ഇരുണ്ടകാലത്തെ കല - പാട്ട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്



ഇരുണ്ടകാലത്തെ കല - പാട്ട്
Cover
കർത്താവ് എം.ജെ.ശ്രീച്ചിത്രൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാപണിപ്പുരയിൽ അവതരിപ്പിച്ചത്.
ഭാഷ മലയാളം
വിഷയം കല
സാഹിത്യവിഭാഗം കുറിപ്പ്
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ആഗസ്റ്റ്, 2017


ഊറിക്കൂടിയ ഉള്ളടക്കത്തിലേക്ക്

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓഗസ്റ്റ് 27,28 തിയ്യതികളിലായി സംഘടിപ്പിച്ച 'ഇരുണ്ടകാലത്തെ കല' കലാപണിപ്പുരയിൽ എം.ജെ.ശ്രീച്ചിത്രൻ അവതരിപ്പിച്ച പാട്ട് - ആമുഖാവതരണം)

ശ്രീചിത്രൻ എം.ജെ.

MJ SREECHITHRAN.jpg https://www.youtube.com/watch?v=gHF5SQBY670&feature=youtu.be

“എനിക്ക് അത്ഭുതം തോന്നുന്നു. സ്വന്തം കവിതയില്ലാത്തൊരു ജനതയ്ക്ക് എങ്ങനെ ശക്തരായിരിക്കാൻ കഴിയും? തിരിച്ചറിയപ്പെടാത്തൊരു ജനതയുടെ സന്തതിയാണ് ഞാൻ. അസന്നിഹിതരായവർക്കു വേണ്ടി എനിയ്ക്കു സംസാരിയ്ക്കേണ്ടിയിരിക്കുന്നു. വിജയത്തിലുള്ളതിൽ കൂടുതൽ പ്രചോദനവും മാനവികതയും തോൽവിയിലുണ്ട്. അഥവാ, വിജയികളുടെ പാളയത്തിലായാൽ പോലും ഞാൻ തോറ്റവർക്കു പിന്തുണ നൽകും.”

ഇസ്രയേൽ - പലസ്തീൻ പ്രശ്നത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുകയും ആവിഷ്കരിക്കുകയും ചെയ്ത പലസ്തീനിയൻ കവി മഹ്‌മൂദ് ദാർവിഷിന്റെ വാക്കുകളാണിത്. വിശ്രുതസംവിധായകനായ ഗൊദാർദിന്റെ ‘നമ്മുടെ സംഗീതം’ എന്ന ചലച്ചിത്രത്തിൽ നമുക്കീ അഭിമുഖം കാണാം. യുദ്ധം എങ്ങനെ നമ്മുടെ കാലത്തിന്റെ സംഗീതമാവുന്നു എന്ന് വിശദമാക്കുകയാണ് ഗൊദാർദ്. ഇരകളുടെയും പരാജയപ്പെട്ടവരുടേയും ശബ്ദമായി മാറുന്ന സംഗീതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യുദ്ധത്തിന്റെ സംഗീതം സമാധാനത്തിന്റേതുമാകുന്നു. പൊതുവേ പേലവമെന്നു വിലയിരുത്തപ്പെടുന്ന കലകൾക്ക് തന്നെയും അങ്ങനെ ചില ഭാരിച്ച ഉത്തരവാദിത്തങ്ങൾ കൈവരുന്നു . ദാർവിഷിന്റെ ഉപമ തന്നെ കടമെടുത്താൽ ആകാശം തോളിലേറ്റിപ്പറക്കുന്ന ഒരു പക്ഷിയേപ്പോലെ. ചുറ്റുമുള്ള ആകാശം തിരിച്ചറിയാതെ ഇനിയൊരു പക്ഷിക്കും പറക്കുക വയ്യ. അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടവരുടേയും അപരസ്ഥാനം ചാർത്തിക്കിട്ടിയവരുടേയും ആട്ടിപ്പുറത്താക്കൽ ഭീഷണി നേരിടുന്നവരുടേയും മുതൽ അഖ്‌ലാക്കിന്റെയും പൻസാരെയുടേയും കൂടി രാജ്യമായ ഇന്ത്യയിൽ ഇനി ഒരു കലക്കും ഈ ആകാശം തോളിലേറ്റാതെ യാത്ര അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. വർഗീയതയുടെ കേവലവ്യവഹാരങ്ങളിൽ നിന്ന് അധികാരത്തിന്റെ വിമർശസ്ഥാനങ്ങളെ ഓരോന്നായി നിശ്ശബ്ദമാക്കും വിധം ആസൂത്രിതവും മനുഷ്യവിരുദ്ധവുമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ പ്രയോഗസ്ഥലമായി മാറിയ ഇന്ത്യ ഇന്ന് ഒരു ഫാഷിസ്റ്റ് വഴിത്തിരിവിലാണ്. കോർപ്പറേറ്റ് വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പരുവപ്പെടാൻ നിർബന്ധിതമായിത്തീരുകയും പ്രസ്തുത നിർബന്ധിതാവസ്ഥയെ ഭൂരിപക്ഷവർഗീയതക്ക് അനുഗുണമാക്കി പരിവർത്തിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ന് കലകൾ അതിന്റെ അധികാരസ്ഥാനം ഉറപ്പിക്കുന്നത്. പ്രസ്തുത വടംവലിയിൽ പിന്തള്ളപ്പെടുന്നവരുടെ കലയ്ക്കും പ്രതിരോധിക്കുന്നവരുടെ കലയ്ക്കും അവ ചെയ്യുന്ന മനുഷ്യരുടെ ഗതി തന്നെയാണ് – അപരമുദ്ര ചാർത്തിക്കിട്ടും, അല്ലാത്തപക്ഷം നിഷ്കരുണം കൊലചെയ്യും. ഈ കറുത്തകാലത്തിനു നേരെയുള്ള പ്രതിരോധമായി മാറാനാവശ്യമായ ആശയവ്യക്തതയും പ്രായോഗിക കർമ്മപരിപാടിയുമാണ് കലകളിൽ രൂപീകരിക്കപ്പെടേണ്ട അടിയന്തരപദ്ധതി. സംഗീതമേഖലയുടെ സമകാലീനസ്ഥിതിയും ഇടപെടൽ സാദ്ധ്യതകളുമാണ് തുടർന്ന് നിശ്ചിതപോയന്റുകളിൽ നിന്ന് ആലോചിക്കുന്നത്. കൂടുതൽ സംവാദങ്ങൾക്ക് വഴിമരുന്നിടുന്ന പ്രാഥമികകരടായി മാത്രമേ ഇവയെ കണക്കാക്കേണ്ടതുള്ളൂ. ദീർഘവിശദീകരണങ്ങൾക്ക് പകരം ഓരോന്നിലും ചില പോയന്റുകൾ മാത്രം ചൂണ്ടിക്കാണിക്കുന്നു.

1 – സംഗീതകലയുടെ സമകാലീനപ്രതിസന്ധികൾ

a) ദേശീയസംഗീതസങ്കൽപ്പം

സംഘപരിവാർ മാറ്റിനിശ്ചയിച്ചുവരുന്ന ദേശീയതാപാഠത്തിൽ ഓരോ സാമൂഹിക/സാംസ്കാരികഘടകങ്ങൾക്കും സംഘ് രാഷ്ടീയത്തിന് അനുഗുണമായ പാഠങ്ങൾ ഉണ്ട്. സാംസ്കാരികദേശീയതയുടെ ദേശീയദൈവമായി ഗണേശോൽസവത്തിലെ ഗണപതിയും സവിശേഷമായൊരു ഭാരതമാതാവും പ്രവേശിക്കുന്നതിനു അനുപൂരകമായി, നൃത്ത,ശിൽപ്പ,ചിത്ര,സംഗീതകലകളുടെ സർവ്വതലങ്ങളിലും സാംസ്കാരികദേശീയതാപ്രരൂപങ്ങൾ നിർമ്മിച്ചെടുക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ തന്നെ ഊർജ്ജിതമായി നടക്കുന്നുണ്ട്. നോർത്തിന്ത്യൻ സംഗീതമാണ് യഥാർത്ഥസംഗീതമെന്നും, അതിന്റെ മതേതരമോ ഇസ്ലാമികമോ ആയ ധാരകൾ അപ്രസക്തമാണെന്നും ഹൈന്ദവധാരയെന്ന ഒന്ന് നോർത്തിന്ത്യൻ സംഗീതത്തിനുണ്ടെന്നും വരുത്തിത്തീർക്കുകയും, തെക്കേഇന്ത്യയുടെ സംഗീതം നിന്മവും വടക്കേ ഇന്ത്യയുടെ സംഗീതവും ഉച്ചവുമാണെന്ന ധാരണയുടെ വ്യാപനമാണ് അതിലൊന്ന്. അതിനൊപ്പം തന്നെ തെക്കേ ഇന്ത്യയിലേയും ബ്രാഹ്മണധാരയെ സംരക്ഷിക്കുന്നതിൽ നവദേശീയതാവാദികൾ ശ്രദ്ധയുള്ളവരുമാണ്. ജാതിവിമർശനമടക്കം ഏതുതരം പുരോഗമനശ്രമങ്ങൾക്കും എതിർസ്ഥാനമാണ് നവദേശീയതാവാദികൾ കൈക്കൊള്ളുന്നത്. ടി എം കൃഷ്ണയുടെ ശ്രമങ്ങൾക്ക് നേരെയുള്ള പ്രതിഷേധങ്ങൾ ഉദാഹരണമാണ്.

b) ജനപ്രിയസംഗീതത്തിന്റെ വിപണിപാഠം

സംഗീതത്തിന്റെ ജനപ്രിയതയെ നിർണ്ണയിക്കുന്നതിൽ പൂർണമായ വിപണിയുടെ അധിനിവേശം സാദ്ധ്യമായതോടെ സിനിമാസംഗീതമടക്കമുള്ള സകലസംഗീതശാഖകളും നിർമ്മാണാത്മകമായ എല്ലാ മൂല്യങ്ങളിൽ നിന്നും അകന്നു. ബോദ്രിയാർ ഉത്തരാധുനികഘട്ടത്തിലെ സംഗീതമായി വിശേഷിപ്പിച്ച ‘ഹൈപ്പർ മ്യൂസിക്ക്’ – പാരമ്പര്യത്തെക്കുറിച്ചുള്ള ആധികളില്ലാത്ത സംഗീതത്തിന്റെ കലർപ്പുകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന സംഗീതത്തിന്റെ അധികപാഠം – ഇന്ന് വിപണി നേരിട്ട് വിൽപ്പനക്കെത്തിക്കുകയാണ്. ജനപ്രിയതയെ അവർ നിർണ്ണയിക്കുകയും കലാകാരി/ കാരൻ അവരുടെ ആജ്ഞാനുവർത്തികളാവുകയും ചെയ്യുന്നു. ഭാവുകത്വത്തിന്റെ തീറവകാശം വിപണിക്ക് വിൽക്കപ്പെട്ടിരിക്കുന്നു. മാർക്സ് മൂലധനത്തിൽ പറയുന്ന, മുന്നൂറ് ശതമാനം ലാഭം കിട്ടിയാൽ അച്ഛനേയും കൊല്ലാൻ മടിക്കാത്ത മുതലാളിത്തം സംഗീതത്തിന്റെ ജനപ്രിയതയെക്കുറിച്ച് അതിവികലവും മനുഷ്യവിരുദ്ധവുമായ ഒരു പാഠം കൊണ്ടുനടക്കുകയും പോറ്റിവളർത്തുകയും ചെയ്യുന്നു.

c) മനോധർമ്മവിരുദ്ധത

നമ്മുടെ സംഗീതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ മനോധർമ്മധിഷ്ഠിതമാണ്.

“എഴ്‌തിപ്പഠിച്ചതല്ല, പാടിപ്പഠിച്ചതല്ല
കല്ലിട്‌മ്പില് വെള്ളം പോലെ പൊന്തണ് പാട്ട്”

എന്ന ചവിട്ടുകളിപ്പാട്ടുകാരുടെ പാട്ടുദർശനം – കല്ലിടുക്കിൽ നിന്നു ചീറ്റിപ്പൊന്തുന്ന തെളിനീരുറവ പോലെ പാട്ട് പൊങ്ങിവരികയാണെന്ന കാഴ്‌ച്ചപ്പാട് നമ്മുടെ സംഗീതത്തിന്റെ സർവ്വസ്ഥലികളിലും സമ്മതമാണ്. കീഴാള – സവർണ്ണ ഭേദമില്ലാതെ പടർന്ന ഈ മനോധർമ്മസംഗീതമാണ് നമ്മുടെ പാട്ടിന് പലതരം വർണ്ണരാജികൾ സമ്മാനിച്ചത്. കർണാടിക് – കഥകളിസംഗീതമടക്കമുള്ള സകലശൈലീകൃതസംഗീതശാഖകളും മനോധർമ്മത്തെ ഉയർത്തിപ്പിടിക്കുന്നു. ഒരുതവണ പാടിയത് എത്രമേൽ ഗംഭീരമായാലും അടുത്ത തവണ അതിന്റെ ആവർത്തനമാണെങ്കിൽ അതൊരു ന്യൂനതയായാണ് സംഗീതം കണക്കാക്കുക. എന്നാൽ കണ്ണാടിപ്പകർപ്പുകളുടെ ലോകമായി പരുവപ്പെടുന്ന മുതലാളിത്തത്തിന്റെ ഭാവുകത്വം സംഗീതത്തിൽ പ്രവർത്തിച്ചത് മനോധർമ്മവിരുദ്ധതയായിട്ടാണെന്ന് കാണാം. ഒരു സംഗതിയെ കേവലവിവരം മാത്രമായി കാണുകയും അതിലുൾച്ചേർന്ന സൗന്ദര്യമെന്ത് എന്ന് തിരിച്ചറിയാതെ അതാവർത്തിക്കുകയും ചെയ്യുന്നവരുടെ ലോകമായി സംഗീതലോകം മാറിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും ജനപ്രിയവും നിരന്തരപരിണാമരൂപിയുമായി വളർന്ന ചലച്ചിത്രസംഗീതമാണ് ഈ ഈച്ചക്കോപ്പിസംഗീതത്തിന്റെ മുഖ്യപ്രചരണരൂപമായത് എന്നത് യാദൃശ്ചികമല്ല. യേശുദാസോ ജാനകിയോ ചിത്രയോ പാടിയ സംഗതിയെ അതേപടി ആവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന മാർക്കും റിയാലിറ്റിസമ്മാനങ്ങളുമാണ് സംഗീതത്തിന്റെ മാനദണ്ഡം എന്ന് ആധുനികാനന്തരസംഗീതവിപണി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ അപകടകരമായ മാനകീകരണം നമ്മുടെ നാട്ടിലെ സംഗീതത്തിന്റെ ലാവണ്യസാരത്തെയാണ് കൊലപ്പെടുത്തുന്നത്. പലമകളില്ലാത്ത പാട്ടുവഴിയാണ് ശരിയെന്ന ബോദ്ധ്യം ഉറപ്പിക്കത്തക്ക നിലയിൽ സംഗീതത്തിന്റെ അഭ്യസനരീതിയും പരുവപ്പെടുകയാണ്. കർതൃത്വമില്ലാത്ത കേവലവിവരങ്ങളായി ഏതു വിജ്ഞാനത്തെയും ചുരുക്കുന്ന മുതലാളിത്തവിപണിയിലേക്ക് ഈ മരവിപ്പിക്കപ്പെട്ട ഏകതാനത അനായാസം കണ്ണിചേരുന്നു.

d) ജാതീയതയുടെ അടിയൊഴുക്കുകൾ

ഫാഷിസം പിറക്കും മുൻപേ ഫാഷിസ്റ്റ് ജീവിതപരിശീലനം നടത്തിയൊരു ജനസമൂഹമായി നാം മാറിയത് ചാതുർവർണ്യത്തിലൂടെയാണ് ജന്മം കൊണ്ട് നിബന്ധിക്കപ്പെട്ട കർമ്മങ്ങൾ ചെയ്യാൻ അനുശാസിക്കപ്പെട്ട ജനസമൂഹങ്ങളായി വേർതിരിക്കപ്പെട്ട മനുഷ്യരുടെ സംഗീതവും അതിനിശിതമായി വിഭജിക്കപ്പെട്ടിരുന്നു. കീഴാളന്റെ സംഗീതത്തിനുള്ള നീചനിലയും മേലാളത്തിന്റെ സംഗീതത്തിനുള്ള ശ്രേഷ്ഠനിലയും പ്രത്യക്ഷമായി നിർണ്ണയിക്കപ്പെട്ട സമൂഹത്തിൽ നിന്ന് മോചിപ്പിക്കപ്പെടാൻ പ്രാപ്തമായ ഗേയനവോത്ഥാനം നമ്മുടെ നാട്ടിൽ സംഭവിച്ചതേയില്ല. പകരം നടന്നത് പ്രത്യക്ഷജാതീയതയേക്കാൾ മൂർച്ചയേറിയ ആന്തരികജാതീയതയുടെ വളർച്ചയും പ്രയോഗവുമാണ്. എല്ലാ ജാതിസമൂഹങ്ങളിൽ നിന്നും കലാഘടകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച ചരിത്രമാണ് നമുക്കുള്ളത്. പാണന്റെ പാട്ടിലും കഥകളിസംഗീതത്തിലും വരെ പങ്കിടുന്ന പൊതുസങ്കൽപ്പനങ്ങൾ വ്യക്തമായി നമുക്കു കാണാം. ആവിഷ്കാരസ്ഥലം / സമയം എന്നിവയുടെ നിർണയനാധികാരം മുതൽ നന്മതിന്മകളുടെ നിശ്ചയം വരെ പ്രത്യക്ഷജാതീയത സംഗീതത്തിൽ പ്രവർത്തിച്ചിരുന്ന ഇടങ്ങളിലും സൂക്ഷ്മമായി, വെള്ളം കടക്കാക്കമ്പാർട്ടുമെന്റുകളായി സംഗീതഭാവനകളെ വിഭജിക്കുന്ന അധികാരയുക്തിയായിട്ടാണ് ആന്തരികജാതീയത പ്രവർത്തിക്കുന്നതെന്നു കാണാം. എഴുപതുകളിൽ നാടകരംഗത്ത് ശക്തമായ തനതുവാദം മുതൽ നാമിന്നു കാണുന്ന ഫോക്ക് – എലീറ്റ് സംഗീതത്തിന്റെ വിഭജനം വരെ ഈ അന്തര്യാമിയായ പ്രവർത്തനത്തിന്റെ മേഖലകളാണ്.

e) ഫോക്ക് / എലീറ്റ് അപരനിശ്ചയങ്ങൾ

കൊളോണിയലിസം മുന്നോട്ടുവെച്ച കലാദർശനമാണ് നമ്മുടെ നാട്ടിൽ വ്യവഹരിക്കുന്ന നാടൻ - വരേണ്യ കലാനിശ്ചയങ്ങളുടെ അടിസ്ഥാനം. യൂറോപ്പിൽ മദ്ധ്യകാലഘട്ടത്തിനു ശേഷം നിലനിന്ന കലാഘടകങ്ങൾക്ക് ഉണ്ടായിരുന്ന സവിശേഷതയാണ് മേലാളന്റെ കലയും കീഴാളന്റെ കലയും തമ്മിൽ ആദാനപ്രദാനങ്ങൾ ഇല്ലാത്തവിധം നിലനിൽക്കുന്ന കേവലാസ്തിത്വം. ( യൂറോപ്പിൽ തന്നെയും അതു പൂർണ്ണമായും അങ്ങനെയായിരുന്നില്ല, അതു വേറെക്കാര്യം ) കീഴാളകലയിൽ നിന്നൊന്നും കൈക്കൊള്ളാതെ സൂക്ഷിക്കപ്പെട്ട മേലാളകലയും മേലാളകലയിൽ നിന്ന് ഒന്നും കയ്യേൽക്കാതെ പോന്ന കീഴാളകലയും തനിക്കുതാൻപോന്ന പരിഷകളായി നിലകൊള്ളുന്ന പാശ്ചാത്യാന്തരീക്ഷത്തെ മാനദണ്ഡമായിക്കൊണ്ട് നമ്മുടെ നാട്ടിൽ രൂപപ്പെട്ട ഫോക്ക് – എലീറ്റ് നിശ്ചയങ്ങൾ വലിയ അബദ്ധമാണ് തീർത്തുവെച്ചത്. നമ്മുടെ നാടിന്റെ സാഹഹര്യം അടിപടലേ വ്യത്യസ്തമായിരുന്നു. പരസ്പരം കൊടുക്കൽവാങ്ങലുകളില്ലാതെ ഇവിടെയൊരു കലാഘടകവും നിലനിന്നിട്ടില്ല. അടിച്ചുപാടുന്ന, വായുസ്തോഭപ്രാധാന്യമുള്ള പാട്ടുരീതിയും ദീർഘമായ ഗമകപ്രയോഗങ്ങളും ഉപയോഗിക്കുന്ന താളങ്ങളും പ്രസ്തുതതാളങ്ങളിൽ അക്ഷരം / സംഗതികൾ വെയ്ക്കുന്ന വ്യവസ്ഥയും എല്ലാം കാക്കാലന്റെ പാട്ടിലും കഥകളിപ്പാട്ടിലും കാണാം.അങ്ങോട്ടുമിങ്ങോട്ടും പരിധിയില്ലാതെ സഞ്ചരിച്ച ഈ സൗന്ദര്യശീലങ്ങളെ കൃത്യമായി ഏകതാനപ്പെടുത്താനോ അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരസാദ്ധ്യത പൂർണമായടച്ച് വേലി കെട്ടാനോ ജാതീയതയ്ക്ക് പോലും സാധിച്ചിട്ടില്ല. എന്നാൽ പോസ്റ്റ് കൊളോണിയൽ സംഗീതഭാവുകത്വം തീർത്തും രണ്ടായി വഴിപിരിഞ്ഞു – പരസ്പരശത്രുതയോടെ സമീപിക്കേണ്ട കലാസ്വത്വങ്ങളായി ശൈലീകൃതവും അശൈലീകൃതവുമായ സംഗീതശാഖകൾ നിർണ്ണയിക്കപ്പെട്ടു. കഥകളിസംഗീതമായാലും സോപാനസംഗീതമായാലും ശാസ്ത്രീയസംഗീതമായാലും ആരുടേയും സ്വകാര്യസ്വത്തല്ലെന്നും, കീഴാളന്റെ പാട്ടുവഴികളെ തീണ്ടിത്തൊടാതെ വളർന്ന മേലാളസംഗീതമോ തിരിച്ചോ ഇവിടെയില്ലെന്നും തിരിച്ചറിയാത്ത ഈ അപരനിശ്ചയം ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ട്.

f) ഗേയപ്രതിഭയുടെ നിഗൂഢവൽക്കരണം

പാട്ട് പാട്ടാണെന്ന് പറയാം. പിന്നെ പാട്ട് വെറും പാട്ടല്ല സ‌മ്യക്കായ ഗീതമാണെന്ന് പറയാം. പിന്നെ നാദമാണെന്ന് പറയാം. പിന്നെ പറയുക നാദബ്രഹ്മമാണെന്നാണ്. അങ്ങനെ നല്ല ഗായകൻ ഗന്ധർവ്വഗായകനും സംഗീതം അമരസല്ലാപം ആയിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ ഒരു അതിഭൗതികമാനം, മിസ്റ്റിക് പരിവേഷം നൽകിയാണ് നമുക്കു മുന്നിൽ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. ഇതിനുള്ള കേവലയുക്തിയായി ഉപയോഗിക്കുന്നത് ‘പ്രതിഭ’ എന്ന അമൂർത്തസംജ്ഞയാണ്. ഇടിമിന്നൽ പോലെ ആകാശത്തിൽ നിന്ന് പൊട്ടിവീഴുന്ന എന്തോ ഒന്നാണീ പ്രതിഭ എന്ന അതിവാദത്തിന്റെ ടിപ്പണിയാണ് പ്രതിഭ ജന്മസിദ്ധമാണെന്നും ജന്മസിദ്ധമെന്നാൽ അതിൽ ‘ജന്മഗുണം’ എന്നൊന്നുണ്ടെന്നുമുള്ള അസംബന്ധം. എല്ലാ അറിവും ഒരു മുന്നറിവിന്റെ വ്യുൽപ്പന്നമാണ് എന്ന് ചരിത്രബോധമുള്ളവർക്കറിയാം. ഇന്നലെയിൽ നിന്നല്ലാതെ ഇന്നുണ്ടാവുന്നില്ല. പാട്ടിന്റെ ഭൗതികാസ്തിത്വം പറയുന്നതുപോലും ഒരു പാപമായാണ് പുരോഗമനവാദികൾ പോലും കരുതുന്നത്. ഏതോ ‘പൂർവ്വജന്മസുകൃതം’ എന്ന മട്ടിലാണ് തനിക്ക് ലഭിച്ച സംഗീതസിദ്ധിയെ ഗായിക/ഗായകരും അവരെ പ്രോൽസാഹിപ്പിക്കുന്ന ആസ്വാദകവൃന്ദവും പുകഴ്ത്തുക. അപകടകരമായ വംശീയതയേയും വർണ്ണവ്യവസ്ഥയേയും അകമേ നിലനിർത്തുന്ന ഈ നിഗൂഢവൽക്കരണം നമ്മുടെ സംഗീതബോദ്ധ്യങ്ങളുടെ അടീസ്ഥാനശിലയായി നിൽക്കുന്നെങ്കിൽ അതു തകർക്കപ്പെടേണ്ടിയിരിക്കുന്നു.

2) സംഗീതബദലിന്റെ കേന്ദ്രദർശനം

രണ്ടുതരത്തിലാണ് ഏതു കലാഘടകത്തിലും പുരോഗമനപരമായ ഇടപെടൽസാദ്ധ്യതയുള്ളത്. കലാഘടകത്തെ സവിശേഷമായി പരിഗണിച്ചുകൊണ്ട് അതിനുള്ളിൽ നടക്കുന്ന പ്രതിലോമപ്രവണതകളെ തിരിച്ചറിയുകയും ആധുനികവും ശാസ്ത്രീയവുമായ ബോദ്ധ്യങ്ങളെ മുൻനിർത്തി പ്രസ്തുതകലയിൽ പുരോഗമനാത്മകമായ ഇടപെടലുകൾ നടത്തുകയുമാണ് ഒന്ന്. മറ്റൊന്ന്, കലാഘടകത്തിനകത്തെ സവിശേഷവൽക്കരണത്തേക്കാളും പ്രാധാന്യത്തോടെ പ്രസ്തുതകലാഘടകത്തെ സാമൂഹികമാറ്റത്തിന്റെ പുരോഗമനപ്രേരണയ്ക്ക് ഉപയുക്തമാവും വിധം ഒരു ഉപകരണസാമഗ്രിയായി പരിഗണിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. അബ്‌സല്യൂട്ട് / പ്രൊപ്പഗാൻഡ ദ്വന്ദ്വത്തെ മുൻനിർത്തി ഏറെക്കാലമായി നടന്നുവരാറുള്ള പുരോഗമന ഇടപെടലുകൾ നമുക്ക് ശീലമുള്ളതുമാണ്, എന്നാൽ സൂക്ഷ്മമായ ചിന്തയിൽ ഈ ദ്വന്ദ്വം തന്നെ തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് കാണാം. കലാഘടകത്തിന്റെ ആന്തരികശരീരത്തിലെ പരിഷ്കരണത്തിൽ മാത്രം ഊന്നിനിൽക്കുന്നതു പോലെത്തന്നെ അബദ്ധമാണ് കലയൊരു കേവലമായ ഉപകരണസാമഗ്രി മാത്രമാണെന്ന ചിന്തയോടെ പ്രവർത്തിക്കുന്നതും. രൂപത്തിലാണോ ഉള്ളടക്കത്തിലാണോ ഇടപെടേണ്ടത് എന്ന ഈ പഴയ തർക്കം ഇന്ന് ആധുനിക ഇടതുചിന്തകർ തന്നെ കണക്കിലെടുക്കുന്നില്ല. “എത്രമേൽ പ്രസക്തമെങ്കിലും ഉള്ളടക്കത്തെ പ്രയുക്തമാക്കാതെ രൂപം കേവലമായി ഒന്നിനേയും പ്രതിനിധീകരിക്കുന്നില്ല” എന്ന കാൾ മാർക്സിന്റെ കാഴ്‌ച്ചപ്പാട് തുറന്നുവെച്ച സംവാദങ്ങൾ ധൈഷണികമായി ഏറെ മുന്നേറിയിട്ടുണ്ട്. ഗ്രാംഷി പോപ്പുലർ മാന്വലിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ കലയെപ്പറ്റി പറയുന്നു:

“കലയിൽ ഉള്ളടക്കം അമൂർത്തവിഷയമല്ലെന്നും അതായത്, പുതുമയോടെയുള്ള പ്ലോട്ടും സമാന്യവികാരങ്ങളുടെ ഒരു പ്രത്യേക മാസും അല്ല എന്നും, മറിച്ച് കല സ്വയംതന്നെ ഒരു തത്വചിന്താപരമായ സംവർഗമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. രൂപം എന്നതിന് ടെക്‌നിക് എന്നല്ല താനും അർത്ഥം.”

ഉപകരണസാമഗ്രിയിൽ നിന്നും ഉപയുക്തമാക്കപ്പെടേണ്ടതെന്തോ അതുതന്നെയാണ് രൂപവും പ്രതിനിധാനം ചെയ്യുന്നത് എന്ന തിരിച്ചറിവ് തുടർന്ന് ഫ്രഡറിക് ജെയിംസൺ അർത്ഥശങ്കക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കി. “ഊറിക്കൂടിയ ഉള്ളടക്കം തന്നെയാണ് രൂപം” എന്ന ഈ ആധുനികാനന്തര ബോദ്ധ്യമാണ് കല പ്രതിനിധീകരിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന “ അറിവിന്റെ അനുഭൂതിവൽക്കരണ”ത്തിൻറെ കാതൽ. ( പ്രയോഗത്തിന് സുനിൽ പി ഇളയിടത്തോട് കടപ്പാട്.) നമുക്ക് പറയാനുള്ള ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള മാദ്ധ്യമമായി തീർച്ചയായും സംഗീതത്തെയും നിലനിർത്തേണ്ടതുണ്ട്, പുതുക്കിപ്പണിയേണ്ടതുണ്ട്. അതോടൊപ്പം തന്നെ സംഗീതമൊരു ഉപകരണസാമഗ്രിയല്ല, അനുനിമിഷം മാറ്റത്തിനു വിധേയമാവുകയും തികഞ്ഞ ഭൗതികാസ്തിത്വം പേറുകയും ചെയ്യുന്ന ഒരു സാമൂഹികഘടകമാണ് എന്ന ബോദ്ധ്യത്തോടെ സമൂഹത്തിന്റെ സംഗീതഭാവുകത്വത്തിൽ പുരോഗമനാത്മകമായി ഇടപെടുകയും വേണം. പുറമേക്ക് തോന്നും പോലെ ഇതൊരു ദ്വിമുഖപ്രവർത്തനമല്ല. ഏകസ്വരത്തോടെ സംഭവിക്കേണ്ടതാണ്. അതിനനിവാര്യമായ ജാഗ്രതയും മൗലികവാദവിമർശനവും പുലർത്തുക എന്നതാണ് അനിവാര്യം.

3) പദ്ധതിനിർദേശങ്ങൾ

ശാസ്ത്രീയതയിലും പുരോഗമനാത്മകതയും പ്രതിരോധാത്മകതയിലും ഊന്നിയ ചില നിർദേശങ്ങൾ സംഗീതമേഖലയിൽ നിർദേശിക്കുകയാണ്. തുടർചർച്ചകൾക്കാവശ്യമായ പ്രാരംഭപദ്ധതിഭാവനകളായി മാത്രമേ തുടർന്നുള്ള നിർദേശങ്ങളെ പരിഗണിക്കേണ്ടതുള്ളൂ.

a) ദേശീയസംഗീതപ്രതിരോധം – നാട്ടുപാട്ടുകൂട്ടം

പാട്ടിന്റെ നവദേശീയവാദത്തെ പ്രതിരോധിക്കും വിധം നാട്ടുപാട്ടുകൂട്ടങ്ങളെ നിർമ്മിച്ചെടുക്കാനാവുമോ? ഓരോ നാട്ടിലുമുള്ള പാട്ടിന്റെ വഴിയിൽ അതാതു ഗ്രാമോൽസവങ്ങൾക്ക് പാട്ടുകൂട്ടം പാട്ടുണ്ടാക്കണം. കാക്കരശ്ശിനാടകമുള്ളിടത്ത് കാക്കരശ്ശിയും പണയണിയുള്ളിടത്ത് പടയണിയും ചവിട്ടുകളിയുള്ളിടത്ത് ചവിട്ടുകളിയുമടക്കം ഏതു നാട്ടുപാട്ടുമാവാം. പള്ളിപ്പാനയോ മാപ്പിളപ്പാട്ടോ ആവാം. സോപാനമോ കഥകളിസംഗീതമോ – എന്തുമാവാം. പ്രസ്തുത നാടിന്റെ സവിശേഷമായ മുദ്രണങ്ങളുള്ള സംഗീതമാർഗത്തെ നാട്ടുപാട്ടുകൂട്ടത്തിലെ പാട്ടുകൾ പ്രതിനിധീകരിക്കണം. പ്രതിരോധാത്മകമോ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നതോ ആയ പാട്ടുകൾക്ക് പ്രാധാന്യം നൽകാം. പുതിയ പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന പാട്ടുകൾ ഉണ്ടാക്കുകയുമാവാം. കേവലമായ ഒരേ നാടൻപാട്ട് ക്ലീഷേയിലോ അതാതുനാടിന്റെ സാംസ്കാരികസ്വരൂപവുമായി ബന്ധമില്ലാത്ത നിലയിലുള്ളതോ ആയ കൗതുകക്കാഴ്‌ച്ചകളായി മാറരുത് എന്നുമാത്രം. നമ്മുടെ നാട്ടിലെ പാട്ടുപലമയെ വെളിച്ചത്തുകൊണ്ടുവരുന്നതാവണം നാട്ടുപാട്ടുകൂട്ടങ്ങൾ.

b) പണിപ്പാട്ടുകൾ

അദ്ധ്വാനമെന്ന സമ്പത്തിൽ നിന്ന് നിർമ്മുക്തമായ സംഗീതം എന്ന ലാവണ്യവാദമാണ് സംഗീതത്തെക്കുറിച്ചുള്ള നിഗൂഡബോധങ്ങളും മിസ്റ്റിക്ക് പരിവേഷവും നിർമ്മിച്ചെടുക്കുന്നത്. കലയുടെ ഭൗതികാസ്തിത്വത്തെയും മനുഷ്യപക്ഷത്തെയും നിർണയിക്കുന്നത് അദ്ധ്വാനവുമായുള്ള അതിന്റെ സജീവവും സക്രിയവുമായ ബന്ധമാണ്. പ്രസ്തുതബന്ധത്തെ വ്യക്തമാക്കുന്ന നിലയിൽ അദ്ധ്വാനവുമായി ബന്ധപ്പെട്ട പാട്ടുസമുച്ചയം നമുക്ക് സ്വന്തമാണ്. ഏതു കാർഷികപ്രവർത്തിയും പാട്ടുകൾ പണിതെടുത്തിട്ടുണ്ട്. ബീഡി തെരുക്കുന്നവർക്കും മരം വലിക്കുന്നവർക്കും മുതൽ മുടിവെട്ടുന്നവർക്കും സ്വർണ്ണമരിയ്ക്കുന്നവർക്കും കുട നന്നാക്കുന്നവർക്കും വരെ പാട്ടുകളുണ്ട്. പണിപ്പാട്ടുകളുടെ വലിയൊരു ശേഖരം നിർമ്മിക്കുകയും കേവലമായ അക്ഷരശേഖരണം മാത്രമാക്കാതെ അവയുടെ പാട്ടുവഴികളെക്കൂടി ഏറ്റെടുക്കുകയും ചെയ്യാനായാൽ വലിയ പ്രവർത്തനമാവും. പണിയായുധങ്ങൾ തന്നെ സംഗീതോപകരണങ്ങളായും പണിപ്പാട്ടുകൾ പാടാം. നമ്മുടെ നാട്ടിലെ പണികളുടെ ബഹുസ്വരതയും അവയിലെ പാട്ടുകളുടെ ബഹുസ്വരതയും മാത്രമല്ല, കലയുടെ വർഗബന്ധം തന്നെയും ശക്തമായി പ്രകാശിപ്പിക്കുന്ന മാദ്ധ്യമമായി പണിപ്പാട്ടുകളെ നമുക്ക് വാർത്തെടുക്കാനാവും. ഓരോ നാടിന്റെയും പണിപ്പാട്ടുകളെക്കൂടി അതാതു നാട്ടുപാട്ടുകൂട്ടങ്ങളിൽ ബന്ധിപ്പിച്ചാൽ പ്രാദേശികമായ വലിയ ഗേയവിവരശേഖരണവും സാദ്ധ്യമാവും.

c) പുതിയ പാട്ടുവഴികൾ

പുതിയ ലോകം പ്രതിനിധാനം ചെയ്യുന്ന പാട്ടുമാർഗത്തിൽ ഒരേസമയം പ്രതിരോധത്തിന്റെയും പ്രതിബോധത്തിന്റെയും ചേരുവകളുണ്ട്. ഇവയെ തിരിച്ചറിഞ്ഞ് ഇടപെടാൻ നമുക്ക് കഴിയേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ അടിസ്ഥാനസ്വഭാവമായ ‘ലാഭാധിഷ്ഠിതമായ സ്വീകാര്യത’ – ലാഭമുണ്ടാക്കുന്നെങ്കിൽ ഏത് രാഷ്ടീയപ്രതിബോദ്ധ്യങ്ങളെയും തങ്ങളുടേതാക്കി രൂപാന്തരപ്പെടുത്തുന്ന രാസവിദ്യ – ആഗോളസംഗീതത്തിന്റെ അധികാരം കയ്യേൽക്കുന്നു. ഉദാഹരണത്തിന് രാഷ്ടീയമായ ആയുധമായും വിമോചനപദ്ധതിയായും രംഗപ്രവേശം ചെയ്ത റോക്ക് സംഗീതത്തിന്റെയോ ബോബ് മാർലിയെപ്പോലുള്ളവർ ഉയർത്തിക്കൊണ്ടുവന്ന റെഗ്ഗെ – രാസ്തഫാരിയൻ സംഗീതത്തിന്റെയോ ദശാപരിണാമം ശ്രദ്ധിക്കുക. വംശം,നിറം, ഭാഷ എന്നിങ്ങനെ സകലതിലും വിമർശസ്ഥാനത്തുണ്ടായിരുന്ന സംഗീതപദ്ധതിയെ കേവലമായൊരു രൂപശിൽപ്പം മാത്രമായി മുതലാളിത്തം ഏറ്റെടുക്കുകയും ഉപഭോഗവിപണിക്ക് പരുവപ്പെടുന്ന സംഗീതമാക്കി മാറ്റുകയും ചെയ്തത് നമുക്കു കാണാം. മാർക്സ് പറഞ്ഞ “ നിഴലിനു ലാഭം കിട്ടുമെങ്കിൽ വൃക്ഷം നിലനിർത്തുകയും നിഴലിനു ലാഭമില്ലെങ്കിൽ ആ നിമിഷം വൃക്ഷം വെട്ടിവീഴ്ത്തുകയും” ചെയ്യുന്ന മുതലാളിത്തത്തിന്റെ സ്വഭാവം സംഗീതത്തെ ഗ്രസിച്ചിരിക്കുന്നു. ഈ തിരിച്ചറിവോടെ പുതിയ പാട്ടുമാർഗങ്ങളെ പ്രതിരോധാത്മകമായി ഇണക്കിച്ചേർക്കാനുള്ള വഴികൾ അന്വേഷിക്കപ്പെടേണ്ടതാണ്. മലയാളം റാപ്പിന്റെ സാദ്ധ്യതകൾ (നേറ്റീവ് ബാപ്പ പോലുള്ളവ) , കൃത്യമായ പ്രൊപ്പഗൻഡയോടെ നിർമ്മിക്കപ്പെട്ട ബാൻഡ് നിർമ്മിതികൾ, അവയുടെ വീഡിയോ ചിത്രണം, പെട്ടെന്ന് നാട്ടിൽ സ്വാഭാവികമെന്നോണം പാടുന്ന നാടകീയാവതരണങ്ങൾ എന്നിവയെല്ലാം രൂപകൽപ്പന ചെയ്യാവുന്നതാണ്.

d) മനോധർമ്മസംഗീതപ്രകടനങ്ങൾ

പാട്ട് കണ്ണാടിപ്പകർപ്പല്ലെന്ന് പാട്ടുകൊണ്ട് പറയേണ്ട കാലം സമാഗതമായിരിയ്ക്കുന്നു. അതു കേവലമായ ഒരു പാട്ടുപ്രശ്നമല്ല. മുതലാളിത്തം മുന്നോട്ടുവെക്കുന്ന പകർപ്പുലകത്തോടുള്ള രാഷ്ടീയപ്രതിബോധമാണ്. ഒരു പാട്ടും ഒരു പാട്ടല്ല എന്നും, പല പാട്ടീണങ്ങളുടെ ഒരു ചേരുവയാണെന്നും ഇങ്ങനെ തന്നെയല്ല അങ്ങനെയും പാടാമെന്നും പാട്ടിലൂടെ പറയാനാവണം. നവദേശീയതാവാദികൾ എടുത്തുപയോഗിക്കുന്ന ദേശഭക്തിഗാനങ്ങൾ മുതൽ സകലതും ഈ പ്രതിബോധനിർമ്മിതിയുടെ പണിക്കോപ്പുകളാവണം. ഒരേ അച്ചിൽ വാർക്കാൻ അനുവദിക്കപ്പെടാത്ത, പലതരം വർണ്ണരാജികളുള്ള ഈണങ്ങൾ കൊണ്ട് ഒരേ പാട്ട് തന്നെ സംവിധാനം ചെയ്യുകയും അവതരിപ്പിക്കയും ചെയ്യുക വഴി പാട്ടിന്റെ ജനാധിപത്യത്തെക്കൂടിയാണ് നാം ഉയർത്തിപ്പിടിക്കുന്നത്.

e) ലിംഗനിരപേക്ഷസംഗീതം – പാട്ടുകൾ

പാട്ടിന്റെ ലിംഗനിരപേക്ഷാസ്തിത്വത്തെ പ്രകാശിപ്പിക്കാവുന്ന സംഗീതസങ്കൽപ്പം നിർമ്മിക്കാനാവുമോ? ട്രാൻസ്ജന്റർ പാട്ടുകാരെക്കൂടി ഉൾപ്പെടുത്തുന്ന പാട്ടുകളും അവയുടെ അവതരണങ്ങളും നിർമ്മിച്ചെടുക്കാനാവുമോ? പൗരുഷ/സ്ത്രൈണ ശബ്ദങ്ങളുടെ വാർപ്പുമാതൃകകൾ വെല്ലുവിളിക്കപ്പെടുന്നത് വ്യക്തമാക്കുന്ന സംഗീത ആൽബങ്ങൾക്കോ അവതരണങ്ങൾക്കോ സാദ്ധ്യത തുറക്കാനാവുമോ? ആലോചിക്കാവുന്നതാണ്.

f) വര – ഇൻസ്റ്റലേഷൻ - പാട്ട് ചേരുവകൾ

ആർട്ടിസ്റ്റ് നമ്പൂതിരിയും ശ്രീവൽസൻ ജെ മേനോനും ചേർന്നു നടത്തിയ പാട്ടും രേഖാചിത്രങ്ങൾ ചേർന്നുള്ള പ്രകടനം തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. സമകാലത്തെ തുറന്നുകാണിക്കുന്ന ഏതെങ്കിലും വരയും പാട്ടും ചേർന്നുള്ള പ്രകടനങ്ങൾക്ക് ഗ്രാമോൽസവങ്ങളിൽ ഇടമൊരുക്കാവുന്നതാണ്. ഒരേസമയം പാടി പോർടൃയ്റ്റ് വരക്കുന്നവർ അടക്കമുള്ള പ്രതിഭകൾ, പാട്ടും വരയും ചേർന്ന ആവിഷ്കാരങ്ങൾ, പെട്ടെന്ന് നാട്ടിൽ നിന്ന് നിർമ്മിക്കുന്ന പാട്ടും അതേ മട്ടിലുള്ള ഇൻസ്റ്റലേഷനും ചേർന്ന നിർമ്മിതികളും – ഇവയെല്ലാം ആലോചിക്കാവുന്നതാണ്.

g) ഫാഷിസ്റ്റ് വിലക്കുകൾക്കെതിരെ

ഗുലാം അലിയുടെ പാട്ടുവിലക്കപ്പെടുന്ന, എ ആർ റഫ്മാന് വധഭീഷണി നൽകുന്ന വിചിത്രഭാരതമാണ് നമുക്കു മുന്നിലുള്ളത്. അഫ്ഗാൻ മുതൽ ഇങ്ങോട്ടു വ്യാപിച്ചു നിൽക്കുന്ന വിപുലമായ ഹിന്ദുസ്ഥാനിസംഗീതത്തെ അതിന്റെ ഏറ്റവും പ്രബലമായ ഇസ്ലാമിക് ധാരയെ നിരാകരിച്ച് ഒരു നവഹൈന്ദവപരിപ്രേക്ഷ്യം നിർമ്മിച്ചെടുക്കാനാണ് ഇപ്പോൾ ദേശിയതയുടെ പുതിയ വക്താക്കൾ ശ്രമിക്കുന്നത്. ഇസ്ലാമിക്ക് – സൂഫി സംഗീതത്തെയും ഗുലാം അലിയേയും ബിസ്മില്ലാഖാനും മെഹ്ദിഹസനും ഉൾപ്പെടെയുള്ളവരുടെ മതേതരജീവിതത്തെയും ഉയർത്തിപ്പിടിക്കുന്ന, ഹൈന്ദവദേശീയസംഗീതത്തിന്റെ സംബന്ധത്തെ തുറന്നു കാണിക്കുന്ന ആവിഷ്കാരങ്ങൾ / ആൽബങ്ങൾ നമുക്കു നിർമ്മിക്കാവുന്നതാണ്.

h) ഇതരപാഠങ്ങളുടെ പാട്ടുകൾ

കേരളത്തിൽ തന്നെ അനേകം ഇതരപാഠങ്ങൾ രേഖയിലും ആവിഷ്കാരത്തിലും നിലവിലുള്ളവയാണ് ഇന്ന് രാഷ്ടീയഹിന്ദുക്കൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ടീയപ്രമേയങ്ങൾ പലതും. ഉദാഹരണത്തിന് രാമജന്മഭൂമി പ്രശ്നത്തിന്റെ പൗരാണികാഖ്യാനമായ ആയ രാമായണമെടുക്കുക , മാപ്പിളരാമായണവും പുലയരാമായണവും ചീരാമചരിതവും സീതപ്പാട്ടും അടക്കം പലതരം പാട്ടുകളിൽ നാം പാഠഭേദങ്ങളോടെ അനേകം ഇതരധാരകളിൽ ഈ കഥ ഇവിടെ കേൾക്കും. ഇവയെ നമുക്ക് ഉപയോഗിക്കാനാവുമോ? മഹാഭാരതത്തിന് മലയഭാരതവും നിഴൽക്കുത്തും അടക്കമുള്ള വ്യാഖ്യാനഭേദങ്ങൾ സംഗീതമായിത്തന്നെ ഉണ്ട്. ചെങ്ങന്നൂരാദിത്തോറ്റം പോലെ തീഷ്ണമായ പ്രതിരോധത്തിന്റെ പാട്ടുകൾ നമുക്കുണ്ട്. ഇവയെ സംഗീതത്തിന്റെ സഹായത്തോടെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കേണ്ടതാണ്. തുടർചർച്ചകളുടെയും ആശയരൂപീകരണത്തിന്റെയും പ്രാഥമികരേഖയായി ഇത്രമാത്രം പറഞ്ഞുനിർത്തുന്നു.

Get up, Stand up: stand up for your rights!
Get up, stand up: Don’t give up the fight ! 
bob marley.
"https://wiki.kssp.in/index.php?title=ഇരുണ്ടകാലത്തെ_കല_-_പാട്ട്&oldid=6148" എന്ന താളിൽനിന്ന് ശേഖരിച്ചത്