവീ സിൽക്കയറിയ മേധാവികളായിരുന്നു, ഈ പുതിയ വർഗം. ബ്രിട്ടീഷ് സാമ്രാജ്യത്വം നമ്മുടെ സാമൂഹ്യ ജീവിതത്തിൽ നൽകിയ ഏറ്റവും വിനാശകരവും ഭൂരവ്യാപക വുമായ കെടുതികളിലൊന്ന്, ഈ പുതിയ വർഗത്തിന്റെ സൃഷ്ടിയാണ്. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചില്ലായിരുന്നെങ്കിൽ, ആധുനിക ശാസ്ത്രവും നവീനാശയങ്ങളും ഇന്ത്യയിൽ കപ്പലിറങ്ങില്ലായിരുന്നു എന്നു പറയുന്നതു ശരിയല്ല. എന്നാൽ, ബ്രിട്ടീഷുകാർ ഇവിടെ ഭരണം നടത്തിയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പുതിയ വർഗം ജനിക്കില്ലായിരുന്നു എന്നതു തീർച്ച. കോളേജിൽ പോയി ആംഗല രീതി യിൽ വിദ്യാഭ്യാസം നേടി ബ്രിട്ടീഷ് സർവീസിൽ കയറിക്കൂടിയവർ മിക്കവാറും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരായിരുന്നു. ജീവിതത്തിലും ചിന്തയിലും ഇംഗ്ലീഷുകാരനെ അനുകരിച്ചുകൊണ്ട്, ജനജീവിത വുമായി ബന്ധമില്ലാത്ത സുഖഭോഗത്തുരുത്തുകളിൽ, ഭരണകൂടത്തിന്റെ സംരക്ഷകരും സേവകരുമായി ഇവരങ്ങനെ വിരാജിച്ചു. പിന്നീട് പിന്നീട് എണ്ണത്തിൽ പെരുകിവന്ന ഈ വിഭാഗത്തിലെ അംഗങ്ങ ളായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഭരണയന്ത്രത്തിന്റെ പ്രധാന മേട്ടാണികൾ. സമാധാനപരമായ അധികാരക്കൈമാറ്റം ഇത്തരം ഐ.സി.എസ്സ്. മേധാവികളെയും അവരുടെ താഴെക്കിടയിലുള്ളവരെയും ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി. ഇന്ത്യയുടെ ദേശീയ താല്പര്യങ്ങളോടോ സ്വതന്ത്ര്യ സമരങ്ങളോടോ ഒരിക്കലും കൂറുപുലർത്തിയിട്ടില്ലാത്ത ഈ ഐ.സി. എസ്സ്. വർഗത്തിന്റെ പിൻമുറക്കാരാണ്, ഇന്നും നമ്മുടെ ഭരണകൂടത്തിന്റെ ഊടും പാവുമായി വർത്തിക്കുന്നത്. അതേസമയം, വിശദാംശങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവിടെ നിലനില്ക്കുന്നത്; പണ്ട് മെക്കാളെ പ്രഭു ആവിഷ്‌കരിച്ച വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടാണ്. എഞ്ചിനീയർ ക്കും ഡോക്ടർക്കും ഡ്രൈവർക്കും സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നതുപോലെ ഭരണ കർത്താവിനും സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്ന് ഈ മേധാവി വർഗം കരുതുന്നു. ഏറ്റവും പരമമായ വൈദഗ്ധ്യമാവട്ടെ തങ്ങൾ പണ്ടു പഠിച്ച ബ്രിട്ടീഷ് ചട്ടക്കൂട്ടിൽ നിന്നുരുത്തിരിഞ്ഞതാണെന്നും ഇവർ വിശ്വസിക്കുന്നു. ചിരസമ്മതമായ ആചാരങ്ങൾക്ക് കടുകിട മാറ്റം വരുത്താൻ സമ്മതിക്കാത്ത ഈ വരേണ്യവിഭാഗമാണ്, ഏതു കക്ഷിയുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നാലും, യഥാർത്ഥ ഭരണാധി കാരികാരികൾ. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, സംസ്ഥാനങ്ങളിലെ ഭരണം ബന്ധപ്പെട്ട പ്രാദേശിക ഭാഷകളിലായി ക്കൂടെ എന്ന ആവശ്യം ഉയർന്നപ്പോൾ, നൂറായിരം പ്രശ്‌നങ്ങളുന്നയിച്ച് അതിനെ ഉള്ളിൽനിന്നും നിരുത്സാഹപ്പെടുത്തിയത് ഭരണയന്ത്രം തിരിക്കുന്ന ഈ ബ്യൂറോക്രാറ്റുകളായിരുന്നു. ഭരണം പ്രാദേശിക ഭാഷയിലാവുന്നത് ശുഭലക്ഷണമല്ലെന്നു കണ്ട സമ്പന്നവിഭാഗവും ഇവരോടൊപ്പം കൂടി. എന്താണു ജനങ്ങളുടെ ഭാഷയിൽ ഭരണം നടത്തുന്നതിൽ ഇവർക്കിത്ര വിരോധം? ഭരണം മാതൃഭാഷയിലായാൽ ജനങ്ങൾക്ക് കാര്യങ്ങൾ കുറേശ്ശേ മനസ്സിലായിത്തുടങ്ങും. അതോടെ ഭരണകാര്യങ്ങളിൽ ബഹുജന പങ്കാളിത്തം വർധിക്കും. ഭരണ നടത്തിപ്പിൽ ജനകീയ പങ്കാളിത്തം വർധിക്കുന്നത് സ്വന്തം താല്പര്യങ്ങൾ ക്ക് ഹാനികരമാണ് എന്നും മുൻകൂട്ടിക്കാണുന്നവരാണ്, എക്കാലത്തും ഇതിനെ എതിർത്തിട്ടുള്ളത്. ബ്യൂറോക്രസിയെ സംബന്ധിച്ചിടത്തോളം ഇതിൽ പ്രത്യേക താല്പര്യം കൂടിയുണ്ട്. എക്കാലത്തും ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സൗഭാഗ്യമായിരുന്നു ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനവും ഇംഗ്ലീഷുകാരന്റെ സാങ്കേതിക രീതികളിലുള്ള പരിശീലനവും സൃഷ്ടിച്ച മായാവലയാണ് തങ്ങളെ അർധദിവ്യന്മാരായ ഒരു പ്രത്യേക വിഭാഗമാക്കി ഉയർത്തിയത്. തങ്ങളുടെ ആ പദവിയിലുള്ള നിലനില്പിന്നടിസ്ഥാനവും ഇതുതന്നെ. ഭരണം പ്രാദേശിക ഭാഷയിലാക്കണമെന്നാവശ്യപ്പെടുന്ന ധിക്കാരികൾ, ഈ മായാവല മാന്തിക്കീറുകയാണ് ചെയ്യുന്നത്. സ്വന്തം അന്തസ്സിൽ താല്പര്യമുള്ള ആർക്കെങ്കിലും മനസ്സറിഞ്ഞ് ഇതംഗീകരിക്കാൻ കഴിയുമോ? ജനങ്ങളുടെ യഥാർത്ഥമായ ഏതാവശ്യത്തെയും സാങ്കേതികത്വത്തിന്റെ ചുവപ്പ് നാടയിൽ കുരുക്കി ഞെക്കിക്കൊല്ലാൻ മടിയില്ലാത്ത അതേ ബ്യൂറോക്രസി തന്നെയാണ് ഔദ്യോഗിക ഭാഷാമാറ്റത്തെ പിടിച്ചുകെട്ടാൻ കയറുമായി പിന്നിൽ വന്നു നില്ക്കുന്നത്. ജനകീയമായ ഒരാവശ്യത്തെ നേരിട്ടെതിർ ക്കാൻ അവർക്കു ധൈര്യമില്ല. അതുകൊണ്ട് പിന്നിൽ നിന്നു കുത്തുന്നു. ഭരണത്തിന്റെ ദിവ്യതേജസ്സു താ ങ്ങാൻ നാട്ടുഭാഷയ്ക്കു കരുത്തില്ല, സാങ്കേതിക പദങ്ങളില്ല, ടെപ്‌റൈറ്ററില്ല, ചുരുക്കെഴുത്തില്ല, ഉദ്യോഗസ്ഥന്മാർക്കു പരിശീലനമില്ല എന്നിങ്ങനെ അനേകം തടസ്സങ്ങൾ മാറ്റത്തിന്റെ വഴിയിൽ അവർ ഒന്നിനു പിറകെ മറ്റൊന്നായി ഉയർത്തിക്കൊണ്ടിരിക്കും. ചുരുക്കത്തിൽ, ഭരണം മാതൃഭാഷയിലാക്ക ണമെന്ന് എത്ര ശക്തിപൂർവം ജനങ്ങൾ ആവശ്യപ്പെടുന്നുവോ, അത്രയും കരുത്തോടെ സമൂഹത്തിലെ നിക്ഷിപ്ത താല്പര്യക്കാരും ബ്യൂറോക്രസിയും അതിനെ എതിർത്തുകൊണ്ടിരിക്കും. ഇവിടെ സന്മനസ്സിന്റെ പ്രശ്‌നമില്ല, താല്പര്യത്തിന്റേതുമാത്രം. ഭരണവും വിദ്യാഭ്യാസമാധ്യമവും മാതൃഭാഷയിലാക്കണമെന്നത് കേവലം ഭാഷാസ്‌നേഹത്തിന്റെ പ്രശ്‌നമല്ലെന്നു പറഞ്ഞുവല്ലൊ. ജനാധിപത്യപരമായ ഒരവകാശത്തിന്റെ പ്രശ്‌നമാണത്. ഭാഷാപരമായ കെട്ടുപാടുകൾ ഭരണത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തം തടയാൻ പാടില്ല. അതിനപ്പുറം, പണ്ട് ബ്രിട്ടീഷുകാരൻ സൃഷ്ടിച്ച, സാമൂഹികമായ ചേരിതിരിവിനും, ഒരു പ്രത്യേക വിഭാഗത്തിന്റെ മേധാവിത്ത ത്തിനും എതിരായ നീക്കവുമാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള മോഡൽ സ്‌കൂളുകളും പബ്‌ളിക്ക് സ്‌കൂളു കളും വഴി ആ ചേരിതിരിവിന്റെ വിത്തുകൾ ഇന്നും നാട്ടിൽ പറന്നു നടക്കുന്നു. ഭരണവുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മറ്റു രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെക്കാൾ മാന്യതയും അധികാരവും നൽകിയത്--സിവിൽ സർവീസിന് സാമൂഹിക ജീവിതത്തിൽ മേധാവിത്തം നൽകിയത്--ബ്രിട്ടീഷ് ഭരണാധികാരികൾ സമൂഹത്തെ ചേരികളായി വേർതിരിച്ചു നിർത്താൻ കരുതിക്കൂട്ടി ഒരുക്കിയ വിദ്യയാണ്. നേരത്തെപ്പറഞ്ഞ വരേണ്യവർഗത്തിന്റെ സൃഷ്ടിയിൽ കൂടിയാണ് അവർ ഇതു സാധിച്ചത്. സിവിൽ സർവീസിനെ മറ്റു മണ്ഡലങ്ങളിൽനിന്ന് ഉയർത്തി നിർത്തുന്ന ഈ ക്രൂരത ബ്രിട്ടീഷുകാരന്റെ സ്വന്തം രാജ്യത്തുപോലും നിലവിലില്ല. കോളനികളെ അടക്കി ഭരിക്കാൻവേണ്ടി അവർ ചെയ്ത കൊടുംചതിയാണിത്. ജാതിയുടേതെന്ന പോലെ, ഇംഗ്ലീഷിൽ ഭരണം നടത്തുന്ന മേധാവി വർഗത്തിന്റെ ചേരിതിരിവും ഇന്ത്യൻ സാമൂഹ്യവ്യവസ്ഥിതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ പുത്തൻ സവർണ മേധാവിത്തം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഒന്നാം ഘട്ടമാണ്; ഭരണത്തെ മലയാളം പഠിപ്പിക്കൽ.
ബോധനഭാഷ കാര്യങ്ങൾ മനസ്സിലാക്കാൻ ഏറ്റവും പറ്റിയ മാധ്യമം മാതൃഭാഷയാണെന്ന വസ്തുത ആർക്കാ ണറിയാത്തത്? എന്നാൽ വലുപ്പം കാരണം കാലത്തിന്റെ മാറ്റം സ്വയം മനസ്സിലാക്കാൻ പറ്റാത്ത പരുവത്തിലെത്തിയ ചിലരുണ്ട്. അത്തരക്കാരെ മുന്നിൽക്കണ്ടുകൊണ്ടാവാം, പഠനം മാതൃഭാഷയി ലാകുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് മഹാപുരുഷന്മാർ ആവർത്തിച്ചാവത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്നിട്ടെന്താണ്, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങണ്ടെ. എന്തൊരുറപ്പാണ് നമ്മുടെ സർവകലാശാലകൾക്ക്. അവ ഒരു കാര്യം തീരുമാനിച്ചാൽ, തീരുമാനിച്ചതാണ്. വിദ്യാഭ്യാസം പ്രാദേശികഭാഷകളിലാക്കാൻ വേണ്ട മുൻ ഒരുക്കങ്ങൾ നടത്താനാണ് കേന്ദ്രഗവണ്മെന്റ് സംസ്ഥാനങ്ങളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കണമെന്ന നിർദേശം നൽകിയത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നേതൃത്വത്തിൽ കോളേജുകളിൽ ശാസ്ത്രവും സാങ്കേതികവിദ്യകളും പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കാൻ വേണ്ട സാങ്കേതിക പദങ്ങളും പാഠ്യപുസ്തകങ്ങളും തയ്യാറാക്കപ്പെട്ടു. കഴിഞ്ഞ ആറേഴു വർഷങ്ങൾക്കിട യിൽ, പ്രീഡിഗ്രി-ഡിഗ്രി ക്ലാസുകൾക്കു വേണ്ടി മാത്രമല്ല, അത്യാവശ്യം ബിരുദാനന്തര കോഴ്‌സുകൾ ക്കുപോലും ഉപയോഗിക്കാവുന്ന പാഠ്യപുസ്തകങ്ങളും സാങ്കേതിക ശബ്ദാവലിയും തയ്യാറാക്കാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടുണ്ടെന്നാണറിവ്. ഈ രംഗത്തെ പ്രാരംഭ പ്രവർത്തനങ്ങളെന്ന നില യിൽ, വിശദാംശങ്ങളിൽ ചില തിരുത്തലുകളും പരീഷ്‌കരണങ്ങളുമൊക്കെ ആവശ്യമായേക്കാം. എങ്കിൽ ത്തന്നെ കോളേജുക്ലാസ്സുകളിൽ ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ പഠിപ്പിക്കാൻ വേണ്ട കരുക്കളെല്ലാം ഒരുക്കാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞിട്ടുണ്ട്. അതനുസരിച്ച് മാധ്യമ മാറ്റത്തിനു തയ്യാറെടുക്കുന്നതിനു പകരം, ഇൻസ്റ്റിറ്റ്യൂട്ടു പുസ്തകങ്ങളൊന്നും മെച്ചപ്പെട്ടവയല്ലെന്നു പറഞ്ഞു മാറിനില്ക്കുകയാണ് സർവ കലാശാലകൾ. സാഹചര്യങ്ങളുടെ സമ്മർദം സഹിക്കവയ്യാതായപ്പോൾ, ഇക്കാര്യത്തിൽ എന്തെങ്കിലും ശ്രമം നടത്താൻ മുതിർന്നിട്ടുണ്ടെങ്കിൽ, മാധ്യമമാറ്റം ആർക്കും വേണ്ടാത്ത ഒരേർപ്പാടാണെന്നു സ്ഥാപിക്കാൻ മാത്രമേ അതുപകരിച്ചിട്ടുള്ളു. കേരളത്തിലെ ഒരു സർവകലാശാല, പ്രീഡിഗ്രി പരീക്ഷയ്ക്ക് മലയാളത്തിലും ഉത്തരമെഴുതാൻ കനിഞ്ഞനുവദിക്കുകയുണ്ടായി. ആവശ്യമുള്ളവർക്ക് മലയാളത്തിലും ഉത്തരമെഴുതാം, പക്ഷേ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിൽത്തന്നെയായിരിക്കും എന്ന നിർദേശത്തോടെ നൽകിയ ഈ സൗജന്യത്തിനു പിറകിലുള്ള നിസ്സംഗത വളരെ വ്യക്തമാണല്ലൊ. അധികൃതരിൽനിന്നു ലഭിക്കുന്ന നിസ്സംഗ മനോഭാവവും സ്വന്തം ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മലയാളത്തിൽ ഉത്തരമെ ഴുതുന്നതിൽ കുട്ടികളെ സംശയാലുക്കളാക്കുന്നുണ്ടെങ്കിൽ, അതു സ്വാഭാവികമാണ്. മലയാളത്തിൽ പഠിച്ചാൽ ഉന്നത പഠനത്തിനും ഗവേഷണത്തിനും വേണ്ടി മറുനാടൻ സർവകലാശാലകളിൽ പോകുന്ന ചെറുപ്പക്കാർക്കു ബദ്ധിമുട്ടുണ്ടാകുമെന്ന വാദത്തിൽ യുക്തിയുണ്ട്. പഠിപ്പ് കഴിഞ്ഞാൽ നമ്മുടെ യുവാക്ക ൾ തൊണ്ണൂറ്റൊമ്പതു ശതമാനം പേരും മറ്റു സർവകലാശാലകളിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും പോകുന്നവരാണല്ലോ. ശാസ്ത്രസാങ്കേതിക വിദ്യകൾ മലയാളത്തിൽ പഠിച്ച് ഉള്ള ഇംഗ്ലീഷ് നഷ്ടപ്പെടുത്തിയാൽ, അന്യരാജ്യങ്ങളിൽ ജോലി തേടിപ്പോകുന്നവരെന്തുചെയ്യുമെന്നാണ് മറ്റൊരു പരാതി. മറ്റുള്ളവരുമായി ബന്ധപ്പെടാൻ ഇംഗ്ലീഷിൽ പഠിക്കണമെന്നില്ല. ഇംഗ്ലീഷു പഠിച്ചാൽ മതി. ഒരു വിദേശഭാഷയെന്ന നിലയിൽ എല്ലാ വിദ്യാർത്ഥികളും ഇംഗ്ലീഷ് പഠിക്കണമെന്നു തന്നെയാണ് പറയാനു ള്ളത്. ബോധന മാധ്യമം മലയാളമാക്കുന്നതിന്റെ സാമൂഹ്യ വിപത്തുകൾ ചൂണ്ടിക്കാട്ടാൻ നമ്മുടെ വിദഗ്ധ ന്മാർ സദയം തയ്യാറാകുന്നത് ഭാവി തലമുറയുടെ നന്മയെക്കരുതിയാകണം! അല്ലാതെ സ്വന്തം താല്പര്യത്തിനു വേണ്ടിയാവില്ല. ഇനി, സാങ്കേതിക പദങ്ങളുടെയും പാഠപുസ്തകങ്ങളുടെയും പ്രശ്‌നം വലിയ തടസ്സമായി പൊക്കിപ്പിടിക്കാനില്ലല്ലോ. അപ്പോൾപ്പിന്നെ ഭാവി തലമുറയുടെ രക്ഷയിൽ താല്പര്യമെടുക്കുക തന്നെ. എന്തെല്ലാം അനുകൂല സാഹചര്യങ്ങളുണ്ടായാലും ബോധനഭാഷ മലയാളമാക്കാൻ അവർ മനസ്സറിഞ്ഞു സമ്മതിക്കില്ല. മാറ്റത്തിനെതിരായുള്ള നിക്ഷിപ്ത താല്പര്യം അ ത്രയും ശക്തമാണ്. അതിനുവേണ്ടി സാങ്കേതിക തടസ്സത്തെയോ സാമൂഹ്യ പ്രശ്‌നങ്ങളെയോ ഏതിനെ വേണമെങ്കിലും കൂട്ടുപിടിക്കാം. ബോധനം മലയാളമാക്കുന്നതിൽ ശാസ്ത്രസാഹിത്യ പരിഷത്തിനെന്താണ് താൽപര്യം എന്നു ചോദിക്കാം. താൽപര്യമുണ്ട്, ഭാഷയിലല്ല ഭാഷയാൽക്കൂടി പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളിൽ. ശാസ്ത്രം സാമാന്യജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖ്യലക്ഷ്യം. ജനങ്ങൾക്കു ശാസ്ത്രബോധമില്ലാത്ത കാലത്തോളം, ഈ സമൂഹം ഇങ്ങനെ കിടക്കും, സമ്പത്തോ സമൃദ്ധിയോ ഉണ്ടാവില്ല. കാലഘട്ടത്തിനൊത്ത സാംസ്‌കാരിക വളർച്ച ഉണ്ടാവില്ല. അക്കാര്യത്തിൽ പരിഷത്തിനുൽക്കണ്ഠയുണ്ട്. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അന്യമായ ഭാഷയിൽ ശാസ്ത്രം പഠിപ്പിച്ചാൽ, അതു വേണ്ടിടത്തെത്തില്ല. അതുതന്നെ താൽപര്യം. ബോധനം മലയാളത്തിലാക്കാനുള്ള പരിശ്രമം ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തുടങ്ങിയതാണ്; ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുതന്നെ. മലയാളത്തിൽ സാങ്കേതിക ശബ്ദാവലി തയ്യാറാക്കാനുള്ള ശ്രമം പരിഷ ത്ത് ആരംഭിച്ചിരിക്കുന്നു. ആ പരിശ്രമത്തിൽ കുറെയേറെ മുന്നേറുകയും ചെയ്തു. അറിവ് ഏതാനും കേന്ദ്രങ്ങളിൽ കൂടിക്കിടന്ന്, ആർക്കും ഉപയോഗമില്ലാതെ പോകുന്നതിൽ പരിഷത്തിനു താൽപര്യമില്ല. അതു നാട്ടിൽ വ്യാപിക്കണം. വിജ്ഞാന വ്യാപനത്തിന് ഭാഷ ഒരു തടസ്സമാകരുത്.
ബോധനഭാഷ--ഒരു വിദ്യാഭ്യാസ പ്രശ്‌നം: വിദ്യാഭ്യാസം ഏതു ഭാഷയിൽ നടത്തണമെന്നത് ലളിതമായ ഒരു വിദ്യാഭ്യാസ പ്രശ്‌നമാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിവേണ്ട വിദ്യാഭ്യാസം കൊളോണിയലടിമത്വത്തിന്റേതല്ല. അത് രൂപത്തിലും ഉള്ളടക്കത്തിലും ജനാധിപത്യവ്യവസ്ഥിതിക്കിണങ്ങിയതാവണം. വ്യവസ്ഥിതിയുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പോരുന്നതുമായിരിക്കണം. സമൂഹത്തിന്റെ ഉപരിതലത്തിലുള്ള ഏതാനും പേർക്കുവേണ്ടി അവർ തീരുമാനിക്കുന്നത്, ജനാധിപത്യ വിദ്യാഭ്യാസക്രമമാവില്ല. ഔപചാരികമായിട്ടാണെങ്കിലും അല്ലെങ്കിലും ഏതൊരാൾക്കും ആഗ്രഹമുണ്ടെങ്കിൽ വിജ്ഞാനം സമ്പാദിക്കാൻ കഴിയണം. അതിനു വേണ്ടി ഭാഷയുടെ പാറക്കെട്ടു പൊട്ടിക്കേണ്ട ഗതികേടു വരരുത്. വിദ്യാഭ്യാസം, തുടക്കം മുതൽ ഒടുക്കം വരെ ജനങ്ങളുടെ മാതൃഭാഷയിലായാൽ അത് ആവശ്യമുള്ളവർക്കെല്ലാം പ്രാപ്യമായിത്തീരും. അപ്പോൾ, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ആദ്യം ഉറപ്പു വരുത്തേണ്ടതാണ്, മാതൃഭാഷയിൽ കൂടിയുള്ള വിദ്യാ ഭ്യാസ സൗകര്യം. പരിഷ്‌കൃത രാഷ്ട്രങ്ങളിലൊക്കെ അങ്ങനെയാണ്, അവർക്കൊന്നും ഇതു ദശാബ്ദ ങ്ങളോളം ആലോചിച്ചിരിക്കേണ്ട ആനക്കാര്യമായിത്തോന്നിയിട്ടില്ല. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവിടെ രണ്ടു മൂന്നു വിദ്യാഭ്യാസക്കമ്മീഷൻ റിപ്പോർട്ടുകൾ വന്നു. ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന ഡോ: രാധാകൃഷ്ണൻ, പ്രസിദ്ധ ശാസ്ത്രജ്ഞനായ ഡോ: കോഠാരി എന്നിങ്ങനെ അതിപ്രഗത്ഭരായ വിദ്യാഭ്യാസ ചിന്തകന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കാവശ്യമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് സമഗ്രമായി തയ്യാറാക്കിയ റിപ്പോർട്ടുകളാണവ. വിദ്യാഭ്യാസമാധ്യമം ഏതായിരിക്കണമെന്ന് കമ്മീഷന്റെ റിപ്പോർട്ടുകളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ, ഏതു കമ്മീഷൻ പറഞ്ഞിട്ടെന്താണ്. അധികാരവും നിക്ഷിപ്ത താല്പര്യവും ഒന്നിച്ചു ചേർന്നാൽ അതൊരു വഴിക്കേ നടക്കൂ. ഇംഗ്ലീഷ് വിദ്യാഭ്യാസ മാധ്യമമായതിന്റെ ചരിത്രപരമായ കാരണം വിശദമാക്കിയല്ലൊ. ബ്രിട്ടീഷ് ഭരണകൂടത്തിന് ചുരുങ്ങിയ ചെലവിൽ ഉദ്യോഗസ്ഥന്മാരെ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു ഇംഗ്ലീഷ് മാധ്യമമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കാലം മാറിയപ്പോൾ നമ്മുടെ കലാലയങ്ങൾ ഭരണയന്ത്രത്തിനു വേണ്ട ഉദ്യാഗസ്ഥന്മാരുടെ പരിശീലനക്കളരികളായി നിലനില്ക്കുകയാണ്. ഭരണഭാഷ മാറിയല്ലാതെ വിദ്യാഭ്യാസ മാധ്യമം മാറാൻ പോകുന്നില്ല.
മാറ്റം ആർക്കുവേണ്ടി? ഭരണ-ബോധന മാധ്യമങ്ങൾ മാറ്റണമെന്നാവശ്യപ്പെടുന്നത് ആർക്കു വേണ്ടിയാണ്? ഭരണ യന്ത്രത്തിന്റെയും സമൂഹത്തിന്റെയും തലപ്പത്തിരിക്കുന്നവർക്ക് ഇതാവശ്യമില്ല. അവർ മാറ്റത്തിന്നെതി രുമാണ്. ഔദ്യോഗിക ഭാഷ മലയാളമാക്കേണ്ടത് ആരെ ഉദ്ദേശിച്ചാണോ, ആ ബഹുജനങ്ങളുടെ നിരന്ത രമായ ശ്രദ്ധയും പരിശ്രമവുമില്ലാതെ, ഇതു നടക്കാൻ പോകുന്നില്ല. ജനവികാരം അനുകൂലമാണെ ന്നറിഞ്ഞിട്ടും, കഴിഞ്ഞ മുപ്പതു വർഷക്കാലം ഔദ്യോഗികഭാഷാ മാറ്റത്തെ ഫലപ്രദമായി തടഞ്ഞു നിർത്താൻ ആയിരം കൈകളുള്ള നിക്ഷിപ്തതാല്പര്യത്തിന്നു കഴിഞ്ഞു. ഇനിയും കഴിയും. വർഷങ്ങൾക്കു മുമ്പുതന്നെ നമുക്കു കൈവരേണ്ടിയിരുന്ന, ജനാധിപത്യപരമായ ഒരവകാശമാണ് ഇതെന്ന ധാരണയോടെ, ഔദ്യോഗിക ഭാഷാമാറ്റം-ഏകപക്ഷീയമായി നടപ്പിലാക്കാൻ ഈ വൈകിയ വേളയിലെങ്കിലും നാം തയ്യാറാവണം. എന്നു വച്ചാൽ, നമ്മുടെ ഭരണഭാഷ മലയാളമാണെന്ന ധാരണയോടെ, ബഹുജനങ്ങൾ കേരള സർക്കാരിന്നയയ്ക്കുന്ന എല്ലാ അപേക്ഷകളും മലയാളത്തിൽ മാത്രം എഴുതുക. മറുപടി ഏതു ഭാഷയിൽ ലഭിക്കുമെന്നു നമുക്കു നോക്കാം. ഇതോടൊപ്പം ഔദ്യോഗിക ഭാഷാമാറ്റം കഴിവതും വേഗം പ്രവർത്തികമാക്കാൻ വേണ്ട നിയമനിർമാണം നടത്താൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുക. ഇക്കാര്യത്തിൽ ശക്തമായ ബഹുജനാഭിപ്രായം സംഘടിപ്പിച്ചില്ലെങ്കിൽ, അഞ്ചു വർഷത്തിന്നകം പൂർത്തീ കരണമെന്നു വച്ചിട്ടുള്ള ഔദ്യോഗിക ഭാഷാമാറ്റം അമ്പതു കൊല്ലം കഴിഞ്ഞാലും തിരുനക്കരത്തന്നെയാണെന്നു കാണാം.