മാറണം: വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും
മാറണം: വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും | |
---|---|
[[|thumb|ലഘുലേഖ കവർ]] | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | നവമ്പർ, 2024 |
ആമുഖം
വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന നാനാതരക്കാരായ കുട്ടികൾ ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞു. അവരെ പന്ത്രണ്ടാംക്ലാസ് വരെ സ്‌കൂളിൽ നിലനിർത്താനും കഴിഞ്ഞു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അധ്യാപകശാക്തീകരണം നടത്തി; വിദ്യാലയങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടുപോവുകയാണ് കേരളം. എല്ലാവരെയും ഉൾച്ചേർക്കുന്ന സാർവത്രികവിദ്യാഭ്യാസ സംവിധാനമായി കേരളത്തെ വളർത്താനായതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എന്നാൽ, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അധികപിന്തുണയും പരസഹായവും ആവശ്യമുള്ള വിദ്യാർഥികളുടെയെല്ലാം പ്രാപ്യസ്ഥാനം പൊതുവിദ്യാലയങ്ങളാണ്. ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചു മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. എന്നാൽ, പതുക്കെപ്പതുക്കെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എല്ലാ കുട്ടികൾക്കും അക്കാദമികമികവ് ഉറപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന കാരണങ്ങളിൽ പലതും സാമൂഹികമാണ്. അതടക്കം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജനകീയ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസവകുപ്പിൽ നിന്നുണ്ടാകേണ്ടത്.
ശരിയായ പഠനപ്രക്രിയയും അതിൽ ഉൾച്ചേർത്ത് നിർവഹിക്കേണ്ട നിരന്തര മൂല്യനിർണയവുമാണ് നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തിന്റെ കാതൽ. ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്ന വസ്തുത തർക്കമറ്റ സംഗതിയാണ്. ഇതിന്റെ കാഴ്ചപ്പാടും പ്രയോഗവും നിരന്തരമായി ചർച്ചചെയ്ത് ഫലപ്രദമാക്കണം. മാതൃഭാഷയിലുള്ള പഠനത്തിന്റെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതി കൂലമായി ബാധിക്കുന്നുണ്ടോ? എല്ലാ വിഷയങ്ങളുടെയും പഠനത്തെ സ്വാധീനിക്കുന്ന ഭാഷാപഠനത്തിലെ വൈകല്യം അന്വേഷണങ്ങളുടെ അടിത്തറയാക്കേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും കൃത്യമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളും സാമൂഹ്യവിരുദ്ധമായ സമ്മർദസമീപനങ്ങളും നിലനിൽക്കുന്നുണ്ട്.
കേവലം അറിവിനപ്പുറം, വിദ്യാർഥികളിൽ നവീനസാങ്കേതികശേഷികളും ഭരണഘടനാധാർമിക മൂല്യങ്ങളും സാമൂഹ്യമനോഭാവങ്ങളും രൂ പപ്പെടുത്തണം. പൗരന്റെ അവകാശവും കർത്തവ്യവും തിരിച്ചറിഞ്ഞ് മികച്ച സാമൂഹികജീവിയായി പ്രവർത്തിക്കുന്ന തലത്തിലേക്ക് കുട്ടിയെ വളർത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ സുപ്രധാനലക്ഷ്യമാണ്. എല്ലാ വിദ്യാർഥികളും ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ വിദ്യാഭ്യാസസംവിധാനം ഇനിയും ഉന്നതി പ്രാപിക്കണം. ഓരോരോ ഘടകങ്ങളും ശാസ്ത്രീയമായി നവീകരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ഈ ദിശയിൽ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.
എന്നാൽ ക്രിയാത്മകമായ നവീകരണശ്രമങ്ങൾ ശക്തമായി തുടരുന്നതിനുപകരം, നിലവിലുള്ള സംവിധാനത്തിന്റെ ദൗർബല്യം മറച്ചുവെച്ച്, കുട്ടികളെ പഴിചാരുന്ന രീതി ഒട്ടും ഗുണകരമല്ല. അതെല്ലാം പരിഹരിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്നതിന്റെ പ്രവണതകളാണ് പുതിയ പരീക്ഷാ പരിഷ്‌കാരത്തിൽ അടങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിൽ അനവധാനതയോടെ പ്രവർത്തിക്കരുത്.
വിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ശരിയായ വിദ്യാഭ്യാസ ഗുണതയ്ക്കുവേണ്ടിയുള്ള ജനകീയസമ്മർദം ഉയർന്നുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താൽപര്യപ്പെടുന്നു.
കേരളസമൂഹത്തിന്റെ പൊതുബോധ നവീകരണത്തിനു സഹായകമായ 6 ലഘുലേഖകളുടെ സമാഹാരമാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം' എന്ന ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?, പുതുവഴികൾ തേടുന്ന ഭാഷാപഠനം, പരീക്ഷയെക്കുറിച്ച് ഒരു വർത്തമാനം, മാറണം: വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും, സ്‌കൂൾവിദ്യാഭ്യാസം: പരിഷത്തനുഭവങ്ങൾ, ദേശീയവിദ്യാഭ്യാസനയം: ചതിക്കുഴികൾ എന്നിവയാണ് അവ. എല്ലാ സുഹൃത്തുക്കളും വായിക്കണേ.. വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തിക്കുന്നതിനുള്ള സക്രിയമായ ഇടപെടലുകൾക്ക് ഇത് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മാറണം: വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും
പൊതുവിദ്യാഭ്യാസരംഗത്ത് വളരെയധികം നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം എന്നത് തർക്കമറ്റ സംഗതിയാണ്. എന്നാൽ 'എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന നമ്മുടെ ലക്ഷ്യം സാക്ഷാൽകരിക്കാൻ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതുണ്ട്. മാറുന്ന ലോകസാഹചര്യങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ ഗുണത സംബന്ധിച്ച കാഴ്ചപ്പാടുകളിൽ ആഗോളതലത്തിൽ തന്നെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനു വേണ്ടിയുള്ള ചർച്ചകൾ കേരളത്തിലും സജീവമായി എന്നത് ആശ്വാസകരം തന്നെ. വിജ്ഞാന സമൂഹവും വിജ്ഞാന സമ്പദ്‍വ്യവസ്ഥയും എന്ന ആശയം പ്രായോഗികമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ചർച്ചകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്. ഗുണനിലവാരം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പരിപാടികൾ സംസ്ഥാനത്ത് നടപ്പിലാക്കിയെങ്കിലും അതിനനുസൃതമായ ഘടനാപരമായ പരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇത് ഗുണനിലവാര പ്രശ്നം പരിഹരിക്കപ്പെടാനാകാതെ നിലനിൽക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളസർക്കാർ നിയമിച്ച വിദഗ്ധസമിതി സർക്കാരിനു സമർപ്പിച്ച 'മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം' എന്ന റിപ്പോർട്ടിലെ (ഖാദർ കമ്മിറ്റി റിപ്പോർട്ട് - ജനുവരി 2019) പ്രസക്തമായ പരാമർശങ്ങൾ ശ്രദ്ധിക്കുക:
".....ക്ലാസിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും നീതിയും ഗുണതയും പ്രദാനംചെയ്യുന്ന വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയണം. എല്ലാ കുട്ടികൾക്കും അവരവരുടെ പ്രതിഭ കണ്ടെത്താനും അത് ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാനും കഴിയുന്ന അനുഭവങ്ങൾ ലഭിക്കാൻ സഹായകമായ തുല്യ അവസരങ്ങൾ ഒരുക്കുകയാണ് വേണ്ടത്. ഇതാണ് കേരളീയ വിദ്യാഭ്യാസക്രമം ഇനിയങ്ങോട്ട് ഏറ്റെടുക്കേണ്ട വെല്ലുവിളി. ഇതിനു കഴിയണമെങ്കിൽ സ്കൂൾവിദ്യാഭ്യാസം സമൂലമായി പരിവർത്തിപ്പിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ഘടനാപരമായും ഉള്ളടക്കപരമായും സമീപനപരമായും ആവശ്യമായ മാറ്റങ്ങൾ വേണ്ടിവരും. കൂടാതെ നയപരവും ഭരണപരവുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായും വരും.”
എന്നാൽ 2023ലെ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലും ഇക്കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
01. വിദ്യാഭ്യാസ ഘട്ടങ്ങൾ : നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം
ദേശീയതലത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഘടനയാണ് മുമ്പു മുതൽ തന്നെ കേരളത്തിൽ നിലവിലിരുന്നത്. സ്കൂൾ പ്രവേശന പ്രായം (ഒന്നാം ക്ലാസ്) ദേശീയതലത്തിൽ 6 വയസ്സ് ആണെങ്കിൽ, കേരളത്തിലത് 5 വയസ്സാണ്. ലോവർപ്രൈമറിതലം 1 മുതൽ 5 വരെയും, അപ്പർ പ്രൈമറിതലം 6 മുതൽ 8 വരെയുമുള്ള ക്ലാസുകളായിരുന്നു അഖിലേന്ത്യാതലത്തിൽ നിലവിലിരുന്നത്. എന്നാൽ കേരളത്തിലാകട്ടെ അവ യഥാക്രമം 1 മുതൽ 4 വരെയും, 5 മുതൽ 7 വരെയുമാണ് നിലവിലുള്ളത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF 2023), സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് (KCF 2023) എന്നിവയിലും വലിയ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ കാണാൻ സാധിക്കും. കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ (KCF 2023) മുഖ്യമായും 3 വിദ്യാഭ്യാസ ഘട്ടങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. 3 മുതൽ 5 അല്ലെങ്കിൽ 6 വയസ്സുവരെയുള്ള കുട്ടികളെ ഉൾക്കൊള്ളുന്ന ശിശുപരിചരണ വിദ്യാഭ്യാസം, 1 മുതൽ 7 വരെ ക്ലാസുകൾ ഉൾപ്പെടുന്ന പ്രൈമറി വിദ്യാഭ്യാസം, 8 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന സെക്കന്ററി വിദ്യാഭ്യാസം എന്നിവയാണ് അവ.
എന്നാൽ, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF 2023) നിർദേശിച്ചിരിക്കുന്നത് 4 ഘട്ടങ്ങളാണ്. പ്രീ സ്കൂൾ പഠനവും 1, 2 ക്ലാസുകളും ഉൾപ്പെടുന്ന ഫൗണ്ടേഷണൽ ഘട്ടം (Foundational stage), 3 മുതൽ 5 വരെ ക്ലാസുകൾ ഉൾപ്പെടുന്ന പ്രിപ്പറേറ്ററി ഘട്ടം (preparatory Stage), 6 മുതൽ 8 വരെ ക്ലാസുകൾ ഉൾപ്പെടുന്ന മിഡിൽഘട്ടം (Middle stage), 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന സെക്കന്ററി ഘട്ടം (Secondary Stage) എന്നിവയാണവ.
- കെ.സി.എഫ് (2023) പ്രകാരമുള്ള സ്കൂൾ പഠനഘട്ടങ്ങൾ തുടരുന്നതിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും, ദേശീയതലത്തിലുള്ള വ്യത്യസ്തമായ സ്കൂൾ വിദ്യാഭ്യാസഘടന സ്വീകരിക്കുന്നതു മൂലം സംസ്ഥാനത്തിന് സാമ്പത്തികമായും ഭരണപരമായും പ്രതിസന്ധികൾ ഉണ്ടാകുമോ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ സർക്കാർ പരിശോധിക്കണം.
- 6-ാം വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന രീതിയാണ് പൊതുവെ സ്വീകാര്യമായിട്ടുള്ളത്. അതാണ് പഠനനിലവാരം ഉയർത്തുന്നതിന് ഉചിതം. കുട്ടിയുടെ 6 വയസ്സുവരെയുള്ള കാലഘട്ടം വളരെ നിർണായകമാണ്. മസ്തിഷ്കവളർച്ച ദ്രുതഗതിയിൽ നടക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടിയുടെ സമഗ്രവളർച്ചയെ വളരെയധികം സ്വാധീനിക്കുന്ന ഈയൊരു പ്രായഘട്ടത്തിൽ അതിനു പറ്റിയ അന്തരീക്ഷവും വികാസാനുഭവങ്ങളും ഒരുക്കാൻ ശിശുപരിചരണ വികാസകേന്ദ്രങ്ങൾ തന്നെയാണ് അനുയോജ്യമായിട്ടുള്ളത്. 5 വയസ്സ് പൂർണമാകും വരെ കുട്ടി അവിടെത്തന്നെ പഠിക്കാനും 6-ാം വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടാനും അവസരം നൽകുകയാണ് വേണ്ടത്.
- കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ തമ്മിലുള്ള ഒരു വയസ്സിന്റെ പ്രായവ്യത്യാസം അവർ ആർജ്ജിക്കുന്ന പഠനനേട്ടങ്ങളിലും പ്രതിഫലിക്കും. മറ്റ് സംസ്ഥാനങ്ങളിൽ കുട്ടിയുടെ ഉയർന്ന പ്രായത്തിനനുസൃതമായ പഠനനേട്ടങ്ങളുമാകും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവുക. 3, 5, 8 ക്ലാസുകളിൽ ദേശീയതലത്തിൽ നടത്തുന്ന പഠനനേട്ട സർവേയിൽ (National Achievement Survey – NAS) ഇത് നാം കണ്ടതാണ്. കേരളത്തിന് പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം ഇതാണ്.
- ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികൾക്ക് എൻ.സി.ഇ.ആർ.ടി സിലബസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലൊട്ടാകെ ഒരേ സിലബസിലൂടെയാണ് കടന്നുപോകേണ്ടത്. ഒരു വയസ്സിനു പിന്നിലുള്ള നമ്മുടെ കുട്ടികൾക്ക് പഠനം താരതമ്യേന പ്രയാസമുള്ളതായി തീരാൻ ഇതൊരു കാരണമാകുന്നു.
- 12-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന നിലയിൽ സെക്കന്ററി - ഹയർ സെക്കന്ററി തലങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ സ്വീകരിച്ചു വരികയാണല്ലോ. ലോവർ സെക്കന്ററിയെന്നോ ഹയർ സെക്കന്ററിയെന്നോ തരംതിരിക്കാതെ 'സെക്കന്ററി വിദ്യാഭ്യാസം' എന്ന നിലയിൽ ഒറ്റഘട്ടമായിട്ടാണ് കെ.സി.എഫ് 2023 പരിഗണിച്ചിട്ടുള്ളത്. ഏകീകരിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അക്കാദമികവും ഇതരവുമായ പ്രശ്നങ്ങൾ പരിഹരിച്ച് ഏകീകരണം പ്രായോ ഗികതലത്തിൽ കൊണ്ടുവരാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
02. ഭരണനിർവഹണ സംവിധാനവും ഉദ്യോഗസ്ഥ പുനർവിന്യാസവും
തുല്യത, നീതി, ലിംഗസമത്വം എന്നിവയിലധിഷ്ഠിതമായ വിദ്യാഭ്യാസ ഗുണനിലവാരത്തെ ലക്ഷ്യമിട്ടുകൊണ്ട് പരിഷ്കരിച്ച സ്കൂൾ പാഠ്യപദ്ധതി നടപ്പിലാക്കിത്തുടങ്ങിയ ഒരു അക്കാദമിക വർഷമാണ് 2024 - 25. പാഠ്യപദ്ധതി നിർവഹണം കാര്യക്ഷമമാകണമെങ്കിൽ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഫലപ്രദമായ മേൽനോട്ടവും ഏകോപനവും കൂട്ടായ പരിശ്രമങ്ങളും ആവശ്യമാണ്. മാത്രമല്ല, നിലവിലെ പഞ്ചായത്തീരാജ് നിയമത്തോടും വികേന്ദ്രീകൃതാസൂത്രണത്തോടും പൊരുത്തപ്പെടുന്ന രീതിയിൽ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾ പുന:സംഘടിപ്പിക്കുകയും വേണം. ഇപ്പോൾ സർക്കാർ തുടങ്ങിവച്ചിട്ടുള്ള സെക്കന്ററി, ഹയർസെക്കന്ററി തലങ്ങളിലെ ഏകോപന പ്രവർത്തനങ്ങളും പരിഗണിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ ഗുണമേന്മയെ ലക്ഷ്യമിട്ടുകൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ വിവിധ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ വേണ്ടവിധം ഏകോപിപ്പിക്കാൻ കഴിയാത്തതുമൂലം സമയബന്ധിതമായും കാര്യക്ഷമമായും അവ പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ശരിയായ മോണിറ്ററിങ്ങോ അവലോകനമോ ഇല്ലാത്തതും ഒരു പ്രധാന പ്രശ്നമാണ്.
- സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുവിദ്യാഭ്യാസ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ച് ഒരു ഡയറക്ടറേറ്റിന്റെ (Director General of Education) കീഴിൽ കൊണ്ടുവന്നു കഴിഞ്ഞിരിക്കുന്നു. ഇതോടെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഇതര സംസ്ഥാനതല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രോജക്ടുകളുടെയും ഡയറക്ടർമാർ (SSA, SCERT, SIEMAT, S1ET, KITE, പരീക്ഷാഭവൻ) ഡി.ജി.ഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻകീഴിലായിരിക്കുന്നു. ഡി.ജി.ഇയുടെ കീഴിൽ പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി തലങ്ങളിലെ ഭരണനിർവഹണത്തിനും മേൽനോ ട്ടങ്ങൾക്കുമായി അഡീഷണൽ ഡി.ജി.ഇമാരെ നിയമിച്ചാൽ മാത്രമേ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കഴിയൂ. അക്കാദമികമായും ഭരണപരമായും അവരെ സഹായിക്കുന്നതിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെ (ജോയിന്റ് ഡി.ജി.ഇമാർ) നിയമിക്കേണ്ടതുമുണ്ട്. നിലവിൽ ഈ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ തന്നെ ഇതിനായി പുനർ വിന്യസിക്കാവുന്നതാണ്.
- സംസ്ഥാനതല ഏകോപന പ്രവർത്തനങ്ങളുടെ തുടർച്ചയായി ജില്ലാതലത്തിലും മാറ്റങ്ങൾ അനിവാര്യമായി വരും. 12-ാംക്ലാസുവരെയുള്ള വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നതിനായി റവന്യൂ ജില്ലാതലത്തിൽ ഒരു മേധാവിയെ നിയമിക്കണം. നിലവിൽ ജില്ലയിലെ മേധാവിയായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ഹയർ സെക്കന്ററി വിഭാഗത്തിന്റെ നിയന്ത്രണാധികാരമില്ല. അഡീഷണൽ ഡി.ജി.ഇയുടെ കേഡറിലുള്ള ഒരു ഉദ്യോഗസ്ഥനെ ജില്ലയിലെ വിദ്യാഭ്യാസ മേധാവിയായി നിയമിക്കാം. ഇതോടെ നിലവിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്ന തസ്തിക ഇല്ലാതാകും.
- പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി വിഭാഗങ്ങൾക്ക് ഓരോന്നിന്റെയും മേൽനോട്ടത്തിന് ജില്ലാതലത്തിൽ പ്രത്യേക ഓഫീസർമാർ നിലവിലില്ല. എല്ലാറ്റിന്റെയും മേൽനോട്ട ചുമതല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്ന ഏക ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളുടെ പ്രവർത്തനങ്ങളിലും നിരവധി പോരായ്മകൾ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ജില്ലാ മേധാവിയെ സഹായിക്കുന്നതിനായി ചുരുങ്ങിയത് മൂന്ന് ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാരെ കൂടി നിയമിക്കണം. പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി (ലോവർ & ഹയർ) എന്നിങ്ങനെ ഓരോ വിഭാഗത്തിന്റെയും ചുമതലകളായിരിക്കണം ഇവർക്ക് നൽകേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സമാന കേഡറിൽ മറ്റൊരു ഓഫീസറെയും പരിഗണിക്കാവുന്നതാണ്. ഹയർ സെക്കന്ററി പ്രിൻസിപ്പലിനെക്കാൾ ഉയർന്ന കേഡറിൽ ഉള്ളവരായിരിക്കണം ഇവർ. ഇതോടു കൂടി നിലവിലുള്ള ഡി.ഇ.ഒ തസ്തികകളും ഇല്ലാതാകും.
- നിലവിലുള്ളതിൽ നിന്നു വ്യത്യസ്തമായി റവന്യൂ ജില്ലാതല ഉദ്യോഗസ്ഥർക്കു കീഴിലായി ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ തലത്തിലും വിദ്യാഭ്യാസ ഓഫീസർമാരെ നിയമിക്കേണ്ടതുണ്ട്. ഇവർക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇംപ്ലിമെന്റിങ്ങ് ഓഫീസർമാരായി പ്രവർത്തിക്കാനുള്ള ചുമതല നൽകണം. ഇവരെ സഹായിക്കാൻ അസിസ്റ്റന്റ് ഓഫീസർമാരെയും നിയമിക്കാം. അങ്ങനെയെങ്കിൽ, നിലവിലുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളും (എ.ഇ.ഒ) ഇല്ലാതായിത്തീരും.
- ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളും കാര്യക്ഷമമാകേണ്ടതുണ്ട്. ഇതിനായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർമാരെ പുതുതായി നിയമിക്കണം. പഞ്ചായത്തിന്റെ പൂർണസമയ ഇംപ്ലിമെന്റിങ്ങ് ഓഫീസർ കൂടിയാകണം ഇദ്ദേഹം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരെ ഇതിലേക്ക് പരിഗണിക്കാവുന്നതാണ്.
- വിവിധ തലങ്ങളിൽ പുതിയ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ അക്കാദമിക് - പ്രൊഫഷണൽ യോഗ്യതകളും സേവന-വേതന വ്യവസ്ഥകളും സവിശേഷ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ഇതിനാവശ്യമായ ഭേദഗതികൾ കേരള വിദ്യാഭ്യാസ നിയമങ്ങളിലും (KEA & R) ചട്ടങ്ങളിലും വരുത്തേണ്ടതാണ്.
03. സുഗമവും കാര്യക്ഷമവുമായ സ്കൂൾ ഭരണം
സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി വിദ്യാലയങ്ങളും ചില വിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും നമ്മുടെ സംസ്ഥാനത്തുണ്ട്. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന യൂണിറ്റ് എന്ന നിലയിൽ സ്കൂളിന്റെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിലൂടെ മാത്രമേ ഗുണമേന്മയുള്ള പഠനം ഉറപ്പുവരുത്താൻ കഴിയൂ.
- പ്രീ പ്രൈമറി / ശൈശവകാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അവയെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റണം. എന്നാൽ, കുട്ടികൾക്ക് പ്രവർത്തനാനുഭവങ്ങൾ അനൗപചാരികമായാണ് നൽകുന്നത് എന്നുറപ്പാക്കുകയും വേണം. അങ്ങനെയെങ്കിൽ അവിടുത്തെ അധ്യാപകരുടെയും ആയമാരുടെയും തൊഴിൽപരമായ വിദ്യാഭ്യാസയോഗ്യത, അവരുടെ നിയമനരീതി, സേവന വേതന വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകും. ഇത് പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ വളരെയധികം സ്വാധീനിക്കും. ഒന്നിൽ കൂടുതൽ വിഭാഗങ്ങൾ (പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി) പ്രവർത്തിക്കുന്ന വിദ്യാലയമാണെങ്കിൽ, സ്ഥാപനമേധാവിയുടെ കീഴിൽ ഓരോ വിഭാഗത്തിന്റെയും മേൽനോട്ടത്തിന് അവിടുത്തെ സീനിയർ അധ്യാപകരെ ചുമതലപ്പെടുത്തേണ്ടതാണ്. ഇതുമൂലം അവർക്കുണ്ടാകാവുന്ന അക്കാദമികവും ഭരണപരവുമായ ജോലിഭാരം ലഘൂകരിക്കാൻ ഉചിതമായ നടപടികൾ സർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. സെക്കന്ററി വിഭാഗമുള്ള ഹയർ സെക്കന്ററി സ്കൂളുകളിൽ വൈസ് പ്രിൻസിപ്പാളിന് സെക്കന്ററി വിഭാഗത്തിന്റെ ചുമതല നൽകാം. പല കാരണങ്ങളാൽ ഭരണനിർവഹണം ശരിയായി നടത്താൻ കഴിയാത്ത സ്കൂളുകളിൽ മറ്റ് വിഭാഗങ്ങളെ സ്വതന്ത്രമാക്കി വേറൊരു സ്ഥാപന മേധാവിയുടെ കീഴിൽ കൊണ്ടുവരുന്ന കാര്യവും ആലോചിക്കാവുന്നതാണ്.
- പ്രൈമറി വിദ്യാലയങ്ങളിലെ പ്രവർത്തനാധിക്യവും മോണിറ്ററിംഗ് ചുമതലയും പരിഗണിച്ച് പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്നും ഒഴിവാക്കേണ്ടതാണ്. എന്നാൽ നിശ്ചിതയെണ്ണം ക്ലാസുകളെടുക്കുന്നതിന് നിഷ്കർഷിക്കുകയും വേണം.
- സ്കൂൾ ഏകീകരണം മൂലം നിലവിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, തസ്തിക, വേതനം, പ്രൊമോഷൻ തുടങ്ങിയവ സംബന്ധിച്ച് ആശങ്കകൾക്കിടയില്ലാത്ത വിധം തീരുമാനങ്ങൾ കൈക്കൊള്ളണം. മാത്രമല്ല, സ്ഥാപനത്തിലെ എല്ലാ ഭൗതിക സൗകര്യങ്ങളും പഠനോപകരണങ്ങളും സെക്കൻഡറിയെന്നോ ഹയർ സെക്കൻഡറിയെന്നോ ഉള്ള വ്യത്യാസം കൂടാതെ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപയോഗപ്പെടുത്താനും കഴിയണം.
- കലാ-കായിക-പ്രവൃത്തി പരിചയ രംഗങ്ങളിൽ കഴിവു തെളിയിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ ആവശ്യമാണ്. ഇതിനായി അധ്യാപകരെ നിയമിക്കുകയോ പ്രാദേശിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയോ ചെയ്യാൻ സർക്കാർ മുൻകൈ എടുക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉറപ്പാക്കണം.
- 5-ാം ക്ലാസ് മുതൽ ശാസ്ത്രീയമായ തൊഴിൽ പഠനത്തിന് അവസരമൊരുക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
- എല്ലാ ഭിന്നശേഷി കുട്ടികൾക്കും ആ മേഖലയിൽ വിദഗ്ദ്ധരായവരുടെ സേവനം ഉറപ്പാക്കണം. ഇതിനാവശ്യമായത്ര റിസോഴ്സ് അധ്യാപകരെ നിയമിക്കണം. ഇപ്പോൾ എസ്.എസ്.കെ പ്രോജക്ടിൽ ജോലി ചെയ്യുന്ന ആർ.ടി മാരുടെ എണ്ണം പരിമിതമാണ്. നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ റിസോഴ്സ് ടീച്ചേഴ്സിനെ സ്ഥിരമായി നിയമിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
- സ്ഥാപന മേധാവികൾക്ക് സ്കൂൾ മാനേജ്മെന്റിലും ഭരണ നിർവഹണത്തിലും അധിഷ്ഠിതമായ പരിശീലനങ്ങൾ കാലാകാലങ്ങളിൽ സംഘടിപ്പിക്കേണ്ടതാണ്.
04. മികച്ച അധ്യാപക സമൂഹത്തെ രൂപപ്പെടുത്താൻ
നവകേരള - വിജ്ഞാന സമൂഹ നിർമ്മിതികളിൽ പ്രധാന പങ്കു വഹിക്കേണ്ടവരാണ് അധ്യാപകർ. അവരുടെ പ്രൊഫഷണൽ മികവാണ് ഇക്കാര്യത്തിൽ പ്രധാനം. അധ്യാപനാഭിരുചി, പ്രതിബദ്ധത, സ്വയം മെച്ചപ്പെടാനുള്ള അഭിവാഞ്ഛ, ആസൂത്രണ - അധ്യാപന മികവ്, സാമൂഹിക ഇടപെടൽശേഷി തുടങ്ങി പലവിധ സവിശേഷ കഴിവുകളുടെയും ഗുണങ്ങളുടെയും ഉറവിടമാകണം അധ്യാപകർ. അധ്യാപക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതു മുതൽ ഔദ്യോഗിക ജീവിതം അവസാനിക്കുന്നതു വരെ വളരെ മികച്ച സേവനമാണ് സമൂഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്. പ്രീ പ്രൈമറി, പ്രൈമറി, സെക്കൻഡറി തലങ്ങളിലെ അധ്യാപക വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത പുന:പരിശോധിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മികവ് കൂടാതെ അധ്യാപനാഭിരുചിയും ആഭിമുഖ്യവും കഴിവുമുള്ളവരെ അധ്യാപക വിദ്യാഭ്യാസത്തിലേക്ക് (ഡി.എൽ.എഡ്, ബി.എഡ് തുടങ്ങിയവ) തെരഞ്ഞെടുക്കണം. അനുയോജ്യമായ പ്രവേശന പരീക്ഷ, അഭിമുഖം തുടങ്ങി വിവിധ രീതികൾ ഇതിനായി സ്വീകരിക്കാം. കോഴ്സ് വിജയിച്ച ശേഷം നടത്തുന്ന 'ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്' ഇന്നുണ്ട്. കോഴ്സിന്റെ ഭാഗമായ നിരന്തരവിലയിരുത്തലും പ്രായോഗികനൈപുണി പരിശോധനയും എഴുത്തുപരീക്ഷയും മെച്ചപ്പെടുത്തുകയും കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതിനു ശേഷം അധ്യാപന ജോലിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്ന ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഒഴിവാക്കുകയും വേണം. ഫലപ്രദമായ അധ്യാപനത്തിന് തടസ്സമായി നിൽക്കുംവിധം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സംവരണത്തിന്റെ പേരിൽ അധ്യാപക വിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്ന രീതി പുന:പരിശോധിക്കേണ്ടതാണ്. അതല്ലെങ്കിൽ അവരെ ശക്തീകരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ക്രമീകരണങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട് എന്നുറപ്പാക്കണം. അധ്യാപന പ്രക്രിയയെ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ഉപരിപഠനത്തിനുള്ള അവസരങ്ങളും സഹായങ്ങളും അധ്യാപകർക്കു നൽകണം. ഇങ്ങനെ നേടുന്ന അധിക യോഗ്യതകൾ വിദ്യാഭ്യാസരംഗത്ത് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകർക്കും കാലാകാലങ്ങളിൽ മതിയായത്ര പരിശീലനങ്ങൾ നൽകാൻ കഴിയണം. സ്കൂൾ അധ്യാപകർക്കു കിട്ടുന്ന പരിശീലനങ്ങൾ / പഠനസാമഗ്രികൾ പോലും ഇവിടുത്തെ അധ്യാപകർക്ക് കിട്ടുന്നില്ല എന്ന പരാതി നിലവിലുണ്ട്. പ്രൈമറി അധ്യാപക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പിന്തുടരുന്ന സെമസ്റ്റർ സമ്പ്രദായം, പാഠ്യപദ്ധതി വിനിമയം, പരീക്ഷാരീതികൾ എന്നിവയുടെ ഫലപ്രാപ്തി സംബന്ധിച്ച് പഠനങ്ങൾ അനിവാര്യമാണ്. പ്രസ്തുത പഠനങ്ങളുടെയും പരിഷ്ക്കരിക്കപ്പെട്ട സ്കൂൾ പാഠ്യപദ്ധതിയുടെയും വെളിച്ചത്തിൽ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് അൺ എയ്ഡഡ് സ്വകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ പ്രൈമറി അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ - എയ്ഡഡ് മേഖലകളിലേതുൾപ്പെടെ ഇവയുടെ ഗുണനിലവാര പരിശോധന ആവശ്യമാണ്. നിർദ്ദിഷ്ട അധ്യാപന ശേഷികളും സമൂഹിക നൈപുണികളും മനോഭാവങ്ങളും ആർജ്ജിച്ചാണ് ദ്വിവർഷ കോഴ്സ് പൂർത്തീകരിക്കുന്നത് എന്നത് ഉറപ്പാക്കണം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി ഇതിന് വളരെയധികം ബന്ധമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. 05. അധ്യാപക നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഒരു വിദ്യാലയത്തിന്റെ വികസനത്തിൽ നിർണായക പങ്കാണ് അതിന്റെ സ്ഥാപന മേധാവിക്കുള്ളത്. എന്നാൽ, സ്ഥാപന മേധാവികളിൽ പലർക്കും ആസൂത്രണ പ്രക്രിയയിലും ഭരണ നിർവഹണത്തിലും നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിയുന്നില്ല. വിദ്യാലയത്തിന്റെയും കുട്ടികളുടെയും വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക സംഭാവനകളൊന്നും നൽകാൻ കഴിയാതെ വിരമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് : സേവനദൈർഘ്യം മാത്രം നോക്കി സ്ഥാനക്കയറ്റം നൽകുന്ന രീതി അവസാനിപ്പിക്കണം. ഒപ്പം, മികവും പ്രാഗത്ഭ്യവും പരിഗണിച്ചു കൊണ്ടുള്ള പ്രമോഷൻ രീതി നടപ്പിലാക്കണം. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രൊമോഷന്റെ കാര്യത്തിലും ഇത് ബാധകമാക്കേണ്ടതാണ്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർക്കായി ഒരു ഹ്രസ്വകാല സ്കൂൾ അനുഭവ പരിപാടി (School Experience Programme) നടത്തി അവരെ ഭരണപരമായും അക്കാദമികമായും ശാക്തീകരിച്ചതിനു ശേഷം വേണം നിയമനം നടത്താൻ. സർക്കാർ വിദ്യാലയങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മുഖേന അധ്യാപകരുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെയും സ്ഥലംമാറ്റം നടത്തിവരുന്നത് സ്വാഗതാർഹം തന്നെ. എന്നാൽ ജൂൺമാസത്തിൽ അധ്യയനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇത് നടത്താൻ കഴിയണം. കോർപ്പറേറ്റ് - മാനേജ്മെന്റ് വിദ്യാലയങ്ങളിലും കൃത്യമായ മാന ദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രമോഷനും സ്ഥലംമാറ്റവും നടത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണം. ഗോത്രവർഗ മേഖലകളിലും പാർശ്വവൽകൃത ജനവിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിലും അധ്യാപക നിയമനത്തിൽ ഒരിക്കലും കാലവിളംബം ഉണ്ടാകരുത്. ഇവിടങ്ങളിൽ തുടരെത്തുടരെ അധ്യാപകരെ സ്ഥലം മാറ്റുന്ന രീതിയും ഒഴിവാക്കണം. അതത് പ്രദേശത്തു നിന്നുള്ളവരെ ഇവിടങ്ങളിൽ അധ്യാപകവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനും അവിടെത്തന്നെ നിയമിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. 06. വിവിധ സമിതികളുടെ ഏകോപനം സ്കൂൾ വികസനത്തിന് അനിവാര്യം വിവിധ സമിതികൾ ഇപ്പോൾ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂൾ പി.ടി.എ, ക്ലാസ് പി.ടി.എ, മാതൃസമിതി, എസ്.എം.സി (School Management Committee), എസ്.ആർ.ജി (School Resource Group) എന്നിവ എല്ലാ സ്കൂളുകളിലുമുണ്ട്. ഓരോ സമിതിയുടെയും പ്രവർത്തനോദ്ദേശ്യങ്ങൾ വ്യത്യസ്തമാണ്. ഇവയെ വേണ്ടവിധം ഏകോപിപ്പിച്ച് സ്കൂളിന്റെയും അതുവഴി വിദ്യാർത്ഥികളുടെയും പുരോഗതിക്കും വികാസത്തിനുമായി പ്രയോജനപ്പെടുത്താൻ സ്കൂളുകൾക്ക് കഴിയണം. എന്നാൽ മിക്ക സ്കൂളുകൾക്കും ഇതിന് സാധിക്കുന്നില്ല. ഇവയുടെ ഘടനയിൽ മാത്രമല്ല പ്രവർത്തന രീതികളിലും മാറ്റം വരേണ്ടതുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്കൂൾ പി.ടി.എയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് മിക്ക ക്ലാസ് പി.ടി.എകളും പ്രവർത്തിക്കുന്നത്. ക്ലാസ് പി.ടി.എയുടെ പ്രതിനിധികൾ സ്കൂൾ പി.ടി.എ കമ്മിറ്റിയിൽ ഉണ്ടാകുന്നില്ല. ഈ പ്രശ്നം പരിഹരിച്ച് രണ്ട് സമിതികളും കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം. ക്ലാസ് പി ടി എകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുംവിധം സ്കൂൾ പി ടി എയുടെ ഘടന പുനർനിർണയിക്കണം. പലയിടത്തും ടേം മൂല്യനിർണയത്തിന് ശേഷമുള്ള യോഗം ചേരലിന് മാത്രമായി ക്ലാസ് പി.ടി.എയുടെ പ്രവർത്തനം ചുരുങ്ങിയിരിക്കുകയാണ്. നിരവധിയായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയുംവിധം അതിന്റെ ചുമതലകൾ വിപുലപ്പെടുത്തണം. സ്കൂൾ പി.ടി.എയുടെ സ്ഥിതിയും പുനഃപരിശോധിക്കേണ്ടതുണ്ട്. വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായകമായ യാതൊരു പ്രവർത്തന പദ്ധതിയും ഇല്ലാതെയാണ് ഭൂരിഭാഗം പി.ടി.എകളും മുന്നോട്ടു പോകുന്നത്. അക്കാദമിക അവലോകനങ്ങൾ ഫലപ്രദമായി നടക്കുന്നില്ല. കുട്ടികളുടെ ഹാജർ, പിന്തുണാന്തരീക്ഷം, പിന്നാക്കാവസ്ഥ എന്നിവയിലൊക്കെ ഇടപെടാൻ കഴിയുന്ന പിന്തുണാസംവിധാനമായി മാറണം. സ്കൂൾ വികസന പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും വേണ്ടത്ര പങ്കാളിത്തം സ്കൂൾ പി.ടി.എകൾക്ക് നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും അങ്ങനെ നടന്നു കാണുന്നില്ല. ഇക്കാര്യത്തിൽ ശക്തമായ മോണിറ്ററിംഗും തുടർ നടപടികളും അനിവാര്യമാണ്. പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി വിഭാ ഗങ്ങളുള്ള സ്കൂളുകളിലെ പി.ടി.എ സംവിധാനത്തിന് സ്കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള ഇടപെടലുകളിൽ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നിരവധിയാണ്. കൂടുതൽ ക്ലാസുകളും ഡിവിഷനുകളുമുള്ള സ്കൂളുകളിലും ഈ പ്രശ്നം നിലനിൽക്കുന്നു. ഇവ പരിഹരിക്കാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതായുണ്ട്. പുതിയ പി.ടി.എ ഭാരവാഹികൾക്ക് അവരുടെ ഉത്തരവാദിത്തങ്ങളും ചുമതലുകളും സംബന്ധിച്ച് ശരിയായ പരിശീലനം നൽകണം. ഇതര സ്കൂൾ സമിതികളുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. പി.ടി.എ മാത്രമുള്ള വിദ്യാലയങ്ങളും പി.ടി.എയും എസ്.എം.സി (School Management Committee)യുമുള്ള വിദ്യാലയങ്ങളും നിലവിലുണ്ട്. രണ്ട് സമിതികളും നിലവിലുള്ള വിദ്യാലയങ്ങളിൽ പലവിധ സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നതു കാരണം രണ്ടിന്റെയും പ്രവർത്തനം കാര്യക്ഷമമല്ല. ആയതിനാൽ, പി.ടി. എ, എസ്.എം.സി എന്നിവയുടെ വ്യത്യസ്തത നിലനിർത്തിക്കൊണ്ടുതന്നെ ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. 07. സ്കൂൾ അന്തരീക്ഷം ജനാധിപത്യവൽകരിക്കണം സമൂഹത്തിലെ പല അനാരോഗ്യ പ്രവണതകളും ഇപ്പോൾ സ്കൂൾ അന്തരീക്ഷത്തിലേക്ക് സംക്രമിച്ചു കൊണ്ടിരിക്കുകയാണ്. ലഹരിവസ്തുക്കളുടെ ഉപഭോഗവും കച്ചവടവും, മൊബൈൽഫോണുകളുടെ ദുരുപയോഗം, ജാതി-മത-വർഗീയ ശക്തികളുടെ ഇടപെടൽ, വിദ്യാർത്ഥികളുടെ ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും, കുട്ടികൾ തമ്മിലുള്ള കായികമായ സംഘർഷങ്ങൾ, അനാരോഗ്യകരമായ മത്സരങ്ങളും വിദ്വേഷവും തുടങ്ങിയവ സ്കൂൾ ക്യാമ്പസുകളിൽ ലിംഗഭേദമെന്യേ വർദ്ധിച്ചു വരുന്നു. സ്കൂളുകളിലെ ജനാധിപത്യ വേദികൾ ശക്തമാക്കിക്കൊണ്ടു മാത്രമേ ഇവയെ മറികടക്കാനും സ്കൂളിന്റെ സമഗ്രപുരോഗതി സാധ്യമാക്കാനും കഴിയൂ. സ്കൂളിന്റെ നയരൂപീകരണത്തിലും പ്രവർത്തനാസൂത്രണത്തിലും നിർവഹണത്തിലും പ്രധാന പങ്കുവഹിക്കാൻ സ്കൂൾ പാർലമെന്റുകൾക്ക് കഴിയണം. വിദ്യാർത്ഥികളുടെ വിവിധ ക്ലബ്ബുകളെയും കമ്മിറ്റികളെയും ചലിപ്പിക്കാനും സ്കൂൾ പാർലമെന്റുകളുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കണം. ചില വിദ്യാലയങ്ങളിൽ പരീക്ഷിച്ചുനോക്കിയ ക്ലാസ് പാർലമെന്റ് സംവിധാനം ക്ലാസ് റൂം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. അത്തരം സാധ്യതകൾ പരിശോധിക്കണം. കോടതിയുടെ ഇടപെടൽ മൂലം സ്കൂളുകളിൽ പ്രവർത്തിച്ചു വന്നിരുന്ന ജനാധിപത്യ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ ഇല്ലാതായിരിക്കുകയാണ്. ശരിയായ രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിക്കാനും ജനാധിപത്യപരമായി പ്രവർത്തിക്കാനുമുള്ള വിദ്യാർഥികളുടെ അവസരങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. സംഘർഷരഹിതവും സംവാദാത്മകവും സർഗാത്മകവും ഉയർന്ന ജനാധിപത്യബോധത്തോടെ പ്രവർത്തിക്കുന്നതുമായ വിദ്യാർഥിസംഘടന കൾ എന്ന ആശയം ഉയർത്തിപ്പിടിക്കണം. 08. അക്കാദമിക സ്ഥാപനങ്ങളുടെ ഏകോപനം എസ്.സി.ഇ.ആർ.ടി, സീമാറ്റ്, സ്കോൾ കേരള, എസ്.ഐ.ഇ.ടി, കൈറ്റ് എന്നിവയാണല്ലോ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന പ്രധാന അക്കാദമിക സ്ഥാപനങ്ങൾ. സമഗ്ര ശിക്ഷ കേരള (SSK) എന്ന പ്രോജക്ടും നിലവിലുണ്ട്. വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങൾ ഈ സ്ഥാപനങ്ങൾ മുഖേന നടന്നുവരുന്നു. അക്കാദമികരംഗത്ത് നടക്കേണ്ട ആശയരൂപീകരണം, പ്രവർത്തനാസൂത്രണം, അവലോകനം എന്നിവയുടെ ചുമതല സംസ്ഥാനതലത്തിൽ എസ്.സി.ഇ.ആർ.ടിക്കു തന്നെയാകണം. ഇതര അക്കാദമിക സ്ഥാപനങ്ങളുടെ പ്രവർത്തന പരിപാടികൾ എസ്.സി.ഇ.ആർ.ടിയുമായി ആലോചിച്ചു നടപ്പാക്കണം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിലപാട് തന്നെ കൈക്കൊള്ളണം. ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നേതൃത്വം ഡയറ്റിന് (District Institute of Education and Training) ആയിരിക്കണം. ബി.ആർ.സി, കൈറ്റ് എന്നിവയ്ക്കു വേണ്ട റിസോഴ്സ് സപ്പോർട്ട് ഡയറ്റ് നൽകണം. കൈറ്റും ഡയറ്റിലെ എഡ്യുക്കേഷൻ ടെക്നോളജി (E.T) ഫാക്കൽറ്റിയും തമ്മിലുള്ള ഏകോപന പ്രവർത്തനങ്ങളും പ്രധാനമാണ്. സമഗ്ര ശിക്ഷ കേരളം എന്നത് ഒരു പ്രോജക്ട് എന്നതിലുപരി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന സംവിധാനമായി ഇന്ന് മാറിക്കഴിഞ്ഞു. പ്രോജക്ട് കാലാവധി അവസാനിച്ചാൽ പോലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി ഇതിനെ മാറ്റണം. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ക്ലസ്റ്റർ കോർഡിനേറ്റർമാർ എന്നിവർ യഥാക്രമം ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ തലങ്ങളിൽ അസിസ്റ്റന്റ് ഇംപ്ലിമെന്റിങ്ങ് ഓഫീസർമാരായി ചുമതലയേൽക്കണം. ഇവരെ നിയമിക്കാനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കണം. ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ക്ലസ്റ്റർ കോർഡിനേറ്റർമാരെ ഒഴിവാക്കി, അധ്യാപനരംഗത്ത് അനുഭവസമ്പത്തുള്ളവരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണം. 09. കാര്യക്ഷമമായ മോണിട്ടറിംഗ് അനിവാര്യം എല്ലാ തലങ്ങളിലും അക്കാദമികവും അക്കാദമികേതരവുമായ മേഖലകളിൽ നിരന്തരമായ മോണിട്ടറിംഗ് നടത്തിക്കൊണ്ടു മാത്രമേ ഗുണമേന്മയിലും സമത്വത്തിലും ലിംഗനീതിയിലും അധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ സാധിക്കൂ. എന്നാൽ ഇക്കാര്യത്തിൽ വളരെ വലിയ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്നും പൂർണമായി ഒഴിവാക്കി പകരം സംവിധാനം ഒരുക്കേണ്ടതാണ്. ഇങ്ങനെ ഒഴിവാക്കുമ്പോൾ, ക്ലാസുകളെടുക്കേണ്ട മിനിമം പിരീഡുകൾ /സമയം കൂടി നിജപ്പെടുത്തേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ വിദ്യാഭ്യാസ ഓഫീസർമാരുമായി ചേർന്നും അല്ലാതെയും സ്കൂൾ - ക്ലാസ് മോണിട്ടറിംഗ് നടത്താൻ ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് കഴിയണം. പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസസമിതിയിൽ ഇതിന്റെ അവലോകനവും നടത്തണം. ഈ പ്രക്രിയ നിരന്തരമായി നടക്കേണ്ട ഒന്നാണ്. മോണിറ്ററിംഗിന്റെ തുടർച്ചയായി അവലോകന, ആസൂത്രണ യോഗങ്ങൾ സമയബന്ധിതമായും നിരന്തരമായും നടക്കേണ്ടതുണ്ട്. വിദ്യാഭ്യാസ ഓഫീസർമാരുടെ നേതത്വത്തിൽ മോണിറ്ററിംഗ് ടീം പ്രവർത്തിക്കണം. ടേം അടിസ്ഥാനത്തിൽ എല്ലാ വിദ്യാലയങ്ങളിലും മോണിറ്ററിംഗ് നടത്തണം. വിദ്യാലയങ്ങളുടെ എണ്ണക്കൂടുതലുള്ള സ്ഥലങ്ങളുണ്ട്. ഓരോ ഓഫീസർക്കും പ്രായോഗികമായും ഫലപ്രദമായും മോണിറ്ററിംഗ് നിർവഹിക്കാൻ കഴിയുംവിധം ചുമതല നിർവഹിക്കാൻ കഴിയാവുന്ന വിദ്യാലയങ്ങളുടെ എണ്ണം നിശ്ചയിക്കണം. മോണിറ്ററിംഗിനെ മോണിറ്റർ ചെയ്യാനുള്ള സംവിധാനവും വേണം. മോണിറ്ററിംഗ് റിപ്പോർട്ടുകൾ വിശകലനം ചെയ്യപ്പെടണം. പുരോഗതിക്കാവശ്യമായ തത്സ്ഥല പിന്തുണയും പ്രധാനമാണ്. 10. പുതിയ സ്കൂളുകളുടെ ആവശ്യമില്ല ഏതാണ്ട് എല്ലാ കുട്ടികൾക്കും പ്രാപ്യമായത്ര പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ, ഇനിയും പുതിയ സ്കൂളുകൾ അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാരിന് വ്യക്തമായ നിലപാട് ഉണ്ടാവണം. പുതിയ സ്കൂളുകൾ അനുവദിക്കാതിരിക്കുക; പ്രത്യേകിച്ച് അൺ എയ്ഡഡ് മേഖലയിൽ. ആവശ്യമെങ്കിൽ സർവ്വേയുടെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ മാത്രം സ്കൂളുകൾ അനുവദിക്കുക. പുതിയ സ്കൂളുകൾ അനുവദിക്കുന്നതിനു പകരം നിലവിലുള്ള സ്കൂളുകളിലെ പഠനനിലവാരം ഉയർത്തുന്നതിനായിരിക്കണം പ്രാമുഖ്യം നൽകേണ്ടത്. സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളുകളുടെ (Recognised Unaided Schools) മേൽ കർശനമായ നിയന്ത്രണവും മേൽനോട്ടവും മോണിട്ടറിംഗും ഉണ്ടാകാനുള്ള നടപടികൾ സ്വീകരിക്കണം. അംഗീകാരമില്ലാത്ത ഒരു സ്കൂളും സംസ്ഥാനത്തില്ല എന്ന് ഉറപ്പുവരുത്തണം. താമസസ്ഥലത്തിന് തൊട്ടടുത്ത സ്കൂളുകളിൽ കുട്ടികളെ ചേർത്ത് പഠിപ്പിക്കത്തക്ക വിധം അയൽപ്പക്ക സ്കൂൾ സമ്പ്രദായം നടപ്പിലാക്കണം. കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും ഇതിനാവശ്യമായ ഭേദഗതികൾ വരുത്തണം. ഗോത്രമേഖലകളിൽ നടന്നെത്താവുന്ന ദൂരത്ത് വിദ്യാലയങ്ങൾ ഉറപ്പാക്കുന്നതിൽ പ്രായോഗികബുദ്ധിമുട്ടുണ്ട്. സ്ഥിരഹാജരില്ലാത്ത അവസ്ഥ വളരെക്കൂടുതലാണ്. ഓരോ ആവാസസമൂഹത്തിലെയും എല്ലാ കുട്ടികളും വിദ്യാലയത്തിൽ പോകുന്നുവെന്നും സ്ഥിരഹാജരുണ്ട് എന്നും ഉറപ്പുവരുത്താനുള്ള ചുമതല പ്രാദേശിക സർക്കാരുകളും വാർഡ് സമിതികളും ഏറ്റെടുക്കണം. എം ജി എൽ സി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതായതോടെ രേഖയിൽ മാത്രം സ്കൂൾപ്രവേശനം നേടിയതായി കാണിക്കുകയും കുട്ടികൾ വീടുകളിൽ കഴിയുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് പഠനവിധേയമാക്കി ഇടപെടണം. കുട്ടികളുടെ എണ്ണം വളരെ കുറവായ കുറെ വിദ്യാലയങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിനുള്ള കാരണങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കാണണം. എന്നാൽ, ചില വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാലയ ഭരണത്തിലും മാനേജ്മെന്റിലും അക്കാദമിക പ്രവർത്തനങ്ങളുടെ സംഘാടനത്തിലും നിരവധിയായ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. വിദ്യാലയവും അധ്യാപകരുടെ ജോലിയും കുട്ടിയുടെ പഠനാവസരങ്ങളും സംരക്ഷിച്ചുകൊണ്ട് ഇതെങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കണം. ഓരോ വിദ്യാലയത്തിലും എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിൽ പരമാവധി പ്രവേശിപ്പിക്കാവുന്ന കുട്ടികളുടെ എണ്ണം നിജപ്പെടുത്തുന്ന കാര്യവും സർക്കാരിന് ആലോചിക്കാവുന്നതാണ്. എല്ലാ പ്രൈമറി ക്ലാസുകളെയും ഹൈസ്കൂൾ / ഹയർ സെക്കന്ററി / വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര പ്രൈമറി സ്കൂളുകൾ ആക്കേണ്ടതുണ്ട്. 11. തദ്ദേശസ്വയംഭരണ - വാർഡ്തല വിദ്യാഭ്യാസസമിതികൾ കാര്യക്ഷമമാകണം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, പ്രവർത്തനങ്ങളുടെ ആസൂത്രണ - അവലോകനങ്ങളിലൂടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ടവയാണ് പഞ്ചായത്ത് / നഗരസഭ / കോർപ്പറേഷൻ വിദ്യാഭ്യാസ സമിതികൾ. എന്നാൽ ഇവയുടെ പ്രവർത്തനം വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ല എന്നതാണ് അനുഭവം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള ആരോഗ്യകരവും ശക്തവുമായ ഏകോപനത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണം. ഇതു പരിഹരിക്കാൻ അധികാരികൾ ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കാര്യപരിപാടികൾ സംബന്ധിച്ച് മുൻകൂട്ടിയുള്ള ആസൂത്രണം. (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫീസർ, സി.ആർ.സി കോർഡിനേറ്റർ). കുട്ടികൾക്ക് പഠന നഷ്ടം ഉണ്ടാകാത്ത വിധമാവണം സമിതിയുടെ യോഗത്തിന്റെ തീയതികൾ തെരഞ്ഞെടുക്കുന്നത്. സ്കൂളുകൾക്ക് വേണ്ടത്ര തയ്യാറെടുപ്പു നടത്താൻ സമയം കിട്ടത്തക്ക രീതിയിൽ മുൻകൂട്ടി അറിയിപ്പ് നൽകൽ. ജനപ്രതിനിധികളുടെ പൂർണസമയ പങ്കാളിത്തം. ഹയർ സെക്കന്ററി തലം വരെയുള്ള സ്കൂൾ മേധാവികളുടെ പങ്കാളിത്തം. (പ്രൈമറി, സെക്കന്ററി വിഭാഗങ്ങൾ കൂടിയുള്ള സ്ഥാപനമാണെങ്കിൽ അതിന്റെ ചുമതലയുള്ള അധ്യാപകർ കൂടി സമിതിയിൽ ഉണ്ടാകണം.) മാസത്തിൽ ഒരിക്കലെങ്കിലും സമിതിയോഗം. (യോഗംകൂടേണ്ട തീയതി മുൻ യോഗത്തിൽ വച്ചു തന്നെ തീരുമാനിക്കണം.) കമ്മിറ്റിയിൽ നിന്നുയരുന്ന ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള തദ്ദേശതല വിദ്യാഭ്യാസ പ്രോജക്ടുകൾക്ക് രൂപം നൽകൽ. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ, ഡയറ്റ് എന്നിവയുടെ വിദ്യാഭ്യാസ പദ്ധതികൾ കൂടി സംയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കൽ ആസൂത്രണം, നിർവഹണം, അവലോകനം /വിലയിരുത്തൽ പ്രകിയകൾക്ക് പ്രാധ്യാനം നൽകൽ. യോഗങ്ങളുടെ സമയബന്ധിതമായ തുടർച്ച. വാർഡ് തലത്തിൽ വിദ്യാഭ്യാസസമിതികൾ രൂപീകരിച്ച് (WEC)വിദ്യാഭ്യാസപ്രവർത്തനങ്ങൾ താഴെ തലത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാകണം. 12. മാതൃഭാഷയിലൂടെയുള്ള പഠനം കാര്യക്ഷമമാക്കണം മാതൃഭാഷയിലൂടെയുള്ള പഠനം കുട്ടിയുടെ ബൗദ്ധികവും വൈകാരികവും സർഗാത്മകവുമായ കഴിവുകളുടെ വികാസത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുത പൊതുവെ വിസ്മരിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ചില മലയാളം മീഡിയം സ്കൂളുകളിലും ക്ലാസുകളിലും കണ്ടുവരുന്ന അശാസ്ത്രീയവും അനാരോഗ്യകരവുമായ പ്രവണതകൾ തടയപ്പെടേണ്ടതുണ്ട്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും ശ്രദ്ധക്കുറവും ഇതിന് ഒരു പ്രധാന കാരണമാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ: പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പഠനമാധ്യമം മാതൃഭാഷയാക്കണം. മാതൃഭാഷയിലൂടെയുള്ള പഠനത്തിന്റെ പ്രാധാന്യം രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ള ക്യാമ്പയിനുകൾ സംഘടിപ്പിക്കണം. ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ അനിയന്ത്രിതമായി അനുവദിക്കുന്ന തീരുമാനം പുന:പരിശോധിക്കണം. സംസ്ഥാന പാഠ്യപദ്ധതി നിലനിൽക്കുന്ന പൊതുവിദ്യാലയങ്ങളിലും അംഗീകൃത സ്വകാര്യ വിദ്യാലയങ്ങളിലും മറ്റു സിലബസ് പ്രകാരമുള്ള പാഠപുസ്തകങ്ങളും പരമ്പരാഗത ബോധനരീതികളും പിന്തുടരുന്ന സ്ഥിതി ഇന്ന് സംസ്ഥാനത്ത് വ്യാപകമാണ്. ഇത് തടയപ്പെടണം. മലയാളം പഠനമാധ്യമമായി പിന്തുടരുന്ന സ്കൂളുകളിൽ അങ്ങനെത്തന്നെയാണ് പഠന - ബോധന പ്രക്രിയ നടക്കുന്നത് എന്നുറപ്പാക്കണം. ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന സമ്പ്രദായം കർശനമായും നിരോധിക്കണം. സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാപഠനം കാര്യക്ഷമമായി നടക്കാനുള്ള നടപടികൾ ഉണ്ടാകണം. ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു എന്നീ ഇതരഭാഷകളുടെ കാര്യത്തിലെന്ന പോലെ ഇംഗ്ലീഷ് ഐച്ഛിക വിഷയത്തിലും അധ്യാപനത്തിലും യോഗ്യത നേടിയവരെ പ്രൈമറി തലം മുതൽ ഇംഗ്ലീഷ് അധ്യാപകരായി നിയമിക്കണം. മലയാളമാധ്യമത്തിൽ പഠിക്കാത്തവർക്ക് ഇന്ന് മലയാള മാധ്യമ വിദ്യാലയങ്ങളിൽ അധ്യാപകരാകാം എന്ന അവസ്ഥയുണ്ട്. വിദ്യാഭ്യാസഗുണനിലവാരത്തെ ബാധിക്കുന്ന ഇത്തരം രീതികൾ അവസാനിപ്പിക്കണം. 13. സ്കൂൾ പ്രവൃത്തിദിനങ്ങളുടെ എണ്ണം ശാസ്ത്രീയമാകണം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി കണ്ടുകൊണ്ട് 2009 ലെ വിദ്യാഭ്യാസ അവകാശം നിയമം സെക്ഷൻ 19 പ്രകാരം ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ 200 ഉം ആറ് മുതൽ എട്ടു വരെ 220 ഉം പ്രവൃത്തി ദിനങ്ങൾ നിയമപരമാക്കിയിട്ടുണ്ട് (mandatory). 2010 ൽ പരിഷ്കരിച്ച കെ.ഇ.എ & ആർ (KEA & R)ൽ പറയുന്നത് ഇപ്രകാരമാണ്. 'പരീക്ഷാദിനങ്ങൾ ഒഴിവാക്കി ഏറ്റവും കുറഞ്ഞത് 220 പഠന ദിനങ്ങൾ സാധാരണഗതിയിൽ ഉണ്ടായിരിക്കണം.' ഇതിൽ പറയും പ്രകാരമുള്ള പരീക്ഷാദിനങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ചുരുങ്ങിയത് 240 പ്രവൃത്തി ദിനങ്ങളെങ്കിലും നമുക്ക് വേണ്ടിവരും. എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി എന്താണ്? നിശ്ചയിക്കപ്പെട്ട പ്രവൃത്തിദിനങ്ങളെങ്കിലും (working days) നമുക്ക് പഠനദിനങ്ങളായി പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നതാണ് മുഖ്യപ്രശ്നം. ഇക്കാര്യത്തിൽ 2017 ൽ കെ.എസ്.ടി.എ എന്ന അധ്യാപക സംഘടന പ്രസിദ്ധീകരിച്ച പൊതുവിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ വളരെ പ്രസക്തമാണെന്ന് കാണാം. "സംസ്ഥാനത്തെ അക്കാദമിക കലണ്ടർ പ്രകാരം 200 സാധ്യായ ദിനങ്ങളാണ് ഉണ്ടാകേണ്ടത്. എന്നാൽ ഇത് ഒരിക്കലും ഉറപ്പാക്കാൻ സംവിധാനത്തിന് കഴിയാറില്ല. ബാക്കി എത്ര ദിനങ്ങളാവും യഥാർത്ഥത്തിൽ പഠന ദിനങ്ങളായി നമ്മുടെ കുട്ടികൾക്ക് ലഭിക്കുക? പരമാവധി 165 മാത്രം.” പ്രവർത്തനാധിഷ്ഠിതവും സാമൂഹിക ജ്ഞാനനിർമ്മിതിയിൽ ഊന്നിയതും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ സമീപനം ഉൾക്കൊള്ളുന്ന ഒരു പാഠ്യപദ്ധതി നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളം. ഇത് ഫലപ്രദമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന അധ്യാപകർക്ക് മതിയായത്ര സമയം ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. സ്കൂൾ പ്രവൃത്തിദിനങ്ങൾ സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ സർക്കാരിന് പരിഗണിക്കാവുന്നതാണ് :- അവശ്യസേവനങ്ങൾ ഒഴികെയുള്ള അക്കാദമികേതര ജോലികളിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക. പരിശീലന പരിപാടികളും മേളകളും മധ്യവേനലവധിക്കാലത്തേക്കോ മറ്റ് അവധി ദിനങ്ങളിലേക്കോ മാറ്റുക. നിർദ്ദിഷ്ട എണ്ണം പ്രവൃത്തിദിനങ്ങൾ തികയുന്ന മുറക്ക് മാത്രം വിദ്യാലയങ്ങൾക്ക് വാർഷികാവധി നൽകുക. കോൺഫറൻസുകളും മറ്റ് യോഗങ്ങളും പഠനദിനങ്ങളല്ലാത്ത ദിനങ്ങളിൽ മാത്രം നടത്തുക. നിലവിലുള്ള പാഠ്യപദ്ധതി കാര്യക്ഷമമായി വിനിമയം ചെയ്യാൻ ഒരു വർഷം വേണ്ടിവരുന്ന സമയവും ദിനങ്ങളും ശാസ്ത്രീയമായി കണ്ടെത്തുക. തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ പരീക്ഷണാർത്ഥം ഇത് നടപ്പാക്കി നോക്കുക. അതിൻപ്രകാരം പ്രവൃത്തിദിനങ്ങളുടെ എണ്ണം തീരുമാനിക്കുക. 14. സ്കൂൾ മേളകൾ : പുനരാലോചന ആവശ്യം കുട്ടികളുടെ സർഗപരവും ക്രിയാത്മകവും ശാസ്ത്രപരവും കായികവുമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ മേളകൾ സംഘടിപ്പിച്ചു വരുന്നത്. എന്നാൽ, സ്കൂളുകൾ തമ്മിലും കുട്ടികൾ തമ്മിലുമുള്ള കടുത്തതും അനാരോഗ്യകരവുമായ മത്സരങ്ങൾക്കുള്ള വേദികളായി പലപ്പോഴും ഇത് മാറുന്നതായാണ് കണ്ടുവരുന്നത്. ചിലപ്പോൾ സംഘർഷത്തിൽ വരെ ഇത് കലാശിക്കുകയും ചെയ്യുന്നു. നിലവിലുള്ള ഗ്രേസ് മാർക്ക് സമ്പ്രദായം ഇത്തരം പ്രവണതകൾക്ക് ആക്കം കൂട്ടുന്നു. ചില മത്സരയിനങ്ങളിൽ പങ്കെടുക്കണമെങ്കിൽ വലിയ സാമ്പത്തിക ചെലവുകളാണ് വേണ്ടിവരുന്നത്. ഇതു കാരണം സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പല കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാതെ പോകുന്നു. മാത്രമല്ല, കുട്ടികളുടെ സവിശേഷമായ കഴിവുകൾ വളർത്താനാവശ്യമായ യാതൊരു പരിപാടികളും മേളയെത്തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. മേളകളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാലോചിക്കേണ്ട ചില കാര്യങ്ങൾ: പഞ്ചായത്തീരാജ് സംവിധാനത്തോട് പൊരുത്തപ്പെടുന്ന രീതിയിൽ മേളകൾ പുന:സംഘടിപ്പിക്കേണ്ടതുണ്ട്. അതായത് സ്കൂൾതല മേളകൾക്ക് ശേഷം പഞ്ചായത്ത് / നഗരസഭ / കോർപ്പറേഷൻ തലങ്ങളിൽ മേളകൾ സംഘടിപ്പിക്കണം. ഒരു സ്കൂളിൽ നിന്നും അർഹരായ കൂടുതൽ കുട്ടികൾക്ക് (എണ്ണം നിജപ്പെടുത്തണം) അവസരം നൽകാം. ആവശ്യമെങ്കിൽ മുൻസിപ്പാലിറ്റി / കോർപ്പറേഷൻ തലങ്ങളിൽ സ്കൂളുകളെ രണ്ടോ മൂന്നോ ക്ലസ്റ്ററുകളായി തിരിച്ച് മേളകൾ സംഘടിപ്പിക്കാവുന്നതാണ്. നിശ്ചിത യോഗ്യത നേടുന്ന കുട്ടികളെ മാത്രം റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാൽ മതിയാകും (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്ന സംവിധാനം മാറുന്നതനുസരിച്ച്). റവന്യൂ ജില്ലാതലങ്ങളിലെ മത്സരങ്ങളോടുകൂടി മേളകൾ അവസാനിപ്പിക്കുന്നത് നന്നായിരിക്കും. കടുത്ത മത്സരങ്ങൾ മൂലം കുട്ടികൾക്കുണ്ടാകാവുന്ന വർധിച്ച മാനസിക സമ്മർദ്ദവും മേളയുടെ സംഘാടനത്തിന് സർക്കാരിനു വേണ്ടിവരുന്ന വലിയ സാമ്പത്തിക ചെലവുകളും കണക്കിലെടുത്ത് സംസ്ഥാനതല മേള ഒഴിവാക്കുന്നതാണ് ഉചിതം. മാത്രമല്ല, കുട്ടികളുടെ പഠനദിനങ്ങൾ നഷ്ടപ്പെടാതെയും നോക്കാം. മത്സരയിനങ്ങളും അവയുടെ അവതരണരീതികളും മൂല്യനിർണയ രീതികളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും ബോധന - പഠന സമയം നഷ്ടപ്പെടാത്തവണ്ണം വേണം മേളകൾ സംഘടിപ്പിക്കേണ്ടത്. എല്ലാ കുട്ടികൾക്കും ധാരാളം അവസരങ്ങൾ ലഭിക്കത്തക്കവിധം അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവയെ വളർത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഓരോ സ്കൂളിലും ഉണ്ടാകണം. വിഷയാധിഷ്ഠിത പഠനവേളകളും പൊതുവായ അവതരണവേളകളും ഇതിനായി പ്രയോജനപ്പെടുത്താം. ഗ്രേസ്‍മാർക്ക്, പൊതുപരീക്ഷയുടെ ഭാഗമായി അവ പരിഗണിക്കുന്ന രീതി എന്നിവ സംബന്ധിച്ച് പുനഃപരിശോധന ആവശ്യമാണ്. കേരളത്തിലെ വിദ്യാഭ്യാസവ്യവസ്ഥയിൽ (Education System)കാതലായ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ 'എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ' എന്ന നമ്മുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പറ്റൂ. മാറ്റം വരണമെന്നു തോന്നിയ ചില പ്രധാന മേഖലകൾ മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസരംഗത്ത് വളരെ മുമ്പുതന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാൾ പല കാര്യങ്ങളിലും മുന്നിൽ നിന്നവരാണ് നാം. സർക്കാരിന്റെ ഇച്ഛാശക്തിയും നയപരമായ തീരുമാനങ്ങളും ഈ നേട്ടങ്ങൾക്ക് പ്രധാന കാരണമായിട്ടുണ്ട്. തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ വ്യവസ്ഥ പരിഷ്കരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.