മിച്ചവീടുകളും കേരള പരിസ്ഥിതിയും
ഏതൊരു വികസിത സമൂഹത്തിൻറെയും അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ് എല്ലാവർക്കും നല്ല പാർപ്പിടം ലഭ്യമാക്കുക എന്നത്. ഇന്ത്യയിലെ ഏറ്റവും വികസിത സമൂഹങ്ങളിലൊന്നായ കേരളത്തെ സംബന്ധിച്ചും ഇത് പ്രസക്തമാണ്. കേരള വികസനത്തിന്റെ അടിസ്ഥാന രേഖയായി കരുതപ്പെടുന്ന ഒന്നാം കേരള സർക്കാരിന്റെ നയപ്രഖ്യാപനത്തിലും (For a Progressive and Democratic Kerala) ഇക്കാര്യം പരാമർശിക്കുന്നുണ്ട്. 1967 ലെ കേരള ഗവൺമെന്റ് പാർപ്പിട നിർമാണ പ്രശ്നം പരിഹരിക്കുന്നതിനായി ലക്ഷം വീട് പദ്ധതി
എന്ന ബൃഹത്തായ ഒരു പദ്ധതി നടപ്പാക്കുകയുണ്ടായി. ഇതിനുവേണ്ട പണം സമാഹരിക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ ലോട്ടറി ആരംഭിച്ചത്. കേരള സംസ്ഥാനം രൂപം കൊണ്ടതുമുതൽ പാർപ്പിടപ്രശ്നവും വളരെ ഗൗരവത്തോടുകൂടി നിരന്തരമായി പരിഗണിക്കപ്പെട്ടിരുന്നു എന്നർത്ഥം. എന്നാൽ ഈ പ്രശ്നം പൂർണമായി പരിഹരിക്കുവാൻ ഇന്നും നമുക്കായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എന്നിട്ടും കെട്ടിടനിർമാണമെന്നത് കേരളത്തിന്റെ സ്ഥായിയായ വികസന ലക്ഷ്യങ്ങളെ കഠിനമായി ബാധിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മിച്ചവീടുകൾ എന്ന ഒരു സങ്കല്പ്പനം പരിഷത്ത് സംഘടനക്കകത്ത് ചർച്ച ചെയ്യപ്പെടുന്നത്.
2017 സെപ്റ്റംബറിൽ കൊല്ലത്ത് ചേർന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനശിബിരം ഈ സങ്കല്പനം കൂടുതൽ വിശദമായി പരിശോധിക്കുകയുണ്ടായി. 2010ലെ വേണം മറ്റൊരുകേരളം ക്യാമ്പയിനിലും അതിനുമുൻപ് ഭൂമി പൊതുസ്വത്ത് ക്യാമ്പയിനിലും ആനുഷംഗികമായി അവതരിപ്പിക്കപ്പെട്ട ഒരു സംജ്ഞയായിരുന്നു ഇത്. ഈ സങ്കല്പനത്തിന് ഒരു പശ്ചാത്തലമുണ്ട്. കേരളത്തിന്റെ വികസനമേഖല പ്രകൃതിവിഭവചൂഷണത്തെ കൂടുതൽ കൂടുതലായി ആശ്രയിച്ചുവരുന്നു എന്ന വിലയിരുത്തൽ മുൻപേ തന്നെ പരിസ്ഥിതി പ്രവർത്തകരും സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രധാനമായും നിർമാണമേഖലയെ ആശ്രയിച്ചാണ് സാമ്പത്തിക വളർച്ചയുണ്ടാകുന്നതെന്നും ഇതിനായി മണ്ണ്, പാറ, ചെങ്കല്ല്, പുഴ മണൽ തുടങ്ങിയ നിർമാണവസ്തുക്കൾ വലിയ തോതിൽ വേണ്ടി വരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ മൊത്തം മൂല്യവർധനവിൽ നല്ലൊരുഭാഗം സംഭാവന ചെയ്യുന്നത് നിർമാണമേഖലയാണ് എന്നും കണക്കുകൾ വെളിപ്പെ ടുത്തി. 2013-14 മുതൽ 2015-16 വരെയുള്ള കണക്കുകൾ കാണിക്കുന്നത് ജി.എസ്.വി.എ യിൽ Gross State Value Added) നിർമാണമേഖലയുടെ പങ്ക് യഥാക്രമം 15.11%, 15 -15%, 15.03% എന്നിങ്ങനെയായിരുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ജി.എസ്.വി.എയിൽ ഉൽപാദനമേഖലയുടെ പങ്ക് കുറഞ്ഞുവന്നിരുന്നു. 2013-14 ജി.എസ്.വി.എ ഉൽപാദനപങ്ക് 13.76% ആയിരുന്നത് 2015-16 ആയപ്പോൾ 12.07% ആയി കുറഞ്ഞു. എന്നാൽ ദ്വിതീയമേഖലയുടെ പങ്ക് ഇക്കാലത്ത് 25.81 ൽ നിന്ന് 24.27% ആയി മാറി. തൃതീയമേഖലയുടെ പങ്ക് 60.43% ൽ നിന്ന് 63.66% ആയി കൂടി. പട്ടിക1 ൽ ഇതിന്റെ വിശദാംശങ്ങൾ കൊടു ത്തിരിക്കുന്നത് കാണുക.
പട്ടിക 1
വിവിധ മേഖലകളുടെ പങ്ക് ജി.എസ്.വി.എയിൽ
എന്നാൽ കേരളത്തെ സംബന്ധിച്ച് ഇതൊട്ടും പുതിയ കാര്യമല്ല. ദീർഘകാലമായി കേരളത്തിന്റെ വികസനതന്ത്രം സേവനമേഖലയുടെ വ്യവസായവൽകരണത്തെ (പിന്നീട് കച്ചവടവൽക്കരണത്തെയും) ആശ്രയിച്ചാണ് വളർന്നുവന്നിട്ടുള്ളത്. എന്നാൽ ഒരു അപകടസൂചന, ഒരു അശുഭലക്ഷണമുള്ളത് ആദ്യത്തെ രണ്ട് മേഖലയിലും നിർമാണമേഖല നിർണായകമാംവിധം കയറിപ്പറ്റി എന്നുള്ളതാണ്. പാറപൊട്ടിക്കലും ഖനനവും പ്രാഥമിക ഉൽപാദനമേഖലയിലും നിർമാണ പ്രവർത്തനം ദ്വീതിയമേഖലയിലും ഉൾപ്പെട്ടു. 2015-16 ആയപ്പോൾ പ്രാഥമിക ഉൽപാദനമേഖലയുടെ 10.32% പാറപൊട്ടിക്കലും ഖനനവും(Miningand Quarrying)മേഖലയിൽനിന്ന് വരാൻ തുടങ്ങി. ഇത് മൊത്തം ജി.എസ്.വി.എയുടെ 0.1% മാത്രമാണെങ്കിലും ഈ പങ്ക് ക്രമേണ കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജി.എസ്.വി.എ യിൽ ദ്വിതീയ ഉൽപാദനമേഖലയുടെ പങ്ക് ഇത്രയുമെങ്കിലും ഉയർന്നിരിക്കുന്നതിന്റെ കാരണം നിർമാണമേഖലയെ ഈ രണ്ടാംമേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതുകൊണ്ടാണ്. മൊത്തം ജി.എസ്.വി.എ യുടെ 15% ന് മുകളിൽ നിർമാണമേഖലയാണ് നൽകുന്നത്. ദ്വിതീയ ഉൽപാദനമേഖലയുടെ മാത്രം കണക്കെടുത്താൻ അതിന്റെ 57% വരവ് നിർമാണമേഖലയിൽനിന്നാണ് എന്നുകാണാം. മൊത്തം ജി.എസ്.വി.എ യിൽ നിർമാണമേഖലയുടെ പങ്കിൽ 2013-14 നെ അപേക്ഷിച്ച് 2015-16 ആകുമ്പോൾ നേരിയ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും ദ്വീതിയമേഖലയുടെ വരവിൽ നിർമാണമേഖലയുടെ പങ്കിൽ കാര്യമായി കുറവ് വന്നിട്ടില്ല എന്നുകാണാം. പാറപൊട്ടിക്കലും ഖനനവും കൃഷിപോലെയുള്ള ഉൽപാദനപ്രവർത്തനമായും നിർമാണമേഖലയെ വ്യവസായമായും പരിഗണിക്കുന്ന നാട്ടിൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ. ഈ മേഖലകൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പട്ടിക 2 ലും 3 ലും കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ?
പട്ടിക 2
പാറപൊട്ടിക്കൽ, ഖനനം എന്നിവയുടെ സ്വാധീനം ജി.എസ്.വി.എയിൽ
പട്ടിക 3
നിർമാണമേഖലയുടെ സ്വാധീനം ജി.എസ്.വി.എയിൽ
ദ്വിതീയ ഉൽപാദനമേഖലയുടെ പകുതിയിലധികവും നിർമാണ മേഖലയിൽനിന്ന് വരുന്നതും മൊത്തം വികസനമേഖലയിൽ നിർമാണമേഖലയുടെ പങ്ക് ഈവിധം ഉയരുന്നതും പരിസ്ഥിതിയിൽ ചെറുതല്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നുറപ്പായിരുന്നു. മണ്ണ്, പാറ, മണൽ, വെള്ളം തുടങ്ങിയ എല്ലാ നിർമാണ സാമഗ്രികളുടെയും ആവശ്യകത കുത്തനെ ഉയരാൻ ഇത് കാരണമായി. അവ ശേഖരിക്കുന്നതിനുള്ള ഖനനവും ക്വാറിയിങ്ങും പശ്ചിമഘട്ടമേഖലയിലാകെ വ്യാപിച്ചു. അമിതവും അശാസ്ത്രീയവുമായ കരിങ്കൽ ക്വാറികളുടെ ആധിക്യം, അവ പ്രവർത്തിക്കുന്നരീതി, അവയുടെ സ്ഥാനം ഒക്കെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി ഉയർത്തി. എന്നാൽ അതിനേക്കാൾ പ്രധാനം അവ പരിസ്ഥിതിയിൽ വരുത്തുന്ന മാറ്റങ്ങളായിരുന്നു.
പാറമടകളുടെ പ്രവർത്തനം സംബന്ധിച്ച സവിശേഷമായ ചില കണക്കുകൾ ആദ്യമേ പറയാം. കരിങ്കൽ ക്വാറികൾക്ക് പാരിസ്ഥിതികാനുമതി ആവശ്യമാണെന്ന് 2016 ഡിസംബർ 2ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്വാറികൾ സൃഷ്ടിക്കുന്ന പരിസരാഘാതം കണക്കിലെടുത്താണ് ഈ വിധി വന്നത്. എന്നാൽ അതിന് മുമ്പേതന്നെ കേരളത്തിൽ കരിങ്കൽ ക്വാറികളും അവയുടെ ഉടമസ്ഥതയും പ്രവർത്തനവുമെല്ലാം ഒരു രാഷ്ട്രീയപ്രശ്നമായി ഉയർന്നുവന്നിരുന്നു. അത്തരം ചർച്ചകളുടെ ഫലമായാണ് 2016 മെയ് മാസത്തിൽ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യ മുന്നണി മുന്നോട്ടുവച്ച പ്രകടനപത്രികയിൽ ഖനനം ഒരു വിഷയമായിവന്നത്.
കേരളത്തിന്റെ ഖനിജങ്ങൾ പൊതുഉടമസ്ഥതയിലാക്കുക, ഖനനത്തിന് ശക്തമായ സാമൂഹികനിയന്ത്രണസംവിധാനം കൊണ്ടു വരിക, തുടങ്ങിയ ആശയങ്ങൾ രാഷ്ട്രീയചർച്ചയുടെ കേന്ദ്രത്തിലേക്ക് ഉയർന്ന് വന്നത് ഇതിലൂടെയാണ്.
രണ്ട്:
കേരളസമൂഹത്തിൽ പരിസ്ഥിതിയെ അടിസ്ഥാനമാക്കി ഒരു സംഘർഷം ഉണ്ടായിവന്നിട്ടുണ്ട്. ഒരു തരം പാരിസ്ഥിതിക വിഭജനം. ഇങ്ങനെയൊരു വിഭജനമുണ്ടാവുക മാത്രമല്ല, വിഭജിക്കപ്പെട്ട സമൂഹത്തിന്റെ ഇരുകരകളിലും നിൽക്കുന്ന വിരുദ്ധവിഭാഗങ്ങൾ തമ്മിലുള്ള അന്തരം ദിനംപ്രതിയെന്നോണം വർധിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള വിഭജനം എന്നാൽ പരിസ്ഥിതിയിൽ അഥവാ പ്രകൃതിവിഭവങ്ങളിൽ മുതൽമുടക്കി ലാഭം കൊയ്യുന്നവർ എന്നും പരിസ്ഥിതിനാശം മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവർ എന്നും രണ്ട് വിഭാഗങ്ങളായി സമൂഹം വിഭജിക്കപ്പെടുന്നതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുധ്യം പ്രകൃതിയുടെ ഉപയോഗത്തെയും പ്രകൃതിയുടെ മേലുള്ള അധീശത്വത്തെയോ അധീശമില്ലായ്മയെയോ അടിസ്ഥാനമാക്കി മനുഷ്യനും മനുഷ്യനും തമ്മിലുള്ള വൈരുധ്യമായി മാറുകയാണിവിടെെയന്ന് ലളിതമായി വിശദീകരിക്കാം. ഈ വിഭജനം മുഖ്യമായും നമ്മുടെ വികസനനയവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. വൻകിട നിർമിതികളാണ് കേരളവികസനത്തെ ത്വരിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുഖം, ആറന്മുള വിമാനത്താവളം, എക്സ്പ്രസ്സ് ഹൈവേ, അതിവേഗറെയിൽ കോറിഡോർ, വിനോദസഞ്ചാര സമുച്ചയങ്ങൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവയൊക്കെയാണ് ഇത്തരം നിർമിതികളിൽപ്പെടുന്നത്. ഇവയിൽ ചിലതൊക്കെ നടപ്പാക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ മറ്റ് ചിലത് നടപ്പാക്കാൻ റിയൽ എസ്റ്റേറ്റ് വ്യവസായികളാണ് മുന്നിൽ നിൽക്കുന്നത്. ഇതുണ്ടാക്കുന്ന അപകടം എന്തെന്ന് അറിയണമെങ്കിൽ കേരളത്തിന്റെ പാരിസ്ഥിതിക ഘടനയും അതിൽ ഒരു ജനത എന്ന നിലയിൽ നമ്മുടെ ഇടപെടലുകളും എങ്ങനെയാണെന്ന് പരിശോധിക്കണം.
കേരളം ഭൂപ്രകൃതിയനുസരിച്ച് മൂന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്കറിയാം. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെയാണ് ഈ വിഭജനം. സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണ് തീരപ്രദേശം എന്ന് അറിയപ്പെടുന്നത്. 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തെ ഇടനാട് എന്ന് വിളിക്കുന്നു. 75 മീറ്റർ മുതൽ ഉയരമുള്ള മേഖല മലനാട് ആണ്. ഇതിൽ 750 മീറ്ററിന് മുകളിൽ ഉയരമുള്ള പ്രദേശമാണ് ഹൈറേഞ്ച് എന്നറിയപ്പെടുന്നത്. ഇവയിൽ ഓരോ ഭൂമേഖലയ്ക്കും അനുയോജ്യമായ തരത്തിലാണ് അവിടുത്തെ ഭൂരൂപങ്ങളും പരമ്പരാഗത തൊഴിലുകളും വികസിച്ചുവന്നത്. അതിന്റെ അർഥം കേരളത്തിൽ ഒരു പാരിസ്ഥിതിക ജനതയുണ്ട് എന്നാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികളും വനമേഖലയിലെ ആദിവാസികളും പൂർണമായും പാരിസ്ഥിതിക ജനതയാണ്. തീരപ്രദേശത്തും ഇടനാട്ടിലും ഉള്ള നെൽവയലുകളിൽ കൃഷിയിറക്കുന്ന കർഷകരും ആ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകത്തൊഴിലാളികളും പാരിസ്ഥിക ജനതയിൽ ഉൾപ്പെടും. കർഷത്തൊഴിലാളികൾ പൂർണമായി പാരിസ്ഥിതിക ജനതയാണ്. നെൽ കർഷകർ പരിസ്ഥിതിയിൽ മൂലധനം മുടക്കി ലാഭമുണ്ടാക്കുന്നവരാണ്. പക്ഷേ കേരളത്തിലെ സാധാരണ കർഷകരുടെ ഉൽപാദന ഉപാധികളിൽ മുഖ്യം മൂലധനമല്ല; ഭൂമിയാണ്. വയൽ വയലായി നിലനിന്നില്ലെങ്കിൽ കർഷകന് കർഷകൻ എന്ന അസ്തിത്വമില്ല. ആ അർഥത്തിൽ അവരും പരിസ്ഥിതിയെ ആശ്രയിച്ച് ജീവിക്കുന്നവർ തന്നെ. മറ്റൊരുവിഭാഗം മലയോര കർഷകരാണ്. നെൽകൃഷിക്കാരോടുള്ള സമീപനം ഇവർക്ക് ബാധകമാവില്ല. കാരണം വനമേഖലയുടെ സ്വാഭാവിക സ്ഥിതിയെ അട്ടിമറിച്ചുകൊണ്ടാണ് മലയോരമേഖലയെ നാണ്യവിളയുടെ ഇടമാക്കിത്തീർത്തത്. അതുകൊണ്ട് പ്രാഥമികമായി അവർ പരിസ്ഥിതിയിൽ മൂലധനം മുടക്കുന്നവരാണ്. മലയോര കർഷകർ മാത്രമല്ല ഇത്തരത്തിൽ പരിസ്ഥിതിയിൽ മൂലധനം മുടക്കി ലാഭം കൊയ്യുന്നവർ.
1987 ൽ യു.എൻ നിയോഗിച്ച വേൾഡ് കമ്മീഷൻ ഓൺ എൻവയേ ൺമെന്റ് ആന്റ് ഡവലപ്പ്മെന്റ് തയ്യാറാക്കിയ 'നമ്മുടെ പൊതുഭാവി' എന്ന രേഖയിൽ പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. പരിസ്ഥിതിയെന്നാൽ നാം ജീവിക്കുന്ന ഇടവും വികസനമെന്നാൽ വാസസങ്കേതത്തിൽ നമ്മുടെ വിധിയെ മെച്ചപ്പെടുത്താൻ വേണ്ടി നാം നടത്തുന്ന ഇടപെടലുകളു മാണ്. ഈ മാനദണ്ഡം സ്വീകരിച്ചാൽ കേരളത്തിന്റെ പരിസ്ഥിതി യെന്ത്, അതിൽ നാം നടത്തുന്ന ഇടപെടലുകൾ എന്ത് എന്ന് വിശദമായി പരിശോധിക്കേണ്ടിവരും.
ഒന്നാമതായി കേരളത്തിന്റെ മലനാട്ടിലെ പരിസ്ഥിതിയെടുക്കുക. ഉയർന്ന മലനിരകളും കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതി. മലമുകൾ വനാവൃതമാണ്. വനംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലാകെ 11,309.48 ച.കി.മി വനമുണ്ട്. ഇത് കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ നാലിലൊന്നിന് മുകളിൽ വരും. എന്നാൽ ഇതിൽനിന്ന് തോട്ടങ്ങളും പുൽമേടുകളും വനമല്ലാത്ത മറ്റ് ഭൂമിയും ഒഴിവാക്കി കണക്കാക്കിയാൽ 8271.25 ച.കി.മി മാത്രമാണ് വനമായിട്ടുള്ളത്. ഇത് തന്നെ യഥാർഥവനത്തിന്റെ ധർമം മുഴുവനായും നിർവഹിക്കുന്നതല്ല. വനത്തിനുള്ളിലോ അതിന്റെ സമീപപ്രദേശങ്ങളിലോ ആണ് കരിങ്കൽ ക്വാറികൾ, ചെങ്കൽകുന്ന് ഇടിച്ചെടുക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ദശകങ്ങളായി വനഭൂമിയിലേക്ക് കുടിയേറിയവർ വനത്തെ തോട്ടമായി പരിവർത്തിപ്പിക്കാവുന്ന ഭൂമി, കരിങ്കൽ ക്വാറികൾ, ഇടിച്ചെടുക്കാവുന്ന കുന്നുകൾ, മുറിച്ച് മാറ്റാവുന്ന മരങ്ങൾ എന്ന നിലയിൽ മാത്രമാണ് കണ്ടത്. 2016 ജനുവരിയിൽ തിരുവനന്തപുരത്ത് എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച നാലാം അന്താരാഷ്ട്ര പഠനകോൺഗ്രസ്സ് വിലയിരു ത്തിയതുപോലെ കേരളമുൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകൾ വ്യാപകമായ കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്. കയ്യേറ്റത്തിന്റെ വിസ്തൃതി പരിശോധിച്ചാൽ ഒൻപതാം സ്ഥാനമാണ് കേരളത്തിന് (പഠനകോൺഗ്രസ്സ് രേഖ, സഞ്ചിക 3, പുറം 79).
ഈ മേഖലയിലാണ് കരിങ്കൽ ഖനന കേന്ദ്രങ്ങളും വെട്ടുകൽ ക്വാറികളും കൂടുതലായി പ്രവർത്തിക്കുന്നത്. 23.1.2014 ൽ കേരള നിയമസഭയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് വ്യവസായമന്ത്രി നൽകിയ മറുപടി പ്രകാരം കേരളത്തിൽ 4153 വെട്ടുകൽ/കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് 2014-15 വർഷത്തിൽ നടത്തിയ പഠനത്തിൽ കരിങ്കൽ ക്വാറികൾ മാത്രം 5924 എണ്ണം പ്രവർത്തിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമസാധുതയില്ലാത്ത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു. 2013 ഡിസംബർ 29 ന് വന്ന പത്രവാർത്ത (ആൗശെില ൈഘശില, ഠവല ഒശിറൗ) പശ്ചിമഘട്ടത്തിൽ 1700 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്നതായിരുന്നു. ഭൗമശാസ്ത്രപരമായി ദുർബലമായതും അപകടകാരണമായേക്കാവുന്നതുമായ മേഖലകളിലാണ് ഈ ക്വാറികൾ പലതും പ്രവർത്തിക്കുന്നത്. എളുപ്പം മനസ്സിലാക്കാനായി ക്വാറികളുടെ പ്രവർത്തനം ഏതെല്ലാം മേഖലകളിലാണെന്ന് താഴെ കൊടുക്കുന്നു.
പട്ടിക 4
കേരളത്തിലെ ക്വാറികളുടെ സ്ഥാനം
ശക്തമായ സ്ഫോടനം മൂലം ഭൂമിയുടെ ഉപരിതലത്തിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നതായും കെട്ടിടങ്ങൾക്ക് വിള്ളലുകൾ വീഴ്ത്തുന്നതായും കിണറിലെ ജലം അപ്രത്യക്ഷമാകുന്നതായും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിൽ 2006ൽ പാറമടയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി പഠനങ്ങൾ സമർഥിക്കുന്നു. (ജൃീരലലറശിഴ െീള ഗലൃമഹമ ടരശലിരല ഇീിഴൃല ൈ2006)
ഇങ്ങനെ മലനിരകൾ പാറയായും ചെങ്കല്ലായും മണ്ണായും കാടിറങ്ങുമ്പോൾ നാമാവശേഷമാകുന്നത് ഈ ഭൂരൂപങ്ങൾ മാത്രമല്ല; കേരളത്തിന്റെ കുടിവെള്ളവും കൂടിയാണ്. കാരണം ഈ വലിയ ക്വാറിയിംഗ് നഷ്ടപ്പെടുത്തുന്നത് കേരളത്തിന്റെ കുടിവെള്ള സംഭരണിയായ പശ്ചിമഘട്ട മലനിരകളെയാണ്. അതുകൊണ്ടാണ് പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട രണ്ട് വിദഗ്ധസമിതികൾ - മാധവ് ഗാഡ്ഗിൽ കമ്മിറ്റിയും കസ്തൂരിരംഗൻ കമ്മിറ്റിയും- മറ്റ് എല്ലാ കാര്യങ്ങളിലും വിയോജിച്ചപ്പോൾ കരിങ്കൽ ഖനനം നിയന്ത്രിക്കുന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തിയത്. പരിസ്ഥിതിലോലമേഖല ക ൽ (ഋടദ ക) കരിങ്കല്ല് പൊട്ടിക്കൽ പുതുതായി അനുമതി നൽകരുതെന്നും രണ്ടും മൂന്നും മേഖലകളിൽ (ഋടദ കക, ഋടദ കകക) കർശനമായ പ്രാദേശികനിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം നടത്താം എന്നുമാണ് ഗാഡ്ഗിൽ കമ്മിറ്റി ഇക്കാര്യത്തിൽ നൽകിയ ശുപാർശ. അങ്ങനെ കുന്നിടിക്കലും പാറപൊട്ടിക്കലും ചേർന്ന് കേരളത്തെ ഒട്ടും വാസയോജ്യമല്ലാത്ത ഭൂപ്രദേശമാക്കിമാറ്റാൻ പോകുന്നു. ഭയപ്പാടോടെ മാത്രം നോക്കിക്കാണേണ്ട ഒരു വസ്തുതയാണിത്. എന്തുകൊണ്ട് ഇത്രയും ഖനനം വേണ്ടിവരുന്നു എന്ന ചോദ്യം പിന്നെയും ബാക്കിയാണ്. അത് മറ്റൊന്നുമല്ല, നിർമാണമേഖലയുടെ അനിയന്ത്രിതമായ വളർച്ചകൊണ്ട് മാത്രമാണ്.
കേരളത്തിലെ മറ്റൊരു ഭൂരൂപമാണ് ഇടനാട്ടിലെയും തീരദേശത്തെയും നെൽവയലുകൾ. നെൽവയലുകളുടെ നാശത്തെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുള്ളതാണ്. കേരള തണ്ണീർത്തട സംരക്ഷണനിയമം നിയമസഭ അംഗീകരിച്ചിട്ട് എട്ട് വർഷം തികയുന്ന വേളയിലാണ് ഇതെഴുതുന്നത്. അതുവരെയുള്ള നിരവധി പ്രചാരണ പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു ആ നിയമം. പക്ഷേ നെൽവയൽ വിസ്തൃതി കുത്തനെ കുറഞ്ഞുവരികയാണ്. 1960-61 കാലത്ത് 7.90 ലക്ഷം ഹെക്ടർ വിളവിസ്തൃതിയുണ്ടായിരുന്നു കേരളത്തിലെ നെൽകൃഷിക്ക്. 2015-16ൽ 1.96 ലക്ഷം ഹെക്ടറായി കുറഞ്ഞു. 1960-61 ൽ ഒരു ഹെക്ടർ നെൽവയലിന്റെ ഉൽപാദനക്ഷമത 1370 കി.ഗ്രാം/ഹെക്ടർ ആയിരുന്നത് 2015-16ൽ ഇരട്ടിയിലധികമായി വർധിച്ച് 2790 കി.ഗ്രാം/ഹെക്ടർ ആയിമാറി. എന്നിട്ടും മൊത്തം നെല്ലിന്റെ വാർഷിക ഉൽപാദനം 1960-61 കാലത്തെ 10.61 ലക്ഷം ടണ്ണിൽനിന്ന് 2015-16ൽ 5.49 ലക്ഷം ടണ്ണായി ഏതാണ്ട് പകുതിയിൽ താഴെയായി കുറഞ്ഞു. ഉൽപാദനക്ഷമത ഇരട്ടിയായിട്ടും മൊത്തം ഉൽപാദനം പകുതിയായി കുറഞ്ഞതെങ്ങനെ? നെൽവയലിന്റെ നാശം അത്ര ഭീകരമായിരുന്നു എന്നർഥം. കഴിഞ്ഞ പത്തുകൊല്ലത്തെ കണക്കുകൾ പരിശോധിച്ചാൽപോലും നെൽവയലിന്റെ ഈ നാശം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാവും.
എന്തുകൊണ്ട് ഈ അപകടം ഉണ്ടാകുന്നു? നെൽവയലുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. നെൽ വയലുകൾ നികത്തപ്പെടുന്നത് മുഖ്യമായും കെട്ടിടനിർമാണത്തിനായാണ്. നിർമാണമേഖലയുടെ രൂപ ത്തിലാണ് വയലുകളിൽ മൂലധനത്തിന്റെ ആധിപത്യം അനുഭവപ്പെടുന്നത് എന്നർഥം. കേരളത്തിലെ ഏറ്റവും ലാഭകരമായ കച്ചവടമായി കെട്ടിടനിർമാണപ്രവർത്തനം മാറിയിട്ടുണ്ട്. ഇതാണ് വയൽ നികത്തലിന്റെ മുഖ്യകാരണം. ഫ്ളാറ്റുകൾ, വില്ലകൾ, റിസോർട്ടുകൾ, സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിങ്ങനെ വിവിധ രൂപത്തിൽ കെട്ടിടങ്ങൾ വരുന്നു. പാറ പൊട്ടിക്കലും, കുന്നിടിക്കലും, വയൽ നികത്തലും ഒക്കെ ഒരേ വികസനപ്രവർത്തനത്തിന്റെ വ്യത്യസ്ത പ്രത്യാഘാതങ്ങളാണ്. പുഴമണലും ഇതിന്റെ തന്നെ മറ്റൊരു ഫലമാണ്.
നെൽവയൽ ഇത്തരത്തിൽ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന പ്രത്യക്ഷ അപകടം ഭക്ഷ്യധാന്യ ഉൽപാദനത്തിൽ വരുന്ന ഇടിവാണ്. ശരാശരി 40 ലക്ഷം ടൺ അരിയെങ്കിലും ഒരു വർഷം വേണ്ട സംസ്ഥാനമാണ് കേരളം. എന്നാൽ അരിയുടെ കാര്യത്തിൽ നമ്മുടെ വാർഷികോൽപാദനം ഏതാണ്ട് 15% മാത്രമാണ്. അരിയുടെ കാര്യത്തിൽ മാത്രമല്ല. മറ്റ് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും കേരളം സ്വയം പര്യാപ്തമല്ല എന്നതുകൊണ്ടും ഭക്ഷ്യധാന്യത്തിനായി കേരളം ഏതാണ്ട് പൂർണമായിത്തന്നെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു എന്നതുകൊണ്ടും ഈ പ്രശ്നം നമ്മെ അലട്ടുന്നില്ല. പക്ഷെ അതുകൊണ്ട് പ്രശ്നം പ്രശ്നമല്ലാതാകുന്നില്ല. എന്നാൽ നെൽവയലിന്റെ മറ്റ് പരിസ്ഥിതിധർമങ്ങൾ നാം കാണാതെ പോകരുത്. ഭൂഗർഭ ജലശേഖരം വർധിപ്പിക്കാൻ നെൽവയൽ കാരണമാകുന്നു എന്ന് ഇന്നെല്ലാവരും സമ്മതിക്കും. തീർ ന്നില്ല. ജൈവവൈവിധ്യസംരക്ഷണം, ഔഷധച്ചെടികളുടെ സുരക്ഷ, കാലിത്തീറ്റകളുടെ ലഭ്യത തുടങ്ങി വിവിധ രംഗങ്ങളിൽ നെൽവയലുകൾക്ക് പങ്കുണ്ട്. ഒപ്പം പൂർണമായി നെൽവയലിനെ ആശ്രയിച്ച് ജീവിച്ചിരുന്ന കർഷകതൊഴിലാളികളുടെ ജീവിതം വഴിമുട്ടുകയും ചെയ്യും. അവരുടെ എണ്ണം വളരെ കുറവാണ് എന്നത് മാത്രമാണ് ആശ്വാസം. നെൽകർഷകർ അവരുടെ കർഷകർ എന്ന നിലയിലുള്ള സ്വത്വം നഷ്ടപ്പെട്ട് പുതുപ്പണക്കാരായി മാറുന്നു എന്ന മാറ്റവും ഇവിടെ സംഭവിക്കുന്നു.
പറഞ്ഞുവന്നത് ഇതാണ്. കരിങ്കൽ ക്വാറിയും കുന്നിടിക്കലും പെരുകുന്നതുപോലെ നെൽവയലുകളുടെ നാശത്തിന്റെ കാരണവും നിർമാണമേഖലയുടെ സ്വാധീനം തന്നെയാണ്. വീട് നിർമാണം മുതൽ മെട്രോറെയിൽ വരെയുള്ള വിവിധ പദ്ധതികൾക്കായി നെൽവയൽ നഷ്ടപ്പെടുത്തുന്നു. അങ്ങനെ അശാസ്ത്രീയമായ വികസനനയം പല രൂപത്തിലുള്ള ഉൽപാദനനഷ്ടത്തിന് കാരണമാകുന്നു.
ഇനി നമുക്ക് തീരമേഖലയിലേക്ക് വരാം. തീരമേഖല പലതരം പരിസ്ഥിതിപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയെല്ലാം നിർമാണമേഖലയുടെ വളർച്ചകൊണ്ട് സംഭവിക്കുന്നതല്ല. കരിമണൽ ഖനനം പോലെ വ്യവസായജന്യമായ പ്രശ്നങ്ങളുമുണ്ട്. എന്നാൽ ഒരിക്കൽ കടലിൽ നിന്ന് മണൽ വാരി നിർമാണപ്രവർത്തനം നടത്താൻ കേരളം തീരുമാനിച്ചിരുന്നു. പെരുകിവരുന്ന കെട്ടിടനിർമാണം കടലിനേയും വെറുതെ വിടുന്നില്ല എന്ന് തന്നെ ഇതിന്റെയർഥം. ഒപ്പം മറ്റ് ചില നിർമാണ പ്രവർത്തനങ്ങൾ തീരമേഖലയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖം പോലുള്ള മഹാനിർമാണങ്ങൾ, വിനോദസഞ്ചാരവ്യവസായത്തിന് വേണ്ടിയുള്ള കെട്ടിടനിർമാണം, മത്സ്യബന്ധനം സംരക്ഷിക്കാനെന്ന പേരിലുള്ള പുലിമുട്ട് നിർമാണങ്ങൾ എന്നിവ തീരമേഖലയിൽ വ്യാപിച്ചിരിക്കുന്നു. ഒരർഥത്തിൽ ഇവയും നിർമാണമേഖലയുടെ വളർച്ചകൊണ്ട് സംഭവിക്കുന്നത് തന്നെ. വനത്തിലും വയലിലും എന്ന പോലെ കായലിലും കടലിലും നിർമാണമേഖലയുടെ മൂലധനകൈകൾ എത്തിക്കഴിഞ്ഞു എന്നർഥം. തീരദേശപരിപാലന നിയമങ്ങളൊക്കെ ഈ മൂലധനത്തിന്റെ വരവിന് വേണ്ടി വഴിമാറികൊടുക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണ്? മറ്റൊരു പ്രാഥമിക ഉൽപാദനമേഖലയായ മത്സ്യബന്ധനവും പ്രതിസന്ധിയിലാവുകയാണ്. 1951 ൽ 6.75 ലക്ഷം ടണ്ണായിരുന്നു കേരളത്തിലെ സമുദ്ര മത്സ്യോൽപാദനം. 1975 ൽ അത് 4.48 ലക്ഷം ടണ്ണായും 2006-07ൽ അത് 6.70 ലക്ഷം ടണ്ണായും ഉയർന്നു. പിന്നീട് കുറേക്കാലം അത് അവിടെ നിശ്ചലമായി നിന്നു. എന്നാൽ 2010 മുതൽ ഇങ്ങോട്ട് മത്സ്യോൽപാദനവും കുറയാൻ തുടങ്ങി. 2011-12 മുതൽ 2015-16 വരെ കേരളത്തിലെ സമുദ്ര മത്സ്യോൽപാദനത്തിൽ വന്ന മാറ്റം പട്ടിക 6 ൽ കാണിച്ചിട്ടുള്ളത് നോക്കുക.
അവിടുത്തെ കെട്ടിടനിർമാണം കൊണ്ടുമാത്രമാണ് മത്സ്യമേഖല തകരുന്നത് എന്ന് പറയാൻ കഴിയില്ല. കേരളത്തിന്റെ തീരപരിസ്ഥിതി അശാന്തമാകുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് നിർമാണമേഖലയാണ്.
ഇങ്ങനെ നോക്കിയാൽ മത്സ്യബന്ധനം എന്ന മേഖലയും നിർമാണമേഖലയുടെ വളർച്ചയുടെ മുന്നിൽ തകരുകയാണ്. അതിവേഗത്തിൽ പ്രകൃതിവിഭവങ്ങളെ കവർന്നെടുത്തുകൊണ്ടും അതുവഴി മറ്റ് ഉൽപാദനമേഖലകളെ തകർത്തുകൊണ്ടുമാണ് നിർമാണമേഖല വളരുന്നത്.
മൂന്ന്
കഴിഞ്ഞ രണ്ട് ഭാഗങ്ങളായി നാം ചർച്ചചെയ്ത വിഷയത്തിന്റെ സംഗ്രഹം ഇതാണ്. കേരളവികസനത്തിൽ നിർമാണമേഖലയ്ക്കുള്ള പങ്ക് വലുതായി വരുന്നു. ഈ നിർമിതികൾക്കായി മണ്ണ്, പാറ, വെള്ളം, മണൽ, തുടങ്ങിയ പ്രകൃതിവിഭവങ്ങൾ വലിയതോതിൽ ഉപയോഗിക്കേണ്ടിവരുന്നു. ഇത് കേരളത്തിന്റെ പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ജലക്ഷാമം മുതൽ കാലവസ്ഥാമാറ്റം വരെയുള്ള നിരവധി അപകടങ്ങളിലേയ്ക്ക് അത് വാതിൽ തുറക്കുന്നു. അതുകൊണ്ട് ഈ വികസനരീതി സുസ്ഥിരമല്ല. മാറിവരുന്ന സംസ്ഥാനസർക്കാരുകൾക്ക് ഈ പ്രവണതയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, അവർ ഇത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2017 ജൂണിൽ കേരളസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്. ജനവാസകേന്ദ്രങ്ങളിൽ നിന്ന് കരിങ്കൽ ക്വാറികളിലേക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ദൂരപരിധിയായി നിശ്ചയിച്ചിരുന്ന നൂറ് മീറ്റർ നേർപകുതിയായി കുറച്ചുകൊണ്ടും ക്വാറികളുടെ ലൈസൻസ് കാലവാധി അഞ്ച് വർഷമായി നീട്ടിക്കൊണ്ടുമായിരുന്നു ആ ഉത്തരവ്. (ഏ.ഛ(ജ) ചീ. 25/2017/കഉ തീയതി 23.6.2017)
ഒരു പക്ഷേ ഏറ്റവും പ്രധാനമായി പരിശോധിക്കേണ്ട സംഗതി നിർമാണമേഖലയിലെ നവ ഉദാരവൽകരണനയങ്ങളുടെ സ്വാധീനമാണ്. 1990 മുതൽ അഖിലേന്ത്യാതലത്തിൽ സ്വീകരിച്ചുവരുന്ന സാമ്പത്തികനയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കേരളം പോലെ ഒരു സംസ്ഥാനത്തിന് മാത്രമായി സാധ്യമല്ലല്ലോ? രണ്ട് കാര്യങ്ങൾ ഇവിടെ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഒന്ന്, നിർമാണമേഖലയുടെ വളർച്ചയാണ് വികസനത്തിന്റെ പ്രത്യക്ഷ അടയാളമെന്ന് സാമ്പത്തികനയങ്ങൾ പ്രഖ്യാപിക്കുന്നു. കേന്ദ്രസർക്കാറിന്റെ വായ്പാനയം ഏറ്റവും ഉദാരമായി പെരുമാറുന്നത് ഭവനവായ്പയുടെ ആവശ്യക്കാരോടാണ്. ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് വരുമാനനികുതിയിൽ വലിയതോതിൽ ഇളവ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ വരുമാന നികുതി നൽകുന്നതിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി ഭവനവായ്പയെടുക്കുന്നവരുമുണ്ട്. പാർപ്പിടം ഒരു പ്രാഥമിക ആവശ്യമായതിനാൽ ആളുകൾക്ക് വീടുവയ്ക്കുന്നതിന് വായ്പ നൽകാതിരിക്കാനാവില്ല. എല്ലാവർക്കും സ്വന്തംവീട് എന്ന ലക്ഷ്യത്തിലെത്താൻ അവർക്ക് സർക്കാർ സഹായവും വേണ്ടിവന്നേക്കാം. പക്ഷേ ഒരാൾക്ക് താമസിക്കാൻ എത്ര വീട് വേണം എന്ന ചോദ്യം ഈ വായ്പാനയം ആലോചിക്കുന്നതേയില്ല. എത്ര വീട് വേണമെങ്കിലും ഒരാൾക്ക് വായ്പയെടുത്ത് ഉണ്ടാക്കാം. താമസിക്കുന്ന വീട് ഒഴികെ ബാക്കിയുള്ളവ വാടകയ്ക്ക് നൽകുകയോ വിൽക്കുകയോ ചെയ്യാം. വീടുണ്ടാക്കി വാടകക്ക് നൽകുന്നതിനും വിൽക്കുന്നതിനും വായ്പയെടുക്കുന്നവർക്ക് എന്തിനാണ് നികുതിയിളവ് നൽകുന്നത്? യഥാർഥത്തിൽ ഇതൊരുതരം സബ്സിഡിയാണ്. ഭവനവായ്പയെടുത്തവർക്ക് ലഭിക്കുന്ന മൊത്തം നികുതിയിളവ്, ദരിദ്രർക്കായി സർക്കാർ നൽകുന്ന ഭവനപദ്ധതിയുടെ സബ്സിഡിയേക്കാൾ എത്രയോ കൂടിയ തുകയാണ്. അതായത് പ്രകൃതിവിഭവങ്ങളെ നശിപ്പിച്ചുകൊണ്ട് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന നിർമാണലോബിക്ക് സർക്കാർ വൻതുക സബ്സിഡി കൊടുത്തുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
2008 മുതൽ അമേരിക്കയിലടക്കം അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യത്തിന്റെ അടിത്തട്ടിലുള്ള കാരണം ഭവനനിർമാണ മേഖലയിൽ പൊടുന്നനെ ഉയർന്നുവന്ന വികസനകുമിളകളായിരുന്നുവെന്നത് ഇന്ന് ഏറെക്കുറെ വെളിവാക്കപ്പെട്ടിട്ടുണ്ട്. ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത് വലിയ ഭവനസമുച്ചയങ്ങൾ നിർമിക്കുകയും അത് വാങ്ങിയവർ തന്നെ കുറച്ചുകൂടി ഉയർന്ന വിലകിട്ടിയാൽ വിറ്റ് ലാഭമുണ്ടാക്കാൻ വേണ്ടി കാത്തുവയ്ക്കുകയും ചെയ്തതാണ് ഭവനനിർമാണമേഖലയിൽനിന്ന് ഈ പ്രതിസന്ധി ആരംഭിക്കാൻ കാരണം. മേൽപ്പറഞ്ഞ പ്രവർത്തനം നിർമാണമേഖലയെ വലിയതോതിൽ പ്രചോദിപ്പിക്കുകയും ആ ദിശയിലേക്ക് മൂലധനത്തിന്റെ ഒഴുക്ക് ഉണ്ടാവുകയും ചെയ്തു. എന്നാൽ യഥാർഥ ആവശ്യകതയെ അപേക്ഷിച്ച് വളരെ കൂടുതൽ വീടുകൾ ഉണ്ടാവുകയും അവയുടെ വിപണിമൂല്യം ഇടിയുകയും ചെയ്തത് നിക്ഷേപകരെ കുഴപ്പത്തിലാക്കി. ഇത് നിക്ഷേപങ്ങളെ ബാധിക്കുകയും ഭവനസമുച്ചയങ്ങളുടെ നിർമാണത്തിന് വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. കേരളത്തിലെ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെ ഈ പ്രതിസന്ധി ബാധിക്കാത്തതിന്റെ കാരണം നികുതി ഇളവ് എന്ന പേരിൽ സർക്കാർ ഇക്കൂട്ടർക്ക് നൽകുന്ന വലിയ തോതിലുള്ള സബ്സിഡി തന്നെയാണ്. ഇതാണ് രണ്ടാമത്തെ കാര്യം, 2014 ൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് വ്യവസായം മാന്ദ്യത്തിലായപ്പോൾ ബാങ്കുകൾ ഭവന വായ്പനയുടെ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ഇത് നിർമാണമേഖലയെ തുറന്ന് തന്നെ സഹായിക്കുന്ന സാമ്പത്തികനയങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ്.
വായ്പയെടുത്ത് നിർമിക്കുന്ന വലിയ ഹോട്ടലുകളും ഭവനസമുച്ചയങ്ങളും കെട്ടിട നിർമാണച്ചട്ടങ്ങൾ മാത്രമാണ് അനുസരിക്കേണ്ടത്. അതേസമയം നിർമാണപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരുപാട് നിയമങ്ങളുണ്ട്. അതിൽ തീരദേശ പരിപാലനനിയമമാണ് എടുത്തുപറയേണ്ടത്. ഈ നിയമം ലംഘിച്ചുകൊണ്ട് ഉയരുന്ന കെട്ടിടങ്ങൾ പോലും സർക്കാറിൽനിന്ന് വായ്പയെടുത്താണ് നിർമിക്കുന്നത്. അവർക്കും അതുവഴി വരുമാന നികുതി ഇളവുകൾ കിട്ടുന്നുണ്ടെന്നതും ജനവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്.
എന്താണ് ഇതിന്റെയെല്ലാം അനന്തരഫലം? കേരളത്തിൽ കെട്ടിടങ്ങളുടെ എണ്ണം കൂടി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബിൽഡിംഗ് റൂളിൽ പല കാലങ്ങളായി വന്ന മാറ്റവും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. അങ്ങനെയാണെങ്കിൽ ഇനി നമുക്ക് പരിശോധിക്കേണ്ടത് കേരളത്തിൽ ആവശ്യത്തിലധികം കെട്ടിടങ്ങൾ നിർമിക്കപ്പെടുന്നുണ്ടോ എന്നാണ്. ഉണ്ടെങ്കിൽ അവയെ എങ്ങനെ നിയന്ത്രിക്കാം എന്നും പരിശോധിക്കണം. 2011 ലെ സെൻസസ് കണക്കുകൾ അനുസരിച്ച് കേരളത്തിൽ ആകെയുള്ള സെൻസസ് വീടുകൾ 1,12,17,853 ആയിരുന്നു. ഇവയിൽ ഉപയോഗിക്കപ്പെടുന്നത് 100,28,709 മാത്രമായിരുന്നു. 11,89,144 സെൻസസ് വീടുകൾ ഉപയോഗിക്കാത്തവയാണ്. ഇതിന്റെ ഗ്രാമനഗരങ്ങൾ തിരിച്ചുള്ള കണക്കുകൾ പട്ടിക 7ൽ കൊടുത്തിരുക്കുന്നു.
ഒറ്റ വായനയിൽ ഈ പട്ടിക നൽകുന്ന വിവരം ഇതാണ്. കേരളത്തിലാകെ 10.6 ശതമാനം സെൻസസ് വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഗ്രാമീണമേഖലയിലെ വീടുകളിൽ 10.00% വും നഗരമേഖലയിലെ വീടുകളിൽ 11.3% വും ഒഴിഞ്ഞുകിടക്കുകയാണ്. സെൻസസ് വീടുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നവയെല്ലാം വാസഗൃഹങ്ങളല്ല. മറ്റ് ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും ഇവയിൽ ഉൾപ്പെടും. അതിന്റെ വിശദാംശങ്ങൾ പട്ടിക 8 ൽ കാണിച്ചിട്ടുണ്ട്.
ഈ കണക്കുകളിൽ നിന്ന് ചില കാര്യങ്ങൾ വിശേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഉപയോഗിക്കുന്ന ആകെ വീടുകളിൽ(1,00,28,709) മുക്കാൽ പങ്കും(77,03,616) വാസഗൃഹങ്ങളായാണ് ഉപയോഗിക്കുന്നത്. മറ്റ് കെട്ടിടങ്ങൾ കാൽ പങ്ക് (23,25,093) മാത്രമേയുള്ളു. ഇതിൽ 93,554 വീടുകൾ അടഞ്ഞുകിടക്കുന്ന വീടുകളായി കാണുന്നുണ്ട്. അവ ആൾപ്പാർപ്പില്ലാത്ത വീടുകളാകണമെന്നില്ല. സെൻസസ് സമയത്ത് അടഞ്ഞ് കിടന്നു എന്നേയുള്ളു. താൽക്കാലികമായി അടഞ്ഞുകിടന്ന വീടുകളാണിവ. അവ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. പക്ഷെ നമുക്ക് തീർത്ത് പറയാവുന്ന ഒന്നുണ്ട്. കേരളത്തിലെ കെട്ടിട പെരുപ്പത്തിന്റെ സിംഹഭാഗവും വാസഗൃഹങ്ങൾക്ക് വേണ്ടിയുള്ളതാണ്. വാസഗൃഹങ്ങൾ അല്ലാതെയുള്ള കെട്ടിടനിർമാണം നിയന്ത്രിക്കേണ്ടതില്ലെന്ന് ഇപ്പറഞ്ഞതിനർഥമില്ല. അവ നിയന്ത്രിക്കുന്നതിന് ഭൂവിനിയോഗം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തേ തന്നെ പറഞ്ഞതുപോലെ ഭൂമിയുടെ മേഖലാവത്കരണം ഇതിനൊരു പരിഹാരമാണ്. ഭൂമിയുടെ സ്വഭാവത്തിനും ഉപയോഗത്തിനും അനുസരിച്ച് ഭൂമിയെ കാർഷിക, വ്യാവസായിക, വാസമേഖലകളായി തിരിക്കുകയും ഓരോ മേഖലയിലും അതിന് അനുസൃതമായ നിർമിതികൾ മാത്രം അനുവദിക്കുകയും ചെയ്യുക എന്നതാണ് ഒരു രീതി. കേരളത്തിന്റെ ആവാസവ്യവസ്ഥയനുസരിച്ച് ഇത് അത്രയെളുപ്പമായിരിക്കില്ല എന്നത് ശരിതന്നെ. രണ്ടാമത്തെ വഴി ഇതിന് മുമ്പ് തന്നെ നിർദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ഭൂമി കൈമാറ്റത്തിന് ലാൻഡ് ബാങ്ക് പോലെയുള്ള പൊതുസംവിധാനം ഉണ്ടാക്കുകയെന്നതാണ്. വ്യക്തികൾ തമ്മിൽ സ്വകാര്യമായി നടത്തുന്ന ഭൂമി കൈമാറ്റങ്ങൾ തടയുകയും എല്ലാതരം ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബാങ്ക് വഴിയാവുകയും ചെയ്യുകയെന്നതാണ് ഈ രീതി. ഭൂമി വിൽക്കേണ്ടവർ തങ്ങളുടെ ഭൂമി ലാൻഡ് ബാങ്കിന് വിൽക്കുകയും വാങ്ങേണ്ടവർ ഏത് ആവശ്യത്തിനുള്ള ഭൂമിയാണോ വേണ്ടത് ആ ഭൂമി അതുൾക്കൊള്ളുന്ന മേഖലയിൽ, ലാൻഡ് ബാങ്കിൽനിന്ന് വാങ്ങുകയും വേണം. അങ്ങനെ കേരളത്തിൽ ഊഹക്കവടത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ എസ്റ്റേറ്റ് കച്ചവടം പൂർണമായി അവസാനിപ്പിക്കണം. ഇതിലൂടെ ഭൂമി ആര് എന്താവശ്യത്തിന് വാങ്ങുന്നു എന്നത് രഹസ്യമായി വയ്ക്കാനാവില്ലെന്ന് വരും. ഭൂമി കൈമാറ്റത്തിലെ ഇടനിലക്കാർ ഒഴിവാകും. ഓരോ മേഖലയിലും വരുന്ന ഭൂമി ആ മേഖലയിൽ അനുവദിക്കപ്പെട്ട നിർമാണപ്രവർത്തനത്തിനായി മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളു എന്നും ഉറപ്പ് വരുത്താം.
വാസഗൃഹങ്ങളടെ പെരുപ്പം തടയുക എന്നതാണ് ഈ രംഗത്തെ ഒരു പ്രധാന വെല്ലുവിളി. വീട് എന്നത് ഓരോ കുടുംബത്തിന്റെയും അടിസ്ഥാനാവശ്യങ്ങളിൽ ഉൾപ്പെടുന്ന ഒന്നായതിനാൽ അതിൽ വരുത്തുന്ന ഏത് തരം നിയന്ത്രണവും അവധാനതാപൂർവ്വം ചെയ്യേണ്ടതാണ്. എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തേക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിനുള്ളത്. 2011ലെ സെൻസസ് കണക്കുകൾ അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യ 3.34 കോടി (കൃത്യമായി 3,34,06,061)യാണ്. ഏറ്റവും ഒടുവിൽ കണക്കാക്കിയ കുടുംബസർവേ അനുസരിച്ച് ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങളുടെ എണ്ണം 4.3 ആണ്. ഇതനുസരിച്ച് കണക്കാക്കിയാൽ 77.68 ലക്ഷം കുടുംബങ്ങൾ കേരളത്തിലുണ്ട് എന്ന് മനസ്സിലാക്കാം.
2017ൽ കേരളസർക്കാരിന്റെ ലൈഫ്മിഷന് വേണ്ടി കുടുംബശ്രീ നടത്തിയ പഠനത്തിന്റെ പ്രാഥമിക കണക്കുകൾ കാണിക്കുന്നത് 6.20 ലക്ഷം കുടുംബങ്ങളാണ് ഭവനരഹിതരായിട്ടുള്ളത് എന്നാണ്. അതായത് 79.94% കുടുംബങ്ങൾക്കും വീട് ഉണ്ട് എന്നാണർഥം. ഭവനമുള്ള കുടുംബങ്ങളുടെ എണ്ണം മാത്രമല്ല, പ്രതിശീർഷ വീട് ലഭ്യതയുടെ കാര്യത്തിലും കേരളം മുന്നിലാണ്. ഇതുപ്രകാരം ഓരോ 1000 പേർക്കും 336 വീടുകളാണ് കേരളത്തിലുള്ളത്. ശരാശരി കുടുംബവലിപ്പം 4.3 എന്ന് കണക്കിലെടുത്താൽ 1000 പേർക്ക് 232.55 കുടുംബങ്ങളാണുള്ളത്. ഇത്രയും കുടുംബങ്ങൾക്കായി 336 വീടുകളുണ്ട്. അഖിലേന്ത്യാതലത്തിലാകട്ടെ 1000പേർക്ക് 273 വീടുകളാണുള്ളത്. അഖിലേന്ത്യാതലത്തിൽ ശരാശരി കുടുംബവലിപ്പം കേരളത്തിലേതിനേക്കാൾ കൂടുതലാണെന്നത് കൂടി പരിഗണിക്കുമ്പോൾ ആളോഹരി വീട് ലഭ്യതയിൽ കേരളം വളരെ മുന്നിലാണെന്നത് കാണം. 1970 കളുടെ ആദ്യം മുതൽ തന്നെ ഭവനരഹിതർക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതി സർക്കാർ ആരംഭിച്ചിരുന്നു. ലക്ഷംവീട് പദ്ധതി എന്ന പേരിൽ നടപ്പാക്കിയ ഈ പദ്ധതി ഭവനരഹിതർക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. പിന്നീട് വന്ന ഇ.എം.എസ് ഭവനപദ്ധതിയും ഏറ്റവുമൊടുവിൽ ലൈഫ് മിഷന്റെ ഭാഗമായിവരുന്ന പ്രവർത്തനങ്ങളും എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കേരളത്തെ സഹായിക്കുന്ന പദ്ധതികൾതന്നെ. അധികാരവികേന്ദ്രീകരണ ത്തെത്തുടർന്ന് ലക്ഷം വീടുകൾ നവീകരിക്കുന്ന പദ്ധതികളും കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കുകയുണ്ടായി.
എണ്ണത്തിൽ മാത്രമല്ല, വീടുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. ആകെയുള്ള 77.16 ലക്ഷം വാസഗൃഹങ്ങളിൽ 4.06 ലക്ഷം മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. ഇത് ഏകദേശം അഞ്ച് ശതമാനത്തിന് മുകളിൽ മാത്രമാണ്. അതേസമയം 670,870 വീടുകളും മികച്ച നിലവാരം പുലർത്തുന്നു. 28.48% വീടുകൾ വാസയോഗ്യമാണ്. ഇക്കാര്യത്തിൽ ഗ്രാമനഗരങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇതിന്റെ കൃത്യമായ പട്ടിക 9 ൽ കാണിച്ചിട്ടുണ്ട്.
ഗ്രാമീണമേഖലയിൽ ആകെയുള്ള വീടുകളിൽ 60.97% മെച്ചപ്പെട്ട അവസ്ഥയിലാണ്. 32.57% വാസയോഗ്യവും, 6.4% മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ് കാണപ്പെടുന്നത്. നഗരമേഖലയിൽ സ്ഥിതി ഇതിനേക്കാൾ മെച്ചമാണ്. അവിടെയുള്ള ആകെ വീടുകൾ 72.37%വും മെച്ചപ്പെട്ട അവസ്ഥയിലും 23.67% വാസയോഗ്യമായതുമാണ്. 3.93% മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലുള്ളത്. ഇവയിൽ പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ള വീടുകൾ തീർച്ചയായും പുനർനിർമിക്കേണ്ടിവരും. അതുപോലെ ഭവനരഹിതരായ ആളുകൾക്കും പുതിയ വീടുകൾ നിർമിക്കേണ്ടിവരും.
ആഡംബരവീടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും കേരളം മെച്ചമായ സ്ഥിതിയിലാണ്. സ്വകാര്യമുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വീടുകളെ തരംതിരിക്കാം. ആറോ അതിൽ കൂടുതലോ ഉറക്കമുറികളുള്ള 4.50 ലക്ഷം വീടുകൾ കേരളത്തിലുണ്ട്. സ്വകാര്യ ഉറക്കമുറി ഒന്നുപോലുമില്ലാത്ത വീടുകൾ എൺപത്തിമൂവായിരം ആണ്. ഒന്നുമുതൽ അഞ്ച് വരെ മുറികളുള്ള വീടുകളാണ് മറ്റുള്ളവ. നേരത്തേ പറഞ്ഞതുപോലെ 11.58 ലക്ഷം വീടുകൾ ആൾപാർപ്പില്ലാത്തവയാണ്. ആറിൽ കൂടുതൽ മുറികളുള്ള 57,272 വീടുകൾ ആൾപാർപ്പില്ലാതെ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ആറോ അതിൽ കൂടുതലോ മുറികളുള്ള 2.73 ലക്ഷം വീടുകളിൽ ഒരു കുടുംബം (ചീ.ീള ാമൃൃശലറ രീൗുഹല1) മാത്രം താമസിക്കുന്നു. പ്രത്യേകമായി വേർതിരിച്ച ഉറക്കമുറിയില്ലാത്ത 83,843 വീടുകളും ഉണ്ട് എന്നത് ഇതിന്റെ മറുവശമാണ്. ഇത്തരം 117 വീടുകളിൽ നാല് കുടുംബങ്ങൾ (ളീൗൃ ാമൃൃശലറ രീൗുഹല) താമസിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വീടുകളും ഏകദമ്പതിമാർ താമസിക്കുന്ന വീടുകളാണ്. 52.81 ലക്ഷം വീടുകളും അങ്ങനെയുള്ളവയാണ്. 10.62 ലക്ഷം വീടുകളിൽ രണ്ട് കുടുംബങ്ങൾ വീതമുണ്ട്. 1.80 ലക്ഷം വീടുകളിൽ മൂന്ന് കുടുംബങ്ങളും താമസിക്കുന്നു. പ്രത്യേക ഉറക്കമുറികളുടെ എണ്ണവുമായി ബന്ധിപ്പിച്ച് ആകെ വീടുകളുടെയും ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെയും ഏകദമ്പതിമാർ താമസിക്കുന്ന വീടുകളുടെയും എണ്ണം താഴെ പട്ടിക 10 ൽ കാണുക.
ഇങ്ങനെ പ്രതിവർഷ വീട് ലഭ്യതയിൽ, വീടിന്റെ സാർവത്രികതയിൽ, ആഡംബരവീടുകളുടെ എണ്ണത്തിൽ ഒക്കെ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചമാണ്. എന്നിരിക്കലും ഇനിയും വീട് ലഭിക്കാത്ത ഒരു ചെറിയ വിഭാഗമെങ്കിലും ഉണ്ടെന്നത് മറക്കേണ്ടതില്ല. ലൈഫ് മിഷന് വേണ്ടി 2017 ൽ കുടുംബശ്രീ നടത്തിയ സർവ്വേയിൽ കേരളത്തിലാകെ 6.20 ലക്ഷം (6,20,893) കുടുംബങ്ങളാണ് ഭവനരഹിതരായിട്ടുള്ളത് എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി.ഇവരിൽ 1,37,860 പേർ ഭൂമി സ്വന്തമായുള്ള ഭവനരഹിതരും 4,83,033 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്.
ഇതുവരെ പറഞ്ഞതിൽ നിന്ന് നമുക്കെത്തിച്ചേരാവുന്ന നിഗമനമിതാണ്. കേരളം ഭവനനിർമാണത്തിൽ വലിയ പുരോഗതി നേടിയ സംസ്ഥാനമാണ്. ഇനി വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമേ പുതുതായി വീട് നിർമിക്കേണ്ടിവരികയുള്ളു. ഭവനരഹിതർ, പൊളിഞ്ഞ വീടുള്ളവർ, പ്രത്യേക ഉറക്കമുറിയില്ലാത്ത വീടുകൾ എന്നിവ ആകെ ചേർത്താൽ കേരളത്തിൽ 11.11 ലക്ഷം വീടുകൾ നിർമിക്കേണ്ടി വന്നേക്കാം. പ്രത്യേക ഉറക്കമുറിയില്ലാത്ത വീടുകൾ ഉള്ളവരിൽ ചിലരെങ്കിലും ഭവനരഹിതരുടെ പട്ടികയിൽ ഉൾപെട്ടേക്കാം. അങ്ങനെ വന്നാൽ ഈ സംഖ്യ ഇനിയും കുറയും. ഒരു വശത്ത് വീടുകൾ ഒഴിഞ്ഞ് കിടക്കുകയും മറുവശത്ത് ഒഴിഞ്ഞ വീടുകളുടെ എണ്ണത്തേക്കാൾ കുറവ് കുടുംബങ്ങൾ വീടില്ലാതെ ബുദ്ധിമുട്ടുകയും അതേസമയം പ്രകൃതിവിഭവങ്ങൾ ചുഷണം ചെയ്ത് കൊണ്ട് പുതിയ വീടുകൾ നിർമിച്ച് റിയൽ എസ്റ്റേറ്റ് വ്യവസായികൾ വലിയ ലാഭം നേടുകയും ചെയ്യുന്ന സങ്കീർണമായ ഒരവസ്ഥയിലൂടെ കടന്ന് പോവുകയാണ് കേരളം.
നാല്
ഇത്രയും സങ്കീർണമായ പശ്ചാത്തലത്തിലാണ് മിച്ചവീടുകൾ എന്ന ആശയം ഉയർന്നുവരുന്നത്. എന്നാൽ അത് വെറുതെ ഒഴുക്കൻ മട്ടിലങ്ങ് പറഞ്ഞ് പോകേണ്ട ഒരാശയമല്ല. ചില കാര്യങ്ങൾ ഇത് സംബന്ധിച്ച് വിശദമാക്കേണ്ടതുണ്ട്. ഒന്നാമതായി അടഞ്ഞ് കിടക്കുന്നതോ ആൾ പാർപ്പില്ലാത്തതോ ആയ എല്ലാ വീടുകളും മിച്ചവീടുകളാകില്ല എന്നതാണ്. ഒരാൾ ജോലി ആവശ്യാർഥം മറ്റൊരിടത്ത് താമസിക്കേണ്ടിവരുമ്പോൾ ജന്മദേശത്തെ വീടിന് പുറമെ ജോലി സ്ഥലത്ത് മറ്റൊരു വീട് നിർമിക്കേണ്ടി വന്നേക്കാം. ജന്മസ്ഥലത്ത് മാതാപിതാക്കളോ, ബന്ധുക്കളോ താമസിക്കുന്നുണ്ടാവും. ചിലപ്പോൾ ആരുമില്ലെന്നും വരാം. ജോലിയിൽനിന്ന് വിരമിക്കുമ്പോൾ തിരികെ വന്ന് താമസിക്കുന്നതിനായി ഇത്തരം വീടുകൾ നിലനിർത്തേണ്ടി വരാം. ഇവ മിച്ച വീടുകളാകണമെന്നില്ല. അതുപോലെ ഒരാൾ വിദേശത്ത് ജോലി ചെയ്യുകയും അയാളുടെ നാട്ടിലുള്ള വീട് ബന്ധുക്കളാരുമില്ലാതെ അടഞ്ഞ് കിടക്കുകയും ചെയ്താൽ അതും മിച്ചവീടുകളാവുകയില്ല. എന്നാൽ ഒരു കുടുംബത്തിന് താമസിക്കാൻ പര്യാപ്തമായ വീട് ഉണ്ടായിരിക്കുകയും അവർ മറ്റൊരു വീട് നിർമിച്ച് വിൽക്കുന്നതിനോ, വാടകയ്ക്ക് കൊടുക്കുന്നതിനോ, സൂക്ഷിച്ചാൽ അത് മിച്ചവീടാണ്. വികസനസംരഭകർ എന്നറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ നൂറ് കണക്കിന് കുടുംബങ്ങൾ വസിക്കുന്നതിനുള്ള വീടുകൾ നിർമിച്ച് സൂക്ഷിച്ചാൽ അവയും മിച്ചവീടുകൾ തന്നെ. കാരണം പാർപ്പിട നിർമാണം ഒരു സാമ്പത്തിക ക്രയവിക്രയ പ്രവർത്തനമല്ല. അത് ഒരു ജനസമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി നടക്കേണ്ട പ്രവർത്തനമാണ്. എല്ലാവർക്കും വീട് എന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു മുദ്രാവാക്യമായി ഉയർന്ന നാടാണ് കേരളം. എല്ലാവർക്കും വീട് വേണം. എല്ലാവർക്കും ആവശ്യമുള്ളത്ര വീട് മതി എന്നതാണ് യാഥാർഥ്യം. അതിൽക്കൂടുതൽ ഉള്ളവ മിച്ചവീടുകളാണ്.
മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ വച്ച് കേരളത്തിൽ എത്ര മിച്ചവീടുകൾ ഉണ്ടെന്ന് വിശദമായ പഠനത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. ഇത്തരം ഒരു പഠനം സർക്കാർതലത്തിൽ ഉടനെ നടത്തേണ്ടതുണ്ട്. എന്നാൽ മിച്ചവീട് എന്ന സംജ്ഞ ഇവിടെ കുറച്ചുകൂടി വിശാലമായ അർഥത്തിലാണ് ഉപയോഗിക്കുന്നത്. ഇത് മിച്ചമായ വീടുകൾ എണ്ണിതിട്ടപ്പെടുത്തി കണ്ടെത്തുകയെന്നത് മാത്രമല്ല. ഗൃഹനിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട സാമൂഹികനിയന്ത്രണങ്ങളുടെ ഒരു സംഘാതമാണത്. അതിലൊന്നാമത്തേത് ഇനി അത്യാവശ്യമല്ലാത്ത പുതിയ വീട് നിർമാണത്തെ പ്രോത്സാഹിപ്പിക്കരുത് എന്നതാണ്. നിലവിലുള്ള വീട് പൊളിച്ച് കുറേക്കുടി ആഡംബരപൂർണമായ വീട് നിർമിക്കുകയെന്നത് മലയാളികളുടെ സാമൂഹ്യഅന്തസ്സിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിനുവേണ്ടി നഷ്ടപ്പെടുത്തുന്ന പ്രകൃതിവിഭവങ്ങളുടെ അളവ് വളരെ വലുതാണ്. ഇടിഞ്ഞുപൊളിഞ്ഞതും പഴക്കം ചെന്നതുമായ വീടുകൾ കേരളത്തിലുണ്ട് എന്ന് നമ്മൾ നേരത്തേ കണ്ടു. അവ പൊളിച്ചു പണിയേണ്ടതുണ്ട്. അങ്ങനെ പൊളിച്ച് പണിയണമെങ്കിൽ അതിന് ചില വ്യവസ്ഥകൾ ഉണ്ടാകണം. ഒന്നാമതായി, പ്രകൃതിദുരന്തങ്ങളാലോ മറ്റ് കാരണങ്ങളാലോ തകരുന്നില്ലെങ്കിൽ, ഒരു വീടിന് ഉണ്ടായിരിക്കേണ്ട സ്വാഭാവിക ആയുസ്സ് എത്രയെന്ന് എഞ്ചിനീയറിംഗ് വിദഗ്ധരുടെ സഹായത്തോടെ തീരുമാനിക്കണം. വീട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാമഗ്രികൾ, സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉറപ്പ്, ഘടന എന്നിവയെല്ലാം പരിഗണിച്ചാണ് ഇത് ചെയ്യേണ്ടത്. ഈ കാലപരിധിക്ക് ശേഷമേ വീട് പൊളിച്ചുമാറ്റാൻ അനുവദിക്കാവു. രണ്ടാമതായി, വാസയോഗ്യമായ ഒരു വീടും പൊളിക്കാൻ പാടില്ല എന്ന ചട്ടം കെട്ടിടനിർമാണച്ചട്ടങ്ങളിൽ കൂട്ടിച്ചേർക്കണം. വീട് പൊളിക്കണമെങ്കിൽ അത് വാസയോഗ്യമല്ല എന്ന് എഞ്ചിനീയറുടെ പരിശോധനാറിപ്പോർട്ടും തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അനുമതിയും വാങ്ങിയിരിക്കണം. വീട് നിർമിക്കാൻ ഇത്തരം വ്യവസ്ഥകൾ പാലിക്കണമല്ലോ? സമാനമായ വ്യവസ്ഥകൾ വീട് പൊളിക്കുന്നതിനും ഏർപ്പെടുത്തേണ്ടതാണ്.
മൂന്നാമതായി ചെയ്യേണ്ടത് നിർമിക്കാൻ പോകുന്ന വീട്ടിൽ എത്രപേർ താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു സത്യവാങ്മൂലം വീട് നിർമാതാക്കൾ തദ്ദേശഭരണാധികാരികൾക്ക് സമർപ്പിക്കണം. ഒരാൾക്ക് താമസിക്കാൻ എത്ര വിസ്തൃതിയും മറ്റ് സൗകര്യങ്ങളും വേണമെന്ന് ശാസ്ത്രീയമായി കണ്ടെത്തേണ്ടതുണ്ട്. അത്തരം വ്യവസ്ഥകൾക്കനുസരിച്ച് വീടിന്റെ വലിപ്പം നിർണയിക്കണം. വീടിന്റെ വലിപ്പവും നിലകളുടെ എണ്ണവും തീരുമാനിക്കേണ്ടത് വീട് നിർമിക്കുന്നയാളിന്റെ സാമ്പത്തികശേഷിക്കനുസരിച്ച് മാത്രമായിരിക്കരുത്. മറിച്ച് വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം, അവരുടെ ആവശ്യകതകൾ, പ്രകൃതിവിഭവങ്ങളുടെ ലഭ്യത, എന്നിവയ്ക്കനുസരിച്ചായിരിക്കണം. ഒരു കുടുംബത്തിന് താമസിക്കാനുള്ള വീട് സ്വന്തമായി ഉണ്ടെങ്കിൽ രണ്ടാമതൊരു വീട് അനുവദിക്കുന്നതിൽ കർക്കശമായ പരിശോധനയും നിയന്ത്രണവും ഉണ്ടായിരിക്കണം. രണ്ടാമത്തെ വീട് നിർമിക്കുന്നതിന് ഭവനവായ്പ എടുക്കുകയാണെങ്കിൽ അതിന് വരുമാനനികുതി ഇളവ് നൽകുന്നത് നിർബന്ധമായും ഒഴിവാക്കണം. ഭവനവായ്പയെടുത്ത് വീട് നിർമിക്കുമ്പോൾ കെട്ടിട നിർമാണ ചട്ടങ്ങൾ മാത്രമല്ല കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട മറ്റ് പരിസ്ഥിതിനിയമങ്ങൾ കൂടി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫ്ളാറ്റുകൾ ഒരർഥത്തിൽ വാസഗൃഹങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ഭൂമിയുടെ അളവ് കുറയ്ക്കുന്നു എന്നത് ഒരു പോസിറ്റീവ് ഘടകമാണ്. ആ അർഥത്തിൽ ഭവനരഹിതർക്ക് ഫ്ളാറ്റുകൾ നിർമിക്കുന്നതിനുള്ള നീക്കം സംസ്ഥാന സർക്കാർ തലത്തിൽ നടക്കുന്നത് സ്വാഗതാർഗമാണ്. എന്നാൽ ഫ്ളാറ്റ് നിർമിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി എത്രയെന്ന് തീരുമാനിക്കണം. റോഡ്, സുരക്ഷാക്രമീകരണങ്ങൾ എന്നിവയിലെല്ലാം മാറ്റം വരുത്തുന്നതിന് മതിയായ ഭൂമി ഉണ്ടെങ്കിൽ മാത്രമേ ഫ്ളാറ്റ് നിർമിക്കുന്നതിന് അനുമതി നൽകാവു. ഏതൊരു ഭവനസമുച്ചയം നിർമിക്കുമ്പോഴും അതിൽ ഒരു നിശ്ചിതശതമാനം വീടുകൾ ഭവനരഹിതർക്ക് നൽകാൻ കഴിയണം. ഭവനരഹിതർ ദരിദ്രരായിരിക്കുമെന്നതിനാൽ അവർക്ക് താങ്ങാവുന്ന നിർമാണ ചെലവിൽ ഇത്തരം ഭവനങ്ങൾ നിർമിക്കേണ്ടിവരും.
ഇനി പരിശോധിക്കേണ്ടത് പൊതുകെട്ടിടങ്ങളുടെ കാര്യമാണ്. സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും പഴയ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പ്രവണത വർധിച്ചുവരുന്നുണ്ട്. ഇപ്പോൾ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം കൈവന്നിട്ടുണ്ടല്ലോ? അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസുകളോട് ബന്ധപ്പെട്ട് പുതിയ കെട്ടിടങ്ങൾ വേണ്ടിവന്നേക്കാം. അവ പലതും നിർമാണത്തിലുമാണ്. എന്നാൽ ഇതിന് ആനുപാതികമായി മേലേത്തട്ടിലുള്ള ഓഫീസുകൾ ചെറുതാകേണ്ടതുണ്ട്. അതേസമയം എല്ലാ താലൂക്കുകളിലും മിനിസിവിൽസ്റ്റേഷൻ പോലെയുള്ള കെട്ടിടങ്ങൾ പണി കഴിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവണത കുറച്ചുകൊണ്ടുവരണം. പൊതു ആവശ്യത്തിനായുള്ള എല്ലാ കെട്ടിടങ്ങളും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്ന തരത്തിലാവുകയും വേണം.
പരിഗണിക്കേണ്ട മറ്റൊരു കാര്യം വീട് നിർമാണത്തിന് സമഗ്രമായ ഒരു പരിസ്ഥിതി സൗഹൃദനയം രൂപപ്പെടുത്തുകയെന്നതാണ് ഇതിനായുള്ള സാങ്കേതികവിദ്യാവികസനം ഇപ്പോൾ ശൈശവദശയിലാണ്. ഈ മേഖലയിലെ ഗവേഷണപ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ പണം മുടക്കണം. പരിസ്ഥിതി സൗഹൃദസാങ്കേതികവിദ്യ ഗൃഹനിർമാണത്തിന് ഉപയോഗിക്കുന്നരീതി വളർത്തിയെടുക്കണം.
അവസാനമായി നമുക്ക് തിർച്ചപ്പെടുത്തേണ്ടത് മിച്ചവീടുകൾ എന്ന സങ്കല്പനത്തിന്റെ ലക്ഷ്യമെന്ത് എന്നതാണ്. അത് മിച്ചവീടുകൾ പിടിച്ചെടുത്ത് ഭവനരഹിതർക്ക് നൽകുന്നതിനാണോ അതോ കേരള പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനാണോ എന്ന ചേദ്യം ഉയരാനിടയുണ്ട്. തീർച്ചയായും രണ്ടാമത്തേതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. ആ അർഥത്തിൽ മിച്ചവീടുകൾ എന്ന സങ്കല്പനം പ്രായോഗികമാക്കുന്നതിന് തടസ്സമുണ്ടാവുകയില്ല. എന്നാൽ മിച്ചവീടുകൾ ഭവനരഹിതർക്ക് വിതരണം ചെയ്യാൻ കഴിഞ്ഞാൽ ഭൂപരിഷ്കരണത്തിനുശേഷം നടക്കുന്ന വിപ്ലവകരമായ ഒരു സംഗതിയാകും അത്. എന്നാൽ ഇത്തരം ഒരു ചർച്ചയുടെ പേരിൽ ഭവനരഹിതർക്ക് വീട് വച്ച് കൊടുക്കുന്നതിന് ഇപ്പോൾ സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികൾ തടസ്സപ്പെടാൻ പാടില്ല. അത് കേരളത്തിന്റെ സാമൂഹ്യസുരക്ഷാമേഖലയിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന നടപടിയാണ്. അത്തരം പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് മിച്ചവീടുകളെക്കുറിച്ചുള്ള ചർച്ചകൾ തടസ്സമായിക്കൂട താനും. ഇങ്ങനെ നോക്കിയാൽ മിച്ചവീടുകൾ എന്ന സങ്കല്പനം കേരളത്തന്റെ സുസ്ഥിരവികസനത്തെ ഏറെ സഹായിക്കുമെന്നതിൽ സംശയമില്ല.