അറുപത്തിരണ്ടാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വാർഷികം നടക്കുന്ന ജില്ല  : : പാലക്കാട്
തിയ്യതി: : 2025 മെയ് 9 - 11
സ്ഥലം: : LEAD College of Management, ധോണി, പാലക്കാട്
ലോഗോ

സ്വാഗതസംഘം രൂപീകരണം

2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന് പാലക്കാട് ഗവർമെൻറ് മോയൻ എൽപി സ്കൂളിൽ നടന്നു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനു മോൾ സംഘാടക സമിതി രൂപികരണയോഗം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കവുമ്പായി ബാലകൃഷ്ണൻ “ശാസ്ത്രം ജനങ്ങളിലേക്ക്” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് ടി.കെ മീരാഭായി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ അനുബന്ധ പരിപാടികളുടെ വിശദീകരണവും ബഡ്ജറ്റും അവതരിപ്പിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ

അനുബന്ധപരിപാടികൾ

യുവസംഗമം

ആലത്തൂർ മേഖലയിലാണ് പാലക്കാട് ജില്ലാതല യുവസംഗമം നടന്നത്. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ യുവസംഗമം ഉദ്ഘാടനം ചെയ്തു.

ഡോ.അനിൽ ചേലമ്പ്ര മുഖ്യപ്രഭാഷണം നടത്തി. യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണുള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും സാമൂഹ്യവിരുദ്ധമായ യാഥാസ്ഥിതിക മനോഭാവങ്ങൾ കാണാം. അത് തിരിച്ചറിയുന്നില്ലെന്നും സ്വയം തിരുത്താൻ കഴിയുന്നില്ലെന്നതുമാണ് ഇന്നത്തെ സാമൂഹിക വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ടു. Yuva-inagu-presenan.jpg

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ യുവസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. Yuva-sadass1.jpg ജനറൽ സെക്രട്ടറി പി.വി ദിവാകരൻ യുവസംഗമങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷൻ, യുവസമിതി ജില്ലാ കൺവീനർ ഉദീഷ്, ജില്ലാ ചെയർപേഴ്സൺ അനുശ്രീ എന്നിവർ സംസാരിച്ചു. പരിഷത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. മനോജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് പി.ആർ അശോകൻ നന്ദിയും പറഞ്ഞു. ആലത്തൂർ എ.എസ്. എം.എം എച്ച്. എസ്. എസിൽ വെച്ചു നടന്ന യുവസംഗമത്തിൽ ജെൻഡർ, ജനാധിപത്യം, Alയും തൊഴിലും, ശാസ്ത്രബോധം, Reels & Reality, എന്നീ വിഷയങ്ങളിൽ സംവാദവും അവതരണവും നടന്നു. ആലത്തൂർ ടൗണിൽ പ്രകടനത്തോടെ യുവസംഗമം സമാപിച്ചു . Yuvarally2.jpg പാട്ടും, പറച്ചിലും എന്ന പരിപാടിയൾപ്പെടെയുള്ള യുവസംഗമത്തിന്റെ ഉള്ളടക്കം പരിപാടിയിൽ പങ്കെടുത്ത മുന്നൂറിൽപ്പരം യുവതീ യുവാക്കൾക്ക് ആവേശകരമായ അനുഭവമായി മാറി.

മണ്ണ്–ജലസംരക്ഷണം:കേരള മാതൃക- സെമിനാർ

2025 ഫെബ്രുവരി 22 ശനിയാഴ്ച പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS) മണ്ണ്–ജലസംരക്ഷണം:കേരള മാതൃക എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടന്നു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സെമിനാർ ഉൽഘാടനം ചെയ്തു. പരിഷത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് സുധീർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി. അരവിന്ദാക്ഷൻ, ഡോ. പുരുഷോത്തമൻ (AlCRP Kharif Pulses), ഡി. മനോജ് എന്നിവർ പങ്കെടുത്തു. രാമചന്ദ്രൻ സ്വാഗതവും ശാന്തകുമാരി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. 62nd annual-seminar on agri-3 VG. MLA on stage.jpg

തുടർന്നു നടന്ന സെമിനാറിൽ ഡോ. മൂസ (RARS), ഡോ.വി.തുളസി (RARS), വി.മനോജ് (KSSP) എന്നിവർ യഥാക്രമം ജല സംരക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം, മാലിന്യസംസ്കരണം-മാറേണ്ട ധാരണകൾ എന്നീ വിഷയങ്ങളിൽ അവതരണം നടത്തി. വി.ജി. ഗോപിനാഥ് സെമിനാർ മോഡറേറ്റ് ചെയ്തു. 62nd annual-seminar on agri-sadass.jpg ശാസ്ത്രീയകൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്തുന്ന ഫീൽഡ് സന്ദർശനവും സെമിനാറിന്റെ ഭാഗമായി നടന്നു.

പി.ആർ പിഷാരോടി അനുസ്മരണവും കാലാവസ്ഥാ സെമിനാറും

കാലാവസ്ഥാവ്യതിയാനവും അസമത്വവുമാണ് ലോകം ഇന്ന് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികളെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.2025 മെയ് 9,10,11 തിയ്യതികളിലായി പാലക്കാട് വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62 മത് സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോ.പി.ആർ പിഷാരടി അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്ക്കണമെങ്കിൽ ജൈവവൈവിധ്യം അനിവാര്യമാണെന്നും കമ്പോളാധിഷ്ഠിതനയങ്ങളും ധനമൂലധനത്തിന്റെ ആർത്തിയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ.ജോർജ് തോമസ് കാലാവസ്ഥാ വ്യതിയാനം അറിഞ്ഞതും അറിയേണ്ടതും എന്ന വിഷയം അവതരിപ്പിച്ചു.

സെമിനാറിൽ നെന്മാറ MLA കെ.ബാബു അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്യപാൽ സ്വാഗതം പറഞ്ഞു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സായി രാധ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ശാന്തകുമാരൻ, പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിനാക്ഷൻ, ജില്ലാ പ്രസിഡണ്ട് സുധീർ.കെ.എസ്, ജില്ലാ സെക്രട്ടറി ഡി.മനോജ്, ജില്ലാ കമ്മറ്റി അംഗം കെ.സുനിൽകുമാർ, മേഖല സെക്രട്ടറി പി.പ്രകാശൻ, എന്നിവർ സംസാരിച്ചു. ജനാർദ്ദനൻ പുതുശ്ശേരിയുടെ നേതൃത്വത്തിലുള്ള നാടൻ പാട്ടും സന്ദീപിന്റെ നേതൃത്വത്തിലുള്ള നക്ഷത്ര നിരീക്ഷണവും പരിപാടിയുടെ ഭാഗമായി നടന്നു.

പി.ടി ഭാസ്കരപ്പണിക്കർ അനുസ്മരണവും പുസ്തകപ്രകാശനവും

2025 മെയ് 9, 10, 11 തിയതികളിൽ പാലക്കാട് ജില്ലയിൽ നടക്കുന്ന ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി പി.ടി ഭാസ്ക്കരപ്പണിക്കർ അനുസ്മരണവും പുസ്തക പ്രകാശനവും നടന്നു. 2025 മാർച്ച് 16 ന് അടയ്ക്കാപ്പുത്തൂർ - ഇന്ത്യനൂർ ഗോപിമാസ്റ്റർ സ്മാരകസഭാമന്ദിരത്തിൽ വച്ചാണ് പരിപാടി നടന്നത്.

ഷൊർണ്ണൂർ MLA മമ്മിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം കെ.ശ്രീധരൻ അദ്ധ്യക്ഷനായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കാവുമ്പായി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പരിഷ്ക്കർത്താവ് ശാസ്ത്രപ്രചാരകൻ, ജനനന്മക്കു വേണ്ടി അക്ഷീണം പ്രവർത്തിച്ച ഭരണാധികാരി, മികവുറ്റ അദ്ധ്യാപകൻ തുടങ്ങി വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പിടിബി യെ കൂടുതൽ മനസിലാക്കാൻ ഈ അനുസ്മരണം ഏറെ സഹായകമായി.

കാവുമ്പായി ബാലകൃഷ്ണൻ രചിച്ച പി.ടി ഭാസ്ക്കരപ്പണിക്കർ - മാനവികത-ജനാധിപത്യം-ശാസ്ത്രബോധം എന്ന ജീവചരിത്രഗ്രന്ഥം ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനുമായ കെ.കെ. കൃഷ്ണകുമാർ പ്രകാശനം ചെയ്തു. വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എം പരമേശ്വരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ അനിൽകുമാർ, പഞ്ചായത്തംഗം കെ.സി ശങ്കരൻ, ഡോ.സംഗീത ചേനംപുല്ലി, ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡണ്ട് ടി. കെ. നാരായണ ദാസ്, പി.ടി.ബി സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് നിരഞ്ജൻ, പരിഷത്ത് സംസ്ഥാനക്കമ്മറ്റിയംഗം ലില്ലി.സി, ജില്ലാ ട്രഷറർ രമണി വി.എസ്, ജില്ലാക്കമ്മറ്റിയംഗം കെ മനോഹരൻ, പി.ടി.ബി സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ. അനിൽ എന്നിവർ സംസാരിച്ചു. പരിഷത്ത് പ്രവർത്തകനായ എ.ആർ രവീന്ദ്രന്റെ നേതൃത്വത്തിൽ ശാസ്ത്രഗാനങ്ങളുടെ ആലാപനവും നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും പി.ടി.ബി സ്മാരക ട്രസ്റ്റും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഭക്ഷണത്തിനായി കൃഷി

സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കുള്ള ഭക്ഷണത്തിന് ആവശ്യമായ അരിക്കുള്ള നെല്ല് കുടിലിടം സക്കീറണ്ണന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്നു. വിളവെടുപ്പ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ബഹു.നെന്മാറ എംഎൽഎ ശ്രീ.ബാബു എന്നിവർ ചേർന്ന് നടത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ലില്ലി സി കർത്ത, ജില്ലാ ട്രഷറർ വി രമണി ടീച്ചർ എന്നിവർ കറ്റകൾ ഏറ്റുവാങ്ങി.

ആരോഗ്യശില്പശാല

സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി പാലക്കാട് ജില്ലയിൽ നടത്താൻ തീരുമാനിച്ച 1000 ആരോഗ്യ ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലന പരിപാടി 2025 മാർച്ച് 29 ന് പാലക്കാട് KSTA ഹാളിൽ വച്ചു നടന്നു. വിവിധ മേഖലകളിൽ നിന്നായി 84 പേർ ഈ ശില്പശാലയിൽ പങ്കെടുത്തു. തൃശൂർ മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. കെ.ജി. രാധാകൃഷ്ണൻ, പെരിന്തൽമണ്ണ എം. ഇ. എസ്. മെഡിക്കൽ കോളേജിലെ ഡോക്ടർ മുബാറക്ക് സാഹ്നി എന്നിവർ ക്ലാസുകൾ നയിച്ചു. സമകാലീന സാമൂഹ്യ പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുമുള്ള ക്ലാസുകൾ വ്യാപകമായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവയുടെ സംഘാടനം എങ്ങിനെ ആയിരിക്കണമെന്നും സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ വി. മനോജ് കുമാർ വിശദീകരിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവർത്തനങ്ങളും ഇനി നടത്താനുള്ള പരിപാടികളെക്കുറിച്ചുമുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി പി.അരവിന്ദാഷൻ അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി. പ്രദോഷ്, സി. ലില്ലി എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഡി.മനോജ് സ്വാഗതവും ഗീത എൻ. എം നന്ദിയും പറഞ്ഞു.

ചോറിന്റെ അളവ് കുറച്ചുകൊണ്ട് പഴങ്ങൾ, പച്ചക്കറികൾ, പയറുവഗ്ഗങ്ങൾ, ഇലക്കറി, സാലഡുകൾ, ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള മാതൃകാഭക്ഷണ പ്ലേറ്റ് എങ്ങനെയാവണമെന്ന് മനസ്സിലാക്കാവുന്നരീതിയിലായിരുന്നു അവിടെ ഭക്ഷണം ക്രമീകരിച്ചിരുന്നത്.

ജില്ലാ സമ്മേളനങ്ങൾ

ജില്ലാസമ്മേളനങ്ങളെ സംബന്ധിച്ച പട്ടിക
ക്രമം ജില്ല സമ്മേളനവേദി തിയതി ഉദ്ഘാടനം ഉദ്ഘാടനക്ലാസ് വിഷയം സംഘടനാരേഖ അവതരണം
1 തൃശ്ശൂർ അനില ഓഡിറ്റോറിയം, ചേലക്കര ഏപ്രിൽ 12-13 ഡോ. വി എൽ ലജീഷ് നിർമ്മിത ബുദ്ധി: ചരിത്രം, ധാർമ്മികത, സാമൂഹിക-രാഷ്ട്രീയ സ്വാധീനം, ഭാവി സാധ്യതകളും കേരളത്തിന്റെ പ്രത്യേക സാഹചര്യവും ഡോ പി യു മൈത്രി
2 മലപ്പുറം വള്ളത്തോൾ കോളേജ്, എടപ്പാൾ അജിത് പരമേശ്വരൻ സത്യാനന്തര കാലത്തെ ശാസ്ത്രം കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

2025-26 ലേക്കുള്ള ജില്ലാഭാരവാഹികൾ

സമ്മേളനനടപടികൾ

അധ്യക്ഷപ്രസംഗം

ഉദ്ഘാടനപ്രസംഗം

സംഘടനാരേഖ

പ്രമേയങ്ങൾ

ഹെപ്പറ്റൈറ്റിസ് വാക്സിൻ ദൗർലഭ്യം അടിയന്തിരമായി പരിഹരിക്കണം

ഇന്ത്യയിൽ ഹെപ്പറ്ററ്റീസ് ബി വാക്സിൻ വേണ്ടത്ര ലഭ്യമല്ല. ഏതാനും വർഷങ്ങളായി ഈ സ്ഥിതി നിലനിൽക്കുകയാണ്. അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരാതിരിക്കാൻ പിറന്നു വീഴുന്ന കുട്ടികൾ ക്ക് 24 മണിക്കൂറിനുള്ളിൽ ഈ വാക്സിൻ നൽകേണ്ടതാണ്. ഡയലാസിസ് രോഗികൾക്ക് ഈ വാക്സിൻ നൽക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രികളിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് ഈ വാക്സിന്റെ 3 ഡോസുകളും ബൂസ്റ്റർ ഡോസുകളും അത്യന്താപേക്ഷിതമാണ്. അത്യാവശ്യ മരുന്നായ ഈ വാക്സിൻ ലഭ്യമല്ല എന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. സർക്കാർ പൊതു മേഖല വാക്സിൻ നിർമ്മാണ ഫാക്ടറികൾ ഇപ്പോൾ വാക്സിൻ ഉത്പാദനം നടത്തുന്നില്ല. സ്വകാര്യ സ്ഥാപനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദനം കുറച്ചു. കൃത്രിമമായി ദൗർലഭ്യം സൃഷ്ടിച്ചു വില വർധിപ്പിക്കാൻ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഒറ്റ ഡോസ് വയൽ കുറക്കുകയും 10 ഡോസുകൾ ഉൾപ്പെടുന്ന മൾട്ടി ഡോസ് വയൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വാക്സിൻ പ്രതിരോധം ലഭ്യമല്ലെങ്കിൽ ചികിത്സയുടെ ഭാഗമായി വളരെ വിലയേറിയ ഹെപ്പറ്റൈറ്റിസ്.ബി. ഇമ്മുണോഗ്ലോബിലിൻ' ഉപയോഗിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വാക്സിൻ നയം പുന: പരിശോധിക്കണമെന്നും അത്യാവശ്യ മരുന്നായ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.


ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിപകളെ ചെറുത്ത് തോൽപ്പിക്കുക

ഇന്ത്യൻ ജനാധിപത്യഭരണസംവിധാനത്തിന്റെ അന്തസത്തയാണ് ഫെഡറലിസം.വ്യത്യസ്ത സാമൂ ഹ്യരാഷ്ട്രീയ സാംസ്ക്കാരിക പാരിസ്ഥിതികഭൂമിശാസ്ത്രസാഹചര്യങ്ങളെ കോർത്തിണക്കി രൂപപ്പെടുത്തിയ കോ -ഓപ്പറേറ്റീവ് ഫെഡറലിസമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.ഇന്ന് ഫെഡറലിസം വലിയ വെല്ലുവിളികൾ നേരിടുന്നു. 1976ലെ നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം,വനം,വന്യജീവിസംരക്ഷ ണം,നീതിനിർവ്വഹണം എന്നീ വിഷയങ്ങളെ സംസ്ഥാനപട്ടികയിൽ നിന്ന് സമവർത്തി പട്ടികയിലേയ്ക്ക് മാറ്റി അധികാരകേന്ദ്രീകരണ പ്രക്രിയയ്ക്ക് യൂണിയൻ സർക്കാർ തുടക്കമിട്ടു.ഇന്നാകട്ടെ അമിതാധികാരകേന്ദ്രീകരണ പ്രവണത പ്രബലമാണ്.പുതുതായി ആവിഷ്ക്കരിക്കുന്ന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ റോഡ്, പ്രധാനമന്ത്രി യുടെ ആശുപത്രി,പ്രധാനമന്ത്രിയുടെ സ്കൂളുകൾ എന്നിങ്ങനെ പേര് നൽകിവരുന്നത് ഇതിന്റെ ലക്ഷണമാണ്. ഒരു ഭാഷ,ഒരു വസ്ത്രരീതി,ഒരു ഭക്ഷണം,ഒരു മതം,ഒരു തെരഞ്ഞെടുപ്പ് എന്നൊക്കെ ഭരണാധികാരികൾ തന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഭരണഘടനാപദവിയുള്ള ഫിനാൻസ് കമ്മീഷൻ നോക്കുകുത്തിയാകുന്നു.ബജറ്റ് കേന്ദ്രഭരണകൂടത്തിന്റെ ഇഷ്ട ക്കാർക്ക് കൂടിയവിഹിതം വീതം നൽകുന്നതിനുള്ള ഉപാധിയായി മാറുന്നു.കേന്ദ്രീകൃതവ്യവസ്ഥയിലൂടെ രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സ്വകാര്യമൂലധനത്തിന് അടിയറ വയ്ക്കുന്നു.ചരക്ക്സേവനനികുതി യൂണിയൻ സർക്കാരിന്റെ വരുമാനം വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനവരുമാനം ആനുപാതികമായി വർദ്ധിച്ചില്ല. പ്രസ്തുത വരു മാനം സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കുന്നതിലും ഈ അമിതാധികാരപ്രവണത പ്രകടമാണ്. ഇതിന്റെ ഇരയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.ഗവർണ്ണർമാരെ ഉപയോഗിച്ച് സംസ്ഥാനഭരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഇടപെടുന്നത് സുപ്രീംകോടതിയുടെ ശക്തമായ ഭരണഘടനാവ്യാഖ്യാനത്തിലൂടെ മാത്രമാണ് നി യന്ത്രിക്കാനായത്.വിവിധ മിഷനുകൾ വഴി സംസ്ഥാനസർക്കാരുകളുടെ അധികാരങ്ങൾ സ്വതന്ത്രമായി പ്ര യോഗിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് യൂണിയൻസർക്കാർ ചെയ്ത് വരുന്നത്. വിദ്യാഭ്യാസരംഗത്തെ പി എം ശ്രീ പദ്ധതി, ആരോഗ്യരംഗത്തെ എൻ എച്ച് എം പദ്ധതി എന്നിവ ഉദാഹരണങ്ങളാണ്. കേരളത്തിന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയായി വളരാനായത് ഫെഡറലിസത്തി ന്റെയും ഭരണഘടനാപരമായ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ലഭിച്ച ഭരണസൗകര്യങ്ങളിൽ നിന്നാണ്. ഭാ വനാത്മകമായും ആസൂത്രിതമായും ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്നതിന് കേരളത്തെ പ്രാപ്തമാക്കിയതിന് പിന്നിൽ ഫെഡറലിസത്തിന്റെ ലിബറൽ ജനാധിപത്യപ്രവണതകളുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭര ണഘടന മുന്നോട്ട് വച്ചിട്ടുള്ളകേന്ദ്ര സംസ്ഥാനബന്ധങ്ങളുടെ അന്തസത്തയായ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. അതിനായി കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രവണതക ളെ ചെറുക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളും ഐക്യപ്പെടണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അറുപത്തിരണ്ടാം വാർഷികസമ്മേളനം അഭ്യർത്ഥിക്കുന്നു.


കടൽ മണൽ ഖനനം വിശദമായ പഠനത്തിന് ശേഷമേ നടത്താവൂ

യൂണിയൻ സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന കടൽ മണൽ ഖനനം സംബന്ധിച്ചു അന്തിമ തീരുമാനം ഇത് സംബന്ധിച്ച വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷം മാത്രമേ എടുക്കാവൂ എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

ലഭ്യമായ വിവരമനുസരിച്ച് തീരത്ത് നിന്ന് 30 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള 242 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഒന്നര മീറ്റർ വരെ ആഴത്തിൽ മണൽ ഖനനം ചെയ്യും. ഇത് ആഭ്യന്തര ഉപയോഗത്തിനോ കയറ്റുമതിക്കോ എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.ഖനനാവകാശം ലേലത്തിലൂടെ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുവാനാണ് നീക്കം. 2002ലെ ഓഫ് ഷോർ മിനറൽ (ഡെവല പ്മെൻറ് ആൻഡ് റെഗുലേഷൻ) നിയമം 2023ൽ ഭേദഗതിചെയ്തുകൊണ്ടാണ് ഈ നടപടി. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ കുത്തകൾക്ക് ഖനന അനുമതി നൽകിയാൽ പാരിസ്ഥിതികവും സാമൂഹികവുമായ നീതി ഉറപ്പാക്കും എന്ന് കരുതുവാൻ ആവില്ല.ഖനനത്തിന്റെ സാങ്കേതികവിദ്യയും അതിലെ വിദേശപങ്കാളി ത്തവും ഖനനകാലയളവും ഇപ്പോഴും രഹസ്യമാണ്.അതേസമയം പദ്ധതിയുടെ പാരിസ്ഥികാഘാതം പഠിക്കുന്നത് ഖനനം നടത്തുവാൻ പോകുന്ന കമ്പനി തന്നെയാണുതാനും. പൊന്നാനി,ചാവക്കാട്,കൊച്ചി,ആലപ്പുഴ,കൊല്ലം തീരങ്ങളിലെ കടലിൽ 300 ദശലക്ഷം ടൺ മണൽ നിർമാണയോഗ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.കടൽ മണൽ ഖനനം യാഥാർത്ഥ്യമായാൽ അമൂല്യമായ മത്സ്യ സമ്പത്തിനും അടിത്തട്ടിലെ പാരുകൾക്കും സാരമായ നാശം സംഭവിക്കും. ലക്ഷക്കണ ക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം ഇല്ലാതാകുന്നു വിദേശനാണ്യം നേടിത്തരുന്ന ചെമ്മീൻ പോലെ യുള്ളവരുടെ നാശം സമ്പദ്ഘടനയുടെ നടുവൊടിക്കും.

മണൽ ഖനനം കടലിന്റെ അടിത്തട്ടിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും.ഇത് കടൽത്തീരത്തിന്റെ ദീർഘകാല സുസ്ഥിരതയെ ബാധിക്കുകയും കടലാക്രമണം രൂക്ഷമാവുകയും ചെയ്യും.കടലിലെ ആവാസവ്യവ സ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന മണൽഖനനം തന്ത്രപ്രധാനമായ ധാതുമണൽ കൊള്ളയ്ക്കും അവ സരമൊരുക്കും. ഇത് രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്.പരിമിതമായ അറിവ് മാത്രം ലഭ്യമായ കടൽ പരിസ്ഥി തിയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വിശദമായ പഠനം ,തീരസമുദ്രസ്ഥല ആസൂത്രണം തുടങ്ങിയ മുന്നൊരുക്കങ്ങൾ കടൽ മണൽ ഖനനത്തിന് അനിവാര്യമാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുമാ യി കൂടിയാലോചനയ നടത്തിയിട്ടില്ല എന്നതും ഗൗരവമായി കാണണം . ഈ സാഹചര്യത്തിൽ കടലിൽ നിന്ന് മണൽ ഖനനം ചെയ്യുന്നത് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമേ ആകാവൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത്തിരണ്ടാം സംസ്ഥാനവാർഷികസമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

അന്ധവിശ്വാസചൂഷണ നിരോധനനിയമംനിർമ്മിച്ച് നടപ്പിലാക്കുക

2013 ആഗസ്റ്റ് 20ന് നരേന്ദ്രധബോത്ക്കറുടെ രക്തസാക്ഷിത്വത്തോട് കൂടി ഇന്ത്യയിൽ പലയിടത്തും അന്ധവിശ്വാസചൂഷണംനിരോധനനിയമം വേണം എന്ന ആവശ്യത്തിന് കൂടുതൽ ജനകീയ അംഗീകാരം ലഭിച്ചുതുടങ്ങി.അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് പരിഷത്തിന്റെ നേതൃത്വത്തിൽ ചേർന്ന കൺവ ൻഷൻ കേരളത്തിലും ഇത്തരമൊരു നിയമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.അതിനുമുമ്പ് തന്നെ യുക്തിവാദി സംഘം പോലെയുള്ള സംഘടനകൾ ഇതേ ആവശ്യം ഉന്നയിച്ച് പ്രചരണ പ്രക്ഷോഭങ്ങൾ നട ത്തിയിട്ടുണ്ട്.പരിഷത്തിന്റെ കൺവെൻഷനിൽ അന്നത്തെ ആഭ്യന്തരമന്ത്രി പങ്കെടുക്കുകയും ഇത്തരമൊരു നിയമം നിർമിക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഈ പ്രഖ്യാപനപ്രകാരം അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ആ ഗവൺമെൻ്റ് അധികാരത്തിൽനിന്ന് പോകുന്നത് വരെ അത്തരമൊരു നിയമം ഉണ്ടായില്ല.2019 ജൂൺ 10ന് കേരള നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിയമമന്ത്രി നൽകിയ മറുപടി ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം നിയമപരിഷ്കരണ കമ്മീഷന്റെ പരിഗണ നയിലുണ്ട് എന്നായിരുന്നു.2019 ലെ ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസ്,സോർസെറി ആൻഡ് ബ്ലാക്ക് മാജിക്ബിൽ ആണ് ഈ മറുപടിയിൽ പരാമർശിക്കപ്പെട്ട ത്.നിയമപരിഷ്കരണ കമ്മിറ്റിയാണ് ഈ നിയമം തയ്യാറാക്കിയത്.2018 ൽ യുക്തിസഹമല്ലാത്ത വിശ്വാസങ്ങ ളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും എന്ന തലക്കെട്ടിൽ മറ്റൊരു സ്വകാര്യബില്ല് നിയമസഭയുടെ പരിഗണ നയിൽ വന്നിട്ടുണ്ട്.2021ൽ കേരള അന്ധവിശ്വാസ അനാചാരനിർമാ‍ർജ്ജനബിൽ 2021 നിയമസഭയിൽ അവ തരിപ്പിക്കുകയുണ്ടായി.ഇതിലൊക്കെ അനാചാരങ്ങൾ,അന്ധവിശ്വാസങ്ങൾ, മന്ത്രവാദം തുടങ്ങിയവയെ നിർവ ചിക്കുകയും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.കൂടുതൽ സമഗ്രമായ ഔദ്യോഗി ബില്ല് സർക്കാർ തയ്യാറാക്കുമെന്നതിനാലാണ് ഇത്തരം സ്വകാര്യബില്ലുകൾ അംഗീകരിക്കപ്പെടാതെ പോയത്.അതായത് ഇക്കാര്യത്തിൽ നയപരമായ തടസ്സങ്ങളൊന്നുമില്ല എന്നർത്ഥം. ഇതു കൂടാതെ പരിഷത്തും കേരളയുക്തിവാദിസംഘവും വ്യത്യസ്ത കരട് ബില്ലുകൾ തയ്യാറാക്കി സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 1954 ൽ ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച ഡ്രഗ്സ് ആൻഡ് മാജിക്ക് റെമഡീസ് (ഒബ്ക്ഷനബിൾ അഡ്വെർടൈസ്മെൻ്റ്) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉൽപ്പന്നങ്ങളും കുറ്റകരമാക്കിയിട്ടുണ്ട്.മഹാരാഷ്ട്ര,തമിഴ്നാട്,ബീഹാർ,ഛത്തിസ്ഗഡ്, ജാർഖണ്ഠ്,ഒ‍ഡിഷ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം ഇത്തരം നിയമം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി വിവിധ അന്താരാഷ്ട്രഉടമ്പടികളും ഉണ്ടായിട്ടുണ്ട് .1948ലെ മനുഷ്യാവകാശ പ്രഖ്യാപനം,1966ലെ ഇന്റർ നാഷണൽ കൺവൻഷൻ ഫോർ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ്, 1979ലെ കൺവൻഷൻ ഓൺ എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗൻസ്റ്റ് വിമൺ എന്നിവയിലൊക്കെ അനാചാരങ്ങൾക്കെതിരായ പരാമർശങ്ങളുണ്ട്. ആധുനികകേരളത്തിന്റെ പിറവി തന്നെ സാമൂഹ്യനവോത്ഥാനപ്രക്രിയയിലൂന്നിയുള്ളതാണല്ലോ?ഇത്രയധികം പ്രവർത്തനങ്ങൾ നടന്നിട്ടും വലിയ ജനകീയ പിന്തുണയുണ്ടായിട്ടും ഈ നിയമം തയ്യാറാക്കുന്നതിനോ നടപ്പിലാക്കുന്നതിനോ കേരള സർക്കാർ തയ്യാറായിട്ടില്ല.ഇത് കുറ്റകരമായ അനാസ്ഥയാണ്.ശാസ്ത്രാവബോധത്തിന്റെ വ്യാപനത്തിനും യുക്തിചിന്തയുടെ പ്രചരണത്തിനും തടസ്സമാണ് ഈ നിലപാടെന്ന് പറയാതെ വയ്യ. ഇക്കാര്യത്തിൽ മറ്റു സാങ്കേതികനിയമ തട സ്സങ്ങൾ ഒന്നും നിലനിൽക്കുന്നില്ല എന്നാണറിയുന്നത്. ഈ സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോ ധന നിയമം തയ്യാറാക്കി അംഗീകരിച്ച് നടപ്പിലാക്കണമെന്ന് കേരള സാഹിത്യപരിഷത്തിന്റെ വാർഷിക സമ്മേളനം കേരളസംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.

യുദ്ധ ഭ്രാന്ത് വളർത്തരുത്! സമാധാനം പുലരട്ടെ

ഇരുപത്തിയാറ് നിരപരാധികളായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62-ാം വാർഷിക സമ്മേളനം ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി യുദ്ധസമാനമായ അവസ്ഥയിലേക്ക് നീങ്ങിയത് അങ്ങേയറ്റം ഉത്ക്കണ്ഠയോടെയും ഗൗരവത്തോടെയുമാണ് പരിഷത്ത് സമ്മേളനം നോക്കിക്കാണുന്നത്. സാമ്രാജ്യത്വശക്തികളുടെ ആവശ്യത്തിനനുസരിച്ച് ഭീകരരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ നടത്തുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്ത പാക്കിസ്ഥാനിൻ്റെ പ്രവർത്തനങ്ങൾ പഹൽഗാം ഭീകരാക്രമണത്തിനും കാരണമായിട്ടുണ്ട്. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഏതൊരു രാജ്യത്തിനും അവകാശവും കടമയും ഉണ്ട്. അത്തരത്തിൽ ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ സൈനിക നടപടി ന്യായീകരിക്കത്തക്കതുമാണ്. എന്നാൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലുപരി രണ്ട് രാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേയ്ക്ക് നീങ്ങുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം യുദ്ധത്തിൻ്റെ കരിനിഴലിലായ പ്രതീതിയുണ്ട്. ആത്യന്തികമായി എല്ലാ യുദ്ധങ്ങളും സാർവ്വത്രിക ദുരന്തമാണ് മനുഷ്യരാശിക്ക് നൽകിയിട്ടുള്ളത്. വിവേകപൂർണമായ ഈ നിലപാടോടെ യുദ്ധത്തെ മനുഷ്യപക്ഷത്തു നിന്ന് സമീപിക്കുന്നതിനു പകരം ബഹുജനങ്ങളിൽ യുദ്ധജ്വരം മൂർച്ഛിപ്പിക്കുന്ന വിധത്തിലാണ് മാധ്യമങ്ങൾ യുദ്ധവാർത്തകൾ റിപ്പോർട് ചെയ്യുന്നത്. യുദ്ധത്തെ ദേശാഭിമാനവുമായി സമീകരിച്ച് സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന 'വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളും ആവേശപൂർവ്വം പ്രചരിപ്പിക്കുന്നു.

യുദ്ധം രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പൊതുവിലോ ഈ മേഖലയിലെ തീവ്രവാദത്തിന് വിശേഷിച്ചോ പരിഹാരം കാണാൻ പര്യാപ്തമായ ഒന്നല്ല. യുദ്ധം വിനാശമല്ലാതെ മറ്റൊന്നും മാനവസമൂഹത്തിന് സംഭാവന ചെയ്തിട്ടില്ല. അത് മാരകമാംവിധം ആൾനാശവും വിഭവനാശവും വരുത്തുന്നു. മരണവും ദുരിതവും പട്ടിണിയും നിലവിളിയും കണ്ണുനീരുമാണ് അത് നൽകുന്നത്. അതുകൊണ്ട് ഏത് സാഹചര്യത്തിലും ഇന്ത്യയും പാക്കിസ്ഥാനും ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങരുത് എന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അറുപത്തിരണ്ടാം വാർഷികസമ്മേളനം അധികാരികളോട് അഭ്യർത്ഥിക്കുന്നു.


ശാസ്ത്രസാങ്കേതിക ഗവേഷണങ്ങൾക്കായി ആഭ്യന്തരവരുമാനത്തിന്റെ 2% എങ്കിലും നീക്കിവയ്ക്കണം

ശാസ്ത്രസാങ്കേതികനൂതനാശയ മേഖലകളുടെ വികസനം സംബന്ധിച്ചുള്ള 2013ലെ നയപ്രഖ്യാപന ത്തിന്റെ ഭാഗമായി ഗവേഷണമേഖലകളുടെ വികസനത്തിനായി ദേശീയ വരുമാനത്തിന്റെ 2% തുക കണ്ടെത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.സ്വകാര്യമേഖലകളെക്കൂടി ഉൾപ്പെടുത്തി പി.പി.പി മാതൃക പിന്തുടർന്നായി രിക്കും ഇത് ലഭ്യമാക്കുന്നതെന്നും പ്രഖ്യാപിക്കുകയുണ്ടായി.2020 ലെ പുതിയ നയത്തിലും ഗവേഷണ മേഖലയ്ക്കു ള്ള ഫണ്ട് വർധിപ്പിക്കുമെന്നും ഓരോ അഞ്ച് വർഷം കൂടുമ്പോഴും അത് ഇരട്ടിയായി വർധിപ്പിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (NRF) മാതൃകയിൽ, രാജ്യത്തെ ശാസ്ത്ര-എഞ്ചിനീയറിംഗ് ഗവേഷണങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 2023 ലെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൌണ്ടേഷൻ ആക്ടിലൂടെ പുതിയ ഫണ്ടിംഗ് സ്ഥാപനമായി ANRF നിലവിൽ വന്നു. സംസ്ഥാന സർവകലാശാലകളിലേക്കുള്ള ഗവേഷണ ധനസഹായം പ്രോത്സാഹിപ്പിക്കാനും അടിസ്ഥാന ഗവേഷണത്തിനും വികസനത്തിനും ധനസഹായം നൽകുന്നതിൽ സ്വകാര്യ വ്യവസായത്തെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കാനും ഉദ്ദേശിച്ചുള്ളതായിട്ടാണ് ANRF സ്ഥാപിക്കപ്പെട്ടത്. സർക്കാർ ഏകദേശം 28%, ബാക്കി 72% സ്വകാര്യ മേഖല വഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ANRF ന്റെ ചട്ടക്കൂട് തയാറാക്കിയിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനും പ്രവർത്തന ചട്ടക്കൂട് രൂപീകരിച്ച് ഏകദേശം ഒരു വർഷത്തിനുശേഷവും, ANRF പ്രധാന മെട്രിക്സുകളിലെല്ലാം മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

ഇന്ത്യൻ ഗവേഷണ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ഗണ്യമായി സമാഹരിക്കുന്നതിൽ ANRF വിജയിച്ചിട്ടില്ല. അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് ₹36,000 കോടി സമാഹരിക്കുമെന്ന പ്രാരംഭ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നിട്ടും, പ്രധാന നിക്ഷേപ പങ്കാളിത്തങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യക്തമല്ലാത്ത ഫണ്ടിംഗ് സംവിധാനങ്ങൾ, റിസ്ക്-ഷെയറിംഗ് ചട്ടക്കൂടുകളുടെ അഭാവം എന്നിവ സ്വകാര്യ പങ്കാളികളെ പിന്തിരിപ്പിച്ചുവെന്നാണ് പൊതുവിലുള്ള അനുമാനം. ANRF-ന്റെ പ്രവർത്തന വിശദാംശങ്ങൾ, ഭരണ സംവിധാനങ്ങൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവ അവ്യക്തമായി തുടരുന്നു. ഈ സുതാര്യതയുടെ അഭാവം പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും അക്കാദമിക്, വ്യാവസായിക സഹകരണത്തെ തടയുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഗവേഷണമേഖലകൾക്കുള്ള ധനലഭ്യത ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനത്തിൽ താഴെ എന്ന നിലയിലാണുള്ളത്.ഇത് BRICS രാജ്യങ്ങളായ ബ്രസീൽ (1.3%), ചൈന(2.4%), റഷ്യൻ ഫെഡറേഷൻ(1.1%) എന്നിവരെക്കാൾ ഏറെക്കുറവും ഏതാണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുല്യനിലയിൽ മാത്രവുമാണ്. ഗവേഷണ വികസനത്തിനായുള്ള പൊതു-സ്വകാര്യ ചെലവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ANRF ന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഈ അനുപാതം വർദ്ധിപ്പിക്കുന്നതിന് കാര്യമായ നയമോ സാമ്പത്തിക മാറ്റമോ ഉണ്ടായിട്ടില്ല. 2025 ലെ കേന്ദ്ര ബജറ്റ് ഗവേഷണ വികസന വിഹിതത്തിലോ ഗവേഷണത്തിനുള്ള നികുതി ആനുകൂല്യങ്ങളിലോ കാര്യമായ വർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ ഫണ്ടുകളുടെ സ്തംഭനാവസ്ഥയും ഗവേഷണ ഗ്രാന്റുകളുടെ കാലതാമസവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നടപടിക്രമപരമായ കാലതാമസവും ANRF ലെ വ്യക്തമല്ലാത്ത ചട്ടക്കൂടുകളും കാരണം അന്താരാഷ്ട്ര സഹകരണങ്ങൾ സാധ്യമായിട്ടില്ല. ANRF നടപ്പിലാക്കുന്നത് പുനഃപരിശോധിക്കാനും, ഘടനാപരമായ തടസ്സങ്ങൾ പരിഹരിക്കാനും, ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെ ഇന്ത്യയുടെ വിശാലമായ ലക്ഷ്യങ്ങളായ ശാസ്ത്ര സ്വാശ്രയത്വം, നവീകരണത്താൽ നയിക്കപ്പെടുന്ന വളർച്ച, സമഗ്ര വികസനം എന്നിവയുമായി പുനഃക്രമീകരിക്കാനും, സർക്കാരിന്റെ വിഹിതം ആഭ്യന്തരവരുമാനത്തിന്റെ 2% എങ്കിലും ആകണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാം വാർഷിക സമ്മേളനം ഇന്ത്യാ ഗവൺമെന്റിനോടും ശാസ്ത്ര സാങ്കേതിക വകുപ്പിനോടും ആവശ്യപ്പെടുന്നു.

പുതിയഭാരവാഹികൾ

പത്രവാർത്തകൾ

ചിത്രശാല

"https://wiki.kssp.in/index.php?title=അറുപത്തിരണ്ടാം_വാർഷികം&oldid=14482" എന്ന താളിൽനിന്ന് ശേഖരിച്ചത്