നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കണ്ണൂർ

കോഴിക്കോട്

Nilambur 2.jpg

മലപ്പുറം

പാലക്കാട്


തൃശ്ശൂർ

എറണാകുളം

ആലപ്പുഴ

വാർത്തകൾ

നമ്മൾ ജനങ്ങൾ: ശാസ്ത്രകലാജാഥ വീണ്ടും

ടി.കെ.മീരാഭായ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത‌്‌ ജനറൽ സെക്രട്ടറി

| Articles | Deshabhimani | Wednesday Feb 13, 2019

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ ക്യാമ്പയിൻ ആയ ശാസ്ത്രകലാജാഥ ഫെബ്രുവരി 5ന് പര്യടനം ആരംഭിച്ചു. ജില്ലാതലത്തിലാണ് ഇത്തവണ കലാജാഥകൾ സംഘടിപ്പക്കുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ അവതരണം നടത്തണമെന്നതിനാലാണിത്; കേരളത്തിലെ എല്ലാ ജില്ലകളിലുമായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുക. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച [നമ്മൾ ജനങ്ങൾ] മുഴുനീള നാടകമാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്.

എം എം സചീന്ദ്രന്റേതാണ് കവിതകൾ. പ്രേംകുമാർ വടകര സംഗീതസംവിധാനവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഇന്ത്യൻ ഭരണഘടന വ്യക്തികൾക്ക് ഉറപ്പുനൽകിയിട്ടുള്ള അവകാശങ്ങളാണ് നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവ. എല്ലാ പൗരന്മാർക്കും തുല്യനീതിയും ഉയർന്ന സ്വാതന്ത്ര്യബോധവും അവസരങ്ങളിലും മൂല്യങ്ങളിലുമുള്ള തുല്യതയും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നുള്ള ബോധവുമാണ് ഇന്ത്യൻ ഭരണഘടന നമുക്ക് വാഗ്ദാനം നൽകിയിട്ടുള്ളത്. ഒരാൾക്ക് ഒരു വോട്ടും ഒരു വോട്ടിന് ഒരു മൂല്യവുമെന്നത് ഇന്ത്യൻ യാഥാർഥ്യമാണ്. എന്നാൽ, ഒരാൾക്ക് ഒരു മൂല്യമെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നുപറഞ്ഞത് ഭരണഘടനാ ശിൽപ്പിയായ ഡോ.അംബേദ്കർതന്നെയാണ്. പക്ഷേ ഭരണഘടന ലക്ഷ്യമിടുന്നത് ഒരേ മൂല്യമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ്. ജനങ്ങളും ഭരണവും ഭരണഘടനയും തമ്മിലുള്ള വേർതിരിവ് ലഘൂകരിക്കുന്നതിനുപകരം ഈ ബന്ധത്തിന്റെ വിടവ് വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സമകാലീന ഇന്ത്യൻ യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവസരസമത്വം, സ്ത്രീപുരുഷ തുല്യത, ജാതിമത വർഗീയഭേദങ്ങൾ ഇല്ലാതാകുന്ന സാഹചര്യം എന്നിവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാം ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ, ഈ ലക്ഷ്യങ്ങളിൽനിന്ന് നമ്മൾ കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കപ്പെടുന്നതും ഹീനമായ ഹിന്ദുമതാചാരങ്ങൾ ഭരണഘടനാപരമാണെന്ന് വാദിക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടാകുന്നതും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ. നവോത്ഥാനമൂല്യങ്ങൾ മുന്നോട്ട് നയിച്ച കേരളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തെ നയിക്കുന്നത് ഉയർന്ന ശാസ്ത്രബോധമല്ല. വിദ്യാഭ്യാസവും കാര്യകാരണബന്ധവും തമ്മിൽ വലിയ വിടവുണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യം സാമാന്യജനങ്ങളുടെ ചർച്ചയിലേക്ക് കൊണ്ടുവരിക എന്നതാണ് കലാജാഥയിലൂടെ പരിഷത്ത് ലക്ഷ്യമിടുന്നത്.

പുഷ്പക്കൃഷി നടത്തി ഉപജീവനം നടത്തുന്ന ചെമന്തിയൂർ എന്ന പേരുള്ള ഒരു കേരളീയഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ‘നമ്മൾ ജനങ്ങൾ’ എന്ന നാടകത്തിന്റെ ഇതിവൃത്തം. നവോത്ഥാനത്തിനു വേണ്ടിയും മതേതരത്വം ഊട്ടിവളർത്തുന്നതിനുവേണ്ടിയും നിരന്തരം പ്രവർത്തിച്ച കേരളീയസമൂഹത്തിന്റെ പ്രതീകമാണ് ചെമന്തിയൂർ. അവിടെ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാ മതക്കാരുമുണ്ട്. യാഥാസ്ഥിതികരും പുരോഗമനവാദികളുമുണ്ട്. ഇവരെല്ലാം തമ്മിലുള്ള സഹവർത്തിത്വവും സംഘർഷങ്ങളുമുണ്ട്. പ്രളയദുരന്തത്തിനുമുന്നിൽ എല്ലാ വിഭാഗീയതകളും മറന്ന് ഒന്നിക്കുന്നു. ഈ ഗ്രാമീണരിൽ വിദ്വേഷത്തിന്റെ വിഷബീജങ്ങൾ വിതയ്ക്കാനും കലാപം നടത്താനും അക്ഷീണം പ്രവർത്തിക്കുന്ന വിതണ്ഡവാദികളുമുണ്ട്. അവർക്കെതിരെ ശാസ്ത്രബോധത്തിന്റെ പ്രതിരോധമുയർത്തുന്ന മതേതര ജനാധിപത്യവാദികളുടെ ഇടപെടലുകളിലൂടെ മുന്നേറുന്ന നാടകം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ജനങ്ങളിലേക്ക് പടരുന്നത്. വർത്തമാന കേരള സമൂഹത്തിൽ, ശാസ്ത്രകലാജാഥ ഉയർത്തുന്ന ചോദ്യങ്ങൾ വിപുലമായി ചർച്ചചെയ്യപ്പെടണമെന്നാണ് പരിഷത്ത് ആഗ്രഹിക്കുന്നത്.

ജാഥാകേന്ദ്രങ്ങളിൽ അനുബന്ധപരിപാടിയായി ജനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആർത്തവത്തിന്റെ ശാസ്ത്രം, ഇന്ത്യൻ ഭരണഘടനയുടെ മൂല്യബോധം, ശാസ്ത്രബോധം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകൾ, വരഘടന എന്ന പേരിലുള്ള ചിത്രരചന, പോസ്റ്റർ പ്രദർശനം, ബാലോത്സവങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചേർന്നതാണ് ജനോത്സവങ്ങൾ. കലാജാഥ അവതരണത്തിനും അനുബന്ധപരിപാടികൾക്കും ആവശ്യമായ വിഭവസമാഹരണം നടത്തുന്നത് പുസ്തകങ്ങളും മറ്റു പരിഷദ് ഉൽപ്പന്നങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ്.

1962ൽ രൂപംകൊണ്ട ശാസ്ത്രസാഹിത്യ പരിഷത്ത് 1977ലാണ് 37 ദിവസം നീളുന്ന ഒരു ജാഥ ബൃഹത്തായ ഒരു ജനസമ്പർക്കപരിപാടിയായി ആരംഭിച്ചത്. കണ്ണൂരിലെ കുവേരി ഗ്രാമത്തിൽനിന്നാരംഭിച്ച് തിരുവനന്തപുരത്തെ പൂവച്ചൽവരെ ഈ ശാസ്ത്രസാംസ്കാരിക ജാഥ സഞ്ചരിച്ചു. ശാസ്ത്രസാംസ്കാരിക ജാഥ എന്ന ആശയത്തോടൊപ്പം കലാപരിപാടികളുംകൂടി ചേർത്താണ് 1980 മുതൽ നിരന്തരമായി ശാസ്ത്രകലാജാഥകൾ സംഘടിപ്പിച്ചുവരുന്നത്. തിരുവനന്തപുരത്തെ കാരക്കോണംമുതൽ കാസർകോട് വരെയായിരുന്നു ആദ്യത്തെ ശാസ്ത്രകലാജാഥ.

ശാസ്ത്രകലാജാഥകളുടെ തെരുവുനാടകരീതിയിലുള്ള അവതരണങ്ങളും പുസ്തകപ്രചാരണത്തിലൂടെയുള്ള വിഭവസമാഹരണരീതിയും പുതിയ പുതിയ കലാരൂപങ്ങളുടെയും സംവാദാത്മകമായ ആശയങ്ങളുടെ ഉള്ളടക്കവുമെല്ലാം സാംസ്കാരികരംഗത്ത് വളരെയേറെ സ്വീകാര്യതയുണ്ടാക്കി. ആശയപ്രചാരണത്തിനുള്ള ഒരു മുഖ്യ ഉപാധിയായി സാക്ഷരതാപ്രസ്ഥാനത്തിന്റെയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും കാലഘട്ടത്തിൽ കലാജാഥകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എറണാകുളം സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ പ്രചാരണത്തിനായി അന്ന് 20 കലാജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്. അഖിലേന്ത്യാതലത്തിലും സാക്ഷരതാപ്രസ്ഥാനം കലാജാഥകളെ നന്നായി ഉപയോഗിക്കുകയുണ്ടായി.

ശാസ്ത്രസാഹിത്യപരിഷത്തിന് ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള എല്ലാ അംഗീകാരങ്ങളിലും സമ്മാനങ്ങളുടെ സാക്ഷ്യപത്രങ്ങളിലും, ശാസ്ത്രപ്രചാരണത്തിനും പരിസരസംരക്ഷണത്തിനും കലയുടെ മാധ്യമം പ്രയോജനപ്പെടുത്തിയ കാര്യം എടുത്തുപറയുന്നുണ്ട്. ശാസ്ത്രകലാജാഥയുടെ ഈ വർഷത്തിൽ നമ്മൾ ജനങ്ങൾ കലാജാഥ അരങ്ങിലെത്തുന്നതിനുമുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ ഏതാണ്ട് ഒരു ഡസൻ ജാഥകൾ പ്രയാണം നടത്തിക്കഴിഞ്ഞു. അവയിൽ പാതിയും കലാജാഥകൾതന്നെയായിരുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തത പുലർത്തുന്നതുകൊണ്ടാണ് പരിഷത്തിന്റെ കലാജാഥകൾക്ക് ഇപ്പോഴും കേരളസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നത്.

തൃശ്ശൂർ ജില്ലാ കലാജാഥ തുടക്കമായി

ഓരോ സവിശേഷ ചരിത്രസന്ധിയും ആവിഷ്കാരത്തിന്റെ..... പ്രമേയത്തിന്റെ ആവിഷ്കരരൂപങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും... അത് കാലത്തിന്റെ അനിവാര്യതയാണ്.... ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ ഏകതയോടെ കേരളം നേരിട്ടത് വലിയ പ്രതീക്ഷകൾ നല്കിയിരുന്നു."നവമാനവികത" യെന്നാണ് ബി.രാജീവനെ പോലുള്ള ചിന്തകർ ആ സാമൂഹിക ഉണർവിനെ വിശേഷിപ്പിച്ചത്.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 സെപ്തംബർ 28 ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ആകെ കലങ്ങിമറിഞ്ഞിരുന്നു. നാം ദശകങ്ങൾ കൊണ്ട് നേടിയെടുത്ത പല മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു..... നീതി, സമത്വം, സ്വാതന്ത്ര്യം സഹോദര്യം, ശാസ്ത്രബോധം എന്നിവ വളരെ ഗൗരവമായി കേരളം ചർച്ച ചെയ്യുകയും ചെയ്തു. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യമെന്ന് ആ ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു. അതിനുവേണ്ടി ഉയർന്ന ശബ്ദത്തിന് ഏറെ കരുത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2019 ലെ കലാജാഥ പ്രസക്തമാകുന്നത്. ഭരണഘടന മൂല്യങ്ങൾ മറ്റെന്തിനേക്കാളും ഉയർത്തി പിടിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനം.. തിരുവില്വാമല ബസ് സ്റ്റാൻറിൽ നിറഞ്ഞ സദസിനു മുമ്പിലാണ് ഇന്ന് വൈകീട്ട് 6 മണിക്ക് ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്.... ഹർഷാരവങ്ങളോടെയാണ് തിരുവില്വാമലയിലെ ജനങ്ങൾ ഈ കലാജാഥയെ സ്വീകരിച്ചത്. അവസാനിച്ചപ്പോൾ ഉയർന്നു കേട്ട കൈയടി നാടകം അവർ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ്. പരിഷത്ത് പ്രവർത്തകർ വിതരണം ചെയ്ത നോട്ടുപുസ്തകത്തിൽ അവർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തിരക്കുകൂട്ടിയത് ആവേശകരമാണ് ..ജാഥ ഈ മാസം 21-ാം തിയതി കോലഴിയിൽ സമാപിക്കും.സുരേഷ് ബാബു ശ്രീസ്ഥ രചിച്ച ഈ നാടകം സമകാലിക കേരളത്തിന്റെയും ഇന്ത്യയുടെയും നേർക്കാഴ്ചയായിത്തീരുന്നുണ്ട്. എം.എം.സ ചീന്ദ്രൻ മാഷ് രചിച്ച് പ്രേംകുമാർ വടകര സംഗീതം നല്കിയ കലാജാഥയിലെ ഗാനങ്ങൾ കേരളം ഏറെക്കാലം ആവർത്തിച്ചുപാടി കൊണ്ടേയിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മനോജ് നാരായണന്റെ സംവിധാനത്തിൽ പിറന്ന ഈ നാടകം കേരളത്തിന്റെ പ്രബുദ്ധ ജനത ഏറ്റെടുക്കും എന്നാണെന്റെയൊരു ബോധ്യം... മിടുക്കരായ നടീനടന്മാർ ഈ കലാജാഥ മികച്ച ഒരനുഭവമാക്കി തീർത്തിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഈ കലാജാഥ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതുണ്ട്....കാണേണ്ടതുണ്ട്... അത് മനുഷ്യരെ മറ്റൊരാളാക്കി തീർക്കും.. തീർച്ച. കലാജാഥക്ക് അഭിവാദ്യങ്ങൾ....

സതീഷ് ഓവാട്ട് - തൃശ്ശൂർ ജില്ലാ കൺവീനർ

നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ

  1. നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
  2. നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
  3. പാഠം ഒന്ന് - ആർത്തവം - ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക
  5. നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ-ആമുഖം - ക്ലിക്ക് ചെയ്യുക