ജാപ്പനീസ് മസ്തിഷ്കജ്വരവും കൊതുകു നിവാരണവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:03, 20 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' ഭൂമിയിൽ നിലനിൽപ്പിനും അധീശത്വം സ്ഥാപിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൂമിയിൽ നിലനിൽപ്പിനും അധീശത്വം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വേഗംകൊണ്ട് സമയത്തേയും ദൂരത്തേയും കീഴടക്കി അന്യഗ്രഹങ്ങളിൽ പോലും അധീശത്വം സ്ഥാപിച്ച മനുഷ്യന് ഇന്നും ഏറ്റവും കൂടുതൽ ഭയമുള്ളത് സാംക്രമിക രോഗങ്ങളെത്തന്നെയാണ്. പ്ലേഗും കോളറയുമൊക്കെ ഒരു ഭൂപ്രദേശം സന്ദർശിച്ചു കഴിയുമ്പോൾ അവിടുത്തെ ജനസംഖ്യ പകുതിയോളമാകുമായിരുന്നു. അതുകൊണ്ടുതന്നെ സാംക്രമികരോഗങ്ങളെ ജനപ്പെരുപ്പം നിയന്ത്രിക്കുന്ന പ്രകൃതിയുടെ മാർഗ്ഗമായി ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്നു.

മനുഷ്യന്റെ നിലനില്പും സാംക്രമികരോഗങ്ങളും

രോഗാണുക്കൾ മൂലമുണ്ടാകുന്നവയാണ് സാംക്രമികരോഗങ്ങൾ. ഇവക്കെതിരെ യുള്ള ഔഷധങ്ങളായ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിച്ചപ്പോൾ സാംക്രമികരോഗങ്ങൾ എന്ന പേടിസ്വപ്നം എന്നെന്നേക്കുമായി മാറുമെന്ന് ഏവരും കരുതി. പാൾ എലിറിക്ക് ആദ്യമായി കണ്ടുപിടിച്ച സൾഫണമൈസ് എന്ന പ്രത്യൗഷധത്തെ 'മാജിക്ക് ബുള്ളറ്റ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതുതന്നെ. എന്നാൽ ക്രമാതീതമായി ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുകമൂലം ആശുപത്രികൾക്കുള്ളിൽ കാണപ്പെടുന്ന രോഗാണുക്കളിൽ ഭൂരിഭാഗവും സാധാരണ ആന്റി ബയോട്ടിക്കുകളെ അതിജീവിക്കാൻ ശേഷി ആർജിച്ചു കഴിഞ്ഞു. ഏറ്റവും ശക്തിയുള്ള ആന്റിബയോട്ടിക്കുകൾക്കുപോലും ഇത് ഭാധകമാണ്. ഉദാഹരണമായി പാശ്ചാത്യരാജ്യങ്ങളിൽ Methibillin Resistant Staphylococei Areus (M R S A) എന്ന ബാക്ടൂരിയ ഇന്ന് ചികിൽസക്കുപോലും പ്രധാന തലവേദനയാണ്. രോഗാണുക്കൾക്കെതിരെ മനുഷ്യൻ കണ്ടുപിടിച്ച ആയുധങ്ങൾ ആന്റിബയോട്ടിക്കുകൾ മാത്രമല്ല. ഒരുപക്ഷെ ഏറ്റവും പ്രധാനമാർഗ്ഗങ്ങൾ വാക്സിനുകളാണ്. ശക്തിയുള്ള രോഗാണുക്കളെത്തന്നെ നിർവീര്യമാക്കി ശരീരത്തിൽ കുത്തിവെക്കുകയോ ഉള്ളിൽ കഴിക്കുകയോ ചെയ്യുന്നതാണ് വാക്സിനേഷനിലെ സാങ്കേതികരഹസ്യം. എന്നാൽ സാംക്രമികരോഗങ്ങളുടെ നിയന്ത്രണത്തിൽ വാക്സിനേഷന്റെ പങ്ക് വളരെ പരിമിതമാണ്.

വികസിതരാജ്യങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വാക്സിനുകൾ കണ്ടുപിടിക്കുന്നതിനുമുമ്പുതന്നെ വാക്സിൻമൂലം തടയാവുന്ന രോഗങ്ങളെല്ലാം നിയന്ത്രിച്ചു കഴിഞ്ഞതായാണ് നാം കാണുന്നത്. സാമൂഹ്യ സാമ്പത്തിക പുരോഗതിമൂലവും ഭൗതിക സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലവുമാണ് ഇത് സാധിതമായത്. എന്നാൽ ഇന്നും നമ്മുടെ നാട്ടിൽ ക്ഷയം പോലുള്ള രോഗങ്ങൾ പ്രധാന ആരോഗ്യ പ്രശ്നമായിത്തന്നെ നിലനിൽക്കുകയാണ്. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളാണ് പ്രധാന രോഗനിമിത്തമെന്ന യാഥാർഥ്യത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല. സാംക്രമികരോഗങ്ങളെ പട്ടിണിരോഗങ്ങളെന്നും വിശേഷിപ്പിക്കാം. ഈ രോഗങ്ങൽ പട്ടിണിയും വൃത്തികെട്ട പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പട്ടിണിമൂലം പോഷകാഹാരക്കുറവു് ഉണ്ടാകുമ്പോൾ സാംക്രമികരോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാവുകയാണ്. രോഗപ്രതിരോധശേഷി കുറയുന്നുവെന്നതുതന്നെ ഇതിനു കാരണം. വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടേയും സമ്പർക്കത്തിലൂടേയും പകരുന്ന രോഗങ്ങൾ അടിസ്ഥാന ജീവിതസൗകര്യങ്ങൾ നാമമാത്രമാകുമ്പോൾ ഭീകരമായി പടർന്നു പിടിക്കുന്നു. വ്യാപകമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. അടുത്തകാലത്തായി ഏറെ പ്രകീർത്തിക്കപ്പെട്ട ആരോഗ്യത്തിലെ 'കേരളമാതൃക' ക്ക് ഒരു കാരണംതന്നെ ഇതാണ്.

വസൂരി എന്നന്നേക്കുമായി നിർമ്മാർജ്ജനം ചെയ്തു. ആണ്ടോടാണ്ട് മരണം വിതച്ചിരുന്ന കോളറയുടെ സംക്രമണവ്യാപ്തി കുറഞ്ഞു. പക്ഷേ സാംക്രമികരോഗങ്ങൽ കുറഞ്ഞപ്പോൾ സാംക്രമികേതരരോഗങ്ങൾ കൂടിയെന്ന് നാം നിഗമനത്തിലെത്തുകയും ചെയ്തു. എന്നാൽ വർധിച്ചതോതിൽ എല്ലാ സാംക്രമികരോഗങ്ങളും

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. രോഗമുണ്ടാക്കാനുള്ള ശക്തികൂടിയ ഒരു പ്രത്യേകയിനം കോളറ കണ്ടുപിടിക്കപ്പെട്ടു. നമ്മുടെ നാട്ടിൽ വ്യാപകമായുണ്ടാകുന്ന ഇത് കഴിഞ്ഞവർഷം മലപ്പുറത്ത് അനേകം മരണങ്ങൾക്കിടയാക്കി. മലമ്പനി ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു. പ്ലേഗിന്റേയും എലിപ്പനിയുടേയും സ്ഥിതി മറ്റൊന്നല്ല. ഇതിനുപുറമെ ഇന്നുള്ള നമ്മുടെ ഏറ്റവും വലിയ ഭീഷണി പുത്തൻ സാംക്രമിക രോഗങ്ങളാണ്.

രോഗാണുക്കൾക്ക് ഷട്പദം കൂട്ട്

സാംക്രമിക രോഗങ്ങളോട് പടവെട്ടാൻ മനുഷ്യനുള്ള ആയുധശേഖരത്തെക്കാൾ വലിയ പ്രതിയോഗസിദ്ധി രോഗാണുക്കൾക്കുണ്ടെന്നുതോന്നും. രോഗാണുക്കളെ ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇതിൽ വൈറസുകൾക്കെതിരെ കാര്യക്ഷമമായ പ്രത്യൗഷധങ്ങൾ പരിമിതമാണ്. ജാപ്പനീസ് എൻസഫലൈറ്റിസിനെതിരെ പ്രത്യേക പ്രത്യൗഷധമേയില്ല. രോഗാണുക്കളെ സംബന്ധിച്ചു് പ്രധാനപ്പെട്ട ഒരു പ്രതിയോഗസിദ്ധി മറ്റു ജീവികളുമായുള്ള ചങ്ങാത്തവും ബന്ധം സ്ഥാപിക്കലുമാണ്. ചങ്ങാത്തത്തിനായി കൂട്ടുപിടിച്ചിരിക്കുന്നതോ ഭൂമിയിൽ നിലനിൽക്കാൻ ഏറ്റവും കൂടുതൽ ശേഷിയാർജ്ജിച്ച ഷഡ്പദങ്ങളേയും. ഈ ബന്ധത്തെ പരിണാമവാദത്തിന്റെ പശ്ചാത്തലത്തിൽ നമുക്കു വിലയിരുത്താം. ഒരു രോഗാണു മറ്റു ജീവികളുമായി യാതൊരു ചങ്ങാത്തവുമില്ലാതെ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുമാത്രം പകരുകയാണെങ്കിൽ രോഗം വന്നയാളുമായി നേരിട്ടു സമ്പർക്കം പുലർത്തുന്ന ചുരുക്കം ചിലർക്കു മാത്രമെ രോഗം കിട്ടുകയുള്ളു. അതു മാത്രമല്ല സ്വാഭാവികമായും രോഗം ബാധിച്ച ആൾ വ്യാപകമായി സഞ്ചരിക്കാത്തതിനാൽ അണുക്കൾ മറ്റു വ്യക്തികളിലേക്ക് പകരാൻ കിട്ടുന്ന സാദ്ധ്യത വിരളമാണ്. ശരീരത്തിൽ നിന്നു പുറത്തു വന്നാൽ നശിക്കാതെ പരിസരത്തിൽ എത്രകാലം സ്ഥിതിചെയ്യാനുമുള്ള കഴിവ് ഈ അണുക്കൾ ആർജ്ജിക്കുന്നു. ഇതിനാണ് സിസ്ററുകൾ എന്നു പറയുന്നത്. ഇത്തരത്തിലുള്ള സിസ്ററുകൾക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുണ്ട്. അണുക്കൾ രക്തത്തിലും ആന്തരാവയവങ്ങളിലും കുറെക്കാലം നിലനിൽക്കുന്നതാണ് നിലനിൽപിനുള്ള ശക്തിയാർജ്ജിക്കലിന്റെ അടുത്ത ഘട്ടം. ഇതുകൊണ്ടും അണുക്കൾക്ക് നിലനിൽക്കാൻ ശേഷിയില്ലാത്തപ്പോൾ മറ്റു ജന്തുക്കളെ കൂടി സംക്രമണത്തിന്നായി കൂട്ടുപിടിക്കുന്നു. ഇതിൽത്തന്നെ ആദ്യത്തെ ഘട്ടം വെറും യാന്ത്രികമായ സംക്രമണമാണ്. ഉദാഹരണം ഈച്ച. ഈച്ചയുടെ കാലുകൾ ബ്രഷുപോലിരിക്കുന്നതിനാൽ ധാരാളം രോഗാണുക്കളെ വഹിക്കാൻ ശേഷിയുണ്ട്. ഇവയെ വഹിച്ചെത്തുന്ന ചുമട്ടുതൊഴിലാളികൾ മാത്രമാണ് ഈച്ചയും കുരുട്ടീച്ചയുമൊക്കെ.

രോഗാണുക്കളെ സംബന്ധിച്ച പരിണാമത്തിന്റെ അടുത്ത ഘട്ടം ഷഡ്പദങ്ങളിൽ പെരുകാനുള്ള ശേഷിയാണ്. ഇതിനുദാഹരണമാണ് മന്തു രോഗം. അടുത്തഘട്ടം നിലനിൽപ്പിന്നായുള്ള പരമാവധി കരുത്താർജ്ജിക്കലാണ്. അതായത് പ്രത്യുല്പാദന ഘട്ടംതന്നെ ഷട്പദങ്ങളിലാക്കിയിരിക്കുകയാണ് മലമ്പനിയുടെ അണുക്കൾ. ഷട്പദങ്ങളാകട്ടെ നിലനിൽപ്പിന്നായി പരമാവധി കരുത്താർജ്ജിച്ചവരും. ഇങ്ങനെ ഏതു പ്രതികൂല സാഹചര്യങ്ങളിലും നിലനിൽക്കാൻ കഴിയുന്ന ഷട് പദങ്ങളെ കൂട്ടുപിടിക്കുന്ന ഇത്തരം രോഗാണുക്കൾക്കും ഇങ്ങനെയുള്ള കഴിവുകിട്ടുന്നു. ഭൂമിയിൽ നിലനിൽക്കാനുള്ള ശേഷിയാർജ്ജിക്കലിനുള്ള മറ്റൊരുദാഹരണമാണ് അണ്ഢത്തിലൂടെയുള്ള രോഗാണു സംക്രമണം അഥവാ ട്രാൻസ് ഒവേറിയൻ ട്രാൻസ് മിഷൻ. ഷഡ്പദങ്ങളുടെ മുട്ടയിലൂടെ അടുത്ത തലമുറയിലേക്ക് അണുക്കൾ പകരുകവഴി അണുക്കൾക്ക് അനേകമാകാനും അനേകം പേരിലേക്കെത്താനും കഴിയുന്നു. ചുരുക്കത്തിൽ, മനുഷ്യനേപ്പോലെ ബുദ്ധിയൊന്നുമില്ലെങ്കിലും ചെറുജീവികൾക്കും അണുക്കൾക്കും നിലനിൽപിനു വേണ്ടി ധാരാളം കഴിവുകൾ പ്രകൃതി നൽകിയിട്ടുണ്ട്.

ജാപ്പനീസ് എൻസഫലൈറ്റിസ്

മലമ്പനിയുടെ തിരിച്ചുവരവിനു ശേഷം കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സംഭീതി പരത്തിയിരിക്കുന്ന ഒരു രോഗമാണ് ജാപ്പനീസ് എൻസഫലൈറ്റിസ്. എന്നാൽ മലമ്പനിയെ പോലെ ചികിത്സിച്ചു ഭേദമാക്കാവുന്നതല്ല ഈ രോഗം. നിർദ്ദിഷ്ട ചികിൽസയില്ലാത്തതു കൊണ്ടുതന്നെ രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്നുപേർ മരിക്കുന്നു. രോഗബാധയുണ്ടാകുന്നിടത്തെ ഏകദേശം ഒരു ഗ്രാമപ്രദേശത്ത് ഒന്നോ രണ്ടോ ആൾക്കാർക്ക് മാത്രമെ പ്രകടമായ രോഗലക്ഷണങ്ങൾ കാണുകയുള്ളു. അതുകൊണ്ടുതന്നെ രോഗബാധയുണ്ടാകുന്നതിന്റെ ആരംഭഘട്ടത്തിൽ ഇതത്ര ശ്രദ്ധിക്കാനിടയില്ല. കൂടുതലും ഗ്രാമീണരായ പാവപ്പെട്ടവരെയാണ് ഈ രോഗം ബാധിക്കുന്നത്. പ്രായപൂർത്തിയായവരിൽ രോഗത്തിനെതിരെ പ്രതിരോധ ഘടകങ്ങളുള്ളതിനാൽ കുട്ടികളിലാണ് പ്രധാനമായും രോഗലക്ഷണങ്ങൾ കണ്ടു വരിക. എങ്കിലും രോഗബാധ പൊട്ടിപ്പുറപ്പെടുമ്പോൾ എല്ലാപ്രായക്കാരോയും ഇതു ബാധിക്കാം. എട്ടുമാസം പ്രായമുള്ള കുട്ടികളെ തൊട്ട് നൂറ്റിയാറു വയസ്സുള്ള വൃദ്ധരെ വരെ രോഗം ബാധിച്ചതായി റിപ്പോർട്ടുണ്ട്. കൂടുതലും ഗ്രാമീണരായവരെ രോഗം ബാധിക്കുന്നതിന്റെ കാരണം ഈ രോഗം പരത്തുന്ന കൊതുകുകൾ ഗ്രാമാന്തരീക്ഷത്തിൽ കാണുന്നവയാണ് എന്നുള്ളതാണ്. ആവശ്യത്തിന് വസ്ത്രം പോലും ധരിക്കാതെ വീട്ടിനുവെളിയിൽ കിടന്നുറങ്ങുന്നവരേയും കന്നുകാലികളെ മേയ്കാൻ പോകുന്നവരെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.

രോഗത്തിന്റെ ചരിത്രം

രോഗകാരണം അർബോ വൈറസാണെന്ന് കണ്ടുപിടിച്ചെങ്കിലും ഈ വൈറസിനെ പ്പറ്റിയുള്ള പല സംശയങ്ങളും ഇന്നും ഉത്തരം കിട്ടാതെ ബാക്കിനിൽക്കുകയാണ്. രോഗാണുക്കൾ പ്രകൃതിയിൽ പ്രാവിലും, കൊക്കുകളിലും മാത്രമല്ലാതെ ഏതൊക്കെ ജന്തുക്കളിൽ നിലനിൽക്കുന്നുണ്ട്? എന്തുകൊണ്ട് ഈ അണുക്കൾ ചില ജന്തുക്കളിൽ മാത്രം രോഗമുണ്ടാക്കുന്നു - ഉദാഹരണം : പന്നിയിൽ ഈ അണുക്കൾ ഭ്രൂണനാശ മുണ്ടാക്കുമ്പോൾ മനുഷ്യനിൽ മസ്തിഷ്ക ജ്വരമുണ്ടാക്കുന്നു. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് കൊതുകു വഴി എന്തുകൊണ്ടു രോഗം പകരുന്നില്ല എന്ന സംശയത്തിനും മറുപടി കിട്ടിയിട്ടില്ല.

ഓരോ പ്രദേശങ്ങളിലും സാംക്രമിക ബാധയുണ്ടാകുമ്പോൾ രോഗത്തിന്റെ സ്വഭാവം വത്യസ്തമാണ്. ചില പ്രദേശങ്ങളിൽ കുട്ടികളെ പ്രധാനമായി ബാധിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ എല്ലാ പ്രായക്കാരേയും രോഗം ഒരുപോലെ ബാധിക്കുന്നു. ഏകദേശം അഞ്ഞൂറു പേർക്കോളം രോഗാണുബാധയുണ്ടാകുമ്പോൾ ഒരാൾക്കു മാത്രമാണ് പ്രകടമായ രോഗലക്ഷണങ്ങൾ കാണുക. മറ്റൊരു കൗതുക കരമായ വസ്തുത ഈ രോഗത്തിന്റെ ജൈത്രയാത്രയാണ്. ജപ്പാനിൽ ആദ്യമായി കണ്ടുപിടിക്കപ്പെട്ട രോഗം ഇന്ന് ഏറെക്കുറെ ആ രാജ്യത്ത് നിയന്ത്രിതമാണ്. അതിനുശേഷം ചൈനയിലാണ് രോഗം കടുത്ത അളവിൽ ബാധിച്ചു കണ്ടത്. തുടർന്നു കൊറിയയിലും, ഇന്ത്യ, സിലോൺ, പാകിസ്താൻ തുടങ്ങിയ മറ്റു ഏഷ്യൻ രാജ്യങ്ങളിലും ജാപ്പനീസ് എൻസഫലൈററിസ് ഇന്നും സംഭീതിയുണ്ടാക്കി നിലനിൽക്കുന്നു. 1945-ൽ ജപ്പാനിൽ നിന്നും 4757 കേസുകളും 2621 മരണങ്ങളുമാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അതിനുശേഷം പ്രതിവർഷം രണ്ടായിരത്തിനും മുവ്വായിരത്തിനുമിടക്ക് കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ വ്യാപകമായ പ്രതിരോധ കുത്തിവെയ് പും കാർഷികമേഖലയിൽ വരുത്തിയ മാറ്റങ്ങളും മൂലം ആ രാജ്യത്ത് രോഗം ഇന്ന് പൂർണമായും നിയന്ത്രണാധീനമാണ്. ചൈനയിലെയും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. ഒരു ലക്ഷം ജനസംഖ്യക്ക് പതിനഞ്ചോളം കേസുകൾ പ്രതിവർഷം ഉണ്ടായിരുന്ന ചൈനയിൽ ഇത് വെറും രണ്ടായി കുറഞ്ഞു. കൊറിയയിൽ 1958-ൽ 6787 കേസുകളും 2179 മരണങ്ങളുമുണ്ടായതാണ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജാപ്പനീസ് എൻസഫലൈററിസ് ബാധ. ഈ രാജ്യത്തുപോലും ഇന്ന് അത് ഏറെക്കുറെ നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞു.

ഏഷ്യയിലെ ഇതര രാജ്യങ്ങളിൽ രോഗം നിയന്ത്രണാതീതമായി തുടരുകയാണ്. 1980 – ൽ തന്നെ ഇൻന്ത്യയിൽ നിന്ന് നാല്പതിനായിരത്തിലധികം കേസുകളും 1500 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നും പ്രതിവർഷം ആയിതക്കണക്കിന് കേസുകൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രോഗസംക്രമണം

അർബോ വൈറസ് എന്ന ഇനത്തിൽ പെട്ട ഒരിനം സൂക്ഷ്മാണുക്കളാണ് ഈ രോഗത്തിനു കാരണമെന്ന് പറഞ്ഞല്ലോ. രക്തം കുടിക്കുന്ന ഷട്പദങ്ങളിലൂടെയാണ് അർബോ വൈറസിന്റെ വിന്യാസം നടക്കുക. വായുവിലൂടേയോ നേരിട്ടുള്ള സമ്പർക്കത്തിലൂടേയോ ഒന്നും അർബോവൈറസ് പകരുകയില്ല. കൊതുകുകടി മൂലം മാത്രമാണ് ഈ രോഗം പകരുന്നത്. രോഗാണുക്കൾ അടിസ്ഥാനപരമായി പ്രാവുകളിലും മറ്റു പക്ഷികളിലും മാത്രം കാണുന്ന സൂക്ഷമ ജീവികളാണ്. ഈ ജന്തുക്കളിൽ രോഗബാധയുണ്ടാകണമെന്നില്ല. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് കൊതുകുകൾ അണുക്കളെ പരത്തി ഈ അണുക്കളുടെ സ്വാഭവിക ജീവിതം നടക്കുന്നു. പക്ഷികളിൽ നിന്ന് ആകസ്മിതമായി അണുക്കൾ പന്നിയിലേക്ക് വ്യാപിക്കുന്നു. പന്നികളിൽ നിന്ന് കന്നുകാലികളിലേക്കോ അധവാ മനുഷ്യനിലേക്കോ രോഗാണുക്കൾ വ്യപിക്കുന്ന. പന്നികൾ അണുക്കളുടെ സംക്രമണത്തിൽ സംവർദ്ധക ആതിഥേയർ (amplifier host) ആയി പ്രവർത്തിക്കുന്നു.

പക്ഷികൾ _ പന്നി _ കന്നുകാലി | | | (കൊക്ക്,പ്രാവ് തുടങ്ങിയവ) _ കൊതുക് _ | | | കൊതുക് _ കൊതുക് | | | പക്ഷികൾ _ പന്നി _ മനുഷ്യൻ

ഇങ്ങനെ കൊതുകു കടി മൂലം ശരീരത്തിൽ പ്രവേശിക്കപ്പെട്ട അണുക്കൾ കടിയേറ്റ ഭാഗത്തെ തൊലിക്കടിയിൽ പെരുകുന്നു. അവിടെ നിന്ന് രക്തത്തിൽ കലരുകയും ശരീരത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. രക്തത്തിൽ വ്യാപിച്ച രോഗാണുക്കൾ ഏതാനും ദിവസമേ രക്തത്തിൽ മാത്രം നിലനിൽക്കുകയുള്ളു. താമസിയാതെ തലച്ചോറ്,പ്ലീഹ, കരൾ തുടങ്ങിയ ആന്തരാവയവങ്ങളിൽ കേന്ദ്രീകരിക്കുകയും രോഗ ലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണങ്ങൾ കണ്ടു വരുന്നതുവരെയുള്ള ബീജകാലം രണ്ടാഴ്ചയോളം വരും.

രോഗലക്ഷണങ്ങൾ

എൻസഫലൈററിസ് എന്നാൽ മസ്തിഷ്കജ്വര മെന്നാണർഥം. രോഗത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം

പനി, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങി ഏതൊരു ഫ്ലൂവിലേയും പോലെ തന്നെയുള്ള ഈ അവസ്ഥ ഏതാനും ദിവസം നിൽക്കുന്നു.

രണ്ടാം ഘട്ടം

പനി മൂർച്ഛിക്കുകയും അസാധാരണമായമപെരുമാറ്റം, ജന്നി, അബോധാവസ്ഥ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു.

മൂന്നാം ഘട്ടം

പനി അപ്രത്യക്ഷമാകുന്നു. ക്ഷീണവും തളർച്ചയും നിലനിൽക്കാം.

രണ്ടാം ഘട്ടത്തെ തുടർന്നാണ് രോഗം മൂലമുള്ള സങ്കീർണതകൾ കാണുക. പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം ശരീരഭാഗങ്ങളുടെ തളർച്ചയുമുണ്ടാക്കുന്നു. ശ്വസനതടസ്സം, ഹൃദയാഘാതം തുടങ്ങിയവയാൽ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ മരണമുണ്ടാകുന്നു. കടുത്തപനിയും അബോധാവസ്ഥയും, ജന്നിയുമൊക്കെ ഈ ഘട്ടത്തിലെ അപകടകരമായ രോഗ ലക്ഷണങ്ങളാണ്. ജാപ്പാനീസ് എൻസഫലൈറ്റിസിനെ മറ്റിനം മസ്തിഷ്ക ജ്വരങ്ങളിൽ നിന്ന് വേർതിരിക്കാനായി ലാബറട്ടറി പരിശോധനകളിൽ കൂടി മാത്രമെ കഴിയുകയുള്ളു. രോഗമുള്ള പ്രദേശത്തുനിന്നു വരുന്ന മസ്തിഷ്കജ്വരങ്ങളെല്ലാം തന്നെ (പനിയും തലവേദനയും ഛർദ്ദിയുമായി ആശുപത്രിയിലെത്തുന്നവർ) ഈ അസുഖമായി സംശയിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം എല്ലാ കേസുകളിലും ലാബറട്ടറി പരിശോധനകൾ നടത്തേണ്ടതുമാണ്. ഈ കാരണത്താൽ രോഗിയെ മെടിക്കൽ കോളേജു പോലെയോ ജില്ലാ ആശുപത്രി പോലെയോ ഉള്ള കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കണം. രോഗിയുടെ രക്തം, സുഷ്മ്നയുടെ ആവരണത്തിനിടയിലുള്ള സ്രവം എന്നിവയാണ് രോഗം സ്ഥിതീകരിക്കാനായി പരിശോധനക്കയക്കേണ്ടത്. പൂനയിലുള്ള ദേശീയ വൈറോളജി ഇൻസ്ററിററ്യൂട്ടിലേക്കാണ് പരിശോധനക്കയക്കേണ്ടത്.

ചികിൽസ

രോഗം ബാധിച്ചവർക്ക് പൊതുവായ ചികിൽസയാണുള്ളത്. ജന്നിക്കെതിരെയുള്ള മരുന്നുകൾ, സിരകളിലൂടെയുള്ള മരുന്നുലായനികൾ, പനികുറക്കാനുള്ള മരുന്നുകൾ, മറ്റു വിദഗ്ദ വൈദ്യ പരിചരണം എന്നിവ എത്രയും നേരത്തെ തുടങ്ങണം. ചികിൽസ തീർന്നതിനുശേഷവും ശരീരഭാഗങ്ങളുടെ തളർച്ച നിലനിൽക്കാം. അതിനുള്ള ഫിസിയോതൊറാപ്പി തുടരണം. കുട്ടികളിൽ എൻസഫലൈറ്റിസ് ബാധവന്നാൽ ബുദ്ധിമാന്ദ്യം സംഭവിക്കാം. ഈ രോഗം മരണം മാത്രമല്ല സ്ഥിരമായ വികലാംഗത്വവും ഉണ്ടാക്കാം.

രോഗപ്രതിരോധം

രോഗ പ്രതിരോധത്തിനുള്ള പ്രധാന മാർഗം വാക്സിനേഷനാണ്. എലികളുടെ തലച്ചോറിൽ നിന്നുണ്ടാക്കിയ നിർജീവമായ വാക്സിനാണ് ഏറെ പ്രചാരം. കുത്തിവെയ്പായിട്ടാണ് ഈ വാക്സിൻ നൽകുന്നത്. രണ്ടാഴ്ചയുടെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ നൽകണം. പിന്നെ ഒരു വർഷത്തിനകം ഒരു ഡോസു കൂടി നൽകണം. വാക്സിനെടുത്ത് ഒരു മാസം കഴിയുമ്പോഴേ പ്രതിരോധശേഷി തുടങ്ങുകയുള്ളു. അതിനാൽ സമൂഹത്തിൽ രോഗബാധ തുടങ്ങിയാൽ വാക്സിനേഷൻ നൽകിയാലുള്ള പ്രയോജനം പരിമിതമാണ്. രോഗബാധ മുൻകൂട്ടി അറിഞ്ഞ് ഈ പ്രദേശങ്ങളിൽ കാലേകൂട്ടി വാക്സിൻ നൽകണം. ചൈനയിലും ജപ്പാനിലും ഇങ്ങനെയാണ് വാക്സിനേഷൻ നൽകുന്നത്. കുട്ടികൾക്കും സുരക്ഷിതമായി വാക്സിൻ നല്കാം. കമ്പോളത്തിൽ ഈ വാക്സിൻ സുലഭമായി ലഭ്യമല്ല. ഇന്ത്യയിൽ പരിമിതമായ അളവിലേ ഈ വാക്സിൻ നിർമിക്കുന്നുള്ളു. വാക്സിൻ എടുത്തതുകൊണ്ട് സാരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല.

പന്നിയുടെ വളർത്തൽ നിയന്ത്രിക്കുകയെന്നത് നമ്മുടേതുപോലുള്ള രാജ്യത്ത് കൂടുതൽ ദുഷ്കരമാണ്. പന്നിക്ക് വാക്സിൻകൊടുക്കുന്നത് ഉത്തമമായ മാർഗമാണ്. പന്നി വളർത്തുന്ന സാഹചര്യങ്ങൾ രോഗം പരത്തുന്നവയാകാതെ നിയന്ത്രിക്കേണ്ടതുണ്ട്. പന്നികളും മനുഷ്യനുമായുള്ള സഹവാസവും നിയന്ത്രിക്കണം.

രോഗപ്രതിരോധത്തിനുള്ള ഏറ്റവും പ്രധാന മാർഗം കൊതുകു നിയന്ത്രണമാണ്. കൊതുകുകളുടെ എണ്ണം കൂടുമ്പോഴാണ് മനുഷ്യരെ കൂടുതൽ കൊതുകുകൾ കടിക്കുന്നതും രോഗബാധയുണ്ടാകുന്നതും. 1982 ൽ ICMRദേശീയ പഠന ശിൽപശാലയിൽ ഏതാനും ശുപാർശകൾ നിർദ്ദേശിച്ചത് ഇത്തരുണത്തിൽ പ്രസക്തമാണ്. രോഗത്തിന്റെ നിരീക്ഷണവും റിപ്പോർട്ടിംഗും കൂടുതൽ മെച്ചപ്പെടുത്തണം. രോഗബാധ മുൻകൂട്ടി അറിയാൻ തക്ക സജ്ജീകരണങ്ങൾ വേണ്ടതുണ്ട്. ഇതിന് പകർച്ചവ്യാധി പ്രവചനം എന്നു പറയുന്നു. പന്നികളെ ഉപയോഗിച്ചാണ് ഇതു സാധിക്കുക. രോഗവാഹകരായ ഷട്പദങ്ങളെപ്പററിയുള്ള ഗവേഷണവും പ്രധാനമാണ്. ക്യൂലെക്സ് വിഷ്ണുവൈ, അനോഫലിസ് ബാർബിരേസ്ട്രിസ്, അനോഫലിസ് ഹിർകാനസ, അനോസബ് വിക്ടസ് എന്നിവയെ കൂടാതെ മറ്റ് കൊതുകുകൾ ഉണ്ടോയെന്നും പഠിക്കണം.

പുത്തൻ ജീവിതസാഹചര്യങ്ങളും കൊതുകുവർധനയും

ഗ്രാമപ്രദേശത്തും, പട്ടണങ്ങളിലും ഒരുപോലെ ഈ അടുത്ത കാലത്തായി കൊതുകുശല്യം കൂടിയിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയിൽ വന്നിട്ടുള്ള മാററമാണ് ഇതിനു കാരണം. അന്യായമായ വനനശീകരണവും, വയൽ നികത്തലും, കെടിടനിർമാണവുമൊക്കെ ഇതിനുദാഹരണങ്ങളാണ്. പ്രകൃതിയിൽ മാററങ്ങളുണ്ടാകുമ്പോൾ അതിന്റെ ഫലം മാത്രമാണ് മലമ്പനിയും, ജാപ്പനീസ് എൻസഫലൈററിസും. ഗ്രാമപ്രദേശത്തുപോലുള്ള കൊതുകുശല്യത്തിന്റെ പ്രധാന കാരണം മലിനജലം കെട്ടിക്കിടക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. അടിഞ്ഞുകൂടുന്ന ഖര മാലിന്യങ്ങളും മറ്റൊരു പ്രധാന കാരണമാണ്. ഇതാകട്ടെ മാംഗല്യസദ്യാലയങ്ങളുടേയും കമ്മ്യൂണിറ്റി ഹാളിന്റേയും ഒക്കെ ചുറ്റിലുമാണ് കൂടുതലും കാണുക. ഒപ്പം കമ്പോളത്തിന്റേയും പൊതുസ്ഥലങ്ങളുടേയുമൊക്കെ പരിസരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമൊക്കെ ചപ്പും ചവറും ആരാലും ശ്രദ്ധിക്കാതെ കിടക്കുന്നത് കൊതുകും ഈച്ചയുമൊക്കെ വളരാനുള്ള സാഹചര്യങ്ങളാണ്. നമ്മുടെ ആധുനിക ജീവിതത്തിൽമനുഷ്യൻ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ കൊതുകു പരക്കാനുള്ള സാഹചര്യമൊരുക്കുന്നതായി കാണാം. കൃഷി, പ്രത്യേകിച്ചും ഒരിനം വിളമാത്രം ഒരിടത്തു കൃഷി ചെയ്യുന്ന രീതി (Monoculture), കെട്ടിടനിർമാണം, ജന്തു പരിപാലനം, ജലസേചനം എന്നിങ്ങനെ മനുഷ്യന്റെ ജീവിതമാർഗങ്ങൾ മാത്രമല്ല കീടങ്ങളെ നശിപ്പിക്കാൻ മനുഷ്യൻ ചെയ്യുന്ന കീടനാശിനി പ്രയോഗം വരെയും കീടങ്ങളെ സംരക്ഷിക്കുന്നതായി ട്ടാണ് മാറുക. കാരണം കീടനാശിനികൾ ക്രമാതീതമായി ഉപയോഗിക്കുമ്പോൾ കീടങ്ങളെ തിന്നുജീവിക്കുന്ന പല ജീവികളും നശിക്കും. കീടങ്ങളാകട്ടെ കീടനാശിനിയെ അതിജീവിക്കാനുള്ള കരുത്താർജിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ കീടനാശിനികളുടെ വ്യാപകമായ ഉപയോഗം താല്കാലികമായി ഗുണം ചെയ്യുമെങ്കിലും അന്തിമമായി ദോഷം മാത്രമാണ് ഉണ്ടാക്കുന്നത്.

ഷട്പദങ്ങളെ കീഴടക്കാനുള്ള മനുഷ്യന്റെ വ്യഗ്രത മനുഷ്യനെ കൂടുതൽ പ്രകൃതി നശീകരണത്തിനു പ്രേരിപ്പിക്കാൻ പാടില്ല. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഷട്പദങ്ങളെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള മാർഗമാണ് പരിസരത്തിലുള്ള മാററത്തിലൂടെയുള്ള കൊതുകു നിയന്ത്രണം. ഈ പ്രവർത്തനം വ്യാപകമായ പ്രചരണത്തിലൂടെയും അതിനെ തുടർന്നുള്ള തിവ്രയത്ന പരിപാടിയിലൂടെയുമെ സാധിക്കൂ. ഇതിലേക്കായി പൊതുജനങ്ങളുടെ സമ്പൂർണ്ണമായ പങ്കാളിത്തം ആവശ്യമാണ്. ഒരു പ്രചരണത്തിലൂടെ കൊതുകു നിയന്ത്രണം സാധിതമായാൽ പോലും അതു നിലനിർത്തണമെങ്കിൽ ജനങ്ങളുടെ അവബോധവും ഉള്ളിൽതട്ടി അവരുടെ ആവശ്യമായി മനസ്സിലാക്കിയുള്ള ഇടപെടലും ആവശ്യമാണ്. ഇങ്ങനെയുള്ള ഒരു ജനകീയാരോഗ്യ പ്രവർത്തനത്തിനുവേണ്ട സഹായം ചെയ്തുകൊടുക്കാൻ ബന്ധപ്പെട്ട എല്ലാവകുപ്പുകളും ആരോഗ്യവകുപ്പായാലും ശരി, പ്രാദേശിക സ്ഥാപനങ്ങളായാലും ശരി, തയ്യാറാകണം. ഇതിനുള്ള സാങ്കേതിക സഹായങ്ങൾ ഗവൺമെന്റ് നിർലോഭം ഉറപ്പാക്കണം. ഇത്തരത്തിലുള്ള പ്രവർത്തനത്തിന് പ്രാദേശികപരാദങ്ങളെപ്പറ്റിയുള്ള അറിവ് അത്യന്താപേക്ഷിതമാണ്. മെഡിക്കൽ കോളേജിലെ ' എന്റമോളജി ഡിപ്പാർട്ടുമെന്റാ' ണ് ഈ ജോലി ചെയ്യുന്നത്. നിരന്തരമായ ഗവേഷണങ്ങളിലൂടെ ഈ ഡിപ്പാർട്ടുമെന്റു ധാരാളം സംശയങ്ങൾക്ക് മറുപടി നൽകേണ്ടിയിരിക്കുന്നു. ഒപ്പം കീടനാശിനി കളുടെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ഗവേഷണവും നിരീക്ഷണവും ആവശ്യമാണ്. ഇങ്ങനെ സമഗ്രവും സംയോജിതവുമായ ഒരു ജനകീയ പരിപാടിയിലൂടെ ഇത്തരം ആരോഗ്യ ഭീഷണികൾ ഒഴിവാക്കാം. മറ്റൊരു സൈലന്റ് സ്പ്രിംഗും ഒഴിവാക്കാം.

കാലത്തെ തോല്പിക്കുന്ന ആറുകാലികൾ

കൊതുകുകൾ ഷട് പദങ്ങൾ അടങ്ങിയ ഇൻസെക്ററ എന്ന ജന്തുവിഭാഗത്തിൽ പെടുന്നവയാണ്. ഷട് പദങ്ങൾ എന്തുകൊണ്ട് ഭൂമിയിൽ നിലനിൽക്കാൻ മനുഷ്യനേക്കാൾ, ശേഷിയുള്ളവയാണെന്നുനോക്കാം. നമ്മുടെ ഭൂഖണ്ഡത്തിലുള്ള മൊത്തം ജന്തുജാലത്തിന്റെ ഏകദേശം 75% ത്തിൽ കൂടുതൽ ഷട് പദങ്ങളാണെന്നു കാണുന്നു. 30 കോടി വർഷങ്ങൾക്കു മുമ്പ് ഇത്രയധികം വൈവിധ്യമാർന്ന ഇനങ്ങളായി തിരിഞ്ഞതായും കണക്കാക്കപ്പെടുന്നു. എണ്ണത്തിൽ പെരുകാനുള്ള അവയുടെ കഴിവ് ജന്തുജാലത്തിനിടയിൽ അനന്യസാധാരണമാണ്. ചിതലാണ് ഇതിൽ മുൻപന്തിയിൽ. ഒരു ജീവിതകാലംകൊണ്ട് ചിതലമ്മ നൂറ്റമ്പതു ലക്ഷത്തിലധികം മുട്ടകളിടുന്നു. കൊതുകും, ചെള്ളും ഒന്നും ഇക്കാര്യത്തിൽ മോശക്കാരല്ല.

ഷട്പദങ്ങളെ പ്രതികൂല സാഹചര്യങ്ങളിൽ നിലനിൽക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം അവയുടെ കട്ടിയുള്ള പുറന്തോടാണ്. ഇതിനെ 'എക്സോസ്കെലിട്ടൻ' എന്നു പറയുന്നു. മുട്ടയായും പുഴുവായും സമാധിയായും ശലഭമായുമുള്ള നാലു ഘട്ടങ്ങൾ വളരെയേറെ പ്രയോജനങ്ങൾ നൽകുന്ന മറ്റൊരു സവിശേഷതയാണ്. ചവക്കാനും, വലിച്ചുകുടിക്കാനും ഒക്കെ പറ്റിയയിനം വൈവിധ്യമാർന്ന വദനഭാഗങ്ങൾ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. വളരെ പെട്ടെന്ന് മാറിക്കളയാനും, സഞ്ചരിക്കുവാനും പറ്റിയ ശരീരഘടനയും ഏതു പ്രതികൂല സാഹചര്യത്തേയും അതിജീവിക്കാനുള്ള ശേഷിയും ഇതര ജീവികളെ അപേക്ഷിച്ച് ഇവക്ക് കൂടുതലാണ്. ചിലയിനം കൊതുകുകൾ സുഷുപ്താവസ്ഥക്കുപോലും ഇത്തരം സാഹചര്യങ്ങളിൽ വിധേയരാകാറുണ്ടെന്ന് കണ്ടിട്ടുണ്ട്. ഒരു കൊതുകിന് ശരാശരി അര കിലോമീറ്ററിലധികം പറക്കാൻ കഴിയും. ഒന്നര മാസത്തിലധികമാണ് ഒരു കൊതുകിന്റെ ജീവിതകാലം. പ്രതീകൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് പ്രകടമാകുന്നത് കീടനാശിനികളെ അതിജീവിക്കാനുള്ള ശേഷിയിലാണ്. ഇന്ന് 40% കൊതുകുകളും DDT യ്കോ അതിലധികം കീടനാശിനികൾക്കോ അതിജീവനശേഷി ആർജ്ജിച്ചവയാണ്. ഈച്ചയും, ചെള്ളും, മൂട്ടയും ഒന്നും ഇതിൽ മോശക്കാരല്ല. പെൺകൊതുകുകൾ മാത്രമാണ് രോഗം പരത്തുന്നത്. ആൺ കൊതുകുകൾ രക്തം കുടിക്കുകയില്ല. അവ പൂർണമായും സസ്യബുക്കാണ്. കൊതുകുകൾ സാധാരണ തണലുകളിൽ വിശ്രമിക്കുമെങ്കിലും രോഗം പരത്തുന്നവ കൂടുതലും വീടിനു വെളിയിൽ വിശ്രമിക്കാനിഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ വീടിന്നുള്ളിലും പരിസരത്തും ഒരുപോലെ ശ്രദ്ധിച്ച് നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യവകുപ്പുദ്യോഗസ്ഥൻമാർ കീടനാശിനി തളിക്കാൻ ചെല്ലുമ്പോൾ വീടിന്നു വെളിയിൽ മാത്രം തളിക്കാൻ സമ്മതിച്ചാൽ വെളിയിലുള്ള കൊതുകുകളെല്ലാം അകത്തു കയറുകയും കൂടുതൽ രോഗം പരത്തുകയായിറിക്കും ഫലം. കൊതുകുകളിൽ അനോഫിലിസ്, ക്യൂലക്സ്, അഡിസ്, മാൻസണോയിഡിസ് എന്നിങ്ങനെ നാലു പ്രധാനയിനങ്ങളാണ് നമ്മുടെ നാട്ടിൽ രോഗം പരത്തുന്നവരായി കാണുന്നത്. ഇതിൽ അനോഫലിസ് മലമ്പനിയും, ക്യൂലക്സും മാൻസണോയിഡിസും മന്തുരോഗവും, പരത്തുന്നു. ക്യൂലക്സ് വിഷ്ണുവൈ ആണ് ജാപ്പനീസ് എൽസഫലൈറ്റിസ് പരത്തുന്ന പ്രധാനയിനം കൊതുകുകൾ. കൊതുകു പരത്തുന്ന മറ്റൊരു ഗോഗമായ മഞ്ഞപ്പനി ഇന്ത്യയിൽ നിന്ന് ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആഫ്രിക്കയിലാണ് ഈ രോഗം കണ്ടുവരുന്നത്. ഈഡിസ് കൊതുകുകൾ ആണ് ഈ രോഗം പരത്തുന്നത്. എന്നാൽ ഈഡിസ് കൊതുകുകൾ ഇന്ത്യയിൽ 'ഡങ്കുപ്പനി' പരത്തുന്നു. പ്രത്യുൽപാദന വൈവിധ്യമാർന്നതും അത്യന്തം വിചിത്രമായതുമായ രീതിയിലുള്ള ജീവികളാണ് കൊതുകുകൾ. അതുകൊണ്ടു തന്നെ കൊതുകു നിയന്ത്രണം ഏറ്റവും ശ്രമകരവുമാണ്. അനോഫിലിസ് കൊതുകുകൾ ശുദ്ധജലത്തിൽ പ്രത്യുൽപാദനം നടത്തുമ്പോൾ ക്യൂലക്സ് കൊതുകുകൾ മലിനജലത്തിൽ വളരുന്നു. മലിനജലത്തിന്റെ തന്നെ വളരെ ചെറിയ ശേഖരങ്ങളിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്.

കീടനാശിനികളുപയോഗിച്ചുള്ള കൊതുകു നിയന്ത്രണം

കീടനാശിനികളിൽ ഭൂരിഭാഗവും ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിൽ നിന്നു വെളിയിൽ പോകാതെ ശരീരത്തിൽ തന്നെ അടിഞ്ഞു കിടക്കുന്നതാണ്. ഇങ്ങനെ ജന്തുക്കളുടെ ശരീരത്തിൽ അടിഞ്ഞു കൂടിയ കീടനാശിനികൾ ശരീരത്തിൽ അടിഞ്ഞുകൂടിയ ജന്തുക്കളെ മനുഷ്യൻ ഭക്ഷിക്കുമ്പോൾ മനുഷ്യശരീരത്തിൽ ഇവ ധാരാളമായി അടിഞ്ഞുകൂടുന്നു. ആപൽക്കരമായ അളവിൽ കീടനാശിനികൾ ശരീരത്തിലാകുന്നതു വഴി ക്യാൻസർ, വൃക്കരോഗങ്ങൾ തുടങ്ങി നാമറിയുന്ന രോഗങ്ങളും നാമറിയാത്ത അനേകരോഗങ്ങളും ഉണ്ടാകുന്നു. ഇതുകൊണ്ടുതന്നെ സമൂഹത്തിലെ ആരോഗ്യത്തിന് കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം ഏറ്റവും വലിയ ഭീഷണിയാണ്. നിയന്ത്രിതമായ രീതിയിലുള്ള കീടനാശിനികളുടെ ഉപയോഗം ഏറെ ബുദ്ധിമുട്ടാണെന്ന് കാണാൻ കഴിയും.

മനുഷ്യന്റെ ദുരയോ, പ്രതികാരശേഷിയോ, വഞ്ചനാശൈലിയോ, ആസൂത്രിതമായ കീഴടക്കൽ മനോഭാവമോ ഒന്നുമില്ലാതെ തന്നെ പ്രകൃതിയുടെ അധീശത്വം കീടങ്ങൾ കയ്യടക്കുന്നു. കീടനാശിനികളെ കൊണ്ട് നാശം വിതക്കുന്ന മനുഷ്യനോട് അവൻ ചെയ്യുന്ന നശീകരണത്തിനൊക്കെ പകരംവീട്ടാൻ പ്രകൃതി വഴിയോരുക്കുന്നു.

കീടനാശിനികളെ പ്പറ്റിയുള്ള വിമർശനം സുരക്ഷിതമായ കീടനാശിനികൾ എന്ന കാഴ്ചപ്പാടിന് വഴിയൊരുക്കിയിട്ടുണ്ട്. താരതമ്യേന സുരക്ഷിതമായവയെന്നു വിശേഷിപ്പിക്കുന്നത് വൈരിത്രിൻ ഇനം വസ്തുക്കളെയാണ്. DDT,BHC തുടങ്ങിയ ഓർഗാനോ ക്ലോറിൻ സംയുക്തങ്ങളും മാലത്തയോൺ, ഫെൻതയോൺ തുടങ്ങിയ ഓർഗനോ ഫോസ്ഫറസ് സംയുക്തങ്ങളും സർവസാധാരണമായി ഉപയോഗിക്കുന്നവയാണ്. ഏറ്റവും വ്യാപകമായ തോതിൽ ഉപയോഗിക്കുന്നത് D.D.T തന്നെയാണ്.

ഇന്ന് ലോകരാജ്യങ്ങളിലെ D.D.T ഉപയോഗത്തിന്റെ ഭൂരിഭാഗവും വികസര രാജ്യങ്ങളിലാണെന്നതാണ് സത്യം. D.D.T യുടെ ഉപയോഗം സർവസാധാരണമായപ്പോൾ D.D.T യെ അതിജീവിക്കാനുള്ള ശേഷി കീടങ്ങൾ ആർജിച്ചു. ഇന്ന് 40%ത്തോളം കൊതുകുകളും D.D.T ക്ക് അതിജീവനശേഷി ആർജിച്ചവയാണ്. എന്നു മാത്രമല്ല ഓർഗാനോ ഫോസ് ഫറസ് രാസവസ്തുവായ മാലാത്തയോൺ, ഫെൻതയോൺ തുടങ്ങിയവക്കും അതിജീവനശേഷി ആർജിച്ചവയാണ് മിക്ക കീടങ്ങളും. നാം എത്ര കൂടുതൽ കീടനാശിനികൾ ഉപയോഗിക്കുന്നുവോ അത്രയും കൂടുതൽ കീടനാശിനികളെ അതിജീവിക്കാനുള്ള ശേഷിയും കൂടും. കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ നാം ലക്ഷ്യം വെക്കുന്ന കീടങ്ങൾ മാത്രമല്ല ആ പ്രദേശത്തുള്ള മറ്റ് കീടങ്ങളെല്ലാം തന്നെ ഇതുമൂലം നശിക്കുന്നു. നിർദോഷികളായ കീടങ്ങളും ഉപയോഗപ്രദമായ ഷഡ് പദങ്ങളും മറ്റ് ജന്തുക്കളുമൊക്കെ നശിക്കുന്നവെന്ന് മാത്രമല്ല നാം നശിപ്പിക്കാൻ ലക്ഷ്യംവയ്ക്കുന്ന കീടങ്ങൾ അതിജീവനശേഷി ആർജിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം കീടനാശിനികളും ജലത്തിൽ ലയിക്കാത്തവയാണ്. അതുകൊണ്ടുതന്നെ ജന്തുക്കളുടെ ശരീരത്തിൽ പ്രവേശിക്കപ്പെട്ടാൽ പുറത്തുപോകാൻ പ്രയാസമാണ്. ഇത്തരം കീടനാശിനികൾ തൊലിക്കടിയിലുള്ള കൊഴുപ്പിലും ആന്തരാവയവങ്ങളിലും അടിഞ്ഞു കൂടുന്നു. എത്രമാത്രം കീടനാശിനികൾ ആഹാരവസ്തുക്കളിലാകാം എന്നതിനെപ്പറ്റി ശാസ്ത്രീയമായ അളവുകൾ നിജപ്പെടുത്തിയിട്ടുണ്ട്.

കീടനാശിനികളുടെ മറ്റൊരു സവിശേഷത അതിന്റെ ബയോകോൺസൻട്രേഷൻ അഥവാ കേന്ദ്രീകരണ സ്വഭാവമാണ്. കുടലിൽ എത്തുന്ന ഇത്തരം കീടനാശിനികളുടെ കണികകളെ സൂക്ഷ്മജീവികൾ ഉള്ളിലാക്കുന്നു. ഇത്തരം സൂക്ഷ്മജീവികളെ ആഹരിക്കുന്ന ഇടത്തരം ജീവികളിൽ ഗണ്യമായ തോതിൽ കീടനാശിനി അടിഞ്ഞു കൂടുന്നു. അവയെ തിന്നുന്ന വലിയജീവികളിൽ കൂടുതൽ അളവിലും. ഇങ്ങനെ ബയോകോൺസൻട്രേഷൻ കാരണം ഉയർന്ന ജന്തുക്കളിൽ കീടനാശിനികൊണ്ടുള്ള അപകടം ചെറിയ ജന്തുക്കളേക്കാൾ കൂടുതലാണ്. കീടനാശികളുപയോഗിക്കുന്നതിന്റെ മറ്റൊരു പരിഗണന ശരീരത്തിലുള്ള കീടനാശിനികളുടെ വിഘടനവും വിന്യാസനവുമാണ്. ശരീരത്തിലെത്തിയാലും വിഘടിക്കുന്ന കീടനാശിനികളെ ബയോഡീഗ്രേഡബിൾ എന്ന് പറയുന്നു. നാം ഉപയോഗിക്കുന്ന മിക്ക കീടനാശിനികളും ബയോഡീഗ്രേഡബിൾ അല്ലാത്തവയാണ്. അത് ദൂരവ്യാപകമായ അപകടങ്ങളുണ്ടാക്കുന്നവയുമാണ്.

കീടനാശിനികളുപയോഗിച്ചുള്ള കൊതുകുനിയന്ത്രണം താരതമ്യേന എളുപ്പമുള്ളതാണെങ്കിലും ചിലവേറിയതാണ്. ഔഷധങ്ങളെപോലെതന്നെ ബഹുരാഷ്ട്രകുത്തകകൾ ലാഭംകൊയ്യുന്ന രംഗമാണ് കീടനാശിനികളുടെ കമ്പോളം. ഈ മാർക്കറ്റാകട്ടെ കൂടുതലും വികസ്വരരാജ്യങ്ങളിലാണുതാനും. പലപ്പോഴും കീടനാശിനികളുണ്ടാക്കുന്ന കമ്പനികളാണ് അവയെപ്പറ്റി പരസ്യം ചെയ്യുന്നതും സുരക്ഷയെപ്പറ്റിയുള്ള മാർഗനിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും. കീടനാശിനികളുടെ ഉപയോഗത്തിലെ നിയന്ത്രണം ഏറ്റവും ദുഷ്കരമാണെന്നാണ് വികസ്വര രാജ്യങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത്. എത്രയൊക്കെ നിയന്ത്രണങ്ങൾ നിഷ്കർഷിച്ചാലും കാർഷികാവശ്യത്തിനുതന്നെ പലപ്പോഴും വിളയുല്പാദനം മാത്രം ലക്ഷ്യമാക്കി ആളുകൾ വ്യാപകമായി ഇതുപയോഗിക്കും. എന്നാൽ ഗോഗ നിർണയത്തിനു വേണ്ടിയുള്ള ഉപയോഗം പലപ്പോഴും വീടിനകത്തുള്ള സ്പ്രേയിംഗ് ആയതിനാൽ ആളുകൾ എതിർപ്പു പ്രകടിപ്പിക്കുന്നതും അപൂർവമല്ല. രോഗബാധ നിയന്ത്രിക്കാൻ മറ്റു പോംവഴിയില്ലാത്തപ്പോൾ കീടനാശിനി തളിക്കാൻ വരുന്ന ആരോഗ്യവകുപ്പുദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നത് ശരിയല്ല. എന്നാൽ കീടനാശിനികളുടെ ഉപയോഗത്തോടൊപ്പം കീടനിയന്ത്രണത്തിന്നായി മറ്റുമാർഗങ്ങൾ കൂടി അനുവർത്തിക്കേണ്ടതുണ്ടുതാനും.

കൊതുകുവേട്ടയ്ക്ക് സുരക്ഷിത മാർഗങ്ങൾ

കീടനാശിനികൾ ഉപയോഗിച്ചല്ലാതെയുള്ള മാർഗങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. ഏറ്റവും മെച്ചപ്പെട്ട മാർഗം പരിസര സംരക്ഷണത്തിലൂടെയുള്ള മാർഗങ്ങളാണ്. ഇത് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമെ സാധിക്കുകയുള്ളു. കീടങ്ങൾ നമ്മുടെ ശത്രുക്കളും, മിത്രങ്ങളുമുണ്ടെന്നുള്ള മനോഭാവമാണ് ആദ്യം ജനങ്ങളിലുണ്ടാക്കേണ്ടത്. കീടങ്ങൾ വളരാനുള്ള സാഹചര്യങ്ങൾ-കൊതുകായാലും ഈച്ചയായാലും ശരി-സഹിച്ച് അനങ്ങാതിരിക്കുന്ന മനോഭാവം മാററണം. ഓരോ വീട്ടിലും കൊതുകും ഈച്ചയും പരക്കുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. നാം എത്ര ശ്രദ്ധിച്ചാലും ശരി ചെറിയകുഴികൾ തുടങ്ങി മലിനജലം കെട്ടിക്കിടക്കുന്ന വസ്തുക്കളും അവസരങ്ങളും ഏറെയാണ്. ഓവർഹെഡ് ടാങ്കിൽ തന്നെ കൊതുകുകൾ പെരുകി അയൽപക്കത്തുള്ള വീടുകളിൽവരെ കൊതുകുകൾ നൽകാൻ കൊതുകുകൃഷി നടത്തുന്ന സൗകര്യങ്ങൾ ഏറെ കാണാൻ കഴിയും. ഇത്തരം വെള്ളത്തിന്റെ ശേഖരങ്ങൾ കൊതുകു പ്രവേശിക്കാത്ത രീതിയിൽ ചെറിയ കണ്ണികളുള്ള വലകൊണ്ടു മൂടണം. തുറന്ന ഓടകൾ അടപ്പിട്ട് മൂടേണ്ടതാണ്. അടുക്കളയിൽനിന്നും തൊഴുത്തിൽനിന്നുമുള്ള മലിനജലം, സോക്കേജ്പിററ് വഴി ശരിയായരീതിയിൽ മണ്ണിന്നടിയിലേക്ക് കളയേണ്ടതുണ്ട്. ജന്തുക്കളുടെ വിസർജ്ജ്യങ്ങൾ തുറസ്സായി ഇട്ടേക്കരുത്. കാടുപിടിച്ചുകിടക്കുന്ന ചതുപ്പു പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലത്തിന്റെ ചെറിയ ശേഖരങ്ങൾ, ചിരട്ട, ഒഴിഞ്ഞ തകരം, ടയർ. കുപ്പി തുടങ്ങിയതെന്തുമാകാം. ഇവയൊക്കെ വേണ്ടരീതിയിൽ സംസ്കരിക്കണം.

പൊതുസ്ഥലങ്ങളിൽ കൊതുകു വളരുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതാണ് ഏററവും ശ്രമകരം. പലപ്പോഴും റോഡിൽ കുഴിയുണ്ടാക്കുന്ന ഉദ്യോഗസ്ഥന്മാരും പൊതുപ്രവർത്തകരും അവ മൂടാൻ ,യാതൊരു താല്പര്യവും കാണിക്കാറില്ല. ചന്തയിലേയും ഹോട്ടലിലേയുമൊക്കെ മലിനജലം തുറസ്സായസ്ഥലത്തും ഓടയിലുമൊക്കെ കെട്ടിക്കിടപ്പാണ് പതിവ്. ഹോട്ടലുകളിൽ നിന്നുള്ള മലിനജലം റോഡിലേക്കാണ് പലപ്പോഴും ഒഴുക്കിവിടാറ്. ഇങ്ങനെ പൊതുസ്ഥലം വൃത്തികേടാക്കാൻ ധാരാളം പേരുണ്ടെങ്കിലും വൃത്തിയാക്കാൻ താല്പര്യപ്പെട്ടവരായി ആരുമില്ലെന്നതാണ് സത്യം. ആകപ്പാടെ വൃത്തിയാക്കുന്നത് ഗാന്ധിജിയുടെ ഭാഗികമായി സേവനവാരം നടത്തുന്ന കുറെ സ്കൂൾ കുട്ടികൾ മാത്രമാണ്. കേരളീയരുടെ വ്യക്തിശുചിത്വം ഏറെ പ്രസിദ്ധമാണെങ്കിലും പരിസരശുചിത്വം ഏറെ പിന്നോട്ടാണെന്നാണ് ഇത്തരം കാഴ്ചകൾ തെളിയിക്കുന്നത്.

ജൈവിക കൊതുകുനിയന്ത്രണം പൂർണമായും പ്രാവർത്തിക മാക്കപ്പെട്ടിട്ടില്ല. എങ്കിലും പരിമിതമായതോതിൽ ഏതാനും പ്രദേശത്ത് ഇത് ഫലപ്രദമായി തെളിഞ്ഞിട്ടുണ്ട്. 'ബാസ്സിലസ് തുറിൻജൻസിസ് ' എന്ന ബാക്ടീരിയ കൊതുകുകളെ നശിപ്പിക്കുന്നതാണെന്നു കണ്ടിട്ടുണ്ട്. എന്നാൽ വ്യാപകമായ തോതിൽ ഈ മാർഗം ഉപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ട്. കൊതുകിന്റെ കൂത്താടികളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളർത്തുന്നത് കൊതുകു നിയന്ത്രണത്തിനുള്ള നിർദ്ദോഷകരമായ ഒരു മാർഗമാണ്. തിലോപ്പിയ, ഗാംബൂസിയ, പോയാസ്സീലിയ എന്നീയിനം മത്സ്യങ്ങളെയാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. ചേർത്തലയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ ഇത്തരത്തിലുള്ള കൊതുകു നിയന്ത്രണം വ്യാപകമായ തോതിൽ നടത്തുന്നുണ്ട്. ജനിതികമായ കൊതുകു നിയന്ത്രണ മാർഗങ്ങൾ ധാരാളം സാദ്ധ്യതയുള്ള മേഖലയാണ്. പക്ഷെ ഇതിനായി ആധുനിക സൗകര്യങ്ങളുള്ളതും ചിലവേറിയതുമായ പരീക്ഷണശാലകളും സംവിധാനങ്ങളും വേണം. ആൺകൊതുകുകളിൽ ജനിതക മാർഗം ഉപയോഗിച്ച് ഉൽപ്പാദനശേഷി നശിപ്പിക്കുന്നതാണ് ഈ സംവിധാനം. ഇത് വ്യാപകമായ തോതിൽ ഇനിയും പ്രചരിച്ചിട്ടില്ല.

കൊതുകു നിയന്ത്രണം എത്രയോ ശ്രമകരവും ചെലവേറിയതുമാണെന്ന് നാം മനസ്സിലാക്കിയല്ലോ. കൊതുകുകടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങളും ഇതുപോലെത്തന്നെ ചെലവേറിയതാണ്. കീടനാശിനികളേക്കാൾ കമ്പോളത്തിൽ വിപണനം നടക്കുന്ന ഇനമാണ് കൊതുകു തിരികളും, കൊതുകു വലകളും, കൊതുകിനെതിരെയുള്ള മാററുകളും ലേപനങ്ങളും. ഇവ കുത്തക വ്യാപാരികളുടെ കീശയിലേക്ക് സാധാരണക്കാരുടെപോലും അധ്വാനഫലം ഒഴുക്കുന്ന മാർഗങ്ങളായി മാറിയിരിക്കുന്നു. മലമ്പനിയും,മന്തും, എൻസഫലൈററിസുമൊക്കെ സമൂഹത്തിലെ പാവപ്പെട്ടവരെ ബാധിക്കുന്ന രോഗങ്ങളാണ്. സ്വന്തമായി കട്ടിൽപോലുമില്ലാത്തവർ കൊതുകുവല എങ്ങിനെ ഉപയോഗിക്കുവാനാണ്? അതുപോലെത്തന്നെയാണ് കൊതുകുതിരിയുടേയും ലേപനത്തിന്റേയും ഒക്കെ കാര്യം. എന്നാൽ ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ഇടത്തരക്കാരും വർദ്ധിച്ചതോതിൽ ഇത്തരം മാർഗങ്ങൾക്കായി പണം ചിലവിടുന്നുണ്ട്. പല വീടുകളിലും പിഞ്ചു കുഞ്ഞുങ്ങളെയും കുട്ടികളേയും കൊതുകിൽനിന്നു രക്ഷിക്കാൻ എങ്ങനേയും കടം വാങ്ങിയും ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നവരുണ്ട്. ഇന്ന് ഏഷ്യൻ രാജ്യങ്ങളിൻ മാത്രം പ്രതിവർഷം 11000 കോടിയിലധികം വൈരിത്രിൻ അടങ്ങിയ ഇത്തരം വ്യക്തിതല സുരക്ഷാവസ്തുക്കൾ വില്കപ്പെടുന്നുണ്ട്. കൊതുകു വലകളും, ലേപനങ്ങളും ഇതിനു പുറമെയാണ്.

പ്രതിരോധമാണ് പ്രധാനം

ചുരുക്കത്തിൽ മനുഷ്യന് രോഗാണുക്കളെ കീഴടക്കാൻ പ്രകൃതിനിയമങ്ങൾ പാലിച്ചുകൊണ്ടു മാത്രമെ കഴിയൂ എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് കഴിവുള്ളവർ നിലനിൽക്കാൻ വേണ്ടിയുള്ള പ്രകൃതിയുടെ സംവിധാനമാണല്ലോ (Survival of the fittest) രോഗങ്ങളും രോഗാണുക്കളും. മനുഷ്യന് അവയെ നേരിടാൻ രോഗപ്രതിരോധം തന്നെയാണ് ഏററവും പ്രധാന മാർഗമെന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതശൈലിയിലും ഭൗതിക സാഹചര്യങ്ങളിലും പ്രകൃതിക്കനുയോജ്യമായി മാററങ്ങൾ വരുത്തിയാണ് നാം ലോകത്ത് കഴിയുന്നത്. കടുവയും സിംഹവും പോലും ഭക്ഷണത്തിനല്ലാതെ മററു ജന്തുക്കളെ കൊല്ലുന്നില്ല. എന്നാൽ മനുഷ്യനോ? സഹജീവികളെ മാത്രമല്ല സ്വന്തം സഹോദരങ്ങളെപ്പോലും കൂട്ടക്കൊലചെയ്ത് മനുഷ്യൻ മുന്നേറുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് എയർകണ്ടീഷൻ ചെയ്ത റൂമിൽ ചൂടും തണുപ്പും ഇച്ഛക്കനുസരിച്ച് നിയന്ത്രിക്കാൻ മനുഷ്യനു കഴിഞ്ഞു.

ബഹുഭൂരിപക്ഷം സാധാരണക്കാരും പട്ടിണികിടക്കുമ്പോൾ ഒന്നോ രണ്ടോ പേർ 'എസി' യിലിരിക്കുന്നത് നോക്കി ആരോ ഒക്കെ പരിഹസിക്കുന്നില്ലേ? ഒരേ വീട്ടിൽ അച്ഛനും, അമ്മയ്കും, മക്കൾക്കും വെവ്വേറെ കാറുകളുള്ളത് ചുരുക്കമായ അവസ്ഥയാണ്. എന്നാൽ അതേ സ്ഥലത്തുതന്നെ കടുത്ത രോഗം ബാധിച്ച് ആശുപത്രിയിലെത്താൻ വാഹനസൗകര്യം കിട്ടാതെ സഹജീവികൾ അകാലത്തിൽ മരിക്കുന്നു. നമ്മുടെ മാതൃമരണത്തിന്റെയും ഒരു പ്രധാനകാരണം രോഗികളെ ആശുപത്രിയിലെത്തിക്കാൻ വേണ്ടസമയത്ത് വാഹനസൗകര്യം കിട്ടാത്തതാണ്.

മനുഷ്യന്റെ ശത്രുക്കളെ നാം നേരിടേണ്ടത് സമത്വവും, പരസ്പരസ്നേഹവും, സഹവർത്തിത്വവും,അർഹതയുള്ളവർക്കുവേണ്ടിയുള്ള പങ്കുവെക്കലും കൊണ്ടാണെന്ന് നമ്മെ ഓർമിപ്പിച്ചവരെയെല്ലാം അകാലത്തിൽ ക്രൂരമായി കശാപ്പുചെയ്ത ചരിത്രമാണ് നമുക്കുള്ളത്. ഇന്ന് വൈദ്യശാസ്ത്രരംഗത്തുള്ള ഏററവും പ്രധാന പ്രശ്നം രോഗങ്ങളോ രോഗാണുക്കളോ മാത്രമല്ല നിലവിലുള്ള സൗകര്യങ്ങൾ അർഹതയുള്ളവർക്കെത്തിക്കാൻ കഴിയാത്തചികിൽസാ രംഗത്തുള്ള അസമത്വവും, സാമ്പത്തിക കാരണങ്ങളാലുള്ള ചികിൽസ നിഷേധിക്കലുമാണ്. ഇതിനെ ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചത് 'ആരോഗ്യരംഗത്തെ വർണവിവേചനം'(അപ്പാർത്തിഡ് ഇൻ ഹെൽത്ത്) എന്നാണ്.

ചികിൽസാജന്യഗോഗങ്ങളെപ്പോലെ പ്രധാന പ്രശ്നമായിരിക്കുകയാണ് ആശുപത്രിജന്യസാംക്രമിക രോഗങ്ങൾ (Hospital Born infections). ആശുപത്രിയിലെ രോഗാണുക്കൾ സമൂഹത്തിലുള്ള രോഗാണുക്കളേക്കാൾ ഏന്തുകൊണ്ടും കൂടുതൽ ഭീകരരാണ്. അതുകൊണ്ടാണ് ഡേവിഡ് മോർളി ആശുപത്രികളെ 'ഡെയിഞ്ചർ പാലസ് ' അഥവാ അപകടത്തിന്റെ കൊട്ടാരങ്ങൾ എന്നുവിശേഷിപ്പിച്ചത്. നമ്മുടെ ആശുപത്രികളെ കൊട്ടാരങ്ങൾക്കു പകരം കൂടാരങ്ങളെന്നു നമുക്കു വിളിക്കാം. ഒരു സമൂഹത്തിന്റെ ആരോഗ്യം കണക്കാക്കേണ്ടത് ആശുപത്രികളുടേയോ കിടക്കകളുടേയോ എണ്ണം നോക്കിയല്ല; മറിച്ച് ആ പ്രദേശത്ത് ശുദ്ധജലം നൽകാനുള്ള ടാപ്പുകളുടെ എണ്ണവും പരിസരാരോഗ്യവും നോക്കിയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. ആശുപത്രികൾക്കകത്തെ ശത്രുക്കളെപ്പോലെ പുറത്തും ശത്രുക്കളുണ്ടെന്ന് അർബോവൈറസ് രോഗാണുക്കൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയുമായി മനുഷ്യൻ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്ന ബന്ധങ്ങളും സവിശേഷതകളും പുലർത്തുന്ന ഒരുതരം സൂക്ഷ്മാണുക്കളാണ് അർബോവൈറസുകൾ. രക്തം കുടിക്കുന്ന ഷട് പദങ്ങൾ ഇവയെ വ്യാപിപ്പിക്കുന്നു എന്നതാണ് ഇവയുടെ പൊതുവായ സവിശേഷത. 500 ഓളം അണുക്കളെ ഈ ഇനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജാപ്പനീസ് എൻസഫലൈററിസ്, മഞ്ഞപ്പനി, ഡെങ്കിപ്പനി, കുരഞ്ഞുജ്വരം എന്നറിയപ്പെടുന്ന K.F.D. എന്നിവയെല്ലാം അർബോവൈറസ് രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

തിരിച്ചടിക്കുന്ന മാർഗങ്ങൾ വേണ്ട !

രോഗാണുക്കളുടെ ആന്റിബയോട്ടിക്ക് പ്രതിരോധംപോലെയുള്ള മനുഷ്യന്റെ മറ്റൊരു ഭീഷണിയാണ് കീടങ്ങൾക്കു കീടനാശിനികളോടുള്ള പ്രതിരോധം. ആന്റിബയോട്ടിക്ക് പ്രതിരോധവും കീടനാശിനി പ്രതിരോധവും നമ്മെ പഠിപ്പിക്കുന്ന പാഠം സാംക്രമികരോഗങ്ങളെ നേരിടുന്ന ഇന്നത്തെ ശൈലി മാറ്റേണ്ടതുണ്ടെന്നാണ്. പ്രകൃതിയോട് കൂടുതൽ അടുത്തുകൊണ്ടാണ് സാംക്രമികരോഗനിയന്ത്രണം സാധിതമാക്കേമ്ടത്. പരിസര സംരക്ഷണത്തിലൂടെയുള്ള രോഗപ്രതിരോധമാണ് മനുഷ്യൻ പാലിക്കേണ്ട ഏററവും ഉത്തമമായ പ്രതിരോധമാർഗം. പോഷകാഹാരത്തിലൂടേയും, വ്യായാമത്തിലൂടേയും, മററാരോഗ്യശീലങ്ങളിലൂടേയും ശരീരം സംരക്ഷിച്ച് പ്രതിരോധശേഷി നിലനിർത്തുകയും വേണം. പല്ലിയെക്കൊന്നാൽ പല്ലികൊല്ലുന്ന അനേകം കീടങ്ങൾ മനുഷ്യന് ആപത്താകുമെന്നും, തവളകൾ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയാൽ കൊതുകുകൾ നിയന്ത്രണാതീതമായി പെരുകുമെന്നും ഉള്ള സത്യത്തിൽ നിന്നും നാം അതിദൂരം പിന്നിട്ട്, പടിഞ്ഞാറുനിന്നും ഇറക്കുമതി ചെയ്യപ്പെട്ട വികസനത്തിന്റെ മാതൃകകളിലേക്ക് പോയിരിക്കുന്നു.

നാടിനു ചേർന്ന സാങ്കേതിക വിദ്യകൾ ഇറക്കുമതി ചെയ്യുകയല്ല ഇവിടെ വികസിപ്പിക്കുകയാണ് വേണ്ടത്. കീടനാശിനികളുടെ ഉപയോഗത്തിൽ ഇത്തരം നാടിനുചേർന്ന സംയോജിത കീട നിയന്ത്രണ മാർഗങ്ങൾ ഏററവും കൂടുതൽ പ്രാവർത്തികമാക്കിയത് ചൈനയിലാണ്. ഒരു കാർഷിക രാജ്യമായ ഇന്ത്യയിൽ ചൈനയിൽ നിന്നും ഈ അനുഭവം കൂടുതൽ പഠിക്കാനും പരിസര സംരക്ഷണത്തിലൂടെയുള്ള കീടനിയന്ത്രണം പ്രാവർത്തികമാക്കാനും ശ്രമിക്കണം. രോഗാണുക്കളെല്ലാം ഭൂമിയിൽ മനുഷ്യന് അപകടകരമല്ലാത്ത തോതിൽ കഴിയാൻ പ്രകൃതി കളമൊരുക്കിയിട്ടുണ്ടെന്നതാണ് 'നാച്ചുറൽ ഫോസൈ' യുള്ള സാംക്രമിക രോഗങ്ങളായ പ്ലേഗും, മഞ്ഞപ്പനിയും ഒക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റേയും പരിസ്ഥതി വിജ്ഞാനത്തിന്റേയും അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കലാണ് സാംക്രമിക രോഗനിയന്ത്രണത്തിന്റേയും ബാലപാഠങ്ങൾ. ഈ അണ്ഡകടാഹത്തിലെ ഒരണുബിന്ദു മാത്രമാണ് മനുഷ്യനെന്നും നമുക്കു ജീവിക്കാൻ ആവശ്യമായതെടുക്കുന്നതിൽ കവിഞ്ഞ് നമ്മുടെ സുഖഭോഗത്തിനു വേണ്ടി മറ്റുള്ളതിനേയും മററുള്ളവരേയും മാററിമറിക്കുന്നത് നാശത്തിലേക്കാണെന്നുമുള്ള സത്യം ഇനിയെങ്കിലും നാം അംഗീകരിക്കുക.

പ്രാദേശികമായി ചെയ്യണ്ടത്

കൊതുകു നിയന്ത്രണം പരിസരസംരക്ഷണ മാർഗത്തിലൂടേയും മത്സ്യം പോലുള്ള ജന്തുക്കളെ ഉപയോഗിച്ചും ചെയ്യാനാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. പരിമിതമായി മാത്രമെ കീടനാശിനികൾ ഉപയോഗിക്കാവൂ.

ആദ്യമായി പഞ്ചായത്തു തലത്തിൽ സന്നദ്ധപ്രവർത്തകർ, ആരോഗ്യവകുപ്പുദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്ക്വാഡുകൾ രൂപീകരിക്കുക. സ്ക്വാഡ് പ്രവർത്തകർ വീടുകൾ സന്ദർശിച്ച് കൊതുകു വളരുന്ന ഭൗതിക സാഹചര്യങ്ങൾ കണ്ടുപിടിച്ച് കൊതുകു വളർച്ചയെ സംമ്പന്ധിച്ച മാപ്പ് തയ്യാറാക്കണം. കൊതുകു വളർച്ച തീവ്രമായ സ്ഥലങ്ങൾ രേഖപ്പെടുത്തുകയും വേണം.

ഇതിനു സമാന്തരമായി കൊതുകു പരത്തുന്ന രോഗങ്ങളെപ്പററിയും കൊതുകു നിയന്ത്രണത്തെപ്പററിയും പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണം. ഈ ലഘുലേഖ ഉപയോഗിച്ച് ക്ലാസുകൾ നടത്താം. ഓട്ടൻതുള്ളൽ, നാടകം തുടങ്ങിയ കലാമാദ്ധ്യമങ്ങളിലൂടേയും എക്സിബിഷനിലൂടേയും ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണവും നടത്തണം.

ആരോഗ്യവകുപ്പുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവശ്യം വേണ്ടിടത്ത് താരതമ്യേന സുരക്ഷിതമായ കീടനാശിനികൾ പരിമിതമായ തോതിൽ പ്രയോഗിക്കണം. ഇത്തരം കീടനാശിനി പ്രയോഗത്തിന് ഗവൺമെന്റ് ഏജൻസികളേയോ പ്രാദേശിക ഓഫീസുകളേയോ സമീപിക്കാം. കൃഷിഭവൻ, വികസന ബ്ലോക്കുകൾ എന്നിവയും ഈ കാര്യത്തിൽ സഹായം നൽകും.

ജില്ലാതലത്തിൽ കൊതുകുനിയന്ത്രണത്തെപ്പററി സാങ്കേതികമായ ഉപദേശം നൽകാൻ പ്രത്യേകം വിദഗ്ധരെ കണ്ടെ ത്തിയിട്ടുണ്ട്. പ്രാദേശികമായി കൊതുകുകളെപ്പററിയുള്ള വിവരങ്ങൾക്കും അവ രോഗം പരത്തുമോ എന്നൊക്കെയുള്ള കാര്യങ്ങളും ഈ വിദഗ്ധരിൽ നിന്ന് അറിയാം. മാത്രമല്ല ഇത്തരം ആരോഗ്യ പ്രവർത്തനങ്ങൾ മൊത്തത്തിലുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. അതിനാൽ കൃത്യമായ റിപ്പോർട്ടിഗും വിവര വിനിമയവും അവശ്യഘടകമാണ്. പഞ്ചായത്തുകൾ ചേർന്ന് സെമിനാർ, ശില്പശാല തുടങ്ങിയ അറിവു കൂട്ടാനുള്ള പ്രവർത്തനങ്ങളും നടത്താം.