പരിഷദ് ഗീതങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
08:05, 16 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

അക്ഷരവാനം-മുല്ലനേഴി

അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാൻ
ഇന്നലേയോളം നാം കണ്ട കിനാവുകൾ
ഈ ജന്മം തന്നെ നേടാൻ (അക്ഷരം...)
ഉള്ളവർ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയിലില്ലാതെയാക്കാൻ
ഋതുചക്രരഥമേറി മാനവ ജീവിതം
എവിടെയും പൂക്കുന്നതാക്കാൻ

                              അക്ഷരം....

ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ
ഐകമത്യത്തിൻ വഴിയിൽ
ഒന്നായി മാനവരെത്തുന്നതും കാത്തോ-
രോണവില്ലെന്നും മുഴങ്ങും

                               അക്ഷരം.....

ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം
അമ്മ നൽകുന്ന സമ്മാ നാമൊരേ
ആകാശം നേടിയില്ലല്ലോ
അമ്മയെ ഭൂമിയെ നമ്മളെക്കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും.


ഒപ്പന-എ.കെ.ദിനേശൻ

ഫാത്തിമാബീവിക്കിതപ്പോൾ
നല്ലകാലം വന്നേ
സംങ്കടങ്ങളൊക്കെ മാറി
പുഞ്ചിരിച്ചീടുന്നേൻ
അക്ഷരങ്ങൾക്കിവൾക്കുറ്റ
തോഴിമാരാകുന്നേ
സ്വന്തമായ് മാരനൊരു
കത്തെഴുതീടുന്നേ

ബാപ്പക്കറിവില്ലിതിനാൽ പണ്ട്
സ്‌കൂളിൽ പഠിക്കാനയച്ചതില്ല
വീട്ടുതടങ്കലിലെന്നപോലെ
കുട്ടിക്കാലങ്ങൾ കഴിച്ചുപോന്നു

പൊന്നും പണവും കൊടുത്തു ബാപ്പ
നിക്കാഹ് ചെയ്തങ്ങയച്ചവളെ
മാരന്റെ വീട്ടിൽ കഴിഞ്ഞു പാവം
മാസങ്ങളങ്ങനെ നീങ്ങി വേഗം

ഒരുനാളിൽ ഫാത്തിമബീവി
ക്ലാസ്സിൽ ചേർന്ന് പഠിച്ചു തുടങ്ങി
പടിപടിയായി അക്ഷരമോരോ
നെഴുതാനായല്ലോ

പണ്ടൊക്കെ മാരന്റെ കത്തുവന്നാൽ
വായിക്കാനയലത്തേക്കോടിപ്പോകും
ഇന്നവൾ സ്വന്തമായ് വായിക്കുന്നു
കാര്യങ്ങൾ നന്നായ് ഗ്രഹീച്ചീടുന്നു

ശരിക്കുള്ളുത്തരം മടിക്കാതാരോടും
ഉരച്ചീടുന്നിന്നു ബീവി
അബലയെന്നുള്ളതസത്യമാണെന്നു
വെളിപ്പെടുത്തുന്നു ഹൂറി
അറിയാത്തോളെന്നേരപഖ്യാതി
മേലിൽ അനുവദിക്കില്ലെന്നോതി
അനന്തമായുള്ളോരറിവുനേടുവാ-
നൊരുങ്ങിയീപുതുനാരി

ആടയാഭരണങ്ങളല്ലീ
നരിയാൾക്ക് വിഭൂഷണങ്ങൾ
അക്ഷരം പഠിച്ചാതാണീ
യോമലാൾക്ക് വിഭൂഷണങ്ങൾ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത തന്തിന്നാനോ

അറിയത്തവരുണ്ടനവധികോടി
അജ്ഞതതൻ കൂരിരുളാൽ മൂടി
അതിനാലവരുടെ ദുരിതം കൂടി
കാലത്തിൻ വിളി കേട്ടെഴുന്നേൽക്കുകിൽ
കാര്യങ്ങൾ പഠിക്കാനായൊരുങ്ങീടുവിൻ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത താനിന്നാനോ

പുതിയ പാട്ട് -ഏഴാച്ചേരി

ഭർത്താവീശ്വരനെന്നല്ലോ
പണ്ട് മുത്തശ്ശി പഠിപ്പിച്ചു
കാലത്തെഴുന്നേറ്റാൽ വന്ദിക്കേണം
കാലുകഴുകിക്കുടിക്കേണം
ചന്ദനം പൂശിയിരുത്തേണം-നമ്മൾ
ശീലാവതിയുടെ പിന്മുറക്കാർ
ഭർത്താവു നമ്മളെ തല്ലിയാലും
നമ്മളടിമകളാണല്ലോ
മദ്യപിച്ചാലോ-സഹിക്കേണം
പട്ടിണിക്കിട്ടാൽ-പൊറുക്കണം
കണ്ടേം തെണ്ടി നിരങ്ങിയാലും നമ്മൾ
കണ്ടില്ലെന്ന് നടിക്കേണം,എല്ലാം
ഈശ്വര കൽപിതമോർക്കേണം
തിം തിമിത്തോം തെയ്താരതക
തിന്തകം താരാ തെയ്താരോ-


സംഘം1- പേരൊന്നെഴുതാനും വായിക്കാനും
ഇന്നോളമാകാത്ത പെണ്ണുങ്ങളെ
എന്താണു കണ്ണിൽ തിളതിളക്കം-നിങ്ങൾ
ക്കെന്താണു കണ്ണിൽ പുതു തിളക്കം
സംഘം2- കൂട്ടിവായിക്കാൻ പഠിച്ചു ഞങ്ങൾ
കൂട്ടത്തിൽ ഞങ്ങളിന്നൊറ്റയല്ല
കണക്കുകൂട്ടാൻ കത്തെഴുതാനും
ചങ്ങാതി വേണ്ട തുണവേണ്ട
സംഘം1-അക്ഷരമംഗലം നേടിയോരേ
പുതിയവെട്ടത്തിന്റെ കൂട്ടുകാരെ
പുത്തനായെന്തെന്നറിഞ്ഞു നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
2- ഒന്നാമതെല്ലാം തലവിധിയാണെന്ന
കന്നത്തം കാട്ടിലെറിഞ്ഞു ഞങ്ങൾ
നമ്മൾ നിനച്ചാൽ മാറ്റാൻ കഴിയാത്ത
തൊന്നുമീ മന്നിലില്ലെന്നറിഞ്ഞു
1-അക്ഷരമംഗലം നേടിയോരെ
പിന്നീടെന്തു പഠിച്ചൂ നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
പുതിയ വെട്ടത്തിന്റെ കൂട്ടുകാരെ
2-തുല്ല്യാവകാശങ്ങളുള്ള മനുഷ്യർ നാം
അടിമകളെല്ലെന്നാരറിഞ്ഞു
തുമ്മിയാൽ വാടുന്ന തൊട്ടാലുരുകുന്ന
കണ്ണീരിൻ മോളെന്ന കള്ളപ്പേര്
ഇല്ലാതാക്കണം തന്റേടം കാട്ടണം
പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം
പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന
ചങ്ങലകൾ പൊട്ടിച്ചെറിയാം
ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ
തൊളോട് തോൾ ചേർന്നുനിൽക്കാം

"https://wiki.kssp.in/index.php?title=പരിഷദ്_ഗീതങ്ങൾ&oldid=6374" എന്ന താളിൽനിന്ന് ശേഖരിച്ചത്