ശിശുവിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:43, 19 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ) ('{{Infobox book | name = ശിശുവിദ്യാഭ്യാസം | image = പ്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ശിശുവിദ്യാഭ്യാസം
[[പ്രമാണം:]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഏപ്രിൽ 1999

ശിശുവിദ്യാഭ്യാസം

പൂതപ്പാട്ട് കേട്ടിട്ടില്ലേ ? ഇടശ്ശേരിയുടെ പ്രശസ്തമായ കവിത? വിളക്ക് വെച്ചു. സന്ധ്യാനാമം കഴിഞ്ഞു. ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു; ഇനിയും ഉറങ്ങാറായിട്ടില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് കുട്ടികൾക്ക് പൂതപ്പാട്ട് പാടിക്കൊടുത്ത കവി, ഉണ്ണിയെ അവതരിപ്പിക്കുന്നു.

"ഉണ്ണിക്കേഴ് വയസ് കഴിഞ്ഞു കണ്ണും കാതുമുറച്ചു കഴിഞ്ഞു പള്ളിക്കൂടത്തിൽ പോയി പഠിക്കാ- നുള്ളിൽ കൗതുകമേറിക്കഴിഞ്ഞു." ശരിയാണ്, കണ്ണും കാതും ഉറച്ചുകഴിഞ്ഞ കുഞ്ഞിനെ സ്കൂളിൽ ചേർക്കാവൂ. മിക്ക രാജ്യങ്ങളിലും 7-ാം വയസിലാണ് കുട്ടികളെ ഒന്നാം തരത്തിൽ ചേർക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും 6 വയസ്സ് പൂർത്തിയായാലേ കുട്ടികളെ പള്ളിക്കൂടത്തിലേയ്ക്ക് പറഞ്ഞയക്കുകയുള്ളൂ. എന്നാലിവിടെയോ? കുഞ്ഞിക്കാലുകൾ നിലത്തൊന്നുറച്ചു കഴിഞ്ഞാലുടൻ വിടുകയായി പഠിപ്പിക്കാൻ! കുഞ്ഞുങ്ങളെ എത്രയും നേരത്തെ എഴുത്തും വായനയും പഠിപ്പിക്കാൻ കഴിയുമോ അത്രയും നേരത്തെ 'പഠിപ്പിക്കുക', എന്നതാണ് രക്ഷിതാക്കളുടെ ആഗ്രഹം. അപടകരമാണീയതിമോഹമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്തു തന്നെയായാലും, ഒന്നാം തരത്തിൽ ചേർത്ത് പഠിക്കുന്നതിനുമുമ്പുള്ള, ശിശുവിന്റെ വിദ്യാഭ്യാസത്തിന്, കേരളത്തിൽ അനുദിനം പ്രാധാന്യം കൂടിവരികയാണ്. കുട്ടികളുടെ സമഗ്രമായ വളർച്ച ഉറപ്പാക്കുന്നതിനുവേണ്ടി പ്രത്യേക സ്ഥാപനങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധ മതം രക്ഷിതാക്കൾക്കും ബോധ്യമായിട്ടുണ്ട്. മൂന്നുമുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള ശിശുക്കളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ധാരാളം സ്ഥാപനങ്ങൾ - പ്രീസ്കൂളുകൾ കേരളത്തിൽ നിലവിലുണ്ട്. പ്രീ പ്രൈമറി, നഴ്സറി, ബാലവാടി, അങ്കണവാടി, കിൻറർ ഗാർട്ടനുകൾ, ഡെ-കേർ കേന്ദ്രങ്ങൾ ശിശുവിഹാരങ്ങൾ, ക്രെഷ്, മോണ്ടിസോറി സ്കൂളുകൾ എന്നിങ്ങനെ. വിവിധ നാമധേയങ്ങളിൽ ഇവ പ്രവർത്തിച്ചുവരുന്നു. ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻറ് ട്രെയിനിങ്ങ് (NCERT) സംസ്ഥാന സർക്കാരുമായി സഹകരിച്ചുകൊണ്ട് 1993ൽ നടത്തിയ ഒരു സർവ്വേ പ്രകാരം കേരളത്തിൽ 17,679 അംഗീകൃത സ്ഥാപനങ്ങൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രീ പ്രൈമറി സ്ഥാപനങ്ങൾ - കേരളത്തിൽ സ്ഥാപനം - സ്വഭാവം എണ്ണം ബാലവാടി, അങ്കണവാടി 16,293 പ്രീ പ്രൈമറി സ്കൂൾ (അംഗീകൃതം) 00846 സ്കൂളുകളുമായി ബന്ധപ്പെട്ട് സ്ഥാപിച്ചവ 00540 ആകെ 17,679 നഴ്സറികളും കിൻറർഗാർട്ടനുകളിലും വിദ്യാഭ്യാസ പ്രക്രിയക്കാണ് ഊന്നൽ നൽകുന്നത്. ഇവയെ പൊതുവെ പ്രീസ്കൾ എന്ന് വിളിക്കാം. ആരോഗ്യ പരിപാലനമാണ് അങ്കണവാടികളുടെ മുഖ്യലക്ഷ്യം. ബാലവാടികളിൽ ഇവ രണ്ടും നടക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. അങ്കണവാടികളുടെ എണ്ണം ഇപ്പോൾ ഏതാണ്ട് ഇരുപതിനായിരമാണ്. മറ്റുള്ളവയും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ മൊത്തം 25,000 ശിശുകേന്ദ്രങ്ങളുള്ളതായി കണക്കാക്കാം. ഇവയുടെ എണ്ണം ഇനിയും വർദ്ധിക്കാനാണു സാദ്ധ്യത. എന്തുകൊണ്ടിങ്ങനെ? - 3 മുതൽ 5 വയസുവരെയുള്ള കാലഘട്ടത്തെയാണ് പ്രീസ്കൂൾ ഘട്ടമെന്ന് വിളിക്കുന്നത്. കേരളത്തിന്റെ ജനസംഖ്യയിൽ ഈ പ്രായപരിധിയിൽ വരുന്ന കുട്ടികളുടെ എണ്ണം 10 ലക്ഷത്തിലേറെയാണ്. വിദ്യാഭ്യാസകാര്യങ്ങളിൽ അതീവതാൽപര്യമുള്ള അതിവിപുലമായൊരു രക്ഷാകർതൃ സമൂഹവുമിടെയുണ്ട്. മനുഷ്യജീവിതത്തിലെ ആദ്യ അഞ്ചാറു വർഷക്കാലം അതിനിർണായകമാണ്. 'മറ്റൊരു ഘട്ടത്തിലുമുണ്ടാകാത്ത വളർച്ചാനിരക്ക് അനുഭവപ്പെടുന്ന പ്രായമാണിത്. ശിശുവിന്റെ മുഴുവൻ കഴിവുകളും വികാസം പ്രാപിക്കുവാൻ ആവശ്യമായ ബാഹ്യ പ്രേരണയും പ്രചോദനവും അത്യാവശ്യമായ സമയം കൂടിയാണിത്. കാര്യങ്ങൾ പറഞ്ഞവതരിപ്പാക്കാനുള്ള ശേഷി വളർന്നു വരേണ്ട കാലം. മറ്റുള്ളവരുമായും ചുറ്റുപാടുമായും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ലഭിക്കേണ്ടതും ഇക്കാലത്തുതന്നെ. കുട്ടിക്ക് ഇന്ദ്രിയവേദ്യമാക്കുന്നതെന്തും അനുഭവമായി മാറുന്ന കാലമാണിത്. ഇക്കാലത്ത് നല്ല അനുഭവങ്ങൾ എത്രത്തോളം ലഭിക്കുന്നുവോ അത്രത്തോളം സമ്പന്നമായിരിക്കും ശിശുവിന്റെ ഭാവിജീവിതവും. ഈ പ്രായപരിധിയിലാണ് കുഞ്ഞുങ്ങളിൽ മസ്തിഷ്ക കോശങ്ങളുടെ വളർച്ച ഏറ്റവും കൂടുതൽ ത്വരിതപ്പെടുക. ഒരു വ്യക്തിക്ക് 17 വയസിനുള്ളിൽ സംഭവിക്കുന്ന ആകെ ബുദ്ധിവികാസത്തിന്റെ പകുതി ഭാഗവും നേടുന്നത് 4 വയസിനുള്ളിലാണെന്നോർക്കേണ്ടതുണ്ട്. ഈ പ്രായത്തിൽ കാര്യങ്ങൾ ശരിയായ രീതിയിലല്ല കുട്ടി സ്വാംശീകരിക്കുന്നതെങ്കിൽ പിൽക്കാലങ്ങളിൽ അവ മാറ്റിയെടുക്കുക ഏറെ പ്രയാസകരമായിരിക്കും. എന്തുകൊണ്ടും ഇക്കാലം കൂട്ടി ചെലവഴിക്കേണ്ടത് വീട്ടിൽ തന്നെയായിരിക്കണം. അമ്മയുടെ മടിത്തട്ടാണ് കുഞ്ഞിന്റെ ആദ്യത്തെ വിദ്യാലയം എന്നു പറയുന്നത്. ഈ അർഥത്തിലാണ് ആദ്യകാലശിശു വിദ്യാഭ്യാസം പൂർണ്ണമായും നടക്കേണ്ടത് വീട്ടിൽ വച്ചുതന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ശിശുവിനു പാട്ടുപാടിക്കൊടുക്കുന്ന, കഥ പറഞ്ഞു രസിപ്പിക്കുന്ന, ക്ഷമാപൂർവ്വം പെരുമാറുന്ന ഒരു മുത്തശ്ശി, ഓടിനടന്നു കളിക്കാൻ പറ്റിയ വിസ്തൃതമായ പ്രദേശം, സ്നേഹ വാത്സല്യ നിർഭരമായ പെരുമാറ്റവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന സാഹചര്യം ഇവയെല്ലാം ഒത്തിണങ്ങിയ ശിശുവിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് സഹായകരമായ, ചുറ്റുപാടുള്ള വീടുകൾ ഇന്ന് സ്വപ്നസമാനമായ ഒരവസ്ഥാ വിശേഷമാണ്. വീടുകളിൽ ധാരാളം അംഗങ്ങളുണ്ടായിരുന്ന, വീടിനു ചുറ്റും ഓടിക്കളിക്കാൻ, പ്രകൃതിയിലിടപെടാൻ ധാരാളം ഇടങ്ങളുണ്ടായിരുന്ന പഴയ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേയ്ക്കുള്ള മാറ്റം നാം കാണേണ്ടതുണ്ട്. കേരളത്തിലെ അമ്മമാർ മിക്കവരും പല തുറകളിലുമായി പണിയെടുക്കുന്നവരാണ്. ജീവിത സാഹചര്യങ്ങൾ ഇവരെ വിവിധ തൊഴിൽ മേഖലകളിലെത്തിച്ചിരിക്കയാണ്. കാർഷിക ചെറുകിട- കുടിൽ വ്യവസായം, സേവനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പണിയെടുക്കുന്നവരാണധികവും. വീടുമായി ബന്ധപ്പെട്ട ജോലികളിൽ അവിശ്രമം വ്യാപൃതരായവർ എത്രയോപേർ! അമ്മയുടെ മടിത്തട്ട് കുട്ടിക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇക്കാരണങ്ങളാൽ സമഗ്ര വികാസത്തിൽ നിർണായകമായ, അമ്മയുടെ പരിചരണത്തിന്റെ പങ്ക് ശിശുവിന് വേണ്ടത്ര ലഭിക്കുന്നില്ല. കൂലിവേല പോലും ലഭിക്കാത്തതിനാൽ കഷ്ടപ്പെടുന്ന അതിദരിദ്രമായ കുടുംബങ്ങളിലെ കുട്ടികളുടെ കാര്യം പറയാനുമില്ല. ഈ സാഹചര്യത്തിൽ ശിശുവിദ്യാ കേന്ദ്രങ്ങൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുന്നു. 3 മുതൽ 5 വയസുവരെയുള്ള കുട്ടികളിൽ 3 ലക്ഷം മാത്രമേ ഇന്ന് പ്രീ പ്രൈമറിയിൽ എത്തുന്നുള്ളൂ. മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാൻ നിലവിലുള്ള ശിശുവിദ്യാ കേന്ദ്രങ്ങൾക്ക് സാധിക്കാത്ത അവസ്ഥയിൽ സമൂഹത്തിന്റെ ആവശ്യകതയ്ക്കനുസൃതമായി കേന്ദ്രങ്ങളുടെ എണ്ണം പെരുക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കുമല്ലോ. 250 വീടിന് ഒരു ശിശുവിദ്യാ കേന്ദ്രം എന്ന തോതിലാണെങ്കിൽ പോലും കേരളത്തിൽ ചുരുങ്ങിയത് 20,000 പ്രീ സ്കൂളുകളെങ്കിലും ഇനിയും വേണ്ടിവരും. ഇതിന്റെയൊക്കെ ഫലമായി എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ മുതൽമുടക്ക് വളരെ കുറഞ്ഞ ഒരു വ്യവസായമായി പ്രീ സ്കൂൾ കേന്ദ്രങ്ങൾ മാറികൊണ്ടിരിക്കുന്നു. ശിശുവിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യം കച്ചവട താത്പര്യത്തിന് വഴിമാറി കൊടുക്കുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്! ആരുണ്ടിതിനെ നിയന്ത്രിക്കാൻ? E.C.E. + E.C.E. = E.C.C.E സമഗ്ര ശിശുവികസന പദ്ധതിയുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന രണ്ടു സൂചനകളാണല്ലോ ECC യും ECE യും. ECC എന്നാൽ ആദ്യ കാല ശിശു സംരക്ഷണം (Early Childhood Care) എന്നാണർത്ഥമാക്കുന്നത്. ECE ആവട്ടെ ആദ്യകാല ശിശു വിദ്യാഭ്യാസമെന്നും (Early Childhood Care) ഇതിൽ ആദ്യത്തെ വിഭാഗത്തിലാണ് അങ്കണവാടികളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 3 മുതൽ 6 വയസുവരെയുള്ള ശിശുക്കളാണ് ആദ്യകാല ശിശുവിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായിരിക്കുക. പ്രീ പ്രൈമറി സ്കൂൾ, കിന്റർ ഗാർട്ടനുകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഈ രണ്ടു പദ്ധതികളും ഒരുമിച്ചു ചേർത്തതിനെയാണ് ECCE (Early Childhood Care and Education) എന്നു വിളിക്കുന്ന ആദ്യകാല ശിശുസംരക്ഷണവും ശിശു വിദ്യാഭ്യാസവും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ നമ്മുടെ നാട്ടിലേറെയുണ്ട്. ആഗ്രഹമുണ്ടെങ്കിലും ദാരിദ്ര്യം കാരണം കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയ്ക്കാവശ്യമായ സാഹചര്യം അത്തരം കുടുംബങ്ങളിലില്ല യെന്നതാണ് യാഥാർഥ്യം. അവർക്കാകട്ടെ മനഃശാസ്ത്രപരമായ സമീപനത്തോടെ കുഞ്ഞുങ്ങളെ വളർത്താനുള്ള കഴിവും വളരെ കുറവാണ്. ചില വീടുകളിൽ അനുഭവപ്പെടുന്ന കുടുംബശൈഥില്യവും കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്ന ഘടകങ്ങളിലൊന്നാണ്. പോഷകാഹാരക്കുറവിനോടൊപ്പം മനസ്താപമുണ്ടാക്കുന്ന കുടുംബസാഹചര്യം കൂടിയാകുമ്പോൾ ശൈശവം ഏറെ പരിതാപകരമായി തീരുന്നു. മാനസികവും ശാരീരികവുമായ പോഷണമാണ് ശിശുക്കൾക്കാവശ്യം. ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും ഒരുമിച്ചു ചേരുമ്പോൾ ഈ ലക്ഷ്യം പൂർത്തീകരിക്കുക എളുപ്പമാണ്. മാത്രമല്ല, കേരളത്തിലെ അങ്കണവാടികൾ, പ്രീ സ്കൂൾ കേന്ദ്രങ്ങൾ കൂടിയാക്കാൻ പ്രായോഗികമായ വലിയ പ്രശ്നമൊന്നുമുണ്ടാകാൻ ഇടയില്ല. ഇന്ന് പൊതുവെ പോഷകാഹാര വിതരണകേന്ദ്രങ്ങളായിട്ടാണല്ലോ അവ നിലകൊള്ളുന്നത്. അവിടെ നിലവിലുള്ള ടീച്ചർമാർക്ക് പുനഃപരിശീലനം നൽകി പ്രീ സ്കൂളിന്റെ ചുമതലകൂടി കൈമാറാവുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചചെയ്ത് ഘടനയിലും. പ്രവർത്തനത്തിലും ഗുണപരമായ മാറ്റം വരുത്താവുന്നതാണ്. ഇത്തരം പുനഃസംഘാടനം ചെയ്ത അങ്കണവാടികളുള്ള വാർഡുകളിൽ പുതുതായി പ്രീ സ്കൂളുകൾ ആരംഭിക്കണമെന്നില്ല.

പ്രീ സ്കൂൾ സമ്പ്രദായം :- ഇന്നത്തെ അവസ്ഥ - പരിഷത്ത് പഠനം

ശിശുവികസന പരിപാടികൾ ദേശീയ തലത്തിൽ തന്നെ ഏറ്റവും കൂടുതൽ അവഗണന അനുഭവിക്കുന്ന ഒരു മേഖലയാണ്. സമഗ്ര ശിശുവികസന സേവന പരിപാടികൾ (ICDS) പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചു നോക്കിയതു തന്നെ അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്താണ്. നഴ്സറി വിദ്യാഭ്യാസം ആ പദ്ധതിയുടെ ഭാഗമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണത് നടപ്പിലാക്കിയിരുന്നതും. കേരളത്തിലാവട്ടെ നിലവിലുള്ള സ്ഥാപനങ്ങളുടെ എണ്ണം പോലും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. സർക്കാരിൻറ നിയന്ത്രണവും നാമമാത്രമാണ്. യാതൊരുവിധ നിയന്ത്രണവുമില്ലാതെ, ഒരു വ്യവസ്ഥയും പാലിക്കാതെ, ഒരു മാർഗനിർദേശ രേഖകളുമില്ലാതെ ഏതു വ്യക്തിക്കും ഇവിടെ പ്രീ സ്കൂൾ സ്ഥാപനം തുടങ്ങാം-സർക്കാർ ധനസഹായം വേണ്ടെന്നുവെച്ചാൽ മതി. പ്രീ സ്കൂൾ സ്ഥാപനങ്ങളുടെ പൊതു സ്ഥിതിയെപ്പറ്റി കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ഡോ. ടി. ശശിധരന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ നിന്നും ചില വസ്തുതകൾ അവതരിപ്പിക്കട്ടെ : അങ്കണവാടിയിലെ കുട്ടികളധികവും സാമൂഹ്യ സാമ്പത്തിക മേഖലകൾ നിലയ്ക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകുന്നു. അങ്കണവാടികളിൽ മിക്കവയും ഔപചാരിക വിദ്യാഭ്യാസം ഒഴിവാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. പകരം, കഥകൾ, കവിതകൾ, ആംഗ്യപാട്ടുകൾ, നാടകങ്ങൾ, അനൗപചാരികമായ സംഭാഷണങ്ങൾ, പൂന്തോട്ട നിർമ്മാണം, പ്രകൃതി നിരീക്ഷണം തുടങ്ങിയ ചില പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്. അവിടങ്ങളിൽ അധ്യാപികമാരും, രക്ഷിതാക്കളും തമ്മിൽ സുദൃഢമായ ബന്ധവുമുണ്ട്. സ്ഥാപനങ്ങളിൽ ജനകീയ ഇടപെടലുകൾ കാണുന്നുമുണ്ട്. എങ്കിലും ഇത്തരം പ്രവർത്തനങ്ങൾ കാര്യമായി നടത്തികൊണ്ടുപോകാൻ ഉതകുന്ന ഭൗതിക സാഹചര്യമുള്ള അങ്കണവാടികൾ എണ്ണത്തിൽ വളരെകുറവുമാണ്. പലതിനും വേണ്ടത്ര മുറികളില്ല, കളിസ്ഥലമില്ല, കളിപ്പാട്ടങ്ങ ളില്ല, അ ധ്യാപികമാരിൽ ബഹുഭൂരിഭാഗവും ശിശുവിദ്യാഭ്യാസത്തിലും ശിശുമനഃശാസ്ത്രത്തിലും ഫലപ്രദമായ പരിശീലനം ലഭിച്ചവരല്ല. വെറും 3 മാസത്തെ അപര്യാപ്തമായ പരിശീലനമാണ് പലർക്കും ലഭിച്ചിട്ടുള്ളത്. അവർക്ക് വേതനവും വളരെ കുറവാണ്. പ്രതിമാസം 500 രൂപമാത്രം. കുറഞ്ഞ വേതനം കാരണമുണ്ടാകുന്ന താത്പര്യക്കുറവും കഴിവു കുറഞ്ഞതിന്റെ ഫലമായുണ്ടാകുന്ന ആത്മവിശ്വാസമില്ലായ്മയും അങ്കണവാടിയിലെ പ്രവർത്തനം യാന്ത്രികമായി മാറ്റിയിരിക്കുന്നു. കുട്ടികൾ നൽകുന്ന പ്രവർത്തനങ്ങളിൽ മിക്കവയും അവയുടെ ബുദ്ധിപരമായ കഴിവിനെ തൊട്ടുണർത്താൻ പര്യാപ്തമാകുന്നുമില്ല. മാത്രവുമല്ല കുട്ടികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടുള്ള പരിചരണം പലകേന്ദ്രങ്ങളിലും ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. ഉച്ചഭക്ഷണത്തിൽ വൈവിധ്യവും, രുചിഭേദവുമില്ലാത്തതുകാരണം ശിശുക്കളിൽ മടുപ്പുളവാക്കുന്നതായും പഠനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ശിശുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലധകിവും ഔപചാരിക വിദ്യാഭ്യാസമാണ് നടക്കുന്നത് . പ്രീ സ്കൂൾ സമ്പദായത്തിൻറ അടിസ്ഥാന ശിലകളായ തത്വങ്ങളും രീതിശാസ്ത്രവും പാടെ മറന്നു കൊണ്ടുള്ള വെറും 'പഠിപ്പിക്ക'ലാണവിടങ്ങളിൽ നടക്കുന്നത്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തെ താഴോട്ടേക്ക് വ്യാപിപ്പിച്ച രൂപമാണിത്. വായന, എഴുത്ത്, ഗണിതം എന്നിവയെല്ലാം അവിടെ പഠിപ്പിക്കുന്നു. ഭാഷയും, ഗണിതവും, പരിസരപഠനവും വിഷയാടിസ്ഥാനത്തിൽ ശിശു വിരുദ്ധമായി കൈകാര്യം ചെയ്യുന്നതായും മനസ്സിലായി. 'പേരുകേട്ട്' അഥവാ 'പേരുകേൾപ്പിച്ച ' 'അന്തസ്സുറ്റ' സ്ഥാപനങ്ങളിൽ പലതിലും കടുത്ത നിബന്ധനകൾ ശിശുക്കളിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ടൈ, ഷൂസ്, സോക്സ് തുടങ്ങിയവ അടങ്ങിയ യൂണിഫോം, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ വഴി കുട്ടികളെ തെരഞ്ഞെടുക്കൽ പണം നൽകി ഉപയോഗിക്കാവുന്ന വാഹനം, ശിക്ഷയിലധിഷ്ഠിതമായ ക്രൂരമായ അച്ചടക്കം, പ്രൈമറി വിദ്യാഭ്യാസത്തിന്റെ രീതിയിലുള്ള ഭാരിച്ച ബോധനരീതി, സ്ഥിരമായി നൽകി വരുന്ന ഹോംവർക്ക്, വാചികവും ലേഖനപരവുമായ കടുത്ത പരീക്ഷാ സമ്പ്രദായം എന്നിവ ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകതകളാണ്. സ്ഥാപനത്തിനകത്ത് സ്വാഭാവികമായ ഒരന്തരീക്ഷം ഉണ്ടാക്കുന്നതിലും കുട്ടികളുടെ ക്രിയാത്മകമായ മനോഭാവം വളർത്തുന്നതിലും പരാജയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളെ വാനത്തോളം വാഴ്ത്തുന്ന പരിതാപകരമായ അവസ്ഥാവിശേഷവും സമൂഹത്തിലുണ്ട്. അംഗീകൃതമല്ലാത സ്വകാര്യ ശിശുവിദ്യാ സ്ഥാപനങ്ങളിൽ പൊതുവെ ഇംഗ്ലീഷ്, ബോധന മാധ്യമമായി ഉപയോഗിച്ചുവരുന്നു. ഇത് സമൂഹത്തിൽ രക്ഷിതാവിന് ഉന്നത പദവി നേടിക്കൊടുക്കുന്ന അന്തസ്സിന്റെ ചിഹ്നമായി മാറിയിരിക്കയാണ്. കുട്ടിയുടെ പഠനകാലം മുഴുവൻ ഇംഗ്ലീഷ്, മാധ്യമമായി തുടരണമെന്നാണ് ഇത്തരം രക്ഷിതാക്കളുടെ ആഗ്രഹം. ശിശു മനഃശാസ്ത്ര പ്രകാരം ഇത് ഒരു അന്ധവിശ്വാസമാണ്. സ്വകാര്യ ശിശുവിദ്യാ സ്ഥാപനങ്ങളുടെ ഉടമകൾ സമൂഹത്തിൽ ബോധപൂർവ്വം വളർത്തിയെടുത്തതാണിത്, അവർക്ക് വിദ്യാഭ്യാസ വ്യവസായംവഴി കൊള്ള ലാഭമുണ്ടാക്കാൻ. ഇന്ന് ഇവർക്കാവശ്യമായ സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കികൊടുക്കുന്നത് സ്വകാര്യ ഏജൻസികളാണ്. സ്വകാര്യ വ്യക്തികളുടെ ലാഭക്കൊതി ഒരു നാടിന്റെ വിദ്യാഭ്യാസ ലക്ഷ്യം നിർണയിക്കുന്ന ഒരുദാഹരണമാണിവിടെ പ്രകടമാക്കുന്നത്. കാശുണ്ടാക്കുന്നവരുടെ കടുത്ത മത്സരം നടക്കുന്ന ഈ രംഗത്ത് പിടിച്ചു നിൽക്കാൻ ഉടമസ്ഥർ കടുത്ത നിബന്ധനകളും ക്രൂരമായ പട്ടാള ചിട്ടയും നടപ്പിലാക്കിക്കൊണ്ട് ശിശുവിനെ ക്രൂരമായി പീഡിപ്പിക്കുന്നതിനുള്ള പ്രതിഫലമായി വൻതുക രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നു! ഇവിടെ ചാകുന്നതും കൊല്ലുന്നതും ഒരാൾതന്നെയാണെന്ന കാര്യം അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള വ്യഗ്രതയിൽ രക്ഷിതാക്കൾ വിസ്മരിക്കുന്നുവെന്നാണ് പഠനറിപ്പോർട്ടിന്റെ നിഗമനം. 1992-ൽ നിയമിതമായ യശ്പാൽ കമ്മിറ്റി 93 ൽ കേന്ദ്രസർക്കാരിന് സമർപ്പിച്ച് പ്രീ പ്രൈമറി പഠന റിപ്പോർട്ടും, ശുപാർശകളും ഇത്തരമൊരു പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. പ്രീ സ്കൂൾ സമ്പ്രദായത്തിൽ കാണപ്പെടുന്ന അശാസ്ത്രീയതകൾക്ക് കടിഞ്ഞാണിടാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസക്തമായ രണ്ടു നിർദ്ദേശങ്ങൾ കമ്മിറ്റി മുമ്പോട്ടുവെച്ചിട്ടുണ്ട്.

  1. പ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിലും അതിന്റെ നടത്തിപ്പിലും സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കാൻ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണം. സ്ഥാപനങ്ങളിൽ മതിയായ സൗകര്യമുണ്ടായിരിക്കണം. അമിതാധ്യായനം അനുവദിക്കരുത്.
  2. അംഗീകാരത്തിനുള്ള മാനദണ്ഡം കർശനമായി നടപ്പിലാക്കണം. അവ സർക്കാർ വക സ്ഥാപനങ്ങളിലും സൗകാര്യ ഉടമയിലുള്ളതിനും ഒരുപോലെ ബാധകമാക്കുകയും വേണം.

പ്രൊഫ. യശ്പാലിന്റെ ശുപാർശകളും നടപ്പിലാക്കാനുള്ള സാധ്യതകളും സമയക്രമവും നിർണയിക്കാൻ നിയമിച്ച സമിതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. "പൂർണമായും യോജിക്കുന്ന നിയമത്തിന്റെ നിർവഹണത്തിൽ പുറമെനിന്നുള്ള സമ്മർദ്ദം ഉണ്ടാകരുത്." ഏതെങ്കിലും തരത്തിലുള്ള സ്വാധീനം പ്രയോഗിച്ച് ചട്ടം മറികടക്കാൻ അനുവദിക്കരുതെന്നാണിതിന്റെ സത്ത.

I.A.P പറയുന്നതെന്ത്? പ്രീ സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (I.A.P) തയ്യാറാക്കിയ പഠനറിപ്പോർട്ട്. ഏറെ ശ്രദ്ധേയമായ ശുപാർശകളും മൂർത്തമായ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഡോ. എം.കെ.സി. നായരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു. "പ്രീ പ്രൈമറി കുട്ടികളുടെ ക്ഷേമത്തിൽ തൽപരരായ അനേകംപേർ ഈ രംഗത്തുണ്ടാകുന്ന സംഭവഗതികളെ ഭയത്തോടും ഞെട്ടലോടും കൂടിയാണ് ഇന്ന് നിരീക്ഷിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അപ്പാടെ മറന്ന് പകരം ശിശുക്കൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി ആധുനിക പ്രീ പ്രൈമറി സ്കൂളുകളെ മാറ്റി മറിച്ചിരിക്കുകയാണെന്ന ധാരണ ഇപ്പോൾ അധ്യാപകരിലും രക്ഷിതാക്കളിലും ഒരുപോലെയുണ്ട് ". അനഭിലഷണീയമായ ഇത്തരം ഭീതിദമായ സാഹചര്യം വളർന്നു നിൽക്കേ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളെ റിപ്പോർട്ട് സംക്ഷിതമായി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

  1. സുസന്തുലിത പ്രവർത്തനവും വിശ്രമവും, വ്യായാമത്തിനാവശ്യമായ കളികൾ, പോഷകാഹാരം, പൊതുവായ ആരോഗ്യപരിപാലനം, ചികിത്സ എന്നിവയുടെ ഫലമായുണ്ടാകുന്ന ശാരീരിക വികാസം.
  2. ചുറ്റുപാടിൽ നിന്ന് ശിശുവിനു ലഭിക്കുന്ന അനുഭവ വൈവിധ്യം കുട്ടികളെ മനസ്സിലാക്കാൻ കഴിവും അർപ്പണബോധവുമുള്ള മുതിർന്നവരുമായുള്ള സമ്പർക്കം ഇവ മൂലമുണ്ടാകുന്ന മാനസിക വികാസം
  3. വീട്ടിലെ അംഗങ്ങളുമായുള്ള സഹവാസത്തിനുപരിയായി അനേകം മുതിർന്നവരോടും, മറ്റു കുട്ടികളോടുമുള്ള സമ്പർക്കത്തിന്റെ ഫലമായുണ്ടാകുന്ന സാമൂഹിക വികാസം.
  4. ഏത് രീതിയിലുള്ള വികാര പ്രതികരണങ്ങളാണ് മറ്റുള്ളവർക്ക് സ്വീകാര്യമെന്നതിനെ സംബന്ധിച്ച അറിവ് നേടൽ - വൈകാരിക വികാസം.
  5. വിദ്യാഭ്യാസ വികസനം: ആവശ്യമായ പശ്ചാത്തല അനുഭവങ്ങളുടെ സമ്പാദനത്തിലൂടെ സ്കൂൾ ജീവിതത്തിന് വേണ്ടി കുട്ടിയെ തയ്യാറാക്കലാണ് വിദ്യാഭ്യാസ വികസനമെന്നതുകൊണ്ട് അർഥമാക്കുന്നത്.

പലവിധ നൈപുണികളും സ്വായത്തമാക്കാൻ അനുയോജ്യമായ കാലമാണ് ശൈശവം. വിരസത തെല്ലും അനുഭവപ്പെടാതെ ആവർത്തിച്ചുള്ള പ്രവർത്തനങ്ങളിലൂടെ കാര്യങ്ങൾ പഠിക്കാൻ ശിശുക്കൾ ഏറെ തല്പരരാണ്. അവർക്ക് സാഹസികത ഇഷ്ടമാണ്. എന്തെങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പോറലുകൾ ഏല്ക്കുമോ, മറ്റുള്ളവർ കണ്ടാൽ കളിയാക്കുമോയെന്നൊന്നുമുള്ള ചിന്ത അവരിലങ്കുരിക്കുന്നേയില്ല. ശൈശവത്തെ കളിപ്പാട്ടങ്ങളുടെ കാലമെന്നും വിശേഷിപ്പിക്കാറുണ്ട്. കളികളിലൂടെയാണവർ നിപുണരായി മാറുന്നത്. കളി അവരെ സംബന്ധിച്ചിടത്തോളം വെറും കളിയല്ല, കാര്യമാണ്. ഗൗരവമേറിയ പ്രവർത്തനമാണ്. അതിനാൽ കുട്ടിക്കാലത്ത് കളിയാണ് ഏറ്റവും ഉചിതമായ ബോധന മാധ്യമം. ശൈശവം കഴിഞ്ഞ് ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തിലും കളികളിലൂടെ ബോധപൂർവ്വം താരതമ്യേന ഗൗരവമേറിയ കാര്യങ്ങൾ നൽകിയാൽ സ്വാംശീകരിക്കാനവർക്ക് എളുപ്പം സാധിക്കുമെന്നത് തെളിയിക്കപ്പെട്ട വസ്തതയാണല്ലോ. മസ്തിഷ്ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴാണ് സ്വാഭാവിക പഠനം സംഭവിക്കുന്നത്. ശിശുവിന്റെ പ്രകൃതം പരിഗണിക്കുമ്പോൾ കളി ഇതിലേക്കുള്ള ഒരു മാർഗ്ഗമാണ്. പ്രശസ്ത മനഃശാസ്ത്രകാരനും വിദ്യാഭ്യാസ ചിന്തകനുമായ ബ്രൂണർ പറഞ്ഞതുപോലെ "കളി ഗൗരവമേറിയ ഒരു കാര്യമാണെന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. തീർച്ചയായും കളി ശൈശവത്തിലെ അതിപ്രധാനമായ വ്യവഹാരമാണ്." പ്രീ പ്രൈമറി വിദ്യാഭ്യാസം സംബന്ധിച്ച് 1999 ൽ I.A.P. അംഗീകരിച്ച ശുപാർശകൾ ഇവയാണ്:

  1. പ്രീ പ്രൈമറി പ്രായം കുട്ടിയുടെ വികാസത്തിൽ നിർണ്ണായകമായ ഒന്നാണ്. അതുകൊണ്ട് പ്രീ സ്കൂൾ സമ്പ്രദായത്തിൽ, വിദ്യാഭ്യാസ സമീപനമെന്നതിലുപരി വികസനാത് മക സമീപനമാണ് സ്വീകരിക്കേണ്ടത്.
  2. പ്രീ പ്രൈമറി വിദ്യാഭ്യാസം പ്രമറി വിദ്യാഭ്യാസത്തിന്റെ താഴേക്കുള്ള വ്യാപനമല്ല അതുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ രീതികളേ സ്വീകരിക്കാവൂ.
  3. പ്രീ പ്രൈമറി കുട്ടിക്ക് ഏറ്റവും നന്നായി ആശയപ്രകടനം നടത്താൻ കഴിയുന്നത് മാതൃഭാഷയിലാണ്. അതുകൊണ്ട്, ആശയ വിനിമയ മാധ്യമം മാതൃഭാഷയിലാവുന്നതാണ് നല്ലത്.
  4. വേണ്ട മനോവികാസം നേടാത്തവരും, പ്രായത്തിൽ സാധാരണം എന്നു തോന്നാവുന്നതുമായ ചില കുട്ടികളെ പ്രത്യേകശ്രദ്ധ നൽകികൊണ്ട് സാധാരണ പ്രീ സ്കൂൾ സംവിധാനത്തിൽ ഉൾപ്പെടുത്തണം.
  5. പ്രീ പ്രൈമറി അധ്യാപകരുടെ പരിശീലനത്തിന്റെ ഗുണനിലവാരമുറപ്പ് വരുത്താൻ എല്ലാ ശ്രമങ്ങളും നടത്തണം.
  6. രാജ്യത്തെ വിവിധ ഗവൺമെൻറ് വകുപ്പുകളുടെയും സ്വകാര്യമേഖലകളുടേയും പ്രീ പ്രൈമറി അധ്യാപക പരിശീലനത്തിലും ഘടനയിലും ഉള്ളടക്കത്തിലും ഒരു ഐക്യരൂപവുമില്ല. അതിനാൽ NCERT യുടെ സംസ്ഥാന ഘടകമായ SCERT യെ അധ്യാപക പരിശീലന പരിപാടിയും അക്കാദമിക ഉള്ളടക്കം തയ്യാറാക്കാനുള്ള ചുമതലയും ഏല്പിക്കാവുന്നതാണ്.
  7. പഞ്ചായത്തുകളും മറ്റ് പ്രാദേശിക ഭരണ സംവിധാനങ്ങളും പ്രീ പമറി രംഗത്ത് വൻ തോതിൽ കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുന്നു.
  8. പ്രീ പ്രൈമറിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തേണ്ടതാണ്.

മൂർത്തമായ ചില നിർദ്ദേശങ്ങളും I.A.P. മുന്നോട്ടുവെക്കുകയുണ്ടായി. പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡം അഭിമുഖത്തിന്റേയും പരീക്ഷയുടേയും അടിസ്ഥാനത്തിൽ ആയിരിക്കരുത്. മെഡിക്കൽ ഫിറ്റ്നസ്, പ്രതിരോധ കുത്തിവെപ്പ് ഇവ സംബന്ധിച്ച് സർട്ടിഫിക്കറ്റുകൾ വേണമെന്ന് നിർബന്ധമാക്കണം. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആശയവിനിമയത്തിനുള്ള മാധ്യമം മാതൃഭാഷയായിരിക്കണം. വായനയിലും എഴുത്തിലും നൽകുന്ന അനാവശ്യ പ്രാധാന്യം പ്രീ സ്കൂൾ ശിശുവികസനത്തിന് തടസ്സമാകുന്നതിനാൽ ഒഴിവാക്കണം. NCERT യുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രീ സ്കൂൾ പ്രവർത്തനങ്ങൾ നടത്തേണ്ടത്. പീ സ്കൂൾ കുട്ടികളെ ഔപചാരിക പരീക്ഷകൾക്കും ഗൃഹപാഠത്തിനും വിധേയരാക്കരുത്. റാങ്കുകളും മാർക്കുകളും നൽകുന്നതിനു പകരം ഗ്രെയിഡുകൾ ആവാം. കുട്ടികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോൾ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണം. പ്രീ പ്രൈമറി വിദ്യാഭ്യാസം ഒന്നാം തരത്തിലെ പ്രവേശനത്തിന് നിർബന്ധമാക്കരുത്. കേരളത്തിൽ ചെയ്തത് പോലെ എല്ലാ തലത്തിലും പ്രീ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കുമ്പോൾ അത്തരം സമിതികളിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സസിനെയും ഉൾപ്പെടുത്തണം. I.A.P. മുന്നോട്ടു വച്ച ഇത്തരം നിർദേശങ്ങളും ശുപാർശകളും കേരളത്തിലെ പ്രീ സ്കൂൾ സംവിധാനം ഇന്നു നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. എന്തുകൊണ്ട് മാതൃഭാഷ? അദ്ധ്യയന മാധ്യമം എന്നും സജീവ ചർച്ചാ വിഷയമാണിവിടെ. വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രകാരന്മാരും മാധ്യമമെന്ന നിലയിൽ മാതൃഭാഷയുടെ പ്രസക്തി വ്യക്തമാക്കിയിട്ടും പ്രീ സ്കൂൾ തലം തൊട്ട് ഇംഗ്ലീഷിൽ പഠിക്കണമെന്ന ഭ്രാന്തൻ ചിന്ത വളരുകയാണ്. ശിശുക്കൾ ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രതികരിക്കാനും തുടങ്ങുമ്പോൾ മാധ്യമം ഇന്ദ്രിയ- കായികമായിരിക്കണമെന്നത് നിഷേധിക്കാനാവാത്ത വസ്തതതയാണല്ലോ. ഏതെങ്കിലും ഭാഷ ബോധന മാധ്യമമായി തീരുന്നത് പിന്നീടാണ് - ഔപചാരിക വിദ്യാഭ്യാസഘട്ടത്തിലാണ്. യഥേഷ്ടം ഓടാനും മണ്ണിൽ കളിക്കാനും മരംകയറാനും, സംഘം ചേർന്നു കളിക്കാനും, കളിപ്പാട്ടങ്ങൾ ഉപയോഗിക്കാനുമൊക്കെയുള്ള സൗകര്യമുണ്ടായാൽ മതി, (പ്രീ സ്കൂൾ ഘട്ടത്തിൽ, കളികളിലൂടെ ശിശുക്കൾ അവരുടെ നിലവാരത്തിനൊത്ത പ്രായത്തിനൊത്ത ധാരാളം കാര്യങ്ങൾ മനസ്സിലാക്കും. കളിയാവട്ടെ ഒരു സാർവത്രിക പ്രക്രിയയാണ്. അതിനൊരു മാധ്യമത്തിന്റെ ആവശ്യമെന്താണ്? പ്രീ പ്രൈമറിതലത്തിൽ കളിയുടെ മാധ്യമം ഉപയോഗിക്കുമ്പോൾ എന്തിനാണ് കുട്ടിക്ക് അപരിചിതമായ ഒരു ഭാഷ അടിച്ചേല്പിക്കുന്നത്? ആശയപ്രകാശത്തിനും വിനിമയത്തിനും ഭാഷ ഉപയോഗിക്കേണ്ടി വരുമ്പോൾ കേരളത്തിൽ മലയാളം തന്നെ ഉപയോഗിക്കണമെന്നാണ് പരിഷത്തിന്റെയും അഭിപ്രായം. 'അച്ചടിഭാഷയുടെ പ്രയോഗം തുടക്കത്തിൽ ഒരന്യഭാഷയുടെ പ്രതീതിയാണ് കുട്ടികളിൽ ജനിപ്പിക്കുക, അതുവഴി ഒരന്യവൽക്കരണത്തിനിടവരുത്തുകയും ചെയ്യും. അതിനാൽ കുട്ടികളുടെ മലയാളം' തന്നെയാണ് പ്രസ്തുത ഘട്ടത്തിൽ ഫലപ്രദമായ സംവേദന മാധ്യമം. തുടർന്നുള്ള ഔപചാരിക ഘട്ടത്തിലും തുടക്കത്തിൽ കുട്ടി വീട്ടിൽ കേൾക്കുന്ന ഭാഷയും ഗ്രാമ്യപദങ്ങളും പ്രയോജനപ്പെടുത്തുന്നതിന്റെ പ്രസക്തി ഭാഷാ ശാസ്ത്രകാരന്മാർ ഊന്നി പറഞ്ഞിട്ടുള്ള കാര്യമാണല്ലോ. മാതൃഭാഷ മാധ്യമമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗാന്ധിജി പറയുന്നത് കേൾക്കൂ:- 'ഇന്ത്യയുടെ ദേശീയ ഭാഷയാകുവാനോ, വിദ്യാഭ്യാസ മാധ്യമമാകുവാനോ ഇംഗ്ലീഷിന് ഒരിക്കലും സാധ്യമല്ല - അങ്ങനെ. ചെയ്യുക വഴി നാം നമ്മുടെ ഭാഷകളെ ദരിദ്രമാക്കുകയും വിദ്യാർഥികൾക്കു വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഈ അത്യാഹിതം ഇന്ത്യയിൽ മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്നാണെന്റെ അറിവ്. ഇംഗ്ലീഷ് ഭാഷയോടുള്ള നമ്മുടെ അടിമത്തം കോടിക്കണക്കിന് ജനങ്ങൾക്ക് വളരെ വർഷങ്ങളോളം പ്രയോജനമുള്ള അറിവ് നഷ്ടപ്പെടുത്തിക്കളഞ്ഞു. നാമിത് മനസ്സിലാക്കുന്നില്ലെന്നും പശ്ചാത്തപിക്കുന്നില്ലെന്നുമെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. തീർച്ചയായും ഇതൊരു ദുരന്തം തന്നെയാണ്.' ചിന്തയുടെ ഭാഷ മാതൃഭാഷയാണ്, അതിനാൽ ബോധന മാധ്യമവും മാതൃഭാഷതന്നെയായിരിക്കണമെന്നതാണ് മഹാത്മാവിന്റെ വചനങ്ങളുടെ സത്ത. ഇംഗ്ലീഷ് ഭാഷയോട് നമുക്കാർക്കും വെറുപ്പില്ല. ഒരു ഭാഷയെന്ന രീതിയിൽ ഉയർന്ന ക്ലാസുകളിൽ അത് നന്നായി പഠിപ്പിക്കുന്നില്ലെന്ന പരാതിയാണുള്ളത്. കേരളത്തിൽ ജനിച്ചു വളരുന്ന ഒരു കുട്ടി സംസാരിച്ചു തുടങ്ങുന്നതുതന്നെ ഇംഗ്ലീഷിലായിരിക്കണമെന്നും ബോധനപ്രക്രിയയിൽ ഉടനീളം ഈ അന്യഭാഷതന്നെ മാധ്യമമായി ഉപയോഗിക്കണമെന്നുമുള്ള സമീപനത്തിലെ അശാസ്ത്രീയത നമുക്കു അംഗീകരിക്കാനാവില്ല. മലയാളം പറയാൻ കൊതിയായതിനാൽ ഒഴിവ് സമയത്ത് ചങ്ങാതിയേയും കൂട്ടി മൂത്രപ്പുരയിൽ കയറി വാതിലടച്ച് വാതോരാതെ പറഞ്ഞതിന് മീഡിയം നഴ്സറിയിൽ നിന്ന് പുറത്താക്കപ്പെട്ട മലയാളിക്കുട്ടിയുടെ അനുഭവവും മലയാളം പറഞ്ഞതിന് മൊട്ടയടിക്കപ്പെട്ട ഇത്തിരി മുതിർന്നവൻ ദയനീയ കഥയുമെല്ലാം പ്രതങ്ങളിൽ വായിച്ചറിഞ്ഞവരാണല്ലോ നമ്മൾ, എന്നിട്ടും മലയാളമറിയാത്ത മലയാളി കേരളക്കരയിൽ പെരുകുകയാണോ? അപകടകരമായ ഒരവസ്ഥാവിശേഷമാണിത്.

ശിശുവിദ്യാഭ്യാസം - ഒരു വ്യവസായ കോംപ്ലക്സ്

സ്വകാര്യ മേഖലയിലെ, പ്രത്യേകിച്ചും അംഗീകൃതമല്ലാത്ത, ശിശു വിദ്യാഭ്യാസം ഇന്നൊരു വ്യവസായമേഖലയാണ്. അതിന്റെ നടത്തിപ്പിന് ആവശ്യമായ പലവിധ ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ സമുച്ചയമായി അത് വളർന്നു വലുതായിരിക്കുന്നു! പലവിധ പാഠപുസ്തകങ്ങൾ, അധ്യാപക പരിശീലനഗൈഡുകൾ, സചിത്ര കഥാപുസ്തകങ്ങൾ, കോമിക്കുകൾ, പോക്കറ്റ് നിഘണ്ടു, വിലകൂടിയ ബാഗുകൾ, കളിപ്പാട്ടക്കൂട്ടങ്ങൾ, ബഹു വർണ്ണക്കുടകൾ, കളികൾ വിവരിക്കുന്ന മാസിക - ഗൈഡുകൾ, വില കൂടിയ യൂണിഫോം തുണികൾ, ഷൂസ്, സോക്സ്, ടെ, ബുദ്ധി വർ ദ്ധിപ്പിക്കു മെന്നവകാശപ്പെടുന്ന അ സംബന്ധ വസ്തുക്കൾ എന്നിവയെല്ലാം വൻതോതിൽ ഇതിന്റെ ഭാഗമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഔപചാരിക ബോധനം അഥവാ പഠനം ഒട്ടും ആവശ്യമില്ലാത്ത ഒരു മേഖലയിലാണ് ഭാരിച്ച സഞ്ചിയും പേറി നടക്കാൻ നമ്മുടെ പൈതലുകൾ നിർബന്ധിക്കപ്പെടുന്നതെന്നോർക്കണം. ആർക്കുവേണ്ടിയാണ് ഈ ദുരിതക്കടലുകൾ ഒരുക്കിയിരിക്കുന്നത്? ശിശുപക്ഷത്തുനിന്നുകൊണ്ട് പരിഹാരം കാണേണ്ടുന്ന കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്വയം പഠനത്തിന് സഹായകമായ സാഹചര്യം

നാം കുഞ്ഞുങ്ങളെ സ്കൂളിൽ ചേർക്കുന്നതെന്തിനാണ്? നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യം എന്താണ്? സാമൂഹ്യ ജീവിതത്തിനാവശ്യമായ ധാരണകളും ശേഷികളും മനോഭാവങ്ങളും സ്വയം ആർജിക്കാനുള്ള അവസരം കുഞ്ഞുങ്ങൾക്ക് ഒരുക്കിക്കൊടുക്കുക; അതാണ് ഉദ്ദേശ്യം. നൂറുകൂട്ടം കാര്യങ്ങളെക്കുറിച്ചുള്ള കൊച്ചുകൊച്ചു അറിവുകളുമായാണ് കുട്ടി സ്കൂളിലേക്കു കടന്നു വരുന്നത്. എത്രയെത്ര പദങ്ങൾ ചോദിച്ചു നോക്കൂ; അണമുറിയാതെ പറയുന്നതു കേൾക്കാം. അമ്മ, അച്ഛൻ, ചേട്ടൻ, ചേച്ചി, ഏട്ടത്തി, കുഞ്ഞ്, പാവ, ചൂട്, തണുപ്പ്, കുപ്പായം, കൂട്ടുകാർ, കാക്ക, മണ്ണ്, മഴ, പക്ഷി, കോഴി, ചെടി, കളി, കളിപ്പാട്ടം, പശു, ടിവി, ഭക്ഷണം... എല്ലാം വാതോരാതെ പറയും. ഇതൊക്കെ ആരെങ്കിലും തല്ലി പഠിപ്പിച്ചതാണോ?

പിറന്നു വീഴുന്നതുമുതൽ സ്വന്തം പരിസരത്തോട് അഥവാ പ്രകൃതിയോട് പ്രതികരിച്ചുകൊണ്ടാണ് ഇത്തരം അറിവുകൾ കൂട്ടി നേടുന്നത്. തങ്ങളുടെ സഹജമായ പ്രകൃതത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് കുട്ടിയുടെ പരിസരത്തിന്റെ പ്രകൃതവും. അത്, കുഞ്ഞിന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്നു. ആശയവിനിമയ ശേഷി വികസിപ്പിക്കുന്നു. കുട്ടിയുടെ അടക്കാനാവാത്ത ജിജ്ഞാസ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് വളർത്തി വികസിപ്പിക്കുന്നു. അങ്ങനെ കുട്ടിയുടെ ബുദ്ധി വികസിക്കുന്നു. പല രീതികളിലൂടെയാണ് ബുദ്ധിയുടെ വികാസം സംഭവിക്കുന്നതെന്നു കാണാം. അനുഭവത്തിലൂടെ കണ്ടെത്തിയ പല കാര്യങ്ങളും കുട്ടി ഓർമ്മയിൽ സൂക്ഷിക്കുന്നു. താരതമ്യത്തിലൂടെ വസ്തുതകൾ മനസ്സിലാക്കുന്നു. അവ തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ക്രമേണ ചില പ്രശ്നങ്ങൾക്ക്. പരിഹാരം കണ്ടെത്താനുള്ള പ്രായോഗിക പരിജ്ഞാനം നേടുന്നു. പരീക്ഷണങ്ങളിലൂടെ പലതരം പ്രവർത്തനങ്ങളിലൂടെ നിരീക്ഷണങ്ങളി ലൂടെ പതുക്കെപ്പതുക്കെയാണെങ്കിലും കുറെയൊക്കെ യുക്തിപൂർവ്വം കാര്യവും കാരണവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നു. പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു. മൂല്യബോധം വളരുന്നു. പ്രതിഭാ വികാസത്തിന്റെ രീതിയിതാണ്. ഇങ്ങനെ കുട്ടിയുടെ പ്രതിഭാ വികസനത്തിന് അടിത്തറ ഒരുക്കിക്കൊടുക്കുകയാണ് പ്രീ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ നാം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നതിനു പകരം പൈതങ്ങളിൽ ഒട്ടേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള പഠന ഭാരം അടിച്ചേൽപ്പിക്കുകയാണ് മിക്ക സ്ഥാപനങ്ങളിലെയും മുഖ്യ പ്രവർത്തനം. കുട്ടിക്കു ഗ്രഹിക്കാൻ കഴിയാത്തതും അധ്യാപകർ പഠിച്ചു വച്ചിട്ടുള്ളതുമായ കുറെയേറെ വസ്തുതകൾ ഉരുവിട്ടു പഠിക്കാൻ കുട്ടി നിർബന്ധിക്കപ്പെടുന്ന സ്ഥിതിയാണ് പാനഭാരമെന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ശിശു പ്രായത്തിന്റെ പ്രായം പരിഗണിക്കാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ കുട്ടിയെ സംബന്ധിച്ചിടത്തോളം കഠിനമായ പീഡനങ്ങളായാണ്. അനുഭവപ്പെടുക. പ്രീ-സ്കൂൾ കുട്ടികളിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നതിന്റെ മാനസിക പ്രത്യാഘാതകങ്ങൾ ചൊട്ടയിലെ ശീലം ചുടലവരെ എന്നത് നാം പലപ്പോഴും പ്രയോഗിക്കാറുള്ള ഒരു പഴമൊഴിയാണല്ലോ. ചെറുതായിരിക്കുമ്പോൾ നാം ശീലിച്ച കാര്യങ്ങൾ മരണംവരെ തുടരും. പ്രായപൂർത്തിയായ മനുഷ്യരുടെ ആരോഗ്യകാര്യത്തിൽ ബാല്യകാല അനുഭവങ്ങളും നിർണായകങ്ങളാണ്. പീഡിപ്പിക്കപ്പെടുന്ന ഇന്നത്തെ ശിശുക്കളാണ് നാളത്തെ സമൂഹത്തിന് അകമ സ്വഭാവവും സാമൂഹ്യ വിരുദ്ധ മനോഭാവവും പകർന്ന് കൊടുക്കുകയെന്നത് അതിശയോക്തിയല്ല. പ്രീ സ്കൂൾ കാലഘട്ടത്തിന്റെ പ്രാധാന്യവും ഇതുതന്നെ. അക്കാലത്തെ അനുഭവങ്ങളാണല്ലോ ചുറ്റുമുള്ള ലോകത്തിന്റെ മാനസിക ചിത്രം രൂപപ്പെടുത്തുന്നതിൽ ശിശുവിനെ സ്വാധീനിക്കുക. കുടുംബത്തിൽനിന്നും സ്കൂളിൽനിന്നുമാണ് ശിശുവിന് അനുഭവങ്ങൾ പ്രധാനമായും ലഭിക്കുക. മാതാപിതാക്കളുടെ മനോഭാവത്തിൽ വന്ന മാറ്റം നല്ല അനുഭവങ്ങൾക്കു പകരം കടുത്ത പീഡനങ്ങളാണ് കുഞ്ഞുങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന തെന്ന വസ്തുത ഡോ. ചന്ദ്രപ്രകാശ് ശ്രീധർ നടത്തിയ പഠനം സംശയലേശമന്യേ തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ തങ്ങൾക്ക് നേടാൻ കഴിയാതെ പോയ മാന്യതയെല്ലാം സ്വന്തം കുഞ്ഞുങ്ങളിലൂടെ തിരിച്ചു പിടിക്കാനുള്ള വിഫല ശ്രമത്തിലാണ് ഇന്നു മാതാപിതാക്കൾ. പ്രത്യേക ശ്രദ്ധയും പരിചരണവും സ്നേഹ വാത്സല്യപൂർണ്ണമായ സമീപനവുമെല്ലാം മാതാപിതാക്കളിൽ നിന്നും ശിശു പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇതിനൊന്നും പ്രാധാന്യം നൽകാതെ കുട്ടിയുടെ മേൽ അമിതവും അയഥാർഥ്യവുമായ പ്രതീക്ഷകൾ അർപ്പിച്ച് 'ഉദ്ദിഷ്ട കാര്യലബ്ധിക്കായി' കുട്ടിയെ ഞെക്കി പഴുപ്പിച്ചെടുക്കുന്നു. 'ഹോം വർക്ക്' എന്ന ഓമനപ്പേരിൽ കഠിന പ്രവർത്തനങ്ങൾ കുട്ടിക്കു നൽകുന്ന, 'പേരു കേൾപ്പിച്ച സ്ഥാപനങ്ങളിലേക്ക് ശിശുവിനെ അയയ്ക്കുവാനുള്ള അമിത താല്പര്യം ഇതിന്റെ ഭാഗമാണ്, സൂര്യനു കീഴെയുള്ളതെല്ലാം കുട്ടിയിൽ ഒറ്റയടിക്ക് കുത്തി നിറക്കുന്നതിൽ ഇത്തരക്കാർ സന്തോഷം കണ്ടെത്തുന്നു. അതുകാരണം, കുട്ടിയുടെ പ്രകൃതത്തിനും നിലവാരത്തിനും ഇണങ്ങുന്ന രീതി അവലംബിക്കുന്ന പ്രീ സ്കൂൾ സ്ഥാപനങ്ങളോടുള്ള മമത കുറഞ്ഞു വരുന്നു. പ്രായത്തിനും പ്രകൃതത്തിനും യോജിക്കാത്ത സംഗ്രഹണശേഷി പരിഗണിക്കാതെയുള്ള, പഠനത്തിന് കൂടുതൽ സമയവും യത്നവും വേണ്ടിവരുന്നതു കാരണം പ്രീ സ്കൂൾ പ്രവർത്തനം കുട്ടിക്ക് വിരസമായ അനുഭവങ്ങളാണ് പകർന്നു നൽകുന്നതെന്ന വസ്തുത നാം കണ്ടില്ലെന്നു നടിക്കുകയാണ്. പല പ്രീ സ്കൂളുകളും ശിശുഹത്യാകേന്ദ്രങ്ങളായി പരിണമിക്കാനിത് വഴിയൊരുക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പേരിലുള്ള പീഡനം; കുട്ടികളിൽ പലതരം മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിലൊന്നാണ് ചില പ്രീ സ്കൂൾ കുട്ടികളിൽ കാണുന്ന അനാവശ്യവും അകാരണവുമായ ഭയം. സ്കൂളിൽ പോകാൻ മടിക്കുക, ക്ലാസിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ പേടിക്കുക തുടങ്ങിയവ അതിന്റെ ലക്ഷണങ്ങളാണ്. കാണാപാഠം പഠിച്ചു വരാത്തതിന് ഒരു ശിശുവിനെ ഒരിക്കൽ ഒരധ്യാപകൻ മൂത്രപ്പുരയിലിട്ട് പൂട്ടി ശിക്ഷിച്ച സംഭവം ഡോ. ചന്ദ്രപ്രസാദ് ശ്രീധർ ഒരു ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കുട്ടി സ്കൂളിനോട് ഒട്ടും താത്പര്യം കാണിക്കാതെയായി. ഉറക്കത്തിൽ പിച്ചും പേയും പറയാൻ തുടങ്ങി. അതിലെ ഉള്ളടക്കവും മൂത്രപ്പുര തന്നെയായിരുന്നു! ക്ലാസിലെ മറ്റു കുട്ടികളിലേയ്ക്കും ഈ സംഭവം ഭീതി പടർത്താൻ ഇടയാക്കി. കഴിവിനപ്പുറത്തു ള്ള പാഠ ഭാഗങ്ങൾ ഉൾക്കൊള്ളാൻ നിർബന്ധിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന പരാജയം കുട്ടികളിൽ അപകർഷതാ ബോധം വളർത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തോടു പൊതുവേ വിരക്തി തോന്നാനിത് കാരണമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്നങ്ങളും ഇന്ന് പ്രീ സ്കൂൾ കുട്ടികൾ അനുഭവിക്കുന്നുണ്ട്. വൈകി വരുന്ന ഉറക്കം, ഒട്ടും ഉറക്കമില്ലായ്മ, പേടിസ്വപ്നങ്ങൾ കാണൽ, വളരെ നേരത്തെ ഉണർന്നു കിടക്കുക, സ്വപ്നാടനവും പിച്ചും പേയും പറയലും മറ്റും ഇതിൽപ്പെടുന്നു. ഇതിനുള്ള കാരണം മാനസിക ആരോഗ്യ തകർച്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതാവട്ടെ പഠനം പീഡനമായി മാറുന്നതിന്റെ ദുരന്ത ഫലവുമാണ്. അമിത ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന നിസ്സഹായത, നിരാശ, തളർച്ച എന്നിവ കാരണം കുട്ടികളിൽ 'വെറുതെ കരഞ്ഞുകൊണ്ടിരിക്കുക'യെന്ന മാനസിക രോഗലക്ഷണവും കണ്ടുതുടങ്ങിയിട്ടുണ്ട്. കൊച്ചുകുഞ്ഞുങ്ങളിൽ കണ്ടുവരാറുള്ള കിടക്ക നനയ്ക്കൽ, വിരൽ കടിക്കൽ, പിറുപിറുക്കൽ തുടങ്ങിയ ചില വൈകൃതങ്ങളും ഇത്തരം കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. കളിച്ചു രസിച്ച് പ്രാഥമിക അറിവുകൾ സ്വായത്തമാക്കേണ്ടുന്ന ശൈശവത്തിൽ ഇടുങ്ങിയ മുറികളിൽ തളച്ചിടപ്പെടുന്നതു കാരണം അസ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികളിൽ ഊർജം കെട്ടിക്കിടക്കും. അല്പം സ്വാതന്ത്ര്യം ലഭിച്ചാൽമതി പ്രത്യേകിച്ചും വീട്ടിൽ തിരിച്ചെത്തിയാൽ കുട്ടികൾ അ മിതമായി വികൃതികൾ കാണിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തലവേദന, വയറുവേദന, നെഞ്ചുവേദന എന്നിവ ഉണ്ടെന്ന് വെറുതെ തോന്നുക, സ്കൂളിൽ പോകുന്നതിനു മുമ്പ് പതിവായി ഛർദ്ദിക്കുക തുടങ്ങിയ പ്രവണതകൾ ചിലരിൽ കാണാം. കൊച്ചുന്നാളിൽത്തന്നെ ക്ലാസിലിരുന്നു പഠിക്കുന്നതിലുള്ള കുട്ടിയുടെ വിമുഖതയാണിതു കാണിക്കുന്നത്. നഖം കടിക്കുക, ഭക്ഷണം അതിവേഗം കഴിക്കുക, അമിതമായി ഭക്ഷിക്കുക, ആഹാരത്തോട് വെറുപ്പു തോന്നുക, തലയിട്ടടിക്കുക, മുടി പിടിച്ചു പിഴുതെടുക്കുക തുടങ്ങിയ ഒട്ടേറെ വൈകൃതങ്ങളും നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള പ്രീ സ്കൂൾ കുട്ടികളിൽ കാണുന്നതു സാധാരണമാണ്. മാനസിക പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്ന കുട്ടികളിൽ പകുതിയോളം പേരും പഠനവുമായി ബന്ധപ്പെട്ട പീഡനങ്ങളുടെ ഫലമായി അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണെന്ന് ഡോ. എം.കെ.സി. നായർ പ്രസ്താവിച്ചത് നാം ഇവിടെ ഓർക്കുന്നത് നന്നായിരിക്കും. "പ്രീ സ്കൂൾ വിദ്യാഭ്യാസം - ഭാവി പരിപ്രേഷ്യം" എന്ന പേരിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിദ്ധീകരിച്ച രേഖയിൽ ഇതിനാധാരമായ ധാരാളം അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. നേരത്തെതന്നെ പഠനം ആരംഭിച്ചാൽ മത്സരത്തിന്റെ അവസാനം വരെയും മുൻക നിലനിർത്താൻ അത് സഹായകരമാകുമെന്നു വിശ്വസിക്കുന്ന രക്ഷിതാക്കൾ ധാരാളമുണ്ട്. പക്ഷേ അതിൽ ശരിയുണ്ടെന്ന് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല. അപൂർവം കുട്ടികൾക്ക് മൂന്നാം വയസിൽ എളുപ്പം വായിക്കാനും എണ്ണാനും കഴിയും. നാലാം വയസിൽ കുറച്ചു പേർക്കും, ആറാം വയസിൽ ബഹുഭൂരിപക്ഷത്തിനും ഇതിനു കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും; പാകമെത്തും മുമ്പുള്ള പഠനം പ്രയത്നം കൂടുതൽ ആവശ്യമായതും പ്രയാസകരവുമായിരിക്കും. മൂന്നാം വയസിൽ അക്ഷരം പഠിക്കാൻ ഒരു വർഷം വേണമെങ്കിൽ നാലാം വയസിൽ അത് രണ്ടാഴ്ചകൊണ്ടും അഞ്ചിൽ ഒരാഴ്ചകൊണ്ടും കഴിഞ്ഞേക്കാം. സ്വയം ബോധനത്തിനുള്ള സന്നദ്ധതയാണ് പഠനത്തിന്റെ വേഗത നിർണയിക്കുന്ന ഘടകം. ഈ സന്നദ്ധത കുട്ടികളിൽ എങ്ങനെ തിരിച്ചറിയാമെന്നോ? വാക്കുകളുടെ അർഥം ചോദിക്കുക, സ്വന്തം പേരെഴുതാൻ സഹായം അഭ്യർത്ഥിക്കുക എന്നിവയാണതിന്റെ അടയാളങ്ങൾ. സങ്കീർണമായ സാങ്കേതിക വിദ്യാവ്യാപനത്തിന്റെ ഈ യുഗത്തിൽ കമ്പ്യൂട്ടർ ശിശുവിദ്യാഭ്യാസത്തിൽ ഒഴിച്ചു കൂടാനാവില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ മനഃശാസ്ത്ര വിദഗ്ധർ ഇതിനോടു യോജിക്കുന്നില്ലെന്നതാണ് വാസ്തവം. വീട്ടിൽ ഒരു കമ്പ്യൂട്ടർ ഉണ്ടായിരിക്കുകയും കുട്ടി അതിൽ താത്പര്യം കാണിക്കുകയും ചെയ്താൽ കമ്പ്യൂട്ടറിനെ പരിചയപ്പെടുത്തുന്നതിലും ഉപയോഗിക്കുന്നതിലും അപാകതയില്ല. എന്നാൽ ഇക്കാര്യത്തിൽ നിർബന്ധിക്കരുതെന്നാണ് അഭിജ്ഞമതം. താത്പര്യമുണ്ടെങ്കിലേ ആസ്വാദ്യതയുള്ളൂ എന്നതാണ് ഇതിൻറ അടിസ്ഥാന നിയമം. നിർബന്ധിച്ചു പരിചയപ്പെടുത്തുന്നത് കമ്പ്യൂട്ടറിനു നേരെ പക വളർത്താനേ സഹായിക്കൂയെന്നതും നാം ഓർക്കേണ്ടതുണ്ട്.

പ്രീ സ്കൂൾ കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ

പോഷകാഹാര കുറവാണ് നമ്മുടെ നാട്ടിലെ ശൈശവം നേരിടുന്ന പ്രധാന പ്രശ്നം. ആകെയുള്ള ശിശുക്കളിൽ വെറും 20% ത്തിനേ അവശ്യം വേണ്ടുന്ന പോഷകാഹാരം ലഭിക്കുന്നുള്ളൂ. 40% ശിശുക്കൾ ലഘുവായ പോഷണക്കുറവു ബാധിച്ചവരാണെന്നാണ് ശിശുരോഗ ചികിത്സ വിദഗ്ധരുടെ അഭിപ്രായം. ഇല്ലായ്മയാണ് ഇതിന് മുഖ്യ കാരണം. മൂക്കൊലിപ്പ്, ചൊറി, ചെറു വണങ്ങൾ, കഴലവീക്കം, വിളർച്ച, ചെവി പഴുപ്പ്, മോണയിൽ വീക്കം എന്നിങ്ങനെ പലവിധത്തിലുള്ള രോഗങ്ങൾ പിടിപെടുക ശൈശവ കാലത്താണ്. സാംക്രമിക രോഗങ്ങളായ മുണ്ടിനീര് (മുണ്ടിവീക്കം), മണ്ണൻ (കരുവൻ), വില്ലൻ ചുമ എന്നിവയും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്നു. കുട്ടികളെ നന്നായി പരിചരിച്ചും അവരിൽ ശുചിത്വബോധം വളർത്തിയും രോഗങ്ങളെ പ്രതിരോധിക്കേണ്ടുന്ന കാലമാണിതെങ്കിലും ശിശുകേന്ദ്രങ്ങളിൽ ഇത്രത ഗൗരവപൂർവ്വം പരിഗണിക്കപ്പെടുന്നില്ല. പഠിപ്പിക്കാനുള്ള ശ്രമം അതിക്രൂരമായി നടക്കുന്ന ചില 'പൊങ്ങച്ച് സ്ഥാപനങ്ങളിൽ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലാണെന്ന് ഡോ. കെ. രാജമോഹൻ നടത്തിയ പഠനം വ്യക്തമാക്കുന്നുണ്ട്. അവിടങ്ങളിൽ മാധ്യമം ഇംഗ്ലീഷ് ആയതിനാൽ എല്ലാം ഇംഗ്ലീഷിൽ പറയണമല്ലോ. മൂത്രമൊഴിക്കണമെന്ന് ഇംഗ്ലീഷിൽ പറയാനറിയാത്തതു കാരണം മൂത്രം പിടിച്ചുവെച്ച് പ്രയാസം നിശബ്ദം സഹിക്കുന്ന അനേകം കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലുണ്ട്. കുഞ്ഞിന്റെ മാനസിക വളർച്ചയ്ക്ക് യോജിക്കാത്ത തരത്തിൽ എണ്ണാനും ഗണിത ക്രിയകൾ ചെയ്യാനും കാണാപാഠം പഠിക്കാനും നിർബന്ധിക്കപ്പെടുന്നതിനാൽ കുട്ടികളിൽ ആത്മവിശ്വാസം തകരുന്നു. ഭീമാകാരമായ പുസ്തക സഞ്ചിയുടെ ചുമടുംപേറി നടക്കേണ്ടി വരുന്നതിനാൽ തോളിലെ പേശികൾക്ക് രോഗം ബാധിച്ച കുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഒന്നും പഠിക്കാൻ പാകമാകാത്ത ശൈശവത്തിൽ എന്തിനാണിത്രയും വലിയ പുസ്തക കെട്ടുകൾ എന്നാരും ചോദിക്കാറില്ല അത്തരം പൈതലുകളുടെ ദുരിതം നാം കണ്ടില്ലെന്നു നടിക്കുന്നു. അമിതമായ അച്ചടക്കം അടിച്ചേൽപ്പിക്കുന്നതും കുട്ടികളിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുസൃതി കാട്ടുന്ന കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്ന രീതിയും ചില പ്രീ സ്കൂളുകളിൽ നടപ്പിലാക്കുന്നുണ്ട്. ശിശുവിന്റെ പ്രകൃതം മനസ്സിലാക്കി പ്രവർത്തനങ്ങൾ നൽകി, കളികളിലൂടെ, പരിഹാരം കണ്ടെത്തുന്നതിന് പകരം പ്രാകൃത മുറകളാണ് പലേടങ്ങളിലും പ്രയോജനപ്പെടുത്തുന്നത്. സാമ്പത്തിക സ്ഥിതിയുടെയും മറ്റും അടിസ്ഥാനത്തിൽ കുട്ടികളോടു കാണിക്കുന്ന വിവേചനം അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുണ്ടാക്കുന്നുവെന്നത് മറ്റൊരു പ്രശ്നമാണ്. നല്ല പെരുമാറ്റം, പരിചരണം, പ്രതിരോധ പ്രവർത്തനം തുടങ്ങിയവയിലൂടെ കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾക്ക് ഫലപ്രദമായ പ്രതിവിധി കണ്ടെത്താനാവുമെന്നതിൽ തർക്കമില്ല.

ശിശുവിഹാരകേന്ദ്രങ്ങളും ഗ്രാമപഞ്ചായത്തും

നമ്മുടെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്താനുള്ള ശ്രമം നാം ആരംഭിക്കേണ്ടത് പഞ്ചായത്തു തലത്തിൽ നിന്നാണ്. ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യങ്ങളും വിഭവ സാധ്യതകളും പരിഗണിച്ചും പ്രയോജനപ്പെടുത്തിയും പ്രശ്ന പരിഹാരം ഫലപ്രദമായി കണ്ടത്താൻ കഴിയുക ഗ്രാമപഞ്ചായത്തുകൾക്കാണ്. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. ദേശീയ സംസ്ഥാന തലങ്ങളിൽനിന്ന് നോക്കിയാൽ കാണാൻ പറ്റാത്ത, സ്കൂൾ, ക്ലാസ് തലം വരെയുള്ള ഒട്ടനവധി സാധ്യതകൾ, വിശദാംശങ്ങൾ എന്നിവ പഞ്ചായത്തു തലത്തിൽ കാണാൻ കഴിയും. ശിശു വിദ്യാഭ്യാസം തൊട്ട് ഹയർ സെക്കണ്ടറി (പ്ലസ്ടു) വരെ ഒരു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകളിൽ ഉൾപ്പെടുന്നു. ഏതു വിദ്യാഭ്യാസ സ്ഥാപനവും ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ തന്നെയായിരിക്കണം. എങ്കിലേ വിദ്യാഭ്യാസ രംഗത്ത് അതുവഴി ശിശുവികസന കാര്യത്തിലും, ഇന്നു നേരിടുന്ന പ്രതിസന്ധികൾക്ക് വിരാമമിടാൻ കഴിയുകയുള്ളു. പഠന ബോധന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കാനും വിദ്യാഭ്യാസ രംഗത്ത് ജനകീയ പങ്കാളിത്തം വർധിപ്പിക്കാനും ഇതുവഴി സാധിക്കും.

പൊതുശുപാർശകൾ

ശാസ്ത്രസാഹിത്യ പരിഷത്തും മറ്റു സംഘടനകളും പ്രമുഖ ഏജൻസികളും വ്യക്തികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവേ രൂപപ്പെട്ടുവന്ന ചില നിർദേശങ്ങൾ താഴെ കൊടുക്കുന്നു.

  1. ഇന്നു കേരളത്തിൽ പ്രീ പ്രൈമറി തലത്തിന് ഏകീകൃത കരിക്കുലമില്ല. പ്രീ പ്രൈമറി തൊട്ട് ഹയർ സെക്കണ്ടറി തലം വരെ സമഗ്രമായി കാണുന്ന പദ്ധതിക്ക് രൂപം നൽകണം. അതിന്റെ പശ്ചാത്തലത്തിൽ പ്രവർത്തന പരിപാടികൾ തയ്യാറാക്കുക.
  2. പ്രീ പ്രൈമറി തലത്തിനുവേണ്ടി തയ്യാറാക്കുന്ന ഇത്തരം പരിപാടികൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ അംഗീകാരം നൽകാൻ പാടുള്ളൂ. പ്രവേശന സമയത്തു നടത്തുന്ന എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ ഒഴിവാക്കുക.
  3. ശിശു സംരക്ഷണവും ശിശു വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു പദ്ധതി തയ്യാറാക്കി നിലവിലുള്ള ശിശുകേന്ദ്രങ്ങൾ പുനഃസംഘടിപ്പിക്കുക (ഇവയെ ശിശു വിഹാരകേന്ദ്രങ്ങളെന്നു വിളിക്കാവുന്നതാണ്).
  4. ശിശു വിഹാരകേന്ദ്രങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം നിരോധിക്കുക. വായന, എഴുത്ത്, ഗണിത പാനം എന്നിവ പൂർണമായും ഒഴിവാക്കുക. ബോധന മാധ്യമം മാതൃഭാഷയായിരിക്കണം.
  5. അനൗപചാരികവും ശിശു കേന്ദ്രീകൃതവുമായ ബോധന രീതി മാത്രമേ നടപ്പിലാക്കാൻ പാടുള്ളു.
  6. ശിശു വിഹാരകേന്ദ്രങ്ങളിൽ നിയമിതരാകുന്ന പ്രവർത്തകർക്കുള്ള പരിശീലന യോഗ്യത ശിശു മനഃശാസ്ത്രത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള 2 വർഷത്തെ കോഴ്സായിരിക്കണം.
  7. അംഗീകൃതമല്ലാത്തതും അൺ എയ്ഡഡുമായ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കാൻ പാടില്ല. കെ.ഇ.ആർ - ൽ ഇതിനായി ഉടൻ ഭേദഗതി വരുത്തണം.
  8. പ്രീ പ്രൈമറി സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമങ്ങൾ ഉണ്ടാക്കണം.

മറ്റു നിർദ്ദേശങ്ങൾ

ഒരു വാർഡിൽ ചുരുങ്ങിയത് 2 ശിശു വിഹാരകേന്ദ്രങ്ങൾ ഉണ്ടായിരിക്കണം. അയൽപക്ക വിഹാരകേന്ദ്രമെന്ന സങ്കൽപ്പം പ്രയോഗത്തിൽ വരുത്തുക. ഓരോ കേന്ദ്രത്തിനും മേൽനോട്ടത്തിനായി ജനകീയ സമിതി രൂപീകരിക്കണം. വാർഡുതലത്തിൽ ശിശു വിഹാര ടീച്ചർമാർ, മാതാപിതാക്കളുടെ പ്രതിനിധികൾ, ഒന്നാം ക്ലാസിലെ അധ്യാപകർ എന്നിവരടങ്ങുന്ന സമിതി ഉണ്ടാക്കാം. പഞ്ചായത്തു മെമ്പർമാർ, ശിശു വിഹാര ടീച്ചർമാരുടെ പ്രതിനിധികൾ, അവരുടെ സൂപ്പർവൈസർമാർ, ഒന്നാം ക്ലാസിലെ അധ്യാപക പ്രതിനിധികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, റിട്ടയേഡ് അധ്യാപകർ, പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി പ്രവർത്തകർ എന്നിവരടങ്ങുന്ന ഒരു പഞ്ചായത്തുതല കൗൺസിലും രൂപീകരിക്കണം. ശിശു വിഹാരത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് പഞ്ചായത്തു സമിതിയെ സഹായിക്കുകയാണ് കൗൺസിലിന്റെ മുഖ്യ ധർമ്മം. ശിശു വിഹാരത്തിലെ ടീച്ചർമാരെ ഗ്രാമപഞ്ചായത്താണ് തെരഞ്ഞെടുക്കേണ്ടത്. ഇവരെ കഴിവതും പ്രാദേശികമായി കണ്ടെത്തണം. നിലവിലുള്ളവരെ കൂടി പഞ്ചായത്തു സർവീസിൽ ഉൾപ്പെടുത്തി ശിശു വിഹാരകേന്ദ്രങ്ങളുടെ പൂർണ ചുമതല ഗ്രാമ പഞ്ചായത്തിലേക്കു കൈമാറണം. ==സാമ്പത്തികം== മുനിസിപ്പാലിറ്റികൾ, പഞ്ചായത്ത്, കോർപ്പറേഷൻ, സോഷ്യൽ വെൽഫെയർ ബോർഡ്, കേരള സംസ്ഥാന ശിശുക്ഷേമ വകുപ്പ്, ഗാന്ധി സ്മാരക നിധി, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവയാണ് ഇപ്പോൾ ശിശു വിഹാരകേന്ദ്രങ്ങളുടെ ഏജൻസികളായിട്ടുള്ളത്. ഇവയെല്ലാം പല വഴികളിലൂടെ ഇക്കാര്യത്തിൽ ചെലവാക്കുന്ന തുക ഒരു ചാലിലൂടെ പഞ്ചായത്തു ഭരണ സമിതികൾക്ക് ലഭ്യമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രാദേശിക വിഭവ സമാഹരണം വഴിയും സംഭാവനകൾ ശേഖരിച്ചും ബാക്കി തുക ഉണ്ടാക്കാം. പ്രമറി സ്കൂളുകൾക്ക് അനുബന്ധമായി നടത്തുന്ന കേന്ദ്രങ്ങളിലെ ശമ്പള ചെലവ് സർക്കാർ വഹിക്കുകയും കെട്ടിടം തുടങ്ങിയ കാര്യങ്ങൾക്ക് പി.ടി.എ. യെ ചുമതലപ്പെടുത്തുകയും ആവാം.

തടവിലാക്കപ്പെട്ട ശൈശവം

ശിശു വിദ്യാഭ്യാസം എന്ന പേരിൽ ഇന്നു പലയിടത്തും നടക്കുന്നത് ശിശുഹത്യയാണെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. നാളത്തെ ലോകത്തെയാണ് ഇവിടങ്ങളിൽ കുരുതി കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ കൊടുംക്രൂരതയിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള നടപടികൾ ഭരണതലത്തിൽ ഉണ്ടായാൽ മാത്രമേ ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും നാടിനു ഗുണം ചെയ്യുകയുള്ളൂ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രീ പ്രൈമറി ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനുള്ള തീരുമാനം ശ്ലാഘനീയമാകുന്നത്. ചിറകുകൾക്ക് കുരുക്കിട്ട്, നാവു പിഴുതെടുത്ത്, കണ്ണുകൾ ചൂഴ്ന്നെടുത്ത്, മൂക്കു ചെത്തി തുളയടച്ച്, കാതിൽ ഈയം ഉരുക്കിയൊഴിച്ച്, ഒന്നു പ്രതിഷേധിക്കാൻ, മനസറിഞ്ഞു കരയാൻപോലും അവസരം ലഭിക്കാതെ, അമിതമായ പാനഭാരത്തിന്റെ കൂറ്റൻ പാറകൾ ചുമലിൽ കേറ്റി വേച്ചുവേച്ചു നടക്കുന്ന തടവു പുള്ളികളെ പോലുള്ള അടിമക്കൂട്ടങ്ങൾ! അവർ നമ്മുടെ പിഞ്ചോമനകൾ! കട്ടയിരുട്ട് തളം കെട്ടി നൽക്കുന്ന ജയിലറകൾക്കു സമാനമായ കുടുസു മുറികളിൽ കുടുങ്ങി കിടക്കുന്ന ശൈശവത്തെ മോചിപ്പിക്കാൻ പ്രസ്തുത ബില്ലിനു കഴിഞ്ഞിരുന്നെങ്കിൽ....

പ്രീ പ്രൈമറി ബില്ല് - ഒരവലോകനം

കേരള സംസ്ഥാനത്തിൽ ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും ശരിയായ രീതിയിൽ പരിപോഷിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ല് (The Kerala Early Childhood Care and Education Bill-1999) 10-ാം നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കി ഇരിക്കുന്നു എന്നത് ശുഭോദർക്കമായ ഒരു സംഭവമാണ് . ആദ്യകാല ശിശു സംരക്ഷണവും ശിശു വിദ്യാഭ്യാസവുമെന്നാൽ 5 വയസു വരെയുള്ള ശിശുക്കളുടെ ആരോഗ്യവും മാനസിക വളർച്ചയും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള ആദ്യകാല പ്രോത്സാഹനത്തിനുള്ള പരിപാടികളും ആദ്യകാല ശിശു വിദ്യാഭ്യാസ പരിപാടിയെന്നുമാണ് ബില്ലിൽ അർഥമാക്കിയിരിക്കുന്നത്. ആദ്യകാല പ്രോത്സാഹന പരിപാടിയെന്നാൽ ശിശുവിന്റെ മാനസിക വളർച്ചയ്ക്കനുസൃതമായ ആസൂത്രിത പരിപോഷണാനുഭവങ്ങൾ പ്രദാനം ചെയ്തതുകൊണ്ട് ശിശുവിന്റെ ആദ്യകാല വളർച്ച ഉജ്ജീവിപ്പിക്കുന്നതിനുള്ള ഉദ്യമങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും ബില്ലിന്റെ വിശദീകരണ ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ പരിപാടി എന്നത് എന്താണെന്നതിനും വിശദീകരണം നൽകിയിട്ടുണ്ട്. "പരിസര സമ്പർക്കത്തിനും പരിസര അനുഭവങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് വികസനോന്മുഖവും ശിശു പ്രദാനവുമായ സമീപനത്തോടു കൂടിയ ഒരു സന്നദ്ധ പരിപാടിയാണിത്. പ്രാരംഭം, ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും സംബന്ധിച്ച നിയന്ത്രണം, പലവക എന്നീ പേരുകളിൽ മൂന്ന് അധ്യായങ്ങൾ അടങ്ങുന്നതാണ് ഈ ബിൽ. വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിദ്യാഭ്യാസം ക്രമീകരിക്കുന്നതിനാവശ്യമായ നിയമങ്ങൾ സംസ്ഥാനത്ത്. നിലവിലുണ്ട്. എന്നാൽ, ശിശു വിദ്യാഭ്യാസ മേഖല പോഷിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും ആവശ്യമായ യാതൊരു നിയമവും ഇവിടെ നിലവിലില്ല. ഇതേപ്പറ്റി പഠിച്ച് നിർദേശം വയ്ക്കാൻ 1994 ന്റെ ഒടുവിൽ സർക്കാർ ഒരു സമിതിയെ നിയമിച്ചിരുന്നു. അതിന്റെ നിർദേശങ്ങൾ പരിഗണിച്ചുണ്ടാക്കിയതാണ് ഈ ബിൽ എന്ന് ഉദ്ദേശകാരണമെന്ന വിഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ, ആദ്യകാല ശിശുസംരക്ഷണവും വിദ്യാഭ്യാസവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനും അവയ്ക്ക് ആവശ്യമായ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുമുള്ള സ്ഥാപനങ്ങളുണ്ടാക്കി പരിപാലിക്കുന്നതിനും ബില്ല് സർക്കാരിന് അധികാരം നൽകുന്നു. അങ്ങനെയുള്ള കേന്ദ്രങ്ങളും പരിശീലന സ്ഥാപനങ്ങളും ഉണ്ടാക്കുന്നതിന് ഏതെങ്കിലും വിദ്യാഭ്യാസ ഏജൻസിക്ക് അനുവാദം നൽകാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള വ്യവസ്ഥയും ചേർത്തിട്ടുണ്ട്. അത്തരം കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകാനുള്ള അധികാരവും സർക്കാരിനുണ്ടെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഈ ആക്ടിന്റെ പ്രാരംഭത്തിൽ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ നിലവിലുള്ള അങ്കണവാടികളെയും ബാലവാടികളെയും ഈ വകുപ്പിന്റെ കീഴിൽ അംഗീകാരത്തിനുള്ള നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. 'വിദ്യാഭ്യാസ ഏജൻസി' എന്നാൽ ഈ ആക്ടിൻ കീഴിൽ ആദ്യകാല ശിശു സംരക്ഷണത്തിനുള്ള വിദ്യാഭ്യാസ കേന്ദ്രമോ അങ്ങനെയുള്ള കേന്ദ്രത്തിനുവേണ്ടി അധ്യാപകരെ പരിശീലിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സ്ഥാപിക്കാനും. പരിപാലിക്കാനും അനുവാദം നൽകിയിട്ടുള്ള വ്യക്തികളുടെ ഏതെങ്കിലും നികായമെന്നാണ് അർഥമാക്കിയിട്ടുള്ളത്. ആക്ടിലെ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും അതിന്റെ മാനേജർക്ക് പിഴ നൽകി ശിക്ഷണ നടപടികൾ കൈക്കൊള്ളാനുമുള്ള അധികാരവും സർക്കാരിൽ നിക്ഷിപ്തമാണ്. മാത്രമല്ല, ശിക്ഷാർഹമായ ഇത്തരം കുറ്റത്തിന് യാതൊരു കോടതിയും, ഇതിനായി സർക്കാർ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ രേഖാമൂലമുള്ള പരാതിയിൻമേലല്ലാതെ നിയമനടപടികൾ എടുക്കാൻ പാടില്ല എന്ന വകുപ്പും ബില്ലിൽ ഉണ്ട്. സംസ്ഥാനതല ഒരു ഉപദേശക ബോർഡ് രൂപീകരിക്കാനും അതിൽ നിർദേശിച്ചിട്ടുണ്ട്. ശിശുപക്ഷത്തു നിന്നുകൊണ്ട് സജീവ ചർച്ചകളിലൂടെ പഴുതുകൾ അടച്ച് പൂർണത കൈവരിച്ചാൽ ഈ ബില്ല് കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റത്തിന് തുടക്കമിടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരം ഒരു ബില്ലിന് രൂപം നൽകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾതന്നെ വിദ്യാഭ്യാസ രംഗത്ത് വ്യാപാരി വ്യവസായി സമൂഹം ഇത് അവതരിപ്പിക്കുന്നതിനെതിരെ തടസവാദങ്ങളുമായി മുന്നോട്ടു വന്നു എന്നതിൽനിന്നും ഈ ബില്ലിലെ ഉള്ളടക്കത്തിന്റെ ഗൗരവ സ്വഭാവവും ജനകീയതയും നമ്മെ ബോധ്യപ്പെടുത്തുന്നു.

എല്ലാം കിടാങ്ങൾക്കുവേണ്ടി

പണ്ടുപണ്ട് ഒരു കവി ചോദിച്ചു : സൂര്യനുദിക്കുന്നത് ആർക്കു വേണ്ടിയാണ് ? സൂര്യൻ ജ്വലിക്കുന്നതോ? പുഴ ഒഴുകുന്നതും പൂവിരിയുന്നതും...... ? - ഈ മണ്ണിലെ മലയായ മലയൊക്കെ മുല ചുരുത്തുന്നതും ആർക്കു വേണ്ടിയാണ്? മനുഷ്യത്വമുള്ളവർക്ക് അതിനൊരുത്തരമുണ്ട്. “എല്ലാം കിടാങ്ങൾക്കുവേണ്ടി” സമത്വ സുന്ദരമായ ഒരു സ്വപ്നത്തിനുടമകളായ ഒരു മഹാ സമൂഹം പറഞ്ഞു : “നല്ലതെല്ലാം കുഞ്ഞുങ്ങൾക്കു നൽകുക.“ ശരിയാണ്, കുഞ്ഞുങ്ങളാണല്ലോ നാളത്തെ ലോകം. പുലരാനുള്ള പുതുലോകം. എങ്കിൽ നമ്മുടെ സമസ്ത സങ്കൽപ്പങ്ങളിലും ശിശുവിനൊരിടം നൽകേണ്ടേ? തന്റേടമുണ്ടാക്കി കൊടുക്കേണ്ടേ? അതും ശരിതന്നെ. എന്നാൽ ഇന്നോ? കാറ്റു കടക്കാത്ത വിധം അടച്ചു മൂടിയിട്ട സിമന്റു ഭരണികൾക്കുള്ളിൽ ബാല്യം വീർപ്പു മുട്ടുന്നു. തത്തമ്മേ പൂച്ച പൂച്ച എന്നു മാത്രം ചിലയ്ക്കാൻ വിധിക്കപ്പെട്ട കുരുന്നു മനസുകൾ....! എന്തൊരിരുട്ട്! ഈ തമസിനെ തകർക്കാൻ, നടത്തുന്ന എത്ര ചെറിയ ശ്രമംപോലും വാഴ്ത്തപ്പെടേണ്ടുന്ന ഒരു സത്കർമ്മമായി ഇവിടെ പരിണമിക്കുന്നു. ഒരു ചെറുതിരി കൊളുത്തുന്നതിൽ പോലും മാനവികതയുടെ മഹാ സാഗരമുണ്ടെന്ന് നാം മനസ്സിലാക്കുന്നു. കൂടുതൽ നല്ലൊരു കേരളത്തിന്റെ സൃഷ്ടിക്കായി കരുത്തുറ്റ ഒരു കൂട്ടായ്മയുടെ അനിവാര്യത കാലം നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്. പ്രഥമ പരിഗണന നൽകി അതിശക്തമായി ഇടപെടേണ്ടുന്ന ഒരു മേഖലയായി മാറിയിരിക്കുന്നു നമ്മുടെ ശിശുവിദ്യാഭ്യാസ രംഗം.

ശിശുവിദ്യാഭ്യാസം പ്രസാധനം, വിതരണം-കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി-24 ലിപി വിന്യാസം മാക്വെൽ ഗ്രാഫിക്സ്, എറണാകുളം. അച്ചടി-കേരള ടൈംസ്, എറണാകുളം വില 5 രൂപ KSSP 0913 I E Dy 1/8 APR 99 15K 500 LL 8/99

"https://wiki.kssp.in/index.php?title=ശിശുവിദ്യാഭ്യാസം&oldid=8919" എന്ന താളിൽനിന്ന് ശേഖരിച്ചത്