ഡോ.കെ.ജി.അടിയോടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:34, 18 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ താൾ നിർമാണത്തിലാണ്

ഡോ. കെ ജി അടിയോടി (1937-2001)

കേണോത്ത്‌ ഗോവിന്ദൻ അടിയോടി എന്ന ഡോ. കെ ജി അടിയോടി, പയ്യന്നൂരിലുള്ള പെരളം എന്ന ഗ്രാമത്തിൽ കാവിൽ കാമ്പ്രാത്ത്‌ ഗോവിന്ദപ്പൊതുവാളിന്റെയും ലക്ഷ്‌മിപ്പിള്ളയാതിരി അമ്മയുടേയും മകനായി 1937 ഫെബ്രുവരി 18ന്‌ ജനിച്ചു. അടിയോടിയുടെ ജനനത്തിനു മുൻപു തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചുപോയതുകൊണ്ട്‌ മുത്തച്ഛന്റെ സംരക്ഷണയിലാണ്‌ വളർന്നതും പഠിച്ചതുമെല്ലാം. പെരളം എയിഡഡ്‌ എലിമെന്ററി സ്‌കൂളിലാണ്‌ വിദ്യാഭ്യാസം ആരംഭിച്ചത്‌. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ ദ്വിവത്സര ഇന്റർമീഡിയറ്റിന്‌ മംഗലാപുരത്തെ സെന്റ്‌ അലോഷ്യസ്‌ കോളേജിൽ ചേർന്നു. പിന്നീട്‌ മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ സുവോളജി ഓണേർസ്‌ കോഴ്‌സിന്‌ പ്രവേശനം ലഭിച്ചു. 1958 ൽ മദ്രാസ്‌ സർവകലാശാലയിൽ നിന്നും സുവോളജി ഓണേഴ്‌സ്‌ പരീക്ഷ പാസ്സായ ഉടൻ മംഗലാപുരം സെന്റ്‌ ആഗ്നസ്‌ വിമൻസ്‌ കോളേജിൽ ലക്‌ചററായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷം അവിടെ തുടർന്നതിനു ശേഷം 1959 ൽ കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ അധ്യാപകനായി. 1968 ൽ മദ്രാസ്‌ സർവകലാശാലയിൽ നിന്ന്‌ സുവോളജിയിൽ എം എ ബിരുദവും 1970 ൽ കേരള സർവകലാശാലയിൽ നിന്നും റീപ്രൊഡക്‌റ്റീവ്‌ ഫിസിയോളജിയിൽ ഡോക്‌ടേററ്റും നേടി.

പിന്നീട്‌ കോഴിക്കോട്‌ സർവകലാശാലയിൽ ജന്തുശാസ്‌ത്ര വിഭാഗത്തിൽ പ്രൊഫസറായി ജോലി ചെയ്‌തു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആന്റ്‌ ടെക്‌നോളജി (CUSAT)യിൽ വൈസ്‌ ചാൻസലറായി നിയമിക്കപ്പെട്ടു. ജന്തുശാസ്‌ത്ര സംബന്ധമായ അനവധി പ്രബന്ധങ്ങളുടെ കർത്താവാണ്‌ അദ്ദേഹം. ഓക്‌സ്‌ഫോർഡ്‌ സർവകലാശാല ഉൾപ്പെടെ അനേകം ലോകപ്രസിദ്ധ സർവകലാശാലകളിൽ വിസിറ്റിംഗ്‌ പ്രൊഫസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. യൂണിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അംഗമായും ഡോ. അടിയോടി പ്രവർത്തിച്ചിട്ടുണ്ട്‌.

വിവിധ കർമരംഗങ്ങളിൽ സംഘടനകൾ രൂപീകരിക്കുന്നതിന്‌ അദ്ദേഹത്തിന്‌ പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. വർത്തമാന കാല ഇന്ത്യൻ സമൂഹത്തിൽ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. 1962 ൽ ശാസ്‌ത്രസാഹിത്യകാരന്മാരുടെ സംഘടനയായി അത്‌ രൂപീകരിക്കുന്നതിൽ പങ്കാളികളായ ഒരു ഡസനോളം പ്രഗത്ഭരിൽ മുന്നിൽ നിന്ന്‌ പ്രവർത്തിച്ചയാൾ അദ്ദേഹമായിരുന്നു. അങ്ങിനെയാണ്‌ അദ്ദേഹം പരിഷത്തിന്റെ ആദ്യത്തെ സെക്രട്ടറിയാകുന്നതും.

പിന്നീട്‌ അദ്ദേഹം ദേശീയ ശാസ്‌ത്രവേദി എന്ന മറ്റൊരു സംഘടനയുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ്‌ അസോസിയേഷന്റെയും സ്ഥാപക സെക്രട്ടറി അദ്ദേഹമായിരുന്നു. ജർമനിയിലെ ട്യൂബിൻഗൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്‌ട്ര പ്രത്യുൽപ്പാദന സമിതിയുടെ ആദ്യത്തെ സെക്രട്ടറി ജനറലും ഡോ. അടിയോടിയാണ്‌.

1965 ലെ എം പി പോൾ സമ്മാനവും 1979 ലെ ഐ എസ്‌ ഐ ആർ അന്താരാഷ്‌ട്ര ഫൗണ്ടേഷൻ അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അനേകം ജേർണലുകളുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. ജന്തുശാസ്‌ത്ര വിഭാഗത്തിൽ ചില ഇംഗ്ലീഷ്‌ കൃതികളും അദ്ദേഹം രചിച്ചു. കേരള സാഹിത്യ അക്കാദമി അതിന്റെ സുവർണജൂബിലി ഗ്രന്ഥാവലിയിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മകഥ `അന്വേഷണം' എന്ന പേരിൽ 2006 ൽ പ്രസിദ്ധീകരിച്ചു.

പ്രഗത്ഭനായ അധ്യാപകൻ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ ഗവേഷകൻ, കഴിവുറ്റ ശാസ്‌ത്രജ്ഞൻ, ഭാവനാശാലിയായ ഭരണാധിപൻ, വിദ്യാഭ്യാസ വിചക്ഷണൻ, ശാസ്‌ത്രസാഹിത്യകാരൻ, ഭാഷാസ്‌നേഹി എന്നീ നിലകളിലെല്ലാം ജ്വലിച്ചു നിന്നിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ``സംസ്‌കാര സമ്പന്നവും സൗന്ദര്യോന്മുഖവുമായ വീക്ഷണ ഗതിയോടെ വിഷയത്തിന്റെ ആഴവും പരപ്പും കണ്ടറിഞ്ഞ്‌ സാഹിത്യ സുന്ദരമായ ശാസ്‌ത്രപ്രതിപാദനം ആണ്‌ അദ്ദേഹം നടത്തിയിരുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു.

2001 മെയ്‌ 28ന്‌ അദ്ദേഹം നിര്യാതനായി. കോഴിക്കോട്‌ സർവകലാശാലയിലെ റിട്ട. സുവോളജി പ്രൊഫസർ ആയ ഡോ. റീത്ത ജി അടിയോടിയാണ്‌ അദ്ദേഹത്തിന്റെ സഹധർമിണി. മക്കൾ: നിർമൽ, ലക്ഷ്‌മി.

പ്രധാന കൃതികൾ:

തെയ്യവും തിറയും (1957)

ജീവന്റെ ഉത്ഭവവും ഭാവിയും (1963)

കേരളത്തിലെ വിഷപ്പാമ്പുകൾ (1965)

പ്രാഥമിക ജന്തുശാസ്‌ത്രം (1967)

ജീവികളുടെ പ്രകൃതി (1967)

ജീവനുള്ള ഭൂമി (1968)

`റീപ്രൊഡക്‌ടീവ്‌ ബയോളജി ഓഫ്‌ ഇൻവെർട്ടിബ്രേറ്റ്‌സ്‌' എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ എട്ടു വാല്യങ്ങളുടെ എഡിറ്റർ, അദ്ദേഹമായിരുന്നു.

"https://wiki.kssp.in/index.php?title=ഡോ.കെ.ജി.അടിയോടി&oldid=4539" എന്ന താളിൽനിന്ന് ശേഖരിച്ചത്