ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:13, 24 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('{{Infobox book | name = ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊതു വിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ് വിദ്യാഭ്യാസ ജാഥ. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18ന് വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും. ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കട്ടെ.

ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 1995

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഏറെ വിവാദങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന സന്ദർഭമാണിത്. അൺഎയ്ഡഡ് സ്‌കൂൾ, അൺഎയ്ഡഡ് കോളേജ്, 'സ്വാശ്രയ' കോളേജും കോഴ്‌സും എന്നിങ്ങനെ ചെലവേറിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചി രിക്കുന്നത് എന്നാണ് ഒരു വിവാദ വിഷയം. അതേച്ചൊല്ലി മെഡിക്കൽ കോളേജുകളിലെയും കൊച്ചി സർവകലാശാലയിലെയും വിദ്യാർത്ഥികൾ സമരത്തിലായിട്ടു മാസങ്ങളായി. സംസ്‌കൃതസർവകലാശാലയെന്ന പേരിലുള്ള സ്ഥാപനം സംസ്ഥാനത്താകെ ശാസ്ത്ര-സാമൂഹ്യ ശാസ്ത്രങ്ങളിലും ഭാഷകളിലുമുള്ള കോഴ്‌സുകൾ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതുവരെ പുലർത്തിപ്പോന്ന മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി നടത്തിവരുന്നു. അതിന്റെ സൃഷ്ടി, സ്ഥിതി, സംഹാര കർത്താവായി വിരാജിക്കുന്നതു സംസ്ഥാനത്തു നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉന്നതോദ്യോഗസ്ഥനാണ് എന്നത് ഉൾപ്പെടെ ആ സർവകലാശാലയുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും വിവാദപരമാണ്. അതുമായി ബന്ധപ്പെട്ടവർ സംസ്‌കൃതർ ആയതുകൊണ്ടാകാം പ്രക്ഷോഭമൊന്നും ഇതേവരെ പൊട്ടിപ്പുറപ്പെടാതിരുന്നത്. കേരളത്തിൽ സാംസ്‌കാരിക സർവകലാശാല സ്ഥാപിക്കാൻ പോകുന്നതായി ബന്ധപ്പെട്ട മന്ത്രി പ്രസ്താവിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ സർവമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് സർവകലാശാല. ആ മണ്ഡലങ്ങൾക്കെല്ലാം പുറത്താണോ സംസ്‌കാരം? അതോ, ആ മണ്ഡലങ്ങളിലേതടക്കം പഠനമനന ങ്ങളുടെയും കൊള്ളക്കൊടുക്കകളുടെയും ഫലമോ? പഴയ ജൻമി കുടുംബങ്ങൾ ആനയെ വാങ്ങി സ്വന്തം പ്രമാണിത്തത്തിന്റെ സാക്ഷ്യപത്രമായി എഴുന്നള്ളിക്കാറുണ്ടായിരുന്നു. ഇപ്പോൾ മന്ത്രിമാർ തങ്ങളുടെ കേമത്തം കാണിക്കാൻ സ്വന്തം വകുപ്പിനുകീഴിൽ സർവകലാശാല സ്ഥാപിക്കുന്നു. പാപ്പാൻ മോഹികൾ അതിന് അവരെ പ്രേരിപ്പിക്കുന്നു. പ്രമാണികുരുടൻമാർക്ക് ആന എന്തെന്ന് അറിയാത്തതുപോലെയാണ് ഈ മന്ത്രിമാരുടെയും സ്ഥിതി. ചിലർക്കു സ്വന്തം വകുപ്പിനുള്ളിൽ സർവകലാശാല വേണമെങ്കിൽ, ചിലർക്കതു വേണ്ടത് സ്വന്തം നാട്ടിലാണ്. ഇവരൊക്കെ തേവരുടെ ആനയെക്കൊണ്ട് കാട്ടിലെ മരം പിടിപ്പിച്ചതുമൂലം എടങ്ങറിലായതു നാട്ടുകാരാണ്, അവരുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങളാണ്. അവ നിറവേറ്റുന്നതിന് ഉപയോഗിക്കേണ്ട പണമാണല്ലോ ചിലരുടെ ദുരഭിമാനപൂരണത്തിനുവേണ്ടി പുകച്ചുകളയുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാൽ അതു മറ്റൊരു വിവാദമായി. ഈ നീക്കത്തെ എതിർത്താൽ പ്രക്ഷോഭമായി. പഞ്ചായത്ത്‌രാജ് സംവിധാനത്തിൽ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്‌കൂൾ നടത്തിപ്പ് ഗ്രാമ-ജില്ലാ പഞ്ചായത്തുകൾക്കു നൽകണമെന്നു ഭരണഘടനയുടെ 73-ാം ഭേദഗതിയിൽ നിർദേശിച്ചിരുന്നു. അതനുസരിച്ച് സംസ്ഥാനത്തു പഞ്ചായത്തുനിയമം ഉണ്ടാക്കിയപ്പോൾ ഭരണഘടന നിർദേശിച്ച തരത്തിൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് കൈമാറിയിട്ടില്ല. ആ നിയമം അനുസരിച്ച് അധികാരക്കൈമാറ്റം നടത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിലാകട്ടെ അതിലും എത്രയോ കുറവാണ്. ഇത് ഒരു വിവാദത്തിന്റെ തിരികൊളുത്തിക്കഴിഞ്ഞു. പ്രക്ഷോഭമാകുമോ, അതുണ്ടായിട്ടേ ഗവണ്മെന്റ് വേണ്ടതു ചെയ്യുകയുള്ളോ എന്നതൊക്കെ ഇനി വരാനിരിക്കുന്ന കാര്യങ്ങളാണ്. മുകളിൽ പറഞ്ഞതുപോലെയുള്ള കാര്യങ്ങൾ വേറെയുമുണ്ട്. അവയൊക്കെ പ്രയോഗതലത്തിലുള്ള പ്രശ്‌നങ്ങളാണ്. തൊലിപ്പുറമെയുള്ളവയാണ് എന്നു പറഞ്ഞാലും തെറ്റില്ല. ഇവ വിദ്യാഭ്യാസ സംബന്ധിയായ, കൂടുതൽ ഗൗരവപ്പെട്ട പ്രശ്‌നങ്ങളുടെ ബഹിർസ്ഫുരണങ്ങളാണ്. അവയൊക്കെ വിദ്യാഭ്യാസം എന്ത്, എന്തിന് എന്നീ ചോദ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാലമൊക്കെയായിട്ടും ഈ ചോദ്യങ്ങൾക്കു നമ്മുടെ സമൂഹമോ മാനവരാശിയോ ഉത്തരം കണ്ടെത്തിയില്ലേ എന്ന ചോദ്യം ഉയരാം. നമ്മുടെ മുൻതലമുറകൾ അതുചെയ്തിട്ടുണ്ട്. അവർ നൽകിയ ഉത്തരങ്ങൾകൊണ്ട് നാം ഇന്നു തൃപ്തരാകുമോ എന്നതാണ് തിരിച്ചുള്ള ചോദ്യം. ഉദാഹരണത്തിന് വിദ്യാഭ്യാസരംഗത്തും പൊതുവിലും ധിഷണശാലികളായിരുന്ന രണ്ടുപേരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം. ബെർട്രാൻഡ് റസ്സലും എം.സി.ഛഗ്‌ളയും. റസ്സൽ ഈ നൂറ്റാണ്ടിലെ ഒന്നാം പകുതിയിൽ ലോകം കണ്ട ബഹുമുഖ പ്രതിഭയായിരുന്നു എന്ന് ഏവർക്കും അറിയാം. എം.സി.ഛഗ്‌ളയും ആഗോളതലത്തിലല്ലെങ്കിലും ഇന്ത്യക്കുള്ളിൽ അത്തരമൊരു വ്യക്തിത്വത്തിനു ഉടമയായിരുന്നു. അദ്ദേഹമാണ് ലോകപ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെടുന്ന കോഠാരി കമ്മീഷനെ നിയോഗിക്കുന്ന ആശയം ആവിഷ്‌കരിച്ചു നടപ്പാക്കിയത്. റസ്സൽ 1920-കളിൽ 'വിദ്യാഭ്യാസ ത്തെക്കുറിച്ച്' എന്ന ഗ്രന്ഥം എഴുതി. ഛഗ്‌ള1960-കളുടെ മധ്യത്തിൽ കോഠാരി കമ്മീഷന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ഇവ രണ്ടിലും വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. രണ്ടു കാലത്ത് രണ്ടു ദേശങ്ങളിലിരുന്നുകൊണ്ട് അവർ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു നോക്കാം. നാലു സവിശേഷതകൾ കൂട്ടായി ഒരു മാതൃകാ വ്യക്തിത്വത്തിന്റെ അടിത്തറ സൃഷ്ടിക്കുമെന്നു ഞാൻ കരുതുന്നു. ഊർജസ്വലത, ധൈര്യം, സചേതനത്വം, ബുദ്ധിശക്തി എന്നിവയാണ് ആ സവിശേഷതകൾ. ഇവ വിദ്യാർത്ഥിയിൽ ഉചിതമായ തോതിൽ വളർത്തിക്കൊണ്ടുവരികയാണ് റസ്സലിന്റെ വീക്ഷണത്തിൽ വിദ്യാഭ്യാസലക്ഷ്യം. അതിനുചേർന്ന വിധത്തിൽ ഭാഷ, വിവിധ വിജ്ഞാനശാഖകൾ എന്നിവ വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിൽ എങ്ങനെയൊക്കെ ഉൾക്കൊള്ളിക്കണം എന്ന വിശദാംശങ്ങളും റസ്സൽ ആ പുസ്തകത്തിൽ വിവരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ, ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തൽ, സോഷ്യലിസം എന്നിവയാണ് എന്നാണ് ഛഗ്‌ള പറഞ്ഞത്. ഇതിന് അനുരൂപമായ വിധത്തിൽ വിവിധ വിജ്ഞാനശാഖകൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും വിദ്യാഭ്യാസ സംഘാടനം സംബന്ധിച്ചുമുള്ള നിർദേശങ്ങളാണ് കമ്മീഷനിൽനിന്നു പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. റസ്സലും ഛഗ്‌ളയും വിഭാവനം ചെയ്ത വിദ്യാഭ്യാസലക്ഷ്യങ്ങൾ പരസ്പരവിരുദ്ധമാണെന്നു പറയാനാവില്ല. പക്ഷേ, ഊന്നലിൽ, വിശദാംശങ്ങളിൽ, ഒരളവുവരെ കാഴ്ചപ്പാടിൽപോലും വ്യത്യാസങ്ങളുണ്ട്. വിദ്യാഭ്യാസം കാലദേശഭേദമനുസരിച്ച് ഭിന്നമായിരിക്കണം എന്നത്രെ ഇതു നൽകുന്ന സൂചന.

ഇവർ രണ്ടുപേരും വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മാനവ രാശിയിലാകെ മൗലികമായ മാറ്റം വരുത്തുന്ന വിദ്യാഭ്യാസത്തെക്കുറിച്ചാണ് റസ്സൽ പറഞ്ഞതെങ്കിൽ, ഭാവി ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയാകേണ്ട ചില സങ്കല്പനങ്ങളിലായിരുന്നു ഛഗ്‌ളയുടെ ഊന്നൽ. ഇവരുടേതിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മഹാത്മാഗാന്ധിക്കു വിദ്യാഭ്യാസത്തെക്കുറിച്ച് ഉണ്ടായിരുന്നത്. 1926 ആദ്യം 'യങ് ഇന്ത്യ'യിൽ അദ്ദേഹം ഇങ്ങനെ എഴുതി:  

ഈ വിദ്യാഭ്യാസം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ എന്നപോലെ ബറോഡയിലെ ജനങ്ങളും പ്രധാനമായി കൃഷിക്കാരാണ്. ഈ കൃഷിക്കാരുടെ കുട്ടികൾ കൂടുതൽ നല്ല കൃഷിക്കാരാകുമോ? തങ്ങൾക്കു കൈവന്ന വിദ്യാഭ്യാസംകൊണ്ട് ഭൗതികമോ സദാചാരപരമോ ആയ വല്ല അഭ്യുന്നതിയും അവർ പ്രദർശിപ്പിക്കു ന്നുണ്ടോ? അതു പരീക്ഷിച്ചറിയാൻ മതിയായ കാലയളവാണ് അമ്പതു വർഷം. ഈ അന്വേഷണത്തിനുള്ള ഉത്തരം തൃപ്തികരമായിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ശരിയായ വിദ്യാഭ്യാസം വിദ്യ അഭ്യസിക്കേണ്ട ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കുന്നുകൂടിയതുകൊണ്ട് ഇതു സാധ്യമാവില്ല. അവരുടെ എല്ലാം വ്യക്തിത്വത്തെ ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരം ആണത്. നമ്മൾ തന്നെ ആ സമ്പ്രദായത്തിന്റെ ഇരകളായിരുന്നില്ലെങ്കിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പുതിയ രീതിയിലുള്ള ബഹുജനവിദ്യാഭ്യാസംമൂലം ഉണ്ടായ വിനകൾ നാം എന്നേ മനസ്സിലാക്കുമായിരുന്നു (ഹരിജൻ, 1933 ഡിസംബർ). മഹാത്മാഗാന്ധി ഇവിടെ വിരൽ ചൂണ്ടിയിട്ടുള്ളതു വിദ്യാഭ്യാസത്തിന്റെ മർമപ്രധാനമായ വശത്തിലാണ്. വിദ്യാഭ്യാസം ഉൽപാദന മേഖലകളുടെ മാനവശേഷി ആവശ്യവുമായി പൊരുത്തപ്പെടുത്തി നടത്തേണ്ട ഒന്നാണ്. ആ മേഖലകളിൽ ഓരോന്നിലും വേണ്ടിവരുന്ന അധ്വാനശേഷിയുടെ അളവിനും ഗുണമേൻമയ്ക്കും അനുസരിച്ചായിരിക്കണം രാജ്യത്തെ വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളുടെ ഉള്ളടക്കം നിശ്ചയിക്കേണ്ടത്. കാർഷിക പ്രധാനമായ സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യത്ത് കൃഷിക്കു വിദ്യാഭ്യാ സത്തിൽ ഊന്നൽ ഉണ്ടാകണം. കുറെ കൃഷിപാഠങ്ങൾ ഉൾക്കൊള്ളിക്കണം എന്നോ ഉൾക്കൊള്ളിച്ചാൽ മതി എന്നോ അല്ല. നാളത്തെ തലമുറയിലെ കുറെപേരെ കാർഷികവൃത്തി കൂടുതൽ കാര്യക്ഷമമായും സമൂഹത്തിനു പ്രയോജനകരമായും ചെയ്യാൻ കഴിയുന്നവരാക്കി മാറ്റാൻ വിദ്യാഭ്യാസം ശ്രദ്ധിക്കുമോ എന്നാണ് ഗാന്ധി ഈ കൃഷിക്കാരുടെ കുട്ടികൾ കൂടുതൽ നല്ല കൃഷിക്കാരാകുമോ എന്നു ചോദിച്ചതിലെ താൽപര്യം. കാർഷിക സമൂഹം എന്നും അങ്ങനെയായി നിലനിൽക്കണം എന്നല്ല വിവക്ഷ. സമൂഹത്തിന്റെ ആവശ്യം അനുസരിച്ച് പുതിയ തൊഴിൽമേഖലകൾ ഉയരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കും. അതനുസരിച്ച് അവയിൽ തൊഴിലെടുക്കാൻ വേണ്ടത്രപേരെ പരിശീലിപ്പിക്കേ ണ്ടത് ഓരോ രാജ്യത്തെയും വിദ്യാഭ്യാസവ്യവസ്ഥയുടെ ചുമതലയാണ്. എന്നാൽ, അതു ചെയ്യുന്നത് വികസിതരാജ്യങ്ങളിലെ വിദ്യാഭ്യാസമാതൃകകൾ അതേപടി പകർത്തിക്കൊണ്ടാകരുത്. ഓരോ സമൂഹത്തിലെയും ഉൽപാദനപ്രവർത്തനങ്ങൾക്ക് ഒരു തുടർച്ചയുണ്ട്; ഇടർച്ചയുമുണ്ടാകും. അമേരിക്കയിലും ഇംഗ്ലണ്ടിലും റഷ്യയിലും ഒക്കെ കൃഷിയുണ്ടെങ്കിലും അവയുടെ മാതൃകയിലല്ല ഇന്ത്യയിലെ കൃഷി. കാർഷികോൽപന്നങ്ങൾ, അവ വിളയിക്കുന്ന രീതി, അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിലൊക്കെ അന്തരമുണ്ടാകും. ഇവയിൽ ചിലവ കടംകൊള്ളാനാകും. മറ്റു ചിലവ ഭൂപ്രകൃതിയും കാലാവസ്ഥയും മറ്റും അനുസരിച്ച് നിശ്ചയിക്കേണ്ടതാണ്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് കൃഷിയെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ പെടുത്തേണ്ടത്. അതുപോലെ ഉൽപാദന പ്രവർത്തനത്തിന്റെ സ്ഥിതിക്കൊത്തവിധമാണ് വ്യവസായ-സേവന മേഖലകൾക്കുവേണ്ടി പരിശീലനം നൽകേണ്ടതും. വിദ്യാഭ്യാസത്തിന്റെ കാലദേശാനുസാരിയായ സ്വഭാവം ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസപദ്ധതി ആവിഷ്‌കരിക്കുന്നതിൽ കണക്കിലെടുത്തിരുന്നില്ല എന്നും ബ്രിട്ടനു യോജിച്ച മാതൃക അതേപടി അടിച്ചേൽപിക്കുകയായിരുന്നു എന്നും അതിനു മാനസികമായി കീഴ്‌പെട്ടതുകൊണ്ട് അതുണ്ടാക്കിയ വിനകൾ തിരിച്ചറിയാൻപോലും അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്കു കഴിയുന്നില്ല എന്നുമാണ് മഹാത്മാഗാന്ധിയുടെ വിമർശനം. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയെ വിമർശിച്ചത്. ഇംഗ്ലീഷിനോട് തനിക്ക് അന്ധമായ വിദ്വേഷം ഇല്ല എന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. തന്റെ ഗ്രാമത്തിലോ അതിനുചുറ്റുമുള്ള പ്രദേശത്തോ മാത്രം വേലചെയ്തു ജീവിക്കാൻ നിർബന്ധിതരാണ് ഇന്ത്യയിലെ ഏതു പ്രദേശത്തെയും ജനങ്ങളിൽ മഹാഭൂരിപക്ഷവും. അവർക്കു പരമാവധി, അപൂർവമായി വേണ്ടിവരിക ഇംഗ്ലീഷിലൂടെ ആശയക്കൈമാറ്റം ചെയ്യാനുള്ള സിദ്ധിയാണ്. അതിന്റെ പേരിൽ പൊതുവി ദ്യാഭ്യാസത്തിൽ ഇംഗ്ലീഷിന് അമിത പ്രാധാന്യം നൽകുന്നതിനെയാണ് ഗാന്ധി എതിർത്തത്. ഇന്നും കേരളത്തിലെ മഹാഭൂരിപക്ഷംപേരും കേരളത്തിൽ ജനിച്ചുവളർന്ന് ഇവിടെതന്നെ മരിച്ചു വീഴുന്നവരാണ്. എങ്കിലും മുമ്പുള്ളതിലും കൂടുതൽ പേർ വിദേശങ്ങളിൽ പോയി പണിയെടുക്കുന്നുണ്ട്. അവരെ അതിനു സഹായിക്കുന്ന തരത്തിൽ ഇംഗ്ലീഷ്, അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശഭാഷ അഭ്യസിപ്പിക്കണം. എന്നാൽ, അതിന്റെ പേരിൽ ആ ഭാഷയിലെ സാഹിത്യം വിശദമായി പഠിപ്പിക്കുന്ന തിലല്ല, ആ ഭാഷ കൈകാര്യം ചെയ്യുന്നതിലാകണം ഊന്നൽ. അതും ഇംഗ്ലീഷ് അധ്യയന മാധ്യമമാക്കു ന്നതും തികച്ചും വ്യത്യസ്തമാണ്. ബ്രിട്ടൻ, ഇന്ത്യയിലെ ഉൽപാദന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക നടപടികളല്ല കൈക്കൊണ്ടുകൊണ്ടിരുന്നത്. ഭക്ഷ്യകാര്യത്തിലും തുണി മുതലായ കൈത്തൊഴിലുകാർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ കാര്യത്തിലും സ്വയംപര്യാപ്തമായ ഇന്ത്യയെ അങ്ങനെയല്ലാതാക്കി സ്വന്തം നാട്ടിലെ ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവന്നു വിറ്റ് കമ്പോളം കയ്യടക്കുകയായിരുന്നു ബ്രിട്ടൻ ചെയ്തത്. ഇതോടൊപ്പം ഇവിടത്തെ ഉൽപാദന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ടു വികസിപ്പിക്കേണ്ടിയിരുന്ന വിദ്യാഭ്യാസത്തെ ബ്രിട്ടനിൽ പരീക്ഷിച്ചു പരാജയപ്പെട്ട അക്കാദമിക് കേന്ദ്രിത മാതൃകയിൽ വാർത്തെടുക്കുകയും ചെയ്തു. തൻമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യർ ഇവിടത്തെ കൃഷിയെയും കൈത്തൊഴിലുകളെയും അലക്ഷ്യമായി കാണുകയും ആ രംഗങ്ങളിൽ തൊഴിലെടുക്കാൻ തയ്യാറാവാതിരിക്കുകയും ഗവണ്മെന്റിലും മറ്റുമുള്ള വെള്ളക്കോളർ ജോലി ജീവിതലക്ഷ്യമായി വരിക്കുകയും ചെയ്തു. ഈ ദുഃസ്ഥിതിയിൽ ബ്രിട്ടീഷ് വിദ്യാഭ്യാസരീതിക്കുള്ള പങ്ക് തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ഗാന്ധി അതിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. എന്നാൽ, അതിന്റെ മർമം നാം ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ? സംശയമാണ്. ആ സാമ്രാജ്യത്വ ചിന്താഗതിക്കു നാം ഇപ്പോഴും അടിമപ്പെട്ടു നിൽക്കുന്നു. വിദ്യാഭ്യാസരംഗത്തു പുരോഗതി കൈവരിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം അതും കൂടുതൽ ശരിയാണ് എന്നു നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ സസൂഷ്മം പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകും. 1994 ജൂൺ 1-ന് തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിരുന്നവർ ഏതാണ്ട് 40.25 ലക്ഷമാണ്. ഇവരിൽ മൂന്നിൽ രണ്ടുഭാഗം പത്താം ക്ലാസോ അതിൽ കൂടുതലോ പഠിച്ചവരാണ്. ഇവരിൽ 3 ലക്ഷത്തിൽപരം പേർ പ്രീഡിഗ്രി പാസായവരും 1.8 ലക്ഷം ഡിഗ്രിക്കാരും 35,143 പോസ്റ്റ് ഗ്രാജ്വേറ്റുകളുമാണ്. ഇതിനർത്ഥം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ എസ്.എസ്.എൽ.സി. പാസായവരിൽ ഭൂരിപക്ഷത്തിനും തൊഴിൽ കിട്ടിയില്ല എന്നാണ്.

വിദ്യാഭ്യാസം മാത്രം പോര തൊഴിൽ കിട്ടാൻ. നാട്ടിൽ തൊഴിലുണ്ടാകണം; അതു സമ്പദ്‌വ്യവസ്ഥയും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഇത്രയുംപേർ അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവരായി തീർന്നതിനു കാരണം വിദ്യാഭ്യാസവും ഉൽപാദനപ്രവർത്തനവും തമ്മിൽ ഉണ്ടായിരിക്കേണ്ട നാഭീനാളബന്ധം കേരളത്തിൽ ഇല്ലാത്തതാണ്. ഉൽപാദനമേഖലയുടെ വിവിധ രംഗങ്ങളിൽ തൊഴിലെടു ക്കേണ്ടവർക്കു മെച്ചപ്പെട്ട ഉൽപാദന പ്രവർത്തനം നടത്തുന്നതിനു ഉപയുക്തമായ പരിശീലനം ഇവിടെ നൽകപ്പെടുന്നില്ല. പ്രാഥമിക മേഖല (കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം)യിലാണ് കേരളത്തിലെ 40 ശതമാനത്തിലേറെ ജനങ്ങൾ തൊഴിലെടുക്കുന്നത്. എന്നാൽ, ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനു നൽകപ്പെടുന്ന സാങ്കേതിക പരിശീലനം മുഖ്യമായി കാർഷിക സർവകലാശാലയിലെ ബിരുദ കോഴ്‌സുക ളാണ്. ഇതോടൊപ്പം നാനാതരത്തിലും തോതിലുമുള്ള വിദഗ്ധ തൊഴിലുകൾ ചെയ്യുന്നതിനു പറ്റിയ ഒന്നോ രണ്ടോ വർഷത്തെ കോഴ്‌സുകൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലും ഐ.ടി.ഐ. മാതൃകയിലുള്ള സ്ഥാപനങ്ങളിലും പോളിടെക്‌നിക്കുകളിലുമായി നൽകാവുന്നതാണ്. അതുപോലെ പരമ്പരാഗത കൈത്തൊഴിലുകളിൽ പുതിയ സാങ്കേതികവിദ്യ പ്രയോഗിച്ച് ഉൽപാദനക്ഷമത വർധിപ്പിച്ചും ഗുണമേൻമ വരുത്തിയും മറ്റും അവയെ ഒരളവോളം പുനരുദ്ധരിക്കാൻ കഴിയും. അതുമായി ബന്ധിപ്പിച്ചും നാനാതരത്തിലുള്ള തൊഴിൽകോഴ്‌സുകൾ ഏർപ്പെടുത്താനാകും.  

നിർഭാഗ്യവശാൽ, ഗവണ്മെന്റിന്റെയോ വിദ്യാഭ്യാസ വിദഗ്ധരുടെയോ ശ്രദ്ധയും താൽപര്യവും ഈ വഴിക്കു പോകുന്നത് കുട്ടികൾക്കു നല്ല തൊഴിൽ ലഭിക്കുന്നതിനു പറ്റിയ വിദ്യാഭ്യാസം നൽകുന്നതിനെക്കു റിച്ച് ഉത്കണ്ഠപ്പെടുന്ന രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 'എല്ലാ റോഡുകളും റോമിലേക്ക്' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നവിധം ഇവിടെ വിദ്യാഭ്യാസമാകെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ എന്നു പറയാവുന്ന കോഴ്‌സുകൾ പലതുണ്ടെങ്കിലും, നാടകത്രയം എന്നപോലെ കോഴ്‌സ്ദ്വയത്തിൽ ആണ് താൽപര്യം മുഴുവൻ; എഞ്ചിനീയറിങ്ങും മെഡിസിനും. രണ്ടിനുംകൂടി ഏതാണ്ട് 4000 സീറ്റാണ് ഇതുവരെ ഉണ്ടായിരുന്നത്. 'സ്വാശ്രയ' അൺഎയ്ഡഡ് കോഴ്‌സുകൾ വഴി അത് 7000 ആക്കി ഉയർത്താനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. പ്രീഡിഗ്രി പരീക്ഷയ്ക്ക് ചേരുന്ന ഒരു ലക്ഷത്തോളം റെഗുലർ വിദ്യാർത്ഥികളെ വാസ്തവത്തിൽ ആ രണ്ടുവർഷം കുടയാട്ടുന്നത് ഈ കോഴ്‌സുകൾക്കു പോകുന്നവർക്കു വേണ്ടിയാണ്. ഓരോ വർഷവും എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു ഇരിക്കുന്ന 5 ലക്ഷത്തോളം വിദ്യാർത്ഥികളിൽ മിക്കവരെക്കൊണ്ടും ഈ പ്രൊഫഷണൽ കോഴ്‌സുകൾക്കായി മോഹിപ്പിക്കുന്നു. ഈ പ്രൊഫഷണൽ ജ്വരത്തോടൊപ്പമുള്ള ജ്വരമാണ് ഗൾഫ് അഥവാ വിദേശജ്വരം. അതിനുവേണ്ടി പ്രത്യേക കോഴ്‌സുകൾ ഒന്നും സ്‌കൂൾ തലത്തിലോ ഉന്നത വിദ്യാഭ്യാസ തലത്തിലോ നടത്തപ്പെടുന്നില്ല. വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് അവിടെ തൊഴിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പരിശീലനം നൽകാവുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഇതിന്റെ പേരിൽ നിലനിർത്തപ്പെടുന്ന ഇംഗ്ലീഷ് ക്ലാസുകളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തുകയും സാഹിത്യം കുറച്ച് ആ ഭാഷ കൈകാര്യം ചെയ്യുന്നതിന് ഊന്നൽ കൊടുക്കുകയും ചെയ്യാം.

വിദ്യാഭ്യാസം എന്ത്, എന്തിന്?

ഈ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം എന്ത്, എന്തിന് എന്ന ചോദ്യം വീണ്ടും പ്രസക്തമായിരിക്കുന്നു. വളർന്നുവരുന്ന കുട്ടികളെ നല്ലൊരു ജോലിക്ക് ഒത്തവണ്ണം പരിശീലിപ്പിക്കാൻ എന്നാണ് പെട്ടെന്നു കിട്ടുന്ന ഉത്തരം. അവർക്ക് അവരെ പ്രസവിക്കുന്നതിനു മുമ്പെ വിദ്യാലയങ്ങളിൽ സീറ്റ് മുൻകൂറായി ബുക്ക് ചെയ്യുന്ന സമ്പ്രദായം അടുത്തകാലംവരെ ഉണ്ടായിരുന്നു. ഇപ്പോഴും കാണും. അതിന് ഏറെ പ്രചാരം കിട്ടുന്നില്ല എന്നേയുള്ളു വ്യത്യാസം. ഇങ്ങനെ ചെയ്യുന്നത് രക്ഷിതാക്കളുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ്. പൈതൃക സ്വത്ത് സന്തതികൾക്ക് കൈമാറുന്നതിന്റെ മറ്റൊരു രൂപമാണ് യഥാർത്ഥത്തിൽ ഇത്. കുട്ടികൾക്ക് കളിപ്പാട്ടമോ വേഷഭൂഷകളോ ആഭരണമോ വാങ്ങിക്കൊടുക്കുന്നതുപോലെയാണ് ഇവരുടെ നടപടി. ഇങ്ങനെ രക്ഷിതാവ് കുട്ടിക്കായി വാങ്ങിക്കൊടുക്കുന്ന മറ്റൊരു കളിപ്പാട്ടമോ ആഭരണമോ പോലെയാണ് പേരുകേട്ട വിദ്യാലയത്തിലേക്കുള്ള പ്രവേശനം. ഇതു മുതലാളിത്ത വ്യവസ്ഥയുടെ കച്ചവടസംസ്‌കാരം മൂലം അഭിസരിച്ചുണ്ടായ ഏർപ്പാടാണ്. യഥാർത്ഥത്തിൽ വിദ്യാഭ്യാസം മറ്റൊന്നാണ്. അതു വളരുന്ന തലമുറയെ സമൂഹത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ നൽകപ്പെടുന്ന രണ്ടുതരത്തിലുള്ള പരിശീലനമാണ്. ഒന്ന്, പ്രകൃതി, സമൂഹം ഇവയെക്കുറിച്ചുള്ള പൊതുവായ അറിവും ഭാഷ കൈകാര്യം ചെയ്യാനുള്ള പരിശീലനവും. രണ്ട്, പൊതുവിദ്യാഭ്യാസത്തിനുശേഷം നൽകപ്പെടുന്ന ഏതെങ്കിലും തൊഴിലിലുള്ള പരിശീലനം. ആദ്യത്തേതു സാർവത്രികമായിരിക്കണം. കേരളത്തിൽ ഏറെക്കുറെ ആ സ്ഥിതിയുണ്ട്. അതിന്റെ ലക്ഷ്യം സമൂഹത്തിന്റെ പൊതു ബോധനിലവാരം ഉയർത്തലാണ്. രണ്ടാമത്തേത്, തൊഴിലുമായി ബന്ധപ്പെട്ട പരിശീലനമാണ്. തൊഴിൽ ലഭിക്കുന്നതു ലഭിക്കുന്നയാൾക്കു ജീവിതസുരക്ഷിതത്വം നൽകുമെങ്കിലും, ഉദ്യോഗാർഥിയുടെ കുടുംബമഹിമയോ താൽപര്യമോ നോക്കിയല്ല അതു നൽകേണ്ടതും സാധാരണ ഗതിയിൽ നൽകുന്നതും; സമൂഹത്തിന്റെ ആവശ്യം നോക്കിയാണ്. ഉദ്യോഗം രണ്ടു വ്യക്തികൾ തമ്മിലോ, ഒരു സ്ഥാപനവും ഒരു വ്യക്തിയും തമ്മിലോ ഉള്ള ഏർപ്പാടല്ല. അതു സമൂഹത്തിൽ നടക്കുന്ന സങ്കീർണമായ ഉൽപാദന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഓരോ തൊഴിലിനും ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കുന്ന രീതി വളർന്നുവന്നത് അതുകൊണ്ടാണ്. അതിനാൽ ഒരാളുടെ ഇച്ഛയോ സ്വാധീനമോ അല്ല അയാളെ ആ തൊഴിലിന് അർഹനോ അർഹയോ ആക്കുന്നത്. അതിനർത്ഥം കഴിവു കുറഞ്ഞവർക്കൊന്നും വേലകിട്ടില്ല എന്നോ കിട്ടിക്കൂടെന്നോ അല്ല. കഴിവിനും അഭിരുചിക്കും ഒത്ത തൊഴിൽ കിട്ടും, കിട്ടണം. തൊഴിലിനുവേണ്ടി ആൾ എന്നല്ല, തൊഴിൽ ആവശ്യമുള്ളവരുടെ എണ്ണത്തിനൊപ്പം തൊഴിൽ നൽകുന്ന സാമൂഹ്യനിയമം ഉണ്ടായാൽ എല്ലാവർക്കും തൊഴിൽ കിട്ടിക്കൊള്ളും. വിവിധ തൊഴിൽ ചെയ്യുന്നവരുടെ വരുമാനങ്ങൾ തമ്മിൽ ജഡ്ജിയുടെയും ശിപായിയുടെയും ശമ്പളങ്ങൾ തമ്മിലുള്ള അന്തരമുണ്ടാ ക്കാതിരുന്നാൽ, ചിലതരം ജോലികൾക്ക് ഇടിച്ചുകയറ്റവും മറ്റു ചിലവയ്ക്ക് ആളില്ലാത്ത സ്ഥിതിയും ഉണ്ടാവില്ല. അതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു മുതലാളിത്ത വ്യവസ്ഥയുടെ മേലുള്ള സാമൂഹ്യമായ മേൻമകളിലൊന്ന്. എല്ലാവർക്കും തൊഴിൽ ലഭിക്കണമെങ്കിൽ അവരൊക്കെ എം.ബി.ബി.എസിനോ ബി.ടെക്കിനോ ചേർന്നാൽ പറ്റില്ല. ആവശ്യത്തിനു വേണ്ടത്രപേരേ അവയ്ക്കു ചേരാവൂ. മറ്റുള്ളവർ മറ്റു നാനാതരം തൊഴിൽ പരിശീലന കോഴ്‌സുകൾക്കു ചേരണം. തൊഴിൽ കമ്പോളത്തിലും വിദ്യാഭ്യാസരംഗത്തും ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടിവരും. ഇപ്പോഴുള്ള ഒരുപിടി ഐ.ടി.ഐ.കൾ, പോളിടെക്‌നിക്കുകൾ, ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ മുതലായവയിലെ കോഴ്‌സുകൾ എന്ന പരിമിത വലയം പൊട്ടിച്ച് നാനാതരം തൊഴിലുകളുടെ വിപുലമായ ഒരു വലയം പുതുതായി സൃഷ്ടിക്കണം. മാത്രമല്ല, ഒരു ജോലിയും മോശമല്ല എന്ന ധാരണ ഉദ്യോഗാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉണ്ടാക്കുകയും വേണം. ഇത്തരത്തിലുള്ള പൊളിച്ചെഴുത്തിലൂടെയല്ലാതെ ഇവിടത്തെ വർധിച്ചുവരുന്ന അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്താനാവില്ല. സോഷ്യലിസം വരുന്നതോടെ ഇതൊക്കെ ശരിയായിക്കൊള്ളും എന്നാണ് ഇതു സംബന്ധിച്ച് നിലനിന്നിരുന്ന ഒരു വിശ്വാസം. നിലനിൽക്കാൻ കെൽപുള്ളതു നിലനിൽക്കും, മറ്റുള്ളവ അനിവാര്യനാശമടയും എന്നതാണ് മുതലാളിത്ത വ്യവസ്ഥയിൽ പ്രചരിപ്പിക്കപ്പെടുന്ന ധാരണ. ഓരോ നാട്ടിലെയും പാവപ്പെട്ടവരോടും പിന്നോക്കക്കാരോടും വിവേചനം കാട്ടി അവരെ നശിപ്പിക്കുന്നതിനു അതാതിടത്തെ സമ്പന്നവർഗങ്ങളും ആഗോളതലത്തിൽ മൂന്നാംലോക സമൂഹങ്ങളെ പൊതുവിൽ നശിപ്പിക്കുന്നതിനു സാമാജ്യത്വവും ശ്രമിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂപങ്ങളാണ് ആഗോളവൽക്കരണം, പുനർഘടന എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമാജ്യത്വനയവും അതിനെ ഉപജീവിച്ച് ഓരോ രാജ്യത്തും നടപ്പാക്കിവരുന്ന സാമ്പത്തികനയവും. വികസിത മുതലാളിത്ത രാജ്യങ്ങളുടെയും ചൈനയെപോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും അനുഭവം കാണിക്കുന്നതു വികസനത്തിന്റെ അടിത്തറ കാർഷിക പുരോഗതി ആണെന്നാണ്. വ്യവസായങ്ങളും സേവനതുറകളും വികസിക്കുന്നതുവരെ ആളുകൾക്കു തൊഴിൽ നൽകുന്നതിനും അവയ്ക്ക് ആവശ്യമായ മൂലധനാടിത്തറ നിർമിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കു ന്നതിനും ഇത് ആവശ്യമാണ്. എന്നാൽ, കേരളം സോഷ്യലിസത്തിലേക്കുള്ള മുതലാളിത്തേതര പാതപോലെ വ്യവസായവൽക്കരണത്തിലേക്കു കാർഷിക വികസനേതര പാത വെട്ടിത്തെളിക്കാൻ ശ്രമിക്കുകയായിരുന്നു. അതിന്റെ ഫലമായി ഭൂപരിഷ്‌കരണം വിപുലമായി ഉണ്ടായിട്ടും കാർഷിക പരിഷ്‌കരണവും കാർഷിക പുരോഗതിയും ഉണ്ടായില്ല. കേരള സമ്പദ് വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതിനും തൊഴിലില്ലായ്മ കുതിച്ചുയരുന്നതിനും ഒരു കാരണം ഇതാണ്. മഹാത്മാഗാന്ധിയുടെ രൂക്ഷമായ വിമർശനത്തിനു പാത്രമായതും ഉൽപാദന പ്രക്രിയയുമായി ഒരു ബന്ധവും ഇല്ലാത്തതുമായ വിദ്യാഭ്യാസരീതിയെ സാർവത്രികമാക്കി ജനങ്ങളെ അടിമ മനോഭാവം ഉള്ളവരാക്കിയതല്ലേ ഈ ദുഃസ്ഥിതിക്ക് ഒരു പ്രധാന കാരണം? ചിന്തിക്കേണ്ടതാണ്. കേരളീയരെക്കുറിച്ച് പലരും പറയാറുള്ള ഒരു വസ്തുതയുണ്ട്: 'റിസ്‌ക്' എടുക്കില്ല. ഏത് ഉൽപാദന പ്രവർത്തനത്തിലും കൃഷിയായാലും വ്യവസായമായാലും അതുണ്ട്. മറ്റൊരാളുടെ വേലക്കാരനായാൽ അതില്ല. മെയ്യനങ്ങേണ്ടതില്ലാത്ത വെള്ളക്കോളർ ജോലിയോട് ഇവിടത്തെ വിദ്യാഭ്യാസവ്യവസ്ഥ വിദ്യാർത്ഥിയായി രിക്കെ തന്നെ ആഭിമുഖ്യം ഉണ്ടാക്കുന്നു. ഈ ദൂഷിതവലയം പൊട്ടിക്കാതെ കേരളത്തിനും കേരളീയർക്കു പൊതുവിലും രക്ഷയില്ല എന്നാണ് സ്ഥിതി. ഇതിനു സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലും ഭരണതലത്തിലും സർവോപരി ഉൽപാദന പ്രക്രിയ യിലും വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കുക ഇത്തരമൊരു ലഘുലേഖയിൽ സാധ്യമല്ലാത്തതുകൊണ്ടും ഈ ലഘുലേഖയുടെ ഉദ്ദേശ്യം അതല്ലാത്തതുകൊണ്ടും അതിനു മുതിരുന്നില്ല. ഇപ്പോൾ പ്രത്യേകിച്ചും പ്രസക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടുകമാത്രം ചെയ്യുന്നു. മേൽവിവരിച്ച രംഗങ്ങളിലെല്ലാം കേന്ദ്രീകൃതമായ വ്യവസ്ഥയാണ് കൊടികുത്തി വാഴുന്നത്. അതാകട്ടെ, ഓരോ പ്രദേശത്തെയും മൂർത്തമായ സാഹചര്യങ്ങളും പ്രശ്‌നങ്ങളും സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇത്തരം കേന്ദ്രീകൃത സമീപനത്തിനു ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ, വളർച്ചയുടെ വിവിധ തട്ടുകളിലുള്ള ജനങ്ങൾക്ക് ഈ വികസന രീതി ഒരേ തരത്തിലല്ല പ്രയോജനപ്പെടുക. താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരുടെ നില കൂടുതൽ മെച്ചപ്പെടുകയും മോശമായ സ്ഥിതി യിലുള്ളവരുടെ നില കൂടുതൽ മോശമാകുകയും ചെയ്യാൻ ഇത് ഇടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷം വരുന്ന ധനികരുടെ ധനികവൽക്കരണവും ഭൂരിപക്ഷം ദരിദ്രരുടെ ദരിദ്രവൽക്കരണവും അതുമൂലം സമൂഹത്തിലെ ഉച്ചനീചത്വം വർധിച്ചുകൊണ്ടിരിക്കലും ഇനിയും തുടരാതിരിക്കണമെങ്കിൽ ഈ കേന്ദ്രീകൃത വികസന പ്രക്രിയയ്ക്കു പകരം വികേന്ദ്രീകൃത വികസന പ്രക്രിയ ആരംഭിക്കണം. ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന ത്രിതല പഞ്ചായത്തുകളും നഗരസഭകളും, ആ രൂപീകരണത്തിൽത്തന്നെ മൗലികമായ ചില തകരാറുകൾ ഉണ്ടെങ്കിലും, അതിനു നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. ഇന്ന അവസരത്തെ പ്രയോജനപ്രദമാക്ക ണമെങ്കിൽ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയെ ചെറുക്കാൻ ജനങ്ങൾ ബോധപൂർവം മുന്നോട്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയിലെ വികേന്ദ്രീ കരണത്തെ വിജയിപ്പിക്കുന്നതിനു പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇതിനു തുടക്കംകുറിക്കാവുന്നതാണ്, ലോവർ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിൽ ഗ്രാമപഞ്ചായത്തും യു.പി.-ഹൈസ്‌കൂളുകളുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്തും കിട്ടിയ അധികാരങ്ങൾ പ്രയോഗിച്ചു തുടങ്ങുന്നതോടെ ഇതിനുള്ള വഴി തുറന്നുകിട്ടും. യാന്ത്രികമായാണ് അതു ചെയ്യുന്നതെങ്കിൽ ഈ നടപടി ഉദ്ദിഷ്ടഫലം ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാ സത്തിന്റെ അന്തസ്സത്ത തന്നെ മാറ്റുന്നതിനു പ്രയോജനപ്പെടുന്ന ചില നിർദേശങ്ങൾ യശ്പാൽ കമ്മിറ്റി നൽകിയിട്ടുണ്ട്. തന്റെ കുഞ്ഞ് വേഗം വലുതായി കാണാൻ ആകാംക്ഷയുള്ള അമ്മ ആഹാരം കുത്തിക്ക യറ്റുന്നതുപോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസാധികൃതർ സ്‌കൂൾ പാഠ്യ പദ്ധതിയിൽ വിവരഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന അജീർണം രാജ്യത്ത് ഒരു വിവാദ വിഷയമായ പ്പോൾ കേന്ദ്ര മനുഷ്യ വിഭവ വികസന വകുപ്പ് അക്കാര്യം പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ മുൻ യു. ജി.സി ചെയർമാൻ ഡോ. യശ്പാൽ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. വിജ്ഞാനവും വിവരവും തമ്മിൽ തെറ്റിദ്ധരിച്ച് വിജ്ഞാനത്തിനു പകരം വിവരം അനിയന്ത്രിതമായും അശാസ്ത്രീയമായും പാഠ്യപദ്ധതിയിൽ കുത്തിക്കയറ്റിയതാണ് പ്രശ്‌നത്തിനു മുഖ്യകാരണമെന്നു ആ കമ്മിറ്റി ചൂണ്ടിക്കാട്ടി യിട്ടുണ്ട്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം മഹാഭൂരിപക്ഷം രക്ഷിതാക്കളടക്കം ജനങ്ങളിലാകെ നില നിൽക്കുന്നതുകൊണ്ടും ഇതു ബ്രിട്ടീഷ് ആധിപത്യകാലം മുതൽക്കേ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദോഷമായതുകൊണ്ടും കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്ന് അൽപം ദീർഘമായ ഉദ്ധരണി ആവശ്യമാ യിരിക്കുന്നു. വിജ്ഞാന വിസ്‌ഫോടനം ഉണ്ടായിട്ടുണ്ട് എന്ന ധാരണ വിജ്ഞാനത്തെയും വിവരത്തെയും തൽസമങ്ങളായി പ്രത്യക്ഷത്തിൽ പരിഗണിക്കുന്നു. പുതിയ വസ്തുതകൾ കണ്ടെത്തുന്നതിലും അവയെ ശേഖരിച്ചുവയ്ക്കുന്നതിലും ഉള്ള മനുഷ്യശേഷിക്കു വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് എന്നതു നേരാണ്. എന്നാൽ, വിവരം ഉൽപാദിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന സങ്കൽപനങ്ങളും സിദ്ധാന്തങ്ങളും 'സ്‌ഫോടകമായ' തോതിൽ വർധിച്ചിട്ടുണ്ട് എന്നു പറയാനാവില്ല (പുതിയ വിജ്ഞാനമാകെ ഉൽപാദിപ്പിക്കുന്നത് 'മറ്റുള്ളവർ' ആണ്, നമ്മുടെ ഏക ജോലി ആ വിജ്ഞാനം 'പഠിക്കലും' ഉപഭോഗം ചെയ്യലുമാണ് എന്ന ചിന്താഗതി ഒരു മുൻ കൊളോണിയൽ സമൂഹത്തിൽ നിലനിൽക്കുന്നതു മറ്റൊരു കാര്യമാണ്). കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പ്രധാന സംഗതി സങ്കൽപന രൂപീകരണവും സിദ്ധാന്ത നിർമിതിക്കുള്ള കഴിവ് വർധിപ്പിക്കലും ആയിരിക്കണം, വിപുലമായ തോതിൽ വിവരം സംഭരിച്ചു വയ്ക്കലായിരിക്കരുത്. വിവിധ വിഷയങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു വയ്ക്കലല്ല കുട്ടിക്കാലത്തെ പഠനലക്ഷ്യം എന്നു നാം മനസ്സിലാക്കുന്നതിനെ 'വിജ്ഞാനവിസ്‌ഫോടനം' എന്ന ആശയം തടസ്സപ്പെടുത്തുന്നു. ഒരു കുട്ടിക്കു ഃ എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവുണ്ട് എന്നു പറയുമ്പോൾ, ആ പ്രസ്താവന മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട് എന്നും നാം കാണണം. (ശ) പ്രതിഭാസം ഃ നെക്കുറിച്ചുള്ള വിവരം കുട്ടിക്കു നൽകപ്പെട്ടിട്ടുണ്ട്. (ശശ) പ്രതിഭാസം ഃ നെക്കുറിച്ചുള്ള വിവരം കുട്ടിക്കു ഓർമിച്ചു പറയാനാവും. (ശശശ) കുട്ടി പ്രതിഭാസം ഃ മനസ്സിലാക്കുകയും മറ്റു പ്രതിഭാസങ്ങളിൽ ആ ധാരണ പ്രയോഗിക്കാൻ ശേഷി നേടുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യത്തിലെ സാധാരണ വിദ്യാഭ്യാസ സാഹചര്യത്തിൽ മിക്കപ്പോഴും ഇവിടെ ആദ്യം പറഞ്ഞ രണ്ടു പ്രസ്താവനകളാണ് ശരി. ആദ്യത്തേതു രണ്ടാമത്തേതിന്റെ അടിസ്ഥാനമാണ്. 'വസ്തുതകൾ സ്വായത്തമാക്ക'ലാണ് 'മനസ്സിലാക്കൽ' എന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് 'മനസ്സിലാക്കൽ' എന്നത് അവഗണിക്കുന്നതിലേക്കു ഈ ആശയക്കുഴപ്പം നയിക്കുന്നു. പുസ്തകങ്ങൾ വഴിയോ ക്ലാസ് മുറിയിലോ കുട്ടിക്കു നൽകപ്പെടുന്ന പ്രതിഭാസങ്ങളെ ഒട്ടും മനസ്സിലാക്കാതെതന്നെ കുട്ടിക്കു മിക്കവാറും ഏതു പരീക്ഷയും പാസാകാം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ അവഗണന അത്രത്തോളം ആഴമുള്ളതാണ് എന്നു പറയുന്നത് ശരിയായിരിക്കും. യശ്പാൽ കമ്മിറ്റി റിപ്പോർട്ട് സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നതെങ്കിലും, വിവരാധിഷ്ഠിതമാണ് നമ്മുടെ വിദ്യാഭ്യാസം, വിജ്ഞാനാധിഷ്ഠിതമല്ല എന്ന് അതിലെ നിരീക്ഷണം നമ്മുടെ മൊത്തം വിദ്യാഭ്യാസത്തിനും ബാധകമാണ്. പഠിച്ചതു പരമാവധി ഛർദ്ദിക്കാനല്ലാതെ, പ്രയോഗിക്കാനുള്ള പാടവം സിദ്ധിക്കുന്നില്ല എന്നതാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ മൗലിക ദൗർബല്യം. അതിനുള്ള ശേഷി വിദ്യാർത്ഥികളുടെ അഭിരുചിക്കും കഴിവിന്റെ ഏറ്റക്കുറച്ചിലിനും അനുസൃതമായി വളർത്തിയെടുക്കുന്ന തരത്തിൽ അതിൽ അടിസ്ഥാനപരമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ കാലോചിതവും ആവശ്യാധിഷ്ഠിതവുമായ മാറ്റം വിദ്യാഭ്യാസപദ്ധതിയിൽ വരുത്തി ഉൽപാദന-വികസന പ്രക്രിയകളെ ബാധിച്ച വൈകല്യങ്ങൾ ദൂരീകരിക്കുന്നതിനു വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്തുന്നതിനു പകരം സാമുദായിക ശക്തികളുടെയും നിക്ഷിപ്ത താൽപര്യക്കാരുടെയും സ്വാർഥപൂരണത്തിന് അതിനെ വിട്ടുകൊടുക്കുകയാണ് കേരളത്തിലെ ഭരണാധികാരികൾ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസത്തിനു വിമോചന സ്വഭാവമുണ്ട്. ലോകത്തെ അറിയാനും അതിലും സമൂഹത്തിലും വന്നുകൊ ണ്ടിരിക്കുന്ന മാറ്റങ്ങളുടെ ദിശ മനസ്സിലാക്കാനും അവയ്ക്കു ഗതിവേഗം വർധിപ്പിക്കാനും പ്രതിഭാസങ്ങളെ നിഗൂഢത നീക്കി അനാവരണം ചെയ്യുന്ന വിദ്യ ആർജിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മുതൽക്കുള്ള കേരളത്തിലെ സാമൂഹ്യപരിഷ്‌കർത്താക്കളൊക്കെ വിദ്യ നേടാൻ ജനങ്ങളെ, വിശേഷിച്ച് അധഃസ്ഥിതരായവരെ, ആഹ്വാനം ചെയ്തത്. അതിനെ സമ്പന്നരുടെയും സവർണരുടെയും കുത്തകയാക്കുന്നതിനെതിരെ ജനാധിപത്യപ്രസ്ഥാനം പോരാടിയതും വിദ്യാഭ്യാസ ത്തിന്റെ വിമോചകദൗത്യം മുന്നിൽ കണ്ടുകൊണ്ടാണ്. കേരള സംസ്ഥാനത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് ഇവ കൈവരിച്ച നേട്ടങ്ങളെ സ്ഥായിയായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും അതിൽ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത് ഈ വിമോചകസ്വഭാവം വിപുലപ്പെടുത്താനായിരുന്നു. അതിനെ സാമുദായിക ശക്തികളും മറ്റു നിക്ഷിപ്ത താൽപര്യക്കാരുംകൂടി എതിർത്തതും ആ വിമോചക സ്വഭാവം ചോർത്തിക്കളഞ്ഞ് ജനങ്ങളിൽ അടിമത്തബോധം നിലനിർത്തുന്നതിനു വിദ്യാഭ്യാസത്തെ തുടർന്നും ഉപയോഗിക്കണം എന്ന കാഴ്ചപ്പാടോടെയാണ്. അതുകൊണ്ട് അവർ വിദ്യാഭ്യാസരംഗത്തെ സ്വകാര്യതാൽപര്യത്തെ അരക്കിട്ടുറപ്പിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി പ്രവേശനവും അധ്യാപക നിയമനവും നടത്തുക എന്ന സാർവദേശീയമായി അംഗീകരിക്കപ്പെട്ട തത്വത്തിനു പകരം സമുദായാടിസ്ഥാനത്തിലും 'സംഭാവന'യുടെ അടിസ്ഥാനത്തിലും ആക്കി മാറ്റാൻ ഗവണ്മെന്റിൽ സമ്മർദം ചെലുത്തി. എന്തു പഠിപ്പിക്കണം, അത് എങ്ങനെ വേണം എന്നൊക്കെ ഇരുണ്ട മധ്യശതകങ്ങളിലെ വിജ്ഞാനവിരോധികളുടെ ശൈലിയിൽ അവർ കൽപിച്ചു. അവരുടെ തിരുവായ്ക്കു മുമ്പിൽ അവരുടെ വിധേയൻമാർ മാത്രമല്ല, അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വമുള്ള നേതാക്കൻമാർപോലും ഓച്ഛാനിച്ചുനിന്നതോടെ വിദ്യാഭ്യാസത്തെ വിമോചനത്തിന്റെ ഉപാധിയാക്കാൻ ശ്രീനാരായണഗുരു വിനെപോലുള്ള മഹാൻമാർ നൽകിയ ആഹ്വാനം ഗതിമുട്ടിനിന്നു. ഇക്കാര്യത്തിൽ തങ്ങൾക്കുണ്ടായ വിജയത്തെ ആഗോളരംഗത്ത് സാമ്രാജ്യ ശക്തികളും ദേശീയരംഗത്ത് നരസിംഹറാവു ഗവണ്മെന്റും ജനശക്തിയുടെ മേൽ നടത്തുന്ന പുതിയ കടന്നാക്രമണവേളയിൽ പുതിയ തലത്തിലേക്ക് ഉയർത്താനാണ് നിക്ഷിപ്തതാൽപര്യക്കാർ ശ്രമിക്കുന്നത്. നഴ്‌സറി തലം മുതൽ ഉന്നതവിദ്യാഭ്യാസതലംവരെ കനത്ത ഫീസ് വാങ്ങി നടത്തുന്ന സ്ഥാപനങ്ങളുടെ ശൃംഖല അവർ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. അൺഎയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഗവണ്മെന്റും സർവകലാശാലകളും നടത്തുന്ന 'സ്വാശ്രയ സ്ഥാപനങ്ങളും അതിന്റെ ഭാഗമാണ്. ഇതിനു ഗവണ്മെന്റു പറയുന്ന ന്യായീകരണം വിദ്യാഭ്യാസസൗകര്യം വർധിപ്പിക്കുന്നതിനു ഗവണ്മെന്റിന്റെ പക്കൽ പണമില്ല എന്നാണ്. പണം ചെലവഴിക്കാൻ കഴിവുള്ളവരെ അതിനു പ്രേരിപ്പിച്ച് വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുക എന്ന നല്ല കാര്യം ചെയ്യുന്നു എന്നാണ് ഗവണ്മെന്റിന്റെ വാദം. ഈ അധ്യയന വർഷം ആദ്യംവരെ 346 അൺഎയ്ഡഡ് സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. അതേസമയം ഏതാണ്ട് 1200 സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ 'ആദായകരമല്ലാത്തവ ആണെന്നു ഗവണ്മെന്റ് പറയുന്നുണ്ട്. അംഗീകാരം നൽകപ്പെട്ട 346-നു പുറമെ ഏതാണ്ട് 1000 അൺഎയ്ഡഡ് സ്‌കൂളുകൾ സർക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. മേൽപറഞ്ഞ സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ ആദായകരമല്ലാതാകാൻ കാരണം അതാണ്. അത്യപൂർവം പിന്നോക്കപ്രദേശങ്ങളിലൊഴികെ കേരളത്തിൽ പുതിയ സ്‌കൂളുകൾ ആവശ്യമില്ല. വിദ്യാഭ്യാസസർവെ നടത്തിയാൽ ഈ വസ്തുത സ്പഷ്ടമാകും. അൺഎയ്ഡഡ് സ്‌കൂളുകളിലാണ് നല്ല വിദ്യാഭ്യാസം നൽകപ്പെടുന്നത് എന്ന പ്രചാരണത്തിൽ കുടുങ്ങിയ രക്ഷിതാക്കൾ സർക്കാർഎയ്ഡഡ് സ്‌കൂളുകളെ ഉപേക്ഷിച്ച് അവയിൽ കുട്ടികളെ ചേർക്കുന്നതുകൊണ്ടാണ് നിലവിലുള്ള സ്‌കൂളുകൾ 'ആദായകരമല്ലാ'താകുന്നത്. ഇവയിൽ ഭൂരിപക്ഷം എയ്ഡഡ് (സ്വകാര്യ) സ്‌കൂളുകളാണ്. ഇവ അടച്ചുപൂട്ടാൻ ഇടയായാൽ അവയെ ആശയിച്ചുമാത്രം വിദ്യാഭ്യാസം നടത്തുന്ന പാവപ്പെട്ട വിദ്യാർത്ഥികൾ പഠനം നിർത്താൻ നിർബന്ധിതരാകും. വിദ്യാഭ്യാസത്തിലൂടെ ഒരളവോളം അടിമത്തത്തിൽനിന്നു മോചനം ലഭിച്ച പിന്നോക്ക ജനവിഭാഗങ്ങൾ വീണ്ടും സാമൂഹ്യമായ അടിമത്തത്തിലേക്കു വഴുതിവീഴുന്നതു കണ്ടുകൊണ്ടാവും കേരളത്തിൽ 21-ാം നൂറ്റാണ്ട് പിറക്കുക. സർക്കാർ വിദ്യാലയങ്ങൾക്കു പകരം സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾ വ്യാപകമായാൽ ഏറ്റവും യോഗ്യതയുള്ളവർക്കു പകരം സ്വകാര്യ മാനേജ്‌മെന്റിനു താൽപര്യമുള്ളവരാകും അധ്യാപകരായി നിയമിക്കപ്പെടുക. അവരുടെ സേവന-വേതന വ്യവസ്ഥകളിൽ പിന്നോക്കമടി ഉണ്ടാകുമെന്നു മാത്രമല്ല, പിന്നോക്ക വിഭാഗങ്ങൾക്കു ജോലി സംവരണം ലഭിക്കുകയുമില്ല. വിദ്യാലയ നടത്തിപ്പുകാർക്ക് അതിൽനിന്നു കിട്ടുന്ന ആദായത്തിൽ മാത്രമാണ് താൽപര്യം എന്നതിനാൽ, മുകളിൽ സൂചിപ്പിച്ചതുപോലെ ഉള്ളടക്കത്തിൽ മൗലികമായ മാറ്റം വരുത്താനുള്ള ശ്രമം ഉണ്ടാവില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അഭ്യസ്തവിദ്യരുടെ തൊഴിലില്ലാപ്പടയെ വർധമാനമായ തോതിൽ പടച്ചുവിടുന്ന പണി അവർ അനവരതം തുടരും. ഇതിന്റെ കുറേക്കൂടി ഉയർന്ന പതിപ്പായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ ലക്ഷപ്രഭുകുടുംബങ്ങളിൽ ഉള്ളവർക്കേ കഴിയൂ എന്ന സ്ഥിതി വളരെ താമസിയാതെ ഉണ്ടാക്കുന്ന വിധത്തിലാണ് ആ രംഗത്തു സംഗതികൾ നീങ്ങുന്നത്. 'സ്വാശ്രയ' സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചതോടെ സർക്കാർ-എയ്ഡഡ് എഞ്ചിനീയറിങ് കോളേജുകളിൽ സീറ്റ് ഒഴിവുവന്നിരിക്കുന്നു. ഇതു വരും വർഷങ്ങളിൽ അവ 'ആദായകരമല്ലാതാകുന്നതിന്റെ സൂചന നൽകുന്നു. ഇലക്ട്രോണിക്‌സ്, ബയോടെക്‌നോളജി മുതലായ ശാസ്ത്ര സാങ്കേതിക വിദ്യാശാഖകളുടെ ശീഘ്രഗതിയിലുള്ള വികാസം മൂലം ഉൽപാദനപ്രകിയയിലും സേവനതുറകളിലും വമ്പിച്ച മാറ്റങ്ങൾ വന്നുകൊണ്ടിരിക്കയാണ്. ഇന്നുള്ള കായികാധ്വാനശേഷിയുടെ 2 ശതമാനമോ 10 ശതമാനമോ മതിയാകും 2020-ാം ആണ്ടിൽ തങ്ങളുടെ രാജ്യത്ത് എന്ന മതിപ്പുകണക്കുകൾ അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള വിദഗ്ധസംഘങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കണക്കുകൾ ശരിയായാലും അല്ലെങ്കിലും, ഉൽപാദന പ്രക്രിയയിലും സേവനതുറകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ തൊഴിൽ മേഖലയെ ഗണ്യമായി ബാധിക്കുമെന്നു തീർച്ചയാണ്. ആ സ്ഥിതി മുന്നിൽ കണ്ടുകൊണ്ട് വിദ്യാഭ്യാസരംഗത്തു കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കയാണ് ലോകത്തെ നിരവധി രാജ്യങ്ങൾ. അത് ഏതെങ്കിലും ഒരു തൊഴിൽമേഖലയേയോ മതവിഭാഗത്തേയോ ആസ്പദമാക്കി നടത്തേണ്ട ഒന്നല്ല. ജനസാമാന്യത്തെ യാകെ മുന്നിൽ കണ്ടുകൊണ്ട് ചെയ്യേണ്ട ആസൂത്രണപ്രവർത്തനമാണ്. അതിനു പകരം താനും ഭാര്യയും തട്ടാനുമായാൽ എല്ലാമായി എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സമൂഹത്തിലെ സമ്പന്നവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌കരണമാണ് കേരള ഗവണ്മെന്റും സർവകലാശാലകളും നടത്തുന്നത്. അതിനു തെളിവാണ് മൊത്തം കോഴ്‌സുകളെ ഉടച്ചുവാർക്കുന്ന പരിപാടിക്കു പകരം കൂടുതൽ ഫീസുകൊടുക്കാൻ ശേഷിയുള്ളവരെ ഉദ്ദേശിച്ച് ആരംഭിക്കുന്ന അൺഎയ്ഡഡ് കോളേജുകളും 'സ്വാശ്രയ' സ്ഥാപനങ്ങളും.

  • ബോധന മാധ്യമം മാതൃഭാഷയാക്കുക.
  • അൺഎയ്ഡഡ് -ഇംഗ്ലീഷ്മീഡിയം സ്‌കൂളുകൾ നിർത്തലാക്കുക.
  • അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക.
  • ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുക.
  • പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക.
  • ഉന്നതവിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസന-വൈജ്ഞാനികാവശ്യങ്ങൾക്കനുസരിച്ച് പുനരാവിഷ്‌കരിക്കുക.
  • വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക.