നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക
പൊതുവിദ്യാഭ്യാസ പുനർനിർമാണം; പ്രസക്തിയും പ്രാധാന്യവും
നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക | |
---|---|
ലഘുലേഖ കവർ | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ഒക്ടോബർ 2016 |
പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി അടിയന്തിരമായ ഇടപെടൽ അർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. അതിനെച്ചൊല്ലി സർക്കാർ സ്വീകരിച്ചുപോന്ന അലസത കൈവിട്ട് ഗുണപരമായ ഇടപെടലുകൾ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാനുള്ള ബിൽ അസംബ്ലി പാസാക്കി. മറ്റുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്തത്തിൽ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ആയിരം ഗവൺമെന്റ് സ്‌കൂളുകളെ ആധുനികവൽക്കരിക്കുമെന്നും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളുകൾക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. അതിനുള്ള പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിനായി നാലു നിയോജകമണ്ഡലങ്ങളും നിർദേശിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്വാഗതാർഹമാണ്. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള നടപടികളുമായി സർവാത്മനാ സഹകരിക്കാൻ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറുമാണ്. അതേസമയം പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളിക ളെക്കുറിച്ച് സമഗ്രമായ പരിശോധന ആവശ്യമാണ്. വസ്തു നിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങൾ ഇന്ന് പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്ക് കാരണമായിട്ടുണ്ട്. അവയെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം. വെല്ലുവിളികളുടെ വസ്തുനിഷ്ഠഘടകങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ നടപ്പിലാക്കപ്പെടുന്ന നവലിബറൽ പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ സങ്കൽപ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹ്യാവബോധം, തുടങ്ങിയ സങ്കൽപ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാർത്ഥി വിദ്യാഭ്യാസകമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തി വരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ വരുമാനദായകമായ തൊഴിലാണെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് സാർവത്രികമാണ്. ഇതിനുതക്ക രീതിയിലുള്ള കച്ചവടവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൺഎയ്ഡഡ് മേഖലയിൽ വളർന്നുവരുന്നത്. ആഗോളതൊഴിൽവിപണി നിർണയിക്കുന്ന സങ്കീർണ ലോകത്തിൽ സ്വന്തം മക്കളെ ഒരു കരയടുപ്പിക്കാനുള്ള വെമ്പലിന്റെ ഭാഗമായി മധ്യവർഗം മാത്രമല്ല, താഴെത്തട്ടിലുള്ള രക്ഷിതാക്കൾ പോലും എന്തു ത്യാഗത്തിനും തയ്യാറാണ്. ഇതാണ് പുതിയ വിദ്യാഭ്യാസ കച്ചവടക്കാരുടെ മൂലധനമായി മാറുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ പ്രവേശനം നേടുന്ന കുട്ടികളുടെ മൂന്നിലൊന്നു ഭാഗമെങ്കിലും രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ആണ് പഠിക്കുന്നത് എന്നത് കച്ചവടവിദ്യാഭ്യാസ ത്തിന് കേരളത്തിലെ മധ്യവർഗ രക്ഷിതാക്കളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്. നവലിബറൽ വിദ്യാഭ്യാസസങ്കൽപ്പത്തിന് അനുപൂരകമായാണ് കേന്ദ്രവിദ്യാഭ്യാസനയങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിനോടൊപ്പം വ്യക്തമായ ഹൈന്ദവസാംസ്‌കാരിക മാനദണ്ഡങ്ങൾ വിദ്യാഭ്യാസ ത്തിനുമേൽ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രവിദ്യാഭ്യാസ സമീപനം ചെയ്യുന്നത്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യബോധം മുതലായവ ഉപേക്ഷിച്ചിരിക്കുന്നു. ധാർമികത, മതമൈത്രി, സാംസ്‌കാരിക ഉദ്ഗ്രഥനം തുടങ്ങിയവ പകരം വെക്കുന്നു. ബോധനപഠനരൂപങ്ങളിൽ ഹൈന്ദവഗുരുകുല രീതികളെ ആദർശവൽക്കരിക്കുന്നു. ക്യാമ്പസ് സംസ്‌കാരം, അച്ചടക്കം, അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾ തുടങ്ങിയവയും അതനുസരിച്ച് നിർവചിക്കപ്പെടുന്നു. വിദ്യാലയങ്ങളുടെ ഗുണനിലവാരം പഠനഫലങ്ങളെ (ഘലമൃിശിഴ ഛൗരേീാല)െ ആധാരമാക്കി നിർവചിക്കപ്പെടുകയും പഠനഫലങ്ങളുടെ ഗുണനിലവാരം എന്നത് വ്യവസായങ്ങളെപ്പോലുള്ള ഗുണഭോക്താക്കൾ നിർവചിക്കുന്ന രീതി നിർദേശിക്കുകയും ചെയ്യുന്നു. അതനുസരിച്ചുള്ള യോഗ്യത (ാലൃശ)േ നേടാത്തവർക്ക് ഏതെങ്കിലും വിധത്തിൽ ഉള്ള നൈപുണിപരിശീലനം (ടസശഹഹ െൃേമശിശിഴ) നടത്താനുള്ള സംവിധാനമൊരുക്കുകയും അങ്ങനെ എല്ലാവരെയും തൊഴിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. വിദ്യാലയ അന്തരീക്ഷം മുഴുവൻ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്കായി ക്രമീകരിക്കപ്പെടുന്നു. അധ്യാപകരുടെ വിന്യാസവും പരിശീലനവും അതനുസരിച്ച് നിർണയിക്കപ്പെടുന്നു. ഈ മാറ്റങ്ങൾ ഒരുവിഭാഗം മധ്യവർഗരക്ഷിതാക്കളെ തൃപ്തിപ്പെ ടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. സ്‌കൂളുകൾ കോച്ചിങ്ങ് സെന്ററുകളായി മാറുകയും സ്‌കൂളുകളുടെ അന്തരീക്ഷം പരമാവധി ജാതിമതധാർമികമൂല്യങ്ങളാൽ നിർണയിക്കപ്പെടുകയും ചെയ്യുന്നത് കുട്ടികളെ അച്ചടക്കവും ലക്ഷ്യബോധവും ദൈവവിശ്വാസവുമുള്ളവ രാക്കാൻ സഹായിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. അതനുസരിച്ച് പൗരബോധത്തെയും സമൂഹജീവിതത്തെയും നിർവചിക്കുന്നവരും ധാരാളമുണ്ട്. ലിംഗപദവിയിലും പുരുഷാധിപത്യപരമായ അച്ചടക്കമാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനോടൊപ്പം സ്വന്തം മക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ശിക്ഷണവും സാങ്കേതിക മികവും വേണമെന്നും ഇവർ ആഗ്രഹിക്കുന്നു. പ്രത്യേകവിഷയങ്ങളിലുള്ള അറിവിനു പുറമെ ആശയവിനിമയശേഷി, അപഗ്രഥനശേഷി മുതലായവയിൽ ഊന്നിയുള്ള ബോധമാണ് മികവിന്റെ മാനദണ്ഡ മെന്ന് പുരോഗമനവാദികളും അഭിപ്രായപ്പെടുന്നുണ്ട്. ഇവയൊന്നും നൽകാൻ പൊതുവിദ്യാലയങ്ങൾക്കു കഴിയുന്നില്ലെന്നും പൊതു വിദ്യാലയങ്ങൾ പൊതുവിൽ അച്ചടക്കരാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും ബോധനപഠനരൂപങ്ങളിലെ മികവില്ലായ്മയുടെ കൂത്തരങ്ങാണെന്നുമുള്ള പൊതുബോധമാണ് ഇന്ന് നിലനിൽക്കുന്നത്. ചുരുക്കത്തിൽ നവലിബറൽ കച്ചവട വിദ്യാഭ്യാസ സങ്കൽപ്പം, കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ജാതിമതാധിപത്യത്തിനനുസരിച്ച ധാർമികമൂല്യങ്ങളുടെയും പൗരബോധത്തിന്റെയും പ്രചരണം, ഇവയനുസരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യസ്‌കൂൾശൃംഖല, ഇവയെ പൊതുവിൽ അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളെ പഴി ക്കുകയും ചെയ്യുന്ന വളരെ വാചാലമായ മധ്യവർഗം എന്നിവ പൊതുവിദ്യാലയങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വസ്തുനിഷ്ഠ ഘടകങ്ങളാണ്.
വെല്ലുവിളികളുടെ ആത്മനിഷ്ഠഘടകങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ന് പൊതുവിദ്യാലയങ്ങൾക്കുള്ള പ്രാപ്തിയും അതുപോലെ പരിശോധിക്കേണ്ടതാണ്. കേരളത്തിലെ വിദ്യാലയങ്ങൾ വളർന്നുവന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയിഡ് മാത്രമല്ല, സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളരണമെന്നാഗ്രഹിച്ച ജനാവലിയുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടു കൂടിയാണ്. ഇതുകൊണ്ടാണ് ജാതിമത മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാലയങ്ങൾ പോലും എല്ലാവിധ വിദ്യാർത്ഥികളെയും പ്രവേശിപ്പിച്ച് പൊതുവിദ്യാലയങ്ങളായി നിലനിന്നത്. 1957നു ശേഷം എയിഡഡ് സ്‌കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളബാധ്യത ഗവൺമെന്റ് ഏറ്റെടുത്തതും പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ വൻതോതിൽ പ്രോത്സാഹിപ്പിച്ചു. 1980കളോടെ കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രവേശനം നിശ്ചിത പ്രായഗ്രൂപ്പിൽപ്പെട്ട കുട്ടികളെ ഏതാണ്ടു മുഴുവനായി ഉൾക്കൊണ്ടിരുന്നു. ഈ സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളി ലെത്തിയ കുട്ടികളുടെ ബോധനപഠനരൂപങ്ങൾ മികവുറ്റതാക്കാനും അതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്‌കൂളുകളിൽ ഏർപ്പെടുത്താനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടിയിരുന്നത്. അതിനു പകരം സർക്കാർ ചെയ്തത് വിദ്യാഭ്യാസത്തിനാവശ്യമായ ഫണ്ട് വെട്ടിക്കുറയ്ക്കുകയും അൺഎയിഡഡ് വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ്. ഈ നയവ്യതിയാനം പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചു. ജനപിന്തുണയോടെ ഗ്രാമതലങ്ങളിൽ വളർന്നുവന്ന സ്‌കൂളുകൾ നിലനിൽപ്പിനുവേണ്ടി പാടുപെടുന്ന കാഴ്ചയാണ് ഉണ്ടായത്. പുതിയ അൺ എയിഡഡ് സ്‌കൂളുകളുടെ വേലിയേറ്റത്തിൽ നഗര മധ്യങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. പിന്നീട് ഡി പി ഇ പി, എസ് എസ് എ മുതലായ ഫണ്ടുകൾ വഴി സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സർക്കാർ തലത്തിലുള്ള വ്യക്തമായ ആസൂത്രണത്തിന്റെയും കർമ്മപരിപാടികളുടെയും അഭാവം അവയുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിന്റെ മറ്റൊരാശ്രയം പഞ്ചായത്തുകളായിരുന്നു. ജനകീയാസൂത്രണത്തിന്റെ കാലത്തും അതിനു ശേഷവും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരവധി പരിപാടികൾ നടത്താൻ പഞ്ചായത്തുകൾക്കു കഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്ന കൃത്യമായ സംവിധാനം വളർത്തിക്കൊണ്ടുവരാൻ അപ്പോഴും കഴിഞ്ഞില്ല. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സാർവത്രിക വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ പഞ്ചായത്തുകളുടെ കൃത്യമായ പങ്കിനെക്കുറിച്ച് നിർദേശിച്ചിരുന്നു. ഇന്ത്യയിൽത്തന്നെ ഏറ്റവും വേരോട്ടമുള്ള പഞ്ചായത്ത് സംവിധാനമുള്ള കേരളത്തിൽ അതനുസരിച്ച് പഞ്ചായത്തുകളുടെ പങ്ക് നിയമപരമായി നിർവചി ക്കാൻ കഴിഞ്ഞില്ല. പ്രാദേശികതലത്തിൽ ലഭ്യമായിരുന്ന ഏറ്റവും ശക്തമായ പിന്തുണാസംവിധാനമാണ് അതുവഴി ഉപയോഗപ്പെടുത്താൻ കഴിയാതായത്. പല എയിഡഡ് സ്‌കൂളുകളും പഞ്ചായത്തുകളുടെ ഇടപെടലുകളെ പ്രതിരോധിക്കുകയും ചെയ്തു. പി ടി എകൾ, മദർ പി ടി എകൾ, പൂർവവിദ്യാർത്ഥി സമിതികൾ മുതലായവയുടെ പങ്കും പ്രധാനമായിരുന്നു. സ്റ്റാറ്റിയൂട്ടറി സംവിധാന മല്ലെങ്കിലും ഏറ്റവും വ്യാപകവും ശക്തവുമായ അധ്യാപക രക്ഷാകർതൃസമിതികളാണ് കേരളത്തിലുള്ളത്. പല സ്ഥലങ്ങളിലും ഗവൺമെന്റ് ഫണ്ടിംഗിന്റെ അഭാവത്തിൽ സ്‌കൂളുകളെ നിലനിർത്താൻ മുൻ കയ്യെടുത്തത് പി ടി എകളാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലായ ആദ്യ വർഷങ്ങളിൽ ക്ലാസ് പി ടി എകളും മദർ പി ടി എ കളും സജീവമായിരുന്നു. എന്നാൽ ഇവയെ ശക്തമായ പിന്തുണാസംവിധാനമായി നിലനിർത്താൻ കഴിഞ്ഞില്ല. പൂർവവിദ്യാർഥികളുടെ സാധ്യതകളെയും ഫലപ്രദമായി ഉപയോഗിക്കാൻ നല്ലൊരു ശതമാനം സ്‌കൂളുകൾക്കും കഴിഞ്ഞില്ല. അവരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ സാധുത നൽകാനോ സ്ഥായിയായി നിലനിർത്താനോ ഉള്ള ശ്രമങ്ങളും ഉണ്ടായില്ല. പല എയിഡഡ് സ്‌കൂളുകളും പി ടി എ കൾക്ക് പൂർണമായ അംഗീകാരം നൽകിയില്ല. മറ്റൊരു പ്രധാനഘടകം അധ്യാപകരാണ്. സ്‌കൂളുകളിലെ ബോധനപഠനരൂപങ്ങൾ മുഴുവനും മാനേജ്‌മെന്റിന്റെ നിർണായകമായ വശങ്ങളും അധ്യാപകരിലാണ് കേന്ദ്രീകരിക്കുന്നത്. അധ്യാപകവൃത്തി കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദായകമേഖലകളിലൊന്നുമാണ്. സ്‌കൂൾ വിദ്യാഭ്യാസം സാർവത്രികമായി മാറിയതോടെ അധ്യാപകർ സ്വേച്ഛാപ്രകാരം പ്രവർത്തിക്കുന്ന സേവനതൽപ്പരരായ ഒരുകൂട്ടം ആളുകൾ മാത്രമല്ല, അതിവിപുലമായ ഈ മേഖലയെ നിലനിർത്താനും ശക്തിപ്പെടുത്താനും ബാധ്യതയുള്ള ഒരു പ്രൊഫഷണൽ വിഭാഗമായി മാറേണ്ടതുണ്ടായിരുന്നു. എന്നാൽ അതനുസരിച്ചുള്ള കാലോചിതമായ പരിഷ്‌കാരങ്ങൾ അധ്യാപക പരിശീലനത്തിലോ നിയമന രൂപങ്ങളിലോ ഉണ്ടായില്ല. അധ്യാപക പരിശീലനം ക്രമേണ സ്വാശ്രയമേഖല കയ്യടക്കുകയും എൻ സി ടി ഇ അംഗീകാരത്തോടെ നടക്കുന്ന ഏകവത്സര കോഴ്‌സുകൾ അധ്യാപക പരിശീലനത്തിന്റെ രീതിയായി മാറുകയും ചെയ്തു. ജാതിമത മാനേജ്‌മെന്റുകൾ കോഴയുടെ സ്വജനപക്ഷപാതിത്വത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്ന പതിവ് തുടർന്നു. ഗവൺമെന്റ് സ്‌കൂളുകളിൽ ഭേദപ്പെട്ട നിലവാരമുള്ളവർ നിയമിക്കപ്പെട്ടുവെങ്കിലും ട്രാൻസ്ഫറുകളും നിയമിക്കപ്പെട്ട സ്‌കൂളുകളിലെ സാഹചര്യങ്ങളോട് ഒത്തുപോകുന്നതിൽ വന്ന അപാകതകളും അധ്യാപകരുടെ പ്രവർത്തനത്തെ ബാധിച്ചു. സ്‌കൂളുകളുടെ പ്രവർത്തനത്തിൽ ആവശ്യം വേണ്ട ടീംവർക്ക് സാധ്യമായിരുന്നെങ്കിലും അധ്യാപക രുടെ ശേഷിക്കുറവും മാനേജ്‌മെന്റുകളുടെ ഇടപെടലുകളും ബാധിച്ചു. ഇതിനെയെല്ലാം മറികടന്ന് മികവോടെ പ്രവർത്തിക്കാൻ കഴിഞ്ഞ സ്‌കൂളുകളും നമുക്കുണ്ട്. ചിലപ്പോൾ ഭാവനാശാലികളായ പ്രധാനാധ്യാപകർക്ക് ശക്തമായ പിന്തുണാസംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാലയാന്തരീക്ഷം മുഴുവൻ മാറ്റിമറിക്കാൻ കഴിഞ്ഞ അനുഭവങ്ങളുമുണ്ട്. നല്ലൊരു ശതമാനം സ്‌കൂളുകളുടെയും അവസ്ഥ വ്യത്യസ്തമായിരുന്നു എന്നു മാത്രം. ഇന്ത്യയിൽത്തന്നെ ഏറ്റവും വികേന്ദ്രീകൃതവും വ്യാപ്തിയുള്ള തുമായ വിദ്യാഭ്യാസഭരണ സംവിധാനമാണ് നമുക്കുള്ളത്. അവരിൽ സ്‌കൂളുകളുമായി ബന്ധപ്പെട്ട തലങ്ങളിലെല്ലാം (എ ഇ ഓ, ഡി ഇ ഒ) നിർവഹണം നടത്തുന്നത് അധ്യാപകർ തന്നെയാണ്. എന്നാൽ സ്‌കൂളുകളിൽ നടക്കുന്ന പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഫലപ്രദമായ മോണിട്ടറിംഗ് സംവിധാനമായി പ്രവർത്തിക്കാൻ ഈ ഭരണസംവി ധാനത്തിന് കഴിഞ്ഞിട്ടില്ല. അധ്യാപകരുടെ സ്ഥലംമാറ്റമടക്കം താഴെത്തട്ടിൽ തീരുമാനിക്കുന്ന ഭരണസംവിധാനമാണിതെന്നോർക്കണം. പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനോ സ്‌കൂളുകളുടെ പ്രവേശനത്തിൽ വരുന്ന ഇടിവ് തടയാനോ, പാഠ്യ പദ്ധതി പോലെയുള്ള മാറ്റങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് ക്രിയാത്മകമായി നടപ്പിലാക്കാനോ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞിവിതരണം, സ്‌കൂൾ ആരോഗ്യപരിപാടി മുതലായ പ്രവർ ത്തനങ്ങൾ പോലും ഫലപ്രദമായി നടക്കുമെന്നുറപ്പുവരുത്താനും ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. ഈ ദൗർബല്യം ഏറ്റവും വ്യക്തമായി പ്രകടമായത് കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ്. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അതിന് ഉദാഹരണമാണ്. 1997-2001 ഘട്ടത്തിൽ ഡി പി ഇ പി പ്രൊജക്ട് നിർദേശിച്ച നിർവഹണരീതിയിലൂടെ ലോവർ പ്രൈമറി തല പാഠ പുസ്തകങ്ങളും ബോധനരൂപങ്ങളും സ്‌കൂളുകളിലെത്തിക്കാൻ കഴിഞ്ഞു. എന്നാൽ 2001ൽ പ്രൊജക്ട് അവസാനിപ്പിച്ചതിനുശേഷം, പാഠ്യപദ്ധതിയുടെ പരിപ്രേക്ഷ്യം ഉൾക്കൊണ്ട് അക്കാദമിക് തലത്തിൽ വേണ്ട മാറ്റം വരുത്താനോ കൃത്യമായ പോഷണ പരിശീലന രൂപങ്ങൾ കൊണ്ടുവരാനോ വിദ്യാഭ്യാസ വകുപ്പിനു സാധിച്ചില്ല. പാഠ്യ പദ്ധതിയെക്കുറിച്ച് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി പറയാനോ അതിന്റെ ശാസ്ത്രീയ വശങ്ങൾ ഉയർത്തിക്കാട്ടാനോ വകുപ്പിനു സാധിച്ചില്ല. വിദ്യാഭ്യാസവകുപ്പിന്റെ അക്കാദമിക് നിർവഹണത്തിന്റെയും മോണിട്ടറിംഗിന്റെയും ദൗർബല്യങ്ങൾ പാഠ്യപദ്ധതിയുടെ ഗുണ പരമായ വശങ്ങളെപ്പോലും പൊതുജനമധ്യത്തിൽ ഇകഴ്ത്തി ക്കാട്ടുന്നതിലേക്കെത്തിച്ചു. പരീക്ഷാപരിഷ്‌കാരങ്ങളുടെയും എസ് എസ് എൽ സി വിജയശതമാനം വർധിപ്പിക്കുന്നതിൽ സ്‌കൂളുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങളുടെയും ഫലമായി എസ് എസ് എൽ സി വിജയശതമാനത്തിൽ ഉണ്ടായ വർധന പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങളുടെ സാധ്യതകളെ തന്നെയാണ് കാണിക്കുന്നത്. അതേസമയം വിവിധ പഠന റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെടുന്നതുപോലെ ഗണിതം, ഇംഗ്ലീഷ് മുതലായ വിഷയങ്ങളിലെ ദൗർബല്യം മേൽസൂചിപ്പിച്ച ദൗർബല്യങ്ങളുടെ തുടർച്ചയായും കാണാൻ കഴിയും.. ഇതിന്റെ പ്രധാന കാരണം 'ആൾ പ്രൊമോഷനാ'ണെന്നും മറ്റുമുള്ള വാദങ്ങൾ ആധുനിക വിദ്യാഭ്യാസ പരിപ്രേക്ഷ്യങ്ങൾ എത്ര വികലമായാണ് നാം തന്നെ ഉൾക്കൊള്ളുന്നത് എന്നതിന് തെളിവാണ്. പൊതുവിദ്യാലയങ്ങളുടെ ദൗർബല്യങ്ങൾ പരിശോധിക്കുമ്പോൾ മേൽസൂചിപ്പിച്ച രീതിയിലുള്ള ആത്മനിഷ്ഠഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതാണ്. കുട്ടികൾക്ക് അവരുടെ ശേഷികളും അഭിരുചികളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന പഠനാന്തരീക്ഷവും ഭൗതികസാഹചര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ഏതു വിദ്യാലയത്തിലായാലും അത്യാവശ്യമാണ്. കൃത്രിമമായ അച്ചടക്കവും കോച്ചിങ്ങ് മുറകളും കൊണ്ട് നല്ല പരീക്ഷാഫലങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം; അറിവും കഴിവുമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയില്ല.