മുത്തശ്ശിമാവും മുത്തച്ഛൻ പ്ലാവും.

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇന്നു നാം ഏറ്റവുമധികം കുട്ടികളോട് സംസാരിക്കുന്നത് പ്രകൃതിയെക്കുറി ച്ചാവും. പിന്നെ നാട്ടുരുചി, നാടൻകല, നാട്ടുപഴമ... ഇങ്ങനെ നാടൻ സംസ്‌കൃതിയുടെ ഉള്ളറകൾ തേടിയുള്ള പ്രഭാഷണങ്ങൾ, സെമിനാറുകൾ... എല്ലാം സ്‌കൂളുകളിൽ സമൃദ്ധമാണ്. സാംസ്‌കാരിക സംഘടനകളും പ്രമുഖ പത്രങ്ങളും ചാനലുകളുമെല്ലാം പ്രകൃതിപാഠങ്ങളെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. 2014 അന്തർദേശീയ കുടുംബക്കൃഷി വർഷമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളത്തിൽ അസാമാന്യമായ പരസ്യ പ്രഖ്യാപനത്തോടെ 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമ ഇറങ്ങുന്നത്. മുൻപേ വിവിധ മുനിസിപ്പാലിറ്റികളും കോർപറേഷനുകളും കൃഷിവകുപ്പും ചാനലുകളിലെ കൃഷിപാഠ എപ്പിസോഡുകളും പ്രചാരം നൽകിയിരുന്നു കുടുംബ/മട്ടുപ്പാവ് കൃഷി ഇതോടെ ഒന്നുകൂടി ജനകീയമായി. എന്നാൽ ഓരോ കാലത്തെയും ട്രെൻഡ് എന്ന ആവേശത്തിനപ്പുറം ഈ ആശയങ്ങളെ അതിന്റെ എല്ലാ സുതാര്യതയോടെയും സത്യസന്ധതയോടെയും അടുത്ത തലമുറയ്ക്കു സംവേദനം ചെയ്യാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനുള്ള ശ്രമമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ.എസ്.ശിവദാസിന്റെ 'മുത്തശ്ശിമാവും മുത്തച്ഛൻ പ്ലാവും' എന്ന ബാലസാഹിത്യഗ്രന്ഥം. പ്രൈമറിക്ലാസ് വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഈ പുസ്തകത്തിൽ കഥ പറയുന്ന മട്ടിൽ കാര്യം പറയുന്നു. അനുഭവങ്ങളുടെ പാഠങ്ങൾ കഥകളിലൂടെ പകർന്ന് കൊടുക്കുന്ന മുത്തച്ഛനും മുത്തശ്ശിയും എന്ന നഷ്ട കാല്പനികതയെ ഇവിടെ തിരിച്ചുകൊണ്ടുവരുന്നു. ഈ കൊച്ചു പുസ്തകം, മണ്ണിന്റെ, പ്രകൃതിയുടെ അനന്തങ്ങളായ അറിവുകളെ കുട്ടികളുമായി ബന്ധിപ്പിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടായും അവർക്കു ചെയ്യാവുന്ന നിരവധി പ്രവൃത്തി പാഠങ്ങൾ, കൃഷിയെക്കുറിച്ചുള്ള പാട്ടുകൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു. കഥയ്ക്കിടയിൽ വേർതിരിഞ്ഞ് പലനിറത്തിൽ കൊടുത്തിരിക്കുന്ന അറിവുകളുടെ കളിയോടൊപ്പമുള്ള കാര്യത്തിന്റെ ഗൗരവം നൽകുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങൾക്ക് മണ്ണിനെക്കുറിച്ച് കൃഷിയെക്കുറിച്ച് സമഗ്രമായ അറിവുകൾ പകർന്നു നൽകുന്നു മുത്തശ്ശിമാവും മുത്തച്ഛൻ പ്ലാവും.