പരീക്ഷയെ കുറിച്ച് ഒരു വർത്തമാനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:49, 8 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)
പരീക്ഷയെ കുറിച്ച് ഒരു വർത്തമാനം
[[|thumb|ലഘുലേഖ കവർ]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം നവമ്പർ, 2024

ആമുഖം

വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന നാനാതരക്കാരായ കുട്ടികൾ ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞു. അവരെ പന്ത്രണ്ടാംക്ലാസ് വരെ സ്‌കൂളിൽ നിലനിർത്താനും കഴിഞ്ഞു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അധ്യാപകശാക്തീകരണം നടത്തി; വിദ്യാലയങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടുപോവുകയാണ് കേരളം. എല്ലാവരെയും ഉൾച്ചേർക്കുന്ന സാർവത്രികവിദ്യാഭ്യാസ സംവിധാനമായി കേരളത്തെ വളർത്താനായതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എന്നാൽ, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അധികപിന്തുണയും പരസഹായവും ആവശ്യമുള്ള വിദ്യാർഥികളുടെയെല്ലാം പ്രാപ്യസ്ഥാനം പൊതുവിദ്യാലയങ്ങളാണ്. ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചു മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. എന്നാൽ, പതുക്കെപ്പതുക്കെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എല്ലാ കുട്ടികൾക്കും അക്കാദമികമികവ് ഉറപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന കാരണങ്ങളിൽ പലതും സാമൂഹികമാണ്. അതടക്കം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജനകീയ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസവകുപ്പിൽ നിന്നുണ്ടാകേണ്ടത്. ശരിയായ പഠനപ്രക്രിയയും അതിൽ ഉൾച്ചേർത്ത് നിർവഹിക്കേണ്ട നിരന്തര മൂല്യനിർണയവുമാണ് നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തിന്റെ കാതൽ. ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്ന വസ്തുത തർക്കമറ്റ സംഗതിയാണ്. ഇതിന്റെ കാഴ്ചപ്പാടും പ്രയോഗവും നിരന്തരമായി ചർച്ചചെയ്ത് ഫലപ്രദമാക്കണം. മാതൃഭാഷയിലുള്ള പഠനത്തിന്റെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതി കൂലമായി ബാധിക്കുന്നുണ്ടോ? എല്ലാ വിഷയങ്ങളുടെയും പഠനത്തെ സ്വാധീനിക്കുന്ന ഭാഷാപഠനത്തിലെ വൈകല്യം അന്വേഷണങ്ങളുടെ അടിത്തറയാക്കേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും കൃത്യമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളും സാമൂഹ്യവിരുദ്ധമായ സമ്മർദസമീപനങ്ങളും നിലനിൽക്കുന്നുണ്ട്. കേവലം അറിവിനപ്പുറം, വിദ്യാർഥികളിൽ നവീനസാങ്കേതികശേഷികളും ഭരണഘടനാധാർമിക മൂല്യങ്ങളും സാമൂഹ്യമനോഭാവങ്ങളും രൂ പപ്പെടുത്തണം. പൗരന്റെ അവകാശവും കർത്തവ്യവും തിരിച്ചറിഞ്ഞ് മികച്ച സാമൂഹികജീവിയായി പ്രവർത്തിക്കുന്ന തലത്തിലേക്ക് കുട്ടിയെ വളർത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ സുപ്രധാനലക്ഷ്യമാണ്. എല്ലാ വിദ്യാർഥികളും ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ വിദ്യാഭ്യാസസംവിധാനം ഇനിയും ഉന്നതി പ്രാപിക്കണം. ഓരോരോ ഘടകങ്ങളും ശാസ്ത്രീയമായി നവീകരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ഈ ദിശയിൽ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. എന്നാൽ ക്രിയാത്മകമായ നവീകരണശ്രമങ്ങൾ ശക്തമായി തുടരുന്നതിനുപകരം, നിലവിലുള്ള സംവിധാനത്തിന്റെ ദൗർബല്യം മറച്ചുവെച്ച്, കുട്ടികളെ പഴിചാരുന്ന രീതി ഒട്ടും ഗുണകരമല്ല. അതെല്ലാം പരിഹരിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്നതിന്റെ പ്രവണതകളാണ് പുതിയ പരീക്ഷാ പരിഷ്‌കാരത്തിൽ അടങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിൽ അനവധാനതയോടെ പ്രവർത്തിക്കരുത്. വിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ശരിയായ വിദ്യാഭ്യാസ ഗുണതയ്ക്കുവേണ്ടിയുള്ള ജനകീയസമ്മർദം ഉയർന്നുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താൽപര്യപ്പെടുന്നു. കേരളസമൂഹത്തിന്റെ പൊതുബോധ നവീകരണത്തിനു സഹായകമായ 6 ലഘുലേഖകളുടെ സമാഹാര മാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം' എന്ന ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?, പുതുവഴി തേടുന്ന ഭാഷാപഠനം, പരീക്ഷയെക്കുറിച്ച് ഒരു വർത്തമാനം, വിദ്യാഭ്യാസ ഗുണനിലവാരം: മാറണം വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും, സ്‌കൂൾവിദ്യാഭ്യാസം: പരിഷത്തനുഭവങ്ങൾ, ദേശീയവിദ്യാഭ്യാസനയവും കേരളവും എന്നിവയാണ് അവ. എല്ലാ സുഹൃത്തുക്കളും വായിക്കണേ.. വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തിക്കുന്നതിനുള്ള സക്രിയമായ ഇടപെടലുകൾക്ക് ഇത് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പരീക്ഷയെ കുറിച്ച് ഒരുവർത്തമാനം

പലതരം പരീക്ഷകൾ

പരീക്ഷ എന്നത് പുതിയ ഒരു കാര്യമല്ല. പരീക്ഷകൾ പണ്ടും ഉണ്ടായിരുന്നു. അസ്ത്രപരീക്ഷയെ കുറിച്ചൊക്കെ പുരാണങ്ങളിൽ പറയുന്നുണ്ട്. അത്തരം പരീക്ഷകളിൽ വിജയിച്ചവർക്ക് പല നേട്ടങ്ങളും ഉണ്ടായതായും പറയുന്നു. മറ്റൊന്ന് തിളക്കുന്ന എണ്ണയിൽ കൈ മുക്കുന്നതു പോലുള്ള പരീക്ഷകളാണ്. അവ പരീക്ഷ എന്നതിനെക്കാൾ പരീക്ഷണങ്ങളത്രേ! അടുത്ത കാലത്തായി ഡ്രൈവിങ്ങ് പരീക്ഷ, പി എസ് സി പരീക്ഷ എന്നിവ പോലുള്ള പല പരീക്ഷകളുമുണ്ട്. ഇത്തരം പരീക്ഷകൾ വിജയങ്ങളെയും തോൽവികളെയും കുറിച്ചാണ് നമ്മെ ഓർമിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിലും പലതരം പരീക്ഷകൾ ഉണ്ട്. എഴുത്തു പരീക്ഷ, വാചിക പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിങ്ങനെ. കൂടാതെ പല സമയങ്ങളിൽ നടത്തുന്ന പരീക്ഷകളുണ്ട്. വർഷാവസാനം നടക്കുന്നവ, ഒരു ടേം കഴിയുമ്പോൾ നടക്കുന്നവ, മാസത്തിനൊടുവിലോ ഒരു പാഠത്തിനൊടുവിലോ നടക്കുന്നവ എന്നിങ്ങനെ. അങ്ങനെയല്ലാതെ ടീച്ചർമാർക്ക് തോന്നുമ്പോൾ നടത്തുന്ന പരീക്ഷകളും ഉണ്ട് ! ഓരോ തരം പരീക്ഷയുടെയും ഉദ്ദേശ്യം ഓരോന്നാണ്. പത്താം ക്ലാസിന്റെ ഒടുവിൽ നടക്കുന്ന പരീക്ഷയുടെ ഉദ്ദേശ്യം കുട്ടിക്ക് തുടർപഠനത്തിന് യോഗ്യതയുണ്ടോയെന്ന് തീരുമാനിക്കലാണ്. കൊല്ലാവസാനം പണ്ട് നടന്നിരുന്ന പരീക്ഷകൾ അടുത്ത ക്ലാസിലേക്ക് പാസ്സാക്കണോ തോൽപ്പിക്കണോ എന്ന് തീരുമാനിക്കാനായിരുന്നു. ഇത്രയും പറഞ്ഞത് ഒരു തുടക്കമായി കരുതാം. ഇനിയങ്ങോട്ടുള്ളത് ചോദ്യാത്തരങ്ങളിലൂടെയാവാം. ? സന്തോഷം ! പരീക്ഷയെ കുറിച്ച് ചോദിക്കാൻ ഒരാളെ കിട്ടിയത് നന്നായി. പി ടി എ മീറ്റിങ്ങിൽ ചോദിക്കണമെന്ന് തോന്നിയ പല കാര്യങ്ങളുമുണ്ട്. പക്ഷേ എല്ലാവരും മിണ്ടാതിരിക്കുന്നതിനാൽ ചോദി ക്കാനൊരു മടി. സ്കൂളിലെ പരീക്ഷകളും നിങ്ങൾ നേരത്തെ പറഞ്ഞതു പോലുള്ള പല പുറത്തുള്ള പരീക്ഷകളും തമ്മിൽ കാര്യമായ എന്തെങ്കിലും വ്യത്യാസമുണ്ടോ? പുറത്തുള്ള പരീക്ഷകൾ മിക്കതും വിജയിയെ കണ്ടെത്താനും എന്തെങ്കിലും സമ്മാനങ്ങൾ നൽകാനുമുള്ളതാണ്. എസ് എസ് എൽ സി പരീക്ഷയും പണ്ടുകാലത്തെ കൊല്ലപ്പരീക്ഷകളും ഒരർഥത്തിൽ വിജയികളെ കണ്ടെത്താനുള്ള പരീക്ഷകൾ തന്നെ. പക്ഷെ സ്കൂളിൽ നടക്കുന്ന മറ്റ് പല പരീക്ഷകളും വിജയികളെ കണ്ടെത്താനുള്ളതല്ല. മറിച്ച് കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനുള്ളതാണ്. ഉദാഹരണമായി, ടേം പരീക്ഷ, മാസപ്പരീക്ഷ, പാഠം കഴിഞ്ഞാലുള്ള പരീക്ഷ തുടങ്ങിയവയിൽ ആരെയും പ്രത്യേകിച്ച് വിജയിപ്പിക്കുന്നില്ല. അടുത്ത ടേമിലേക്ക് എല്ലാവർക്കും പോകാം. പകരം കഴിഞ്ഞ ടേമിൽ / മാസത്തിൽ / പാഠഭാഗത്തിൽ കുട്ടികൾ എത്രത്തോളം പഠിച്ചിട്ടുണ്ട് എന്നറിയാനാണ് അവ നടത്തുന്നത്.

പരീക്ഷകൊണ്ടുള്ള പ്രയോജനങ്ങൾ

? അങ്ങനെ അറിഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? കുട്ടികൾക്ക് മനസ്സിലാവാത്തത് എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞാൽ ആ ഭാഗങ്ങൾ ഒന്നുകൂടി പഠിപ്പിക്കാം. നേരത്തെ പഠിപ്പിച്ച രീതി പോരെങ്കിൽ മറ്റൊരു രീതിയിൽ പഠിപ്പിക്കാൻ ശ്രമിക്കാം. ചിലപ്പോൾ ക്ലാസിലെ കുട്ടികൾക്ക് പൊതുവിൽ മനസ്സിലാകാത്ത ചില കാര്യങ്ങൾ ഉണ്ടാവും. അപ്പോൾ അവ തിരിച്ചറിഞ്ഞ് പൊതുവിലാകും ടീച്ച‍ർ പഠിപ്പിക്കുക. ഉദാഹരണമായി, ചില കണക്കുകൾ ചെയ്യുമ്പോൾ മുന്നറിവുകളുടെ കുറവുകൊണ്ടാവും കുട്ടികൾക്ക് മനസ്സിലാവാത്തത്. അങ്ങനെയെങ്കിൽ അവ എല്ലാവരെയും ആദ്യം പഠിപ്പിച്ചശേഷം ഇപ്പോഴത്തെ ഭാഗം വീണ്ടും പഠിപ്പിക്കും. മറ്റു ചിലപ്പോൾ ഒരാൾക്ക് വേണ്ട സഹായമാവില്ല മറ്റൊരാൾക്ക് വേണ്ടതെന്നാവും തിരിച്ചറിഞ്ഞത്. അപ്പോൾ വ്യക്തിപരമായ സഹായമാവും നൽകേണ്ടി വരിക. ഒപ്പം കുട്ടികളുടെ കഴിവുകളും ഇത്തരം പരീക്ഷകളിലൂടെ ടീച്ചർക്ക് തിരിച്ചറിയാം. അവരെ അഭിനന്ദിക്കാം. അത് അവർക്ക് തുടർന്നുള്ള പഠനത്തിൽ പ്രചോദനമായി മാറും.

പരീക്ഷകൊണ്ട് കുട്ടിക്കുള്ള പ്രയോജനങ്ങൾ

? OK. ടീച്ചറുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴുള്ള തിരിച്ചറിവുകളാണല്ലോ ഇതെല്ലാം. അത് മതിയോ? കുട്ടിക്കും പരീക്ഷകൊണ്ട് ചില തിരി ച്ചറിവുകൾ ഉണ്ടാവേണ്ടതല്ലേ? അതിലൂടെ ചില പ്രയോജനങ്ങൾ കിട്ടേ ണ്ടതല്ലേ? ശരിയാണ്. കുട്ടിക്കും പരീക്ഷ പ്രയോജനപ്പെടണം. പരീക്ഷയിലൂടെ തന്റെ കഴിവുകളെക്കുറിച്ച് കുട്ടിക്കും ചില തിരിച്ചറിവുകൾ കിട്ടും. അത് അവരെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. അതുപോലെ തനിക്ക് എന്തൊക്കെ വേണ്ടത്ര മനസ്സിലായില്ലെന്ന കാര്യവും കുട്ടിക്ക് തിരിച്ചറിയാനാകും. അത്തരം ഭാഗങ്ങൾ മനസ്സിലാക്കിയെടുക്കാൻ കുട്ടിക്ക് ഒന്നുകൂടി പരിശ്രമിക്കാം. അല്ലെങ്കിൽ അതിനായി ടീച്ചറുടെയോ കൂട്ടുകാരുടെയോ വീട്ടുകാരുടെയോ സഹായം തേടാം.

പരീക്ഷ ഒരു ആചാരമായി മാറുമ്പോൾ

? പക്ഷേ കുട്ടികൾ സാധാരണ ഇങ്ങനെ ചെയ്യാറുണ്ടോ? ഉണ്ടാവണമെന്നില്ല. പരീക്ഷ കഴിഞ്ഞാൽ അവർ അക്കാര്യം മറക്കും. തനിക്ക് എത്ര മാർക്ക് അഥവാ ഗ്രേഡ് കിട്ടിയെന്ന് അറിയുന്നതിലാവും പലർക്കും കൂടുതൽ താത്പര്യം. ചിലർ ക്ലാസിൽ ആരാണ് മുമ്പിലെന്നും ആരൊക്കെയാണ് പിന്നിലെന്നും അന്വേഷിക്കും. കുറച്ചുപേർക്ക് അഭിനന്ദനങ്ങൾ കിട്ടും. മറ്റു ചിലർക്ക് കുറ്റപ്പെടുത്തലുകളും! അതോടെ തീർന്നു. അങ്ങനെ ഇടയ്ക്കിടെ കയറിവന്ന് ശല്യപ്പെടുത്തുന്ന ഒന്നായിട്ടാവും മിക്ക കുട്ടികളും പരീക്ഷയെ കാണുന്നുണ്ടാവുക! പേപ്പർ നോക്കി തീർക്കേണ്ട ബദ്ധപ്പാടിനെ കുറിച്ചായിരിക്കും പല അധ്യാപകർക്കും പറയാനുണ്ടാവുക! അല്ലാതെ നേരത്തെ പറഞ്ഞതുപോലെ പഠനപുരോഗതി മനസ്സിലാക്കാനുള്ള ഒരു ഉപാധിയായി പരീക്ഷയെ പലരും വേണ്ടത്ര ഉപയോഗപ്പെടുത്താറില്ല. ജയവും തോൽവിയുമാണ് പലരും അന്വേഷിക്കുന്നത്. ഇത് മാറണം.

പരീക്ഷകളെ പ്രയോജനപ്പെടുത്താം

? അതേ, മാറുകതന്നെ വേണം. പരീക്ഷയെ ഇത്തരം തിരിച്ചറിവുകൾക്കായി ഉപയോഗപ്പെടുത്തുക തന്നെ വേണം. കുറച്ചുകൂടി അക്കാര്യം വിശദീകരിക്കാമോ? തീർച്ചയായും. അതിലേക്കാണ് പോകുന്നത്. നമ്മൾ ഇതുവരെ പറഞ്ഞത് ഒരു പാഠം കഴിയുമ്പോഴോ മാസത്തിന്റെയോ ടേമിന്റെയോ കൊല്ലത്തിന്റെയോ ഒടുവിലോ വരുന്ന പരീക്ഷയെ കുറിച്ചാണല്ലോ. അവ പഠനം കഴിഞ്ഞതിനു ശേഷം നടത്തുന്ന വിലയിരുത്തലാണ്. അതുകൊണ്ടുതന്നെ അതുവരെയുള്ള പഠനനേട്ടം തിരിച്ചറിയാൻ അവ സഹായിക്കും. കൂടാതെ ഉത്തരക്കടലാസ് നന്നായി വിശകലനം ചെയ്താൽ കുട്ടിയെ തുടർന്ന് എങ്ങനെ സഹായിക്കണം എന്നതിനെക്കുറിച്ചുള്ള ചില സൂചനകളും അധ്യാപകർക്ക് ലഭിക്കും. പക്ഷേ പല അധ്യാപകരും അതിനൊന്നും മിനക്കെടാറില്ല. സമയക്കുറവ് കാരണവും മറ്റും അവർ അടുത്ത ഭാഗം പഠിപ്പിക്കുന്നതിലേക്ക് നീങ്ങുന്നു. അതുകൊണ്ടുതന്നെ പഠനനേട്ടം വർധിപ്പിക്കാൻ നിലവിലുള്ള പരീക്ഷകൾ വലുതായൊന്നും സഹായിക്കുന്നില്ല. ഇതിനുള്ള ഒരു പരിഹാരം കുട്ടികൾ പഠിക്കുന്ന സമയത്തുതന്നെ അവരെ വിലയിരുത്തി മെച്ചപ്പെടുത്തുകയാണ്.

പഠനത്തോടൊപ്പമുള്ള വിലയിരുത്തൽ

? പഠിക്കുമ്പോൾ തന്നെ വിലയിരുത്തി മെച്ചപ്പെടുത്തുകയോ? മനസ്സിലായില്ല... പറയാം. ഒരുപക്ഷേ പഠനനേട്ടം വർധിപ്പിക്കാൻ ഏറ്റവും സഹായിക്കുക, പഠനം നടക്കുമ്പോൾ തന്നെ നടത്തുന്ന പിന്തുടരലും വിലയിരുത്തലുമാണ്. തത്സമയം നടത്തുന്ന വിലയിരുത്തലും മെച്ചപ്പെടുത്തലും എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇക്കാര്യം വ്യക്തമാക്കാൻ ഒരു ഉദാഹരണം പറയാം. നമ്മൾ സാമ്പാർ ഉണ്ടാക്കുന്നുവെന്ന് സങ്കൽപ്പിക്കുക. സാമ്പാ‍‍ർ വാങ്ങിവെച്ച ശേഷം നടത്തുന്ന വിലയിരുത്തൽ വഴി സാമ്പാർ നന്നായോ എന്നേ വിലയിരുത്താനാവൂ. ഒടുവിൽ നടത്തുന്ന ഈ വിലയിരുത്തൽ ഉണ്ടാക്കിക്കഴിഞ്ഞ സാമ്പാറിനെ മെച്ചപ്പെടുത്താൻ അധിമൊന്നും സഹായിക്കില്ല! എന്നാൽ സാമ്പാർ ഉണ്ടാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും വിലയിരുത്തൽ നടത്തിയാലോ? ഉദാഹരണമായി. കഷണങ്ങൾ മുറിക്കുമ്പോൾ, ചേരുവകൾ ചേർക്കുമ്പോൾ, വേവിക്കുമ്പോൾ, വറുത്തിടുമ്പോൾ ഒക്കെ. അങ്ങനെ ചെയ്താൽ ഓരോ കാര്യവും അപ്പപ്പോൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കാം. അതായത് കഷണത്തിന്റെ വലുപ്പം ശരിയാക്കാം. ചേരുവകളുടെ അളവ് കൃത്യമാക്കാം. ആവശ്യത്തിന് വെന്തുവെന്ന് ഉറപ്പാക്കാം! എന്തു പറയുന്നു?

തുടർച്ചയായ വിലയിരുത്തൽ

? ശരിയാണ്. അങ്ങനെയെങ്കിൽ, ഇങ്ങനെ ഘട്ടംഘട്ടമായി വിലയിരുത്തുന്നതിനു പകരം കറിയുടെ നിർമാണത്തിലടങ്ങിയ ഓരോ ചെറുകാര്യവും തുടർച്ചയായി വിലയിരുത്തിക്കൂടേ? അതല്ലേ കൂടുതൽ ഗുണം ചെയ്യുക? സംശയമെന്താ! ഒരുപരിധിവരെ നാമിത് ചെയ്യുന്നുണ്ട്. അലക്കുമ്പോൾ, കുളിക്കുമ്പോൾ, ഇസ്തിരിയിടുമ്പോൾ, വാഹനമോടിക്കുമ്പോൾ, മറ്റുപല ജോലികളും ചെയ്യുമ്പോൾ. അഥവാ, ജീവിതത്തിൽ ഉടനീളം, എന്തിലും ഏതിലും തുടർച്ചയായ വിലയിരുത്തലുകൾ നാം നടത്താറുണ്ട് !

സ്കൂളിലെ തുടർച്ചയായ വിലയിരുത്തൽ

? സമ്മതിച്ചു. അങ്ങനെയെങ്കിൽ സ്കൂളിൽ നടക്കുന്ന പഠനത്തിലും ഇത് നടപ്പാക്കാവുന്നതല്ലേ? അതേ, അതിലേക്കാണ് വരുന്നത്. അതാണ് പാഠ്യപദ്ധതിയിൽ അടുത്തകാലത്ത് വന്നിരിക്കുന്ന ഗുണകരമായ ഒരു മാറ്റം. അതായത്, കണക്ക് ചെയ്യുമ്പോഴും കുറിപ്പ് തയ്യാറാക്കുമ്പോഴും ശാസ്ത്രപരീക്ഷണം നടത്തുമ്പോഴുമൊക്കെ അവസാനം വിലയിരുത്തി അഭിപ്രായം പറയുന്നതിനു പകരം, തുടക്കം തൊട്ടുതന്നെ വിലയിരുത്തലും തുടങ്ങുന്നു. എന്നുവെച്ചാൽ, പഠനത്തോടൊപ്പം തന്നെ വിലയിരുത്തലും നടത്തുന്നു. ഉദാഹരണമായി, കുട്ടികൾ ഒരു വഴിക്കണക്ക് ചെയ്യുകയാണ്. പണ്ടൊക്കെ, ചില ടീച്ചർമാർ ക്ലാസിൽ ചോദ്യം കൊടുത്തതിനു ശേഷം മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെടുന്നത് കണ്ടിരിക്കും. ഇടയ്ക്ക് ‘ചെയ്ത് തീർന്നോ’ എന്ന് ചോദിക്കും. ഇവിടെ തുടർച്ചയായ വിലയിരുത്തൽ നടക്കുന്നില്ല. അതിനു പകരം, കുട്ടികൾ സ്വന്തമായി ചോദ്യം വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു. എന്ത് ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്നു. ക്രിയകൾ ചെയ്യാൻ ശ്രമിക്കുന്നു. ഉത്തരം എടുത്തെഴുതുന്നു. ആദ്യഘട്ടത്തിൽ ഇത് എളുപ്പമായിരിക്കില്ല. പല ഘട്ടത്തിലും അവർ പ്രതിസന്ധികൾ നേരിടും. പിശകുകൾ വരും. ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയണമെങ്കിലോ? ടീച്ചർ കുട്ടികൾക്കൊപ്പം തന്നെ ഉണ്ടാകണം. തെറ്റുകൾ വരുന്നത് സ്വാഭാവികമാണെന്ന് ടീച്ചറും കുട്ടികളും ഒരുപോലെ മനസ്സിലാക്കണം. സംശയങ്ങൾ പങ്കുവെക്കപ്പെടണം. വിലയിരുത്തൽ അപ്പപ്പോൾ നടക്കണം. അതിലൂടെ പ്രശ്നങ്ങൾ തിരി ച്ചറിയപ്പെടണം. ടീച്ചറും കുട്ടികളും ഒരേസമയം ഇത് ചെയ്തുകൊണ്ടിരിക്കണം. പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരമുണ്ടാവണം. എന്നുവെച്ചാൽ അപ്പപ്പോൾ നടക്കുന്ന വിലയിരുത്തലും പ്രശ്നപരിഹാരവും പഠനം മെച്ചപ്പെടുന്നതിന് സഹായകമാവണം.

എല്ലാ ടീച്ചർമാരും ചെയ്യേണ്ടത്

? ഇത് മികച്ച ടീച്ചർമാർ എല്ലാ കാലത്തും ചെയ്യുന്നതല്ലേ? അതേ. പക്ഷേ, എല്ലാ ടീച്ചർമാരും മികച്ച ടീച്ചർമാരാകണ്ടേ? എങ്കിലല്ലേ എല്ലാ കുട്ടികൾക്കും ഗുണം കിട്ടൂ. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം - അതല്ലേ നാം ആഗ്രഹിക്കേണ്ടത്? അതുകൊണ്ടാണ് ഇത് എല്ലാ അധ്യാപകരും ചെയ്യണമെന്നു തന്നെ പറയുന്നത്. തത്സമയ വിലയിരുത്തലിലൂടെ ടീച്ചർക്ക് കുട്ടികളെ സംബന്ധിച്ച പല കാര്യങ്ങളും അപ്പപ്പോൾ മനസ്സിലാവും. അളവെടുക്കുന്നതിൽ, സ്കെയിൽ പിടിക്കുന്നതിൽ, ചിത്രം വരക്കുന്നതിൽ, യൂണിറ്റ് എഴുതുന്നതിൽ ഒക്കെ വരുന്ന സൂക്ഷ്മമായ പ്രശ്നങ്ങൾ വരെ അപ്പപ്പോൾ കണ്ടെത്താനാവും. പണ്ടത്തെ കാലത്തും മികച്ച അധ്യാപകർ തത്സമയ വിലയിരുത്തലും പ്രശ്നപരിഹാരവും നടത്താറുണ്ട്. പക്ഷേ അക്കാലത്ത് കുട്ടികളും അധ്യാപകരും തമ്മിൽ ഇത്ര അടുപ്പം ഉണ്ടായിരുന്നില്ല. ക്ലാസ്‍മുറിയിൽ തുറന്ന ചർച്ചയുടെ അന്തരീക്ഷം ഉണ്ടായിരുന്നില്ല. അധ്യാപകൻ പറയുന്നു; കുട്ടികൾ കേൾക്കുന്നു. അന്നത്തെ മികച്ച അധ്യാപകരുടെ ക്ലാസുകളിൽ പോലും കുട്ടികൾ ഭയത്തോടെയാണ് ഇരുന്നിരുന്നത് ! സംഭവിക്കാൻ പാടില്ലാത്ത ഒന്നായിട്ടാണ് പഠനത്തിൽ വരുന്ന തെറ്റു കളെ അന്ന് പല അധ്യാപകരും കണ്ടിരുന്നത്. അതുകൊണ്ട് തെറ്റുകൾ കണ്ടാൽ ആദ്യം ചെറിയ ശിക്ഷകൾ നൽകുന്നു. എന്നിട്ട് ശരി എന്തെന്ന് പറഞ്ഞുകൊടുക്കുന്നു. ശിക്ഷകൾ നൽകിയാലേ നന്നായി പഠിക്കൂ എന്ന ധാരണ അന്ന് പ്രബലമായിരുന്നതാണ് കാരണം. ഇന്നാകട്ടെ, തെറ്റുകളെ പഠനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായാണ് കാണുന്നത്. കുട്ടിയുടെ മനസ്സിൽ നടക്കുന്ന ചിന്തകളിൽ വരുന്ന പോരായ്മകളെ മറ്റുള്ളവർക്കു മുമ്പിൽ തുറന്നുകാട്ടുന്ന കണ്ണാടികളാണ് അവർ വരുത്തുന്ന തെറ്റുകൾ! അതിന്റെ പേരിൽ കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. പകരം വന്നിരിക്കുന്ന തെറ്റുകൾ എന്താണ്, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് തിരിച്ചറിയുകയും അത് കുട്ടിയെ ബോധ്യപ്പെടുത്തുകയുമാണ് മികച്ച അധ്യാപകർ ആദ്യം ചെയ്യേണ്ടത്. കാരണം കുട്ടികൾ പല തരക്കാരാണ്. ഭിന്ന നിലവാരക്കാരാണ്. പലതരം സാഹചര്യങ്ങളിലൂടെയാണ് അവർ വളർന്നത്. അവരെയെല്ലാം സമൂഹം ആഗ്രഹിക്കുന്ന ഒരു നിലവാരത്തിലേക്ക് എത്തിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്.

ഉത്തരം പറഞ്ഞുകൊടുക്കലല്ല ശരിയായ സഹായം

? ശരിയാണ്. അടുക്കളയിൽ നാം ഒരു സാമ്പാറേ ഉണ്ടാക്കുന്നുള്ളൂ. എന്നാൽ ക്ലാസ്‍മുറിയിൽ, ഓരോ കുട്ടിയുടെയും മനസ്സിൽ, നോട്ടുപുസ്തകത്തിൽ, പലതരം ഉത്പന്നങ്ങളാണ് ഉണ്ടായി വരുന്നത് !

അതുതന്നെ! ഈ തിരിച്ചറിവ് ഇന്ന് അധ്യാപകർക്കുണ്ട്. അതുകൊണ്ട് ഉത്തരം നേരിട്ട് പറഞ്ഞ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് ഇന്നത്തെ അധ്യാപകർ കരുതുന്നു. ഉത്തരം അപ്പപ്പോൾ പറഞ്ഞുകൊടുക്കുന്നതിനു പകരം കുട്ടികൾക്കുതന്നെ അത് സ്വയം കണ്ടെത്താനുള്ള സഹായങ്ങൾ ചെയ്യുന്നതാണ് കൂടുതൽ ഫലം ചെയ്യുക. 

ഇതിന് പല മാർഗങ്ങൾ ഉണ്ട്. ചിലപ്പോൾ ഒരു ചോദ്യം ചോദിച്ചാൽ അവർക്ക് സ്വന്തം പിശക് മനസ്സിലാക്കി ശരിയുടെ വഴിയിലേക്ക് എത്താനാവും. മറ്റു ചിലപ്പോൾ പുതിയ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചാൽ ശരിയായ ഉത്തരത്തിൽ എത്താനാവും. വേറെ ചിലപ്പോൾ മുന്നറിവിലെ ചില പോരായ്മകൾ പരിഹരിച്ചുകൊടുത്താൽ ബാക്കി കാര്യങ്ങൾ അവർ തന്നെ ചെയ്യും. മറ്റു ചില സന്ദർഭങ്ങളിൽ ഒരു മാതൃക ചെയ്തു കാണിച്ചാൽ അത് അവർക്ക് വഴികാട്ടിയാകും. ഇങ്ങനെ കുട്ടിക്കുതന്നെ തന്റെ പോരായ്മ തിരിച്ചറിയാനും ഉത്തരത്തിലേക്ക് സ്വയം എത്താനും കഴിയുന്നു. സംശയങ്ങളുണ്ടെങ്കിൽ അതാവില്ലേ പഠനത്തിൽ കൂടുതൽ പ്രയോജനം ചെയ്യുക? ഒരുപാട് കണക്കുകൾ യാന്ത്രികമായി ചെയ്യുന്നതിനു പകരം കുറച്ചു കണക്കുകൾ ഈ രീതിയിൽ ചെയ്യുമ്പോൾ ഓരോ കുട്ടിക്കും നല്ല പുരോഗതി ഉണ്ടാവും. ഇതിനായി ഓരോ കുട്ടിയെയും അധ്യാപകർ ശ്രദ്ധാപൂർവം പിന്തുടരണം. കുട്ടിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ കുറിച്ചുവെക്കണം. ആ തിരിച്ചറിവുകൾക്കനുസരിച്ച് തുടർന്നുള്ള ക്ലാസുകളിൽ കുട്ടിയെ പിന്തുണയ്ക്കണം. ഇക്കാര്യങ്ങൾ രക്ഷിതാവുമായി പങ്കുവെക്കണം. ? ഓരോ കുട്ടിയുടെയും വീട്ടുകാരുമായി ടീച്ച‍ർക്ക് നല്ല ബന്ധം വേണം. എങ്കിലേ വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറാനും പഠനപിന്തുണ നൽകാനും ടീച്ചർക്ക് കഴിയൂ. നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ് !

പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശേഷി നേടണം

? പക്ഷേ അധ്യാപകർക്ക് സമയക്കുറവ് ഒരു പ്രശ്നമല്ലേ? ചിലപ്പോഴൊക്കെ ഉത്തരം നേരിട്ട് പറഞ്ഞുകൊടുത്ത് തൽക്കാലത്തെ പ്രതിസന്ധി പരിഹരിക്കേണ്ടി വരില്ലേ? ചിലപ്പോൾ വേണ്ടിവന്നേക്കാം. അത്യാവശ്യമല്ലാത്ത പലതിനുമാണ് പലപ്പോഴും ക്ലാസ്ടൈം നഷ്ടപ്പെടുന്നത് ! എങ്കിലും നേരിട്ട് ഉത്തരം പറഞ്ഞുകൊടുക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം പഠനമെന്നതുതന്നെ ഒരു കാര്യം സ്വയംചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കലാണ്. അത് മുന്നിൽ കണ്ടാണ് ചെറിയ ചെറിയ സഹായങ്ങൾ നൽകി പോരായ്മകൾ സ്വയം തിരുത്താൻ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് പറഞ്ഞത്. സ്വയം കണ്ടെത്തിയ കാര്യം എപ്പോഴും കുട്ടിയുടെ മനസ്സിൽതന്നെ ഉണ്ടാവുമല്ലോ. സമാനസന്ദർഭങ്ങൾ വീണ്ടും വരുമ്പോൾ മറ്റുള്ളവരുടെ സഹായം തേടാതെ സ്വയംതന്നെ പ്രശ്നം പരിഹരിക്കാൻ അവർ പ്രാപ്തരാവുമല്ലോ. ഇങ്ങനെ പഠനപ്രശ്നങ്ങളായാലും ജീവിതപ്രശ്നങ്ങളായാലും സ്വയം പരിഹരിക്കാൻ കഴിയണമെന്നല്ലേ നമ്മൾ ആഗ്രഹിക്കേണ്ടത്? എങ്കിലല്ലേ നമ്മുടെ മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയൂ.

കുട്ടി സ്വയം നടത്തുന്ന വിലയിരുത്തൽ

? ശരി ശരി. നിങ്ങൾ പറഞ്ഞുവരുന്നതിന്റെ പൊരുൾ ഇപ്പോൾ പൂർണമായും മനസ്സിലായി. ടീച്ചർ നടത്തുന്ന തുടർച്ചയായ വിലയിരുത്തലും അതിന്റെ ചുവടുപിടിച്ച് അപ്പപ്പോൾ നൽകുന്ന സഹായങ്ങളും കുട്ടിയെ നന്നായി പഠിക്കാൻ സഹായിക്കും. പരീക്ഷ നടത്തി തോറ്റെന്നോ ജയിച്ചെന്നോ പറഞ്ഞ് അടുത്ത പാഠത്തിലേക്ക് പോകുന്നതുകൊണ്ട് ഈ നേട്ടം ഉണ്ടാവില്ല. ചങ്ങാതീ, തീർന്നോ കാര്യങ്ങൾ? തീർന്നിട്ടില്ല! നമ്മൾ നേരത്തെ പറഞ്ഞ ഒരു പ്രധാനകാര്യം ബാക്കിയുണ്ട്. പഠിപ്പിക്കുന്ന ടീച്ചർക്കെന്ന പോലെ പഠിക്കുന്ന കുട്ടിക്കും അപ്പപ്പോൾ നടക്കുന്ന വിലയിരുത്തൽ സഹായകമാവണം. കുട്ടികൾ ചിത്രം വരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. എൽ പി ക്ലാസിലെ കുട്ടി ഒരു പ്രകൃതിദൃശ്യം വരയ്ക്കുകയാണ്. വീടും കുന്നും വയലും മരങ്ങളും ആകാശവും പറക്കുന്ന പക്ഷിയുമൊക്കെയാണ് കുട്ടിയുടെ മനസ്സിലുള്ളത്. ഓരോന്ന് വരയ്ക്കുമ്പോഴും ശരിയായോയെന്ന് കുട്ടി സ്വയം പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. മനസ്സിൽ പല കണക്കുകൂട്ടലു കളും നടത്തുന്നുണ്ട്. ശരിയായില്ലെന്നു കണ്ടാൽ ആ ഭാഗം മായ്ച്ചുകളഞ്ഞ് വീണ്ടും വരച്ചു ശരിയാക്കുന്നുണ്ട്. കഥയെഴുതുമ്പോഴും ഒരു മോഡൽ നിർമിക്കുമ്പോഴും അഭിനയിക്കുമ്പോഴും പദ്യം ചൊല്ലുമ്പോഴും ഒരു ചോദ്യത്തിന് ഉത്തരമെഴുതുമ്പോഴുമൊക്കെ സ്വയം വിലയിരുത്തി പലപല മാറ്റങ്ങളും കുട്ടി വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ നേരത്തെ പറഞ്ഞത് ടീച്ചർ നടത്തുന്ന തത്സമയ വിലയിരുത്തലും മെച്ചപ്പെടുത്തലുമാണ്. ഇതാകട്ടെ കുട്ടി സ്വയം നടത്തുന്ന തത്സമയ വിലയിരുത്തലും മെച്ചപ്പെടുത്തലുമാണ്.

നന്നായി വിലയിരുത്തണമെങ്കിൽ

? എല്ലാ കുട്ടികളും ഒരുപരിധി വരെ ഇത് ചെയ്യുന്നുണ്ടാവില്ലേ? എല്ലാവരും ഒരു പരിധിയോളം ഇത് ചെയ്യുന്നുണ്ട് എന്നതിൽ സംശയമില്ല. അതുപോരാ! എല്ലാ അധ്യാപകരും വിലയിരുത്തണമെന്ന് പറഞ്ഞതുപോലെ എല്ലാ കുട്ടികളും വിലയിരുത്തണം.

അതും പോരാ. ഓരോരുത്തരും നന്നായിത്തന്നെ വിലയിരുത്തണം. കുട്ടികൾ എത്രകണ്ട് സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും നടത്തുന്നുവോ അത്രകണ്ട് അത് അവർക്ക് ഗുണം ചെയ്യും.

ഇത് നന്നായി നടക്കാൻ എന്താണ് വേണ്ടതെന്ന് നോക്കാം. ഉദാഹരണമായി, വിദഗ്ധനായ ഒരു മരപ്പണിക്കാരൻ കട്ടിൽ നിർമ്മിക്കുകയാണ്. അത്രയൊന്നും വിദഗ്ധനല്ലാത്ത മറ്റൊരാളും അതേസമയം തന്നെ മറ്റൊരു കട്ടിൽ നിർമ്മിക്കുകയാണ്. നിങ്ങൾ പറഞ്ഞതുപോലെ, രണ്ടുപേരും ജോലിക്കിടയിൽ സ്വയം വിലയിരുത്തൽ നടത്തുന്നുണ്ട്. എന്നാൽ വിദഗ്ധനായ പണിക്കാരന്റെ വിലയിരുത്തലും അതിനനുസരിച്ച് വരുത്തുന്ന മാറ്റങ്ങളും അതേ തോതിൽ തുടക്കക്കാരനായ, അത്ര വൈദഗ്ധ്യമില്ലാത്ത മറ്റെയാൾക്ക് ചെയ്യാനാവുന്നില്ല. കാരണം, വിദഗ്ധനായ പണിക്കാരന്റെ മനസ്സിൽ താൻ ഉണ്ടാക്കാൻ പോകുന്ന കട്ടിലിനെ സംബന്ധിച്ച കൃത്യമായ ചിത്രമുണ്ട് ! ആ ലക്ഷ്യത്തിൽ എത്തിച്ചേരണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് അയാൾക്ക് വ്യക്തമായ ധാരണയുണ്ട്. നല്ല കട്ടിലിന്റെ പ്രത്യേകതകൾ മനസ്സിൽ വെച്ച്, അതിനനുസരിച്ചാണ് അയാളുടെ പ്രവർത്തനം. പക്ഷേ ഇതൊന്നും പുതിയ പണിക്കാരന് നിശ്ചയമുണ്ടാകണം എന്നില്ല. അതിനർഥം തൽസമയ വിലയിരുത്തൽ എല്ലാവരും നടത്തുന്നുണ്ടെങ്കിലും, ശരിയായ ലക്ഷ്യത്തെ മുൻനിർത്തിയും ആ ലക്ഷ്യത്തിലെത്താനുള്ള വഴിയെ കുറിച്ചുള്ള കൃത്യമായ തിരിച്ചറിവോടെയും താൻ ഉണ്ടാക്കാൻ പോകുന്ന ഉൽപ്പന്നത്തിന് ഉണ്ടാവേണ്ട ഗുണസവിശേഷതകൾ മനസ്സിൽ വെച്ചും തത്സമയ വിലയിരുത്തൽ നടത്താൻ തുടക്കക്കാർക്ക് കഴിയണമെന്നില്ല. അതുകൊണ്ട് കഥയെഴുതുന്ന ഒരു കുട്ടിക്ക് കഥയെന്ന ഭാഷാരൂപത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടാവണം. എല്ലാവർക്കും പരിചയമുള്ള ഒരു നല്ല കഥയെ കുറിച്ച് ക്ലാസിൽ ചർച്ച ചെയ്താൽ നല്ല കഥക്കു വേണ്ട ഗുണഗണങ്ങൾ കുട്ടികൾക്ക് ബോധ്യമാവും. നല്ല കഥയ്ക്ക് നല്ല പേര് വേണം. മെച്ചപ്പെട്ട ഉള്ളടക്കം വേണം. താത്പര്യമുണ്ടാക്കുന്ന സംഭവങ്ങൾ വേണം. പ്രത്യേകതയുള്ള കഥാപാത്രങ്ങൾ വേണം. രസകരമായ ആവിഷ്കരണരീതി വേണം. ഉചിതമായ ഭാഷ വേണം. ഇത് തിരിച്ചറിയുന്ന കുട്ടിക്ക് താനെഴുതുന്ന കഥയെ തൽസമയം നന്നായി വിലയിരുത്താനും നന്നായി മെച്ചപ്പെടുത്താനും കഴിയും. മാത്രമല്ല, ഇങ്ങനെ തിരിച്ചറിവ് നേടിയ കുട്ടികൾക്ക് പരസ്പരം വിലയിരുത്താനും സാധിക്കും. അതിലൂടെ മെച്ചപ്പെടാൻ ആവശ്യമായ നിർദേശങ്ങൾ പരസ്പരം നൽകാനാവും. പരസ്പരം സഹായിക്കാനാവും. ഗ്രൂപ്പായും ഇങ്ങനെ ചെയ്യാം. കുട്ടികൾ തമ്മിൽ മത്സരിക്കുന്നതിനു പകരം ഇത്തരം ആരോഗ്യകരമായ പഠനക്കൂട്ടായ്മകൾ ഉണ്ടാവണമെന്നല്ലേ നാം ആഗ്രഹിക്കേണ്ടത്?

പരിശീലനത്തിന്റെ ആവശ്യകത

? പൂർണമായും യോജിക്കുന്നു. അതിനർത്ഥം തത്സമയ വിലയിരുത്തലിനെക്കുറിച്ച് അധ്യാപകർക്കെന്ന പോലെ കുട്ടികൾക്കും നല്ല പരിശീലനം വേണമെന്നല്ലേ? തീർച്ചയായും. പഠനത്തിന്റെ ഭാഗമായി താൻ ചെയ്യുന്ന ഓരോ പ്രവർത്തനത്തിന്റെയും ഗുണനിലവാരത്തെക്കുറിച്ച് കുട്ടികൾക്ക് നല്ല ധാരണ ഉണ്ടാകേണ്ടതുണ്ട്. കുട്ടികൾക്ക് സ്വയം ഈ അറിവ് ഉണ്ടാവണമെന്നില്ല. കുട്ടികളുമായി ടീച്ചർ നടത്തുന്ന ചർച്ചയിലൂടെ ഉദ്ദേശിക്കുന്ന എന്തിന്റെയും ഗുണനിലവാരം ചിട്ടപ്പെടുത്താനാവും. അത് മനസ്സിൽ വെച്ച് കുട്ടി നടത്തുന്ന വിലയിരുത്തൽ കുറേക്കൂടി കൃത്യമാവും. അങ്ങനെ വന്നാൽ മെച്ചപ്പെടുത്തൽ പ്രവർത്തനവും ഫലപ്രദമാവും! എന്നുവെച്ചാൽ പഠനം മെച്ചപ്പെടുത്തുന്ന ഒന്നായി കുട്ടിയുടെ സ്വയം വിലയിരുത്തൽ മാറും. ടീച്ചർ നടത്തുന്ന വിലയിരുത്തലിനെക്കാളും പ്രധാനം കുട്ടി നടത്തുന്ന വിലയിരുത്തലാണെന്നാണ് അനുഭവങ്ങൾ പറയുന്നത്.

രക്ഷിതാക്കൾക്കും വിലയിരുത്താം

? കൊള്ളാം! ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ഈ രീതിയിലൊന്നും നടന്നതായി ഓർമ്മയില്ല. രക്ഷിതാക്കൾ വീട്ടിൽ വെച്ച് സഹായിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ മനസ്സിൽ വെക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു. താങ്കളുടെ ഊഹം വളരെ ശരിയാണ്! മികച്ച രക്ഷിതാവാകാനും പരിശീലനം വേണം. എല്ലാം പഠിപ്പിച്ചുകൊടുക്കുന്ന രീതി രക്ഷിതാക്കൾ ഉപേക്ഷിക്കണം. പകരം, പഠിക്കാൻ സഹായിക്കുന്ന ബദൽ രീതി സ്വീകരിക്കണം. കുട്ടിക്കെന്ത് കഴിയും എന്നത് ക്ഷമയോടെ വിലയിരുത്തണം. അത് കുട്ടിക്കു തന്നെ വിട്ടുകൊടുക്കണം. കുട്ടിക്ക് കഴിയാത്ത കാര്യത്തിലേ രക്ഷിതാക്കളായ നമ്മൾ സഹായിക്കാവൂ. ഇല്ലെങ്കിൽ കുട്ടിയുടെ സ്വന്തമായ മുന്നേറ്റത്തെ നാം തടയുകയാവും ഫലത്തിൽ ചെയ്യുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടിൽ നടന്നുവരുന്ന രസകരമായ ഒരു പിന്തുണാരീതി പരിചയപ്പെടുത്താം. എല്ലാ ദിവസവും കുട്ടികൾ ഡയറി എഴുതുന്നുണ്ട്. ഇക്കാര്യം അറിയാത്തവർ ഒരുപക്ഷേ അതിശയപ്പെട്ടേക്കും; ഒന്നാം ക്ലാസിലെ കുട്ടികൾ ഡയറി എഴുതുകയോ എന്ന് ! പക്ഷേ സത്യമാണ്. കുട്ടികൾക്ക് പലതും ഇങ്ങനെ ചെയ്യാനാവും. നമ്മൾ അവരെ വിലകുറച്ചു കാണരുത്. കാര്യത്തിലേക്ക് വരാം. കുട്ടി അന്ന് കണ്ടതോ കേട്ടതോ ആയ ചില വിശേഷങ്ങൾ ഡയറിയിൽ കുറിക്കണം. ഒന്നാം ക്ലാസിലെ ആദ്യമാസങ്ങളിൽ പല അക്ഷരങ്ങളും കുട്ടിക്ക് അറിയില്ല. പക്ഷേ ആ അക്ഷരം കൂടി ചേർത്താലേ ഉദ്ദേശിച്ച കാര്യം എഴുതാനാവൂ! കുട്ടിക്ക് എഴുതാൻ ബുദ്ധിമുട്ടുള്ള അക്ഷരമോ വാക്കോ മാത്രം രക്ഷിതാവ് പേന കൊണ്ട് എഴുതുന്നു. ബാക്കിയെല്ലാം കുട്ടിയുടെ വകതന്നെ. ഇങ്ങനെ സംയുക്തമായി, പരസ്പരം തിരിച്ചറിഞ്ഞ് ഡയറി എഴുതുമ്പോൾ കുട്ടിയും രക്ഷിതാവും തത്സമയ വിലയിരുത്തൽ നടത്തുകയും അപ്പപ്പോൾ വേണ്ട പരിഹാരം ഉണ്ടാക്കുകയും ചെയ്യുകയാണ്. ഇത് തുടർച്ചയായി നടക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് താങ്കൾക്ക് ഊഹിക്കാമോ? ? തീർച്ചയായും. ആദ്യകാലത്ത് കുട്ടിയുടെ എഴുത്ത് കുറവായിരിക്കും. രക്ഷിതാവിന്റെ പേന കൊണ്ടുള്ള എഴുത്ത് കൂടുതലുമായിരിക്കും. ക്രമേണ ഇത് മാറിവരും. ഒടുവിൽ എല്ലാം കുട്ടി തന്നെ എഴുതുന്ന അവസ്ഥയിലേക്ക് ഇത് എത്തിച്ചേരും. ശരിയല്ലേ?

 തീർച്ചയായും. മുകളിലുള്ള ഉദാഹരണം നോക്കൂ. രണ്ടുമാസം കൊണ്ട് കുട്ടിക്കുണ്ടായ മാറ്റം അതിൽ കാണാം. കുട്ടിക്കൊപ്പം രക്ഷിതാവ് സഞ്ചരിച്ചതിന്റെ ഗുണമാണത് കാണിക്കുന്നത്. കുട്ടിക്കു വന്ന മാറ്റമെന്താണെന്ന് ഈ രക്ഷിതാവിനെ ഇനി പറഞ്ഞു ബോധ്യപ്പെടുത്തേണ്ട തില്ല! മാത്രമല്ല പി ടി എ യോഗത്തിൽ ഈ രക്ഷിതാക്കൾ കൃത്യമായി വരികയും ചെയ്യും. 

സമൂഹത്തിന്റെയും സംവിധാനത്തിന്റെയും പങ്ക്

? ശരിയാണ്. ഓരോ പി ടി എ യോഗത്തിലും ടീച്ചർക്കും രക്ഷിതാക്കൾക്കും പലതും പങ്കുവെക്കാനുണ്ട്. നിങ്ങൾ പറഞ്ഞു വരുന്നത് വിദ്യാഭ്യാസത്തിൽ ടീച്ചർ, കുട്ടി, രക്ഷിതാവ് എന്നിവരുടെ പങ്കിനെക്കുറിച്ചാണ്. ഇതുപോലുള്ള പങ്കാളിത്തവും തിരിച്ചറിവും സമൂഹത്തിനും വിദ്യാഭ്യാസ വകുപ്പിനുമൊക്കെ വേണ്ടതല്ലേ? അപ്പോഴല്ലേ പുതിയ സമ്പ്രദായങ്ങൾ വിജയത്തിലെത്തുക? ഒരു സംശയവുമില്ല. സ്കൂളിൽ എന്തു് നടക്കുന്നുവെന്ന് അറിയുന്ന സമൂഹത്തിന് സ്കൂളിന്റെ മികവിന് വേണ്ടത് എന്തെന്ന് നന്നായി തിരിച്ചറിയാനാവും. അധ്യാപകർക്ക് ഒപ്പം നിൽക്കാനാവും. പിന്തുണ ആവശ്യമുള്ള വീട്ടുകാർക്ക് അത് നൽകാനാവും. പല പ്രദേശങ്ങ ളിലും പഠനവീടുകൾ എന്ന പേരിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ നാട്ടുകാരും പഞ്ചായത്തും ഒരുക്കുന്നത് ഉദാഹരണമാണ്. കുട്ടികളുടെ കൂട്ടായ്മയെക്കുറിച്ച് പറഞ്ഞതുപോലെ അധ്യാപകരുടെ പഠനക്കൂട്ടായ്മകളും ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടായി വരുന്നുണ്ട്. ഒരു അധ്യാപകൻ പ്രയോഗിച്ച് വിജയിപ്പിച്ചത് മറ്റ് അധ്യാപകരുമായി പങ്കുവെക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കും. പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരസ്പരം പരിഹാരമുണ്ടാക്കാനും ഇതുവഴി സാധിക്കും. വിലയിരുത്തലിലൂടെ മെച്ചപ്പെടുന്ന പുതിയ വിദ്യാഭ്യാസ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ തട്ടുകൾക്കും പങ്ക് വഹിക്കാനാവും. വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ സന്ദർശിക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം. എസ് സി ഇ ആർ ടി പോലുള്ള സംസ്ഥാനതലത്തിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ സ്കൂളുകളുടെ നേട്ടങ്ങളും പോരായ്മ കളും പുതിയ പരീക്ഷണങ്ങളുമൊക്കെ വിലയിരുത്തി പാഠ്യപദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കണം.

പത്താം ക്ലാസിലെ 20 മാർക്ക്

? ഒന്ന് ചോദിക്കട്ടെ. പത്താം ക്ലാസിലെ പരീക്ഷയിൽ സ്കൂളിൽ നിന്ന് 20 സ്കോർ കൊടുക്കുന്ന ഒരു പരിപാടിയുണ്ടല്ലോ. ഇതുവരെ പറഞ്ഞതുമായി എങ്ങനെയാണ് ഇതിനെ ബന്ധപ്പെടുത്തുക? ചോദിച്ചത് നന്നായി. CE എന്ന പേരിലാണ് പത്താം ക്ലാസുകാർക്ക് ഇപ്പോൾ എഴുത്തുപരീക്ഷയുടെ സ്കോറിനൊപ്പം പരമാവധി 20 സ്കോർ സ്കൂളിൽ നിന്ന് നൽകിവരുന്നത്. 2005 ലെ SSLC പരീക്ഷയിലാണ് ഈ പരിഷ്കാരം കൊണ്ടുവന്നത്. തുടർച്ചയായ വിലയിരുത്തലിന്റെ ഭാഗമായി നൽകുന്ന സ്കോർ എന്നാണ് CE എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇതിന് തുടർച്ചയായ വിലയിരുത്തലുമായി യാതൊരു ബന്ധവുമില്ല. ? പിന്നെയോ? വർഷാവസാനം ചില പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ച് നൽകുന്ന സ്കോറാണ് ഇത്. ഉദാഹരണമായി, ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് എഴുതാനുള്ള അസൈൻമെന്റ് കൊടുക്കുന്നു. അതിനായി കുട്ടി പല വിവരങ്ങളും ശേഖരിക്കുന്നു. അതിനെക്കുറിച്ച് ചിന്തിച്ചോ അന്വേഷിച്ചോ വായിച്ചോ മനസ്സിലാക്കിയ കാര്യങ്ങൾ സ്വന്തമായി എഴുതിത്തയ്യാറാക്കി ടീച്ചർക്ക് നൽകുന്നു. ഇതിലൂടെ അസൈൻമെന്റുകൾ ചെയ്യാനുള്ള കുട്ടിയുടെ കഴിവിന് ടീച്ചർ ഒരു സ്കോർ നൽകുന്നു. മറ്റൊന്ന് സെമിനാർ ആണ്. അതിലേക്ക് കുട്ടി ഒരു പ്രബന്ധം തയ്യാറാക്കുന്നു. അത് അവതരിപ്പിക്കുന്നു. അതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നു. അതിലൂടെ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള കഴിവ് വിലയിരുത്തപ്പെടുന്നു. മറ്റ് ചില ഇനങ്ങളും ഇതുപോലെ പരിഗണിക്കുന്നുണ്ട്. എഴുത്തുപരീക്ഷയിലൂടെ വിലയിരുത്താനാവാത്ത പല കഴിവുകളും വിലയിരുത്താനാണ് ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ച് അവ വിലയിരുത്തുന്നത്. അസൈൻമെന്റുകൾ തയ്യാറാക്കുക, സെമിനാറിൽ പങ്കെടുക്കുക, മറ്റുപല പ്രായോഗിക പ്രവർത്തനങ്ങളിലും ഏർപ്പെടുക എന്നതൊക്കെ ഇന്നത്തെ തൊഴിൽലോകത്ത് വളരെ ആവശ്യമുള്ളവയാണല്ലോ. ഇങ്ങനെ കുട്ടികൾ സ്കൂളിൽ ചില പ്രത്യേകതരം പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനെയും അതിലൂടെ നേടുന്ന അറിവിനെയുമൊക്കെ വിലയിരുത്തി സ്കോറുകൾ നൽകുന്നത് പരീക്ഷയിൽ കൊണ്ടുവന്ന ഒരു പരിഷ്കാരമായി കണക്കാക്കിയാൽ മതി. അതിനെ സ്കൂൾ തലത്തിൽ നടക്കുന്ന വിലയിരുത്തൽ അഥവാ ഇന്റേണൽ അസസ്മെന്റ് എന്ന് വിളിക്കുന്നതാവും കൂടുതൽ ശരി. പക്ഷെ നിർഭാഗ്യവശാൽ ആദ്യത്തെ ഒന്നുരണ്ട് വർഷങ്ങൾ മാത്രമേ ഇത് നന്നായി നടന്നുള്ളൂ. പിന്നീട് പ്രവർത്തനം നടത്തിയാലും ഇല്ലെങ്കിലും എല്ലാവർക്കും 20 ഓ അതിനടുത്തോ ഉള്ള സ്കോർ നൽകുന്ന ഒരു മാർക്ക് ദാനമായി അത് മാറി. സി ബി എസ് ഇ യുടെയും ഐ സി എസ് ഇ യുടെയും പരീക്ഷാ ബോർഡുകളും ഇത്തരം പരീക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെയും സ്കോർ നൽകുന്ന കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. ഇത്തരം പ്രവർത്തനങ്ങൾ പഠനത്തിന്റെ ഭാഗമായി ചെയ്യിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ ഗുണം കിട്ടുമായിരുന്നു. നന്നായി അവ ചെയ്യാനും അതുവഴി മികച്ച കുറേ കഴിവുകൾ നേടിയെടുക്കാനും അവ ഉതകുമായിരുന്നു. ? ഞാൻ കരുതിയത് ഇത്തരത്തിൽ മാർക്ക് നൽകുന്നത് കേരളാ സിലബസ് സ്കൂളുകളിൽ മാത്രം നടക്കുന്ന ഒന്നാണെന്നാണ് . എന്തായാലും വിവിധതരം പരീക്ഷകൾ, ഓരോന്നിന്റെയും ഉദ്ദേശ്യങ്ങൾ, തുടർച്ചയായ വിലയിരുത്തലിന്റെ സവിശേഷമായ പ്രാധാന്യം എന്നിങ്ങനെ പലതും വ്യക്തമായി. എങ്കിലും ചോദിക്കട്ടെ. പരീക്ഷകൾക്ക് ഗുണമെന്നതുപോലെ ചില ദോഷങ്ങളുമില്ലേ? നല്ല ചോദ്യം! പഠനം നടന്നുവോ, എങ്കിൽ എത്രമാത്രം എന്നൊക്കെ മനസ്സിലാക്കാനാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷയുടെ ഫലം നന്നായി വിലയിരുത്തിയാൽ പഠനനേട്ടം വർധിപ്പിക്കാനുള്ള ഇടപെടലുകൾ നടത്താനാവും. തുടർച്ചയായ വിലയിരുത്തലായാലും ചില നിശ്ചിത ഇടവേളകളിൽ നടത്തുന്ന മറ്റുതരം വിലയിരുത്തലുകളായാലും പഠനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏർപ്പാട് തന്നെയാണ് പരീക്ഷ. പക്ഷേ പലപ്പോഴും അത് വില്ലനായി മാറുന്ന സ്ഥിതിയുമുണ്ട്.

പരീക്ഷ വില്ലനാകുമ്പോൾ

? മനസ്സിലായില്ല… കുട്ടികൾക്ക് പല കാര്യങ്ങളിലും അറിവും കഴിവുമുണ്ടാകാൻ വേണ്ടിയാണല്ലോ അധ്യാപകർ അവരെ പഠിപ്പിക്കുന്നത്. എന്നാൽ പലപ്പോഴും ഈ ലക്ഷ്യം മറന്നുപോവുകയും പരീക്ഷയ്ക്കു വേണ്ടി മാത്രം പഠിപ്പിക്കുന്ന സ്ഥിതി വന്നുചേരുകയും ചെയ്യുന്നു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മനസ്സിലാക്കാൻ വേണ്ടി പഠിപ്പിക്കുമ്പോൾ എല്ലാ ഭാഗവും നന്നായി പഠിപ്പിക്കും. അറിവ് നേടലാണ് അവിടെ മുന്നിൽ നിൽക്കുന്നത്. എന്നാൽ പഠിക്കുന്നതിന്റെ ലക്ഷ്യം പരീക്ഷ പാസ്സാവൽ മാത്രമാണെന്നു വരുമ്പോൾ അതിനു വേണ്ടിയുള്ള പഠിപ്പിക്കലേ നടക്കൂ. പരീക്ഷയ്ക്ക് ചോദിക്കാൻ ഇടയുള്ള ഭാഗങ്ങൾ മാത്രം പഠിപ്പിക്കുക, മിനിമം മാർക്കിന് വേണ്ടതുമാത്രം പഠിപ്പിക്കുക അഥവാ പഠിക്കുക എന്നിങ്ങനെയൊക്കെ പഠനം ചുരുങ്ങുമ്പോഴാണ് പരീക്ഷ ഒരു വില്ലനായി മാറുന്നത്. തീർന്നില്ല. പരീക്ഷകൾ ചില കുട്ടികളിൽ വലിയ ഉത്കണ്ഠ വളർത്തും. ചെറിയ തോതിലുള്ള ഉത്കണ്ഠ ഒരവോളം ഗുണം ചെയ്തേക്കാം. പക്ഷേ ഒരുപരിധി വിട്ടാൽ, ഉത്കണ്ഠ പെരുകിപ്പെരുകി കുട്ടിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നേക്കും. ഉത്കണ്ഠ മൂലം പഠിച്ചതുപോലും വേണ്ടുംവിധം പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയും വരാം. പരീക്ഷ പലപ്പോഴും അനാവശ്യമായ താരതമ്യങ്ങൾക്ക് അവസരമൊരുക്കുന്നു എന്ന വിമർശനവുമുണ്ട്. കുട്ടികളെ മിടുക്കരെന്നും മണ്ടന്മാരെന്നുമൊക്കെ തരം തിരിക്കുന്നതിലേക്ക് പലപ്പോഴും അതെത്തിച്ചേരുന്നു. ഒരു പരീക്ഷയ്ക്കും കുട്ടികളുടെ യഥാർഥമായ കഴിവുകളെല്ലാം കണ്ടെത്താനാവില്ല എന്നതാണ് വസ്തുത. എഴുത്തുപരീക്ഷയ്ക്ക് ഈ പരിമിതി നല്ലതോതിൽ ഉണ്ട്. പലപ്പോഴും ഓർമ പരിശോധന മാത്രമായി ഇത് ചുരുങ്ങാറുണ്ട്. ആഴത്തിലുള്ള അറിവോ പഠിച്ചത് പ്രയോഗിക്കാനുള്ള കഴിവോ ഒന്നും പരീക്ഷയിൽ ഉൾപ്പെടാതെ വരുമ്പോൾ കുട്ടികൾ മനപ്പാഠത്തിലേക്ക് നീങ്ങും. അധ്യാപകരുടെ പഠിപ്പിക്കലും അതുമാത്രം ലക്ഷ്യംവെച്ചാവും. ഇത് വലിയ അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. കുട്ടികൾ പലവിധ കഴിവുകൾ ഉള്ളവരാണ്. പഠനം വഴി ഉണ്ടാകേണ്ടതും പലവിധ കഴിവുകളുടെ വികാസമാണ്. ഓടാനും ചാടാനും വരയ്ക്കാനും നൃത്തംചെയ്യാനും പരീക്ഷണങ്ങൾ ചെയ്യാനും നിർമിക്കാനുമൊക്കെയുള്ള കഴിവുകൾ അതിൽ ഉൾപ്പെടും. കൂട്ടുകൂടാനും നേതൃത്വംവഹിക്കാനും അഭിപ്രായങ്ങൾ പറയാനും യുക്തിപൂർവം ചിന്തിക്കാനും ചോദ്യംചെയ്യാനുമൊക്കെയുള്ള കഴിവും മനോഭാവവുമൊക്കെ വിലയിരുത്തപ്പെടേണ്ടതല്ലേ? പക്ഷേ നിലവിലുള്ള പരീക്ഷകൾ പരിമിതമായ കാര്യങ്ങളേ വിലയിരുത്തുന്നുള്ളൂ. എന്നാൽ തുടർച്ചയായ വിലയിരുത്തലിന് ഇപ്പറഞ്ഞ ദോഷങ്ങളൊന്നുമില്ല. കാരണം അവിടെ സ്കോറോ മാർക്കോ താരതമ്യമോ ഇല്ല. ഇതാണ് നാം കൂടുതലായും പ്രോത്സാഹിപ്പിക്കേണ്ടത്. പക്ഷേ പല രക്ഷിതാക്കൾക്കും ഇതറിയില്ല. എഴുത്തുപരീക്ഷ മാത്രമാണ് വിലയിരുത്തൽ എന്നാണവർ കരുതുന്നത്. പരീക്ഷകളുടെ എണ്ണവും പരീക്ഷാദിനങ്ങളും കൂടുന്നതും അവയ്ക്ക് ആവശ്യമില്ലാത്ത ഗൗരവം കൊടുക്കുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. പരീക്ഷകളുടെ എണ്ണം വല്ലാതെ കൂടുമ്പോൾ പഠനത്തിനായി കിട്ടുന്ന ദിവസങ്ങൾ വല്ലാതെ കുറയും. ഇതും പ്രശ്നമാണ്. അതുകൊണ്ട് നിലവിലുള്ള പരീക്ഷകളെ കരുതലോടെ വേണം ഉപയോഗിക്കാൻ. നാലാം ക്ലാസ് വരെ തുടർച്ചയായ വിലയിരുത്തൽ മതിയെന്നും മറ്റു പരീക്ഷകളേ വേണ്ടെന്നും കരുതുന്നവരുണ്ട്. പന്ത്രണ്ടാം ക്ലാസുവരെ മറ്റ് പരീക്ഷകൾ ഒഴിവാക്കി തുടർച്ചയായ വിലയിരുത്തൽ മാത്രം നടത്തുന്ന രാജ്യമാണ് ഫിൻലന്റ്. എന്നിട്ടും വിദ്യാഭ്യാസ നിലവാരത്തിൽ അവർ മുൻപന്തിയിലാണ്. നമുക്ക് ആ നിലയിലേക്ക് ഉടൻ മാറാൻ കഴിയുമെന്നല്ല പറയുന്നത്. എന്നാൽ പരീക്ഷയുടെ ദോഷവശങ്ങൾ കുറച്ചുകൊണ്ടുവരാൻ നാം പരിശ്രമിച്ചേ തീരൂ.

മാർക്കും ഗ്രേഡും

? അവസാനമായി ഒന്ന് ചോദിക്കട്ടെ. പരീക്ഷയിൽ മാർക്ക് ഒഴിവാക്കി ഗ്രേഡ് കൊണ്ടുവന്നതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ? തീർച്ചയായും. പരീക്ഷയിൽ കുട്ടിക്ക് കിട്ടുന്ന മാർക്ക് പലതിനെയും ആശ്രയിച്ചാണിരിക്കുന്നത്. പരീക്ഷയിലെ ഒരു ചോദ്യം മാറിയാൽ, നോക്കുന്ന ആള് മാറിയാൽ കിട്ടുന്ന മാർക്കും മാറും! അതിനാൽ 88 മാർക്ക് കിട്ടിയവനെക്കാളും മിടുക്കനാണ് 89 മാർക്ക് കിട്ടിയവനെന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല. അത്തരം താരതമ്യങ്ങൾ ഒഴിവാക്കാനാണ് ഗ്രേഡിങ്ങിലേക്ക് നാം മാറിയത്. ഉദാഹരണമായി, പത്താം ക്ലാസിലെ ഗ്രേഡിങ്ങ് സമ്പ്രദായത്തിൽ 81 മുതൽ 90 വരെ മാർക്ക് കിട്ടിയവരെയെല്ലാം ഒരേ ഗ്രേഡിലാണ് ഉൾപ്പെടുത്തുക. അതായത് 88 മാർക്ക് കിട്ടിയ കുട്ടിയും 89 കിട്ടിയ കുട്ടിയും ഒരേ ഗ്രേഡിൽ വരും. നിലവിലുള്ള ഗ്രേഡിങ്ങ് രീതിയനുസരിച്ച് ഇവർ A ഗ്രേഡുകാരാണ്. 71 മുതൽ 80 വരെ മാർക്ക് കിട്ടിയവർ B പ്ലസ് ഗ്രേഡുകാരാണ്. ഇങ്ങനെ അടുത്തടുത്ത മാർക്കുകാരെ ഒരേ ഗ്രേഡിൽ പെടുത്തുമ്പോൾ അടിസ്ഥാനമില്ലാത്ത താരതമ്യങ്ങൾ കുറേയൊക്കെ ഒഴിവാകുന്നു. അതായത് മാർക്ക് കൃത്യമായ ഒരു സ്ഥാനം പറയുമ്പോൾ ഗ്രേഡ് ഒരു നിലവാരതലമാണ് സൂചിപ്പിക്കുന്നത്. ഗ്രേഡിന്റെ പേരിലുള്ള താരതമ്യവും A+ നായുള്ള നെട്ടോട്ടവും കാണാതെയല്ല ഇത് പറയുന്നത്. എങ്കിലും കുട്ടികൾക്കിടയിലെ (രക്ഷിക്കൾക്കിടയിലെയും!) കടുത്ത മത്സരവും താരതമ്യവും ഒരു പരിധിവരെ കുറയ്ക്കാൻ ഗ്രേഡിങ്ങ് രീതി സഹായിക്കുന്നുവെന്ന് പറയാം.

മിനിമം മാർക്ക് വെക്കുമ്പോൾ സംഭവിക്കുന്നത്

? പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ ഒരു മിനിമം മാർക്ക് വെക്കുന്നത് വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ സഹായിക്കില്ലേ? അത്തരമൊരു നിർദേശം സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വർഷം എട്ടാം ക്ലാസിൽ അത് നടപ്പിലാക്കുമത്രേ. എന്നാൽ മിനിമം മാർക്ക് വെച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരം ഉയരുമെന്ന് കരുതാനാവില്ല. എല്ലാ കുട്ടികളും ആ മാർക്കിന് മുകളിൽ നേടുന്ന സ്ഥിതി ഉണ്ടായാലേ നിലവാരം അൽപ്പമെങ്കിലും മെച്ചപ്പെട്ടുവെന്ന് പറയാനാവൂ. ഇന്നത്തെ സാഹചര്യത്തിൽ യാതൊരു മുന്നൊരുക്കവുമില്ലാതെ മിനിമം മാർക്ക് നടപ്പിലാക്കിയാൽ, അത് നേടാനാവാത്ത ധാരാളം കുട്ടികൾ ഉണ്ടാവും. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലെ ഗ്രേഡ് നില നോക്കിയാൽ D+, C ഗ്രേഡിൽ വിജയിച്ച പല കുട്ടികളും എഴുത്തുപരീക്ഷയിലെ മിനിമമായ 30 മാർക്ക് കിട്ടാതെ തോറ്റവരുടെ പട്ടികയിലേക്ക് തള്ളപ്പെടും! മിനിമം മാർക്ക് ഉണ്ടായ പഴയ കാലം നാം മറന്നിട്ടില്ല. 600 ൽ 210 മാർക്ക് കിട്ടാതെ എത്രയോ പേരാണ് തോൽവിയുടെ അപമാനം പേറി അന്ന് പുറത്തുപോയത്. പരീക്ഷകൾ കുട്ടികളെ തോൽപിക്കാനുള്ള ഉപാധിയായല്ല ഉപയോഗപ്പെടുത്തേണ്ടത്. മറിച്ച് വിജയത്തിലേക്ക് എത്തിക്കാനുള്ള തന്ത്രമായാണ്. പ്രത്യേകിച്ചും സ്കൂൾ ഘട്ടത്തിൽ.

D+, C  ഗ്രേഡുകളിലുള്ളവരിൽ കൂടുതലും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാണ് എന്നത് സർക്കാർ ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. ആ കുട്ടികളുടെ കഴിവുകേടായി അതിനെ വിലയിരുത്താനാവില്ല. മറ്റ് കുട്ടികൾക്ക് കിട്ടുന്ന പല സൗകര്യങ്ങളും കിട്ടാത്തതാണ് അവർ പിന്നോക്കം പോകാൻ ഇടയാക്കുന്നത്. ശാരീരിക – മാനസിക ബുദ്ധിമുട്ടുള്ളവരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ടാണ് പാസ് മാർക്ക് ഉയർത്തിയതുകൊണ്ടുമാത്രം പൊതുവിലുള്ള നിലവാരം ഉയരുമെന്ന കണക്കുകൂട്ടൽ ശരിയല്ലെന്ന് പറയുന്നത്. 

പ്രത്യേക പദ്ധതികൾ ഏർപ്പെടുത്തിക്കൊണ്ട് നിരന്തരം പിന്തുണയ്ക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ കുട്ടികളെ മറ്റുള്ളവരോടൊപ്പം എത്തിക്കാനാവൂ. പ്രീ പ്രൈമറി തൊട്ട് അത് തുടങ്ങണം. എല്ലാവരെയും ഉൾക്കൊള്ളുമ്പോൾ മാത്രമേ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നുവെന്ന് പറയാനാവൂ. തോറ്റ കുട്ടികളെ, സ്കൂളുകളെ ഒപ്പം ചേർത്ത എത്രയോ അനുഭവങ്ങൾ കേര ളത്തിനുണ്ട്. അത് ചെയ്യാതെ, മിനിമം മാർക്ക് ഏർപ്പെടുത്തി, പിന്നാക്ക വിഭാഗങ്ങളിലെ കുറേ കുട്ടികളെ തോൽപിക്കുന്നതിലൂടെ ഉണ്ടാവുമെന്ന് പറയുന്ന നിലവാരമുയർത്തൽ നമുക്ക് സ്വീകരിക്കാവുന്ന ഒരു മാതൃകയല്ല.

തോൽപിച്ചല്ല വിദ്യാഭ്യാസ നിലവാരം ഉയർത്തേണ്ടത്; കൈപിടിച്ച് ഒപ്പം നിർത്തിക്കൊണ്ടാണ്. എങ്കിലേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും എന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. അതിന് സഹായിക്കുന്ന പരീക്ഷാരീതികളും വിലയിരുത്തൽ സമ്പ്രദായങ്ങളുമാണ് നാം വികസിപ്പിക്കേണ്ടത്.