വികസന കോൺഗ്രസ് സമീപന രേഖ - ആരോഗ്യം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:48, 21 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yuvasamithichangathi (സംവാദം | സംഭാവനകൾ) (' '''കേരളത്തിന്റെ ആരോഗ്യരംഗം''' '''ഡോ. അനീഷ്‌ റ്റി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിന്റെ ആരോഗ്യരംഗം


ഡോ. അനീഷ്‌ റ്റി. എസ്‌.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ ലോകജനതയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ സുപ്രധാന വർഷങ്ങളായി കണക്കാക്ക പ്പെട്ടിരുന്നു. അതതുനാടുകളിലുള്ള ജനങ്ങളുടെ തന്നെ നേതൃത്വത്തിൽ തദ്ദേശീയമായ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി മറ്റ്‌ അനുബന്ധ മേഖലകളുടെ (വിദ്യാഭ്യാസം, കൃഷി തുടങ്ങിയവ) സഹായത്തോടെ ജനങ്ങളുടെ ആവശ്യങ്ങളുടെ തീവ്രത അനുസരിച്ച്‌ സേവനങ്ങൾ എത്തിക്കണമെന്ന തത്വശാസ്‌ത്രം ലോകാരോഗ്യ സംഘടന നടപ്പിൽ വരുത്താനുദ്ദേശിച്ചത്‌ ഈ വർഷങ്ങളിലായിരുന്നു. ഇത്തരത്തി ലുള്ള പ്രവർത്തനത്തിലൂടെ രണ്ടായിരമാണ്ടോടെ ?എല്ലാവർക്കും ആരോഗ്യം? എന്ന ലക്ഷ്യം സാക്ഷാത്‌ക്കരിക്കാൻ കഴിയുമെന്നാണ്‌ നാം സ്വപ്‌നം കണ്ടത്‌. എല്ലാ ജനതകളും അവരുടെ സാമൂഹ്യസാമ്പത്തിക അവസ്ഥകൾ ക്കനുസരിച്ച്‌, സാമൂഹ്യ ആരോഗ്യസൂചകങ്ങളെ, അവർക്ക്‌ ലക്ഷ്യം വയ്‌ക്കാവുന്ന പരമാവധി അവസ്ഥയിലെത്തിക്കുക എന്നതാണ്‌ ?എല്ലാവർക്കും ആരോഗ്യം? (Health for all) എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നത്‌. സഹസ്രാബ്‌ദത്തിന്റെ തുടക്കത്തിൽ നടന്ന അവലോകനങ്ങൾ കാണിച്ചത്‌, എല്ലാവർക്കും ആരോഗ്യം എന്ന കാമ്പയിൻ, പ്രത്യേകിച്ചും മൂന്നാം ലോകരാജ്യങ്ങളിൽ വലിയ ഒരളവിൽ പരാജയമായിരുന്നുവെന്നാണ്‌. അതുകൊണ്ട്‌്‌ തന്നെ രണ്ടായിരമാണ്ടിൽ ആരോഗ്യരക്ഷാ സൂചകങ്ങളുടെ കാര്യത്തിൽ കണ്ടെത്തേണ്ടിയിരുന്ന ലക്ഷ്യങ്ങളിൽ പലതും 2015-ാം മാണ്ടിലെങ്കിലും നേടണമെന്ന്‌ ലോകരാജ്യങ്ങൾ തീരുമാനിക്കുകയുണ്ടായി. ചെന്നെത്തിയ അവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിലും 1980 മുതൽ 2010 വരെയുള്ള മൂന്നുദശാബ്‌ദങ്ങൾ മൂന്നാം ലോക രാജ്യങ്ങൾ അവരുടെ ജനതയുടെ ആരോഗ്യത്തെപ്പറ്റി കൂടുതൽ ചിന്തിച്ചതും പ്രവർത്തിച്ചതുമായ വർഷങ്ങളായിരുന്നു. എച്ച്‌. ഐ. വി. എയ്‌ഡ്‌സ്‌ പോലെയുള്ള രോഗങ്ങൾ, ലോക സാമ്പത്തികമാന്ദ്യം, അറബ്‌- ആഫ്രിക്കൻ യുദ്ധങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും ആരോഗ്യം എന്ന കാമ്പയിൻ കുറച്ചൊക്കെ വിജയിപ്പിക്കാൻ ലോകരാജ്യങ്ങൾക്കു കഴിയുമായിരുന്നു. എന്നാൽ ഈ അവസരം ``സാമൂഹ്യമാറ്റങ്ങളിലൂന്നിയുള്ള ആരോഗ്യ നേട്ടം എന്ന മുദ്രാവാക്യത്തെ തമസ്‌കരിക്കുന്നതിനും ``ചികിത്സയിലൂന്നിയുള്ള ആരോഗ്യനേട്ടം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളെ ഉയർത്തികാട്ടുന്നതിനുമാണ്‌ ആഗോള മുതലാളിത്ത സമ്പത്‌വ്യവസ്ഥിതി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടു തന്നെ ദശാബ്‌ദങ്ങൾക്കുമുൻപ്‌ കേരളം പോലെയുള്ള ചില തുരുത്തുകൾ സാമൂഹ്യപുരോഗതിയെ ആരോഗ്യനേട്ടത്തിന്റെ ചവിട്ടു പടിയായി ഉപയോഗിച്ച അനുഭവം പ്രാധാന്യമർഹിക്കുന്നു. സ്വാതന്ത്ര്യാനന്തരമുള്ള മുപ്പതുനാല്‌പതു ദശകങ്ങളിൽ (1950-1985) നമ്മുടെ സംസ്ഥാനം ആരോഗ്യസൂചകങ്ങളുടെ കാര്യത്തിൽ ഉണ്ടാക്കിയ നേട്ടങ്ങൾ പട്ടിക 1 ൽ നൽകിയിരിക്കുന്നു. പട്ടിക 1 സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേരളത്തിന്റെ ആരോഗ്യ സൂചികകളിൽ ഉണ്ടായിട്ടുള്ള വ്യത്യാസം




ഈ കാലയളവിൽ കേരളം ആരോഗ്യത്തിന്റെ കാര്യത്തിൽ നേടിയിട്ടുള്ള പുരോഗതിയാണ്‌ പൊതുവേ ആരോഗ്യത്തിന്റെ കേരളാ മോഡൽ എന്ന്‌ അറിയപ്പെടുന്നത്‌. വികസിതരാജ്യങ്ങൾ-പ്രത്യേകിച്ചും ഉത്തരപശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ ആരോഗ്യത്തിന്റെ കാര്യത്തിൽ വൻപുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കേരള മാതൃക രണ്ട്‌ കാര്യങ്ങളാൽ അനന്യ മാണെന്നാണ്‌ പറയപ്പെടുന്നത്‌. ഒന്ന്‌ ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന്‌ ഒരു ജനത എന്ന നിലയിൽ നാം വളരെ ചുരുങ്ങിയ സമയം മാത്രമേ എടുത്തിട്ടുള്ളു. രണ്ട്‌ നാം ഈ നേട്ടങ്ങൾ കൈവരിച്ചത്‌ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ ചുരുങ്ങിയ ചെലവിലാണ്‌. ഇതിൽ രണ്ടാമത്തെ കാര്യം പൂർണ്ണമായും ശരിയല്ല എന്നു തോന്നുന്നു. ആരോഗ്യ നിലവാരം ഉയർത്തുന്നതിന്‌ ഒരു ജനത എന്ന നിലയിൽ നാം വളരെ കുറച്ചു മാത്രമേ ചെലവാക്കിയിട്ടുള്ളൂ എന്നു പറയുന്നത്‌ ഒരു അർദ്ധസത്യം മാത്രമാണ്‌. ആരോഗ്യരക്ഷയുടെ ചെലവ്‌ എന്നത്‌ സർക്കാരുകൾ ആരോഗ്യമേഖലയിൽ ചെലവാക്കുന്ന തുകയോ, പൗരൻ സ്വന്തം പോക്കറ്റിൽ നിന്നും ചികിത്സക്കായി ചെലവാക്കുന്ന തുകയോ മാത്രമല്ല, മറിച്ച്‌ ഒരു വീട്ടമ്മ കുടിക്കാനുള്ള വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഇന്ധനത്തിന്റെ ചെലവുപോലും അതിൽ ഉൾപ്പെടുന്നു. നമ്മുടെ ജനങ്ങളെ ആരോഗ്യ ശീലങ്ങളിലൂടെ നടത്തിക്കുന്നതിന്‌ ആരോഗ്യപ്രവർത്തകർ ചെലവിട്ട അധ്വാനവും: വിദ്യാഭ്യാസം, കൃഷി, ശുദ്ധജലം, മൃഗസംരക്ഷണം തുടങ്ങിയ അനുബന്ധമേഖലയിലുള്ള നിക്ഷേപങ്ങൾ വഴി ആരോഗ്യരക്ഷക്കായി നമ്മുടെ മുൻതലമുറ ചെലവിട്ട വിഭവങ്ങൾ (സമയം ഉൾപ്പടെ) തുടങ്ങിയവ രൂപയിലേക്കു മാറ്റാൻ കഴിഞ്ഞാൽ മനസ്സിലാകും, നാം കൈവരിച്ച നേട്ടങ്ങൾ ചെലവുകുറഞ്ഞവ ആയിരുന്നില്ലെന്ന്‌. 2008-ാം മാണ്ടിലെ ലോകആരോഗ്യ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന തന്നെ ഇത്‌ കണ്ടെത്തുന്നുണ്ട്‌. അതായത്‌ ആരോഗ്യം എന്നത്‌ കുറഞ്ഞ ചെലവിൽ നേടാൻ കഴിയുന്ന ഒന്നല്ല, മറിച്ച്‌ ശരിയായ നിക്ഷേപം ശരിയായ സ്ഥലത്ത്‌ നടത്തി മാത്രം നേടാൻ കഴിയുന്നതാണെന്ന്‌. എവിടെയാണ്‌ ഈ ശരിയായ ഇടം ? അടുത്തകാലത്ത്‌ അതായത്‌ കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത്‌ എന്തുസംഭവിക്കുന്നുവെന്നു നോക്കാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്ത്‌ പുതുതായി കണ്ടെത്തിയ (ഇതിനുമുൻപ്‌ ഇല്ലാതിരുന്ന) കുറച്ചുരോഗങ്ങളുടെ യും അവ ആദ്യമായി സംസ്ഥാനത്ത്‌ കണ്ടെത്തിയ വർഷത്തിന്റെയും ഒരു പട്ടിക താഴെ നൽകുന്നു. പട്ടിക 2 25 വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന്റെ ആരോഗ്യവ്യവസ്ഥിതിക്ക്‌ വെല്ലുവിളി ഉയർത്തുന്ന തരത്തിൽ പുതുതായി കടന്നുവന്ന രോഗങ്ങൾ



ഈ പട്ടികയിൽ പറഞ്ഞിട്ടുള്ളവയല്ലാതെ എച്ച്‌. ഐ. വി - എയ്‌ഡ്‌സ്‌, എച്ച്‌ 1 എൻ 1 ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങൾകൂടി സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന്‌ വെല്ലുവിളി ഉയർത്തി കടന്നുവെന്നുവെങ്കിലും ഈ രോഗങ്ങൾ അവപടർന്നു പിടിച്ച മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതായിരുന്നു. ഇതിനിടയിൽത്തന്നെ, ഒട്ടൊക്കെ കീഴടക്കിയെന്നു നാം വീമ്പു പറഞ്ഞിരുന്ന പല രോഗങ്ങളും നമ്മുടെ നാട്ടിലേക്ക്‌ തിരിച്ചെത്തുക യുണ്ടായി. സ്വാതന്ത്ര്യപൂർവ്വകാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ വ്യാപകമായിരുന്ന രോഗങ്ങളിലൊന്നായിരുന്നു, മലേറിയ. എന്നാൽ 1968 ആയപ്പോഴേക്ക്‌ നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ ആദ്യ മലേറിയ വിമുക്തസംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. അടുത്ത ഇരുപത്തിയ ഞ്ചോളം വർഷക്കാലം കേരളത്തിൽ, നമ്മുടെ നാട്ടിൽത്തന്നെയുണ്ടാകുന്ന മലേറിയ (മറുനാടുകളിലേക്ക്‌ പോകുന്നവരിൽ കൂടിയ തോതിൽ മലേറിയ കണ്ടെത്തുന്നുണ്ട്‌) നാമമാത്രമായിരുന്നു. എന്നാൽ 1995 ൽ തിരുവനന്ത പുരത്ത്‌ വലിയതുറ പ്രദേശത്ത്‌ വൻതോതിൽ മലേറിയ പടർന്നു പിടിക്കുകയുണ്ടായി. രണ്ടായിരത്തിലധികം ആളുകൾക്കാണ്‌ മലേറിയ വന്നതായി സ്ഥിരീകരിച്ചത്‌. ഇപ്പോഴും നമ്മുടെ നാട്ടിൽ അവിടവിടെയായി മലേറിയ കണ്ടെത്തുന്നുണ്ട്‌. മറ്റ്‌ നാടുകളിൽ നിന്നുള്ള തൊഴിലാളികളുടെ കടന്നുവരവുകൂടി ആയതോടെ ഇത്‌ വലിയ ഒരു പ്രശ്‌നമായി തീരാനുള്ള സാധ്യതകൾ നിലനിൽക്കുന്നു. ഒരു കാലത്ത്‌ തൂത്തെറിഞ്ഞുവെന്നു കരുതിയ മറ്റ്‌ പല രോഗങ്ങളും നമ്മുടെ നാട്ടിലേക്ക്‌ തിരിച്ചു വരുന്നുണ്ട്‌. ഏറെ നാളത്തെ ഇടവേളക്കുശേഷം 2010 ൽ കേരളത്തിൽ ഒരു കുട്ടിക്ക്‌ നവജാത ശിശുക്കളിലെ കുതിരസന്നി (Tetanus) കണ്ടെത്തുകയുണ്ടായി. നവജാതശിശുവിൽ ടെറ്റനസ്‌ ഉണ്ടാകുന്നത്‌ സാമൂഹ്യആരോഗ്യത്തിന്റെ തീരെ മോശം അവസ്ഥയെയാണ്‌ കാണിക്കുന്നത്‌. മാത്രമല്ല കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഡിഫ്‌തീരിയ പോലെയുള്ള, കുത്തിവെയ്‌പ്പിലൂടെ തടയാൻ കഴിയുന്ന രോഗങ്ങൾ അടിക്കടി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഇടങ്ങളിൽ, പ്രത്യേകിച്ചും തീര പ്രദേശങ്ങളിലോ ഗിരിവർഗ്ഗമേഖല കളിലോ മുറതെറ്റാതെ എന്നവണ്ണം കോളറ മിക്ക വർഷങ്ങളിലും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. പൊതുജനാരോഗ്യ സൂചകങ്ങളുടെ കാര്യത്തിൽ ഇത്രത്തോളമെത്തിയ സംസ്ഥാനത്ത്‌ അടിക്കടി കോളറ ഉണ്ടാവുക എന്നാൽ അത്‌ മറ്റൊരു നാണക്കേടാണ്‌. ക്ഷയരോഗം, അതും മരുന്നുകൾക്ക്‌ പിടികൊടുക്കാത്ത തരത്തിൽ തിരിച്ചുവരുന്നു വെന്നതും ചെള്ളുപനി (Scrubtyphus) പോലെയുള്ള രോഗങ്ങൾ തിരിച്ചെത്തുന്നു വെന്നതും, വടക്കൻ സംസ്ഥാനങ്ങളിൽ പരക്കെ കാണപ്പെടുന്ന കാലജ്വര (കാലഅസാർ) വുമായി സമാനതകളുള്ള ലീഷ്‌മാനിയാസിസ്‌ എന്ന രോഗം നമ്മുടെ നാട്ടിൽ കണ്ടെത്തിയെന്നുള്ളതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്‌തുതകളാണ്‌. ചുരുക്കത്തിൽ പകർച്ചവ്യാധികളുടെ കാര്യത്തിൽ നമ്മുടെ നാടിന്റെ അവസ്ഥ ഒട്ടും തന്നെ ശുഭകരമല്ല. പുത്തൻരോഗങ്ങൾ കടന്നുവന്നുവെന്നു പറയുമ്പോൾ അത്‌ ചുരുക്കം ചിലരെ ബാധിച്ചു കടന്നുപോവുകയായിരുന്നില്ല എന്ന വസ്‌തുത കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്‌. എലിപ്പനി എന്ന രോഗം നമ്മുടെ നാട്ടിൽ കണ്ടെത്തിയിട്ട്‌ അധികം നാളുകൾ ആയിട്ടില്ല എങ്കിലും ഒരോ ജില്ലയിലും ഓരോ വർഷവും ഇത്‌ നൂറുകണക്കിന്‌ ആളുകളെ ബാധിക്കുന്നുണ്ട്‌. മാത്രമല്ല എലിപ്പനി പലപ്പോഴും മരണത്തിൽ കലാശിക്കുകയും ചെയ്യുന്നു. അതേസമയം എലിപ്പനിക്കു കാരണമായ മൃഗങ്ങൾ എലികൾ മാത്രമാണോ? കന്നുകാലികൾ നമ്മുടെ നാട്ടിൽ എത്രത്തോളം എലിപ്പനിയുണ്ടാക്കുന്നുണ്ട്‌? തുടങ്ങിയ വളരെ അടിസ്ഥാനപരമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾപോലും നമുക്കറിയില്ല എന്നതാണ്‌ വസ്‌തുത. തൊഴിലുറപ്പു പദ്ധതിക്കും മറ്റും പോകുന്നവർക്ക്‌ ഡോക്‌സിസൈക്ലിൻ എന്ന ഗുളിക എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി നൽകി വരുന്നുണ്ട്‌. എന്നാൽ ഇതു പോലും എത്രത്തോളം ഫലപ്രദമാണ്‌ എന്ന്‌ നമുക്ക്‌ ഇപ്പോഴും അറിയില്ല. പിന്നീട്‌ കടന്നുവന്ന ഡെങ്കിപ്പനി ആയിരക്കണക്കിന്‌ ആളുകളെ പ്രത്യേകിച്ചും നമ്മുടെ കുട്ടികളെ ഇപ്പോഴും ബാധിക്കുകയും പലപ്പോഴും മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ചിക്കൻഗുനിയ ആകട്ടെ അത്‌ പടർന്നുപിടിച്ച ഇടങ്ങളിൽ താമസിക്കുന്ന പകുതിയിലധികം ആളുകളെ ബാധിച്ച ഒരു രോഗമാണ്‌. ഒരു ജനതയുടെ പകുതിയിലധികം ആളുകളെ ഒരു പകർച്ചവ്യാധി ബാധിക്കുക എന്നത്‌ ഏതൊരു ആരോഗ്യ വ്യവസ്ഥിതിക്കും നാണക്കേടാണ്‌. എന്നാൽ ഈ രോഗങ്ങൾക്കൊന്നും തന്നെ പ്രതിരോധ കുത്തിവയ്‌പുകൾ കണ്ടെത്താൻ നമുക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല. നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഈ രോഗങ്ങളെല്ലാം തന്നെ പകരുന്നതിനുള്ള ഏറ്റവും പ്രധാന കാരണം പരിസരശുചിത്വമില്ലായ്‌മയാണ്‌ എന്നതാണ്‌. ഇതിലും പരിതാപകരമാണ്‌ പകർച്ചേതരവ്യാധികളുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ അവസ്ഥ. നേരിട്ടോ വായു, ജലം തുടങ്ങിയ മാധ്യമങ്ങളിലൂടെയോ മറ്റ്‌ ജീവികൾ മുഖാന്തിരമോ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരാത്ത രോഗങ്ങളാണ്‌ പകരാവ്യാധികൾ അല്ലെങ്കിൽ പകർച്ചേതരവ്യാധികൾ എന്നറിയപ്പെടുന്നത്‌. രക്താതി സമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, മാനസിക രോഗങ്ങൾ, അർബുദങ്ങൾ, ആസ്‌ത്മ, ശ്വാസംമുട്ടൽ, മുറിവുകൾ തുടങ്ങി ഇത്തരം രോഗങ്ങളിൽ ഏതെടുത്താലും നമ്മുടെ സംസ്ഥാനത്തിന്റെ രോഗാതുരതാ നിരക്കുകൾ രാജ്യത്തിന്റെ മറ്റ്‌ ഏതൊരു പ്രദേശത്ത്‌ ഉള്ളതിനേക്കാൾ വളരെ വളരെ കൂടുതലാണ്‌ എന്നു കാണുമ്പോൾ കഴിയും. മാത്രമല്ല രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ പക്ഷാഘാതം എന്നിവയുടെ നിരക്കിൽ നമ്മുടേതിന്‌ സമാനമായ അന്തരീക്ഷം ലോകത്തിൽ തന്നെ മറ്റൊരിടത്തും നിലൽക്കുന്നില്ല എന്നതാണ്‌ അവസ്ഥ. സംസ്ഥാനത്തിന്റെ ഹൃദയാഘാത ത്തിന്റെ നിരക്കിനെ ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്‌ത പട്ടിക താഴെ നൽകിയിരിക്കുന്നു. പട്ടിക 3 ഹൃദ്രോഗംമൂലമുള്ള മരണനിരക്ക്‌ കേരളം, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ ഒരു ലക്ഷം ആളുകളിൽ ഒരു വർഷം എന്ന തോതിൽ (സഹസ്രാബ്‌ദത്തിന്റെ തുടക്കത്തിലുള്ള കണക്ക്‌)




രോഗാതുരത മാത്രമല്ല, വളരെ ഉയർന്ന മരണസാധ്യതയും താങ്ങാനാവാത്ത ചികിത്സാചെലവും ഇത്തരം രോഗങ്ങൾ നമ്മിലേക്ക്‌ എത്തിക്കുന്നു. ഒരു ശരാശരി മലയാളി പ്രതിവർഷം അയ്യായിരം രൂപക്കു മുകളിൽ ചികിത്സക്കായി ചെലവാക്കുന്നുവെന്നും അതിൽത്തന്നെ മുന്നിൽ രണ്ട്‌ ഭാഗവും പകർച്ചേതരവ്യാധികളുടെ തുടർചികിത്സക്കായിട്ടാണ്‌ ചെലവഴിക്കുന്നത്‌ എന്നും കേരളാശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്‌. മരണകാരണങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ഇത്തരം രോഗങ്ങളാണ്‌ നമ്മുടെ ഗ്രാമപ്രദേശത്തു പോലും മരണങ്ങൾക്ക്‌ പൊതുവായിട്ടുള്ളത്‌ എന്നു കാണാവുന്നതാണ്‌. രാജ്യത്ത്‌ 60 ശതമാനം മാത്രമാണ്‌ പകരാരോഗങ്ങൾ കാരണമുള്ള മരണങ്ങളെങ്കിൽ സംസ്ഥാനത്ത്‌ ഇത്‌ 95 ശതമാനത്തോളം വരും. ജനങ്ങളുടെ മരണ കാരണങ്ങളെപ്പറ്റി യശ:ശരീരനായ ഡോ. സി. ആർ. സോമൻ വർക്കല (തിരുവനന്തപുരം) പ്രദേശത്തു നടത്തിയ ചില പഠനങ്ങളിലെ വിവരങ്ങൾ പട്ടിക 4 ൽ നൽകിയിരിക്കുന്നു. ചുരുക്കത്തിൽ പുത്തൻപകർച്ചവ്യാധികളും ദിനംപ്രതി വർദ്ധിക്കുന്ന പകരാവ്യാധികളുടെ പ്രാചുര്യവും കൂടി സംസ്ഥാനത്തിന്റെ രോഗാതുരത വളരെ രൂക്ഷമാക്കി കൊണ്ടിരിക്കുന്നു. പട്ടിക 4 സംസ്ഥാനത്ത്‌ നിലനിൽക്കുന്ന മരണകാരണങ്ങൾ, തെക്കൻ കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്‌





നിലനിൽക്കുന്ന അവസ്ഥ ഇതാണെന്നിരിക്കെ, നാം എന്താണ്‌ ചെയ്‌തു കൊണ്ടിരിക്കുന്നത്‌ ദേശീയ ആരോഗ്യനയത്തിന്റെ ചുവടുപിടിച്ചും അല്ലാതെയും രാജ്യത്ത്‌ കാലാകാലങ്ങളായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ദേശീയ ആരോഗ്യ പരിപാടി പ്രവർത്തനങ്ങളാണ്‌ രാജ്യത്തുടനീളം, സംസ്ഥാനത്തും നടന്നു കൊണ്ടിരിക്കുന്ന പ്രധാന ആരോഗ്യ ഇടപെടലുകൾ. എന്നാൽ കേരളം എന്നത്‌ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു ചെറിയ ഭാരതമല്ല എന്ന വസ്‌തുത നാം മറന്നു പോകുന്നു. മിക്കരോഗങ്ങളുടെയും കാര്യത്തിൽ രാജ്യത്തു നിലനില്‌ക്കുന്നതിൽ നിന്നും തുലോം വ്യത്യസ്‌തമാണ്‌ സംസ്ഥാനത്തിന്റെ സ്ഥിതി. രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്ന ദേശീയ ആരോഗ്യപരിപാടികളുടെ ഒരു പട്ടിക താഴെ നൽകുന്നു. പട്ടിക 5 രാജ്യത്ത്‌ നിലനിൽക്കുന്ന ദേശീയ ആരോഗ്യ പരിപാടികൾ, അവ നിലവിൽ വന്ന വർഷം






സംസ്ഥാനത്തിന്റെ സവിശേഷമായ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന്‌ ദേശീയ ആരോഗ്യ പരിപാടികൾ അതിന്റെ ഘടനയിൽ തന്നെ പര്യാപ്‌തമല്ല എന്ന വസ്‌തുത മേൽ പറഞ്ഞ പട്ടികയിൽ വ്യക്തമാണ്‌. ഉദാഹരണത്തിന്‌ കൊതുകുജന്യരോഗങ്ങളുടെ കാര്യത്തിൽ രാജ്യത്തിന്റെ മുൻഗണന മലേറിയക്കു തന്നെയാണ്‌. നമ്മുടെ പ്രശ്‌നങ്ങളായ ഡെങ്കി, ചിക്കൻ ഗുനിയ തുടങ്ങിയവയെ നേരിടുന്നത്‌ ദേശീയ മലേറിയ പരിപാടിയുടെ കൂട്ടിച്ചേർക്കലായ NVBDCP (National Vector Borne Disease Control Programme) എന്ന പരിപാടിയിലൂടെയാണ്‌. നമ്മുടെ മറ്റൊരു പ്രധാന പ്രശ്‌നമായ എലിപ്പനിയെ നേരിടുന്നതിനുള്ള സംഘടിത ശ്രമങ്ങൾക്കായി ഈ രോഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പടർന്നുപിടിക്കുകയും അതിന്‌ ഒരു ദേശീയ ആരോഗ്യപരിപാടിയുടെ ചട്ടക്കൂട്‌ കൈവരികയും ചെയ്യുന്ന കാലംവരെ കാത്തിരിക്കണമെന്നു തോന്നുന്നു. കുത്തിവെയ്‌പ്പുകൊണ്ട്‌ തടയിടാൻ കഴിയും എന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന രോഗങ്ങളായ അഞ്ചാംപനി, ഡിഫ്‌തീരിയ, ടെറ്റനസ്‌ (കുതിരസന്നി), വില്ലൻചുമ തുടങ്ങിയവ നമ്മുടെ സംസ്ഥാനത്ത്‌ അത്യപൂർവ്വമാണ്‌. ഏതൊരു സമൂഹവും രോഗത്തിന്റെ പ്രാചുര്യത്തിന്റെ കാര്യത്തിൽ ഇത്തരം ഒരു അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ അത്തരം രോഗങ്ങളെ പൂർണ്ണമായും ഇല്ലായ്‌മ ചെയ്യാൻ അല്ലെങ്കിൽ നിർമ്മാർജ്ജനം ചെയ്യാനാണ്‌ ശ്രമിക്കാറുള്ളത്‌. ഇന്ത്യമഹാരാജ്യത്തിന്റെ കാര്യത്തിൽ ഈ രോഗങ്ങളുടെ പ്രാചുര്യം ഇപ്പോഴും ഉയർന്നു നിൽക്കുന്നതിനാൽ ദേശീയ ആരോഗ്യപരിപാടികൾ ഒന്നും തന്നെ (ഒരു പക്ഷേ പോളിയോ ഒഴികെ) രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയല്ല നടപ്പിലാക്കി കൊണ്ടിരിക്കുന്നത്‌. എന്നാൽ നമ്മുടെ സംസ്ഥാനവും ദേശീയ ആരോഗ്യപരിപാടികളെ കണ്ണുമടച്ച്‌ പിന്തുടരുന്നതല്ലാതെ ഈ രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നില്ല. അതുകൊണ്ട്‌ തന്നെ ഈ രോഗങ്ങൾ ഏറിയും കുറഞ്ഞും സംസ്ഥാനത്ത്‌ പ്രത്യക്ഷപ്പെടുകയും നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ആരോഗ്യവും ജീവനും കവർന്നെടുക്കുകയും ചെയ്യുന്നു. കുത്തിവെയ്‌പുകൾകൊണ്ട്‌ തടയാവുന്ന രോഗങ്ങൾ മാത്രമല്ല, ക്ഷയരോഗം, കുഷ്‌ഠരോഗം, മലമ്പനി, കോളറ തുടങ്ങി ഒരു പിടി രോഗങ്ങൾ പൂർണ്ണമായും സംസ്ഥാനത്ത്‌ ഇല്ലായ്‌മ ചെയ്യുന്നതിന്‌ നമുക്ക്‌ കഴിയും. എന്നാൽ ദേശീയ ആരോഗ്യപരിപാടികളെ പിന്തുടർന്നതുകൊണ്ട്‌ മാത്രം അത്‌ നടക്കില്ല. രാജ്യത്ത്‌ നിലനിൽക്കുന്ന ആരോഗ്യപരിപാടികളുടെ ഒരു പൊതുവായ മറ്റൊരു ദോഷം അത്‌ ഊന്നൽ നൽകുന്നത്‌ രോഗ ചികിത്സക്കാണ്‌ എന്നതാണ്‌. ലോകത്ത്‌ ഒരു രാജ്യവും ചികിത്സ കൊണ്ട്‌ മാത്രം ഒരു രോഗത്തെയും ഇല്ലായ്‌മചെയ്‌തിട്ടില്ല എന്നു മാത്രമല്ല രാജ്യങ്ങളിൽ നിന്നും രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്‌തിട്ടുള്ളത്‌, എല്ലായ്‌പ്പോഴും തന്നെ സാമൂഹ്യഘടകങ്ങളിൽ മനപൂർവ്വമോ അല്ലാതെയോ നടത്തിയിട്ടുള്ള ഇടപെടലുകളിലൂടെയാണ്‌. ക്ഷയരോഗികളെ ചികിത്സിച്ച്‌ മാത്രം ക്ഷയരോഗം ഇല്ലാതെയാക്കാമെന്നുളളത്‌ ഒരു മിഥ്യാധാരണയാണ്‌. കാരണം സമൂഹത്തിൽ ക്ഷയരോഗികളുടെയും കുഷ്‌ഠരോഗികളുടെയും എണ്ണം പെരുകുന്നതിനു പിന്നിൽ ഒരു പാട്‌ സാമൂഹ്യ രാഷ്‌ട്രീയ സാഹചര്യങ്ങളുണ്ട്‌. അവയിൽ ഇടപെടാതെ രോഗങ്ങൾ ഒരു പരിധിയിലധികം കുറയില്ല. ഈ രോഗങ്ങളുടെ പ്രാചുര്യം ഒട്ട്‌ കുറഞ്ഞിരിക്കുന്നു എന്നതുകൊണ്ട്‌ തന്നെ സംസ്ഥാനത്ത്‌ ക്ഷയരോഗികളു ണ്ടാവുന്നത്‌ തടയാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കുവേണം ഊന്നൽ കൊടുക്കുവാൻ. ദാരിദ്ര്യനിർമ്മാർജ്ജനത്തിലൂയെയും പുകവലി നിയന്ത്രണത്തിലൂടെയും മറ്റ്‌ സാമൂഹ്യമാർഗ്ഗങ്ങളിലുടെയും ആയിരിക്കും ഇത്‌ സാധ്യമാവുക. പകർച്ചേതര വ്യാധികളുടെ കാര്യത്തിലും മറ്റൊന്നല്ല സംഭവിക്കുന്നത്‌. നമ്മുടെ കുട്ടികളെ രക്താതിസമ്മർദ്ദത്തിനും പ്രമേഹത്തിനും അടിമപ്പെടുത്തുന്ന സാമൂഹ്യരാഷ്‌ട്രീയഘടകങ്ങളെ നാം അവഗണിക്കുന്നു. രോഗികളുടെ ചികിത്സക്കാണ്‌ പ്രാമുഖ്യം. ഈ രോഗങ്ങളുടെ ചികിത്സക്കായി പോലും വിപുലമായ ഒരു ദേശീയ പരിപാടി നടപ്പിലാക്കാൻ തുടങ്ങിയത്‌ അടുത്ത ഇടയ്‌ക്കാണ്‌. അതേസമയം പകർച്ചേതരവ്യാധികളുടെ പ്രാചുര്യവും അതുണ്ടാക്കുന്ന സങ്കീർണ്ണതകളും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ രൂക്ഷമാണ്‌. നാളിതുവരെ ആരോഗ്യരംഗത്ത്‌ വിപുലമായ സംസ്ഥാന ആവിഷ്‌കൃത പദ്ധതികൾ ഒന്നും തന്നെ നാം നടപ്പിലാക്കിയിട്ടില്ല. ഏതൊരു ഒരു ആരോഗ്യപരിപാടി പ്രധാനമായും ലക്ഷ്യം വയ്‌ക്കേണ്ടത്‌ ഭാവിയേയാണ്‌. രോഗമുണ്ടാക്കുന്ന സാമൂഹ്യ രാഷ്‌ട്രീയ സാഹചര്യങ്ങളെ നിലനിർത്തിക്കൊണ്ട്‌, രോഗചികിത്സ പ്രധാന ലക്ഷ്യമാക്കിയാൽ അത്‌ സഹായിക്കാൻ പോകുന്നത്‌ ജനങ്ങളെ ആയിരിക്കുകയില്ല. രോഗം വരാതെ നോക്കലാണ്‌ രോഗ ചികിത്സയെക്കാൾ പ്രധാനം എന്ന തത്വശാസ്‌ത്ര പ്രസംഗത്തിൽ മാത്രം പോരാ എന്നർത്ഥം. 1. ആരോഗ്യനയത്തിന്റെ പ്രാധാന്യം ഇന്ത്യാമഹാരാജ്യത്തിന്‌ 1980 കൾ മുതൽ ഒരു ആരോഗ്യ നയമുണ്ട്‌. 2002-ാം മാണ്ടിൽ ഇത്‌ പരിഷ്‌ക്കരിക്കുകയും ലക്ഷ്യങ്ങൾ പുനർ നിർവ്വചിക്കുകയും ചെയ്‌തു. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ മേനി നടിക്കുന്ന നമ്മുടെ സംസ്ഥാനത്തിന്‌ സ്വന്തമായി ഒരു ആരോഗ്യനയം ഇല്ല എന്നത്‌ പൊതുജനാരോഗ്യ രംഗത്തെ ഒട്ടേറെ വിദഗ്‌ധർ പല സമയങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. എന്തായാലും സംസ്ഥാന സർക്കാർ ഈ വർഷം ഒരു കരട്‌ ആരോഗ്യനയം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ചർച്ചകൾക്കായി ഗവൺമെന്റ്‌ വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ആരോഗ്യ നയത്തിന്റെ ഒരു വിലയിരുത്തലിന്‌ ഇവിടെ മുതിരുന്നില്ല. എങ്കിലും നിയുക്ത ആരോഗ്യ നയത്തിന്റെ 20-ാം പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇതിന്റെ ലക്ഷ്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്‌ എന്നു തോന്നുന്നു. മൊത്തത്തിലുള്ള പുരോഗതിയുടെ ഉൽപന്നമായി ആരോഗ്യത്തെ പ്രതിഷ്‌ഠിക്കുക എന്നതാണ്‌ ഒന്നാം ലക്ഷ്യം സാമ്പത്തികവും സാങ്കേതികവും മാനുഷികവുമായ വിഭവശേഷി ഉറപ്പുവരുത്തുക എന്നതാണ്‌ രണ്ടാംലക്ഷ്യം. ഒരു കാര്യം മാത്രം പറയാൻ ഉദ്ദേശിക്കുന്നത,്‌ ശിശുമരണനിരക്ക്‌ മുപ്പതിൽ താഴേക്കുകൊണ്ടു വരിക എന്ന ദേശീയനയം നൽകുന്ന കൃത്യത ഈ ഡോക്കുമെന്റ്‌ ഒരിടത്തും നൽകുന്നില്ല. ആരോഗ്യനയത്തിൽ നിന്നാണ്‌ ആരോഗ്യരംഗത്തെ പ്രവർത്തന ങ്ങൾക്ക്‌ ഘടനയും ലക്ഷ്യവും കൈവരുന്നത്‌ എന്നതുകൊണ്ട്‌ തന്നെ മെച്ചപ്പെട്ട ആരോഗ്യ നയം സംസ്ഥാനത്തിന്റെ അടിസ്ഥാനപരവും ആസന്നവുമായ ആവശ്യമാണ്‌. ഇതിനായി സംസ്ഥാനത്ത്‌ നിലനിൽക്കുന്ന ആരോഗ്യ സൂചകങ്ങളുടെ കൃത്യമായ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുകയും ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലും ഈ സൂചികകൾ എവിടെ ചെന്നു നിൽക്കണമെന്ന്‌ കണക്കാക്കുകയും അതിന്‌ ഉതകുന്ന തരത്തിൽ ആരോഗ്യപരിപാടികൾ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും വേണം. 2) പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തുനിന്നും നിർമ്മാർജ്ജനം ചെയ്യാവുന്നതോ നിയന്ത്രിച്ചു നിർത്താവുന്നതോ ആയ ഒട്ടനവധി പകർച്ചവ്യാധികളുണ്ട്‌. ശുചിത്വം, സുരക്ഷിതമായ കുടിവെള്ളവും ആഹാരവും, കൊതുകുനിയന്ത്രണം, പ്രതിരോധ കുത്തിവയ്‌പുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഊന്നിവേണം പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നത്‌. ഈ മേഖലകളിൽ ജനങ്ങളിൽ അവബോധമുണ്ടാക്കുകയും വേണ്ടി വന്നാൽ നിയമനടപടികളുടെ സഹായം തേടുകയും വേണം. കുത്തിവെയ്‌പുകളുടെ കാര്യത്തിൽ ആവശ്യമുള്ള കുത്തിവയ്‌പ്പുകൾ എല്ലാ കുട്ടികൾക്കും കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ്‌ കമ്പോളസ്വാധീനത്തിനു വഴങ്ങി നടപ്പിലാക്കാൻ സാദ്ധ്യതയുള്ള അനാവശ്യകുത്തിവയ്‌പുകളെ തടയുന്നതും. 3. പകർച്ചേതരവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ പകർച്ചേതരവ്യാധികളെ മരുന്നുകൾകൊണ്ട്‌ മാത്രം നേരിടാൻ ശ്രമിക്കുന്ന, നിലനിൽക്കുന്ന വ്യവസ്ഥിതിക്ക്‌ ബദലായി പുകവലി, ഭക്ഷണ ശീലങ്ങൾ, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കണം. രോഗനിർണ്ണയത്തിനും ചികിത്സയ്‌ക്കും നിലനിൽക്കുന്ന സർക്കാർ/ ഇതര ചട്ടക്കൂടുകളെ തകർക്കാതെ തന്നെ രോഗനിർണ്ണയവും ചികിത്സയും കൂടി നടത്തുന്ന രീതിയിലായിരിക്കണം ഈ പരിപാടി. സംസ്ഥാനത്ത്‌ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പകർച്ചേതരവ്യാധി നിയന്ത്രണപരിപാടി ഈ രീതിയിൽ പൊളിച്ചെഴുതണം. 4) രോഗചികിത്സയുടെ ലഭ്യത ഉറപ്പാക്കുക രോഗനിർണ്ണയവും ചികിത്സയും സർക്കാർ മേഖലയിൽ തന്നെ പ്രാഥമിക ആരോഗ്യസംരക്ഷണത്തിന്റെ (പ്രൈമറി ഹെൽത്ത്‌കെയർ) സെന്ററിന്റെ തത്വങ്ങളെ മുൻനിർത്തി വളർത്തികൊണ്ടുവരേണ്ടതാണ്‌. പ്രാഥമികആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ രോഗങ്ങളുടെ നിർണ്ണയത്തിനും ചികിത്സയ്‌ക്കുമുള്ള സങ്കേതങ്ങൾ വർദ്ധിപ്പിക്കുക, ഡോക്‌ടർമാർ ഉൾപ്പെടെയുള്ള സേവന ദാതാക്കളുടെ ശേഷി ഉയർത്തുക, ആരോഗ്യസുരക്ഷാപ്രവർത്തനങ്ങളിൽ ഫീൽഡ്‌പ്രവർത്തനങ്ങളുടെ പ്രാമുഖ്യം തിരിച്ചു കൊണ്ടുവരിക തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഈ മേഖലയിൽ നടപ്പിൽ വരുത്തേണ്ടതുണ്ട്‌. 5) ചികിത്സാ ചെലവ്‌ കുറയ്‌ക്കുക ചികിത്സാചെലവ്‌ ദിനംപ്രതിയെന്നോണം വർദ്ധിച്ചുവെന്നതും, അതു താങ്ങാൻ കഴിയാത്ത ഒരു വലിയ ജനവിഭാഗം ഇവിടെയുണ്ടെന്നതും, ചെലവിന്റെ ഭാരം കുടുംബത്തിന്റെ ചുമലിൽ നിന്നും മാറ്റി സമൂഹത്തിന്റെ കടമയാക്കി മാറ്റുന്നതിനുള്ള ഫലപ്രദമായ സങ്കേതങ്ങളൊന്നും സംസ്ഥാനത്ത്‌ ഇല്ല എന്നതും ഒരു വസ്‌തുതകളാണ്‌. ഇതിനായി ഫലപ്രദമായ ഒരു മാർഗ്ഗം നാം വികസിപ്പിച്ച്‌ എടുക്കേണ്ടതുണ്ട്‌. അതേസമയം നമ്മുടെ നാട്ടിലും മറുനാടുകളിലും പരാജയമാണെന്ന്‌ തെളിഞ്ഞ ഇൻഷുറൻസ്‌ എന്ന ഉപാധിയാണ്‌ കമ്പോളശക്തികളുടെ സ്വാധീനത്തിനു വഴങ്ങി സർക്കാരുകൾ മുന്നോട്ടുവയ്‌ക്കുന്നത്‌. എന്നാൽ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾ കാലാകാലങ്ങളായി സ്വീകരിച്ചുവന്ന നികുതിയിലൂന്നിയുള്ള, സർക്കാർ മേഖലയിലൂടെയുള്ള രോഗചികിത്സ എന്നതത്വം കേരളത്തിലെങ്കിലും നാം സ്ഥാപിച്ചെടുക്കേണ്ടതുണ്ട്‌. ഇത്‌ നമ്മുടെ പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന്‌ വളരെയേറെ ഉപകരിക്കു മെന്നതും തർക്കറ്റ വസ്‌തുതയാണ്‌. 6. പിന്നോക്ക / പാർശ്വവൽകൃത ജനതയ്‌ക്കുള്ള പ്രത്യേക കരുതൽ വയനാട്ടിൽ അടിക്കടി ഉണ്ടാകുന്ന കോളറ ബാധ, അട്ടപ്പാടിയിലെ ഉയർന്ന ശിശമരണ നിരക്ക്‌, അരിവാൾ രോഗം-കാലഅസർ തുടങ്ങിയ അപൂർവ്വ രോഗങ്ങളുടെ സാന്നിദ്ധ്യം തുടങ്ങി ഏതു മാനദണ്‌ഡങ്ങൾ വച്ചു നോക്കിയാലും പാർശ്വവൽകൃതജനവിഭാഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്നുകാണാം. ആദിവാസികളെ കൂടാതെ മീൻപിടുത്തത്തിലേർപ്പെടുന്നവർ, നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നവർ, സ്വന്തമായി പാർപ്പിടമില്ലാത്തവർ തുടങ്ങിയ ആളുകളുടെ മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നു തൊഴിലെടുക്കുന്നവർ, സ്‌ത്രീകൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പോലും പാർശ്വവൽകൃത മാണെന്നു കാണാൻ കഴിയും. ഇതിൽത്തന്നെ ആദിവാസികളുടെ പ്രശ്‌നങ്ങൾ നമ്മുടെ സാമൂഹ്യ ആരോഗ്യ സ്ഥിതിയെ എത്രകണ്ട്‌ പിന്നോക്കം വലിച്ചിരിക്കുന്നുവെന്നതിന്‌ അട്ടപ്പാടി ഒരു വലിയ ദൃഷ്‌ടാന്തമാണ്‌. ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ വികസന മേഖലകളിലും പ്രകടമായ സ്‌ത്രീപുരുഷ അനുപാതം നിലനിൽക്കുന്നുണ്ട്‌. അന്യദേശത്തൊഴിലാളികളുടെ കാര്യത്തിലാകട്ടെ, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ - പ്രത്യേകിച്ചും പകർച്ചവ്യാധികൾ പൊതുസമൂഹ ത്തിന്റെ ആരോഗ്യത്തിനുതന്നെ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നു. 7. നിയമങ്ങൾ/ പ്രോട്ടോകോളുകൾ / വ്യവസ്ഥകൾ ഇവയുടെ അഭാവം കേരളത്തിന്‌ ഇന്നും ഒരു ഏകീകൃത പൊതുജനാരോഗ്യനിയമം ഇല്ലാ എന്നതും ഉള്ളതുതന്നെ ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുക്കൊച്ചിയിലും രൂപപ്പെട്ട അമന്റുചെയ്യപ്പെടാത്ത പഴഞ്ചൻനിയമങ്ങളാണെന്നതും ഈ മേഖലയിൽ ഇടപെടേണ്ടതിന്റെ അനിവാര്യത വിളിച്ചറിയിക്കുന്നുണ്ട്‌. സ്വകാര്യ ലാബുകൾ, ആശുപത്രികൾ, ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനും ക്രിയാത്മക വ്യവസ്ഥകൾ ഒന്നും തന്നെ സംസ്ഥാനത്ത്‌ നിലനിൽക്കുന്നില്ല. രോഗചികിത്സയെയോ രോഗ നിർണ്ണയത്തെയോ സംബന്ധിച്ച ഏകീകൃതപ്രോട്ടോകോളുകൾ, സർവ്വീസു കളുടെ ചാർജ്ജുകളുടെ ക്ലിപ്‌ത തുടങ്ങിയവയും തുച്ഛമായ ഇടങ്ങളിൽ മാത്രമേ നിലവിലുള്ളു. 8) വസ്‌തുതകൾ ശേഖരിക്കൽ/ വസ്‌തുതകൾക്കനുസരിച്ചുള്ള ഇടപെടൽ/ ഗവേഷണ പ്രവർത്തനങ്ങൾ നിലനിൽക്കുന്ന വസ്‌തുതകളെക്കുറിച്ചുളള തിരിച്ചറിവും അതനുസരിച്ചുള്ള ഇടപെടലുകളും ഇടപെടലുകളുടെ ഫലപ്രാപ്‌തിയെ പ്പറ്റിയും മറ്റും നിർണ്ണയിക്കുന്ന ഗവേഷണ പ്രവർത്തനങ്ങളുമാണ്‌ ആരോഗ്യരംഗത്തിന്റെ ഉന്നമനത്തിന്റെ കാതൽ. ഈ പ്രവർത്തനങ്ങൾ നമ്മുടെ സംസ്ഥാനത്ത്‌ ശുഷ്‌കമാണ്‌ എന്നു കാണാം. ചില കേന്ദ്രആവിഷ്‌കൃത പദ്ധതികളിലും മറ്റും നടന്നു വരുന്ന ദേശീയ അടിസ്ഥാനത്തിലുള്ള വസ്‌തുത ശേഖരിക്കൽ, ചില ഗവേഷണ സ്ഥാപനങ്ങൾ നടത്തുന്ന ചെറിയ ചെറിയ പ്രവർത്തനങ്ങൾ ഇവ മാത്രമാണ്‌ വെളിച്ചം കാണുന്ന ഗവേഷണ പ്രവർത്തനങ്ങൾ . മെഡിക്കൽ കോളേജുകളിലും മറ്റും നടക്കുന്ന തീസ്സിസ്സ്‌ പ്രവർത്തനങ്ങളും മറ്റും അതതു സ്ഥാപന ലൈബ്രറികളുടെ നാലുചുമരുകൾക്കുള്ളിൽത്തന്നെ ഒതുങ്ങി പ്പോവുകയാണ്‌ ചെയ്യുന്നത്‌. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ അപൂർവ്വമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു. അതേസമയം ശേഖരിക്കപ്പെടുന്ന വിവരങ്ങൾ മിക്കപ്പോഴും വസ്‌തു നിഷ്‌ടമല്ല എന്നു മാത്രമല്ല വാസ്‌തവ വിരുദ്ധവുമാകുന്നു എന്നതാണ്‌ വസ്‌തുത. ചുരുക്കത്തിൽ കേരള മോഡൽ എന്നറിയപ്പെട്ടിരുന്ന, സംസ്ഥാനത്തു നിലനിന്നിരുന്ന ആരോഗ്യ വ്യവസ്ഥിതിയെ പിൻപറ്റുന്നതിന്‌ മാറിയ പശ്‌ചാത്തലത്തിൽ നാം വളരെ ദൂരം പോകണമെന്നു തോന്നുന്നു.